ദുരിതങ്ങള്‍, ദുരന്തങ്ങള്‍ - 2/3
അസ്‌ലം റാശിദ്
സത്യവിശ്വാസികളുടെ നിലപാട്
പരീക്ഷണങ്ങളുടെയും ശിക്ഷകളുടെയും നേരെ സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും സമീപനങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. സത്യനിഷേധികള്‍ നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സത്യവിശ്വാസികള്‍ പാഠമുള്‍ക്കൊണ്ടുള്ള രചനാത്മക സമീപനം സ്വീകരിക്കും. എല്ലാ നബിമാരുടെയും നേരെ അതതു കാലത്തെ ജനതകള്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നു. അപ്പോഴെല്ലാം അവര്‍ ദുരിതങ്ങള്‍ക്ക് വിധേയരാവേണ്ടിവന്നിട്ടുണ്ട്. ദുരിതങ്ങളിലൂടെ പരീക്ഷിച്ച് അവരെ മെരുക്കിയെടുക്കുകയായിരുന്നു ലക്ഷ്യം.
وَمَا أَرْسَلْنَا فِي قَرْيَةٍ مِّن نَّبِيٍّ إِلَّا أَخَذْنَا أَهْلَهَا بِالْبَأْسَاءِ وَالضَّرَّاءِ لَعَلَّهُمْ يَضَّرَّعُونَ
'ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്' (അഅ്‌റാഫ്: 94). പക്ഷേ അവര്‍ പാഠമുള്‍ക്കൊണ്ടില്ല. അതിനു ശേഷം ക്ഷേമസൗഭാഗ്യങ്ങള്‍ നല്‍കി പരീക്ഷിച്ചപ്പോഴും അല്ലാഹുവിന്റെ ലക്ഷ്യം ഉള്‍ക്കൊള്ളാനായില്ല.
ثُمَّ بَدَّلْنَا مَكَانَ السَّيِّئَةِ الْحَسَنَةَ حَتَّىٰ عَفَوا وَّقَالُوا قَدْ مَسَّ آبَاءَنَا الضَّرَّاءُ وَالسَّرَّاءُ فَأَخَذْنَاهُم بَغْتَةً وَهُمْ لَا يَشْعُرُونَ
'പിന്നെ നാം വിഷമത്തിന്റെ സ്ഥാനത്ത് സൗഖ്യം മാറ്റിവെച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നു ഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി' (അഅ്‌റാഫ്: 95).
മുകളില്‍ പറഞ്ഞത് അല്ലാഹു സ്വീകരിച്ചുവരുന്ന സാധാരണ നടപടിയെക്കുറിച്ചാണ്. അതേസമയം ഓരോ കാലത്തെയും സമൂഹങ്ങളുടെ നിഷേധാത്മക നിലപാടുകളെയും അതിനു നേരെ അല്ലാഹു കൈക്കൊണ്ട ശിക്ഷാ നടപടികളെയും കുറിച്ച് വ്യത്യസ്ത രീതികളില്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്- തങ്ങള്‍ക്ക് നേരെ വന്ന ശിക്ഷാമേഘത്തെ പോലും മഴമേഘമായി ധരിച്ചുവശായ ആദ് സമുദായത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു:
فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَٰذَا عَارِضٌ مُّمْطِرُنَاۚ بَلْ هُوَ مَا اسْتَعْجَلْتُم بِهِۖ رِيحٌ فِيهَا عَذَابٌ أَلِيمٌ ﴿٢٤﴾ تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ ﴿٢٥﴾
'അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്കഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ, നമുക്ക് മഴ നല്‍കുന്ന ഒരു മേഘം! അല്ല നിങ്ങള്‍ എന്തൊന്നിന് ധൃതി കൂട്ടിയോ അതു തന്നെയാണിത്. അതേ, വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു കാറ്റ്. അതിന്റെ രക്ഷിതാവിന്റെ കല്‍പനയാല്‍ സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്' (അഹ്ഖാഫ്: 24-25).
ദുരിതങ്ങളും ദുരന്തങ്ങളും ആവര്‍ത്തിച്ചുണ്ടാകുന്ന പ്രതിഭാസങ്ങളാണെന്നും അവയെ അങ്ങനെ കണ്ടാല്‍ മതി എന്നുമുള്ള നിസ്സംഗ നിലപാടാണ് സത്യനിഷേധികള്‍ സ്വീകരിച്ചുപോന്നത് (അഅ്‌റാഫ്: 95).
കോവിഡ് 19 പിടിമുറുക്കിയപ്പോള്‍ പലരും സമാശ്വസിച്ചത് നൂറ് വര്‍ഷം കൂടുമ്പോള്‍ ഇത്തരം മഹാമാരികള്‍ ഉണ്ടാവാറുള്ളതാണല്ലോ എന്ന് പറഞ്ഞുകൊണ്ടാണല്ലോ.
മക്കയിലെ മുശ്‌രിക്കുകള്‍ അല്ലാഹുവിന്റെ ശിക്ഷയെ എത്രമാത്രം പരിഹാസ്യമായാണ് സമീപിച്ചിരുന്നതെന്ന് താഴെ സൂക്തം വ്യക്തമാക്കുന്നു:
وَإِن يَرَوْا كِسْفًا مِّنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَّرْكُومٌ
'ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും; അത് അടുക്കടുക്കായ മേഘമാണെന്ന്' (ത്വൂര്‍: 44). ഏതുതരം ദൃഷ്ടാന്തങ്ങളെയും അവഗണിച്ച് കടന്നുപോവുക എന്നതാണ് സത്യനിഷേധികളുടെ പൊതുരീതി.
وَكَأَيِّن مِّنْ آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ
'ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്തുകൂടി കടന്നുപോകുന്നു' (യൂസുഫ്: 105).
സിറിയയിലേക്ക് പോകുന്ന അറബ് സാര്‍ഥവാഹക സംഘങ്ങളുടെ സഞ്ചാര മാര്‍ഗത്തിലായിരുന്നു ലൂത്വ് നബിയുടെ ജനത നശിപ്പിക്കപ്പെട്ട നാട്. അത് സ്വന്തം കണ്ണാലെ കണ്ടിട്ടും പാഠമുള്‍ക്കൊള്ളാന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്:
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ ﴿١٣٧﴾ وَبِاللَّيْلِۗ أَفَلَا تَعْقِلُونَ ﴿١٣٨﴾
'തീര്‍ച്ചയായും നിങ്ങള്‍ രാവിലെയും രാത്രിയും അവരുടെ അടുത്തുകൂടി കടന്നുപോവാറുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?' (സ്വാഫ്ഫാത്ത്: 137,138).
പ്രളയത്തില്‍നിന്ന് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മകന്‍ ഖന്‍ആന്‍ പിതാവ് നൂഹിനോട് പറഞ്ഞത്, 'വെള്ളത്തില്‍നിന്ന് എനിക്ക് രക്ഷ നല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം' എന്നായിരുന്നു (ഹൂദ്: 43). ശിക്ഷ കണ്‍മുമ്പിലെത്തിയിട്ടും സല്‍ബുദ്ധി തോന്നിയില്ലെന്നര്‍ഥം.
ഇബ്‌റത്ത്: അര്‍ഥവും വിവക്ഷയും
പ്രകൃതിയിലെയും ചരിത്രത്തിലെയും പാഠങ്ങള്‍ നിഷേധാത്മക നിലപാടില്‍നിന്ന് രചനാത്മക നിലപാടിലേക്ക് മാറാന്‍ മനുഷ്യനെ പ്രേരിപ്പിക്കണം. ഖുര്‍ആനില്‍ عبرة എന്ന പദം ഈ അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. عبر എന്നാല്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മുറിച്ചു കടക്കുക എന്നര്‍ഥം. ഇപ്പോഴുള്ള നിഷേധാത്മക നിലപാടില്‍ നിന്ന് രചനാത്മകവും ഗുണകരവുമായ നിലപാടിലേക്ക് മാറുക എന്നുസാരം. ന്യൂനസംഖ്യരായ മുസ്‌ലിംകള്‍ ഭൂരിപക്ഷമായ ശത്രുസൈന്യത്തെ ബദ്‌റില്‍ തോല്‍പിച്ചത് (ആലുഇംറാന്‍: 13), എല്ലാ നബിമാരും അന്തിമമായി വിജയിച്ചത് (യൂസുഫ്: 111), മലത്തിനും രക്തത്തിനുമിടയില്‍നിന്ന് നറുംപാല്‍ ലഭ്യമാക്കുന്ന ദൈവിക വൈദഗ്ധ്യം (നഹ്ല്‍: 66, മുഅ്മിനൂന്‍: 21), രാപ്പകലുകളുടെ ഗതിമാറ്റം (നൂര്‍: 44), ഫറോവയുടെ ദാരുണമായ പതനം (നാസിആത്ത്: 26) എന്നീ സൂക്തങ്ങളില്‍ 'ഇബ്‌റത്ത്' പ്രയോഗിച്ചിരിക്കുന്നു.
أصل العبر تجاوز من حال إلى حال - العبرة: الحالة التى يتوصّل بها من معرفة المشاهد إلى ما ليس بمشاهد
''ഒരു അവസ്ഥയില്‍നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മുറിച്ചുകടക്കുക എന്നാണ് 'അബറ' എന്ന പദത്തിന്റെ മൂലാശയം. 'ഇബ്‌റത്ത്' എന്നാല്‍ കണ്ടതില്‍നിന്ന് കാണാത്തത് കാണുന്ന അവസ്ഥ എന്നാണര്‍ഥം.''1 ദൈവിക ദൃഷ്ടാന്തങ്ങളില്‍നിന്നും ദുരന്താനുഭവങ്ങളില്‍നിന്നും പാഠമുള്‍ക്കൊ് നിലപാടുകള്‍ പുനഃപരിശോധിച്ച് നന്നാവുക എന്ന് വിവക്ഷ.
സത്യനിഷേധികളില്‍നിന്ന് ഭിന്നമായി സത്യവിശ്വാസികള്‍ ഏത് അനുഭവത്തെയും ദുൻയാവിലെയും സർവോപരി പരലോകത്തെയും നേട്ടത്തിനായി ഉപയോഗപ്പെടുത്തും.
മഴക്കാറോ കാറ്റോ കാണുമ്പോള്‍ പരിഭ്രമിച്ചിരുന്ന നബി(സ)യോട് പത്‌നി ആഇശ(റ) ഒരിക്കല്‍ ചോദിച്ചു: 'മഴക്കാറ് കാണവെ മഴയെക്കുറിച്ച പ്രതീക്ഷയാല്‍ ആളുകള്‍ സന്തോഷിക്കുമ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്?' അവിടുന്ന് പ്രതികരിച്ചതിങ്ങനെ:
يا عائشة ما يؤمنني أن يكون فيه عذاب قد عذّب قوم بالرّيح قد رأى قوم العذاب فقالوا: هذا عارض ممطرنا
'ആഇശ! മഴക്കാറില്‍ ശിക്ഷ ഇല്ലെന്ന് ഞാന്‍ എങ്ങനെ നിര്‍ഭയനാവും? കാറ്റിലൂടെ ഒരു സമുദായം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷ കണ്ട സമുദായം പറഞ്ഞത്, ഇത് ഞങ്ങള്‍ക്ക് പെയ്യാനുള്ള മഴമേഘമാണെന്നായിരുന്നു' (അഹ്‌മദ്). അനുഗ്രഹ-ശിക്ഷാ ഭേദമന്യേ എല്ലാം ഈയൊരു കണ്ണോടെയാവണം സത്യവിശ്വാസികള്‍ വീക്ഷിക്കേണ്ടത്.
لا تسبّوا الليل ولا النّهار ولاالشمس ولاالقمر ولاالرّياح فانّها ترسل رحمة لقوم وعذابالقوم
'നിങ്ങള്‍ രാത്രിയെയോ പകലിനെയോ സൂര്യനെയോ ചന്ദ്രനെയോ കാറ്റുകളെയോ കുറ്റം പറയരുത്. കാരണം അവ ഏതെങ്കിലും സമൂഹത്തിന് കാരുണ്യമായും മറ്റേതെങ്കിലും സമൂഹത്തിന് ശിക്ഷയുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്' (അബൂയഅ്‌ലാ).
സുഖദുഃഖങ്ങള്‍ ആപേക്ഷികം പാരത്രിക ലോകത്തെ ദുരിതങ്ങളെ അപേക്ഷിച്ച് ദുൻയാവിലെ വിഷമതകള്‍ എത്രമാത്രം നിസ്സാരമാണെന്ന് നേരത്തേ മനസ്സിലാക്കുന്നവരാണ് സത്യവിശ്വാസികള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ദുരിതങ്ങളെ, നെഞ്ചുറപ്പോടെ നേരിടാന്‍ കഴിയുന്നു.
നബി(സ) പറയുന്നു:
يودّ أهل العافية يوم القيامة حين يعطي أهل البلاء الثواب لو ان جلودهم كانت قرضت في الدّنيا بالمقاريض
'ദുൻയാവില്‍ ദുരിതങ്ങള്‍ക്ക് വിധേയരായവര്‍ക്ക് അന്ത്യനാളില്‍ നല്‍കപ്പെടുന്ന പ്രതിഫലം കാണുമ്പോള്‍ ദുൻയാവില്‍ സുഖം അനുഭവിച്ചവര്‍ തങ്ങളുടെ ചര്‍മങ്ങള്‍ ദുൻയാവില്‍വെച്ച് കത്രികകള്‍ കൊണ്ട് കത്രിച്ച് നുറുക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവും' (തിര്‍മിദി: 2402).
يؤتى بأنعم أهل الدّنيا من أهل النّار يوم القيامة فيصبغ في النّار صبغة ثم يقال: يابن آدم هل رأيت خيرًا قطّ؟ هل مرّبك نعيم قطّ؟ فيقول: لا والله ياربّ، ويؤتى بأشد الناس بؤسا في الدنيا من أهل الجنّة فيصبغ صبغة في الجنّة فيقال له: يابن آدم، هل رأيت بؤسا قطّ؟ هل مرّبك شدّة قطّ؟ فيقول: لا والله ياربّ ما مرّبي بؤس قطّ، ولا رأيت شدّة قطّ
'ദുൻയാവില്‍ ഏറ്റവും വലിയ സുഖങ്ങള്‍ അനുഭവിച്ച നരകവാസി കൊണ്ടുവരപ്പെടും. അയാള്‍ അന്ത്യനാളില്‍ നരകത്തില്‍ ഒന്നു മുക്കിയെടുക്കപ്പെടും. എന്നിട്ട് പറയപ്പെടും: 'മനുഷ്യാ! നീ വല്ല നന്മയും (ദുൻയാവില്‍) കണ്ടുവോ? നിനക്ക് വല്ല സുഖവും കഴിഞ്ഞുപോയിരുന്നുവോ?' അപ്പോള്‍ അയാള്‍ പറയും: 'എന്റെ നാഥാ, ദൈവമാണ, ഇല്ല.' ദുൻയാവില്‍ ഏറ്റവും കൊടിയ ദുരിതം അനുഭവിച്ച സ്വര്‍ഗവാസി കൊണ്ടുവരപ്പെടും. എന്നിട്ട് അയാള്‍ സ്വര്‍ഗത്തില്‍ മുക്കിയെടുക്കപ്പെടും. അയാളോട് പറയപ്പെടും: 'നിങ്ങള്‍ ദുൻയാവില്‍ വല്ല ദുരിതവും അനുഭവിച്ചിരുന്നോ? വല്ല കഠിനമായ അവസ്ഥയും കടന്നുപോയിട്ടുണ്ടോ?' അയാള്‍ പറയും: എന്റെ നാഥാ, ദൈവമാണ ഇല്ല. എനിക്ക് ഒരു ദുരിതവും കടന്നുപോയിട്ടില്ല. ഞാന്‍ ഒട്ടും കഠിനാവസ്ഥ കണ്ടിട്ടുമില്ല'' (മുസ്‌ലിം: 2807).
സൗഖ്യത്താല്‍ സന്തോഷിക്കുന്നപോലെ ദുരിതങ്ങളാലും സന്തോഷിക്കുന്ന നിലവാരത്തോളം നബിമാരും സച്ചരിതരായ മുന്‍ഗാമികളും ഉയര്‍ന്നിരുന്നതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
وإن كان أحدهم ليفرح بالبلاء كما يفرح أحدكم بالرّخاء
'സുഖസമൃദ്ധിയാല്‍ നിങ്ങള്‍ സന്തോഷിക്കുന്നതുപോലെ അവര്‍ (നബിമാര്‍) പരീക്ഷണങ്ങളാല്‍ സന്തോഷിച്ചിരുന്നു' (ഇബ്‌നുമാജ 4024).
ولأحدهم كان أشدّ فرحا بالبلاء، من أحدكم بالعطاء
'ദാനം ലഭിക്കുമ്പോള്‍ നിങ്ങളിലൊരാള്‍ സന്തോഷിക്കുന്നതിനേക്കാള്‍ പരീക്ഷണത്തിന് വിധേയമാവുമ്പോള്‍ അവര്‍ സന്തോഷിച്ചിരുന്നു.'
ഇസ്‌ലാമിക ചരിത്രമനുസരിച്ച് വിവരണാതീതമായ ദുരിതങ്ങള്‍ അനുഭവിച്ചവരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അയ്യൂബ് നബിയാണ്. എല്ലും ഞരമ്പും ഒഴികെ മാംസം തുണ്ടം തുണ്ടമായി വീഴുന്നതായിരുന്നു രോഗം. ഇത് മൂന്നു വര്‍ഷമോ, ഏഴു വര്‍ഷമോ, പതിനെട്ടു വര്‍ഷമോ നീണ്ടുനിന്നു. 'അല്ലാഹുവോട് പ്രാര്‍ഥിച്ചാല്‍ അവന്‍ രോഗം സുഖപ്പെടുത്തിത്തരില്ലേ?' എന്ന ഭാര്യയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാന്‍ എഴുപത് വര്‍ഷം ആരോഗ്യത്തോടെ ജീവിച്ചു. ഇനി എഴുപതു കൊല്ലം രോഗിയായി ജീവിച്ചാല്‍ എന്താ?'
إِنَّا وَجَدْنَاهُ صَابِرًاۚ نِّعْمَ الْعَبْدُۖ إِنَّهُ أَوَّابٌ
'തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചു മടങ്ങുന്നവനാകുന്നു' (സ്വാദ്: 44).
പരീക്ഷണം അല്ലാഹു ഇഷ്ടപ്പെടുന്നതുകൊണ്ട്
അല്ലാഹു ഒരാളെ ഇഷ്ടപ്പെടുക എന്നതിന്റെ അര്‍ഥം അയാളെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുക എന്നതുകൂടിയാണ്:
إذا اراد الله بعبد الخير عجّل له العقوبة في الدّنيا واذا أراد الله بعبده الشّرّ أمسك عنه بذنبه حتى يوافي به يوم القيامة
'അല്ലാഹു തന്റെ അടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ ദുൻയാവില്‍ അയാള്‍ക്ക് ശിക്ഷ വേഗത്തില്‍ നല്‍കും. അല്ലാഹു തന്റെ അടിമക്ക് തിന്മയാണ് ഉദ്ദേശിച്ചതെങ്കില്‍ അയാള്‍ ചെയ്ത തെറ്റിന്റെ ശിക്ഷ അന്ത്യനാളില്‍ വരുന്നതുവരെ ദുൻയാവില്‍ തടഞ്ഞുവെക്കും' (തിര്‍മിദി).
ഇബ്‌നു തൈമിയ്യ പറയുന്നു:
مصيبة تقبل بها على الله خير لك من نعمة تنسيك ذكرالله
'അല്ലാഹുവിനെ ഓര്‍ക്കാന്‍ നിന്നെ മറപ്പിക്കുന്ന അനുഗ്രഹത്തേക്കാള്‍ അല്ലാഹുവിലേക്ക് നിനക്ക് ആഭിമുഖ്യമുണ്ടാക്കുന്ന ആപത്താണ് നിനക്ക് ഉത്തമം.'
ചികിത്സ പോലും തേടാതെ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ ബലത്തില്‍ മാത്രം രോഗപീഡ ക്ഷമിച്ച് അതിജീവനം നേടിയ സംഭവങ്ങള്‍ വരെ ചരിത്രത്തില്‍ കാണാം. ഇബ്‌നു അബ്ബാസിന്റെ ശിഷ്യനായ അത്വാഉബ്‌നു അബീറബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) എന്നോട് പറഞ്ഞു: 'നിനക്ക് സ്വര്‍ഗവാസിയായ ഒരു സ്ത്രീയെ കാണണമോ?' 'അതെ' - ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇബ്‌നു അബ്ബാസ് പറഞ്ഞു: ഈ കറുത്ത സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: 'എനിക്ക് അപസ്മാരമുണ്ടാവാറുണ്ട്. അപ്പോള്‍ എന്റെ നഗ്നത വെളിപ്പെടുന്നു. താങ്കള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം.' അപ്പോള്‍ നബി(സ) പറഞ്ഞു:
إن شئت صبرت ولك الجنة - وان شئت دعوت الله تعالى أن يعافيك
'നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ രോഗത്തിന്റെ കാര്യത്തില്‍ ക്ഷമിക്കാം. നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും. അതല്ല, നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളുടെ രോഗം സുഖപ്പെടുത്താനായി ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാം.' 'ഞാന്‍ ക്ഷമിച്ചുകൊള്ളാം. അപസ്മാരമുണ്ടാവുമ്പോള്‍ നഗ്നത വെളിപ്പെടാതിരിക്കാനായി താങ്കള്‍ പ്രാര്‍ഥിച്ചാല്‍ മതി.' അതുപ്രകാരം നബി(സ) അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു (ബുഖാരി, മുസ്‌ലിം).
പരീക്ഷണം ബഹുമുഖ മാനങ്ങളില്‍
അല്ലാഹുവില്‍നിന്നുള്ള പരീക്ഷണം ഒരു വ്യക്തിയെയോ സമൂഹത്തെയോ ഉദ്ദേശിച്ചാവാം എന്നതുപോലെത്തന്നെ ദ്വിമാനങ്ങളിലോ ബഹുമുഖ മാനങ്ങളിലോ ആവാം. അതായത്, ഒരേ കാര്യം പലര്‍ക്കും പലതരത്തിലാവാം പരീക്ഷണമാവുക.
وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً
'നാം നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് പരീക്ഷണമാക്കിയിരിക്കുന്നു' (ഫുര്‍ഖാന്‍: 20). അല്ലാഹു പ്രസ്താവിച്ചതായി നബി(സ) പറയുന്നു:
إنّي مبتليك ومبتل بك
'ഞാന്‍ തീര്‍ച്ചയായും താങ്കളെ പരീക്ഷിക്കുന്നതാകുന്നു, താങ്കളാല്‍ മറ്റുള്ളവരെയും പരീക്ഷിക്കുന്നതാകുന്നു' (മുസ്‌ലിം). അതായത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണ നിലപാടുകളും പീഡനങ്ങളും നബി(സ)ക്ക് പരീക്ഷണമാണ്, നബി(സ)യോടുള്ള വിസമ്മത ഭാവവും പ്രതിലോമമനസ്സും കാരണമായി ജനങ്ങളും പരീക്ഷണത്തിന് വിധേയരാവുകയാണ്.
فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ
'ദൂതന്മാര്‍ ആര്‍ക്കിടയില്‍ അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും' (അഅ്‌റാഫ്: 6).
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا
'ഓരോ സമുദായത്തില്‍നിന്ന് ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ടു വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ!' (നിസാഅ്: 41) എന്ന സൂക്തം നബിമാരുടെ പ്രബോധനം അവര്‍ക്കും പ്രബോധിതര്‍ക്കും ഒരുപോലെ പരീക്ഷണമായതിന്റെ വൈകാരികമായ ആവിഷ്‌കാരമാണ്. ഈ സൂക്തം ഓതിക്കേട്ട നബി (സ) കരഞ്ഞത് പ്രസിദ്ധമാണല്ലോ. ഇതേ ആശയവും വൈകാരികതയും മുറ്റിനില്‍ക്കുന്ന മറ്റൊരു സൂക്തമാണ് താഴെ.
وَيَوْمَ نَبْعَثُ فِي كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰؤُلَاءِۚ
'ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് അവരില്‍നിന്നു തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ടുവരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ)' (നഹ്ല്‍: 89).
പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നവരില്‍ കൂടുതലും ദുര്‍ബലരായതിനാല്‍ അതെടുത്ത് കാണിച്ച് തങ്ങളുടെ വിമുഖതയെ ന്യായീകരിക്കാന്‍ മക്കയിലെ പ്രമുഖര്‍ ശ്രമിക്കുകയുണ്ടായി. ഇതുവഴി ദുര്‍ബലര്‍ പ്രബലന്മാര്‍ക്ക് പരീക്ഷണമായി മാറി.
وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَٰؤُلَاءِ مَنَّ اللَّهُ عَلَيْهِم مِّن بَيْنِنَاۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ
'അപ്രകാരം അവരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് നാം പരീക്ഷണവിധേയരാക്കിയിരിക്കുന്നു. ഞങ്ങളുടെ ഇടയില്‍നിന്ന് അല്ലാഹു അനുഗ്രഹിച്ചത് ഇവരെയാണോ എന്ന് അവര്‍ പറയാന്‍ വേണ്ടിയത്രെ അത്. നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?' (അന്‍ആം: 53).
തബൂക്ക് യുദ്ധം ശത്രുക്കളുമായുള്ള യുദ്ധമായിരുന്നുവെങ്കിലും ചില ദുര്‍ബല വിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും അത് പരീക്ഷണമായി മാറിയ കാര്യം അത്തൗബ അധ്യായത്തില്‍ വിശദമായി ചര്‍ച്ചയാവുന്നുണ്ടല്ലോ (തൗബ: 49, 118 കാണുക).
നബി(സ)യുടെ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രകളും (ഇസ്‌റാഅ്: 60) സമ്പത്തും സന്താനങ്ങളും (തഗാബുന്‍: 15, അന്‍ഫാല്‍: 28, മുഅ്മിനൂന്‍: 55,56) നരകത്തിലെ സഖ്ഖൂം വൃക്ഷം (സ്വാഫ്ഫാത്ത്: 63) വിവിധ രീതികളില്‍ പരീക്ഷണങ്ങളാവുന്നതിനെപ്പറ്റി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. മാതാപിതാക്കളെപ്പറ്റി ഇബ്‌നുമാജ ഉദ്ധരിച്ച هما جنّتك ونارك (അവര്‍ രണ്ടു പേരും നിന്റെ സ്വര്‍ഗമാണ്, നിന്റെ നരകവും) എന്ന നബിവചനവും പരീക്ഷണത്തിന്റെ മറ്റൊരു തലമാണ് എടുത്തു കാണിക്കുന്നത്. ഉത്തരവാദിത്തം നിർവഹിക്കാത്ത മാതാപിതാക്കളും തഥൈവ. സാക്ഷാല്‍ പാനജലം പോലും ഭൗതികലോകത്ത് മനുഷ്യര്‍ക്ക് പരീക്ഷണമാവുന്നതും സത്യവിശ്വാസികള്‍ അതില്‍ വിജയിക്കുന്നതും സത്യനിഷേധികള്‍ അതില്‍ പരാജയപ്പെടുന്നതും സംബന്ധിച്ച് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്:
وَأَن لَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاءً غَدَقًا ﴿١٦﴾ لِّنَفْتِنَهُمْ فِيهِۚ
'ആ മാര്‍ഗത്തില്‍- ഇസ്‌ലാമില്‍- അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്...' (ജിന്ന്: 16,17).
മേല്‍ സൂക്തത്തിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്: ഒന്ന്) സത്യവിശ്വാസികള്‍ ഇസ്‌ലാമില്‍ സത്യസന്ധതയോടെ അടിയുറച്ചു നില്‍ക്കുകയാണെങ്കില്‍ ജീവിത വിഭവങ്ങള്‍ സമൃദ്ധമായി നല്‍കും (മാഇദ: 66, അഅ്‌റാഫ്: 96 കാണുക). രണ്ട്) മനുഷ്യര്‍ വഴികേടില്‍ തുടരുകയാണെങ്കില്‍ അവരെ പടിപടിയായി തരം താഴ്ത്തുക എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് ജീവിത വിഭവങ്ങള്‍ സമൃദ്ധമായി നല്‍കിയും അതിലൂടെ നന്ദികേട് കാണിക്കുമ്പോള്‍ പിടികൂടിയും പരീക്ഷിക്കും (അന്‍ആം: 44, മുഅ്മിനൂന്‍: 55,56). രണ്ടു വ്യാഖ്യാനങ്ങളും സാധുവാണ് (ഇബ്‌നു കസീര്‍ കാണുക).
യൂനുസ്: 85, മുംതഹിന: 5 സൂക്തങ്ങള്‍ പരീക്ഷണസംബന്ധമായ മറ്റൊരു തലം പരാമര്‍ശിക്കുന്നതാണ്:
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ
'(ഇസ്രായേല്‍ സന്തതികള്‍) പറഞ്ഞു; ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്റെ പരീക്ഷണത്തിനിരയാക്കരുതേ' (യൂനുസ്: 85).
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا
'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ' (മുംതഹിന: 5).
മേല്‍ രണ്ടു സൂക്തങ്ങള്‍ക്ക് രണ്ടു വ്യാഖ്യാനങ്ങളുണ്ട്:
ഒന്ന്) ഖുര്‍ആന്‍ വ്യാഖ്യാതാവ് മുജാഹിദിന്റെ വിശദീകരണം ഇങ്ങനെ: 'അല്ലാഹുവേ, നീ ഞങ്ങളെ നിന്റെ ശിക്ഷയാലോ, ശത്രുക്കളുടെ കൈകളാലോ ഞങ്ങളെ പീഡിപ്പിക്കരുത്. അങ്ങനെയുണ്ടായാല്‍ ഞങ്ങള്‍ സത്യത്തിന്റെ പാതയിലല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പ്രതിയോഗികള്‍ പറയാനിടയാവും.' രണ്ട്) ഖതാദയുടെ വ്യാഖ്യാനം ഇങ്ങനെ: 'അല്ലാഹുവേ, ഞങ്ങളെ ജയിക്കാന്‍ നീ ശത്രുക്കള്‍ക്ക് അവസരം നല്‍കരുത്. അങ്ങനെയായാല്‍ തങ്ങള്‍ സത്യത്തിലായതിനാലാണ് മുസ്‌ലിംകളെ ജയിക്കാനായതെന്ന് അവര്‍ ധരിച്ചുവശാവും. രണ്ടു വ്യാഖ്യാനങ്ങളും സാധുവാണ്.
إذا احتمل اللّفظ معاني عدّة ولم يمنع إرادة الجميع حمل عليها
'ഒരു പദത്തിന് കൂടുതല്‍ അര്‍ഥസാധ്യതകളുണ്ടാവുകയും എല്ലാം വിവക്ഷിക്കുന്നതിന് തടസ്സമില്ലാതിരിക്കുകയും ചെയ്താല്‍ അങ്ങനെയാവാം.'
ولا تجعل مصيبتنا في ديننا - 'ഞങ്ങള്‍ക്കുള്ള പരീക്ഷണം ഞങ്ങളുടെ ദീനിലാക്കരുതേ.'
അല്ലാഹുവില്‍നിന്നുള്ള ഏതൊരു പരീക്ഷണവും പലപ്പോഴും ബഹുമുഖ സ്വഭാവത്തോടെയാണ് സംഭവിക്കുന്നതെന്നതിന് നമ്മുടെ ജീവിതാനുഭവങ്ങള്‍ സാക്ഷിയാണ്.
നന്മയും തിന്മയും ഒരുപോലെ പരീക്ഷണം
അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള തിന്മകള്‍ മാത്രമാണ് പരീക്ഷണമെന്നും നന്മകള്‍ മനുഷ്യരോടുള്ള ഔദാര്യത്തിന്റെ ഭാഗമാണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവിക നടപടിക്രമത്തെക്കുറിച്ച അജ്ഞതയാണ് അതിന്റെ പിന്നില്‍. ഈ ധാരണ അത്യന്തം അബദ്ധജടിലമാണെന്ന് ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പഠിപ്പിക്കുന്നു.
فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾
'എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്' (ഫജ്ര്‍: 15,16).
فَإِذَا جَاءَتْهُمُ الْحَسَنَةُ قَالُوا لَنَا هَٰذِهِۖ
'ഫറോവക്കും പ്രഭൃതികള്‍ക്കും വല്ല നന്മയും ലഭിച്ചാല്‍ ഇത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്' (അഅ്‌റാഫ്: 131).
തങ്ങള്‍ക്ക് ലഭിക്കുന്ന നന്മകളെല്ലാം അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഓശാരങ്ങളാണെന്ന് തെറ്റിദ്ധരിച്ച മക്കയിലെ നിഷേധികളെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِ مِن مَّالٍ وَبَنِينَ ﴿٥٥﴾ نُسَارِعُ لَهُمْ فِي الْخَيْرَاتِۚ بَل لَّا يَشْعُرُونَ ﴿٥٦﴾
'സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചുകൊണ്ടിരിക്കുന്നത് നാം അവര്‍ക്ക് നല്‍കാന്‍ ധൃതി കാണിക്കുന്നതാണ് എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അല്ല, അവര്‍ (യാഥാര്‍ഥ്യം) ഗ്രഹിക്കുന്നില്ല' (മുഅ്മിനൂന്‍; 55,56).
ഭൗതിക സൗകര്യങ്ങള്‍ തനിക്ക് പ്രിയപ്പെട്ടവനെന്നോ, പ്രിയമില്ലാത്തവനെന്നോ പരിഗണിക്കാതെയാണ് അല്ലാഹു നല്‍കുക:
وان الله يعطي الدّنيا من يحبّ ومن لا يحبّ
'തീര്‍ച്ചയായും അല്ലാഹു താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും ഭൗതികാനുഗ്രഹങ്ങള്‍ നല്‍കും' (അഹ്‌മദ്).
അല്ലാഹുവിന്റെ പരീക്ഷണം തിരിച്ചറിയാത്ത നിഷേധികള്‍ അഹങ്കാരപൂർവം പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു:
نَحْنُ أَكْثَرُ أَمْوَالًا وَأَوْلَادًا وَمَا نَحْنُ بِمُعَذَّبِينَ
'ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സമ്പത്തുക്കളും സന്താനങ്ങളുമുള്ളവരാണ്. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരുമല്ല' (സബഅ്: 35).
فَلَا تُعْجِبْكَ أَمْوَالُهُمْ وَلَا أَوْلَادُهُمْۚ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُم بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ ﴿٥٥﴾
'അവരുടെ സമ്പത്തുക്കളും സന്താനങ്ങളും താങ്കളെ അത്ഭുതപ്പെടുത്തേണ്ടതില്ല. അവ മുഖേന ഇഹലോക ജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ അവര്‍ ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്' (തൗബ: 55).
ഏതനുഗ്രഹത്തെയും പരീക്ഷണമായി മനസ്സിലാക്കി നിലപാടെടുക്കുകയാണ് സത്യവിശ്വാസി വേണ്ടത്. സുലൈമാന്‍ നബിയുടെ തദ്വിഷയകമായ നിലപാട് വിശദീകരിച്ച് ഖുര്‍ആന്‍ പറയുന്നു:
قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿٤٠﴾
'(സുലൈമാന്‍ നബി(അ) പറഞ്ഞു: ഇത്- ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം ഹാജരാക്കപ്പെട്ടത്- എന്റെ റബ്ബിന്റെ ഔദാര്യത്താലാണ്. ഞാന്‍ നന്ദി ചെയ്യുമോ നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിച്ചറിയാന്‍ വേണ്ടി. ആരെങ്കിലും നന്ദി കാണിച്ചാല്‍ അയാള്‍ തനിക്കുവേണ്ടി തന്നെയാണ് നന്ദി ചെയ്യുന്നത്. ആരെങ്കിലും നന്ദികേട് കാണിച്ചാല്‍, തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഐശ്വര്യവാനും ഉദാരനുമത്രെ' (നംല്: 40).