വേദക്കാരികളുമായി വിവാഹം
ഡോ. യൂസുഫുല്‍ ഖര്‍ദാവി
ലേഖിക തുടരുന്നു: ജൂതരെയും ക്രിസ്ത്യാനികളെയും അവിശ്വാസികളോ ബഹുദൈവ വിശ്വാസികളോ ആയി പരിഗണിക്കുകയും അതേസമയം മുസ് ലിംകള്‍ക്ക് അവരുടെ സ്ത്രീകളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടാമെന്ന് പറയുകയും ചെയ്യുമ്പോള്‍ ഇസ് ലാമിക കര്‍മശാസ്ത്രം വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കാഫിറുകളും മുശ് രിക്കുകളുമായി മുസ് ലിംകള്‍ വിവാഹം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിക്കുമ്പോള്‍ ഇതെങ്ങനെ ശരിയാകും? അല്ലാഹു പറയുന്നു:
وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْۗ وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُواۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْۗ أُولَٰئِكَ يَدْعُونَ إِلَى النَّارِۖ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِۖ
'ബഹുദൈവവിശ്വാസിനികളുമായി അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹിതരാവരുത്. വിശ്വാസിനിയായ ഒരടിമ സ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ ഉത്തമം. അവള്‍ നിങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും. ബഹുദൈവ വിശ്വാസികള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യരുത്; അവര്‍ സത്യവിശ്വാസികളാകുന്നത് വരെ- വിശ്വാസിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നിങ്ങള്‍ക്കുത്തമം- അവന്‍ നിങ്ങളെ ആകര്‍ഷിച്ചുവെങ്കിലും. അവര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹു സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമാണ് അവന്റെ ഹിതാനുസാരം ക്ഷണിക്കുന്നത്' (അല്‍ബഖറ 221).
മറുപടി: ഇസ്‌ലാമിക കര്‍മശാസ്ത്രം താങ്കള്‍ പറയുന്നതുപോലുള്ള ഒരു പ്രതിസന്ധിയെയും നേരിടുന്നില്ല. കാരണം ഖുര്‍ആന്‍ നിരോധിച്ചത് ബഹുദൈവവിശ്വാസികളുമായുള്ള വിവാഹമാണ്. വേദക്കാരികളുമായുള്ള വിവാഹമല്ല. ഈ സ ഹോദരി ഖുര്‍ആന്‍ ശ്രദ്ധിച്ചു വായിക്കുകയാണെങ്കില്‍ അവര്‍ക്ക് തന്നെ കാണാം; ബിംബാരാധകരെ ഖുര്‍ആന്‍ മുശ് രിക്കുകളെ(ബഹുദൈവ വിശ്വാസികള്‍)ന്നും മുശ് രിക്കാത്ത് (ബഹുദൈവവ വിശ്വാസിനികള്‍) എന്നുമാണ് വിളിക്കുന്നതെന്ന്. അല്‍ബഖറ 105, അല്‍ ബയ്യിന ഒന്നും ആറും
لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ
'വേദവിശ്വാസിനികളിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ ആയിരുന്നില്ല....' (അല്‍ ബയ്യിന: 1) 'തീര്‍ച്ചയായും ബഹുദൈവവിശ്വാസികളിലും വേദവിശ്വാസികളും പെട്ട' സത്യനിഷേധികള്‍.......) (مَّا يَوَدُّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَلَا الْمُشْرِكِينَ 'വേദവിശ്വാസികളിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ ആഗ്രഹിക്കുന്നില്ല....') സൂക്തങ്ങള്‍ എന്നിവയിലെല്ലാം ഇത് വ്യക്തമായി കാണാം.
വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട അവിശ്വാസികള്‍ എന്ന് പറയുമ്പോള്‍ തന്നെ ഇവ രണ്ടും രണ്ടു വ്യത്യസ്ത വിഭാഗമാണെന്ന് മനസ്സിലാകും. സൂറതുല്‍ ഹജ്ജില്‍ അല്ലാഹു പറയുന്നു: إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِۚ 'വിശ്വാസികളും യഹൂദികളും സ്വാബിഉകളും ക്രൈസ്തവരും അഗ്നിയാരാധകരും ബഹുദൈവാരാധകരും- അന്ത്യനാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീരുമാനമെടുക്കും' (സൂക്തം 17) സത്യവിശ്വാസികളോടൊപ്പം ഇതര മതവിഭാഗങ്ങളെ എണ്ണി എണ്ണിപ്പറയുന്നു ഈ സൂക്തത്തില്‍. ജൂതരും ക്രൈസ്തവരും അഗ്നിയാരാധകരായ മജൂസികളും ബിംബാരാധകരായ മുശ് രിക്കുകളെയുമെല്ലാം. ഇതില്‍നിന്ന് ജൂതരും ക്രൈസ്തവരുമല്ലാത്ത മറ്റൊരു വിഭാഗമാണ് മുശ് രിക്കുകള്‍ എന്നു വ്യക്തമാകും.
ഒരു മുസ്്ലിമിന് വേദക്കാരി- അവള്‍ വിശ്വാസിനിയല്ലെങ്കിലും- യെ വിവാഹം ചെയ്യാമെന്ന ഇസ് ലാമിന്റെ അനുവാദം എതിരാളികളോടുള്ള വിട്ടുവീഴ്ചയുടെ പാരമ്യതയാണ് സൂചിപ്പിക്കുന്നത്. ത്രിയേകത്വത്തിലും യേശുവിന്റെ ദിവ്യത്വത്തിലുമുള്ള അവളുടെ വിശ്വാസം അബദ്ധമാണെന്നും അവള്‍ അവിശ്വാസിനിയാണെന്നും അറിഞ്ഞുകൊണ്ടുതന്നെ അവളെ ജീവിത പങ്കാളിയും തന്റെ കുട്ടികളുടെ മാതാവുമായി സ്വീകരിക്കുകയും അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും പങ്കിടുകയും ചെയ്യുന്നു. ഈ വിവാഹത്തെതുടര്‍ന്ന് കുടുംബബന്ധം രൂപപ്പെടുന്നു. അവളുടെ മാതാപിതാക്കള്‍ അവന്റെ സന്തതികളുടെ വല്യുപ്പയും വല്യുമ്മയും ആയിത്തീരുന്നു. അവളുടെ സഹോദരന്മാര്‍ അവരുടെ അമ്മാവന്മാരും സഹോദരിമാര്‍ മാതൃ സഹോദരികളും- അവര്‍ക്കിടയില്‍ പരസ്പരം കുടുംബബന്ധവും അനന്തരാവകാശ ബന്ധങ്ങളുമായി.
ഇപ്രകാരമാണ് സ്വഹാബത്തിന്റെ കാലം മുതല്‍ മുസ് ലിം പൊതുസമൂഹത്തിന്റെ നിലപാട്. അബ്ദുല്ലാഹിബ്‌നു ഉമറിന് മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. ക്രൈസ്തവ സ്ത്രീകളുമായുള്ള വിവാഹം അദ്ദേഹം അംഗീകരിക്കുന്നില്ല. അവര്‍ ബഹുദൈവവിശ്വാസിനികളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ശ്രദ്ധേയമായ ചില യാഥാര്‍ഥ്യങ്ങള്‍
1) വേദക്കാരെക്കുറിച്ച് നാം കാഫിറുകള്‍ എന്ന് പറയുന്നത് ദിവ്യത്വത്തെ നിഷേധിക്കുന്നവര്‍ എന്ന അര്‍ഥത്തിലല്ല. കമ്യൂണിസ്റ്റുകാര്‍, പദാര്‍ഥവാദികള്‍, അദൃശ്യമായതിനെയെല്ലാം നിഷേധിക്കുന്നവര്‍, അസ്തിത്വ വാദികള്‍ എന്നിവരെപോലെയല്ല അവര്‍. അവര്‍ മൊത്തത്തില്‍ ദൈവവിശ്വാസികളാണ്. ഇസ് ലാമിക വിശ്വാസാദര്‍ശങ്ങള്‍ക്ക് നിരക്കാത്ത ചിലത് അതില്‍ കൂടിക്കലര്‍ന്നിട്ടുണ്ടെങ്കിലും. അവര്‍ പ്രവാചകത്വത്തിലും ദിവ്യബോധനത്തിലും വിശ്വസിക്കുന്നു, മുഹമ്മദ് നബിയുടെ പ്രവാചകത്വം നിഷേധിക്കുകയും ചില പ്രവാചകരെക്കുറിച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ എഴുതി വെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും. അതുപോലെ അവര്‍ അന്ത്യനാളിലും പരലോകത്തെ രക്ഷാശിക്ഷകളിലും വിശ്വസിക്കുന്നു, അവയിലെല്ലാം അനുചിതമായ കലര്‍പ്പുകള്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും.
ഇക്കാരണങ്ങളാലാണ് ഇസ്്ലാമില്‍ അവര്‍ക്ക് മറ്റു മതവിസ്വാസികള്‍ക്കില്ലാത്ത സവിശേഷ പദവി നല്‍കിയത്. അവരോടൊത്തുള്ള സഹഭോജനവും വൈവാഹിക ബന്ധവും അനുവദിച്ചത്. സൂറതുര്‍റൂമിലെ ആദ്യ സൂക്തങ്ങളില്‍ (ക്രൈസ്തവരായ) റോമക്കാര്‍ (അഗ്നിയാരാധകരായ) പേര്‍ഷ്യക്കാരെക്കാള്‍ മുസ് ലിംകളോട് അടുപ്പമുള്ളവരാണെന്നും അടുത്ത് തന്നെ അവര്‍ വിജയിക്കുകയും മുസ് ലിംകള്‍ക്ക് സന്തോഷകരമായ അവസ്ഥയുണ്ടാകുമെന്നും പ്രസ്താവിച്ചത്. ഇക്കാരണത്താലാണ് സത്യവേദപുസ്തകങ്ങളുടെ വക്താക്കള്‍ പരസ്പര സംവാദത്തിലേര്‍പ്പെടുന്നത്. നാം സ്വാഗതം ചെയ്യുന്നത്. കാരണം അവര്‍ക്കിടയില്‍ പൊതുവായ പ്ലാറ്റ്‌ഫോമുണ്ട്. മതനിഷേധം, ദൈവനിഷേധം, മൂല്യനിരാസം എന്നിവക്കെതിരെ ഒരേ ചേരിയില്‍ ഒന്നിച്ചു നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും.
2) വേദക്കാരേ! എന്ന സംബോധന
ജൂതരും ക്രൈസ്തവരും നമ്മുടെ മതത്തെ നിഷേധിക്കുന്നവര്‍ ആണെന്നതിനാല്‍ നാമവരെ കാഫിറുകളേ' എന്ന് വിളിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ മുശ് രിക്കുകളിലെ ഒരു വിഭാഗത്തെയും അങ്ങനെ സംബോധന ചെയ്തിട്ടില്ലെന്നും പ്രത്യുത 'ജനങ്ങളേ!' എന്നോ 'ആദം സന്തതികളേ' എന്നോ ആണ് വിളിച്ചതെന്നും ജൂത-ക്രൈസ്തവ വിഭാഗങ്ങളെ 'വേദക്കാരെ' എന്ന സൗഹൃദപരമായ സംബോധനയാണ് സ്വീകരിച്ചതെന്നും നമുക്ക് കാണാം. ഖുര്‍ആനില്‍ സൂറത്തുത്തഹ്്രീമിലെ 7-ാം സൂക്തത്തില്‍ മാത്രമാണ് അവിശ്വസിച്ചവരെ! എന്ന വിളി കാണുന്നത്. അതു തന്നെ അവിശ്വാസികള്‍ നരകത്തില്‍ പ്രവേശിച്ച ശേഷം അവരെ വിളിച്ചതാണ്.
يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَۖ
(സത്യനിഷേധികളേ! നിങ്ങളിന്ന് ഒഴികഴിവൊന്നും പറയേണ്ട) പ്രവാചകനോട് ഇപ്രകാരം കല്‍പിച്ചുകൊണ്ടുള്ള മറ്റൊരു സൂക്തം കൂടിയുണ്ട്.
قُلْ يَا أَيُّهَا الْكَافِرُونَ . لَا أَعْبُدُ مَا تَعْبُدُونَ
'നീ പറയുക. അവിശ്വാസികളെ! നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുകയില്ല' - അല്‍കാഫിറൂന്‍ 1) ഇതൊരു പ്രത്യേക സാഹചര്യത്തില്‍ അവതരിച്ചതാണ്. ബഹുദൈവ വിശ്വാസികളുടെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു കൊണ്ടും പ്രവാചകന്‍ തങ്ങള്‍ക്ക് സ്വീകാര്യമായ ചില നിലപാടുകള്‍ സ്വീകരിക്കുമോ എന്ന അവരുടെ ആഗ്രഹത്തിന് കത്തിവെച്ചുകൊണ്ടുമുള്ളതാണീ അധ്യായം. ഒരു നിശ്ചിതകാലം അവരുടെ ദൈവങ്ങളെ നബി ആരാധിക്കുക, അവരും ഒരു നിശ്ചിത കാലം നബിയുടെ ദൈവത്തെ ആരാധിക്കാം എന്നായിരുന്നു അവരുടെ ഓഫര്‍. അപ്പോഴാണ് ഈ പദപ്രയോഗം സംഭവിച്ചത്. അതിനു മുമ്പോ ശേഷമോ ഒരിക്കലും അതാവര്‍ത്തിക്കപ്പെട്ടിട്ടില്ല.
സഹിഷ്ണുതയുടെ അടിസ്ഥാനം
വേദക്കാര്‍ അവിശ്വാസികളാണെന്ന് ഒരു വശത്ത് വിശ്വസിക്കുകയും അവരുമായി സഹിഷ്ണുത വേണമെന്ന് മറുവശത്ത് ആഹ്വാനം ചെയ്യുകയും ഇത് രണ്ടും എങ്ങനെ ഒത്തുപോകുമെന്ന് ചോദിച്ചേക്കും.
മറുപടി: ഓരോ മതക്കാരനും ചിന്താഗതിക്കാരനും വിശ്വസിക്കുന്നത്, അവരാണ് സത്യത്തിലെന്നാണ്. മറ്റുള്ളവര്‍ അസത്യത്തിലും. ഭൗതികതയില്‍ വിശ്വസിക്കുന്നവര്‍ ആത്മീയതയില്‍ അവിശ്വസിക്കുന്നു. മുതലാളിത്തത്തില്‍ വിശ്വസിക്കുന്നവന്‍ കമ്യൂണിസത്തെ നിരാകരിക്കുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവന്‍ ഏകാധിപത്യത്തെ നിഷേധിക്കുന്നു. അതേപോലെ ക്രൈസ്തവര്‍ വിശ്വസിക്കുന്നത് മുസ് ലിംകള്‍ അവിശ്വാസികളാണെന്നാണ്. അവര്‍ യേശുവിലോ ത്രിയേകത്വത്തിലോ വിശ്വസിക്കുന്നില്ല എന്നതാണ് കാരണം. മുസ്്ലിംകളെക്കുറിച്ച് അപ്രകാരം വിശ്വസിച്ചിട്ടില്ലെങ്കില്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ സത്യസന്ധതയില്ലാത്തവരോ മുസ് ലിംകളോട് പ്രീണനം സ്വീകരിക്കുന്നവരോ ആണ്. ഇതേ പോലെ മുസ് ലിംകളും ക്രൈസ്തവരെക്കുറിച്ച് അവര്‍ അവിശ്വാസികളാണെന്ന് വിശ്വസിക്കുന്നു. അവര്‍ ഇസ് ലാമികാദര്‍ശത്തിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലും വിശ്വസിക്കുന്നില്ല എന്നേ അതിന്നര്‍ഥമുള്ളൂ.
മുസ്്ലിംകള്‍ അവിശ്വാസികളാണെന്നും പിഴച്ചവരാണെന്നും പരിഗണിക്കുന്നതിനാല്‍ അവരെ ക്രൈസ്തവ വല്‍ക്കരിക്കാനും വഴികേടില്‍നിന്ന് മോചിപ്പിക്കാനും ക്രിസ്ത്യാനികള്‍ ഭഗീരഥയത്‌നം നടത്തുന്നു. സാമ്രാജ്യത്തിന്റെ കാലം മുതല്‍ അവരുടെ സംരക്ഷണത്തിന് കീഴില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ മുസ്്ലിം രാഷ്ട്രങ്ങളില്‍ അവര്‍ നടത്തുന്ന മിഷനറി പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അജ്ഞാതമല്ല. ഏറ്റവും വലിയ ഇസ് ലാമിക രാഷ്ട്രമായ ഇന്തോനേഷ്യയെ അമ്പത് വര്‍ഷങ്ങള്‍ക്കകം ക്രൈസ്തവ വല്‍ക്കരിക്കാന്‍ അവര്‍ നടത്തുന്ന പ്ലാനുകളും പദ്ധതികളും സുവിദിതമാണ്.
ഇന്നും ആളും അര്‍ഥവും ഉപയോഗിച്ച് അവരുടെ ശ്രമങ്ങള്‍ തുടരുന്നു. 1978-ല്‍ അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തില്‍ ചേര്‍ന്ന മിഷനറിമാരുടെ സമ്മേളനം ഞങ്ങള്‍ പരിശോധിക്കുകയുണ്ടായി. 'മുസ്്ലിംകളുടെ ക്രൈസ്തവവല്‍ക്കരണം' എന്ന ശീര്‍ഷകത്തില്‍ അതില്‍ നാല്‍പത് പഠനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സുവൈമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു സ്ഥാപനവും അവര്‍ നിര്‍മിച്ചു. ആയിരം മില്യന്‍ ഡോളര്‍ അതിന്നായി നീക്കിവെച്ചു.
ഇതിന്റെ പേരില്‍ നാം അവരെ ആക്ഷേപിക്കുന്നില്ല. ഇത് എല്ലാ മനുഷ്യരുടെയും പ്രകൃതിയാണ്. തങ്ങൾ മാത്രമാണ് സത്യത്തിലെന്നും മറ്റുള്ളവര്‍ മാര്‍ഗഭ്രംശത്തിലാണെന്നും വിശ്വസിക്കുക എന്നത്. ഈ പ്രതിസന്ധിയെ ഇസ് ലാം എങ്ങനെ മറികടക്കുന്നു എന്ന് ചോദിച്ചേക്കും. ഇവിടെയാണ് ഇസ് ലാമിന്റെ മഹത്വവും മേന്മയും പ്രകടമാകുന്നത്. ഇക്കാര്യം 'ഇസ് ലാമിക സമൂഹത്തിലെ അമുസ് ലിംകള്‍' എന്ന എന്റെ പുസ്തകത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം പറയാം:
1) എല്ലാ മനുഷ്യരുടെയം- അവരുടെ മതവും ജാതിയും നിറവും എന്തുതന്നെയാവട്ടെ - digntiy ഓരോ മുസ് ലിമും അംഗീകരിക്കുന്നു. وَلَقَدْ كَرَّمْنَا بَنِي آدَمَ 'ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു' (അല്‍ ഇസ്‌റാഅ് 70) എന്നാണ് അല്ലാഹു പറയുന്നത്. എല്ലാ മനുഷ്യര്‍ക്കും പരിഗണനയും ആദരവും ലഭിക്കാന്‍ ഈ വിശ്വാസം കാരണമാകുന്നു. അതിന്റെ പ്രായോഗികമാതൃകയാണ് ബുഖാരി നിവേദനം ചെയ്ത ജാബിറുബ്‌നു അബ്ദില്ല(റ) യുടെ ഹദീസ്. നബി(സ)യുടെ അടുത്ത് കൂടെ ഒരു മൃതശരീരം കൊണ്ടുപോയി. അന്നേരം നബി(സ) എഴുന്നേറ്റുനിന്നു. ആളുകള്‍ പറഞ്ഞു: അതൊരു ജൂതന്റെ ശരീരമാണ്.'' അപ്പോള്‍ നബി ചോദിച്ചു. അതൊരു മനുഷ്യ ജീവിയല്ലേ? - അതെ, ഇസ്്ലാമില്‍ എല്ലാ മനുഷ്യാത്മാക്കള്‍ക്കും ആദരവും പദവിയുമുണ്ട്.
2. ജനങ്ങളില്‍ കാണപ്പെടുന്ന മതപരമായ വൈവിധ്യം ദൈവഹിത പ്രകാരമാണ് സംഭവിക്കുന്നതെന്നതാണ് മുസ്്ലിംകളുടെ വിശ്വാസം. തന്മൂലം ഓരോരുത്തര്‍ക്കും ഏത് സ്വീകരിക്കണം ഏത് ചെയ്യരുതെന്ന് തീരുമാനിക്കാന്‍ ഒരോ മനുഷ്യനും സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ 'ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ: ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ'' (അല്‍കഹ്ഫ് 29).
وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةًۖ وَلَا يَزَالُونَ مُخْتَلِفِينَ . إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمْۗ
'നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ ജനങ്ങളെയെല്ലാം ഒരൊറ്റ സമൂഹമാക്കുമായിരുന്നു. എന്നാലവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും. നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനാണവരെ സൃഷ്ടിച്ചിട്ടുള്ളത്' - ഹൂദ്.
അല്ലാഹുവിന്റെ ഇച്ഛയെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് മുസ്്ലിം ഉറച്ചു വിശ്വസിക്കുന്നു. നല്ലതേ അവന്‍ ഉദ്ദേശിക്കുകയുള്ളുവെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലായെന്നും ഇല്ലെന്നും വരാം. അതിനാല്‍ ഒരു മുസ് ലിം ഒരിക്കലും എല്ലാവരെയും മുസ് ലിംകളാകാന്‍ നിര്‍ബന്ധിക്കുകയില്ല.
وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًاۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ
'നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചാല്‍ ഭൂമിയിലുള്ളവരെല്ലാം വിശ്വസിച്ചേനെ. എന്നാല്‍ മുസ്്ലിംകളായിത്തീരാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാന്‍ നിനക്ക് കഴിയുമോ?' (യൂനുസ് 99) എന്ന് അല്ലാഹു പ്രവാചകനോട് ചോദിക്കുമ്പോള്‍ അതെങ്ങനെ സാധ്യമാകും?
3. അവിശ്വാസികളെ വിചാരണ ചെയ്യുകയോ വഴിതെറ്റിയവരെ ശിക്ഷിക്കുകയോ ചെയ്യാന്‍ ഒരു മുസ് ലിം ഏല്‍പിക്കപ്പെട്ടിട്ടില്ല. ഇഹലോകമല്ല അതിനുള്ള സ്ഥലം. അവരെ വിചാരണ ചെയ്യുക അല്ലാഹുവാണ്. പ്രതിഫലനാളിലാണ് അവനത് തീരുമാനിക്കുക. 'അല്ലാഹു നിങ്ങള്‍ക്കിടയില്‍ അന്ത്യനാളില്‍ വിധികല്‍പ്പിക്കുന്നു. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യത്തില്‍' - (അല്‍ഹജ്ജ്)
അന്ത്യനാളില്‍ ഈസാനബി തന്റെ രക്ഷിതാവിനോട് പറയുക ഇങ്ങനെയാകും.
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
'നീ അവരെ ശിക്ഷിക്കയാണെങ്കില്‍ അവര്‍ നിന്റെ അടിയാറുകളല്ലേ. ഇനി നീ അവരെ ശിക്ഷിക്കയാണെങ്കില്‍ നിശ്ചയം നീ അജയ്യനും യുക്തിജ്ഞനുമാണ്' - (അല്‍മാഇദ 118).
ഈ സാഹചര്യത്തില്‍ ഒരു വിശ്വാസിക്ക് മനസ്സന്തോഷം ലഭിക്കും. കാഫിറുകളുടെ സത്യനിഷേധത്തില്‍ അസ്വസ്ഥത തോന്നുകയും അവരോട് നല്ല ബന്ധം പുലര്‍ത്തണമെന്ന് പറയുന്നതിലുള്ള മാനസിക സംഘട്ടനത്തില്‍ നിന്നവന്‍ മുക്തനാവുകയും ചെയ്തു.
4. അല്ലാഹു നീതി പാലിക്കാനും ഉത്തമ ഗുണങ്ങള്‍ സ്വായത്തമാക്കാനും കല്‍പിക്കുന്നു എന്ന് മുസ് ലിം വിശ്വസിക്കുന്നു. അവന്‍ അക്രമം വെറുക്കുകയും അക്രമികളെ ശിക്ഷിക്കുകയും ചെയ്യും. അക്രമം ചെയ്തത് ഒരു മുസ്്ലിമിനോടാണെങ്കിലും.
وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُواۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰۖ
'ഒരു വിഭാഗത്തോടുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രചോദകമാകരുത്. നിങ്ങള്‍ നീതിപാലിക്കുക. അതാണ് ദൈവ ഭക്തിക്ക് കൂടുതല്‍ ചേര്‍ന്നത്' (അല്‍മാഇദ 8).
പ്രവാചകന്‍ പറഞ്ഞു: മര്‍ദിതന്റെ പ്രാര്‍ഥന- അവന്‍ കാഫിറാണെങ്കിലും- അതിന്നൊരു മറയുമില്ല. (അഹ്്മദ്).
അല്ലാഹു പറഞ്ഞു:
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
'മതത്തിന്റെ പേരില്‍ നിങ്ങളോട് സമരം ചെയ്യാത്തവരും നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായവരോട് പുണ്യം ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങള്‍ക്ക് നിരോധിക്കുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹു ഇലിപ്പെടുന്നു' (അല്‍മുംതഹിന 8). l
(അവസാനിച്ചു)
വിവ: വി.കെ അലി