സൂറത്തുല്‍ ഫാത്തിഹയിലെ പദങ്ങളുടെ ഭാഷാവിശകലനം
നൗഷാദ് ചേനപ്പാടി
'ഹംദ്' 'റഹ്‌മത്ത്' 'ദീന്‍' എന്നീ പദങ്ങളുടെ വിശകലനം
വിശുദ്ധ ഖുര്‍ആനില ആദ്യ സൂറത്ത് ഫാത്തിഹഃ തുടങ്ങുന്നത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണ്. الحمد لله എന്ന്. എന്തുകൊണ്ട് 'ഹംദ്'? എന്തുകൊണ്ട് المدح لله എന്നോ الشكر لله എന്നോ ആയില്ല? അഥവാ എല്ലാ പ്രശംസയും അല്ലാഹുവിനാകുന്നു എന്നോ എല്ലാ നന്ദിയും അല്ലാഹുവിനാകുന്നു എന്നോ പറഞ്ഞില്ല? ഈ വ്യത്യാസം മനസ്സിലാവണമെങ്കില്‍ ഹംദും മദ്ഹും ശുക്‌റും തമ്മിലുള്ള സൂക്ഷ്മമായ അര്‍ഥവ്യത്യാസം തിരിച്ചറിയണം. നമുക്ക് ലഭിച്ച അനുഗ്രഹത്തിന്റെയോ അല്ലാത്തതിന്റെയോ പേരില്‍ മഹത്വവും ഗാംഭീര്യവും കല്‍പിച്ചുകൊണ്ടും സ്‌നേഹത്തോടുകൂടിയും ഒരാളെ സ്തുതിക്കലാണ് ഹംദ്. മറ്റൊരാളുടെ നന്മകളെ അനുസ്മരിക്കലാണ് ഹംദ്. അത് അയാളുടെ കാരുണ്യം, ക്ഷമ, അറിവ്, എന്നീ മഹത്തായ ഗുണവിശേഷങ്ങളുടെ പേരിലോ അയാള്‍ മറ്റുള്ളവര്‍ക്കു ചെയ്യുന്ന ഔദാര്യങ്ങളുടെയും സംഭാവനകളുടെയും പേരിലോ ആയിരിക്കാം. ഹംദ് ജീവനും ബുദ്ധിയുമുള്ളതേ അര്‍ഹിക്കുന്നുള്ളു. നിങ്ങള്‍ക്ക് സ്വര്‍ണം, രത്‌നം, മുത്ത് എന്നിവയെപ്പോലെ നിര്‍ജീവമായതിനെയോ പശു, കോഴി, ഒട്ടകം എന്നീ മൃഗങ്ങളെയോ മദ്ഹ് ചെയ്യാം അഥവാ പ്രശംസിക്കാം. എന്നാല്‍ ഇവകളെ ഹംദ് ചെയ്തു അഥവാ സ്തുതിച്ചു എന്നു പറയുന്നത് ശരിയാവുകയില്ല. ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും മദ്ഹ് ചെയ്യാം അഥവാ പ്രശംസിക്കാം. ഹംദിനേക്കാള്‍ വ്യാപക അര്‍ഥമുള്ളതാണ് മദ്ഹ്. ഒരാള്‍ നന്മയും അനുഗ്രഹങ്ങളും ചെയ്യുന്നതിനു മുമ്പും ശേഷവും അയാളെ മദ്ഹ് ചെയ്യാം, പ്രശംസിക്കാം. എന്നാല്‍ അയാള്‍ ഔദാര്യവും അനുഗ്രഹങ്ങളും ചെയ്തതിനു ശേഷമേ ഹംദ് അഥവാ സ്തുതി അര്‍ഹിക്കുന്നുള്ളു. ഒരാള്‍ അയാളുടെ മനോഹരമായ വിശേഷ ഗുണങ്ങളുടെയോ പ്രവര്‍ത്തനങ്ങളുടെയോ പേരിലാണ് ഹംദിന് അര്‍ഹമായിത്തീരുന്നത്. അതില്ലാത്തയാള്‍ ഹംദ് അര്‍ഹിക്കുന്നുമില്ല. സല്‍കൃത്യങ്ങള്‍ ചെയ്യാത്തവരെയും ചിലപ്പോള്‍ ജനങ്ങള്‍ മദ്ഹ് ചെയ്യുന്നു. പ്രശംസിക്കുന്നു. ഇത് പാടില്ലാത്തതുമാണ്. ''പ്രശംസയുമായി നടക്കുന്നവരുടെ മുഖത്ത് നിങ്ങള്‍ മണ്ണു വാരിയിടുവിന്‍'' എന്ന ഹദീസ് ഓര്‍ക്കുക. അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവന് അതിമനോഹരമായ ഗുണവിശേഷണങ്ങളുണ്ട്. അവന്‍ ഔദാര്യവും അനുഗ്രഹങ്ങളും എന്നും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതിന്റെ പേരിലാണവനെ നാം സ്തുതിക്കുന്നത്. അഥവാ الحمد لله എന്നു പറയുന്നത്. المدح لله എന്നു പറയുന്നത് ശരിയാവാത്തതും.
ഇനിയും എന്തുകൊണ്ട് الشكر لله എന്നു പറഞ്ഞില്ല എന്നു നോക്കാം. എനിക്കുമാത്രം ഔദാര്യവും അനുഗ്രഹവും ചെയ്യുന്ന ഒരാളോട് മാത്രമേ ഞാന്‍ ശുക്ര്‍ അഥവാ നന്ദി എന്നു പറയുകയുള്ളു. ഹംദ് എനിക്കും മറ്റു മനുഷ്യര്‍ക്കും എല്ലാ സൃഷ്ടികള്‍ക്കും ഔദാര്യവും അനുഗ്രഹവും ചെയ്യുന്നതിനാണ് പ്രയോഗിക്കുക. അതേപോലെ അനുഗ്രഹം- നിഅ്മത്ത്- ചെയ്യുന്നതിന്റെ പേരിലാണ് ശുക്‌റിന് അര്‍ഹമായിത്തീരുക. അല്ലാതെ സത്തയില്‍തന്നെ ഉള്ള അറിവ്, കഴിവ്, കാരുണ്യം എന്നീ സവിശേഷ ഗുണങ്ങളുടെ പേരില്‍ ആരും ശുക്‌റിന് അര്‍ഹമാവുന്നില്ല. ആര്‍ക്കെങ്കിലും ആ ഗുണവിശേഷങ്ങളുണ്ടെങ്കില്‍ അതിന്റെ പേരില്‍ നിനക്ക് ശുക്ര്‍-നന്ദി- എന്നു പറയാറില്ല എന്നര്‍ഥം. അതിനു വിപരീതമായി ഔദാര്യവും അനുഗ്രഹങ്ങളും തനിക്കു മാത്രമല്ലാതെ എല്ലാവര്‍ക്കും അനുഗ്രഹം ചെയ്യുന്നതിനും സത്തയില്‍തന്നെ മഹത്തായ ഗുണവിശേഷങ്ങളുള്ളതിനും ഹംദ് ചെയ്യും അഥവാ അതിനെ സ്തുതിക്കും. الحمد لله - അല്ലാഹുവിന് സ്തുതി- എന്നു നാം പറയുമ്പോള്‍ ഈ വിശേണങ്ങളെല്ലാം അവന്‍ അര്‍ഹിക്കുന്നുണ്ടെന്നു കാണാം.
ഇനിയും എന്തുകൊണ്ട് الحمد لله - ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു- എന്നോ نحمد الله - ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു - എന്നോ انّ الحمد لله - തീര്‍ച്ചയായും അല്ലാഹുവിനാണ് സ്തുതി- എന്നോ പറഞ്ഞില്ല എന്നു നോക്കാം.
അല്ലാഹുവിനാണ് സ്തുതി എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. അതിനാല്‍ത്തന്നെ انّ الحمد لله എന്ന് ഉറപ്പിച്ച് -توكيد- പറയേണ്ട ആവശ്യം വരുന്നില്ല.
അല്‍ഹംദുലില്ലാഹ് الحمد لله എന്നാണ് ഫാത്തിഹയില്‍ നാം പറയുന്നത്. എന്തുകൊണ്ട് احمد الله 'ഞാന്‍ സ്തുതിക്കുന്നു' എന്നോ نحمد الله 'ഞങ്ങള്‍ സ്തുതിക്കുന്നു' എന്നോ പറയുന്നില്ല? അങ്ങനെ പറയുമ്പോള്‍ അതില്‍ ഒരു فاعل معين അഥവാ നിശ്ചിതമായ ഒരു കര്‍ത്താവുണ്ടായിരിക്കണം. 'ഞാന്‍' അല്ലെങ്കില്‍ 'ഞങ്ങള്‍' ആണതിലെ കര്‍ത്താവ്. ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുമ്പോള്‍ ഞാന്‍ മാത്രമാണ് അവനെ സ്തുതിക്കുന്നത്. നിങ്ങളാരും അവനെ സ്തുതിക്കുന്നില്ല. അതേപോലെ ഞങ്ങള്‍ അവനെ സ്തുതിക്കുമ്പോള്‍ ഞങ്ങള്‍ മാത്രമാണ് സ്തുതിക്കുന്നത് വേറെ മറ്റാരുമല്ല. 'അല്‍ഹംദുലില്ലാഹ്' എന്നു പറയുമ്പോള്‍ ഒരു കര്‍ത്താവിനോടും ബന്ധിപ്പിക്കാതെ നിരുപാധികമാണ് അങ്ങനെ പറയുന്നത്. സ്തുതി അര്‍ഹിക്കുന്ന അസ്തിത്വവും അവനാണല്ലോ.
അതേപോലെ احمد الله 'ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നോ نحمد الله എന്നോ പറയുമ്പോള്‍ അത് നിശ്ചിതമായ ഒരു കാലവുമായി ബന്ധപ്പെട്ട പ്രവൃത്തിയാണ്. احمد 'ഞാന്‍ സ്തുതിക്കുന്നു' نحمد 'ഞങ്ങള്‍ സ്തുതിക്കുന്നു' എന്നത് അറബി ഭാഷയില്‍ 'മുളാരിആയ' ക്രിയയാണ്. അത് വര്‍ത്തമാന കാലത്തിനും ഭാവി കാലത്തിനും പ്രയോഗിക്കും. 'ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നു പറയുമ്പോള്‍ വര്‍ത്തമാന കാലത്തു മാത്രമേ അത് നടക്കുന്നുള്ളു. മുനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവന്റെ ആയുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. അവന്‍ ജനിക്കുന്നതിനു മുമ്പോ അവന്റെ മരണശേഷമോ അതില്ല. 'അല്‍ഹംദുലില്ലാഹ്'- അല്ലാഹുവിന് സ്തുതി- എന്നു പറയുമ്പോള്‍ അത് നിശ്ചിതമായ ഒരു കാലവുമായോ കര്‍ത്താവുമായോ ബന്ധപ്പെടാതെ അനന്തമായി അനവരതം നിലനില്‍ക്കുന്ന സ്തുതിയാണ്. ആരെങ്കിലും അല്ലാഹുവിനെ സ്തുതിക്കട്ടെ സ്തുതിക്കാതിരിക്കട്ടെ അവന്‍ സ്തുതി അര്‍ഹിക്കുന്നവനും സ്തുതിക്കപ്പെടേണ്ടവനുമാണ്.
അതേപ്രകാരം احمد الله، نحمد الله എന്നീ വാചകങ്ങള്‍ അറബി വ്യാകരണ നിയമപ്രകാരം جملة فعلية ജുംലഃ ഫിഅ്‌ലിയ്യഃ ആണ് അഥവാ ക്രിയാവാക്യമാണ്. ക്രിയാവാക്യമായി പറയുന്ന കാര്യങ്ങള്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. അഥവാ അതില്‍ ഒരു സ്ഥിരതയുണ്ടാവില്ല. എന്നാല്‍ الحمد لله അല്ലാഹുവിനാണ് സർവ്വ സ്തുതിയും എന്നത് جملة اسمية ജുംലഃ ഇസ്മിയ്യഃ അഥവാ നാമവാക്യമാണ്. നാമവാക്യമായി പറയുന്ന കാര്യത്തില്‍ ക്രിയാവാക്യത്തില്‍നിന്നു വ്യത്യസ്തമായി സ്ഥിരതയും ദൃഢതയും ഉണ്ടായിരിക്കും. അപ്പോള്‍ أحمد الله 'ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നോ نحمد الله 'ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നോ പറയുന്നതിനേക്കാള്‍ സ്ഥിരതയും ദൃഢതയും ആഴവുമുള്ള പ്രയോഗമാണ് الحمد لله 'അല്ലാഹുവിനു മാത്രമാണ് സ്തുതി' എന്ന വാക്യത്തിനുള്ളത്. സൃഷ്ടികള്‍ക്ക് അല്ലാഹു അവന്റെ ഔദാര്യവും അനുഗ്രഹങ്ങളും കോരിച്ചൊരിഞ്ഞു കൊടുക്കുന്നതിനാല്‍ അവന്‍ സത്തയില്‍ തന്നെ എല്ലാവിധ സ്തുതികളും അര്‍ഹിക്കുന്നുണ്ടല്ലോ. ആ സ്തുതി എന്നെന്നും നിലനില്‍ക്കുന്നതും അഗാധവും ശക്തവും ദൃഢവുമാണ്.
മറ്റൊരു വശത്തിലൂടെ നോക്കിയാലും أحمد الله 'ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നോ نحمد الله 'ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നു പറഞ്ഞാലും ശരിയാവില്ല. കാരണം അല്ലാഹു നമുക്ക് നല്‍കിയിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത ഔദാര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും പേരില്‍ അവന്റെ മഹത്വത്തെയും ഗാംഭീര്യത്തെയും അംഗീകരിച്ചുകൊണ്ട് ഹൃദയംഗമായി അവന് അര്‍പ്പിക്കുന്നതാണല്ലോ ഹംദ് അഥവാ സ്തുതി. അത് വിശ്വാസത്താലാണ് പറയേണ്ടത്. വിശ്വാസത്തിന്റെ സ്ഥാനം ഹൃദയവുമാണ്. 'ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു' എന്നു പറയുമ്പോള്‍ ശരിക്കും ഈ വിശ്വാസം ഹൃദയത്തിലുണ്ടായിക്കൊള്ളണമെന്നില്ല. അപ്പോള്‍ അത് കാപട്യവും വ്യാജവുമായിരിക്കും. എന്നാല്‍ 'അല്‍ഹംദുലില്ലാഹ്' 'അല്ലാഹുവിന് മാത്രമാണ് സ്തുതി' എന്നു പറയുമ്പോള്‍ അത് നിങ്ങള്‍ ഹൃദയംഗമായി പറയട്ടെ, അശ്രദ്ധമായി പറയട്ടെ ആ സ്തുതി സത്യവും യാഥാര്‍ഥ്യവുമാണ്. കാരണം അല്ലാഹു സ്തുതി ശരിക്കും അര്‍ഹിക്കുന്നു എന്നതുതന്നെ. കുറച്ചുകൂടി വ്യക്തമാകുവാന്‍ ഈ ഉദാഹരണം നോക്കുക: നിങ്ങള്‍ 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്' അഥവാ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ലെന്ന് 'ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്നു പറയുന്നു. നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു എന്നാണല്ലോ പറഞ്ഞത്. അത് ശരിക്കും ഹൃദയത്തിന്റ പണിയാണല്ലോ? നാവുകൊണ്ട് നാം ഉരുവിടുന്നു എന്നല്ലേയുള്ളു. 'അല്ലാഹുവല്ലാതെ ഒരു ഇലാഹും ഇല്ല' എന്ന് നിങ്ങളുടെ ഹൃദയം അംഗീകരിച്ചിട്ടുണ്ടാവില്ല. അപ്പോള്‍ നിങ്ങള്‍ വ്യാജം പറയുകയാണ്. കാപട്യം കാണിക്കുകയുമാണ്. എന്നാല്‍ നിങ്ങള്‍ 'ലാഇലാഹ ഇല്ലല്ലാഹ്' 'അല്ലാഹുവല്ലാതെ ഒരു ഇലാഹും ഇല്ല' എന്നാണ് പറയുന്നതെങ്കില്‍ അത് സത്യവും യാഥാര്‍ഥ്യവുമായ ഒരു കാര്യമാണ്. നിങ്ങളുടെ ഹൃദയം അത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഇതേപോലെയാണ് ഞാനോ നിങ്ങളോ അല്ലാഹുവിനെ സ്തുതിച്ചാലും ഇല്ലെങ്കിലും അവന്‍ അത് യഥാര്‍ഥത്തില്‍ എപ്പോഴും അര്‍ഹിക്കുന്നുണ്ടല്ലോ.