ഖബ്‌റിലെ രക്ഷാശിക്ഷകള്‍ ഖുര്‍ആനിലും സുന്നത്തിലും
കെ.എ
ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഖബ്ർ സ്വര്‍ഗത്തോപ്പോ നരകക്കുണ്ടോ ആണ്. ഇഹ-പര ജീവിതങ്ങള്‍ക്കിടയിലെ ഒരു തിരശ്ശീലയായി ഖബ്ർ ജീവിതത്തെ മനസ്സിലാക്കാം. അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനത്തിന്റെ കാത്തിരിപ്പു വേളയായി ഖബ്ർ ജീവിതത്തെ കാണാം. ഭൗതിക ലോകം അവസാനിക്കുന്നതോടെ മനുഷ്യരൊന്നാകെ പരലോകത്തേക്ക് കടന്നു ചെല്ലുന്നു.
ഖബ്‌റിലെ ഘട്ടം അദൃശ്യമാണ്. അവിടത്തെ ജീവിതം ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചേടത്തോളം പഞ്ചേന്ദ്രിയാനുഭൂതമല്ല. മരിച്ചവരാരും തിരിച്ചു വന്നിട്ടില്ലാത്തതിനാല്‍ അതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. ഖുര്‍ആനും സുന്നത്തും എന്തു പറയുന്നു എന്നു മനസ്സിലാക്കുക മാത്രമെ നിവൃത്തിയുള്ളൂ. സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഖുര്‍ആനും സ്വഹീഹായ ഹദീസുകളും തന്നെയാണ് ആത്യന്തികമായി അറിവിന്റെ സ്രോതസ്സുകള്‍.
ഖുര്‍ആനും സുന്നത്തും എന്തു പറയുന്നു?
ഖുര്‍ആന്‍ പറയുന്നു:
النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّاۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ
(നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. എന്ന് കല്‍പിക്കപ്പെടും' - ഗാഫിര്‍ 46).
'ഫറോവയെയും പ്രഭൃതികളെയും നരകത്തില്‍ കാണിക്കപ്പെടുന്നു' എന്ന പരാമര്‍ശം, അതൊരുതരം ശിക്ഷാനുഭവമാണെന്ന് സ്ഥാപിക്കുന്നു; അത് നടക്കുന്നതാവട്ടെ, നിസ്സംശയം ലോകാവസാനത്തിനു മുമ്പും. ലോകാന്ത്യത്തോടെ, 'നിങ്ങള്‍ ഫറോവയുടെ ആളുകളെ കടുത്ത ശിക്ഷയിലേക്ക് പ്രവേശിപ്പിക്കുക' എന്ന സൂക്ത ഭാഗം ഖബ്‌റിലെ കാലയളവിലേതിനേക്കാള്‍ കഠോരമായ ശിക്ഷയെയാണ് പ്രതിപാദിക്കുന്നത്. നബി(സ) പറയുന്നു:
إنَّ أحدَكم إذا مات عُرِض عليه مقعدُه بالغَدَاة والعَشِي، إن كان من أهل الجنة فمِن أهل الجنة، وإن كان من أهل النار فمِن أهل النار، فيُقال: هذا مقعدُك حتى يبعثك الله يوم القيامة
'നിങ്ങളിലാരും മരിക്കുന്നതോടെ അയാളുടെ ഇടം (സ്വര്‍ഗ/നരക) രാവിലെയും വൈകുന്നേരവും അയാള്‍ക്ക് കാണിച്ചുകൊടുക്കപ്പെടും. അയാള്‍ സ്വര്‍ഗവാസിയാണെങ്കില്‍ സ്വര്‍ഗവാസിയായി, നരകവാസിയാണെങ്കില്‍ നരകവാസിയായി. അയാളോട് പറയപ്പെടും: ഇതാണ് നിങ്ങളുടെ സീറ്റ്, അന്ത്യനാളില്‍ അല്ലാഹു താങ്കളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും വരെ' (ബുഖാരി, മുസ്‌ലിം).
മറ്റുചില ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇങ്ങനെ:
فَذَرْهُمْ حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي فِيهِ يُصْعَقُونَ ﴿٤٥﴾ يَوْمَ لَا يُغْنِي عَنْهُمْ كَيْدُهُمْ شَيْئًا وَلَا هُمْ يُنصَرُونَ ﴿٤٦﴾ وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿٤٧﴾
(അതിനാല്‍ അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവര്‍ കണ്ടുമുട്ടുന്നതുവരെ നീ അവരെ വിട്ടേക്കുക. അവരുടെ കുതന്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യാത്ത, അവര്‍ക്ക് സഹായം ലഭിക്കാത്ത ഒരു ദിവസം. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതിനു പുറമെയും ശിക്ഷയുണ്ട്. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല -ത്വൂര്‍: 45-47).
'അക്രമികള്‍ക്ക് അതുകൂടാതെ ശിക്ഷയുണ്ട്' എന്നതിന്റെ വ്യാഖ്യാനമായി ഇബ്‌നു അബ്ബാസ് പറയുന്നത്, 'അന്ത്യനാളിലെ ശിക്ഷക്ക് മുമ്പായി ഖബ്‌റിലെ ശിക്ഷയുണ്ടെ'ന്നാണ്
وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ
(..... ആ അക്രമികള്‍ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്നു പറഞ്ഞു കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്ന -അന്‍ആം: 93) തിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ് (എന്ന് മലക്കുകള്‍ പറയും.
സൂക്തത്തിലെ 'ഇന്ന്' (അല്‍യൗം) എന്ന പദം വര്‍ത്തമാനകാലത്തെ സൂചിപ്പിക്കുന്നു. ലോകാവസാനത്തിനു മുമ്പ് എന്ന് വ്യക്തം. സത്യനിഷേധികള്‍ പരലോകത്തിനു മുമ്പ് ശിക്ഷാ വിധേയരാവും എന്നര്‍ഥം.
ഹദീസുകള്‍
بيْنَما النبيُّ صَلَّى اللَّهُ عليه وسلَّمَ في حَائِطٍ لِبَنِي النَّجَّارِ، علَى بَغْلَةٍ له وَنَحْنُ معهُ، إذْ حَادَتْ به فَكَادَتْ تُلْقِيهِ، وإذَا أَقْبُرٌ سِتَّةٌ، أَوْ خَمْسَةٌ، أَوْ أَرْبَعَةٌ، قالَ: كَذَا كانَ يقولُ الجُرَيْرِيُّ، فَقالَ: مَن يَعْرِفُ أَصْحَابَ هذِه الأقْبُرِ؟ فَقالَ رَجُلٌ: أَنَا، قالَ: فَمَتَى مَاتَ هَؤُلَاءِ؟ قالَ: مَاتُوا في الإشْرَاكِ، فَقالَ: إنَّ هذِه الأُمَّةَ تُبْتَلَى في قُبُورِهَا، فَلَوْلَا أَنْ لا تَدَافَنُوا، لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِن عَذَابِ القَبْرِ الذي أَسْمَعُ منه ثُمَّ أَقْبَلَ عَلَيْنَا بوَجْهِهِ، فَقالَ: تَعَوَّذُوا باللَّهِ مِن عَذَابِ النَّارِ قالوا: نَعُوذُ باللَّهِ مِن عَذَابِ النَّارِ، فَقالَ: تَعَوَّذُوا باللَّهِ مِن عَذَابِ القَبْرِ قالوا: نَعُوذُ باللَّهِ مِن عَذَابِ القَبْرِ،
'നബി (സ) നജ്ജാര്‍ വംശത്തിന്റെ ഒരു തോട്ടത്തില്‍ ഒരു കോവര്‍ കഴുതയുടെ പുറത്ത് ഇരിക്കുകയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതിനിടെ കോവര്‍ കഴുത നബി(സ)യെയും കൊണ്ട് ചെരിഞ്ഞു. അത് അദ്ദേഹത്തെ നിലത്തേക്കിടും എന്നായി. അവിടെ നാലോ അഞ്ചോ ആറോ ഖബ്‌റുകള്‍ ഉണ്ടായിരുന്നു. നബി(സ) ചോദിച്ചു: 'ഈ ഖബ്‌റാളികള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ?' അപ്പോള്‍ ഒരാള്‍ പറഞ്ഞു: 'എനിക്കറിയാം' നബി(സ): 'ഇവര്‍ എപ്പോള്‍ മരിച്ചവരാണ്?' അയാള്‍: 'ശിര്‍ക്ക് ചെയ്തു മരിച്ചവരാണ്.' നബി(സ): 'ഈ സമുദായം ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നു.
നിങ്ങള്‍ മറമാറേണ്ടതില്ലായിരുന്നുവെങ്കില്‍ ഞാന്‍ കേട്ടു കൊണ്ടിരിക്കുന്ന ഖബ്ർ ശിക്ഷ നിങ്ങള്‍ക്ക് കേള്‍പ്പിച്ചു തരാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുമായിരുന്നു' തുടര്‍ന്നദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ നരകശിക്ഷയില്‍നിന്ന് അഭയം തേടുക. സ്വഹാബികള്‍ പറഞ്ഞു: 'ഞങ്ങള്‍ നരകശിക്ഷയില്‍നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു' നബി(സ): 'നിങ്ങള്‍ ഖബ്‌റിലെ ശിക്ഷയില്‍നിന്ന് അല്ലാഹുവോട് അഭയം തേടുക.' സ്വഹാബികള്‍ 'ഖബ്ർ ശിക്ഷയില്‍നിന്ന് ഞങ്ങള്‍ അല്ലാഹുവോട് അഭയം തേടുന്നു' (മുസ്‌ലിം)
ആഇശയില്‍നിന്ന് നിവേദനം: മദീനയിലെ രണ്ട് വൃദ്ധ യഹൂദ സ്ത്രീകള്‍ എന്റെ അടുത്തുവന്നു. ഇരുവരും പറഞ്ഞു: 'ഖബ്‌റാളികള്‍ തങ്ങളുടെ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നു.' ഞാന്‍ അവരെ അവിശ്വസിച്ചു. അവര്‍ രണ്ടുപേരും പുറത്തുപോയി. നബി(സ) വീട്ടിലേക്കു വന്നു. ഞാന്‍ പറഞ്ഞു: 'മദീനയിലെ രണ്ടു വൃദ്ധ വനിതകള്‍ എന്റെ അടുത്തു വന്നിരുന്നു. ഖബ്‌റാളികള്‍ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ രണ്ടുപേരും പറഞ്ഞു: നബി(സ) പ്രതികരിച്ചു:
صَدَقَتَا، إنَّهم يُعذَّبون عذابًا تَسْمَعُه البهائم كلُّها
'അവര്‍ രണ്ടുപേരും പറഞ്ഞത് സത്യമാണ്. തീര്‍ച്ചയായും ഖബ്‌റാളികല്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. ആ ശിക്ഷ മുഴുവന്‍ കന്നുകാലികളും കേള്‍ക്കും.' അതിനുശേഷം എല്ലാ നമസ്‌കാരത്തിലും നബി(സ) ഖബ്‌റിലെ ശിക്ഷയില്‍നിന്ന് അഭയം തേടുമായിരുന്നു' (മുസ്‌ലിം) (മുസ്‌ലിം 922, 920, ബുഖാരി 5889)
അബൂഹുറൈറ (റ)യില്‍നിന്ന്:
كان يتعوّذ من عذاب القبر وعذاب جهنّم وفتنة الدّجّال
'നബി(സ) ഖബ്ർ, നരക ശിക്ഷകളില്‍നിന്നും ദജ്ജാലിന്റെ ഫിത്‌നയില്‍നിന്നും അഭയം തേടാറുണ്ടായിരുന്നു' (മുസ്‌ലിം).
നബി(സ) രണ്ടു ഖബ്‌റുകള്‍ക്കരികിലൂടെ നടന്നുപോയി. അപ്പോള്‍ അവിടുന്ന് പറഞ്ഞു:
إنهما ليُعذَّبان، وما يُعذَّبان في كبير؛ أما أحدهما: فكان لا يستتر من البول، وأما الآخر: فكان يمشي بالنميمة
'തീര്‍ച്ചയായും അവര്‍ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. അവര്‍ ശിക്ഷിക്കപ്പെടുന്നത് വലിയ പാപത്തിന്റെ പേരിലല്ല. അവരില്‍ ഒരാള്‍ മൂത്രമൊഴിക്കുമ്പോള്‍ മറവ് സ്വീകരിച്ചിരുന്നില്ല. മറ്റെയാല്‍ പരദൂഷണവുമായി നടക്കുമായിരുന്നു' (ബുഖാരി 311).
ബറാഅ്ബ്‌നു ആസിബ്(റ) നബി(സ)യില്‍നിന്ന്:
فتُعادُ روحُه فيأتيه ملَكان فيُجلِسانِه فيقولان له : من ربُّك ؟ فيقولُ : ربِّي اللهُ . فيقولان له ما دينُك ؟ فيقولُ : ديني الإسلامُ . فيقولان له : ما هذا الرَّجلُ الَّذي بُعث فيكم ؟ فيقولُ : هو رسولُ اللهِ . فيقولان له : وما علمُك ؟ فيقولُ : قرأتُ كتابَ اللهِ فآمنتُ به وصدَّقتُ . فينادي منادٍ من السَّماءِ : أنْ صدَق عبدي , فأفْرِشوه من الجنَّةِ , وألبِسوه من الجنَّةِ , وافتحوا له بابًا إلى الجنَّةِ . فيأتيِه من روحِها وطيبِها , ويُفسحُ له في قبرِه مدَّ بصرِه
അങ്ങനെ സത്യവിശ്വാസിയുടെ ആത്മാവ് അയാളുടെ ശരീരത്തിലേക്ക് മടക്കപ്പെടുന്നു. രണ്ടു മലക്കുകള്‍ വന്ന് അയാളെ ഇരുത്തും. അവര്‍ അയാളോട് പറയും: 'നിങ്ങളുടെ റബ്ബ് ആരാണ്?' അയാള്‍: 'എന്റെ റബ്ബ് അല്ലാഹുവാണ്.' മലക്കുകള്‍: 'നിന്റെ മതം ഏതാണ്!' അയാള്‍ 'എന്റെ ദീന്‍ ഇസ്‌ലാം' മലക്കുകള്‍: 'നിങ്ങളിലേക്ക് നിയോഗിതനായ ആള്‍?' അയാള്‍: 'അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്.'
മലക്കുകള്‍: 'നിനക്ക് എന്തറിയാം?' അയാള്‍: 'ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചിരിക്കുന്നു. ഞാന്‍ അതില്‍ വിശ്വസിക്കുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ആകാശത്തുനിന്ന് ഒരു വിളിയാളന്‍ വിളിച്ചുപറയും: 'എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് സ്വര്‍ഗത്തില്‍നിന്ന് വിരിച്ചു നല്‍കൂ, അദ്ദേഹത്തെ സ്വര്‍ഗത്തിലെ ഉടയാടകള്‍ അണിയിക്കൂ, അദ്ദേഹത്തിന് സ്വര്‍ഗത്തില്‍നിന്നുള്ള കവാടം തുറന്നു നല്‍കൂ. അങ്ങനെ സ്വര്‍ഗത്തില്‍നിന്നുള്ള സുഗന്ധങ്ങള്‍ അദ്ദേഹത്തിനു പ്രാപ്യമാവും. അയാളുടെ കണ്ണെത്തുവോളം അയാളുടെ ഖബ്ർ വിശാലമാവും' (അഹ്‌മദ്)
'ശര്‍ഹുത്ത്വഹാവിയ്യയില്‍ അല്ലാമ ഇബ്‌നു അബില്‍ ഇസ്സ് അല്‍ഹനഫി എഴുതുന്നു:
'ഖബ്‌റിലെ രക്ഷാശിക്ഷകള്‍ സത്യമാണെന്നതു സംബന്ധിച്ച് നബി(സ)യില്‍നിന്ന് ധാരാളം വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് നാം വിശ്വസിക്കേണ്ടതാണ്. അതിന്റെ രൂപമെങ്ങനെ എന്നതു സംബന്ധിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതില്ല. ദുൻയാവില്‍വെച്ച് നമ്മുടെ ബുദ്ധി ഉപയോഗിച്ച് അതെപ്പറ്റി നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയില്ല' അബുല്‍ ഹസന്‍ അല്‍ അശ്അരി 'അല്‍ ഇബാനയില്‍ എഴുതുന്നു: 'ഖബ്‌റിലെ രക്ഷാ-ശിക്ഷകളെപ്പറ്റി സ്വഹാബികളും താബിഉകളും ഏകാഭിപ്രായക്കാരാണ്.' ഇബ്‌നു തൈമിയയും മറ്റും ഇത് ശരിവെച്ചിട്ടുണ്ട്.
ഖബ്്ർ ശിക്ഷ ഇല്ലെന്നു വാദിക്കുന്നവരുടെ ന്യായങ്ങള്‍
لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰۖ
1. 'ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍നിന്ന് അല്ലാഹു അവരെ കാത്തു രക്ഷിക്കുകയും ചെയ്തിരിക്കുന്നു' -ദുഖാന്‍: 56) എന്ന സൂക്തം മുന്‍നിര്‍ത്തി അവര്‍ ഉന്നയിക്കുന്ന ന്യായം ഇതാണ്. അവര്‍ ഖബ്‌റുകളില്‍ ജീവിച്ചിരിക്കുന്നവരാണെങ്കില്‍ അവര്‍ രണ്ടു തവണ മരിക്കേണ്ടതാണ്. ഒരിക്കല്‍ ദുൻയാവിലും രണ്ടാമത് ബര്‍സഖീ ജീവിതത്തിലും.
മറുപടി:
മരിച്ചവര്‍ ഖബ്‌റുകളില്‍ ജീവിച്ചിരിക്കുന്നു എന്നതിനര്‍ഥം ദുൻയാവിലേതിനു സമാനം ജീവിച്ചിരിക്കുന്നു എന്നല്ല. അല്ലാഹുവിനു മാത്രം അറിയും വിധമുള്ള ജീവിതം അനുഭവിക്കുന്നു എന്നത്രെ. മരിച്ചവര്‍ രക്ഷയോ ശിക്ഷയോ അനുഭവിക്കുന്നുവെങ്കില്‍ രണ്ടാമതും അവര്‍ മരിക്കേണ്ടതല്ലെ എന്ന ചോദ്യം ഐഹിക ജീവിതം പോലെത്തന്നെയാണ് ഖബ്‌റിലെ ജീവിതവും എന്നു വന്നാലാണ്. അതുകൊണ്ടാണ് പറഞ്ഞത് രണ്ടു ജീവിതവും തമ്മില്‍ താരതമ്യമില്ല എന്ന്.
ഖബ്‌റിലെ ശിക്ഷയെ നിഷേധിക്കുന്നവര്‍ മരണാനന്തരം മനുഷ്യന്‍ ഒന്നും അനുഭവിക്കുകയില്ല എന്നു മനസ്സിലാക്കുന്നുവെന്നതാണ് അബദ്ധം. ഖുര്‍ആനും സുന്നത്തും മരണാനന്തരം അനുഭവങ്ങള്‍ തുടരുമെന്നാണ് സ്ഥാപിക്കുന്നത്.
സ്വര്‍ഗവാസികള്‍ സ്വര്‍ഗത്തില്‍ ശാശ്വതവാസികളായിരിക്കുമെന്നും ഐഹിക ജീവിതത്തിലെ മരണമല്ലാതെ അവര്‍ ആസ്വദിക്കുകയില്ലെന്നും എടുത്തു പറയുന്നതാണ് മേല്‍ സൂക്തം. അതില്‍ ഖബ്‌റിലെ രക്ഷാ-ശിക്ഷകളെക്കുറിച്ച പരാമര്‍ശമില്ല. പരാമര്‍ശിക്കാത്ത കാര്യം തെളിവായി കണ്ടെത്താന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണ്.
2. وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ (ഖബ്‌റുകളിലുള്ളവരെ നീ കേള്‍പ്പിക്കുന്നവനല്ല -ഫാത്വിര്‍ 22) എന്ന സൂക്തം സത്യനിഷേധികളെ, കേള്‍ക്കാത്ത ഖബ്‌റാളികളോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. മരിച്ചയാള്‍ ഖബ്‌റില്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ ഈ പ്രസ്താവം ശരിയാവില്ല എന്നാണ് മറ്റൊരു വാദം. അതായത്, മരിച്ചവര്‍ ഒന്നും അനുഭവിക്കുന്നില്ല എന്നു സാരം. കുരിശില്‍ തറക്കപ്പെട്ട് അവയവങ്ങള്‍ ഛേദിക്കപ്പെടുന്നവര്‍ ഏതെങ്കിലും സുഖ-സന്തോഷങ്ങള്‍ അനുഭവിക്കുന്നതായി നാം കാണുന്നില്ല.
മറുപടി: 'ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്ക് അവിടെ അനുഭവിക്കേണ്ടി വരില്ല' (ദുഖാന്‍: 56). അതുപ്രകാരം ഖബ്‌റാളികള്‍ ഖബ്‌റുകളില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ രണ്ടു തവണ മരണം ആസ്വദിക്കുമായിരുന്നു, ദുൻയാവിലും ബര്‍സഖീ ജീവിതത്തിലും എന്നാണല്ലോ വാദം.
ഖബ്‌റുകളില്‍ ജീവിച്ചിരിക്കുക എന്നതിന്റെ വിവക്ഷ ദുൻയാവിലേതിനു സമാനമായ അതേ ജീവിതം ഖബ്‌റിലും തുടരുക എന്നല്ല. അല്ലാഹു അവര്‍ക്ക് നിശ്ചയിച്ച വിധമുള്ള ജീവിതം നയിക്കുക എന്നാണ്. ഖബ്‌റാളികള്‍ രക്ഷയോ ശിക്ഷയോ അനുഭവിക്കുന്നുവെങ്കില്‍ രണ്ടാമതും അവര്‍ മരിക്കണമെന്നില്ല. ദുൻയാവിലെ ജീവിതവും ഖബ്‌റിലെ ജീവിതവും ഒരിക്കലും സമാനമല്ല. അതുകൊണ്ട് രണ്ടാമതും മരിക്കുക എന്ന പ്രശ്‌നമില്ല.
മരണത്തോടെ മനുഷ്യന്‍ ഒന്നും അറിയുന്നില്ല എന്ന തെറ്റായ ധാരണയില്‍നിന്നാണ് ഈ സംശയമുണ്ടാവുന്നത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഈ ധാരണയെ നിരാകരിക്കുന്നു.
ദുഖാന്‍ 56-ാം സൂക്തത്തിന്റെ പശ്ചാത്തലം സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തില്‍ ശാശ്വത വാസികളാണ്, അവര്‍ ദുൻയാവിലെ മരണത്തിനുശേഷം മരിക്കുന്നില്ല എന്ന് സ്ഥാപിക്കുന്നതാണ്. മേല്‍ സൂക്തം ഖബ്‌റിലെ ശിക്ഷയെയോ രക്ഷയെയോ സ്ഥാപിക്കുന്നില്ല. സൂക്തത്തെ അതുകൊണ്ട് ഉദ്ദേശിക്കാത്ത ആശയത്തിലേക്ക് നീട്ടി വലിക്കുന്നത് ശരിയല്ല.
ഫാത്വിര്‍ 22 (ഖബ്‌റാളികളെ താങ്കള്‍ കേള്‍പ്പിക്കുന്നവനല്ല) എന്ന സൂക്തം ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉപകാരപ്പെടാത്ത സത്യനിഷേധികളെ ഖബ്‌റാളികളോട് സമീകരിച്ചു കൊണ്ടുള്ളതാണ്.
(എ) മരണാനന്തരം പരേതന്‍ എന്താണ് അനുഭവിക്കുന്നത് എന്ന് അല്ലാഹു നമ്മെ അറിയിക്കാതിരുന്നത് നാം മരിച്ചവരെ മറമാടുന്നത് ഒഴിവാക്കാതിരിക്കാനാണ്. നബി(സ) പറയുന്നു:
إنَّ هَذِه الأمَّةَ تُبتَلَى في قُبورِها، فلَولا أنْ لا تَدافَنوا لَدَعَوْتُ اللَّهَ أن يُسمِعَكُم من عَذابِ القَبرِ
'തീര്‍ച്ചയായും ഈ സമുദായം ഖബ്‌റുകളില്‍ പരീക്ഷിക്കപ്പെടുന്നു. നിങ്ങള്‍ മൃതദേഹങ്ങള്‍ മറമാടേണ്ടതില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഖബ്‌റിലെ ശിക്ഷ കേള്‍പ്പിച്ചു തരാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുമായിരുന്നു' (മുസ്‌ലിം)
(ബി) പരേതന്‍ അനുഭവിക്കുന്ന രക്ഷയും ശിക്ഷയും നാം അറിയുന്നില്ല എന്നതിന്റെ വിവക്ഷ അങ്ങനെ ഒന്നില്ല എന്നല്ല. അല്ലാഹുവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല. തീയില്‍ കത്തിക്കരിഞ്ഞ് ഭസ്മമായവനെയും ജീവികള്‍ തിന്നു പോയവനെയുമെല്ലാം ശിക്ഷയനുഭവിപ്പിക്കാനും രക്ഷ ആസ്വദിപ്പിക്കാനും സർവശക്തനായ അല്ലാഹുവിനു കഴിയും.
(സ) വൈദ്യുതാഘാതം പോലെ ശരീരത്തില്‍ അടയാളങ്ങള്‍ അവശേഷിക്കുന്ന വിധമുള്ള ശിക്ഷകള്‍ ഇന്ന് നിലവിലുണ്ട്. മാനസിക പീഡനങ്ങള്‍ വേറെയും. ശരീരത്തില്‍ പരിക്കുകളും പാടുകളും വീഴ്ത്തുന്ന തരം ശിക്ഷകളേക്കാള്‍ കഠോരമായ മാനസിക പീഡനങ്ങളുണ്ട്.
(ഡി) ഖബ്ർ ശിക്ഷ അദൃശ്യകാര്യമാണ്. ഖബ്‌റിലെ ശിക്ഷകളോ സുഖാനുഭവങ്ങളോ നിഷേധിക്കുന്നത് മൊത്തം അദൃശ്യകാര്യങ്ങളെ നിഷേധിക്കുന്നതിനുള്ള വാതില്‍ തുറന്നു കൊടുക്കലാണ്. മലക്കുകള്‍ നമ്മെ വലയം ചെയ്ത് നന്മ തിന്മകള്‍ രേഖപ്പെടുത്തുന്നത് നാം കാണുന്നില്ലെങ്കിലും നാം അവ വിശ്വസിക്കുന്നു. ഇതുപോലെ തന്നെയാണ് ജിന്നുകളെക്കുറിച്ച വിശ്വാസവും. -ഖബ്‌റിലെ രക്ഷാ-ശിക്ഷകള്‍ ആത്മീയാനുഭവമായതിനാലാണ് അത് അദൃശ്യകാര്യങ്ങളില്‍ പെട്ടതായത്.
മരണ നിമിഷം മുതല്‍ സത്യനിഷേധി ശിക്ഷയും സത്യവിശ്വാസി രക്ഷയും അനുഭവിച്ചു തുടങ്ങുന്നു. ഖുര്‍ആന്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ചിലര്‍ വാദിക്കുന്നു. ഖുര്‍ആന്‍ കൃത്യമായും എന്തെല്ലാം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറയാന്‍ നമുക്ക് കഴിയില്ല. ഫുസ്സ്വിലത്ത് 53 പ്രകാരം, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷീഭവിച്ചു കൊണ്ടേയിരിക്കും എന്ന് മനസ്സിലാക്കാം.
മരണാനന്തരം ശരീരം മണ്ണില്‍ ലയിച്ചു ചേരുന്നു. അതേ സമയം ആത്മാവ് പുനരുത്ഥാനം കാത്തുകൊണ്ട് രക്ഷയോ ശിക്ഷയോ അനുഭവിച്ചു കഴിയുന്നു. കാരണം മണ്ണിനെ എന്ന പോലെ ആത്മാവിനെ ബാക്ടീരിയ നശിപ്പിക്കില്ല എന്നാണ് തര്‍ക്കശാസ്ത്രപരമായി നാം മനസ്സിലാക്കുന്നത്. ശിക്ഷയും രക്ഷയും അനുഭവിക്കുന്നത് ശരീരമല്ല, ആത്മാവാണ്.
പുനരുത്ഥാനത്തോടെ ആത്മാവും ശരീരവും ഒന്നിച്ചു ജീവിതം തുടരുന്നു. രണ്ടുതരം ശിക്ഷകളാണ് അനുഭവിക്കുന്നത്. ഒന്ന്, ആത്മീയം രണ്ട്: പുനരുത്ഥാനശേഷം ആത്മാവും ശരീരവും ഒന്നിച്ച്. ചുരുക്കത്തില്‍ മരണാനന്തരം ശരീരത്തില്‍ വ്യത്യസ്തമായ ആത്മാവ് അനശ്വരമായുണ്ടാവുക എന്നതാണ് യുക്തിപരം.
സത്യനിഷേധികള്‍ മരണ വേളയില്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ
'ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്നു പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. 'നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും അവന്റെ ദൃഷ്ടാന്തങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്.' (എന്ന് മലക്കുകള്‍ പറയും) (അന്‍ആം 93) മരണവേളയിലെ സത്യനിഷേധികളുടെ അനുഭവമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
ഗാഫിര്‍ 46-ാം സൂക്തത്തില്‍ النَّارُ يُعْرَضُونَ عَلَيْهَا (അവരെ ശിക്ഷയിലേക്ക് പ്രദര്‍ശിപ്പിക്കപ്പെടും) എന്നാണ് പ്രയോഗം. يعذّبون بها (അവര്‍ അതുകൊണ്ട് ശിക്ഷിക്കപ്പെടും എന്നല്ല. അതിന്റെയര്‍ഥം ശിക്ഷ ശാരീരികമല്ല, മാനസികമാണെന്നര്‍ഥം. പുനരുത്ഥാനത്തോടെ ഒരേസമയം ശരീരവും ആത്മാവും രക്ഷാശിക്ഷകള്‍ അനഭവിക്കുന്നതോടെ അതിനു മുമ്പ് അനുഭവിച്ചവ ആത്മീയം മാത്രമായിരുന്നു എന്നു മനസ്സിലാവും. യാസീന്‍ 51, 52-ല്‍ പറഞ്ഞതുപോലെ, തങ്ങളെ ഉറക്കറയില്‍നിന്ന് ആരാണ് ഉണര്‍ത്തിയതെന്ന് സത്യനിഷേധികള്‍ ചോദിച്ചുപോവും. അതേസമയം സത്യവിശ്വാസികള്‍ മറ്റൊരവസ്ഥയിലായിരിക്കും.
وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًاۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ ﴿١٧١﴾
'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നു ചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കുവാനും ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു) (ആലുഇംറാന്‍ 169-171).
ഇവിടെ പരേതരുടെ അമരമായ ആത്മാവാണ് ഇതെല്ലാം ആസ്വദിച്ചനുഭവിച്ചുകൊണ്ടിരിക്കുന്നത്.
മരണം ആസന്നമാവുമ്പോള്‍ ദുൻയാവിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാവണമെന്ന ചില മനുഷ്യരുടെ മോഹത്തെ (മുനാഫിഖൂന്‍: 10) കുറിച്ചു പറയുന്ന ഖുര്‍ആന്‍ തന്നെ മരണവേളയില്‍ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്ന സത്യവിശ്വാസികളുടെ മറ്റൊരു ചിത്രവും (നഹ്ല്‍ 32) സമര്‍പ്പിക്കുന്നുണ്ട്.
ഖുര്‍ആനില്‍ എന്തുകൊണ്ട് എടുത്തുപറഞ്ഞില്ല
ഖുര്‍ആനില്‍ എന്തുകൊണ്ടാണ് ഖബ്‌റിലെ ശിക്ഷയെക്കുറിച്ച് വിശദാംശങ്ങളില്ലാത്തത്? 'നബി(സ) ഏതൊരു കാര്യം വിധിച്ചാലും അത് ഖുര്‍ആനില്‍നിന്ന് അവിടുന്ന് ഗ്രഹിച്ചതാണെ'ന്ന ഇമാം ശാഫിഈയുടെ മറുപടിയാണ് അതിന്റെ ഉത്തരം. അഹ്‌സാബ് 34-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പാരായണം എന്നതിന് ഉപയോഗിച്ച 'തിലാവത്ത്' എന്ന പദം തന്നെയാണ് സുന്നത്തിന്റെ പാരായണത്തിനും ഉപയോഗിച്ചതെന്നും ശാഫിഈ പറയുന്നുണ്ട്.
ഖബ്ർ ശിക്ഷ ഹദീസുകളില്‍
إنَّ النبيَّ قَالَ: إذا فرغَ أحدُكُم مِنَ التَّشَهُّدِ الأخيرِ، فليتَعوَّذ باللَّهِ من أربعٍ: مِن عَذابِ جَهَنَّمَ، ومِن عَذابِ القبرِ، ومِن فِتنةِ المَحيا والمَماتِ، ومن فِتنةِ المسيحِ الدَّجَّالِ .
നബി(സ) പറഞ്ഞു: 'അവസാന തശഹ്ഹുദില്‍നിന്ന് നിങ്ങളിലൊരാള്‍ വിരമിച്ചാല്‍ അയാള്‍ നാലു കാര്യങ്ങളില്‍നിന്ന് അല്ലാഹുവിനോട് അഭയം തേടട്ടെ. നരകശിക്ഷയില്‍നിന്നും ഖബ്‌റിലെ ശിക്ഷയില്‍നിന്നും ജീവിതത്തിലെ പരീക്ഷണത്തില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും' (മുസ്‌ലിം).
عائشة قالت : سألت النبيَّ محمدًا عن عذاب القبر. قال: نعم عذاب القبر حقّ.
'ആഇശ പറയുന്നു: ഞാന്‍ മുഹമ്മദ് നബി(സ)യോട് ഖബ്‌റിലെ ശിക്ഷയെപ്പറ്റി ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ, ഖബ്‌റിലെ ശിക്ഷ സത്യമാണ്.'
إن نبي الله صلى الله عليه وسلم دخل نخلا لبني النجار فسمع صوتا ففزع فقال: من أصحاب هذه القبور قالوا: يا رسول الله: ناس ماتوا في الجاهلية فقال: تعوذوا بالله من عذاب النار ومن فتنة الدجال قالوا: ومم ذاك يا رسول الله محمد ص قال: إن المؤمن إذا وضع في قبره أتاه ملك فيقول له: ما كنت تعبد فإن الله هداه قال: كنت أعبد الله فيقال له: ما كنت تقول في هذا الرجل- فيقول: هو عبد الله ورسوله فما يسأل عن شيء غيرها فينطلق به إلى بيت كان له في النار فيقال له: هذا بيتك كان لك في النار ولكن الله عصمك ورحمك فأبدلك به بيتا في الجنة فيقول: دعوني حتى أذهب فأبشر أهلي فيقال له: اسكن وإن الكافر إذا وضع في قبره أتاه ملك فينتهره فيقول له: ما كنت تعبد فيقول: لا أدري فيقال له: لا دريت ولا تليت. فيقال له: فما كنت تقول في هذا الرجل فيقول كنت أقول ما يقول الناس فيضربه بمطراق من حديد بين أذنيه فيصيح صيحة يسمعها الخلق غير الثقلين
'നബി(സ) ഒരിക്കല്‍ നജ്ജാര്‍ വംശത്തിന്റെ ഈത്തപ്പനത്തോട്ടത്തില്‍ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം ഒരു ശബ്ദം കേട്ടു പകച്ചു. അദ്ദേഹം ചോദിച്ചു: 'ഈ ഖബ്‌റാളികള്‍ ആരാണ്?' അവര്‍: 'അല്ലാഹുവിന്റെ ദൂതരേ, ജാഹിലിയ്യ കാലത്ത് മരിച്ചു പോയവരാണ്.' നബി(സ): നിങ്ങള്‍ അല്ലാഹുവിനോട് നരകശിക്ഷയില്‍നിന്നും ദജ്ജാലിന്റെ ഫിത്‌നയില്‍നിന്നും അഭയം തേടുക. സ്വഹാബികള്‍: 'അല്ലാഹുവിന്റെ ദൂതരേ, അതെന്തിനാണ്? നബി(സ): 'സത്യവിശ്വാസിയെ ഖബ്‌റില്‍ കൊണ്ടുവെക്കപ്പെട്ടാല്‍ മലക്ക് അവനെ സമീപിച്ചിട്ട് പറയും; 'നീ എന്തിനെയാണ് ആരാധിച്ചിരുന്നത്?' അല്ലാഹു അയാളെ സന്മാര്‍ഗത്തിലാക്കിയിരുന്നു. അയാള്‍: 'ഞാന്‍ അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത്.' അപ്പോള്‍ പറയപ്പെടും: 'ഇദ്ദേഹത്തെ(നബി)പ്പറ്റി നീ എന്താണ് പറഞ്ഞിരുന്നത്? അയാള്‍: 'അല്ലാഹുവിന്റെ ദാസനും ദൂതനുമെന്ന്' അതൊഴികെ മറ്റൊന്നിനെപ്പറ്റിയും അയാളോട് ചോദിക്കില്ല. അങ്ങനെ അയാളെ നരകത്തിലെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോവും. എന്നിട്ട് പറയും: 'നരകത്തില്‍ നിനക്ക് സജ്ജമാക്കിയ വീടായിരുന്നു ഇത്. പക്ഷെ, അല്ലാഹു നിന്നെ സംരക്ഷിക്കുകയും നിന്നോട് കരുണ ചെയ്യുകയും ചെയ്തിരിക്കുന്നു. അതിനു പകരം നിനക്ക് സ്വര്‍ഗത്തില്‍ ഒരു വീട് തന്നിരിക്കുന്നു.' അപ്പോള്‍ അയാള്‍ പറയും: 'എന്നെ വിടൂ. ഞാന്‍ പോയി എന്റെ ബന്ധുക്കളെ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ.' അപ്പോള്‍ പറയപ്പെടും: 'നിങ്ങള്‍ ശാന്തിയടഞ്ഞോളൂ.' സത്യനിഷേധി ഖബ്‌റില്‍ വെക്കപ്പെടുന്നതോടെ മലക്ക് അയാളെ സമീപിച്ച് വിരട്ടുന്നു. 'നീ എന്തിനെയാണ് ആരാധിച്ചിരുന്നത്?' അയാള്‍: 'എനിക്കറിയില്ല' മലക്ക്: 'നീ അറിഞ്ഞില്ല, നീ പിന്തുടര്‍ന്നുമില്ല. (ഇസ്‌ലാമിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ബുദ്ധി ഉപയോഗിച്ചില്ല, അറിയുന്നവരെ പിന്തുടര്‍ന്നുമില്ല) മലക്ക്: 'ഇദ്ദേഹ(നബി(സ)ത്തെപ്പറ്റി എന്താണ് നിന്റെ അഭിപ്രായം? സത്യനിഷേധി: 'അദ്ദേഹത്തെപ്പറ്റി ആളുകള്‍ പറയുന്നത് തന്നെ ഞാനും പറഞ്ഞു: 'അപ്പോള്‍ മലക്ക് അയാളുടെ രണ്ടു ചെവികള്‍ക്കിടയില്‍ ഇരുമ്പ് നിര്‍മിത ചുറ്റിക കൊണ്ട് അടിക്കുന്നു. അപ്പോള്‍ അയാള്‍ അട്ടഹസിക്കും. അത് ജിന്നുകളും മനുഷ്യരുമൊഴികെയുള്ള സൃഷ്ടികള്‍ കേള്‍ക്കുന്നതായിരിക്കും' (ബുഖാരി).
عن أنس، قال: بينما نبي الله صلى الله عليه وسلم في نخل لنا، نخل لأبي طلحة، يتبرز لحاجته، قال: وبلال يمشي وراءه، يكرم نبي الله صلى الله عليه وسلم أن يمشي إلى جنبه، فمر نبي الله صلى الله عليه وسلم بقبر، فقام حتى تم إليه بلال، فقال: “ ويحك يا بلال! هل تسمع ما أسمع؟ “ ، قال: ما أسمع شيئا، قال: “ صاحب القبر يعذب “ ، قال: فسئل عنه، فوجد يهوديا.
അനസി(റ)ല്‍നിന്ന് നിവേദനം. 'മുഹമ്മദ് നബി(സ) ഒരിക്കല്‍ ഞങ്ങളുടെ -അബൂത്വല്‍ഹയുടെ- ഈന്തപ്പനത്തോട്ടത്തില്‍ മലമൂത്രവിസര്‍ജനത്തിനു പോയി. നബി(സ)യോടൊപ്പം ചേര്‍ന്നു നടക്കുന്നത് അനാദരവാകുമെന്ന് കരുതി ബിലാല്‍ പിന്നിലായി നടന്നു. നബി(സ) ഒരു ഖബ്‌റിനരികിലൂടെ നടന്നു. അതിനിടെ അദ്ദേഹം നിന്നു. അത് ബിലാലിന്റെ ശ്രദ്ധയില്‍ പെട്ടു. നബി(സ) പറഞ്ഞു: 'ബിലാല്‍' അല്ലാഹു നിന്നോട് കരുണ ചെയ്യട്ടെ. ഞാന്‍ കേള്‍ക്കുന്നത് നീ കേള്‍ക്കുന്നുണ്ടോ? ബിലാല്‍: 'ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല' നബി(സ): 'ഈ ഖബ്‌റാളി ശിക്ഷിക്കപ്പെടുന്നു.' ആ ഖബ്‌റ് ആരുടേതാണെന്ന് അന്വേഷിക്കപ്പെട്ടു. അത് ഒരു യഹൂദിയുടേതാണെന്ന് മനസ്സിലാക്കാനായി (അഹ്‌മദ്).
إن رسول الله قام على القليب وفيه قتلى بدر من المشركين فقال لهم ما قال: “انهم ليسمعون ما اقول - إنما قال: إنهم الآن ليعلمون ان ما كنت أقول لهم حق
'നബി(സ) ബദ്‌റില്‍ വധിക്കപ്പെട്ട ബഹുദൈവ വിശ്വാസികളെ തള്ളിയ ഖലീബിനടുത്ത് നിന്നു. അദ്ദേഹം അവരോട് ചിലതെല്ലാം പറഞ്ഞു: ശേഷം പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ പറഞ്ഞതെല്ലാം അവര്‍ കേട്ടിട്ടുണ്ട്. ഞാന്‍ അവരോട് പറഞ്ഞിരുന്നത് സത്യമാണെന്ന് തീര്‍ച്ചയായും അവര്‍ അറിഞ്ഞിരിക്കുന്നു. (ബുഖാരി)
أبو سعيد الخدري يقول: قال رسول الله ص إذا وُضِعت الجَنَازَة فاحْتَمَلَهَا الرجال على أَعْنَاقِهِم، فإن كانت صالحة، قالت: قَدِّمُونِي قَدِّمُونِي، وإن كانت غير صالحة، قالت: يا وَيْلها! أين تَذهبون بها؟ يسمعُ صوتها كل شيء إلا الإنسان، ولو سَمِعَها الإنسان لصَعِق
'അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: നബി(സ) പ്രസ്താവിച്ചു. 'ആളുകള്‍ ജനാസ തങ്ങളുടെ ചുമലുകളില്‍ ചുമന്നു കഴിഞ്ഞാല്‍- മരിച്ചയാള്‍ സുകൃതവാനാണെങ്കില്‍- അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. 'എന്നെ വേഗം കൊണ്ടുപോകൂ, എന്നെ വേഗം കൊണ്ടുപോകൂ' അയാള്‍ സുകൃതവാനല്ലെങ്കില്‍, എന്തൊരു നാശം, നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞുകൊണ്ടിരിക്കും. ആ ശബ്ദം മനുഷ്യനൊഴികെ എല്ലാവരും കേള്‍ക്കും. മനുഷ്യന്‍ അത് കേട്ടാല്‍ ബോധരഹിതനായി വീഴും' (ബുഖാരി).
يسلط على الكافر في قبره تسعة وتسعون تنينا تنهشه وتلد غه حتى تقوم السّاعة، ولو أن تنينا منها نفخ في الأرض ما نبت خضراء
'സത്യനിഷേധിയുടെ ഖബ്‌റില്‍ തൊണ്ണൂറ്റിയൊമ്പത് സര്‍പങ്ങള്‍ക്ക് അധികാരം നല്‍കപ്പെടും. അവ അയാളെ ലോകാവസാനം വരെ കടിക്കുകയും കീറുകയും ചെയ്യും. അവയിലൊന്നെങ്ങാനും ഭൂമിയില്‍ ഊതിയാല്‍ ഒരു പച്ചപ്പും മുളക്കുകയില്ല' (തുര്‍മുദി).
أبو أيّوب الأنصاري: خرج النّبي محمد ص وقد وجبت الشّمس فسمع صوتا فقال: يهود تعذّب في قبوبها
അബൂ അയ്യൂബല്‍ അന്‍സ്വാരിയില്‍നിന്ന്: 'മുഹമ്മദ് നബി(സ) ഒരിടത്തേക്കു പുറപ്പെട്ടു. സൂര്യന്‍ അസ്തമിക്കാറായിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു ശബ്ദം കേട്ടു. തിരുമേനി പറഞ്ഞു: 'ഏതാനും ജൂതന്മാര്‍ തങ്ങളുടെ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നു.' (ബുഖാരി)
أن امرأةً سوداءَ كانتْ تَقُمُّ المسجد - أو شابًّا - ففقَدَها رسول الله صلى الله عليه وسلم، فسأل عنها أو عنه، فقالوا: مات، قال: أفلا كنتم آذَنتُموني قال: فكأنهم صغَّروا أمرَها، أو أمره، فقال: دُلُّوني على قبره، فدَلُّوه، فصلَّى عليها، ثم قال: إن هذه القبورَ مملوءةٌ ظُلْمةً على أهلها، وإن الله عزّوجلّ يُنوِّرُها لهم بصلاتي عليهم.
'ഒരു കറുത്ത സ്ത്രീ / ഒരു യുവാവ് പള്ളി അടിച്ചുവാരിയിരുന്നു. അവരെ / അയാളെ കാണാതിരുന്നപ്പോള്‍ നബി(സ) അന്വേഷിച്ചു. സ്വഹാബികള്‍ പറഞ്ഞു: 'മരിച്ചുപോയി' നബി(സ): 'നിങ്ങള്‍ക്ക് എന്നെ അറിയിച്ചു കൂടായിരുന്നോ?' സ്വഹാബികള്‍ അവരുടെ/ അയാളുടെ കാര്യം ചെറുതായി കണ്ടപോലെ (യായിരുന്നു പ്രതികരണം). നബി(സ): 'ഖബ്ർ എനിക്ക് കാണിച്ചു തരൂ.' അങ്ങനെ നബി(സ) ഖബ്‌റിങ്കല്‍ നമസ്‌കരിച്ചു. എന്നിട്ട് പറഞ്ഞു: 'തീര്‍ച്ചയായും ഈ ഖബ്‌റുകള്‍ അതിലെ ഖബ്‌റാളികള്‍ക്ക് ഇരുട്ടാണ്. തീര്‍ച്ചയായും അല്ലാഹു എന്റെ നമസ്‌കാരം വഴി അതിനെ പ്രകാശമയമാക്കുന്നതായിരിക്കും.'
(ബുഖാരി കിതാബുസ്സ്വലാത്ത്)
مرّ رسول الله على قبر: فقال: ائتوني بجريدتين. فجعل إحدا هما عند رأسه والأخري عند رجليه. فقيل: يا نبيّ الله أينفعه ذلك قال: لن يزال ان يخفّف عنه بعض عذاب القبر ما كان فيهما ندوّ
'നബി(സ) ഒരു ഖബ്‌റിനരികിലൂടെ നടന്നുപോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ ഈന്തപ്പനയുടെ രണ്ട് ഓലമടലുകള്‍ എനിക്ക് കൊണ്ടുതരിക' അങ്ങനെ അദ്ദേഹം അവയിലൊന്ന് ഖബ്‌റാളിയുടെ തല ഭാഗത്തും മറ്റേത് രണ്ടു കാലിങ്കലുമായി സ്ഥാപിച്ചു. അപ്പോള്‍ ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ! അത് അയാള്‍ക്ക് ഉപകാരപ്പെടുമോ?' നബി(സ): 'അവ രണ്ടിലും ഈര്‍പ്പമുള്ളേടത്തോളം.' അഹ്‌മദ് 2/441 (9684)
قالت أم حبيبة اللهم أمتعني بزوجي رسول الله صلى الله عليه وسلم، وبأبي أبي سفيان، وبأخي معاوية، قال رسول الله صلى الله عليه وسلم: إنك سألت الله لآجال مضروبة، وأيام معدودة، وأرزاق مقسومة، لن يعجل شيئا قبل حله، أو يؤخر شيئا عن حله، ولو كنت سألت الله أن يعيذك من عذاب في النار، أو عذاب في القبر، كان خيرا وأفضل
നബി പത്‌നി ഉമ്മു ഹബീബ പറയുന്നു: 'അല്ലാഹുവേ, നീ എന്നെ എന്റെ ഭര്‍ത്താവ് അല്ലാഹുവിന്റെ ദൂതനാലും എന്റെ പിതാവിനാലും അബൂസുഫ്‌യാനാലും എന്റെ സഹോദരന്‍ മുആവിയയാലും ആനന്ദിപ്പിക്കേണമേ. നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും നീ അല്ലാഹുവിനോട് ചോദിച്ചിരിക്കുന്നത് വീതിക്കപ്പെട്ട ആഹാരങ്ങള്‍ക്കും, നിര്‍ണിതമായ ദിവസങ്ങള്‍ക്കും, നിശ്ചയിക്കപ്പെട്ട ആയുസ്സുകള്‍ക്കും വേണ്ടിയാണ്. ഒരു കാര്യവും അല്ലാഹു മുന്തിപ്പിക്കുകയോ വൈകിപ്പിക്കുകയോ ഇല്ല. ഖബ്‌റിലെയോ നരകത്തിലെയോ ശിക്ഷയില്‍നിന്ന് അഭയം തരാനായിരുന്നു നീ പ്രാര്‍ഥിച്ചിരുന്നുവെങ്കില്‍ അതായിരുന്നു ഏറ്റവും ഉത്തമവും ശ്രേഷ്ഠവും' (മുസ്‌ലിം).
സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും മരണവും തുടര്‍ന്നുള്ള വിശദാനുഭവങ്ങളും ബുഖാരി ദീര്‍ഘമായി ഉദ്ധരിച്ചിട്ടുണ്ട്. എല്ലാം ഖബ്‌റിലെ രക്ഷാ-ശിക്ഷകളെ ശരിവെക്കുന്നു.
ഇബ്‌നു തൈമിയ്യ പറയുന്നു: 'ഖബ്‌റിലെ രക്ഷാശിക്ഷകള്‍ സംബന്ധിച്ച് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. നാം അവ വിശ്വസിക്കണം. അതിന്റെ രൂപത്തെപ്പറ്റി നാം ചര്‍ച്ച ചെയ്യേണ്ടതില്ല. അത് മനസ്സിലാക്കാന്‍ വഴിയില്ല. ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇസ്‌ലാം പറയില്ല, പക്ഷെ, ബുദ്ധി അന്ധാളിച്ചു പോവുന്നവ അത് പറഞ്ഞിരിക്കും.'
ദുൻയാവിലെ ജീവിതം നിരുത്തരവാദപരമായി തുലച്ചു കളഞ്ഞതിന്റെ പേരില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള പ്രാഥമികമായ പ്രതികരണമാണ് ഖബ്ർ ശിക്ഷ.
ഖുര്‍ആനില്‍നിന്ന് കൂടുതല്‍ തെളിവുകള്‍
1. مِّمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّهِ أَنصَارًا
'അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ട് അവര്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളായി ആരെയും അവര്‍ കണ്ടെത്തുകയില്ല' (നൂഹ് 25).
തങ്ങള്‍ ചെയ്ത തെറ്റുകളുടെ ഫലമായി അല്ലാഹു നൂഹ് നബിയുടെ ജനതയെ നശിപ്പിക്കുകയും അവരെ ഉടനെത്തന്നെ ബര്‍സഖീ ശിക്ഷയിലേക്ക് കടത്തിവിടുകയും ചെയ്തു. 'ഫഉദ്ഖിലൂ' എന്നതിലെ فاء 'ഉടനെത്തന്നെ' എന്ന് സൂചിപ്പിക്കുന്നു.
2. جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ
'നാം ആ രാജ്യത്തെ കീഴ്‌മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.
ലൂത്വ് നബിയുടെ ജനത താമസിച്ചിരുന്ന പ്രദേശങ്ങളെ കീഴ്‌മേല്‍ മറിച്ച് അല്ലാഹു അവരെ നശിപ്പിച്ചു. അതു കഴിഞ്ഞ് കൂടുതല്‍ ശിക്ഷയായി ശിലാവര്‍ഷം നടത്തി. ശിഥിലമായ ശവശരീരങ്ങള്‍ക്കുമേല്‍ 'പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട' കല്ലുകള്‍ വര്‍ഷിച്ചു. (ഹൂദ്: 82).
3. إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ
'തീര്‍ച്ചയായും സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും പരീക്ഷണ വിധേയരാക്കുകയും പിന്നീട് തൗബ ചെയ്തു മടങ്ങാതിരിക്കുകയും ചെയ്തവര്‍ക്ക് നരകശിക്ഷയും എരിച്ചു കളയുന്ന ശിക്ഷയുമുണ്ട്' (ബുറൂജ്: 10).
സത്യവിശ്വാസികളെ കിടങ്ങുകളില്‍ അഗ്നിക്കിരയാക്കിയവര്‍ക്ക് രണ്ടു ശിക്ഷയുണ്ട്. ഒന്ന്, പരലോകത്തെ ശിക്ഷ. രണ്ട് ഖബ്‌റുകളിലെ അഗ്നി ശിക്ഷ.
4. وَمِمَّنْ حَوْلَكُم مِّنَ الْأَعْرَابِ مُنَافِقُونَۖ وَمِنْ أَهْلِ الْمَدِينَةِۖ مَرَدُوا عَلَى النِّفَاقِ لَا تَعْلَمُهُمْۖ نَحْنُ نَعْلَمُهُمْۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيم
'നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ടു തവണ നാം അവരെ ശിക്ഷിക്കുന്നതാകുന്നു. പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്.' (തൗബ: 101).
(രണ്ടു തവണ എന്നതിന്റെ വിവക്ഷ ഭൗതികലോകത്തെ അപമാനം, ഖബ്‌റിലെ ശിക്ഷ എന്നിവയാണെന്നത്രെ കൂടുതല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്).