അനുഗൃഹീത വിശുദ്ധ ഭൂമി

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

വിശുദ്ധ ഖുര്‍ആനിലെ 'ബാറക്‌നാ' (നാം അനുഗ്രഹിച്ചു) എന്ന പദത്തിലെ 'നാ' (നാം) എന്നതിന്റെ വിവക്ഷ അല്ലാഹു ആണ്. ഖുര്‍ആനില്‍ ഇത് ആറിടങ്ങളിലായി വന്നിട്ടുണ്ട്. അനുഗ്രഹിച്ചത് വിശുദ്ധ ഭൂമിയെ ആണെന്ന് ഖുര്‍ആന്‍ സവിശേഷം എടുത്തു പറഞ്ഞിട്ടുണ്ട്. അതുവഴി ആ പ്രദേശം വിശുദ്ധവും അനുഗൃഹീതവുമായിത്തീര്‍ന്നു.
1. وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُوا يُسْتَضْعَفُونَ مَشَارِقَ الْأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَاۖ وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُواۖ
'അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക് നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ആ ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇസ്രാഈല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്റെ ഫലമായി നിന്റെ രക്ഷിതാവിന്റെ ഉത്തമമായ വചനം നിറവേറുകയും..... (അഅ്‌റാഫ് 137).

അല്ലാഹു ഫറോവയെയും അവന്റെ സൈന്യങ്ങളെയും മുക്കിക്കൊല്ലുകയും ഇസ്‌റാഈല്‍ സന്തതികളെ രക്ഷപ്പെടുത്തുകയും അനുഗൃഹീത ഭൂമിയുടെ കിഴക്കന്‍ പടിഞ്ഞാറന്‍ ദേശങ്ങള്‍ അവര്‍ക്ക് അനന്തരമായി നല്‍കുകയും ചെയ്തു. അനുഗൃഹീത ഭൂമി എന്നതിന്റെ വിവക്ഷ ശാമിലെ ഫലസ്ത്വീനും അതിന്റെ അയല്‍ രാജ്യങ്ങളുമാണ്.
2. سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَاۚ 
'തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് - അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിപ്പിച്ചവന്‍ എത്രയോ പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചു കൊടുക്കാന്‍ വേണ്ടിയത്രെ അത്' (ഇസ്‌റാഅ്: 1). മസ്ജിദുല്‍ അഖ്‌സ്വായുടെ ചുറ്റുമുള്ള പ്രദേശം എന്നതിന്റെ വിവക്ഷ ഫലസ്ത്വീന്‍ മാത്രമല്ല. ഫലസ്ത്വീന്‍, ജോര്‍ദാന്‍, സിറിയ, ലബനാന്‍ എന്നീ ശാം രാജ്യങ്ങളാണ്.
 3. وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ
'ലോകര്‍ക്കു വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തി കൊണ്ടുപോകുകയും ചെയ്തു' (അമ്പിയാഅ്: 71).
അല്ലാഹു ഇബ്‌റാഹീം, ലൂത്വ് എന്നീ നബിമാരെ ഇറാഖിലെ അക്രമികളായ ജനതയില്‍നിന്ന് ലോകര്‍ക്കായി അനുഗൃഹീതമാക്കിയ ശാം രാജ്യങ്ങളിലേക്ക് രക്ഷപ്പെടുത്തി എന്നാണ് മേല്‍ സൂക്തത്തിന്റെ വിവക്ഷ.
 4. وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَاۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَ
'സുലൈമാന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്‌പ്പെടുത്തിക്കൊടുത്തു) നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അത് (കാറ്റ്) സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നാം അറിവുള്ളവനാകുന്നു' (അമ്പിയാഅ്: 81).

സുലൈമാന്‍ നബിയുടെ സാമ്രാജ്യ തലസ്ഥാനം ഫലസ്ത്വീനിലെ ബൈത്തുല്‍ മുഖദ്ദസായിരുന്നു. സമീപ രാജ്യങ്ങളൊക്കെയും അദ്ദേഹം ഭരിച്ചത് അവിടെ ഉപവിഷ്ടനായാണ്. വിവിധ നാടുകളില്‍നിന്നുള്ള വിഭവങ്ങളൊക്കെയും ശാം നാടുകളിലേക്ക് വന്നുകൊണ്ടിരുന്നു.
5. وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً
'അവര്‍ക്കും (യമനിലെ സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞു കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി.... (സബഅ്: 18).
യമനിലെ സബഅ് രാഷ്ട്രത്തെക്കുറിച്ചാണ് സൂക്തത്തിലെ പരാമര്‍ശം. യമനിലെ സബഅ് രാഷ്ട്രത്തിനും ശാമിലെ അനുഗൃഹീത ദേശങ്ങള്‍ക്കുമിടയില്‍ അഥവാ യമനിനും ശാമിനുമിടയില്‍ തെളിഞ്ഞു കാണാവുന്ന ഗ്രാമങ്ങളുണ്ടായിരുന്നു.
 6. وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ
'അദ്ദേഹത്തിനും ഇസ്ഹാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ് വൃത്തരുണ്ട്. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്' (അസ്സ്വാഫ്ഫാത്ത്: 113).

ഇബ്‌റാഹീം നബിക്കും അദ്ദേഹത്തിന്റെ മകന്‍ ഇസ്ഹാഖിനും അവരില്‍നിന്ന് ജാതരായ സന്തതികള്‍ക്കും അവര്‍ താമസിച്ചു വന്ന വിശുദ്ധ നാടുകള്‍ക്കും അനുഗ്രഹം ചൊരിഞ്ഞു നല്‍കി എന്ന് ആശയം.

സൂക്തങ്ങളുടെ സന്ദേശങ്ങള്‍

മേല്‍ ആറ് സൂക്തങ്ങളും ചില കൗതുകങ്ങളും നിരീക്ഷണങ്ങളും സമര്‍പ്പിക്കുന്നു:

1. എല്ലാ സൂക്തങ്ങളിലും 'ബാറക' എന്ന് ഭൂതകാല ക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ ഭൂമിയിലെ 'ബര്‍കത്ത്' രൂഢമൂലവും സ്ഥാപിതവും മൗലിക സ്വഭാവത്തോട് കൂടിയതും ചരിത്രത്തിന്റെ ആഴങ്ങളോളം പഴക്കമുള്ളതുമാണെന്നും വിവക്ഷ.

2. ഭൂതകാല ക്രിയയെ 'നാ' എന്നതിലേക്ക് ചേര്‍ത്ത് 'ബാറക്‌നാ' (നാം അനുഗ്രഹിച്ചു) എന്നു പ്രയോഗിച്ചതില്‍നിന്ന് വിശുദ്ധ ഭൂമിയില്‍ അനുഗ്രഹം പൊരിഞ്ഞത് അല്ലാഹു ആണെന്ന് സ്ഥാപിതമായി. 'ബര്‍കത്ത്' എന്ന പ്രതിഭാസം അല്ലാഹുവില്‍നിന്ന് മാത്രം ഉല്‍ഭൂതമാവുന്നതാണ്. അവന്‍ തികവാര്‍ന്ന് നല്‍കുന്ന ബര്‍കത്ത് മറ്റാര്‍ക്കും എടുത്തു കളയാന്‍ കഴിയില്ല.

3. അല്ലാഹു സവിശേഷം അനുഗ്രഹിക്കുകയും അതിനാല്‍ അനുഗൃഹീതവുമായ ഭൂമേഖല മസ്ജിദുല്‍ അഖ്‌സ്വായും അതിനു ചുറ്റുമുള്ള ഭൂപ്രദേശങ്ങളുമാണ്. ഫലസ്ത്വീന്‍, ജോര്‍ദാന്‍, സിറിയ, ലബനാന്‍ എന്നിവ. ചുരുക്കത്തില്‍, 'ബാറക്‌നാ' എന്ന അല്ലാഹുവിന്റെ സവിശേഷ പരാമര്‍ശം ശാം രാജ്യങ്ങള്‍ക്ക് മാത്രം ബാധകമാണ്.
വിശുദ്ധ നാടുകളിലെ ബര്‍കത്തിന്റെ പ്രകട സാക്ഷ്യങ്ങള്‍
അല്ലാഹു ശാം നാടുകള്‍ക്ക് നല്‍കിയ ബര്‍കത്തുകള്‍ എന്നതിന്റെ വിവക്ഷ എന്തെല്ലാമാണ്?

മേല്‍ സൂക്തങ്ങളില്‍ അല്ലാഹു ബര്‍കത്തിനെ ഏതെന്നോ എന്തെന്നോ നിര്‍ണയിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നമുക്ക് അതിനെ പരിമിതപ്പെടുത്താന്‍ നിവൃത്തിയില്ല. حذف المعمول يفيد العموم എന്ന തത്ത്വമനുസരിച്ച് അനുഗ്രഹങ്ങള്‍ ചിലതില്‍ മാത്രം പരിമിതമാവില്ല.
അവയില്‍ ചിലത് നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം.

1. ശാം നാടുകളുടെ സ്ഥാനം ലോകത്തിന്റെ ഹൃദയ ഭാഗത്തായതിനാല്‍ തന്ത്രപ്രാധാന്യവും ചരിത്രപരവും നാഗരികവുമായ സവിശേഷതകളും അതിന് ലഭിച്ചു.

2. വിശുദ്ധ ഭൂമിയിലെ കാലാവസ്ഥയും അന്തരീക്ഷവും കൃഷിയോഗ്യമായ മണ്ണും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വര്‍ധനവും അതുവഴി സാമ്പത്തിക സമൃദ്ധിയും ഉറപ്പു വരുത്തുന്നു. തൗറാത്ത് വിശുദ്ധ ഭൂമിയെ വിശേഷിപ്പിച്ചത് 'തേനും പാലും ചുരത്തുന്ന നാടുകള്‍' എന്നാണ്.

3. ചരിത്രപരമായ ബര്‍കത്ത്. മാനവചരിത്രത്തെ ചലിപ്പിക്കുന്നതില്‍ മുമ്പും ഇപ്പോഴും നേരിട്ടു പങ്കുള്ള നാടുകള്‍ എന്നതാണ് മറ്റൊരു സവിശേഷത. ലോകാവസാനം വരെ ഈ സവിശേഷത തുടരും.

എത്രയെത്ര സമൂഹങ്ങള്‍ അവിടെ താമസിച്ചു! എത്രയെത്ര ഭരണാധികാരികള്‍ അവിടെ ഭരിച്ചു! എത്രയെത്ര സേനാവ്യൂഹങ്ങള്‍ അതിലൂടെ പടയോട്ടം നടത്തി! അവിടെ എത്രയെത്ര യുദ്ധങ്ങള്‍ നടന്നു! എത്രയെത്ര രക്തങ്ങള്‍ അവിടെ വാര്‍ന്നുവീണു! എത്രയെത്ര രക്തസാക്ഷികള്‍ അവിടെ മരിച്ചു വീണു! ഇനി ഭാവി ചരിത്രത്തിലും എത്രയെത്ര പേര്‍ തങ്ങളുടെ ഊഴം കാത്തു നില്‍ക്കുന്നു!

4. ഈമാനികമായ ബര്‍കത്ത്: നബിമാരുടെ ഭൂമി എന്ന നിലയിലും പ്രവാചകത്വത്തിന്റെ തൊട്ടില്‍ എന്ന നിലയിലും വിശുദ്ധ ഭൂമിക്ക് അന്യാദൃശമായ ആത്മീയ പൈതൃകമുണ്ട്. എത്രയോ നബിമാര്‍ അവിടെ താമസിച്ചു. മറമാടപ്പെട്ടു. വിശുദ്ധ വേദഗ്രന്ഥങ്ങള്‍ അവിടത്തെ മണ്ണില്‍ അവതരിപ്പിക്കപ്പെട്ടു. മുഹമ്മദ് നബി(സ)യുടെ മുമ്പ് പല പ്രവാചക ദൗത്യങ്ങളും പുറം നാടുകളിലേക്ക് പോയത് അവിടെ നിന്നാണ്.

5. ഇസ്‌ലാമിക ബര്‍കത്ത്: ഇസ്‌റാഅ്-മിഅ്‌റാജ് സംഭവത്തിനും ഒന്നാം ഇസ്‌ലാമിക ദിഗ്വിജയത്തിനും ശേഷം ശാം നാടുകളില്‍ ഇസ്‌ലാമിക ബര്‍കത്ത് ലഭ്യമായി. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും ഖുത്വുസിന്റെയും കാലത്ത് സവിശേഷമായും ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അല്ലാതെയും വിശുദ്ധ നാടുകളില്‍ ഇസ്‌ലാമിക ബര്‍കത്ത് അനുഭവേദ്യമായി- ആധുനിക കാലത്ത് യഹൂദികള്‍ക്കെതിരില്‍ നടക്കുന്ന ധീരോദാത്തമായ ചെറുത്തുനില്‍പ്പുകള്‍ സജീവ യാഥാര്‍ഥ്യമായി നമ്മുടെ മുമ്പിലുണ്ട്. ലോകാന്ത്യം വരെയും ധര്‍മ സമരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ഭൂമിയായി വിശുദ്ധ നാടുകള്‍ തുടരുക തന്നെ ചെയ്യും. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top