ഹിജാബിന്റെ നാൾവഴികള്‍; ഹിജാബ് മതസമൂഹങ്ങളിലും ഇതര നാഗരികതകളിലും
ഹഫീദ് നദ്‌വി
മുസ്ലിം സ്ത്രീകളുടെ മൂടുപടം എന്നും മത-മതേതര വൃത്തങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. ഇന്ത്യയിലെ കര്‍ണാടകത്തില്‍ മാത്രമല്ല, അങ്ങകലെ ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയിലടക്കം അവരുടെ തട്ടം പിടിച്ച് വലിക്കുന്ന പ്രവണത വര്‍ധിക്കുന്നു എന്നാണ് ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത്. നഗ്‌നരായി നടക്കാന്‍ നിയമ തടസ്സമില്ലാത്ത യൂറോപ്പിലെ ചില നഗരങ്ങളിലെങ്കിലും സ്ത്രീക്ക് അവളുടെ സ്വാതന്ത്ര്യത്തോടെയുള്ള ശിരോവസ്ത്രധാരണം നിയന്ത്രിക്കപ്പെടുന്നത് ഇസ്‌ലാമോ ഫോബിയ എന്നതിനേക്കാള്‍ കടുത്ത മനുഷ്യാവകാശ ലംഘനമായേ വിശേഷിപ്പിക്കാനാവൂ. ഇതു തിരിച്ചറിഞ്ഞ അമേരിക്ക, ന്യൂസിലാന്റ്, ഫിലിപ്പീന്‍, ഇസ്രായേല്‍ എന്നീ രാഷ്ട്രങ്ങള്‍ മുസ്‌ലിം വനിതകള്‍ക്ക്, വിശിഷ്യാ ഉദ്യോഗസ്ഥകള്‍ക്ക് അവരുടെ ഡ്രെസ്‌കോഡിന്റെ ഭാഗമായി സ്‌കാര്‍ഫ് / ഹിജാബ് അനുവദിച്ചത് സ്വാഗതാര്‍ഹം തന്നെ.
ഇക്കാലത്ത് മുസ്‌ലിം / ജൂത സ്ത്രീകളുടെ ലജ്ജയായും ഒതുക്കമായും ചിത്രീകരിച്ചു വരുന്ന 'തട്ടം' ചരിത്രത്തില്‍ പല നാഗരികതകളിലും മൊത്തം പെണ്മയുടെ പ്രതീകമായിരുന്നു എന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത്. പ്രത്യേകിച്ച് ലോകത്തെവിടെയുള്ള മതവിശ്വാസിനികള്‍ പൊതുവെ ശിരോവസ്ത്രം ധരിച്ചുവന്നിരുന്നു. മിക്കവാറും സ്ത്രീകള്‍ മതപരമായ അധ്യാപനങ്ങള്‍ക്ക് വിധേയമായാണ് ഇത് ധരിച്ചിരുന്നതെങ്കില്‍ ചിലര്‍ അവരുടെ സാംസ്‌കാരിക തനിമയുടെ വിനിമയ അടയാളമായി ശിരോവസ്ത്രത്തെ കണ്ടുവരുന്നു. ഓരോ വസ്ത്രത്തിനും അവയുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. പുരാതന കാലത്ത് തന്നെ അഭിമാനികളായ സ്ത്രീകള്‍ മൂടുപടം ധരിച്ചിരുന്നു. ഗ്രീക്ക്, ഹെല്ലനിസ്റ്റിക്, ഭാരതീയ പാരമ്പര്യങ്ങളിലെല്ലാം ഈ വസ്ത്രധാരണ രീതി നമുക്ക് ദര്‍ശിക്കാം.
യവനര്‍ തങ്ങളുടെ സ്ത്രീകളോട് വീടുകളില്‍ അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. റോമക്കാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തിരുന്നുവെങ്കിലും ബി.സി ഇരുനൂറിനു മുമ്പുവരെ, സ്ത്രീകള്‍ അലങ്കാര ഭൂഷണകളണിഞ്ഞ് വഴികളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കിയിരുന്നു. വീടുകളില്‍ പോലും കൂടുതല്‍ ചമഞ്ഞൊരുങ്ങി നില്‍ക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ നടപ്പില്‍ വരുത്തി. പഴയ കാലത്ത് സ്ത്രീകളോടുള്ള സമീപനം രണ്ട് തരത്തിലായിരുന്നു. ആരെങ്കിലും ദുരുപയോഗപ്പെടുത്തുമോ എന്ന് ഭയന്ന് അവരെ തടങ്കലിലെന്നോണം വീടുകളില്‍ പാര്‍പ്പിച്ചു. ചിലര്‍ ഇന്നത്തെ ലിബറലുകളെ പോലെ യഥേഷ്ടം തുറന്നുവിട്ടു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളായ അമിഷ്, മെനോനൈറ്റുകള്‍, കൂടാതെ ചില ജൂത, ഹിന്ദു, പാഴ്‌സി വിഭാഗങ്ങളിലും ശിരോവസ്ത്രം ഒരു മതകീയ ആചാരമായി കണക്കാക്കപ്പെടുന്നു.
ദിവ്യ പ്രോക്ത മതങ്ങളായ ജൂത / ക്രൈസ്തവ മതങ്ങളടക്കം വേയ്ല്‍ അഥവാ ഹിജാബ് ധരിക്കാന്‍ ശക്തമായി ആഹ്വാനം ചെയ്തിരുന്നു.
പുരാതന മെസൊപ്പൊട്ടേമിയയിലെയും ഗ്രീക്ക്, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെയും കുലസ്ത്രീകള്‍ മാന്യതയുടെയും ഉയര്‍ന്ന പദവിയുടെയും അടയാളമായി മൂടുപടമടക്കമുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. ബി.സി 1400-നും 1100-നും ഇടയിലുള്ള മധ്യ അസീറിയന്‍ നിയമങ്ങളിലാണ് മൂടുപടം സംബന്ധിച്ച ആദ്യകാല നടപടികള്‍ സാക്ഷ്യപ്പെടുത്തിയ പരാമര്‍ശം കാണുന്നത്. സമൂഹത്തിലെ സ്ത്രീയുടെ വര്‍ഗം, തറവാട്, പദവി, തൊഴില്‍ എന്നിവയെ ആശ്രയിച്ച് ഏത് സ്ത്രീകളാണ് മൂടുപടം അനുഷ്ഠിക്കേണ്ടതെന്നും ഏത് സ്ത്രീകള്‍ക്ക് തട്ടമേ പാടില്ലെന്നും വിശദീകരിക്കുന്ന അസൂറിയന്‍ സമ്പൂര്‍ണ നിയമങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. അടിമകള്‍ക്കും വേശ്യകള്‍ക്കും മൂടുപടം നിരോധിക്കുകയും അങ്ങനെ ചെയ്താല്‍ കടുത്ത ശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന കാലമായിരുന്നു മധ്യ അസീറിയന്‍ ഘട്ടം. വേശ്യയെ തലമൂടിക്കൊണ്ടു നടക്കുന്ന മനുഷ്യനെ പിടിച്ചാല്‍ ചാട്ടവാറ് കൊണ്ട് 50 അടി അടിക്കാനും അവന്‍ ഒരു മാസം മുഴുവന്‍ രാജാവിന് സേവനം അനുഷ്ഠിക്കണമെന്നുമായിരുന്നു അസീറിയന്‍ നിയമം. പുരാതന ഗ്രീസില്‍ തല മറക്കല്‍ പ്രഭുവര്‍ഗ പദവിയുടെ അടയാളപ്പെടുത്തല്‍ മാത്രമല്ല, പാതിവ്രത്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ പൊതുവായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഏകകം കൂടിയായിരുന്നു.
ബി.സി 13-ാം നൂറ്റാണ്ടില്‍ പുരാതന അയോണിക് ഗ്രീക്കില്‍ മൂടുപടം എന്ന വാക്കിന്റെ ഉത്ഭവമായ 'കലിപ്ട്ര' ആയിരുന്നു പിന്നീട് ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്ന ക്ലിയോപാട്രയുടെ പേരിന്റെ അടിസ്ഥാനം പോലും. ബി.സി 332-ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്‌സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയില്‍ ടോളമി പന്ത്രണ്ടാമന്റെ മകളായ ക്ലിയോപാട്രയുടെ പേരിന്റെ വേരുകള്‍ തേടിയാല്‍ എത്തുന്നത് കലിപ്ട്ര അഥവാ മൂടുപടമണിഞ്ഞ പെണ്‍കുട്ടി എന്ന വേയ്ല്‍ സങ്കല്പമാണെന്ന് കാണാം.
ക്ലാസിക്കല്‍ ഗ്രീക്ക്, ഹെല്ലനിസ്റ്റിക് ചരിത്രത്തിലും സ്ത്രീകളെ തലയും മുഖവും മൂടുപടം കൊണ്ട് മൂടിയതായി ചിത്രീകരിക്കുന്നത് കാണാം. കരോലിന്‍ ഗാല്‍ട്ടും(1903-1937), ലോയ്ഡ് ലെവെലിന്‍-ജോണ്‍സും പുരാതന ഗ്രീസിലെ സ്ത്രീകള്‍ പൊതുവായി അവരുടെ തല മറക്കുന്നത് സാധാരണമായിരുന്നുവെന്ന് അത്തരം പ്രാതിനിധ്യങ്ങളില്‍നിന്നും സാഹിത്യ പരാമര്‍ശങ്ങളില്‍ നിന്നും സിദ്ധാന്തിക്കുന്നത്. ഭാര്യയുടെ മേല്‍ ഭര്‍ത്താവിന്റെ അധികാരത്തിന്റെ പ്രതീകമായാണ് റോമന്‍ സ്ത്രീകള്‍ ഒരുകാലത്ത് മൂടുപടം ധരിച്ചിരുന്നത്. തട്ടം ഒഴിവാക്കിയ വിവാഹിതയായ സ്ത്രീ വിവാഹത്തില്‍നിന്ന് സ്വയം പിന്മാറുന്നതിന്റെ പ്രഖ്യാപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ബി.സി 166-ല്‍, കോണ്‍സല്‍ സുല്‍പീഷ്യസ് ഗാലസ് തന്റെ ഭാര്യയെ ഉപേക്ഷിച്ചതിന് കാരണം അവര്‍ തലമറക്കാതിരുന്നതായിരുന്നു.
തൗറാത്തും ഇഞ്ചീലും പഠിപ്പിക്കുന്ന ശിരോവസ്ത്രം
ഇറ്റാലിയന്‍ മന്ത്രി റോബര്‍ട്ടോ മറോണി പാര്‍ലിമെന്ററി സമിതിക്ക് മുന്നില്‍ വന്ന ഹിജാബ് നിരോധന ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും വളരെ ക്രിയാത്മകമായി അതിനെ ന്യായീകരിക്കുകയും ചെയ്തത് ഈയിടെയാണ്. അദ്ദേഹത്തിന്റെ ചോദ്യം കേട്ട മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രതിപക്ഷനേതാക്കളും ഒന്നും മിണ്ടിയില്ല.
'ലഭ്യമായ എല്ലാ ചിത്രങ്ങളിലും കന്യാമറിയം ശിരോവസ്ത്രമണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നെങ്ങിനെ ഹിജാബ് നിരോധന നിയമത്തില്‍ ഒപ്പിടാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകും? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തൗറാത് -ഇഞ്ചീല്‍ ഭൂമികയില്‍ പറയപ്പെടുന്ന എല്ലാ സ്ത്രീകളും ശിരോവസ്ത്രധാരിണികളാണ്.
ഹിജാബ് അഥവാ ശിരോവസ്ത്രം എന്ന വാക്ക് ഇരുപത്തിമൂന്ന് പ്രാവശ്യം തോറയില്‍ ഒരേ അര്‍ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. അത് 'തിരശ്ശീല' 'കൂടാരം' എന്നീ നിലകളിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
തോറയിലെ ശിരോവസ്ത്ര പരാമര്‍ശങ്ങളെ സംബന്ധിച്ചിടത്തോളം, ഇക്കാര്യത്തില്‍ വ്യക്തമായ നിയമനിര്‍മാണങ്ങളൊന്നുമില്ലെങ്കിലും മതപരമായ കല്‍പ്പന എന്നതിനേക്കാള്‍ ഇറാഖീ - സിറിയന്‍ - ഈജിപ്ഷ്യന്‍ ആചാരങ്ങളോട് കൂടുതല്‍ അടുക്കുന്നതായി തോന്നുന്നു.
റോമന്‍ വിവാഹങ്ങളില്‍ വധുവിന്റെ വസ്ത്രധാരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായിരുന്നു ഫ്‌ലാമിയം എന്ന മൂടുപടം. മെഴുകുതിരി ജ്വാലയെ അനുസ്മരിപ്പിക്കുന്ന ആഴത്തിലുള്ള മഞ്ഞ നിറമായിരുന്നു അക്കാലത്തെ മൂടുപടം.
''മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ.'' (1 കൊരിന്ത്യര്‍ 11:5)
'സ്വന്തം ശിരസ്സുമൂടി പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന പുരുഷന്‍ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. എന്നാല്‍ സ്വന്തം ശിരസ്സുമൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ് അത്. തലമൂടാത്ത സ്ത്രീ തന്റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനകരമാണ് എന്നു കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ. പുരുഷന്‍ തല മൂടേണ്ടതില്ല. കാരണം അയാള്‍ ദൈവത്തിന്റെ പ്രതിഛായയും തേജസ്സുമാണ്. സ്ത്രീയോ, പുരുഷന്റെ തേജസ്സാണ്. (പുരുഷനെ സ്ത്രീയില്‍ നിന്നല്ല, സ്ത്രീയെ പുരുഷനില്‍നിന്നാണ് ഉരുവാക്കിയത്) അതുകൊണ്ട്, മാലാഖമാരെ ആദരിച്ച് സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണം.....
നിങ്ങള്‍ തന്നെ തീരുമാനിക്കൂ, തല മൂടാതെ സ്ത്രീ ദൈവത്തോട് പ്രാര്‍ഥിക്കുന്നത് ഉചിതമാണോ? നീണ്ട മുടി പുരുഷന് അപമാനകരവും സ്ത്രീക്ക് അഭിമാനകരവുമാണ് എന്ന് പ്രകൃതി തന്നെ പഠിപ്പിക്കുന്നില്ലേ? സ്ത്രീക്ക് മുടി ഒരു ആവരണമായിട്ടാണല്ലോ നല്‍കിയിരിക്കുന്നത്. ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ഇതല്ലാതെ മറ്റൊരാചാരം ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ ഇല്ലെന്നു പറയട്ടെ....
(കോറിന്തോസുകാര്‍ക്ക് പൗലോസ് എഴുതിയ ഒന്നാം ലേഖനം 11:4-16).
'ബാബിലോണ്‍ പുത്രിയായ കന്യകേ...... തിരികല്ല് എടുത്ത് ധാന്യം പൊടിക്കൂ. നിന്റെ മൂടുപടം നീക്കൂ, നിന്റെ മേലങ്കി ഉരിഞ്ഞ്, കാലുകള്‍ നഗ്നമാക്കി നദികളിലൂടെ കടന്നുപോകൂ. (യെശയ്യാ: 47:2).
എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ. നിന്റെ മൂടുപടത്തിന്‍ നടുവെ നിന്റെ കണ്ണ് പ്രാവിന്‍ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടം പോലെയാകുന്നു. (ഉത്തമഗീതം 4:1)
പഴയ നിയമത്തില്‍നിന്ന്: ''സായാഹ്നത്തില്‍ ഇസ്ഹാഖ് ധ്യാനിക്കാന്‍ വയലിലേക്ക് പോയി. അയാള്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. റിബേക്ക ദൃഷ്ടി ഉയര്‍ത്തി നോക്കി. ഇസ്ഹാഖിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകത്തിന്റെ പുറത്തുനിന്ന് ഇറങ്ങി. അവള്‍ (റിബേക്ക) ദാസനോട് ചോദിച്ചു: ''വയലിലൂടെ നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യന്‍ ആരാണ്?'' ദാസന്‍ പറഞ്ഞു: ''എന്റെ യജമാനന്‍.'' അപ്പോള്‍ അവള്‍ മൂടുപടം എടുത്തണിഞ്ഞു'' (ഉല്‍പത്തി 24:63-67).
''കുറേക്കാലം കഴിഞ്ഞപ്പോള്‍ യഹൂദായുടെ ഭാര്യ ശൂവായുടെ പുത്രി മരിച്ചു. വിലാപ കാലം കഴിഞ്ഞപ്പോള്‍ അയാള്‍ സുഹൃത്തും അദുല്ലാ മിയനുമായ ഹീറായുടെ കൂടെ തിമ്നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി. 'നിന്റെ ഭര്‍തൃപിതാവായ യഹൂദാ ആടുകളുടെ രോമം കത്രിക്കാന്‍ തിമ്നായിലേക്ക് പോകുന്നു' എന്നു കേട്ടപ്പോള്‍ താമാര്‍ വൈധവ്യ വസ്ത്രങ്ങള്‍ എടുത്തുമാറ്റി മൂടുപടം ധരിച്ച് ആകെ പുതച്ചുമൂടി തിമ്നായിലേക്ക് പോകുന്ന വഴിയുടെ അരികിലുള്ള എനയീം പട്ടണത്തിന്റെ കവാടത്തില്‍ ഇരുന്നു'' (ഉല്‍പത്തി 38:12-19).
പഴയ നിയമം യെശയ്യാ 3:16-26-ല്‍ ഇങ്ങനെ വായിക്കാം: ''സീയോന്‍ പുത്രിമാര്‍ അഹങ്കാരികളാണ്. അവര്‍ തല ഉയര്‍ത്തിപ്പിടിച്ച് തോന്ന്യാസമായി കടാക്ഷങ്ങള്‍ അയച്ച് കുഴഞ്ഞാടി കാല്‍ചിലമ്പൊലിയും മുഴക്കി നടക്കുന്നു. അതുകൊണ്ട് സിയോന്‍ പുത്രിമാരുടെ ശിരസ്സുകള്‍ കര്‍ത്താവ് ചൊറികൊണ്ട് നശിപ്പിക്കും. അവരുടെ ശിരസ്സുകള്‍ നഗ്‌നമാക്കും. അന്ന് കര്‍ത്താവ് അവരുടെ കാല്‍ചിലമ്പുകളും കിരീടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും വളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോള്‍ വളകളും അരക്കച്ചകളും പരിമളപ്പെട്ടികളും ഏലസ്സുകളും മുദ്ര മോതിരങ്ങളും മൂക്കുത്തികളും ഉത്സവ വസ്ത്രങ്ങളും മേലങ്കികളും മുഴുക്കുപ്പായങ്ങളും കൈസഞ്ചികളും സുതാര്യ വസ്ത്രങ്ങളും ലിനന്‍ വസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരില്‍നിന്ന് എടുത്തുമാറ്റും. അന്ന് സുഗന്ധത്തിനു പകരം ചീഞ്ഞു നാറ്റമായിരിക്കും; അരപ്പട്ടയുടെ സ്ഥാനത്ത് കയര്‍ ആയിരിക്കും. നല്ല തലമുടി കെട്ടിന്റെ സ്ഥാനത്ത് മൊട്ടത്തലയായിരിക്കും. വിലപ്പെട്ട മേലങ്കിയുടെ സ്ഥാനത്ത് ചാക്ക് ഉടുത്തിരിക്കും; സൗന്ദര്യത്തിന്റെ സ്ഥാനത്ത് നാണക്കേട്. നിന്റെ പുരുഷന്മാര്‍ വാളിന്നിരയാകും. നിന്റെ വീരന്മാര്‍ യുദ്ധത്തില്‍ വീഴും. സിയോന്റെ പടിവാതിലുകള്‍ വിലപിച്ച് കേഴും. അവള്‍ നശിച്ചു നിലത്തു കുത്തിയിരിക്കും.''
അഴിഞ്ഞാട്ടത്തിനു കിട്ടിയ ദാരുണ ശിക്ഷയാണ് മേല്‍ വിവരണത്തില്‍. സൗന്ദര്യത്തെ മാത്രമല്ല, സ്ത്രൈണതയുടെ തന്നെ സകല മനോഹാരിതകളെയും ദൈവം നശിപ്പിച്ചതിന്റെ നേര്‍ ചിത്രവും നമുക്കവിടെ കാണാം.
സ്ത്രീകളുടെ മറയും തട്ടവും ഗ്രീക്കുകാരിലും റോമരിലുമുണ്ടായിരുന്നത് പോലെ തുടര്‍ന്ന് യഹൂദരില്‍ നിന്ന് ക്രിസ്ത്യാനികളിലേക്കും അവിടെനിന്നും പരിഷ്‌കൃത നഗര അറബികളിലേക്കും വ്യാപിക്കുകയായിരുന്നു എന്നാണ് നിരീക്ഷണം.
ഇന്നത്തെ ഇസ്രയേല്‍ - ജൂത സമൂഹങ്ങളില്‍ ബുര്‍ഖ പോലെയുള്ള മൂടുപടം ഹസിദിക് സ്ത്രീകള്‍ കൃത്യമായി അനുഷ്ഠിച്ചു വരുന്നു. ആരാധനാ സമയത്ത് ഏത് ജൂത സ്ത്രീയും തലമറക്കല്‍ നിര്‍ബന്ധമാണ്.
ക്രിസ്തു മതത്തില്‍ ശിരോവസ്ത്രം ദൈവത്തിന്റെ മുമ്പിലുള്ള താഴ്മയുടെ അടയാളമാണ്. ക്രിസ്തുവുമായും സഭയുമായുമുള്ള ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് പുരോഹിതന്മാര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്.
ക്രിസ്തുമതത്തിന്റെ ആദ്യകാല പുരോഹിതനായ ടെര്‍റ്റൂലിയന്‍ സ്ത്രീകളുടെ ശിരോവസ്ത്രങ്ങള്‍ക്കായി 'കന്യകമാരുടെ ശിരോവസ്ത്രം' എന്ന വിശദമായ നിയമ ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്. യാഥാസ്ഥിതിക കത്തോലിക്കാ സമുദായങ്ങളിലും അമിഷ് പോലുള്ള അനാബാപ്റ്റിസ്റ്റുകളിലും മെനോനൈറ്റ് ക്രിസ്ത്യാനികളിലും ഇപ്പോഴും തല മൂടുന്നത് സാധാരണമാണ്. കന്യാസ്ത്രീകള്‍ സദാസമയവും, അല്ലാത്ത വിശ്വാസിനികള്‍ പ്രാര്‍ത്ഥനാ വേളകളിലും നിര്‍ബന്ധപൂർവ്വം ശിരോവസ്ത്രം ധരിക്കുന്നത് ഇന്നും നമുക്ക് കാണാം.
ലേഡി അന്ന (CE 1589) ഡെന്മാര്‍ക്ക്, സ്‌കോട്ട്‌ലാന്റ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് അവിഭക്ത ബ്രിട്ടണിലെ 16-ാം നൂറ്റാണ്ടിലെ രാജ്ഞിയും പ്രഥമ പൗരയുമായിരുന്നു. സ്‌കോട്ട്‌ലാന്റിലെ ജെയിംസ് ആറാമന്‍ രാജാവിനെ വിവാഹം ചെയ്തതോടെയാണ് അവര്‍ കൃത്യമായി ശിരോവസ്ത്രം ധരിക്കാന്‍ ആരംഭിച്ചത്. അതിനാധാരമാവട്ടെ ഉപരിസൂചിത കൊരിന്ത്യര്‍ക്കുള്ള ലേഖനവും ടെര്‍റ്റൂലിയന്റെ ശിരോവസ്ത്ര നിയമങ്ങളുമായിരുന്നു.
ഹിന്ദുമതത്തില്‍ ശിരോവസ്ത്രം ഉണ്ടോ?
ദൈവം നിങ്ങളെ സ്ത്രീകളാക്കിയത്, നിങ്ങള്‍ നിങ്ങളുടെ നോട്ടം താഴ്ത്താനും, പുരുഷന്മാരെ നോക്കാതിരിക്കാനും, നിങ്ങള്‍ കേള്‍ക്കുന്നതുപോലെ നിങ്ങളുടെ പാദങ്ങള്‍ മൂടിവെക്കാനും, മൂടുപടം കൊണ്ട് മറക്കേണ്ടവ വെളിപ്പെടുത്താതിരിക്കാനുമാണ്.''
[ഋഗ്വേദ പുസ്തകം: 8, ശ്ലോകം: 33, മന്ത്രം: 19-20]
''പുരുഷന്‍ തന്റെ തുടയെ സ്ത്രീ വസ്ത്രം കൊണ്ട് മൂടുന്നത് നല്ലതല്ല''
[ഋഗ്വേദ പുസ്തകം: 10, ശ്ലോകം: 85, മന്ത്രം: 30]
പരശുരാമന്‍ വരുന്നത് കണ്ട രാമന്‍ സീതയോട് പറഞ്ഞു.
''ഓ സീതാ നീ നിന്നെ തന്നെ നിന്റെ ശിരോ വസ്ത്രത്തില്‍ സംരക്ഷിക്കുക. നിന്റെ ദൃഷ്ടി താഴ്ത്തുകയും ചെയ്യുക''
[മഹാവീര ചരിത നിയമം: 2, പേജ്: 71]
ക്രൂരകര്‍മാവായ രാവണന്‍ എടുത്തു കൊണ്ടുപോവുമ്പോള്‍ സീതയുടെ ഉത്തരീയം (സ്‌കാഫ്) നിലത്ത് വീണ പുരാണം പ്രസിദ്ധമാണ്.
[കിഷ്‌കിന്ധാകാണ്ഡം സര്‍ഗം: 6, സൂക്തം: 9-12]
ഇസ്ലാം നിര്‍ദേശിക്കുന്ന ഹിജാബ്
മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പെ ഹിജാബ് നിലവിലുണ്ടായിരുന്നുവെന്നും അന്യരുടെ മുമ്പില്‍ ഹിജാബ് ധരിക്കുന്നത് അന്നത്തെ പൊതുരീതിയായിരുന്നുവെന്നും നാം മനസ്സിലാക്കി.
വീടുകള്‍ക്കു പുറത്തും വഴികളിലും അങ്ങാടികളിലും സ്വതന്ത്ര സ്ത്രീകള്‍ ഹിജാബ് അണിഞ്ഞിരുന്നു.
അഖ്ഖാദ് പറയുന്നതുപോലെ മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്ത് പരമ്പരാഗത സംസ്‌കാരത്തിന്റെ നിരര്‍ഥകമായ അനുകരണം, ശേഷിപ്പ് എന്ന നിലയേ 'ഹിജാബി'ന് ഉണ്ടായിരുന്നുള്ളൂ. അത് വേണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. സാമൂഹികമായ പ്രതിരോധം, അഴിഞ്ഞാട്ട വിരുദ്ധത, കുഴപ്പങ്ങള്‍ തടുക്കുക പോലുള്ള കാര്യങ്ങളായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇസ്ലാം അര്‍ഥശൂന്യമായ എല്ലാ അനുകരണങ്ങളെയും നിരര്‍ഥകമായ ശേഷിപ്പുകളെയും എന്ന പോലെ ഹിജാബിനെയും കൈകാര്യം ചെയ്തു. സമൂഹ നന്മക്ക് ഉതകുംവിധം അതിനെ മാറ്റിയെടുത്തു. സ്ത്രീകള്‍ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഇല്ലാതെയാക്കി. 'ഹിജാബ്' എന്നത് പുരുഷനും സ്ത്രീക്കും അഭികാമ്യമായ സംസ്‌കാരമായി പരിചയപ്പെടുത്തി. സ്ത്രീപുരുഷ സങ്കലനങ്ങള്‍ക്കിടയിലുള്ള അകലമാണ് ഇസ്‌ലാമിലെ ഹിജാബ്. സ്ത്രീയെ പോലെ പുരുഷനും ബോധപൂർവം പാലിക്കേണ്ട ഒന്നാണത്. അതിനു വേണ്ട വേഷവിധാനങ്ങളില്‍ ജില്‍ബാബ്, സ്‌കാര്‍ഫ്, നിഖാബ് എന്നിവ സ്വാഭാവികമായി വന്നുചേര്‍ന്നു. കാലക്രമേണ മറയേണ്ട ഭാഗങ്ങളുടെ വ്യത്യാസം പരിഗണിച്ചും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ വിസ്മരിക്കാതെയും ജീവിതത്തിലെ ബാധ്യതകള്‍ക്കനുസൃതമായും സ്ത്രീ-പുരുഷന്മാരുടെ വേഷവിധാനങ്ങള്‍ പരിഷ്‌കരിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല.
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْۚ ذَٰلِكَ أَزْكَىٰ لَهُمْۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَاۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾
''പുരുഷന്മാര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തണം, ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കണം; സത്യവിശ്വാസിനികള്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തണം, ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കണം'' (അന്നൂര്‍ 30) എന്ന ധാര്‍മിക നിര്‍ദേശം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കുന്നു. ഇന്നയിന്ന ആളുകളുടെ മുന്നില്‍ മാത്രമേ സ്ത്രീകള്‍ തങ്ങളുടെ ബാഹ്യസൗന്ദര്യം പ്രകടിപ്പിക്കാവൂ എന്ന് ഖുര്‍ആന്‍ (അന്നൂര്‍ 31) പറയുമ്പോള്‍ അതിന്റെ മറ്റൊരര്‍ഥം അവരല്ലാത്ത പുരുഷന്മാരുടെ മുന്നില്‍ സൗന്ദര്യം പ്രകടിപ്പിക്കരുത് എന്നു മാത്രമല്ല, ആ പുരുഷന്മാര്‍ അവരുടെ നേരെ ദൃഷ്ടികള്‍ അയക്കരുതെന്നു കൂടിയാണ്. അഥവാ, പുരുഷന്മാര്‍ സ്ത്രീകള്‍ക്കുനേരെ കണ്ണയക്കരുതെന്ന് സാരം. വിശാലാര്‍ഥത്തില്‍ ഹിജാബ് എന്നാല്‍ കേവലം വേഷം മാത്രമല്ല, അത് ദ്വിമാനമുള്ള ആശയമാണ്. പുരുഷന്മാര്‍ പൗരുഷത്തിന് യോജിക്കാത്ത സൗന്ദര്യവത്കരണം നടത്തരുതെന്ന പോലെ, സ്ത്രീകളും സ്ത്രൈണതക്ക് യോജിക്കാത്ത അലങ്കാരങ്ങള്‍ അണിയരുതെന്നാണ് മറ്റൊരു ഖുര്‍ആനിക നിര്‍ദേശം (അല്‍ അഹ്സാബ് 33).
يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴿٥٩﴾
ഹേ, നബിയേ! നിന്റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും താഴ്ത്തിയിട്ടു കൊള്ളട്ടെ. അവര്‍ തിരിച്ചറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണത്. അപ്പോഴവര്‍ക്കു ശല്യം ബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
(അല്‍ അഹ്സാബ് 59) എന്ന ഈ സൂക്തമാണ് ഹിജാബിന്റെ കൃത്യമായ നിര്‍ദേശങ്ങളടങ്ങിയ ഖുര്‍ആന്‍ വചനം അഥവാ ആയതുല്‍ ഹിജാബ്.
പ്രസ്തുത സൂക്തം മുന്നില്‍ വെച്ച് മുസ്‌ലിം സ്ത്രീകള്‍ അന്യ പുരുഷന്മാരുടെ മുമ്പില്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറച്ചിരിക്കണമെന്നതാണ് ആധുനിക കാലത്തെ ഹദീസ് പണ്ഡിതനായ അല്‍ബാനിയുടെതടക്കമുള്ള അഭിപ്രായം. എന്നാല്‍ സുന്ദരമായി വാതില്‍ തുറന്നിട്ട ശേഷം വീടുപൂട്ടി വെക്കല്‍ സൂക്ഷ്മമല്ലെന്ന ലോജിക്കാണ് മൗദൂദിയെ പോലുള്ളവര്‍ക്കുള്ളത്. രണ്ടു പക്ഷത്തിനും അവരുടേതായ തെളിവുകള്‍ പ്രമാണങ്ങളില്‍ ലഭ്യമാണ്.
എന്നാല്‍ തലമറക്കലും ആരാധനാ വേളകളിലേ നിര്‍ബന്ധമുള്ളൂ എന്ന വീക്ഷണമുള്ള സഈദുല്‍ അശ്മാവി (ഈജിപ്ത്), ജാവേദ് ഗാമിദി (പാകിസ്താന്‍) എന്നീ ലിബറല്‍ ഇസ്‌ലാമിസ്റ്റുകളും ആധുനിക ലോകത്ത് ഉണ്ട്. അവസാനം സൂചിപ്പിച്ച ദാര്‍ശനികനെയാണ് കര്‍ണാടക ഹൈക്കോടതി തങ്ങളുടെ വാദം തെളിയിക്കാന്‍ ഉപയോഗിച്ചത്.
ലോകത്ത് മുസ്ലിംകള്‍ പൊതുവെ പിന്‍പറ്റുന്ന നാലു മദ്ഹബുകളും, മദ്ഹബിനു പുറത്തുള്ള പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമൊക്കെ മുകളില്‍ പറഞ്ഞ രണ്ടഭിപ്രായങ്ങളിലൊന്ന് സ്വീകരിക്കുന്നവരാണ്.
ഒന്നാം പക്ഷത്തിന്റെ തെളിവ്:
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ أَسْمَاءَ بِنْتَ أَبِى بَكْرٍ دَخَلَتْ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَعَلَيْهَا ثِيَابٌ رِقَاقٌ فَأَعْرَضَ عَنْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَقَالَ: « يَا أَسْمَاءُ، إِنَّ الْمَرْأَةَ إِذَا بَلَغَتِ الْمَحِيضَ، لَمْ تَصْلُحْ أَنْ يُرَى مِنْهَا إِلاَّ هَذَا وَهَذَا ». وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ.-رَوَاهُ أَبُو دَاوُد: 4106، وَصَحَّحَهُ الأَلْبَانِيُّ.
ആഇശ (റ) പറയുന്നു: അബൂബക്റിന്റെ മകള്‍ അസ്മാ നേരിയ വസ്ത്രവുമിട്ടുകൊണ്ട് നബി(സ)യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി തിരിഞ്ഞു നിന്നു കളഞ്ഞു. എന്നിട്ട് മുഖവും മുന്‍കൈയും ചൂണ്ടിക്കൊണ്ട് പറഞ്ഞു: അസ്മാ, പെണ്ണ് പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇതും ഇതുമല്ലാതെ (മുഖവും മുന്‍കൈകളും) പുറത്തു കാണാന്‍ പാടില്ല' -(അബൂദാവൂദ്: 4104). അല്‍ബാനി ഇത് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. -(സ്വഹീഹ് അബീദാവൂദ്: 2/460).
പ്രവാചക ശിഷ്യന്‍ മഹാനായ ഇബ്‌നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടിട്ടുള്ളതും മുഖവും മുന്‍കൈയുമൊഴിച്ചുള്ള ഭാഗങ്ങള്‍ മറക്കണമെന്നാണ്.
عَنِ ابْنِ عَبَّاسٍ قَالَ {وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا قَالَ: مَا فِى الْكَفِّ وَالْوَجْهِ.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 3339، بَابُ عَوْرَةِ الْمَرْأَةِ الْحُرَّةِ. قَالَ اللَّهُ تَعَالَى {وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا}.
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ഹിജാബ്
ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഹനഫീ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥമായ 'ബദാഇഉ സ്സ്വനാഇഇല്‍ മുഖം, മുന്‍ കൈകള്‍ എന്നിവ ഔറത്തില്‍ ഉള്‍പ്പെടുത്താത്തത് അവ ഭൗതിക ജീവിതത്തിലെ വ്യവഹാരങ്ങളില്‍ അനിവാര്യമായും പ്രകടമാവുന്നവ എന്ന നിലയിലാണ്.
قَالَ الْإِمَامُ عَلَاءُ الدِّينِ الكَاسَانِيُّ: فَلَا يَحِلُّ النَّظَرُ لِلْأَجْنَبِيِّ مِنْ الْأَجْنَبِيَّةِ الْحُرَّةِ إلَى سَائِرِ بَدَنِهَا إلَّا الْوَجْهِ وَالْكَفَّيْنِ لِقَوْلِهِ تَبَارَكَ وَتَعَالَى {قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ} إلَّا أَنَّ النَّظَرَ إلَى مَوَاضِعِ الزِّينَةِ الظَّاهِرَةِ وَهِيَ الْوَجْهُ وَالْكَفَّانِ رُخِّصَ بِقَوْلِهِ تَعَالَى {وَلَا يُبْدِينَ زِينَتَهُنَّ إلَّا مَا ظَهَرَ مِنْهَا} وَالْمُرَادُ مِنْ الزِّينَةِ مَوَاضِعُهَا وَمَوَاضِعُ الزِّينَةِ الظَّاهِرَةِ الْوَجْهُ وَالْكَفَّانِ فَالْكُحْلُ زِينَةُ الْوَجْهِ وَالْخَاتَمُ زِينَةُ الْكَفِّ وَلِأَنَّهَا تَحْتَاجُ إلَى الْبَيْعِ وَالشِّرَاءِ وَالْأَخْذِ وَالْعَطَاءِ وَلَا يُمْكِنُهَا ذَلِكَ عَادَةً إلَّا بِكَشْفِ الْوَجْهِ وَالْكَفَّيْنِ فَيَحِلُّ لَهَا الْكَشْفُ وَهَذَا قَوْلُ أَبِي حَنِيفَةَ رَضِيَ اللَّهُ عَنْهُ وَرَوَى الْحَسَنُ عَنْ أَبِي حَنِيفَةَ رَحِمَهُمَا اللَّهُ أَنَّهُ يَحِلُّ النَّظَرُ إلَى الْقَدَمَيْنِ أَيْضًا.-بَدَائِع الصَّنَائِع: كِتَابِ الِاسْتِحْسَانِ.
ഇമാം അലാഉദ്ദീന്‍ കാസാനീ പറയുന്നു: 'ഒരു അന്യപുരുഷന് സ്വതന്ത്രയായ അന്യ സ്ത്രീയുടെ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ശരീരം കാണാന്‍ അനുവാദമില്ല. 'നബിയെ സത്യവിശ്വാസികളോട് തങ്ങളുടെ കണ്ണുകള്‍ താഴ്ത്താന്‍ താങ്കള്‍ പറയുക' എന്ന വചനം അതാണ് സൂചിപ്പിക്കുന്നത്. 'അവര്‍-സ്ത്രീകള്‍- തങ്ങളുടെ പ്രത്യക്ഷമായ സൗന്ദര്യം വെളിപ്പെടുത്തരുത്' എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രത്യക്ഷ സൗന്ദര്യ ഭാഗങ്ങള്‍ -മുഖവും ഇരു മുന്‍കൈകളും- നോക്കുന്നതിന് ഇളവു നല്‍കപ്പെട്ടിരിക്കുന്നു. സൗന്ദര്യം എന്നതിന്റെ ഉദ്ദേശ്യം സൗന്ദര്യ ഭാഗങ്ങളാണ്. പ്രത്യക്ഷ സൗന്ദര്യ ഭാഗങ്ങള്‍ എന്നതിന്റെ വിവക്ഷ മുഖവും ഇരു മുന്‍കൈകളുമാണ്. സുറുമ മുഖത്തിന് സൗന്ദര്യമാണ്. സ്ത്രീകള്‍ക്ക് വില്‍ക്കുകയും വാങ്ങുകയും കൊടുക്കുകയും എടുക്കുകയും വേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ഇത് മുഖവും ഇരുമുന്‍കൈകളും തുറന്നിട്ടെ സാധ്യമാവുകയുള്ളൂ. അതുകൊണ്ട് അവള്‍ക്ക് ആ ഭാഗങ്ങള്‍ വെളിപ്പെടുത്താം. ഇതാണ് അബൂഹനീഫയുടെ അഭിപ്രായം. ഇരുകാല്‍പാദങ്ങളും നോക്കല്‍ അനുവദനീയമാണെന്നതാണ് അബൂഹനീഫയുടെ അഭിപ്രായമെന്ന് ഹസന്‍ ഉദ്ധരിച്ചിരിക്കുന്നു.
മാലികീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ മിനഹുല്‍ ജലീലില്‍ ശൈഖ് അലീശ് എഴുതുന്നതും അതേ സംഗതിയാണ്. ഫിത്‌ന (ലൈംഗികമായ പ്രലോഭനം) പേടിക്കാതിരിക്കുവോളം മുഖവും മുന്‍ കൈകളും ഔറത്തില്‍ പെടില്ലെന്നാണദ്ദേഹത്തിന്റെ പക്ഷം.
وَقَالَ الشَّيْخُ مُحَمَّدُ بْنُ أَحْمَدَ الْمَعْرُوف بِعَلِيش: وَهِيَ (أَيْ: الْعَوْرَةُ) مِنْ حُرَّةٍ مَعَ رَجُلٍ أَجْنَبِيٍّ مُسْلِمٍ جَمِيعُ جَسَدِهَا غَيْرُ الْوَجْهِ وَالْكَفَّيْنِ ظَهْرًا وَبَطْنًا فَالْوَجْهُ وَالْكَفَّانِ لَيْسَا عَوْرَةً فَيَجُوزُ لَهَا كَشْفُهُمَا لِلْأَجْنَبِيِّ وَلَهُ نَظَرُهُمَا إنْ لَمْ تُخْشَ الْفِتْنَةُ فَإِنْ خِيفَتْ الْفِتْنَةُ بِهِ فَقَالَ ابْنُ مَرْزُوقٍ مَشْهُورُ الْمَذْهَبِ وُجُوبُ سَتْرِهِمَا وَقَالَ عِيَاضٌ لَا يَجِبُ سَتْرُهُمَا وَيَجِبُ عَلَيْهِ غَضُّ بَصَرِهِ وَقَالَ زَرُّوقٌ يَجِبُ السَّتْرُ عَلَى الْجَمِيلَةِ وَيُسْتَحَبُّ لِغَيْرِهَا.-مِنَحُ الْجَلِيل شَرْحُ مُخْتَصَرِ خَلِيلٍ: فَصْلٌ فِي سَتْرِ الْعَوْرَةِ.
'ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഒരു സ്വതന്ത്ര സ്ത്രീയുടെ മുഖവും അകവും പുറവും അടക്കം ഇരുമുന്‍കൈകളും ഔറത്താണ്. മുഖവും ഇരു മുന്‍കൈകളും ഔറത്തല്ല. അതിനാല്‍ അവ രണ്ടും അന്യന്റെ മുമ്പില്‍ തുറന്നിടാവുന്നതാണ്. അന്യ പുരുഷന് ലൈംഗികമായ പ്രലോഭനമില്ലെങ്കില്‍ അവ രണ്ടും നോക്കാവുന്നതുമാണ്. അങ്ങനെ ആശങ്കിക്കുന്നുവെങ്കില്‍, ഇബ്‌നു മര്‍സൂഖ് പറയുന്നു, മാലികി മദ്ഹബിലെ പ്രസിദ്ധാഭിപ്രായം മുഖവും മുന്‍കൈകളും മറയ്ക്കണം എന്നാണ്. ഇയാദ് പറയുന്നു: 'അവ രണ്ടും മറക്കേണ്ടതില്ല, അതേസമയം പുരുഷന്‍ കണ്ണുകള്‍ നിര്‍ബന്ധമായും അടച്ചിരിക്കണം. ഇബ്‌നു മര്‍റൂഖ് പറയുന്നു: 'സ്ത്രീ സുന്ദരിയാണെങ്കില്‍ നിര്‍ബന്ധമായും മറച്ചിരിക്കണം. അല്ലാത്തവര്‍ക്ക് മറയ്ക്കല്‍ അഭികാമ്യമാണ്.'
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം നവവി തന്റെ പ്രശസ്ത ഗ്രന്ഥമായ ശര്‍ഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ഇബ്‌നു അബ്ബാസി (റ)ന്റെ ഉപരി സൂചിത അഭിപ്രായമാണ്.
وَقَالَ شَيْخُ الْإِسْلَامِ زَكَرِيَّا الْأَنْصَارِيُّ: وَعَوْرَةُ الْحُرَّةِ في الصَّلَاةِ وَعِنْدَ الْأَجْنَبِيِّ وَلَوْ خَارِجَهَا جَمِيعُ بَدَنِهَا إلَّا الْوَجْهَ وَالْكَفَّيْنِ ظَهْرًا وَبَطْنًا إلَى الْكُوعَيْنِ لِقَوْلِهِ تَعَالَى وَلَا يُبْدِينَ زِينَتَهُنَّ إلَّا ما ظَهَرَ منها قال ابن عَبَّاسٍ وَغَيْرُهُ ما ظَهَرَ منها وَجْهُهَا وَكَفَّاهَا وَإِنَّمَا لم يَكُونَا عَوْرَةً لِأَنَّ الْحَاجَةَ تَدْعُو إلَى إبْرَازِهِمَا وَإِنَّمَا حُرِّمَ النَّظَرُ إلَيْهِمَا لِأَنَّهُمَا مَظِنَّةُ الْفِتْنَةِ.-أَسْنَى الْمَطَالِبِ: فَرْع تَبْطُلُ صَلَاةُ مَنْ لَاقَى ثَوْبَهُ أَوْ بَدَنَهُ نَجَسًا.
ശൈഖുല്‍ ഇസ്‌ലാം സകരിയ അന്‍സ്വാരി പറയുന്നു: നമസ്‌കാരത്തിലും അന്യപുരുഷന്റെ അടുത്ത് കഴിയുമ്പോഴും നമസ്‌കാരത്തിനു പുറത്തും മുഖവും ഇരു മുന്‍കൈകളും ഒഴികെ ശരീരം മുഴുവനുമാണ്. ഇതില്‍നിന്ന് മുഖവും അകവും പുറവും അടക്കം മണികണ്ഠം വരെ മുന്‍കൈകളും ഒഴിവാണ്. 'അവര്‍ പ്രകടമായ സൗന്ദര്യമല്ലാതെ വെളിപ്പെടുത്തരുത്' എന്ന സൂക്തമാണ് അതിനാധാരം. ഇബ്‌നു അബ്ബാസും മറ്റുള്ളവരും പറയുന്നു: പ്രകടമായത് എന്നതിന്റെ വിവക്ഷ മുഖവും രണ്ട് മുന്‍കൈകളുമാണ്. അവര്‍ രണ്ടും ഔറത്തായി പരിഗണിക്കാതിരുന്നത് അത് വെളിപ്പെടുത്തല്‍ അത്യാവശ്യമായത് കൊണ്ടാണ്. അവയിലേക്ക് നോക്കുന്നത് നിഷിദ്ധമാക്കപ്പെട്ടത് ഫിത്‌നയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ്.
قَالَ الْإِمَامُ النَّوَوِيُّ: وَأَمَّا الْحُرَّةُ فَجَمِيعُ بَدَنِهَا عَوْرَةٌ إلَّا الْوَجْهَ وَالْكَفَّيْنِ لِقَوْلِه تَعَالَي {وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا} قَالَ ابْنُ عَبَّاسٍ: وَجْهَهَا وَكَفَّيْهَا. وَلِأَنَّ النَّبِيَّ صَلَّي اللهُ عَلَيْهِ وَسَلَّمَ “ نَهَى الْمَرْأَةَ الْحَرَام عَنْ لُبْسِ الْقُفَّازَيْنِ وَالنِّقَابِ “ وَلَوْ كَانَ الْوَجْهُ وَالْكَفُّ عَوْرَةً لَمَا حَرُمَ سَتْرُهُمَا، وَلِأَنَّ الْحَاجَةَ تَدْعُو إلَى إبْرَازِ الْوَجْهِ لِلْبَيْعِ وَالشِّرَاءِ وَإلَى إِبْرَازِ الْكَفِّ لِلْأَخْذِ وَالْعَطَاءِ فَلَمْ يَجْعَلْ ذَلِكَ عَوْرَةً .......فِي مَذَاهِبِ الْعُلَمَاءِ فِي الْعَوْرَةِ قَدْ ذَكَرْنَا أَنَّ الْمَشْهُورَ مِنْ مَذْهَبِنَا أَنَّ عَوْرَةَ الرَّجُلِ مَا بَيْنَ سُرَّتِهِ وَرُكْبَتِهِ، وَكَذَلِكَ الْأَمَةُ وَعَوْرَةُ الْحُرَّةِ جَمِيعُ بَدَنِهَا إلَّا الْوَجْهَ وَالْكَفَّيْنِ. وَبِهَذَا كُلِّهِ قَالَ مَالِكٌ وَطَائِفَةٌ وَهِيَ رِوَايَةٌ عَنْ أَحْمَدَ. وَقَالَ أَبُو حَنِيفَةَ عَوْرَةُ الرَّجُلِ مِنْ رُكْبَتِهِ إِلَى سُرَّتِه وَلَيْسَت السُّرَّةَ عَوْرَةً. وَبِهِ قَالَ عَطَاءٌ وَقَالَ دَاوُد وَمُحَمَّدُ بْنُ جَرِيرٍ وَحَكَاهُ فِي التَّتِمَّةِ عَنْ عَطَاءٍ: عَوْرَتُهُ الْفَرْجَانِ فَقَطْ. وَمِمَّنْ قَالَ عَوْرَةُ الْحُرَّةِ جَمِيعُ بَدَنِهَا إِلَّا وَجْهَهَا وَكَفَّيْهَا الْأَوْزَاعِيُّ وَأَبُو ثَوْرٍ.- شَرْحِ الْمُهَذَّبِ: بَابِ سَتْرِ الْعَوْرَةِ.
ഇമാം നനവി പറയുന്നു: 'ഒരു സ്വതന്ത്ര സ്ത്രീയുടെ മുഖവും ഇരു മുന്‍കൈകളും ഒഴികെയുള്ള എല്ലാ ശരീര ഭാഗങ്ങളും ഔറത്താണ്. 'സ്ത്രീകള്‍ പ്രകടമായ അവരുടെ സൗന്ദര്യം' എന്ന സൂക്തത്തിന്റെ വിവക്ഷ അതാണ്. ഇബ്‌നു അബ്ബാസ് പറയുന്നു: 'സ്ത്രീയുടെ മുഖവും ഇരു മുന്‍കൈകളുമാണ് അത്' നബി(സ) ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ കൈയുറകളും നിഖാബും ധരിക്കുന്നത് വിലക്കിയിരിക്കുന്നു. മുഖവും മുന്‍കൈയും ഔറത്തായിരുന്നുവെങ്കില്‍ അവ മറയ്ക്കുന്നത് ഹറാമാകുമായിരുന്നില്ല. കൊള്ളക്കൊടുക്കലുകള്‍ക്കും മറ്റും മുന്‍കൈകളും മുഖവും വെളിവാക്കേണ്ടി വരുന്നു. അതുകൊണ്ട് അത് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ ഔറത്തായി നിശ്ചിയിച്ചില്ല. നമ്മുടെ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം, പുരുഷന്റെയും അടിമ സ്ത്രീയുടെയും ഔറത്ത് പൊക്കിളിന്റെയും കാല്‍ മുട്ടിന്റെയും ഇടയിലുള്ളതാണ്. സ്വതന്ത്ര സ്ത്രീയുടെ ഔറത്ത് മുഖവും ഇരു മുന്‍കൈകളും ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുമാണ്. ഇതാണ് മാലിക്കും ഒരു വിഭാഗം പണ്ഡിതന്മാരും പ്രസ്താവിച്ചത്. അഹ്‌മദില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടനുസരിച്ചും ഇതുതന്നെ. അബൂഹനീഫ പറയുന്നു: 'പുരുഷന്റെ ഔറത്ത് മുട്ടുമുതല്‍ പൊക്കിള്‍ വരെയാണ്. പൊക്കിള്‍ ഔറത്തല്ല. അത്വാഉം ദാവൂദും മുഹമ്മദുബ്‌നു ജരീറും ഇതേ അഭിപ്രായക്കാരാണ്. അത്വാഇല്‍നിന്ന് 'തത്തിമ്മ'യില്‍ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: 'പുരുഷന്റെ ഔറത്ത് രണ്ടു ഗുഹ്യ ഭാഗങ്ങള്‍ മാത്രമാണ്. സ്വതന്ത്ര സ്ത്രീയുടെ ഔറത്ത് മുഖവും ഇരു മുന്‍കൈകളും ഒഴികെ എല്ലാ ശരീര ഭാഗങ്ങളുമാണെന്ന് പറഞ്ഞവരില്‍ ഔസാഈയും അബൂസൗറും പെടുന്നു.'
ഹമ്പലീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ മുഗ്‌നിയില്‍ ഇമാം ഇബ്‌നു ഖുദാമ ശരിവെക്കുന്നതും അതേ വീക്ഷണമാണ്.
قَالَ الْإِمَامُ ابْنُ قُدَامَةَ: وَلَا خِلَافَ بَيْنَ أَهْلِ الْعِلْمِ فِي إبَاحَةِ النَّظَرِ إلَى وَجْهِهَا، وَذَلِكَ لِأَنَّهُ لَيْسَ بِعَوْرَةٍ، وَهُوَ مَجْمَعُ الْمَحَاسِنِ، وَمَوْضِعُ النَّظَرِ وَلَا يُبَاحُ لَهُ النَّظَرُ إلَى مَا لَا يَظْهَرُ عَادَةً.... وَلَنَا قَوْلُ اللَّهِ تَعَالَى {وَلَا يُبْدِينَ زِينَتَهُنَّ إلَّا مَا ظَهَرَ مِنْهَا} وَرُوِيَ عَنْ ابْنِ عَبَّاسٍ أَنَّهُ قَالَ: الْوَجْهُ، وَبَاطِنُ الْكَفِّ. وَلِأَنَّ النَّظَرَ مُحَرَّمٌ أُبِيحَ لِلْحَاجَةِ، فَيَخْتَصُّ بِمَا تَدْعُو الْحَاجَةُ إلَيْهِ، وَهُوَ مَا ذَكَرْنَا.-الْمُغْنِي: فَصْلٌ: 5327.
ഇമാം ഇബ്‌നു ഖുദാമ പറയുന്നു: 'സ്ത്രീകളുടെ മുഖത്തേക്ക് നോക്കല്‍ അനുവദനീയമാണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം മുഖം ഔറത്തല്ല. അത് സൗന്ദര്യത്തിന്റെ സംഗമസ്ഥാനവും നോക്കുന്ന ഇടവുമാണ്. സാധാരണയായി പ്രത്യക്ഷമാവാത്തവ നോക്കല്‍ അനുവദനീയമല്ല. 'സ്ത്രീകള്‍ അവരില്‍നിന്ന് പ്രത്യക്ഷമാവുന്ന സൗന്ദര്യമല്ലാതെ വെളിപ്പെടുത്താവതല്ല' എന്ന അല്ലാഹുവിന്റെ വചനം അതിന്റെ തെളിവാണ്. വെളിപ്പെടുത്താവുന്നവ എന്നതിന്റെ വിവക്ഷ മുഖവും മുന്‍കൈയുടെ അകവശവുമാണ്. നോക്കല്‍ നിഷിദ്ധമാണ്. ആവശ്യം പരിഗണിച്ചാണ് അത് അനുവദിക്കപ്പെടുന്നത്. ആവശ്യം ഉണ്ടെങ്കിലേ നോട്ടം പാടുള്ളൂ.'
സ്വതന്ത്ര മദ്ഹബ് എന്നാക്ഷേപിക്കപ്പെടുന്ന സലഫീ വീക്ഷണങ്ങള്‍ എടുത്തു നോക്കിയാല്‍ ഉപരിസൂചിത വീക്ഷണത്തെയാണ് അവരും പിന്താങ്ങുന്നതെന്ന് കാണാം.
ഉദാഹരണത്തിന് ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ തന്റെ മജ്മൂഉല്‍ ഫതാവയില്‍ പറയുന്നു.
قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: الْوَجْهُ وَالْيَدَانِ وَالْقَدَمَانِ لَيْسَ لَهَا أَنْ تُبْدِيَ ذَلِكَ لِلْأَجَانِبِ عَلَى أَصَحِّ الْقَوْلَيْنِ بِخِلَافِ مَا كَانَ قَبْلَ النَّسْخِ بَلْ لَا تُبْدِي إلَّا الثِّيَابَ . وَأَمَّا سَتْرُ ذَلِكَ فِي الصَّلَاةِ فَلَا يَجِبُ بِاتِّفَاقِ الْمُسْلِمِينَ بَلْ يَجُوزُ لَهَا إبْدَاؤُهُمَا فِي الصَّلَاةِ عِنْدَ جُمْهُورِ الْعُلَمَاءِ كَأَبِي حَنِيفَةَ وَالشَّافِعِيِّ وَغَيْرِهِمَا وَهُوَ إحْدَى الرِّوَايَتَيْنِ عَنْ أَحْمَد .-مَجْمُوعُ الْفَتَاوَى: 22/114.
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ പറയുന്നു: 'രണ്ട് അഭിപ്രായങ്ങളില്‍ ഏറ്റവും സാധുവായതനുസരിച്ച് മുഖവും കൈകളും പാദങ്ങളും അന്യരുടെ മുമ്പാകെ വെളിപ്പെടുത്താവതല്ല. വസ്ത്രങ്ങള്‍ മാത്രമെ പുറത്തുകാണിക്കാവൂ. എന്നാല്‍ മുസ്‌ലിംകളുടെ ഏകോപിത വീക്ഷണമനുസരിച്ച് നമസ്‌കാരത്തില്‍ അത് മറയ്ക്കല്‍ നിര്‍ബന്ധമല്ല. അബൂഹനീഫ, ശാഫിഈ മുതലായവരുള്‍പ്പെടെ ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായമനുസരിച്ച് നമസ്‌കാരത്തില്‍ അവ പ്രത്യക്ഷമാക്കാവുന്നതാണ്; അഹ്‌മദില്‍ നിന്നുള്ള ഒരു അഭിപ്രായവും അങ്ങനെയാണ്.
അതേ വീക്ഷണം തന്നെയാണ് ഇമാം ഇബ്‌നു ഹസ്മ് തന്റെ വിഖ്യാത ഗ്രന്ഥമായ മുഹല്ലയില്‍ ക്ലിപ്തപ്പെടുത്തിയിട്ടുള്ളത്.
قَالَ الْإِمَامُ ابْنُ حَزْمٍ:
فَأَمَرَهُنَّ اللَّهُ تَعَالَى بِالضَّرْبِ بِالْخِمَارِ عَلَى الْجُيُوبِ، وَهَذَا نَصٌّ عَلَى سَتْرِ الْعَوْرَةِ، وَالْعُنُقِ، وَالصَّدْرِ. وَفِيهِ نَصٌّ عَلَى إبَاحَةِ كَشْفِ الْوَجْهِ؛ لا يُمْكِنُ غَيْرُ ذَلِكَ أَصْلاً...... فَهَذَا ابْنُ عَبَّاسٍ بِحَضْرَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى أَيْدِيَهُنَّ؛ فَصَحَّ أَنَّ الْيَدَ مِنْ الْمَرْأَةِ، وَالْوَجْهَ: لَيْسَا عَوْرَةً، وَمَا عَدَاهُمَا؛ فَفَرْضٌ عَلَيْهَا سَتْرُهُ.....عَنْ ابْنِ شِهَابٍ: أَنَّ سُلَيْمَانَ بْنَ يَسَارٍ أَخْبَرَهُ أَنَّ ابْنَ عَبَّاسٍ أَخْبَرَهُ “ أَنَّ امْرَأَةً مِنْ خَثْعَمَ اسْتَفْتَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي حَجَّةِ الْوَدَاعِ “، وَالْفَضْلُ بْنُ عَبَّاسٍ رَدِيفُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “ وَذَكَرَ الْحَدِيثَ. وَفِيهِ “ فَأَخَذَ الْفَضْلُ يَلْتَفِتُ إلَيْهَا، وَكَانَتْ امْرَأَةً حَسْنَاءَ، وَأَخَذَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَوِّلُ وَجْهَ الْفَضْلِ مِنْ الشِّقِّ الآخَرِ “. فَلَوْ كَانَ الْوَجْهُ عَوْرَةً يَلْزَمُ سَتْرُهُ لَمَا أَقَرَّهَا عَلَيْهِ السَّلامُ عَلَى كَشْفِهِ بِحَضْرَةِ النَّاسِ، وَلأَمَرَهَا أَنْ تُسْبِلَ عَلَيْهِ مِنْ فَوْقٍ، وَلَوْ كَانَ وَجْهُهَا مُغَطًّى مَا عَرَفَ ابْنُ عَبَّاسٍ أَحَسْنَاءُ هِيَ أَمْ شَوْهَاءُ فَصَحَّ كُلُّ مَا قُلْنَاهُ يَقِينًا وَالْحَمْدُ لِلَّهِ كَثِيرًا.-الْمُحَلَّى: مَسْأَلَةٌ الْعَوْرَةُ الْمُفْتَرَضُ: 349.
ഇമാം ഇബ്‌നു ഹസം പറയുന്നു:
'അല്ലാഹു സ്ത്രീകളോട് മുഖമക്കന മാറുകളിലേക്ക് താഴ്ത്തി ഇടാന്‍ കല്‍പിച്ചു. ഔറത്തും കഴുത്തും നെഞ്ചും മറയ്ക്കാനുള്ള ഖണ്ഡിതവിധിയാണിത്. മുഖം വെളിവാക്കാം എന്നും ഖണ്ഡിതമായി ഇത് സ്ഥാപിക്കുന്നു. നബി(സ)യുടെ സവിധത്തിലുണ്ടായിരുന്ന ഇബ്‌നു അബ്ബാസ്(റ) സ്ത്രീകളുടെ കൈകള്‍ കണ്ടു. സ്ത്രീകളുടെ കൈയും മുഖവും ഔറത്തല്ല എന്നത് സാധുവായി. അവ രണ്ടും ഒഴികെയുള്ളവ മറയ്ക്കല്‍ നിര്‍ബന്ധമായി. ഇബ്‌നു ശിഹാബില്‍നിന്ന്: ഇബ്‌നു അബ്ബാസ് പറഞ്ഞതായി സുലൈമാനുബ്‌നു യസാര്‍ തന്നോട് ഇങ്ങനെ പറഞ്ഞു: 'ഖസ്അ ഗോത്രത്തിലെ ഒരു സ്ത്രീ ഹജ്ജതുല്‍ വദാഇല്‍ നബി(സ)യോട് ഫത്‌വ ചോദിച്ചു: അപ്പോള്‍ ഫദ്ല്‍ ഇബ്‌നു അബ്ബാസ് നബി(സ)യുടെ വാഹനത്തില്‍ പിറകില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഫദ്ല്‍ സ്ത്രീയെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അവര്‍ സുന്ദരിയായിരുന്നു. നബി(സ) ഫദ്‌ലിന്റെ മുഖം മറുവശത്തുനിന്ന് തിരിച്ചു. മുഖം മറയ്ക്കല്‍ നിര്‍ബന്ധമായ ഔറത്തായിരുന്നുവെങ്കില്‍ ജനങ്ങളുടെ മുമ്പാകെ അത് തുറന്നിടാന്‍ സ്ത്രീയെ നബി(സ) അനുവദിക്കുമായിരുന്നില്ല. തലയുടെ മുകളില്‍നിന്ന് തുണി താഴ്ത്തി ഇടാന്‍ നബി(സ) കല്‍പിക്കുമായിരുന്നു. സ്ത്രീയുടെ മുഖം മൂടിയിരുന്നുവെങ്കില്‍ അവര്‍ സുന്ദരിയാണോ വിരൂപിണിയാണോ എന്ന് ഫദ് ല്‍ അറിയുമായിരുന്നില്ല. ആയതിനാല്‍ നാം പറഞ്ഞത് ഉറപ്പായും ശരിയാണെന്നത് സാധുവായി.
തഫ്‌സീറുകളിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ജരീര്‍ അത്ത്വബരി മുഖം മുന്‍കൈ എന്നിവയുടെ പരിമാണം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്:
കണ്ണിലെ സുറുമ, കൈകളിലെ മൈലാഞ്ചി, വിരലിലെ മോതിരം എന്നിവ ഇല്ലാ മാളഹറ (പ്രകടമായവ ഒഴികെ) എന്നതിലാണ് പെടുക എന്നതിന് ഇജ്മാഉണ്ട് എന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്.
قَالَ الْإِمَامُ اِبْن جَرِير الطَّبَرِيّ: عَنِ ابْنِ عَبَّاسٍ، قَوْلُهُ: {وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا} قَالَ: وَالزِّينَةُ الظَّاهِرَةُ: الْوَجْهُ، وَكُحْلُ الْعَيْنِ، وَخِضَابُ الْكَفِّ، وَالْخَاتَمُ؛ فَهَذِهِ تَظْهَرُ فِي بَيْتِهَا لِمَنْ دَخَلَ مِنَ النَّاسِ عَلَيْهَا.-تَفْسِيرُ الطَّبَرِيّ: 26170.
ഇമാം ഇബ്‌നു ജരീരിത്ത്വബ്‌രി പറയുന്നു: സൗന്ദര്യം സംബന്ധിച്ച് ഇബ്‌നു അബ്ബാസ് പറയുന്നു: ''ബാഹ്യമായ സൗന്ദര്യം എന്നതിന്റെ വിവക്ഷ മുഖം, കണ്ണിലെ സുറുമ, കൈപ്പത്തിയിലെ ചായം, മോതിരം മുതലായവ സ്ത്രീയുടെ അടുത്തു ചെല്ലുന്നവര്‍ക്ക് പ്രത്യക്ഷമാവുന്നവയാണ്.''
قَالَ الْإِمَامُ اِبْن جَرِير الطَّبَرِيّ: وَأَوْلَى الأَقْوَالِ فِي ذَلِكَ بِالصَّوَابِ: قَوْلُ مَنْ قَالَ: عُنِيَ بِذَلِكَ الْوَجْهُ وَالْكَفَّانِ، يَدْخُلُ فِي ذَلِكَ إِذَا كَانَ كَذَلِكَ الْكُحْلُ، وَالْخَاتَمُ، وَالسِّوَارُ، وَالْخِضَابُ وَالثِّيَابُ. وَإِنَّمَا قُلْنَا ذَلِكَ أَوْلَى الأَقْوَالِ فِي ذَلِكَ بِالتَّأْوِيلِ، لِإِجْمَاعِ الْجَمِيعِ عَلَى أَنَّ عَلَى كُلِّ مُصَلٍّ أَنْ يَسْتُرَ عَوْرَتَهُ فِي صَلاَتِهِ، وَأَنَّ لِلْمَرْأَةِ أَنْ تَكْشِفَ وَجْهَهَا وَكَفَّيْهَا فِي صَلاَتِهَا، وَأَنَّ عَلَيْهَا أَنْ تُسْتَرَ مَا عَدَا ذَلِكَ مِنْ بَدَنِهَا إِلاَّ مَا رُوِيَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ أَبَاحَ لَهَا أَنْ تُبْدِيَهُ مِنْ ذِرَاعِهَا إِلَى قَدْرِ النِّصْفِ فَإِذْ كَانَ ذَلِكَ مِنْ جَمِيعِهِمْ إِجْمَاعًا، كَانَ مَعْلُومًا بِذَلِكَ أَنَّ لَهَا أَنْ تُبْدِيَ مِنْ بَدَنِهَا مَا لَمْ يَكُنْ عَوْرَةً كَمَا ذَلِكَ لِلرِّجَالِ؛ لِأَنَّ مَا لَمْ يَكُنْ عَوْرَةً فَغَيْرُ حَرَامٍ إِظْهَارُهُ. وَإِذَا كَانَ لَهَا إِظْهَارُ ذَلِكَ، كَانَ مَعْلُومًا أَنَّهُ مِمَّا اسْتَثْنَاهُ اللَّهُ تَعَالَى ذِكْرُهُ بِقَوْلِهِ: {إِلاَّ مَا ظَهَرَ مِنْهَا} لِأَنَّ كُلَّ ذَلِكَ ظَاهِرٌ مِنْهَا.-تَفْسِيرُ الطَّبَرِيّ.
ഇമാം ഇബ്‌നു ജരീരിത്ത്വബരി പറയുന്നു: ഈ വിഷയകമായ അഭിപ്രായങ്ങളില്‍ കൂടുതല്‍ ശരി ഇതാണ്. അതിന്റെ വിവക്ഷ മുഖവും മുന്‍കൈകളുമാണ്. അങ്ങനെയെങ്കില്‍ സുറുമയും മോതിരവും വളയും ചായവും വസ്ത്രങ്ങളും അതില്‍ പെടും.
തദ്‌സംബന്ധമായ അഭിപ്രായങ്ങളില്‍ ഏറ്റവും നല്ല അഭിപ്രായം ഇതാണ്. നമസ്‌കരിക്കുന്ന എല്ലാവരും നമസ്‌കാരത്തില്‍ ഔറത്ത് മറച്ചിരിക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം. സ്ത്രീക്ക് അവളുടെ മുഖവും മുന്‍കൈയും തുറന്നിടാവുന്നതാണ്. അവയൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറച്ചിരിക്കണം. അതേസമയം നബി(സ) സ്ത്രീക്ക് അവളുടെ മുഴംകൈ പകുതിവരെ വെളിപ്പെടുത്താവുന്നതാണ്. ഇത് പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായമാണെങ്കില്‍ പുരുഷന്മാരെ പോലെ ഔറത്തല്ലാത്ത ശരീര ഭാഗങ്ങള്‍ വെളിപ്പെടുത്താവുന്നതാണ്. കാരണം ഔറത്തല്ലാത്തവ വെളിപ്പെടുത്തല്‍ ഹറാമല്ല. അവള്‍ക്ക് അത് വെളിപ്പെടുത്താമെങ്കില്‍ 'അവളില്‍നിന്ന് പ്രകടമായവ ഒഴികെ' എന്നതിലാണ് അത് പെടുക.
എന്നാല്‍ മൗദൂദി സാഹിബിന്റെ വീക്ഷണത്തെ ബലപ്പെടുത്തുന്ന ഒരുപാടുദ്ധരണികള്‍ ലഭ്യമാണ്. തീര്‍ത്തും വ്യത്യസ്തരായ ലിബറല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കാണ് പ്രമാണങ്ങളെ ആധാരമാക്കി തെളിവുകളിലില്ലാത്തതിനാല്‍ ബുദ്ധിപരമായ ന്യായീകരണങ്ങള്‍ നിരത്തേണ്ടി വരുന്നത്.
അക്കാലത്ത് തന്നെ മൗദൂദി സാഹിബ് അത്തരക്കാരെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പര്‍ദയുടെ ആമുഖത്തില്‍ പറയുന്നു:
'പാശ്ചാത്യമനസ്‌കര്‍ സ്ത്രീകള്‍ക്ക് നല്‍കി എന്ന് പറയുന്ന സ്വാതന്ത്ര്യം സ്ത്രീകളായിട്ടല്ല; പ്രത്യുത അവരെ പുരുഷന്മാരാക്കിയിട്ടാണ്. സ്ത്രീ, യഥാര്‍ഥത്തില്‍, പഴയ അജ്ഞാത കാലത്തെപ്പോലെ ഇപ്പോഴും അവന്റെ കണ്ണുകളില്‍ നിന്ദ്യയാണ്. വീട്ടിലെ രാജാത്തി, ഭാര്യ, കുട്ടികളുടെ മാതാവ്, സഹോദരി എന്നീ നിലകളില്‍ ഇപ്പോഴും അവര്‍ക്ക് അവളോട് ബഹുമാനമില്ല.
പുരുഷനായി മാറിയ സ്ത്രീയോടുള്ള കാമമാണവര്‍ക്ക്.
പെണ്മയോടുള്ള ആദരവ് ഇപ്പോഴും അവര്‍ക്കന്യമാണ്.
അഥവാ പുരുഷവേഷം ധരിച്ച പെണ്ണിനോടുള്ള താല്‍പര്യം മാത്രമാണത്. ഇന്നോളം ഒരു പുരുഷനും സ്ത്രീകളുടെ വസ്ത്രം ധരിച്ച് പൊതുരംഗത്ത് വരുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. പാശ്ചാത്യ സ്ത്രീകള്‍ വളരെ അഭിമാനത്തോടെയാണ് പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്നത്. അത് അവരിലെ അപകര്‍ഷതാ ബോധത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് അവരുടെ സംസ്‌കാരത്തിലും സമൂഹത്തിലും വേഷത്തിലും അവരുടെ സ്വാഭാവിക സ്ഥാനങ്ങളില്‍ നിര്‍ത്തി അവര്‍ക്ക് വേണ്ട ബഹുമാനവും അന്തസ്സും നല്‍കുക വഴി അക്ഷരാര്‍ഥത്തില്‍ സ്ത്രീത്വത്തിന്റെ പദവി ഉയര്‍ത്തുകയാണ് ഇസ്‌ലാം ചെയ്തത്.'
References:
1. Women in the Ancient Near East. Richardson, Helen,, Richardson,
2. The Theological Significance of the Veil". Veils by Lily.
3. Wikipedia
4. അല്‍ മര്‍അത്തു ഫില്‍ ഖുര്‍ആന്‍ - അഖ്ഖാദ് (വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി)
5. തട്ടത്തിന്‍ മറയത്ത്: ഹഫീദ് നദ്വി
6. https://annansews.com/archives/30493
7. ഉദ്ധരണികള്‍ക്ക് ഇല്‍യാസ് മൗലവിയുടെ എഫ്.ബി പോസ്റ്റിനോട് കടപ്പാട്.
8. പര്‍ദ്ദ: മൗലാനാ മൗദൂദി