മലക്കുകള്‍ നാം അറിയേണ്ടതും വിശ്വസിക്കേണ്ടതും
ഡോ. മുഹമ്മദ് നഈം യാസീന്‍
ഇസ്‌ലാമികാദര്‍ശ പ്രകാരം അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ രണ്ടാമത്തേതു മലക്കുകളിലുള്ള വിശ്വാസമാണ്. പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രത്യേക സൃഷ്ടികളായ മലക്കുകള്‍ അല്ലാഹുവെ ധിക്കരിക്കാതെ അവന്റെ സകല കല്‍പനകളും തങ്ങളുടെ ചുമതലയായി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രസ്തുത വിശ്വാസത്തിന്റെ കാതല്‍.1
മലക്കുകളുടെ അസ്തിത്വം നിഷേധിക്കുന്നവരുടെ ഇസ്‌ലാമിക വിശ്വാസം ശരിയാവുകയില്ല. മലക്കുകളുടെ വിശേഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മുതലായ വിഷയകമായി ഖുര്‍ആനിലും സുന്നത്തിലും വന്നവ കവിഞ്ഞോ കുറഞ്ഞോ ഭേദഗതിയോ ഇല്ലാതെ നാം വിശ്വസിച്ചിരിക്കണം.
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۚ
'തന്റെ രക്ഷിതാവിങ്കല്‍നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു.' അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞാന്‍ കല്‍പിക്കുന്നില്ല.' (ബഖറ: 285)
നബി(സ) പറയുന്നു:
أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره
'നീ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദുതന്മാരിലും അന്ത്യദിനത്തിലും നന്മയും-തിന്മയുമായ വിധിയിലും വിശ്വസിച്ചിരിക്കണം' (ബുഖാരി, മുസ്‌ലിം).
ഒട്ടും സംശയത്തിനിടമില്ലാത്തവിധം പ്രമാണപരമായി ഖണ്ഡിതമായി സ്ഥാപിതമാണ് മലക്കുകളിലുള്ള വിശ്വാസം. സംശയരഹിതവും ഖണ്ഡിതവുമായ തെളിവുകള്‍ വഴി മലക്കുകളുടെ അസ്തിത്വം സ്ഥാപിത യാഥാര്‍ഥ്യമാണ്. മലക്കുകളുടെ അസ്തിത്വം നിരാകരിക്കുന്നത് മുസ്‌ലിംകളുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായ പ്രകാരം സത്യനിഷേധപരമാണ്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا
'ആരെങ്കിലും അല്ലാഹുവിനെയും അവന്റെ മലക്കുകളെയും അവന്റെ ഗ്രന്ഥങ്ങളെയും അവന്റെ ദൂതന്മാരെയും പരലോകത്തെയും നിഷേധിച്ചാല്‍ അവന്‍ വളരെ വിദൂരമായ വഴികേടിലായതു തന്നെ.' (നിസാഅ്: 136)
മലക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും പരിശോധിക്കുന്ന പക്ഷം അവ മിക്കവയും അല്ലാഹുവും പ്രപഞ്ചവും മനുഷ്യനുമായുള്ള ബന്ധം വിശദീകരിക്കുന്നവയാണെന്ന് കാണാം. അതുവഴി നമ്മുടെ ആദര്‍ശം ശുദ്ധീകരിക്കാനും ഹൃദയങ്ങള്‍ വിമലീകരിക്കാനും കര്‍മങ്ങള്‍ നന്നാക്കാനും ആവശ്യമായവ അല്ലാഹു നമുക്ക് അറിയിച്ചു തന്നിരിക്കുന്നു.
മലക്കുകളുടെ യാഥാര്‍ഥ്യം അവരുടെ സൃഷ്ടിപ്പ്, അവരുടെ സ്ഥിതിഗതികളെക്കുറിച്ച് വിശദാംശങ്ങള്‍ മുതലായവയെല്ലാം അല്ലാഹുവിനു മാത്രം അറിയാവുന്നവയാണ്. ഇസ്‌ലാമികാദര്‍ശത്തിന്റെ പൊതു സവിശേഷതയാണിത്. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെയും അവയെക്കുറിച്ച് പരിചയപ്പെടുത്തലുകളെയും മനുഷ്യര്‍ക്ക് ആവശ്യമുള്ള പരിധികളിലും അവരുടെ ഇഹ-പര അവസ്ഥകളെ നന്നാക്കാന്‍ ആവശ്യമായ അളവിലുമായി അല്ലാഹു നിജപ്പെടുത്തിയിരിക്കുന്നു. മനുഷ്യബുദ്ധിക്ക് താങ്ങാവുന്നതേ അല്ലാഹു അറിയിച്ചു തന്നിട്ടുള്ളൂ. അല്ലാഹുവിന്റെ മഹത്വവും നാമങ്ങളും സവിശേഷതകളുമായോ തന്റെ അഭൗതിക സൃഷ്ടികളുമായി ബന്ധപ്പെട്ടതോ ആയ ഒന്നും അല്ലാഹു നമ്മെ അറിയിച്ചു തരുന്നില്ല.
സ്രഷ്ടാവായ അല്ലാഹു അറിയിച്ചു തന്നതെല്ലാം അധിക വിശദീകരണം തേടാതെയും കുറവു വരുത്താതെയും സത്യവാനായ സത്യവിശ്വാസി അംഗീകരിക്കുന്നു. അല്ലാഹു അറിയിച്ചു തന്നിട്ടില്ലാത്തവ അറിയാനായി അയാള്‍ കൃത്രിമ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയില്ല.
മലക്കുകളുടെ സവിശേഷതകള്‍
മലക്കുകളുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ അഭൗതിക കാര്യങ്ങളാണെന്നതിനാല്‍ അവരുടെ സൃഷ്ടിപരമായ സവിശേഷതകള്‍ വളരെക്കുറച്ചു മാത്രമെ അല്ലാഹു നമുക്ക് പറഞ്ഞു തന്നിട്ടുള്ളൂ. ഉദാഹരണമായി, ആദമിനെ സൃഷ്ടിക്കുന്നതിനു മുമ്പായാണ് മലക്കുകളെ സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യം.2 മനുഷ്യരെ സൃഷ്ടിക്കാന്‍ പോകുന്ന കാര്യം അല്ലാഹു മുന്‍കൂട്ടി മലക്കുകളെ അറിയിച്ചുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةًۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ
(ഞാനിതാ ഭൂമിയില്‍ പ്രതിനിധിയെ നിശ്ചയിക്കാന്‍ പോവുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം -ബഖറ: 30).
മലക്കുകളുടെ സൃഷ്ടിപ്പിനെക്കുറിച്ച് നബി(സ) പ്രസ്താവിച്ചതായി ആഇശ(റ) ഉദ്ധരിക്കുന്നു:
خلقت الملائكة من نور وخلق الجانّ من مارج من نار وخلق آدم ممّا وصف لكم
'മലക്കുകള്‍ പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്ന് തീയില്‍നിന്നുള്ള പുകയില്ലാത്ത ജ്വാലയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു. ആദം നിങ്ങളോട് പറയപ്പെട്ടതി(മണ്ണി)ല്‍നിന്നും സൃഷ്ടിക്കപ്പെട്ടു.3 ഈ വിഷയകമായ മൊത്തം രേഖകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത്, മലക്കുകള്‍ പ്രകാശ സൃഷ്ടികളാണ്, അവര്‍ക്ക് മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാവുന്ന വിധമുള്ള ഭൗതിക ശരീരമില്ല, അവര്‍ മനുഷ്യരെ പോലെയല്ല, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ഇല്ല, ഉറങ്ങുകയില്ല, വിവാഹം കഴിക്കില്ല. ജന്തുസഹജമായ വികാരങ്ങളില്ല, പാപങ്ങളില്‍നിന്ന് വിശുദ്ധരാണ്, മനുഷ്യരെ വിശേഷിപ്പിക്കുന്ന ഒരു തരം വിശേഷണവും അവര്‍ക്ക് ചേരില്ല.4
എങ്കിലും അല്ലാഹുവിന്റെ അനുവാദത്തോടെ മനുഷ്യരൂപം സ്വീകരിക്കാന്‍ മലക്കുകള്‍ക്ക് കഴിയും. മര്‍യമിനെ ജിബ്‌രീല്‍ സമീപിച്ചത് മനുഷ്യരൂപം പൂണ്ടായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു.
اذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا ﴿١٦﴾ فَاتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ﴿١٧﴾
(വേദ ഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവര്‍ തന്റെ വീട്ടുകാരില്‍നിന്നകന്ന് കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവര്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു -മര്‍യം: 16,17).
നബി(സ)യെ ഇസ്‌ലാമും ഈമാനും ഇഹ്‌സാനും ലോകാവസാനത്തിന്റെ അടയാളങ്ങളും പഠിപ്പിക്കാനായി വന്ന സന്ദര്‍ഭത്തില്‍ കടുംവെള്ള നിറമുള്ള വസ്ത്രം ധരിച്ചും കടുംകറുപ്പ് മുടിയോടെയും യാത്രയുടെ അടയാളം ഒട്ടും ഇല്ലാതെയും ജിബ്‌രീല്‍ വന്നതും തന്റെ രണ്ടു കാല്‍മുട്ടുകള്‍ നബിയുടെ രണ്ടു കാല്‍മുട്ടുകളോട് ചേര്‍ത്തുവെച്ചതും ഇരു കൈപ്പത്തികളും നബി(സ)യുടെ രണ്ടു തുടകളില്‍ വെച്ചതും ശേഷം ചോദ്യങ്ങള്‍ ചോദിച്ചതുമെല്ലാം ഉമര്‍(റ) ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസില്‍ കാണാം.
ചിറകുകള്‍
മലക്കുകള്‍ക്ക് വ്യത്യസ്ത എണ്ണത്തിലുള്ള ചിറകുകളുണ്ട്.
الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَۚ يَزِيدُ فِي الْخَلْقِ مَا يَشَاءُۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾
(ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു -ഫാത്വിര്‍: 1).
നബി(സ) ജിബ്‌രീലിനെ അറുനൂറു ചിറകുകളോടെ കണ്ടു എന്ന് ഇബ്‌നു മസ്ഊദ് ഉദ്ധരിച്ചി
ട്ടുണ്ട്.5
മലക്കുകളുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഇത്രയുമാണ് അല്ലാഹു നമുക്ക് നല്‍കിയ വിവരം. അവ അപ്പടി നാം വിശ്വസിക്കുന്നു. അതിനപ്പുറം നാം ചോദിക്കേണ്ടതില്ല. കൂടുതല്‍ വിവരണം അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് ഉപകാരപ്പെടുമായിരുന്നുവെങ്കില്‍ അവ അല്ലാഹു നമുക്ക് തടയുമായിരുന്നില്ല. അവന്‍ കരുണാനിധിയും സൂക്ഷ്മജ്ഞാനിയും അവരെ സത്യവും നന്മയും പഠിപ്പിക്കുന്നവനുമാണല്ലോ.
ആദരണീയരായ ദാസന്മാര്‍
അല്ലാഹുവുമായുളള മലക്കുകളുടെ ബന്ധം നിഷ്‌കളങ്കമായ ദാസ്യത്തിന്റേതും അനുസരണ ശാസനകളോടുള്ള നിരുപാധിക വിധേയത്വത്തിന്റേതുമാണ്. ഈ അര്‍ഥത്തില്‍ മാത്രമെ മലക്കുകള്‍ക്ക് അല്ലാഹുവുമായി ബന്ധമുള്ളൂ. മലക്കുകള്‍ ദൈവങ്ങളല്ല. ബഹുദൈവവിശ്വാസികള്‍ ആരോപിച്ചിരുന്നതുപോലെ മലക്കുകള്‍ അല്ലാഹുവിന്റെ മക്കളുമല്ല.
بَلْ عِبَادٌ مُّكْرَمُونَ ﴿٢٦﴾ لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ ﴿٢٧﴾ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ ﴿٢٨﴾
'..... എന്നാല്‍ (അവര്‍-മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്മാര്‍ മാത്രമാകുന്നു. അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കു വേണ്ടിയല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു -അമ്പിയാഅ്: 27,28).
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ (അവര്‍ക്കുമീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു -അന്നഹ്ല്‍ 50).
(അല്ലാഹു അവരോട് -മലക്കുകളോട്- കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും -തഹ്‌രീം 6). അവര്‍ അല്ലാഹുവിന്റെ അനേക സൃഷ്ടികളില്‍ ഒരിനം സൃഷ്ടികളാണ്. അവര്‍ അവനെ അനുസരിക്കുന്നു. സ്വന്തം നിലയില്‍ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. തങ്ങളുടെ ശക്തിയുടെ ശ്രേഷ്ഠത മുന്‍നിര്‍ത്തി അല്ലാഹുവിനോട് എന്തെങ്കിലും നിര്‍ദേശിക്കാന്‍ അവര്‍ക്ക് സാധ്യമല്ല. എപ്പോഴും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനും അവന്റെ കല്‍പനകള്‍ അനുസരിക്കാനുമായി അവര്‍ ഒഴിഞ്ഞിരിക്കുന്നു.
وَمَا مِنَّا إِلَّا لَهُ مَقَامٌ مَّعْلُومٌ ﴿١٦٤﴾ وَإِنَّا لَنَحْنُ الصَّافُّونَ ﴿١٦٥﴾ وَإِنَّا لَنَحْنُ الْمُسَبِّحُونَ ﴿١٦٦﴾
(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥലമുള്ളവരായിട്ടല്ലാതെ തങ്ങളില്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്നു നില്‍ക്കുന്നവര്‍. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍ - സ്വാഫ്ഫാത്ത് 164-166).
മലക്കുകളുടെ യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ, അവരെ ആരാധിക്കുന്നതും അവരോട് സഹായം തേടുന്നതും അവര്‍ക്ക് സ്വന്തം നിലയില്‍ ചിലതെല്ലാം ചെയ്യാന്‍ കഴിയും എന്നു വിശ്വസിക്കുന്നതുമെല്ലാം ബഹുദൈ വിശ്വാസപരമായ കാഴ്ചപ്പാടുകളാണ്.
وَلَا يَأْمُرَكُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًاۗ أَيَأْمُرُكُم بِالْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
(മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം (ഏത് പ്രവാചകനും) നിങ്ങളോട് കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്‌ലിംകളായി കഴിഞ്ഞ ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്?) - ആലുഇംറാന്‍ 80).
പ്രപഞ്ചവും മനുഷ്യരുമായി മലക്കുകളുടെ ബന്ധം
തങ്ങളുടെ നാഥനുമായുള്ള മലക്കുകളുടെ ബന്ധം അല്ലാഹുവിനുള്ള സമ്പൂര്‍ണ ദാസ്യവും അവന്റെ കല്‍പനയോടുള്ള അവരുടെ ബന്ധവും അതേ ദാസ്യത്തിന്റെയും അനുസരണത്തിന്റെയും ഭാഗം തന്നെയാണ്. അല്ലാഹുവിനുള്ള അവരുടെ ഇബാദത്തുകള്‍ അവനുളള സ്തുതിയിലും പ്രകീര്‍ത്തനത്തിലും മഹത്വപ്പെടുത്തുന്നതിലും മാത്രം പരിമിതമല്ല. പ്രാപഞ്ചിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം അവയിലുള്‍പ്പെടുന്നു. പ്രപഞ്ചത്തിലെ സൃഷ്ടികള്‍, ചലനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ജീവനുള്ളവ, നിര്‍ജീവം, നിയമങ്ങള്‍, വ്യവസ്ഥകള്‍, സൃഷ്ടികളെക്കുറിച്ചു വിധിതീര്‍പ്പുകളുടെ നടത്തിപ്പ്, പ്രപഞ്ചത്തില്‍ നടക്കുന്ന ഇഛാപരവും അനിഛാപരവുമായ എല്ലാ ചലനങ്ങളുടെയും രേഖപ്പെടുത്തല്‍ മുതലായവയെല്ലാം മലക്കുകളുടെ പ്രവര്‍ത്തന മേഖലകളില്‍ പെടുന്നു. ആകാശ ഭൂമികളുടെയും പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും നിർവഹണ ഉത്തരവാദിത്വം അവരുടെ സവിശേഷ ധര്‍മങ്ങളില്‍ പെടുന്നു.6
അതേപ്പറ്റി ഖുര്‍ആന്‍ പറയുന്നതു കാണുക:
وَالنَّازِعَاتِ غَرْقًا ﴿١﴾ وَالنَّاشِطَاتِ نَشْطًا ﴿٢﴾ وَالسَّابِحَاتِ سَبْحًا ﴿٣﴾ فَالسَّابِقَاتِ سَبْقًا ﴿٤﴾ فَالْمُدَبِّرَاتِ أَمْرًا ﴿٥﴾
'(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ, സത്യം. (സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടക്കുന്നവ തന്നെയാണ, സത്യം. എന്നിട്ടു മുന്നോട്ടു കുതിച്ചു പോവുന്നവയും കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം' -നാസിആത്ത് 1-5)
فَالْمُقَسِّمَاتِ أَمْرًا 'കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ -മലക്കുകള്‍- തന്നെയാണ, സത്യം!' (ദാരിയാത്ത് 4) സൂക്തത്തിലെ വിവക്ഷ മലക്കുകളാണ്.7
ഖുര്‍ആനും സുന്നത്തും വിവിധ മലക്കുകളെക്കുറിച്ചും വിവിധ സൃഷ്ടികളുടെ കാര്യത്തില്‍ അവര്‍ ചുമതലപ്പെടുത്തപ്പെട്ടതിനെപ്പറ്റിയും പറയുന്നുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ഭ്രമണപഥങ്ങള്‍, പർവതങ്ങള്‍, മേഘങ്ങള്‍, മഴ, ഗര്‍ഭപാത്രം (ബീജസങ്കലനം, ഘട്ടം ഘട്ടമായുള്ള ഭ്രൂണ വളര്‍ച്ച.....) മരണം മുതലായവയെല്ലാം പ്രത്യേകം പ്രത്യേകം മലക്കുകളെ അല്ലാഹു ചുമതലപ്പെടുത്തിയിരിക്കുന്നു. ഓരോ മനുഷ്യനുമായി ബന്ധപ്പെട്ടും സംരക്ഷണ കാര്യങ്ങള്‍ ഏറ്റെടുത്തും പ്രത്യേകം മലക്കുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രപഞ്ചത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ സകല കാര്യങ്ങളും നടക്കുന്നത് മലക്കുകളുടെ ചുമതലകളായാണ്.8
പ്രപഞ്ചത്തിലെ മൊത്തം ചുമതലകള്‍ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മലക്കുകളാണ് നിർവഹിക്കുന്നത് എന്നത് പ്രപഞ്ചത്തിലെ ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിയമങ്ങള്‍ക്കും നിമിത്തങ്ങള്‍ക്കും വിരുദ്ധമല്ല. കാരണം ആ നിയമങ്ങളും നിമിത്തങ്ങളുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെയാണ്. അവയുടെയും അവയുടെ പരിപാലനത്തിന്റെയും ചുമതലകളും മലക്കുകളുടെ ഉത്തരവാദിത്വത്തിലാണെന്നര്‍ഥം. പ്രാപഞ്ചിക നിയമങ്ങളും നിമിത്തങ്ങളും സംരക്ഷിക്കുന്നതില്‍ അല്ലാഹുവിന്റെ ഇഛ ഇല്ലെങ്കില്‍, അവയുടെ സംരക്ഷണത്തിന് മലക്കുകളെ അവര്‍ വിധേയപ്പെടുത്തിയില്ലെങ്കില്‍ ഇത്രയും നീണ്ടകാലം വ്യവസ്ഥാപിതമായും സുഘടിതമായും പ്രപഞ്ചം നിലനില്‍ക്കുമെന്ന് ബുദ്ധിപരമായി നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല.
മനുഷ്യര്‍ നൈസര്‍ഗികമായിത്തന്നെ, അല്ലാഹു മലക്കുകളെ ചുമതലപ്പെടുത്തിയ പരിരക്ഷയില്‍ കഴിയുന്നവരാണ്. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അല്ലാഹു വിധേയമാക്കിക്കൊടുത്ത സൃഷ്ടിയാണ് മനുഷ്യന്‍.
أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ
'തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം വിധേയമാക്കിത്തന്നത് നിങ്ങള്‍ കാണുന്നില്ലേ? (ലുഖ്മാന്‍ 20) അതായത്, മലക്കുകള്‍ ആകാശ ഭൂമികളെയും അവയിലുള്ളവയെയും പരിപാലിക്കുന്നു എന്നതിന്റെ വിവക്ഷ മനുഷ്യരെ അവര്‍ പരിരക്ഷിക്കുന്നു, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം നിർവഹിക്കാന്‍ അവര്‍ മനുഷ്യരെ സഹായിക്കുന്നു എന്നത്രെ.
സാന്മാര്‍ഗിക ദൗത്യങ്ങള്‍
മനുഷ്യന്റെ ഇഛാപരമായ ജീവിതത്തില്‍ അല്ലാഹു നിര്‍ണയിച്ചതു പ്രകാരം, മലക്കുകള്‍ക്ക് വേറെയും ചില ജോലികള്‍ നിർവഹിക്കാനുണ്ട്. മനുഷ്യര്‍ക്ക് സന്മാര്‍ഗം ലഭ്യമാക്കുക, സൗഭാഗ്യവും സന്തോഷവും പ്രദാനം ചെയ്യുക, അല്ലാഹുവിന് ഇബാദത്ത് ചെയ്യാനും സന്മാര്‍ഗവും നന്മയും തെരഞ്ഞെടുക്കാനും സഹായിക്കുക, തിന്മകളില്‍നിന്നും ഫസാദുകളില്‍നിന്നും മാര്‍ഗഭ്രംശത്തില്‍നിന്നും അകന്നു നില്‍ക്കാന്‍ തുണക്കുക മുതലായവ മലക്കുകളുടെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നു. തന്റെ ആദരണീയരായ ദൂതന്മാരിലൂടെ തന്റെ സന്മാര്‍ഗം ഭൂവാസികള്‍ക്ക് എത്തിച്ചു നല്‍കാനായി ലോകനാഥനായ അല്ലാഹു തെരഞ്ഞെടുത്തത് മലക്കുകളെയാണ്. ഈ ഉത്തരവാദിത്വ നിർവഹണാര്‍ഥം അല്ലാഹു സവിശേഷം തെരഞ്ഞെടുത്തിരിക്കുന്നത് ജിബ്‌രീലി(അ) നെയാണ്.
وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ﴿١٩٢﴾ نَزَلَ بِهِ الرُّوحُ الْأَمِينُ ﴿١٩٣﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ﴿١٩٤﴾
(തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ് രീല്‍) നിന്റെ ഹൃദയത്തില്‍ അതുമായി ഇറങ്ങിയിരിക്കുന്നു. നീ താക്കീതു നല്‍കുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാന്‍ വേണ്ടിയത്രെ അത് -ശുഅറാഅ്: 192-194)
ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും മലക്കുകള്‍ മനുഷ്യരുടെ കൂടെയുണ്ടാവും. അവര്‍ മനുഷ്യരുമായി സഹവസിക്കുന്നത് അവര്‍ക്ക് സന്തോഷവും സന്മാര്‍ഗവും പ്രദാനം ചെയ്യാനാണ്. അവര്‍ മനുഷ്യരില്‍ സത്യവും നന്മയും തോന്നിപ്പിക്കുകയും അതിന്നായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. നബി(സ) പറയുന്നു:
إِنَّ لِلشَّيْطَانِ لَمَّةً بِابْنِ آدَمَ وَلِلْمَلَكِ لَمَّةً فَأَمَّا لَمَّةُ الشَّيْطَانِ فَإِيعَادٌ بِالشَّرِّ وَتَكْذِيبٌ بِالْحَقِّ وَأَمَّا لَمَّةُ الْمَلَكِ فَإِيعَادٌ بِالْخَيْرِ وَتَصْدِيقٌ بِالْحَقِّ فَمَنْ وَجَدَ ذَلِكَ فَلْيَعْلَمْ أَنَّهُ مِنَ اللَّهِ فَلْيَحْمَدِ اللَّهَ وَمَنْ وَجَدَ الأُخْرَى فَلْيَتَعَوَّذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ثُمَّ قَرَأ : الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِۖ وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًاۗ وَاللَّهُ وَاسِعٌ عَلِيمٌ
(തീര്‍ച്ചയായും മനുഷ്യനില്‍ പിശാചിന്റെ ഭാഗത്ത് നിന്നുള്ള തോന്നിപ്പിക്കലും, മലക്കിന്റെ ഭാഗത്തുനിന്നുള്ള തോന്നിപ്പിക്കലുമുണ്ട്' (മലക്ക് നല്ലതു ചെയ്യാന്‍ തോന്നിപ്പിക്കുന്നു, പിശാച് തിന്മ ചെയ്യാന്‍ തോന്നിപ്പിക്കുന്നു). പിശാചിന്റെ തോന്നിപ്പിക്കല്‍ എന്നാല്‍ അവന്‍ തിന്മ കല്‍പിക്കുകയും സത്യം കളവാക്കുകയും ചെയ്യുന്നു, മലക്ക് തോന്നിപ്പിക്കുന്നു എന്നാല്‍ നന്മ കല്‍പിക്കുകയും സത്യത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു എന്നത്രെ. അങ്ങനെ അത് (നന്മ) ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അത് അല്ലാഹുവില്‍നിന്നാണെന്ന് അയാള്‍ അറിയട്ടെ. മറ്റേ(തിന്മ)താണ് അനുഭവപ്പെടുന്നതെങ്കില്‍ അത് തിന്മയാണെന്ന് അയാള്‍ അറിയട്ടെ. ശേഷം നബി(സ) ഇങ്ങനെ പാരായണം ചെയ്തു. 'പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീച വൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു -ബഖറ 268).
മലക്കുകള്‍ സത്യവിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു
മലക്കുകള്‍ സത്യവിശ്വാസികള്‍ക്കുവേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അവരുടെ പാപമോചനത്തിന്നായി അര്‍ഥിക്കുകയും ചെയ്യുന്നതാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.
الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ ﴿٧﴾ رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٨﴾ وَقِهِمُ السَّيِّئَاتِۚ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿٩﴾
(സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുമുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും വിശ്വസിച്ചവര്‍ക്കുവേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു; ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകലവസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍നിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കള്‍, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളില്‍നിന്നു കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്മകളില്‍നിന്ന് കാക്കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം -ഗാഫിര്‍ 7-9)
നബി(സ) പറയുന്നു:
مَا مِنْ يَوْمٍ يُصبِحُ العِبادُ فِيهِ إِلَّا مَلَكَانِ يَنْزِلانِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا
'ദാസന്മാര്‍ക്ക് നേരം പുലരുന്ന ഓരോ ദിവസത്തിലും രണ്ടു മലക്കുകള്‍ ഇറങ്ങി വരാതിരിക്കില്ല. അവരില്‍ ഒരാള്‍ പറയും: 'അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പിന്നാലെ അനുഗ്രഹം നല്‍കേണമേ, മറ്റെ മലക്ക് പറയും: അല്ലാഹുവേ, ചെലവഴിക്കാതെ തടഞ്ഞുവെക്കുന്നവന് നീ നാശം നല്‍കേണമേ' (ബുഖാരി, മുസ്‌ലിം).
സത്യവിശ്വാസികളെ പ്രചോദിപ്പിക്കുന്നു
അല്ലാഹുവിനെ അനുസരിക്കുവാനും ഇബാദത്തെടുക്കാനും മലക്കുകള്‍ സത്യവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ ദിക്‌റ് ചൊല്ലുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും മലക്കുകള്‍ ഇഷ്ടപ്പെടുന്നു. അറിവുനേടാനും നന്മകളില്‍ ഉത്സുകരാവാനും പ്രേരിപ്പിക്കുന്നു. നമസ്‌കാര-ഖുര്‍ആന്‍ പാരായണ വേളകളില്‍ അവര്‍ സന്നിഹിതരാവുന്നു. താഴെ നബിവചനം കാണുക:
صلاةُ الرجلِ في جماعةٍ تَزِيدُ على صلاتهِ في سُوقِهِ وبَيْتِهِ بِضْعًا وَعِشْرِينَ دَرَجَةً، وذلك أنَّ أحدَهُم إذا توضأَ فأَحْسَنَ الوُضُوءَ، ثُمَّ أتى المسجدَ لا يُرِيدُ إلا الصلاةَ، لا يَنْهَزُهُ إلا الصلاةُ لم يخطُ خطوةً إلا رُفِعَ له بها درجةٌ، وحُطَّ عنه بها خطيئةٌ حتى يدخلَ المسجدَ، فإذا دخل المسجد كان في الصلاةِ ما كانت الصلاةُ هي تَحْبِسُهُ، والملائكةُ يُصلونَ على أحدِكُم ما دَامَ في مَجْلِسِهِ الذي صَلَّى فيه، يقولون: اللهُمَّ ارْحَمْهُ، اللهُمَّ اغْفِرْ له، اللهُمَّ تُبْ عليه، ما لم يُؤْذِ فِيهِ، ما لم يُحْدِثْ فِيهِ
'ഒരാള്‍ ജമാഅത്തായി നമസ്‌കരിക്കുന്നത് തന്റെ വീട്ടിലോ അങ്ങാടിയിലോ വെച്ച് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപതിരട്ടി പുണ്യാര്‍ഹമാണ്. ഒരാള്‍ നന്നായി വുദുചെയ്ത് പള്ളിയില്‍ വന്നാല്‍- അയാളെ നമസ്‌കാരമല്ലാതെ എഴുന്നേല്‍പ്പിക്കുന്നില്ല, അയാള്‍ നമസ്‌കാരമല്ലാതെ ഉദ്ദേശിക്കുന്നില്ല, ഒരു കാലടിയും എടുത്തു വെക്കുന്നില്ല- അതുവഴി അയാളുടെ പദവി ഉയര്‍ത്തപ്പെടാതിരിക്കില്ല, പാപം ഇറക്കിവെക്കപ്പെടാതിരിക്കില്ല. അങ്ങനെ അയാള്‍ പള്ളിയില്‍ പ്രവേശിക്കും. അവിടെ നമസ്‌കരിക്കാനായി കഴിയുവോളം അയാള്‍ നമസ്‌കാരത്തിലായിരിക്കും. നിങ്ങളിലൊരാള്‍ താന്‍ നമസ്‌കരിച്ച സ്ഥലത്തു തന്നെ ഇരിക്കുവോളം മലക്കുകള്‍ അയാള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും: 'അല്ലാഹുവേ, നീ അയാള്‍ക്ക് കരുണ ചെയ്യേണമേ, അല്ലാഹുവേ, നീ അയാള്‍ക്ക് പൊറുത്തു കൊടുക്കേണമേ, അല്ലാഹുവേ, നീ അയാളുടെ പശ്ചാത്താപം സ്വീകരിക്കേണമേ പള്ളിയില്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍, വുദു മുറിഞ്ഞില്ലെങ്കില്‍' (ബുഖാരി, മുസ്‌ലിം).
അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
يَتَعَاقَبُونَ فِيكم مَلائِكَةٌ بِاللَّيْلِ، وملائِكَةٌ بِالنَّهَارِ، وَيجْتَمِعُونَ في صَلاةِ الصُّبْحِ وصلاةِ العصْرِ، ثُمَّ يعْرُجُ الَّذِينَ باتُوا فِيكم، فيسْأَلُهُمُ اللَّه وهُو أَعْلمُ بهِمْ: كَيفَ تَرَكتمْ عِبادِي؟ فَيقُولُونَ: تَركنَاهُمْ وهُمْ يُصَلُّونَ، وأَتيناهُمْ وهُمْ يُصلُّون
'രാത്രിയിലെ മലക്കുകളും പകലിലെ മലക്കുകളും ഒരു കൂട്ടരുടെ പിന്നാലെ മറ്റൊരു കൂട്ടര്‍ എന്ന ക്രമത്തില്‍ തുടര്‍ച്ചയായി വന്നു പോയിക്കൊണ്ടിരിക്കും. അവര്‍ സ്വുബ്ഹ് നമസ്‌കാരത്തിലും അസ്വ്ര്‍ നമസ്‌കാരത്തിലും സമ്മേളിക്കും. രാത്രി നിങ്ങളോടൊപ്പം കഴിഞ്ഞ മലക്കുകള്‍ അല്ലാഹുവിലേക്ക് കയറിപ്പോവും. അവന്‍ അവരോട് ചോദിക്കും- അവനാണ് ഏറ്റവും നന്നായി അറിയുന്നവന്‍-: 'നിങ്ങള്‍ എന്റെ ദാസന്മാരെ ഏതവസ്ഥയിലാണ് വിട്ടേച്ചു പോന്നത്? അവര്‍: 'ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്‌കരിക്കുകയാണ്, ഞങ്ങള്‍ പോന്നപ്പോഴും അവര്‍ നമസ്‌കരിക്കുകയാണ്' (ബുഖാരി, മുസ്‌ലിം).
ദിക്‌റിന്റെ മജ്‌ലിസുകളില്‍
അല്ലാഹുവെക്കുറിച്ച് ആലോചനകളും അനുസ്മരണങ്ങളും നടക്കുന്ന സദസ്സുകളില്‍ മലക്കുകളുടെ സാന്നിധ്യമുണ്ടെന്നതാണ് മറ്റൊരു പ്രസക്തകാര്യം. നബി(സ) പറയുന്നു:
إنَّ لِلَّهِ مَلائِكَةً يَطُوفُونَ في الطُّرُقِ يَلْتَمِسُونَ أهْلَ الذِّكْرِ، فإذا وجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنادَوْا: هَلُمُّوا إلى حاجَتِكُمْ قالَ: فَيَحُفُّونَهُمْ بأَجْنِحَتِهِمْ إلى السَّماءِ الدُّنْيا، قالَ: فَيَسْأَلُهُمْ رَبُّهُمْ -وهو أعْلَمُ منهمْ- ما يَقولُ عِبادِي؟ قالوا: يَقولونَ: يُسَبِّحُونَكَ ويُكَبِّرُونَكَ، ويَحْمَدُونَكَ ويُمَجِّدُونَكَ، قالَ: فيَقولُ: هلْ رَأَوْنِي؟ قالَ: فيَقولونَ: لا واللَّهِ ما رَأَوْكَ، قالَ: فيَقولُ: وكيفَ لو رَأَوْنِي؟ قالَ: يقولونَ: لو رَأَوْكَ كانُوا أشَدَّ لكَ عِبادَةً، وأَشَدَّ لكَ تَمْجِيدًا وتَحْمِيدًا، وأَكْثَرَ لكَ تَسْبِيحًا، قالَ: يقولُ: فَما يَسْأَلُونِي؟ قالَ: يَسْأَلُونَكَ الجَنَّةَ، قالَ: يقولُ: وهلْ رَأَوْها؟ قالَ: يقولونَ: لا واللَّهِ يا رَبِّ ما رَأَوْها، قالَ: يقولُ: فَكيفَ لو أنَّهُمْ رَأَوْها؟ قالَ: يقولونَ: لو أنَّهُمْ رَأَوْها كانُوا أشَدَّ عليها حِرْصًا، وأَشَدَّ لها طَلَبًا، وأَعْظَمَ فيها رَغْبَةً، قالَ: فَمِمَّ يَتَعَوَّذُونَ؟ قالَ: يقولونَ: مِنَ النَّارِ قالَ: يقولُ: وهلْ رَأَوْها؟ قالَ: يقولونَ: لا واللَّهِ يا رَبِّ ما رَأَوْها، قالَ: يقولُ: فَكيفَ لو رَأَوْها؟ قالَ: يقولونَ: لو رَأَوْها كانُوا أشَدَّ مِنْها فِرارًا، وأَشَدَّ لها مَخافَةً، قالَ: فيَقولُ: فَأُشْهِدُكُمْ أنِّي قدْ غَفَرْتُ لهمْ، قالَ: يقولُ مَلَكٌ مِنَ المَلائِكَةِ: فيهم فُلانٌ ليسَ منهمْ، إنَّما جاءَ لِحاجَةٍ، قالَ: هُمُ الجُلَساءُ لا يَشْقَى بهِمْ جَلِيسُهُمْ
'തീര്‍ച്ചയായും അല്ലാഹുവിന് വഴികളിലൂടെ ചുറ്റി സഞ്ചരിക്കുന്ന ചില മലക്കുകളുണ്ട്. ഒരു കൂട്ടമാളുകള്‍ അല്ലാഹുവിന്റെ അനുസ്മരിക്കുന്നതായി അവര്‍ കണ്ടാല്‍ അവര്‍ അന്യോന്യം വിളിച്ചു പറയും: 'നിങ്ങള്‍ നിങ്ങളുടെ ആവശ്യത്തിലേക്ക് വരൂ.' നബി(സ) പറയുന്നു: 'അങ്ങനെ മലക്കുകള്‍ അവരെ തങ്ങളുടെ ചിറകുകള്‍ കൊണ്ട് സമീപ ആകാശം വരെ പൊതിയും.' 'മലക്കുകളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്ന അവരുടെ റബ്ബ് അവരോട് ചോദിക്കുന്നു: 'എന്റെ ദാസന്മാര്‍ എന്താണ് പറയുന്നത്? 'അവര്‍ നിന്നെ പ്രകീര്‍ത്തിക്കുന്നു, നിന്നെ മഹത്വപ്പെടുത്തുന്നു, നിന്നെ സ്തുതിക്കുന്നു' 'അവര്‍ എന്നെ കണ്ടിട്ടുണ്ടോ?' 'ഇല്ല, അല്ലാഹുവാണ, നിന്നെ അവര്‍ കണ്ടിട്ടില്ല' 'അവര്‍ എന്നെ കണ്ടിരുന്നെങ്കില്‍ എങ്ങനെയുണ്ടാവും?' 'അവര്‍ നിന്നെ കണ്ടിരുന്നെങ്കില്‍ അവര്‍ നിന്നെ ഏറ്റവും ശക്തമായി ഇബാദത്തെടുക്കും, അവര്‍ ഏറ്റവും ശക്തമായി നിന്നെ മഹത്വപ്പെടുത്തും, നിന്നെ ഏറ്റവും കൂടുതല്‍ പ്രകീര്‍ത്തിക്കും.'
'അവര്‍ എന്നോട് എന്താണ് ചോദിക്കുന്നത്?' 'അവര്‍ നിന്നോട് സ്വര്‍ഗമാണ് ചോദിക്കുന്നത്?' 'അവര്‍ സ്വര്‍ഗമാണ് നിന്നോട് ചോദിക്കുന്നത്?' 'അവര്‍ സ്വര്‍ഗം കണ്ടിട്ടുണ്ടോ?' 'ഇല്ല, അല്ലാഹുവാണ, എന്റെ റബ്ബേ, അവര്‍ അത് കണ്ടിട്ടില്ല.' 'അവര്‍ സ്വര്‍ഗം കണ്ടാല്‍ എങ്ങനെയുണ്ടാവും?' 'അവര്‍ അത് കണ്ടാല്‍ അവര്‍ക്ക് അതിനോട് കൂടുതല്‍ കൊതിയുണ്ടാവുകയും അത് കിട്ടാനായി ശക്തമായി ശ്രമിക്കുകയും കൂടുതലായി ആഗ്രഹിക്കുകയും ചെയ്യും.' 'അവര്‍ എന്തില്‍നിന്നാണ് അഭയം തേടുന്നത്?' 'നരകത്തില്‍നിന്ന്' 'അവര്‍ നരകം കണ്ടിട്ടുണ്ടോ?' 'ഇല്ല, അല്ലാഹുവാണ, എന്റെ റബ്ബേ അവര്‍ കണ്ടിട്ടില്ല' 'അവര്‍ അത് കണ്ടാല്‍ എങ്ങനെയുണ്ടാവും?' 'അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ അവര്‍ അതില്‍നിന്ന് ശക്തമായി ഓടിയകലുകയും അതിനെ ഏറ്റവും കഠിനമായി ഭയപ്പെടുകയും ചെയ്യും' അപ്പോള്‍ അല്ലാഹു പറയും: 'ഞാന്‍ തീര്‍ച്ചയായും അവര്‍ക്ക് പൊറുത്തുകൊടുത്തതായി നിങ്ങളെ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.' നബി(സ) തുടരുന്നു: 'ആ മലക്കുകളില്‍നിന്ന് ഒരു മലക്ക് പറയും: '(അല്ലാഹുവെ സ്മരിക്കുന്ന ആ സദസ്സില്‍) അവരില്‍ പെടാത്ത (സ്മരണ ലക്ഷ്യാര്‍ഥം വന്നതല്ലാത്ത) ഒരാളുണ്ട്. അയാള്‍ മറ്റെന്തോ ആവശ്യത്തിന് വന്നതാണ്.' അല്ലാഹു പറയും: 'അവര്‍ സദസ്യരാണ്. അവരിലെ സദസ്യര്‍ നിര്‍ഭാഗ്യവാന്മാരാവില്ല' (ബുഖാരി, മുസ്‌ലിം).
വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നബി(സ) പറഞ്ഞു:
مَا مِنْ خَارِجٍ خَرَجَ مِنْ بَيْتِهِ فِي طَلَبِ الْعِلْمِ إِلاَّ وَضَعَتْ لَهُ الْمَلاَئِكَةُ أَجْنِحَتَهَا رِضًا بِمَا يَصْنَعُ
'അറിവന്വേഷണാര്‍ഥം തന്റെ വീട്ടില്‍നിന്ന് പുറപ്പെടുന്നയാള്‍ ചെയ്യുന്നതിലുള്ള തൃപ്തിയാല്‍ മലക്കുകള്‍ അയാൾക്കു മേൽ അല്ലാഹുവിൻ്റെ ചിറകുകൾ വെക്കുന്നതായിരിക്കും.' (തിർമിദി)
സല്‍ക്കര്‍മങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു
സത്യവിശ്വാസികളെ മലക്കുകള്‍ സല്‍കര്‍മങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു എന്നതാണ് മറ്റൊരു പ്രധാന വശം. വിശിഷ്യാ അല്ലാഹുവിന്റെ മാര്‍ഗത്തിലെ സമരത്തില്‍. അല്ലാഹു പറയുന്നു:
إِذْ يُوحِى رَبُّكَ إِلَى ٱلْمَلَٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُواْ ٱلَّذِينَ ءَامَنُواْ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعْبَ فَٱضْرِبُواْ فَوْقَ ٱلْأَعْنَاقِ وَٱضْرِبُواْ مِنْهُمْ كُلَّ بَنَانٍۢ
'നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.
അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്കുമീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. (അന്‍ഫാല്‍ 12).
മനുഷ്യരുടെ ജീവിതം നേരെയാക്കുക, ധിക്കാരത്തില്‍നിന്നും തിന്മയില്‍നിന്നും അവരെ കാത്തുരക്ഷിക്കുക എന്നിവയും മലക്കുകളുടെ പ്രവര്‍ത്തനങ്ങളാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് അവ തിട്ടപ്പെടുത്തി രേഖപ്പെടുത്തുന്നത് അവരാണ്.
وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ ﴿١٦﴾ إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ ﴿١٧﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴿١٨﴾
(തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനും ആകുന്നു. വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല' -ഖാഫ്: 16-18).
وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾
(തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു' -ഇന്‍ഫിത്വാര്‍ 10-12)
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴿٨٠﴾
(അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്. -സുഖ്‌റുഫ് 80).
* ഇബ്‌നു ഹജര്‍ എഴുതുന്നു: മാലിക് എന്നതിന്റെ ലഘൂകൃത രൂപമാണ് മലക്. ദൗത്യം എന്നര്‍ഥമുള്ള അല്‍ അലൂക എന്നതില്‍നിന്ന് നിഷ്പന്നമാണ് എന്നും അഭിപ്രായമുണ്ട്. സീബവൈഹി ഉള്‍പ്പെടെ ഭൂരിപക്ഷ ഭാഷാകാരന്മാരും ലാക എന്നതാണ് മലകിന്റെ അടിസ്ഥാന പദം എന്ന അഭിപ്രായക്കാരാണ്. ശക്തിയോടെ പിടികൂടുക എന്ന് അര്‍ഥമുള്ള മല്‍ക് ആണ് അടിസ്ഥാന പദം എന്ന അഭിപ്രായവും നിലവിലുണ്ട്. ഭൂരിപക്ഷ പണ്ഡിതന്മാരും വിവിധ രൂപങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേക കഴിവുള്ള സൂക്ഷ്മ ശരീരങ്ങളോട് കൂടിയ സൃഷ്ടികളായ മലക്കുകളുടെ ആവാസ ലോകം. ആകാശലോകമാണെന്ന് അഭിപ്രായപ്പെടുന്നു- ഫത്ഹുല്‍ ബാരി 6/232
1. الأسئلة والأجوبة الأصولية ص 21
2. فتح الباري ج 6 ص 234
3. مسلم، أحمد ، فتح الباري 6 232-
4. شرح ملا علي القاري على الفقه الأكبر ص 11 ، العقائد الإسلامية ، سيد سابق ص 111 فتح الباري ج 6 ص 232
5. صحيح البخاري مع فتح الباري 6 242-
6. إغاثة اللهفان ج 2 ص 120 ، شرح العقيدة الطحاوية ص 235
7. إغاثة اللهفان ص 120
8. إغاثة اللهفان ج 2 ص 120، 121 ، شرح العقيدة الطحاوية ص 235