പുരുഷനും സ്ത്രീയും പ്രകൃതിപരമായ സമത്വത്തിനും ബലാല്‍ക്കാരമുള്ള സമീകരണത്തിനും മധ്യേ
അഹ്‌മദ് റയ്‌സൂനി
ജീവനുള്ള എല്ലാ വസ്തുക്കളെയും അല്ലാഹു ആണ്‍പെണ്‍ ഇണകളായാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നല്ല, ജീവനില്ലാത്തവയിലും ആണ്‍-പെണ്‍ ഇനങ്ങളുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ (എല്ലാ വസ്തുക്കളില്‍നിന്നും നാം രണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ഉല്‍ബുദ്ധരായേക്കാം' (ദാരിയാത്ത് 49).
ആണ്‍-പെണ്‍ ദ്വന്ദം സന്തത്യുല്‍പാദനത്തിന്റെയും പരാഗണത്തിന്റെയും നിദാനമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. പൂര്‍ണതയുടെയും അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശാന്തിയുടെയും സന്തോഷത്തിന്റെയും സ്രോതസ്സുകൂടിയാണ് ആണ്‍-പെണ്‍ ദ്വന്ദം. തന്നില്‍നിന്നു ഭിന്നയായ സ്ത്രീയാല്‍ താന്‍ സന്തോഷം അനുഭവിക്കുന്നു എന്ന് പുരുഷനും തന്നില്‍നിന്നു ഭിന്നനായ പുരുഷനാല്‍ താന്‍ ആനന്ദം കണ്ടെത്തുന്നു എന്നു സ്ത്രീയും മനസ്സിലാക്കുന്നതുവഴി ഇരുവരുടെയും ജീവിതം അര്‍ഥപൂര്‍ണമാവുന്നു. ഭിന്ന വ്യക്തിത്വങ്ങള്‍ ഏകീഭാവത്തിലൂടെ ശാന്തരാവുന്നു.
ഒരു സ്ത്രീ പുരുഷനെപോലെയാവാന്‍ ശ്രമിക്കുകയോ, അയാള്‍ക്ക് സദൃശയാണ് താന്‍ എന്ന് മനസ്സിലാക്കുകയോ ചെയ്താല്‍ അയാളുടെ മുമ്പില്‍ അവളുടെ ആകര്‍ഷണീയതയും സ്ഥാനവും സവിശേഷതയും നഷ്ടപ്പെടും. അതുപോലെ ഒരു പുരുഷന്‍ സ്‌ത്രൈണത ഭാവിക്കുകയോ നപുംസക പ്രകൃതം ചമയുകയോ ചെയ്താല്‍ അയാളുടെ ആകര്‍ഷണീയതയും സ്ഥാനവും സവിശേഷതയും അവള്‍ക്കു മുമ്പില്‍ ഇല്ലാതാവും.
ഒരു പുരുഷനില്‍ എത്ര കണ്ട് പൗരുഷം തികഞ്ഞു കാണുന്നുവോ, അതിനനുസരിച്ചായിരിക്കും ഒരു സ്ത്രീ അയാളില്‍ ആകൃഷ്ടയാവുക. അതുപോലെ, ഒരു സ്ത്രീയില്‍ എത്ര കണ്ട് സ്‌ത്രൈണത തികവാര്‍ന്ന് ദൃശ്യമാണോ അതിനനുസരിച്ചായിരിക്കും പുരുഷന്‍ അവളില്‍ തല്‍പരനാവുക.
ഇന്ദ്രിയാനുഭവപരവും ലൈംഗികവും വൈകാരികവും മാനസികവും സാമൂഹികവുമായ എല്ലാ തലങ്ങളിലും ഈ പുരുഷ-സ്ത്രീ ദ്വന്ദം ഭേദങ്ങള്‍ക്കതീതമായി ഒന്നായിത്തീരും.
മേല്‍ പറഞ്ഞതാണ് വസ്തുക്കളുടെ പ്രകൃതി. ഇതാണ് സന്തുലിതമായ പ്രകൃതി. ലോകത്തുള്ള എല്ലാ സമുഹങ്ങളും ജനങ്ങളും ഇതേ വീക്ഷണക്കാരാണ്. എല്ലാ മതങ്ങളും ഇതേ ആശയം പങ്കുവെക്കുന്നു. മുമ്പും ഇപ്പോഴും കിഴക്കും പടിഞ്ഞാറും ഈ നിലപാടിനൊപ്പമാണ്.
പ്രകൃതിപരമായ അന്തരങ്ങള്‍
ഭൂരിപക്ഷത്തിന്റേതെന്ന പേരില്‍ ഇന്ന് സമര്‍പ്പിക്കപ്പെടുന്ന മൂല്യങ്ങള്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള എല്ലാ അന്തരങ്ങളെയും മായ്ച്ചുകളയാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആണില്‍ പുരുഷന്റേതെന്നപോലെ സ്ത്രീയുടെയും, പെണ്ണില്‍ സ്ത്രീയുടേതെന്ന പോലെ പുരുഷന്റെയും സവിശേഷതകള്‍ സൃഷ്ടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യം. അതായത്, ഒന്നില്‍ തന്നെ രണ്ടും ഉണ്ടെന്ന് സ്ഥാപിക്കുക. സ്ത്രീകളുടെ സവിശേഷതകള്‍ പുരുഷന്മാര്‍ക്കും പുരുഷന്മാരുടെത് സ്ത്രീകള്‍ക്കും ഒരുപോലെ ചേരുമെന്ന് വരുത്തുക. പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും മറിച്ചും ചെയ്യണം എന്ന് പ്രചരിപ്പിക്കുക. ഒരാള്‍ക്ക് നിര്‍ബന്ധമായത് മറ്റെയാള്‍ക്കും നിര്‍ബന്ധമാണെന്ന് പഠിപ്പിക്കുക. ഒരാള്‍ക്ക് അനുവദനീയമായതോ അനുവദനീയമല്ലാത്തവയോ ആയവ മറ്റെയാള്‍ക്കും അപ്രകാരം തന്നെ എന്നു വിധിക്കുക. ആണിനും പെണ്ണിനും പ്രത്യക്ഷരം എല്ലാം ഒന്നാണ് കാര്യം എന്ന് പ്രഖ്യാപിക്കുക. ഇതാണ് ഇവ്വിഷയകമായി ചിലര്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നിലപാട്.
തത്വത്തില്‍ ഇങ്ങനെയാണെങ്കിലും ആണിനെ പെണ്ണാക്കുന്നതിനേക്കാള്‍ പെണ്ണിനെ ആണാക്കുന്ന പ്രക്രിയയാണ് പ്രായോഗിക തലത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ചില പാശ്ചാത്യവാദികള്‍ അറബി ഭാഷാ വ്യാകരണത്തില്‍നിന്ന് സ്ത്രീകളെ സൂചിപ്പിക്കുന്ന നൂനും (نون النّسوة) പെണ്‍ ബഹുവചന രൂപവും (جمع مؤنّث السّالم) എടുത്തുകളയണമെന്നും ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു.
( يذهبن، يفعلن മുതലായ ക്രിയകളുടെ ഒടുവില്‍ കാണുന്നതു പോലുള്ള 'നൂന്‍' ആണ് نون النّسوة. مؤمنات، مسلمات പോലുള്ള നാമങ്ങളാണ് جمع مؤنّث السّالم) അതേസമയം പുരുഷ ബഹുവചന രൂപമായ ഓ, ബഹുവചനത്തെ സൂചിപ്പിക്കുന്ന جمع المذكر السّالم ഓ ഭാഷാവ്യാകരണത്തില്‍നിന്ന് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നില്ല. ഭാര്യമാരുടെ പേരുകള്‍ക്കൊപ്പം ഭര്‍ത്താക്കന്മാരുടെ പേര്‍ ചേര്‍ക്കുന്ന അവര്‍ ഭര്‍ത്താവിന്റെ പേരിനൊപ്പം ഭാര്യയുടെ പേര്‍ ചേര്‍ത്തുപറയണമെന്ന് വാദിക്കുന്നില്ല. സഹാ ത്വവീല്‍ എന്ന യഥാര്‍ഥ പേരുള്ള വനിത, സഹാ അറഫാത്ത് എന്ന് ഭര്‍ത്താവിന്റെ പേരിനോട് ചേര്‍ന്നാണ് വിൡക്കപ്പെട്ടുവരുന്നത്.
ചിലപ്പോഴെങ്കിലും ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനുമുള്ള ശ്രമം പ്രകൃതിയില്‍ ആഴത്തില്‍ വേരോടിയ സ്ത്രീ-പുരുഷ ദ്വയവൈവിധ്യം എന്ന യാഥാര്‍ഥ്യത്തോടുള്ള ഏറ്റുമുട്ടലായി മാറുന്നു.
وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا 'അല്ലാഹുവിന്റെ നടപടിക്രമത്തിന് നീ മാറ്റം കാണുകയേ ഇല്ല' (അഹ്‌സാബ് 62).
സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാവുന്നു, അവര്‍ പ്രസവിക്കുന്നു, കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. പുരുഷന് ആര്‍ത്തവമില്ല, പ്രസവിക്കുന്നില്ല, മുലയൂട്ടുന്നില്ല. അവന്‍ സ്ത്രീയേക്കാള്‍ പരുഷ പ്രകൃതനാണ്. സ്ത്രീയാവട്ടെ മസൃണയും. അവളുടെ മുഖവും ശബ്ദവും ചര്‍മവുമെല്ലാം മിനുസമാര്‍ന്നതാണ്. ഈ വ്യതിരിക്തത ശാരീരികം മാത്രമല്ല, ആര്‍ജിതവും നൈസര്‍ഗികവുമായ എല്ലാറ്റിലുമുണ്ട്.
ചില തൊഴിലുകള്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്നവയും മറ്റു ചിലവ നേരെ മറിച്ചുമാണ്. ചിലവ രണ്ടു വിഭാഗത്തിനും ഒരുപോലെ യോജിച്ചവയും മറ്റു ചിലത് ഏറെക്കുറെ ഒത്തുപോകുന്നവയുമാണ്. പഠന മേഖലകളിലും കാണാം ഈ ഏറ്റക്കുറവ്. ഇന്നത്തെ സാഹചര്യത്തില്‍ അവസരങ്ങളും ഉപാധികളും പുരുഷന്മാര്‍ക്കെന്ന പോലെ ലഭ്യമായിരുന്നിട്ടും ചില മേഖലകളിലല്ലാതെ, പുരുഷന്മാര്‍ക്ക് സമാനം എല്ലാ മേഖലകളിലും വനിതകള്‍ കടന്നുചെന്നതായി കാണുന്നില്ല.
മൃദുത്വവും മസൃണതയുമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് സ്ത്രീകള്‍ പൊതുവെ താല്‍പര്യപ്പെടുന്നത്. സല്‍സ്വഭാവനിഷ്ഠവും വഴക്കവും മെരുക്കവുമുള്ള മേഖലകളാണ് വനിതകള്‍ക്ക് കൂടുതല്‍ പഥ്യം.
പരുഷതയും കാഠിന്യവും സാഹസികതയും ഭയസാഹചര്യവുമുള്ള മേഖലകളില്‍ സ്ത്രീസാന്നിധ്യം നന്നെ കുറവാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീ-പുരുഷ പ്രകൃതികള്‍ ഭിന്നം തന്നെയാണെന്നാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് 'വനിതകളും രാഷ്ട്രീയ പങ്കാളിത്തവും' എന്ന വിഷയകമായി മൊറോക്കോവില്‍നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. ഇസ്‌ലാമിസ്റ്റുകളും സെക്യുലരിസ്റ്റുകളുമടക്കമുള്ള വനിതകള്‍ രാഷ്ട്രീയ മേഖലയില്‍ വനിതകളുടെ സാന്നിധ്യം കുറയുന്നതിനെക്കുറിച്ച് വല്ലാതെ സംസാരിച്ചു. വനിതകളെ പ്രാന്തവല്‍ക്കരിക്കുന്ന ഈ രീതി അക്രമമാണെന്ന് അവര്‍ പരാതിപ്പെട്ടു. ഭരണകൂടം, രാഷ്ട്രീയ പങ്കാളിത്തം, നേതൃത്വം മുതലായവയില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച ഞാന്‍, സൈനികാദി മേഖലകളില്‍ പുരുഷന്മാര്‍ക്കു തുല്യം അവസരം ലഭിക്കണമെന്ന് എന്തുകൊണ്ടാണ് വനിതകള്‍ ആവശ്യം ഉന്നയിക്കാത്തതെന്ന് ചോദിച്ചു. സൈന്യത്തിലും പോലീസിലുമൊക്കെ എത്രയോ ഉയര്‍ന്ന പോസ്റ്റുകള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് അവയിലേക്കൊന്നും വനിതകള്‍ കടന്നുവരാത്തതെന്ന പ്രശ്‌നമെടുത്തിട്ടു.
അല്ലാഹുവിന്റെ തീരുമാനം മനസ്സിലാക്കുന്നതിനു മുമ്പെ, പ്രായോഗിക യാഥാര്‍ഥ്യങ്ങളും വസ്തുതകളും നമ്മെ മനസ്സിലാക്കിത്തരുന്നത്, അത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വനിതകള്‍ വളരെ കുറഞ്ഞ താല്‍പര്യമെ കാണിക്കുന്നുള്ളൂ എന്നാണ്.
സമത്വം എന്നത് നിയമനിര്‍മാണത്തിലെ ഒരു അടിസ്ഥാനമാണ്. എന്തെങ്കിലും തടസ്സമുണ്ടെങ്കിലെ അത് ഇല്ലാതാവുകയുള്ളൂ. വ്യക്തികള്‍ക്കിടയിലും വിഭാഗങ്ങള്‍ക്കിടയിലും സമത്വം ചര്‍ച്ച ചെയ്തു സ്ഥാപിക്കേണ്ടതായിട്ടില്ല.
സ്ഥാപിതമായ അന്നുമുതല്‍ ജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവും പ്രഘോഷിക്കുന്ന രാജ്യമാണ് അമേരിക്ക. എങ്കിലും ഇന്നുവരെ അവിടെ ഒരു വനിത പ്രസിഡന്റായിട്ടില്ല. ഇനി ഭാവിയില്‍ പ്രസിഡന്റായാല്‍ തന്നെയും അത് അമേരിക്കയുടെ ചരിത്രത്തില്‍ ഒരു ശതമാനം പോലുമാവില്ല. മാര്‍ഗരറ്റ് താച്ചറും ഇന്ദിരാഗാന്ധിയും പുരാതന കാലത്തെ ബല്‍ക്കീസ് രാജ്ഞിയും സനൂബിയയുമെല്ലാം ഈ വസ്തുതയുടെ സാക്ഷ്യമാണ്.
ഇതു തന്നെയാണ് കായികരംഗത്തും നാം കാണുന്നത്. കായികരംഗത്ത് ആണിനും പെണ്ണിനും വെവ്വേറെയാണ് മത്സരം. മിക്‌സഡ് മത്സരങ്ങളില്ല. പുരോഗമന വാദികളോ ആധുനിക വാദികളോ ഫെമിനിസ്റ്റുകളോ മനുഷ്യാവകാശ സംഘടനകളോ ഈ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മത്സരം ഒന്നിച്ചു മതി എന്നു പറയുന്നത് കേള്‍ക്കുന്നില്ല.
വിവേചനത്തിന്റെ കൂടുതല്‍ മേഖലകള്‍
യുദ്ധങ്ങള്‍, ബലാല്‍ക്കാരം, ബലാല്‍സംഗം മുതലായ തിന്മകള്‍ക്കെല്ലാം മുന്‍കൈയെടുക്കുന്നത് പുരുഷന്മാരാണ്, അത്യപൂർവമായേ വനിതകള്‍ ഇത്തരം കെടുകാര്യങ്ങള്‍ക്ക് ഒരുമ്പെടാറുള്ളൂ.
അലങ്കാരം, വേഷവിധാനങ്ങള്‍, ഫാഷന്‍ മുതലായ മേഖലകള്‍ മിക്കവാറും സ്ത്രീ കേന്ദ്രീകൃതമാണ്. അവിടെയൊന്നും സമത്വമോ അര്‍ധ സമത്വമോ നടപ്പില്ല. സൗന്ദര്യ റാണി മത്സരം നടക്കുന്ന ലോകത്ത് സുന്ദര രാജനെ തെരഞ്ഞെടുക്കാന്‍ എന്തുകൊണ്ടാണ് മത്സരം നടക്കാത്തത്?
ആണിനും പെണ്ണിനും അവര്‍ അര്‍ഹിക്കുന്നത് നല്‍കുന്നതാണ് നീതി
ഒരാളോട് നീതി ചെയ്യുക എന്നാല്‍ അയാള്‍ അര്‍ഹിക്കുന്നത് അയാള്‍ക്ക് ആദരപൂർവം നല്‍കുക എന്നാണ്.
وَلَقَدْ كَرَّمْنَا بَنِي آدَمَ (ആദം സന്തതികളെ തീര്‍ച്ചയായും നാം ആദരിച്ചിരിക്കുന്നു -ഇസ്‌റാഅ്: 70).
ഉപാധികളും രീതികളും സദൃശമായവയെ ഒന്നായിക്കാണുന്നത് നീതിയാണ്. അതേസമയം ഭിന്നവിരുദ്ധങ്ങളായ വസ്തുക്കളെ സമീകരിക്കുന്നത് നീതിയല്ല, അത് കൃത്രിമമായ നടപടിയാണ്.
സൃഷ്ടിപ്പിലും സവിശേഷതകളിലും യോഗ്യതകളിലും ആണും പെണ്ണും ഒരുപോലെ സമമാണെന്നത് സ്ഥാപിത സത്യമാണെങ്കില്‍ അതേവിധം ഒന്നായിക്കാണണം. അതേസമയം വലിയൊരളവില്‍ ആണും പെണ്ണും തമ്മില്‍ സാധര്‍മ്യമുള്ളതോടൊപ്പം നിര്‍ണിത പരിധിയോളം അവര്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്നാണെങ്കില്‍ അളവിലും അനുപാതത്തിലും ഏറാതെയും കുറയാതെയും മാത്രം, സമത്വമുണ്ടാക്കണം.
ആണും പെണ്ണും കൂടുതല്‍ മേഖലകളില്‍ തുല്യനിലയിലാണെന്നതാണ് അടിസ്ഥാനം. കാരണം അവരുടെ വംശമൂലം ഒന്നാണ്.
كلكم لآدم وآدم من تراب (നിങ്ങളെല്ലാം ആദമിന്റേതാണ്, ആദമാകട്ടെ മണ്ണില്‍നിന്നും).
ذرّية بعضها من بعض (ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്) മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍ പറയുന്നു:
الإسلام دين الفطرة فكلّ ما شهدت الفطرة بالتساوي فيه بين المسلمين فالتشريع يفرض فيه التساوى بينهم وكلّ ما شهدت الفطرة يتفاوت البشريّة فيه فالتشريع بمعزل عن فرض أحكام متساوية فيه ....... فالمساواة في التشريع أصل لا يتخلف الاّ عند وجود مانع، فلا يحتاج إثبات التساوي في التشريع بين الأفراد أو الأصناف الى البحث عن موجب المساواة بل يكتفي بعدم وجود مانع من اعتبار التّساوي
'ഇസ്‌ലാം പ്രകൃതി മതമാണ്. ആണും പെണ്ണും സമമാണെന്ന് പ്രകൃതിസാക്ഷ്യപ്പെടുത്തുന്ന മേഖലകളില്‍ ഇസ്‌ലാമിക ശരീഅത്ത് സമത്വം നിര്‍ബന്ധിക്കുന്നു. അതേസമയം വ്യത്യാസമുള്ള മേഖലകളില്‍ ആണിനും പെണ്ണിനും ഒരേ നിയമങ്ങള്‍ തന്നെയാവണമെന്ന് ശരീഅത്ത് നിര്‍ബന്ധിക്കുന്നില്ല..... 'സമത്വം എന്നതു തന്നെയാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം. അതിനു വിഘാതമാവുന്ന വല്ല ഘടകവുമുണ്ടാവുമ്പോള്‍ മാത്രമാണ് സമത്വം പ്രയോഗവല്‍ക്കരിക്കാതിരിക്കുക. വ്യക്തികള്‍ക്കും ആണ്‍-പെണ്‍ വിഭാഗങ്ങള്‍ക്കുമിടയില്‍ സമത്വം എന്ന ആശയം സ്ഥാപിക്കേണ്ടതായിട്ടില്ല. സമത്വം പരിഗണിക്കുന്നതിന് തടസ്സമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി.'
മുസ്‌ലിംകളോ അമുസ്‌ലിംകളോ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലെ അന്തരം വലുതാക്കാന്‍ ഇസ്‌ലാമിന്റെയോ പ്രകൃതിയുടെയോ പിന്‍ബലമില്ലാതെ ശ്രമിച്ചു എന്നതുകൊണ്ട് ആണും പെണ്ണും ഒരുപോലെയാണെന്ന ആത്യന്തികതയിലേക്ക് പോവുന്നത് ശരിയല്ല. അത് വനിതകളുടെ യഥാര്‍ഥ താല്‍പര്യത്തിനു വിരുദ്ധമാണ്. അവരുടെ മാന്യതക്കും സൗഭാഗ്യ ജീവിതത്തിനും വിഘാതമാണ്.
ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ ആദരവ്
അല്ലാഹു മനുഷ്യ വര്‍ഗത്തെ മൊത്തമായിത്തന്നെ വിവിധ രീതികളില്‍ ആദരിച്ചിരിക്കുന്നു. ഇതിനു പുറമെ സ്ത്രീ, മാതാവ്, സഹോദരി, ഇണ എന്നീ നിലകളില്‍ അവര്‍ക്ക് സവിശേഷ പരിഗണന നല്‍കിയിരിക്കുന്നു.
മകള്‍, സഹോദരി
من كان له ثلاث بنات أو ثلاث أخوات، أو بنتان أو أختات فأحسن صحبتهنّ وصبر عليهنّ واتّقى الله فيهنّ دخل الجنّة
'ആര്‍ക്കെങ്കിലും മൂന്നു പെണ്‍മക്കളോ മൂന്നു സഹോദരിമാരോ, രണ്ടു പെണ്‍മക്കളോ രണ്ടു സഹോദരിമാരോ ഉണ്ടാവുകയും അയാള്‍ അവരോട് നല്ല സഹവര്‍ത്തിത്വം പുലര്‍ത്തുകയും അവര്‍ക്കു വേണ്ടി ക്ഷമിക്കുകയും അവരുടെ കാര്യത്തില്‍ അല്ലാഹുവെ ഭയപ്പെടുകയുമാണെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതായിരിക്കും.' (തിര്‍മിദി)
من عال جاريتين حتى تبلغا جاء يوم القيامة أنا وهو كهاتين: وضمّ أصابعه
'ആരെങ്കിലും രണ്ടു പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിവരെ പോറ്റി വളര്‍ത്തിയാല്‍ അന്ത്യനാളില്‍ ഞാനും അയാളും ഇതുപോലെയായിരിക്കുമെന്ന് തന്റെ വിരലുകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് നബി(സ) പ്രസ്താവിക്കുകയുണ്ടായി.' (മുസ്‌ലിം) ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉപരിയായൊരു പരിഗണന പെണ്‍കുട്ടികള്‍ക്ക് നല്‍കണമെന്നു തന്നെയാണ് ഇത്തരം നബിവചനങ്ങളുടെ സന്ദേശം.
മാതാവ്
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാനായി വന്ന ഒരാളോട് നബി(സ) ചോദിച്ചത്,
هل لك من أمّ؟ قال: نعم : قال : فالزمها فإن الجنّة تحت رجلها -
'നിനക്ക് മാതാവുണ്ടോ? എന്നായിരുന്നു. അയാള്‍: 'അതെ' നബി(സ): 'എങ്കില്‍ നീ മാതാവിനൊപ്പം കഴിയുക. കാരണം സ്വര്‍ഗം അവരുടെ കാലിനടിയിലാണ്.' (നസാഈ, ഇബ്‌നുമാജ)
من أحقّ الناس بالصّحبة؟ فأجاب : أمّك ثمّ أمّك، ثمّ أمّك ثمّ أبوك.
'എന്റെ സഹവര്‍തിത്വത്തിന് ഏറ്റവും അര്‍ഹന്‍ ആരാണ്? എന്ന് ഒരാള്‍ അന്വേഷിച്ചു: നബി(സ) പ്രതികരിച്ചു: 'നിന്റെ മാതാവ്, നിന്റെ മാതാവ്, നിന്റെ മാതാവ്, പിന്നെ നിന്റെ പിതാവ്' (ബുഖാരി, മുസ്‌ലിം).
സ്ത്രീകളെ സ്ത്രീകള്‍ എന്ന നിലയില്‍ മാത്രം ഇസ്‌ലാം ചില ബാധ്യതകളില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായ യുദ്ധത്തിലെ പങ്കാളിത്തം സ്വയം സന്നദ്ധയായോ തികച്ചും അനിവാര്യമായ സാഹചര്യത്തിലോ അല്ലാതെ സ്ത്രീകള്‍ക്ക് ബാധകമല്ല. യുദ്ധങ്ങളില്‍ ശത്രുപക്ഷത്തുള്ള സ്ത്രീകളെ ആക്രമിക്കരുതെന്ന നിര്‍ദേശവും ഈ ആദരവിന്റെ ഭാഗം തന്നെ
യാണ്.
മാതൃ സഹോദരിയെ മാതൃസ്ഥാനീയയായാണ് ഇസ്‌ലാം കാണുന്നത്. നബി(സ) പറയുന്നു: الخالة بمنزلة الأم
'മാതൃസഹോദരി മാതാവിന്റെ സ്ഥാനത്താണ്.' (തുര്‍മുദി)
പുരുഷന്മാരുടെ ലൈംഗിക വികാരങ്ങള്‍ക്ക് ഇന്ധനം പകരുമെന്നതിനാല്‍ അത്തരത്തില്‍ മാത്രം പ്രചോദനമാകുമാറ് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി പ്രലോഭനീയമായ വശ്യതയോടെ പുറത്തിറങ്ങുന്നത് ഇസ്‌ലാം വിലക്കുന്നതും സ്ത്രീകളുടെ താല്‍പര്യത്തിനു വേണ്ടിത്തന്നെയാണ്. വനിതകള്‍ ആണുങ്ങളുടെ പലതരം കെണികളില്‍ ചെന്നു ചാടുന്നത് ഇന്ന് സർവ സാധാരണമാണല്ലോ.
കടകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ചരക്കുകള്‍ വിറ്റഴിക്കാനും ടെലിവിഷന്‍ അവതാരികമാരായും സമ്മേളനങ്ങള്‍ക്ക് ഹരം പകരാനും അതിഥികളെ സല്‍ക്കരിക്കാനുമൊക്കെ സ്ത്രീകളെ അലങ്കരിച്ചൊരുക്കുന്നത് പലപ്പോഴും നല്ല ലക്ഷ്യത്തോടെയല്ല.
അഴിഞ്ഞാട്ടവും നഗ്നതാ പ്രദര്‍ശനവും സ്ത്രീകളെ ഉപയോഗിച്ചുള്ള കരിഞ്ചന്തയാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ അധികം ചരക്കുകള്‍ പ്രദര്‍ശിപ്പിച്ച് ധാരാളിത്തം കാണിക്കുന്നത് മറ്റൊരു വക ധൂര്‍ത്താണ്.
ഭാര്യ എന്ന നിലയില്‍ ആദരം
കുടുംബത്തിന്റെ നേതൃത്വം അഥവാ മേല്‍നോട്ടം പുരുഷന്മാരെ ചുമതലപ്പെടുത്തിയത് സ്ത്രീകളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇസ്‌ലാമിക 'മേല്‍നോട്ടച്ചുമതല' എന്നതിന്റെ വിവക്ഷ ഇണയുടെ ഉത്തമതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സേവനം, പരിപാലനം, ധാര്‍മികവും ഭൗതികവുമായ ഉത്തരവാദിത്വം എന്നൊക്കെയാണ്. ഉത്തരവാദിത്വം നിർവഹിക്കുന്നവര്‍ക്ക് അക്കാരണത്താല്‍ സവിശേഷമായ പരിഗണ ലഭിക്കുക സ്വാഭാവികമാണല്ലോ. നിയമപരമായി ഭാര്യമാരുടെ ചുമതലയിലില്ലാത്ത ബാധ്യതകള്‍ അവര്‍ക്ക് വേണ്ടി നിർവഹിക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണ് പുരുഷന്മാര്‍ എന്നര്‍ഥം.
നബി(സ) പറയുന്നു:
خيركم خيركم لأهله ، وأنا خيركم لأهلي 'തന്റെ ഭാര്യയോട് നല്ല നിലയില്‍ പെരുമാറുന്നവനാണ് നിങ്ങളിലെ ഉത്തമന്‍. സ്ത്രീ-പുരുഷ ബന്ധത്തിലേക്ക് പൊതുവെയും ഭാര്യാ-ഭര്‍തൃബന്ധത്തിലേക്ക് സവിശേഷമായും വെളിച്ചം വീശുന്നതാണീ നബിവചനം. ഇണയെ സൂചിപ്പിക്കാന്‍ 'അഹ്‌ല്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അറബി ഭാഷയില്‍ 'അഹ്‌ല്' എന്നതിന്റെ ആശയം അടുത്തബന്ധുക്കള്‍' എന്നാണ്. ഇണയെക്കുറിച്ച് 'അഹ്‌ല്' എന്ന് പ്രയോഗിച്ചതിലൂടെ അവളുമായുള്ള ബന്ധം വൈകാരികവും ഹൃദ്യവുമായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ദയയുടെയും അനുകമ്പയുടെയും പരിരക്ഷയുടേതുമായ വൈകാരികാന്തരീക്ഷം അവര്‍ക്കിടയില്‍ തുടിച്ചു നില്‍ക്കണം.
ഇമാം ശൗകാനി എഴുതുന്നു: 'മനുഷ്യരില്‍ നന്മയില്‍ മികച്ചവരും അങ്ങനെ വിശേഷിപ്പിക്കപ്പെടാന്‍ ഏറ്റവും അര്‍ഹരും തന്റെ ഇണയുള്‍പ്പെടെയുള്ള കുടുംബത്തോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവരാണ്. കാരണം ഒരാളുടെ ഏറ്റവും നല്ല പെരുമാറ്റത്തിന് നന്മക്കും ഏറ്റവും അര്‍ഹരും പ്രയോജനത്തിനും അവകാശികളും ഉപദ്രവങ്ങളില്‍നിന്ന് രക്ഷപ്പെടേണ്ടവരും അയാളുടെ അടുത്ത ബന്ധുക്കളാണ്. ഇത്തരമാളുകള്‍ ജനങ്ങളിലെ ഉത്തമരാണ്. ഈ നിലവാരത്തിലെത്താത്തവര്‍ അടുത്ത ബന്ധുക്കള്‍ക്ക് ഭാരമാണ്.' ഭാര്യയുള്‍പ്പെടെ ബന്ധുക്കളോട് മോശമായി പെരുമാറുകയും മറ്റുള്ളവരോട് ഉദാരമധുരമായി ഇടപഴകുകയും ചെയ്യുന്ന ചിലരെ കാണാം. ഇത് ഒരുതരം മാനസിക വൈകൃതമാണ്.
ഭാര്യാ-ഭര്‍തൃ ബന്ധം സംഘര്‍ഷ ഭരിതമാവരുത്. ഇരുവരില്‍ ഓരോരുത്തരും അപരനില്‍നിന്ന് തന്റെ അവകാശം നേടിയെടുക്കാന്‍ പൊരുതേണ്ടിവരുമ്പോള്‍ എങ്ങനെയാണ് നല്ലൊരു ദാമ്പത്യം സാധ്യമാവുക? ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യക്കും പൂര്‍ണതയും സേവനവുമായി മാറി, സ്വന്തം, അന്യം എന്ന ഭേദചിന്തയില്ലാതെ ഒന്നിച്ചലിഞ്ഞു ചേരുമ്പോഴെ ഹൃദ്യമായ ദാമ്പത്യം സഫലമാവുകയുള്ളൂ.
هن لباس لكم وانتم لباس لهن 'അവര്‍- ഭാര്യമാര്‍- നിങ്ങളുടെ ഭര്‍ത്താക്കന്മാരുടെ- വസ്ത്രമാണ്. നിങ്ങള്‍ അവരുടെയും വസ്ത്രമാണ്.' എന്ന ഖുര്‍ആന്‍ വചനം ഈ ആശയത്തിന്റെ വാചാലമായ ആവിഷ്‌കാരമാണ്.
ഇതോടൊപ്പം ഇസ്‌ലാം ഭര്‍ത്താവിനുമേല്‍ സേവനം, പരിരക്ഷ എന്നീ അധികബാധ്യതകള്‍ ചുമത്തിയിരിക്കുന്നു. 'ഖവാമത്ത്' എന്നാണ് ഖുര്‍ആന്‍ പ്രസ്തുത ചുമതലയെ വിളിക്കുന്നത്.
الرّجال قوّامون على النساء 'പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍നോട്ടക്കാരാണ്' എന്ന ആശയം ഖുര്‍ആന്റെയും സുന്നത്തിന്റെയും സാകല്യത്തില്‍ പരിശോധിക്കുമ്പോള്‍ അത് സേവനം, പരിരക്ഷ, ഉത്തരവാദിത്തം എന്ന അര്‍ഥത്തിലാണെന്നു തന്നെയാണ് മനസ്സിലാവുക. പരസ്പര തൃപ്തി, കൂടിയാലോചന, പരസ്പരം മനസ്സിലാക്കല്‍ എന്നിവയാണ് ഈ മേല്‍നോട്ടത്തിന്റെ അന്തസ്സത്ത. അല്ലാതെ ഫെമിനിസ്റ്റുകള്‍ ആരോപിക്കും പോലെയോ ചില ഭര്‍ത്താക്കന്മാര്‍ മനസ്സിലാക്കുന്നതു പോലെയോ അടിച്ചമര്‍ത്തലിന്റേതും മേല്‍ക്കോയ്മയുടേതുമല്ല.
പുരുഷന് മേല്‍നോട്ട ചുമതല നല്‍കിയത് സമത്വത്തിന്റെ നിഷേധമല്ല. കൃത്രിമരഹിതവും കല്‍പിതവുമല്ലാത്ത പ്രകൃതിപരമായ സമത്വത്തിലേക്കുള്ള ക്ഷണമാണ്. അത് സ്ത്രീകള്‍ക്ക് പരിരക്ഷയും പരിഗണനയും നല്‍കാനുള്ള ആഹ്വാനം മാത്രമല്ല, അതിലുപരി അവര്‍ അര്‍ഹിക്കുന്നവയും അവര്‍ക്ക് ചേരുന്നതുമായ എല്ലാം ആദരപൂർവം വകവെച്ചു കൊടുക്കുക എന്നത്രെ.
ഇബ്‌നു അബ്ബാസ് പറയുന്നു:
تلك الدّرجة إشارة إلى حضّ الرّجال على حسن العشرة والتوسع للنساء في المال والخلق
'പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ പദവി നല്‍കി എന്നതിന്റെ വിവക്ഷ പുരുഷന്മാര്‍ അവരോട് നല്ല രീതിയിലുള്ള സഹവാസം പുലര്‍ത്തണമെന്നും സാമ്പത്തികമായും സ്വഭാവപരമായും വിശാല നയം കൈക്കൊള്ളണമെന്നുമാണ്. ഇബ്‌നു അബ്ബാസിന്റേത് മനോഹരമായ വ്യാഖ്യാനമാണെന്ന് ഇബ്‌നു അത്വിയ്യ രേഖപ്പെടുത്തുന്നു.
ചുരുക്കത്തില്‍, സ്ത്രീ-പുരുഷ സമത്വം വേണ്ടതില്ല എന്നല്ല, കൃത്രിമത്വമില്ലാത്തതും പ്രകൃതി യുക്തവുമായ സമത്വമാണ് നമുക്ക് വേണ്ടത്. അതായത്, പുരുഷന്റെയും സ്ത്രീയുടെയും സഹജവും സ്വതസിദ്ധവുമായ പൗരുഷവും സ്‌ത്രൈണതയുമായി ഒത്തിണങ്ങിപ്പോവുന്നതാവണം നമ്മുടെ എല്ലാ നിലപാടുകളും എന്നര്‍ഥം.
(ലേഖകന്‍ മൊറോക്കോ പൗരനും ഗ്രന്ഥകാരനും ലോകപണ്ഡിതവേദി പ്രസിഡന്റുമാണ്).