ഇസ്സത്ത്: അജയ്യമായ ആദര്‍ശപ്രഭാവം
അബ്ദുല്ലത്വീഫ് കൊടുവള്ളി
പ്രതാപം, യശസ്സ്, പ്രഭാവം, പ്രൗഢി, അന്തസ്സ്, ശക്തി, മേധാവിത്വം, ഉയര്‍ച്ച, വിസമ്മതം എന്നൊക്കെയാണ് 'ഇസ്സത്ത്' എന്ന പദത്തിന്റെ അര്‍ഥം. أرض عزاز എന്നാല്‍ ഉറച്ച ഭൂമി. عزّز الماء الأرض എന്നാല്‍ കാലുകള്‍ പൂണ്ടുപോവാത്തവിധം വെള്ളം ഭൂമിയെ ഉറപ്പുള്ളതാക്കി. വിസമ്മതം, അതിജയം എന്നിവ ഇസ്സത്തിന്റെ കേന്ദ്ര ആശയമാണ്.
ഇസ്സത്ത്: പദവിശകലനം
العزُّ: هو في الأصل: القوّة والشدّة والغلبة والرفعة والإمتناع
'ഇസ്സത്ത്' എന്നതിന്റെ അടിസ്ഥാന ആശയം ശക്തി, കാഠിന്യം, അതിജയം, ഉയര്‍ച്ച, വിസമ്മതം എന്നിവയാണ്. അവ മൂന്നായി സംഗ്രഹിക്കാം:
1. الغلبة: من عَزَّ بَزَّ اَيْ: من غلب سلب يقال منه: عَزَّ يَعُزُّ وعزّني في الخطاب (ص: 23)
2. الشدّة والقوّة. يقال منه: عَزَّ يَعَزُّ
3. أن يكون بمعنى نفاسة القَدْر: عَزَّ يَعِزُّ
العَزَاز: مَا صلُب من الأرض واشتدّ و خشُنَ
ഉറച്ച് കടുത്ത് പരുഷമായ ഭൂമി.
اسْتعزّ الرّمل: تماسك فلم ينْهل
വെള്ളം കുടിക്കാത്തവിധം മണല്‍ തരികള്‍ തമ്മില്‍ പറ്റിപ്പിടിച്ചു.
വന്‍ മഴ പെയ്ത് കാല് പൂണ്ടു പോവാത്ത വിധം ഭൂമി ഉറച്ചാല്‍ عزّزها وعزّز منها എന്നു പ്രയോഗിക്കും.
تعزّز لحم النّاقة ഒട്ടകത്തിന്റെ മാംസം ഉറപ്പുള്ളതായി.
فرس مُعْتَزَّة ഉറപ്പുള്ള മാംസത്തോടു കൂടിയ ഒട്ടകം.
ناقة عَزُوز മാംസ പേശികള്‍ ഉറപ്പുള്ളതായതിനാല്‍ പാല്‍ പുറത്തേക്ക് വരാന്‍ പ്രയാസമുള്ള ഒട്ടകം.
നിർവചനം
العزّة حالة مانعة للإنسان من أن يُغلب
'മറ്റുള്ളവരാല്‍ തോല്‍പിക്കപ്പെടുന്നതില്‍നിന്ന് മനുഷ്യനെ തടയുന്ന അവസ്ഥ.'
العزّة في الإسلام حالة يستشعرها الدّاخل في الإسلام بمجرّد نطقه للشهادتين
'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്' എന്ന സത്യസാക്ഷ്യവചനം ഉച്ചരിക്കുന്നതോടെ ഇസ് ലാമില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് അനുഭവ വേദ്യമാകുന്ന അവസ്ഥാ വിശേഷമാണ് ഇസ്സത്ത് അഥവാ അജയ്യത. മറ്റൊരു നിർവചനം ഇങ്ങനെ:
حالة نفسيّة الّتي يصاحبها قوّة معنويّة وتنبثق منهما أقوال وأفعال تدلّ على الشعور بالفخر والإستيلاء والاستقلال عن الكافرين وصدق الإنتماء لهذ الدّين مع تواضع ورحمة بالمؤمنين
'ധാര്‍മിക ശക്തി കൂട്ടുള്ള മാനസികാവസ്ഥ. അവ രണ്ടും വഴി അഭിമാനവും അധീശത്വവും സത്യനിഷേധികളില്‍നിന്ന് സ്വാതന്ത്ര്യവാഞ്ഛയും സത്യവിശ്വാസികളോട് കരുണയും വിനയവും ഉള്ളതോടൊപ്പം ഇസ് ലാമിലേക്ക് സത്യസന്ധമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവൃത്തികളും ഉറവെടുക്കുന്നു' തൗബ: 33, ഫത്ഹ്: 28, സ്വഫ്ഫ്: 9 എന്നീ സൂക്തങ്ങള്‍ മേല്‍ അജയ്യത എടുത്തു കാണിക്കുന്ന സൂക്തങ്ങളാണ്.
സത്യവിശ്വാസവും പ്രതാപവും ഒരു ചെടിയില്‍ നിന്നുണ്ടാവുന്ന രണ്ടു ചിനപ്പുകള്‍ പോലെയാണ്. രണ്ടും വേര്‍പിരിയില്ല. അഥവാ ഒന്നിന്റെ അഭാവത്തില്‍ മറ്റേതിന് നിലനില്‍പ്പില്ല. സത്യവിശ്വാസം ഹൃദയത്തില്‍ രൂഢമൂലമാകുന്ന മുറക്ക് ഇസ്സത്തിന്റെ പ്രഭാവം അനുഭവവേദ്യമാവും. മനുഷ്യന്‍ എന്ന നിലയില്‍ തന്റെ യഥാര്‍ഥ വില എന്താണെന്ന് മനസ്സിലാക്കാതെ, അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അവകാശപ്പെടുന്നത് അഹങ്കാരവും, ഭൗതിക താല്‍പര്യങ്ങള്‍ക്ക് വിധേയനാവാതെ തന്റെ യഥാര്‍ഥ മൂല്യം തിരിച്ചറിയുമ്പോള്‍ കൈവരുന്ന മഹനീയ പദവി ഇസ്സത്തുമാണ്.
വിശുദ്ധ ഖുര്‍ആന്‍ ഇസ്സത്തിനെ സത്യവിശ്വാസികളുമായി ബന്ധപ്പെടുത്തി പുകഴ്ത്തിയും സത്യനിഷേധികളുമായി ചേര്‍ന്ന് ഇകഴ്ത്തിയുമാണ് അവതരിപ്പിക്കുന്നത്.
وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ
'അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം' (മുനാഫിഖൂന്‍: 8). യഥാര്‍ഥവും സ്ഥായിയുമായ പ്രതാപം എന്നു വിവക്ഷ. എന്നാല്‍ സത്യനിഷേധികള്‍ അവകാശപ്പെടുന്ന പ്രതാപം അന്തിമവിശകലനത്തില്‍ നിന്ദ്യതയും ഹീനത്വവുമായാണ് ഭവിക്കുക. كلّ عزّ ليس بالله فهو ذُلّ 'അല്ലാഹുവിനെ മുന്‍നിര്‍ത്തിയുള്ളതല്ലാത്ത എല്ലാ പ്രതാപവും നിന്ദ്യതയാണ്' എന്ന നബിവചനത്തിന്റെ ആശയം അതാണ്.
وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لِّيَكُونُوا لَهُمْ عِزًّا ﴿٨١﴾ كَلَّاۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا
'അല്ലാഹുവിനെ കൂടാതെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്; അവര്‍ ഇവര്‍ക്ക് പിന്‍ബലമാകുന്നതിനുവേണ്ടി. തീര്‍ച്ചയായും അവര്‍ -ദൈവങ്ങള്‍- അവരുടെ -ബഹുദൈവവിശ്വാസികളുടെ ഇബാദത്തിനെ നിഷേധിക്കുകയും അവര്‍ക്ക് എതിരായി (പരലോകത്ത്) നിലകൊള്ളുകയും ചെയ്യുന്നതായിരിക്കും' (മര്‍യം: 81). സുമര്‍ 3 ഇതേ ആശയമാണ് ഊന്നുന്നത്. ആയതിനാല്‍ യഥാര്‍ഥ പ്രതാപം കാംക്ഷിക്കുന്നവര്‍ അത് അല്ലാഹുവില്‍നിന്നുതന്നെ നേടിയെടുക്കാന്‍ ശ്രമിക്കണം.
مَن كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًاۚ 'ആരെങ്കിലും പ്രതാപം ഉദ്ദേശിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രതാപം അഖിലവും അല്ലാഹുവിന്നാകുന്നു' (ഫാത്വിര്‍ 10).
بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ 'എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു (സ്വാദ്: 2) എന്ന സൂക്തം സത്യനിഷേധികളുടെ മിഥ്യാ പ്രതാപബോധത്തെ ഇകഴ്ത്തുന്നതാണ്.
ഇസ്സത്ത് ഖുര്‍ആനില്‍
ഖുര്‍ആനില്‍ ഇസ്സത്ത് എന്ന പദം മൂന്ന് തരത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
1. മഹത്വം, പ്രതാപം
فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ
'അപ്പോള്‍ അവര്‍ തങ്ങളുടെ (ജാലവിദ്യക്കാര്‍) കയറുകളും വടികളും ഇട്ടു. അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്റെ പ്രതാപം തന്നെയാണ! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍.'
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ
'അവന്‍ -ഇബ്‌ലീസ്- പറഞ്ഞു: നിന്റെ പ്രതാപമാണ! അവരെ മുഴുവന്‍ ഞാന്‍ വഴി തെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരൊഴികെ' (സ്വാദ് 82).
2. അലംഘ്യത, അജയ്യത
الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَۚ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا
'സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ -സത്യനിഷേധികളുടെ- അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു' (നിസാഅ്: 139).
3. ദുരഭിമാനം
وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِۚ فَحَسْبُهُ جَهَنَّمُۚ وَلَبِئْسَ الْمِهَادُ
'അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരോടെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ചു നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത (ബഖറ 206).
بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ
'എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു' (സ്വാദ്: 2).
ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണത്തില്‍ ഇസ്സത്തിന് മൂന്ന് വിവക്ഷകളുണ്ട്. ശക്തിപ്രതാപം, വിസമ്മത പ്രതാപം, അധീശ പ്രതാപം. മൂന്നു അര്‍ഥങ്ങളിലുമുള്ള പ്രതാപം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്.
ഇസ്സത്ത് നബിവചനങ്ങളില്‍
നബി(സ) മക്കാ-മദീനാ ജീവിതകാലഘട്ടങ്ങളിലെല്ലാം സ്വഹാബികളില്‍ സന്ദര്‍ഭോചിതം ആശയ-പ്രവൃത്തി മണ്ഡലങ്ങളിലെല്ലാം ഇസ്സത്തീ ബോധം വളര്‍ത്തിയെടുത്തു. അതുവഴി അവരില്‍ ആത്മവിശ്വാസം രൂഢമൂലമായി. മുസ്‌ലിംകളുടെ ആദ്യകാലത്തെ ദാരിദ്ര്യവും ന്യൂനപക്ഷാവസ്ഥയും നേരില്‍ കണ്ടതിനാല്‍ ഇസ്‌ലാം സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന അദിയ്യുബ്‌നു ഹാതിമിന് ഇസ് ലാമിലേക്ക് വരാന്‍ പ്രചോദനമായത്, ഇസ് ലാമിന് ഭാവിയില്‍ വരാനിരിക്കുന്ന വിവിധങ്ങളായ ഇസ്സത്തിനെക്കുറിച്ച നബി(സ)യുടെ ദീര്‍ഘദര്‍ശനങ്ങളായിരുന്നു. അത് പുലരുന്നതു കാണാന്‍ അദിയ്യിന് അവസരവുമുണ്ടായി. (അദിയ്യിന്റെ ഇസ്‌ലാമാശ്ലേഷ ചരിത്രം കാണുക)
നബി(സ) പ്രസ്താവിച്ചതായി തമീമുദ്ദാരി ഉദ്ധരിക്കുന്നു:
ليَبْلُغن هذا الأمر ما بلغ اللَّيل والنَّهار، ولا يترك الله بيت مَدَرٍ ولا وَبَرٍ إلَّا أدخله اللهُ هذا الدِّين، بِعِزِّ عَزِيزٍ أو بِذُلِّ ذَليلٍ، عِزًّا يُعِزُّ الله به الإسلام، وذُلًّا يُذِلُّ الله به الكفر، وكان تميم الدَّاري يقول: قد عرفت ذلك في أهل بيتي، لقد أصاب من أسلم منهم الخيرُ والشَّرَف والعزُّ، ولقد أصاب من كان منهم كافرًا الذُّل والصَّغَار والجِزْية.
തമീമുദ്ദാരിയില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും ഈ കാര്യം -ഇസ്‌ലാം- രാവും പകലും എത്തുന്നേടത്തെല്ലാം എത്തുക തന്നെ ചെയ്യും. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും അല്ലാഹു ഇസ്‌ലാമിനെ പ്രവേശിപ്പിക്കാതിരിക്കില്ല; പ്രതാപിയുടെ പ്രതാപത്താലും നിന്ദ്യന്റെ നിന്ദ്യതയാലും. (ഇസ്‌ലാം സ്വീകരിക്കുന്നവര്‍ പ്രതാപികളാവും അല്ലാത്തവര്‍ നിന്ദ്യരാവും) അതുവഴി അല്ലാഹു ഇസ്‌ലാമിന് പ്രതാപമുണ്ടാക്കും. സത്യനിഷേധത്തിന് നിന്ദ്യതയും.' ഹദീസ് ഉദ്ധരിച്ച തമീമുദ്ദാരി പറയുന്നു: നബി(സ) പറഞ്ഞ കാര്യം എന്റെ കുടുംബത്തില്‍ നിന്നറിയാന്‍ എനിക്ക് കഴിഞ്ഞു. അവരിലെ ഇസ് ലാം സ്വീകരിച്ചവര്‍ക്ക് നന്മയും മാന്യതയും പ്രതാപവും ലഭിച്ചു. അവരിലെ സത്യനിഷേധിക്ക് നിന്ദ്യതയും നിസ്സാരതയും ബാധിച്ചു. ജിസ്‌യ ഒടുക്കേണ്ടി വന്നു.' (അഹ്‌മദ്).
മിഖ്ദാദുബ്‌നുല്‍ അസ്‌വദില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചതായി ഞാന്‍ കേട്ടു.
لا يبقى على ظهر الأرض بيت مَدَرٍ، ولا وَبَرٍ، إلَّا أدخله الله كلمة الإسلام، بِعزِّ عَزِيزٍ، أو ذُلِّ ذَلِيلٍ، إمَّا يُعِزُّهم الله، فيجعلهم من أهلها، أو يُذِلهُّم، فيدينون لها
'ഭൂമുഖത്തെ നഗര-ഗ്രാമങ്ങളിലെ ഒരു വീട്ടിലും അല്ലാഹു ഇസ്‌ലാമിനെ പ്രവേശിപ്പിക്കാതിരിക്കില്ല. പ്രതാപിയെ പ്രതാപിയാക്കിയും, നിന്ദ്യനെ നിന്ദ്യനാക്കിയും. ഒന്നുകില്‍ അല്ലാഹു അവരെ അതിന്റെ അനുയായികളാക്കി പ്രതാപികളാക്കും. അല്ലെങ്കില്‍ അവരെ നിന്ദ്യരാക്കി അതിന് വിധേയരാക്കും. (അഹ്‌മദ്) (തൗബ: 33 കാണുക).
ഉമറിനെ പോലുള്ളവരുടെ ഇസ്‌ലാമാശ്ലേഷം അക്ഷരാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ഇസ്സത്തീ പ്രഭാവത്തിന്റെ നേര്‍ ചിത്രമായിരുന്നു. مَازِلْنَا أَعِزَّةً مُنْذُ أَسْلَمَ عُمَرُ كان إسلامه فتحًا 'ഉമര്‍ ഇസ്‌ലാം സ്വീകരിച്ചതോടെ ഞങ്ങള്‍ പ്രതാപികളായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷം തുറന്ന വിജയമായിരുന്നു.' എന്ന ഇബ്‌നു മസ്ഊദിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
അതാതവസരങ്ങളില്‍ സ്വഹാബികളില്‍ ഇസ്സത്ത് ബോധം ഉണ്ടാക്കിയെടുക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം നബി(സ) പ്രായോഗികമായി തന്നെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഹി. 5-ാം വര്‍ഷം സാമ്പത്തിക താല്‍പര്യം മുന്‍നിര്‍ത്തി സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന ഗത്വ്ഫാന്‍ ഗോത്രത്തെ മദീനയിലെ മൂന്നിലൊന്ന് ഈത്തപ്പഴം നല്‍കി പിന്‍മാറ്റാം എന്ന നബി(സ)യുടെ നിര്‍ദേശം അല്ലാഹുവിന്റെ വഹ്‌യല്ലെങ്കില്‍ പുനപരിശോധിക്കണമെന്ന് സ്വഹാബികള്‍ ആവശ്യപ്പെടുകയുണ്ടായി. സഅ്ദുബ്‌നു മുആദ്(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, നാമും ഇവരും ബഹുദൈവ വിശ്വാസത്തിലും വിഗ്രഹാരാധനയിലുമായിരുന്നു. അവര്‍ക്ക് മദീനയിലെ ഈത്തപ്പഴം വിലയ്ക്കു വാങ്ങിയോ ആതിഥ്യമായോ അല്ലാതെ അനുഭവിക്കാന്‍ സാധ്യമല്ല. അല്ലാഹു നമ്മെ ഇസ് ലാം കൊണ്ട് ആദരിക്കുകയും അതിലേക്ക് നമ്മെ മാര്‍ഗദര്‍ശനം നല്‍കുകയും താങ്കളും ഇസ്‌ലാമും വഴി അവന്‍ നമ്മെ പ്രതാപികളാക്കുകയും ചെയ്തിരിക്കെ നാം അവര്‍ക്ക് എന്തിന് നമ്മുടെ ധനം നല്‍കണം?... തന്റേത് തികച്ചും വ്യക്തിപരമായ അഭിപ്രായമായിരുന്നതിനാല്‍ നബി(സ) സ്വഹാബികളുടെ അഭിപ്രായം സ്വീകരിക്കുകയും അതുവഴി അവര്‍ക്ക് കൂടുതല്‍ ഇസ്സത്ത് പകരുകയുമുണ്ടായി. ഇസ്സത്ത് പകരുന്നതില്‍ ഖുര്‍ആന്‍ മാധ്യമമായി.
إن الله يرفع بهذ الكتاب اقواما ويضع به آخرين
ഖുര്‍ആന്‍ മുഖേന അല്ലാഹു ചില സമൂഹങ്ങളെ ഉയര്‍ത്തുകയും സത്യനിഷേധികളെ താഴ്ത്തുകയും ചെയ്യും.
നബി(സ)യുടെ ആഗമനകാലം വരെ അറേബ്യയില്‍ നിലനിന്നിരുന്ന പ്രതാപത്തിന്റെ മാനദണ്ഡങ്ങള്‍ അതിനുശേഷം മാറിമറിഞ്ഞതിന്റെ ധാരാളം സംഭവ സാക്ഷ്യങ്ങള്‍ നമുക്ക് കാണാം. മക്കയില്‍ ഉമറിന്റെ ഗവര്‍ണറായിരുന്ന ഖുസാഅ ഗോത്രജനായ നാഫിഉബ്‌നു അബ്ദില്‍ ഹാരിസിനെ ഒരിക്കല്‍ ഉസ്ഫാനില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഉമര്‍(റ) ചോദിച്ചു: 'നിങ്ങളുടെ പ്രതിനിധി ആരാണ്?' വിമോചിത അടിമ ഇബ്‌നു അബ്‌സാ. ഉമര്‍(റ): 'വിമോചിത അടിമയെയാണോ പ്രതിനിധിയാക്കിയത്? നാഫിഅ്: 'അദ്ദേഹത്തിന് ഖുര്‍ആന്‍ നന്നായറിയാം, അനന്തരാവകാശ നിയമങ്ങളും നല്ല വശമുണ്ട്' ഉമര്‍: 'തീര്‍ച്ചയായും അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹങ്ങളെ ഉയര്‍ത്തും, മറ്റു ചിലരെ താഴ്ത്തും' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ തന്നെ വന്നു കണ്ട ഇമാം സുഹ്‌രിയോട് അബ്ദുല്‍ മലിക് ബ്‌നു മർവാന്‍ ചോദിച്ചു: 'നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?' സുഹ്‌രി: 'മക്കയില്‍നിന്ന്' 'അവിടത്തെ താങ്കളുടെ പ്രതിനിധി?' 'അത്വാഉബ്‌നു റബാഹ്' 'അറബ് വംശജനോ, വിമോചിത അടിമയോ?' 'വിമോചിത അടിമ' 'എങ്ങനെ നേതൃത്വത്തിലെത്തി?' 'ദീനും ഹദീസ് നിവേദനവും വഴി' അബ്ദുല്‍ മലിക്: 'ദീനും ഹദീസ് വിജ്ഞാനീയവും ഉള്ളവര്‍ തന്നെ അധികാരത്തില്‍ വരണം' 'യമനില്‍ ആര്‍ക്കാണ് നേതൃത്വം?' 'ത്വാവൂസുബ്‌നു കൈസാന്‍.' 'അറബ് വംശജനോ, വിമോചിത അടിമയോ?' 'വിമോചിത അടിമ' 'നേതൃത്വത്തിലെത്തിയത് എങ്ങനെ?' 'മക്കയില്‍ അത്വാഅ് എത്തിയതുപോലെത്തന്നെ' 'ഈജിപ്തില്‍ ആര്‍ക്കാണ് നേതൃത്വം?' 'യസീദുബ്‌നു അബീ ഹബീബ്.' അറബ് വംശജനോ, വിമോചിത അടിമയോ?' 'വിമോചിത അടിമ' 'ശാമില്‍ ആര്‍ക്കാണ് നേതൃത്വം?' 'മക്ഹൂല്‍' 'അറബ് വംശജനോ വിമോചിത അടിമയോ?' 'വിമോചിത അടിമ' 'അല്‍ ജസീറയില്‍ ആരാണ്?' 'മൈമൂനുബ്‌നു മിഹ്‌റാന്‍' 'അറബ് വംശജനോ, വിമോചിത അടിമയോ?' 'വിമോചിത അടിമ' 'ഖുറാസാനില്‍ ആര്‍ക്കാണ് നേതൃത്വം?' 'ദ്വഹ്ഹാകുബ്‌നു മുസാഹിം' 'അറബ് വംശജനോ, വിമോചിത അടിമയോ?' 'വിമോചിത അടിമ' 'ബസ്വ്‌റയിലെ നേതൃത്വം?' 'ഹസനുബ്‌നു അബില്‍ ഹസന്‍' 'അറബ് വംശജനോ, വിമോചിത അടിമയോ?' 'അറബ് വംശജന്‍' 'സുഹ്‌രീ! നിങ്ങള്‍ എനിക്ക് ആശ്വാസം തന്നു. അല്ലാഹുവാണ, വിമോചിത അടിമകള്‍ അറബികളുടെ മേല്‍ അധികാരം വാഴും. അവര്‍ മിമ്പറുകളില്‍ പ്രസംഗിക്കും. അറബികള്‍ മിമ്പറുകള്‍ക്ക് താഴെ ഇരിക്കും.' ഇമാം സുഹ്‌രി: 'അമീറുല്‍ മുഅ്മിനീന്‍! അല്ലാഹുവിന്റെ ദീന്‍ അങ്ങനെയാണ്. അതിനെ ആര്‍ കാത്ത് സംരക്ഷിക്കുമോ, അവര്‍ അതിനെ ഭരിക്കും. അതിനെ ആര്‍ പാഴാക്കിയോ അവര്‍ അധഃപതിക്കും.'
മക്കാ ഘട്ടത്തില്‍ നബി(സ) സത്യവിശ്വാസികളില്‍ ഇസ്സത്ത് എന്ന അഭിജാത ആശയം നട്ടുവളര്‍ത്തി. മദീനാഘട്ടത്തില്‍ ലഭിച്ച അവസരങ്ങളിലെല്ലാം ശത്രുക്കള്‍ക്ക് മുമ്പാകെ ഇസ്സത്ത് മനസാ-വാചാ-കര്‍മണാ പ്രകടിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
വിശ്വാസദാര്‍ഢ്യം, പ്രാര്‍ഥന, തവക്കുല്‍, ഭയഭക്തി, ഖുര്‍ആന്‍ പാരായണം, മനനം, ജ്ഞാനാര്‍ജ്ജനം, കര്‍മനിഷ്ഠ, അല്ലാഹുവിന്റെ സഹായത്തെയും ഇസ്‌ലാമിന്റെ ജയത്തെയും കുറിച്ച ആത്മവിശ്വാസം, ഭൗതിക പ്രമത്തതയില്‍ നിന്നു മോചനം, പാതിവ്രത്യം, അല്ലാഹുവിനോടുള്ള ആഭിമുഖ്യം മുതലായവയിലൂടെ സത്യവിശ്വാസികളെ നബി(സ) ശക്തരാക്കിയെടുത്തു. 'ശക്തനായ സത്യവിശ്വാസി' എന്ന നബി(സ)യുടെ പരാമര്‍ശം കായികം എന്നതോടൊപ്പം ഈ നിലകളിലെല്ലാമുള്ള ശാക്തീകരണമാണ് വിവക്ഷിക്കുന്നത്.
ശക്തമായ ആദര്‍ശാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന സത്യവിശ്വാസി ആദര്‍ശവിരുദ്ധ വ്യക്തികളോടും ശക്തികളോടും അടിയറവുപറയാതെയും വഴങ്ങിക്കൊടുക്കാതെയും വിസമ്മതം പ്രകടിപ്പിക്കുന്നതായിരിക്കും. ഇതേക്കുറിച്ച് ഉമര്‍(റ) പറയുന്നത് കാണുക.
أحبّ الرجل إذا سيم خطّة خسف أن يقول بملإ فيه لا
'തന്നെ നിന്ദ്യനാക്കി താന്‍ ഇഷ്ടപ്പെടാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയുമാണെങ്കില്‍ 'ഇല്ല, ചെയ്യില്ലെ'ന്ന് വായ നിറച്ച് വിളിച്ചു പറയുന്നയാളെ ഞാന്‍ ഇഷ്ടപ്പെടുന്നു.'
ഇസ്‌ലാമിക വീക്ഷണത്തില്‍ അധിക്ഷേപകരമായ ഇസ്സത്ത് ബോധം
ചരിത്രത്തില്‍ പല കാലങ്ങളിലായി പലതിന്റെയും പേരില്‍ മനുഷ്യര്‍ തങ്ങള്‍ പ്രതാപികളാണ് എന്ന് അവകാശപ്പെട്ടു വന്നിട്ടുണ്ട്. അത്തരം അവകാശ വാദങ്ങളെ ഇസ് ലാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പരിശോധിക്കാം.
പൂർവപിതാക്കളുടെ പേരില്‍
قَالُوا أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَاۖ
'അവര്‍ -ഹൂദിന്റെ ജനത- പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?' (അഅ്‌റാഫ്: 70) ഹൂദ് നബിയോട് ആദ് സമുദായവും മൂസാ നബിയോട് ഫറോവയും (യൂനുസ് 78), ഹൂദ് 62-ല്‍ സമൂദ് ഗോത്രം സ്വാലിഹ് നബിയോടും, ഹൂദ് 87-ല്‍ ശുഐബ് നബിയോട് മദ്‌യന്‍ ജനതയും, ഹൂദ് 109-ല്‍ മക്കയിലെ ബഹുദൈവ വാദികള്‍ മുഹമ്മദ് നബിയോടും, കൂടാതെ പിഴച്ച എല്ലാ വിഭാഗങ്ങളും ഇതേ ന്യായമാണ് മുന്നോട്ടു വെച്ചിരുന്നതെന്ന് സുഖ്‌റുഫ് 22-24 ലും ഖുര്‍ആന്‍ പറയുന്നുണ്ട്. മാഇദ 104, ലുഖ്മാന്‍ 21, ശുഅറാഅ് 74, സ്വാഫ്ഫാത്ത് 69, അന്‍ആം 148 ഉള്‍പ്പെടെ ധാരാളം സൂക്തങ്ങളില്‍ യാഥാര്‍ഥ്യ നിഷ്ഠമല്ലാത്ത പിതൃപാരമ്പര്യ വാദത്തെ തള്ളിപ്പറയുന്നുണ്ട്. പൂർവപിതാക്കള്‍ ചിന്തിക്കുന്നവരോ സന്മര്‍ഗ പ്രാപ്തരോ അല്ലെങ്കില്‍ പോലും ഇവര്‍ അവരെ പിന്‍പറ്റിക്കളയുന്നു എന്നതാണ് ഖുര്‍ആന്‍ അവര്‍ക്കെതിരെ ഉയര്‍ത്തുന്ന ന്യായം.
അതേസമയം ശര്‍ഈ അനുവാദത്തിന്റെ പരിധിയില്‍ വരുന്നതും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വിടുന്നതുമായ വിഷയങ്ങളില്‍ പിതൃപാരമ്പര്യങ്ങള്‍ സ്വീകരിക്കുകയാവാം. മാതാപിതാക്കള്‍ തുടര്‍ന്നുവന്ന ഋജുവായ ദൈവവിശ്വാസവും ദീനും പിന്‍പറ്റുന്നതും ശ്ലാഘനീയമാണ്.
وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَۚ مَا كَانَ لَنَا أَن نُّشْرِكَ بِاللَّهِ مِن شَيْءٍۚ ذَٰلِكَ مِن فَضْلِ اللَّهِ عَلَيْنَا وَعَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ
'എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് (സന്മാര്‍ഗം). പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദി കാണിക്കുന്നില്ല. (യൂസുഫ് 38) താഴെ സൂക്തവും തുടര്‍ന്നു പോരുന്ന നന്മകള്‍ അതേവിധം തുടരണം എന്ന ആശയമാണ് സൂചിപ്പിക്കുന്നത്.
ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
'എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ഥാടകര്‍) എവിടെനിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ബഖറ 199).
ഈവിധം, മതപരമായി തീര്‍ച്ചയുള്ള വിഷയങ്ങളില്‍ പാരമ്പര്യം പിന്തുടരുന്നത് നിരോധിതമോ അധിക്ഷേപാര്‍ഹമോ അല്ല. അവ ഖണ്ഡിതങ്ങളാണ്. വ്യത്യസ്ത അര്‍ഥ സാധ്യതകളോ വ്യാഖ്യാന മുഖങ്ങളോ ഇല്ലാത്തവയാണ്. അതുകൊണ്ട് അധിക്ഷേപാര്‍ഹമായ പാരമ്പര്യ വാദവുമായി അതിനെ സമീകരിക്കരുത്.
കേവല വംശീയമായ അഭിമാനബോധത്തെ അവമതിച്ചുകൊണ്ട് നബി(സ) പറയുന്നത് കാണുക:
عَنْ أَبِي هُرَيْرَةَ(ر)، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ لَيَنْتَهِيَنَّ أَقْوَامٌ يَفْتَخِرُونَ بِآبَائِهِمُ الَّذِينَ مَاتُوا إِنَّمَا هُمْ فَحْمُ جَهَنَّمَ أَوْ لَيَكُونَنَّ أَهْوَنَ عَلَى اللَّهِ مِنَ الْجُعَلِ الَّذِي يُدَهْدِهُ الْخِرَاءَ بِأَنْفِهِ إِنَّ اللَّهَ قَدْ أَذْهَبَ عَنْكُمْ عُبِّيَّةَ الْجَاهِلِيَّةِ وَفَخْرها بالآباء إِنَّمَا هُوَ مُؤْمِنٌ تَقِيٌّ وَفَاجِرٌ شَقِيٌّ، النَّاسُ كُلُّهُمْ بَنُو آدَمَ وَآدَمُ خُلِقَ مِنْ تُرَابٍ” .(ابوداود، حسنه الألبانى في صحيح سنن الترمذي 3955).
അബുഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'തങ്ങളുടെ മരിച്ചുപോയ പിതാക്കളെ ചൊല്ലി അഭിമാനം പറയുന്ന ആളുകള്‍ അതില്‍നിന്ന് വിരമിച്ചു കൊള്ളട്ടെ. തീര്‍ച്ചയായും അവര്‍ നരകത്തിലെ കരിക്കട്ടയാണ്. അഥവാ തന്റെ മൂക്കു കൊണ്ട് വിസര്‍ജ്യം ഉരുട്ടിക്കൊണ്ടുപോകുന്ന ചാണക വണ്ടിനേക്കാള്‍ അല്ലാഹുവിങ്കല്‍ അവര്‍ നിസ്സാരരാണ്. തീര്‍ച്ചയായും അല്ലാഹു, പ്രാഗ് ഇസ്‌ലാമിക കാലത്തെ ഔദ്ധത്യവും പിതാക്കന്മാരെ ചൊല്ലിയുള്ള അഭിമാനം കൊള്ളലും നിങ്ങളില്‍നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. മനുഷ്യന്‍ ഒന്നുകില്‍ ഭക്തനായ സത്യവിശ്വാസി, അല്ലെങ്കില്‍ നിര്‍ഭാഗ്യവാനായ അധര്‍മി. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍, ആദമാകട്ടെ മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'' (അബൂദാവൂദ്)
2. ഗോത്രാഭിമാനം
ഗോത്രം എന്ന പദത്തിന്റെ അറബിയായ 'ഖബീല'യുടെ അര്‍ഥം الجماعة المجتمعة التي يقبل بعضها على بعض 'അന്യോന്യം ആഭിമുഖ്യം കാണിക്കുന്ന സംഘടിത കൂട്ടായ്മ' എന്നാണ്. ഏതാണ്ട് ഇതേ അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച മറ്റൊരു പദമാണ് 'റഹ്ത്വ്'. സ്വന്തം ജനത, അടുത്ത ബന്ധുക്കള്‍ എന്നര്‍ഥം.
വംശാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ശത്രുക്കളുടെ നിലപാടിനു പകരം, അഭിമാന പ്രതാപങ്ങളത്രയും അല്ലാഹുവുമായി മാത്രം ബന്ധപ്പെടുത്തുന്ന ശുഐബ് നബിയുടെ മറു നിലപാട് ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക.
قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَاكَ فِينَا ضَعِيفًاۖ وَلَوْلَا رَهْطُكَ لَرَجَمْنَاكَۖ وَمَا أَنتَ عَلَيْنَا بِعَزِيزٍ ﴿٩١﴾ قَالَ يَا قَوْمِ أَرَهْطِي أَعَزُّ عَلَيْكُم مِّنَ اللَّهِ وَاتَّخَذْتُمُوهُ وَرَاءَكُمْ ظِهْرِيًّاۖ إِنَّ رَبِّي بِمَا تَعْمَلُونَ مُحِيطٌ ﴿٩٢﴾
'അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചേടത്തോളം അല്ലാഹുവേക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറംതള്ളിക്കളഞ്ഞിരിക്കുകയുമാണോ? തീര്‍ച്ചയായും എന്റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.' (ഹൂദ് 91,92).
أربع في أمتي من أمر الجاهلية لا يتركونهن: الفخر بالأحساب، والطعن في الأنساب
'എന്റെ സമുദായത്തില്‍ നാല് ജാഹിലിയ്യാ കാര്യങ്ങള്‍ നിലനില്‍ക്കും. അവര്‍ അത് ഒഴിവാക്കുകയില്ല. തറവാടിത്തത്തിന്റെ പേരിലുള്ള ദുരഭിമാനം, (അന്യരുടെ) വംശമൂലങ്ങളെ ആക്ഷേപിക്കുക.... (മുസ്‌ലിം).
3. ഭൗതിക സൗകര്യങ്ങളുടെ പേരിലുള്ള ദുരഭിമാനം
ഒരു തോട്ടമുടമയും അയാളുടെ സുഹൃത്തും തമ്മിലുള്ള സംഭാഷണം ഉദ്ധരിക്കവെ തോട്ടമുടമ പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا
'ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും' (കഹ്ഫ്: 34).
ഭൗതിക പ്രകടന ഭാവങ്ങളില്‍ പ്രധാനമായ വേഷഭൂഷകളുടെ പേരില്‍ അഭിമാനം കൊള്ളുന്നതിനെക്കുറിച്ച് നബി(സ) പറയുന്നു:
من لبس ثوب شهرة في الدنيا، ألبسه الله ثوب مذلة يوم القيامة
ആരെങ്കിലും ദുൻയാവില്‍ പ്രസിദ്ധി ആഗ്രഹിച്ച് വസ്ത്രം ധരിച്ചാല്‍ അല്ലാഹു അയാളെ അന്ത്യനാളില്‍ നിത്യതയുടെ വസ്ത്രം ധരിപ്പിക്കുന്നതായിരിക്കും' (അഹ് മദ്, അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ).
4. ദൈവേതരരുടെ പേരില്‍
അല്ലാഹുവേതര വ്യാജദൈവങ്ങളെ ഉപജീവിച്ച് അഭിമാനം കൊള്ളുന്ന രീതി മനുഷ്യചരിത്രത്തില്‍ ധാരാളമുണ്ടായിട്ടുണ്ട്.
وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لِّيَكُونُوا لَهُمْ عِزًّا ﴿٨١﴾ كَلَّاۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴿٨٢﴾
'അല്ലാഹുവിനു പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്; അവര്‍ ഇവര്‍ക്കു പിന്‍ബലമാകുന്നതിനുവേണ്ടി. അല്ല, ഇവര്‍ ആരാധന നടത്തിയകാര്യം തന്നെ അവര്‍ നിഷേധിക്കുകയും അവര്‍ ഇവര്‍ക്ക് (ആരാധകര്‍ക്ക്) എതിരായിത്തീരുകയും ചെയ്യുന്നതാകുന്നു. (മര്‍യം 81,82).
വിഗ്രഹാരാധനയുടെ അടിസ്ഥാന ചേതോവികാരം ഭൗതിക മാത്ര താല്‍പര്യങ്ങളാണെന്ന് ഇബ്‌റാഹീം നബി പ്രസ്താവിച്ചത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.
وَقَالَ إِنَّمَا اتَّخَذْتُم مِّن دُونِ اللَّهِ أَوْثَانًا مَّوَدَّةَ بَيْنِكُمْ فِي الْحَيَاةِ الدُّنْيَاۖ
അദ്ദേഹം -ഇബ്‌റാഹീം- പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹിക ജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പേരില്‍ മാത്രമാകുന്നു-' (അന്‍കബൂത്ത് 25) ആരാധകരും ആരാധ്യരും തമ്മിലുള്ള കൂട്ടുകച്ചവടം പരസ്പരമുള്ള അഭിമാന പ്രകടനത്തിലേക്ക് നയിക്കുന്നു. ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രകടമാണ്.
5. ഇസ്‌ലാമേതര വിഭാഗങ്ങളുമായുള്ള ബാന്ധവത്തിലൂടെ അഭിമാനം കൊള്ളല്‍
വിവിധ ഇസ്‌ലാം വിരുദ്ധ വിഭാഗങ്ങളുമായി ചങ്ങാത്തത്തിലേര്‍പ്പെടുകയും അതുവഴി അഭിമാനം കൊള്ളുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ﴿١٣٨﴾ الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَۚ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا ﴿١٣٩﴾
'കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന 'സന്തോഷവാര്‍ത്ത' നീ അവരെ അറിയിക്കുക. സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' (നിസാഅ് 138,139).
'ഇസ്സത്തും' 'റഹ്‌മത്തും' ഒന്നിച്ചുവേണം
സത്യവിശ്വാസികള്‍ ഇസ്സത്ത് ആര്‍ജിച്ചിരിക്കണം എന്നതിന്റെ വിവക്ഷ, അതോടെ ഇതരരോട് പെരുമാറുന്നത് അധികാര പ്രഭാവത്തോടെയായിരിക്കണം എന്നല്ല. കാരുണ്യ സമന്വിതമായിരിക്കണം എല്ലാ ഇടപഴക്കങ്ങളും എന്നത്രെ. അധികാരവും പ്രതാപവും കൈവരുന്നതോടെ പ്രതാപികളായ ജനങ്ങളെ രാജാക്കന്മാര്‍ നിന്ദ്യരാക്കിക്കളയുന്നു എന്ന് ബല്‍ഖീസ് രാജ്ഞിയെ ഉദ്ധരിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് (നംല് 34) ഇസ്‌ലാമിക വീക്ഷണത്തില്‍ അന്തസ്സും പ്രതാപവും ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്ന നിലപാടാണ്. മനുഷ്യന്റെ മാന്യത ഉറപ്പാക്കുന്ന നടപടിയാണ്. അതിനാല്‍ തന്നെ പ്രതാപത്തെയും കാരുണ്യത്തെയും വേര്‍പ്പെടുത്തിയല്ല ഇസ്‌ലാം കാണുന്നത്, ചേര്‍ത്തുനിര്‍ത്തിയാണ്.
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ (തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാ നിധിയും എന്ന് ശുഅറാഅ് അധ്യായത്തില്‍ മാത്രം ഒമ്പതു തവണ ആവര്‍ത്തിച്ചിരിക്കുന്നു (9, 68, 104, 122, 140, 159, 175, 191, 217) റൂം 5, സജ്ദ 6, യാസീന്‍ 5, ദുഖാന്‍ 42 സൂക്തങ്ങളില്‍ الْعَزِيزُ الرَّحِيمُ എന്നും കാണാം.
والضعيف فيكم قوي عندي حتى آحذالحق له، والقوى فيكم ضعيف حتى آخذ الحق منه
'നിങ്ങളിലെ ദുര്‍ബലന്‍, ഞാന്‍ അയാള്‍ക്ക് അയാളുടെ അവകാശം നേടിക്കൊടുക്കുന്നതുവരെ ശക്തനായിരിക്കും. നിങ്ങളിലെ ശക്തന്‍, അയാളില്‍നിന്ന് ഞാന്‍ അവകാശം ഈടാക്കുന്നതുവരെ ദുര്‍ബലനായിരിക്കും' എന്ന അധികാരാരോഹണ വേളയില്‍ ഖലീഫ അബൂബക് ര്‍(റ) നടത്തിയ പ്രസ്താവന ചരിത്ര പ്രസിദ്ധമാണല്ലോ- അതായത്, ഏതുതരം പ്രതാപവും ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നര്‍ഥം. ഇസ് ലാമിക ചരിത്രത്തിലെ സച്ചരിതരായ ഭരണാധികാരികളെല്ലാം രണ്ടു ഗുണങ്ങളും ഒരുപോലെ പരിപാലിച്ചവരായിരുന്നു.
അതേസമയം പ്രതാപമുണ്ടെന്ന് കരുതുന്ന ചിലര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കും വിധം പ്രവര്‍ത്തിക്കുന്നതായി ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ ﴿٢٠٤﴾ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَۗ وَاللَّهُ لَا يُحِبُّ الْفَسَادَ ﴿٢٠٥﴾ وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِۚ فَحَسْبُهُ جَهَنَّمُۚ وَلَبِئْسَ الْمِهَادُ ﴿٢٠٦﴾
'ചില ആളുകളുണ്ട്. ഐഹിക ജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയ ശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ തിരിച്ചു പോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിളനശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ചു നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!' (ബഖറ 204-206).
പ്രതാപബോധം സത്യവിശ്വാസിയുടെ സഹജ ഗുണം
മുസ്‌ലിംകള്‍ ആദര്‍ശ പ്രചോദിതമായ പ്രതാപമനസ്സോടെയാവണം ജീവിക്കുന്നത്. ഏതു മേഖലയിലും ഉത്തമമായ നിലവാരം എന്നതാവണം അവരുടെ ലക്ഷ്യം. നബി(സ) പറയുന്നു:
إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ ، و أَشرافَها ، و يَكرَهُ سَفْسافَها
'തീര്‍ച്ചയായും അല്ലാഹു ശ്രേഷ്ഠവും മഹത്തരവുമായ കാര്യങ്ങളെ ഇഷ്ടപ്പെടുന്നു.' (ബൈഹഖി)
കര്‍മങ്ങളിലും സമയങ്ങളിലും സ്ഥലങ്ങളിലും നിലപാടുകളിലും എന്തിലുമേതിലും ഏറ്റവും ശ്രേഷ്ഠമായവ തെരഞ്ഞെടുക്കുക എന്നതായിരിക്കണം സത്യവിശ്വാസിയുടെ ശീലം. അങ്ങനെയാവുമ്പോള്‍ അതുവഴി അയാളില്‍ സദാ ഉല്‍ക്കര്‍ഷ ചിന്തയുണ്ടാവും. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍' (ആലുഇംറാന്‍: 139) എന്ന സൂക്തത്തിന്റെ പ്രസക്തി ഇതാണ്. ചെറുചെറു കാര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അപ്പുറം പ്രതാപം എന്ന ഉന്നതമായ ലക്ഷ്യം എത്തിപ്പിടിക്കാന്‍ വേണ്ടത് ത്യാഗമാണ്. മഹദ് കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയുമ്പോഴാണ് നമ്മുടെ സ്ഥാനമാനങ്ങള്‍ ഉയരുക, കേവല ഭൗതികമായ ആവശ്യങ്ങള്‍ നിവൃത്തിക്കാനുള്ള യത്‌നങ്ങള്‍ വലിയ പാരത്രിക ലക്ഷ്യം മറന്നു കൊണ്ടാവരുത്.
നമസ്‌കാരത്തില്‍ ജമാഅത്തായി സമയത്തിനു നമസ്‌കരിക്കുന്നതും, ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ ഇടം കണ്ടെത്തുന്നതും, നല്ലതും തൃപ്തിയുള്ളതും മാത്രം ദാനം ചെയ്യുന്നതും ദുരന്ത മുഖങ്ങളില്‍ മറ്റുള്ളവര്‍ക്കു മുമ്പെ എത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
إذا سَأَلْتُمُ اللَّهَ، فاسْأَلُوهُ الفِرْدَوْسَ، فإنَّه أوْسَطُ الجَنَّةِ وأَعْلَى الجَنَّةِ
'നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നുവെങ്കില്‍ ഫിര്‍ദൗസ് ചോദിക്കുക. കാരണം അത് സ്വര്‍ഗത്തിന്റെ മധ്യമാണ്, സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ്.
'അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദില്‍ പങ്കെടുത്തവരും പങ്കെടുക്കാത്തവരും മക്കാ വിജയത്തിനു മുമ്പ് ധനവ്യയം നടത്തിയവരും ശേഷം മാത്രം ധനം വിനിയോഗിച്ചവരും സമമല്ലെന്ന (നിസാഅ് 95, ഹദീദ് 10) സൂക്തങ്ങള്‍ ഇതേ ആശയമാണ് പ്രകാശിപ്പിക്കുന്നത്.
മഹാന്മാരുടെ ഇഛാശക്തി മാതൃകയാവണം
നബി(സ) നിര്യാതനായപ്പോള്‍ ഇബ്‌നു അബ്ബാസിന് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇബ്‌നു അബ്ബാസ് തന്റെ ചങ്ങാതിയായ ഒരു അന്‍സ്വാരി ബാലനോട് പറഞ്ഞു: 'നമുക്ക് നബി(സ)യുടെ കൂട്ടുകാരുടെ അടുത്തുപോയി അറിവുനേടാം. അന്‍സ്വാരി ബാലന്‍: 'അറിവുനേടിയിട്ട് എന്താണ് ഉദ്ദേശ്യം? പണ്ഡിതനാവണമെന്നോ?' അബൂബക്‌റും ഉമറും ഉസ്മാനും അലിയും പോലുള്ളവരുണ്ടായിരിക്കെ നീ എങ്ങെയാണ് പണ്ഡിതനാവുക? അവരോട് മത്സരിക്കാനോ?' അന്‍സ്വാരി ബാലന്‍ ഏതോ പണി പഠിക്കാന്‍ പോയി. ഇബ്‌നു അബ്ബാസ് അറിവു നേടാനും. മുപ്പതു വയസ്സായപ്പോഴേക്ക് പലനാടുകളില്‍നിന്നും ആളുകള്‍ കൂട്ടം കൂട്ടമായി വന്ന് ഇബ്‌നു അബ്ബാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഖുര്‍ആനിലും ഹദീസിലും ഫിഖ്ഹിലും അദ്ദേഹം അഗ്രഗണ്യനായി.
ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാവുകയും അതിന്നായി നിരന്തരം പ്രയത്‌നിക്കുകയും ചെയ്യുമ്പോഴാണ് ഇസ്സത്ത് കൈവരിക. നബി(സ)യും സ്വഹാബികളും ഇസ്സത്തു നേടിയത് ലക്ഷ്യം ഉണ്ടായതു കൊണ്ടുമാത്രമല്ല, അത് സാധിതമാക്കാനുള്ള പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതു കൊണ്ട് കൂടിയാണ്.
മനക്കരുത്തിലൂടെ കനത്ത പ്രതിബന്ധങ്ങളെ തകര്‍ത്ത് മുന്നേറിയ പലരെയും നമുക്ക് ചരിത്രത്തില്‍ കാണാം.
ഈജിപ്തിലെ അടിമക്കമ്പോളത്തിലേക്ക് വില്‍പനാര്‍ഥം കൊണ്ടുവരപ്പെട്ട് പില്‍ക്കാലത്ത് ഈജിപ്തിലും ശാമിലും ഭരണം നടത്തിയ നാലാം ഇഖ്ശീദി ഭരണാധികാരിയായ കാഫൂറുല്‍ ഇഖ്ശീദി (ഹി. 292-357/ക്രി. 905-968) തന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു അടിമയോട് ചോദിച്ചു: 'നിനക്ക് എന്താവാനാണ് ആഗ്രഹം?
അയാള്‍: 'വിചാരിക്കുമ്പോഴെല്ലാം, വിചാരിച്ചതെല്ലാം തിന്നാന്‍ കിട്ടുന്ന ഒരു റൊട്ടിക്കച്ചവടക്കാരന്റെ അടിമയായി ജീവിക്കാന്‍.' (അടിമകളുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അറിയുന്നവര്‍ക്ക് അയാളുടെ ആഗ്രഹം സ്വാഭാവിക പ്രതികരണമാണ്) കാഫൂറിന്റെ പ്രതികരണം:
أمّا أنا فأتمنّى ان املك هذه البلاد!
'എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നതാവട്ടെ, ഈ നാടുകള്‍ മൊത്തം എന്റെ കീഴിലാക്കാനാണ്'
വര്‍ഷങ്ങള്‍ കഴിഞ്ഞു. കാഫൂര്‍ ഒരു സേനാനായകന് വില്‍ക്കപ്പെട്ടു. അയാള്‍ കാഫൂറിനെ യുദ്ധ മുറകള്‍ അഭ്യസിച്ചിപ്പിച്ചു. അദ്ദേഹം അതി പ്രഗത്ഭനായ അശ്വാഭ്യാസിയായി, ക്രമേണ സേനനായകനായി, ഒടുവില്‍ ..........
രാജാവും ഒരിക്കല്‍ കാഫൂര്‍ തന്റെ പാറാവുകാരോടൊപ്പം തന്റെ മുന്‍ സുഹൃത്തിന്റെ അരികിലൂടെ കടന്നുപോയി. അയാള്‍ റൊട്ടി കച്ചവടക്കാരന്റെ അടുത്തുണ്ടായിരുന്നു. കാഫൂര്‍ തന്റെ കൂടെയുള്ളവരോടായി പറഞ്ഞു: 'അയാള്‍ക്ക് മനക്കരുത്തുണ്ടായില്ല. അതുകൊണ്ട് ഇതേ അവസ്ഥയില്‍ അയാള്‍ ജീവിതം തുടരുന്നു. എന്നാല്‍ എന്റെ മനക്കരുത്ത് എന്നെ നിങ്ങള്‍ ഇപ്പോള്‍ കാണുന്ന അവസ്ഥയില്‍ എത്തിച്ചു.'
മൂസാനബിയും സുലൈമാന്‍ നബിയും ആസിയയും ഉമറുബ്‌നു അബ്ദില്‍ അസീസും
എടുത്തു പറയേണ്ട രണ്ടുപേരാണ് മൂസാ നബിയും സുലൈമാന്‍ നബിയും ഫറോവ പത്‌നി ആസിയയും, രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസും. അല്ലാഹുവെ കാണാന്‍ ആഗ്രഹിച്ച മൂസാ നബിയുടെ പ്രാര്‍ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക:
رَبِّ أَرِنِي أَنظُرْ إِلَيْكَۚ 'എന്റെ നാഥാ! നിന്നെഎനിക്ക് കാണിച്ചു തരൂ, ഞാന്‍ നിന്നെ നോക്കട്ടെ' (അഅ്‌റാഫ്: 143) ഫറോവയുടെ ഭാര്യ ആസിയ സ്വര്‍ഗം ആഗ്രഹിച്ചത് ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.
رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ 'എന്റെ നാഥാ, നീ എനിക്ക് നിന്റെയടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിക്കേണമേ!' (തഹ്‌രീം: 11) സുലൈമാന്‍ നബിയുടെ പ്രാര്‍ഥനയിലും സമുന്നത സ്ഥാനം ചോദിക്കുന്നതു കാണാം.
وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِيۖ '....... എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ' (സ്വാദ്: 35).
നബി(സ) സ്വഹാബികള്‍ക്ക് നല്‍കിയ ഉത്തേജനം
ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച് സ്വഹാബികള്‍ ആവലാതി പറയുമ്പോള്‍ പുലരാന്‍ പോവുന്ന നല്ല നാളെയെക്കുറിച്ച് അവരില്‍ പ്രതീക്ഷ പുലര്‍ത്തുക എന്നതായിരുന്നു നബി(സ) സ്വീകരിച്ചിരുന്ന രീതി. ഖബ്ബാബ്(റ) നെ ആശ്വസിപ്പിച്ചുകൊണ്ട് നബി(സ) പറഞ്ഞത് ചരിത്രപ്രസിദ്ധമാണല്ലോ.
والله ليتمن الله هذ الأمر حتى يسير الرّاكب من صنعاء الى حضرموت لا يخاف الّا الله والذّئب على غنمه
'അല്ലാഹുവാണ, ഇക്കാര്യം (ഇസ്‌ലാം) അല്ലാഹു പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ സ്വന്‍ആഇല്‍നിന്ന് ഒരു യാത്രക്കാരന്‍ ഹദറമൗത്ത് വരെ അല്ലാഹുവിനെയും തന്റെ ആടിനെ തിന്നേക്കാവുന്ന ചെന്നായയെയും അല്ലാതെ മറ്റൊന്നിനെയും ഭയക്കാതെ സഞ്ചരിക്കാവുന്ന സാഹചര്യമുണ്ടാവും.
ഇസ്‌ലാം സ്വീകരിക്കാന്‍ അറച്ചു നിന്ന അദിയ്യുബ്‌നു ഹാതിമിനോട് നബി(സ) നടത്തിയ ദീര്‍ഘദര്‍ശനം സത്യവിശ്വാസികള്‍ പ്രതീക്ഷാ നിര്‍ഭരരായിരിക്കണം എന്ന സന്ദേശമാണ് നല്‍കുന്നത്.
يمنعك أن تسلم خصاصة تراها من حولي وانك ترى الناس علينا إلبا واحدًا. هل اتيت الحيرة. توشك الظعينة ان تر تحل من الحيرة حتى تطوف بالكعبة لاتخاف أحدا الا الله.... لترين الرجل يخرج ملأ كفه من ذهب أوفضة يطلب من يقبله منه فلا يجد أحدا يقبله منه... ولتفتحن كنوز كسرى
'എന്റെ ചുറ്റുമുള്ളവരുടെ ദാരിദ്ര്യമാകണം ഇസ്‌ലാം സ്വീകരിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നത്. ജനങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി സംഘടിച്ചത് നിങ്ങള്‍ കാണുന്നു. നിങ്ങള്‍ ഹീറയില്‍ പോയിട്ടുണ്ടോ? ഹീറയില്‍നിന്നുള്ള ഒരു യാത്രക്കാരി ആരുടെയും തുണയില്ലാതെ കഅ്ബയില്‍ വന്ന് ത്വവാഫ് ചെയ്യുന്നതും. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ നിധിനിക്ഷേപങ്ങളത്രയും ഞങ്ങള്‍ക്ക് തുറക്കപ്പെടുകയും തങ്ങളുടെ സ്വത്തില്‍നിന്ന് ആരാണ് സകാത്ത് സ്വീകരിക്കുക എന്ന് ദായകര്‍ അസ്വസ്ഥരാകുവോളം സമ്പത്തുക്കള്‍ യഥേഷ്ടം ഒഴുകുകയും ചെയ്യുന്ന ഒരു കാലം വരാനിരിക്കുന്നു (മുസ്‌ലിം).
المراجع
1. عزّة - وكيبيديا
2. معنى العزّة لغة واصطلاحا
3. موسوعة الأخلاق الدرر السنية
4. العزة - صيدالفوائد
5. مفهوم العزة في الإسلام