ബനൂ ഖൈനുഖാഉകാരോട് നബി(സ) ക്രൂരത ചെയ്തുവോ?
ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി
മദീനയില്‍ ഉള്‍ഭാഗത്ത് സ്വന്തം പേരില്‍ അറിയപ്പെട്ട ഒരിടത്താണ് ബനൂഖൈനുഖാഅ് എന്ന യഹൂദഗോത്രം അധിവസിച്ചിരുന്നത്. നബി(സ)യോടും മുസ്‌ലിംകളോടും ഉള്ളാലെ ഏറ്റവും കൂടുതല്‍ പകയും വിദ്വേഷവും വെച്ചുപുലര്‍ത്തിയ യഹൂദ കുടുംബമാണ് ബനൂ ഖൈനുഖാഅ്. പ്രവാചകനുമായി ഒപ്പുവെച്ച കരാര്‍ ഏറ്റവുമാദ്യം ലംഘിച്ചതും അവരാണ്.
എന്തൊക്കെയാണ് അവര്‍ ചെയ്തത്?
മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കാനായി അവര്‍ കൈക്കൊണ്ട തന്ത്രം ഇതായിരുന്നു: രാവിലെ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുക. പകല്‍ നമസ്‌കാരം പ്രവാചകന്റെ കൂടെ നിർവഹിച്ച ശേഷം, ഇസ്‌ലാമിന്റെ എല്ലാവിധ ഉള്ളുകള്ളികളും മനസ്സിലാക്കിയെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം വൈകുന്നേരം ഇസ് ലാമില്‍നിന്നു രാജിവെച്ചൊഴിയുക. ''ഇവര്‍ വേദക്കാരാണ്, വിവരമുള്ളവര്‍. എന്തോ ചില പന്തികേടുള്ളതുകൊണ്ടാണ്, ഇല്ലെങ്കില്‍ അവര്‍ ഇത്ര പെട്ടെന്ന് രാജിവെച്ചൊഴിയുമായിരുന്നോ'' എന്ന് ദുര്‍ബല വിശ്വാസികള്‍ക്ക് സംശയം ജനിപ്പിക്കുകയും അവരെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. ഖുര്‍ആന്‍ അതുസംബന്ധിച്ച് പറയുന്നത് ഇങ്ങനെ:
وَقَالَت طَّائِفَةٌ مِّنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ ﴿٧٢﴾
വേദക്കാരില്‍ ഒരു വിഭാഗം പറഞ്ഞു: ആ വിശ്വാസികള്‍ക്കവതരിച്ചു കിട്ടിയതില്‍ പകല്‍ ആദ്യവേളയില്‍ വിശ്വസിച്ചതായി പ്രഖ്യാപിക്കുക; അതിന്റെ അവസാനനേരം അവിശ്വാസം രേഖപ്പെടുത്തുകയും. എങ്കില്‍ അവരും തിരിച്ചുപോന്നുകൊള്ളും' (ആലുഇംറാന്‍: 72).
കള്ളപ്രചാരണം നടത്തുക, തങ്ങളുമായി സാമ്പത്തിക ബന്ധമുള്ള മുസ്‌ലിംകളുടെ ജീവിതമാര്‍ഗം മുട്ടിക്കുക, മുസ്‌ലിംകള്‍ വല്ലവരും അവരോട് കടം വാങ്ങിയാല്‍ അവധിക്കു മുമ്പേ അത് തിരിച്ചടക്കാന്‍ സദാ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുക, മുസ്‌ലിംകളില്‍നിന്നു വാങ്ങിയ കടം തിരിച്ചുകൊടുക്കാതിരിക്കുക. അതിന് അവര്‍ പറഞ്ഞിരുന്ന ന്യായം ഇതാണ്: 'ഞങ്ങള്‍ വാങ്ങിയ കടം തിരിച്ചടക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ടായിരുന്നത് നിങ്ങള്‍ മതം മാറുന്നതിന് മുമ്പാണ്. നിങ്ങള്‍ മതംമാറിയ സ്ഥിതിക്ക് ഞങ്ങള്‍ക്ക് അങ്ങനെയൊരു ബാധ്യതയില്ല.'' ഖുര്‍ആന്‍ അത് ഇങ്ങനെ വിവരിക്കുന്നു:
وَمِنْ أَهْلِ الْكِتَابِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ ذَٰلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الْأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ ﴿٧٥﴾
'വേദക്കാരില്‍ ചിലരുണ്ട്, സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ താങ്കള്‍ അയാളെ വിശ്വസിച്ചേല്‍പിച്ചെന്നിരിക്കട്ടെ, അതയാള്‍ തിരിച്ചേല്‍പ്പിച്ചിരിക്കും. അവരില്‍ വേറെ ചിലരുണ്ട്, ഒരു നാണയമാണ് താങ്കള്‍ അയാളെ വിശ്വസിച്ചേല്‍പിച്ചതെങ്കില്‍ അതുപോലും, വിടാതെ പിന്നാലെ കൂടിയെങ്കില്‍ മാത്രമേ അയാള്‍ തിരിച്ചുനല്‍കൂ. അതിനുള്ള അവരുടെ ന്യായീകരണം ഇതാണ്, അവര്‍ പറയും, വേദരഹിതരുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ബാധ്യതയുമില്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും ചെയ്യും' (ആലുഇംറാന്‍: 75).
മുസ്‌ലിംകളെ പരസ്പരം വൈരികളാക്കി കലഹിക്കാന്‍ ആസൂത്രിതമായി പദ്ധതിയിട്ട് പണിയെടുക്കുന്നതിന്റെ മികച്ച ഉദാഹരണം ഇങ്ങനെ വായിക്കാം:
ഈ യഹൂദ ഗോത്രത്തിന്റെ ഒരു നെടുനായകനായിരുന്നു ശാസുബ്‌നു ഖൈസ്. ദീര്‍ഘകാലം പരസ്പരം യുദ്ധം ചെയ്തു മുടിഞ്ഞ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ വൈരം വെടിഞ്ഞ് പരസ്പരം ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയും ഐക്യപ്പെടുകയും ചെയ്തതില്‍ പൊതുവില്‍തന്നെ യഹൂദര്‍ അസ്വസ്ഥരായിരുന്നു. ഒരുനാള്‍ ശാസ് പ്രസ്തുത ര് ഗോത്രങ്ങളിലെയും ആളുകള്‍ സമ്മേളിച്ച ഒരു സദസ്സിനരികിലൂടെ കടന്നുപോയി. അവരുടെ സൗഹൃദവും സാഹോദര്യവും കണ്ട് അസൂയ പൂണ്ട ശാസ് അയാളുടെ ആളുകളോട് പറഞ്ഞു: ബനൂഖൈലക്കാര്‍- അങ്ങനെയാണ് യഹൂദര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന പരിഹാസപ്പേര്- ഈ പ്രദേശത്ത് കൂടിയിരിക്കുന്നുവല്ലോ. അവരെ ഇങ്ങനെ സംഘടിക്കാന്‍ വിട്ടാല്‍ നമുക്കിവിടെ നില്‍ക്കക്കള്ളിയില്ലാതെയാവും. ഒരു ചെറുപ്പക്കാരനെ വിളിച്ചിട്ട് അയാള്‍ പറഞ്ഞു: 'അവരുടെ അടുത്തു ചെല്ലുക. അവരുടെ സദസ്സിലിരിക്കുക. എന്നിട്ട് ബുആഥ് യുദ്ധവും അതിനുമുമ്പ് നടന്ന യുദ്ധങ്ങളുമൊക്കെ അവരെ ഓര്‍മിപ്പിക്കുക. അതു സംബന്ധിച്ചൊക്കെ അവര്‍ ആലപിച്ച ഗാനങ്ങളുണ്ടാകും. അത് അവരെ പാടിക്കേള്‍പ്പിക്കുക.' ആ യുവാവ് പറഞ്ഞപടി പണിയെടുത്തു. അത് ഫലം കണ്ടു. ഔസും ഖസ്‌റജും ഒരിക്കല്‍കൂടി ആയുധം മൂര്‍ച്ചകൂട്ടി. യുദ്ധസന്നദ്ധരായി രംഗത്തിറങ്ങി.
വിവരമറിഞ്ഞ നബി(സ) സമയം പാഴാക്കാതെ രംഗത്തവതരിച്ചു. അവരെ ഗുണദോഷിച്ചു. അല്ലാഹു അവരെ ഐക്യപ്പെടുത്തിയതും അവര്‍ക്കു നല്‍കിയ അനുഗ്രഹവും ഓര്‍മിപ്പിച്ചു. അതോടെ അവര്‍ക്ക് തെറ്റ് ബോധ്യപ്പെടുകയും ശത്രുവിന്റെ കുതന്ത്രത്തില്‍ വീണതില്‍ അനുതപിക്കുകയും പരസ്പരം ആലിംഗന ബദ്ധരായി പൂർവോപരി സാഹോദര്യം പ്രകടമാക്കുകയും ചെയ്തു. ഖുര്‍ആന്‍ ഇത് ഇങ്ങനെ ഓര്‍മിപ്പിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٠٢﴾ وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُواۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَاۗ
'വിശ്വസിച്ചവരേ, അല്ലാഹുവിനെ സൂക്ഷിക്കേണ്ടവിധം സൂക്ഷിക്കുക. മുസ്‌ലിംകളായല്ലാതെ മരിക്കാന്‍ ഇടവരരുത്. അല്ലാഹുവിന്റെ പാശം ഒന്നിച്ച് മുറുകെ പിടിക്കുക. ഭിന്നിക്കായ്ക. നിങ്ങള്‍ക്ക് നല്‍കിയ അല്ലാഹുവിന്റെ അനുഗ്രഹം ഓര്‍മിക്കുക. നിങ്ങള്‍ ശത്രുക്കളായിരുന്ന സന്ദര്‍ഭം, നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ കൂട്ടിയിണക്കിയല്ലോ. അവന്റെ അനുഗ്രഹം വഴി നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നരകക്കുണ്ടിന്റെ വക്കിലാണ് നിങ്ങളുണ്ടായിരുന്നത്. അവന്‍ അതില്‍നിന്നു നിങ്ങളെ രക്ഷിക്കുകയായിരുന്നു' (ആലുഇംറാന്‍: 102, 103).
മുസ്‌ലിംകള്‍ക്കു നേരെയുള്ള പരിഹാസവും അവഹേളനവും അവരുടെ സ്ഥിരം സ്വഭാവമായിരുന്നു. മറ്റു രീതിയില്‍ ഭീഷണിപ്പെടുത്തലും. ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ കൈവരിച്ച നേട്ടം അവരെ വല്ലാതെ അസ്വസ്ഥരാക്കി. പിന്നെ അതില്‍ പിടിച്ചായി മുസ്‌ലിം വേട്ടയും ഭീഷണിയും. യഹൂദ മാര്‍ക്കറ്റില്‍ വരുന്നവര്‍ക്ക് പൊറുതി കിട്ടാതായി.
ഏതാദൃശ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ നബി(സ) അവരെ ഉപദേശിച്ചു. ഉപദേശങ്ങളൊന്നും പ്രയോജനപ്പെടാതെ വന്നപ്പോള്‍ നബി(സ) അവരെ വിളിച്ചുകൂട്ടി. അവിടുന്ന് പറഞ്ഞു: 'യഹൂദരേ, ഖുറൈശികളെ ബാധിച്ചതുപോലെ നിങ്ങളെ നാശം ബാധിക്കും മുമ്പ് ഇസ്‌ലാം സ്വീകരിക്കുന്നതാവും നിങ്ങള്‍ക്കു നല്ലത്.''
അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'മുഹമ്മദ്, ഖുറൈശികളില്‍ ചിലരെ കൊല്ലാന്‍ കഴിഞ്ഞു എന്ന കരുതി വഞ്ചിതനാവേണ്ട. വിഡ്ഢികളായിരുന്നു അവര്‍. അവര്‍ക്ക് യുദ്ധമറിയുമായിരുന്നില്ല. ഞങ്ങളോടാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ അപ്പോള്‍ ബോധ്യമാകും ഞങ്ങളാണ് യുദ്ധമറിയുന്ന ആളുകളെന്ന്. ഞങ്ങളെപ്പോലുള്ളവരെ നീ കണ്ടിട്ടില്ല.''
ബദ്ര്‍ യുദ്ധത്തെ തുടര്‍ന്നാണ് ഈ സംഭാഷണം. അവരുടെ ഈ സമീപനത്തെയാണ് ഖുര്‍ആന്‍ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്.
قُل لِّلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَۚ وَبِئْسَ الْمِهَادُ ﴿١٢﴾ قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَاۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَن يَشَاءُۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ ﴿١٣﴾
'ശത്രുത പുലര്‍ത്തുന്ന നിഷേധികളോട് പറഞ്ഞേക്കുക, നിങ്ങള്‍ പരാജയപ്പെടാന്‍ പോവുകയാണ്. നരകത്തിലാകാം നിങ്ങളെ സമ്മേളിപ്പിക്കുന്നത്. അതെന്തൊരു ദുഷ്ടസങ്കേതമാണെന്നോ! ഏറ്റുമുട്ടിയ രണ്ടു സംഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ടായിരുന്നു. ഒരു സംഘം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നു. മറ്റേത് നിഷേധികളുടെ സംഘവും. അവര്‍ക്ക് തങ്ങളെ രണ്ടിരട്ടി അംഗസംഖ്യയുള്ളതായി തോന്നുന്നു. അതും നേര്‍ക്കാഴ്ച. അല്ലാഹു താനുദ്ദേശിക്കുന്നവരെ സഹായം നല്‍കി ബലപ്പെടുത്തുന്നു. ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ ഗുണപാഠമുണ്ട്'' (ആലുഇംറാന്‍: 12,13).
പ്രവാചകരോടുള്ള യഹൂദരുടെ പ്രതികരണം യുദ്ധത്തിനുള്ള വെല്ലുവിളിയായിരുന്നു. എടുത്തുചാട്ടക്കാരനല്ലാത്തതുകൊണ്ട് നബി(സ) തല്‍ക്കാലം ക്ഷമിച്ചു.
എന്നാല്‍ ഈ ക്ഷമ ഒരു ദൗര്‍ബല്യമായാണ് യഹൂദര്‍ക്ക് തോന്നിയത്. പിന്നെയും പ്രകോപനമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. സ്ത്രീകളെ അവഹേളിക്കാന്‍ പോലും അവര്‍ ധൃഷ്ടരായി എന്നതാണ് ചരിത്രം. ഒരിക്കല്‍ ഒരു മുസ്‌ലിം സ്ത്രീ എന്തോ ചരക്കുമായി അവരുടെ അങ്ങാടിയില്‍ വന്നു. അതു വില്‍പന നടത്തിയശേഷം അവര്‍ അങ്ങാടിയില്‍ സ്വര്‍ണപ്പണിക്കാരനായ യഹൂദന്റെ കടയില്‍ ചെന്നു. അവിടെക്കൂടിയിരുന്ന യഹൂദര്‍ നിഖാബണിഞ്ഞിരുന്ന അവരെ മുഖം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ചു. അവര്‍ കൂട്ടാക്കിയില്ല. തട്ടാന്‍ അവിടെ ഇരിക്കുകയായിരുന്ന അവരുടെ വസ്ത്രത്തിന്റെ പിന്‍ഭാഗം അവരറിയാതെ അവരുടെ പുറംഭാഗവുമായി കൂട്ടിക്കെട്ടി. അവര്‍ എഴുന്നേറ്റപ്പോള്‍ അവരുടെ പൃഷ്ഠം വെളിപ്പെട്ടു. അതുകണ്ട് ആ യഹൂദ സംഘം പൊട്ടിച്ചിരിച്ചു. ആ സ്ത്രീ ഒച്ചവെച്ചപ്പോള്‍ ഒരു മുസ്‌ലിം, തട്ടാനെ കൊന്നു. അതില്‍ കലിപൂണ്ട് ആ യഹൂദസംഘം മുസ്‌ലിമിനെയും കൊന്നു. ആ മുസ്‌ലിമിന്റെ കുടുംബം മറ്റു മുസ്‌ലിംകളുടെ സഹായം തേടി. തുടര്‍ന്ന് മുസ്‌ലിംകളും ബനൂഖൈനുഖാഅ് എന്ന യഹൂദ ഗോത്രവും തമ്മില്‍ യുദ്ധമായി.
ഇനിയും ഈ ധിക്കാരം പൊറുപ്പിക്കാനാവുകയില്ലെന്ന് നബി(സ) തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്. അദ്ദേഹം അവരെ ഉപരോധിച്ചു. ഹിജ്‌റ രണ്ടാമാണ്ടില്‍ ശവ്വാല്‍ രണ്ടാം പാതിയിലാണ് ഉപരോധം തുടങ്ങിയത്. അടുത്ത മാസമായ ദുല്‍ഖഅ്ദ തുടങ്ങും വരെ ഉപരോധം നീണ്ടു. അവസാനം നബി(സ)യുടെ തീരുമാനത്തിന് വഴങ്ങാമെന്നേറ്റാണ് അവര്‍ പുറത്തുവന്നത്.
ഈ യഹൂദ ഗോത്രത്തിനെതിരില്‍ നടപടിക്കൊരുങ്ങുമ്പോഴാണ് ഖസ്‌റജ് ഗോത്രജനായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് രംഗത്തുവരുന്നത്. മാസങ്ങള്‍ക്കുമുമ്പാണ് അയാള്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ജീവിതകാലം മുഴുവന്‍ കപടനായി കഴിഞ്ഞ അയാള്‍ നബി(സ)യോട് കാര്‍ക്കശ്യപൂർവം പറഞ്ഞത് ഇങ്ങനെ:
'മുഹമ്മദ്, എന്റെ സഖ്യകക്ഷികളോട് അല്‍പം മയത്തില്‍ വര്‍ത്തിക്കണം.'' നബി(സ) ഒന്നും പ്രതികരിച്ചില്ല. അയാള്‍ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നബി(സ) പ്രതികരിക്കുന്നില്ലെന്ന് കണ്ട് അയാള്‍ അവിടുത്തെ കുപ്പായമാറില്‍ പിടിച്ചു. 'എന്നെ വിടുക.' നബി(സ) പറഞ്ഞു. കോപം കൊണ്ട് നബി(സ)യുടെ വദനം തുടുത്തിരുന്നു. അബ്ദുല്ല വിടാന്‍ തയാറായില്ല. അവിടുന്ന് വീണ്ടും വിടാന്‍ കല്‍പിച്ചു. എന്നിട്ടും അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. അയാള്‍ പറഞ്ഞു:
'എന്റെ സഖ്യകക്ഷികളോട് അയഞ്ഞ നിലപാട് സ്വീകരിച്ചാലല്ലാതെ ഞാന്‍ വിടില്ല. പടയങ്കിയില്ലാത്ത നാനൂറ് പേര്‍. പടയങ്കിയുള്ള മുന്നൂറ് പേരും. അവരാണ് ഒരു ഘട്ടത്തില്‍ എന്നെ രക്ഷിച്ചത്. ഒരു സുപ്രഭാതത്തില്‍ നീ അവരെ ഒന്നടങ്കം കൊന്നൊടുക്കുകയോ! അല്ലാഹുവാണ, നാശം ഭയക്കുന്ന ഒരുത്തനാണു ഞാന്‍.'
അവസാനം അവര്‍ മദീന വിട്ടുപോകണമെന്ന വ്യവസ്ഥയില്‍ പ്രവാചകന്‍(സ) യഹൂദഗോത്രത്തെ അബ്ദുല്ലാഹിബ്‌നു ഉബയ്യിന് കൈമാറി. തുടര്‍ന്ന് അവര്‍ ശാമിന്റെ ഭാഗമായ അദ്‌റുആത്തിലേക്ക് കുടിയൊഴിഞ്ഞുപോയി.
ഇതാണ് യഹൂദരുമായി ബന്ധപ്പെട്ട ഒരു സംഭവം. ഇനിയുള്ളത് ബനുന്നദീറാണ്.
ബനുന്നദീര്‍: നടപടി രാഷ്ട്രസുരക്ഷക്ക്
മദീനയുടെ അതിര്‍ത്തിക്കുള്ളില്‍ അധിവസിച്ചുവന്ന ഒരു പ്രബല യഹൂദ കുടുംബമാണ് ബനുന്നദീര്‍.
നബി(സ)യുമായി യുദ്ധം ചെയ്യാന്‍ ധൈര്യമില്ലാത്ത എന്നാല്‍ ഉപജാപങ്ങളില്‍ അഗ്രഗണ്യരായ ഒരു വിഭാഗം. നബി(സ)യോടും മുസ്‌ലിംകളോടും ഏറ്റുമുട്ടാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. എന്നാല്‍ മുസ്‌ലിംകളോടുള്ള വിദ്വേഷത്താല്‍ ഉള്ളം പൊള്ളുകയായിരുന്നു അവര്‍ക്ക്. ഉപജാപങ്ങള്‍ അതീവരഹസ്യമായേ നടത്തുമായിരുന്നുള്ളൂ. പിടിക്കപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ക്കറിയാം. കാരണം നടേ പറഞ്ഞ കരാറില്‍ ഒപ്പിട്ടവരാണ് ഇവരും. തങ്ങള്‍ നടത്തുന്ന ഉപജാപം കരാര്‍ ലംഘനമാവുമെന്നും അവര്‍ക്കറിയാം.
അങ്ങനെയിരിക്കെയാണ് ഹിജ്‌റ മൂന്നാമാണ്ടില്‍ ഉഹുദു യുദ്ധം നടന്നത്. യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. അതിനും പുറമെയാണ് റജീഅ്, ബിഅ്‌റു മഊന സംഭവങ്ങള്‍ അരങ്ങേറിയതും മുസ്‌ലിംകള്‍ക്ക് വലിയ പ്രയാസം നേരിടേണ്ടി വന്നതും.
റജീഅ് സംഭവം: ഹിജ്‌റയുടെ നാലാമാണ്ടില്‍ അദ്ല്‍, ഖാറഃ പ്രദേശത്തുകാരായ ചിലര്‍ നബി(സ)യെ സമീപിച്ചുകൊണ്ട് തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചെന്നു പറയുകയും തങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാന്‍ പ്രതിനിധികളെ അയച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. സംഘത്തിന്റെ വാക്ക് വിശ്വസിച്ച നബി(സ) ഒരാറംഗ സംഘത്തെ -പത്തംഗമെന്നുമുണ്ട് ഒരു റിപ്പോര്‍ട്ട്- അവര്‍ക്കൊപ്പം അയച്ചു കൊടുത്തു. സംഘം റജീഅ് എന്നിടത്തെത്തിയപ്പോള്‍ നിവേദകരായി വന്ന ആളുകള്‍ തൊട്ടടുത്ത് അധിവസിച്ചിരുന്ന ഹുദൈല്‍ കുടുംബത്തിന് അവരെ ഒറ്റുകൊടുത്തു. ഹുദൈല്‍ കുടുംബം അവരില്‍ ഖുബൈബ്, സൈദുബ്‌നുദ്ദഥ്‌ന(റ) എന്നിവരൊഴികെ ബാക്കി നാലുപേരെയും കൊന്നുകളഞ്ഞു. ഖുബൈബിനെയും സൈദിനെയും(റ) കൈകാലുകള്‍ ബന്ധിച്ച് മക്കയില്‍ കൊണ്ടുപോയി ശത്രുക്കള്‍ക്ക് വിറ്റു. മക്കയിലെ ശത്രുക്കള്‍ അവര്‍ ഇരുവരെയും കൊലപ്പെടുത്തി. ഈ സംഭവം സ്വഫര്‍ മാസത്തിലാണ് നടന്നത്.
അതേ വര്‍ഷം അതേ മാസം മറ്റൊന്നുകൂടി സംഭവിച്ചു.
അബൂബബറാഅ് എന്നുപേരുള്ള ഒരാള്‍ നബി(സ)യെ സമീപിച്ചു. അവിടുന്ന് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അയാള്‍ ഇസ്‌ലാം സ്വീകരിച്ചില്ല. വല്ലാതെ അകലം പാലിച്ചുമില്ല. അയാള്‍ പറഞ്ഞു:
'അല്ലാഹുവിന്റെ ദൂതരെ, നജ്ദ് വാസികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായി അനുചരന്മാരെ അയക്കുന്നത് നന്നാവും. അവര്‍ അത് സ്വീകരിച്ചേക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്.
നബി(സ) പറഞ്ഞു: 'നജ്ദുകാര്‍ അവരെ വകവരുത്തിയേക്കുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു.''
അബൂ ബറാഅ് പറഞ്ഞു: 'ഞാനവര്‍ക്ക് സംരക്ഷണം നല്‍കാം.'' തുടര്‍ന്ന് നബി(സ) അയാള്‍ക്കൊപ്പം തന്റെ പ്രമുഖരായ നാല്‍പത്-എഴുപത് എന്നുമുണ്ട് ഒരു പാഠത്തില്‍- അനുചരന്മാരെ അയച്ചുകൊടുത്തു. അവര്‍ നജ്ദിനടുത്ത് ബിഅ്ര്‍ മഊനഃ എന്നിടത്തെത്തിയപ്പോള്‍ ഗോത്രനായകനായ ആമിറുബ്‌നു ത്വുഫൈലിനുള്ള നബി(സ)യുടെ കത്തുമായി ഹറാമുബ്‌നു മല്‍ഹാനെ അയാളുടെ അടുത്തേക്കയച്ചു. ആമിര്‍ ആ കത്ത് ചൂഷണം ചെയ്യാന്‍ തുറന്നുനോക്കുക പോലും ചെയ്തില്ല. മാത്രമല്ല, തന്റെ ഗോത്രത്തില്‍പെട്ട ഒരുത്തനെ വിട്ട് ഹറാമിനെ കൊല്ലിക്കുക കൂടി ചെയ്തു. ബാക്കിയുള്ളവരുമായി യുദ്ധം ചെയ്യാന്‍ അയാള്‍ ബനൂ ആമിര്‍ ഗോത്രത്തെ വിളിച്ചു. അബൂ ബറാഅ് സംരക്ഷണം നല്‍കിയ ഒരു വിഭാഗവുമായി യുദ്ധത്തിനില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ആമിര്‍ തുടര്‍ന്ന് ബനൂസുലൈം ഗോത്രത്തെ ക്ഷണിച്ചു. അവരിലെ അസ്വിയ്യ, റഅ്ല്‍, ദക്‌വാന്‍ കുടുംബങ്ങള്‍ നബി(സ)യുടെ അനുചരന്മാരെ വളഞ്ഞിട്ട് ആക്രമിച്ചുകൊലപ്പെടുത്തിക്കളഞ്ഞു. ഉഹുദ് പരാജയത്തിനു പുറമെ മുസ്‌ലിംകളെ ബാധിച്ച ഒരു വല്ലാത്ത വിപത്തായിരുന്നു ഈ രണ്ടു സംഭവങ്ങളും.
ഈ ദുഃഖസാന്ദ്രാന്തരീക്ഷം ബനുന്നദീര്‍ എന്ന യഹൂദ കുടുംബം ചൂഷണം ചെയ്യാന്‍ തീരുമാനിച്ചുറച്ചു. അവര്‍ മദീനയിലെ കപടന്മാരും മക്കയിലെ ശത്രുക്കളുമായുമൊക്കെ ബന്ധപ്പെട്ടു. നബി(സ)ക്കും മുസ്‌ലിംകള്‍ക്കുമെതിരില്‍ ഗൂഢാലോചന നടത്തുന്നതില്‍ കൂടുതല്‍ ഉത്സുകരായി. മുസ്‌ലിംകള്‍ പരിക്ഷീണിതരാണ്. ഇനി അവര്‍ക്ക് തലപൊക്കാനാവുകയില്ല. ഇതായിരുന്നു അവരുടെ കാഴ്ചപ്പാട്.
ആയിടക്ക് മറ്റൊന്നു കൂടി സംഭവിച്ചു. ബിഅ്ര്‍ മഊന സംഭവത്തില്‍ ഏതോവിധം രക്ഷപ്പെട്ടു പോന്ന അംറുബ്‌നു ഉമയ്യ ഖര്‍ഖറ എന്നിടത്തെത്തിയപ്പോള്‍ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. തൊട്ടുടനെ ബനൂ കിലാബ് ഗോത്രക്കാരനായ രണ്ടുപേര്‍ അവിടെ എത്തിപ്പെട്ടു. വിശ്രമിക്കാന്‍ കിടന്ന അവര്‍ ഉറങ്ങിപ്പോയി. തന്റെ കൂട്ടുകാരെ കൊന്ന കൂട്ടത്തില്‍പെട്ടവരെന്ന തെറ്റുധാരണയില്‍ അംറുബ്‌നു ഉമയ്യ അവര്‍ രണ്ടുപേരെയും കൊന്നു. അംറ് തന്നെയാണ് നബി(സ)യോട് വിവരം പറഞ്ഞത്. അവിടുന്ന് വളരെയേറെ ദുഃഖിച്ചു. അബദ്ധവശാല്‍ ചെയ്തുപോയ പാതകമായതിനാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതിനുവേണ്ടി നബി(സ) മുസ്‌ലിംകളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നുണ്ടായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കാന്‍ മുസ്‌ലിംകളും യഹൂദരും പഴയ കരാറനുസരിച്ച് ബാധ്യസ്ഥരാണ്. നബി(സ) ബനുന്നദീര്‍ എന്ന യഹൂദ ഗോത്രത്തെ സമീപിച്ചു. അവര്‍ സഹായിക്കാമെന്നേറ്റു. അവര്‍ നബി(സ)യോടു പറഞ്ഞു:
'അബുല്‍ ഖാസിം, ഇരിക്കുക. താങ്കളുടെ ആവശ്യം ഞങ്ങള്‍ പരിഹരിച്ചുതരാം.''
നബി(സ)യും കൂടെ അനുചരന്മാരായ അബൂബക്ര്‍, ഉമര്‍, അലി എന്നിവരും വേറെയും ആളുകളുമുണ്ട്. അവര്‍ ഇരുന്നു.
യഹൂദര്‍ അതിനിടക്ക് ഒരു ഗൂഢാലോചനയിലേര്‍പ്പെട്ടു. അവര്‍ പരസ്പരം കുശുകുശുത്തു. ഇതൊരു അസുലഭാവസരമാണ്. ഇങ്ങനെയൊരവസരം ഇനി ഒത്തു കിട്ടുകയില്ല. അതിനാല്‍ ഒരു ആസുകല്ലെടുത്ത് ആ ചുമരില്‍ കയറി ഇവന്റെ തലയിലിട്ട് അവനെ ചതച്ച് കൊല്ലാന്‍ തയാറുള്ളവര്‍ ആരുണ്ട്?''
അവരുടെ കൂട്ടത്തില്‍നിന്ന് തന്നെ അതിന് എതിര്‍പ്പുണ്ടായി. കൂട്ടത്തില്‍പെട്ട സാലിമുബ്‌നു മുശ്കം പറഞ്ഞു: 'അരുത് കൂട്ടരേ, അരുത്. അല്ലാഹുവില്‍ സത്യം, നിങ്ങളുടെ ഗൂഢനീക്കം അദ്ദേഹത്തിന് അല്ലാഹു അറിയിച്ചു കൊടുക്കാതിരിക്കില്ല. ഇത് കരാര്‍ ലംഘനം കൂടിയാണ്.'' അദ്ദേഹം ഓര്‍മിപ്പിച്ചു.
ആ തടസ്സവാദം ബധിരകര്‍ണങ്ങളിലാണ് കൊണ്ടത്. അതുകൊണ്ട് തന്നെ അവര്‍ അത് തള്ളിക്കളഞ്ഞു. അവരിലെ ഒരു ദുഷ്ടന്‍, അംറുബ്‌നു ജഹാശ് കൃത്യം ചെയ്യാമെന്നേറ്റു.
പക്ഷേ, അവരുടെ ഗൂഢാലോചനയുണ്ടോ നടപ്പിലാവാന്‍ പോവുന്നു. അല്ലാഹു നബി(സ)ക്ക് സന്ദേശം നല്‍കി. ജിബ്‌രീല്‍ വന്നു വിവരം അറിയിച്ചു. നബി(സ) അവിടെനിന്ന് രക്ഷപ്പെട്ടു.
അനന്തരം അവിടുന്ന് മുഹമ്മദുബ്‌നു മസ്‌ലമയെ ആ യഹൂദഗോത്രത്തിനടുത്തേക്ക് ദൂതുമായയച്ചു.
'മദീനയില്‍നിന്ന് പുറത്തുപോവുക. മേലില്‍ ഇവിടെ താമസിക്കാവതല്ല. പത്തു ദിവസം സമയമനുവദിക്കാം. ശേഷം ഇവിടെ തങ്ങുന്നവരുടെ തലയെടുക്കുന്നതായിരിക്കും.''
അവര്‍ക്കവിടെനിന്ന് പുറത്തുപോവാതിരിക്കാനാകുമായിരുന്നില്ല. പക്ഷേ, അവസരവാദികളുടെ നായകനായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവര്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് ദൂതയച്ചു.
'ഉറച്ചു നില്‍ക്കുക, സ്വയം പ്രതിരോധിക്കുക, പുറത്തുപോകരുത്. എന്റെ കൂടെ രണ്ടായിരം പേരടങ്ങുന്ന ഒരു സംഘമുണ്ട്. അവരുണ്ടാകും, സുരക്ഷക്ക് നിങ്ങള്‍ക്കൊപ്പം കോട്ടയില്‍. നിങ്ങള്‍ക്കുവേണ്ടി മരിക്കാനും അവര്‍ തയ്യാര്‍.''
പാവങ്ങള്‍! യഹൂദര്‍ അതും വിശ്വസിച്ച് കാത്തിരുന്നു. മാത്രവുമല്ല അവര്‍ നബി(സ)യുടെ അടുത്തേക്ക് ചൊല്ലിയയച്ചു:
'തല്‍ക്കാലം പുറത്തുപോവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. താങ്കള്‍ക്ക് ബോധിച്ചത് ചെയ്തുകൊള്ളുക.'
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അതീവ സങ്കീര്‍ണമായിരുന്നു ആ സാഹചര്യം. യഹൂദരുടെ കോട്ട വളയുക, അവര്‍ക്കെതിരില്‍ നടപടി സ്വീകരിക്കുക എന്നൊക്കെയുള്ളത് അതിസാഹസിക നടപടിയാകും. അറബികള്‍ പൊതുവില്‍ ചുറ്റും കലിപ്പുമായാണ് കഴിയുന്നത്. ദേശവിരുദ്ധരെ വെച്ചുകൊണ്ടിരുന്നാല്‍ അതും കൂടുതല്‍ പ്രയാസം സൃഷ്ടിക്കാം. നിശ്ചയദാര്‍ഢ്യമുള്ള ഒരു സംഘത്തിന് വരും വരായ്കകളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരിക്കാനാവുകയില്ല. യഹൂദരുടെ പ്രതികരണമറിഞ്ഞതും നബി(സ)യും സ്വഹാബികളും തക്ബീര്‍ മുഴക്കി: 'അല്ലാഹു അക്ബര്‍.'
പിന്നെ കാത്തുനിന്നില്ല. അവരെ നേരിടാനുറച്ച് പുറപ്പെട്ടു. മദീനയില്‍ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂമിനെ പകരം നിറുത്തിയാണ് അവിടുന്ന് പുറപ്പെട്ടത്. തുടര്‍ന്ന് കോട്ട വളഞ്ഞു. യഹൂദര്‍ കോട്ടക്കുള്ളില്‍ അഭയം തേടി. അതൊരു താല്‍ക്കാലികാഭയമായിരുന്നു. അവര്‍ അമ്പും വില്ലുമൊക്കെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഈന്തപ്പന തോട്ടമാണ് ചുറ്റും. അതും തങ്ങളുടെ രക്ഷക്കുതകുമെന്ന് ധരിച്ചു അവര്‍. ശത്രുവിനെ ആയുധം കൊണ്ട് മാത്രമല്ല നേരിടേണ്ടത്. ചിലപ്പോള്‍ അവരുടെ സമ്പത്തിലും കൈവെക്കേണ്ടി വരാം.
അങ്ങനെയാണ് മുസ്‌ലിംകള്‍ ഈന്തപ്പന മുറിക്കാന്‍ തുടങ്ങിയത്. സഹായിക്കാമെന്നേറ്റ അവസരവാദികള്‍ തങ്ങളെ സഹായിക്കാനെത്തുമെന്നാണ് ആ പാവങ്ങള്‍ ധരിച്ചത്. അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ സഹായത്തിനു വിൡച്ചു. അയാളുടെ ഒരു പ്രതികരണവുമില്ല. ചെകുത്താന്റെ വാഗ്ദാനമെന്ന് ഖുര്‍ആന്‍ അയാളുടെ വാഗ്ദാനത്തെ പരിഹസിക്കുന്നുണ്ട് ഹശ്ര്‍: 16-ല്‍. മറ്റൊരു യഹൂദ ഗോത്രമായ ബനൂ ഖുറൈളയോട് സഹായം തേടി. കരാര്‍ ലംഘനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി അവരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞെങ്കിലും കൂടുതല്‍ നാള്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല. നൂറു ദിവസം -പതിനഞ്ച് ദിവസം എന്നുമുണ്ട് ഒരു റിപ്പോര്‍ട്ട്- അവര്‍ പിടിച്ചുനിന്നു. പിന്നെ അവര്‍ക്ക് ഉള്‍ഭയമായി. നബി(സ)ക്കുള്ള അല്ലാഹുവിന്റെ സഹായം. ഇല്ലെങ്കില്‍ അവരെന്തിനു ഭയക്കണം? മുസ്‌ലിംകള്‍ക്ക് തിരിച്ചടിയുടെ കാലമായിരുന്നല്ലോ അത്. ഉഹുദിലെ തോല്‍വി, റജീഅ്, ബിഅ്ര്‍ മഊന അനുഭവങ്ങള്‍. ഈ തിരിച്ചടികളായിരുന്നുവല്ലോ ബനുന്നദീര്‍ എന്ന യഹൂദ കുടുംബത്തിന് നബി(സ)യെ അപകടപ്പെടുത്താന്‍ തോന്നാനുണ്ടായ കാരണം. എന്നിട്ടും അവര്‍ക്ക് ഉള്‍ഭയം! ആയുധമുപേക്ഷിച്ച്, കീഴടങ്ങാന്‍ അവര്‍ തയാറായി. അവസാനം ഗതികെട്ട് അവര്‍ പ്രവാചക(സ)യുടെ അടുത്തേക്ക് ദൂതനെ അയച്ചു.
'ഞങ്ങള്‍ മദീന വിടാന്‍ തയാറാണ്.'
'കുടുംബത്തെയും കൂട്ടി മദീന വിടാം. ആയുധമെല്ലാം ഉപേക്ഷിക്കണം. ഒട്ടകത്തിനു വഹിക്കാവുന്ന വീട്ടുപകരണങ്ങളും മറ്റും കൊണ്ടുപോകാം.' നബി(സ) അനുവാദം നല്‍കി.
അറുനൂറ് ഒട്ടകങ്ങളും അവക്ക് വഹിക്കാവുന്ന സാധനസാമഗ്രികളുമായി അവര്‍ ഖൈബറിലേക്ക് നീങ്ങി. അവരുടെ നേതാക്കളുമുണ്ടായിരുന്നു കൂടെ. വേറൊരു കൂട്ടര്‍ ശാമിലേക്ക്. അവരില്‍ രണ്ടുപേര്‍ -യാമീബ്‌നു അംറും അബൂസഅ്ദുബ്‌നു വഹബും- ഇസ്‌ലാം സ്വീകരിച്ചു. യഹൂദരുടെ ആയുധവും ഭൂമിയും മറ്റു വസ്തുവകകളും കണ്ടുകെട്ടി. ഈ രണ്ടു സംഭവങ്ങളിലും- ബനൂ ഖൈനുഖാഅ്, ബനുന്നദീര്‍ എന്നീ യഹൂദസംഘങ്ങളെ നാടുകടത്തിയ സംഭവത്തില്‍- നബി(സ) ആരെയും വധിച്ചിട്ടില്ല. ആപത്തു കാലത്തു വിപരീതബുദ്ധി. ഇതായിരുന്നു ഈ രണ്ടു യഹൂദ ഗോത്രങ്ങള്‍ക്കും പിണഞ്ഞത്. തങ്ങള്‍ കൂടി ഒപ്പിട്ട കരാര്‍ വ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുകയേ ഇവിടെ നബി(സ) ചെയ്തുള്ളൂ.
ഖന്‍ദഖില്‍ നബി(സ) കള്ളം പറഞ്ഞുവോ?
ഹിജ്‌റ അഞ്ചാം വര്‍ഷം, ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ബനുന്നദീറിലെ യഹൂദര്‍ പകപോക്കലിനൊരുങ്ങി. അവരിലെ നേതൃനിരയിലെ ഇരുപതംഗ സംഘം ഖുറൈശികളെയും ഗത്വ്ഫാന്‍ തുടങ്ങി മറ്റു അറബി ഗോത്രങ്ങളെയും കണ്ടു. മുസ്‌ലിംകളുമായുള്ള ഏറ്റുമുട്ടലിന് അവരെയൊക്കെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അബൂസുഫ് യാന്റെ നേതൃത്വത്തില്‍ ഒരു പതിനായിരം പട മദീനയെ ലക്ഷ്യം വെച്ച് നീങ്ങിയത്. മദീനയിലെ ആബാലവൃദ്ധം ജനങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടക്കം കൂടിയാലും അതിന്റെ പകുതിപോലുമെത്തുമായിരുന്നില്ല. അതിനുപുറമെയാണ് മദീനയിലെ തന്നെ അവസരവാദികളുടെ നിസ്സഹകരണവും പാരവെപ്പും. എല്ലാംകൊണ്ടും ഖുര്‍ആന്‍ വിവരിച്ചപോലെ കൊടുംഭീതിയുടെ കാലം. ഹൃദയം തൊണ്ടക്കുഴിയിലേക്കിരച്ചു കയറുന്ന, കണ്ണുകള്‍ തുറിച്ചുനില്‍ക്കുന്ന സാഹചര്യം. ബനുന്നദീറുകാര്‍ അതുകൊണ്ടും മതിയാക്കിയില്ല. മദീനയില്‍ അവശേഷിച്ച ബനൂഖുറൈളയെന്ന യഹൂദ കുടുംബത്തെക്കൂടി കരാര്‍ ലംഘനത്തിന്, അതുവഴി ശത്രുപക്ഷത്തു ചേരാന്‍ അവര്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബനുന്നദീര്‍ നേതാവ് ഹുയയ്യബ്‌നു അഖ്ത്വബാണ് ഈ ക്രൂരവിനോദത്തിന് മുന്നിട്ടിറങ്ങിയത്. അയാള്‍ ബനൂ ഖുറൈളയുടെ നായകനായ കഅ്ബുബ്‌നു അസദിന്റെ വാതിലില്‍മുട്ടി. കഅ്ബ് വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. വിപല്‍ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുമെന്നതാണ് പ്രവാചകനുമായി അവരുണ്ടാക്കിയ കരാര്‍. കരാറനുസരിച്ച് അവര്‍ മുസ്‌ലിംകളെ സഹായിക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ഹുയയ്യ് ചെന്നു വാതിലില്‍ മുട്ടിയത്. കഅ്ബ് വാതില്‍ തുറക്കാതിരിക്കാന്‍ കാരണവും മറ്റൊന്നല്ല. പക്ഷേ, ഹുയയ്യ് പിന്‍വാങ്ങിയില്ല. അയാള്‍ വാതില്‍പടിയില്‍ കുത്തിയിരുന്നു. അയാള്‍ കഅ്ബിനെ വിളിച്ചുപറഞ്ഞു:
''കഅ്ബ്, കാലഘട്ടത്തിന്റെ പ്രതാപവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഇളകിമറിയുന്ന ഒരു സമുദ്രവുമായി. ഖുറൈശികളെയും അവരുടെ മുഴുവന്‍ നേതാക്കളെയുമായി. ഗത്വ്ഫാന്‍ തുടങ്ങിയ മറ്റു ഗോത്രങ്ങളുമായി. മുഹമ്മദിനെയും അനുയായികളെയും അടിയോടെ പിഴുതെറിഞ്ഞേ തങ്ങള്‍ തിരിച്ചു പോവൂ എന്ന് ശപഥം ചെയ്താണ് അവര്‍ വന്നിരിക്കുന്നത്.''
കഅ്ബ് പറഞ്ഞു: ''അല്ലാഹുവില്‍ സത്യം, ഈ കാലത്ത് കൈയേല്‍ക്കേണ്ടി വരുന്ന പ്രതാപവുമായല്ല, നിന്ദ്യതയുമായാണ് താങ്കള്‍ വന്നിരിക്കുന്നത്; പെയ്‌തൊഴിഞ്ഞ വെളുത്ത മേഘവുമായും. മിന്നെറിയുന്നുണ്ട്. ഇടിവെട്ടുന്നുണ്ട്. അതില്‍ നേട്ടം യാതൊന്നുമില്ല. ഹുയയ്യ്, എന്നെ വിട്ടേക്കുക. ഞാനായി, എന്റെ പാടായി. മുഹമ്മദിന്റെ ഭാഗത്തുനിന്ന് സത്യസന്ധതയും കരാര്‍ പാലനവും മാത്രമേ എനിക്കനുഭവപ്പെട്ടിട്ടുള്ളൂ.''
ഹുയയ്യ് ഉദ്യമമുപേക്ഷിച്ചു. അയാള്‍ കഅ്ബിന്റെ സമീപത്ത് ഇരിപ്പുറപ്പിച്ചു. പറഞ്ഞ് പറഞ്ഞ് കഅ്ബിനെ മാറ്റിയെടുത്തു. ''അഥവാ ഖുറൈശികളും ഗത്വ്ഫാന്‍ ഗോത്രവും മുഹമ്മദിനെ നശിപ്പിക്കാതെ തിരിച്ചുപോയാല്‍ താന്‍ കൂടെയുണ്ടാകും. കഅ്ബിന് ഏറ്റുവാങ്ങേണ്ടി വരുന്ന ഏതു ശിക്ഷയും താനും ഏറ്റുവാങ്ങും.'' ഹുയയ്യ് കഅ്ബിനു വാക്കുകൊടുത്തു. അതോടെ കഅ്ബ് പ്രവാചകനുമായുള്ള കരാര്‍ ലംഘിച്ചു.
ബനൂ ഖുറൈള കരാര്‍ ലംഘിക്കുക മാത്രമല്ല ചെയ്തത്. അവര്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക കൂടി ചെയ്തു. സ്ത്രീകളും കുട്ടികളും കഴിഞ്ഞു കൂടുകയായിരുന്ന കോട്ടയുടെ ഭാഗത്ത് അവരിലൊരാള്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങി. കോട്ടയുടെ ഉത്തരവാദിത്തം ഹസ്സാനുബ്‌നു ഥാബിതിനായിരുന്നു. പ്രവാചകന്‍(സ)യുടെ പിതൃസഹോദരി സ്വഫിയ്യയുമുണ്ടായിരുന്നു സ്ത്രീകളുടെ കൂട്ടത്തില്‍. അവര്‍ ഹസ്സാനോട് പറഞ്ഞു: ''ഹസ്സാന്‍, ഇതാ ഒരു യഹൂദന്‍, ഇതിലെ നടക്കുന്നുണ്ട്. അയാളെ നമ്പാന്‍ കൊള്ളുമെന്ന് തോന്നുന്നില്ല. അയാള്‍ ഒറ്റുകാരനാവും. അയാള്‍ മറ്റു യഹൂദര്‍ക്ക് നമ്മുടെ രഹസ്യം ചോര്‍ത്തിക്കൊടുത്തേക്കും. പ്രവാചകനും മുസ് ലിംകളും ശത്രുക്കളുടെ ഭാഗത്താണുള്ളത്. അവര്‍ക്ക് നമ്മെ ശ്രദ്ധിക്കാനാവുകയില്ല. അതിനാല്‍ ഇറങ്ങിച്ചെന്ന് ഇയാളെ വകവരുത്തിയേക്ക്.''
ഹസ്സാന്‍ അത്രക്ക് ധീരനല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവില്‍ സത്യം. ഞാന്‍ അതിന്റെ ആളല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ!''
തുടര്‍ന്ന് സ്വഫിയ്യ(റ) വസ്ത്രം മുറുക്കിയുടുത്തു. ഒരു മരക്കൊള്ളിയെടുത്ത് പുറത്തിറങ്ങി. ആ യഹൂദനെ അടിച്ചുകൊന്നു. അവര്‍ തിരിച്ചുചെന്നു ഹസ്സാനോട് പറഞ്ഞു: ''ഹസ്സാന്‍, ചെന്ന് അയാളുടെ ശരീരത്തിലെ ആയുധങ്ങളും മറ്റും എടുത്തുമാറ്റിയേക്ക്. അയാള്‍ പുരുഷനായതുകൊണ്ട് എനിക്കത് എടുക്കാനാവുകയില്ല.''
ഹസ്സാന്‍ പറഞ്ഞു: ''എനിക്കതിന്റെ ആവശ്യമില്ല.''
സ്വഫിയ്യയുടെ(റ) ധീരമായ നീക്കം ഫലം കണ്ടു. പിന്നെ യഹൂദരാരും അതുവഴി വരാന്‍ ധൈര്യപ്പെട്ടില്ല. എന്നുവച്ച് യഹൂദര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ല. അവര്‍ ശത്രുസൈന്യത്തിന് സഹായം എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സഹായം എത്തിച്ചു കൊടുക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തിയ ഇരുപത് ഒട്ടകങ്ങളെയാണ് മുസ്‌ലിംകള്‍ പിടികൂടിയത്.
യഹൂദഗോത്രം കരാര്‍ ലംഘിച്ചതും ശത്രുവിന് സഹായമെത്തിച്ചു കൊടുക്കുന്നതുമായ വിവരം പ്രവാചകന്‍(സ)യുടെ അടുത്തെത്തുന്നത് ഈ സമയത്താണ്. അറിഞ്ഞ വിവരം ശരിയാണോ എന്നറിയണം. അതിനുള്ള വഴിയൊരുക്കി. സഅ്ദുബ്‌നു മുആദ്(റ), സഅ്ദുബ്‌നു ഉബാദ(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ), ഖവാതുബ്‌നു ജുബൈര്‍(റ) എന്നിവരെ നബി(സ) വിളിച്ചു. അവിടുന്ന് അവരോട് പറഞ്ഞു:
''നിങ്ങള്‍ പോവണം. എനിക്ക് ലഭിച്ച വിവരം ശരിയോ എന്നറിയണം. അത് സത്യമെങ്കില്‍ എനിക്കത് തിരിച്ചറിയാനാവുംവിധം സൂചന നല്‍കണം. അവര്‍ കരാര്‍പാലനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ അത് ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുക.''
അന്വേഷകസംഘം ബനൂ ഖുറൈളക്കാരെ സമീപിച്ചു. വളരെ മോശം സമീപനമാണ് അവരില്‍നിന്ന് സംഘത്തിന് അനുഭവപ്പെട്ടത്. അവര്‍ അന്വേഷണ സംഘത്തെ അസഭ്യവര്‍ഷം കൊണ്ടാണ് എതിരേറ്റത്. അതുകൊണ്ടും മതിയാക്കിയില്ല. അവര്‍ നബി(സ)യെ മോശം രീതിയില്‍ അധിക്ഷേപിച്ചു സംസാരിച്ചു. അവര്‍ ചോദിച്ചു: ''ആരാണ് ഈ അല്ലാഹുവിന്റെ ദൂതന്‍? ഞങ്ങള്‍ക്കും മുഹമ്മദിനുമിടക്ക് യാതൊരു കരാറുമില്ല. പരിചയം പോലുമില്ല.''
അന്വേഷക സംഘം തിരിച്ചുപോന്നു. അവര്‍ വന്നു നബി(സ)ക്ക് സൂചന നല്‍കി. അവര്‍ പറഞ്ഞു: ''അദ് ലും ഖാറയും.''
ബിഅ്ര്‍ മഊന സംഭവത്തില്‍ എഴുപതോളം മുസ്‌ലിം പ്രമുഖരെ വകവരുത്തിയവരാണ് അദ്‌ലും ഖാറയും. ബനൂ ഖുറൈളയും ശത്രുപക്ഷത്താണുള്ളത് എന്നര്‍ഥം.
അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനുമിടയിലകപ്പെട്ട പ്രതീതി. നബി(സ) വല്ലാതെ പ്രയാസപ്പെട്ടു. ആ പ്രയാസം പുറത്തു കാണിക്കാതിരിക്കാനാവണം അവിടുന്ന് കുറേനേരം മൂടിപ്പുതച്ചു കിടന്നു. പിന്നെ പരിഹാരം കണ്ടെത്തിയതുപോലെ എഴുന്നേറ്റുവന്നു തക്ബീര്‍ ചൊല്ലി. ''അല്ലാഹു അക്ബര്‍, മുസ്‌ലിംകളെ, സന്തോഷിച്ചുകൊള്ളുക. അല്ലാഹുവിന്റെ സഹായവും വിജയവും ആസന്നമായിരിക്കുന്നു.'' അവിടുന്ന് പറഞ്ഞു.
അതിനിടക്ക് ശത്രുക്കളെ അകറ്റാനുള്ള തന്ത്രങ്ങളെപ്പറ്റിയും നബി(സ) ആലോചിക്കുന്നുണ്ടായിരുന്നു. ഖുറൈശികളുടെ കൂടെ ശത്രുപക്ഷത്തുള്ള ഒരു പ്രബല വിഭാഗമാണല്ലോ ഗത്വ്ഫാന്‍ ഗോത്രം. അവരുമായി ഒരു കരാറിലെത്തുക. മദീനയിലെ വിളവിന്റെ മൂന്നിലൊന്ന് വര്‍ഷാവര്‍ഷം നല്‍കാമെന്ന വ്യവസ്ഥയില്‍ അവരുമായി ഒരു കരാറുണ്ടാക്കുക. അങ്ങനെ ശത്രുപക്ഷത്തുനിന്ന് അവരെ അടര്‍ത്തിമാറ്റുക. നബി(സ) അങ്ങനെയാണ് ചിന്തിച്ചത്.
എന്നാല്‍ ചിന്തയിലുദിച്ച ഈ കാര്യം അധികാരമുപയോഗിച്ച് നടപ്പാക്കാനല്ല അവിടുന്ന് ശ്രമിച്ചത്. മദീനക്കാരുമായി വിഷയം ചര്‍ച്ച ചെയ്താവാം തീരുമാനം. അവിടുന്ന് സഅ്ദുബ്‌നു മുആദിനെയും സഅ്ദുബ്‌നു ഉബാദയെയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞു:
''അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ കല്‍പനയെങ്കില്‍ കേള്‍ക്കാനും അനുസരിക്കാനും ഞങ്ങള്‍ തയാറാണ്. മറിച്ച് ഞങ്ങളുടെ നന്മയോര്‍ത്ത് അങ്ങ് ആവിഷ്‌കരിച്ച ഒരു പരിഹാരം എന്ന നിലക്കാണെങ്കില്‍ ഞങ്ങള്‍ക്കതില്‍ താല്‍പര്യമില്ല. ശിര്‍ക്കിലും വിഗ്രഹപൂജയിലും ഞങ്ങള്‍ രണ്ടുകൂട്ടരും ഒന്നിച്ചിരുന്ന കാലത്തുപോലും ആതിഥ്യം, കച്ചവടം എന്നീ മാര്‍ഗങ്ങളിലൂടെ മാത്രമേ അവര്‍ മദീനയിലെ ഒരു ഈന്തപ്പഴമെങ്കിലും തിന്നിട്ടുള്ളൂ. ഇനിയിപ്പോള്‍ ഇസ്‌ലാം വഴി അല്ലാഹു ഞങ്ങളെ സന്മാര്‍ഗികളാക്കുകയും അങ്ങയിലൂടെ ഞങ്ങളെ പ്രതാപികളാക്കുകയും ചെയ്തശേഷം അവര്‍ക്ക് ഞങ്ങള്‍ സമ്പത്ത് നല്‍കണമോ? അല്ലാഹുവില്‍ സത്യം, വാള്‍ മാത്രമാകും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്.''
നബി(സ) അവരുടെ അഭിപ്രായം ശരിവെച്ചു. അവിടുന്ന് പറഞ്ഞു: ''കുലച്ച ഒറ്റ വില്ലുവഴി അറബികള്‍ ഒറ്റക്കെട്ടായി നിങ്ങള്‍ക്കെതിരെ എയ്യാനൊരുങ്ങിയപ്പോള്‍ നിങ്ങളുടെ നന്മയോര്‍ത്ത് എനിക്ക് തോന്നിയ കാര്യം; അത്രമാത്രം.''
ഈ സന്ദിഗ്ധ ഘട്ടത്തിലാണ് ശത്രുവിഭാഗമായ ഗത്വ്ഫാന്‍ ഗോത്രത്തിലെ ഒരംഗം ശത്രുക്കളില്‍ ആരുമറിയാതെ നബി(സ) സമീപിക്കുന്നത്; നുഐമുബ്‌നു മസ്ഊദ്. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചിരിക്കുന്നു. എന്റെ ആളുകള്‍ ആരും അതറിയുകയില്ല. അതിനാല്‍ വല്ലതും കല്‍പിച്ചാലും!.''
നബി(സ) പ്രതികരിച്ചു: ''താങ്കള്‍ ഒരു വ്യക്തിയാണ്. അതിനാല്‍ അവരെ നമ്മില്‍നിന്ന് തിരിച്ചുവിടാന്‍ പറ്റിയ വല്ലതും സാധ്യമായ രീതിയില്‍ ചെയ്യുക. യുദ്ധം തന്ത്രമാണ്.''
അദ്ദേഹം നേരെ പോയത് ബനൂ ഖുറൈളക്കാരുടെ അടുത്തേക്കാണ്. ഇസ്‌ലാമിനുമുമ്പ് അവരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹം അവരോട് പറഞ്ഞു:
''നിങ്ങളോടുള്ള എന്റെ സ്‌നേഹബന്ധവും സൗഹൃദവുമൊക്കെ നിങ്ങള്‍ക്കറിയാം. നമ്മള്‍ തമ്മിലുള്ള പ്രത്യേകബന്ധവും.''
അവര്‍: ''അതെ, ശരിയാണ് താങ്കള്‍ പറഞ്ഞത്!''
നുഐം: ''ഖുറൈശികള്‍ നിങ്ങളെപ്പോലെയല്ല. ഈ നാട് നിങ്ങളുടേതു കൂടിയാണ്. ഇവിടെയാണ് നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഭാര്യമാരുമൊക്കെയുള്ളത്. ഇവിടംവിട്ട് മറ്റൊരിടത്തേക്കും പോകാന്‍ നിങ്ങള്‍ക്ക് സാധ്യമാവുകയില്ല. ഖുറൈശികളും ഗത്വ്ഫാനും വന്നിരിക്കുന്നത് മുഹമ്മദിനോട് യുദ്ധം ചെയ്യാനാണ്. നിങ്ങളിപ്പോള്‍ മുഹമ്മദിനെതിരില്‍ അവരെ പിന്തുണച്ചിരിക്കുകയാണ്. അവരുടെ നാടും മക്കളും ഭാര്യമാരുമൊക്കെ വേറെയാണ്. സാഹചര്യം ഒത്തുവന്നാല്‍ അവര്‍ അത് പ്രയോജനപ്പെടുത്തിയെന്നു വരും. ഇല്ലെങ്കില്‍ അവര്‍ നാടുപിടിക്കും. നിങ്ങളെ ഉപേക്ഷിക്കും. പിന്നെ മുഹമ്മദ് നിങ്ങളോട് പ്രതികാരം ചെയ്യും.''
അവര്‍ ചോദിച്ചു: ''നുഐം, ഇനി എന്താണ് ചെയ്യേണ്ടത്?''
നുഐം: ''അവരില്‍നിന്ന് പണയം വാങ്ങിയല്ലാതെ നിങ്ങള്‍ അവരോടൊപ്പം യുദ്ധത്തിനൊരുങ്ങി പുറപ്പെടരുത്.''
അവര്‍: ''നല്ല അഭിപ്രായം.''
നുഐം ഖുറൈശികളെ ചെന്നു കണ്ടു: ''നിങ്ങളോടുള്ള എന്റെ സൗഹൃദവും നിങ്ങളുടെ കാര്യത്തിലുള്ള എന്റെ താല്‍പര്യവുമൊക്കെ നിങ്ങള്‍ക്കറിയാമല്ലോ.''
അവര്‍: ''അതെ.''
നുഐം: ''മുഹമ്മദുമായുണ്ടാക്കിയ കാരാര്‍ ലംഘിക്കേണ്ടി വന്നതിനെച്ചൊല്ലി യഹൂദര്‍ വലിയ ഖേദത്തിലാണ്. അവര്‍ മുഹമ്മദുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളെ പണയമായി സ്വീകരിച്ച് മുഹമ്മദിന് നല്‍കി സന്ധി ചെയ്യാനാണവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അവര്‍ പണയം ചോദിച്ചാല്‍ നല്‍കിയേക്കരുത്.''
തുടര്‍ന്ന് സ്വന്തം ഗോത്രമായ ഗത്വ്ഫാനികളെ സമീപിച്ചു അവരോടും ഇതുതന്നെ പറഞ്ഞു.
അടുത്ത ശനിയാഴ്ച രാത്രി ശത്രുക്കള്‍ ബനൂ ഖുറൈളയുടെ അടുത്തേക്ക് ദൂതനെ അയച്ചു:
''ഞങ്ങള്‍ സബ്ബത്താണ്. സബ്ബത്തില്‍ അരുതാത്തത് ചെയ്തതിനാല്‍ ഞങ്ങളുടെ പൂർവികരെ ശിക്ഷ ബാധിച്ചത് നിങ്ങള്‍ക്കറിയാമല്ലോ. അതോടൊപ്പം നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ യുദ്ധം ചെയ്യണമെങ്കില്‍ ചിലരെ പണയമായി ഞങ്ങള്‍ക്ക് നല്‍കുകയും വേണം.''
ദൂതന്മാര്‍ തിരിച്ചുവന്നു പുതിയ വൃത്താന്തമറിയിച്ചപ്പോള്‍ നുഐം പറഞ്ഞത് ശരി തന്നെ എന്നായി ശത്രുക്കള്‍. അവര്‍ യഹൂദരെ അറിയിച്ചു: ''പണയമായി ആരെയും തരാന്‍ സാധ്യമല്ല. പറ്റുമെങ്കില്‍ മുഹമ്മദിനെ നേരിടാന്‍ തയാറാവുക.''
''നുഐം പറഞ്ഞത് എത്രമേല്‍ ശരിയായിരുന്നു.'' യഹൂദരും പരസ്പരം കുശുകുശുത്തു.
പിന്നെ യഹൂദര്‍ക്കും ശത്രുക്കള്‍ക്കും പരസ്പരം സംശയമായി. ഇരുപക്ഷവും പരസ്പരം കൈയൊഴിഞ്ഞു. അതോടെ ശത്രുവിന് കാലുറക്കാതായി. കൊടുംഭീതി. ഒപ്പം അവരുടെ തമ്പുകളും ചട്ടിയും കലവും ഉപകരണങ്ങളത്രയും എടുത്തെറിയുംവിധമുള്ള ശീതക്കാറ്റും. എത്രയുംവേഗം സ്ഥലംവിട്ടുകൊള്ളാന്‍ ശത്രുനായകന്‍ അബൂ സുഫ്‌യാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി. രായ്ക്കുരാമാനും അവര്‍ സ്ഥലം വിട്ടു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മലപോലെ വന്നത് മഞ്ഞുപോലെ ഉരുകിയില്ലാതായ പ്രതീതി. അവര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
യുദ്ധതന്ത്രമറിയാത്ത യുക്തിവാദികള്‍
നുഐമിന്റെ തന്ത്രപ്രയോഗത്തെപ്പറ്റിയാണ് യുക്തിവാദി ശത്രുക്കള്‍ പറയുന്നത്; മുഹമ്മദ് കള്ളം പറയാന്‍ അനുവാദം നല്‍കി എന്നത്. ജീവിതത്തിന് ചിട്ടവട്ടങ്ങളോ തത്വങ്ങളോ സമര്‍പ്പിക്കാനില്ലാത്ത അരാജകവാദികളും അരാഷ്ട്രീയക്കാരുമായ ഈ വിഡ്ഢികള്‍ക്കുണ്ടോ യുദ്ധത്തിന്റെ തന്ത്രമറിയുന്നു!
നബി(സ) ശത്രുക്കളുടെ കാര്യത്തില്‍ നടത്തിയ പ്രാര്‍ഥനയുടെ ഫലം കൂടിയായിരുന്നു അവരുടെ ഈ പിന്തിരിഞ്ഞോട്ടം. അവിടുന്ന് പ്രാര്‍ഥിച്ചു:
''അല്ലാഹുവേ, ഞങ്ങളുടെ നഗ്നത മറക്കേണമേ! ഞങ്ങളുടെ ഭീതിയകറ്റി നിര്‍ഭയത്വം നല്‍കേണമേ! വേദം അവതരിപ്പിച്ച, അതിവേഗം വിചാരണ നടത്തുന്ന അല്ലാഹുവേ, സഖ്യസൈന്യത്തെ പരാജയപ്പെടുത്തേണമേ! അല്ലാഹുവേ, അവരെ പരാജയപ്പെടുത്തുകയും അവരെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യേണമേ!''
അപ്പോഴേക്കും ശവ്വാല്‍ കഴിഞ്ഞിരുന്നു. ശത്രുവിന്റെ ഒളിച്ചോട്ടത്തിനുശേഷം അടുത്ത മാസം ദുല്‍ഖഅദയിലാണ് നബി(സ)യും മുസ്‌ലിംകളും ഖന്‍ദഖില്‍നിന്ന് തിരിച്ചുപോന്നത്.