കടം തിരിച്ചു കൊടുക്കുമ്പോൾ സമ്മാനം നൽകൽ

ഡോ. കെ. ഇൽയാസ് മൗലവി‌‌

ചോദ്യം: കുറച്ചു മുമ്പ് ഒരു സുഹൃത്ത് എന്നോട് ഒരു സംഖ്യ കടം വാങ്ങിച്ചിരുന്നു. ഈയിടെ അദ്ദേഹം എനിക്കത് തിരിച്ചു തന്നു. കൂട്ടത്തിൽ നല്ല സാമ്പത്തിക നിലയിലെത്തിയ അദ്ദേഹം വില പിടിപ്പുള്ള ഒരു ഹദ്്യയും സന്തോഷപൂർവം തന്നു. ഞാനത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെയിരിക്കേ, കടം കൊടുത്തവൻ സമ്മാനം സ്വീകരിക്കാൻ പാടില്ലെന്നും അത് പലിശയാണെന്നും ഒരു പ്രസംഗത്തിൽ കേട്ടു. അപ്പോൾ ഒരു ഭയം, ഈ വിഷയകമായി ദീനിന്റെ വിധി എന്താണെന്ന് അറിയിച്ചു തന്നാൽ വളരെ ഉപകാരം.

ഉത്തരം: ഇതിനെ രണ്ടു ചോദ്യമാക്കി വിശദീകരിക്കാം.
ഒന്ന്: കടം നൽകിയ വ്യക്തിക്ക് കടം മേടിച്ച വ്യക്തി വല്ല സമ്മാനമോ മറ്റോ നൽകിയാൽ അതു സ്വീകരിക്കാൻ പറ്റുമോ?

കടം മേടിച്ച വ്യക്തി, സുഹൃദ് ബന്ധത്തിന്റെ പേരിലോ, അയൽപക്ക ബന്ധത്തിന്റെ പേരിലോ, ഇനി ഇതൊന്നുമല്ല തനിക്ക് ഇന്നയാൾ കടം തന്നു സഹായിച്ചു എന്നപേരിൽ തന്നെയുമോ, കടം നൽകിയ വ്യക്തിക്ക് വല്ല സമ്മാനമോ മറ്റോ നൽകിയാൽ, മുൻധാരണ പ്രകാരമോ, ഉപാധി വച്ചുകൊണ്ടോ, അല്ലാതെ സ്വന്തം ഇഷ്ടപ്പെട്ട് പണമായോ മറ്റു വല്ലതുമായോ വല്ല പാരിതോഷികവും നൽകിയാൽ അതു സ്വീകരിക്കാമെന്നാണ് ശരീഅത്ത് പഠിപ്പിക്കുന്നത്. ഇവ്വിഷയകമായി ഹദീസുകളും അതിന് പണ്ഡിതന്മാർ നൽകിയിട്ടുളള വിശദീകരങ്ങളും പരിശോധിച്ചാൽ മനസ്സിലാവും.

അബൂഹുറയ്റയിൽ നിന്ന്: ഒരാൾ നബിയുടെ അടുത്ത് വന്ന് തന്റെ കടം വീട്ടാൻ ആവശ്യപ്പെട്ട് പരുഷമായി സംസാരിച്ചു. അനുചരന്മാർ അയാളെ ചീത്തപറയാനും അടിക്കാനും മുതിർന്നു. അപ്പോൾ നബി പറഞ്ഞു: അയാളെ വിട്ടേക്കുക. തീർച്ചയായും അവകാശം ലഭിക്കേണ്ടവന് സംസാരിക്കാനുള്ള അധികാരമുണ്ട്. തുടർന്ന് അവിടുന്ന് പറഞ്ഞു: അയാൾ തന്ന ഒട്ടകത്തിന് തുല്യമായ പ്രായമുള്ളതിനെ അയാൾക്ക് നൽകുക. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അയാളുടെ ഒട്ടകത്തേക്കാൾ മുന്തിയതല്ലാത്തതതൊന്നും ഞങ്ങൾ കാണുന്നില്ല? അപ്പോൾ നബി (സ) പറഞ്ഞു: നിങ്ങൾ അത് നൽകുക, നിങ്ങളിൽ ഏറ്റവും ഉത്തമൻ ഏറ്റവും നന്നായി കടം വീട്ടുന്നവനാണ്.- (ബുഖാരി: 2306).

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَجُلًا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَقَاضَاهُ، فَأَغْلَظَ، فَهَمَّ بِهِ أَصْحَابُهُ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « دَعُوهُ فَإِنَّ لِصَاحِبِ الْحَقِّ مَقَالًا ». ثُمَّ قَالَ: « أَعْطُوهُ سِنًّا مِثْلَ سِنِّهِ ». قَالُوا: يَا رَسُولَ اللَّهِ، إِلَّا أَمْثَلَ مِنْ سِنِّهِ. فَقَالَ: « أَعْطُوهُ فَإِنَّ مِنْ خَيْرِكُمْ أَحْسَنَكُمْ قَضَاءً ».- رَوَاهُ الْبُخَارِيُّ: 2306، مُتَّفَقٌ عَلَيْهِ.
ജാബിറുബ്നു അബ്ദില്ലയിൽനിന്ന്: ഒരിക്കൽ പൂർവാഹ്നവേളയിൽ ഞാൻ നബി (സ) യെ പള്ളിയിൽ ചെന്നു കാണുകയുണ്ടായി. അപ്പോൾ അവിടുന്ന്‍ പറഞ്ഞു: "രണ്ടു റക്അത്ത് നമസ്കരിച്ചോളൂ. പിന്നീട് എനിക്ക് തന്നുവീട്ടാനുണ്ടായിരുന്ന കടം അദ്ദേഹം തിരിച്ചുതന്നു, കുറച്ച് അധികവും തന്നു- (ബുഖാരി: 1048).

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ: أَتَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ فِي الْمَسْجِدِ قَالَ مِسْعَرٌ: أُرَاهُ قَالَ ضُحًى، فَقَالَ: « صَلِّ رَكْعَتَيْنِ ». وَكَانَ لِي عَلَيْهِ دَيْنٌ فَقَضَانِي وَزَادَنِي.- رَوَاهُ الْبُخَارِيُّ: 2394
അബൂഹുറയ്റയിൽ നിന്ന് നിവേദനം: പ്രവാചകൻ (സ) ഒരാൾക്ക് ഒരു കടം കൊടുത്തുവീട്ടാനുണ്ടായി രുന്നു. അയാളത് വീട്ടാനാവശ്യപ്പെട്ട് പ്രവാചകനോട് പരുഷമായി സംസാരിച്ചു. നബി (സ) യുടെ അനുചരന്മാർ അയാളെ കൈകാര്യം ചെയ്യാൻ തുനിഞ്ഞു. അപ്പോൾ നബി (സ) പറഞ്ഞു: കിട്ടാനുള്ളവന് ചോദിക്കാൻ അവകാശമുണ്ട്. എന്നിട്ട് അവരോട് പറഞ്ഞു: നാം അവർക്ക് കൊടുക്കാനുള്ള ഒട്ടകത്തിന്റെ അത്ര പ്രായമുള്ള ഒരു ഒട്ടകത്തെ വാങ്ങി അയാൾക്ക് കൊടുക്കുക. അവർ പറഞ്ഞു: അതിനെക്കാൾ മെച്ചപ്പെട്ട ഒട്ടകത്തെ മാത്രമേ ഇവിടെ കാണുന്നുള്ളൂ. പ്രവാചകൻ പ്രതിവചിച്ചു: നിങ്ങളത് അയാൾക്ക് വാങ്ങിക്കൊടുക്കുക. നിങ്ങളിൽ ഉത്തമന്മാർ നല്ല നിലയിൽ കടം വീട്ടുന്നവരാണ്. നല്ല നിലയിൽ കടം വീട്ടുന്നതാണ് നിങ്ങൾക്ക് നല്ലത് എന്ന് പാഠഭേദം- (മുസ്‌ലിം: 4194).

عَنْ أَبِى هُرَيْرَةَ قَالَ كَانَ لِرَجُلٍ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ فَأَغْلَظَ لَهُ فَهَمَّ بِهِ أَصْحَابُ النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « إِنَّ لِصَاحِبِ الْحَقِّ مَقَالاً ». فَقَالَ لَهُمُ: « اشْتَرُوا لَهُ سِنًّا فَأَعْطُوهُ إِيَّاهُ ». فَقَالُوا: إِنَّا لاَ نَجِدُ إِلاَّ سِنًّا هُوَ خَيْرٌ مِنْ سِنِّهِ. قَالَ: « فَاشْتَرُوهُ فَأَعْطُوهُ إِيَّاهُ فَإِنَّ مِنْ خَيْرِكُمْ - أَوْ خَيْرَكُمْ - أَحْسَنُكُمْ قَضَاءً ».-رَوَاهُ مُسْلِمٌ: 4194.
ഇമാം നവവി പറയുന്നു: 
ഒരാൾക്ക് വല്ല വീട്ടേണ്ടതായ കടമോ മറ്റോ ഉണ്ടെങ്കിൽ  അതിനേക്കാൾ ഉത്തമമായത് തിരിച്ചു കൊടുക്കുന്നത് അഭികാമ്യമാണെന്ന് ഇതിൽ തെളിവുണ്ട്. അങ്ങനെ ചെയ്യുന്നത് പ്രവാചക ചര്യയിലും ഉത്തമമമായ സ്വഭാവ ഗുണങ്ങളിലും പെട്ടതാണ്. ഇത് കടത്തിന്റെ പേരിൽ എന്തെങ്കിലും ആനുകൂല്യം പറ്റുക എന്ന വിലക്കപ്പെട്ട കാര്യത്തിൽപ്പെട്ടതല്ല,  കടമിടപാടിൽ അത്തരം ഉപാധി വെക്കുന്നതാണ് വിലക്കപ്പെട്ടിട്ടുള്ളത്. അതിനാൽ കടം നൽകിയവന് അത് സ്വീകരിക്കാവുന്നതാണ്, അത് ഗുണത്തിലുള്ള വർധനവായാലും, എണ്ണത്തിലുള്ള വർധനവായാലും തുല്യമാണ്. പത്തു നൽകിയതിന് പതിനൊന്ന് തിരിച്ചു നൽകുന്നത് പോലെ- (ശറഹു മുസ്്ലിം: 3002).

وَقَالَ الإِمَامُ النَّوَوِيُّ: وَفِيهَا: أَنَّهُ يُسْتَحَبّ لِمَنْ عَلَيْهِ دَيْن مِنْ قَرْض وَغَيْره أَنْ يَرُدّ أَجْوَد مِنْ الَّذِي عَلَيْهِ، وَهَذَا مِنْ السُّنَّة وَمَكَارِم الْأَخْلَاق، وَلَيْسَ هُوَ مِنْ قَرْض جَرَّ مَنْفَعَة فَإِنَّهُ مَنْهِيّ عَنْهُ؛ لِأَنَّ الْمَنْهِيّ عَنْهُ مَا كَانَ مَشْرُوطًا فِي عَقْد الْقَرْض، وَمَذْهَبنَا أَنَّهُ يُسْتَحَبّ الزِّيَادَة فِي الْأَدَاء عَمَّا عَلَيْهِ. وَيَجُوز لِلْمُقْرِضِ أَخْذهَا سَوَاء زَادَ فِي الصِّفَة أَوْ فِي الْعَدَد بِأَنْ أَقْرَضَهُ عَشَرَة فَأَعْطَاهُ أَحَد عَشَر.-شَرْحُ مُسْلِمٍ: 3002.
ഹാഫിള് ഇബ്നു ഹജർ പറയുന്നു:
ഇടപാടിൽ നിബന്ധന വെച്ചിട്ടില്ലെങ്കിൽ കടം വാങ്ങിച്ചതിനേക്കാൾ ഉത്തമമായത് തിരിച്ചടക്കാമെന്നതിന് ഇതിൽ തെളിവുണ്ട്. എന്നാൽ അങ്ങനെ ഉപാധിയുണ്ടെങ്കിൽ അത് ഹറാമാകുമെന്നാണ് പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. - (ഫത്ഹുൽ ബാരി: 2215).

وَقَالَ الْحَافِظُ ابْنُ حَجَرٍ: وَفِيهِ جَوَاز وَفَاء مَا هُوَ أَفْضَلُ مِنْ الْمِثْلِ الْمُقْتَرَضِ إِذَا لَمْ تَقَعْ شَرْطِيَّة ذَلِكَ فِي الْعَقْدِ فَيَحْرُمُ حِينَئِذٍ اِتِّفَاقًا.-فَتْحُ الْبَارِي: 2215.
ഇമാം ഇബ്നു ഖുദാമ പറയുന്നു: 
യാതൊരു നിബന്ധനയും വെക്കാതെ നിരപാധികം കടം കൊടുക്കുകയും, എന്നിട്ട് അളവിലോ, ഗുണവിശേഷണത്തിലോ അതേക്കാൾ മുന്തിയത് തിരിച്ചുകൊടുക്കുന്നതും, അല്ലെങ്കിൽ പരസ്പര പൊരുത്തത്തോടെ അനിനേക്കാൾ താണത് തിരിച്ചുകൊടുക്കുന്നതും സാധുവാകും. (മുഗ്നി: നമ്പർ: 3264).

وَقَالَ الْإِمَامُ ابْنُ قُدَامَةَ: فَإِنْ أَقْرَضَهُ مُطْلَقًا مِنْ غَيْرِ شَرْطٍ، فَقَضَاهُ خَيْرًا مِنْهُ فِي الْقَدْرِ، أَوْ الصِّفَةِ، أَوْ دُونَهُ، بِرِضَاهُمَا، جَازَ. وَكَذَلِكَ إنْ كَتَبَ لَهُ بِهَا سَفْتَجَةً، أَوْ قَضَاهُ فِي بَلَدٍ آخَرَ، جَازَ.-الْمُغْنِي: فَصْلٌ: 3264.
രണ്ട്: കടം കൊടുത്ത വ്യക്തി ആ കടത്തിന്റെ പേരിൽ എന്തെങ്കിലും ആനുകൂല്യവും പറ്റുന്നതിന വല്ല കുഴപ്പവുമുണ്ടോ ?
കടത്തിന്റെ പേരില്‍ ഉത്തമര്‍ണ്ണന്‍ പറ്റുന്ന എല്ലാ ആനുകൂല്യങ്ങളും നിഷദ്ധമാണെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. 'ഏതെങ്കിലും ഒരു ആനുകൂല്യം നേടിത്തരുന്ന എല്ലാതരം കടവും പലിശയാണ്' എന്ന ഹദീസ് കൂടി ഈ വിഷയത്തില്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. അതേസമയം കടം വാങ്ങിയ വ്യക്തി സ്വമേധയാ ഇഷ്ടപ്പെട്ട് കടം തന്നയാള്‍ക്ക് വല്ലതും നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്ന്‍ മാത്രമല്ല അത് പ്രോത്സാഹജനകമാണെന്നു കൂടി നാം കണ്ടു. എന്നിട്ട് കൂടി സ്വഹാബിമാര്‍ അത്തരം വല്ലതും സ്വീകരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഹറാമായ ഒരു പൈസ പോലും തങ്ങളോ തങ്ങളുടെ കുടുംബമോ വയറ്റിലാക്കിപ്പോകരുതെന്നും തദ്വാര സ്വര്‍ഗം വിലക്കപ്പെടരുതെന്നുമുള്ള ദൃഢനിശ്ചയമായിരുന്നു അവരെ അത്രമാത്രം സൂക്ഷ്മാലുക്കളാക്കിയത്.

അബൂബുര്‍ദയില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ മദീനയില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹിബ്നു സലാമി(റ)നെ കണ്ടുമുട്ടി. അദ്ദേഹം എന്നോട് പറഞ്ഞു: 'പലിശ വ്യാപകമായ ഒരു നാട്ടിലാണല്ലോ, താങ്കള്‍ (ഇറാഖാണ് ഉദ്ദേശ്യം). താങ്കള്‍ക്ക് ആരെങ്കിലും വല്ല കടവും തരാനുണ്ടെന്നിരിക്കട്ടെ, എന്നിട്ടയാള്‍ താങ്കള്‍ക്കൊരു കെട്ട് വൈക്കോലോ, ഒരു കുട്ട ബാര്‍ലിയോ, ഒരു കുട്ട കാലിത്തീറ്റയോ കൊണ്ടുവന്നുതരുന്നുണ്ടെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. കാരണം അത് പലിശയാണ്' (ബുഖാരി 3814).

عَنْ سَعِيدِ بْنِ أَبِي بُرْدَةَ عَنْ أَبِيهِ أَتَيْتُ الْمَدِينَةَ فَلَقِيتُ عَبْدَ اللَّهِ بْنَ سَلَامٍ رَضِيَ اللَّهُ عَنْهُ فَقَالَ: أَلَا تَجِيءُ فَأُطْعِمَكَ سَوِيقًا وَتَمْرًا، وَتَدْخُلَ فِي بَيْتٍ؟ ثُمَّ قَالَ: إِنَّكَ بِأَرْضٍ الرِّبَا بِهَا فَاشٍ، إِذَا كَانَ لَكَ عَلَى رَجُلٍ حَقٌّ، فَأَهْدَى إِلَيْكَ حِمْلَ تِبْنٍ، أَوْ حِمْلَ شَعِيرٍ، أَوْ حِمْلَ قَتٍّ فَلَا تَأْخُذْهُ، فَإِنَّهُ رِبًا.- رَوَاهُ الْبُخَارِيُّ: 3814.
യഹ്്യബ്നു അബീ ഇസ്ഹാഖില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ അനസുബ്നു മാലികിനോട് ചോദിച്ചു: 'ഞങ്ങളിലൊരാള്‍ കടം നല്‍കി, പിന്നെ കടം മേടിച്ചവന്‍ വല്ല സമ്മാനവും നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കാമോ?' അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ (സ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നിങ്ങളിലാരെങ്കിലും ഒരാള്‍ക്ക് കടം നല്‍കുകയും തദടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വല്ലതും സമ്മാനമായി നല്‍കുകയോ, അല്ലെങ്കില്‍ അയാളുടെ വാഹനത്തില്‍ നിങ്ങളെ കയറ്റുകയോ ചെയ്തെന്നിരിക്കട്ടെ. എങ്കിലത് സ്വീകരിക്കരുത്; നേരത്തേ അവര്‍ തമ്മില്‍ അങ്ങനെ ഒരു ശീലം ഉണ്ടെങ്കിലല്ലാതെ'' (ഇബ്‌നുമാജ: 2432). ഈ ഹദീസ് ഹസനാണെന്ന് ഇമാം ഇബ്‌നുതൈമിയ്യ രേഖപ്പെടുത്തിയിട്ടുണ്ട് (അല്‍ ഫതാവല്‍ കുബ്‌റാ 6/159).

عَنْ يَحْيَى بْنِ أَبِي إِسْحَاقَ الْهُنَائِيِّ، قَالَ: سَأَلْتُ أَنَسَ بْنَ مَالِكٍ: الرَّجُلُ مِنَّا يُقْرِضُ أَخَاهُ الْمَالَ فَيُهْدِي لَهُ؟ قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ: « إِذَا أَقْرَضَ أَحَدُكُمْ قَرْضًا، فَأَهْدَى لَهُ، أَوْ حَمَلَهُ عَلَى الدَّابَّةِ، فَلاَ يَرْكَبْهَا وَلاَ يَقْبَلْهُ، إِلاَّ أَنْ يَكُونَ جَرَى بَيْنَهُ وَبَيْنَهُ قَبْلَ ذَلِكَ ».-رَوَاهُ ابْنُ مَاجَةْ: 2432، وَصَحَّحَهُ الأَلْبَانِيُّ. وَضَعَّفَهُ الأَلْبَانِيُّ. قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: حَدِيثٌ حَسَنٌ...- الْفَتَاوَى الْكُبْرَى: 6/160.
ഇമാം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു: കടം കൊടുത്തതിന്റെ പേരിലായിരിക്കുമോ ഉബയ്യ് തനിക്കാ ഈത്തപ്പഴം കൊടുത്തയച്ചത് എന്ന് ധരിച്ചതിനാലാണ് ഉമര്‍(റ) അത് നിരസിച്ചത്. എന്നാല്‍ അക്കാരണത്താലല്ല എന്ന് ബോധ്യമായപ്പോള്‍ അത് സ്വീകരിക്കുകയും ചെയ്തു (ഹാശിയതു ഇബ്‌നില്‍ ഖയ്യിം സുനനു അബീദാവൂദ് 9/296).

ഉബയ്യ്, ഇബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സലാം(റ) തുടങ്ങി സ്വഹാബിമാരിലെ പല പ്രമുഖരും കടം വാങ്ങിയവന്‍ കടം നല്‍കിയവന് കൊടുക്കുന്ന യാതൊന്നും സ്വീകരിക്കാവതല്ല, അത് പലിശയാണ് എന്ന് പറഞ്ഞിട്ടുണ്ട് (ഇഅ്‌ലാമുല്‍ മുവഖിഈന്‍ 3/136).

قَالَ الْإِمَامُ اِبْنُ الْقَيِّمِ: 
قَالَ اِبْن الْمُنْذِر: أَجْمَعُوا عَلَى أَنَّ الْمُسَلِّف إِذَا شَرَطَ عَلَى الْمُسْتَسْلِف زِيَادَة أَوْ هَدِيَّة. فَأَسْلَفَ عَلَى ذَلِكَ: أَنَّ أَخْذ الزِّيَادَة عَلَى ذَلِكَ رِبًا وَقَدْ رُوِيَ عَنْ اِبْن مَسْعُود وَأُبَيّ بْن كَعْب وَابْن عَبَّاس أَنَّهُمْ " نَهَوْا عَنْ قَرْض جَرّ مَنْفَعَة " وَكَذَلِكَ إِنْ شَرَطَ أَنْ يُؤَجِّرهُ دَاره، أَوْ يَبِيعهُ شَيْئًا: لَمْ يَجُزْ لِأَنَّهُ سَلَّمَ إِلَى الرِّبَا. وَلِهَذَا نَهَى عَنْهُ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ، وَلِهَذَا مَنَعَ السَّلَف رَضِيَ اللَّه عَنْهُمْ مِنْ قَبُول هَدِيَّة الْمُقْتَرِض إِلَّا أَنْ يَحْتَسِبهَا الْمُقْرِض مِنْ الدَّيْن. فَرَوَى الْأَثْرَم " أَنَّ رَجُلًا كَانَ لَهُ عَلَى سَمَّاك عِشْرُونَ دِرْهَمًا، فَجَعَلَ يُهْدِي إِلَيْهِ السَّمَك وَيُقَوِّمهُ، حَتَّى بَلَغَ ثَلَاثَة عَشَر دِرْهَمًا، فَسَأَلَ اِبْن عَبَّاس فَقَالَ: أَعْطِهِ سَبْعَة دَرَاهِم. وَرُوِيَ عَنْ اِبْن سِيرِينَ " أَنَّ عُمَر أَسْلَفَ أُبَيّ بْن كَعْب عَشَرَة آلَاف دِرْهَم، فَأَهْدَى إِلَيْهِ أُبَيّ مِنْ ثَمَرَة أَرْضه، فَرَدَّهَا عَلَيْهِ وَلَمْ يَقْبَلْهَا، فَأَتَاهُ أُبَيّ فَقَالَ: لَقَدْ عَلِمَ أَهْل الْمَدِينَة أَنِّي مِنْ أَطْيَبِهِمْ ثَمَرَة، وَأَنَّهُ لَا حَاجَة لَنَا. فَبِمَ مَنَعْت هَدِيَّتنَا؟ ثُمَّ أَهْدَى إِلَيْهِ بَعْد ذَلِكَ فَقَبِلَ " فَكَانَ رَدّ عُمَر لَمَّا تَوَهَّمَ أَنْ تَكُون هَدِيَّته بِسَبَبِ الْقَرْض. فَلَمَّا تَيَقَّنَ أَنَّهَا لَيْسَتْ بِسَبَبِ الْقَرْض قَبِلَهَا. وَهَذَا فَصْل النِّزَاع فِي مَسْأَلَة هَدِيَّة الْمُقْتَرِض.-تَهْذِيْبُ سُنَنِ أَبِي دَاودَ وَإيضاحِ مُشكِلاتِهِ: 2/192.
പ്രമുഖ സ്വഹാബി ഉബയ്യുബ്നു കഅ്ബ് (റ) ഒരിക്കല്‍ ഉമറി(റ)ല്‍നിന്ന് 10000 ദിര്‍ഹം കടം വാങ്ങി. ഉബയ്യുബ്നു കഅ്ബ് (റ) തന്റെ തോട്ടത്തില്‍ വിളഞ്ഞ ഈത്തപ്പഴം ഉമറിന് കൊടുത്തയച്ചു. മദീനയില്‍ ഏറ്റവുമാദ്യം വിളയുന്ന മുന്തിയ ഇനം ഈത്തപ്പഴമായിരുന്നു ഉബയ്യിന്റേത്. താനുമായി സൗഹൃദമുള്ളവര്‍ക്കും ആദരവ് അര്‍ഹിക്കുന്നവര്‍ക്കും അദ്ദേഹം ആദ്യത്തെ വിളവില്‍നിന്ന് ഓരോ വിഹിതം കൊടുത്തയക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍ താനേറെ ബഹുമാനിക്കുന്ന ഉമറിനും ഒരോഹരി കൊടുത്തയച്ചു. താന്‍ ഉബയ്യിന് 10000 ദിര്‍ഹം കടംകൊടുത്ത സ്ഥിതിക്ക് ഉമര്‍ അത് നിരസിക്കുകയാണുണ്ടായത്. ഇതില്‍ ക്ഷുഭിതനായ ഉബയ്യ് താന്‍ വാങ്ങിച്ച കടം അവധിയെത്തും മുമ്പ്, തന്റെ ആവശ്യം പൂര്‍ത്തിയാക്കും മുമ്പ് അതേപടി തിരിച്ചയച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''ഞാന്‍ സന്തോഷപൂര്‍വം താങ്കള്‍ ഭക്ഷിക്കണമെന്നാഗ്രഹിച്ച് കൊടുത്തയച്ചതായിരുന്നു ആ ഈത്തപ്പഴം. താങ്കള്‍ എനിക്ക് കടംതന്നു എന്നത് അത് സ്വീകരിക്കാന്‍ തടസ്സമാകുമെങ്കില്‍ എനിക്കാ കടം വേണ്ടതില്ല.'' അന്നേരം ഉമര്‍ അത് സ്വീകരിച്ചു (മുസ്വന്നഫ് 14647, 8/142).

عَنِ بْنِ سِيرِينَ إِنَّ أُبَيِّ بْنَ كَعْبٍ تَسَلَّفَ مِنْ عُمَرَ عَشَرَةَ آلَافٍ، فَبَعَثَ إِلَيْهِ أُبَيِّ مِنْ تَمَرَتِهِ -وَكَانَ مِنْ أَطْيَبِ أَهْلِ الْمَدِينَةِ تَمْرَةً، وَكَانَتْ تَمَرَتْهُ تُبَكِّرُ- فَرَدَّهَا عَلَيْهِ عُمَرُ. فَقَالَ أُبَيِّ لَا حَاجَةَ لِي فِي شَيْءٍ مَنَعَكَ تَمْرَتِي. فَقَبِلَهَا عُمَرُ، وَقَالَ: إِنَّمَا الرِّبَا عَلَى مَنْ أَرَادَ أَنْ يُرْبِيَ وَيُنْسِيءَ.-مُصَنَّفِ عَبْدُ الرَّزَّاقِ: 16648.
യഹ്‌യബ്‌നു യസീദ് പറയുന്നു: കടം നല്‍കിയവന് അധമര്‍ണന്‍ പാരിതോഷികം നല്‍കുന്നതിനെപ്പറ്റി ഞാന്‍ അനസി(റ)നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നേരെത്തേ അങ്ങനെ പാരിതോഷികം നല്‍കാറുണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ മുമ്പ് അങ്ങനെ പാരിതോഷികം നല്‍കുന്ന പതിവില്ലായെങ്കില്‍ ശരിയാവുകയില്ല (അബൂശൈബയുടെ മുസ്വന്നഫ്: 21057).

عَنْ يَحْيَى بْنِ يَزِيدَ الْهُنَائِيِّ، قَالَ: سَأَلْتُ أَنَسَ بْنَ مَالِكٍ عَنِ الرَّجُلِ يُهْدِي لَهُ غَرِيمُهُ فَقَالَ: إِنْ كَانَ يُهْدِي لَهُ قَبْلَ ذَلِكَ فَلاَ بَأْسَ، وَإِنْ لَمْ يَكُنْ يُهْدِي لَهُ قَبْلَ ذَلِكَ فَلاَ يَصْلُحُ.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 21057.
ഉബയ്യുബ്‌നു കഅ്ബ് പറഞ്ഞു: നീ വല്ല കടവും കൊടുക്കുകയും അങ്ങനെ ആ കടം തിരിച്ചുതരാനായി കൂട്ടത്തില്‍ ഒരു പാരിതോഷികവുമായി വന്നാല്‍ ആ കടം നീ തിരിച്ചുവാങ്ങിക്കുകയും, പാരിതോഷികം അദ്ദേഹത്തിനു തന്നെ തിരിച്ചുകൊടുക്കുകയും ചെയ്‌തേക്കുക (21057).

عَنْ زِرِّ بْنِ حُبَيْشٍ، قَالَ: قَالَ أُبَيٌّ: إذْ أَقْرَضْت قَرْضًا، فَجَاءَ صَاحِبُ الْقَرْضِ يَحْمِلُهُ وَمَعَهُ هَدِيَّةٌ، فَخُذْ مِنْهُ قَرْضَهُ، وَرُدَّ عَلَيْهِ هَدِيَّتَهُ.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 21059.
ഇബ്നു സീരീൻ ഉദ്ധരിക്കുന്നു: ഒരാൾ മറ്റൊരാൾക്ക് ഏതാനും ദിർഹമുകൾ കടം കൊടുക്കുകയും  അദ്ദേഹത്തിന്റെ കുതിരപ്പുറത്ത് സവാരി ചെയ്യൽ അതിന് ഉപാധിയാക്കുകയും ചെയ്താൽ ആ സവാരി ചെയ്യുന്നതത്രയും പലിശയാണ്- (അബൂ ശൈബ: 21068).

عَنِ ابْنِ سِيرِينَ، قَالَ: ذُكِرَ لاِبْنِ مَسْعُودٍ أن رَجُلاً أَقْرَضَ رَجُلاً دراهم وَاشْتَرَطَ ظَهْرَ فَرَسِهِ، قَالَ: مَا أَصَابَ مِنْ ظَهْرِ فَرَسِهِ، فَهُوَ رِبًا.- رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 21068.
ഇമാം മാലികില്‍നിന്ന് നിവേദനം: ഒരാള്‍ ഇബ്‌നുഉമറിന്റെയടുത്തു വന്നു കൊണ്ട് ചോദിച്ചു: ഓ, അബൂഅബ്ദുര്‍റഹ്മാന്‍, ഞാന്‍ ഒരാള്‍ക്ക് ഒരു കടം കൊടുത്തു. ഞാന്‍ കൊടുത്തതിനേക്കാള്‍ മികച്ചത് തിരിച്ചുതരണമെന്ന് നിബന്ധനയും വെച്ചു. അപ്പോള്‍ ഇബ്‌നുഉമര്‍ പറഞ്ഞു: അതാണ് പലിശ. അദ്ദേഹം ചോദിച്ചു: പിന്നെ ഞാനെങ്ങനെ ചെയ്യണമെന്നാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? അപ്പോള്‍ ഇബ്‌നുഉമര്‍ പറഞ്ഞു: കടം മൂന്ന് രൂപത്തിലാണ്: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നീ നല്‍കുന്ന കടം, അപ്പോള്‍ നിനക്ക് അല്ലാഹുവിന്റെ പ്രീതി ലഭിക്കും. കടം വാങ്ങിക്കുന്നവന്റെ പ്രീതിയാഗ്രഹിച്ചുകൊണ്ട് നീ നല്‍കുന്ന കടം, അപ്പോള്‍ നിനക്ക് അവന്റെ പ്രീതിയല്ലാതെ ലഭിക്കുകയില്ല. നല്ലത് കൊടുത്ത് ചീത്ത തിരിച്ചുവാങ്ങാനുദ്ദേശിച്ച് നീ നല്‍കുന്ന കടം. അദ്ദേഹം ചോദിച്ചു: ഇനി ഞാനെന്തു ചെയ്യണമെന്നാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? താങ്കള്‍ സംഖ്യ കൊടുക്കുക, കൊടുത്തത് പോലെ തിരിച്ചുതന്നാല്‍ അത് സ്വീകരിക്കുക, ഇനി കൊടുത്തതിനേക്കാള്‍ കുറച്ചാണ് തിരിച്ചുതന്നത്, അത് സ്വീകരിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമുണ്ട്. ഇനി അദ്ദേഹം സ്വയം ഇഷ്ടപ്പെട്ട് മനപ്പൊരുത്തത്തോടെ നീ കൊടുത്തതിനേക്കാള്‍ മുന്തിയതാണ് തിരിച്ചുതരുന്നതെങ്കില്‍ അത് അദ്ദേഹം നിന്നോട് കാണിക്കുന്ന ഒരു കൃതജ്ഞതയാണ്. നീ അവന് സാവകാശം നല്‍കിയതിനുള്ള പ്രതിഫലവും (അബ്ദുര്‍റസ്സാഖിന്റെ മുസ്വന്നഫ്: 14662).

عَنْ مَالِك، أَنَّهُ بَلَغَهُ أَنَّ رَجُلًا أَتَى بْنَ عُمَرَ فَقَالَ: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي أَسْلَفْتُ رَجُلًا سَلَفًا وَاشْتَرَطَتْ عَلَيْهِ أَيْضًا أَفْضَلَ مِمَّا أَسْلَفْتُهُ؟ فَقَالَ بْنُ عُمَرَ: ذَلِكَ الرِّبَا. قَالَ: فَكَيْفَ تَأْمُرُنِي؟ قَالَ: السَّلَفُ عَلَى ثَلَاثَةِ وُجُوهٍ، سَلَفُ تُرِيدُ بِهِ وَجْهَ اللَّهِ، فَلَكَ وَجْهُ اللَّهِ، وَسَلَفٌ تُرِيدُ بِهِ وَجْهَ صَاحِبِهِ، فَلَيْسَ لَكَ إلَّا وَجْهَهُ، وَسَلَفٌ أَسْلَفْتَهُ لِتَأْخُذَ بِهِ خَبِيثًا بِطَيِّبٍ. قَالَ: فَكَيْفَ تَأْمُرُنِي؟ قَالَ: أَرَى أَنْ تَشُقَّ صَكَّكَ، فَإِنْ أَعْطَاكَ مِثْلَ الَّذِي أَسْلَفْتَهُ، قِبْلَتَهُ، وَإِنْ أَعْطَاكَ دُونَ الَّذِي أَسْلَفْتَهُ فَأَخَذْتَهُ أُجِرْتَ، وَإِنْ أَعْطَاكَ أَفْضَلَ مِمَّا أَسْلَفْتَهُ طَيِّبَةً بِهَا نَفْسَهُ، فَذَلِكَ شُكْرٌ شَكَرَهُ لَكَ، وَهُوَ أَجْرُ مَا أَنْظَرْتَهُ.-مُصَنَّفُ عَبْدِ الرَّزَّاقِ: 14662.
കടം കൊടുക്കുക ഇസ്‌ലാമില്‍ ഒരു പുണ്യകര്‍മമാണ്. ഉള്ളവനേ അത് കൊടുക്കേണ്ടതുള്ളൂ, ഇല്ലാത്തവനേ അത് ചോദിക്കേണ്ടതുമുള്ളൂ. ആ ഇല്ലായ്മ ചൂഷണോപാധിയാക്കാവതല്ല. അതുകൊണ്ടു തന്നെ കടം കൊടുത്തവന്‍ ആ പേരില്‍ പറ്റുന്ന ഏതൊരാനുകൂല്യവും പലിശയുടെ ഇനത്തിലാണ് ഇസ്‌ലാം പെടുത്തിയിരിക്കുന്നത്  « كُلُّ قَرْضٍ جَرَّ مَنْفَعَةً، فَهُوَ رِبًا ».

ഇമാം ഇബ്നു ഖുദാമ പറയുന്നു: അധികം തരണമെന്ന് ഉപാധി വെച്ചു കൊണ്ടുള്ള എല്ലാ കടവും ഹറാമാണെന്ന കാര്യത്തിൽ തർക്കമില്ല. അത് സ്വീകരിക്കാൻ പാടുള്ളതല്ല.  ഇബ്നുൽ മുൻദിർ പറഞ്ഞു: ഉത്തമർണ്ണൻ അധമർണ്ണന്റെമേല്‍ എന്തെങ്കിലും അധികമോ വല്ല പാരിതോഷികമോ നൽകണമെന്ന് ഉപാധി വെക്കുകയും തദടിസ്ഥാനത്തിൽ  കടം നൽകുകയും ചെയ്താൽ ആ കൂടുതലായി സ്വീകരിക്കുന്നത് പലിശയാണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. .....യഥാർഥ അധമർണന്റെ വീട് അതിന്റെ വാടകയേക്കാൾ കുറച്ച് വാടകക്ക് തരണമെന്നോ, അല്ലെങ്കിൽ ഉത്തമർണ്ണന്റെ വീട് അധിക വാടകക്ക് എടുക്കണെമെന്നോ, അല്ലെങ്കിൽ വല്ല പാരിതോഷികവും നൽകണമെന്നോ, അല്ലെങ്കിൽ തനിക്ക് വേണ്ടി വല്ല ജോലിയും ചെയ്തു തരണമെന്നോ നിബന്ധന വെച്ചാൽ ഹറാമിന്റെ കടുപ്പം കൂടും.

പാരിതോഷികം എന്ന നിലക്കോ, കടത്തിൽ നിന്ന് കിഴിക്കും എന്ന നിലക്കോ നൽകിയാലല്ലാതെ. അങ്ങനെ അധികം നൽകിയാൽ അത് സ്വീകരിക്കാവുന്നതാണ്
തിരിച്ചടവിന്റെ മുമ്പാണെങ്കിൽ യാതൊരുപാധിയും കൂടാതെയാണെങ്കിലും കൈപ്പറ്റരുത്, അത് സ്വീകരിക്കാൻ പാടുള്ളതല്ല. പാരിതോഷികം എന്ന നിലക്കോ, കടത്തിൽ നിന്ന് കിഴിക്കും എന്ന നിലക്കോ ആണെങ്കിലല്ലാതെ. ഇനി അതൊന്നുമല്ല കടമിടപാട് നത്തുന്നതിന് മുമ്പേ തന്നെ  അങ്ങനെയൊരു കൊടുക്കുന്ന പതിവ് അവർ തമ്മിലുണ്ടെങ്കിലും  അങ്ങനെ  അധികം നൽകിയാൽ അത് സ്വീകരിക്കാവുന്നതാണ്..... (മുഗ്നി: ശീർഷകം നമ്പർ: 3263). 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top