ഇന്ത്യ എന്ന പൂങ്കാവനം ചുടലക്കളമാകാതിരിക്കാന്‍
ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒന്നിച്ചുനിന്ന് പോരാടിയതിന്റെ ഫലമാണ് 1947-ലെ സ്വാതന്ത്ര്യലബ്ധി. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ സംബന്ധിച്ച സങ്കല്‍പം 'മതേതര ജനാധിപത്യ രാഷ്ട്രം' എന്നതായിരുന്നു. ഏത് മതം സ്വീകരിക്കാനും വിശ്വാസാചാരങ്ങള്‍ വെച്ചു പുലര്‍ത്താനും പൗരന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നാണ് അതിന്റെ താല്‍പര്യം. ഏത് വിശ്വാസ സംഹിത സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഏറക്കുറെ സാധൂകരിക്കാന്‍ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്.
എന്നാല്‍ 'രാജ്യത്താകെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന്' ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ നിര്‍മാണ വേളയില്‍തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വ്യക്തിനിയമം പിന്തുടരാന്‍ അവകാശമുണ്ടായിരിക്കുമെന്നും ഭരണഘടനയില്‍ തന്നെ വ്യക്തമായി പ്രഖ്യാപിക്കണമെന്നും പല മെമ്പര്‍മാരും ആവശ്യപ്പെടുകയുണ്ടായി. 'മുസ്്ലിംകള്‍ തങ്ങളുടെ വ്യക്തിനിയമത്തില്‍ ഇടപെടുന്നത് ഒരു നിലക്കും പൊറുപ്പിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവായ ഹസ്രത് മോഹാനി ഭരണഘടനാ നിര്‍മാണ സഭയില്‍ പ്രഖ്യാപിച്ചു. സയ്യിദ് കമാലുദ്ദീന്‍, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് തുടങ്ങിയവര്‍ ഈ വാദത്തെ ശക്തിയായി പിന്തുണച്ചും. ഇതിന് മറുപടിയായി ഡോ. അംബേദ്കര്‍ പറഞ്ഞത്, 'മുസ്്ലിം സമുദായം പ്രക്ഷോഭമുയര്‍ത്താന്‍ പ്രകോപിതരാകുന്നവിധം ഒരു ഗവണ്‍മെന്റും അതിന്റെ അധികാരം ഉപയോഗിക്കാന്‍ സാധ്യതയില്ല. വല്ല ഗവണ്‍മെന്റും അങ്ങനെ ചെയ്യുകയാണെങ്കില്‍ അതൊരു ഭ്രാന്തന്‍ ഗവണ്‍മെന്റാണെന്നാണ് ഞാന്‍ കരുതുക'?
അംബേദ്കര്‍ ഭയന്ന ആ ഭ്രാന്തന്‍ ഭരണകൂടമാണ് നാമിപ്പോള്‍ കാണുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നടങ്കം ഒരു ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ അങ്ങനെ ചെയ്യുകയുള്ളൂ' എന്ന ഭരണഘടനാ ശില്‍പികളുടെ ഉറപ്പുകളെല്ലാം ഇന്ന് കാറ്റില്‍ പറത്തപ്പെട്ടിരിക്കുന്നു.
ആയിരക്കണക്കില്‍ ജാതി-മത വിഭാഗങ്ങളുള്ള ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരേ സിവില്‍കോഡ് നടപ്പാക്കുകയെന്നത് അപ്രായോഗികമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇവ്വിഷയകമായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവണ്‍മെന്റ് നിശ്ചയിച്ച ഇരുപത്തി ഒന്നാം നിയമ കമീഷന്‍ പൊതുജനങ്ങളില്‍നിന്നും മതസംഘടനകളില്‍നിന്നുമെല്ലാം അഭിപ്രായമറിഞ്ഞശേഷം സമര്‍പ്പിച്ച ദീര്‍ഘമായ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സിവില്‍കോഡ് ഇന്ത്യയില്‍ അപ്രായോഗികമാമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 'കോമണ്‍ സെന്‍സു'ള്ള ആര്‍ക്കും സുതരാം സുവ്യക്തമായ ഈ വസ്തുത നിലവില്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും അജ്ഞാതമാവാനിടയില്ല. പക്ഷെ, അവര്‍ക്ക് മറ്റു ചില ലാക്കുകളാണുള്ളത്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് വോട്ടുകള്‍ കൊയ്‌തെടുക്കാനുള്ള എളുപ്പവഴിയെന്നവര്‍ ഇതഃപര്യന്തമുള്ള രാഷ്ട്രീയാനുഭവത്തില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട ഭരണം നടത്തിയിട്ടും രാജ്യപുരോഗതി അത്യന്തം ശോചനീയമായിട്ടും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ അവര്‍ കാണുന്ന ഒറ്റമൂലി വര്‍ഗീയ കാര്‍ഡ് കളിക്കുക എന്നതുതന്നെയാണ്. ബാബരി മസ്ജിദ്, മുത്വലാഖ്, ലൗ ജിഹാദ്, പൗരത്വപ്രശ്‌നം, ഹിജാബ് തുടങ്ങിയ വിഷയങ്ങളെല്ലാം ഇതിന്നവര്‍ പ്രയോഗിച്ചു വരുന്നു. യഥാര്‍ഥത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കുകയെന്നത് ബി.ജെ.പിയുടെ അന്തിമ ലക്ഷ്യമേയല്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വ്യത്യസ്ത സിവില്‍ വ്യവസ്ഥകളുണ്ടെന്ന് അവര്‍ക്കറിയാം. എല്ലാവര്‍ക്കും ഒരേ സിവില്‍ നിയമം ഇവിടെയൊന്നും നടപ്പാകില്ലെന്നും വ്യക്തമാണ്. അതുകൊണ്ടാണ് ഏക സിവില്‍കോഡില്‍നിന്ന് ഓരോരുത്തരെ ഒഴിവാക്കുമെന്ന് അഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവച്ചു തുടങ്ങിയത്. ക്രിസ്ത്യാനികളെയും ഇതില്‍ പെടുത്തുകയില്ലെന്ന് ഇതിനകം വെളിപ്പെടുത്തി. നേരത്തെ ഗോവധം നിരോധിച്ചപ്പോല്‍ ആദിവാസി ഗോത്രങ്ങളെയും മറ്റും അതില്‍നിന്നൊഴിവാക്കി. ചുരുക്കത്തില്‍, മുസ് ലിംകളെ മാത്രമാണ് ഇത് കൊണ്ടെല്ലാം ലക്ഷ്യമിടുന്നതെന്നും ഹിന്ദു-മുസ് ലിം ദ്വന്ദത്തിലൂടെ വെറുപ്പ് ഉല്‍പാദിപ്പിച്ച് ഭരണം നിലനിര്‍ത്തുകയാണ് എളുപ്പവഴി എന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു.
യഥാര്‍ഥത്തില്‍, ഏക സിവില്‍കോഡ് മുസ് ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. പക്ഷെ, സമഗ്രവും വ്യവസ്ഥാപിതവുമായ ഒരു നിയമ വ്യവസ്ഥ (ശരീഅത്ത്) യെ പിന്‍പറ്റുന്നവര്‍ മുസ്്ലിംകളാണ്. ദൈവികമായ പ്രസ്തുത വ്യവസ്ഥ കൈയൊഴിക്കാന്‍ അവര്‍ക്ക് സാധ്യമല്ല. അവരതിന് സന്നദ്ധരാവുകയുമില്ല. അതിനാല്‍ എന്തുവിലകൊടുത്തും സ്വന്തം ശരീഅത്തിനെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കും. അതുകൊണ്ടുതന്നെയാണ് കക്ഷി വ്യത്യാസമില്ലാതെ മുസ്്ലിം സംഘടനകളെല്ലാം ഏക സ്വരത്തില്‍ ഈ നീക്കിത്തിനെതിരെ അണിനിരന്നിട്ടുള്ളത്. 1972 മുതല്‍ തന്നെ സമുദായം ഈ വിഷയത്തില്‍ ജാഗ്രത്തായിരുന്നു. പ്രസ്തുത വര്‍ഷം ഡിസംബറില്‍ ബോംബെയില്‍ ചേര്‍ന്ന മഹാ സമ്മേളനത്തില്‍ മതപണ്ഡിതന്മാര്‍, നിയമജ്ഞന്മാര്‍, ന്യായാധിപന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, വര്‍ത്തക പ്രമുഖര്‍ തുടങ്ങിയ മുസ് ലിം പേഴ്‌സണല്‍ ലായില്‍ ഇടപെടരുതെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് 1973 ഏപ്രില്‍ മാസത്തില്‍ ഹൈദരാബാദില്‍ വെച്ച് All India Muslim Personal Law Board രൂപവല്‍ക്കരിക്കപ്പെട്ടത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്്ലാമി, ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിം ലീഗ്, മുസ്്ലിം മജ്‌ലിസ്, തബ്്‌ലീഗ് ജമാഅത്ത്, മജ്‌ലിസെ തഹ്ഖീഖാതെ ശറഇയ്യ, ദാറുല്‍ ഉലൂം ദയൂബന്ദ്, നദ് വത്തുല്‍ ഉലമാ, ഇമാറതെ ശറഇയ്യ, ആള്‍ ഇന്ത്യാ ശീഈ കോണ്‍ഫറന്‍സ്, ബോറാ മുസ്്ലിം ജമാഅത്ത് തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മൗലാനാ ഖാരി മുഹമ്മദ് ത്വയ്യിബ് പ്രസിഡന്റും മിന്നത്തുല്ലാ റഹ് മാനി സെക്രട്ടറി ജനറലുമായാണ് ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രസ്തുത ബോര്‍ഡ് ഇന്നും സജീവമായി രംഗത്തുണ്ട്.
2024-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിവില്‍കോഡ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ പൊതുവെ അതിലെ ചതിക്കുഴി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാന്‍. മിസോറാം, സിക്കിം, മേഘാലയ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഇതിനകം ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. ഇനിയും നിരവധി സംസ്ഥാനങ്ങള്‍ ഇതേവഴി തുടരാനാണ് സാധ്യത. ഇതൊരു കേവല മുസ്്ലിം പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും സാംസ്‌കാരിക അസ്തിത്വത്തെയും നശിപ്പിക്കാനുള്ള കുടില തന്ത്രമാണെന്നും മുഴുജനങ്ങളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അതിന്നായി ഇന്ത്യന്‍ ജനത കക്ഷി ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ചു കൈകോര്‍ക്കണമെന്നാണ് കാലഘട്ടത്തിന്റെ ആവശ്യം. അല്ലെങ്കില്‍ ഇന്ത്യ എന്ന പൂങ്കാവനം ചുടലക്കളമാകുക എന്നതായിരിക്കും ഫലം.