സ്വഹാബത്തിന്റെ വിശ്വാസവും ദാതുഅന്‍വാത്വും
കെ. ഇൽയാസ് മൗലവി
ഇസ്തിഗാസ 3/3
മഹാന്മാരായ സ്വഹാബത്ത് അല്ലാഹു അല്ലാത്തവരെ ഇലാഹാണെന്നു മനസ്സിലാക്കിയെന്നോ, അവര്‍ക്ക് സ്വയം പര്യാപ്തതയും കഴിവുമുണ്ടെന്ന് വിശ്വസിച്ചിരുന്നു എന്നാണോ ഇസ്തിഗാസാവാദികള്‍ പറയുന്നത്? ഒരാളെപ്പറ്റിയോ വസ്തുവെപ്പറ്റിയോ ഇലാഹെന്നു വിശ്വസിക്കാതെയും ഒരു കര്‍മം ഇബാദത്തെന്ന് വിശ്വാസമില്ലാതെയും അയാള്‍ക്കര്‍പ്പിച്ചാലും ശിര്‍ക്ക് വരും എന്ന് നബി പഠിപ്പിക്കുന്നു:
عَنْ أَبِى وَاقِدٍ اللَّيْثِىِّ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا خَرَجَ إِلَى خَيْبَرَ، مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا: “ ذَاتُ أَنْوَاطٍ “ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ. فَقَالُوا: يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ!. فَقَالَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى: {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ} وَالَّذِى نَفْسِى بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ».- رَوَاهُ التِّرْمِذِيُّ: 2335، وَصَحَّحَهُ الأَلْبَانِيُّ.
അബൂ വാഖിദുല്ലൈസി (റ)യില്‍നിന്ന് നിവേദനം: ഞങ്ങള്‍ നബി(സ്വ) യുടെ കൂടെ ഹുനൈന്‍ യുദ്ധത്തിനു പുറപ്പെട്ടു. ഞങ്ങള്‍ അവിശ്വാസത്തില്‍ നിന്ന് അടുത്ത കാലത്ത് മാത്രം ഇസ്ലാമില്‍ പ്രവേശിച്ചവരായിരുന്നു. മുശ്രിക്കുകള്‍ക്ക് ഒരു വൃക്ഷമുണ്ടായിരുന്നു. അവര്‍ അതിന്റെ അടുത്ത് ഭജനമിരിക്കുകയും അതില്‍ ആയുധങ്ങള്‍ തൂക്കിയിടുകയും ചെയ്യാറുണ്ട്. ദാതു അന്‍വാത്വ് എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. ഞങ്ങള്‍ തിരുമേനി (സ)യോട് പറഞ്ഞു: അല്ലയോ പ്രവാചകരേ, അവര്‍ക്കുള്ള പോലെ ഞങ്ങള്‍ക്കും ഒരു ദാതു അന്‍വാത്വ് ഉണ്ടാക്കിത്തരിക. അപ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: അല്ലാഹു ഏറ്റവും മഹാനാണ്. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. ഇത് 'അവര്‍ക്ക് പല ഇലാഹുകള്‍ ഉള്ളതു പോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചുതരിക' എന്ന് മൂസയോട് ഇസ്രാഈല്യര്‍ ആവശ്യപ്പെട്ടതിന് സമമാണ്. നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള്‍ പിന്തുടരുന്നതാണ് -(തിര്‍മുദി: 2335).
ചിലപ്പോള്‍ ഇസ്തിഗാസാവാദികള്‍ക്കും ഇതു സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. അബ്ദുല്‍ഹമീദ് ഫൈസി പറയുന്നതു കാണുക:
'സ്വഹാബിമാര്‍ ഒരു ഇലാഹിനെ ഉണ്ടാക്കിത്തരുവാന്‍ ആവശ്യപ്പെടുകയല്ല ചെയ്തത് എന്ന പരാമര്‍ശം ഒട്ടും ശരിയല്ല. ഒരു ഇലാഹിനെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുക തന്നെയാണ് അവര്‍ ചെയ്തത്. ഒരു പക്ഷേ തങ്ങള്‍ ആവശ്യപ്പെടുന്ന ഈ കാര്യം ഒരു ഇലാഹിനെ ആവശ്യപ്പെടലാണെന്ന് അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല' -(തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ് പേ. 102).
ഈ വരികളിലൂടെ ഒരു പ്രധാന കാര്യം ഇസ്തിഗാസാ വാദികള്‍ ശരി വെച്ചിരിക്കുകയാണ്. അല്ലാഹുവിന്നു മാത്രം അര്‍പ്പിക്കപ്പെടുന്ന ഒരു കര്‍മ്മം അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിച്ചാല്‍ ആ വ്യക്തിയോ വസ്തുവോ ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ടല്ലെങ്കിലും ശിര്‍ക്ക് വരും. ഇതാണ് മുകളിലെ വരികളില്‍ സ്ഥാപിതമായത്. ദാതു അന്‍വാത്വ് ഇലാഹാണെന്ന് അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെില്ല, എന്നാലും ശിര്‍ക്ക് സംഭവിക്കും എന്നു പറഞ്ഞാല്‍ ഈ സത്യം വ്യാഖ്യാനമാവശ്യമില്ലാതെ ആര്‍ക്കും മനസ്സിലാവും.
ഇവിടെ യോദ്ധാക്കളായ ആ സ്വഹാബിമാരുടെ പ്രശ്നം വാള്‍ തൂക്കിയിടാന്‍ പറ്റിയ, തൂക്കിയിട്ടാല്‍ അതു മൂലം യുദ്ധത്തില്‍ വിജയസാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു പുണ്യവൃക്ഷം നിശ്ചയിച്ചുകിട്ടലാണ്. ആ വിശ്വാസത്തോടെയായിരുന്നു ബഹുദൈവാരാധകരായ എതിര്‍പക്ഷം ദാതു അന്‍വാത്വിന്‍മേല്‍ വാളുകള്‍ തൂക്കിയിട്ടിരുന്നത്. ബിംബങ്ങളെ ആരാധിക്കുകയും അവയോട് പ്രാര്‍ത്ഥിക്കുകയും അവയുടെ അരികില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്തിരുന്ന ആ സ്വഹാബിമാര്‍ അവയെല്ലാം തെറ്റാണെന്ന് മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്നവരാണല്ലോ. തൗഹീദ് അംഗീകരിച്ച അവര്‍ വീണ്ടും ഇഅ്തികാഫ് ഇരിക്കാന്‍ പറ്റിയ ഒരു വൃക്ഷം ആവശ്യപ്പെട്ടു എന്ന് വിചാരിക്കാന്‍ ഒരു പഴുതും ഇതിലില്ല. അവരുടെ ആവശ്യം വാള്‍ തൂക്കിയിട്ടാല്‍ വിജയസാധ്യത ഉണ്ടാകുന്ന ഒരു മരം നിശ്ചയിച്ചു കിട്ടല്‍ മാത്രമാണ്. അതാകട്ടെ ഒരു ഇലാഹിനെ കൂടി ചോദിക്കല്‍ തന്നയാണെന്ന് തൗഹീദിന്റെ സൂക്ഷ്മ വശം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത സ്വഹാബിമാര്‍ക്ക് നബി(സ്വ) പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആരാധിക്കാന്‍ അല്ലാഹു മാത്രം പോരെന്നോ ഒരു ഇലാഹു കൂടി വേണമെന്നോ ഒരു മരത്തെ ഞങ്ങള്‍ ഇലാഹാക്കട്ടെ എന്നോ അവര്‍ ചോദിച്ചിട്ടില്ല.
ഒരു കാര്യം ഇബാദത്താവണമെങ്കില്‍ അത് ഇലാഹാണെന്നു വിശ്വസിക്കണമെന്ന വാദത്തെയാണ് പ്രവാചകന്മാരുടെ ഏകകണ്ഠമായ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ഇമാംറാസി(റ) ഖണ്ഡിക്കുന്നുണ്ട്.
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മേല്‍ സംഭവം എടുത്തുകാണിക്കുന്നത് കാണാം.
സ്വഹാബിമാര്‍ ഇവിടെ ഇലാഹിനെ ഉണ്ടാക്കിത്തരുവാന്‍ ആവശ്യപ്പെടുകയല്ല ചെയ്തത്. പ്രത്യുത, ബര്‍കത്തെടുക്കാന്‍ ഒരു മരത്തെ അനുവദിച്ചുകൊടുക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നിട്ടും നബി(സ) ഇതിനെ ഇലാഹിനെ നിശ്ചയിച്ചുകൊടുക്കുവാന്‍ ഇസ്‌റാഈല്യര്‍ ആവശ്യപ്പെട്ടതിനോട് തുലനപ്പെടുത്തുകയാണ് ചെയ്തത്. ജൂത ക്രിസ്തീയ സമുദായങ്ങളില്‍ ശിര്‍ക്കു കടന്നുകൂടിയതുപോലെ മുസ്‌ലിം സമുദായത്തിലും ശിര്‍ക്ക് കടന്നുകൂടുമെന്ന താക്കീതും റസൂല്‍(സ) ഇവിടെ നല്‍കുന്നു. പില്‍ക്കാലത്തു മുസ്‌ലിം സമൂഹത്തില്‍ സംഭവിക്കാനിരിക്കുന്ന വ്യതിചലനമാണ് നബി(സ) ഇവിടെ ഉദ്ദേശിക്കുന്നത്.
ഇമാം ഖുര്‍ത്വുബി പറയുന്നു:
ഇസ്‌റാഈല്യര്‍ മൂസാനബി(അ) യോട് ഒരു ഇലാഹിനെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടതിനു തുല്യമാണ് ഗ്രാമീണരും അറിവില്ലാത്തവരുമായ ചിലര്‍ പറഞ്ഞത്. സത്യനിഷേധികള്‍ക്കുണ്ടായിരുന്ന 'ദാതുഅന്‍വാത്വ്' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പച്ചമരം അവര്‍ കണ്ടു. വര്‍ഷത്തില്‍ ഒരു ദിവസം അവരതിനെ ബഹുമാനിക്കാറുണ്ടായിരുന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളതു പോലെ ഞങ്ങള്‍ക്കും ഒരു ദാതു അന്‍വാത്വ് നിശ്ചയിച്ചു തന്നാലും. നബി (സ) പറഞ്ഞു: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന വന്‍തന്നെ സത്യം, അവര്‍ക്ക് ഇലാഹുകള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരിലാഹിനെ നീ ഉണ്ടാക്കിത്തരികയെന്ന് മൂസായുടെ ജനത പറഞ്ഞതുപോലെ തന്നെയാണ് നിങ്ങള്‍ പറഞ്ഞതും. നിങ്ങള്‍ അറിവില്ലാത്ത ഒരു ജനതയാണ്. നിങ്ങള്‍ക്ക് മുമ്പുള്ള സമുദായത്തിന്റെ സമ്പ്രദായത്തെ നിങ്ങള്‍ പിന്തുടരും..' ഹുനൈന്‍ യുദ്ധത്തിന് പുറപ്പെടുമ്പോഴായിരുന്നു ഇത് -(തഫ്സീര്‍ ഖുര്‍ത്വുബി, വാള്യം 3, പേജ് 2709).
ഹദീഥില്‍ 'യഅ്കിഫൂന' അവര്‍ ആ വൃക്ഷത്തിന്റെയരികില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന പദത്തില്‍ പിടിച്ച് അവര്‍ ഒരു മഅ്ബൂദിനെയാണ് ആവശ്യപ്പെട്ടത് എന്ന് ചിലര്‍ തട്ടി വിടാറുണ്ട്. അതിലേക്ക് കടക്കുന്നതിന് മുന്‍പ് ചില പ്രധാന വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഖുറൈശികളാണ് ഇപ്രകാരം ആവശ്യപ്പെട്ടതെന്ന് ചില മുസ്‌ലിയാക്കന്മാര്‍ വ്യാഖ്യാനിച്ചൊപ്പിക്കാറുണ്ട്. സ്വഹാബിമാരാണ് ഇത് ആവശ്യപ്പെട്ടതെന്ന് ഹദീഥില്‍ പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്. ഹദീഥ് ഉദ്ധരിക്കുന്ന സഹാബി അബൂവാഖിദില്ലൈസി(റ), ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.
'അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ' എന്നാണ് ഹദീഥിലെ പ്രയോഗം ശേഷം നബി(സ) പറയുന്നത് നിങ്ങള്‍ ജൂത- ക്രിസ്ത്യാനികളെ പിന്തുടരുമെന്നാണ്. മുശ്‌രിക്കുകളെ സംബന്ധിച്ചു ഇപ്രകാരം പറയേണ്ടതില്ല. പില്‍ക്കാലത്തു മുസ്‌ലിംസമൂഹത്തില്‍ സംഭവിക്കുന്ന വ്യതിചലനമാണ് നബി(സ) ഇവിടെ ഉദ്ദേശിക്കുന്നത്. അപ്പോള്‍ ഇപ്പറഞ്ഞത് മുസ്‌ലിംകളോടു തന്നെയാണെന്നു മനസ്സിലാവുന്നു.
ശിര്‍ക്കും കുഫ്‌റുമൊക്കെ ഒഴിവാക്കി തൗഹീദ് അംഗീരിച്ച് നബി (സ) യോടൊപ്പം ചേര്‍ന്നവരാണവര്‍. തൗഹീദിന്റെ ശത്രുക്കള്‍ ക്കെതിരെ യുദ്ധത്തിനിറങ്ങിയവരാണവര്‍. ഒരു കാലത്ത് കല്ലിനെയും മരത്തെയുമെല്ലാം ആരാധിച്ചിരുന്നവര്‍ അത് തെറ്റാണെന്നു മനസ്സിലാക്കി തൗഹീദിന്റെ മുന്നണിപ്പോരാളികളായി മാറി. അവരാണല്ലോ പ്രവാചക ശിഷ്യന്മാരായ സ്വഹാബികള്‍. അങ്ങനെയുള്ള സ്വഹാബത്ത് ഒരു വൃക്ഷത്തെ ഇലാഹായി കണ്ടുവെന്നോ, ഒരു മരത്തിന് സ്വയം പര്യാപ്തതയും സ്വന്തം നിലക്ക് കഴിവുമുണ്ട് എന്ന് വിശ്വസിച്ചിരുന്നു എന്നൊക്കെ പറയുന്നത് എന്തു മാത്രം ഗൗരമുള്ള ആരോപണമാണെന്ന് ഇവര്‍ ചിന്തിച്ചിട്ടുണ്ടോ?
സംശയങ്ങളും മറുപടിയും
1. ലാത്ത, വദ്ദ്, സുവാഅ്, അയ്യപ്പന്‍ മുതലായവരെ ഇലാഹുകളാണെന്ന് കരുതാതെ അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ അവര്‍ തിന്മ പ്രതിരോധിക്കുമെന്നും നന്മ ചെയ്തു തരുമെന്നും വിശ്വസിച്ചു വിളിച്ച് ഇസ്തിഗാസ ചെയ്താല്‍ (സഹായം തേടിയാല്‍) അത് ശിര്‍ക്കാകുമോ?
അത് ശിര്‍ക്കും കുഫ്‌റുമാണെന്നാണ് മറുപടി.
2. മഹാന്മാരുടെ പ്രതിമയെ (വിഗ്രഹത്തെ) ഇലാഹാക്കാതെയും അവര്‍ക്ക് സ്വന്തം നിലക്ക് കഴിവുണ്ട് എന്ന് വിശ്വസിക്കാതെയും അവ ഉപകാരവും ഉപദ്രവവും ചെയ്യുമെന്ന വിശ്വാസത്തോടുകൂടി അവരോട് ഇസ്തിഗാസ ചെയ്താല്‍ ശിര്‍ക്കാകുമോ?
മറുപടി: ഈ ഇസ്തിഗാസയും ശിര്‍ക്കും കുഫുറും തന്നെയാണ്.
സ്വയം പര്യാപ്തതയോ, ഇലാഹാണെന്ന വിശ്വാസമോ ഇല്ലെങ്കിലും ശിര്‍ക്കു സംഭവിക്കുമെന്ന് അല്ലാഹു പഠിപ്പിക്കുന്നു.
ഇബ്‌റാഹീം (അ) നബിയുടെ ജനത, വിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ന്യായം പൂർവ പിതാക്കള്‍ അങ്ങനെ ചെയ്യുന്നത് കണ്ടു, തങ്ങളും അതു പിന്തുടരുന്നു എന്നതല്ലാതെ, അവയെ റബ്ബോ ഇലാഹോ ആണെന്നോ, അവക്ക് ദിവ്യത്വമുണ്ടെന്നോ അവര്‍ വിശ്വസിച്ചതു കൊണ്ടല്ല എന്ന് ഖുര്‍ആന്‍.
ഇബ്‌റാഹീം (അ) നബിയുടെ ചരിത്രം അല്ലാഹു ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. പിതാവും നാട്ടുകാരും ആരാധിച്ചു വരുന്നത് വിഗ്രഹങ്ങളെയാണെന്ന് അറിയുന്ന ഇബ്രാഹീം (അ) അതിന്റെ നിരര്‍ത്ഥകത വിവരിച്ചു കൊടുക്കുവാനായി ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാത്ത വിഗ്രഹങ്ങളെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത് എന്നദ്ദേഹം അവരോട് ചോദിക്കുന്നു.
അപ്പോള്‍ തങ്ങള്‍ ബിംബങ്ങളെ ആരാധിക്കാറുണ്ടെന്ന് മാത്രമല്ല, അവയുടെ മുമ്പില്‍ സ്ഥിരമായി നമിച്ചുകൊണ്ട് ഭജനമിരിക്കുകയും ചെയ്യാറുണ്ടെന്നു കൂടി അവര്‍ അറിയിക്കുന്നു. ആ ഉത്തരം തന്നെയാണ് അദ്ദേഹത്തിന് അവരില്‍നിന്ന് ലഭിക്കേണ്ടതും. ശരി, അത്രയെല്ലാം അവയ്ക്ക് നിങ്ങള്‍ സ്ഥാനം കല്‍പിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും അവര്‍ സാധിപ്പിച്ചു തരേണ്ടതാണല്ലോ. അവ അതൊക്കെ കേള്‍ക്കുമോ? അല്ലെങ്കില്‍, അവ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരം ചെയ്യുമോ? അതുമില്ലെങ്കില്‍, എന്തെങ്കിലും ഉപദ്രവം ചെയ്യാനെങ്കിലും അവയ്ക്ക് കഴിയുമോ? എന്നെല്ലാം ഇബ്രാഹീം (അ) തുടര്‍ന്നവരോട് ചോദിക്കുന്നു.
എന്നാല്‍ ഈ ശിര്‍ക്കിന് ഒരൊറ്റ ഉത്തരമേ അവര്‍ക്കുണ്ടായിരുന്നുള്ളു. അത് ബുദ്ധിയോ ചിന്തയോ വിശ്വാസമോ ആദര്‍ശമോ ഒന്നുമായിരുന്നില്ല, മറിച്ച് അന്ധമായ അനുകരണം.
ഞങ്ങളുടെ ബാപ്പമാര്‍ അവയെ ആരാധിച്ചു വരുന്നത് കണ്ടു. ഞങ്ങളും അതനുകരിക്കുന്നു. ഇതാണവരുടെ ന്യായീകരണം!
وَجَدْنَا آبَاءنَا كَذَلِكَ يَفْعَلُونَ
(ഞങ്ങളുടെ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു- അശ്ശുഅറാഅ് 74).
قَالُوا وَجَدْنَا آبَاءنَا لَهَا عَابِدِينَ
(അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കളെ അവയെ ആരാധിക്കുന്നവരായി ഞങ്ങള്‍ കണ്ടിരിക്കുന്നു- അമ്പിയാഅ് 53).
ഈ വിഗ്രഹങ്ങള്‍ ഇലാഹുകളാണെന്ന വിശ്വസിച്ചു കൊണ്ടോ, അവയ്ക്ക് വല്ല ദിവ്യത്യവും ഉണ്ട് എന്ന് ജല്‍പ്പിച്ചു കൊണ്ടോ അല്ല, പ്രത്യുത പാരമ്പര്യത്തെ അന്ധമായി അനുകരിക്കുക മാത്രമായിരുന്നു അവര്‍ എന്നാണ് മറുപടിയില്‍ നിന്നു വ്യക്തമാവുന്നത്. അല്ലാഹു തന്നെ അക്കാര്യം പറഞ്ഞ സ്ഥിതിക്ക് മറ്റൊരു വിശദീകരണത്തിന്റെ ആവശ്യമില്ല.
അതേക്കുറിച്ച് അല്ലാഹു പറയുന്നതു കാണുക:
{وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ. إِذْ قَالَ لأَبِيهِ وَقَوْمِهِ مَا تَعْبُدُونَ. قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ. قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ. أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ. قَالُوا بَلْ وَجَدْنَا آبَاءنَا كَذَلِكَ يَفْعَلُونَ. قَالَ أَفَرَأَيْتُم مَّا كُنتُمْ تَعْبُدُونَ. أَنتُمْ وَآبَاؤُكُمُ الأَقْدَمُونَ}
ഇബ്റാഹീമിന്റെ കഥ ഇവര്‍ക്ക് ഓതിക്കേള്‍പ്പിക്കുക: അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുന്നു. അവയ്ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.'' അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവ അത് കേള്‍ക്കുമോ?' അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവ വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുമോ? ' അവര്‍ പറഞ്ഞു: 'ഇല്ല. എന്നാല്‍ ഞങ്ങളുടെ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്'. -(അശ്ശുഅറാഅ്: 70-76).
{إِذْ قَالَ لأَبِيهِ وَقَوْمِهِ مَا هَذِهِ التَّمَاثِيلُ الَّتِي أَنتُمْ لَهَا عَاكِفُونَ. قَالُوا وَجَدْنَا آبَاءنَا لَهَا عَابِدِينَ}
ഓര്‍ക്കുക: അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ പൂജിക്കുന്ന ഈ വിഗ്രഹങ്ങള്‍ എന്താകുന്നു?' അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പൂർവപിതാക്കള്‍ അവയെ ആരാധിച്ചുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടല്ലോ.' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വഴിതെറ്റിയവരാകുന്നു. -(അല്‍അമ്പിയാഅ്: 51-53).
ഞങ്ങള്‍ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനു കാരണം, അവ ഞങ്ങളുടെ സങ്കീര്‍ത്തനങ്ങളും സങ്കടങ്ങളും പ്രാര്‍ഥനകളും കേള്‍ക്കുന്നുവെന്നതോ ഞങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ വരുത്തുന്നുവെന്നതോ അല്ല; മറിച്ച്, ഞങ്ങളുടെ പൂർവപിതാക്കളുടെ കാലം മുതലേ ഞങ്ങള്‍ അവയെ പൂജിച്ചുകൊണ്ടിരുന്നു എന്നതാണ്. ഇതുവഴി അവര്‍ തങ്ങളുടെ മതത്തിന് പൂർവപിതാക്കളോടുള്ള അന്ധമായ അനുകരണമല്ലാതെ മറ്റൊരടിസ്ഥാനവുമില്ലെന്ന് സ്വയം സമ്മതിച്ചു.
മറ്റുവിധത്തില്‍ പറഞ്ഞാല്‍ അവരുടെ നിലപാട് ഇതായിരുന്നു: നിങ്ങളെന്തു പുതുമയാണ് പറയുന്നത്? ഇവ കല്ലുകൊണ്ടും മരങ്ങള്‍കൊണ്ടുമുള്ള വിഗ്രഹങ്ങളാണെന്ന് ഞങ്ങള്‍ കാണുന്നില്ലേ? മരം കേള്‍ക്കുകയില്ലെന്നും കല്ല് ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടെന്നാണോ വിചാരം? തലമുറതലമുറയായി ഇവയെ ആരാധിച്ചുവന്ന ഞങ്ങളുടെ മഹാന്മാരായ പൂർവികരെല്ലാം വിഡ്ഢികളായിരുന്നുവെന്നോ? അവര്‍ ഈ നിര്‍ജീവ വിഗ്രഹങ്ങളെ പൂജിച്ചുകൊണ്ടിരിക്കാന്‍ തീര്‍ച്ചയായും എന്തെങ്കിലും ന്യായമില്ലാതിരിക്കില്ല. അതുകൊണ്ട് അവരെ അവലംബിച്ചു ഞങ്ങളും ഈ ഏര്‍പ്പാട് തുടരുകയാണ്.'
അതായത്, പൂർവികരുടെ കാലംമുതലേ ആചരിച്ചുവന്നു എന്നത് ഒരു മതത്തിന്റെ സത്യാത്മകതക്കു മതിയായ തെളിവാണോ? പുതുതലമുറകള്‍ മുന്‍തലമുറകളെ അന്ധമായി അനുകരിക്കുകയും തങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതെന്തിനെയാണെന്നും അവയില്‍ ദൈവിക ഗുണങ്ങള്‍ വല്ലതും ഉണ്ടോ ഇല്ലേ എന്നും തങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കാന്‍ അവക്കധികാരമുണ്ടോ ഇല്ലേ എന്നും ആരും കണ്ണുതുറന്നു നോക്കിയിട്ടില്ലെങ്കിലും?
ഈ കാര്യം ആധികാരിക മുഫസ്സിറുകളും വ്യക്തമാക്കുന്നു.
ഇമാം ബൈദാവി:
قَالَ الْإِمَامُ الْبَيْضَاوِيُّ: فَقَلَّدْناهم وَهُو جَوابٌ عَمّا لَزِمَ الِاسْتِفْهامُ مِنَ السُّؤالِ عَمّا اقْتَضى عِبادَتَها وحَمَلَهم عَلَيْها.-أَنْوَارُ التَّنْزِيل: الْأَنْبِيَاءُ: 51..
(ഞങ്ങള്‍ അവരെ അനുകരിച്ചു. അവയെ ആരാധിച്ചതിന് പ്രേരകം എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരമാണത്).
ഇമാം ഖുര്‍ത്വുബി:
قَالَ الْإِمَامُ الْقُرْطُبِيُّ: أَيْ نَعْبُدُهَا تَقْلِيدًا لِأَسْلَافِنَا.-تَفْسِيرُ الْقُرْطُبِيِّ: الْأَنْبِيَاءُ: 51.
قَالَ الْإِمَامُ الْقُرْطُبِيُّ: فَنَزَعُوا إلَى التَّقْلِيدِ مِنْ غَيْرِ حَجَّةِ وَلَا دَلِيلَ.-تَفْسِيرُ الْقُرْطُبِيِّ: الْأَنْبِيَاءُ: 74.
(ഞങ്ങളുടെ പൂർവികരെ അനുകരിച്ചുകൊണ്ട് ഞങ്ങള്‍ അവയെ ആരാധിക്കുന്നു. തെളിവോ പ്രമാണമോ ഇല്ലാതെ അവര്‍ അനുകരണത്തിലേക്ക് മാറി).
ഇമാം ബഗവി:
قَالَ الْإِمَامُ الْبَغَوِيُّ: مَعْنَاهُ: إِنَّهَا لَا تَسْمَعُ قَوْلًا وَلَا تَجْلِبُ نَفْعًا، وَلَا تَدْفَعُ ضَرًّا، لَكِنِ اقْتَدَيْنَا بِآبَائِنَا. فِيهِ إِبْطَالُ التَّقْلِيدِ فِي الدِّينِ.-مَحَاسِنُ التَّأْوِيلِ: الشُّعَرَاءُ: 74.
(അവ എന്തെങ്കിലും കേള്‍ക്കുകയോ ഉപകാരം ചെയ്യുകയോ ഉപദ്രവം തടുക്കുകയോ ഇല്ല. എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ പിന്തുടര്‍ന്നു. ഇത് മതത്തില്‍ അനുകരണം എന്നതിനെ ദുര്‍ബലപ്പെടുത്തുന്നു).
ഇമാം റാസി:
قَالَ الْإِمَامُ الرَّازِيُّ: فاعْلَمْ أنَّ القَوْمَ لَمْ يَجِدُوا في جَوابِهِ إلّا طَرِيقَةَ التَّقْلِيدِ الَّذِي يُوجِبُ مَزِيدَ التَّنْكِيرِ.-مَفَاتِيحُ الْغَيْبِ: الْأَنْبِيَاءُ: 74.
(കൂടുതല്‍ ഗര്‍ഹണീയമായി കാണേണ്ടുന്ന അനുകരണത്തിന്റെ വഴിയല്ലാതെ അവര്‍ക്ക് മറുപടിയായി പറയാനുണ്ടായിരുന്നില്ല).
ഇമാം ഇബ്‌നു കസീര്‍:
وَقَالَ الإِمَامُ ابْنُ كَثِيرٍ: يَعْنِي اِعْتَرَفُوا بِأَنَّ أَصْنَامهمْ لَا تَفْعَل شَيْئًا مِنْ ذَلِكَ وَإِنَّمَا رَأَوْا آبَاءَهُمْ كَذَلِكَ يَفْعَلُونَ فَهُمْ عَلَى آثَارهمْ يُهْرَعُونَ.-تَفْسِيرُ ابْنُ كَثِيرٍ.
(തങ്ങളുടെ വിഗ്രഹങ്ങള്‍ അവയില്‍ ഒന്നും ചെയ്യുകയില്ലെന്ന് അവര്‍ സമ്മതിച്ചു. തങ്ങളുടെ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായി അവര്‍ കണ്ടു. അവര്‍ അവരുടെ പിന്നാലെ ഓടിച്ചെല്ലുന്നു).