മാറുന്ന നാഗരികതകളും മാറാത്ത മനുഷ്യ സ്വത്വവും

മുഹമ്മദ് ഖുത്വുബ്‌‌‌
img

ഏതൊരു മനുഷ്യനെ സംബന്ധിച്ചേടത്തോളവും അയാളുടെ ജീവിതം അയാള്‍ക്ക് വലുതായാണ് അനുഭവപ്പെടുക. അതിലെ ഓരോ ദിവസവും മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും ചരിത്രത്തിലെ മറ്റേത് കാലഘട്ടത്തേക്കാളും വലുതായാണ് അയാള്‍ക്ക് തോന്നുക. ഇത് സാർവകാലികവും സാർവജനീനവുമായ ഒരു യാഥാര്‍ഥ്യമാണ്.

നമ്മുടെ കണ്‍മുമ്പില്‍ നേരെ കാണുന്ന ഒരു വസ്തു ദൂരെ ഉള്ള മറ്റൊരു വസ്തുവിനെക്കാള്‍ വലുതായിത്തോന്നും. നാം ആ വസ്തുവില്‍നിന്ന് അകലുന്നതനുസരിച്ച് അത് ചെറുതായിച്ചെറുതായി വരുന്നതായും തോന്നും. താനുമായി ബന്ധപ്പെട്ട ഏതു കാര്യവും വലുതും ബൃഹത്തുമായി തോന്നുന്നത്, അത് നാമുമായി ഏറ്റവും സമീപസ്ഥമാകുമ്പോഴാണ്. അതേസമയം, അതേ വസ്തു, വിഷയം മറ്റൊരാളുടെ മുമ്പില്‍ കണ്ടാലും നമുക്കനുഭവപ്പെട്ട വലുപ്പമോ ഭയാനകതയോ നമുക്കു തോന്നില്ല. തന്റെ വ്യക്തിപരമായ അനുഭവവുമായി മറ്റൊരാളുടെ അനുഭവത്തെ സാമ്യമായി കാണാന്‍ പൊതുവെ മനുഷ്യര്‍ സന്നദ്ധമാവില്ലെന്നതാണ് ഇതിന്റെ രഹസ്യം.

താന്‍ കടന്നുപോകുന്ന നിമിഷങ്ങള്‍ താനാണ് അഥവാ താന്‍ മാത്രമാണ് കടന്നുപോകുന്നത് എന്നതിനാല്‍ അത് അയാളുടെ ബോധമണ്ഡലത്തെയും വികാര വിചാരങ്ങളെയും ഗ്രസിക്കുന്നു. അത് കടന്നു പോവുകയും മറ്റൊന്നില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ ആദ്യത്തേത് അപ്പോഴും അയാളുടെ കൂടെ ഉണ്ടെങ്കിലും അത് നിസ്സാരമായി തോന്നുകയും വര്‍ത്തമാനകാല അനുഭവത്തേക്കാള്‍ ഭൂതകാലാനുഭവം അതീവ നിസ്സാരമായി മാറുകയും ചെയ്യുന്നു- ഇത് ലോകസാധാരണമായ ഒരു അനുഭവ സത്യമാണ്.

പറഞ്ഞു വന്നത്, തങ്ങള്‍ ജീവിക്കുന്ന നൂറ്റാണ്ട് എല്ലാ കാര്യങ്ങളിലും മറ്റു നൂറ്റാണ്ടുകളില്‍നിന്ന് വ്യത്യസ്തമാണെന്നും ചരിത്രത്തില്‍ ഒരിക്കലും അതിനു തുല്യം മറ്റൊരു നൂറ്റാണ്ടില്ലെന്നും അതാത് നൂറ്റാണ്ടുകാര്‍ക്കു തോന്നുന്നു. കാരണം, അവര്‍ ആ നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മറ്റു നൂറ്റാണ്ടുകള്‍ അവരെ സംബന്ധിച്ചേടത്തോളം ഗതകാല ചരിത്രം മാത്രമാണ്.

ഇരുപതാം നൂറ്റാണ്ട്

ഇരുപതാം നൂറ്റാണ്ട് എല്ലാ കാര്യങ്ങളിലും വ്യത്യസ്തമാണ്. മാനവതക്ക് ഈ നൂറ്റാണ്ട് പുതിയ അനുഭവവമാണ്. മുമ്പ് കപ്പലുകളോ റോക്കറ്റുകളോ വിമാനങ്ങളോ തീവണ്ടികളോ റേഡിയോയോ സിനിമയോ ടെലിഫോണോ കൂറ്റന്‍ യന്ത്രങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.
ഇപ്പറഞ്ഞതെല്ലാം ശരി തന്നെ. പക്ഷെ, അതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാര്യം ശരിയല്ല എന്നു മാത്രം. 'ഇന്നത്തെ മനുഷ്യര്‍ ജീവിക്കുന്നതു പോലെ ഗതകാല നൂറ്റാണ്ടുകളില്‍ ഒരു തലമുറയും ജീവിച്ചിട്ടില്ല, ഇന്ന് ഉണ്ടായ വികസനങ്ങളൊന്നും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുമില്ല.' എന്നത്രെ ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഇതേപറ്റി നമുക്കൊന്നേ പറയാനുള്ളൂ. മനുഷ്യര്‍ ചരിത്രം വായിക്കുന്നില്ല. വര്‍ത്തമാനകാല സംഭവങ്ങളിലും യാഥാര്‍ഥ്യങ്ങളിലും അനുഭവങ്ങളിലും വ്യാപൃതരാവുന്ന മനുഷ്യര്‍ക്ക് ഇന്നത്തെ പുരോഗതികള്‍ മാത്രം വലുതായി തോന്നുകയാണ്. ഇന്നത്തെ ഓരോ സെക്കന്റിലും മാനവത നേട്ടങ്ങള്‍ കൊയ്തുകൂട്ടുന്നു. ചരിത്രം വായിക്കാതിരിക്കാന്‍ ഗതകാല ചരിത്രവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന മൂഢധാരണയും കാരണമാണ്. തങ്ങള്‍ മാനവ സമൂഹത്തിന്റെ മുന്‍ തലമുറകയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത പുതിയ സൃഷ്ടിയാണ്. ഞങ്ങളും അവരും തമ്മില്‍ ഒരു സാദൃശ്യവുമില്ല. ചരിത്രം വായിച്ചതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവുമില്ല. ഇങ്ങനെ പോകുന്നു അവരുടെ നിലപാടുകള്‍.

ചിലപ്പോള്‍ അവര്‍ ചരിത്രം വായിക്കാന്‍ വിനയം കാണിച്ചെന്നിരിക്കും. ആധുനിക യൂറോപ്പിന്റെ ചരിത്രം വായിച്ചെന്നിരിക്കും. നവോത്ഥാന ചരിത്രം അഭ്യസ്തവിദ്യരായ അവര്‍ക്കറിയാം, മാറ്റങ്ങളുണ്ടാവുന്നത് ഒരു ദിവസം കൊണ്ടല്ലെന്ന്. പതുക്കെ, സാവധാനം വളരെ സമയമെടുത്താണ് മാറ്റങ്ങളുണ്ടാവുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്കെല്ലാം പതിനാലാം നൂറ്റാണ്ടിലെയോ പതിനഞ്ചാം നൂറ്റാണ്ടിലെയോ നവോത്ഥാന യുഗത്തിലാണ് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ പിറവി എങ്ങനെയാണുണ്ടായതെന്ന് ആധുനിക ചരിത്രം വായിച്ചുവേണം മനസ്സിലാക്കാന്‍ എന്നവര്‍ കണക്കാക്കുന്നു. പക്ഷെ, അതിനു മുമ്പുള്ള ചരിത്രം വായിക്കാന്‍ ഈ 'വിനയാന്വിതര്‍' മിനക്കെടുന്നില്ല.

ഇവിടെ നാം പരാമര്‍ശിക്കുന്നത് പണ്ഡിതന്മാരെയോ ബുദ്ധിജീവികളെയോ മാത്രമല്ല, ഭൂരിപക്ഷ അഭ്യസ്തരെയുമാണ്.
***     ***      ***
അതുകൊണ്ട് നമുക്ക് ചരിത്രം വായിക്കാം. എങ്കിലേ മാനവ സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം അനാവൃതമാവൂ. കൂറ്റന്‍ യന്ത്രങ്ങളുടെ ആരവങ്ങളും ഭ്രാന്തമായ മത്സരങ്ങളുടെ ബഹളങ്ങളും നിരത്തുകളിലെ ഇരമ്പലുകളും തീര്‍ത്തുകൊണ്ടിരിക്കുന്ന ശബ്ദായമാനമായ അന്തരീക്ഷത്തില്‍ നമുക്ക് ഒരല്‍പനേരം നമ്മുടെ സന്തുലിതാവസ്ഥ വീണ്ടെടുത്ത് മാനവസമൂഹം നൂറ്റാണ്ടുകളിലൂടെ നടത്തിയ യാത്രയെക്കുറിച്ച് ചിന്തിച്ചു നോക്കാം.
***      ***       ***
നിങ്ങള്‍ നിങ്ങളുടെ മുമ്പിലെ ടെലിവിഷന്‍ സ്‌ക്രീനില്‍നിന്ന്, ഒരുനിമിഷം മുമ്പ് പറന്നുയര്‍ന്ന റോക്കറ്റില്‍നിന്ന്, കുതിച്ചു പായുന്ന ആഢംബര കാറില്‍നിന്ന്, പാരീസിലെ അതിനൂതന ഫാഷനുടുപ്പുകള്‍ മുട്ടുവരെ ധരിച്ച് മുകളിലുള്ളതെല്ലാം പുറമേക്ക് കാണുമാറ് വശ്യാകര്‍ഷകമായി ഇരിക്കുന്ന പെണ്‍കുട്ടിയില്‍നിന്ന് ഒരു നിമിഷം കണ്ണടക്കുക!

യവനനാഗരികത

നിങ്ങള്‍ രണ്ടു കണ്ണുകളും അടയ്ക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജീവിക്കുന്ന നിങ്ങള്‍ താഴെ വാചകങ്ങള്‍ ശ്രദ്ധയോടെ വായിക്കുക:
''ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശോഭനമായ ചരിത്രത്തിന്റെ ഉടമകള്‍ യവനരാണ്. അവരുടെ ആരംഭഘട്ടത്തില്‍ സ്ത്രീകള്‍, മൂല്യപരമായും നിയമാവകാശങ്ങളുടെ വിഷയത്തിലും സാമൂഹികമായ പരിഗണനകളിലുമെല്ലാം വളരെ പിന്നിലായിരുന്നു. അവര്‍ക്കു ഒരു തരത്തിലുള്ള മാനമോ സ്ഥാനമോ ഉണ്ടായിരുന്നില്ല. യഹൂദമിത്തുകളില്‍ 'ഹവ്വ' എല്ലാ വേദനകളുടെയും സങ്കടങ്ങളുടെയും കേന്ദ്രബിന്ദുവായി വ്യാഖ്യാനിക്കപ്പെട്ട പോലെ, യവന മിത്തോളജി എല്ലാ യാതനകളുടെയും വേദനകളുടെയും സ്രോതസ്സായി പണ്ടോറ (ജമിറീൃമ) എന്ന സ്ത്രീയെ ഭാവനയില്‍ സൃഷ്ടിച്ചെടുത്തു. യഹൂദ ഭാവന യഹൂദ-ക്രൈസ്തവ വിഭാഗങ്ങളില്‍ സ്ത്രീകളുടെ നേരെ സൃഷ്ടിച്ച വിപല്‍ക്കരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ യവനരും പണ്ടോറയെ സമൂഹദൃഷ്ടിയില്‍ പ്രതിഷ്ഠിച്ചു. നിയമപരവും സാമൂഹികവും മൂല്യപരവുമായ മേഖലകള്‍ അവരെ വല്ലാതെ സ്വാധീനിച്ചു. തദ്ഫലമായി യവനര്‍ സ്ത്രീകളെ വളരെ താഴെ തട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും പുരുഷന്മാര്‍ക്കായിരുന്നു മേല്‍ക്കൈ.

യവനരുടെ നാഗരിക നവോത്ഥാനത്തിന്റെ ഒന്നാം ഘട്ടത്തില്‍ സ്ത്രീകളുടെ നേരെയുള്ള അവരുടെ സമീപനം ചില മാറ്റങ്ങളോടെയാണെങ്കിലും ഇതുതന്നെയായിരുന്നു. അറിവിന്റെയും വളര്‍ച്ചയുടെയും പ്രചാരണത്തിന്റെയും നാഗരികതയുടെ പ്രകാശത്തിന്റെയും ഫലമായി സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ന്നു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. എങ്കിലും നിയമപരമായ നിലവാരം പഴയതുപോലെ തുടര്‍ന്നു. സ്ത്രീകള്‍ ഗൃഹനാഥകളായി. അവരുടെ ബാധ്യതകള്‍ ഗാര്‍ഹികാന്തരീക്ഷത്തില്‍ മാത്രം പരിമിതമായിരുന്നു. എങ്കിലും വീടകങ്ങളില്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നു. അവരുടെ പാതിവ്രത്യത്തിനു വിലകല്‍പിക്കപ്പെട്ടു. അവരെ ആദരപൂർവം കാണുന്ന അവസ്ഥയുണ്ടായി. ഉന്നത കുടുംബങ്ങളിലെല്ലാം ഹിജാബ് വ്യാപകമായിരുന്നു. വീടുകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം പ്രത്യേകമായി രണ്ടായി തിരിച്ചു. മിശ്ര സദസ്സുകള്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സ്ത്രീകള്‍ വിവാഹിതരാവുന്നതും ഭര്‍ത്താവോടൊപ്പം മാത്രം ജീവിക്കുന്നതും മാന്യതയുടെ അടയാളമായി വിലയിരുത്തപ്പെട്ടു. അത്തരം സ്ത്രീകള്‍ക്കു മാത്രമെ സമൂഹത്തില്‍ ബഹുമതി കല്‍പിക്കപ്പെട്ടിരുന്നുള്ളൂ. വേശ്യാവൃത്തിയും അരാജക ജീവിതവും മോശമായി കണ്ടു. യവന സമൂഹത്തിന്റെ മഹത്വത്തിന്റെയും യൗവനത്തിന്റെയും ശക്തി പ്രഭാവത്തിന്റെയും ഘട്ടത്തിലായിരുന്നു ഇതെന്നോര്‍ക്കണം. ചില സ്വഭാവ ദൂഷ്യങ്ങളൊക്കെ അവര്‍ക്കുണ്ടായിരുന്നുവെങ്കിലും അത് പരമിതമേഖലയില്‍ മാത്രമായിരുന്നു. സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണമെന്ന് കരുതപ്പെട്ടിരുന്ന മൂല്യങ്ങള്‍, പക്ഷെ, പുരുഷന്മാര്‍ക്ക് വേണമെന്ന് യവനര്‍ക്ക് നിഷ്ഠയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യവനസമൂഹത്തില്‍ വേശ്യകള്‍ക്ക് ഇടമുണ്ടായിരുന്നു.
കാലം മുന്നോട്ടുപോയി. വൈകാരിക പ്രവണതകള്‍ യവനരെ ജയിക്കാന്‍ തുടങ്ങി. മൃഗീയ വികാരങ്ങളും ഇഛകളും മേല്‍ക്കോയ്മ നേടി. വേശ്യകള്‍ക്ക് സമൂഹത്തില്‍ ലോകചരിത്രത്തില്‍ മുമ്പില്ലാത്തവിധം ഉന്നതസ്ഥാനം ലഭിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വേശ്യകളെ തേടിയെത്തുന്ന സ്ഥിതിയായി. കവികളും സാഹിത്യകാരന്മാരും തത്വചിന്തകരും വേശ്യാലയങ്ങളില്‍ തമ്പടിച്ചു. എല്ലാ മേഖലകളിലും മഹാപുരുഷന്മാര്‍ അവിടെ കേന്ദ്രീകരിച്ചു. യവന സമൂഹമാകുന്ന ആസു കല്ല് അവര്‍ക്കു ചുറ്റും കറങ്ങി. സാഹിത്യ-വിജ്ഞാന സദസ്സുകളില്‍ മാത്രമല്ല, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലും ഭരണനിർവഹണ വേദികളിലും സ്ത്രീകള്‍ അധ്യക്ഷകളായി. തന്നെയുമല്ല, പ്രധാന വിഷയങ്ങളില്‍ പോലും ഒരു പുരഷന്റെ കൂടെ ഒന്നോ രണ്ടോ രാത്രി മാത്രം കഴിയുന്ന സ്ത്രീകള്‍ തീരുമാനമെടുക്കുന്ന അവസ്ഥയായി.'
'പിന്നീട് സൗന്ദര്യബോധം വര്‍ധിച്ചു വന്നു. പലതരം നീച ജീവിതരീതികളും പ്രചുരമായി. ലൈംഗിക ചോദനകളെ ത്രസിപ്പിക്കുന്ന പലതിനും പ്രിയംകൂടി. നഗ്ന പ്രതിമകളുടെ നിര്‍മാണവും അതിലെ നൈപുണിയും ആസ്വാദനവും മൃഗീയമായ ആവേശമായി വളര്‍ന്നു. വികാരങ്ങള്‍ക്കടിപ്പെടുന്നത് മോശമായി അവര്‍ കണ്ടിരുന്നില്ല. മൂല്യങ്ങളുടെ മാപിനികള്‍ മാറിമറിഞ്ഞു. യവന തത്വജ്ഞാനികളും പണ്ഡിതന്മാരും വ്യഭിചാരത്തെയോ മറ്റു തിന്മകളെയോ മോശമായി കണ്ടില്ല. വിവാഹത്തിന് പരിഗണന ലഭിച്ചില്ല. അത് ആവശ്യമായി പോലും അവര്‍ക്ക് തോന്നിയില്ല. പുരുഷന്മാര്‍ സ്ത്രീകളെ ഉപയോഗിച്ച് പരസ്യമായി വഞ്ചിക്കുന്നത് തെറ്റായിരുന്നില്ല.

റോമന്‍ നാഗരികത

യവനരുടെ ശേഷം ലോകത്ത് നാഗരികതയുടെ കൊടുമുടികയറിയവര്‍ റോമക്കാരാണ്. യവനരില്‍ കണ്ട ഉയര്‍ച്ച താഴ്ചകള്‍ റോമക്കാരിലും കാണാം. അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് പുറത്തുകടന്ന റോമക്കാര്‍ ചരിത്രത്തിന്റെ വേദിയില്‍ ആദ്യമായി രംഗപ്രവേശം ചെയ്തു. അവരുടെ സമൂഹത്തില്‍ പുരുഷനായിരുന്നു കുടുംബനാഥന്‍. കുടുംബത്തിനുമേല്‍ അയാള്‍ക്കു പൂര്‍ണാധികാരമായിരുന്നു. ഭാര്യമാരെ വധിക്കാന്‍ പോലുമുള്ള അധികാരം ഭര്‍ത്താക്കന്മാര്‍ക്ക് ലഭിച്ചിരുന്നു.

കാലക്രമേണ മൃഗീയ വാസനകള്‍ കുറയുകയും നാഗരികതയുടെ വഴിയില്‍ മുന്നോട്ടു പോവുകയും ചെയ്തതോടെ റോമന്‍ സമൂഹം സന്തുലിതമായ അവസ്ഥയിലേക്കു വന്നു. റോമന്‍ നാഗരികതയുടെ പുരോഗമന ഘട്ടത്തില്‍ ഹിജാബ് രീതി നിലവിലുണ്ടായിരുന്നില്ല. എങ്കിലും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. പാതിവ്രത്യം ബഹുമാനപൂർവം ആദരിക്കപ്പെട്ടു. സ്വഭാവ നിലവാരവും സമുന്നതമായിരുന്നു. ഒരു ഭരണപ്രതിനിധി മകളുടെ മുമ്പില്‍വെച്ച് ഭാര്യയെ ചുംബിച്ചപ്പോള്‍ ആളുകള്‍ രോഷാകുലരായി. ആ പ്രവൃത്തി റോമന്‍ സമൂഹത്തിന്റെ മാന്യതക്ക് ക്ഷതമേല്‍പിക്കുന്ന നടപടിയായെന്ന് വിലയിരുത്തപ്പെട്ടതിനാല്‍ അദ്ദേഹത്തെ സെന്‍ഷ്വര്‍ ചെയ്യുകയുണ്ടായി (Vote of Censure). നിയമാനുസൃതമായ ഉടമ്പടിയില്ലാതെ സ്ത്രീയും പുരുഷനും കൂടെ കഴിയുന്നത് അന്ന് അനുവദനീയമായിരുന്നില്ല. കുടുംബത്തില്‍ മാതൃസ്ഥാനീയയായ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനപദവികളും മാന്യതയും കല്‍പിക്കപ്പെട്ടിരുന്നു. വേശ്യകള്‍ സമൂഹത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, പുരുഷന്മാര്‍ക്ക് അവരെ സമീപിക്കാമായിരുന്നുവെങ്കിലും ഭൂരിപക്ഷ റോമക്കാരും അവരെ മോശക്കാരായാണ് വീക്ഷിച്ചിരുന്നത്.

നാഗരികതയില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്ത്രീകളെക്കുറിച്ച് റോമക്കാരുടെ മനോഭാവങ്ങള്‍ക്ക് മാറ്റമുണ്ടായി. കുടുംബം, വിവാഹം, വിവാഹമോചനം മുതലായവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതികള്‍ വന്നുകൊണ്ടിരുന്നു.  വിവാഹത്തിന് സിവില്‍ കോണ്‍ട്രാക്ട് എന്നതിനപ്പുറമുള്ള പവിത്രഭാവം നഷ്ടപ്പെട്ടു. ദമ്പതികള്‍ക്ക് താല്‍പര്യമുള്ളേടത്തോളം തുടരാം. അത്രമാത്രം. ദാമ്പത്യത്തെ തുടര്‍ന്നുണ്ടാവുന്ന ബാധ്യതകളെ കൂടുതലായൊന്നും അവര്‍ പരിഗണിച്ചിരുന്നില്ല. റോമന്‍ സ്ത്രീകള്‍ ദൈനംദിന ജീവിത വിഷയങ്ങളില്‍ മാത്രമല്ല, കാലക്രമേണ സാമ്പത്തിക വ്യവഹാരങ്ങളിലും ഇടപെട്ടു തുടങ്ങി. പിതാവിനോ ഭര്‍ത്താവിനോ നിയന്ത്രണാധികാരമില്ലാത്തവിധം അവര്‍ സ്വതന്ത്രകളായി. ഭര്‍ത്താക്കന്മാര്‍ക്ക് പലിശയ്ക്ക് വായ്പ കൊടുത്തു. ഇതുവഴി ഭര്‍ത്താക്കന്മാര്‍ സമ്പന്നകളായ സ്ത്രീകളുടെ അടിമകളാവുന്ന സ്ഥിതി സംജാതമായി. നിസ്സാര കാര്യങ്ങള്‍ക്ക് വിവാഹമോചനം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. ഇതേപറ്റി പ്രശസ്ത റോമന്‍ തത്വജ്ഞാനിയായ Lucius Anna e us Seneca (ബി.സി 4 - ക്രി. 65) എഴുതുന്നു: 'റോമില്‍ ഇപ്പോള്‍ വിവാഹമോചനം ലജ്ജാകരമോ ദുഃഖിക്കേണ്ടതോ ആയ ഒന്നല്ലാതായി മാറിയിരിക്കുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ എണ്ണമനുസരിച്ച് വയസ്സെണ്ണുന്ന അവസ്ഥ പോലും സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലായി. മാര്‍ഷല്‍ (ക്രി. 43-104) ഒരു സ്ത്രീ പത്തുപുരുഷന്മാരെ വിവാഹം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ജുവനൈല്‍ (ക്രി. 60-140). അഞ്ചുവര്‍ഷത്തിനിടയില്‍ എട്ടു ഭര്‍ത്താക്കന്മാരെ മാറിമാറി വിവാഹം ചെയ്ത ഒരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. ഇതേക്കാള്‍ വിചിത്രമായ ഒരു സംഭവം വിശുദ്ധ ജെറോം ക്രി: 420-340) ഉദ്ധരിക്കുന്നുണ്ട്. ഒരു സ്ത്രീ ഇരുപത്തിമൂന്ന് പുരുഷന്മാരെ വേള്‍ക്കുകയുണ്ടായെന്നും ഒടുവില്‍ വിവാഹം ചെയ്ത ഭര്‍ത്താവിന്റെ ഇരുപത്തിയൊന്നാമത്തെ ഭാര്യയായിരുന്നു അവരെന്നതുമാണ് അതിലെ ഉള്ളടക്കം.
സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച സമീപനങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. റോമന്‍ പണ്ഡിതന്മാര്‍ വ്യഭിചാരത്തെ സാധാരണ കാര്യമായി കണ്ടുതുടങ്ങി. ബി.സി 184-ല്‍ സദാചാര കാര്യങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന Cato (ബി.സി 95 - ബി.സി 46) യൗവനകാലത്ത് വ്യഭിചാരത്തിന് അനുവാദം നല്‍കണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പ്രസിദ്ധ പരിഷ്‌കര്‍ത്താവായി അറിയപ്പെടുന്ന Cisero (ബി.സി 106 - 43). യുവാക്കളുടെ ചങ്ങലക്കിടരുതെന്നും സ്വതന്ത്രമായി വിടണമെന്നും ആവശ്യപ്പെടുകയുണ്ടായി. Stoics തത്ത്വജ്ഞാനികളില്‍ കടുത്ത യാഥാസ്ഥിതികനായിരുന്ന Epictetus (മരണം ക്രി. ശേ: 135) തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ നിര്‍ദേശം ഇങ്ങനെയായിരുന്നു: 'വിവാഹത്തിനു മുമ്പ് നിങ്ങള്‍ സ്ത്രീകളുമായി പരമാവധി വിട്ടു നില്‍ക്കുക. എങ്കിലും വികാരം അടക്കി നിര്‍ത്താന്‍ കഴിയാത്തവരെ നിങ്ങള്‍ ഒരിക്കലും ആക്ഷേപിക്കരുത്.'

മൂല്യങ്ങള്‍ അയയുകയും സദാചാര സുരക്ഷ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ റോമന്‍ സമൂഹത്തില്‍ നഗ്നതയും അശ്ലീലതയും കുത്തിയൊഴുകി. നാടക ശാലകളും തിയേറ്ററുകളും നഗ്നതയുടെ കൂത്തരങ്ങുകളായി മാറി. വീടുകളിലെ ചുമരുകളില്‍ ലൈംഗികത വരച്ചു വെക്കപ്പെട്ടു. വേശ്യാവൃത്തി കൂടുതല്‍ ആകര്‍ഷകമായി. (സീസര്‍ തായ് ബൈറീസി ക്രി: വ: 14-37) ന്റെ ഭരണകാലത്ത് വേശ്യാവൃത്തി നിരോധിച്ചു). സ്ത്രീകളുടെ നഗ്നമത്സരം ചിത്രീകരിച്ചതിനാല്‍ Flora എന്ന നാടകത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒന്നിച്ചു കുളിക്കാനുള്ള കുളിപ്പുരകള്‍ സംവിധാനിക്കപ്പെട്ടു. ലൈംഗിക പ്രധാനങ്ങളായ ലേഖനങ്ങളും നഗ്ന കഥാസാഹിത്യങ്ങളും ജനകീയവല്‍ക്കരിക്കപ്പെട്ടു. ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാം പച്ചയായി അനാവരണം ചെയ്യപ്പെട്ടു. പ്രണയവും കെട്ടിപ്പിടിത്തവും ചുംബനവും മറയില്ലാതെയായി (മൗലാനാ മൗദൂദിയുടെ 'ഹിജാബ്' എന്ന കൃതിയില്‍നിന്ന് പേ: 14-24).

നാഗരികതകള്‍ മാറിയാലും മനുഷ്യന്റെ അടിസ്ഥാന സ്വത്വം എന്നും ഒന്നുതന്നെ

ഇപ്പോള്‍ താങ്കള്‍ കണ്ണുതുറന്നു നോക്കുക. ഇത്രയും വായിച്ചതില്‍നിന്ന് എന്തു മനസ്സിലായി? ഒരു സിനിമയിലോ ടെലിവിഷനിലോ കാണുന്നതുപോലെ ഇന്നത്തെ അതേ അവസ്ഥ തന്നെ അന്നുമുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലായി. അന്നും ഇന്നും തമ്മില്‍ പറയത്തക്ക എന്തു വ്യത്യാസമാണുള്ളത്? പുരുഷന്മാരെ വശീകരിച്ച് മയക്കുന്ന സ്ത്രീസൗന്ദര്യ പ്രകടനങ്ങള്‍ കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങി സകല രംഗങ്ങളിലും സർവസ്വതന്ത്രമായി ഇടപെടുന്ന സ്ത്രീകള്‍, പുരുഷന്മാരെ തങ്ങളുടെ ഇഛകൊണ്ട് നിയന്ത്രിക്കുന്ന സ്ത്രീകള്‍, സാമ്പത്തികമായി സ്വതന്ത്രയാകുന്നതോടെ സദാചാര നിയന്ത്രണങ്ങള്‍ക്ക് വില കല്‍പിക്കാത്ത സ്ത്രീകള്‍, ചമഞ്ഞൊരുങ്ങിയ സ്ത്രീകള്‍ക്കു പിന്നാലെ ശരീര കാമനകള്‍ സാക്ഷാല്‍ക്കരിക്കാന്‍ പായുന്ന പുരുഷന്മാര്‍, ഗൗരവവിഷയങ്ങള്‍ പലതുമുണ്ടായിട്ടും ശരീരാനന്ദകള്‍ക്കു മുന്‍തൂക്കം നല്‍കുന്ന പുരുഷന്മാര്‍, ജീവിതത്തിലെ ഭാരങ്ങള്‍ പെണ്ണിന്റെ ചുമലില്‍ വെച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍, സർവതന്ത്ര സ്വതന്ത്രകളായ സ്ത്രീകള്‍ സാമൂഹിക അനിവാര്യതയാണെന്നു മനസ്സിലാക്കുന്ന പുരുഷന്മാര്‍, നഗ്ന നടന വേദികള്‍... യഥാര്‍ഥത്തില്‍ എന്തിനെങ്കിലും ചരിത്രത്തില്‍ മാറ്റമുണ്ടായിട്ടുണ്ടോ?
***    ***    ***
ചരിത്രം വായിക്കുന്ന മനുഷ്യന്‍ അന്ധാളിച്ചുപോവും. മൗലികമായി രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അതേ മനുഷ്യ ജീവിതത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും എന്ന് നമുക്ക് ബോധ്യമാവുന്നു. ആധുനിക സാമൂഹിക ജീവിതം ചരിത്രത്തില്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ലാത്ത പുത്തന്‍ ആവിഷ്‌കാരമാണെന്ന മിഥ്യാ സങ്കല്‍പമാണ് ഇവിടെ തകരുന്നത്. ശാസ്ത്രമാണ് ഈ പരിവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്ന മൂഢ ധാരണയാണ് അസാധുവാകുന്നത്. സാമൂഹിക ജീവിതത്തിന്റെ ഏതു തുറകളിലാണ് പരിവര്‍ത്തനമുണ്ടായത്? 'ഉപകരണങ്ങള്‍' മാറിയിട്ടുണ്ടെന്നത് ശരിതന്നെ. അതില്‍ സംശയമില്ല. പക്ഷെ, ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു എന്തെങ്കിലും മാറ്റമുണ്ടോ?

വനിതകളുടെ ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയിലിറക്കുന്ന ഒരു കമ്പനിയാണ് Christian Dior. ഇത് മുമ്പുണ്ടായിരുന്നില്ല. അശ്ലീലതയും ആഭാസത്തരങ്ങളും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ മുമ്പുണ്ടായിരുന്നില്ല, വീടകങ്ങളിലേക്ക് അധാര്‍മികതകള്‍ വിസര്‍ജിക്കുന്ന ടെലിവിഷനുകള്‍ മുമ്പുണ്ടായിരുന്നില്ല, സ്ത്രീകള്‍ വശ്യമനോഹരികളായി ചന്തം ചമഞ്ഞു നടക്കുന്ന വൃത്തിയുള്ള ടാറിട്ട റോഡുകള്‍ മുമ്പുണ്ടായിരുന്നില്ല. ഇന്ന് നാം ജീവിച്ചനുഭവിക്കുന്നതും പുരുഷന്മാരെ വശീകരിച്ചു വശത്താക്കാനായി സ്ത്രീകളെ റോഡിലേക്ക് പറഞ്ഞുവിടുന്നതുമായ സാമൂഹിക പുരോഗതിയെ ഇരുപതാം നൂറ്റാണ്ടിന്റെ സാമ്പത്തിക വികാസവും സാഹചര്യങ്ങളും ശാസ്ത്രപുരോഗതിയും ഐഡിയോളജിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ഭൂതകാല നൂറ്റാണ്ടുകളുടെ ചരിത്രം അപ്പടി മറന്ന് മാനവസമൂഹം ഇന്നലെ മാത്രം പിറന്നു വീണതേയുള്ളൂ എന്നോണം പുതിയ നൂറ്റാണ്ടിനെ വാഴ്ത്തിപ്പാടുന്നതിനു എന്താണ് ന്യായം? ആധുനിക തലമുറകള്‍ക്ക് പഴയ തലമുറയുമായി ഒരു ബന്ധവുമില്ലെന്ന് വാദിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? മനുഷ്യനിലെ ആന്തരികസ്വത്വം ഗതകാല നൂറ്റാണ്ടുകളിലൂടെ പരിവര്‍ത്തന വിധേയമായിട്ടുണ്ടെന്നു പറയുന്നതിന് എന്ത് തെളിവുകളാണ് നിരത്താനുള്ളത്? ചുരുക്കത്തില്‍, മനുഷ്യന്റെ അടിസ്ഥാന ഭാവവും സ്വത്വവും എന്നും ഒന്നായിരുന്നു. അവയുടെ പ്രകാശനത്തിന് അവന്‍ തെരഞ്ഞെടുത്ത ഉപകരണങ്ങളും മാധ്യമങ്ങളും നൂറ്റാണ്ടുകളിലൂടെ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട് എന്നുമാത്രം.

ചരിത്രം പറയുന്ന മൂന്നു കാര്യങ്ങള്‍

ഗതകാല നൂറ്റാണ്ടുകളും ആധുനിക നൂറ്റാണ്ടും നമ്മോട് ചില ചരിത്രസാക്ഷ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

(ഒന്ന്) പുതിയ നൂറ്റാണ്ട്, പുതിയ നൂറ്റാണ്ടിലെ സാമൂഹിക ജീവിതം, പുതിയ നൂറ്റാണ്ടിലെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ പങ്ക്, പുതിയ നൂറ്റാണ്ടിലെ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ മുതലായവയൊന്നും മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെട്ടതോ പുതിയതോ ആയ സംഭവമല്ല. പുതിയ നൂറ്റാണ്ടിനേക്കാള്‍ അത്ഭുതകരവും വിസ്മയാവഹവുമായ പലതും പണ്ടു കഴിഞ്ഞുപോയിട്ടുണ്ട്. ഒന്നു കണ്ണടച്ചു നോക്കിയാല്‍ മുന്‍ നൂറ്റാണ്ടുകളിലെ പലതും ഈ നൂറ്റാണ്ടിലേതിനു സമാനമായി കേള്‍ക്കാം, അങ്ങനെ പല ചിത്രങ്ങളും ഇന്നത്തേതെന്ന പോലെ കാണാം.

(രണ്ട്) ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക ജീവിതത്തെ വിശദീകരിക്കുന്ന കാരണങ്ങളും അവയില്‍ സ്ത്രീകളുടെ പങ്കും അതിലെ സ്ത്രീ-പുരുഷ ബന്ധവുമല്ല യഥാര്‍ഥ കാരണങ്ങള്‍. ഏറ്റവും ചുരുങ്ങിയത് അവ മാത്രമല്ല. അവയെ ഇരുപതാം നൂറ്റാണ്ടും അതിലെ പരിവര്‍ത്തനങ്ങളും വികസനങ്ങളും മാത്രമായി നാം ബന്ധപ്പെടുത്തുകയാണെങ്കില്‍, ക്രി. ഒന്നാം നൂറ്റാണ്ടിലോ, അതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പോ നടന്ന സമാന സംഭവങ്ങളെയും വിഷയങ്ങളെയും നാം എങ്ങനെയാണ് വിശദീകരിക്കുക?

(മൂന്ന്) പത്തൊമ്പതാം നൂറ്റാണ്ടിലെയോ ഇരുപതാം നൂറ്റാണ്ടിലെയോ മാര്‍ക്‌സും ദുര്‍ഖൈമും സമാനരായ മറ്റുള്ളവരും വിശദീകരിക്കുന്നതുപോലെയല്ല മനുഷ്യ സ്വത്വം. മനുഷ്യ സ്വത്വത്തിലേയോ പരിതസ്ഥിതികളിലേയോ സ്ഥിരസ്ഥായിയായ യാഥാര്‍ഥ്യങ്ങളെ നിർവീര്യമാക്കും വിധം എല്ലാം കാലാനുസൃതമായി പരിവര്‍ത്തന വിധേയമാവുന്നില്ല. ഉദാഹരണമായി, മനുഷ്യനിലെ ലൈംഗികത ഫ്രോയ്ഡ് ആദ്യമായി കണ്ടെത്തിയതല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പെ എല്ലാ നാഗരികതകളിലും ലൈംഗികത പ്രകടമായിട്ടുണ്ട്.
***   ***   ***
ഇങ്ങനെ വിലയിരുത്തിയതുകൊണ്ട് മനുഷ്യ ജീവിതത്തിലെ പരിവര്‍ത്തനം എന്ന യാഥാര്‍ഥ്യത്തെ നാം നിരാകരിക്കുന്നു എന്ന് അര്‍ഥമാക്കേണ്ടതില്ല. പക്ഷെ, ആധുനിക നാഗരികതയുടെ ഭ്രമാത്മകമായ നാഗരിക പുരോഗതിക്കിടയിലും വസ്തുതകളെ വിവേകപൂർവവും സന്തുതിലമായും മനസ്സിലാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഭൂതകാലവുമായുള്ള സമസ്ത ബന്ധങ്ങളും അറുത്തുമാറ്റി വര്‍ത്തമാന നാഗരികതയെ മാത്രം ഒറ്റതിരിച്ചെടുത്ത് വാഴ്ത്തി വാഴിക്കാനുള്ള ശ്രമം പൈശാചികമാണെന്നേ പറഞ്ഞുള്ളൂ. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ പദാര്‍ഥലോകത്ത് മാത്രമല്ല മാനവ ജീവിതത്തിന്റെ സകല തുറകളിലും വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ ആര്‍ക്കാണ് സംശയം?

- വ്യാവസായിക വിപ്ലവം വലിയ ചരിത്ര സംഭവമായിരുന്നു, സംശയമില്ല.
- മുതലാളിത്തവും കമ്യൂണിസവും സൃഷ്ടിച്ച മാറ്റങ്ങള്‍ക്ക് സമാനതകളില്ല.
'മനുഷ്യനെ' സംബന്ധിച്ച സങ്കല്‍പങ്ങളും കാഴ്ചപ്പാടുകളും സമാനതകളില്ലാത്തവിധം അടിമുടി മാറി. സമൂഹത്തിന് ഒരു പ്രസക്തിയും ഇല്ലാത്ത വിധം വ്യക്തികള്‍ക്ക് വിശുദ്ധി കല്‍പിക്കപ്പെട്ടു തുടങ്ങി. മറ്റൊരു വശത്ത് വ്യക്തിയുടെ സ്വത്വം ഒട്ടും പരിഗണനീയമല്ലാത്തവിധം ആട്ടിന്‍പറ്റത്തിലെ ഒരംഗം മാത്രമായി കാണുന്ന അവസ്ഥയുമുണ്ടായി. പ്രപഞ്ചത്തിന്റെ കേന്ദ്രമായി പരിഗണിക്കപ്പെട്ടിരുന്ന സ്ഥാനത്തുനിന്ന് ഒരു മൃഗമായോ മൃഗത്തില്‍നിന്ന് ജാതനായവനോ ആയി മനുഷ്യന്‍ അധഃകരിക്കപ്പെട്ടു. ഇതര ജീവികളില്‍നിന്നു വ്യത്യസ്തമായി മനുഷ്യന് ഒരു സവിശേഷതയുമില്ലെന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. വര്‍ത്തമാനകാലത്ത് മനുഷ്യന്‍ ഒരു സ്ഥാനത്ത് വരുന്നതുവരെ ചിലതരം മൃഗങ്ങളായിരുന്നു ഭൂമിയിലെ 'നേതാക്കള്‍.' പിന്നെ മനുഷ്യന്‍ ദൈവത്തെയോ പ്രകൃതിയെയോ മറ്റു വല്ലതിനെയോ ആരാധിച്ചിരുന്ന അവസ്ഥയില്‍നിന്ന് ആധുനിക യുഗത്തില്‍ തന്നെത്തന്നെ ആരാധിക്കുന്ന അവസ്ഥയില്‍ മനുഷ്യനെത്തി.

ചരിത്രത്തില്‍ തുല്യത ഇല്ലാത്തവിധം ശാസ്ത്രം കുതിച്ചു ചാടിയിട്ടുണ്ട്. അണുസ്‌ഫോടനങ്ങള്‍ നടക്കുന്നു. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നു. മനുഷ്യന്‍ പ്രകൃതിയിലെ പലതിനെയും കീഴടക്കി. ഭൗതിക ജീവിതത്തെ കൂടുതല്‍ സൗകര്യപ്രദവും സുഖകരവുമാക്കി. ശാരീരികാധ്വാനങ്ങള്‍ യന്ത്രങ്ങള്‍ ഏറ്റെടുത്തു.

ജീവിതം എ മുതല്‍ സെഡ് വരെ മാറി. പക്ഷെ മനുഷ്യനിലെ പ്രവണതകളും പ്രവര്‍ത്തനങ്ങളും വല്ലതും മാറിയോ? നൂറ്റാണ്ടുകളിലെ ഭൗതിക പരിവര്‍ത്തനങ്ങളുടെ ഫലമായി മനുഷ്യരിലെ ആന്തരിക സ്വത്വത്തിന് എന്തെങ്കിലും മാറ്റങ്ങളുണ്ടായോ? ഇല്ല, രണ്ടായിരം വര്‍ഷം മുമ്പു ജീവിച്ച മനുഷ്യന്റെ അതേ സ്വത്വം തന്നെയാണ് ആധുനിക മനുഷ്യന്റേതും എന്നതല്ലെ വാസ്തവം.

ഇതാണ് ചരിത്രം നമുക്ക് നല്‍കുന്ന സാക്ഷ്യം. അത് നാം ചിന്തിച്ചു മനസ്സിലാക്കിയാല്‍ മനുഷ്യ സ്വത്വത്തിലെ സ്ഥിരസ്ഥായിയും പരണാമ വിധേയവുമായ വശങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

(മുഹമ്മദ് ഖുത്വ്ബിന്റെ 'അത്തത്വവ്വുറുവസ്സബാത്തു ഫീ ഹയാത്തില്‍ ബശര്‍' എന്ന കൃതിയില്‍നിന്ന്)  

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top