ഹിജാബിനെ ഭയക്കുന്ന ഹൈന്ദവ ഫാഷിസം
നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചാണ് നടക്കാറ്. അതില്‍ ആര്‍ക്കും ഒരു പരിഭവമോ പ്രതിഷേധമോ ഉണ്ടാവാറില്ല. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറച്ചുകൊണ്ടുള്ള പ്രസ്തുത വസ്ത്രധാരണ രീതി പ്രൗഢിയുടെയും മാന്യതയുടെയും അടയാളമായാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. ഇതര ജനവിഭാഗങ്ങള്‍ക്ക് അസൂയ ജനിപ്പിക്കുന്ന തരം ആദരണീയതയും മനോഹാരിതയും പ്രസ്തുത വേഷത്തിലുണ്ട്.
എന്നാല്‍ നമ്മുടെ നാട്ടില്‍ ശക്തിപ്പെട്ടുവരുന്ന ഇസ്‌ലാമോഫോബിയ കിട്ടുന്ന അവസരങ്ങളെല്ലാം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഉപയോഗപ്പെടുത്താനും വര്‍ഗീയ വിഷം ചീറ്റുവാനും ശ്രമിക്കുന്നതായി കാണാം. ഹലാല്‍ ഭക്ഷണം, താടിയും തലപ്പാവും, ഉച്ചഭാഷിണിയില്‍ ബാങ്ക് വിളി, ഈദ്ഗാഹിലെ സംഘടിത നമസ്‌കാരം, ഹിജാബ് എന്ന ശിരോവസ്ത്രം മുതല്‍ ഒറ്റക്കൊരിടത്തിരുന്ന് പ്രാര്‍ഥിക്കുന്നത് പോലും ഇക്കൂട്ടര്‍ മുസ്‌ലിംകളെ അടിക്കാനുള്ള വടിയായുപയോഗിക്കുന്നു. ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ മറ്റു വിഭാഗങ്ങള്‍ക്കനുവദിക്കുന്ന സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് നല്‍കാവതല്ല എന്നാണ് ഉത്തരവാദപ്പെട്ടവരടക്കം ജല്‍പിക്കുന്നത്. സരസ്വതി പൂജയും ഗണപതി പൂജയും സൂര്യനമസ്‌കാരവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിര്‍ബാധം നടക്കുന്ന ഒരു രാജ്യത്ത് ഹിജാബും തൊപ്പിയും ധരിക്കേണ്ടവര്‍ പാകിസ്താനിലേക്ക് പോകട്ടെ എന്നാണ് ചില രാഷ്ട്രീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കി നടന്നവരാണ് സമരമുഖത്ത് ധീരധീരം അടരാടിയ ദേശാഭിമാനികളോട് ഇങ്ങനെ പുലമ്പുന്നത്.
കര്‍ണാടകയിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ യൂനിഫോമിനൊപ്പം ഹിജാബ് കൂടി ധരിക്കുക എന്നത് കാലങ്ങളായി തുടരുന്ന രീതിയാണ്. പെട്ടെന്നാണ് ചില സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിന് വിലക്ക് വീണത്. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിക്കുക, അവരെ ക്ലാസില്‍ കയറ്റാതിരിക്കുക, പരീക്ഷ എഴുതുന്നത് തടയുക, അധ്യാപികമാര്‍ക്ക് പോലും ഹിജാബും ബുര്‍ഖയും നിരോധിക്കുക.... എന്നിടത്തോളം ഇത് വികസിക്കുകയുണ്ടായി. കോടതിപോലും ഇതിനെ ന്യായീകരിക്കുന്ന വിധികളാണ് നല്‍കുന്നത്. ഇന്ത്യന്‍ ഭരണഘടന പൗര സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംസ്‌കാരങ്ങളെയും സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുമ്പോള്‍ മാറിയ പരിതസ്ഥിതിയില്‍ ഭരണഘടനയെപ്പോലും നോക്കുകുത്തിയാക്കുന്ന നിലപാടുകളാണ് സ്വീകരിക്കപ്പെട്ടത്.
ഹിജാബ് മുസ്‌ലിം സ്ത്രീക്ക് അനിവാര്യമായ മതാചാരമാണോ എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. യൂനിഫോമുകള്‍ നടപ്പാക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചുകൊണ്ടാണ് യൂനിഫോമിനൊപ്പം ഹിജാബ് കൂടി ധരിക്കാനുളള സ്വാതന്ത്ര്യം എല്ലാ ജനാധിപത്യ രാജ്യങ്ങളിലും നല്‍കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവെ സ്വീകരിക്കുന്ന നിലപാടും ഇതുതന്നെ. വിശ്വാസാചാരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഒരു സമവായ ശൈലിയാണിത്. എന്നാല്‍ ഇസ്‌ലാമോഫോബിയ തലക്ക് പിടിച്ച ന്യായാധിപന്മാരും സര്‍ക്കാരുകളും മതപണ്ഡിതന്മാരുടെ റോള്‍ അഭിനയിച്ചുകൊണ്ട് വികലമായ 'ഫത്‌വ'കള്‍ പുറപ്പെടുവിക്കുന്നതാണ് നാം കാണുന്നത്. ഹിജാബ് (ശിരോവസ്ത്രം) മുസ്‌ലിം സ്ത്രീയുടെ അനിവാര്യമായ മതാചാരമല്ലെന്നാണ് അവരുടെ കണ്ടുപിടിത്തം.
ഇസ്‌ലാമില്‍ ഒരു വിഷയത്തെക്കുറിച്ച് മതവിധി നല്‍കേണ്ടത് ഖുര്‍ആനിലും നബിചര്യയിലും അവഗാഹമുള്ള മതപണ്ഡിതരാണ്. ഹിജാബ് മുസ്‌ലിം സ്ത്രീക്ക് നിര്‍ബന്ധമായ വസ്ത്രധാരണ രീതിയില്‍ പെട്ടതാണെന്ന കാര്യത്തില്‍ ഇസ്‌ലാമിലെ ഭിന്ന ചിന്താധാരകളും പണ്ഡിത ലോകവുമെല്ലാം ഏകോപിച്ചു പറയുന്നുണ്ട്. കാരണം, ഖുര്‍ആന്റെ വ്യക്തമായ ശാസനയാണത്. സൂറത്തുന്നൂര്‍ 31-ാം സൂക്തത്തില്‍ പറയുന്നു: وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ 'അവര്‍ ശിരോവസ്ത്രം താഴ്ത്തിയിട്ട് മാറുമറക്കേണ്ടതാണ്.' 'ഖിമാര്‍' എന്നതിന്റെ ബഹുവചനമാണ് 'ഖുമുര്‍'- ഖിമാര്‍ എന്നാല്‍ 'സ്ത്രീ അവളുടെ ശിരസ്സ് മറയ്ക്കുന്ന വസ്ത്രം' എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അറബിഭാഷാ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുള്ളത്. ഇവിടെ തലമറയ്ക്കുകയെന്നത് മാത്രമല്ല, അതോടൊപ്പം കാതും കഴുത്തും മാറുമെല്ലാം ശിരോവസ്ത്രം താഴ്ത്തിയിട്ട് മറച്ചു വെക്കണമെന്ന് കൂടിയാണ് കല്‍പിച്ചിരിക്കുന്നത്. ഇതേ കാര്യം തന്നെയാണ്. അഹ്‌സാബ് സൂക്തം 59-ലും يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّۚ ''അവരുടെ മൂടുപടം അവരുടെ മേല്‍ താഴ്ത്തിയിടട്ടെ'' എന്ന കല്‍പനയിലും അടങ്ങിയിരിക്കുന്നത്. 'ജില്‍ബാബ്' എന്ന പദത്തിന്റെ ബഹുവചനമാണ് 'ജലാബീബ്.' തല മുതല്‍ പാദം വരെ എത്തുന്ന വസ്ത്രമാണത്. ഇന്നും അറബികള്‍ ധരിക്കുന്ന 'ജല്ലാബിയ്യ'യാണ് അതിന്റെ ഉദ്ദേശ്യം.
മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീര ഭാഗങ്ങളും സ്ത്രീകള്‍ മറക്കണം. മാറിടവും കഴുത്തുമെല്ലാം അതില്‍ പെട്ടതാണ്. അന്യപുരുഷന്മാരുടെ മുന്നില്‍ മാറും കണ്ഠാഭരണങ്ങളും കര്‍ണാഭരണങ്ങളും പ്രദര്‍ശിപ്പിക്കുന്നത് ഖുര്‍ആന്‍ വിലക്കുന്നു. പ്രവാചക പത്‌നി ആഇശ(റ)യുടെ സഹോദരി അസ്മാ അമാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചു കണ്ടപ്പോള്‍ നബി തിരുമേനി അവരോട് പറഞ്ഞു: ഒരു സ്ത്രീ പ്രായപൂര്‍ത്തിയെത്തിയാല്‍ പിന്നെ മുഖവും മുന്‍കൈയുമല്ലാതെ മറ്റൊന്നും പുറത്തുകാണാന്‍ പാടില്ല'' - അബൂദാവൂദ്.
ഇതെല്ലാം സുതരാം വ്യക്തമാക്കുന്നത് ശിരോവസ്ത്രം (അതിന് ഹിജാബ്, ഖിമാര്‍, ജില്‍ബാബ്, നിഖാബ്- എന്ന് പേരിട്ടാലും) മുസ്‌ലിം സ്ത്രീകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നാണ്. കേരള ഹൈക്കോടതി പോലും 'Amna Binth Basheer v. CBSE' എന്ന കേസില്‍ ഹിജാബ് അനിവാര്യമായ മതാചാരമാണെന്നും അതിനാല്‍ ഭരണഘടനയുടെ അനുഛേദം 25(1)ന്റെ പരിരക്ഷ അതിന് ലഭിക്കുമെന്നും വിധിച്ചിട്ടുണ്ട്.
മുസ്‌ലിം സമുദായം ദുര്‍ബലമാണെന്നും അവരോട് എന്ത് അനീതിയും കാണിക്കാമെന്നും ചോദിക്കാനും പറയാനും ആരുമില്ലെന്നും ധരിക്കുന്നവര്‍ മനസ്സിലാക്കണം; നംറൂദിന്റെ അഗ്നികുണ്ഡങ്ങളെയും ഫറോവയുടെ സൈനിക സന്നാഹങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ഈ യാത്രാസംഘം മുന്നോട്ട് പോകുന്നത്. തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല.
''അവര്‍ അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകള്‍ കൊണ്ടണ്ട് ഊതിക്കെടുത്താന്‍ ഉദ്ദേശിക്കുന്നു. അല്ലാഹു തന്റെ പ്രകാശം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ വെറുത്താലും'' (അസ്സ്വഫ്ഫ് 8).