'ഖുര്‍ആന്‍ ദുർവ്യാഖ്യാനങ്ങളിലെ  ഒളിയജണ്ടകള്‍' പ്രകാശനവും  പൊതുസമ്മേളനവും

റിപ്പോർട്ട്‌‌

എറണാകുളം: ഇത്തിഹാദുല്‍ ഉലമാ, കേരളയുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ 'ഖുര്‍ആന്‍ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകള്‍' എന്ന കൃതി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു: ടി.പി.എം ഇബ്‌റാഹീംഖാന്‍, ബഹു: സി.എച്ച് അബ്ദുര്‍റഹീമിന് നല്‍കി പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന പ്രഭാഷണങ്ങളുടെ സംഗ്രഹം താഴെ:

വി.കെ അലി

ഏതാണ്ട് നാലു വര്‍ഷം മുമ്പ് മാത്രം രൂപീകൃതമായ പണ്ഡിതവേദിയാണ് 'ഇത്തിഹാദുല്‍ ഉലമാ കേരള.' പൊതുപ്രശ്‌നങ്ങളില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അഭിപ്രായ ഐക്യം സൃഷ്ടിച്ചെടുക്കുക, സമുദായ സംഘടനകള്‍ക്കിടയില്‍ ഐക്യവും സമവായവും ഉണ്ടാക്കുക, കാലികമായ മത-സാമുദായിക വിഷയങ്ങളില്‍ പ്രത്യേക സാഹചര്യങ്ങള്‍ നേരിടാന്‍ വിശ്വാസപരമായും ചിന്താപരമായും സജ്ജമാക്കുക, ബൗദ്ധികമായ വെല്ലുവിളികളെ അതേവിധം നേരിടാന്‍ പണ്ഡിതന്മാരെ സജ്ജമാക്കുക, വീക്ഷണവ്യത്യാസമുള്ള കാര്യങ്ങളില്‍ ഗവേഷണം നടത്തി ഭദ്രമായ അഭിപ്രായം രൂപവല്‍ക്കരിക്കുക.

വൈജ്ഞാനിക മേഖലയിലാണ് ഇത്തിഹാദിന്റെ ഊന്നല്‍. ബഹളമയമായ ഇടപെടലുകളോ പ്രവര്‍ത്തനങ്ങളോ ലക്ഷ്യമല്ല. 'ബോധനം' ത്രൈമാസിക ഇത്തിഹാദിന്റെ മുഖപത്രമായി ഗവേഷണ പഠന പ്രധാന ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ചു വരുന്നു. ഹദീസ്, സകാത്ത്, ശീഇസം കേന്ദ്രീകരിച്ച് മൂന്ന് സെമിനാറുകള്‍ നടത്തി. സ്വര്‍ണം കൈകാര്യം ചെയ്യുന്ന ആള്‍ എന്നതിനാലാണ് തട്ടാന്‍ പ്രധാനിയാവുന്നത്. അല്ലാതെ അയാള്‍ക്ക് സ്വന്തം നിലയില്‍ പ്രസക്തി ഉള്ളതിനാലല്ല. അതുപോലെ, ചിലര്‍ ദുരുദ്ദേശ്യത്തോടെ ഖുര്‍ആനെ വ്യാഖ്യാനിക്കുന്നതിനാലാണ് 'ഖുര്‍ആന്‍ ദുർവ്യാഖ്യാനത്തിലെ ഒളിയജണ്ടകള്‍' പ്രസിദ്ധീകരിക്കാനിടയായത്. തോന്നിയതുപോലെ ജീവിക്കാന്‍ പാകത്തില്‍ ഇസ്‌ലാമിനെ വളച്ചെടുക്കാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ മനസ്സിലാക്കിയത് തെറ്റ് എന്ന തരത്തിലാണ് അഭിനവ ദുർവ്യാഖ്യാനം. ഇതിന്റെ പിന്നില്‍ ബഹുമുഖ ഗൂഢാലോചനകളുണ്ട്.

വി.ടി അബ്ദുല്ലക്കോയ തങ്ങള്‍

ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അതിനോളം പഴക്കമുണ്ട്. സുന്നത്തെന്ന പ്രമാണത്തെ ചോദ്യം ചെയ്യുന്നു. ഇയാളെയാണോ നബിയാക്കാന്‍ കിട്ടിയത്? എന്ന ചോദ്യത്തിന്റെ പരിഷ്‌കൃത രൂപമാണ് സുന്നത്ത് നിഷേധം. നബിയുടെ ജീവിത സാകല്യത്തില്‍ വേണം സുന്നത്ത് മനസ്സിലാക്കാന്‍. ഹിദായത്ത് ലഭ്യമാവണമെങ്കില്‍ ഭക്തിവേണം. മൊത്തത്തിലും തത്വത്തിലും സുന്നത്തിനെ സ്വീകരിക്കുന്നവര്‍ ഭാഗികമായി തള്ളിത്തുടങ്ങി അത് ചരിത്ര ശേഖരമാണ്, പ്രമാണമല്ല എന്ന നിലപാടിലെത്തുന്നു- ഏതു ഗ്രന്ഥത്തില്‍നിന്നും സന്മാര്‍ഗം കിട്ടുമെന്ന പോലെ ഖുര്‍ആനില്‍നിന്ന് സന്മാര്‍ഗം ലഭിക്കും എന്ന് ലാഘവവല്‍ക്കരിക്കുന്നു-. ആകാശത്തുനിന്നിറങ്ങിയ ഖുര്‍ആനും ഭൂമിയില്‍ ജീവിച്ച പ്രവാചകന്‍ എന്ന മനുഷ്യനുമാണ് ഇസ്‌ലാമിന്റെ ആധാരം. ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവായ നബിയെയാണ് ഖുര്‍ആന്‍ ദുർവ്യാഖ്യാതാക്കള്‍ മാറ്റി നിര്‍ത്തുന്നത്.
സൗഹാര്‍ദം എന്നാല്‍ സ്വത്വം മറന്ന് മറ്റുള്ളവരുമായി ലയിച്ചു ചേരലല്ല. കോട്ടയത്തുകാരനുമായി ചങ്ങാത്തമുണ്ടാക്കാന്‍ മലപ്പുറത്തുകാരന്‍ താന്‍ കോട്ടയത്തുകാരനാണെന്ന് പറയുന്നത് പോലെയുള്ള അല്‍പത്തരമാണത്.

ഡോ. അബ്ദുസ്സലാം വാണിയമ്പലം

'അല്‍ബഖറ' അധ്യായം മൂന്നു വിഭാഗം ജനങ്ങളെ വിശദീകരിച്ചുകൊണ്ടാണ് തുടങ്ങുന്നത്. സത്യവിശ്വാസികള്‍, സത്യനിഷേധികള്‍, മുനാഫിഖുകള്‍. സത്യവിശ്വാസികളെപ്പറ്റി നാല്, സത്യനിഷേധികള്‍ രണ്ട്, മുനാഫിഖുകളെക്കുറിച്ച് പതിമൂന്ന് സൂക്തങ്ങള്‍. ഇസ്‌ലാം നേരിടുന്ന പ്രശ്‌നം മുനാഫിഖുകളുടെ ഭാഗത്തുനിന്നായിരിക്കും എന്ന വ്യക്തമായ സൂചനയാണിത്. ഗതകാല നൂറ്റാണ്ടുകളിലെ മുഫസ്സിറുകള്‍ അതീവ സൂക്ഷ്മമായി മാത്രം നടത്തിയ ഖുര്‍ആന്‍ വ്യാഖ്യാനം ഇന്ന് ആര്‍ക്കും എങ്ങനെയുമാവാം എന്നു വരുത്താനാണ് ചിലരുടെ ശ്രമം. ഇസ്‌ലാമിനെ അകത്തു നിന്നുതന്നെ തകര്‍ക്കുക എന്നതാണ് കപടന്മാരുടെ ലക്ഷ്യം. നബിയുടെ കാലത്തെന്നപോലെ എന്നും അഞ്ചാംപത്തികളുണ്ടായിട്ടുണ്ട്. ഖുര്‍ആനെയും ഹദീസിനെയും കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കി തകര്‍ക്കുക എന്നതാണ് അജണ്ട. ഓറിയന്റലിസം യഥാര്‍ഥത്തില്‍ അക്കാദമിക് സംരംഭമല്ല. ഇസ്‌ലാമിനെ വികൃതമാക്കാന്‍ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ സംരംഭമാണ് എന്ന് എഡ്വേര്‍ഡ് സഈദ് പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. ഓറിയന്റലിസം ഒരുക്കിയ മണ്ണിലേക്കാണ് കൊളോണിയലിസം വന്നതും വിതച്ചതും കൊയ്തതും. ത്വാഹാ ഹുസൈന്‍, അലി, അബ്ദുര്‍റാസിഖ്, ഫുആദ് സകരിയ മുതലായവര്‍ ഇതിന്റെ തുടര്‍ച്ചയാണ്.

പുതുതായി രൂപപ്പെട്ട 'ദീനെ ഇബ്‌റാഹീമി' ഇതിന്റെ ഏറ്റവും പുതിയ വികാസമാണ്. രാഷ്ട്രീയ അധിനിവേശത്തിന് മതകീയ പശ്ചാത്തലം ഒരുക്കുകയാണ് ലക്ഷ്യം. ലോകത്തിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുന്ന പ്രവണത വര്‍ധിക്കുന്നു. അബ്ദുല്ലാഹിബ്‌നു ബയ്യ എന്ന പണ്ഡിതനാണ് 'ദീനെ ഇബ്‌റാഹീമി'ന്റെ നേതൃത്വം. രാജസമാനമായ നേതൃത്വം ഇത്തരക്കാര്‍ക്ക് ഇന്ന് ലഭിക്കുന്നു. റാന്റ് കോര്‍പ്പറേഷന്‍ മുസ്‌ലിം ലോകത്ത് വിദ്യാഭ്യാസ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നു. ഖവാരിജുകള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടങ്ങിവെച്ച ഇസ്‌ലാം വിരുദ്ധത ഉമവി- അബ്ബാസി കാലഘട്ടങ്ങളിലൂടെ വികസിച്ച് ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന് കാരണമായി. അത് തുടര്‍ന്നും മുന്നോട്ടുപോയി കേരളത്തിലെത്തിയിരിക്കുകയാണ്. വഴിതെറ്റിയവര്‍ തൗബ ചെയ്ത് ശരിയായ ധാരയിലേക്ക് തിരിച്ചുവരണം.

യൂസുഫ് ഉമരി

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ആശയങ്ങളും ശരിയാണെന്ന് അംഗീകരിച്ചാല്‍ സാധ്യമാണോ? കമ്യൂണിസവും കാപിറ്റലിസവും ഒരേപോലെ സത്യമാണെന്ന് കരുതാന്‍ ഒരു കമ്യൂണിസ്റ്റുകാരനോ മറിച്ചോ സാധ്യമാണോ? തന്റെ ആദര്‍ശമാണ് സത്യം, മറ്റുള്ളവയില്‍ ശരിയുടെ അംശങ്ങളുണ്ടാവാം എന്ന് അംഗീകരിച്ചുകൊണ്ട് മറ്റുള്ളവരുമായി സഹവര്‍തിത്വം സാധിക്കുന്നതു മാത്രമാണ് കരണീയം. തന്റേതും മറ്റുള്ളവരുടേതും ഒരുപോലെ ശരിയാണെന്ന് ഒരാള്‍ വാദിച്ചാല്‍ അത് ബൗദ്ധികമായ സത്യസന്ധതയല്ല. ഇതുതന്നെയാണ് മതങ്ങളുടെയും കാര്യം. മതങ്ങളും മതക്കാരും തമ്മില്‍ നിലനില്‍ക്കേണ്ടതും ഈ സഹവര്‍ത്തിത്വമാണ്. എല്ലാവരും ശരിയിലാണെന്നു വാദിച്ചാല്‍ എല്ലാവരുടെയും തൃപ്തിനേടാന്‍ കഴിയുമോ? സമന്വയവും തൃപ്തിയും അസാധ്യം. യഹൂദികളുടെയും ക്രൈസ്തവരുടെയും മില്ലത്ത് പിന്‍പറ്റുന്നതുവരെ അവര്‍ താങ്കളെ തൃപ്തിപ്പെടില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍നിന്ന് മുസ്‌ലിംകളുടെയും അവരുടെയും മില്ലത്തുകള്‍ വേറെയാണെന്നു മനസ്സിലായി. ഇപ്പോള്‍ യഹൂദ-ക്രൈസ്തവര്‍ ഉപജീവിച്ചുവരുന്നതും ഖുര്‍ആന്‍ വിമര്‍ശിച്ചതുമായവയില്‍ ബഹുദൈവത്വാധിഷ്ഠിതമില്ലന്നാണോ മുസ്‌ലിംകള്‍ വിശ്വസിക്കേണ്ടത്? നിലവില്‍ അവര്‍ തുടരുന്നതല്ല വിവക്ഷ എങ്കില്‍ അവര്‍ പൂര്‍ണമായും നിലപാടു മാറ്റണമെന്നല്ലെ അര്‍ഥം.' അതോടെ സർവവേദ സമന്വയ വാദം പൊളിഞ്ഞു. അവരുടെ ഇപ്പോഴത്തെ നിലപാടുകള്‍ ശരിയാണെന്നു പറയണമെങ്കില്‍ ഖുര്‍ആന്‍ മാറ്റിനിര്‍ത്തേണ്ടി വരും. തൗറാത്തിലും ഇഞ്ചീലിലും തിരുത്തലുകള്‍ വരുത്തി എന്ന് ഖുര്‍ആന്‍ പറഞ്ഞിരിക്കെ അവയെ എങ്ങനെ ശരിവെക്കും? തൗറാത്ത് കൈവശമുണ്ടായിരുന്ന യഹൂദര്‍ അതനുസരിച്ച് ജീവിച്ചാല്‍ മതിയെങ്കില്‍ 'ഞാന്‍ നിങ്ങളിലേക്കുള്ള നബിയാണെന്ന് ഈസാ നബി പറയേണ്ടിയിരുന്നോ? വരാന്‍ പോവുന്ന മുഹമ്മദ് നബിയെപ്പറ്റി സന്തോഷ വാര്‍ത്ത നല്‍കേണ്ടിയിരുന്നോ? എന്നിലും വരാന്‍ പോകുന്ന നബിയിലും ഒരുപോലെ വിശ്വസിക്കണം എന്നു പറയേണ്ടിയിരുന്നോ? നിലവിലെ തോറ ദൈവികമെങ്കില്‍ അതിലുണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞ അഹ്‌മദ് എന്ന പേര് എവിടെ? ദുൻയാവും പരലോകവും നഷ്ടപ്പെടുന്ന പാഴ്‌വേലയാണ് സർവവേദ സത്യവാദം.

സ്വലാഹുദ്ദീന്‍ മദനി

ഇത്തിഹാദ് നിർവഹിച്ചിരിക്കുന്നത് വലിയ ദൗത്യമാണ്, മുതല്‍കൂട്ടാണ്. ഏതു പുതിയതും രുചികരമാണ് എന്ന ശൈലിയെ അന്വര്‍ഥമാക്കുമാറ് പുതിയതിനു പിന്നാലെ പോകുന്ന പ്രവണത വര്‍ധിക്കുന്നു. പുതുവെളിച്ചത്തിലേക്ക് ഓടിയടുത്ത് ചത്തുവീഴുന്ന ഈയാംപാറ്റകളെപോലെ, മതവും ഖുര്‍ആനുമെല്ലാം മാറ്റിവെച്ച് വളയമില്ലാതെ ജീവിച്ച് സ്വയം ഒടുങ്ങാനാണ് ചിലര്‍ ദുര്‍ന്യായങ്ങള്‍ ചമക്കുന്നത്. സർവമത സത്യവാദവും സർവവേദ സത്യവാദവും സ്ഥാപിക്കാന്‍ ഉദ്ധരിക്കുന്ന സൂക്തങ്ങള്‍ ആ ലക്ഷ്യത്തിനു വിരുദ്ധമാണ്.

അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസവും സല്‍ക്കര്‍മങ്ങളും ഖുര്‍ആന്‍ പറഞ്ഞതുപോലെയാകുമ്പോഴേ പാരത്രിക രക്ഷ ലഭിക്കുകയുള്ളൂ. അന്താരാഷ്ട്ര തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകള്‍ കേരളത്തിലും എത്തിയിരിക്കുന്നു. ഇബ്‌നു അറബി എന്ന ഗൂഢാര്‍ഥവാദിയിലൂടെയാണ് ഈ വികല ചിന്ത പ്രധാനമായും സമൂഹത്തില്‍ പ്രചരിച്ചത്. എന്തിനെ ആരാധിച്ചാലും ആ ആരാധന അല്ലാഹുവിനാണെന്നാണ് വ്യാഖ്യാനം. നിഫാഖിന്റെ ഏറ്റവും പുതിയ പൊയ്മുഖമാണ് അകംപൊരുള്‍ വ്യാഖ്യാനം.

വി.എച്ച് അലിയാര്‍ ഖാസിമി

എല്ലാവര്‍ക്കും മോക്ഷം വിതരണം ചെയ്യുന്നവര്‍, തങ്ങള്‍ക്ക് മോക്ഷം വേണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാന്‍ ആളുകളെ അനുവദിക്കണം. തങ്ങള്‍ക്ക് സ്വര്‍ഗം വേണമെന്ന് മഹാത്മാഗാന്ധിയും മദര്‍തെരേസയുമാണ് തീരുമാനിക്കേണ്ടത്. തങ്ങള്‍ക്ക് വേണമെന്ന് അവര്‍ തീരുമാനിച്ചിട്ടില്ലാത്ത സ്വര്‍ഗം അവര്‍ക്ക് നാം എന്തിന് വെച്ചുകെട്ടണം! ഇസ്‌ലാം സ്വീകരിച്ച അബ്ദുല്ല എന്ന മകനോട് ഇസ്‌ലാം കൈയൊഴിയാന്‍ ആവശ്യപ്പെട്ട ആളാണ് മഹാത്മാഗാന്ധി. (അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം). മദര്‍ തെരേസയെ 'മുസ്‌ലിംകളുടെ സ്വര്‍ഗത്തില്‍ കൊണ്ടുപോവാന്‍ ക്രൈസ്തവര്‍ അനുവദിക്കുമോ? സഹിഷ്ണുതക്കുവേണ്ടിയുള്ള നീക്കമായി പോലും മറ്റുള്ളവരുടെ വേദങ്ങള്‍ സത്യമാണെന്ന് എല്ലാ വേദാവകാശികളും അംഗീകരിക്കുമോ? ഒരു വിഭാഗവും ഇതംഗീകരിക്കുകയില്ല. പ്രമാണം ഖുര്‍ആന്‍ മാത്രമാണെന്ന് തെറ്റായ പ്രചാരണം നടത്തുന്നു. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പ്രമാണങ്ങളെന്നാണ് പതിനാല് നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. പുറമെനിന്ന് തകര്‍ക്കാന്‍ കഴിയാത്തത് ഉള്ളില്‍നിന്ന് നടത്താന്‍ ശ്രമിക്കുന്നു. കറുത്ത വര്‍ഗക്കാര്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാവുന്നു എന്നുകണ്ടപ്പോള്‍ അതു വഴി തിരിച്ചുവിടാന്‍ വേണ്ടി 'നാഷന്‍ ഓഫ് ഇസ്‌ലാം' എന്ന മതം ഉണ്ടാക്കി കൊടുത്തത് അമേരിക്കയാണ്. ഖാദിയാനിസം ബ്രിട്ടന്റെ സൃഷ്ടിയായിരുന്നു. നമസ്‌കാരം മൂന്നു വഖ്താണെന്ന് വാദിച്ചിരുന്ന ആള്‍ അര വഖ്ത് പോലും നമസ്‌കരിച്ചിരുന്നില്ലെന്ന് അദ്ദേഹവുമായി ഇടപഴകിയവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മല്‍പിടുത്തത്തില്‍ തോറ്റുപോയ ദൈവത്തെയാണോ എല്ലാറ്റിനും കഴിവുള്ള ദൈവത്തെയാണോ നാം വിശ്വസിക്കുക? ഒരു പ്രവാചകന്‍ മകളുമായി സഹശയനം നടത്തി എന്നു പറയുന്ന വേദത്തെ നാം എങ്ങനെ ശരിവെക്കും'

എം.വി മുഹമ്മദ് സലീം മൗലവി

നമ്മുടെ ഊര്‍ജവും സമയവും ആഭ്യന്തര ശത്രുക്കള്‍ക്കെതിരെ വിനിയോഗിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഖുര്‍ആനോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ പറ്റുന്ന അനേക വിഷയങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ഖുര്‍ആന്‍ പണ്ഡിതരില്‍നിന്ന് സമുദായം പ്രതീക്ഷിക്കുന്നത് അതേക്കുറിച്ച ആലോചനകളാണ്. മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് നാം വിശ്വസിക്കുന്നു. അദ്ദേഹവും ഖുര്‍ആനും മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതായിരുന്നില്ല. അദ്ദേഹത്തിന്റെ ദൗത്യം 
പോസ്റ്റുമാന്റെ ദൗത്യമായിരുന്നില്ല. സ്വജീവിതത്തിലൂടെ ഉത്തമമാതൃകയായി ഖുര്‍ആനെ പ്രതിനിധീകരിക്കുകയായിരുന്നു. ഈയര്‍ഥത്തില്‍ നമ്മുടെ പണ്ഡിതന്മാര്‍ മാതൃകായോഗ്യരായ ദൗത്യനിർവാഹകരാവണം. ചലിക്കുന്ന മാതൃകകളാവണം. ഖുര്‍ആന്റെ മുഫസ്സിറുകള്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ ചൈതന്യം തങ്ങളില്‍ ആവാഹിച്ചുകൊണ്ടായിരുന്നു രചന നിർവഹിച്ചിരുന്നത്. ഇത് ഇന്നത്തെ പണ്ഡിതന്മാരില്‍നിന്ന് നാം പ്രതീക്ഷിക്കുന്നു. മുഹമ്മദ് പിക്താള്‍, മുഹമ്മദ് അസദ് മുതലായവര്‍ തങ്ങള്‍ ഹൃദയത്തിലേറ്റിയ ഇസ് ലാമിനെ അതിമനോഹരമായി ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിച്ചു. എന്നാല്‍ ഖുര്‍ആന്‍ പഠിച്ചെന്നു പറയുന്ന ചില പണ്ഡിതര്‍ കൃത്രിമങ്ങള്‍ക്കു വിധേയമായ മുന്‍കാല വേദങ്ങളെ ശരിവെക്കും വിധം സംസാരിക്കുന്നു. തിരുത്തലുകള്‍ക്ക് വിധേയമായ പൂർവവേദങ്ങളെ ഖുര്‍ആന്‍ തള്ളിപ്പറയുന്നു എന്നിരിക്കെ അവയെ ന്യായീകരിക്കുന്നത് വിവരമില്ലായ്മയാണ്, അഥവാ, ഖുര്‍ആനെ അംഗീകരിക്കുന്നില്ല. ഫാതിഹ മുതല്‍ ബയ്യിന വരെ അറുപതിലധികം തവണ യഹൂദ-ക്രൈസ്തവവര്‍ പിഴച്ചവരാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. സൃഷ്ടികളില്‍ നികൃഷ്ടര്‍ എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടവരാണ് പൂർവ വേദാവകാശികള്‍. പിന്നെ എങ്ങനെയാണ് സർവവേദ സത്യവാദം ശരിയാവുക? അല്ലാഹു തന്റെ വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് സംവിധാനിച്ചതാണ് സ്വര്‍ഗം. അത് നമ്മുടെ താല്‍പര്യം പോലെ വീതം വെക്കാന്‍ കഴിയില്ല. മുന്‍വേദങ്ങള്‍ തനിമയോടെ നിലനില്‍ക്കാത്തതുകൊണ്ടുകൂടിയാണ് ഖുര്‍ആന്‍ അവതരിച്ചത്. മൂസാ-ഈസാ നബിമാരുടെ ചരിത്രങ്ങളില്‍ പോലും വന്നുപെട്ടിട്ടുള്ള കൃത്രിമത്വങ്ങളെ തിരുത്തിയാണ് ഖുര്‍ആന്റെ അവതരണം. മുന്‍വേദങ്ങള്‍ അവതരിച്ച അതാത് ഘട്ടങ്ങളില്‍ അവ ശരിയായിരുന്നു. ഖുര്‍ആനുശേഷം മറ്റൊരു വേദവും സാധുവല്ല. നബിയുടെ കാലത്തോടെ എല്ലാ ശരീഅത്തുകളും റദ്ദായി. മോക്ഷം ലഭിക്കണമെങ്കില്‍ അല്ലാഹു നിര്‍ദേശിച്ചതു പ്രകാരം നാം ജീവിക്കണം.

കെ. ഇൽയാസ് മൗലവി

മുഹമ്മദ് നബി(സ) വന്നത് യഹൂദരോടും ക്രൈസ്തവരോടും ബഹുദൈവവിശ്വാസികളോടും താന്താങ്ങളുടെ മതങ്ങളില്‍ തുടര്‍ന്നോളൂ എന്നു പറയാന്‍ വേണ്ടിയായിരുന്നോ? അതാണോ ഖുര്‍ആന്റെ പ്രമേയം. ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്കുള്ള നേര്‍രേഖയായി ഖുര്‍ആനും നബി(സ)യും പഠിപ്പിച്ചത് ഇസ്‌ലാം മാത്രമാണ്. അല്ലാഹുവോ നബിയോ സർവസത്യവാദമോ സർവവേദ സത്യമോ മുന്നോട്ടു വെച്ചിട്ടില്ല. തന്റെ കാലത്തെ പിഴച്ച യഹൂദരെയും ക്രൈസ്തവരെയും നബി(സ) ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണുണ്ടായത്. യേശു കള്ളപ്രവാചകനാണെന്ന് യഹൂദികളും യേശു വധിക്കപ്പെട്ടതായി ക്രൈസ്തവരും യേശു കൊല്ലപ്പെട്ടിട്ടില്ലെന്ന് ഖുര്‍ആന്‍ തറപ്പിച്ചും പറയുന്നു. ഇതുമൂന്നും ഒരേസമയം ശരിയാവുന്നതെങ്ങനെ? ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഏകദൈവവിശ്വാസവും ക്രൈസ്തവര്‍ വിശ്വസിക്കുന്ന ത്രിയേകത്വം എങ്ങനെയാണ് ഒത്തുപോവുക? ദുർവ്യാഖ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഉപയോഗപ്പെടുത്തുന്നത് ആരാണെന്ന് അഭിനവ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. നബിയെ മാറ്റിനിര്‍ത്തിയാല്‍ എന്തും എങ്ങനെയും വ്യാഖ്യാനിക്കാം. 'ആമന' എന്നതിന് 'വിശ്വസിച്ചു' എന്നു മാത്രം അര്‍ഥം പറഞ്ഞാല്‍ ഇബ് ലീസും വിശ്വാസിയാണെന്നു പറയേണ്ടിവരും. അല്ലെങ്കില്‍, ഈമാന്‍, ഇസ്‌ലാം, അമലുന്‍ സ്വാലിഹ് എന്നിവയുടെ യഥാര്‍ഥ വിവക്ഷ എന്താണെന്ന് നബി(സ) പറഞ്ഞു തന്നതായിരിക്കണം നാം സ്വീകരിക്കുന്നത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top