സൂറത്തുല്‍ ഫാതിഹയിലെ പദങ്ങള്‍ 2/2
നൗഷാദ് ചേനപ്പാടി
ഭാഷയില്‍ الهدى എന്നാല്‍ പകല്‍ എന്നാണര്‍ഥം. الهادي എന്നാല്‍ കുതിരയുടെ കഴുത്ത്, കുന്തത്തിന്റെ മുന എന്നീ അര്‍ഥങ്ങളും. അതേപോലെ هادية എന്നാല്‍ വെള്ളത്തില്‍നിന്ന് തള്ളിനില്‍ക്കുന്ന പാറ, ഒട്ടകത്തിന്റെ മുന്‍ഭാഗം എന്നീ അര്‍ഥങ്ങളുമാണ്.
അപ്പോള്‍ هدى എന്ന പദത്തിന്റെ കേന്ദ്രാശയം പകലിലെ പ്രകാശം വെളിവാക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ ഒരു വസ്തുവിന്റെ മുന്‍ഭാഗംകൊണ്ടോ ഒരു ദിശയോ ഭാഗമോ വ്യക്തമാവുകയോ വ്യക്തമാക്കുകയോ ചെയ്യുക എന്നതാണ്.
ഈ അടിസ്ഥാനാര്‍ഥത്തില്‍ നിന്നാണ് ഒരു ദിശയിലേക്കോ മറ്റോ വഴികാണിക്കുക, മാര്‍ഗദര്‍ശനം ചെയ്യുക, സൂചിപ്പിക്കുക എന്നീ അര്‍ഥങ്ങള്‍ ലഭ്യമായത്.
ഹിദായത്ത് ഭാഷയില്‍ إرشاد മാര്‍ഗദര്‍ശനം, دلالة സൂചിപ്പിക്കല്‍, تبيين വ്യക്തമാക്കല്‍, إلهام തോന്നിപ്പിക്കല്‍ എന്നീ അര്‍ഥങ്ങളിലാണ് പ്രയോഗിക്കുക. هداية ഖുര്‍ആനില്‍ മൂന്നു രീതിയില്‍ വന്നിട്ടുണ്ട്. 1. هدي، يهدي-ക്കു ശേഷം إلي എന്ന ഹര്‍ഫിനാല്‍ മുത്തഅദ്ദി(സകര്‍മക ക്രിയ)യായിക്കൊണ്ട്.
و انٌك لتهدي إلي صراط مستقيم :الشٌورى: ٥٢
قل هل من شركاءكم من يهدي إلي الحق: يونس: ٣٥.
اجتباه و هداه إلي صراط مستقيم: النحل:١٢١.
فاهدوهم إلي صراط الجحيم : الصافٌات : ٢٣.
ഈ ആയത്തുകളില്‍ هدى -ക്കു ശേഷം إلي എന്ന ഹര്‍ഫാണ് വന്നിരിക്കുന്നത്. ഇവിടെയെല്ലാം إرشاد എന്നും دلالة എന്നുമുള്ള അര്‍ഥമായിരിക്കും. അഥവാ മാര്‍ഗദര്‍ശനം ചെയ്യുക, സൂചിപ്പിക്കുക എന്നീ അര്‍ഥങ്ങളില്‍. അടിസ്ഥാനപരമായി മാര്‍ഗദര്‍ശനം കിട്ടാത്തവര്‍ക്കാണ് ل എന്ന ഹര്‍ഫു ചേര്‍ത്തുകൊണ്ടുവരിക. (താഴെ കാണുക)
2. ഒരു ഹര്‍ഫുകൊണ്ടും മുത്തഅദ്ദിയാവാതെ നേര്‍ക്കുനേരെ കര്‍മം വരിക.
اهدنا الصٌراط المستقيم: الفاتحة
و قد هدانا سبلنا : ابراهيم: ١٢.
و هديناه النٌجدين : البلد: ١٠.
و يتمٌ نعمته عليك و يهديك صراطا مستقيما: الفتح .
ഈ ആയത്തുകളിലെല്ലാം ഒരു ഹര്‍ഫുകൊണ്ടും മുത്തഅദ്ദിയാവാതെ നേര്‍ക്കുനേരെയാണ് കര്‍മ്മം വന്നിട്ടുള്ളത്. ഈ രീതിയില്‍ വരിക അടിസ്ഥാനപരമായി ഹിദായത്ത് കിട്ടാത്തവര്‍ക്കും കിട്ടിയവര്‍ക്കും ആകാം. മേല്‍ കൊടുത്ത ആയത്തുകള്‍ ഹിദായത്ത് കിട്ടിയവരുടെ കാര്യത്തിലാണ്. ഇവിടെ അതിന്റെ അര്‍ഥം تبيين -ഉം توفيق-ഉം ആണ്. അഥവാ വ്യക്തമാക്കലും ഉതവി നല്‍കലുമാണ്. അടിസ്ഥാനപരമായി ഹിദായത്ത് കിട്ടിയ നാമാണല്ലോ അഞ്ചുനേരത്തേയും നമസ്‌കാരത്തില്‍ ഫാത്തിഹയിലെ 'ഇഹ്ദിനസ്സിറാത്വല്‍ മുസ്തഖീം' എന്ന് ഓതുന്നത്. അവിടെ മൗലികമായ ഹിദായത്ത് നീ ഞങ്ങള്‍ക്കു നല്‍കേണമേയന്നല്ല, മറിച്ച് നീ തന്ന ഹിദായത്തില്‍ ഞങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണമേ, അതില്‍ക്കൂടിത്തന്നെ ഞങ്ങളെ നയിക്കേണമേ, അതില്‍നിന്നു തെറ്റിപ്പോകാതെ എപ്പോഴും ഞങ്ങള്‍ക്ക് ഹിദായത്തിനെ തോന്നിപ്പിക്കുകയും, എന്നും അതിനെത്തന്നെ തെരഞ്ഞെടുക്കാന്‍ ഉതവി നല്‍കുകയും ചെയ്യേണമേ എന്നുമാണ്. ഇമാം ഇബ്‌നു കഥീര്‍(റ) തന്റെ തഫ്‌സീറില്‍ ഇങ്ങനെയാണ് ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. 'വ ഹദയ്‌നാഹുന്നജ്‌ദൈന്‍' എന്നാല്‍ നന്മയുടെയും തിന്മയുടെയും വ്യക്തമായ രണ്ടു വഴികള്‍ നാമവന് വിശദീകരിച്ചു കൊടുത്തു, വ്യക്തമാക്കിക്കൊടുത്തു എന്നര്‍ഥം.
അതേപോലെ അടിസ്ഥാനപരമായി ഹിദായത്ത് കിട്ടാത്തവര്‍ക്കും, ഒരു ഹര്‍ഫുകൊണ്ടും മുത്തഅദ്ദിയാവാതെ നേര്‍ക്കുനേരെ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി ഈ ആയത്തുകള്‍ നോക്കുക.
ഇബ്‌റാഹിം നബി(അ) തന്റെ പിതാവിനോട് പറയുന്നു:
فاتٌبعني اُهدك صراطا سويٌا : مريم: ٤٣.
അദ്ദേഹത്തിന്റെ പിതാവ് കാഫിറായിരുന്നല്ലോ.
മുനാഫിഖുകളുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞു:
و لهديناهم صراطا مستقيما: النٌساء: ٦٨.
മുനാഫിഖുകളും ഹിദായത്തില്‍ എത്തിപ്പെടാത്തവരായിരുന്നല്ലോ.
3. മൂന്നാമതായി هدي، يهدي-ക്കു ശേഷം ل എന്ന ഹര്‍ഫു വരിക. ഈ 'ലാമ്', കാരണം കാണിക്കുന്നതിനായിട്ടു- لام للتعليل- വരുന്നത്. വിശദീകരണത്തിനായും വരും. ഉദാ: هديت له الطريق എന്നാല്‍ എന്നര്‍ഥം. അഥവാ ഞാന്‍ അവന് വഴിയെപ്പറ്റി വിശദീകരിച്ചു കൊടുത്തു എന്നര്‍ഥം. സൂറ: അസ്സജദഃയില്‍ ഈ അര്‍ഥത്തിലാണ് 'യഹ്ദി' പ്രയോഗിച്ചതെന്ന് ഖുര്‍ആന്‍ ഭാഷാപണ്ഡിതനായ അബൂ അംറ് പറയുന്നു.
أولم يهدلهم يعني أولم يبيٌن لهم
ഹദാ, യഹ്ദീക്കു ശേഷം ل 'ലാമ്' വന്നാല്‍ ഒരിക്കലും صراط-ഓ سبيل-ഓ വരികയില്ല. അതായത്
هداه لصراط مستقيم
എന്നോ هداه لسبيل مستبين എന്നോ വരികയില്ല. കാരണം 'ലാമ്' ലക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്. വഴി എന്നത്- സ്വിറാത്വ്, സബീല്‍, ത്വരീഖ് - ലക്ഷ്യമല്ല, മാര്‍ഗമാണ്. അഥവാ സിറാത്വും സബീലും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാര്‍ഗം മാത്രമാണെന്നര്‍ഥം. ഖുര്‍ആനില്‍ വന്ന ഈ ആയത്തുകള്‍ ശ്രദ്ധയോടെ നോക്കുക.
സ്വര്‍ഗവാസികള്‍ അല്ലാഹുവിനെ സ്തുതിച്ചു പറയുന്നു:
الحمدلله الٌذي هدانا لهذا
(ഇതിലേക്ക് ഞങ്ങളെ വഴികാണിച്ച് 'എത്തിച്ച' അല്ലാഹുവിനാണ് സർവസ്തുതിയും -അഅ്‌റാഫ്: 43) ഈ സ്വര്‍ഗത്തിലേക്ക് ഞങ്ങളെ എത്തിച്ച അല്ലാഹുവിന് എന്ന്. അപ്പോള്‍ സ്വര്‍ഗം ലക്ഷ്യമാണ് മാര്‍ഗമല്ല. അവിടെ 'ഹദാക്കു' ശേഷം എന്ന ഹര്‍ഫ് അല്ല ل ആണ് വന്നിട്ടുള്ളതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു പറയുന്നു:
قل الله يهدي للحقٌ
(പറയുക: അല്ലാഹുവാണ് സത്യത്തിലേക്കെത്തിക്കുന്നത് -യൂനുസ്: 35) സത്യത്തിലെത്തുക എന്നത് ലക്ഷ്യമാണ്, മാര്‍ഗമല്ല. ഇവിടെയെല്ലാം മാര്‍ഗദര്‍ശനം ചെയ്യുന്നു എന്ന് അര്‍ഥം പറയുന്നത് ശരിയോ സൂക്ഷ്മമോ അല്ല. ഒന്നുകില്‍ മാര്‍ഗദര്‍ശനം ചെയ്തു അല്ലെങ്കില്‍ വഴികാണിച്ചു എത്തിക്കുന്നു എന്നോ എത്തിക്കുന്നു എന്നു മാത്രമോ പറയുക. അതാണ് ഏറ്റവും ശരിയും സൂക്ഷ്മവുമായ പ്രയോഗം. ഇനിയും കാണുക:
انٌ هذا القرآن يهدي للٌتي هي أقوم
(നിശ്ചയം ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതില്‍ കൊണ്ടെത്തിക്കുന്നു - ഇസ്‌റാഅ്: 9)
ഇവിടേയും ഏറ്റവും ചൊവ്വായതില്‍ എത്തിച്ചേരുക എന്നത് ലക്ഷ്യമാണ്. വീണ്ടും അല്ലാഹു പറയുന്നു:
يهدي الله لنوره من يشاء
(അല്ലാഹു അവനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്ക് എത്തിക്കുന്നു -നൂര്‍: 35) അല്ലാഹുവിന്റെ നൂര്‍- പ്രകാശം- ലക്ഷ്യമാണ്. മാര്‍ഗമല്ല. വേറൊരായത്തുകൂടി കാണുക:
لَّا تَمُنُّوا عَلَيَّ إِسْلَامَكُمۖ بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ
(നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോടു കാണിച്ച ദാക്ഷിണ്യമായി എടുത്തു പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു -അല്‍ഹുജുറാത്ത്: 17)
ഇവിടെയും ഈമാനില്‍ എത്തിച്ചേരുക എന്നത് ലക്ഷ്യമാണ്.
ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ടതാണ് ഓരോ ക്രിയകള്‍ക്കും ശേഷം വരുന്ന ഹര്‍ഫുകളുടെ മാറ്റം എന്ന് മുമ്പ് എഴുതിയതോര്‍ക്കുക. ഹിദായത്തിനെപ്പറ്റി ഇവിടെ പറഞ്ഞതും ശ്രദ്ധയോടെ പഠിക്കുക.
ഈ മൂന്നു ഹിദായത്തുകളും മനുഷ്യന് അത്യന്താപേക്ഷിതമാണ്. വഴിയറിയാതെ ഉഴറിനടക്കുന്നവന് അത് കണ്ടെത്തുക എന്നതാണ് ഒന്നാമതായി വേണ്ടത്. രണ്ടാമതായി, കണ്ടെത്തിയ ആ വഴിയെപ്പറ്റി വ്യക്തമായ അറിവുണ്ടാവുകയും അതില്‍ ഉറച്ചു നില്‍ക്കുകയും അതില്‍ക്കൂടിത്തന്നെ മുമ്പോട്ടു പോവുകയും വേണം. പലരും കണ്ടെത്തിയ ആ വഴിയെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്നുണ്ടല്ലോ. ഖാദിയാനിയായും മതേതരനായും മാര്‍ക്‌സിസ്റ്റായും മറ്റും. മൂന്നാമതായി നേരായ ഈ വഴിയില്‍ ഉറച്ചുനിന്ന് അതില്‍ത്തന്നെ മരണപ്പെടുകയും അവസാനം അതിന്റെ ലക്ഷ്യസ്ഥാനം പ്രാപിക്കുകയും വേണം. അപ്പോഴേ ഹിദായത്തുകൊണ്ടുള്ള പ്രയോജനം ആത്യന്തികമായി ലഭ്യമാവുകയുള്ളു.
സ്വിറാത്വ് എന്ന പദത്തിന്റെ അര്‍ഥവും സൂറഃ ഫാതിഹയില്‍
അതു വന്നതിന്റെ സാംഗത്യവും
നീ ഞങ്ങള്‍ക്ക് നേരായ മാര്‍ഗം കാണിച്ചുതരേണമേ എന്നതിന് ഖുര്‍ആന്‍ പ്രയോഗിച്ചത് اهدنا الصّراط المستقيم എന്നാണ്. ഇതിലെ മാര്‍ഗത്തിന് صراط എന്നുമാണ് പ്രയോഗിച്ചത്. മാര്‍ഗം, വഴി എന്നീ വാക്കുകള്‍ക്ക് അറബിയില്‍ സബീല്‍ سبيل എന്നും طريق എന്നും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ഉദ്ദേശിച്ച മാര്‍ഗത്തിന് ഏറ്റവും ഫിറ്റായ പദം സ്വിറാത്വ് صراط ആയതുകൊണ്ടാണല്ലോ ആ പദംതന്നെ ആദ്യത്തെ സൂറഃയായ ഫാതിഹയില്‍ അല്ലാഹു പ്രയോഗിച്ചത്. ഖുര്‍ആന്‍ صراط എന്ന് 'സ്വാദ്' എന്ന അക്ഷരത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ അതിന്റെ മൂലാക്ഷരം- أصل - 'സീന്‍' - س -ആണ്. صراط എന്നാല്‍ السبيل الواضح വ്യക്തമായ വഴി എന്നാണര്‍ഥം. سرط-യുടെ അടിസ്ഥാനാര്‍ഥം വിഴുങ്ങുക എന്നാണ്. سرط الرّجل الطعام എന്നാല്‍ بلعه എന്നാണ്. അഥവാ ഒരാള്‍ ഭക്ഷണം വിഴുങ്ങി എന്ന്. انسرط الشّيء في حلقه എന്നാല്‍ سار فيه سيرا سهلا ഭക്ഷണമോ മറ്റോ അയാളുടെ തൊണ്ടയിലൂടെ അനായാസം ഇറങ്ങിപ്പോയി എന്നര്‍ഥം. അപ്പോള്‍ എന്ന പദത്തിന്റെ കേന്ദ്രാശയം مرور في المسلك الممتدّ بيسر و سهولة എന്നാണ്. അതായത് നീണ്ടുപരന്നു കിടക്കുന്ന പാതയിലൂടെ അനായാസം എളുപ്പത്തില്‍ സഞ്ചരിക്കുക, കടന്നുപോവുക എന്നാണ്. ധാരാളം ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയിലൂടെ അനായാസം വേഗത്തില്‍ ഇറങ്ങിപ്പോകുന്നതുപോലെ, വ്യക്തവും വിശാലവുമായ വഴിയിലൂടെ സന്മാര്‍ഗപാതയില്‍ പ്രവേശിച്ച യാത്രക്കാരന് ഒരു തടസ്സവും കൂടാതെ എളുപ്പത്തിലും വേഗത്തിലും സഞ്ചരിക്കാനും ലക്ഷ്യം പ്രാപിക്കാനും സാധ്യമാകുന്നു.
സ്വിറാത്വ് صراط അറബിഭാഷയില്‍ فعال എന്ന വസ്‌നില്‍-രൂപത്തില്‍, പരിമാണത്തില്‍- വരുന്ന നാമമാണ്. ഈ രൂപം അതിലടങ്ങിയ ആശയത്തെ 'പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍' സാധിക്കുന്ന തരത്തിലുള്ളതാണ്. സബീലിനോ - سبيل- ത്വരീഖിനോ-طريق- പൂര്‍ണമായും ഉള്‍ക്കൊള്ളുക എന്ന ആശയത്തെ വഹിക്കാന്‍ സാധിക്കുകയില്ല. പ്രവേശിക്കുന്നവരെ മുഴുവനും ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വിശാലവും പരന്നതുമായ സ്വാഗതമോതി നില്‍ക്കുന്നതും ഇടുക്കമില്ലാത്തതുമായ വഴിയാണ് 'സ്വിറാത്വ്'. സബീലിനും ത്വരീഖിനും ഈ ആശയത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ല എന്നര്‍ഥം. ഖുര്‍ആനില്‍ മുപ്പത്തിഎട്ട് സ്ഥലങ്ങളില്‍ صراط എന്ന വാക്ക് വന്നിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം صراط-ന്റെ ബഹുവചനം-جمع- ഖുര്‍ആനില്‍ വന്നിട്ടേയില്ല എന്നതാണ്. سبيل-നും طريق നും ബഹുവചനം ഖുര്‍ആനില്‍ വന്നിട്ടുമുണ്ട്. ഈ മുപ്പത്തിഎട്ടില്‍ മുപ്പത്തിമൂന്ന് തവണയും مستقيم -നേരായ, ചൊവ്വായ- എന്ന വിശേഷണത്തോടുകൂടിയാണ് വന്നിട്ടുള്ളത്. സൂറത്തുല്‍ ഫാതിഹയില്‍ രണ്ടു തവണയും. ഈ രണ്ടു പ്രാവശ്യവും അത് നിര്‍ണിത നാമമായി- معرفة- യായിട്ടുമാണ് വന്നിട്ടുള്ളത്. ആദ്യം الصراط എന്ന് അലിഫ് ലാമോടെ മഅ്‌രിഫയായും രണ്ടാമത് صراط الّذين എന്ന് 'അല്ലദീന' എന്ന ഇസ്മുമൗസ്വൂല- സംയോജകനാമം- യിലേക്ക് ചേര്‍ത്തു- إضافة- കൊണ്ട് മഅ്‌രിഫയായിട്ടും. ഇതില്‍നിന്നും നേരായിട്ടുള്ളതും ശരിയായിട്ടുള്ളതും ഓരേയൊരു മാര്‍ഗമേയുള്ളു എന്നു സിദ്ധിക്കുന്നു. അതാണ് ലക്ഷ്യത്തിലേക്ക് ഏറ്റവും അടുത്തതും എളുപ്പമുള്ളതുമായ മാര്‍ഗം. (വളഞ്ഞവഴി ദൂരക്കൂടുതലുള്ളതാണല്ലോ). അത് അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിന്റെ മാര്‍ഗവും അവനിലേക്കുള്ള അഥവാ അവന്റെ തൃപ്തിയിലേക്കും ഇഷ്ടത്തിലേക്കുമുള്ള മാര്‍ഗവുമാണ്. ആ മാര്‍ഗം വഴിപിഴച്ചവരുടേയോ അല്ലാഹുവിന്റെ കോപത്തിനു വിധേയരായവരുടെയോ മാര്‍ഗമല്ല. അതാണ് അല്ലാഹു പറഞ്ഞത്:
و انّ هذا صراطي مستقيما فاتّبعوه و لا تتّبعوا السّبل فتفرّق بكم عن سبيله
(ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ചിതറിച്ചുകളയും - അന്‍ആം: 153).
ജനങ്ങള്‍ ഈ ഒരു നേര്‍മാര്‍ഗം പ്രാപിക്കുന്നതിനുവേണ്ടിയാണ് അല്ലാഹു നബിമാരെ അയച്ചതും അവരോടൊപ്പം വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും. വിശുദ്ധഖുര്‍ആനിലെ ആദ്യ സൂറഃയില്‍ത്തന്നെ പ്രാര്‍ഥനാ രൂപത്തില്‍ അത് ഉള്‍പ്പെടുത്തിയതും. ആ നേരായ മാര്‍ഗത്തിന് എത്ര ഫിറ്റായ വാക്കാണ് അവന്‍ തെരഞ്ഞെടുത്തതെന്ന് ശ്രദ്ധയോടെ പഠിക്കുക.