നബിയുടെ ജീവിതം നല്‍കുന്ന സന്ദേശം

സയ്യിദ് അബുൽ അഅ്ലാ മൗദൂദി‌‌
img

യുക്തിയുക്തമായ ക്രമത്തില്‍ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍ നമ്മുടെ മുമ്പില്‍ ആദ്യം വരുന്ന ചോദ്യം എന്തുകൊണ്ട് ഒരു നബിയുടെ തന്നെ ജീവിതത്തിന്റെ സന്ദേശം എന്നതായിരിക്കും. മറ്റാരുടെ ജീവിതത്തിന്റെയും സന്ദേശമാകാത്തത് എന്തുകൊണ്ടാണ്? പ്രവാചകന്മാരില്‍ തന്നെ എന്തുകൊണ്ട് നമ്മുടെ നബിയുടെ മാത്രം ജീവിതത്തിന്റെ സന്ദേശം? ഈ ചോദ്യത്തെക്കുറിച്ചു തുടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ പുരാതനവും ആധുനികവുമായ കാലങ്ങളിലെല്ലാം തന്നെ ഈ നബിയുടെ ജീവിതത്തില്‍ നിന്നല്ലാതെ മറ്റൊരു ജീവിതത്തില്‍നിന്നും സന്മാര്‍ഗം നേടാന്‍ നമുക്ക് സാധിക്കുകയില്ല എന്ന വസ്തുതയാല്‍ നമ്മുടെ മനസ്സ് പൂര്‍ണമായും സംതൃപ്തി അടയേണ്ടതുള്ളതിനാലാണത്. യഥാര്‍ഥത്തില്‍ നമുക്കാവശ്യമായ, ശരിയും സമ്പൂര്‍ണവുമായ സന്മാര്‍ഗം മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിന്നല്ലാതെ മറ്റൊരു നബിയുടെയോ മതനേതാവിന്റെയോ ജീവിതത്തില്‍നിന്ന് നമുക്ക് ലഭിക്കാന്‍ പോകുന്നില്ല എന്നതിലാണത്.

ദൈവിക സന്മാര്‍ഗത്തിന്റെ ആവശ്യകത
ജ്ഞാനത്തിന്റെ ഉറവിടം അല്ലാഹുവിന്റെ സത്തയാണെന്നത് അനിഷേധ്യമായൊരു യാഥാര്‍ഥ്യമത്രെ. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച, അല്ലെങ്കില്‍ അതില്‍ മനുഷ്യനെ സൃഷ്ടിച്ചവന്നല്ലാതെ പ്രപഞ്ചങ്ങളുടെ യാതാര്‍ഥ്യങ്ങളും, മനുഷ്യപ്രകൃതിയും അതിന്റെ പൊരുളുകളും മറ്റാര്‍ക്കാണ് അറിയാന്‍ സാധിക്കുക? സ്രഷ്ടാവിനേ സൃഷ്ടികളെ അറിയാന്‍ സാധിക്കുകയുള്ളൂ. സൃഷ്ടിക്ക് എന്തെങ്കിലും അറിയാന്‍ കഴിയുമെങ്കില്‍തന്നെ സ്രഷ്ടാവ് പറഞ്ഞ് കൊടുത്തതേ അറിയൂ. പൊരുള്‍ അറിയാന്‍ പറ്റിയ മറ്റൊരു വഴിയും അവന്റെ പക്കലില്ല. ഈ വിഷയകമായി രണ്ട് ഇനം സംഗതികള്‍ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത്, ആശയക്കുഴപ്പമില്ലാതിരിക്കാന്‍ ആവശ്യമാണ്.

നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവവേദ്യമാകുന്നതും അത് വഴി ലഭിക്കുന്ന വിവരങ്ങള്‍, ചിന്തയുടെയും തെളിവുകളുടെയും കാഴ്ചകളുടെയും പരീക്ഷണങ്ങളുടെയും സഹായത്താല്‍ ക്രമപ്പെടുത്തി നവംനവങ്ങളായ നിഗമനങ്ങളിലെത്തിച്ചേരാവുന്നതുമാണ് ഒരു ഇനം സംഗതികള്‍. ഈ സ്വഭാവത്തോട് കൂടിയ കാര്യങ്ങള്‍ക്ക് ഉപരിലോകത്ത് നിന്ന് യാതൊരു അധ്യാപനവും വരേണ്ട ആവശ്യമില്ല. ഇത് നിങ്ങളുടെ സ്വന്തം അന്വേഷണ ഗവേഷണങ്ങളുടെയും പര്യാലോചനകളുടെയും കണ്ടെത്തലുകളുടെയും വൃത്തമാണ്. നിങ്ങളുടെ ചുറ്റുപാടുകളിലുള്ള സംഗതികള്‍ അന്വേഷിച്ചു കണ്ടെത്തി പുറത്ത് കൊണ്ടുവരാന്‍ ഇത് നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുകയാണ്. അവയില്‍ കര്‍മനിരതമായ ശക്തികളെ മനസ്സിലാക്കുക, അവയില്‍ അന്തര്‍ഗതമായ നിയമങ്ങള്‍ മനസ്സിലാക്കുക; പുരോഗമന മാര്‍ഗത്തിലൂടെ മുന്നോട്ടു ഗമിക്കുക. എങ്കിലും നിങ്ങളുടെ സ്രഷ്ടാവ് ഇക്കാര്യത്തിലും നിങ്ങളെ തീരേ ഉപേക്ഷിച്ചിട്ടില്ല. ചരിത്രത്തിന്റെ കറക്കത്തില്‍ അവന്‍ തീര്‍ത്തും അറിയാത്ത മാര്‍ഗത്തിലൂടെ ഒരു ക്രമത്തില്‍ താന്‍ സൃഷ്ടിച്ച ലോകത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അറിവിന്റെ പുതിയ പുതിയ കവാടങ്ങള്‍ നിങ്ങളുടെ മുമ്പാകെ തുറന്ന് തരുന്നു. ചിലപ്പോഴൊക്കെ ഉള്‍വിളിയിലൂടെ ഏതെങ്കിലും ചില ആളുകള്‍ക്ക് പുതിയ ചില സംഗതികള്‍ കണ്ടുപിടിക്കാനോ അല്ലെങ്കില്‍ പുതിയൊരു നിയമം അന്വേഷിക്കാനോ സാധിക്കുന്ന ഒരു സംഗതി മനസ്സിലിട്ടു കൊടുക്കുന്നു. ഇതാണ് ഒരു നബിയുടെയോ വേദഗ്രന്ഥത്തിന്റെയോ ആവശ്യമില്ലാത്ത മനുഷ്യജ്ഞാനത്തിന്റെ വൃത്തം. മനുഷ്യനാവശ്യമായ വിവരങ്ങള്‍ നേടിയെടുക്കാനുള്ള വഴികള്‍ മനുഷ്യന് ഇവിടെ നല്‍കപ്പെടുന്നു.

നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത സംഗതികളാണ് രണ്ടാമത്തെ ഇനം. ഒരു തരത്തിലും നമുക്കത് ഗ്രഹിക്കാന്‍ സാധ്യമല്ല. നമുക്ക് തൂക്കി നോക്കാനോ അളന്നെടുക്കാനോ സാധിക്കുന്നതല്ല അത്. നമ്മുടെ ഒരു ജ്ഞാനോപാധി ഉപയോഗിച്ചും അതറിയാന്‍ നമുക്കാവില്ല. തത്ത്വശാസ്ത്രജ്ഞനോ ശാസ്ത്രജ്ഞന്നോ അതിനെക്കുറിച്ചു എന്തെങ്കിലും അഭിപ്രായം രൂപീകരിക്കാന്‍ കഴിയുമെങ്കില്‍ അത് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. അതിനെ ജ്ഞാനമെന്ന് പറയാന്‍ പറ്റില്ല. ഇതാണ് ആത്യന്തിക യാഥാര്‍ഥ്യങ്ങള്‍ (Ultimate Realities). അത് തെളിയിക്കുന്ന സിദ്ധാന്തങ്ങളെ കുറിച്ചു ആ സിദ്ധാന്തങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് തന്നെ ഉറപ്പൊന്നും പറയാന്‍ പറ്റില്ല. അവര്‍ക്ക് തങ്ങളുടെ ജ്ഞാനസീമകളെക്കുറിച്ച് അറിവുണ്ടെങ്കില്‍ അവയില്‍ സ്വയം വിശ്വസിക്കാനോ മറ്റുള്ളവരെ അത് വിശ്വസിക്കുന്നതിന് ക്ഷണിക്കാനോ സാധിക്കുകയില്ല.

പ്രവാചകന്മാരെ പിന്തുടരേണ്ടതിന്റെ ആവശ്യകത
ഈ വൃത്തത്തില്‍ ജ്ഞാനപ്രാപ്തി അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിലൂടെയല്ലാതെ സിദ്ധിക്കുകയില്ല. കാരണം അവന്‍ മാത്രമാണ് സത്യങ്ങള്‍ അറിയുന്നവന്‍. ഏത് വഴിക്കാണോ അല്ലാഹു മനുഷ്യന് ഈ ജ്ഞാനം നല്‍കുന്നത് അതാണ് വഹ്്യ് അഥവാ വെളിപാട്. അത് പ്രവാചകന്മാര്‍ക്ക് മാത്രം ഇറങ്ങുന്നതാണ്. ഒരു ഗ്രന്ഥം അച്ചടിച്ചു എല്ലാ ഓരോ മനുഷ്യന്റെയും കൈയില്‍ വെച്ചുകൊടുത്ത് ഇത് വായിച്ചു നിന്റെയും പ്രപഞ്ചത്തിന്റെയും പൊരുളെന്താണെന്നും ആ പൊരുളനുസരിച്ച് ദുന്‍യാവില്‍ നിന്റെ കര്‍മ രീതി എന്താണെന്നും മനസ്സിലാക്കുക എന്ന് പറയുക എന്നൊരു രീതി ഒരിക്കലും അല്ലാഹു സ്വീകരിച്ചിട്ടില്ല. ആ ജ്ഞാനം മനുഷ്യരിലേക്ക് എത്തിക്കാന്‍ എപ്പോഴും അവന്‍ സ്വീകരിച്ച മാര്‍ഗം പ്രവാചകന്മാരെ അയക്കുക എന്നതായിരുന്നു; അങ്ങനെ അവര്‍ ആ ജ്ഞാനം മനുഷ്യരെ പഠിപ്പിക്കുക മാത്രമല്ല അതവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും അതനുസരിച്ചു പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കുക കൂടി ചെയ്യാന്‍ വേണ്ടി; അതിന്നെതിരെ സഞ്ചരിക്കുന്നവരെ സത്യമാര്‍ഗത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനും അത് കൈക്കൊള്ളുന്നവരെ, എല്ലാ ജീവിത മേഖലകളും ആ ജ്ഞാനത്തിന്റെ പ്രകടന വേദിയാക്കും വിധം ഒരു സമൂഹമായി അവരെ സംഘടിപ്പിക്കുന്നതിനും കൂടി.

നമ്മുടെ മാര്‍ഗദര്‍ശനത്തിന് ഒരു നബിയുടെ ജീവിതമാണ് നമുക്കാവശ്യമെന്ന് ഈ ഹ്രസ്വമായ വിവരണത്തില്‍നിന്ന് വ്യക്തമായി. നബിയല്ലാത്ത ഒരാള്‍ നബിയെ പിന്‍പറ്റാത്ത പക്ഷം അയാള്‍ എത്ര ഗംഭീര വിജ്ഞാന സാഗരമാണെങ്കിലും നമ്മുടെ മാര്‍ഗദര്‍ശിയാക്കാന്‍ കൊള്ളുകയില്ല. എന്തുകൊണ്ടെന്നാല്‍ അയാളുടെ പക്കല്‍ യാഥാര്‍ഥ്യത്തിന്റെ ജ്ഞാനമില്ല. ഒരാളുടെ പക്കല്‍ യാഥാര്‍ഥ്യത്തിന്റെ ജ്ഞാനമില്ലെങ്കില്‍ പിന്നെ നമുക്ക് സത്യത്തിലധിഷ്ഠിതമായ ഒരു ജീവിത പദ്ധതി നല്‍കാന്‍ അയാള്‍ക്ക് കഴിയുകയില്ല.

എന്തുകൊണ്ട് മുഹമ്മദ് നബിയുടെ മാത്രം സന്മാര്‍ഗം
ഇനി ഈ ചോദ്യമെടുക്കുക. പ്രവാചകന്മാരായ മഹാത്മാക്കളെയും പ്രവാചകന്മാരാകാമെന്ന് നാം അനുമാനിക്കുന്ന മാതാചാര്യന്മാരെയും വിട്ട് എന്തുകൊണ്ടാണ് നാം മുഹമ്മദ് നബിയുടെ മാത്രം  ജീവിതത്തില്‍നിന്ന് സന്ദേശം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്? ഇത് എന്തെങ്കിലും പക്ഷപാതം കാരണമാണോ? അതോ അതിന് ന്യായമായ മറ്റ് വല്ല കാരണവുമുണ്ടോ?

വളരെ ന്യായമായ കാരണമുണ്ടെന്നാണ് ഞാന്‍ പറയുക. ഖുര്‍ആനില്‍ പരാമൃഷ്ടമായ എല്ലാ പ്രവാചകന്മാരെയും നമ്മള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അവരെ എല്ലാവരെയും നമുക്കറിയാം. എന്നാല്‍ അവരില്‍ ആരുടെയും ജീവചരിത്രമോ അധ്യാപനമോ ജീവിതമോ അവ പിന്‍പറ്റാന്‍ സാധിക്കുമാര്‍ വിശ്വസനീയമായ മാര്‍ഗേണ നമുക്ക് വന്നെത്തിയിട്ടില്ല. ഹസ്രത്ത് നൂഹ്, ഹസ്രത്ത് ഇബ്‌റാഹീം, ഹസ്രത്ത് ഇസ്ഹാഖ്, ഹസ്രത്ത് യൂസുഫ്, ഹസ്രത്ത് മൂസാ, ഹസ്രത്ത് ഈസാ തുടങ്ങി എല്ലാവരും നിസ്സംശയം പ്രവാചകന്മാര്‍ തന്നെ. അവരില്‍ എല്ലാവരിലും നമ്മള്‍ വിശ്വസിക്കുന്നു. പക്ഷേ, അവര്‍ക്ക് അവതരിച്ച ഒരു വേദഗ്രന്ഥവും നമുക്ക് സന്മാര്‍ഗം ലഭിക്കത്തക്കവിധം സുരക്ഷിതമായി ഇന്ന് നിലവിലില്ല. നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നമ്മെ നയിക്കാന്‍ സാധിക്കുംവിധം അവരില്‍ ആരുടെയും ജീവിതാവസ്ഥകള്‍ സുരക്ഷിതവും അവലംബനീയവുമായ മാര്‍ഗങ്ങളിലൂടെ നമ്മുടെ അടുക്കല്‍ എത്തിയിട്ടില്ല. ആ പ്രവാചകന്മാരുടെ മുഴുവന്‍ അധ്യാപനങ്ങളും ജീവചരിത്രവും എഴുതാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ഏതാനും പേജുകള്‍ക്കപ്പുറം അതെഴുതാന്‍ സാധിക്കുകയില്ല. അത് തന്നെയും ഖുര്‍ആന്റെ സഹായത്തോടെ മാത്രമേ സാധിക്കൂ. കാരണം വിശുദ്ധ ഖുര്‍ആനിലല്ലാതെ അവരെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ മറ്റൊരിടത്തും ലഭ്യമല്ല.

ജൂതവേദങ്ങളുടെയും പ്രവാചകന്മാരുടെയും സ്ഥിതിഗതികള്‍
ഹസ്രത്ത് മൂസാ നബി (മോശെ) യുടെയും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്മാരുടെയും സ്ഥിതിഗതികളും അധ്യാപനങ്ങളും ബൈബിള്‍ പഴയ നിയമ(Old Testament)ത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ചരിത്ര വീക്ഷണത്തിലൂടെ അല്‍പമൊന്ന് ബൈബിള്‍ പരിശോധിച്ചു നോക്കുക. മോശെക്ക് അവതീര്‍ണമായ തോറയുടെ അസ്സല്‍രൂപം ക്രി. മു. ആറാം നൂറ്റാണ്ടില്‍ ബൈത്തുല്‍ മുഖദ്ദസ് (യരൂശലമിലെ വിശുദ്ധ ദേവാലയം) തകര്‍ക്കപ്പെട്ടതോടെ നഷ്ടപ്പെട്ടിരുന്നു. അക്കാലത്തിന് മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരുടെ ഏടുകളും അതോടൊപ്പം നഷ്ടപ്പെട്ടു പോയിരുന്നു. ക്രി.മു അഞ്ചാം നൂറ്റാണ്ടില്‍ ഇസ്രയേല്യര്‍ ബാബിലോണിയന്‍ തടവറകളില്‍നിന്ന് മോചിതരായി ഫലസ്ത്വീനിലെത്തിയപ്പോള്‍ ഹസ്രത്ത് ഉസൈര്‍ (Ezra) ഏതാനും ചില പ്രമുഖരുടെ സഹായത്തോടെ മോശെ പ്രവാചകന്റെ ജീവചരിത്രവും ഇസ്രായേല്യരുടെ ചരിത്രവും ക്രോഡീകരിച്ചു. അതില്‍ അദ്ദേഹത്തിനും സഹായികള്‍ക്കും ലഭ്യമായ തോറയിലെ സൂക്തങ്ങളും സന്ദര്‍ഭോചിതം ചേര്‍ക്കുകയാണുണ്ടായത്. അതിന് ശേഷം ക്രി.മു നാലാം നൂറ്റാണ്ട് മുതല്‍ രണ്ടാം നൂറ്റാണ്ട് വരെയുള്ള പല ആളുകള്‍ (അവര്‍ ആരൊക്കെയാണെന്ന് അജ്ഞാതം) അവരുടെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ ഏടുകള്‍ (ഏത് വഴിയെന്ന് അജ്ഞാതം) എഴുതിയുണ്ടാക്കി. ക്രി.മു 300-ല്‍ ഹസ്രത്ത് യൂനുസി(യോന)ന്റെ പേരിലൊരു വേദം ആരോ ബൈബിളില്‍ എഴുതി ചേര്‍ത്തു. യോനയാകട്ടെ ക്രി.മു എട്ടാം നൂറ്റാണ്ടിലെ പ്രവാചകനായിരുന്നു. ദാവീദ് പ്രവാചകന്‍ അന്തരിച്ചു അഞ്ച് നൂറ്റാണ്ടിന് ശേഷം എഴുതപ്പെട്ടതാണ് സബൂര്‍ അഥവാ സങ്കീര്‍ത്തനങ്ങള്‍ (Psalms). ദാവീദിനു പുറമെ മറ്റ് നൂറ് കവികളുടെ പാട്ടുകള്‍ കൂടി അതില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സങ്കീര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചവര്‍ക്ക് ഇതൊക്കെ എവിടെന്ന് കിട്ടി എന്നറിഞ്ഞുകൂടാ. ഹസ്രത്ത് സുലൈമാന്റെ (സോളമന്‍ ചക്രവര്‍ത്തി) മരണം ക്രി.മു 923-നാണ്. അതേസമയം സോളമന്റെ സുഭാഷിതങ്ങള്‍ (Proverbs) എഴുതപ്പെട്ടതാകട്ടെ ക്രി.മു 250-ലാണ്. അതില്‍ മറ്റുപല തത്ത്വജ്ഞാനികളുടെ സുഭാഷിതങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ചുരുക്കത്തില്‍ ബൈബിളിലെ ഒരു ഏടിന്റെ വിവരണ ശൃംഖലയും അവ ചേര്‍ത്ത് പറയപ്പെടുന്ന പ്രവാചകന്മാരിലേക്ക് ചെന്നെത്തുന്നതല്ല. കൂടാതെ എബ്രായ (ഹീബ്രു) ബൈബിളിലെ ഏടുകളും ക്രി. 70-ല്‍ ബൈത്തുല്‍ മുഖദ്ദസിന്റെ രണ്ടാം തകര്‍ച്ച സമയത്ത് നഷ്ടപ്പെടുകയുണ്ടായി. ക്രി.മു 258 മുതല്‍ ക്രി.മു ഒന്നാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ എഴുതിയുണ്ടാക്കിയ അതിന്റെ ഗ്രീക്ക് തര്‍ജമ മാത്രമാണ് അവശേഷിച്ചത്. അവശിഷ്ട കരടുകളില്‍നിന്ന് യഹൂദ പണ്ഡിതന്മാര്‍ ക്രി. രണ്ടാം നൂറ്റാണ്ടില്‍ ക്രോഡീകരിച്ചതാണ് എബ്രായ ബൈബിള്‍. ഇപ്പോള്‍ നിലവിലുള്ള അതിന്റെ പുരാതന പകര്‍പ്പ് ക്രി. 916-ല്‍ എഴുതപ്പെട്ടതാണ്. അതൊഴികെ മറ്റൊരു എബ്രായ പതിപ്പും ഇപ്പോള്‍ നിലവിലില്ല. ചാവു കടലിന് സമീപം ഖമറാന്‍ ഗുഹയില്‍നിന്ന് കണ്ടെടുത്ത എബ്രായ ചുരുളുകളും (Scrolls) ഏറിയാല്‍ ക്രി. മു രണ്ടാം നൂറ്റാണ്ടിലോ ഒന്നാം നൂറ്റാണ്ടിലോ എഴുതപ്പെട്ടതാണ്. അതാകട്ടെ ബൈബിളിന്റെ ചിതറിയ ചില ഭാഗങ്ങളുമാണ്. ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളുടെ സമാഹാരം സമരിയക്കാരുടെ അടുക്കല്‍ പ്രചാരത്തിലുണ്ടായിരുന്നു. അതിന്റെ പുരാതന പതിപ്പു ക്രി. പതിനൊന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. ഗ്രീക്ക് തര്‍ജമ ക്രി.മു. മൂന്നും രണ്ടും നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടതാണ്. എണ്ണമറ്റ അബദ്ധങ്ങളാല്‍ നിര്‍ഭരമാണത്. ആ തര്‍ജമയില്‍നിന്നാണ് ക്രി. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ലത്തീന്‍ പരിഭാഷ തയാറാക്കപ്പെട്ടത്. മോശെ പ്രവാചകനെയും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്മാരെയും ഇസ്രയേല്യരെയും സംബന്ധിച്ച സ്ഥിതിഗതികള്‍ക്കും അധ്യാപനങ്ങള്‍ക്കും അപ്പോള്‍ ഇവയെ എങ്ങനെയാണ് ആധികാരിക മാനഃദണ്ഡമായി സ്വീകരിക്കാന്‍ സാധിക്കുക!

ഇവ കൂടാതെ യഹൂദികളുടെ ചില വാമൊഴി സമാഹാരങ്ങളുമുണ്ട്. വാമൊഴി നിയമം (Oral Law) എന്നാണ് ഇതറിയപ്പെടുന്നത്. പതിമൂന്ന്-പതിനാലു നൂറ്റാണ്ടുകളോളം ഇവ അലിഖിത രൂപത്തിലായിരുന്നു. ക്രി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി യഹൂദ റബ്ബി (റമ്പാന്‍) ബെന്‍ ശമോനാണ് അവ 'മിഷ്‌ന' (Mishnah) എന്ന പേരില്‍, ലിഖിത രൂപത്തിലാക്കിയത്. 'ഹലാഖ' (Halakah) എന്ന നാമത്തില്‍ ഫലസ്ത്വീനി ജൂതപണ്ഡിതന്മാര്‍ അതിന് വ്യാഖ്യാനങ്ങള്‍ ചമക്കുകയുണ്ടായി; മൂന്നും അഞ്ചും നൂറ്റാണ്ടുകളില്‍ 'ഹഖാദ' (Haqqadah) എന്ന പേരില്‍ ബൈബിള്‍ പണ്ഡിതന്മാരും അതിന് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഈ മൂന്ന് ഏടുകളും കൂടി സമാഹരിച്ചതിനാണ് 'തല്‍മൂദ്' എന്ന് പറയപ്പെടുന്നത്. ഇവ ആരൊക്കെ ആരില്‍നിന്ന് കൈമാറി എന്നറിയാന്‍ സാധിക്കുന്ന യാതൊരു ആധികാരിക പരമ്പരകളും ഈ റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഇല്ല.

യേശുക്രിസ്തുവും ബൈബിളും
ഇത് തന്നെയാണ് യേശുക്രിസ്തുവിന്റെ ജീവിതാവസ്ഥകളുടെയും അധ്യാപനങ്ങളുടെയും സ്ഥിതിയും. ദൈവത്തിങ്കല്‍നിന്ന് വെളിപാടിലൂടെ അദ്ദേഹത്തിന് അവതരിച്ച അസ്സല്‍ ബൈബിള്‍ വാമൊഴിയായാണ് അദ്ദേഹം ആളുകളെ കേള്‍പ്പിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരും വാമൊഴിയായിത്തന്നെയാണ് ഗുരുവിന്റെ ജീവിതാവസ്ഥകളും ബൈബിള്‍ സൂുക്തങ്ങളും കൂട്ടിക്കുഴച്ചു ആളുകള്‍ക്കെത്തിച്ചു കൊടുത്തത്. അവയിലൊന്നും തന്നെ മിശിഹായുടെ ജീവിത കാലത്തോ ശേഷമോ എഴുതപ്പെട്ടിരുന്നില്ല. ഗ്രീക്ക് ഭാഷക്കാരായ ക്രൈസ്തവരാണ് അവയ്ക്ക് എഴുത്ത് രൂപം നല്‍കിയത്. യേശുക്രിസ്തുവിന്റെ ഭാഷയാകട്ടെ സുരിയാനി അല്ലെങ്കില്‍ അരമായ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ സംസാര ഭാഷയും അത് തന്നെയായിരുന്നു. ഗ്രീക്ക് ഭാഷക്കാരായ പല ഗ്രന്ഥരചയിതാക്കളും ആ റിപ്പോര്‍ട്ടുകള്‍ അരമായ ഭാഷയില്‍ കേട്ട് ഗ്രീക്കില്‍ എഴുതിയെടുത്തു. ഇവര്‍ എഴുതിയ ഈ ഗ്രന്ഥങ്ങളില്‍ ഒന്നുപോലും ക്രി. 70-ന് മുമ്പ് ഇല്ലാത്തതാണ്. അവരില്‍ ആരും തന്നെ, ഏതൊക്കെ കാര്യങ്ങള്‍ ആരില്‍നിന്നൊക്കെ കേട്ടു എന്ന് മനസ്സിലാക്കാന്‍ കഴിയുംവിധം ഒരു സംഭവവും, അല്ലെങ്കില്‍ യേശുവിന്റെ ഒരു വചനവും ആധികാരിക സ്വഭാവത്തോടുകൂടിയല്ല വിവരിച്ചിരിക്കുന്നത്. മാത്രമല്ല എഴുതപ്പെട്ട അവരുടെ ഗ്രന്ഥങ്ങളും സുരക്ഷിതമായി നിലനിന്നിട്ടുമില്ല. ബൈബിള്‍ പുതിയ നിയമത്തിന്റെ ആയിരക്കണക്കില്‍ ഗ്രീക്ക് എഡിഷന്‍ സമാഹാരങ്ങളുണ്ട്. എന്നാല്‍ അവയില്‍ ഒന്ന് പോലും ക്രി. നാലാം നൂറ്റാണ്ടിന് മുമ്പുള്ളതല്ല. പ്രത്യുത, മിക്കതും പതിനൊന്നാം നൂറ്റാണ്ടിലേതും പതിന്നാലാം നൂറ്റാണ്ടിലേതുമാണ്. ഈജിപ്തില്‍നിന്ന് പേപ്പറസില്‍ എഴുതപ്പെട്ടു ലഭിച്ച ശിഥില ഭാഗങ്ങളും മൂന്നാം നൂറ്റാണ്ടിനപ്പുറം പഴക്കമുള്ളതല്ല. ഗ്രീക്കില്‍നിന്ന് ലാറ്റിനിലേക്ക് ആര്‍, എപ്പോള്‍, എവിടെവെച്ച് പരിഭാഷപ്പെടുത്തി എന്നതിനുമില്ല ഉത്തരം. നാലാം നൂറ്റാണ്ടില്‍ പോപ്പിന്റെ നിര്‍ദേശ പ്രകാരം അത് പുനഃപരിശോധിക്കുകയുണ്ടായി. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ അത് ഉപേക്ഷിച്ച് ഗ്രീക്കില്‍നിന്നുള്ള പുതിയൊരു ലാറ്റിന്‍ പരിഭാഷ തയാറാക്കപ്പെട്ടു. ഗ്രീക്കില്‍നിന്ന് സുരിയാനിയിലേക്കുള്ള നാലു സവിശേഷങ്ങളുടെ തര്‍ജമ മിക്കവാറും ക്രി. 200-ലാണ് ഉണ്ടായിട്ടുണ്ടാവുക. അതിന്റെ ഇപ്പോള്‍ നിലവിലുള്ള പഴയ പതിപ്പും നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. അഞ്ചാം നൂറ്റാണ്ടില്‍ ലഭിച്ച ലിഖിത രൂപത്തില്‍നിന്ന് തീരേ ഭിന്നമാണത്. സുരിയാനിയില്‍നിന്നുള്ള അറബി പരിഭാഷാ പതിപ്പുകള്‍ക്കുമില്ല എട്ടാം നൂറ്റാണ്ടിനപ്പുറം പഴമ. ബൈബിളിന് എഴുപതോളം ലിഖിത ഗ്രന്ഥങ്ങളുണ്ടായിരുന്നെങ്കിലും അവയില്‍ നാല് മാത്രമേ ക്രൈസ്തവ മതാചാര്യന്മാര്‍ സ്വീകാര്യമായി കണ്ടുള്ളു എന്നത് വിചിത്രമാണ്. ബാക്കിയെല്ലാം തള്ളിക്കളയുകയായിരുന്നു. എന്തുകൊണ്ട് സ്വീകരിച്ചു എന്തുകൊണ്ട് തള്ളി എന്നത് അജ്ഞാതം! മുന്‍ചൊന്ന കാരണങ്ങളാല്‍ യേശു ക്രിസ്തുവിന്റെ ജീവിതാവസ്ഥകളും അധ്യാപനങ്ങളും എത്രമാത്രമാണ് ആധികാരികമെന്ന് എങ്ങനെ പറയും?

സരതുഷ്ട്ര മതം
ഇതര മതാചാര്യന്മാരുടെ കഥയും വ്യത്യസ്തമല്ല. ഉദാഹരണത്തിന് സരതുഷ്ട്രരെ (Zoraster) എടുക്കാം. അദ്ദേഹത്തിന്റെ ശരിയായ ജനനത്തീയതി പോലും ആര്‍ക്കും അറിയില്ല. അലക്‌സാണ്ടറുടെ പേര്‍ഷ്യന്‍ വിജയത്തിന്റെ രണ്ടര നൂറ്റാണ്ടിന് മുമ്പ് അദ്ദേഹം ഉണ്ടായിരുന്നു എന്നാണ് ഏറിയാല്‍ പറയപ്പെടുന്ന കഥ. അതായത് മിശിഹായുടെ അഞ്ചര നൂറ്റാണ്ടിന് മുമ്പ്. അദ്ദേഹത്തിന്റെ വേദമായ 'അവസ്ത്' അതിന്റെ മൂലഭാഷയില്‍ ഇന്ന് ലഭ്യമല്ല. അത് മൊഴിയപ്പെടുകയോ എഴുതപ്പെടുകയോ ചെയ്ത ഭാഷയും ഇന്ന് മരിച്ചു കഴിഞ്ഞു. ക്രി. ഒമ്പതാം നൂറ്റാണ്ടില്‍ അതിന്റെ ചില ഭാഗങ്ങളുടെ തര്‍ജമ ഒമ്പത് വാല്യങ്ങളിലായി വിശദീകരണ സഹിതം എഴുതപ്പെടുകയുണ്ടായി. പക്ഷേ, അതിന്റെ ആദ്യ രണ്ട് വാല്യങ്ങള്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ലഭ്യമായ അതിന്റെ ഏറ്റവും പുരാതനമായ കോപ്പി പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതപ്പെട്ടതാണ്. ഇതാണ് സരതുഷ്ട്രരുടെ വേദഗ്രന്ഥത്തിന്റെ കഥ. ഇനി അദ്ദേഹത്തിന്റെ സ്വന്തം ജീവ ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ 40-ാം വയസ്സില്‍ അദ്ദേഹം പ്രബോധനം ആരംഭിച്ചിരുന്നു എന്നതിനും രണ്ട് വര്‍ഷത്തിന് ശേഷം ഗുള്‍താസപ് രാജാവ് അദ്ദേഹത്തിന്റെ ശിഷ്യനാവുകയും അദ്ദേഹത്തിന്റെ മതം രാജ്യത്തിന്റെ ഔദ്യോഗിക മതമാവുകയും ചെയ്തു എന്നു മാത്രമേ നമുക്ക് അറിയുകയുള്ളൂ. 77 വര്‍ഷം അദ്ദേഹം ജീവിച്ചു. അദ്ദേഹം മരിച്ചിട്ട് എത്ര വര്‍ഷം കഴിഞ്ഞു എന്ന് ആര്‍ക്കുമറിയില്ല. അദ്ദേഹത്തിന്റെ ജീവിതം അത്ഭുതകഥകളായി, ചരിത്രപരമായ യാതൊരു സ്വഭാവവുമില്ലാതെ അങ്ങനെ കടന്നുപോയി.

ബുദ്ധമതം
ലോകത്തിലെ പ്രശസ്ത വ്യക്തികളിലൊരാളാണ് ബുദ്ധന്‍. സരതുഷ്ഠ്രരെപ്പോലെ അദ്ദേഹവും ഒരു പ്രവാചകനാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അദ്ദേഹം യാതൊരു ഗ്രന്ഥവും സമര്‍പ്പിക്കുകയുണ്ടായില്ല. അദ്ദേഹം ഏതെങ്കിലും വേദഗ്രന്ഥം കൊണ്ടുവന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും വാദമില്ല. അദ്ദേഹത്തിന്റെ മരണം സംഭവിച്ച നൂറ് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ വചനങ്ങളും ജീവിതാവസ്ഥകളും ശേഖരിക്കാനുള്ള പരമ്പരക്ക് തുടക്കമിട്ടു. നൂറ്റാണ്ടുകളോളം അത് തുടര്‍ന്നു. ബുദ്ധമതത്തിന്റെ മൂലഗ്രന്ഥങ്ങളായി കരുതപ്പെടുന്ന എത്ര ഗ്രന്ഥങ്ങളുണ്ടോ അവയിലൊന്നിലും ബുദ്ധന്റെ വചനങ്ങളും ജീവിതാവസ്ഥകളും രേഖപ്പെടുത്തിയവര്‍ക്ക് അവ എത്തിച്ചുകൊടുത്തതാരാണെന്നും ഏത് വഴിക്കാണ് അവ അവര്‍ക്ക് കിട്ടിയതെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ആധികാരിക സ്രോതസ്സുകളൊന്നുമില്ല.

ഇതര പ്രവാചകന്മാരുടെയും മതാചാര്യന്മാരുടെയും നേര്‍ക്ക് തിരിഞ്ഞാൽ, അവരുടെ ജീവിതങ്ങളെയും അധ്യാപനങ്ങളെയും തൃപ്തികരമായ ഉറപ്പോടെ വഴി കാട്ടിയായി സ്വീകരിക്കാവുന്ന യാതൊരു ആധികാരിക രേഖയും അവരെ കുറിച്ചു നമുക്കു ലഭിക്കുകയില്ല. അതിനാല്‍, നമുക്ക് അവലംബനീയ മാര്‍ഗങ്ങളിലൂടെ പ്രവാചകന്റെ ജീവിതാവസ്ഥകളും വാക്കുകളും പ്രവര്‍ത്തനങ്ങളും ലഭിക്കാന്‍ സാധ്യതയുള്ള, വളച്ചൊടിക്കലില്‍നിന്നും കലര്‍പ്പുകളില്‍നിന്നും മുക്തമായ, ആശ്രയിക്കാവുന്ന ഗ്രന്ഥം ഉപേക്ഷിച്ചുപോയ ഒരു പ്രവാചകനിലേക്ക് മടങ്ങുകയല്ലാതെ ഇനി നമ്മുടെ മുന്നില്‍ യാതൊരു വഴിയുമില്ല. അത്തരമൊരു വ്യക്തി ഈ ലോക ചരിത്രത്തില്‍ മുഹമ്മദ് നബിയല്ലാതെ മറ്റൊരാളുമില്ല.

ഖുര്‍ആന്റെ ആധികാരികത
എനിക്ക് അവതരിച്ചു കിട്ടിയ അല്ലാഹുവിന്റെ വചനം എന്ന വ്യക്തമായ അവകാശ വാദത്തോടെ മുഹമ്മദ് നബി ഒരു ഗ്രന്ഥം (വിശുദ്ധ ഖുര്‍ആന്‍) സമര്‍പ്പിച്ചു. ആ ഗ്രന്ഥം അവലോകനം ചെയ്യുകയാണെങ്കില്‍ അതില്‍ യാതൊരു കലര്‍പ്പുമില്ലെന്ന് നമുക്ക് ദൃഢ ബോധ്യമാകും. നബിയുടെ പോലും ഒരു വാക്കും അതില്‍ സ്ഥലം പിടിച്ചിട്ടില്ല. പ്രത്യുത, തിരുമേനിയുടെ വചനങ്ങള്‍ തീര്‍ത്തും വേറെ വെച്ചിരിക്കുകയാണ്. ബൈബിള്‍ പോലെ നബിതിരുമേനിയുടെ ജീവിതാവസ്ഥകളും അറബ് ചരിത്രവും ഖുര്‍ആന്‍ ഇറങ്ങിയ കാലത്തെ സംഭവവികാസങ്ങളുമൊക്കെ ആ ദൈവവചനങ്ങള്‍ക്കൊപ്പം കൂട്ടിക്കുഴച്ചിട്ടില്ല. ഇത് തീര്‍ത്തും ദൈവവചനം (Word of God) മാത്രമാണ്. അതില്‍ അല്ലാഹുവിന്റെതല്ലാത്ത ആരുടെയും ഒരു വാക്ക് പോലും ചേര്‍ത്തിട്ടില്ല. അവന്റെ വാക്കുകളില്‍ ഒരു വാക്ക് പോലും അതില്‍ കുറവ് വന്നിട്ടുമില്ല. ദൈവദൂതന്റെ കാലത്ത് എങ്ങനെയായിരുന്നോ അതേ മട്ടില്‍ തന്നെ അത് നമ്മുടെ കാലത്തേക്ക് എത്തിച്ചേര്‍ന്നിരിക്കയാണ്.

ഈ ഗ്രന്ഥം എപ്പോള്‍ നബിക്ക് ഇറങ്ങാന്‍ തുടങ്ങിയോ ആ സമയം മുതല്‍ തന്നെ തിരുമേനി അത് എഴുതിക്കാനും തുടങ്ങിയിരുന്നു. എപ്പോള്‍ തിരുമേനിക്ക് വെളിപാട് വരുമ്പോഴും തന്റെ ഏതെങ്കിലും എഴുത്തുകാരെ വിളിച്ചുവരുത്തി അപ്പോള്‍ തന്നെ തിരുമേനി അത് എഴുതി വെപ്പിക്കുമായിരുന്നു. എഴുതിയ ശേഷം എഴുത്തുകാരന്‍ അത് തിരുമേനിക്ക് വായിച്ചു കേള്‍പ്പിക്കും. എഴുത്തുകാരന്‍ അത് ശരിയാംവണ്ണം എഴുതിയെടുത്തിട്ടുണ്ടെന്ന് തിരുമേനിക്ക് ബോധ്യമാകുമ്പോള്‍ അതൊരു സുരക്ഷിത സ്ഥലത്ത് സൂക്ഷിച്ചുവെക്കും. അവതീര്‍ണമായ എല്ലാ വഹ് യി(വെളിപാട്)നെ കുറിച്ചും അത് ഏത് അധ്യായത്തില്‍ ഏത് സൂക്തത്തിന്റെ മുമ്പ്, അല്ലെങ്കില്‍ ശേഷമാണ് വെക്കേണ്ടതെന്ന് എഴുത്താളിന് നബി നിര്‍ദേശം നല്‍കും. ഇങ്ങനെ നബിതിരുമേനി വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണവും നടത്തിക്കൊണ്ടിരുന്നു- അത് പൂര്‍ത്തിയാകും വരെ.

പിന്നെ, ഇസ് ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിസ്‌കാരത്തില്‍ നിഷ്ഠവെക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ ഖുര്‍ആന്‍ ഇറങ്ങുന്ന മുറക്ക് സഹാബികള്‍ അത് ഓതി ഓര്‍മിച്ചുകൊണ്ടിരുന്നു. ഒരുപാടാളുകള്‍ അത് പൂര്‍ണമായും ഹൃദിസ്ഥമാക്കി. അവരില്‍ എത്രയോ അധികം ആളുകള്‍ ഖുര്‍ആനില്‍നിന്നുള്ള വ്യത്യസ്ത ഭാഗങ്ങള്‍ ഏറിയോ കുറഞ്ഞോ മനഃപാഠമാക്കിയവരായിരുന്നു. അത് കൂടാതെ ധാരാളം സഹാബിവര്യന്മാര്‍ ഖുര്‍ആനിലെ വ്യത്യസ്ത ഭാഗങ്ങള്‍ എഴുതി സൂക്ഷിച്ചവരായും ഉണ്ടായിരുന്നു. ഇപ്രകാരം നബിയുടെ കാലത്ത് തന്നെ വിശുദ്ധ ഖുര്‍ആന്‍ നാല് വഴിക്ക് സുരക്ഷിതമാക്കിക്കഴിഞ്ഞിരുന്നു.
1. തിരുമേനി സ്വയം തന്നെ വെളിപാടിലൂടെ വ്യക്തമാക്കപ്പെട്ട പ്രകാരം ആദ്യം മുതല്‍ അവസാനം വരെ എഴുതിച്ചു.
2. അനേകം പ്രവാചക ശിഷ്യന്മാര്‍ ഖുര്‍ആന്‍ പൂര്‍ണമായി അക്ഷരം പ്രതി ഹൃദിസ്ഥമാക്കി.
3. പ്രവാചക ശിഷ്യന്മാരായ സഹാബിവര്യന്മാരില്‍ ഖുര്‍ആന്റെ ഏതെങ്കിലും ഭാഗം, കുറച്ചാകട്ടെ അധികമാകട്ടെ, മനഃപാഠമാക്കാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണം നിസ്‌കാരത്തില്‍ അത് പാരായണം ചെയ്യല്‍ നിര്‍ബന്ധമായിരുന്നു. പ്രവാചകന്റെ കൂടെ അവസാനത്തെ ഹജ്ജില്‍ പങ്കെടുത്തവര്‍ ഒരു ലക്ഷത്തി നാല്‍പതിനായിരമുണ്ടായിരുന്നു എന്നതില്‍നിന്ന് ഈ സഹാബിമാരുടെ എണ്ണം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.
4. എഴുത്തും വായനയും അറിയാവുന്ന സഹാബിവര്യന്മാരില്‍ ഗണ്യമായൊരു വിഭാഗം സ്വന്തം നിലയില്‍ ഖുര്‍ആന്‍ എഴുതിവെക്കുകയും പ്രവാചകനെ അത് കേള്‍പ്പിച്ചു ശരിയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.

ചുരുക്കത്തില്‍, ഇന്ന് നമ്മുടെ കൈവശമുള്ള ഖുര്‍ആന്‍ അക്ഷരം പ്രതി പ്രവാചകന്‍ ദൈവവചനം എന്ന നിലയില്‍ സമര്‍പ്പിച്ച അതേ ഖുര്‍ആന്‍ തന്നെയാണെന്നത് അനിഷേധ്യമായൊരു ചരിത്ര യാഥാര്‍ഥ്യമാണ്. പ്രവാചകന്റെ മരണാനന്തരം പ്രഥമ ഖലീഫ ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ് എല്ലാ മനഃപാഠക്കാരെയും ആലേഖന വിദഗ്ധരെയും ഒരുമിച്ചു കൂട്ടി ലിഖിത രൂപത്തിലുള്ള ഒരു സമ്പൂര്‍ണ പതിപ്പു തയാറാക്കി. ഹസ്രത്ത് ഉസ്മാന്റെ കാലത്ത് അതിന്റെ പകര്‍പ്പുകളെടുത്ത് സര്‍ക്കാര്‍ തലത്തില്‍ ഇസ് ലാമിക ലോകത്തിന്റെ കേന്ദ്രപ്രദേശങ്ങളിലേക്ക് അയച്ചുകൊടുത്തു. അതിന്റെ രണ്ടു പകര്‍പ്പുകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്; ഒന്ന് ഇസ്താംബൂളിലും മറ്റൊന്ന് താഷ്‌ക്കന്റിലും. വേണമെങ്കില്‍ ആര്‍ക്കും സ്വന്തം കൈവശമുള്ള മുസ്ഹഫുമായി അവിടെ ചെന്ന് അതുമായി ഒത്ത് നോക്കി പരിശോധിക്കാവുന്നതാണ്. രണ്ടും തമ്മില്‍ ഒരു വ്യത്യാസവും അവര്‍ക്ക് കാണാന്‍ സാധിക്കുന്നതല്ല. എങ്ങനെ കണ്ടെത്താനാണ്? പ്രവാചകന്റെ കാലം മുതല്‍ ഇന്നേവരെ, തലമുറകളിലായി ലക്ഷക്കണക്കിലും കോടിക്കണക്കിലും ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ നിലനിന്ന് പോന്നിരുന്നു. ഒരു വാക്കെങ്കിലും ആരെങ്കിലും തെറ്റിച്ചാല്‍ മനഃപാഠമുള്ള ഈ ഹാഫിസുകള്‍ അവരെ പിടികൂടുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജര്‍മനിയിലെ മ്യൂണിക്ക് യൂനിവേഴ്‌സിറ്റിയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് കൈയെഴുത്ത് പ്രതികളും മുദ്രിത കോപ്പികളുമടക്കം 42 ആയിരം ഖുര്‍ആന്‍ കോപ്പികൾ ശേഖരിക്കുകയുണ്ടായി. എന്നിട്ട് 25 വര്‍ഷത്തോളം അതില്‍ ഗവേഷണം നടത്തി. അവസാനം ഒരു റിപ്പോര്‍ട്ടു സമര്‍പ്പിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്നത് ഇതായിരുന്നു: ഈ പകര്‍പ്പുകളില്‍ എഴുത്തു രൂപത്തിലെ തെറ്റുകളല്ലാതെ മറ്റൊരു വ്യത്യാസവും ഇല്ല. അതേസമയം ഇവ ഹിജ്‌റ ഒന്നാം നൂറ്റാണ്ടു മുതല്‍ പതിന്നാലാം നൂറ്റാണ്ടുവരെയുള്ള കോപ്പികളായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ശേഖരിച്ചതായിരുന്നു ഈ കോപ്പികള്‍. ഖേദകരമെന്ന് പറയട്ടെ രണ്ടാം ലോക യുദ്ധകാലത്ത് ബോംബാക്രമണത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ന്നുപോയി. എങ്കിലും അവരുടെ ഗവേഷണ ഫലങ്ങള്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമായില്ല.

വിശുദ്ധ ഖുര്‍ആനെക്കുറിച്ചു മറ്റൊരു സംഗതി കൂടി ശ്രദ്ധയിലുണ്ടായിരിക്കേണ്ടതുണ്ട്. ഏത് ഭാഷയിലാണോ അത് ഇറങ്ങിയത് അതൊരു ജീവല്‍ ഭാഷയായിരുന്നു എന്നതാണത്. ഇറാഖ് മുതല്‍ മൊറോക്കോ വരെ ഏതാണ്ട് 12 കോടി ജനങ്ങളുടെ സംസാരഭഷയും മാതൃഭാഷയുമാണ് ഇപ്പോഴും ഇത്. അറബേതര ലോകത്തുള്ള ലക്ഷക്കണക്കില്‍ ആളുകളും ഈ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അറബി ഭാഷയുടെ ഗ്രാമര്‍, ആ ഭാഷയിലെ പദങ്ങള്‍, അതിന്റെ ഉച്ചാരണം, അതിന്റെ പ്രയോഗങ്ങള്‍ എന്നിവയൊക്കെ പതിന്നാല് നൂറ്റാണ്ടുകളായി അതേ പോലെ നിലനില്‍ക്കുന്നു. എല്ലാ അറബി ഭാഷക്കാരും പതിന്നാല് നൂറ്റാണ്ട് മുമ്പത്തെ അറബികള്‍ അത് വായിച്ചു മനസ്സിലാക്കിയ പോലെത്തന്നെ ഇന്നും വായിച്ചു മനസ്സിലാക്കുന്നു.
മറ്റൊരു പ്രവാചകനും മതാചാര്യനുമില്ലാത്ത, മുഹമ്മദ് നബിയുടെ മാത്രം സവിശേഷതയാണിത്. മനുഷ്യരാശിയുടെ സന്മാര്‍ഗത്തിനായി അല്ലാഹു ഇറക്കിയ ഗ്രന്ഥം അതിന്റെ മൂലഭാഷയില്‍ തന്നെ, മൂലപദങ്ങള്‍ യാതൊരു വ്യത്യാസവുമില്ലാതെ നിലനില്‍ക്കുന്നു.

നബിയുടെ ജീവചരിത്രത്തിന്റെയും ചര്യയുടെയും ആധികാരികത
ഇനി മറ്റൊരു സവിശേഷത നോക്കുക. മുഹമ്മദ് നബി കൊണ്ടുവന്ന വേദഗ്രന്ഥം പോലെത്തന്നെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് മാര്‍ഗദര്‍ശനം ചെയ്യാന്‍ സാധിക്കുന്ന തിരുനബിയുടെ ജീവചരിത്രവും സുരക്ഷിതമാണെന്നതാണ് ഇതര പ്രവാചകന്മാരെയും മതാചാര്യന്മാരെയും അപേക്ഷിച്ചു തിരുനബിക്കുള്ള മറ്റൊരു സവിശേഷത. ബാല്യം മുതല്‍ അന്ത്യശ്വാസം വരെ എത്ര ആളുകള്‍ അദ്ദേഹത്തെ കണ്ടോ, തിരുമേനിയുടെ ജീവിതാവസ്ഥകള്‍ കണ്ടോ, വാക്കുകള്‍ കേട്ടോ, പ്രസംഗങ്ങള്‍ കേട്ടോ, ഏതിനെ സംബന്ധിച്ചുള്ള അനുകൂല വിധി പറയുന്നത് കേട്ടോ, അല്ലെങ്കില്‍ ഏതിനെ തടയുന്നത് കണ്ടോ അതൊക്കെത്തന്നെയും വമ്പിച്ചൊരു ജനസഞ്ചയം ഓര്‍മയില്‍ സൂക്ഷിക്കുകയും പിന്‍തലമുറക്ക് അത് എത്തിച്ചുകൊടുക്കുകയും ചെയ്തു.
ചില ഗവേഷണ പടുക്കളുടെ അഭിപ്രായത്തില്‍ കണ്ണുകൊണ്ട് കാണുകയും കാത്‌കൊണ്ട് കേള്‍ക്കുകയും ചെയ്ത ആ ആളുകളുടെ സംഖ്യ ഒരു ലക്ഷത്തോളം വരും. ചില നിയമ വിധികള്‍ പ്രവാചകന്‍ സ്വയം എഴുതിച്ചു ചില ആളുകളെ ഏല്‍പിക്കുകയോ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയോ ചെയ്തു. അവരില്‍നിന്ന് അവ പില്‍ക്കാലക്കാര്‍ക്ക് ലഭിച്ചു. തിരുമേനിയുടെ ഹദീസുകള്‍, എഴുതിയെടുത്ത്, അബദ്ധം സംഭവിക്കാതിരിക്കാന്‍ തിരുമേനിയെ അവ കേള്‍പ്പിക്കാറുണ്ടായിരുന്നു ചുരുങ്ങിയത് ആറു സഹാബികളെങ്കിലുമുണ്ടായിരുന്നു. ആ ലിഖിതങ്ങളും പില്‍ക്കാലക്കാര്‍ക്ക് ലഭിച്ചു. നബിയുടെ മരണാനന്തരം തിരുമേനിയുടെ സ്ഥിതിഗതികളും വാക്കുകളും തിരുമേനിയുമായി ബന്ധപ്പെട്ട സംഭവങ്ങളും ശേഖരിച്ച ചുരുങ്ങിയത് അമ്പത് സഹാബികളെങ്കിലുമുണ്ട്. ഈ വിജ്ഞാന ശേഖരവും പില്‍ക്കാലത്ത് ഹദീസുകള്‍ ശേഖരിച്ചു ക്രോഡീകരിക്കുക എന്ന സേവനം ചെയ്തവര്‍ക്ക് ലഭ്യമായി. പിന്നെ, നബിയുടെ ജീവിത സംബന്ധിയായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സഹാബികളുടെ എണ്ണം ചില ഗവേഷകന്മാരുടെ പക്ഷത്തില്‍, നേരത്തെ ഞാന്‍ വ്യക്തമാക്കിയ പോലെ ഒരു ലക്ഷത്തോളം വരുമെന്ന് പറഞ്ഞതില്‍ അത്ഭുതമൊന്നുമില്ല. കാരണം 'ഹജ്ജത്തുല്‍ വിദാഅ്' (വിടവാങ്ങല്‍ ഹജ്ജ്) എന്നറിയപ്പെടുന്ന നബിയുടെ അന്തിമ ഹജ്ജില്‍ പങ്കെടുത്തവരുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പതിനായിരം വരുമായിരുന്നു. അത്രയും ആളുകള്‍ നബി ഹജ്ജ് ചെയ്യുന്നത് കണ്ടു. തിരുമേനിയില്‍നിന്ന് അതിന്റെ രീതി പഠിച്ചു, ആ സന്ദര്‍ഭത്തില്‍ തിരുമേനി ചെയ്ത പ്രഭാഷണം കേട്ടു. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഇത്രയും ആളുകള്‍ നബിയോടൊപ്പം ഹജ്ജ് നിര്‍വഹിച്ച ശേഷം താന്താങ്ങളുടെ പ്രദേശങ്ങളില്‍ മടങ്ങി എത്തുമ്പോള്‍ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അവരോട് യാത്രാ വിശേഷങ്ങളും ഹജ്ജിന്റെ നിയമ വിധികളും ചോദിക്കുക എന്നത് സംഭവിക്കാതിരിക്കുമോ? ദൈവദൂതനെപ്പോലുള്ള ഒരു മഹാത്മാവ് ഈ ലോകത്തോട് വിടപറഞ്ഞശേഷം ആളുകള്‍ എത്രമാത്രം താല്‍പര്യപൂര്‍വമായിരിക്കും തിരുമേനിയുടെ ജീവിതാവസ്ഥകളും വാക്കുകളും കര്‍മങ്ങളും നിയമവിധികളും തിരുമേനിയെ നേരിട്ടു കാണുകയും നിര്‍ദേശങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തവരോട് ചോദിച്ചിരിക്കുക എന്ന് ഊഹിക്കാവുന്നതാണ്.

പില്‍ക്കാല തലമുറകള്‍ക്ക് സഹാബി വര്യന്മാരില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളെ കുറിച്ചു ആദ്യമേ ഒരു രീതി സ്വീകരിച്ചിരുന്നു. നബിയോട് എന്തെങ്കിലും ചേര്‍ത്ത് പറയുന്നത് ആരാകട്ടെ അയാള്‍ താനിത് ആരില്‍നിന്ന് കേട്ടുവെന്നും അതിനു മുമ്പുള്ള റിപ്പോര്‍ട്ട് ശൃംഖലയില്‍ ഓരോരുത്തരും കേട്ടത് ആരില്‍നിന്നാണെന്നും വ്യക്തമാക്കേണ്ടതുണ്ട് എന്നതായിരുന്നു അത്. അങ്ങനെ തിരുമേനിയില്‍ എത്തുന്നത് വരെയുള്ള ശൃംഖലയിലെ ഓരോ കണ്ണിയും പരിശോധിച്ചു സാധുവായ രൂപത്തിലാണ് അത് തിരുമേനിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് തൃപ്തികരമായി ബോധ്യപ്പെട്ടിരിക്കണം. റിപ്പോര്‍ട്ടിംഗിലെ മുഴുവന്‍ കണ്ണികളും ലഭ്യമല്ലെങ്കില്‍ ഹദീസിന്റെ സാധുത സംശയാസ്പദമായിത്തീരും. കണ്ണികള്‍ നബിതിരുമേനി വരെ എത്തിയാലും ഇടക്ക് ഏതെങ്കിലും റിപ്പോര്‍ട്ടര്‍ അവലംബനീയമല്ലാതാവുകയാണെങ്കില്‍ ആ റിപ്പോര്‍ട്ട് അസ്വീകാര്യായിരിക്കും. ലോകത്ത് ഒരാളുടെയും ജീവിതം ഇമ്മട്ടില്‍ ക്രോഡീകരിക്കപ്പെട്ടതായില്ലെന്ന് അല്‍പം ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. ഇത് നബിതിരുമേനിക്ക് മാത്രം ലഭ്യമായ ഒരു പ്രത്യേകതയത്രെ; തിരുമേനിയെക്കുറിച്ച ഒരു സംഗതിയും ആധികാരിക നിവേദക ശൃംഖലയില്ലാതെ അംഗീകരിക്കപ്പെടുകയില്ല എന്നു പ്രത്യേകത. ഒരു ഹദീസിന്റെ നിവേദക ശൃംഖല നബിതിരുമേനി വരെ എത്തുന്നുണ്ടോ ഇല്ലേ എന്ന് മാത്രവുമല്ല നോക്കുന്നത്. ആ ശൃംഖലയിലെ എല്ലാ റിപ്പോര്‍ട്ടര്‍മാരും വിശ്വസ്തരാണോ അല്ലേ എന്ന് കൂടിയാണ്. അതിനായി റിപ്പോര്‍ട്ടര്‍മാരുടെ ജീവിതാവസ്ഥകള്‍ കൂടി പരിശോധനക്ക് വിധേയമാക്കപ്പെടുന്നു. അവരില്‍ വിശ്വസ്തര്‍ ആര്‍, വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ ആര്‍ എന്നറിയാന്‍ പര്യാപ്തമായ, അവരെ സംബന്ധിച്ച വിസ്തരിച്ച ഗ്രന്ഥങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. അവരുടെ ക്യാരക്ടര്‍ അങ്ങനെയുള്ളതാണ്, ശരിക്കും മനഃപാഠ സിദ്ധിയുള്ളത് ആര്‍, ആരല്ല, അയാള്‍ ആരില്‍നിന്നാണോ റിപ്പോര്‍ട്ട് ചെയ്തത് അയാളെ നേരില്‍ കണ്ടാണോ റിപ്പോര്‍ട്ട് ചെയ്തത് അതോ കാണാതെ അയാളുടെ പേര് പറയുക മാത്രമാണോ എന്നിങ്ങനെ വളരെ വിപുലമായ തോതില്‍ റിപ്പോര്‍ട്ടര്‍മാരെകുറിച്ച വിവരങ്ങള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇതുവഴി, ഇന്നും ഓരോരോ ഹദീസും പരിശോധിച്ച് അത് വിശ്വസനീയ മാര്‍ഗത്തിലൂടെയാണോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അതോ മറിച്ചോ എന്ന് ഇന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത്രയും ആധികാരികമായ മാര്‍ഗേണ ജീവിതാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റേതെങ്കിലുമൊരാളെ മനുഷ്യ ചരിത്രത്തില്‍ കാണാന്‍ സാധിക്കുമോ? ഒരാളുടെ ജീവിതാവസ്ഥകളുടെ ആധികാരികത ഉറപ്പിച്ചു മനസ്സിലാക്കാന്‍ ആയിരക്കണക്കില്‍ ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടതിന് മറ്റൊരു ഉദാഹരണം ലഭ്യമാണോ? ഹദീസുകളുടെ സാധുതയില്‍ സംശയം ജനിപ്പിക്കാന്‍ ജൂത-ക്രൈസ്തവ പണ്ഡിതന്മാര്‍ കിണഞ്ഞു ശ്രമിക്കാന്‍ കാരണം തങ്ങളുടെ മതഗ്രന്ഥങ്ങള്‍ക്കും മതാചാര്യന്മാരുടെ ചരിത്രത്തിനും ഇമ്മട്ടിലുള്ള ആധികാരിക റഫറന്‍സുകള്‍ ഇല്ലാത്തതിലുള്ള അസൂയമാത്രമാണ്. ഈ അസൂയമൂലം ഖുര്‍ആനും ഹദീസുകളും വിമര്‍ശിക്കുന്നതില്‍ ബുദ്ധിപരമായ സത്യസന്ധത (Intellectual Honesty) പാലിക്കുന്നത് ബോധപൂര്‍വം അവര്‍ അവഗണിച്ചു.

ജീവിതത്തിന്റെ സമസ്ത വശങ്ങളും സുജ്ഞാതം
തികച്ചും ആധികാരിക രൂപത്തിലാണ് നമുക്ക് ലഭിച്ചത് എന്നത് മാത്രമല്ല തിരുനബിയുടെ ജീവിതത്തിന്റെ പ്രത്യേകത; മറ്റൊരു ചരിത്ര പുരുഷനെ സംബന്ധിച്ചും ലഭ്യമല്ലാത്ത ജീവിതത്തിന്റെ എല്ലാ വശങ്ങളും ലഭ്യമാണെന്നത് കൂടിയാണ് ആ ജീവിതത്തെ വ്യതിരിക്തമാക്കുന്ന സവിശേഷത. പ്രവാചകത്വ ലബ്ധിക്ക് മുമ്പ് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നു? എങ്ങനെയാണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചത്? അദ്ദേഹത്തിന് വെളിപാടിറങ്ങിയത് എങ്ങനെയായിരുന്നു? എങ്ങനെയാണ് അദ്ദേഹം ഇസ് ലാമിന്റെ സന്ദേശം പ്രചരിപ്പിച്ചത്? പ്രതിയോഗികളെയും ശത്രുക്കളെയും നേരിട്ടതെങ്ങനെ? തന്നോടൊപ്പം നിന്നവര്‍ക്ക് ശിക്ഷണം നല്‍കിയതെങ്ങനെ? ഗൃഹാന്തര്‍ഭാഗത്ത് ജീവിച്ചതെങ്ങനെ? സുഹൃത്തുക്കളോടും ശത്രുക്കളോടുമുള്ള പെരുമാറ്റം എങ്ങനെ? എന്ത് ധാര്‍മികാധ്യാപനങ്ങളാണ് നല്‍കിയിരുന്നത്? അദ്ദേഹത്തിന്റെ സ്വഭാവം എങ്ങനെയായിരുന്നു? എന്തൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കല്‍പനകള്‍? എന്തൊക്കെയായിരുന്നു നിരോധനങ്ങള്‍? അദ്ദേഹം കണ്ടിരിക്കെ തടയാനൊരുങ്ങാതെ നടന്ന് പോകാന്‍ അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെ? തടഞ്ഞതേതൊക്കെ? ഇവയുടെയെല്ലാം ഒന്നൊഴിയാതെയുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തിന്റെ ഹദീസുകളിലും ജീവചരിത്രങ്ങളിലും ലഭ്യമാണ്. തിരുമേനി ഒരു സൈനിക ജനറല്‍ കൂടിയായിരുന്നു. തിരുമേനിയുടെ നേതൃത്വത്തില്‍ എത്ര യുദ്ധങ്ങള്‍ നടന്നോ അവയുടെയെല്ലാം വിശദാംശങ്ങള്‍ ലഭിക്കുന്നതാണ്. ഒരു ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ എല്ലാ വിശദ വിവരങ്ങളും നമുക്ക് ലഭ്യമാണ്. ഒരു ന്യായാധിപനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുമ്പാകെ വന്ന എല്ലാ കേസുകളുടെയും പൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. ഒപ്പം, ഓരോ കേസിലും എന്ത് വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ചത് എന്ന വിവരവും മനസ്സിലാക്കാന്‍ കഴിയും. അദ്ദേഹം അങ്ങാടികളില്‍ സഞ്ചരിച്ചു ജനങ്ങളുടെ ക്രയവിക്രയ വ്യവഹാരങ്ങള്‍ നിരീക്ഷിക്കാറുണ്ടായിരുന്നു.  അതില്‍ വല്ല തെറ്റും കണ്ടാല്‍ തത്സമയം അത് തടയും. ശരിയായ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കും. ചുരുക്കത്തില്‍ തിരുമേനി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാതെ ഒഴിവാക്കിയ, ജീവിതത്തിന്റെ ഒരു വശവുമുണ്ടായിരുന്നില്ല.

ഇക്കാരണങ്ങളാലാണ്, എല്ലാ പ്രവാചക്‌നമാരുടെയും മതാചാര്യന്മാരുടെയും കൂട്ടത്തില്‍ മനുഷ്യ രാശിക്ക് സന്മാര്‍ഗത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അവലംബിക്കാവുന്ന ഒരേയൊരു അസ്തിത്വമായുള്ളത് മുഹമ്മദ് നബി മാത്രമാണെന്ന് യാതൊരു പക്ഷപാതവും കൂടാതെ പൂര്‍ണ അറിവോടെയും ഉറപ്പോടെയും നാം പറയുന്നത്. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം സമര്‍പ്പിച്ച വേദഗ്രന്ഥം അതിന്റെ മൂലാക്ഷരങ്ങളില്‍ ഇന്നും സുരക്ഷിതമാണ്. സന്മാര്‍ഗത്തിനാവശ്യമായ എല്ലാ വിശദാംശങ്ങളോടും കൂടി അദ്ദേഹത്തിന്റെ ജീവചരിത്രവും വിശ്വസനീയവും ആധികാരികവുമായ വഴികളിലൂടെ നമുക്കെത്തി കിട്ടിയിട്ടുമുണ്ട്.

സാര്‍വലൗകിക സന്ദേശം
തിരുമേനിയുടെ സന്ദേശത്തില്‍ ആദ്യമായി നമുക്ക് കാണാന്‍ കഴിയുക അദ്ദേഹം വര്‍ണം, വംശം, ഭാഷ, ദേശം തുടങ്ങിയ എല്ലാ ഭേദങ്ങളും അവഗണിച്ചു മനുഷ്യനെ മനുഷ്യന്‍ എന്ന നിലയില്‍ മാത്രം അഭിസംബോധന ചെയ്യുന്നതാണ്. എല്ലാ മനുഷ്യരുടെയും നന്മക്കായി ചില അടിസ്ഥാനതത്ത്വങ്ങള്‍ സമര്‍പ്പിക്കുന്നതാണ്. ആ അടിസ്ഥാനങ്ങള്‍ ആര്‍ അനുസരിക്കുന്നോ അയാളാണ് മുസ് ലിം. ഒരു സാര്‍വലൗകിക സമൂഹത്തിലെ അംഗം. അയാള്‍ കറുത്തവനായാലും ശരി വെളുത്തവനായാലും ശരി. പൗരസ്ത്യനാണെങ്കിലും ശരി പാശ്ചാത്യനാണെങ്കിലും ശരി. അറബിയാണെങ്കിലും ശരി അനറബിയാണെങ്കിലും ശരി. അയാള്‍ അവിടെയുള്ള ഏത് മനുഷ്യനാണെങ്കിലും, അയാളുടെ തൊലിയുടെ നിറം എന്ത് തന്നെയായാലും അയാളുടെ സംസാരഭാഷ ഏതായാലും, ഏത് രാജ്യത്ത്, സമുദായത്തില്‍, വംശത്തിലാണ് അയാള്‍ ജനിച്ചതെങ്കിലും അയാള്‍ മുഹമ്മദ് നബിയുടെ സന്ദേശത്തിന്റെ അഭിസംബോധിതനാണ്. അയാള്‍ തിരുമേനി സമര്‍പ്പിച്ച അടിസ്ഥാനതത്വങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ തീര്‍ത്തും തുല്യമായ അവകാശങ്ങളോട് കൂടി അയാള്‍ മുസ് ലിം സമൂഹത്തിലെ അംഗമായി ചേര്‍ക്കപ്പെടും. ആദര്‍ശപരമായ ഐക്യം സ്ഥാപിതമായ ശേഷം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനില്‍നിന്ന് മാറ്റിനിറുത്തുന്ന യാതൊരു അയിത്തമോ ഉച്ചനീചത്വമോ, ഭാഷാപരമോ വര്‍ഗപരമോ ആയ വിവേചനമോ, വംശീയമോ സാമുദായികമോ ഭൂമിശാസ്ത്രപരമോ ആയ വ്യത്യാസമോ മുസ് ലിം സമൂഹത്തില്‍ ഉണ്ടാവുകയില്ല.

വര്‍ണ വംശ പക്ഷപാതിത്വത്തിന് ഉത്തമ ചികിത്സ
അറേബ്യയിലെ മുഹമ്മദ് നബി വഴി മനുഷ്യ സഞ്ചയത്തിന് ലഭിച്ച വലിയൊരു അനുഗ്രഹമാണിതെന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നതാണ്. മനുഷ്യനും മനുഷ്യനുമിടയിലെ ഈ വിവേചനങ്ങളാണ് മനുഷ്യനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ നാശഹേതുകം. ചില സ്ഥലങ്ങളില്‍ അവനെ മലിന വസ്തുവായി കരുതി തൊട്ടുകൂടാത്തവനാക്കി. ബ്രാഹ്മണന് നല്‍കപ്പെടുന്ന അവകാശങ്ങള്‍ എന്നിട്ടവന് നിഷേധിക്കപ്പെടുന്നു. ചില സ്ഥലങ്ങളില്‍ അവന്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ആസ്‌ത്രേലിയയിലും അമേരിക്കയിലും അധിനിവേശം ചെയ്തവര്‍ക്ക് ഭൂമി ഒഴിഞ്ഞുകിട്ടാന്‍ അങ്ങനെയാണ് അവിടങ്ങളിലെ ആദിവാസികള്‍ ഉന്മുലനം ചെയ്യപ്പെട്ടത്. ചില സ്ഥലങ്ങളില്‍ അവരെ പിടികൂടി അടിമകളാക്കി. മൃഗസമാനം അവരെക്കൊണ്ട് വേല ചെയ്യിച്ചു. കാരണം അവര്‍ ആഫ്രിക്കയില്‍ ജീവിച്ചവരായിരുന്നു. അവരുടെ നിറം കറുപ്പുമായിരുന്നു. ചുരുക്കത്തില്‍ സമുദായം, ദേശം, ഭാഷ, വംശം, നിറം എന്നീ വിവേചനങ്ങള്‍ പ്രാചീനം കാലംതൊട്ട് ഇന്നും മനുഷ്യരാശിക്ക് വമ്പിച്ചൊരു ആപത്തായി തുടരുകയാണ്. അതിന്റെ പേരിലാണ് യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ കടന്നാക്രമിക്കുന്നത്. ഒരു സമുദായം മറ്റൊരു സമുദായത്തെ കൊള്ളയടിക്കുന്നത്. തലമുറകള്‍ തന്നെ നശിച്ചു മണ്ണടിയുന്നത്. ഈ രോഗം പ്രവാചകന്‍ തിരുമേനി ചികിത്സിച്ചു ഭേദമാക്കി. വംശവര്‍ണ ദേശ വിവേചനങ്ങള്‍ പരിഹരിക്കുന്നതില്‍ ഇസ് ലാം വിജയിച്ച പോലെ വിയജിക്കാനുള്ള ഭാഗ്യം മറ്റൊന്നിനുമുണ്ടായിട്ടില്ല എന്ന് ഇസ് ലാമിന്റെ ശത്രുക്കള്‍ പോലും സമ്മതിക്കത്തക്കവിധം പ്രസ്തുത രോഗം നബിതിരുമേനി ചികിത്സിച്ചു ഭേദമാക്കുകയുണ്ടായി.

അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരുടെ നേതാവായ മാല്‍ക്കം എക്‌സ് ഒരു കാലത്ത് വെള്ളക്കാര്‍ക്കെതിരെ കടുത്ത കറുപ്പ് പക്ഷപാതിയായിരുന്നു. ഇസ്്ലാം ആശ്ലേഷിച്ച ശേഷം ഹജ്ജ് തീര്‍ഥാടനത്തിന് പോയപ്പോള്‍ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമുള്ള ലോകത്തിന്റെ എല്ലാ ദേശങ്ങളിലെയും വംശങ്ങളിലെയും എല്ലാ ഭാഷകളും സംസാരിക്കുന്ന എല്ലാ നിറങ്ങളിലുമുള്ള ജനലക്ഷങ്ങള്‍ ഒരേ ഇഹ് റാം വസ്ത്രമണിഞ്ഞു ഒരേ ഭാഷയില്‍ ലബ്ബൈക ലബ്ബൈക എന്ന മുദ്രാവാക്യം മുഴക്കി ഒന്നിച്ച് കഅ്ബാലയം പ്രദക്ഷിണം ചെയ്യുകയും ഒരേ ഇമാമിന്റെ പിന്നില്‍ ഒന്നിച്ചണിനിരന്ന് നിസ്‌കരിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ വര്‍ണ-വംശ പ്രശ്‌നത്തിന്റെ ശരിയായ പരിഹാരം ഇതാണെന്നും ഞങ്ങള്‍ ഇതേവരെ ചെയ്തു പോന്നതല്ലെന്നും മാല്‍കം എക്‌സ് വിളിച്ചുപറഞ്ഞു പോയി. ആ മഹാത്മാവിനെ അക്രമികള്‍ കൊന്നു കളഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മകഥ ലഭ്യമാണ്. അത് വായിച്ചാല്‍ ഹജ്ജ് തീര്‍ത്ഥാടനത്തില്‍നിന്ന് അദ്ദേഹം ഉള്‍ക്കൊണ്ട അഗാധമായ സ്വാധീനം എത്രമാത്രമായിരുന്നെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
ഈ ഹജ്ജ് എന്ന് പറയുന്നത് ഇസ്്ലാമിന്റെ ആരാധനാ ചടങ്ങുകളില്‍ ഒരു ആരാധന മാത്രമാണ്. പക്ഷേ, ആരെങ്കിലും കണ്ണ് തുറന്ന് ഇസ് ലാമിന്റെ അധ്യാപനങ്ങള്‍ മൊത്തമായി നോക്കുകയാണെങ്കില്‍ അതില്‍ എവിടെയെങ്കിലും വിരല്‍വെച്ച് അത് ഏതെങ്കിലും ഒരു സമുദായത്തിന്റെയോ വംശത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രയോജനത്തിന് വേണ്ടിയുള്ളതാണെന്ന് പറയാന്‍ അയാള്‍ക്ക് സാധിക്കുകയില്ല. ഈ മതം മുഴുക്കെയും അത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന കാര്യത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ സ്വീകരിച്ചു അതിനകത്ത് നിര്‍മിതമായ സാര്‍വലൗകിക  സാഹോദര്യത്തില്‍ ചേരുന്ന എല്ലാ മനുഷ്യരും അതിന്റെ ദൃഷ്ടിയില്‍ സമന്മാരാണ്. എന്ന് മാത്രമല്ല അമുസ് ലിംകളോടു പോലും അത് വെള്ളക്കാര്‍ കറുത്തവരോട് പെരുമാറിയ പോലെ, സാമ്രാജ്യ ശക്തികള്‍ കോളനി ജനങ്ങളോട് പെരുമാറിയ പോലെ, കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തങ്ങളുടെ വൃത്തത്തിനകത്തെ കമ്യൂണിസ്റ്റ്കാരല്ലാത്തവരോട് പെരുമാറിയപോലെ എന്നല്ല സ്വന്തം പാര്‍ട്ടിയിലെത്തന്നെ അനഭിമതരോട് പെരുമാറിയ പോലെ പെരുമാറുകയില്ല.

മാനവതയുടെ ക്ഷേമത്തിനായി ദൈവദൂതന്‍ സമര്‍പ്പിച്ച ആ അടിസ്ഥാന തത്ത്വങ്ങള്‍ ഏതൊക്കെയാണെന്നും, മനുഷ്യന്റെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പു നല്‍കുക മാത്രമല്ല എല്ലാ മനുഷ്യരെയും ഐക്യത്തിന്റെ ചരടില്‍ കോര്‍ത്ത് ഒരു സമൂഹത്തെ സൃഷ്ടിക്കുന്ന ആ തത്ത്വങ്ങളിലെ ഘടകങ്ങളെന്തൊക്കെയാണെന്നുമാണ് ഇനി നമുക്ക് നോക്കാനുള്ളത്.

ഏകദൈവത്വത്തിന്റെ വിശാല സങ്കല്‍പം
അവയില്‍ സര്‍വപ്രധാനം ദൈവത്തിന്റെ ഏകത്വം അംഗീകരിക്കലാണ്. അല്ലാഹു ഉണ്ട് എന്ന അര്‍ഥത്തിലല്ല. അല്ലാഹു ഏകന്‍ മാത്രമാണ് എന്ന അര്‍ഥത്തിലുമല്ല; മറിച്ച്, ഈ പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും നിയന്ത്രകനും ഭരണാധികാരിയുമെല്ലാം അല്ലാഹു മാത്രമാണ് എന്ന അര്‍ഥത്തില്‍. പരമാധികാരമുള്ള മറ്റൊരു അസ്തിത്വവും ഈ പ്രപഞ്ചങ്ങളിലെങ്ങും അവനല്ലാതെ ഇല്ല എന്ന അര്‍ഥത്തില്‍. കല്‍പിക്കാനും നിരോധിക്കാനും അധികാരമുള്ള, അവന്‍ നിരോധിച്ച ഒന്നും അനുവദനീയമാകാത്ത ഏക അസ്തിത്വം. ഈ അധികാരങ്ങളൊന്നും മറ്റൊരസ്തിത്വത്തിനും ഇല്ല. എന്തുകൊണ്ടെന്നാല്‍ സ്രഷ്ടാവും ഉടമസ്ഥനും അവനാണ്. താന്‍ സൃഷ്ടിച്ച ഈ ലോകത്ത് തന്റെ അടിയാറുകള്‍ക്ക് താന്‍ ഉദ്ദേശിക്കുന്നത് അനുവദിക്കാനും താന്‍ ഉദ്ദേശിക്കുന്നത് തടയാനുമുള്ള അവകാശം അവന് മാത്രമേയുള്ളൂ. ഈ അര്‍ഥത്തില്‍ അല്ലാഹുവിനെ അംഗീകരിക്കൂ എന്നാണ് ഇസ് ലാം നല്‍കുന്ന സന്ദേശം. അവനല്ലാത്ത മറ്റൊരു ശക്തിയുടെയും അടിമകളല്ല തങ്ങള്‍ എന്ന അര്‍ഥത്തില്‍ അവനെ അംഗീകരിക്കൂ; അവന്റെ നിയമത്തിനല്ലാതെ മറ്റാരുടെ നിയമത്തിനും നമ്മോട് കല്‍പിക്കാന്‍ അധികാരമില്ല എന്ന അര്‍ഥത്തില്‍, നമ്മുടെ ശിരസ്സ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവനല്ലാത്തവരുടെ മുമ്പില്‍ കുനിക്കാന്‍ വേണ്ടിയല്ല എന്ന അര്‍ഥത്തില്‍ വേണം അവനെ അംഗീകരിക്കേണ്ടത്. നമ്മുടെ ഭാഗധേയം അനുകൂലവും പ്രതികൂലമാക്കുന്നവന്‍ അവന്‍ മാത്രമാണ്. നമ്മുടെ ജനിമൃതികളൊക്കെ അവന്റെ അധികാരഹസ്തത്തിലാണ്. എപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്നുവോ അപ്പോള്‍ അവന് നമ്മെ മരിപ്പിക്കാന്‍ കഴിയും. ഏത് വരെ നമ്മെ ജീവിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവോ അത് വരെ ജീവിപ്പിക്കാനും കഴിയും. അവന്റെ ഭാഗത്ത് നിന്ന് മരണം വരുമ്പോള്‍ അത് തടയാന്‍ ഈ ലോകത്ത് ഒരു ശക്തിയുമുണ്ടാവുകയില്ല. അവന്‍ ജീവന്‍ നല്‍കാന്‍ ഉദ്ദേശിച്ചാല്‍ ജീവന്‍ ഹനിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധിക്കുകയില്ല. ഈയര്‍ഥത്തില്‍ ദൈവത്തെ അംഗീകരിക്കുക. ഇതാണ് ഇസ് ലാമിലെ ദൈവസങ്കല്‍പം.

ഈ സങ്കല്‍പ പ്രകാരം ആകാശഗോളങ്ങള്‍ തൊട്ടു സര്‍വപ്രപഞ്ചവും ദൈവാജ്ഞ ശിരസാവഹിക്കുന്നവയാണ്. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യനും ദൈവത്തെ അനുസരിച്ചു ജീവിക്കേണ്ടവനാണ്. ഇനി അവന്‍ സ്വയം നിര്‍ണയാവകാശമുള്ളവനായി കരുതി ഏതെങ്കിലും ദൈവേതരരെയാണ് അനുസരിക്കുന്നതെങ്കില്‍ അയാളുടെ ജീവിതത്തിന്റെ അവസ്ഥ പ്രപഞ്ച വ്യവസ്ഥക്ക് തികച്ചും വിരുദ്ധമായിത്തീരും. മറ്റൊരു ഭാഷയില്‍ അത് ഇങ്ങനെ മനസ്സിലാക്കാം: മുഴുവന്‍ പ്രപഞ്ചവും ദൈവത്തിന്റെ ആജ്ഞാനുസാരമാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു ബദലുമില്ലാത്ത ഒരു സംഭവ യാഥാര്‍ഥ്യമാണിത്. ഇനി നാം ദൈവമല്ലാത്ത മറ്റാരുടെയെങ്കിലും ആജ്ഞക്ക് വിധേയമായാണ് ചലിക്കുന്നതെന്ന് കരുതുക. അല്ലെങ്കില്‍ നമ്മുടെ അഭീഷ്ടമനുസരിച്ച് എവിടേക്കെങ്കിലും സഞ്ചരിക്കുകയാണെന്ന് കരുതുക. എങ്കില്‍ അതിന്റെ അര്‍ഥം നമ്മുടെ ജീവിതമാകുന്ന വാഹനം പ്രപഞ്ചത്തിന്റെ വാഹനം സഞ്ചരിക്കുന്ന ദിശയുടെ നേരെ എതിര്‍ ദിശയിലേക്കായിരിക്കും സഞ്ചരിക്കുക എന്നാണ്. നമുക്കും പ്രപഞ്ചങ്ങള്‍ക്കുമിടയിലുണ്ടാകുന്ന ഒരു നിരന്തര സംഘട്ടനമാണിത്.
മറ്റൊരു വശത്ത് കൂടെ കൂടി ഇത് നോക്കുക. ഈ സങ്കല്‍പ പ്രകാരം മനുഷ്യനെ സംബന്ധിച്ചേടത്തോളം ശരിയായ ജീവിത രീതി അവന്‍ അല്ലാഹുവിനെ അനുസരിക്കുക എന്നത് മാത്രമാണ്. കാരണം അവന്‍ സൃഷ്ടിയാണ്; അല്ലാഹുവാകട്ടെ മനുഷ്യന്റെ സ്രഷ്ടാവും. സൃഷ്ടി എന്ന നിലയില്‍ അവന്‍ സ്വയം നിര്‍ണയാവകാശമുള്ളവനാകുക എന്നതും തെറ്റാണ്. അയാള്‍ സ്രഷ്ടാവിനെ ഉപേക്ഷിച്ചു മറ്റുള്ളവര്‍ക്ക് അടിമപ്പെടുക എന്നതും തെറ്റാണ്. ഈ രണ്ട് വഴികളില്‍ ഏത് വഴി സ്വീകരിച്ചാലും അത് യാഥാര്‍ഥ്യത്തോട് ഏറ്റുമുട്ടും. യാഥാര്‍ഥ്യവുമായി ഏറ്റുമുട്ടുന്നതിന്റെ വിന ഏറ്റുമുട്ടുന്നവന് തന്നെയാണ് സംഭവിക്കുക. യാഥാര്‍ഥ്യത്തിന് അതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

വിധാതാവിനുള്ള അടിമവേല
ഈ സംഘട്ടനം അവസാനിപ്പിക്കാനാണ് തിരുദൂതരുടെ ആഹ്വാനം. മുഴുവന്‍ പ്രപഞ്ചത്തിന്റെ അതേ നിയമങ്ങളും ചട്ടങ്ങളും തന്നെയാവണം, മനുഷ്യ ജീവിതത്തിന്റെയും. മുഴുവന്‍ പ്രപഞ്ചത്തിന്റെയും ഭരണാധികാരി തന്നെയായിരിക്കണം നിങ്ങളുടെയും ഭരണാധികാരി. നിങ്ങള്‍ സ്വയം നിയമനിര്‍മാതാവരുത്. ദൈവത്തിന്റെ ഭൂമിയില്‍ അവന്റെ ദാസന്മാരുടെ മേല്‍ തങ്ങളുടെ നിയമം നടപ്പിലാക്കാന്‍ മറ്റാരെയും നിങ്ങള്‍ അനുവദിക്കയും അരുത്. യഥാര്‍ഥ നിയമം ലോകനാഥനായ ദൈവത്തിന്റെ നിയമമാണ്. ബാക്കി എല്ലാ നിയമങ്ങളും വ്യാജങ്ങളാണ്.

പ്രവാചകനുള്ള അനുസരണം
ഇവിടെ എത്തുമ്പോള്‍ നാം ദൈവദൂതരുടെ സന്ദേശത്തിന്റെ രണ്ടാമത്തെ ബിന്ദുവില്‍ സന്ധിക്കുന്നു: 'ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്; മനുഷ്യരാശിക്ക് വേണ്ടി അവന്‍ തന്റെ നിയമം എന്നിലൂടെ അയച്ചിരിക്കുകയാണ്, ആ നിയമം അനുസരിക്കാന്‍ ഞാന്‍ സയം ബാധ്യസ്ഥനാണ്; എനിക്ക് സ്വന്തമായി അതില്‍ യാതൊരു ഭേദഗതിയും വരുത്താനുള്ള അധികാരമില്ല; ദൈവത്തില്‍നിന്ന് എനിക്ക് ഇറക്കിത്തന്ന വിശുദ്ധ ഖുര്‍ആന്‍ ആ നിയമമാണ്; ദൈവത്തിന്റെ ആജ്ഞയും നിര്‍ദേശവും പ്രകാരം ഞാന്‍ നടപ്പിലാക്കിയ എന്റെ നടപടി ക്രമങ്ങളും ആ നിയമമാണ്; ആ നിയമത്തിന് മുന്നില്‍ ആദ്യമായി തലകുനിച്ചവനും ഞാന്‍ തന്നെ. ഇതര നിയമങ്ങളെയെല്ലാം വലിച്ചെറിഞ്ഞു ഈ നിയമം മാത്രം പിന്‍പറ്റാന്‍ അതിന് ശേഷം മുഴുവന്‍ മനുഷ്യരാശിയെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു'' എന്ന ദൈവദൂതരുടെ വ്യക്തമായ പ്രസ്താവനയാണത്.

അല്ലാഹുവിന് ശേഷം 
അനുസരണത്തിനര്‍ഹന്‍ നബി

സുന്നത്ത് അഥവാ നബിചര്യ എന്നത് നബിയുടെ വാക്കും പ്രവൃത്തിയുമായിരിക്കെ നബി അത് പിന്തുടരുക എന്നതിന്റെ അര്‍ഥം എന്താണ് എന്ന് ആര്‍ക്കും സംശയമുണ്ടാകേണ്ടതില്ല. അതിന്റെ യഥാര്‍ഥ പൊരുള്‍ ഇതാണ്: ഖുര്‍ആന്‍ എപ്രകാരം അല്ലാഹുവിങ്കല്‍നിന്നാണോ അതേപ്രകാരം ദൈവദൂതന്‍ എന്ന നിലയില്‍ തിരുമേനി എന്തെങ്കിലും കല്‍പിക്കുകയോ വിരോധിക്കുകയോ, ഏതെങ്കിലും വിധേന ഒരു സംഗതി അംഗീകരിക്കുകയോ ചെയ്താല്‍ അതും അല്ലാഹുവിങ്കല്‍നിന്നുള്ളത് തന്നെയാണ്. അതിന്റെ പേരാണ് സുന്നത്ത്. എല്ലാ വിശ്വാസികൾക്കും അത് പിന്തുടരൽ എപ്രകാരം നിര്‍ബന്ധമാണോ അതേ പ്രകാരം തിരുമേനി താനും അത് പിന്തുടര്‍ന്നിരുന്നു. ഇത് ശരിക്കും വ്യക്തമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. സഹാബിവര്യന്മാര്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ''അല്ലാഹുവിന്റെ ദൂതരേ, ഇത് അല്ലാഹുവിന്റെ കല്‍പനയാണോ അതോ അങ്ങയുടെ അഭിപ്രായമോ എന്ന് ചോദിക്കുമ്പോള്‍ ഇത് അല്ലാഹുവിന്റെ കല്‍പനയല്ല എന്റെ അഭിപ്രായമാണ് എന്ന് മറുപടി പറയും. അപ്പോള്‍ സഹാബിവര്യന്മാര്‍ നബിയുടെ അഭിപ്രായത്തിന് വിപരീതമായി സ്വന്തം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തിരുമേനി സ്വന്തം അഭിപ്രായം ഉപേക്ഷിച്ചു ആ നിര്‍ദേശം സ്വീകരിക്കും. ഏതെങ്കിലും വിഷയകമായി നബിതിരുമേനി സഹാബിവര്യന്മാരോട് അഭിപ്രായമാരായുന്ന സന്ദര്‍ഭങ്ങളിലും ഇക്കാര്യം വ്യക്തമാകുന്നതാണ്. ആ വിഷയത്തില്‍ അല്ലാഹുവിങ്കല്‍നിന്ന് യാതൊരു വിധിയും വന്നിട്ടില്ല എന്നതിന് ഈ കൂടിയാലോചന തന്നെ സ്വയം തെളിവാണ്. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന്റെ കല്‍പന ഉണ്ടായിരുന്നെങ്കില്‍ അങ്ങനെയൊരു കൂടിയാലോചനയുടെ പ്രശ്‌നമേ ഉദിക്കുമായിരുന്നില്ല. അത്തരം സന്ദര്‍ഭങ്ങള്‍ നബിയുടെ ജീവിത കാലത്ത് പലതവണ ഉണ്ടായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഹദീസുകളില്‍ ലഭ്യമാണ്. മാത്രമല്ല, നബിയെപ്പോലെ ഇത്രയധികം കൂടിയാലോചന നടത്തുന്ന ആരെയും തങ്ങള്‍ കണ്ടിട്ടില്ലെന്ന് സഹാബികള്‍ തന്നെ പറഞ്ഞിട്ടുള്ളതുമാണ്. ഇതിനെക്കുറിച്ചു ചിന്തിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ കല്‍പനയില്ലാത്ത കാര്യങ്ങളില്‍ അനുയായികളോട് ആലോചിക്കുക എന്നതും നബിയുടെ ഒരു സുന്നത്ത് (ചര്യ) ആയിരുന്നെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്. ഒരു ഭരണാധികാരിയായിരുന്നു എന്നതിരിക്കട്ടെ, അല്ലാഹുവിന്റെ ദൂതനായിട്ടുപോലും സ്വന്തം വ്യക്തിപരമായ അഭിപ്രായം ലോകരുടെ മേല്‍ അദ്ദേഹം അടിച്ചേല്‍പിച്ചില്ല. അങ്ങനെ നബിതിരുമേനി കൂടിയാലോചനയിലൂടെ പ്രവര്‍ത്തിക്കേണ്ട രീതി ക്രമപ്പെടുത്തി ആളുകളെ പഠിപ്പിച്ചു. ഏത് വിഷയത്തില്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടോ അത് സര്‍വാത്മനാ അനുസരിക്കുക, എവിടെ അല്ലാഹുവിന്റെ കല്‍പനയില്ലയോ അവിടെ നിര്‍ഭയം അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുക എന്ന് തിരുമേനി അവരെ പഠിപ്പിച്ചു.

സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ ചാര്‍ട്ടര്‍
സത്യമതമായ ഇസ്്ലാമല്ലാതെ ലോകത്ത് ആരും തന്നെ മനുഷ്യരാശിക്ക് നല്‍കിയിട്ടില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ചാര്‍ട്ടറാണിത്. അല്ലാഹുവിന്റെ അടിമ അല്ലാഹുവിന്റെ മാത്രം അടിമയാവുക. മറ്റാരുടെയും അടിമയാകാതിരിക്കുക. എത്രത്തോളമെന്നാല്‍ അല്ലാഹുവിന്റെ ദൂതന്റെ പോലും അടിമയാകാതിരിക്കുക. നബിതിരുമേനി മനുഷ്യനെ ഏകദൈവമല്ലാത്ത മറ്റെല്ലാ ശക്തികളുടെയും അടിമത്തത്തില്‍നിന്ന് സ്വതന്ത്രനാക്കി. മനുഷ്യന്‍ മനുഷ്യന്റെ അടിമയാകുന്നത് എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അതോടൊപ്പം ഈ സന്ദേശം മനുഷ്യന് മറ്റൊരു മഹത്തായ അനുഗ്രഹം കൂടി നല്‍കി. വളച്ചൊടിക്കാനും മാറ്റിമറിക്കാനും ദുഷ്‌കരമായ ഒരു നിയമത്തിന്റെ അധീശാധികാരമാണത്. വളച്ചൊടിക്കാനോ നിരന്തരം മാറ്റിമറിക്കാനോ ഒരു ചക്രവര്‍ത്തിക്കും ഏകാധിപതിക്കും ജനാധിപത്യ നിയനിര്‍മാണ സഭക്കും ഇസ് ലാം ആശ്ലേഷിച്ച ഒരു വിഭാഗത്തിനും സാധ്യമല്ലാത്ത നിയമം. നന്മയെ തിന്മയോ തിന്മയെ നന്മയോ ആക്കി മാറ്റിമറിക്കാന്‍ കഴിയാത്ത ശാശ്വത മൂല്യങ്ങള്‍ മനുഷ്യന്നത് നല്‍കുന്നു.

പരലോക വിശ്വാസം
നിങ്ങള്‍ ദൈവത്തിന്റെ അടുക്കല്‍ ഉത്തരം ബോധിപ്പിക്കേണ്ടവരാണ് എന്നതത്രെ. നബിതിരുമേനി ആളുകളോട് പറഞ്ഞ മൂന്നാമത്തെ കാര്യം. നിങ്ങള്‍ ഈ ലോകത്ത് കടിഞ്ഞാണില്ലാതെ ഉപേക്ഷിക്കപ്പെട്ടവരല്ല. സ്വാഭീഷ്ടപ്രകാരം എന്തും ചെയ്യാനും ഏത് വയലിലും സ്വതന്ത്രമായി മേയാനും ചോദിക്കാനാരുമില്ലാതെ വിട്ടയക്കപ്പെട്ടവരല്ല നിങ്ങള്‍. മറിച്ചു ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും, തീര്‍ത്തും സ്വതന്ത്രമായ നിങ്ങളുടെ ജീവിതത്തിലെ സമസ്ത കര്‍മങ്ങള്‍ക്കും നിങ്ങളുടെ സ്രഷ്ടാവും ആരാധ്യനുമായ അല്ലാഹുവിന്റെ മുന്നില്‍നിന്നു വിചാരണ ചെയ്യപ്പെടും. മരണാന്തരം നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് വരേണ്ടി വരും. നിങ്ങളുടെ നാഥന്റെ മുന്നില്‍ വിചാരണക്കായി കൊണ്ടുവരപ്പെടും.

വമ്പിച്ചൊരു ധാര്‍മിക ശക്തിയാണിത്. അത് മനുഷ്യന്റെ മനഃസാക്ഷിയില്‍ ഇടംപിടിക്കുകയാണെങ്കില്‍ തെറ്റ് ചെയ്യാനുള്ള ഏത് നീക്കത്തിനും തടയിട്ട് കൊണ്ട് സദാ ഒരു കാവല്‍ക്കാരനായി അത് വര്‍ത്തിക്കും. പുറത്ത് പിടികൂടാന്‍ ഒരു പോലീസോ ശിക്ഷിക്കാന്‍ ഒരു സര്‍ക്കാരോ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ അവന്റെ അകത്ത് ഒരു വിചാരണക്കാരന്‍ ഉണ്ടാകും. ഏകാന്തതയിലാകട്ടെ, കാട്ടിലാകട്ടെ, ഇരുട്ടിലാകട്ടെ, മറ്റേതെങ്കിലും വിജന പ്രദേശങ്ങളിലാകട്ടെ ആ വിചാരണക്കാരന്‍ പിടികൂടുമെന്ന ഭയത്താല്‍ അവന്‍ ദൈവധിക്കാരത്തിന് ഒരുമ്പെടുകയില്ല. മനുഷ്യനില്‍ സ്വഭാവസംസ്‌കരണവും അവന്റെ അകതാരില്‍ ഭദ്രമായയൊരു ക്യാരക്ടറും സൃഷ്ടിക്കാന്‍ ഇതിനേക്കാള്‍ വലിയ മറ്റൊരു ഉപാധിയുമില്ല. മറ്റേതെല്ലാം വഴികളിലൂടെ സ്വഭാവ സംസ്‌കരണത്തിന് നിങ്ങൾ ശ്രമിച്ചാലും നന്മ ഈ ലോകത്ത് ലാഭകരവും തിന്മ നഷ്ടകരവുമാകുക, വിശ്വസ്തത നല്ലൊരു പോളിസിയാവുക എന്നതിനപ്പുറം അത് മുന്നോട്ട് പോവുകയില്ല. അതായത് പോളിസിയുടെ പരിഗണനയില്‍ തിന്മയും വിശ്വാസ ലംഘനവും ഉപകാര പ്രദമാണെങ്കില്‍ പിന്നെ ഒന്നും ആലോചിക്കാതെ അതങ്ങ് ചെയ്യുകതന്നെ. ഈ വീക്ഷണകോണിന്റെ ഫലമായിട്ട് തന്നെയാണ് വ്യക്തി ജീവിതത്തില്‍ നല്ല നിലയുള്ളവര്‍ തന്നെ പൊതുരംഗത്ത് തീരേ വിശ്വസ്തത പാലിക്കാത്തവനും ചതിയനും അക്രമിയുമൊക്കെയായി മാറുന്നത്. വ്യക്തിജീവിതത്തില്‍ തന്നെയും ചില ഇടപാടുകളില്‍ അയാള്‍ നല്ലവനായി കാണപ്പെടുമെങ്കിലും മറ്റ് ചില ഇടപാടുകളില്‍ അയാള്‍ വളരെ മോശമായിരിക്കും. കച്ചവടത്തില്‍ സത്യസന്ധനും പെരുമാറ്റത്തില്‍ സല്‍സ്വഭാവിയുമായ ആളെത്തന്നെ മറ്റൊരു വശത്ത് കുടിയനും വ്യഭിചാരിയും ചൂതാട്ടക്കാരനും കടുത്ത ദുര്‍വൃത്തനുമായി നിങ്ങള്‍ക്ക് കാണാനാകും. ആളുകളുടെ പൊതുജീവിതം ഒന്ന് വേറെ, സ്വകാര്യ ജീവിതം ഒന്ന് വേറെ എന്നാണ് അവര്‍ പറയുക. സ്വകാര്യ ജീവിതത്തിലെ എന്തെങ്കിലും ന്യൂനത ചൂണ്ടിക്കാണിച്ചാല്‍ അവരുടെ റെഡിമെയ്ഡ് പ്രതികരണം നിങ്ങള്‍ നിങ്ങളുടെ പണി നോക്കുക' എന്നായിരിക്കും. ഇതിന് തികച്ചും വിപരീതമായി പരലോക വിശ്വാസം പറയുന്നത് തിന്മ ഏതവസ്ഥയിലും തിന്മ തന്നെയാണ് എന്നത്രെ; അത് ഈ ലോകത്ത് പ്രയോജനപ്രദമാണെങ്കിലും നഷ്ടഹേതുകമാണെങ്കിലും ശരി. ദൈവത്തിന് മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ബോധമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ പബ്ലിക് എന്നും പ്രൈവറ്റ് എന്നും വേറിട്ട രണ്ടു വകുപ്പുകള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. അയാള്‍ സത്യസന്ധത പാലിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അതൊരു നല്ല പോളിസിയായതല്ല. അവന്റെ അസ്തിത്വത്തിനകത്ത് തന്നെ സത്യസന്ധത ഉള്ളത്‌കൊണ്ടാണ്. തന്റെ ജോലി എപ്പോഴെങ്കിലും സത്യസന്ധമാവാതെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ അവന് സാധ്യമല്ല. നീ സത്യസന്ധനായി മാറാത്ത പക്ഷം ജന്തുക്കളെക്കാൾ നീ അധഃസ്ഥിതനായി മാറുമെന്നാണ് അവന്റെ വിശ്വാസം അവനെ പഠിപ്പിക്കുന്നത്; 'നാം മനുഷ്യനെ ഏറ്റവും സുന്ദരമായ ഘടനയില്‍ സൃഷ്ടിച്ച് പിന്നീട് അധഃസ്ഥിതരില്‍ അധഃസ്ഥിതനാക്കി അവനെ മാറ്റി' എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞപോലെ.

ഇങ്ങനെ, മാറ്റാനാകാത്ത സനാതന സദാചാര മൂല്യങ്ങളുടെ നിയമം മാത്രമല്ല, സാമൂഹിക ധര്‍മക്യാരക്റ്ററിന്റെ ഇളക്കി മാറ്റാനാകാത്ത അടിത്തറകള്‍ കൂടിയാണ് നബിതിരുമേനിയില്‍നിന്ന് ലഭിച്ചിട്ടുള്ളത്; ഒരു സര്‍ക്കാരോ പോലീസോ, ന്യായാലയമോ ഒന്നുമില്ലെങ്കിലും കുറ്റവാളിയാകാതെ നിങ്ങള്‍ നേര്‍വഴിയില്‍ സഞ്ചരിക്കുന്ന അടിത്തറകള്‍.

പൗരോഹിത്യത്തിനു പകരം ധര്‍മങ്ങള്‍
നബി തിരുമേനിയുടെ സന്ദേശം മറ്റൊരു പ്രധാനപാഠവും കൂടി നമുക്ക് നല്‍കുന്നുണ്ട്. സദാചാര ധാര്‍മിക മൂല്യങ്ങള്‍ പുരോഹിതന്മാരുടെ ഏകാന്ത മൂലകളിലേക്കുള്ളതല്ല എന്നതാണത്. ദര്‍വേശുകളുടെ 'ഖാന്‍ഖാഹു'കള്‍ക്ക് വേണ്ടിയുള്ളതല്ല; പ്രത്യുത, ഐഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കാനുള്ളതാണത്. ഫഖീറുമാരിലും ദര്‍വേശുകളിലും ലോകം തേടുന്ന ആത്മീയസദാചാര ഔന്നത്യം നബിതിരുമേനി ഭരണകൂടത്തിന്റെ അധികാര പീഠങ്ങളിലും ന്യായാസനങ്ങളിലും പ്രതിഷ്ഠിച്ചു. വ്യാപാര ഇടപാടുകളില്‍ ദൈവഭക്തിയും വിശ്വാസ്യതയും പ്രവര്‍ത്തന ക്ഷമമാകാന്‍ നബിതിരുമേനി പഠിപ്പിച്ചു. പോലീസിനും പട്ടാളത്തിനും തിരുമേനി തഖ് വയുടെ പാഠങ്ങള്‍ ഓതിക്കൊടുത്തു. ദുന്‍യാവിനെ വെടിഞ്ഞു അല്ലാഹ് അല്ലാഹ് എന്ന് വിലപിച്ചു നടക്കുന്നവനാണ് അല്ലാഹുവിന്റെ വലിയ്യ് എന്ന തെറ്റിദ്ധാരണ തിരുമേനി നീക്കി. അതിന്റെ പേരല്ല വിലായത്ത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ ഒരു ഭരണാധികാരിയോ പോലീസോ പട്ടാളക്കാരനോ, സ്‌റ്റേഷന്‍ അധികാരിയോ, സൈനിക മേധാവിയോ, വ്യാപാരിയോ, വ്യവസായിയോ മറ്റേതെങ്കിലും പദവിയിലിരിക്കുന്നവനോ ആയിരിക്കുമ്പോഴും പൂര്‍ണ ലൗകികനായിരിക്കെത്തന്നെ തന്റെ ഈമാന്‍ പരീക്ഷണത്തെ നേരിടുന്ന ആ സന്ദര്‍ഭങ്ങളിലെല്ലാം ദൈവഭക്തനും വിശ്വസ്തനുമാണെന്ന് തെളിയിക്കുന്നതിന്റെ പേരാണ് യഥാര്‍ഥത്തില്‍ വിലായത്ത്. അപ്രകാരം തന്നെ ധര്‍മവും ആത്മീയതയും പൗരോഹിത്യത്തിന്റെ മൂലകളില്‍നിന്ന് പുറത്തെടുത്ത് സമ്പത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സന്ധികളുടെയും യുദ്ധത്തിന്റെയും മൈതാനങ്ങളിലേക്ക് തിരുമേനി കൊണ്ടുവന്നു. അങ്ങനെ അവിടങ്ങളില്‍ ധര്‍മശുദ്ധിക്ക് വാഴാന്‍ ഇടം നല്‍കി.

പ്രവാചകത്വത്തിന്റെ പ്രാരംഭ വേളയില്‍ അദ്ദേഹം കൊള്ളക്കാരായി കണ്ട ആളുകളെ വിശ്വസ്തരും ദൈവത്തിന്റെ സൃഷ്ടികളുടെ ജീവനും ധനവും അന്തസ്സും സംരക്ഷിക്കുന്നവരുമാക്കി മാറ്റിയത് ഇതേ മാര്‍ഗദര്‍ശനത്തിന്റെ ഔദാര്യ ഫലമായിരുന്നു.
അവകാശം അപഹരിക്കുന്നവരെ അവകാശങ്ങള്‍ കൊടുത്തു വീട്ടുന്നവരും വാങ്ങിക്കൊടുക്കുന്നവരും സംരക്ഷിക്കുന്നവരുമായതും തദ്ഫലമായിത്തന്നെ. അക്രമങ്ങളും മര്‍ദനങ്ങളും നടത്തി പ്രജകളെ അടിച്ചമര്‍ത്തുകയും അത്യുന്നത മണിമേടകളില്‍ വിലസി സ്വന്തം ദൈവിക പ്രഭാവം പ്രകടിപ്പിക്കുന്ന ഭരണാധികാരികളെയായിരുന്നു തിരുനബിക്ക് മുമ്പ് ലോകത്തിന് പരിചയം. അങ്ങാടികളില്‍ സാധാരണക്കാരെപ്പോലെ നടക്കുകയും നീതിനിര്‍വഹണത്തിലൂടെ ഹൃദയങ്ങളില്‍ വാഴുകയും ചെയ്യുന്ന ഭരണാധികാരികളെ പ്രവാചകന്‍ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. ഏതെങ്കിലും രാജ്യത്ത് അധിനിവേശം ചെയ്താല്‍ നാനാഭാഗത്തും കൂട്ടക്കൊല നടത്തുകയും ജയിച്ചടക്കപ്പെട്ട ജനങ്ങളുടെ ഭാര്യമാരുടെ മാനം കവരുകയും ചെയ്യുന്ന സൈന്യത്തെയായിരുന്നു ലോകത്തിന് മുമ്പ് പരിചയം. ആ സ്ഥാനത്ത് ഏതെങ്കിലും ഗ്രാമത്തില്‍ വിജയശ്രീലാളിതരായി പ്രവേശിച്ചാല്‍ ശത്രുസേന ഒഴികെ ആരിലും കൈവെക്കാത്ത, ജയിച്ചടക്കിയ നഗരത്തില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്നാല്‍ നഗരവാസികളില്‍നിന്ന് ഈടാക്കിയ ടാക്‌സ് പോലു മടക്കിക്കൊടുക്കുന്ന ഒരു സൈന്യത്തെ പ്രവാചകന്‍ ലോകത്തിന് കാണിച്ചുകൊടുത്തു. രാജ്യങ്ങളും നഗരങ്ങളും ജയിച്ചടക്കിയ കഥകളാല്‍ നിര്‍ഭരമാണ് മാനവ ചരിത്രം. എന്നാല്‍ മക്ക വിജയത്തിനു തുല്യമായൊരു വിജയം നിങ്ങള്‍ക്ക് ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയില്ല. പതിമൂന്ന് വര്‍ഷക്കാലം നബിതിരുമേനിക്കെതിരെ മര്‍ദന പീഡനങ്ങള്‍ അഴിച്ചുവിട്ട ആ ജനതയുടെ നഗരത്തില്‍ തിരുമേനി പ്രവേശിച്ചത് ദൈവത്തിന് മുമ്പില്‍ തലകുനിച്ചുകൊണ്ടായിരുന്നു. തിരുമേനിയുടെ നെറ്റിത്തടം കുതിരയുടെ മഞ്ചത്തോട് ഒട്ടിനിന്നിരുന്നു. തിരുമേനിയുടെ പ്രവൃത്തിയില്‍ അഹന്തയുടെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. പതിമൂന്ന് വര്‍ഷം തിരുമേനിയെ പീഡിപ്പിച്ച, അദ്ദേഹത്തെ പലായനത്തിന് നിര്‍ബന്ധിതനാക്കിയ, പലായനാനന്തരവും എട്ടുവര്‍ഷങ്ങളോളം അദ്ദേഹത്തോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന, ആ ജനത കീഴടക്കപ്പെട്ടവരായി തിരുമേനിയുടെ മുമ്പിലെത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തോട് കരുണയും ഔദാര്യവും തേടി. പ്രതികാരം വീട്ടുന്നതിന് പകരം അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു:
لا تثريب عليكم اليوم. إذهبوا فأنتم الطلقاء
(ഇന്ന് നിങ്ങളെ പിടികൂടുന്നില്ല. പോയ്‌ക്കോളൂ, നിങ്ങള്‍ സ്വതന്ത്രരാണ്).
തിരുമേനിയുടെ ഈ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ സ്വാധീനം തന്റെ സമുദായത്തില്‍ എത്രമാത്രമുണ്ടായിരുന്നുവെന്ന് അറിയാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍, മുസ്്ലിംകള്‍ സ്‌പെയിനില്‍ പ്രവേശിച്ചപ്പോള്‍ അവരുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ മുസ് ലിംകളെ ജയിച്ചടക്കിയപ്പോള്‍ മുസ്്ലിംകളോട് ക്രൈസ്തവര്‍ എങ്ങനെയായിരുന്നു പെരുമാറിയതെന്നുമുള്ള ചരിത്രം അവര്‍ പരിശോധിച്ചു നോക്കട്ടെ. കുരിശ് പടയാളികള്‍ ജറൂസലമില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ മുസ് ലിംകളോട് എങ്ങനെ പെരുമാറിയെന്നും മുസ് ലിംകള്‍ ജറൂസലം തിരിച്ചു പിടിച്ചപ്പോള്‍ അവര്‍ ക്രൈസ്തവരോട് എങ്ങനെ പെരുമാറി എന്നും പരിശോധിച്ചു നോക്കട്ടെ.

നബിയുടെ ജീവിതം ഒരു മഹാസാഗരമാണ്. ഒരു ബൃഹദ് ഗ്രന്ഥത്തിന് പോലും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അപ്പോള്‍ ഒരു പ്രസംഗത്തില്‍ അതെങ്ങനെ കഴിയും! ഞാനിവിടെ അതിന്റെ പ്രകടമായ ചില വശങ്ങളിലേക്ക് പരമാവധി ചുരുക്കി വെളിച്ചം വീശി എന്നേയുള്ളൂ. ആ ഒരു വഴിയിലൂടെ സന്മാര്‍ഗം പ്രാപിച്ചവര്‍ എത്ര ഭാഗ്യവാന്മാര്‍! 
(1975 ഒക്ടോബര്‍ 22-ന് പഞ്ചാബ് യൂനിവേഴ്‌സിറ്റി യൂനിയന്റെ ക്ഷണപ്രകാരം ന്യൂകാംപസില്‍ ചെയ്ത പ്രസംഗം. തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1976 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
വിവ: വി.എ കബീർ

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top