സ്‌നേഹം ഖുര്‍ആനില്‍ മനുഷ്യ ജീവിതത്തില്‍ സ്‌നേഹത്തിന്റെ പങ്ക്

ഡോ. മുഹമ്മദ് സഈദ് റമദാന്‍ ബൂത്വി‌‌
img

ഇതര ജീവജാലങ്ങളില്‍നിന്ന് ഭിന്നമായ സവിശേഷതകളോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ ഖുര്‍ആനും സുന്നത്തും ജീവിതത്തില്‍ പിന്‍പറ്റിക്കൊണ്ട് തങ്ങളോടുള്ള അല്ലാഹുവിന്റെ സ്‌നേഹം സ്ഥായിയായ നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.

സ്‌നേഹം എന്നാല്‍ എന്ത്? അല്ലാഹുവില്‍നിന്ന് മനുഷ്യനിലേക്ക് പ്രസരിക്കുന്ന സ്‌നേഹം എന്നതിന്റെ വിവക്ഷ എന്ത്? എന്നീ രണ്ടുകാര്യങ്ങള്‍ ചര്‍ച്ചയാവണം. യഥാര്‍ഥവും ആത്യന്തികവുമായ സ്‌നേഹം അല്ലാഹു മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്ന യാഥാര്‍ഥ്യബോധത്തിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയണം.
ഈ പഠനത്തിന്റെ മുഖ്യോദ്ദേശ്യം മനുഷ്യന്‍ തന്റെ സ്രഷ്ടാവിനെ സ്‌നേഹിച്ചിരിക്കണം എന്നതാണ്. മുറ്റുള്ളവരോടും മുറ്റുള്ളവയോടുമുള്ള സകല സ്‌നേഹങ്ങളെക്കാളും അല്ലാഹുവോടുള്ള സ്‌നേഹം മികച്ചു നില്‍ക്കണം. തന്നിലേക്ക് വന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കുന്നത് അവ അല്ലാഹുവില്‍ നിന്നാണെന്ന അറിവോടെയും ബോധ്യത്തോടെയും ആവുക എന്നതാണ് അല്ലാഹുവിനെ ഓര്‍ക്കാനുള്ള ദൈവിക നിര്‍ദിഷ്ടിവും ഏറ്റവും സുഗമവും ലളിതവുമായ മാര്‍ഗം.
അല്ലാഹു എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ബുദ്ധിയുടെയും അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ ലയിച്ചു ചേര്‍ന്ന ഹൃദയത്തിന്റെയും രണ്ടു ചിറകുകള്‍ വീശി പരിശ്രമിച്ചുവേണം നാം അല്ലാഹുവിലേക്ക് സഞ്ചരിക്കാന്‍. മുന്‍കാല സച്ചരിതര്‍ ഈ രീതിയാണ് സ്വീകരിച്ചത്.

അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ സ്‌നേഹത്തെക്കുറിച്ച് എന്ത് പറയുന്നു എന്നു പരിശോധിക്കുമ്പോള്‍, അല്ലാഹുവിന് മനുഷ്യരോടുള്ള സ്‌നേഹം, മനുഷ്യന് അല്ലാഹുവോടുള്ള സ്‌നേഹം, മനുഷ്യര്‍ക്ക് അല്ലാഹുവേതരരോടുള്ള സ്‌നേഹം എന്നീ മൂന്നു തലങ്ങള്‍ കടന്നുവരുന്നതായി കാണാം. മേല്‍ മൂന്നുവക സ്‌നേഹങ്ങളെക്കുറിച്ച ചര്‍ച്ചകളിലെല്ലാം അല്ലാഹു മനുഷ്യനെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വത്തെക്കുറിച്ച് ഉദ്‌ബോധനം ഉള്ളടങ്ങിയിരിക്കുന്നു.

ആദരവിന്റെയും അഭിവാദ്യത്തിന്റെയും ഭാഗമായി ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് കല്‍പിച്ചതും, ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യനില്‍ അല്ലാഹു തന്റെ ആത്മാവില്‍നിന്ന് സന്നിവേശിപ്പിച്ചതുമെല്ലാം അല്ലാഹുവിന് മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ശക്തമായ പ്രകാശനമാണ്.
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
'തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരേക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു..' (അല്‍ ഇസ്‌റാഅ്  70)
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ
'അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍ അപ്പോള്‍ അവന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍' (അല്‍ ഹിജ്‌റ് )
താഴെ സൂക്തങ്ങളും അല്ലാഹുവിന് മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ പ്രകാശനമാണ്.
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
'തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.'
يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ . الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ . فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ 
'ഹേ, മനുഷ്യാ! ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍.' (അല്‍ ഇന്‍ഫിത്വാര്‍ 6,7)

ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ അല്ലാഹു മനുഷ്യന് നാനാതരം സേവനോപാധികള്‍ സംവിധാനിച്ചു നല്‍കിയതായി എടുത്തു പറയുന്നു. ഇവയത്രയും എല്ലാവരും പങ്കാളിത്ത സ്വഭാവത്തോടെയാണ് അനുഭവിച്ചു പോരുന്നത്. ഈ സ്‌നേഹത്തിന്റെ പങ്കുവെയ്പില്‍ അല്ലാഹുവിന് ആശയപരമോ സൈദ്ധാന്തികമോ മറ്റോ ആയ ഭേദചിന്തകളില്ല.
ഇതര ജീവികളില്‍നിന്ന് ഭിന്നമായി മനുഷ്യന് അല്ലാഹു നല്‍കിയ സ്‌നേഹം നിലനിര്‍ത്താന്‍ ആവശ്യമായ വിധം തന്നിലര്‍പ്പിതമായ പ്രാതിനിത്യം ഉത്തരവാദിത്വബോധത്തോടെ നിര്‍വഹിക്കുക എന്നതാണ് മനുഷ്യന്‍ ഭൂമിയില്‍ ചെയ്യേണ്ടത്. അല്ലാഹു ഖുര്‍ആനിലൂടെയും നബി(സ) സുന്നത്തിലൂടെയും വരച്ചു കാണിച്ചവ ഒന്നാമതായി അറിവിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ പിന്‍പറ്റിയും രണ്ടാമതായി, സ്വന്തം നിലയിലും പരസ്പരം സഹകരിച്ചും നടപ്പിലാക്കിയും നാം യാഥാര്‍ഥ്യമാക്കണം.

അല്ലാഹു തന്റെ ഭാഗത്തുനിന്ന് തൃപ്തിപ്പെട്ട് അംഗീകരിച്ച് നിയമമാക്കിയ മാര്‍ഗം മുറുകെ പിടിച്ച് ജീവിച്ചാല്‍ അല്ലാഹുവിന് നമ്മോടുള്ള സ്‌നേഹം വര്‍ധിക്കും. മനുഷ്യരോട് മാത്രമായി അല്ലാഹുവിനുള്ള സ്‌നേഹത്തിനു പുറമെ അവനില്‍നിന്ന് കൂടുതല്‍ സ്‌നേഹം നേടിയെടുക്കാനും കഴിയും. അവന്റെ കാരുണ്യവും ദയയും നമ്മില്‍ വന്നിറങ്ങും.
فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ 
'അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്.' (മാഇദ  54).
وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْت سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي عَلَيْهَا
'എന്റെ അടിമ ഐഛിക കര്‍മങ്ങളിലൂടെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുവോളം ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഞാന്‍ അവര്‍ കേള്‍ക്കുന്ന അവന്റെ കാതായി മാറും, അവന്‍ കാണുന്ന അവന്റെ കണ്ണായി മാറും, അവന്‍ നടക്കുന്ന അവന്റെ കാലായി മാറും' (ബുഖാരി).

മനുഷ്യന്റെ അസ്തിത്വം മുതല്‍ അല്ലാഹു അവനില്‍ നിക്ഷേപിച്ച സവിശേഷതയെ അവഗണിച്ചും, അല്ലാഹുവിന്റെ വിളിയെയും സംബോധനയെയും കേട്ടില്ലെന്ന് നടിച്ചും, പിന്‍പറ്റി ജീവിക്കണമെന്ന് അവന്‍ ആവശ്യപ്പെട്ട മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞും ദേഹേഛകള്‍ക്ക് വഴിപ്പെട്ട് ജീവിക്കുന്നവരെ സംബന്ധിച്ചേടത്തോളം 'അധമരില്‍ അധമനായി മാറുക എന്നതു മാത്രമാണ് ആത്യന്തിക ഫലം' (അത്തീന്‍ 4).
وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ
'എന്റെ ഉദ്‌ബോധനത്തെ വിട്ട് ആരെങ്കിലും തിരിഞ്ഞു കളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപ്പിച്ചു കൊണ്ടു വരുന്നതുമാണ്.' (ത്വാഹാ 124)

എന്താണ് സ്‌നേഹം? മനുഷ്യരോടുള്ള അല്ലാഹുവിന്റെ സ്‌നേഹം എന്ത്? എങ്ങനെ?
'ഹുബ്ബ്' (സ്‌നേഹം) എന്നതിനെ ഏറ്റവും സൂക്ഷ്മമായി നിര്‍വചിച്ചാല്‍ ഇങ്ങനെ വായിക്കാം:
'അടുത്തു കഴിയുമ്പോള്‍ സാന്ത്വനവും സ്വാസ്ഥ്യവും ലഭിക്കുകയും അകലുമ്പോള്‍ ഏകാന്തത അനുഭവപ്പെടുകയും ചെയ്യും വിധം മനുഷ്യന് ഏതെങ്കിലും ഒരു വസ്തുവുമായുള്ള ബന്ധമാണ് സ്‌നേഹം'
الحبّ تعليق الإنسان بشيئ ما على وجه يؤنسه القرب منه ويوحشه الإبتعاد عنه
അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ അവയുടെ യഥാര്‍ഥ ആശയാര്‍ഥങ്ങളില്‍ മനസ്സിലാക്കുകയാണ് വേണ്ടതെന്നാണ് മുന്‍കാല പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.
يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْۗ 'അവന്‍ -അല്ലാഹു- നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യും' (ആലുഇംറാന്‍ 31).
فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ
അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്.' (മാഇദ 54).
മേല്‍ സൂക്തങ്ങളിലെ അല്ലാഹുവിന്റെ സ്‌നേഹത്തെ ആലങ്കാരികമായും വ്യാഖ്യാനിച്ചും മനസ്സിലാക്കുന്നതിനു പകരം യഥാര്‍ഥ്യമായും സത്യവിശ്വാസികളെ അല്ലാഹു സ്‌നേഹിക്കുന്നു എന്ന് നാം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അല്ലാഹു സച്ചരിതരായ സത്യവിശ്വാസികളെ തൃപ്തിപ്പെട്ടതായി അല്ലാഹു സ്ഥാപിച്ചു പറഞ്ഞു കഴിഞ്ഞതാണ്. സ്‌നേഹിക്കുന്നതായും പ്രഖ്യാപിച്ചതാണ്. ആയതിനാല്‍, അല്ലാഹുവിന്റെ സ്‌നേഹത്തെയും തൃപ്തിയെയും ഒന്നായി കാണാതെ വെവ്വേറെ രണ്ട് സവിശേഷതകളായി ത്തന്നെ മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. ഹുബ്ബിനും (സ്‌നേഹം) 'രിദാ' (തൃപ്തി)ക്കും വ്യത്യസ്ത അര്‍ഥവും ആശയവുമാണെന്നിരിക്കെ, രണ്ടും പര്യായ പദങ്ങള്‍ അല്ലാതിരിക്കെ രണ്ടിനെയും രണ്ടായിത്തന്നെ നാം കാണണം.

മനുഷ്യരോടുള്ള അല്ലാഹുവിന്റെ സ്‌നേഹത്തിന് സാക്ഷ്യമായി ഖുര്‍ആനില്‍ ധാരാളം തെളിവുകളുണ്ട്.  ആ സ്‌നേഹം മനുഷ്യന് മാത്രം ലഭിച്ചിട്ടുള്ള മഹോന്നത പദവിയാണ്. അല്ലാഹുവിന്റെ സ്‌നേഹത്തെ തൃപ്തിയായോ പ്രതിഫലമായോ കൃത്രിമമായി വ്യാഖ്യാനിക്കേണ്ടതില്ല.

(ഒരാളുടെ സാമീപ്യം അപരന് ആനന്ദവും അയാളുടെ വേര്‍പാട് വിരസതയുമുണ്ടാക്കുന്ന വിധം ഇരുവരും തമ്മിലുള്ള ബന്ധമാണ് ഹുബ്ബ് (സ്‌നേഹം). എന്നാല്‍ അല്ലാഹുവിന്റെ ഹുബ്ബിന് ഈ അര്‍ഥ കല്‍പന നല്‍കാന്‍ നിവൃത്തിയില്ല. ആനന്ദാനുഭൂതിയും വിരസതാനുഭവവും മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളാകുന്നു. അത്തരം ദൗര്‍ബല്യങ്ങളില്‍നിന്ന് പരിശുദ്ധനാണ് അല്ലാഹു. അതിനാല്‍, പില്‍ക്കാല ദൈവശാസ്ത്ര പണ്ഡിതന്മാര്‍ സമ്പൂര്‍ണവും പരിശുദ്ധവുമായ അല്ലാഹുവിന്റെ സത്തയുമായി പൊരുത്തപ്പെടും വിധം ഹുബ്ബിനെ വ്യാഖ്യാനിക്കണമെന്ന് അഭിപ്രായപ്പെട്ടു. അതനുസരിച്ച് ഹുബ്ബിന് പ്രീതി(രിദാ) എന്നോ പ്രതിഫലദാന(ഇസാബ) മെന്നോ അവര്‍ അര്‍ഥം നല്‍കി. ഹുബ്ബും രിദായും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ചതില്‍നിന്ന് രണ്ടും ഒന്നാണെന്ന് ഗ്രഹിക്കുന്നതില്‍ അനൗചിത്യമുണ്ട്. അല്ലാഹു മനുഷ്യന് നല്‍കുന്ന ഉദാത്തമായ ഒരു സ്ഥാനമാണ് ഹുബ്ബ്. പ്രതിഫല ദാനമെന്ന അര്‍ഥ കല്‍പന ഉദാത്തമായ പ്രസ്തുത ആശയത്തെ സൂചിപ്പിക്കുന്നില്ല. അതിനാല്‍ പൂര്‍വകാല പണ്ഡിതന്മാര്‍ (സലഫ്) ചെയ്തപോലെ, രൂപകല്‍പന (തക് യീഫ്) യോ സാദൃശ്യപ്പെടുത്ത(തശ്ബീഹ്)ലോ വരാത്തവിധം അല്ലാഹുവിന്റെ ഹുബ്ബിനെ അതിന്റെ സാക്ഷാല്‍ അര്‍ഥത്തില്‍ ഗ്രഹിക്കണമെന്നാണ് ലേഖകന്‍ പറയുന്നത്. വിവ:)

ഏതൊരു ബുദ്ധിമാനും സ്‌നേഹവും തൃപ്തിയും രണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ അല്ലാഹു തന്റെ സച്ചരിതരായ അടിമകളെ ഇവരണ്ടും മുന്‍നിര്‍ത്തി പുകഴ്ത്തിയിട്ടുണ്ട്. അതേപോലെ, തന്റെ യജമാനനും സ്രഷ്ടാവുമായ അല്ലാഹുവിനെ തിരിച്ചറിഞ്ഞ അടിമയെ സംബന്ധിച്ചേടത്തോളം സ്‌നേഹം എന്ന സവിശേഷതയാല്‍ അല്ലാഹുവില്‍നിന്ന് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന് തുല്യമായി ഒന്നുമില്ലെന്ന് മനസ്സിലാക്കും. അല്ലാഹുവിന്റെ സ്‌നേഹം തനിക്ക് ഉറപ്പായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ സുഖങ്ങളെ അയാള്‍ നിസ്സാരമായേ കാണുകയുള്ളൂ. സ്വര്‍ഗപ്രാപ്തിയേക്കാള്‍ അല്ലാഹുവിന്റെ സ്‌നേഹമാണ് പ്രധാനം എന്നര്‍ഥം. ഇത്രയും പറഞ്ഞത് അല്ലാഹുവിന് മനുഷ്യരോടുള്ള സ്‌നേഹത്തെ നാം എത്രമേല്‍ വലുതായി കാണണം എന്നാണ്.

മനുഷ്യന് അല്ലാഹുവോടുള്ള സ്‌നേഹം
താഴെ സൂക്തങ്ങള്‍ മനുഷ്യന് അല്ലാഹുവോടുള്ള സ്‌നേഹം പരാമര്‍ശിക്കുന്നവയാണ്.
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِۗ
'അല്ലാഹുവിനു പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചിലരുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഇവര്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ' (ബഖറ 165).
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ 
'നബിയേ, താങ്കള്‍ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക. (അങ്ങനെയെങ്കില്‍) നിങ്ങളെ അല്ലാഹു സ്‌നേഹിക്കുന്നതായിരിക്കും' (ആലുഇംറാന്‍ 31)

അല്ലാഹുവെ മനുഷ്യൻ സ്‌നേഹിക്കുക എന്നതിന്റെ അർഥമെന്ത്? മനുഷ്യൻ അല്ലാഹുവിന്റെ ഏകത്വവും ദിവ്യത്വവും തന്റെ ധിഷണയാൽ അംഗീകരിച്ച ശേഷം അവനെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെന്ത്?
മനുഷ്യന്‍ അല്ലാഹുവിനെ സ്‌നേഹിക്കുക എന്നതുമായി ബന്ധപ്പെട്ട്, ചിലര്‍ ഇങ്ങനെ ഒരുവാദം ഉന്നയിക്കാറുണ്ട്. അതായത്, സ്‌നേഹത്തെ അതിന്റെ യഥാര്‍ഥ ആശയത്തിലെടുക്കുകയാണെങ്കില്‍, അത് ഒരേപോലുള്ള രണ്ടുതുല്യന്മാര്‍ക്കിടയിലായിരിക്കും. ഉദാഹരണമായി, ഒരാള്‍ തന്നെ പോലുള്ള മനുഷ്യനെ സ്‌നേഹിക്കുക. അയാള്‍ താന്‍ കാണുന്ന ഒരാളെ അയാളുടെ രൂപത്തിന്റെയോ, തന്റെ കാതില്‍ പതിക്കുന്ന അയാളുടെ ശബ്ദത്തിന്റെയോ, അയാളില്‍നിന്ന് പ്രസരിക്കുന്ന സുഗന്ധത്തിന്റെയോ പേരില്‍ ഇഷ്ടപ്പെടുന്നു, അയാളോട് ആഭിമുഖ്യം തോന്നുന്നു. ഇവിടെ സ്‌നേഹിക്കുന്നയാളും സ്‌നേഹിക്കപ്പെടുന്നയാളും തമ്മിലെ ബന്ധം കാണുന്ന കണ്ണും കേള്‍ക്കുന്ന കാതും വാസനിക്കുന്ന മൂക്കും രുചി നോക്കുന്ന വായയുമാണ്. എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴി നമുക്ക് അല്ലാഹുവെ അനുഭവിക്കാന്‍ വഴിയില്ല.

അതുകൊണ്ടുതന്നെ ഈ രീതിയില്‍ ഭൗതികോപാധികളുടെ സഹായത്തോടെ അല്ലാഹുവുമായി ബന്ധപ്പെടാന്‍ നമ്മുടെ മുമ്പില്‍ മാര്‍ഗമേതുമില്ല. ഈ ന്യായത്തെ അടിസ്ഥാനമാക്കി ചിലർ പറയുന്നത്, അല്ലാഹുവിന്റെ കൽപനകൾ പിൻപറ്റിയും വിലക്കുകള്‍ വര്‍ജിച്ചുമാണ് ഖുര്‍ആനിലും സുന്നത്തിലും പറഞ്ഞ 'അല്ലാഹുവോട് മനുഷ്യനുണ്ടാവേണ്ട സ്‌നേഹ'ത്തെ സാക്ഷാല്‍കരിക്കേണ്ടത് എന്നാണ്.
അതായത്, സ്‌നേഹം കര്‍മമാത്ര പ്രധാനമാണ്, ഹൃദയബാഹ്യമാണ് എന്നത്രെ ചിലരുടെ നിലപാട്. ഈ കാഴ്ചപ്പാടനുസരിച്ച് മുനാഫിഖുകളെ അല്ലാഹുവിനെ സ്‌നേഹിക്കുന്നവരുടെ മുന്‍പന്തിയില്‍ നാം എണ്ണേണ്ടി വരും. അവര്‍ ബാഹ്യമായും കര്‍മപരമായും അല്ലാഹുവിനെ അനുസരിക്കുന്നുണ്ടല്ലോ.

മനുഷ്യന്‍ അല്ലാഹുവിനെ സ്‌നേഹിക്കേണ്ടത് അനുസരണത്തിലൂടെയാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. സ്‌നേഹത്തിന്റെ മാധ്യമങ്ങള്‍ പഞ്ചേന്ദ്രിയങ്ങളില്‍ പരിമിതമാണെന്ന വാദം അര്‍ഥ ശൂന്യമാണ്. മനുഷ്യരിലെ ആന്തരിക ഉള്‍ക്കാഴ്ച അവരുടെ ബാഹ്യദൃഷ്ടിയേക്കാള്‍ ശക്തമാണ്. കണ്ണിനേക്കാള്‍ കാഴ്ചയും കാതിനേക്കാള്‍ ശ്രവണ ശേഷിയും ഹൃദയത്തിനുണ്ട്. ഹൃദയപൂര്‍വം മനസ്സിലാക്കുന്ന ആശയങ്ങളുടെ സൗന്ദര്യം ബാഹ്യമായ നേത്രങ്ങളുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളുടെ മനോഹാരിതയേക്കാളും കാതുകളില്‍ പ തിയുന്ന ശബ്ദ സൗന്ദര്യങ്ങളേക്കാളും മിഴിവാര്‍ന്നതായിരിക്കും, മികച്ചതായിരിക്കും. മനുഷ്യന് അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ വിശാലവും അഗാധവുമായ യഥാര്‍ഥ അര്‍ഥം, പഞ്ചേന്ദ്രിയങ്ങളുടെ പരിധികള്‍ക്കപ്പുറം കടന്നുപോകാന്‍ കഴിയാത്ത മൃഗനിലവാരത്തിലുള്ളവര്‍ക്കെ മനസ്സിലാകാതിരിക്കുകയുള്ളൂ.

ധാരാളം പേര്‍ ലോകത്തെ പല മഹാന്മാരെയും കാണാതെ കേട്ടു മാത്രം സ്‌നേഹിക്കുന്നുണ്ട്. ആ മഹാന്മാരുടെ സ്തുത്യര്‍ഹമായ ഗുണവിശേഷണങ്ങളാണ് ആ സ്‌നേഹത്തിന്നാധാരം. അവരെ നേരില്‍ കണ്ടിരുന്നുവെങ്കില്‍ അവരെക്കുറിച്ച് അവര്‍ക്ക് ഒരു കൗതുകവും താല്‍പര്യവും തോന്നുമായിരുന്നില്ല. കാരണം അവരില്‍ പലരും പഞ്ചേന്ദ്രിയ രസങ്ങള്‍ തരുന്നവരല്ല. ഉദാഹരണമായി, ചിലര്‍ ജാഹിളി (മ.ഹി 255) നോട് കടുത്ത സ്‌നേഹമുള്ളവരാണ്. 

അദ്ദേഹത്തിന്റെ രചനകളും സാഹിതീ വൈഭവവും വൈജ്ഞാനിക മികവുമാണ് അവരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അവരെങ്ങാനും അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ അവര്‍ അദ്ദേഹത്തെ ഒരു തവണ മാത്രമെ നോക്കുകയുള്ളൂ. കാരണം അദ്ദേഹം അത്രക്ക് വിരൂപനായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

ചുരുക്കത്തില്‍, സൗന്ദര്യത്തിന് പഞ്ചേന്ദ്രിയാതീതവും ധൈഷണികവുമായി മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന അഭൗതികമായ ഒരു തലമുണ്ട്. പഞ്ചേന്ദ്രിയങ്ങളുടെ അളവുകോലുകള്‍ക്കപ്പുറമാണ് അവ. അല്ലാഹുവിനെ സുന്ദരന്‍ എന്ന് വിശേഷിപ്പിക്കുന്നത് ഈ രണ്ട് തലങ്ങളിലൂടെയുമാണ്.
إنّ الله جميل يحبّ الجمال
'തീര്‍ച്ചയായും അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' (മുസ് ലിം) സൗന്ദര്യത്തിന്റെ ഭൗതികവും അഭൗതികവുമായ എല്ലാതരം ഇനങ്ങളും പ്രിയങ്കരമാണ്. അല്ലാഹുവിന്റെ സൗന്ദര്യം മാത്രമല്ല അവനോടുള്ള സ്‌നേഹത്തിന്റെ അടിസ്ഥാനം. അവന്റെ ഔദാര്യവും സത്താ മഹത്വവുമെല്ലാം അവനോടുള്ള സ്‌നേഹത്തിന്റെ മുഖ്യ കാരണങ്ങളാണ്. ഇതനുസരിച്ച് യഥാര്‍ഥ അര്‍ഥത്തിലുള്ള നമ്മുടെ സ്‌നേഹം അര്‍ഹിക്കുന്നവനായി അല്ലാഹു മാത്രമേയുള്ളൂ. സ്‌നേഹത്തിന്നാധാരമായ ഈ മൂന്നു കാരണങ്ങളും (സൗന്ദര്യം, ഔദാര്യം, സത്താമഹത്വം) അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാണ്.
അല്ലാഹു സത്താപരമായും ഗുണവിശേഷണപരമായും സുന്ദരനാണ്. അല്ലാഹു അല്ലാത്തവരെ സുന്ദരനെന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിന്റെ അര്‍ഥം അവരുടെ സൗന്ദര്യം അല്ലാഹുവില്‍നിന്ന് ലഭ്യമായതാണെന്നാണ്. പ്രപഞ്ചത്തിലെ ഏക ഉദാരന്‍ അല്ലാഹുവാണ്. ജനങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഔദാര്യത്തിന്റെ എല്ലാ ഭാവങ്ങളും അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന് ഉറവെടുത്തൊഴുകുന്നവയാണ്. അല്ലാഹുവിന്റെ മഹത്വം മനുഷ്യരുടെ ഉള്‍ക്കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും മുമ്പില്‍ പ്രകടമാണ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിലും കുറ്റമറ്റ ആവിഷ്‌കാരത്തിലും അവന്റെ നിര്‍ണയത്തിലും മാര്‍ഗദര്‍ശനത്തിലും അത് തെളിഞ്ഞുകാണാം.

ആയതിനാല്‍, അല്ലാഹു മാത്രമാണ് സ്‌നേഹിക്കപ്പെടാന്‍ അര്‍ഹന്‍. അവന്‍ അല്ലാത്തവരെ സ്‌നേഹിക്കാന്‍ യാതൊരു ന്യായവുമില്ല. അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ ഭാഗമായി നബിമാരെയും ദൂതന്മാരെയും നമ്മുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അല്ലാഹു ചുമതലപ്പെടുത്തിയവരെയും നാം സ്‌നേഹിക്കുന്നതും അല്ലാഹുവോടുള്ള സ്‌നേഹം തന്നെ.
وأنّ يحبّ ا لمرء لا يحبّه إلّا لله
ചിത്രങ്ങളിലോ വസ്തുക്കളിലോ കാണുന്ന സൗന്ദര്യത്തെയും കാതുകളിലൂടെ കേള്‍ക്കുന്ന ശബ്ദങ്ങളെയും നാം ഇഷ്ടപ്പെടുന്നതും ആത്യന്തികമായി അല്ലാഹുവോടുള്ള ഇഷ്ടത്തിന്റെ ഭാഗമായാണ്. കാരണം അല്ലാഹുവാണ് അവയുടെ പ്രഭവകേന്ദ്രം. അതായത്, അല്ലാഹു അല്ലാത്തവരെ മനുഷ്യന്‍ സ്‌നേഹിക്കുന്നത് രണ്ടാമതൊരാളില്ലാത്ത അല്ലാഹുവിനു മാത്രം അവകാശപ്പെട്ട സ്‌നേഹത്തിന്റെ ഉള്‍പിരിവുകളായാണ്. അല്ലാതെ ആ വക സ്‌നേഹങ്ങള്‍ അല്ലാഹുവോടുള്ള സ്‌നേഹത്തിന് വിരുദ്ധമോ അതിനോടുള്ള മാത്സര്യമോ അല്ല.
എല്ലാ സ്‌നേഹങ്ങളും അല്ലാഹുവില്‍ കേന്ദ്രീകൃതമാണ് അഥവാ ആയിരിക്കണം എന്നു പറഞ്ഞാല്‍ അതിന്റെ വിവക്ഷ മനുഷ്യന്‍ സഹജമായിത്തന്നെ അല്ലാഹുവിലുള്ള വിശ്വാസത്തിലും തദനുബന്ധമായ തത്ത്വങ്ങളിലും ഊട്ടപ്പെട്ടവനാണ് എന്നത്രെ.
كلّ مولود يولد على الفطرة
'എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്' (ബൈഹഖി, അബൂയഅ്‌ലാ, ത്വബറാനി)
إنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ، وإنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ 
'തീര്‍ച്ചയായും ഞാന്‍ എന്റെ ദാസന്മാരെ എല്ലാവരെയും ഋജുമാനസരായാണ് സൃഷ്ടിച്ചിരിക്കുന്നത്. പിശാചുക്കള്‍ അവരെ സമീപിച്ച് വഴിതെറ്റിച്ചു' (മുസ് ലിം, അഹ്മദ്, നസാഈ)

മേല്‍ ഹദീസുകള്‍ പ്രകാരം, തങ്ങളുടെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിനെ നൈസര്‍ഗികമായിത്തന്നെ സ്‌നേഹിക്കും വിധമാണ് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഇവിടെ ഒരു ചോദ്യം ഉയരാം. മനുഷ്യരിലധികവും ചെറുപ്പകാലം മുതല്‍ക്കെ ഭൗതിക കാമനകളില്‍ ആകൃഷ്ടരാകുന്നു. അത് പലപ്പോഴും അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോയിട്ട് അവനെ അറിയുന്നതില്‍ നിന്നുപോലും അവരെ തടയുന്നു.
മറുപടി ഇതാണ്: മനുഷ്യ സ്വത്വത്തില്‍ സഹജമായി നിലീനമായ ഈമാനിക പ്രകൃതിയാണ് അവനില്‍ സ്‌നേഹ വികാരങ്ങള്‍ ഉണര്‍ത്തുന്നത്. ആ ഈമാനിനെ ത്വരിപ്പിക്കുന്നത് മനുഷ്യനില്‍ അല്ലാഹുവാല്‍ നിക്ഷിപ്തമായ ആത്മാവും. ഉന്നത ലോകത്തുനിന്ന് അവതീര്‍ണവും മനുഷ്യ ശരീരത്തില്‍ കൂട്ടിലെന്നോണം നിശ്ചിതകാലത്തേക്ക് മാത്രം കഴിയുന്നതുമായ ആത്മാവ് താന്‍ പോന്ന ഉന്നത ലോകത്തേക്ക് എത്താന്‍ അതിയായി ആഗ്രഹിക്കുന്നു. തന്നിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട ദൈവിക സത്തയിലേക്ക് എത്തിച്ചേരാന്‍ കൊതിക്കുന്നു.
ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്, മനുഷ്യന്റെ ആഗ്രഹങ്ങളും വികാരങ്ങളും താന്‍ ഇറങ്ങിവന്ന അതേ സമുന്നത ലോകത്തേക്ക്, സ്രഷ്ടാവിലേക്ക്, അല്ലാഹുവിലേക്ക് കയറിപ്പോകാന്‍ ആഗ്രഹിക്കുന്നു എന്നാണ്.

എന്നാല്‍, അല്ലാഹു മനുഷ്യനെ പരീക്ഷണ വിധേയനാക്കുന്ന മൃഗീയ വികാരങ്ങളും കാമനകളും മേല്‍ ദൈവാഭിമുഖ്യങ്ങളെയും ആഗ്രഹങ്ങളെയും വിലങ്ങുകയും, അവ അവനെ ജഡികേച്ഛകളിലേക്ക് നയിക്കുകയും, തന്റെ കണ്ണുകളില്‍പെടുന്ന ചിത്രങ്ങളെയും രൂപങ്ങളെയും സ്‌നേഹിക്കലാണ് തന്റെ ജീവിത ദൗത്യമെന്ന് ധരിച്ചുവശാവുകയും ചെയ്യുന്നു. വസ്തുക്കളല്ല, വസ്തുക്കള്‍ക്ക് പിറകിലെ സ്രഷ്ടാവാണ് നമുക്ക് ദൃശ്യമാവേണ്ടത്.

നാം ഈ പറഞ്ഞതിന്റെ ഒന്നാംതരം തെളിവ്, സകലതരം ജഡിക വികാരങ്ങള്‍ക്കും പിറകെ പരവശരായി പാഞ്ഞു നടന്നിട്ടും തങ്ങള്‍ക്ക് ഇപ്പോഴും പലതും അപ്രാപ്യമാണെന്ന് സത്യം ചിലര്‍ തിരിച്ചറിയുന്നു എന്നതാണ്. തങ്ങള്‍ക്കറിയാത്ത ഏതോ ഒന്നിനെ അവര്‍ കൊതിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ വിധേയപ്പെടേണ്ട സത്തയെയോ സത്തയുടെ ദിശയെയോ കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലെങ്കിലും അവര്‍ അതിനെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
കവി പാടിയതുപോലെയാണ് അത്തരക്കാരുടെ അവസ്ഥ
لي لذّة في ذلّتي وخضوعي     وأحبّ بين يديك سفك دموعي
'എന്റെ വിധേയത്വത്തിലും താഴ് മയിലും ഞാന്‍ ആനന്ദ തുന്ദിലനാണ്. നിന്റെ സമക്ഷത്തിങ്കല്‍ എന്റെ കണ്ണീര്‍ കണങ്ങള്‍ ഒഴുക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.'
പക്ഷെ തങ്ങളുടെ പരിദേവനങ്ങള്‍ സമര്‍പ്പിക്കേണ്ട യഥാര്‍ഥ ദൈവം ആരെന്ന് അവര്‍ക്ക് കണ്ടെത്താനാവുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരം പറയാനാവുന്നില്ല.
അവരുടെ ബോധത്തിന്റെ അഗാധ തലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നതും എന്നാല്‍ ഏത് ദിശയിലേക്ക് തിരിയണമെന്ന് അവര്‍ക്ക് അറിയാത്തതുമായ ഈ അജ്ഞേയാസ്തിത്വത്തിലേക്കുള്ള ഈ കാമനയുടെ രഹസ്യമെന്താണ്?
അത് നാം നേരത്തെ പറഞ്ഞ രഹസ്യമാണ്. അതായത്, എല്ലാ മനുഷ്യരിലും നൈസര്‍ഗികമായും സഹജാതമായും നിക്ഷിപ്തമായിട്ടുള്ള ദൈവികബോധം തന്നെ. ദൈവിക ബോധം അല്ലാഹുവിലേക്കുള്ള കൊതിയായി വളരുമ്പോള്‍ തന്നെ മറ്റു ചിലതരം മൃഗീയ വികാരങ്ങള്‍ അവയെ മറികടക്കുന്നു. ദൈവികവികാരങ്ങളും മൃഗീയ വികാരങ്ങളും തമ്മില്‍ കെട്ടുപിണയുന്നു. ഇഛിക്കുന്നതെല്ലാം നേടിയാലും പിന്നെയും ഇനിയും പ്രാപ്യമായിട്ടില്ലാത്ത ഏതോ ശൂന്യത അത്തരക്കാരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

ആത്മാവിനെ പോഷിപ്പിച്ച് മൃഗീയവികാരങ്ങളെ തളയ്ക്കുക
തന്നില്‍നിന്നുതന്നെ ഉയരുന്ന ദൈവാഭിമുഖ്യത്തെയോ തനിക്കഭിമുഖമായ പ്രിയപ്പെട്ടവനെയോ മനുഷ്യര്‍ യഥാവിധം തിരിച്ചറിയണമെങ്കില്‍ അല്ലാഹുവിന്റെ കല്‍പ്പനകളെ പ്രതിബദ്ധതയോടെ അനുസന്ധാനം ചെയ്യണം. അല്ലാഹുവെ കൂടുതലായി സ്മരിച്ചും അവനുമായി നിരന്തര സമ്പര്‍ക്കം സ്ഥാപിച്ചും ജീവിക്കുമ്പോള്‍ മൃഗീയ വികാരങ്ങള്‍ അപ്രത്യക്ഷമാവും. അവയുടെ സ്വാധീനം കുറയും ക്രമേണ ആത്മാവിന്റെ ശബ്ദം മുഴക്കത്തോടെ കേട്ടു തുടങ്ങും. ദൈവിക സാന്നിധ്യത്തിന്റെയും സമീപ്യത്തിന്റെയും ഭാഷ വ്യക്തമാവും. മനുഷ്യന് അല്ലാഹുവോടും അല്ലാഹുവിന് മനുഷ്യനോടുമുള്ള ആഭിമുഖ്യം തെളിഞ്ഞുവരും. സ്രഷ്ടാവും യജമാനനുമായ അല്ലാഹുവില്‍നിന്ന് തുടക്കമായ താന്‍ അവനിലേക്ക് തന്നെ മടങ്ങേണ്ടവനാണെന്ന സത്യം തിരിച്ചറിയും.

അല്ലാഹുവിനെ സ്മരിച്ചും അവനുമായി സാമീപ്യം സ്ഥാപിച്ചും ദേഹേഛകളെ മറികടന്ന് ദൈവേഛയെ പിന്‍പറ്റാമെന്നാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ഇതല്ലാതെയും അവയെ മറികടക്കാന്‍ കഴിയും. യൗവനം കടന്ന് വാര്‍ധക്യത്തിലെത്തുമ്പോഴാണ് ഇത് സാധ്യമാവുക. വൈകാരിക ക്ഷോഭങ്ങള്‍ പത്തി മടക്കുന്ന വാര്‍ധക്യ ഘട്ടത്തില്‍ ആത്മാവിന്റെ ശബ്ദം ശ്രവിക്കാനും ശ്രദ്ധിക്കാനും മനുഷ്യന്‍ തയാറാവും. ഹൃദയത്തിന്റെ അഗാധതയില്‍ ആണ്ടുപൂണ്ടു കിടക്കുന്ന ദൈവിക സ്‌നേഹത്തിന്റെ യാഥാര്‍ഥ്യം അപ്പോള്‍ വ്യക്തമാവും.

യഥാര്‍ഥത്തില്‍ താന്‍ സ്‌നേഹിക്കേണ്ടത് അല്ലാഹുവിനെയാണെന്ന് തിരിച്ചറിയും. തന്നെ ആകര്‍ഷിക്കുകയും താന്‍പോയി നില്‍ക്കുകയും ചെയ്യുന്ന ചിത്രങ്ങളെയോ രൂപങ്ങളെയോ അല്ലെന്ന വകതിരിവുണ്ടാവും. തന്റെ ആത്മാവ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സ്‌നേഹഭാജനം -അല്ലാഹു- തന്നോട് ഏറെ സമീപസ്ഥനാണെന്നും, എന്നല്ല തന്റെ ജീവനാഡിയേക്കാള്‍ അടുത്തവനാണെന്നും അയാള്‍ മനസ്സിലാക്കും. ഇത്രയും കാലം തന്റെ ഇഛകളുടെ കറുത്ത മേഘങ്ങളാല്‍ അവനെ കാണാന്‍ കഴിയാതെ പോയതാണെന്ന് സത്യം അവന്റെ മുമ്പില്‍ അനാവരണം ചെയ്യപ്പെടും. തന്റെ ഉള്‍ക്കാഴ്ചയില്‍ അവന്‍ അല്ലാഹുവിനെ കാണും. ആ കാഴ്ചാ സംഗമത്തില്‍ അയാള്‍ക്കുണ്ടാവുന്ന സന്തോഷം വാചാമഗോചരമായിരിക്കും. ഈ സംഗമാനന്ദ ലഹരിയെക്കുറിച്ച് മുമ്പൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്:
    وَمِن عَجَبٍ أَنّي أَحِنُّ إِلَيهِمُ  
وَأَسأَلُ شوقا عَنهُم وَهُم مَعي
وَتَبكيهم عَيني وَهُم في سَوادِها
وَيَشكوا النّوى قَلبي وَهُم بَينَ أَضلُعي
'ഞാന്‍ അവരെ ഹൃദയംഗമമായി സ്‌നേഹിക്കുന്നു. ഞാന്‍ അവരെപ്പറ്റി ആഗ്രഹത്തോടെ ചോദിക്കുന്നു; അവരോ, എന്റെ കൂടെയുണ്ട്, അത് അത്ഭുതകരമാണ്. അവരെച്ചൊല്ലി എന്റെ കണ്ണുകള്‍ കരയുന്നു. അവരോ, കണ്ണിലെ കറുപ്പിലുണ്ടായിരുന്നു. അവര്‍ ദൂരെയാണല്ലോ എന്ന് എന്റെ ഹൃദയം സങ്കടം പറയുന്നു. എന്നാല്‍ അവരോ, എന്റെ വാരിയെല്ലുകള്‍ക്കിടയില്‍ തന്നെ അവരുണ്ടായിരുന്നു.

ബുദ്ധിപരമായ ബോധ്യവും ഹൃദയംഗമമായ ബോധ്യവും തമ്മിലെ അന്തരം
അല്ലാഹുവെക്കുറിച്ച ഒരാളുടെ വിശ്വാസവും ഇസ് ലാമും അയാള്‍ക്ക് ബുദ്ധിപരമായി ബോധ്യമാവാന്‍ അയാളുടെ ഹൃദയം അല്ലാഹുവിലേക്ക് തിരിയേണ്ടതുണ്ടോ? അല്ലാഹുവോടുള്ള സ്‌നേഹം മനുഷ്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമെന്ത്? അല്ലാഹുവിലും അവന്റെ ദൂതന്മാരിലും ഗ്രന്ഥങ്ങളിലുമുള്ള ബൗദ്ധികമായ ബോധ്യത്തിന് നേടിത്തരാന്‍ കഴിയാത്ത എന്താണ് ഹൃദയത്തിന് സാധിതമാക്കാന്‍ കഴിയുക?
താഴെ സൂക്തങ്ങൾ ഇക്കാര്യം നമുക്ക് വിശദീകരിച്ചു തരുന്നുണ്ട്.
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِۗ 
'അല്ലാഹുവിനു പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ.' (ബഖറ 165).
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ 
'(നബിയേ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ സമരത്തെക്കാളും പ്രിയപ്പെട്ടതാണെങ്കില്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടു വരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.' (തൗബ 24).
അല്ലാഹുവിനെക്കുറിച്ച കേവലമായ ബൗദ്ധികമായ ബോധ്യം അവന്റെ നേരെയുള്ള ഹൃദയംഗമമായ ബഹുമാനത്തിനും സ്‌നേഹത്തിനും പകരമാവില്ല എന്ന് മേല്‍ രണ്ട് സൂക്തങ്ങളും സ്ഥാപിക്കുന്നുണ്ട്.

ബൗദ്ധികമായ ബോധ്യവും ഹൃദയാര്‍ദ്രമായ ബോധ്യവും രണ്ടും രണ്ടാണ്
ഏകനായ അല്ലാഹുവെക്കുറിച്ച ബൗദ്ധികമായ വിശ്വാസ ബോധ്യത്തിന്റെ വേരുകള്‍ ബുദ്ധിയില്‍ എത്ര അഗാധതയില്‍ വേരൂന്നിയാലും, അതിന്റെ വൈജ്ഞാനികവും തര്‍ക്കശാസ്ത്രപരവുമായ തെളിവുകള്‍ എത്രയധികമുണ്ടായാലും അതൊന്നും മനുഷ്യരെ ഒരു ജീവിതരീതിയിലേക്ക് നയിച്ചുകൊള്ളണമെന്നില്ല. മനസ്സിനെ നിലവിലെ ആഗ്രഹങ്ങളില്‍നിന്ന് മറ്റ് ആഗ്രഹങ്ങളിലേക്ക് വഴി തിരിച്ചു വിടണമെന്നില്ല.
മനുഷ്യനെ നിയന്ത്രിക്കാന്‍ ബുദ്ധിപരമായ ഇടപെടലുകളല്ല വേണ്ടത്, ഹൃദയവികാരങ്ങളാണ്. ഹൃദയവികാരങ്ങള്‍ സ്‌നേഹത്തിന്റെ വീചികള്‍ സൃഷ്ടിക്കും. ഭയത്തിന്റെ താക്കീതുകള്‍ ഉല്‍പ്പാദിപ്പിക്കും. ബഹുമാനാദരങ്ങളുടെ രീതിയില്‍ പുത്തനുണര്‍വുകള്‍ പകരും. ഇവയെല്ലാം ചേര്‍ന്ന് ആത്യന്തികമായി സവിശേഷമായ ജീവിത രീതിയിലേക്ക് നയിക്കും.

ബുദ്ധി ഹെഡ് ലൈറ്റുപോലെ, സ്‌നേഹം എഞ്ചിന്‍ പോലെ
അല്ലാഹുവിന്റെ പ്രപഞ്ചത്തിലെ യാഥാര്‍ഥ്യങ്ങളെ അനാവരണം ചെയ്തു മനസ്സിലാക്കുന്ന ബുദ്ധിയെ വാഹനത്തിലെ ഹെഡ്‌ലൈറ്റായും, അവനിലേക്ക് നമ്മെ നയിക്കുന്ന സ്‌നേഹത്തെ വാഹനത്തെ മുന്നോട്ട് തള്ളുന്ന എഞ്ചിനായും നമുക്ക് മനസ്സിലാക്കാം. വാഹനത്തിന്റെ മുമ്പില്‍ സ്ഥാപിച്ച ഹെഡ്‌ലൈറ്റ് വാഹനത്തിലെ യാത്രക്കാര്‍ക്ക് വഴിക്കണ്ണായി പ്രവര്‍ത്തിക്കുന്നു. വാഹനത്തിന്റെ എഞ്ചിനിലെ ഇന്ധനം അതിനെ മുന്നോട്ടു തള്ളുന്നു. ഇതുപോലെ മനുഷ്യരെ സംബന്ധിച്ചേടത്തോളം ബുദ്ധിയും സ്‌നേഹവും -വിചാരവും വികാരവും- അല്ലാഹുവിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ നമ്മെ സഹായിക്കുന്നു. സ്‌നേഹത്തെ തുടര്‍ന്ന് ഭയാദര ബഹുമാനങ്ങള്‍ ഉണ്ടാവുന്നു.
സമൂഹത്തിലെ ധാരാളം പേര്‍ അല്ലാഹുവിന്റെ അസ്തിത്വവും ഏകത്വവും സവിശേഷതകളും ബുദ്ധിപരമായി സത്യപ്പെടുത്തിയവരും ഉള്‍ക്കൊണ്ടവരുമാണ്. അല്ലാഹുവിന്റെ സച്ചരിതരായ പല വലിയ്യുകള്‍ക്കും മനസ്സിലാകാത്ത ശാസ്ത്രീയ തെളിവുകള്‍ ആ ധിഷണാശാലികള്‍ക്കറിയാം. എന്നിട്ടും ആ ജ്ഞാനബോധ്യങ്ങള്‍ക്കനുസൃതമായി അല്ലാഹുവിന്റെ ശാസനകള്‍ക്ക് വഴങ്ങാന്‍ അവര്‍ തയാറാവുന്നില്ല. ഇത് എന്തുകൊണ്ട് എന്നതിന്റെ ഉത്തരം വളരെ ലളിതമാണ്. ദേഹേഛകള്‍ മേല്‍ക്കൈ നേടിയ അവരുടെ കാര്യത്തില്‍ ധൈഷണിക ബോധ്യങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ ഒരു റോളുമില്ല എന്നതാണ് സത്യം. അവയേക്കാള്‍ ഇഛകളോടുള്ള സ്‌നേഹമാണ് അവരെ ഭരിക്കുന്നത്. ബോധ്യവും സ്‌നേഹവും രണ്ടു വഴിക്ക് വേര്‍പിരിയുന്നതാണ് ഇവിടെ നാം കാണുന്നത്.

അഭിമാന രോഷത്തിന്റെ പുറത്തേറി വഴി തെറ്റുന്നവര്‍
ഇസ്്ലാമിക വിഷയങ്ങളില്‍ അതിയായ താല്‍പര്യവും അഭിമാന രോഷവും പ്രകടിപ്പിക്കുന്ന ചിലര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അതിനെ ചൂഷണം ചെയ്യുന്നത് കാണാം. ഇസ്്ലാമിക തത്ത്വങ്ങളിലും വിധികളിലും അവര്‍ ഭേദഗതികള്‍ വരുത്തും. വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പര്യങ്ങളാകും അവരെ നയിക്കുക. ഇത്തരം ആളുകളെ നിരീക്ഷിച്ചാല്‍ അവര്‍ കേവല ബൗദ്ധിക ധാരണകളില്‍ അഭിരമിക്കുന്നവരും പക്ഷപാതിത്വത്തിന്റെയും ദേഹേഛകളുടെയും തടവറയില്‍ കഴിയുന്നവരുമായിരിക്കും. ഇസ് ലാമിനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്നതാണ് ഇത്തരം നിലപാടുകള്‍.

ബുദ്ധിയും സ്‌നേഹവും രണ്ടു ചിറകുകള്‍
അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്നാവശ്യമായ യാഥാര്‍ഥ്യങ്ങള്‍ ചിന്താപരമായി ബോധ്യപ്പെടുക എന്നത് വളരെ പ്രധാനമാണ്. ഒഴിവാക്കാന്‍ പറ്റാത്ത അടിത്തറയാണത്. ചിന്തിക്കാനും മനനം ചെയ്യാനും ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും ഉല്‍ബോധിപ്പിക്കുന്നത് അത് കൊണ്ടാണ്. അതേസമയം അല്ലാഹുവിലേക്കുള്ള യാത്രയില്‍ ചിന്തയിലധിഷ്ഠിതമായ ബോധ്യം രണ്ടു ചിറകുകളില്‍ ഒന്നെ ആവുകയുള്ളൂ. ബുദ്ധിയിലൂടെ മനസ്സിലാക്കിയ ദൈവത്തോടുള്ള സ്‌നേഹമാണ് രണ്ടാമത്തെ ചിറക്. കൃത്യമായി പറഞ്ഞാല്‍, താന്‍ തിരിഞ്ഞറിഞ്ഞ ദൈവം തരുന്ന സ്‌നേഹത്തിന് പകരം സ്‌നേഹം തിരിച്ചു നല്‍കലാണ് രണ്ടാമത്തെ ചിറക്. യഥാര്‍ഥത്തില്‍ മനുഷ്യ ജീവിതത്തില്‍ കനപ്പെട്ട റോള്‍ വഹിക്കുന്നത് സ്‌നേഹം എന്ന ചിറകാണ് എന്നതാണ് വസ്തുത. അല്ലാഹുവോടുള്ള സ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞു കഴിഞ്ഞാല്‍ ഇസ് ലാമിക വിധികളും സാംസ്‌കാരിക-സാംസര്‍ഗിക മര്യാദകളും നിയമങ്ങളും സത്യസന്ധമായി അനുസരിക്കാന്‍ സത്യവിശ്വാസി സന്നദ്ധനാവും. ഒരു തരത്തിലുള്ള അമാന്തവും അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ല. മറ്റുള്ളവരോടുള്ള ബന്ധങ്ങളിലേക്കും അല്ലാഹുവോടുള്ള സ്‌നേഹത്തെ അയാള്‍ സംക്രമിപ്പിക്കും.

അല്ലാഹുവിലേക്കുള്ള യാത്രയിലെ രണ്ടാമത്തെ ചിറകായ സ്‌നേഹത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന മറ്റൊരു യാഥാര്‍ഥ്യമുണ്ട്. അതായത്, അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ തെളിവുകള്‍ ബുദ്ധിയില്‍ പൂര്‍ണമായി കടന്നുകയറി അത് അനിഷേധ്യ ധൈഷണിക ബോധ്യം എന്ന നിലയിലെത്തിയാല്‍ ഒരിക്കലും അതിനു വിരുദ്ധമായ നിലപാടിലേക്ക് ആരും പോവുകയില്ല. കാരണം വസ്തുതാപരമായ ബോധ്യങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല. നേരത്തെ ഉണ്ടായിരുന്ന വിശ്വാസം ഉറപ്പിനു പകരം സംശയ ഗ്രസ്തമാണെങ്കിലെ മറിച്ചു സംഭവിക്കുകയുള്ളൂ.

മനസ്സില്‍ വേരുറച്ച യഥാര്‍ഥ വൈജ്ഞാനിക ബോധ്യത്തിനുശേഷം ഒരാള്‍ മതപരിത്യാഗിയായാല്‍, അയാളെ അല്ലാഹുവില്‍നിന്ന് വഴിമാറ്റിയത് ജഡിക താല്‍പര്യങ്ങളും നിഷിദ്ധഭോഗത്തോടുള്ള ഹൃദയംഗമമായ ആഭിമുഖ്യവുമാണെന്ന് നാം മനസ്സിലാക്കണം. അങ്ങനെയാവുമ്പോള്‍ ഹൃദയത്തിലെ ഈമാന്‍ പുറന്തള്ളപ്പെടും. അത് ബുദ്ധിയുടെ വൃത്തത്തില്‍ മാത്രമായൊതുങ്ങും. നേരത്തെ ബോധ്യമായ കാര്യങ്ങള്‍ പക്ഷപാതപരമോ വൈകാരികമോ ആയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അയാള്‍ മറച്ചു വെക്കാന്‍ നിര്‍ബന്ധിതനാവും. ഇത്തരം ആളുകളുടെ പ്രതിനിധിയായി ഖുര്‍ആന്‍ ഒരാളെ പരിചയപ്പെടുത്തുന്നത് കാണുക:
وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ . وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَثۚ
'നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍നിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്കു വായിച്ചു കേള്‍പ്പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു. നീ അതിനെ അക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും.....' (അഅ്‌റാഫ് 175,176)

മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ബല്‍ആമുബ്‌നു ബാഊറാഅ് എന്ന് വിളിക്കുന്ന മേല്‍ സൂക്തത്തിലെ പ്രതിപാദ്യ പുരുഷന്‍ അല്ലാഹുവോടുള്ള സ്‌നേഹത്താല്‍ പരിരക്ഷിക്കപ്പെട്ടയാളായിരുന്നില്ല. അങ്ങനെയിരിക്കെ പിശാച് അയാളിലേക്ക് നുഴഞ്ഞുകയറി. അല്ലാഹുവോടുള്ള സ്‌നേഹം അയാളുടെ ഹൃദയത്തെ ഭരിച്ചിരുന്നുവെങ്കില്‍ പിശാചിന് അയാളെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. അതില്ലാതിരുന്നതിനാല്‍ ദേഹേഛകളും മൃഗീയ താല്‍പര്യങ്ങളും അയാളെ വഴിതെറ്റിച്ചു. 'പക്ഷെ അയാള്‍ ഭൂമിയിലേക്ക് തിരിയുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തു' എന്ന സൂക്തഭാഗം അതാണ് സൂചിപ്പിക്കുന്നത്. അയാളുടെ ബൗദ്ധികമായ സത്യപ്പെടുത്തല്‍ കൊണ്ടുമാത്രം ഒരു ഗുണവുമുണ്ടായില്ല. തന്റെ യഥാര്‍ഥ വിലയും അസ്തിത്വ യാഥാര്‍ഥ്യവും അയാള്‍ വിസ്മരിച്ചു.

ബല്‍ആമിന് സംഭവിച്ചതരം മതപരിത്യാഗത്തെപ്പറ്റി മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നുണ്ട്. പക്ഷെ, അവിടെ, അല്ലാഹുവിനോടുള്ള സ്‌നേഹമാകുന്ന മതിലിനകത്ത് കഴിയുന്നവരുടെ അല്ലാഹുവിലുള്ള വിശ്വാസം അടിയുറച്ചതായിരിക്കുമെന്ന് സ്ഥാപിക്കുന്നുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ 
'സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവനും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും.'' (മാഇദ 54).

'മേല്‍ സൂക്തത്തിലെ ഒരുപരാമര്‍ശം നാം പ്രത്യേകം ശ്രദ്ധിക്കണം. അതായത്, 'ഈമാനിന്റെ യാഥാര്‍ഥങ്ങളെക്കുറിച്ച് മുന്‍ഗാമികളേക്കാള്‍ ബോധ്യമുള്ള പുതിയൊരു കൂട്ടരെ കൊണ്ടുവരും' എന്നല്ല അല്ലാഹു പ്രഖ്യാപിച്ചത്. നേരെമറിച്ച്, 'അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ജനതയെ' എന്നാണ്. അതായത്, അല്ലാഹുവിനെക്കുറിച്ച് ധൈഷണിക ബോധ്യത്തെ അവനോടുള്ള സ്‌നേഹത്താല്‍ ഭദ്രമായി സംരക്ഷിക്കുന്ന പുതിയ ഒരു സമൂഹത്തെ കൊണ്ടുവരും എന്നര്‍ഥം.

പല പാരര്യ മുസ്്ലിം സമൂഹങ്ങളും ഇസ് ലാമില്‍നിന്ന് അകലുകയും പാശ്ചാത്യചിന്തകള്‍ക്ക് വശംവദരാവുകയും ചെയ്യുമ്പോള്‍ തന്നെ, പാശ്ചാത്യലോകത്തെ ധാരാളം പേര്‍ ഇസ് ലാമിലേക്ക് പുതുതായി കടന്നുവന്നുകൊണ്ടിരിക്കുന്നു. മേല്‍സൂക്തം (മാഇദ 54) പുലരുന്നതാണ് നാം അവിടങ്ങളില്‍ കാണുന്നത്.

ധൈഷണിക സത്യവിശ്വാസത്തെ സ്‌നേഹമാകുന്ന കോട്ടകൊണ്ട് സംരക്ഷിക്കുന്നതെങ്ങനെ?
സ്‌നേഹമാകുന്ന കോട്ട കെട്ടി ധൈഷണിക സത്യവിശ്വാസത്തെ സംരക്ഷിക്കാന്‍ എളുപ്പമാണ്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ സ്വാലിഹുകളെ സംബന്ധിച്ചേടത്തോളം, സത്യവിശ്വാസത്തെ എങ്ങനെ സംരക്ഷിക്കാം എന്ന ചോദ്യം അപ്രസക്തമാണ്. കാരണം അല്ലാഹു ഏതൊരു മനുഷ്യനും നല്‍കിയിട്ടുള്ള ശുദ്ധ പ്രകൃതിയില്‍നിന്ന് വഴിമാറുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ തന്നെ ഉത്ഭവിക്കുന്നത്.

നാം ഓരോ നിമിഷവും അനുഭവിച്ചുകൊണ്ടിരിക്കുന്ന തരാതരം അനുഗ്രഹങ്ങളെ അതാതവസരങ്ങളില്‍ അവയുടെ ദാതാവായ അല്ലാഹുവുമായി ബന്ധപ്പെടുത്തി ചിന്തിക്കുകയാണ് അവനെ സ്മരിക്കാനുള്ള ഏറ്റവും എളുപ്പവും ശ്രേഷ്ഠവുമായ വഴി. ഉദാഹരണമായി, ശരീരം ക്ഷീണിച്ച്, ഉറക്കച്ചടവോടെ വിരിപ്പില്‍ കിടക്കുമ്പോള്‍ അല്ലാഹുവില്‍നിന്ന് നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഉറക്കം എന്ന അനുഗ്രഹത്തെ ഓര്‍ക്കുക. ഉറക്കം അവന്റെ ഭാഗത്തുനിന്ന് നമ്മോടുള്ള കരുതലും സ്‌നേഹവുമാണെന്നറിയുക. ഉറങ്ങാന്‍ തയാറെടുക്കുമ്പോള്‍ നബി(സ) നടത്തിയ പ്രാര്‍ഥനകള്‍ ഉരുവിടുക.

ഉറക്കമുണര്‍ന്ന് ശരീരവും പേശികളും ഉന്മേഷപൂര്‍ണമാകുമ്പോള്‍ അതും അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് മനസ്സിലാക്കി ആ സമയത്തെ പ്രാര്‍ഥന നടത്തുക.
ടോയ്‌ലറ്റില്‍ ചെല്ലുമ്പോള്‍ ശരീരത്തെയും രക്തത്തെയും ശുദ്ധീകരിക്കാനുള്ള സംവിധാനമായി അല്ലാഹു ഒരുക്കിത്തന്ന വിസര്‍ജന പ്രക്രിയ എന്ന അനുഗ്രഹത്തെ മനസ്സിലോര്‍ക്കുക. അവിടെ പ്രവേശിക്കുമ്പോഴും അവിടെനിന്ന് പുറത്തുപോരുമ്പോഴും നബി(സ) പ ഠിപ്പിച്ച പ്രാര്‍ഥനകള്‍ ചൊല്ലുക.
ബാത്ത്‌റൂമിലെത്തുമ്പോള്‍ വെള്ളത്തെപ്പറ്റി ഓര്‍ക്കുക. വെള്ളത്തിന് നിറമോ ഗന്ധമോ ഇല്ലാത്തതിനെപ്പറ്റിയും ശുചീകരണത്തിന് ഉപയോഗിക്കാന്‍ കഴിയും വിധമുള്ള അതിന്റെ ഘടനയെപറ്റിയും ചിന്തിക്കുക. അത്ഭുതകരവും അമൂല്യവുമായ ജലം സാധാരണഗതിയില്‍ എല്ലായിടത്തും ലഭ്യമാകുംവിധം സംവിധാനിച്ചത് അല്ലാഹുവാണല്ലോ എന്നതിനെപ്പറ്റി ചിന്തിക്കുക.

ഭക്ഷണത്തളികയുടെ മുമ്പിലിരിക്കുമ്പോള്‍ അവിടെ നിരത്തപ്പെടുന്ന വിഭവങ്ങള്‍ ആകാശത്തുനിന്ന് വര്‍ഷിച്ച മഴയില്‍ ഭൂമിയില്‍ മുളച്ചുണ്ടായ കാര്‍ഷികഫലവും അല്ലാഹു കീഴ്‌പ്പെടുത്തിത്തന്ന മൃഗങ്ങളുടെ മാംസങ്ങളും പാലുകളുമാണ്. അവയത്രയും അല്ലാഹുവില്‍നിന്ന് വന്നവയാണെന്ന് നാം ഓര്‍ക്കണം.

ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍, ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനും നാവ് കടിക്കാതെ ഭക്ഷണം പലവുരു ചവയ്ക്കാനും ശേഷം വിഴുങ്ങാനും മറ്റും കഴിയുന്നത് അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹങ്ങളാണെന്ന് മനസ്സിലാക്കുക. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും നബി(സ) അല്ലാഹുവോട് പ്രാര്‍ഥിച്ചതുപോലെ പ്രാര്‍ഥിക്കുക. ഇതുപോലെ ഓരോ നിമിഷവും നമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് മനസ്സില്‍തട്ടി ഓര്‍ക്കുക. അവയത്രയും അല്ലാഹു നമ്മിലേക്ക് അയക്കുന്ന സ്‌നേഹസന്ദേശങ്ങളാണെന്ന് മനസ്സിലാക്കുക. അല്ലാഹുവില്‍നിന്നുള്ള സ്‌നേഹം ഈ വിധം ആസ്വദിച്ചറിഞ്ഞ് അല്ലാഹുവിന് തിരിച്ചു നല്‍കുക.
ഈ മാര്‍ഗത്തിലൂടെ സ്ഥിരമായും നിരന്തരമായും മുന്നോട്ടു പോകുമ്പോള്‍, അല്ലാഹുവിനോടുള്ള നിന്നിലെ സഹജമായ സ്‌നേഹം അങ്ങനെത്തന്നെ വർധനവില്ലാതെ നിലനില്‍ക്കുമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അത് അസംഭവ്യമാണെന്നതാണ് വാസ്തവം. അല്ലാഹുവിന്റെ സ്‌നേഹം നിങ്ങളുടെ പ്രകൃതിയില്‍ ഉണരും. അതിന്റെ ജ്വാല നിന്റെ പാര്‍ശ്വങ്ങളിലൂടെ പടര്‍ന്നു കത്തും. അല്ലാഹുവിന്റെ അസംഖ്യം സ്‌നേഹസന്ദേശങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യും. അതോടെ അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള അതിയായ ആഗ്രഹം ഉടലെടുക്കും. അതോടെ പക്ഷപാതിത്വങ്ങള്‍, ദേഹേഛകള്‍, കാമനകള്‍ മുതലായവയോടുള്ള സ്‌നേഹം പിന്‍മാറ്റമാരംഭിക്കും. അല്ലാഹുവിനോടുള്ള സ്‌നേഹം എല്ലാ സ്‌നേഹങ്ങളെയും നിയന്ത്രിച്ചു തുടങ്ങും. 'സത്യവിശ്വാസികള്‍ അല്ലാഹുവിനോട് ഏറ്റവും കടുത്ത സ്‌നേഹമുള്ളവരായിരിക്കും' (ബഖറ 165) എന്നു പറഞ്ഞ ഗണത്തിലേക്ക് നിങ്ങൾ പറന്നുയരും.
ഇത്രയും പറഞ്ഞതിന്റെ സംഗ്രഹം ഇതത്രെ:

അധിക മുസ്്ലിംകളും ഇസ്്ലാമിനെ സ്‌നേഹത്തിന്റെയും വികാരത്തിന്റെയും സ്പര്‍ശമില്ലാത്ത കേവല ധൈഷണിക-ബൗദ്ധിക ഭാവത്തോടെയാണ് ഇസ് ലാമിനെ സമീപിക്കുന്നതും സ്വീകരിക്കുന്നതും. ഇതിന്റെ ഫലമായി സ്ഥാനമാനങ്ങള്‍, നേട്ടങ്ങൾ, ഇഛകള്‍, സ്വാര്‍ഥ പക്ഷപാതിത്വങ്ങള്‍ മുതലായ അല്ലാഹുവേതരമായവയോടുള്ള സ്‌നേഹം ഹൃദയത്തിലേക്ക് കടന്നുവരാനിടയാകുന്നു. 'ധൈഷണിക മാത്ര ഇസ്്ലാം' വ്യക്തിപരമോ രാഷ്ട്രീയമോ മറ്റോ ആയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാവുന്നു.

ധൈഷണിക ഇസ് ലാം മാത്രവുമായി അല്ലാഹുവിലേക്ക് യാത്രചെയ്യാനുള്ള ശ്രമം അല്ലാഹുവിന്റെ തൃപ്തിനേടാനായി ഒറ്റച്ചിറകുമായി നടത്തുന്ന കുതിപ്പാണ്. വൈകാരിക മാത്രമായ ഇസ് ലാമുമായി അല്ലാഹുവിന്റെ തൃപ്തിനേടാനുള്ള ശ്രമവും ഇതുപോലെതന്നെ ഒറ്റച്ചിറകുമായുള്ള യാത്രയാണ്. മതപരമായ വികാരത്തെ ശരീഅത്തിന്റെയും ബുദ്ധിയുടെയും നിയമങ്ങളാല്‍ ചിട്ടപ്പെടുത്താതിരുന്നാല്‍ ഒന്ന് മറ്റൊന്നിനെ കൊന്നുതിന്നുന്ന അവസ്ഥ സംജാതമാകും.

അല്ലാഹുവിന്റെ തൃപ്തിനേടാനുള്ള ശ്രമം യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയുന്ന ബുദ്ധിയുടെയും ആ യാഥാര്‍ഥ്യത്തെ സ്‌നേഹിക്കാനായി ആത്മത്യാഗം ചെയ്യുന്ന ഹൃദയത്തിന്റെയും രണ്ടു ചിറകുകള്‍ വീശിവേണം അല്ലാഹുവിന്റെ തൃപ്തി നേടാനുള്ള ശ്രമം നടക്കേണ്ടത്. ഇസ് ലാമിക സമൂഹത്തിലെ മുന്‍ഗാമികള്‍ ഈ മാര്‍ഗമാണ് പിന്തുടര്‍ന്നിരുന്നത്. അതുവഴി അവര്‍ക്ക് അത്ഭുതകരമായ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞു. നമ്മുടെ മുമ്പിലും ഇതു മാത്രമാണ് വിജയമാര്‍ഗം. l

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top