ബുദ്ധിയും അഭൗതിക ലോകവും തമ്മിലുള്ള ബന്ധം

ഡോ. മുഹമ്മദ് സയ്യിദ് ജലീന്ദ്‌‌‌
img

ദൃശ്യലോകവുമായുള്ള ബുദ്ധിയുടെ ബന്ധം ബുദ്ധിയുടെ ശേഷി, സാധ്യതകള്‍, അതിന്റെ ധര്‍മത്തെക്കുറിച്ച അറിവ് എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒരാള്‍ക്ക് നഷ്ടപ്പെടുമ്പോള്‍ അതിലൂടെ അറിയേണ്ടത് അയാള്‍ക്ക് അറിയാന്‍ കഴിയാതെ വരുന്നു. പഞ്ചേന്ദ്രിയങ്ങള്‍ അഞ്ചും ഇല്ലാത്തയാള്‍ ഈ ലോകത്ത് തന്നെയാണ് ജീവിക്കുന്നതെങ്കിലും ഈ ലോകത്തെക്കുറിച്ച് അയാള്‍ക്ക് യഥാതഥമായും യാഥാര്‍ഥ്യ നിഷ്ഠമായും ഒന്നും മനസ്സിലാക്കാന്‍ കഴിയുകയില്ല.

ഇത് ഭൗതിക ലോകത്തിന്റെ അവസ്ഥ. എങ്കില്‍ പിന്നെ ഭൗതിക ലോകത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായ അഭൗതിക ലോകത്തെ മനസ്സിലാക്കാന്‍ അത്തരം ആളുകള്‍ക്ക് എങ്ങനെയാണ് കഴിയുക? അദൃശ്യലോകത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന ബുദ്ധിയുടെ സാധ്യതകളെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തെങ്കിലുമൊക്കെ ധൈഷണികമായി ഭാവനയില്‍ കാണുക എന്നത് ഇവിടെ വിവക്ഷയല്ല. കാരണം ഭാവനകള്‍ക്ക് ഒട്ടും പ്രവേശനമില്ലാത്ത തീര്‍ച്ചയും മൂര്‍ച്ചയുമുള്ള ദൃഢ വിശ്വാസമാണ്, അദൃശ്യലോകത്തേക്കുറിച്ച് വിശ്വാസം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
അദൃശ്യതയുടെ നിലവാരങ്ങള്‍ 

1. ആപേക്ഷിക അഭൗതികത

ഭൗതിക ലോകത്ത് പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ളവയെ ആപേക്ഷിക അഭൗതികത എന്നു വിൡക്കുന്നു. ഭൂതവും ഭാവിയും ഇതില്‍പെടുന്നു. രണ്ടും പഞ്ചേന്ദ്രിയങ്ങളെ സംബന്ധിച്ചേടത്തോളം ഒരുപോലെ അഭൗതികമാണ്. വര്‍ത്തമാനകാലത്തെ അനുഭവിച്ചു ജീവിക്കുന്നവര്‍ക്ക് അത് അഭൗതികമല്ല. അല്ലാത്തവര്‍ക്ക് അത് അഭൗതികമാണ്. ഒരു നിശ്ചിത വ്യക്തി ആനുകാലിക സംഭവങ്ങള്‍ക്ക് സാക്ഷിയല്ലെങ്കില്‍, സാക്ഷിയല്ല എന്ന കാരണത്താല്‍ അത് അയാളെ സംബന്ധിച്ചേടത്തോളം അഭൗതികമായിരിക്കും. സാക്ഷികളായവരെ സംബന്ധിച്ചേടത്തോളം അത് അഭൗതികമല്ല, ഭൗതികമാണ്. ഒരേ കാര്യം ചിലരെ സംബന്ധിച്ചേടത്തോളം ചില സമയങ്ങളില്‍ ഭൗതികവും മറ്റു ചിലപ്പോള്‍ അഭൗതികവുമാവാം. ഇത്തരം ആപേക്ഷിക അഭൗതികതയുമായുള്ള ബുദ്ധിയുടെ ബന്ധം ദൃശ്യലോകവുമായുള്ള അതിന്റെ ബന്ധത്തിന്റെ ഭാഗം തന്നെയാണ്. നമ്മെ സംബന്ധിച്ചേടത്തോളം അദൃശ്യമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാണെങ്കില്‍ അതേക്കുറിച്ച് അറിയുന്നതോടെ നാം അതനുസരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതാണ്.
നബിമാരെപ്പറ്റി മുന്‍ സമുദായങ്ങളില്‍നിന്ന് അഥവാ മുന്‍ തലമുറകളില്‍നിന്ന് കണ്ണിമുറിയാത്ത അനേക പരമ്പരകളിലൂടെ നമുക്ക് കിട്ടുന്ന വിവരങ്ങള്‍ നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവയാണ്. ആവര്‍ത്തിച്ചുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലൂടെ ശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുന്നവയും ഇതേ ഗണത്തില്‍വരും. അവ പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടവയാവാം, മനുഷ്യ സമൂഹങ്ങളുമായി ബന്ധപ്പെട്ടവയാവാം. കാരണം, പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമം അതിന്റെ അവസരമാവുമ്പോള്‍ സംഭവിച്ചിരിക്കും. മുന്‍കാല സമുദായങ്ങളെക്കുറിച്ച് വിവരിക്കുന്ന ഓരോ ചരിത്രസംഭവത്തിന്റെയും ഒടുവില്‍ ദൃഷ്ടാന്തം, ഗുണപാഠം എന്ന് ഊന്നിപ്പറയുന്നത് മുന്‍കാല പാഠങ്ങള്‍ പില്‍ക്കാലക്കാര്‍ക്ക് മാതൃകയായതുകൊണ്ടാണ്. فَاعْتَبِرُوا يَا أُولِي الْأَبْصَارِ (കണ്ണുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക - ഹശ്ര്‍: 2).
 (തീര്‍ച്ചയായും അവരുടെ കഥകളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഗുണപാഠമുണ്ട് -യൂസുഫ്: 111).
 (തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട് -ശുഅറാഅ് 8).

ശുഅറാഅ് അധ്യായത്തില്‍ മുന്‍കാല സമുദായങ്ങളെക്കുറിച്ച് വിവരിച്ച ഉടനെ ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിച്ചു കാണാം. ബുദ്ധി ചിന്തിച്ചും പാഠമുള്‍ക്കൊണ്ടും അതിന്റെ ധര്‍മം നിർവഹിക്കണമെന്നു സാരം.

2. കേവല അഭൗതികത

ഒരു തരത്തിലും ഒരവസ്ഥയിലും ബുദ്ധിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തവയാണ് കേവല അഭൗതികത. അല്ലാഹു മാത്രം സ്വന്തമാക്കിവെക്കുകയും എല്ലാ സൃഷ്ടികളില്‍നിന്നും അവന്‍ മറച്ചുവെക്കുകയും ചെയ്തവയാണവ.
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَۚ  (അഭൗതികതയുടെ താക്കോലുകള്‍ അവങ്കലാണ്. അവനല്ലാതെ അതറിയുകയില്ല -അന്‍ആം 59).
قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُۚ (നബിയേ! താങ്കള്‍ പറയുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യം അറിയുകയില്ല; അല്ലാഹു ഒഴികെ -നംല്: 65).
(എ) മറ്റു സൃഷ്ടികള്‍ക്കൊന്നും അറിയിച്ചു കൊടുക്കാതെ അല്ലാഹു സ്വന്തമാക്കിവെച്ചവക്ക് 'ഗൈബ്' എന്നു പറയും. മറ്റു സൃഷ്ടികള്‍ എന്നതില്‍ റസൂലും നബിയും വലിയ്യും പെടും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, ഉദ്ദേശിച്ച അളവില്‍ മാത്രം അഭൗതിക കാര്യങ്ങളെക്കുറിച്ച വിവരങ്ങള്‍ കൈമാറും.
وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَۚ (അവന്റെ -അല്ലാഹുവിന്റെ- ജ്ഞാനത്തില്‍നിന്ന് അവന്‍ ഉദ്ദേശിച്ചതല്ലാതെ ഒന്നും അവര്‍ -സൃഷ്ടികള്‍- വലയം ചെയ്യുന്നില്ല.)
 وَعَلَّمَكَ مَا لَمْ تَكُن تَعْلَمُۚ (നീ അറിഞ്ഞിട്ടില്ലാത്തത് അവന്‍ നിന്നെ പഠിപ്പിക്കുകയും ചെയ്തു -നിസാഅ് 113).
മേല്‍ ദൈവിക ജ്ഞാനം മനുഷ്യര്‍ക്ക് അജ്ഞാതമാണ്. അവ ബുദ്ധിവഴിയോ പഞ്ചേന്ദ്രിയങ്ങളിലൂടെയോ ലഭ്യമാവില്ല. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ബോധനത്തിലൂടെയോ സ്വപ്‌നത്തിലൂടെയോ ബോധോദയ(ഇല്‍ഹാം) ത്തിലൂടെയോ അവ കൈമാറുന്നു. അത് മനുഷ്യര്‍ നേടിയെടുക്കുന്നതല്ല, അല്ലാഹുവിന്റെ വകയായുള്ള ദാനമാണ്. അവിടെ ബുദ്ധിക്ക് സ്ഥാനമില്ല. എങ്കിലും അവ നേടിയെടുക്കാന്‍ മറ്റു ചില വഴികളുണ്ട്. അഭൗതിക ജ്ഞാനങ്ങളോട് താല്‍പര്യമുള്ളവര്‍ ആ വഴികളിലൂടെ കടന്നുചെല്ലും.
وَاتَّقُوا اللَّهَۖ وَيُعَلِّمُكُمُ اللَّهُۗ (നിങ്ങള്‍ അല്ലാഹുവോട് ഭക്തി പുലര്‍ത്തുക. അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നതാകുന്നു -ബഖറ 282).
وَيُعَلِّمُكُم مَّا لَمْ تَكُونُوا تَعْلَمُونَ (നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തത്. 'അവന്‍ അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നതാകുന്നു -ബഖറ 151). മുതലായ സൂക്തങ്ങള്‍ ദൈവഭക്തി വഴി ലഭ്യമാവുന്ന അഭൗതികമായ അറിവിന്റെ ഉറവകളിലേക്കാണ് സൂചിപ്പിക്കുന്നത്.
ചുരുക്കത്തില്‍, ധൈഷണികാധ്വാനങ്ങളിലൂടെയോ ബൗദ്ധികമായ ഭാവനകളിലൂടെയോ ഏതെങ്കിലും തരത്തിലുള്ള തോന്നലുകളിലൂടെയോ അഭൗതികജ്ഞാനം ലഭ്യമാവില്ല. അതിന് അതിന്റേതായ വഴികളുണ്ട്, അംഗീകൃതമായ മാധ്യമങ്ങളുണ്ട്.
അഭൗതിക രഹസ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ബുദ്ധിയുടെ നിലപാട് എന്തായിരിക്കണം?
അദൃശ്യകാര്യങ്ങള്‍ വിശ്വസിക്കുവാന്‍ ബുദ്ധി ബാധ്യസ്ഥമാണെന്നതാണ് ഉത്തരം. അനന്തവും അജ്ഞാതവുമായ അല്ലാഹുവിന്റെ അറിവുകള്‍ അല്ലാഹുവിന്റെ ദൂതന്മാരും നബിമാരും നമുക്ക് കൈമാറിയ വിവരങ്ങള്‍, അല്ലാഹുവിന്റെ സത്താപരമോ വിശേഷണപരമോ ആയ ജ്ഞാനങ്ങള്‍, പരലോകം, പുനരുത്ഥാനം മുതലായവയെക്കുറിച്ച വിവരങ്ങള്‍- ഇവയെല്ലാം അഭൗതിക യാഥാര്‍ത്യങ്ങളില്‍ പെട്ടവയാണ്.
പഞ്ചേന്ദ്രിയ ശേഷികള്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് നിലവില്‍ ഭൗതിക ലോകത്ത് അയാള്‍ ഉദ്ദേശിക്കുംവിധം പലതും ഭാവനയില്‍ കാണാന്‍ കഴിഞ്ഞെന്നുവരും. കാരണം ഭൗതികലോകം അനുഭവവേദ്യമാണ്. പഞ്ചേന്ദ്രിയാനുഭൂതികള്‍ ഇല്ലെങ്കിലും അയാള്‍ക്ക് ഭാവനയില്‍ കാണാന്‍ കഴിയും. പക്ഷെ അയാളുടെ ഭാവന ഭാവനയായിത്തന്നെ അവശേഷിക്കുകയേയുള്ളൂ. അത് യാഥാര്‍ഥ്യത്തിന്റെ നിലവാരത്തിലെത്തില്ല. ഭൗതികലോകത്ത് അങ്ങനെയാണ് സംഭവിക്കുക. എന്നാല്‍ അഭൗതികതയിലുള്ള വിശ്വാസത്തിന് ഭാവനയോ ഊഹമോ പോരാ. തീര്‍ത്തും സംശയരഹിതമായ ദൃഢബോധ്യം തന്നെ വേണം.

ബുദ്ധിയും അഭൗതിക ലോകവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പൗരാണികരും ആധുനികരുമായ തത്വശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും മുന്‍ഗാമികളായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ബുദ്ധിയെയും അതിന്റെ വിധികളെയും നിരാകരിക്കുന്നു എന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യനിഷ്ഠമല്ല.

സലഫുകളായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ബുദ്ധിയുടെ ശേഷികളെയും സാധ്യതകളെയും ശര്‍ഉം വഹ്‌യും അതിനു നല്‍കുന്ന പരിഗണനകളെയും കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരാണ്.

എന്നാല്‍ ബുദ്ധിയുടെ സാധ്യതകളെയും ശേഷികളെയും ന്യായീകരിക്കുന്നവര്‍ എല്ലാറ്റിനെയും സ്വന്തം വരുതിയിലാക്കാന്‍ ബുദ്ധിക്ക് കഴിയും എന്നു വാദിക്കുന്നവരാണ്. ബുദ്ധിയെ സംബന്ധിച്ചേടത്തോളം ദൃശ്യം, അദൃശ്യം, പ്രാപ്യം, അപ്രാപ്യം എന്ന വ്യത്യാസമില്ലെന്ന് അവര്‍ പറയുന്നു. അഭൗതിക ലോകങ്ങളെക്കുറിച്ച് നബിമാര്‍ നല്‍കിയ വിവരണങ്ങളും അവയുടെ രൂപങ്ങളും ബുദ്ധിക്ക് വിധേയമാവണം, ബുദ്ധിക്ക് അതിന്റേതായ അഭൗതിക ലോകം സങ്കല്‍പിക്കാന്‍ കഴിയും എന്ന് അവര്‍ വാദിക്കുന്നു. അഭൗതിക ലോകത്തെ പൂര്‍ണമായി നിരാകരിക്കുന്നതിനും അവര്‍ക്ക് വിരോധമില്ല. ഭൗതിക ലോകവിഷയത്തില്‍ ബുദ്ധിയുടെ നേരെ ശര്‍അ് സ്വീകരിക്കുന്ന സമീപനത്തെയും അഭൗതിക ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബുദ്ധിയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന വിഷയത്തെയും അവര്‍ രണ്ടായല്ല കാണുന്നത്, ഒന്നായാണ്.

സലഫുകളുടെ സമീപനം

പൂർവകാല പണ്ഡിതന്മാര്‍ ഭൗതിക ലോകത്തെയും ഭൗതികാതീത ലോകങ്ങളെയും മനസ്സിലാക്കാന്‍ ഒരുപോലെ ബുദ്ധിയെ ഉപയോഗപ്പെടുത്തി. ഭൗതിക ലോകത്ത് പ്രാപഞ്ചിക നിയമങ്ങള്‍ മനസ്സിലാക്കാനും അഭൗതിക ലോകവുമായി ബന്ധപ്പെട്ട് അതിന് അപ്രാപ്യമായവ പ്രാപ്യമായവരില്‍നിന്ന് -പാപസുരക്ഷിതരായ നബിമാരില്‍നിന്ന്- പഠിച്ചെടുക്കാനും ബുദ്ധിക്ക് കഴിയുമെന്ന് അവര്‍ മനസ്സിലാക്കി. മറ്റൊരുവിധം പറഞ്ഞാല്‍ ഭൗതികം മനസ്സിലാക്കാന്‍ കഴിയുന്ന ബുദ്ധിക്ക് അഭൗതിക ലോകത്തെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആവശ്യമായ ഉപാധികളില്ല എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു എന്നര്‍ഥം. എന്നാല്‍ തത്വശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ഭൗതിക-അഭൗതിക ലോകങ്ങളുമായുള്ള ബുദ്ധിയുടെ ബന്ധത്തെ വേര്‍തിരിച്ചു കണ്ടില്ല. ഭൗതിക ലോകത്തെ മനസ്സിലാക്കാന്‍ ബുദ്ധി ആശ്രയിക്കുന്നത് പഞ്ചേന്ദ്രിയങ്ങളെയാണെന്നും, അഭൗതിക ലോകത്തെ മനസ്സിലാക്കാന്‍ ബുദ്ധിക്ക് സാധ്യമല്ലെന്നും അവര്‍ വേര്‍തിരിച്ചു മനസ്സിലാക്കിയില്ല. പഞ്ചേന്ദ്രിയങ്ങള്‍ വഴി തന്നെ അഭൗതിക ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതേക്കുറിച്ച് ചില ഭാവനകളും ഊഹങ്ങളും മാത്രമെ ലഭിക്കുകയുള്ളൂ. ഈ ജ്ഞാന നിലവാരങ്ങളൊന്നും തന്നെ വിശ്വാസ മേഖലയില്‍ പ്രയോജനപ്പെടുകയില്ല.
ബുദ്ധിയെ ആദരിക്കുന്നത് ഏത് സമീപനം? ഏത് നിലപാടാണ് ബുദ്ധിപരം?
അഭൗതിക കാര്യങ്ങളെക്കുറിച്ച് ദിവ്യബോധനം വഴി നബി(സ) നമുക്ക് ലഭ്യമാക്കിയവ അതേപടി വിശ്വസിക്കുന്നതാണോ, അതോ, ഒന്നാമതായി നമ്മോട് ആവശ്യപ്പെട്ടിട്ടില്ലാത്തതും രണ്ടാമതായി നമുക്ക് പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കാന്‍ കഴിയാത്തതുമായ കേവല ഭാവനകളെ ബൗദ്ധികം എന്നു മനസ്സിലാക്കുന്നതോ?
അഭൗതിക ലോകത്തെക്കുറിച്ച് നബി (സ) പറഞ്ഞ എല്ലാ കാര്യങ്ങളും സത്യപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്നതാണ് യഥാര്‍ഥ വിഷയം. അല്ലാഹുവിനെയും അവനില്‍നിന്ന് അവതീര്‍ണമായവയെയും സംബന്ധിച്ച് മുഹമ്മദ് നബി(സ) പ്രസ്താവിച്ചവയെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അഭൗതിക കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളെല്ലാം സംശയരഹിതമായ സത്യമായിരിക്കും. അവയെക്കുറിച്ച് ബുദ്ധിയെമാത്രം ഉപജീവിച്ച് ഊഹമോ ഭാവനയോ സങ്കല്‍പിക്കാവതല്ല. ദൈവിക പ്രമാണത്തെ തദടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാവതുമല്ല.

നബി(സ)യുടെ പ്രവാചകത്വത്തെക്കുറിച്ച് ഒരാള്‍ക്ക് വിശ്വാസമില്ലെങ്കില്‍ അയാളോട് ആദ്യം സംസാരിക്കേണ്ടത് പ്രവാചകനില്‍ വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. അതിനാവശ്യമായ തെളിവുകളാണ് അയാള്‍ക്കു മുന്നില്‍ നിരത്തേണ്ടത്. നബി(സ) പ്രസ്താവിച്ചതെല്ലാം വിശ്വസിക്കേണ്ടവയാണെന്ന് അയാള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അഭൗതിക കാര്യങ്ങളെക്കുറിച്ച നബി(സ)യുടെ പ്രസ്താവങ്ങളും വിശ്വസിക്കേണ്ടതാണെന്ന് അയാള്‍ക്ക് ബോധ്യമാവും. അഭൗതിക കാര്യങ്ങളെക്കുറിച്ച് ഒരു തരത്തിലുള്ള അന്വേഷണവും നടത്താന്‍ ഇസ്‌ലാം നമ്മോട് ആവശ്യപ്പെട്ടിട്ടില്ല. അവയെക്കുറിച്ച് നബി(സ) എങ്ങനെ വിവരിച്ചുവോ അതേപടി വിശ്വസിക്കാനെ നാം ആജ്ഞാപിക്കപ്പെട്ടിട്ടുള്ളൂ.

ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ കൈമാറ്റത്തിന്റെ രീതിശാസ്ത്രം വിശിഷ്യാ അഭൗതിക കാര്യങ്ങളുമായി ബന്ധപ്പെട്ടവ ഇസ്‌ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടവയില്‍ സാധുവായി തങ്ങള്‍ക്ക് ബോധ്യമായവ മാത്രമെ അവര്‍ ഉദ്ധരിക്കാറുള്ളൂ. അസറുകള്‍ ഉദ്ധരിക്കപ്പെടുമ്പോള്‍ അവക്ക് നബിയുമായോ സ്വഹാബികളുമായോ ബന്ധമുാേ എന്ന് പരിശോധിക്കപ്പെട്ടു. ബൗദ്ധികമായി മനസ്സിലാക്കാന്‍ കഴിയാത്ത ഏതെങ്കിലും സൂക്തമോ, അഭൗതിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഹദീസോ വിശദീകരിക്കേണ്ടി വരുമ്പോള്‍ നബി(സ)യില്‍നിന്നുള്ള അസറുകളെ ആധാരമാക്കിയാണ് അവര്‍ വ്യാഖ്യാനിച്ചു വന്നത്. ഇമാം അഹ്‌മദ്(റ) പറയുന്നു:
نؤمن بها ونُصدِّق بها، ولا نردُّ منها شيئًا إذا كانتْ بأسانيدَ صِحاح
'നാം അവയില്‍ വിശ്വസിക്കുന്നു, അവയെ സത്യപ്പെടുത്തുന്നു. അവ സാധുവായ പരമ്പരകളോടെയാണെങ്കില്‍ നാം അവയെ തള്ളുകയില്ല'1 മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:
أحاديثُ صِحاح نؤمِن بها ونُقِرُّ، وكلُّ ما رُوِي عن النبي - صلَّى الله عليه وسلَّم - بأسانيدَ جيدة نؤمِن بها ونُقِرُّها
'സ്വഹീഹായ ഹദീസുകളെ നാം വിശ്വസിക്കുന്നു, അവയെ നാം അംഗീകരിക്കുന്നു. നല്ല പരമ്പരകളോടെ നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടവയെല്ലാം നാം വിശ്വസിക്കുന്നു, അംഗീകരിക്കുന്നു.'2

ഇബ്‌നു ഉയൈയ്‌ന പറയുന്നു;
هي حقٌّ نرويها على ما سَمِعناها، ممن نَثِق به ونرضى به
'അവ സത്യമാണ്. ഞങ്ങള്‍ക്ക് തൃപ്തിയും ഉത്തമവിശ്വാസവുമുള്ളവരില്‍നിന്ന് കേട്ടതുപോലെ അവ ഞങ്ങള്‍ ഉദ്ധരിക്കുന്നു'
അബൂഉബൈദ് പറയുന്നു:
إنَّ هذه الأحاديث يَرويها الثِّقات بعضُهم عن بعض
'ഈ ഹദീസുകള്‍ വിശ്വസ്തര്‍ വിശ്വസ്തരില്‍നിന്ന് ഉദ്ധരിക്കുന്നവയാണ്.'3
വിശ്വാസപരമായ കാര്യങ്ങളില്‍ തീര്‍ച്ച ഉറപ്പുവരുത്താനായി പൂർവകാല പണ്ഡിതന്മാര്‍ നബി(സ)യില്‍നിന്ന് ഉദ്ധരിച്ചപ്പോള്‍ അവരൊന്നും ബുദ്ധിയെ അതിന്റെ ധര്‍മം നിർവഹിക്കാന്‍ അനുവദിക്കാതിരുന്നിട്ടില്ല. പക്ഷെ, ബുദ്ധിയെ ഖുര്‍ആന്‍ സൂക്തങ്ങളെക്കാളും ഹദീസുകളേക്കാളും പ്രാമാണികമായി കണ്ടിരുന്നില്ല എന്നുമാത്രം. അതായത്, ബുദ്ധിയെ സൂക്തങ്ങളും ഹദീസുകളും വ്യാഖ്യാനിക്കാനുള്ള മാനകമായി കണ്ടിരുന്നില്ല എന്നര്‍ഥം. അഭൗതിക വിഷയങ്ങള്‍ കിട്ടിയ പടി വിശ്വസിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

ഹിബത്തുല്ലാഹ് അല്ലാലകാഈ (മ.ഹി. 418) എഴുതുന്നു:
'ആരെങ്കിലും ഈ ശരിയായ മാര്‍ഗം സ്വീകരിക്കുകയും ശരീഅത്തിന്റെ രീതി ശാസ്ത്രം തെളിവുകളുടെ ബലത്തില്‍ തുടര്‍ന്നുപോവുകയുമാണെങ്കില്‍ അയാള്‍ ദുൻയാവിലും പരലോകത്തിലും വിജയിക്കും. ആരെങ്കിലും അതൊഴിവാക്കി തന്റെ ഇഛകള്‍ക്കനുസൃതമായി മറ്റു വല്ലതിലും സത്യം അന്വേഷിച്ചു പോയാല്‍ പിഴച്ചതു തന്നെ. ഖുര്‍ആനും സുന്നത്തിനും പകരം കണ്ടതും കേട്ടതും വിശ്വസിക്കേണ്ടി വരും. അത് അല്ലാഹു തെളിവായി അവതരിപ്പിച്ചതല്ല, ഭാഷാജ്ഞാനികളോ വ്യാഖ്യാതാക്കളോ മനസ്സിലാക്കിയതാവില്ല, തെളിവിന്റെ ബലത്തില്‍ ധിഷണാശാലികള്‍ ഗ്രഹിച്ചതാവില്ല, ഏകദൈവവിശ്വാസി ചിന്തയോടെയും ഉള്‍ക്കാഴ്ചയോടെയും മനസ്സിലാക്കിയതാവില്ല.'4
അഭൗതിക വിഷയങ്ങളില്‍ സാധുവായ പ്രമാണങ്ങളെ പിന്‍പറ്റുക എന്നത് തന്നെയാണ് ബുദ്ധിപരം. കാരണം അവയില്‍ വിശ്വസിക്കുവാന്‍ അത് ബാധ്യസ്ഥമാണ്. അതേസമയം ഭൗതിക കാര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി അവയെക്കുറിച്ച് ഗവേഷണാന്വേഷണങ്ങള്‍ നടത്താന്‍ അത് ബാധ്യസ്ഥവുമല്ല. കഴിവിന്നതീതമായി അല്ലാഹു ഒന്നും കല്‍പിക്കുന്നില്ല. നബി(സ)യുടെ താഴെ വചനമാണ് നമുക്ക് മാര്‍ഗദര്‍ശനം.
قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ
'ഞാന്‍ നിങ്ങളെ തീര്‍ച്ചയായും തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാണ് വിട്ടേച്ചിരിക്കുന്നത്. അതിലെ രാവ് പകല്‍പോലെ പ്രകാശപൂര്‍ണമാണ്. എന്റെ കാലശേഷം, നശിച്ചവനല്ലാതെ ആ മാര്‍ഗത്തില്‍നിന്ന് വഴിതെറ്റുകയില്ല.'5
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ (ദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക -ഹശ്ര്‍ 7) ഇബ്‌നു മസ്ഊദ് പറയുന്നു:
اتبعوا ولا تبتدعوا 'നിങ്ങളെ നബി(സ)യെ പിന്‍പറ്റുക. നിങ്ങള്‍ പുത്തന്‍വഴികള്‍ തേടാതിരിക്കുക.'

ഹദീസ് പണ്ഡിതന്മാരുടെ ജാഗ്രത

ഈ വിഷയത്തില്‍ ഏറ്റവും തികഞ്ഞ ജാഗ്രത പുലര്‍ത്തിയവരായിരുന്നു സ്വഹാബികള്‍. നബി(സ)യെ സവിശേഷം പരിഗണിച്ചതിനാലും അദ്ദേഹത്തോടൊപ്പം അടുത്തിടപഴകി ജീവിച്ചതിനാലും, പ്രവാചക വിജ്ഞാനം മനഃപാഠമാക്കിയതിനാലും, ശ്രവിച്ചവയെ മുറുകെ പിടിച്ചതിനാലും അവര്‍ക്ക് അതിനുകഴിഞ്ഞു. അത് അവര്‍ പില്‍ക്കാല തലമുറകള്‍ക്ക് അതേപടി കൈമാറി. നബി(സ)യുടെയും അവരുടെയും ഇടയില്‍ മധ്യവര്‍ത്തികളുണ്ടായിരുന്നില്ല. സ്വഹാബികളില്‍നിന്ന് കൈമാറിക്കിട്ടിയവ അടുത്ത തലമുറകള്‍ മനഃപാഠമാക്കി, വിശ്വസിച്ചു. ഇതേപ്പറ്റി അല്ലാലകാഈ തന്റെ 'അസ്സുന്നഃ' എന്ന കൃതിയില്‍ തലമുറകളിലൂടെ നടന്ന ഇസ്‌ലാമിന്റെ കൈമാറ്റത്തെപ്പറ്റി എഴുതുന്നു:
فهذا دِين أُخِذ أوَّلُه عن رسول الله - صلَّى الله عليه وسلَّم - مُشافهة، لَم يُشبه لبْسٌ ولا شُبهة، ثم نقَلها العدول عن العدول من غير تحامُل ولا ميلٍ، ثم الكافَّة عن الكافَّة، والصافَّة عن الصافَّة، والجماعة عن الجماعة، أخْذَ كَفٍّ بكفٍّ، وتَمسك خلف بسلَف، الحروف يتلو بعضُها بعضًا، ويتَّسق أُخراها على أُولاها - وصفًا ونَظمًا - فهؤلاء الذين تُعُهِّدتْ بنَقْلهم الشريعة، وانحفَظَت بهم أصولُ السُّنة، فوجَبَت لهم بذلك المنَّة على جميع الأُمَّة، فهم حَمَلة عِلْمه، ونَقَلة دِينه، وسَفَرته بينه وبين أُمَّته، وأُمَناؤه في تبليغ الوحي عنه
'ഇസ്‌ലാമിനെ നബി(സ)യില്‍നിന്ന് നേരിട്ടു സ്വീകരിക്കുകയായിരുന്നു. അതില്‍ ഏതെങ്കിലും തരത്തിലുള്ള അവ്യക്തതയോ സംശയമോ ഉണ്ടായിരുന്നില്ല. പിന്നീട് വിശ്വസ്തരില്‍നിന്ന് വിശ്വസ്തര്‍ എന്ന ക്രമത്തില്‍ എന്തിനോടെങ്കിലും പ്രത്യേകമായ ചായ്‌വോ പക്ഷപാതിത്വമോ ഇല്ലാതെ അത് കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് എല്ലാവരില്‍നിന്നും എല്ലാവരും, സവിശേഷക്കാരില്‍നിന്ന് സവിശേഷക്കാര്‍, സംഘത്തില്‍നിന്ന് സംഘം എന്ന രീതിയില്‍ കൈയില്‍നിന്ന് കൈയാലെന്നപോലെ കൈമാറിപ്പോന്നു. മുന്‍ഗാമികളെ പിന്‍ഗാമികള്‍ പിന്‍പറ്റി, അക്ഷരങ്ങള്‍ ചിലത് ചിലതിനെ തുടര്‍ന്നുവരുന്നു; അവസാനത്തെ അക്ഷരങ്ങള്‍ ആദ്യാക്ഷരങ്ങളുമായി വിവരണത്തിലും ഘടനയിലും ഒത്തുവരുന്നു എന്നതുപോലെ. ഇവരിലൂടെയാണ് ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിച്ചു പരിപാലിക്കപ്പെട്ടു പോന്നിട്ടുള്ളത്. സുന്നത്തിന്റെ അടിസ്ഥാനങ്ങള്‍ സുരക്ഷിതമായത്. മുസ്‌ലിം സമുദായത്തിലെ മറ്റെല്ലാവരേക്കാളും അതു കൊണ്ടുതന്നെ ഈ സുകൃതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. അവരാണ് നബി(സ)യുടെ വിജ്ഞാനത്തിന്റെ വാഹകര്‍, ദീനിനെ തലമുറകള്‍ക്ക് കൈമാറിയവര്‍, നബി(സ)യുടെയും അദ്ദേഹത്തിന്റെ സമുദായത്തിന്റെയും ഇടയിലെ സ്ഥാനപതികള്‍, വഹ്‌യിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്ത അദ്ദേഹത്തിന്റെ വിശ്വസ്ത വിഭാഗം.'6

പ്രതിയോഗികള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക

മുന്‍ചൊന്ന രീതിയില്‍ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തെ പരിപാലിച്ചു പൂർവസൂരികള്‍ അതിന്റെ വൃത്തിയും വിശുദ്ധിയും കെടാതെ സൂക്ഷിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. തങ്ങളുടെ പ്രതിയോഗികള്‍ക്ക് അവര്‍ വശംവദരായില്ല. പുത്തന്‍ വാദികളുമായി സംവാദത്തിലേര്‍പ്പെട്ടില്ല. അവര്‍ ഉന്നയിക്കുന്ന ശങ്കകളും സംശയങ്ങളും മുസ്‌ലിംകളെ അനാവശ്യമായി ശല്യപ്പെടുത്തും എന്നതിനാല്‍ അവര്‍ ചര്‍ച്ചാ വിധേയമാക്കിയിരുന്നില്ല. സുഫ്‌യാനുസ്സൗരി പറയുന്നു:
مَن سَمِع بدعة، فلا يَحكِها لجُلسائه، ولا يُلْقِها في قلوبهم
'ആരെങ്കിലും ഒരു പുത്തന്‍ വാദം കേട്ടാല്‍ അത് തന്റെ സദസ്യരുടെ മുമ്പാകെ ഉദ്ധരിക്കരുത്, അവരുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കരുത്.'7
ഇബ്‌നു ബത്ത്വ (ഹി: 304-387) പറയുന്നു:
لسْت برَادٍّ عليْهم بشيءٍ أشدَّ مِن السُّكوت
'പ്രതിയോഗികളുടെ മുമ്പില്‍ മൗനം പാലിക്കുക എന്നതിനപ്പുറം ഞാന്‍ അവര്‍ക്ക് മറുപടി നല്‍കില്ല'8

ഇത്തരം ഘട്ടങ്ങളില്‍ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ സ്വീകരിച്ച നിലപാട് ഏറ്റവും ശ്രദ്ധേയമാണ്. പുത്തന്‍ വാദികള്‍ക്ക് മറുപടി പറയണമെന്നും വചനശാസ്ത്രകാരന്മാരുമായി സംവാദത്തിലേര്‍പ്പെടണമെന്നും ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ മറുപടിയായി അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്:
الذي كنَّا نسمع، وأدرَكنا عليه مَن أدرَكنا من أهل العلم، أنهم كانوا يكرهون الكلام والجلوس مع أهْل الزَّيغ، وإنما الأمور في التسليم والانتهاء إلى ما كان في كتاب الله وسُنة رسول الله - صلَّى الله عليه وسلَّم - لا في الجلوس مع أهْل البِدع، والزَّيغ لتردَّ عليهم، فإنهم يُلبِّسون عليك وهم لا يرجعون، فالسلامة - إن شاء الله - في ترْكِ مُجالستهم والخوْض معهم في بدعتهم
'നാം കേട്ടുപോന്നതും, നാം കണ്ട പണ്ഡിതന്മാരില്‍നിന്ന് മനസ്സിലാക്കിയതും പിഴച്ചവരുമായി സംസാരിക്കുകയോ അവരുടെ കൂടെ ഇരിക്കുകയോ അരുതെന്നാണ്. പുത്തന്‍ വാദികള്‍ക്കും പിഴച്ചവര്‍ക്കും മറുപടി പറയാന്‍ വേണ്ടി അവരോടൊപ്പം ഇരിക്കുകയല്ല, നാം അല്ലാഹുവിന്റെ ഗ്രന്ഥത്തിനും നബിചര്യക്കും പൂര്‍ണമായി വിധേയമാവുകയാണ് വേണ്ടത്. തീര്‍ച്ചയായും കാര്യങ്ങള്‍ കൂട്ടിക്കുഴക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ തിരിച്ചുവരില്ല. അവരോടൊപ്പമുള്ള ഇരുത്തവും അവരുടെ പുത്തന്‍ വാദങ്ങളെക്കുറിച്ച ചര്‍ച്ചയും ഒഴിവാക്കുന്നതാണ് രക്ഷ.'9

(കൈറോ യൂനിവേഴ്‌സിറ്റിയിലെ ദാറുല്‍ ഉലൂം കോളേജിലെ ഇസ്‌ലാമിക് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ് ലേഖകന്‍)

കുറിപ്പുകള്‍
1. دقائق التفسير 1/202، منهج القرآن في تأسيس اليقين ص 41
2. دقائق التفسير 1/202، منهج القرآن في تأسيس اليقين ص 41
3. دقائق التفسير 1/202، منهج القرآن في تأسيس اليقين ص 41
4. السّنّة ص 10
5. ابن ماجه في المقدّمة ص 43، أحمد 4/126، الحاكم وابن أبي عاصم فى السنّة 48,49
6. شرح السنّة اللاّ لكائي ص 23
7. شرح السّنّة للبغوي ص 227
8. الإبانة 2/365 ، (نقلا عن السّنّة ص 56
9. الإبانة ص 57

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top