സാമുദായിക സൗഹാര്‍ദം; മുസ്‌ലിം-ജൂത-ക്രൈസ്തവ-മജൂസി പാരസ്പര്യം ചില ശോഭന ചിത്രങ്ങള്‍
മുഹമ്മദുല്‍ മുഖ്താര്‍ വലദ് അഹ്‌മദ്
നബി(സ) ആവിഷ്‌കരിച്ച മദീനാ ചാര്‍ട്ടര്‍ മുതല്‍ ഉസ്മാനി ഭരണകാലത്ത് നിലവിലുണ്ടായിരുന്ന മില്ലി വ്യവസ്ഥ വരെയും വ്യത്യസ്ത സമുദായങ്ങള്‍ക്ക് തങ്ങളുടെ സ്വത്വവും ആദര്‍ശ സ്വാതന്ത്ര്യവും നിലനിര്‍ത്തി ജീവിക്കാന്‍ സാധിച്ചിരുന്നു. വിശാലമായ രാഷ്ട്രീയ ഘടനയില്‍ നിലകൊണ്ട് പൂര്‍ണമായ സ്വാതന്ത്ര്യം അവര്‍ അനുഭവിച്ചുപോന്നു. പരാതികള്‍ ഉന്നയിക്കാനും വിദ്യാഭ്യാസം നേടാനും മതാചരണത്തിനും എല്ലാ വിഭാഗങ്ങള്‍ക്കും കഴിഞ്ഞിരുന്നു.
തങ്ങളുടെ സവിശേഷ മതാചരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുസ് ലിംകള്‍ ഇതര മതസ്ഥര്‍ക്ക് അവസരം നല്‍കിയിരുന്നു. തികച്ചും മതപരവും ഏകനായ അല്ലാഹുവില്‍ കേന്ദ്രീകരിച്ചുമുള്ള മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനാ നമസ്‌കാരങ്ങളില്‍ പോലും അമുസ് ലിംകള്‍ പങ്കെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രതിഷേധ പ്രകടനങ്ങളിലും ഭിന്നമതക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നു.
സഹജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ഈ നല്ല മാതൃക എക്കാലത്തും നിലനിന്നിരുന്നു എന്നല്ല ഈ പറഞ്ഞതിനര്‍ഥം. ചില സന്ദര്‍ഭങ്ങളില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നും ഏറിയോ കുറഞ്ഞോ ഇതിന് ചില അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒരേ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ വിവാഹം, മരണം മുതലായ സന്തോഷ-സന്താപ വേളകളെ എങ്ങനെ ഒറ്റക്കെട്ടായി സമീപിച്ചു, പ്രാദേശികമോ വൈദേശികമോ ആയ ആക്രമണങ്ങളെ എങ്ങനെ ഏക മനസ്സോടെ നേരിട്ടു മുതലായ വിഷയങ്ങളാണ് ഇതിലെ പ്രതിപാദ്യം.
മദീന: ഭിന്നസമൂഹങ്ങളുടെ ഏക തലസ്ഥാനം
ഇസ് ലാമിന്റെ പ്രബോധനം ഒന്നാം തീയതി മുതല്‍ക്കു തന്നെ സാര്‍വലൗകികമായിരുന്നു. വ്യത്യസ്ത ജനസമൂഹങ്ങളും ആദര്‍ശവിഭാഗങ്ങളും കഴിഞ്ഞുവന്ന മദീന നബി(സ)യുടെ രാഷ്ട്രത്തിന്റെ തലസ്ഥാനമായത് വളരെ വേഗത്തിലായിരുന്നു. സ്വഹീഹുല്‍ ബുഖാരിയിലെ
أخلاط من المسلمين والمشركين عبدة الأوثان واليهود
'മുസ്്ലിംകളുടെയും വിഗ്രഹാരാധകരായ ദൈവവിശ്വാസികളുടെയും യഹൂദികളുടെയും സങ്കര സമൂഹം' എന്ന പ്രയോഗം ശ്രദ്ധിക്കുക. അബുല്‍ വലീദ് അല്‍ ബാജീ (മ.ഹി 474 ക്രി.വ 1081) തന്റെ 'അല്‍ മുന്‍തഖാ ശര്‍ഹുല്‍ മുവത്വ'യില്‍ നബി(സ)യെ പരിചയപ്പെടുത്തുന്നത്.
إمام الأمة والمنفرد بالرئاسة الدينية والدنيوية
'സമൂഹത്തിന്റെ മതപരവും ഭൗതികവുമായ നേതൃത്വമുള്ള നേതാവ്' എന്നാണ്. മദീന ഭരണഘടനയായ 'സ്വഹീഫത്തുല്‍ മദീന പ്രകാരം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ മദീന എന്ന ദേശം അടിസ്ഥാനമാക്കി വ്യത്യസ്ത ജനവിഭാഗങ്ങള്‍ അവിടെ ഒരുമയോടെ കഴിഞ്ഞുവന്നു. لَا إِكْرَاهَ فِي الدِّينِۖ (മതത്തില്‍ ബലാല്‍ക്കാരമില്ല ബഖറ 256),
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ
'മതത്തിന്റെ കാര്യത്തില്‍ നിങ്ങളോട് യുദ്ധ ചെയ്യാത്തവരും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായവരോട് പുണ്യം ചെയ്യുന്നത് അല്ലാഹു നിങ്ങള്‍ക്ക് വിലക്കുന്നില്ല' (മുംതഹന: 8) മുതലായ സൂക്തങ്ങളായിരുന്നു ആ സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനം. ഇത് തന്റെ പ്രവൃത്തിപഥങ്ങളിലെല്ലാം നബി(സ) പ്രയോഗവല്‍ക്കരിച്ചു. അവിടുന്ന്. യഹൂദികളായ രോഗികളെ സന്ദര്‍ശിച്ചു. അവരുടെ മൃതദേഹങ്ങളെ ആദരിച്ചു, അവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി (ബുഖാരി).
മസ്ജിദുന്നബവിയില്‍ ക്രൈസ്തവരായ അതിഥികൾക്ക് പ്രാര്‍ഥനക്കവസരം നല്‍കി. ഇമാം ഇബ്‌നുല്‍ ഖയ്യിം (ഹി. 751 ക്രി.വ 1350) തന്റെ 'അഹ്കാമു അഹ്്ലിദ്ദിമ്മ' എന്ന കൃതിയില്‍ എഴുതുന്നു:
'ഹി 9-ാം/ ക്രി. 631-ാം വര്‍ഷം നജ്‌റാനില്‍നിന്നു വന്ന പതിനാലംഗ ക്രൈസ്തവ സംഘത്തിന് അവരുടെ പ്രാര്‍ഥനാ സമയമായപ്പോള്‍ മദീനാ പള്ളിയില്‍ പ്രാര്‍ഥനക്ക് സ്ഥലം അനുവദിക്കുകയുണ്ടായി. വേദക്കാര്‍ക്ക് മുസ് ലിം പള്ളികൾ അനുവദിക്കാം എന്ന് ഈ സംഭവത്തില്‍നിന്ന് മനസ്സിലാക്കാം.'
വേദക്കാര്‍ക്ക് വേണ്ടി എങ്ങനെയാണ് പ്രാര്‍ഥിക്കേണ്ടതെന്ന് നബി(സ) സ്വഹാബികളെ പഠിപ്പിക്കുകയണ്ടായി. നബി(സ) പ്രസ്താവിച്ചതായി ഇബ്‌നു ഉമറിനെ ഉദ്ധരിച്ച് ഇമാം ദഹബി തന്റെ 'താരീഖുല്‍ ഇസ് ലാമി'ല്‍ രേഖപ്പെടുത്തുന്നു.
إذا دعوتم لأحد من اليهود والنّصارى فقولوا: أكثر الله مالك وولدك
'യഹൂദികളിലെയും ക്രൈസ്തവരിലെയും ആര്‍ക്കെങ്കിലും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയാണെങ്കില്‍ 'അല്ലാഹു നിങ്ങളുടെ സ്വത്തും സന്താനവും വര്‍ധിപ്പിച്ചു തരട്ടെ' എന്നു നിങ്ങൾ പ്രാര്‍ഥിക്കുക'
ഈ പ്രവാചക നിര്‍ദേശം അംഗീകരിച്ചും മാനിച്ചുമായിരുന്നു സ്വഹാബികളും സലഫുസ്സ്വാലിഹുകളും ജീവിച്ചു പോന്നിരുന്നത്. ഇസ് ലാമിക സമൂഹത്തിന്റെ ചിന്താപരവും നാഗരികവുമായ നല്ലകാലമായിരുന്നു അത്. ഇസ് ലാമിക വിജയങ്ങള്‍ക്ക് നായകത്വം വഹിച്ചിരുന്നവര്‍ കീഴടങ്ങിയ നാടുകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും മതത്തിനും ആരാധനാലയങ്ങള്‍ക്കും കുരിശുകള്‍ക്കും സംരക്ഷണം നല്‍കി. ഇതര മതസ്ഥരെ അവരുടെ സ്വത്വത്തിന് ഭീഷണിയാകുംവിധം അവര്‍ക്കൊപ്പം കഴിയാന്‍ അനുവദിച്ചിരുന്നില്ല. 'ക്രൈസ്തവരുടെ ജഡ്ജ്', 'യഹൂദരുടെ ജഡ്ജ്' (സാങ്കേതികമായി 'അന്നാജിദ്') എന്നിങ്ങനെയായിരുന്നു ന്യായാധിപന്മാര്‍ അറിയപ്പെട്ടിരുന്നത്.
ഇമാം ഇബ്‌നു കസീര്‍ (മ.ഹി 774 ക്രി. 1373) 'അല്‍ബിദായ വന്നിഹായ'യില്‍ എഴുതുന്നു: 'മുസ് ലിംകളും ക്രൈസ്തവരും ദമസ്‌കസില്‍ എഴുപത് വര്‍ഷത്തോളം തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കാനായി ഉപയോഗിച്ചിരുന്നത് ഒരേ ആരാധനാലയമായിരുന്നു. പകുതി ചര്‍ച്ചും പകുതി പള്ളിയുമായി ഉപയോഗിച്ചു. രണ്ടു വിഭാഗങ്ങളും ഒരേ വാതിലിലൂടെയായിരുന്നു പ്രവേശിച്ചിരുന്നത്. ക്രൈസ്തവര്‍ പടിഞ്ഞാറു വശം വഴിയും മുസ് ലിംകള്‍ വലതുവശം വഴിയും തങ്ങളുടെ ആരാധനാ സ്ഥലങ്ങളിലേക്ക് കടന്നുപോകുമായിരുന്നു.
ഹി. 86 ക്രി. 705-ല്‍ ഇരുവിഭാഗത്തിന്റെയും ധാരണ പ്രകാരം ഈ ആരാധനാലയം മുസ് ലിം ദേവാലയമായി മാറി. ഇസ് ലാമിക ലോകത്തെ ഏറ്റവും പ്രശസ്തമായ വാസ്തുശില്‍പാ നിര്‍മിതിയായ പള്ളി രചനാത്മകമായ സഹജീവിതത്തിന്റെ മാതൃകയായി ഇന്നും പരിലസിക്കുന്നു.
ചില അപവാദങ്ങള്‍
ഇസ് ലാമിക സമൂഹത്തില്‍ വ്യത്യസ്ത മതസമുദായ വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന നല്ല ബന്ധങ്ങളെക്കുറിച്ച് ചരിത്രകാരനായ മഖ്്രീസി (ഹി. 845/ക്രി. 1441) 'അല്‍മവാഇള് വല്‍ ഇഅ്തിബാര്‍ ബിദിക് രില്‍ ഖുത്വത്വി വല്‍ ആസാര്‍' എന്ന കൃതിയില്‍ എഴുതിയത് കാണുക. 'ഈജിപ്തിലെ അമീറായിരുന്ന അലിയ്യുബ്‌നു സുലൈമാനുബ്‌നു അബ്ബാസ് (മ.ഹി 183/ക്രി. 799) 'മര്‍യം ചര്‍ച്ചും', മഹ്‌റസ് ഖുസ് ത്വന്‍ത്വീന്‍ ചര്‍ച്ചും തകര്‍ക്കുകയുണ്ടായി. മൂസബ്‌നു ഈസബ്‌നു മൂസ (മ.ഹി 183/ക്രി. 799). അലിയെ സ്ഥാനത്ത്‌നിന്നു നീക്കിയപ്പോള്‍, തകര്‍ക്കപ്പെട്ട പള്ളി പുനഃസ്ഥാപിക്കാന്‍ ക്രൈസ്തവര്‍ക്ക് അനുവാദം നല്‍കി. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്ന ലൈസ്ബ്‌നു സഅ്ദ് (അല്‍ ഫാരിസി അല്‍ ഖല്‍ഖശന്ദി മഹി. 175 ക്രി. 791) യുമായും അബ്ദുല്ലാഹിബ്‌നു ലുഹൈഅ (മ.ഹി 174 ക്രി. 790)യുമായും നടത്തിയ കൂടിയാലോചനയില്‍ ഉരുത്തിരിഞ്ഞതുപ്രകാരം ചര്‍ച്ച് പുനസ്ഥാപിക്കപ്പെട്ടു. 'ഈജിപ്തില്‍ നിര്‍മിക്കപ്പെട്ട ക്രൈസ്തവ ചര്‍ച്ചുകളത്രയും സ്വഹാബികളുടെയും താബിഉകളുടെയും കാലത്താണ് സ്ഥാപിക്കപ്പെട്ടതാണെന്നായിരുന്നു ഇരുവരും പുനര്‍നിര്‍മാണത്തിന് പറഞ്ഞ ന്യായം. തന്നെയുമല്ല, പുനര്‍നിര്‍മാണം عمارة الأرض (ഭൂമിയുടെ പരിപാലനം) ന്റെ ഭാഗമാണെന്നും അവര്‍ എടുത്തു പറഞ്ഞു. അക്കാലത്തെ രണ്ട് പ്രമുഖ പണ്ഡിതന്മാരായ ഇരുവരും എടുത്തു പറഞ്ഞ 'ഭൂമിയുടെ പരിപാലനം' എന്ന പ്രയോഗം ഇസ് ലാമിക സമൂഹം ഇതര ജനവിഭാഗങ്ങളുടെ നേരെ പുലര്‍ത്തിയ മികവാര്‍ന്ന സഹിഷ്ണുതയുടെ ഉത്തമ നിദര്‍ശനമാണ്. ഈ വിഷയകമായി ഇന്ന് നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങളേക്കാളും ഏറെ രചനാത്മകമാണ് അന്നത്തെ ഇസ് ലാമിക സമൂഹം കൈക്കൊണ്ട നടപടിയെന്ന് നമുക്ക് കാണാം.
ഹി. രണ്ട് / ക്രി. എട്ട് നൂറ്റാണ്ടുകളുടെ ഒടുവില്‍ മുസ് ലിംകളുടെ ഭാഗത്ത്‌നിന്ന് മൂല്യപരമായി ചില വ്യതിചലനങ്ങള്‍ ഉണ്ടാവുകയും നീതിയുടെ ത്രാസ് കുറച്ചൊക്കെ തെറ്റുകയും ചെയ്തപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ഹി. നാല്/ ക്രി. എട്ട് നൂറ്റാണ്ടുകളുടെ തുടക്കത്തില്‍ ബാഹ്യലോകത്ത്‌നിന്ന് ഇസ് ലാമിക ലോകത്തിനു നേരെയുണ്ടായ കടന്നാക്രമണങ്ങൾ സാമുദായിക ബന്ധങ്ങളില്‍ സന്തോഷകരമല്ലാത്ത സാഹചര്യം സൃഷ്ടിച്ചു. മുസ്്ലിം ശാമിനു നേരെ റോമന്‍ ബൈസാന്റിയക്കാരും, പൗരസ്ത്യ ഇസ് ലാമിക ലോകത്തിനു നേരെ ഫ്രഞ്ച് കുരിശുസേനയും ആന്തിലേഷ്യയില്‍ സ്‌പെയിന്‍ ക്രൈസ്തവരും പടനയിച്ചതോടെ ഇതര വിഭാഗങ്ങളുമായുള്ള ബന്ധങ്ങളില്‍ ആഴത്തില്‍ വിള്ളലുകളുണ്ടായി. കുരിശു യുദ്ധങ്ങളെകുറിച്ചു വിവരിക്കവെ പ്രസിദ്ധചരിത്രകാരനായ വില്‍ഡ്യൂറന്റ് (മ.ഹി 1402/ക്രി. 1981) എഴുതുന്നു: 'ഇതര മതസമൂഹങ്ങളുമായി തികഞ്ഞ സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന ഇസ്്ലാമിക സമൂഹങ്ങള്‍ തങ്ങളുടെ നാടുകള്‍ക്കുനേരെ കുരിശു സേനകളുടെയും യൂറോപ്യരുടെയും ഭാഗത്തുനിന്ന് തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നിലപാടുമാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു!
പരസ്പര ശിഷ്യത്വം
ഇസ് ലാമിക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുസ് ലിംകളും അല്ലാത്തവരുമായി വൈജ്ഞാനികരംഗത്ത് രചനാത്മകമായ വാങ്ങല്‍ കൊടുക്കലുകള്‍ നടന്നിരുന്നു. ആദ്യകാല മുസ് ലിം തലമുറകള്‍ യഹൂദ-ക്രൈസ്തവ പണ്ഡിതന്മാരില്‍നിന്ന് ഇസ് ലാമിക വിജ്ഞാനീയങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത അറിവുകള്‍ നേടിയിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാവായ മുഖാതിലുബ്‌നു സുലൈമാന്‍ അൽബല്‍ഖീ (മ.ഹി 150/ക്രി. 768)യെക്കുറിച്ച് ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി (ഹി. 852/1448) 'തഹ്ദീബുത്തഹ്ദീബി'ല്‍ എഴുതുന്നു:
'മുഖാതില്‍, യഹൂദ-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് ഖുര്‍ആനോട് യോജിക്കുന്ന വിജ്ഞാനങ്ങള്‍ സ്വീകരിച്ചിരുന്നു.' മുഖാതിലിനെക്കുറിച്ച് ചിലര്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇസ്്ലാമിക ലോകത്തെ പ്രഗത്ഭരായ പല പണ്ഡിതന്മാരും അദ്ദേഹത്തെ പോലെ തന്നെ തഫ്‌സീറുകളില്‍ സമാനരീതി സ്വീകരിച്ചവരാണെന്നു കാണാം.
'ഇമാമുല്‍ മഗാസീ' (യുദ്ധചരിത്രകാരന്‍) എന്ന് വിശ്രുതനായ മുഹമ്മദ്ബ്‌നു ഇസ്ഹാഖ് (മ.ഹി 151/ക്രി. 769) യഹൂദ-ക്രൈസ്തവരില്‍നിന്ന് വിവരങ്ങള്‍ ഉദ്ധരിക്കുകയും അവര്‍ 'പ്രഥമവിജ്ഞാനത്തിന്റെ വാഹകരാണെന്ന് പറയുകയും ചെയ്തിരുന്നതായി ഫിഹ്‌റസ്്തിന്റെ കര്‍ത്താവ് ഇബ്‌നുന്നദീം (മ.ഹി 384/ ക്രി. 1047) രേഖപ്പെടുത്തുന്നു. ഇമാം ത്വബരി (മ.ഹി 310/ ക്രി. 922) തന്റെ ചരിത്രത്തില്‍ എഴുതുന്നു: 'അബ്ബാസി ഖലീഫ മുതവക്കില്‍ (മ.ഹി 247/ക്രി. 861), ഹി. 235/ക്രി. 849-ല്‍ അമുസ് ലിംകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ചില നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. അതുപ്രകാരം, അമുസ്്ലിം കുട്ടികള്‍ മുസ്്ലിം വിദ്യാലയങ്ങളില്‍ പഠിക്കുന്നതും അവരെ മുസ് ലിംകള്‍ പഠിപ്പിക്കുന്നതും വിലക്കുകയുണ്ടായി. വിദ്യാലയങ്ങളില്‍ എല്ലാ മതവിഭാഗങ്ങളിലും പെട്ട പഠിതാക്കള്‍ ഉണ്ടായിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
ഇബ്‌നു ഖല്ലികാന്‍ (മ.ഹി 681/ ക്രി. 1282) 'വഫയാത്തുല്‍ അഅ്‌യാനി'ല്‍ എഴുതുന്നു: 'പ്രസിദ്ധ ക്രൈസ്തവ ഭിഷഗ്വരനായ യഹ് യബ്‌നു ജസ് ല (മ.ഹി 493/ക്രി. 1100) മുഅ്തസിലി പണ്ഡിതനായ അലിയ്യുബ്‌നുല്‍ വലീദി (മ.ഹി 478/ക്രി. 1085) ന്റെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹവുമായി സ്ഥിരസഹവാസം പുലര്‍ത്തുകയും ചെയ്തിരുന്നു.
ശാഫിഈ പണ്ഡിതനായ അബൂമുഹമ്മദ് അല്‍ഗനവി അന്നസ്വീബി (മ.ഹി 660/ ക്രി. 1262)യുടെ ദമസ്‌കസിലെ വീട്ടില്‍ മുസ് ലിം-യഹൂദ-ക്രൈസ്തവ-സാമിറ വിഭാഗങ്ങളിലെ പഠിതാക്കള്‍ നിത്യസന്ദര്‍ശകരായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹം ക്ലാസുകള്‍ എടുത്തിരുന്നു. ഇബ്‌നു തഗ് രി ബര്‍ദി (മ.ഹി 874/ക്രി. 1470) 'അന്നുജുമുസ്സാഹിറ' യില്‍ രേഖപ്പെടുത്തിയതാണീ വിവരം.
ഇമാം സുയൂത്വി (മ.ഹി 911/ക്രി. 1506) 'ബുഗ് യത്തുല്‍ വുആത്ത്' എന്ന കൃതിയില്‍ ശാഫിഈ പണ്ഡിതനായ ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു യൂസുഫ് അല്‍ജസരി (മ.ഹി 711/ ക്രി. 1311) മുസ് ലിം, യഹൂദ, ക്രൈസ്തവ പഠിതാക്കള്‍ക്ക് ക്ലാസെടുത്തിരുന്നതായി രേഖപ്പെടുത്തുന്നു.
കടുത്ത യഹൂദ മതവിശ്വാസിയും വൈജ്ഞാനിക അവലംബവുമായിരുന്ന അബ്ദുസ്സയ്യിദ് ബ്‌നു ഇസ്ഹാഖ് അല്‍ ഇസ്‌റാഈലി (മ.ഹി 715/ക്രി. 1315) മുസ് ലിംകളെ ഇഷ്ടപ്പെടുകയും ഹദീസ് പഠനവേദികളില്‍ ഹാജറാവുകയും പഠിക്കുകയും ചെയ്തിരുന്നതായി ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി 'അദ്ദുററുല്‍ കാമിന'യില്‍ എഴുതുന്നു. പ്രമുഖ ഹദീസ് പണ്ഡിതനായ മിസ്സി (മ.ഹി 742/ക്രി. 1341)യില്‍നിന്ന് ഹദീസുകള്‍ പഠിച്ചിരുന്ന അബ്ദുസ്സയ്യിദ് പില്‍ക്കാലത്ത് ഇസ് ലാം സ്വീകരിക്കുകയുണ്ടായി. ചില യഹൂദരും ക്രൈസ്തവരും ഹദീസ് പഠനക്ലാസുകളില്‍ എന്ന പോലെ സ്വൂഫി സദസ്സുകളിലും ഹാജറായിരുന്നു. ഇമാം ദഹബി 'താരീഖുല്‍ ഇസ് ലാമി'ല്‍, സ്വൂഫി പ്രമുഖനായ ശൈഖ് അബുല്‍ അഹസന്‍ അല്‍ഹരീരി (മ.ഹി 645/ക്രി. 1262) യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും സദസ്സ് വിലക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
കൂട്ടായ പ്രതിഷേധങ്ങള്‍
അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരെ വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചണിനിരന്നുള്ള പ്രതിഷേധങ്ങള്‍ നഗരങ്ങളില്‍ നടന്നിരുന്നു. ഒരിക്കല്‍ ദമസ്‌കസില്‍ വിവിധ മത വിഭാഗങ്ങള്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ കൈയിലേന്തി പ്രതിഷേധിക്കുകയും ഉമവി വലിയ പള്ളിയില്‍ കൂട്ടായ പ്രാര്‍ഥനകള്‍ നടത്തുകയുമുണ്ടായി. ചരിത്രകാരന്‍ മഖ്്രീസി (മ.ഹി 845/ക്രി. 1441) 'ഇത്തിആളുല്‍ ഹുനഫാ'യില്‍ എഴുതുന്നു: ഹി. 363/ക്രി. 974 ല്‍ ഈജിപ്ഷ്യന്‍ ഫാത്വിമി സേനാനായകന്‍ അബൂ മഹ്മൂദ് ഇബ്‌റാഹീമുബ്‌നു ജഅ്ഫര്‍ അല്‍ ബര്‍ബരീ അല്‍ കത്താമി (മ.ഹി 370/ക്രി. 981) പ്രക്ഷുബ്ധമായ ദമസ്‌കസില്‍ സേനാ മുന്നേറ്റം നടത്തി. തദവസരം രാജ്യത്ത് സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് മുസ്്ലിം -യഹൂദ-ക്രൈസ്തവ വിഭാഗങ്ങള്‍ പ്രകടനം നടത്തുകയുണ്ടായി. മുസ് ലിംകള്‍ മുസ്വ്്ഹഫും യഹൂദര്‍ തൗറാത്തും ക്രൈസ്തവര്‍ ഇഞ്ചീലും തുറന്നു പിടിച്ചായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തിരുന്നത്. ഉമവി ജുമാ മസ്ജിദില്‍ സമ്മേളിച്ച് അവര്‍ പ്രാര്‍ഥിച്ചു. വേദഗ്രന്ഥങ്ങൾ തലക്കുമീതെ തുറന്നുപിടിച്ച് അവര്‍ നഗരത്തില്‍ പ്രകടനം നടത്തി. ബഗ്ദാദില്‍ ബുവൈഹി മന്ത്രി അബുല്‍ ഫദ് ല്‍ അശ്ശീറാസിയുടെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ നടമാടിയപ്പോള്‍ വര്‍ധിത രീതിയില്‍ മുസ് ലിം, യഹൂദ, ക്രൈസ്തവ പള്ളികളില്‍ പ്രാര്‍ഥനകൾ നടക്കുകയുണ്ടായി.
ഹി. 411/ക്രി. 1021-ല്‍ ഈജിപ്തില്‍ ഫാത്വിമി ഖലീഫ ഹാകിം ബി അംരില്ലാ (മഹി 411/ക്രി. 1021) പ്രജകള്‍ക്കു നേരെ അതിക്രമങ്ങള്‍ നടത്തിയപ്പോള്‍ യഹൂദരും ക്രൈസ്തവരും എഴുത്തുകാരും തൊഴിലാളികളും സൈന്യവും കച്ചവടക്കാരും മറ്റും അതിനെതിരെ രംഗത്തുവരികയുണ്ടായി.
ഹി. 394/ക്രി. 1005-ല്‍ ഒരു ക്രൈസ്തവ പ്രതിനിധി ശാമില്‍ മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫാത്വിമി ഭരണകൂടത്തില്‍ ഇടപെടുകയും അതിനായി ഫാത്വിമി ഖലീഫയുടെ സഹോദരി സിത്തുല്‍ മലികു (മഹി 415/ക്രി. 1025) മായുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തുകയും ചെയ്തു. ശാമില്‍ നടന്നുകൊണ്ടിരുന്ന വ്യാപകമായ മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ അദ്ദേഹം സിത്തുല്‍മലികിന് വിശദമായ കത്തെഴുതി. അവര്‍ ഖലീഫയെ സമീപിച്ച് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം പ്രശ്‌നങ്ങള്‍ക്ക് അറുതിയായി. ഇബ്‌നുല്‍ ഖലാനിസി അത്തമീമി (മഹി 555/ക്രി. 1160) താരീഖു ദിമശ്ഖില്‍ രേഖപ്പെടുത്തിയതാണ് ഈ കാര്യം.
പരസ്പര സമാശ്വാസ ശ്രമങ്ങള്‍
ദുഃഖത്തിന്റെയും യുദ്ധങ്ങളുടെയും മറ്റും സന്ദര്‍ഭങ്ങളില്‍ സമുദായ പരിഗണന ഇല്ലാതെ എല്ലാവരും എല്ലാവരുടെയും വിഷമങ്ങളില്‍ പങ്കാളികളായി. മരണാനന്തര ചടങ്ങുകളില്‍ സമുദായ ഭേദമന്യെ എല്ലാവരും ഭാഗഭാക്കായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഈ നിലപാടു തുടര്‍ന്നിരുന്നു. ഇമാം ബുഖാരി (മഹി 250/ക്രി 870)യുടെ 'അത്താരീഖുല്‍ ഔസത്വ്' ഇബ്‌നു അബീശൈബ (മഹി 297/ ക്രി. 725) യുടെ അല്‍ മുസ്വന്നഫ്' എന്നീ കൃതികളില്‍ ഇമാം ശഅബി (മഹി 106/ക്രി. 725) യില്‍നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു:
ماتت أم الحارث بن عبد الله أبي ربيعة المخزومي القرشي - وهي نصرانية - فشهدها أصحاب محمد - صلى الله عليه وسلم
'ഖുറൈശ് ഗോത്രജനും മഖ്‌സൂം വംശജനുമായ ഹാരിസുബ്‌നു അബ്ദില്ലയുടെ(മഹി 69/ക്രി. 690) ക്രൈസ്തവയായ മാതാവ് മരിച്ചു. മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ മരണാനന്തര ചടങ്ങുകളില്‍ സാക്ഷികളായി.'
ചരിത്രകാരന്‍ ഇബ്‌നു അസാകിര്‍ (മഹി 571/ക്രി. 1175) 'താരീഖുദിമശ്ഖി'ല്‍ എഴുതുന്നു: 'പ്രസ്തുത ക്രൈസ്തവ വനിതയുടെ പേര് 'സബ്ഹാഉല്‍ ഹബ്ശിയ്യ' എന്നായിരുന്നു. അവരുടെ മരണം മക്കയില്‍ വെച്ചായിരുന്നു എന്നാണ് ചരിത്ര വിവരം. പ്രശസ്ത കവി ഉമറുബ്‌നു അബീറബീഅ (മഹി 93/ക്രി. 713)യുടെ പിതാവും സ്വഹാബിയും ഉമ്മുല്‍ ഹാരിസിന്റെ ഭര്‍ത്താവുമായ അബ്ദുല്ലാഹിബ്‌നു അബീറബീഅല്‍ മഖ്‌സൂമി (മഹി 35/ക്രി 656)യുടെ മരണശേഷമായിരുന്നു ഇവരുടെ വിയോഗം.
അബൂഹനീഫ ദ്ദീനവരി (മഹി 282/ക്രി. 895)യുടെ 'അല്‍ അഖ്ബാര്‍ അത്ത്വിവാല്‍' എന്ന കൃതിയില്‍ ഉദ്ധരിച്ച താഴെ സംഭവം ശ്രദ്ധേയമാണ്. ഹി. 40/ക്രി. 661-ല്‍ സ്വഹാബികളും താബിഉകളും താമസക്കാരായ കൂഫയില്‍ മുസ് ലിം പ്രമുഖരും ബൈബ്ള്‍ പാരായണം ചെയ്തുകൊണ്ട് ക്രൈസ്തവ പുരോഹിതന്മാരും പങ്കെടുത്ത ഒരു വിലപായാത്ര നടന്നു. അബ്ജറുബ്‌നു ജാബിര്‍ അല്‍ ഇജ്‌ലി (മഹി 40/ക്രി. 661) എന്ന ക്രൈസ്തവന്റെതായിരുന്നു മൃതദേഹം. അദ്ദേഹത്തിന്റെ മകന്‍ ഹജ്ജാറുബ്‌നു അബ്ജര്‍ (മഹി 40/ ക്രി. 661) ബക്‌റുബ്‌നു വാഇല്‍ നേതാവായിരുന്നു. മുസ് ലിംകള്‍ അബ്ജറിന്റെ വിലാപയാത്രയില്‍ പങ്കെടുത്തത് അബ്ജറിന്റെ മകന്‍ ഹജ്ജാറിന്റെ നേതൃപരിഗണനയാലും ക്രൈസ്തവര്‍ പങ്കെടുത്തത് അബ്ജര്‍ ക്രൈസ്തവനായതിനാലുമാണ്.
ഇബ്‌നു അബീശൈബ, ഇബ്‌നു ഉമറി(മഹി 73/ ക്രി. 693)ല്‍നിന്ന് ഉദ്ധരിക്കുന്നു. ഒരു മുസ് ലിം ക്രൈസ്തവവനിതയുടെ മൃതദേഹത്തോടൊപ്പം പോകുന്നതിന് വിലക്കുണ്ടോ? എന്ന ചോദ്യത്തിന് ഇബ്‌നു ഉമര്‍(റ) يتبعها ويمشي أمامها 'അയാള്‍ മൃതദേഹത്തിന്റെ കൂടെ പോവണം, മൃതദേഹത്തിന്റെ മുന്നില്‍ നടക്കണം' എന്ന് നിര്‍ദേശിക്കുകയുണ്ടായി. ഒരു യഹൂദിയുടെ ജനാസയെപ്പറ്റി 'അത് മനുഷ്യാത്മാവല്ലെ?' (أليست نفسًا) എന്ന് നബി(സ) പ്രതികരിച്ചതായി ബുഖാരി ഉദ്ധരിച്ചത് പ്രസിദ്ധമാണല്ലോ. വൈരാഗിയായി ജീവിച്ച മന്‍സ്വൂര്‍ ബ്‌നു സാദാന്‍ (ഹി 128/ക്രി. 747) മരിച്ചപ്പോള്‍ യഹൂദികളും ക്രൈസ്തവരും മജൂസികളും കണ്ണീര്‍ വിലാപായാത്ര നടത്തുകയുണ്ടായി. ശാമിലെ പ്രമുഖ പണ്ഡിതനായ ഔസാഈ മരിച്ചപ്പോള്‍ യഹൂദികളും ക്രൈസ്തവരും കോപ്റ്റിക്കുകളും ജനാസയെ പിന്തുടര്‍ന്നതായി 'താരീഖു ദിമശ്ഖി'ല്‍ ഇബ്‌നു അസാകിര്‍ രേഖപ്പെടുത്തുന്നു. പ്രമുഖ പണ്ഡിതനായിരുന്ന അബൂഇസ്ഹാഖ് അല്‍ഫസാരി (മഹി 186/ക്രി. 803) മരിച്ചപ്പോള്‍ യഹൂദികളും ക്രൈസ്തവരും ദുഃഖത്താല്‍ തലയില്‍ മണ്ണ് വാരിയിടുന്നത് ഞാന്‍ കാണുകയുണ്ടായെന്നും ഇബ്‌നു അസാകിര്‍ പറയുന്നുണ്ട്. ഖത്വീബുല്‍ ബഗ്ദാദി (മഹി 463/ക്രി. 1071) 'താരീഖു ബഗ്ദാദി'ല്‍ എഴുതിയതും സമാനമാണ്. ഇമാം അഹ് മദുബ്‌നു ഹമ്പല്‍ (മഹി 241/ക്രി. 855) മരിച്ചപ്പോള്‍ മുസ് ലിംകള്‍ മാത്രമല്ല, യഹൂദരും ക്രൈസ്തവരും മജൂസികളും ഏങ്ങിയേങ്ങി കരയുകയുണ്ടായി എന്നാണ് ബഗ്ദാദി എഴുതിയത്. അന്ദലുസിലെ പ്രമുഖ പണ്ഡിതനായിരുന്ന ഉബൈദുല്ലാഹിബ്‌നു യഹ്്യ ബ്‌നു യഹ്്യല്ലൈസി അല്‍ ഖുര്‍ബുത്വി (മഹി 298/ക്രി. 912) മരിച്ചപ്പോള്‍ യഹൂദരും ക്രൈസ്തവരും ഉള്‍പ്പെടെ എല്ലാവരും ദുഃഖം സഹിക്കവയ്യാതെ കരഞ്ഞതായി അന്ദലുസിലെ ചരിത്രകാരനായ ഇബ്‌നു ബശ്കുവാലി (മഹി 578/ക്രി 1182) നെ ഉദ്ധരിച്ച് ഇമാം ദഹബി എഴുതിയിട്ടുണ്ട്.
ഇബ്‌നു അസാകിറിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ പേര്‍ഷ്യയിലെ സ്വൂഫീ പണ്ഡിതനായിരുന്ന മുഹമ്മദുബ്‌നു ഖലീഫ് അദ്ദബ്ബി അശ്ശീറാസി (മഹി 371/ക്രി 982) മരിച്ചപ്പോള്‍ യഹൂദരും ക്രൈസ്തവരും മജൂസികളും ജനാസയില്‍ പങ്കെടുക്കുകയുണ്ടായി എന്നു കാണാം. 'അല്‍ അഫീഫ്' എന്ന അപരാഭിധാനത്തില്‍ അറിയപ്പെടുന്ന ഇബ്‌നു അബീ നസ്വ് ര്‍ (മഹി 420, ക്രി. 1030) നിര്യാതനായപ്പോള്‍ വലിയൊരു പറ്റം യഹൂദരും ക്രൈസ്തവരും അവിടെ സന്നിഹിതരായിരുന്നു എന്ന് ദഹബി രേഖപ്പെടുത്തുന്നു.
യുദ്ധങ്ങളിലെ പങ്കാളിത്തം
നീതിപരമോ അനീതിപരമോ ആയ പല യുദ്ധങ്ങളിലും മുസ്്ലിം ഭരണാധികാരികളോടൊപ്പം മറ്റു മതവിഭാഗക്കാര്‍ പങ്കെടുത്തിരുന്നു. ചരിത്രകാരനായ ഇബ്‌നുല്‍ അബ്്രി (മഹി 685/ക്രി 1286) 'താരീഖു മുഖ്തസ്വരിദ്ദുവൽ' എന്ന പുസ്തകത്തില്‍ എഴുതുന്നു: ഹി. 638/ക്രി 1240ല്‍ പ്രവാചകത്വം വാദിച്ച ബാബാ തുര്‍ക്കുമാനി ആറായിരം അശ്വഭടന്മാരെ വിന്യസിച്ച് യുദ്ധത്തിനൊരുമ്പെട്ടപ്പോള്‍ ഗിയാസുദ്ദീന്‍ സല്‍ജൂഖി (മഹി 644/ ക്രി. 1246) ഒരു സൈന്യത്തെ നിയോഗിച്ചു. തന്റെ സേവകരായ പറങ്കികളും സേനയിലുണ്ടായിരുന്നു. ശത്രു തങ്ങളേക്കാള്‍ പ്രബലരാണെന്നു തോന്നിയ മുസ് ലിം സേന പിന്‍വാങ്ങാന്‍ ഒരുങ്ങിയപ്പോള്‍, പറങ്കികള്‍ മുസ് ലിംകളെ മാറ്റിനിര്‍ത്തി യുദ്ധത്തിന്റെ നിയന്ത്രണം സ്വയമേറ്റെടുത്തു. ശത്രുക്കളെ നിശ്ശേഷം പരാജയപ്പെടുത്തി. വ്യാജ പ്രവാചകന്‍ ബാബാ തുര്‍ക്കുമാനി കൊല്ലപ്പെട്ടു.
ഈ സംഭവത്തിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞ് ഹി. 642/ക്രി. 1244-ല്‍ ദമസ്‌കസിലെയും ഹിംസ്വിലെയും കര്‍കിലെയും അയ്യൂബി രാജാക്കന്മാര്‍, തങ്ങളുടെ പിതൃവ്യ പുത്രനും മുസ് ലിമുമായ ഈജിപ്തിലെ സുല്‍ത്വാന്‍ നജ്മുദ്ദീന്‍ അയ്യുബുബ്‌നു അല്‍കാമില്‍ അയ്യൂബി (മഹി 647/ക്രി. 1249) ക്കെതിരെ കുരിശു സേനയുടെ സഹായത്തോടെ യുദ്ധം ചെയ്യുകയുണ്ടായി. തലയില്‍ കുരിശു ചുമന്ന പറങ്കി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഈ യുദ്ധമെന്ന് ഇബ്‌നുല്‍ ജൗസിയുടെ പുത്രന്‍ (മഹി 654/ക്രി. 1256) 'മിര്‍ആത്തുസ്സമാനി'ല്‍ എഴുതുന്നു:
ഇസ്്ലാമിക രാഷ്ട്രത്തിലെ അമുസ്്ലിം പ്രജകളുടെ സരംക്ഷണോത്തരവാദിത്വം മുസ് ലിംകളുടെ ഉത്തരവാദിത്വമാണ്. മുസ് ലിംകളുടെയോ അമുസ് ലിംകളുടെയോ ഭാഗത്ത്‌നിന്ന് അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചെറുക്കേണ്ടതും അവരില്‍നിന്ന് ബന്ദികളാകുന്നവരെ മോചിപ്പിക്കേണ്ടതും മുസ് ലിംകള്‍ തന്നെയാണ്. ഇബ്‌നു ഖുദാമ അല്‍ ഹമ്പലി (മഹി 620/ക്രി. 1223) തന്റെ 'അല്‍കാഫീ'യില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് ഇസ് ലാമിക ജിഹാദിന്റെ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍തന്നെ നിജപ്പെടുത്തിയതാണ്.
وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًاۗ
'അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.' (ഹജ്ജ് 40)
ഈ രംഗത്ത് ചരിത്രത്തില്‍ ചില സംഭവങ്ങളും ഉണ്ടായതായി കാണാം. മുസ് ലിം നേതൃത്വത്തോട് കലഹിച്ച മുസ് ലിംകളായ പ്രതിയോഗികള്‍ അതിന്റെ പേരില്‍ ശത്രുവിന്റെ തടവില്‍ കഴിയേണ്ടി വരികയും മുസ് ലിമേതരര്‍ക്ക് സംരക്ഷണം ലഭിക്കുകയും ചെയ്ത അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഹി. 231/ക്രി. 846 ലെ സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ ത്വബരി എഴുതുന്നു: 'കോണ്‍സ്റ്റാന്റിനോപ്പിളില്‍ തങ്ങളുടെ ബന്ദികളായ മുസ്്ലിംകളെ റോമക്കാര്‍ മോചിപ്പിക്കാന്‍ തയാറായപ്പോള്‍ അബ്ബാസി ഖലീഫ വാസിഖ് (മഹി 232/ക്രി. 847) ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദിക്കുന്ന ബന്ദികളെ വിട്ടയക്കാനും സൃഷ്ടി അല്ലെന്നു പറയുന്നവരെ തടവില്‍ തന്നെ നിലനിര്‍ത്താനും നിര്‍ദേശിക്കുകയുണ്ടായി.'
അല്‍ ഇമാദുല്‍ അസ്വ്്ഫഹാനി (ഹി. 597/ക്രി. 1200) 'അല്‍ ബുസ്താനുല്‍ ജാമിഇ'ല്‍ എഴുതുന്നു:
'ഹി 541/ക്രി. 1246-ല്‍ ഇന്നത്തെ തുര്‍ക്കിയിലെ ഊര്‍ഫാ(അര്‍റുഹാ) നഗരവും അവിടത്തെ കോട്ടയും കുരിശു പറങ്കികള്‍ ആക്രമിക്കുകയുണ്ടായി. അവിടത്തെ മുസ് ലിംകളെയും യഹൂദരെയും ക്രൈസ്തവരെയും പറങ്കികള്‍ പിടികൂടി. തദവസരം മുസ് ലിം സേനകള്‍ സംഘടിച്ച് എല്ലാവരെയും ശത്രുക്കളില്‍നിന്ന് മോചിപ്പിച്ചു.' കുരിശുസേനകള്‍ മതഭേദമില്ലാതെ എല്ലാവരെയും ആക്രമിച്ചപ്പോള്‍ മുസ് ലിംകള്‍ മതഭേദമില്ലാതെ എല്ലാവരെയും മോചിപ്പിക്കാന്‍ മുന്‍പിന്‍നിന്നതായാണ് ചരിത്രം പഠിപ്പിക്കുന്നത്.
ഇബ്‌നുതൈമിയ്യയുടെ ഇടപെടല്‍
ഹി. 699/ക്രി. 1300-ല്‍ താര്‍ത്താരികള്‍ ഡമസ്‌കസില്‍ ആക്രമണം നടത്തിയപ്പോള്‍ ബന്ദികളാക്കിയ യഹൂദരെയും ക്രൈസ്തവരെയും മോചിപ്പിക്കാന്‍ ഇമാം ഇബ്‌നു തൈമിയ്യ (ഹി. 728/ക്രി. 1328) നടത്തിയ ശ്രമങ്ങള്‍ ഇവിടെ അനുസ്മരണീയമാണ്. സൈപ്രസിലെ ക്രൈസ്തവ ചക്രവര്‍ത്തിയായ സര്‍ജൂനിന് ഇബ്‌നുതൈമിയ്യ അയച്ച കത്തില്‍നിന്ന്: 'ബന്ദികളെ മോചിപ്പിക്കാനായി ഞാന്‍ താര്‍ത്താരികളോട് സംസാരിച്ച കാര്യം എല്ലാ ക്രൈസ്തവരും അറിഞ്ഞുകഴിഞ്ഞതാണ്. താര്‍ത്താരി ചക്രവര്‍ത്തി ഗാസാന്‍ (മഹി 703, ക്രി. 1303) മുസ്്ലിംകളെ വിട്ടയക്കാന്‍ സന്നദ്ധനായി. എന്നാല്‍ ഖുദ്‌സില്‍നിന്ന് ബന്ദികളാക്കിയ ക്രൈസ്തവരെ വിട്ടയക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്, ഞങ്ങളുടെ -മുസ്്ലിംകളുടെ- സംരക്ഷിത പ്രജകളായി കഴിയുന്നവരും ഇപ്പോള്‍ നിങ്ങളുടെ ബന്ധനത്തിലുള്ളവരായ എല്ലാ യഹൂദരെയും ക്രൈസ്തവരെയും വിട്ടയക്കണമെന്നാണ്. മുസ്്ലിമോ അല്ലാത്തവരോ ആയ എല്ലാവരെയും ഞങ്ങള്‍ മോചിപ്പിച്ചിരിക്കും. ഇത് ഞങ്ങളുടെ പ്രവര്‍ത്തനമാണ്. ഞങ്ങളുടെ ഔദാര്യമാണ്. അതിന്റെ പ്രതിഫലം തരേണ്ടത് അല്ലാഹുവാണ്.'
പ്രതിരോധം, സഹായം
പ്രാദേശികമോ വൈദേശികമോ ആയ ഭരണാധികാര നേതൃത്വങ്ങളില്‍നിന്ന് കടന്നാക്രമണങ്ങളുണ്ടാകുമ്പോള്‍ മുസ്്ലിംകളെ സഹായിക്കാന്‍ അമുസ്്ലിംകള്‍ മുന്നോട്ടു വന്നിരുന്നു. അന്ദലുസിലെ പണ്ഡിതനായിരുന്ന ത്വാലൂതുബ്‌നു അബ്ദില്‍ ജബ്ബാര്‍ അല്‍ മആഫീരി (മഹി 206-ന് തൊട്ടുമുമ്പ് / ക്രി. 821) അന്ദലുസിലെ ഒന്നാം ഉമവി അമീറായ അല്‍ ഹകമി (മഹി 206/ ക്രി. 821) ക്ക് പിടികൊടുക്കാതിരിക്കാന്‍ ഒരു വര്‍ഷക്കാലം അദ്ദേഹം ഒളിവില്‍ താമസിച്ചത് ഒരു യഹൂദിയുടെ അടുത്താണ്. പിന്നീട് അവിടെനിന്ന് മന്ത്രി അബുല്‍ബസ്സാമിനെ ഉദ്ദേശിച്ചു പോയെങ്കിലും മന്ത്രി, ത്വാലൂത്തിനെ പിടികൂടി അല്‍ഹകമിനെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഇതേപറ്റി പിന്നീട് ഉമവി അമീര്‍ തന്റെ മന്ത്രിയോട് പറഞ്ഞത്, 'ഒരു യഹൂദി അദ്ദേഹത്തെ സംരക്ഷിച്ചു, അദ്ദേഹത്തിന്റെ അറിവും ദീനും പരിഗണിച്ചു. എന്നാല്‍ നിങ്ങള്‍ അയാള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയാറായില്ല' എന്നായിരുന്നു. അമീര്‍ വഞ്ചകനായ മന്ത്രിയെ പിരിച്ചുവിട്ടു. അഭയം നല്‍കിയ യഹൂദിക്ക് പ്രത്യുപകാരം നല്‍കി. മികച്ച പാരിതോഷികം ലഭിച്ച യഹൂദി അതിന്റെ പേരില്‍ ഇസ് ലാം ആശ്ലേഷിച്ചു. ഈ സംഭവം അന്ദലുസില്‍ വളരെ പ്രചുരമായി. ത്വാലൂത്ത് എന്ന മഹാപണ്ഡിതന്‍ 'പ്രവര്‍ത്തകനായ പണ്ഡിതന്‍' (അല്‍ ആലിമുല്‍ ആമില്‍) എന്ന പേരിൽ വിശ്രുതനായിരുന്നു.
ഖത്വീബുല്‍ ബഗ്ദാദി 'താരീഖു ബഗ്ദാദി'ലും ഖാദി ഇയാദ് (മഹി 543/ ക്രി. 1148) 'തര്‍ത്തീബുല്‍ മദാരികി'ലും ദാറുഖുത്വ്‌നി (മഹി 385/ക്രി. 996)യില്‍നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു: 'ബഗ്ദാദിലെ ചീഫ് ജഡ്ജായിരുന്ന ഇസ്മാഈലുബ്‌നു ഇസ്ഹാഖ് അല്‍മാലികി (മഹി 282/ക്രി. 895)യാണ് മാലികി (മഹി 179/ക്രി. 796) ന്റെ മദ്ഹബ് ഇറാഖില്‍ പ്രചരിപ്പിച്ചത്. ഒരിക്കല്‍ അബ്ദൂന് ബ്‌നു സ്വാഇദ് എന്ന ക്രൈസ്തവ മന്ത്രി ന്യായാധിപനായ ഇസ്മാഈലിനെ സന്ദര്‍ശിച്ചു. ന്യായാധിപന്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സദസ്സിലുണ്ടായിരുന്നവര്‍ക്ക് അതത്ര ഇഷ്ടമായില്ല. അദ്ദേഹം അവിടെ ഉണ്ടായിരുന്നവരോടായി പറഞ്ഞു: 'നിങ്ങളുടെ അനിഷ്ടം എനിക്ക് മനസ്സിലായി.
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ
'മതത്തിന്റെ കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളെ നിങ്ങളുടെ വീടുകളില്‍നിന്ന് പുറത്താക്കാത്തവരുമായവര്‍ക്ക് പുണ്യം ചെയ്യുന്നത് അല്ലാഹു നിങ്ങള്‍ക്ക് വിലക്കുന്നില്ല' എന്നാണ് അല്ലാഹുവിന്റെ കല്‍പന. അദ്ദേഹം മുസ് ലിംകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നയാളാണ്. അദ്ദേഹം ഖലീഫ മുഅ്തദിദിന്റെയും (മഹി 209/ ക്രി.902) നമ്മുടെയും ഇടയിലെ അംബാസഡറാണ്. ഇതുകേട്ടപ്പോള്‍, അവിടെ ഉണ്ടായിരുന്നവര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
കുരിശു സേനകളുമായുള്ള യുദ്ധത്തിനിടയില്‍ ഒരിക്കല്‍ അക്കായില്‍ മുസ്്ലിംകള്‍ക്കെതിരില്‍ ഉപരോധം ശക്തിയായി. സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (മഹി 589/ക്രി. 1193) അവരെ സഹായിക്കാനായി ഭക്ഷ്യസാധനങ്ങളുമായി ഒരു കപ്പലയച്ചു. ബൈറൂത്തുകാരായ മുസ്്ലിംകളും ക്രൈസ്തവരും ഉപരോധം തകര്‍ക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. കുരിശു സേനകളുടെ ശക്തമായ പ്രതിരോധത്തെ മറികടന്ന് അവര്‍ തന്ത്രപൂര്‍വം കപ്പല്‍ അക്കാ എന്ന ലക്ഷ്യത്തിലെത്തിച്ചു.
താര്‍ത്താരികള്‍ അബ്ബാസി ഖിലാഫത്ത് ആസ്ഥാനമായ ബഗ്ദാദ് ഹി. 656/ക്രി. 1258-ല്‍ നക്കിത്തുടച്ചപ്പോള്‍ ജനങ്ങൾ പള്ളികളില്‍ അഭയം തേടി. സംരക്ഷിത പ്രജകളായ യഹൂദികളും ക്രൈസ്തവരും അവിടെ അഭയം തേടിയ മുസ് ലിംകളും മാത്രമെ അന്ന് രക്ഷപ്പെടുകയുണ്ടായുള്ളൂ.
കൃത്യം ഒരു നൂറ്റാണ്ടുമുമ്പ് ഹി. 1388/ ക്രി. 1919-ല്‍ ഇംഗ്ലീഷ് അധിനിവേശത്തിനെതിരില്‍ ഈജിപ്തുകാര്‍ നടത്തിയ വിപ്ലവത്തിനിടയില്‍ കോപ്റ്റിക് മഹാപുരോഹിതനായ സര്‍ജിയൂസ്, അസ്ഹറിലെ ജുമാമസ്ജിദില്‍ മിമ്പറില്‍ കയറി പ്രസംഗിക്കുകയുണ്ടായി. ഇവിടെയും അഹ് മദ് ബ്‌നു ത്വൂലൂന്‍ പള്ളിയിലും പ്രമുഖരായ മുസ് ലിം പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം പലതവണ പ്രസംഗിക്കുകയുണ്ടായി.
വിവാഹസദ്യകള്‍, സന്തോഷാവസരങ്ങള്‍
ഇത്രയും പറഞ്ഞത് ദുഃഖപ്രതിസന്ധി ഘട്ടങ്ങളാണെങ്കില്‍ സന്തോഷാവസരങ്ങളും സമുദായൈക്യത്തിന്റെ വിളംബര രംഗങ്ങളായിരുന്നു. അടിമവംശത്തിനു കീഴിലായിരുന്ന ഈജിപ്തിലെ കൈറോവിൽ, ഒന്നാമത്തെ ഖലീഫയായിരുന്ന മുസ്തന്‍സ്വിറി (മഹി 660/ ക്രി. 1262) ന് സംഘടിപ്പിച്ച ചരിത്ര പ്രധാനമായ സ്വീകരണം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഹി. 659/ ക്രി. 1261 റജബ് 8-ന് മുസ്തന്‍സ്വിര്‍ എത്തിയപ്പോള്‍ സുല്‍ത്വാന്‍ ളാഹിര്‍ ബൈബറസ് (മഹി 676/ക്രി. 1277) അദ്ദേഹത്തെ കാണാനായി ചെന്നു. അദ്ദേഹത്തോടൊപ്പം മന്ത്രിയും മുഖ്യ ന്യായാധിപനും നേതാക്കളും പണ്ഡിതന്മാരും ബാങ്ക് വിളിക്കുന്നവരും തൗറാത്തുമായി യഹൂദികളും ഇഞ്ചീലുമായി ക്രൈസ്തവരും ഘോഷയാത്രയില്‍ പങ്കാളികളായി. ഖുത്വ്്ബുദ്ദീന്‍ യൂനീനി (മഹി 726/ ക്രി. 1326) 'ദൈലു മിര്‍ആത്തി സ്സമാന്‍' എന്ന കൃതിയില്‍ രേഖപ്പെടുത്തിയതാണ് ഈ ചരിത്രം.
ഹി. 690/ക്രി. 1291-ല്‍ അക്കാ നഗരത്തെ കുരിശു അധിനിവേശത്തില്‍നിന്ന് അടിമവംശ സുല്‍ത്വാന്‍ അല്‍ അശ്‌റഫ് ഖലീലുബ്‌നു ഖലാവൂന്‍ (മഹി 693/ക്രി. 1294) മോചിപ്പിക്കുകയുണ്ടായി.
കുരിശുസേനകളെ നിശ്ശേഷം അമര്‍ച്ച ചെയ്ത അശ്‌റഫ് ദമസ്‌കസില്‍ പ്രവേശിച്ചപ്പോള്‍ പണ്ഡിതന്മാരും ന്യായാധിപന്മാരും പ്രസംഗകരും നേതാക്കളും യഹൂദരും ക്രൈസ്തവരും ആഘോഷ യാത്രകളില്‍ പങ്കാളികളായി.
അമുസ്്ലിംകളുടെ മതാഘോഷങ്ങളില്‍ മുസ്്ലിം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നതിനെപറ്റി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ധാരാളം ഫത്്വകള്‍ കാണാം. മുന്‍കാലങ്ങളില്‍ മുസ്്ലിം ആഘോഷങ്ങളില്‍ അമുസ് ലിം സാന്നിധ്യം അത്രക്ക് ശക്തമായിരുന്നു എന്നാണ് അതില്‍നിന്ന് മനസ്സിലാവുന്നത്. കര്‍മശാസ്ത്ര പണ്ഡിതനായ അല്‍ മുഹ്തസിബ് ഇബ്‌നു അബ്ദൂന്‍ അത്തുജൈബി അല്‍ അന്ദലുസി (മഹി 527/ക്രി. 1133) ക്രൈസ്തവ മതാഘോഷങ്ങളിലും വിവാഹ ചടങ്ങുകളിലും മുസ് ലിം സ്ത്രീകള്‍ നിരുപാധികം പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ഭൂമിശാസ്ത്രജ്ഞനും സഞ്ചാരിയും കര്‍മശാസ്ത്ര പണ്ഡിതനുമായ അല്‍ മഖ്ദിസി അല്‍ ബശാരീ (മഹി 380/ക്രി. 991) 'അഹ്‌സനുത്തഖാസീമി'ല്‍ എഴുതുന്നു: 'മുസ് ലിംകള്‍ക്ക് പരിചയവും അവര്‍ കാലഗണനക്കായി പരിഗണിക്കുന്നതുമായ ക്രൈസ്തവ ആഘോഷമാണ് കോപ്റ്റിക് ക്രിസ്ത്യന്‍ നവവത്സര ദിനമായ അല്‍ ഫസ്വ്്ഹ്. വേനല്‍ക്കാലത്തെ അല്‍ ഉന്‍സ്വുറയും, ശൈത്യകാലത്തെ അല്‍മീലാദും മഴക്കാലത്തെ ബര്‍ബാറ ആഘോഷവും ഇതേപോലെ മുസ് ലിംകള്‍ കാലഗണനക്ക് ഉപയോഗിക്കുന്നു. ഇത്തരം അവസരങ്ങള്‍ സ്വതന്ത്രമായും എല്ലാവരുടെയും പൊതു ആഘോഷമായും കാലഗണനക്കായും ആചരിച്ചുവരുന്നു.
ക്രൈസ്തവരുടെ ആഘോഷങ്ങളെ തീയതി ഗണിക്കാന്‍ മാനദണ്ഡമാക്കുന്ന രീതി മുമ്പെ ഉണ്ടായിരുന്നു. ഇമാം അഹ് മദുബ്‌നു ഹമ്പലിന്റെ ഗുരുക്കളിലൊരാളും പ്രമുഖ ഭാഷാകാരനും പണ്ഡിതനുമായ അബൂഅംറ് ഇസ്ഹാഖ് ബ്‌നു മിറാര്‍ അശ്ശൈബാനീ (മഹി. 210/ക്രി. 825)യുടെ നിര്യാണ വര്‍ഷം അല്‍ഖത്വീബുല്‍ ബഗ്ദാദി രേഖപ്പെടുത്തിയത്, 'ക്രൈസ്തവരുടെ ആഘോഷദിവസമായ 'യൗമുസ്സആനിലാണ് അദ്ദേഹം നിര്യാതനായത്' എന്നാണ്.
വിവാഹാഘോഷവേളകളായിരുന്ന സൗഹാര്‍ദത്തിന്റെ മറ്റൊരുരംഗം. അഗ്നിയാരാധകനായ ബഹ്‌റാം മുസ് ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും യഹൂദികള്‍ക്കും അഗ്നിയാരാധകര്‍ക്കുമായി വിവാഹ സദ്യ നടത്തി. അതില്‍ ഇമാം അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് (മഹി 181 ക്രി. 798) പങ്കെടുത്തു. ശൈഖുല്‍ ഇസ് ലാം അബുല്‍ ഹസന്‍ അസ്സഅ്ദി അല്‍ ഹനഫി (മഹി 461/ക്രി. 1070) യുടെ ഫത് വകളെ ആധാരമാക്കി ഹനഫി മുഫ്ത്തിയായ ശിഹാബുദ്ദീന്‍ അല്‍ഹമവി (മഹി 1098/ക്രി. 1688) എഴുതുന്നു: 'ദരിദ്രരായ മുസ് ലിംകളോട് അനുകമ്പയുണ്ടായിരുന്ന അതിസമ്പന്നനായ ഒരു അഗ്നിയാരാധകന്‍ അവരെ ഊട്ടുകയും അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുകയും പള്ളികള്‍ക്ക് പണം നല്‍കുകയും അവിടെ വിളക്കു കത്തിക്കാന്‍ എണ്ണ എത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം സദ്യ നടത്തി. ധാരാളം മുസ് ലിംകള്‍ അതില്‍ പങ്കെടുത്തു, പലരും അദ്ദേഹത്തിന് പാരിതോഷികങ്ങള്‍ നല്‍കി.'
സഞ്ചാരിയും അന്ദലുസിലെ പണ്ഡിതനുമായ ഇബ്‌നു ജുബൈര്‍ (മഹി 614/ ക്രി. 1217) ലബനാനിലെ സ്വൂര്‍ നഗരം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ തുറമുഖത്തില്‍ ഒരു വിവാഹ സല്‍ക്കാരത്തിനു സാക്ഷിയായി. മുസ് ലിംകളും ക്രൈസ്തവരും രണ്ട് നിരകളായിനിന്ന് വധൂവരന്മാരെ വീക്ഷിക്കുകയുണ്ടായി എന്ന് അതേപ്പറ്റി അദ്ദേഹം കുറിച്ചു.
ഹി. 1156/ക്രി. 1744-ല്‍ ദമസ്‌കസ് സംസ്ഥാനത്തിന്റെ മേലധികാരി ഫത്ഹീ അഫന്‍ദി അദ്ദഫ്തരീ (മഹി 1156/ക്രി. 1744) തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ഒരു സദ്യ നടത്തുകയുണ്ടായി. ഇത് ഏഴുദിവസം നീണ്ടുനിന്നു. മൂന്നാം ദിവസം പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും, അഞ്ചാം ദിനം യഹൂദികള്‍ക്കും ക്രൈസ്തവര്‍ക്കുമായിരുന്നു.'
നൂറുവര്‍ഷം മുമ്പ്, അഥവാ 1919 ഫെബ്രുവരി (ഹി. 1337) 28-ന് അലപ്പോവില്‍ നടന്ന വിഭാഗീയ കലാപത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിശകലനം ചെയ്തുകൊണ്ട് അലപ്പോവിലെ കവിയും ചരിത്രകാരനുമായ കാമിലുല്‍ ഗസ്സി (മഹി 1349/ക്രി. 1933) പറയുന്നു: 'മൂന്നു മതക്കാർക്കിടയിൽ നിലനിന്നിരുന്ന സ്‌നേഹവും സൗഹാര്‍ദവും വീണ്ടെടുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മൂന്നു മത നേതൃത്വങ്ങള്‍ക്കും തോന്നി. ഇതിനുവേണ്ടി മതനേതാക്കള്‍ ആഴ്ചയില്‍ ഒരു തവണ എന്ന രീതിയില്‍ സമ്മേളിച്ചു. സംഗമങ്ങളില്‍ സ്‌നേഹ സൗഹാര്‍ദങ്ങള്‍ വളര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രം സംസാരിച്ചു. സംഗമങ്ങളുടെ ഒടുവില്‍ വിഭവ സമൃദ്ധമായ സദ്യകളും ഉണ്ടായിരുന്നു.'
സൗഹാര്‍ദ സംസ്ഥാപനത്തിന് വഖ്ഫുകളും ദാനങ്ങളും
ഒരു മതവിഭാഗത്തില്‍ പെട്ടവര്‍ മറ്റു മതവിഭാഗത്തില്‍ പെട്ടവരെ സഹായിക്കാനായി ദാനധര്‍മങ്ങള്‍ നല്‍കുകയും അതിനുമാത്രമായി വഖ്ഫുകള്‍ ചെയ്യുകയും ചെയ്തിരുന്നു. ഇസ് ലാമിക രാഷ്ട്രത്തിലെ അമുസ്്ലിം പ്രജകളില്‍നിന്ന് ഈ ആവശ്യാര്‍ഥം നബി(സ) സ്വദഖകള്‍ സ്വീകരിച്ചിരുന്നു. തന്നെയുമല്ല, ഇസ്്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ വഖ്ഫ് തന്നെ നടത്തിയത് മദീനയിലെ സമ്പന്നനായ യഹൂദി മുഖൈരിഖ് അന്നദ് രി (മ.ഹി 3/ക്രി. 625) യാണ്. ഹി 3/ക്രി. 625-ല്‍ നടന്ന ഉഹുദ് യുദ്ധത്തില്‍ മദീനയെ ശത്രുക്കളില്‍നിന്ന് പ്രതിരോധിക്കാനായി അദ്ദേഹം മുസ് ലിംകളോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തു. തന്റെ ജനതയോട് മുസ് ലിംകള്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തു.
يا معشر يهود والله لقد علمتم أن نصر محمّد عليكم لحقّ
'യഹൂദസമൂഹമേ! അല്ലാഹുവാണ, മുഹമ്മദിനെ സഹായിക്കേണ്ടത് തീര്‍ച്ചയായും നിങ്ങളുടെ ബാധ്യതയാണ്.' മദീന കരാര്‍ പ്രകാരം മുഹമ്മദ് നബി(സ)യെ സഹായിക്കാന്‍ യഹൂദര്‍ക്ക് ബാധ്യതയുണ്ടെന്ന് ഉണര്‍ത്തുകയായിരുന്നു അദ്ദേഹം.
മുഹമ്മദ്ബ്‌നു ഇസ്ഹാഖ് തന്റെ സീറയില്‍ എഴുതുന്നു: 'യഹൂദിയായ മുഖൈറിഖുന്നദ്്രി ഉഹുദ് യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി അദ്ദേഹം പറഞ്ഞു:
إن أصبت فمالي لمحمّد يضع فيه ما يشاء
'എനിക്ക് പരിക്ക് പറ്റിയാല്‍ എന്റെ സ്വത്ത് മുഹമ്മദിന്നായിരിക്കും. അത് അദ്ദേഹം ഉദ്ദേശിച്ച വിധം ചെയ്തുകൊള്ളട്ടെ.' ഇബ്‌നു സഅ്ദ് (മഹി 230/ക്രി. 845)
'അത്ത്വബഖാത്തുല്‍ കുബ്‌റാ'യില്‍ എഴുതുന്നു:
'നബി(സ) വഖ്ഫ് ചെയ്ത ഏഴ് തോട്ടങ്ങളും മുഖൈരിഖിന്റെ ഈ സ്വത്തുക്കളില്‍ നിന്നായിരുന്നു.' മുഖൈരിഖിന്റേത് മദീനയില്‍ നടന്ന ഒന്നാമത്തെ വഖ്ഫായാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം മുഖൈരിഖ് ഇസ്്ലാം സ്വീകരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹം യഹൂദിയായിത്തന്നെ കൊല്ലപ്പെടുകയായിരുന്നു എന്നതാണ് കൂടുതല്‍ പ്രബലമായ അഭിപ്രായം. മുസ്്ലിംകള്‍ സാധാരണ നബി(സ)യെ മുഹമ്മദ് വിളിക്കാറില്ല. 'നബിയ്യുല്ലാഹ്' 'റസൂലുല്ലാഹ്' എന്നേ പറയാറുള്ളൂ. മുഖൈരിഖ് പറഞ്ഞതാകട്ടെ, 'എന്റെ സ്വത്ത് മുഹമ്മദിനാണെന്നും'
പറങ്കികളായ കുരിശുപടയാളികള്‍ ശാമിലെ കടല്‍ തീരങ്ങളില്‍ അധികാരമുറപ്പിച്ചപ്പോള്‍ ലബനാനിലെ പര്‍വതനിരകളിലെ ക്രൈസ്തവര്‍ മുസ് ലിംകളോട് നല്ലനിലയില്‍ വര്‍ത്തിച്ചിരുന്നതായി സഞ്ചാരിയായി അവിടെ എത്തിയ ഇബ്‌നു ജുബൈര്‍ രേഖപ്പെടുത്തുന്നു. ആരാധനകളില്‍ മുഴുകിയിരിക്കുന്ന മുസ്്ലിംകള്‍ക്ക് ക്രൈസ്തവര്‍ ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നു. ദൈവത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് സഹായ സേവനങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണെന്ന് അവര്‍ പറഞ്ഞിരുന്നു. ക്രൈസ്തവര്‍ മുസ് ലിംകളോട് ഇങ്ങനെയാണ് പെരുമാറിയതെങ്കില്‍ മുസ് ലിംകള്‍ മറ്റുള്ളവരോട് എങ്ങനെയായിരിക്കും പെരുമാറിയിരിക്കുക എന്നുപറയേണ്ടതുണ്ടോ എന്ന് ഇബ്‌നു ജുബൈര്‍ ചോദിക്കുന്നുണ്ട്.
ശാമിലെ പ്രമുഖ പണ്ഡിതനായ മുഹമ്മദ് കുര്‍ദ് അലി (മഹി 1373/ക്രി. 1953) ലബനാനിലെ 'ഖസ്വബത്തുല്‍ ജബലി'നെപ്പറ്റി എഴുതുന്നു: 'അവിടെ ലബനാനിലെ ഒരു ഭരണാധികാരി പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു ജുമാമസ്ജിദ് ഇപ്പോഴുമുണ്ട്. ദൈറുല്‍ ഖമറിലെ ക്രൈസ്തവരാണ് നമസ്‌കരിക്കാന്‍ ആളില്ലാത്ത ഈ പള്ളി ഇപ്പോഴും പരിപാലിച്ചു പോരുന്നത്.
സഹായസഹകരണങ്ങള്‍ ഇവിടവും കടന്ന് ആരാധനാനുഷ്ഠാനങ്ങളിലേക്ക് വരെ വികസിച്ചിരുന്നു. ദുരിതങ്ങളില്‍നിന്നും ദുരന്തങ്ങളില്‍നിന്നും രക്ഷതേടാനായി എല്ലാ വിഭാഗങ്ങളും ഒന്നിച്ച് പ്രാര്‍ഥിക്കുന്ന അവസ്ഥകള്‍ പോലും ഉണ്ടായിരുന്നു. മാലികി പണ്ഡിതനായ അബൂഅബ്ദില്ല അല്‍ മാസീരി അല്‍ മാലികീ (മഹി 536/ക്രി. 1141) 'ശര്‍ഹുത്തൽഖീനി'ല്‍ എഴുതുന്നു:
أنه لا بأس بإخراج اهل الذّمّة (طوعًا) للاستقاء مع المسلمين
'മുസ് ലിംകള്‍ മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനാ നമസ്‌കാരം നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ (സ്വയം സന്നദ്ധരായി) വരുന്ന അമുസ് ലിം പ്രജകളെ കൊണ്ടുപോകാവുന്നതാണ്.' ചില പണ്ഡിതന്മാര്‍ ഇത്ര കൂടി പറയുന്നു:
لا يمنع اليهود والنصارى من الإستسقاء والتطوّف (فيه) بصلبهم وشركهم
'മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ നിന്നോ, കുരിശും ശിര്‍ക്കുമായി പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് ചുറ്റി കറങ്ങുന്നതില്‍നിന്നോ യഹൂദികളെയും ക്രൈസ്തവരെയും തടയാവതല്ല'
സൈദ്ധാന്തിക സങ്കല്‍പ ലോകത്തുനിന്ന് ചരിത്ര പ്രധാനമായ പ്രായോഗിക തലത്തിലേക്ക് ഇറങ്ങിവന്നുകൊണ്ടുള്ളതായിരുന്നു മേല്‍ ഫത് വകള്‍. ഇമാം ഔസാഇയില്‍നിന്ന് മാസിരി ഉദ്ധരിക്കുന്നു: 'ഉമവി ഖലീഫ യസീദുബ്‌നു അബ്ദില്‍ മലിക് (മഹി 105/ക്രി. 724) തന്റെ ഗവര്‍ണര്‍മാര്‍ക്കയച്ച കത്തില്‍ സംരക്ഷിത പ്രജകളെ മഴക്കുവേണ്ടി നടക്കുന്ന പ്രാര്‍ഥനാ സ്ഥലത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. അക്കാലത്തെ ഒരു പണ്ഡിതനും അതിനെ എതിര്‍ത്തില്ല.'
അസ്വ്്ഫഹാനിയുടെ 'അല്‍ബുസ്താനുല്‍ ജാമിഇ'ല്‍ രേഖപ്പെടുത്തിയതും സമാനമാണ്. ഹി. 288/ക്രി. 901-ല്‍ ഈജിപ്തില്‍ നൈല്‍ നദിയിലെ ജലം കൃഷിക്ക് ആവശ്യമായ നിലവാരത്തേക്കാള്‍ താഴ്ന്നു. തദവസരം മുസ് ലിംകളും യഹൂദരും ക്രൈസ്തവരും ഒന്നിച്ച് മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളില്‍ പങ്കെടുത്തു.
ഇമാം താജുദ്ദീന്‍ സുബുകി (മഹി 771/ക്രി. 1370) 'ത്വബഖാത്തുശ്ശാഫിഇയ്യ അല്‍ കുബ്‌റാ' യില്‍ എഴുതുന്നു: 'ഈജിപ്തിലെ അംറുബ്‌നുല്‍ ആസ്വ് (മഹി. 43/ക്രി. 664) പള്ളിയില്‍ ഖത്വീബായിരുന്ന പണ്ഡിതനും വൈരാഗിയുമായിരുന്ന അബുത്ത്വാഹിര്‍ അല്‍ മഹല്ലി യഹൂദികള്‍ക്കും ക്രൈസ്തവര്‍ക്കുംവരെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ കൈയെഴുത്ത് അവര്‍ ബര്‍ക്കത്തായി സ്വീകരിച്ചിരുന്നു.'
ഈജിപ്തിലെയും അന്ദലുസിലെയും ക്രൈസ്തവര്‍ ചേലാകര്‍മം നടത്തിയിരുന്നു. പുസ്തകങ്ങളുടെ മുഖവുരയില്‍ 'ബിസ്മില്ലാഹിര്‍റഹ് മാനി റഹീം' എന്ന് എഴുതിയിരുന്നു. മുസ് ലിം പണ്ഡിതന്മാരുടെ മാതൃകയില്‍ 'മുവഫ്ഫഖുദ്ദീന്‍' 'ശംസുദ്ദീന്‍' പോലുള്ള സ്ഥാനപ്പേരുകള്‍ ഉപയോഗിച്ചിരുന്നു.
ഫ്രഞ്ച് സഞ്ചാരി ലോറന്‍ ഡാര്‍വ്യൂ (മഹി 1113/ ക്രി. 1702) തന്റെ 'വസ്വ്്ഫു ദിമശ്ഖ്' എന്ന കൃതിയില്‍ എഴുതുന്നു: 'ഇന്നത്തെ തുര്‍ക്കിയുടെ തെക്കുഭാഗത്ത് ഐന്‍താബില്‍ ജീവിക്കുന്ന ഒരു അര്‍മേനിയന്‍ വിഭാഗം 'കീസ് വകീസ്' എന്നാണ് അറിയപ്പെടുന്നത്. 'പപ്പാതി' എന്നര്‍ഥം. ഒരേസമയം ഇസ് ലാമും ക്രൈസ്തവതയും ആചരിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അത് കുട്ടികളെ പഠിപ്പിക്കുകയും പള്ളികളില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന അവര്‍ അതോടൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളെ മാമോദീസ മുക്കുകയും കുരിശിനെ ആദരിക്കുകയും ക്രൈസ്തവ ആഘോഷങ്ങള്‍ ആചരിക്കുകയും ചെയ്യുന്നു.'
മതപരമായ സംരക്ഷണം
മുസ് ലിം ഭരണാധികാരികള്‍ പ്രജകളെ വിശിഷ്യ അമുസ് ലിംകളെ പീഡിപ്പിക്കുന്നതിനെതിരെ പണ്ഡിതന്മാരും ന്യായാധിപന്മാരും ജാഗ്രത പുലര്‍ത്തിയിരുന്നു. ചരിത്രകാരനായ ബുലാദരി (മഹി 279/ ക്രി. 892) 'ഫുത്തുഹൂശ്ശാമി'ല്‍ എഴുതുന്നു: 'ലബനാന്‍ പര്‍വതനിരകളിലെ ക്രൈസ്തവര്‍ അബ്ബാസികള്‍ക്കെതിരെ പ്രതിഷേധിക്കുകയും ശാമിലെ അബ്ബാസി ഖലീഫ സ്വാലിഹുബ്‌നു അലി (മഹി 152/ ക്രി. 769) ചില ക്രൈസ്തവര്‍ ചെയ്ത തെറ്റിന്റെ പേരില്‍ എല്ലാ ക്രൈസ്തവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഇമാം ഔസാഈ (മഹി 157/ക്രി. 769) അമീറിന് ദീര്‍ഘമായ കത്തയച്ചു.
കത്തില്‍നിന്ന്:
إجلاء أهل الذّمّة من جبل لبنان ممن لم يكن ممالئا لمن خرج على خروجه..... فكيف تؤخذ عامة بذنوب خاصة حتى يخرجوا من ديارهم وأموالهم وحكم الله تعالى: الّا تزر وازرة وزر أخرى
'ഭരണാധികാരിക്കെതിരെ രംഗത്തിറങ്ങിയവരോട് ചായ് വ് പ്രകടിപ്പിച്ചിട്ടില്ലാത്ത ലബനാനിലെ മലനിരവാസികളെ നാടുകടത്തുന്നതിനെപ്പറ്റി... ചിലര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ എങ്ങനെയാണ് എല്ലാവരെയും അവരുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍നിന്നും പുറത്താക്കുക? 'ഒരാളും മറ്റൊരാളുടെ ഭാരം പേറുകയില്ല' എന്നാണ് അല്ലാഹുവിന്റെ വിധി'
ഹി. 216/ക്രി. 831-ല്‍ തന്റെ അധികാരത്തിനു വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന ഈജിപ്തിന്റെ വടക്കുഭാഗത്തെ ദഹ്ഖലിയ്യ (ബുശ്മൂര്‍)യിലെ കോപ്റ്റിക്കുകളോട് യുദ്ധം ചെയ്യാമോ എന്ന് അബ്ബാസി ഖലീഫ മഅ്മൂന്‍ (മഹി 218/ ക്രി. 833) ഈജിപ്തിലെ മുഖ്യ ന്യായാധിപനായ ഹാരിസുബ്‌നു മിസ്‌കീന്‍ അല്‍ മാലികി (മഹി 250/ ക്രി. 864) യോട് ഫത്്വ ചോദിച്ചപ്പോള്‍ ഹാരിസ് ഖലീഫയെ അനുവദിച്ചില്ല'. അദ്ദേഹം ഖലീഫയോട് പറഞ്ഞു: 'നിങ്ങള്‍ക്ക് അവരുടെ രക്തം അനുവദനീയമല്ല. (യുദ്ധം ചെയ്യാവതല്ല) അപ്പോള്‍ മഅ്മൂന്‍ പ്രതികരിച്ചു: 'നിങ്ങൾ ആടാണ്!'
ഇബ്‌നുല്‍ വര്‍ദി (മഹി 749/ ക്രി. 1348) തന്റെ ചരിത്ര കൃതിയില്‍ എഴുതുന്നു: 'ഹി. 721/ ക്രി. 1321-ല്‍ കൈറോവില്‍ ഒരു കലഹമുണ്ടായി. ഏതാനും പൊതുജനങ്ങള്‍ ചര്‍ച്ചുകള്‍ ഉപരോധിച്ചു. സുല്‍ത്വാന്‍ ക്ഷോഭിച്ചു. ന്യായാധിപന്മാരോട് ഫത് വ ചോദിച്ചു. ലഘു ശിക്ഷകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് അവര്‍ ഫത് വ നല്‍കി.'
ഉസ്മാനിയാ ഖിലാഫത്തിന്റെ മഹാവിജയ കാലത്ത് സന്‍ബീലലി അലി അഫന്‍ദി (മഹി 932/ക്രി. 1527) എന്ന അപരാഭിധാനത്താല്‍ പ്രശസ്തനായ മുഫ്്തി ശൈഖുൽ ഇസ്്ലാം അലിയ്യുബ്‌നു അഹ് മദ് അല്‍ ജമാലിയോട് അന്നത്തെ ശക്തനായ സുല്‍ത്വാനായ സലീം ഒന്നാമന്‍ (മഹി 925/ ക്രി. 1520) രാഷ്ട്രത്തിലെ എല്ലാ ക്രൈസ്തവരും ഇസ് ലാം സ്വീകരിക്കുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ വേണമെന്ന് ഫത് വ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സുല്‍ത്താന്റെ മുഖത്ത് നോക്കി അഫന്ദി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അങ്ങനെ വിധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. അവരോട് ജിസ് യ വാങ്ങാനും ഭരണകൂടത്തെ അനുസരിക്കണമെന്നു പറയാനും മാത്രമെ അവകാശമുള്ളൂ.'
ലബനാനിലെ ചിന്തകനായ ശകീബ് അര്‍സലാന്‍ (മഹി 1366/ ക്രി. 1946) ഈ സംഭവം തന്റെ 'താരീഖുബ്‌നി ഖല്‍ദൂന്‍' എന്ന കൃതിയില്‍ ഉദ്ധരിച്ച ശേഷം എഴുതുന്നു: 'മേല്‍ സംഭവം ധാരാളം പരമ്പരകളിലൂടെ ഉദ്ധരിച്ചു വന്നതാണ്. അനേക ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. നീതിയിലും വിശ്വസ്തതയിലും അധിഷ്ഠിതമായ ഇസ് ലാമിക ശരീഅത്ത് ഏത് തീരുമാനവും നടപ്പിലാക്കാന്‍ കഴിയുന്ന സുല്‍ത്താന്‍മാരെ കര്‍ശനമായി നിയന്ത്രിച്ചു. തുര്‍ക്കിയുടെ ശക്തി ക്ഷയത്തിന് കാരണമായി അവിടത്തെ നിര്‍മത നിരീശ്വരവാദികള്‍ ഉന്നയിച്ചത് തന്നെ രാജ്യത്ത് ക്രൈസ്തവരുടെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ, ഒന്നാം ലോകയുദ്ധത്തിനുശേഷം തുര്‍ക്കിയില്‍ അധികാരത്തില്‍വന്ന അവര്‍ ക്രൈസ്തവരെ രാജ്യത്ത് നിന്ന് പുറത്താക്കുകയുണ്ടായി. നാടുകടത്താന്‍ യൂറോപ്യര്‍ കൂട്ടാക്കാതിരുന്നതിനാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവര്‍ക്ക് അവിടെത്തന്നെ കഴിയാന്‍ അവസരം ലഭിച്ചു.
പാശ്ചാത്യ ലോകത്ത് ഇസ്്ലാമോഫോബിയ വര്‍ധിത വീര്യത്തോടെ കത്തിപ്പടരുന്ന വര്‍ത്തമാനകാലത്താണ് ജീവിക്കുന്നതെന്നോണം ശകീബ് അര്‍സലാന്‍ തുടരുന്നു. 'ഇസ്്ലാമിക ശരീഅത്ത് നിലനിന്നു എന്നതുകൊണ്ടു മാത്രമാണ്, അതിന്റെ തണലില്‍ ക്രൈസ്തവര്‍ക്ക് ഇസ് ലാമിക രാഷ്ട്രങ്ങളില്‍ ജീവിക്കാനായത്. മുസ് ലിംകള്‍ അനുഭവിച്ച എല്ലാ പൗരാവകാശങ്ങളും അവര്‍ക്ക് ലഭിക്കുകയുണ്ടായി. എന്നിട്ടും ഇസ് ലാമിക ശരീഅത്തിനെ തുടച്ചു നീക്കാന്‍ യൂറോപ്യര്‍ ആഗ്രഹിക്കുന്നു. ഇസ് ലാമിക ഗവണ്‍മെന്റുകള്‍ നിര്‍മതമാവണമെന്ന് അവര്‍ താല്‍പര്യപ്പെടുന്നു.
ക്രൈസ്തവരെ പുറത്താക്കിയിട്ടാണെങ്കിലും ആ നാടുകള്‍ ഇസ്്ലാം മുക്തമാവട്ടെ എന്ന് അവര്‍ വാശിപിടിക്കുന്നു.
തങ്ങള്‍ നശിച്ചാലും വേണ്ടില്ല, ഇസ്‌ലാം നശിക്കണം എന്ന്!
ഓറിയന്റലിസ്റ്റ് Adam Mez (മഹി 1336/ക്രി. 1917) 'ഹി. നാലാം നൂറ്റാണ്ടിലെ ഇസ് ലാമിക നാഗരികത' എന്ന കൃതിയില്‍ എഴുതുന്നു: 'മുസ് ലിം പോലീസുകാര്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇടപെടാറുണ്ടായിരുന്നു. ഖലീഫ മഅ്മൂന്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും തങ്ങളുടേതായ രീതിയില്‍ മതാചരണത്തിന് അനുവാദം നല്‍കിയിരുന്നു. പതിനൊന്നംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പിനും ഇതേ സ്വാതന്ത്ര്യം വകവെച്ചു കൊടുത്തുവെങ്കിലും ചര്‍ച്ച് മേധാവികള്‍ അനുവദിക്കാതിരുന്നതിനാല്‍ ഖലീഫക്ക് നിലപാടില്‍നിന്ന് പിന്‍മാറേണ്ടി വന്നു.
മറ്റൊരുമുഖം
പരസ്പര സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും മേല്‍ ചിത്രങ്ങള്‍ക്ക് വിരുദ്ധമായി ചിലപ്പോഴെങ്കിലും പരസ്പരം കാലുഷ്യങ്ങള്‍ ഭിന്നതകള്‍ തീര്‍ത്തിട്ടുണ്ട് എന്നത് മറന്നുകൂടാ. മുഹമ്മദ് നബി(സ)യുടെ കാലം മുതല്‍ ഇസ് ലാമിക സമൂഹത്തില്‍ ലയിച്ചു ചേര്‍ന്ന സമഭാവനയുടെയും സഹിഷ്ണുതയുടെയും വികാരങ്ങള്‍ ഇസ് ലാമിക സാമ്രാജ്യം വികസിച്ചതിനൊപ്പം തുടര്‍ന്നുപോന്നതാണ് ചരിത്രം. 'നമുക്കുള്ള അവകാശങ്ങള്‍ അവര്‍ക്കുമുണ്ട്, നമുക്ക് കടമകള്‍ ഉള്ളതുപോലെ അവര്‍ക്കും കടമകളുണ്ട്.' ഇതായിരുന്നു അന്നത്തെ മുദ്രാവാക്യം.
അതേസമയം, പില്‍ക്കാലത്ത് വിവിധ സമൂഹങ്ങള്‍ തമ്മില്‍ നടന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമെല്ലാം അവയുടെ ധാര്‍മിക അകല്‍ച്ചയുടെ ഘട്ടത്തില്‍ ഉണ്ടായതാണ്. പുണ്യത്തിന്റെയും നീതിയുടെയും മൂല്യങ്ങളെ മാറ്റിനിറുത്തി സാഹോദര്യത്തിന്റെയും കരാര്‍ പാലനത്തിന്റെയും അയല്‍പക്കത്തിന്റെയും അവകാശങ്ങളെ ധ്വംസിക്കാന്‍ ചിലര്‍ ശരിയല്ലാത്ത വഴികള്‍ തേടിയപ്പോഴാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു തുടങ്ങിയത്.
ശ്രദ്ധേയമായ ഒരു വസ്തുത
അക്രമി മുസ്്ലിമോ അമുസ്്ലിമോ- ആരായിരുന്നാലും മര്‍ദിതരില്‍ മുസ്്ലിംകളും അമുസ്്ലിംകളും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ആശയപക്ഷപാതിത്വം, ശത്രുക്കളോട് സഖ്യം, വൈദേശിക അധിനിവേശത്തിന് ഓശാനപാടല്‍ എന്നിവയിലെല്ലാം എല്ലാ മതവിഭാഗങ്ങളും ഒരുപോലെ നിലപാട് മറന്നായിരുന്നു. പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്.
ഇബ്‌നു തഗ്്രീബര്‍ദീ 'അന്നുജുമുസ്സാഹിറ'യില്‍ എഴുതുന്നു: 'ഹി. 791/ ക്രി. 1389-ല്‍ അമീര്‍ മിന്‍ത്വാശ് (ഹി 795/ ക്രി. 1393-ല്‍ വധിക്കപ്പെട്ടു) ക്രിസ്ത്യന്‍ പാര്‍ത്രിയാര്‍ക്കിസ് മത്തായിയെ പിടികൂടി, പിഴ വിധിച്ചു. ശേഷം മിന്‍ത്വാശ്, ന്യായാധിപനായ ശൈഖ് ശംസുദ്ദീന്‍ മുഹമ്മദുര്‍റക്‌റാകി (മഹി 793/ ക്രി. 1391) ക്ഷണിച്ചു വരുത്തി, ചക്രവര്‍ത്തി ളാഹിര്‍ ബര്‍ഖൂഖി (മഹി 801/ക്രി. 1398) നെതിരെ കലാപം നടത്തണമെന്ന് ഫത് വ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ശൈഖ് ശംസുദ്ദീന്‍ നിരസിച്ചു. അതിന്റെ പേരില്‍ മിന്‍ത്വാശ് ന്യായാധിപനെ നൂറടി അടിക്കുകയും കുതിരാലയത്തില്‍ തടവിലിടുകയും ചെയ്തു.
മദ്ഹബീ പക്ഷപാതിത്വങ്ങളാല്‍ കലുഷമായ മതാന്തരീക്ഷത്തിൽ പ്രമുഖരായ ചില മുസ് ലിം പണ്ഡിതന്മാര്‍ക്കുപോലും പരുഷമായ ഭാഷയില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ന്യായാധിപനായ ശരീക് അന്നഖഈ (മഹി 177/ ക്രി. 791) യെ ഉദ്ധരിച്ച് ഖത്വീബുല്‍ ബഗ്ദാദി 'താരീഖു ബഗ്ദാദി'ല്‍ എഴുതുന്നു:
لأن يكون في كلّ حيّ من الأحياء (بالكوفة) خمّار خير من ان يكون فيه رجل من أصحاب ابي حنيفة
'കൂഫയില്‍ പ്രത്യേക ജന വിഭാഗങ്ങൾ താമസിക്കുന്ന എല്ലാ ചേരികളിലും അബൂഹനീഫ(മഹി 150/ക്രി. 768)യുടെ ശിഷ്യന്മാര്‍ ഉണ്ടാകുന്നതിനേക്കാള്‍ ഭേദം മദ്യവ്യാപാരികള്‍ ഉണ്ടാകുന്നതാണ്.'
ഹനഫി പണ്ഡിതനായ മുഹമ്മദുബ്‌നു നുശുജാഅ് അസ്സല്‍ജീ (മഹി 266/ക്രി. 879) പ്രസ്താവിച്ചതായി ഇമാം ദഹബി 'മീനാസുല്‍ ഇഅ്തിദാലി'ല്‍ ഉദ്ധരിക്കുന്നത് കാണുക:
أصحاب أحمد بن حنبل يحتاجون أن يذبحوا
'അഹ് മദുബ്‌നു ഹമ്പലിന്റെ ശിഷ്യന്മാരെ അറുത്തുകളയണം!'
മുസ് ലിംകള്‍ക്കിടയിലെ മദ്ഹബീ പക്ഷപാതിത്വം ഇത്രമേല്‍ രൂക്ഷവും തീവ്രവുമായിരുന്നുവെങ്കില്‍ മറ്റു മതവിഭാഗങ്ങളോട് മുസ് ലിംകള്‍ക്കും അമുസ് ലിംകള്‍ക്ക് മുസ് ലിംകളോടും ശാത്രവമുണ്ടായത് അസ്വാഭാവികമായി കാണേണ്ടതില്ല. 'അമുസ്്ലിംകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും പ്രതാപവും വകവെച്ചു കൊടുക്കുന്നു, അവര്‍ മുസ്്ലിം പ്രമുഖന്മാരുടെ പിരടികളില്‍ ചവുട്ടിക്കയറുന്നു' എന്നുപോലും 'അല്‍ ഹവാദിസുല്‍ ജാമിഅ വത്തജാറുബു ന്നാഫിഅ ഫില്‍ മിഅത്തിസ്സാബിഅ' എന്ന കൃതിയില്‍ (അതിന്റെ രചയിതാവ് എന്ന് കരുതപ്പെടുന്ന) ചരിത്രകാരന്‍ അബ്ദുര്‍റസാഖ് ഇബ്‌നുല്‍ ഫുവത്വിയ്യിശ്ശയ്ബാനീ (മഹി 723/ക്രി. 1323) വിലപിക്കുന്നുണ്ട്.
വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ഇസ് ലാമിക സഹിഷ്ണുതയുടെ ഈ ദീര്‍ഘചരിത്രം വിശകലനം ചെയ്തുകൊണ്ട് ഫ്രഞ്ച് ചരിത്രകാരന്‍ ഗുസ്താവ് ലെബോണ്‍ (മഹി 1350/ക്രി. 1931) തന്റെ 'അറബികളുടെ നാഗരികത' എന്ന കൃതി അവസാനിപ്പിക്കുന്നത് ഇങ്ങനെ: 'മുസ്്ലിംകള്‍ അധികാരത്തിലെത്തിയ എല്ലാ നാടുകളിലും അവര്‍ തദ്ദേശീയരോട് വളരെ ദയാപൂര്‍വമാണ് പെരുമാറിയിട്ടുള്ളത്. അതാത് മതവിഭാഗങ്ങള്‍ക്ക് അവരുടെ മതനിയമങ്ങള്‍ ആചരിക്കാന്‍ അവര്‍ അവസരം നല്‍കി. സത്യം പറഞ്ഞാല്‍, അറബികളെ പോലെ സഹിഷ്ണുക്കളായ ഒരു ജനതയെ ലോകം കണ്ടിട്ടില്ല. ഇസ്്ലാം പോലെ വിശാല മനസ്സുള്ള ഒരു മതവും വേറെയില്ല.'
ഗുസ്താവ് ലെബോണ്‍ സാക്ഷ്യപ്പെടുത്തിയത് തന്നെയാണ്. ലബനാനിലെ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ അമീന്‍ മഅ്‌ലൂഫ് തന്റെ 'അല്‍ഹുവിയ്യാത്തുല്‍ ഖാത്വില' (വധിക്കുന്ന സ്വത്വങ്ങള്‍) എന്ന കൃതിയിലും പങ്ക് വെക്കുന്നത്. 'എന്റെ പൂര്‍വ പിതാക്കള്‍ ക്രിസ്ത്യന്‍ സൈന്യങ്ങള്‍ കീഴടക്കിയ രാജ്യത്തെ മുസ് ലിംകളായിരുന്നുവെങ്കില്‍ അവര്‍ക്ക് ജീവിതം തുടരാന്‍ കഴിയുമായിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മുസ് ലിം സേനകള്‍ കീഴടക്കിയ രാജ്യത്തായിരുന്നു എന്റെ പൂര്‍വികരെങ്കില്‍ അവര്‍ക്ക് ഒന്നും ഭയക്കേണ്ടതില്ലായിരുന്നു. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി എന്റെ പൂര്‍വികര്‍ അവരുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും തങ്ങളുടെ ആദര്‍ശവുമായി ജീവിക്കുന്നത് ജേതാക്കള്‍ മുസ് ലിംകളായത് കൊണ്ടു മാത്രമാണ്. സ്‌പെയിനിലെയും സിസിലിയിലെയും മുസ് ലിംകള്‍ക്ക് സംഭവിച്ചത് നാം കണ്ടതാണല്ലോ! ക്രൈസ്തവര്‍ മുസ് ലിംകളെ അറുകൊല ചെയ്തു, നാടുകടത്തി, ബലാല്‍ക്കാരം മാമോദീസ മുക്കി. എന്നാല്‍ ഇസ് ലാമിനെ സംബന്ധിച്ചേടത്തോളം അന്യമതങ്ങളോടും മതസ്ഥരോടും സഹിഷ്ണുതയോടെ സഹവര്‍ത്തിക്കാനുള്ള ആന്തരികമായ സവിശേഷ സിദ്ധി അതിന്റെ മാത്രം സവിശേഷതയാണ്. l
(മൗറിത്താനിയൻ എഴുത്തുകാരനും ഗവേഷകനുമാണ് ലേഖകൻ)