ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

അതേസമയം മനുഷ്യരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെയും ജാഗ്രതക്കുറവിന്റെയും ഫലമായി ധാരാളം അപകടങ്ങള്‍ നാം കണ്ടുവരുന്നു. ഇവയെ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ എന്ന് നാം വിശേഷിപ്പിക്കുന്നു.

നബി(സ)യുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍
മനുഷ്യ സമൂഹത്തോട് പൊതുവിലും സത്യവിശ്വാസികളോട് സവിശേഷമായും കരുണാര്‍ദ്രമായ സ്‌നേഹവായ്പുള്ളയാളാണ് മുഹമ്മദ് നബി(സ)യെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْۖ
(നബി(സ) സത്യവിശ്വാസികളുമായി അവരേക്കാള്‍ അടുത്തവനാണ് - അഹ്‌സാബ് 6). മൂലത്തിലെ 'ഔലാ' എന്നതിന്റെ ധാതുവായ വലാഇന്റെ കേന്ദ്രാശയം 'മൂന്നാമതൊരാള്‍ക്ക് ഇടമില്ലാത്തവിധം രണ്ടുപേര്‍ അടുത്തു നില്‍ക്കുക' എന്നാണ്. സത്യവിശ്വാസികളുമായുള്ള നബി(സ)യുടെ അടുപ്പം അത്രമേല്‍ സമീപസ്ഥവും ഊഷ്മളവുമാണെന്നര്‍ഥം.
ഇസ്്ലാമിക ശരീഅത്തിന്റെ അഞ്ച് ലക്ഷ്യങ്ങളിലൊന്ന് ജീവന്റെ സംരക്ഷണമാണല്ലോ. നേതാവു കൂടിയായ നബി(സ) ശരീഅത്തിന്റെ പ്രയോക്താവ് എന്ന നിലയില്‍ ജീവഹാനി സംഭവിക്കാനിടയാകുന്ന നടപടികളില്‍നിന്ന് സത്യവിശ്വാസികള്‍ വിട്ടുവില്‍ക്കണമെന്ന് പലസന്ദര്‍ഭങ്ങളിലായി ഉപദേശിച്ചതു കാണാം. അല്ലാഹു നിങ്ങളോട് അതിയായ കരുണയുള്ളവനാണ്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളോട് കരുണയുള്ളവനാവണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
وَلَا تَقْتُلُوا أَنفُسَكُمْۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
(നിങ്ങള്‍ നിങ്ങളെ വധിക്കരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് അതിയായ കരുണയുള്ളവനാണ് -നിസാഅ്  29).
وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِۛ 
(നിങ്ങള്‍ നിങ്ങളെ നാശത്തിലേക്ക് കൊണ്ടുപോയി തള്ളരുത് -ബഖറ 195).
മനുഷ്യ ജീവിനെക്കുറിച്ച ഈ അടിസ്ഥാനങ്ങളില്‍ ഊന്നി, ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അറിഞ്ഞുകൊണ്ടുതന്നെ വരുത്തിവെക്കുന്ന അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചും ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും നബി(സ) നടത്തിയ ചില നിര്‍ദേശങ്ങളാണ് ചുവടെ:

വാളുകള്‍ ഉറയിലിടാതെ കൈകാര്യം ചെയ്യരുത്
نهى أن يتعاطى السيف مسلولًا
(വാള്‍ ഉറയിലിടാതെ കൊണ്ടുനടക്കുന്നത് നബി(സ) നിരോധിച്ചു). ആയുധങ്ങളും പണി ഉപകരണങ്ങളും അപകടരഹിതമായി വേണം കൈകാര്യം ചെയ്യാന്‍. ആധുനിക യന്ത്രോപകരണങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്ത് അപകടം വരുത്തുന്നതും ഈ ഗണത്തില്‍ വരും.

തുകല്‍ വിരലുകള്‍ക്കിടയില്‍വെച്ച് മുറിക്കരുത്
نهى أن يقدّ السّير بين إصعين
'(മൃഗങ്ങളുടെ) തുകല്‍ കഷ്ണങ്ങള്‍ വിരലുകള്‍ക്കിടയില്‍ തിരുകി മുറിക്കുന്നത് നബി(സ) നിരോധിച്ചു.' (വിരലുകള്‍ക്കിടയില്‍പിടിച്ച് മുറിക്കുമ്പോള്‍ കൈക്ക് പരിക്കേല്‍ക്കാന്‍ ഇടയുണ്ട്).2

പണിയായുധങ്ങൾ ഉപയോഗിച്ചുള്ള ഏതു തൊഴിലും സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ളവയാണ്. വൈദഗ്ധ്യം കൊണ്ടാണ് പലപ്പോഴും അപകടങ്ങളെ മറികടക്കാന്‍ കഴിയുന്നത് എന്നു പറയാം.

അന്യരെ ഭയപ്പെടുത്താനായി ഇരുമ്പായുധങ്ങള്‍ ഉയര്‍ത്തിക്കാട്ടരുത്
مَن أشارَ إلى أخِيهِ بحَدِيدَةٍ، فإنَّ المَلائِكَةَ تَلْعَنُهُ، حتَّى  وإنْ كانَ أخاهُ لأَبِيهِ وأُمِّهِ
'ആരെങ്കിലും തന്റെ സഹോദരന്റെ നേരെ ഒരു ഇരുമ്പായുധം ഉയര്‍ത്തിക്കാണിച്ചാല്‍ മലക്കുകള്‍ അയാളെ ശപിക്കുന്നതായിരിക്കും; അയാള്‍ മാതാവും പിതാവുമൊത്തസഹോദരനാണെങ്കിലും' 3

കടല്‍ ക്ഷോഭിക്കുമ്പോള്‍ കടലില്‍ പോകരുത്
ومن ركب البحر حين يرتجّ فهلك برئت منه الذّمّة
'കടല്‍ ക്ഷോഭമുള്ളപ്പോള്‍ കടല്‍യാത്ര നടത്തി മരിക്കുന്നവരുടെ കാര്യത്തില്‍ അല്ലാഹുവിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.'


കല്ലുകൊണ്ട് എറിഞ്ഞു കളിക്കരുത്
نهى عن الخذف : انه لا ينكأ العدوّ ولا يقتل الصّيد ولكنّه يكسر السّنّ ويفقأ العين
'കല്ലെടുത്ത് എറിയുന്നത് നബി(സ) നിരോധിച്ചു. കല്ലെടുത്തെറിഞ്ഞ് ശത്രുവെ പരിക്കേല്‍പിക്കാനാവില്ല, അതുവഴി ഇരയെ കൊല്ലാനുമാവില്ല. അതേസമയം, അതുവഴി പല്ല് പൊട്ടും കണ്ണിനു പരിക്കേല്‍ക്കും' രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ കല്ലേറില്‍ ശാരീരിക ക്ഷതമേറ്റ പലരും ജീവിതാന്ത്യംവരെ ശയ്യാവലംബികളായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപൂര്‍വമൊന്നുമല്ല.

സന്ധ്യാനേരത്ത് കുട്ടികളെ പുറത്തുവിടരുത്
لا ترسلوا فواشيكم وصيانكم اذا غابت الشمس حتى تذهب فحمة العشاء
'സൂര്യന്‍ അസ്തമിച്ചാല്‍ നിങ്ങള്‍ നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും കുട്ടികളെയും പുറത്തേക്കു വിടരുത്, ഇശാഇന്റെ കറുപ്പു പോകുന്നതു വരെ'4  പകലില്‍നിന്ന് വ്യത്യസ്തമായി പലതരം അനിഷ്ട സംഭവങ്ങള്‍ക്കും സാധ്യത രാത്രിയിലായതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണം. ഇശാക്കുശേഷം കിടന്നുറങ്ങുന്ന നേരമായതിനാലാണ് ഇശാവരെ എന്ന് എടുത്തുപറഞ്ഞത്.

തടവില്ലാത്ത മേല്‍ക്കൂരയില്‍ രാപ്പാര്‍ക്കരുത്
من بات على إجّار او على ظهر بيت ليس حوله ما يردّ رجله فقد برئت منه الذمّة
'ആരെങ്കിലും ഒരു മേല്‍ക്കൂരയിലോ, ചുറ്റും കാലിനെ തടയുന്ന ഒന്നും ഇല്ലാത്ത വീടിന്റെ പുറത്തോ രാപ്പാർത്ത് അപകടത്തില്‍ പെട്ടാല്‍ അയാളില്‍നിന്ന് അല്ലാഹുവിന്റെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു'5 ടെറസിനുമുകളില്‍ കയറി പലതരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വീണുമരിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. ടെറസിനു മുകളില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് കഴുകുന്നതിനിടെയാണ് ഇത്തരം മരണങ്ങള്‍ കൂടുതലും സംഭവിക്കാറ്.

മൃഗങ്ങള്‍ സഞ്ചരിക്കുന്ന വഴികളില്‍നിന്ന് മാറിത്താമസിക്കുക
إذا سافرتم في الخصب فأعطوا لإبل حظّها من الأرض واذا سافرتم في الجدب فأسرعوا عليها السّير وبادروابها نقيّها واذا عرّستم فاجتنبوا الطريق، فانها طرق الدّوابّ ومأوى الهوام بالليل
'ഭൂമിയില്‍ പച്ചപ്പുള്ള സമയത്ത് നിങ്ങൾ യാത്ര ചെയ്താല്‍ നിങ്ങള്‍ ഒട്ടകത്തിന് അതിന്റെ അവകാശംനല്‍കുക (മേഞ്ഞുതിന്നാന്‍ അനുവദിക്കുക) വരള്‍ച്ചക്കാലത്താണ് യാത്രചെയ്യുന്നതെങ്കില്‍ അവയുടെ പുറത്തുള്ള യാത്ര വേഗത്തിലാക്കുക. ദീര്‍ഘയാത്രയും ദൂരവും കാരണം അതിന്റെ മജ്ജ നഷ്ടപ്പെടുന്നതിന് മുമ്പ് വേഗത്തില്‍ യാത്ര ചെയ്യുക. (നഷ്ടപ്പെടുന്ന ഊര്‍ജത്തിനും ഭക്ഷണത്തിനു പകരം ലഭിക്കാത്ത സാഹചര്യം പ്രത്യേകം പരിഗണിക്കുക) യാത്രാമധ്യെ നിങ്ങള്‍ രാത്രി ഒരിടത്ത് താമസിക്കുമ്പോള്‍ വഴിയില്‍ കിടന്നുറങ്ങുന്നത് ഒഴിവാക്കുക. രാത്രിയില്‍ അവ മൃഗങ്ങളുടെ വിഹാരവഴിയും പ്രാണികളുടെ അഭയകേന്ദ്രവുമാണ്. (വഴിയാത്രക്കാരില്‍നിന്ന് വീണു പോകുന്നതോ അവര്‍ ഉപേക്ഷിക്കുന്നതോ ആയ ഭക്ഷണാവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ അവയെത്തും)6
വഴികള്‍ മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന വസ്തുത ഇതില്‍നിന്ന് മനസ്സിലാക്കാം. വയനാട്ടിലെ രാത്രികാല യാത്രാനിരോധം ഈ അര്‍ഥത്തില്‍ ന്യായാനുസൃതമാണെന്നു പറയേണ്ടിവരും. എല്ലാം മനുഷ്യപക്ഷത്തുനിന്നു കൊണ്ട് മാത്രം നോക്കിക്കാണുന്നതിനുപകരം എല്ലാ ജീവജാലങ്ങളെയും പരിഗണിച്ചുകൊണ്ടുള്ളതാണ് ഇസ്്ലാമിന്റെ പ്രപഞ്ച വീക്ഷണം. മാളങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ലെന്ന് ഇസ് ലാം വിലക്കിയത് അവ ഉപദ്രവിക്കാന്‍ ഇടയാകും എന്നതുകൊണ്ടുമാത്രമല്ല, അവയുടെ ആവാസാവകാശങ്ങള്‍ മാനിക്കണമെന്നതുകൊണ്ടുകൂടിയാണ്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റുകളും കോടതികളും നിയമാവിഷ്‌കാരത്തിനു തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ നബി(സ) യുടെ നിര്‍ദേശത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു.

അമ്പിന്റെ മുന കൈകൊണ്ട് മറച്ചുപിടിക്കുക
مرّ رجل بسهام في المسجد فقال رسول الله صلىّ الله عليه وسلم أمسك بنصالها قال: نعم
'ഒരാള്‍ മദീനാ പള്ളിയിലൂടെ അമ്പുമായി നടന്നു. അപ്പോള്‍ അവിടുന്നു പറഞ്ഞു: 'നീ അതിന്റെ മുന കൈകൊണ്ട് പൊത്തിപ്പിടിക്കുക'. അയാള്‍: 'അതെ, അങ്ങനെ ചെയ്യാം.'7
من مرّفي شيئ من مسجدنا أوفي أسواقنا ومعه نبل فليمسك أو ليقبض على نصالها بكفّه
'നമ്മുടെ പള്ളിയുടെയോ അങ്ങാടികളുടെയോ ഏതെങ്കിലും ഭാഗത്ത് കൂടി ആരെങ്കിലും അമ്പുമായി നടന്നുപോവുകയാണെങ്കില്‍ അയാള്‍ അത് കരുതലോടെയാവണം കൈയില്‍ പിടിക്കുന്നത്. അല്ലെങ്കില്‍ അതിന്റെ മുന/അറ്റം കൈപ്പത്തികൊണ്ട് മറച്ചുപിടിക്കണം.'8

കൈ വൃത്തിയാക്കി വേണം ഉറങ്ങാന്‍
من نام وفي يده غمر ولم يغسله فأصابه شيئ فلا يلومن إلّا نفسه
'ആരെങ്കിലും കൈയിലെ നെയ്യിന്റെ അവശിഷ്ടം കഴുകിക്കളയാതെ ഉറങ്ങുകയും അതുവഴി എന്തെങ്കിലും ആപത്തുണ്ടാവുകയും ചെയ്താല്‍- വല്ല ജീവിയും കടിച്ചാല്‍- അയാള്‍ അയാളെ അല്ലാതെ ആക്ഷേപിക്കേണ്ടതില്ല'9

അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ അതാത് സമയം നീക്കം ചെയ്തില്ലെങ്കില്‍ എലികള്‍ ഉള്‍പ്പെടെയുള്ള സ്വൈര വിഹാരം നടത്തുന്നത് നാം കാണുന്നതാണല്ലോ. മാലിന്യം ഉറവിടത്തില്‍തന്നെ നശിപ്പിക്കുക, ഉടന്‍ ശുചീകരിക്കുക, ശുചീകരണം വ്യക്തിപരമായ ബാധ്യതയായി ഏറ്റെടുക്കുക എന്നതാണ് ഇസ് ലാമിക നിലപാട്.

വിളക്കുകെടുത്തുക, തോല്‍പാത്രം കെട്ടിവെക്കുക, പാത്രം മൂടുക, വാതില്‍ അടക്കുക

غَطُّوا الإِناء، وأَوْكِئُوا السِّقَاءَ، وأَغْلِقُوا الأبوابَ، وأَطْفِئُوا السِّرَاجَ؛ فإن الشيطان لا يَحُلُّ سِقَاءً، ولا يَفْتَحُ بَابًا، ولا يَكْشِفُ إِناءً، فإن لم يجد أحدكم إلا أن يَعْرُضَ على إِنَائِهِ عُودًا، ويذكر اسم الله، فَلْيَفْعَلْ؛ فإن الفُوَيْسِقَةَ تُضْرِمُ على أهل البيت بَيْتَهُم
നിങ്ങള്‍ പാത്രം മൂടിവെക്കുക, തോല്‍പാത്രത്തിന്റെ വായകെട്ടിവെക്കുക, വാതില്‍ അടക്കുക, വിളക്ക് കെടുത്തുക. തീര്‍ച്ചയായും പിശാച് തോല്‍പാത്രം കെട്ടിയ കയര്‍ അഴിക്കുകയില്ല, വാതില്‍ തുറക്കുകകയില്ല, പാത്രത്തിന്റെ മൂടി നീക്കുകയില്ല, നിങ്ങളിലൊരാള്‍ക്ക് തന്റെ പാത്രത്തിനുമേല്‍ ഒരു മരക്കൊള്ളി വെക്കാനും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുവാനുമല്ലാതെ കഴിയുകയില്ലെങ്കില്‍ അയാള്‍ അങ്ങനെ ചെയ്യട്ടെ. എലി വീടിനൊപ്പം വീട്ടുകാരെയും കത്തിച്ചുകളയും.10

ഭക്ഷ്യപേയങ്ങള്‍ എപ്പോഴും മൂടിവെക്കണമെന്ന പൊതുനിര്‍ദേശമാണ് ഹദീസിന്റെ മര്‍മം. മുഴുവന്‍ മൂടാനുള്ള സംവിധാനമില്ലെങ്കില്‍ ഉള്ളത് ഉപയോഗിച്ചുകൊണ്ട് സാധ്യമായത്ര മൂടണമെന്ന് നിര്‍ദേശിച്ചതിലൂടെ അതിന്റെ പ്രാധാന്യം ഊന്നി സ്ഥാപിക്കുന്നു. മുന്‍കാലങ്ങളില്‍ എണ്ണ വിളക്കുകള്‍ മറിഞ്ഞുവീണും മറ്റും തീപിടിത്തമുണ്ടാകുന്നതുപോലെ ആധുനിക കാലത്ത് വൈദ്യുതി വഴി അപകടങ്ങളുണ്ടാകുന്നതും ഹദീസിന്റെ പരിധിയില്‍ വരുന്നതായി മനസ്സിലാക്കണം.
സ്വിച്ചുകള്‍ ഓഫാക്കുക, മിന്നല്‍ ചാലകങ്ങള്‍ സ്ഥാപിക്കുക, കത്തിപ്പിടിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുക മുതലായ സാധ്യവും പ്രാപ്യവുമായ പരിഹാരങ്ങള്‍ ചെയ്തശേഷം അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക എന്നത് ഭൗതിക പരിഹാരത്തോടൊപ്പം ആത്മീയ പ്രതിരോധവും പ്രധാനമാണെന്ന പാഠമാണ് നല്‍കുന്നത്.

മദീനയിലെ ഒരു വീട് കുടുംബത്തോടൊപ്പം അഗ്നിക്കിരയായി. ഇതേക്കുറിച്ച് നബി(സ) പ്രതികരിച്ചതിങ്ങനെ:
ان هذه النّار عدوّلكم فاذا نمتم فاطفئوها
'തീര്‍ച്ചയായും ഈ തീ നിങ്ങളുടെ ശത്രുവാണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ തീ കെടുത്തിയിരിക്കണം.'11

മനുഷ്യ ജീവിതത്തിലെ ഏറെ ഉപകാരമുള്ള തീ ചിലപ്പോള്‍ സംഹാരതാണ്ഡവമാടി വന്‍ നാശങ്ങള്‍ വിതക്കുന്നത് നമുക്കറിയാം. തീയുടെ കാര്യത്തില്‍ അതീവ ജാഗ്രത തന്നെ വേണമെന്ന് മേല്‍ ഹദീസ് പഠിപ്പിക്കുന്നു. ആധുനിക കാലത്ത് അഗ്നിശമന മേഖലയില്‍ പലതരം രക്ഷോപായ വിദ്യകള്‍ വികസിച്ചു വന്നിട്ടുണ്ടെങ്കിലും തീയുടെ അപകടസാധ്യതകള്‍ കുറഞ്ഞിട്ടില്ല.

അബ്ദുല്ലാഹിബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു:
جاءَت فأرَةٌ، فأخذَتْ تجرُّ الفَتِيلةَ، فجاءت بها فألقَتْهَا بين يدَي رسولِ الله صلى الله عليه وسلم على الخُمْرَةِ التي كان قاعدًا عليها، فأحرقَت منها مثلَ موضِعِ دِرْهَمٍ، فقال: إذا نِمتُم فأطفِئُوا سُرُجَكم؛ فإنَّ الشيطانَ يَدُلُّ مِثلَ هذِهِ على هذا فَتُحْرِقَكُم
'ഒരു എലി (കത്തിക്കൊണ്ടിരുന്ന) വിളക്കുതിരി എടുത്തുകൊണ്ടുപോയി നബി(സ) ഇരിക്കാറുണ്ടായിരുന്ന വിരിപ്പില്‍ കൊണ്ടിട്ടു. വിരിപ്പിന്റെ ഒരു ദിര്‍ഹമോളം ഭാഗം കത്തി. അപ്പോള്‍ നബി(സ) പറഞ്ഞു: 'നിങ്ങള്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍ നിങ്ങളുടെ വിളക്കുകള്‍ കെടുത്തുക. പിശാച് ഇത്തരം ജീവികളെ വിരിപ്പ് പോലുള്ളവയിലേക്ക് വഴി കാണിക്കും. അതുവഴി നിങ്ങള്‍ അഗ്നിക്കിരയാവും.'12

പ്രത്യക്ഷ സാധ്യതകളോടൊപ്പം പരോക്ഷസാധ്യതകളും മുന്‍കൂട്ടി കാണണമെന്നര്‍ഥം. മൊബൈല്‍ ഫോണുകള്‍ കത്തുകയും പൊട്ടിത്തെറിക്കുകയും കാറുകള്‍ സ്വയം അഗ്നിക്കിരയാവുകയും ചെയ്യുന്ന അനുഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരോക്ഷ സാധ്യതകളെ കൂടുതല്‍ മുഖവിലക്കെടുക്കണം.

നബി(സ)യില്‍നിന്ന്. ഇബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്നു:
لا تتركو النار في بيوتكم حين تنامون
'നിങ്ങള്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍ നിങ്ങളുടെ വീടുകളില്‍ തീ കെടുത്താതെ വിട്ടേക്കരുത്'13 ഉറങ്ങാന്‍ കിടക്കുമ്പോള്‍ വാതിലുകള്‍ ഭദ്രമായി അടച്ചു എന്ന് ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് അടുപ്പിലെ തീ അണച്ചു, ഗ്യാസ് ഓഫാക്കി എന്നൊക്കെ ഉറപ്പുവരുത്തലും.

جاء أبو حميد بقدح من لبن من النقيّع فقال له رسول الله الا خمّرته ولو أن تعرض عليه عودًا
അബൂഹുമൈദ്(റ) അഖീഖ് താഴ് വരയിലെ നഖീഇല്‍നിന്ന് ഒരു പാത്രത്തില്‍ പാലുമായി നബി(സ)യുടെ അടുത്ത് വന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. ഒരു മരക്കൊള്ളിയെങ്കിലും വെച്ച് അത് മൂടിക്കൂടായിരുന്നോ?14

ഇന്നത്തെ പോലെ മാലിന്യ സാധ്യതകള്‍ ഒട്ടുമെ ഇല്ലാതിരുന്നിട്ടും നബി(സ) നല്‍കിയ ഈ നിര്‍ദേശം ചിന്താര്‍ഹമാണ്. പാത്രം മൂടാനുള്ള സ്വാഭാവിക സംവിധാനമാണ് മൂടി. അതിന്റെ അഭാവത്തില്‍ സാധ്യമായ പരിഹാരം ചെയ്തിരിക്കണം എന്നാണ്. 'മരക്കൊള്ളികൊണ്ടെങ്കിലും' എന്നതിലൂടെ പഠിപ്പിക്കുന്നത്.

ആയുധം ഓങ്ങിക്കളിക്കരുത്
لا يشير أحدكم على أخيه بالسّلاح فإنه لا يدري لعل الشيطان ينزع في يده فيقع في حفرة من النّار
'നിങ്ങളില്‍ ഒരാളും തന്റെ സഹോദരനു നേരെ (ഭയപ്പെടുത്താനായോ തമാശയായോ) ആയുധം ചൂണ്ടിക്കളിക്കരുത്. കാരണം, പിശാച് അയാളുടെ കൈയില്‍നിന്ന് ആയുധം ഊരിയെടുക്കാനും അതുവഴി അയാള്‍ നരകത്തില്‍ പതിക്കാനും ഇടയായേക്കാം.'15

സാംക്രമിക രോഗ കാലത്ത് പോക്കുവരവുകള്‍ ഒഴിവാക്കുക
اذا سمعتم بالطّاعون بأرض فلا تدخلوها واذا وقع بأرض وأنتم بها فلا تخرجوا منها
'ഏതെങ്കിലും പ്രദേശത്ത് പ്ലേഗ് (സാംക്രമിക രോഗം) ഉള്ളതായറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പ്രവേശിക്കരുത്. നിങ്ങള്‍ ഉള്ളേടത്ത് അതുണ്ടെങ്കില്‍ നിങ്ങള്‍ അവിടെനിന്ന് പുറത്തുപോവുകയും അരുത്.'16 സാംക്രമിക രോഗങ്ങളുടെ നേരെ എത്രകണ്ട് ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞകോവിഡ് കാലത്ത് നാം നേരിട്ടനുഭവിച്ചറിഞ്ഞതാണല്ലോ. സ്വന്തക്കാര്‍ പോലും അന്യരെപോലെ മാറി നില്‍ക്കേണ്ടി വന്ന ദുരന്തമായിരുന്നുവല്ലോ അത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ വിഷയകമായി പ്രതിരോധ നിലപാടുകളും നടപടികളും സ്വീകരിക്കാന്‍ നബി(സ)ക്ക് കഴിഞ്ഞു.

വക്കുപൊട്ടിയ പാത്രത്തില്‍നിന്ന് കുടിക്കരുത്
نهى رسول الله عن الشرب من ثلمة القدح وأن ينفخ في الشراب
'പാത്രത്തിന്റെ വക്കുപൊട്ടിയ ഭാഗത്തുനിന്ന് കുടിക്കുന്നതും പാനീയത്തിലേക്ക് ഊതുന്നതും നബി(സ) നിരോധിച്ചു.' 17

ഇത് വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: പൊട്ടിയ ഭാഗം മുറിപ്പെടുത്താം. വൃത്തിയാക്കാന്‍ പ്രയാസമുള്ളതുകൊണ്ട് അവിടം മലിനമാകാം, വെള്ളത്തിലെ കരടുകള്‍ കേടുവന്ന ഭാഗത്ത് കേന്ദ്രീകരിക്കാം, കുടിക്കാന്‍ പ്രയാസമുണ്ടാകാം, ന്യൂനതയുള്ള വസ്തുക്കളില്‍ ബര്‍ക്കത്തുണ്ടാവില്ല'18
പാത്രത്തിലേക്ക് ഉഛ്വസിക്കുന്നതും ഊതുന്നതും പാനീയം മലിമാകാനിടയാക്കും എന്ന് മറ്റു ഹദീസുകളിലും കാണാം.

തിരക്കുകളില്‍ ശാന്തമായി നടക്കുക
يا أيّها الناس عليكم بالسّكينة والوقار فان البرّ ليس في إيضاء الإبل
'ജനങ്ങളേ, നിങ്ങള്‍ ശാന്തതയും ഗാംഭീര്യവും കാത്തുസൂക്ഷിക്കുക. ഒട്ടകത്തെ വേഗത്തില്‍ തെളിച്ചു കൊണ്ടുപോകുന്നതിലല്ല പുണ്യം'19

അറഫയില്‍നിന്ന് ആറുകിലോമീറ്റര്‍ ദൂരെയുള്ള മുസ്ദലിഫയിലേക്കുള്ള യാത്രാമധ്യെ ചിലര്‍ അടിച്ചും തൊഴിച്ചും ഒട്ടകങ്ങളുടെ വേഗത കൂട്ടാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ നബി(സ) നടത്തിയ പ്രസ്താവനയാണ് മുകളില്‍. ഇബാദത്തുകള്‍ നിര്‍വഹിക്കുമ്പോഴും തിരക്കുള്ള ഇടങ്ങളില്‍ പെരുമാറുമ്പോഴും ശാന്തമായിട്ടായിരിക്കണം പെരുമാറുന്നത്. ദൂരെയുള്ള ഇടങ്ങളിലേക്ക് പോകുമ്പോള്‍ അതിവേഗം കാണിക്കുന്നത് ചിലപ്പോള്‍ അപകടം ക്ഷണിച്ചുവരുത്തിയേക്കും. ഏതു കാര്യവും അവധാനതയോടെ വേണം നിര്‍വഹിക്കാനെന്നും അതിവേഗത പൈശാചികമാണെന്നും ഹദീസുകളില്‍ കാണാം. അശ്രദ്ധയോടെയുള്ള അതിവേഗത വരുത്തുന്ന അപകടങ്ങള്‍ക്ക് നാം സാക്ഷിയാകാറുണ്ടല്ലോ.

ദ്രോഹകരമായ വസ്തുക്കള്‍ നീക്കം ചെയ്യുക
നബി(സ) പറഞ്ഞു:
لقد رأيت رجل يتقلّب في الجنّة في شجرة قطعها من ظهر الطريق كانت تؤذي الناس
'ജനങ്ങള്‍ക്ക് ഉപദ്രവകരമായിരുന്ന ഒരു മരം വഴിയില്‍നിന്ന് മുറിച്ചുനീക്കിയതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ ഒരാള്‍ വിഹരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി.'20
മറ്റൊരു നബിവചനത്തില്‍ ഇങ്ങനെ കാണാം:
بينما رجل يمشي بطريق وجد غصن شوك على الطريق فأخّره فشكر الله له فغفر له
'ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവെ ഒരു മുള്ള് കണ്ടു. അയാള്‍ അത് വഴിയില്‍നിന്ന് പിടിച്ചു മാറ്റി. അതിന്റെ പേരില്‍ അയാള്‍ക്ക് നന്ദി ചെയ്തു, അവന്‍ അയാളുടെ പാപം പൊറുത്തുകൊടുത്തു.'

കാലാവസ്ഥ അറിഞ്ഞു പെരുമാറുക
ഹിജ്‌റ 8-ാം വര്‍ഷം നടന്ന സലാസില്‍ യുദ്ധവേളയില്‍ അതിശൈത്യം കാരണം അംറുബ്‌നുല്‍ ആസ്വ്(റ), കുളിക്കാതെ തയമ്മും ചെയ്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കുകയുണ്ടായി. വിവരം അറിഞ്ഞ നബി(സ) അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചു.
'അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ നിങ്ങളെ വധിക്കരുതെന്നല്ലെ അല്ലാഹു പറഞ്ഞിരിക്കുന്നത്? ഇതുകേട്ട് നബി(സ) ചിരിച്ചു.21 ഇസ്്ലാം സ്വീകരിച്ച് മാസങ്ങള്‍ക്കകം മുജ്തഹിദിന്റെ പദവിയിലെത്തിയ ആള്‍ എന്ന് പ്രശസ്തനായ വ്യക്തിയാണ് അംറുബ്‌നുല്‍ ആസ്വ്(റ).

ജാബിര്‍ (റ) ഉദ്ധരിക്കുന്ന ഒരു സംഭവവും ഇതോട് ചേര്‍ത്ത് വായിക്കാം: 'ഞങ്ങള്‍ കുറെ പേര്‍ ഒരു യാത്രയിലായിരുന്നു. കൂട്ടത്തിലൊരാളുടെ തലക്ക് കല്ലുതട്ടി പരിക്കുപറ്റി, സ്ഖലനവുമുണ്ടായി. അയാള്‍ കൂട്ടുകാരോട് ചോദിച്ചു: 'കുളിക്ക് പകരം എനിക്ക് തയമ്മും ചെയ്യാനുള്ള ഇളവുണ്ടോ? അവര്‍ പറഞ്ഞു: 'നിനക്ക് ഇളവില്ല. കുളിക്കണം.' അതു പ്രകാരം അയാള്‍ കുളിച്ചു. കുളിച്ചത് കാരണം അയാള്‍ മരിച്ചു. വിവരമറിഞ്ഞ നബി(സ) പ്രതികരിച്ചു.
قتلوه قتلهم الله ألا سألوا إذ لم يعلموا فانّما شقاء العيّ السّؤال إنّما كان يكفيه يتمّم ويعصب على جرحه خرقة ثمّ يمسح عليها ويغسل سائر جسده
'അവര്‍ അയാളെ കൊന്നു. അല്ലാഹു അവരെയും കൊല്ലട്ടെ. ('കൊല്ലട്ടെ' എന്നത് താക്കീതിന്റെ ഭാഷ മാത്രമാണ്) അറിയാത്ത കാര്യം ചോദിച്ചു മനസ്സിലാക്കിയാല്‍ പോരായിരുന്നോ? അജ്ഞത ശമിപ്പിക്കാനുള്ള മാര്‍ഗം ചോദിച്ചു മനസ്സിലാക്കുക എന്നതാണ്. അയാള്‍ തയമ്മും ചെയ്യുകയും മുറിവില്‍ തുണിവെച്ചുകെട്ടി അതിന്മേല്‍ തടവുകയും ശരീരം മുഴുവന്‍ കഴുകുകയും ചെയ്താല്‍ മതിയായിരുന്നു.22

കപ്പല്‍ തുളക്കുന്ന അവിവേകം
മനുഷ്യര്‍ വരുത്തി വെക്കുന്ന നാനാതരം ദുരന്തങ്ങളെയും അതുവഴി ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയും ഏറ്റവും വാചാലമായി ചിത്രീകരിക്കുന്ന താഴെ നബിവചനം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
مَثَلُ القَائِمِ في حُدودِ اللَّه، والْوَاقِعِ فِيهَا كَمَثَلِ قَومٍ اسْتَهَمُوا عَلَى سفينةٍ، فصارَ بعضُهم أعلاهَا، وبعضُهم أسفلَها، وكانَ الذينَ في أَسْفَلِهَا إِذَا اسْتَقَوْا مِنَ الماءِ مَرُّوا عَلَى مَنْ فَوْقَهُمْ، فَقَالُوا: لَوْ أَنَّا خَرَقْنَا في نَصيبِنا خَرْقًا وَلَمْ نُؤْذِ مَنْ فَوْقَنَا. فَإِنْ تَرَكُوهُمْ وَمَا أَرادُوا هَلكُوا جَمِيعًا، وإِنْ أَخَذُوا عَلَى أَيْدِيهِم نَجَوْا ونَجَوْا جَمِيعًا
'അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുന്നവന്റെയും അവയില്‍ ചെന്നുപെടുന്നവന്റെയും ഉദാഹരണം, ഒരു കപ്പലില്‍ നറുകിട്ട് കയറിയവരെ പോലെയാണ്. അവരില്‍ ചിലര്‍ക്ക് മുകളിലും മറ്റു ചിലര്‍ക്ക് താഴെയുമാണ് ഇരിപ്പിടം കിട്ടിയത്.

താഴെതട്ട് കിട്ടിയവര്‍ വെള്ളമെടുക്കാന്‍ മുകളിലുള്ളവരുടെ അടുത്ത് പോകേണ്ടിയിരുന്നു. താഴെ തട്ടിലുള്ളവര്‍ പറഞ്ഞു: നാം നമ്മുടെ ഭാഗത്ത് കപ്പലില്‍ തുളച്ചാല്‍ മുകളിലുള്ളവരെ ഉപദ്രവിക്കാതെ നോക്കാമായിരുന്നു.'
അവരെ അവര്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ അവര്‍ വിട്ടിരുന്നുവെങ്കില്‍ അവരെല്ലാവരും നശിച്ചതുതന്നെ! അവര്‍ അവരുടെ കൈക്ക് പിടിച്ചാലോ ഇവരും അവരും ഒന്നിച്ച് രക്ഷപ്പെട്ടേനെ!23
മറ്റൊരു റിപ്പോര്‍ട്ടില്‍ 'ഒരാള്‍ മഴുവെടുത്ത് കപ്പലിന്റെ അടിഭാഗത്ത് ദ്വാരമുണ്ടാക്കാന്‍ തുടങ്ങി'
(فأخذ فأسًا فجعل ينقر أسفل السّفينة) എന്നു കാണാം. സമൂഹത്തിന് ദുരന്തങ്ങള്‍ വരുത്തിവെക്കുന്ന സ്വാര്‍ഥികളായ അവിവേകികളുടെ നടപടികളെ വിവേകമതികള്‍ യഥാസമയം ഇടപെട്ടു ചെറുക്കണമെന്നാണ് ഈ ഹദീസ് നല്‍കുന്ന പാഠം. l

കുറിപ്പുകൾ

1.    الترمذي 2163، أبوداود 2588، أحمد 14201
2.    أبوداود
3.    صحيح الجامع 6034
4.    صحيح الجامع ، الألباني 7278
5.    مجمع الزّوائد ، الهيثمي 8/102
6.    مسلم
7.    البخاري 451 ، مسلم 2614 ، النّسائي 2/49
8.    مسلم 2615 ، البخاري 452
9.    أبوداود
10.    مسلم
11.    بخاري
12.    سنن أبي داود 5247، البخاري، الأدب المفرد 1222 ، البزّار 4779
13.    متفق عليه
14.    صحيح البخاري 5605 ، مسلم 2011
15.    صحيح البخاري 7072
16.    صحيح البخاري 5728 ، مسلم 2218
17.    أبوداود 3272
18.    زاد المعاد
19.    صحيح البخاري 1671 ، صحيح البخاري 652
20.    مسلم 1914
21.    أبو داود 334
22.    أبوداود 336 ، دارقطني 1/189 ، البيهقي 1115
23.    صحيح الترمذي 2173 ، البخاري 2493 ، مسند أحمد 18361

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top