ഹാജി ഖലീഫ വിശ്രുത ലക്സിക്കന്‍ രചയിതാവ്
പി.കെ ജമാല്‍
ഇസ്ലാമിക ജ്ഞാനശാസ്ത്രത്തില്‍ വിഖ്യാതമായ പല ഗ്രന്ഥങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്മാരെ ഗ്രന്ഥത്തിലൂടെയും ഗ്രന്ഥങ്ങളെ ഗ്രന്ഥാകരന്മാരിലൂടെയും അറിയുന്നതാണ് പതിവ് രീതി. ഗ്രന്ഥത്തിന്റെ ഗരിമയും മഹത്വവും ഗ്രന്ഥകാരനെക്കുറിച്ച അന്വേഷണത്തിലേക്കും പഠനത്തിലേക്കും നയിക്കുന്ന അപൂര്‍വ സിദ്ധി ലഭിച്ച ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.
'കശ്ഫുള്ളുനൂനി അൻ അസാമില്‍ കുതുബി വല്‍ ഫുനൂന്' അറബി, പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷകളില്‍ വിരചിതമായ സര്വഗ്രന്ഥങ്ങളെയും കുറിച്ച ലക്സിക്കന്‍ ആയാണ് വിലയിരുത്തപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഹാജി ഖലീഫയാണ് കര്‍ത്താവ്. ആയിരക്കണക്കായ ഗ്രന്ഥങ്ങളെയും അവയുടെ രചയിതാക്കളെയും കുറിച്ച വിവരവും വിവരണവുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇസ് ലാമിക വിജ്ഞാനീയങ്ങളില്‍ ഗവേഷണങ്ങളെയും പഠനങ്ങളും നടത്തുന്നവരുടെയും ആധികാരിക അവലംബമാണ് ഈ മഹദ് ഗ്രന്ഥം. ഏഴ് വാള്യങ്ങളില്‍ വിരചിതമായ ഗ്രന്ഥം സര്‍വ വിജ്ഞാനകോശ ശാഖയിലാണ് ഉള്‍പ്പെടുന്നത്.
ഗ്രന്ഥ രചനക്ക് ഹാജി ഖലീഫ ചെലവിട്ടത് ഇരുപത് വര്‍ഷമാണ്. അറബി, പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷകളില്‍ രചിക്കപ്പെട്ട 18000 ഗ്രന്ഥങ്ങളാണ് ഈ ഇന്‍ഡക്സില്‍ ഇടംപിടിച്ചിട്ടുള്ളത്. മിക്കവയും അറബി ഗ്രന്ഥങ്ങളാണ്. വിവിധ വിജ്ഞാന ശാഖാ ക്രമത്തിലാണ് ക്രോഡീകരണം. ഓരോ ഭാഗത്തിന്റെയും ആമുഖത്തില്‍ കൈകാര്യം ചെയ്യുന്ന വിഷത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും സമഗ്ര വിവരണമുണ്ട്.
ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ രചയിതാവ് എഴുതുന്നു: 'വിജ്ഞാനത്തിന്റെ അതിസൂക്ഷ്മതലങ്ങളും പൊരുളും വെളിപ്പെടുത്തുന്ന തീവ്രയത്നങ്ങളിലും പഠനങ്ങളിലും ഏര്‍പ്പെടാന്‍ സിദ്ധിയും സാധനയുമുള്ള മഹാരഥന്മാരെ അല്ലാഹു ചുമതലപ്പെടുത്തുകയുണ്ടായി. ചരിത്രത്തിന്റെ വിവിധ ദശകളില്‍, വിവിധ ദേശങ്ങളില്‍ രംഗപ്രവേശം ചെയ്ത മഹാത്മാക്കളായ പണ്ഡിതന്മാര് ഗവേഷണവും പഠനവും മനനവും നടത്തി ഈ രംഗത്ത് മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ചു. പ്രത്യേകിച്ച് മുസ്്ലിം പണ്ഡിതന്മാര്. എന്നാല്‍ ആ ഗ്രന്ഥങ്ങളുടെ പേരോ അവയുടെ രചയിതാക്കളെക്കുറിച്ച വിവരമോ ഒരു ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെടുകയുണ്ടായിട്ടില്ല. കുലീനമായ അവരുടെ വിജ്ഞാന പൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ട് കണ്കുളിര്ക്കാന് അവസരമുണ്ടാക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ഞാന്‍. ജ്ഞാനശാസ്ത്രങ്ങളും ഗ്രന്ഥങ്ങലും നിരവധിയുണ്ട്. നമ്മുടെ ആയുസ്സ് പരിമിതമാണ്. ഈ ഗ്രന്ഥങ്ങളിലൂടെ തീര്‍ഥയാത്ര നടത്തി, ഗ്രന്ഥങ്ങളെയും ഗ്രന്ഥാകരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു രചന അറിവിന്റെ മേഖലയില്‍ നടത്തേണ്ട സേവന പ്രവര്‍ത്തനമാണ് എന്ന ബോധം എന്റെ ഹൃദയത്തില്‍ അല്ലാഹു അങ്കുരിപ്പിച്ചു.''
അബ്ദുര്‍റഹ്മാന്‍ ബദവി ഗ്രന്ഥത്തെക്കുറിച്ച് പറയുന്നതിങ്ങനെ: 'ഈ ലക്സിക്കണില്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങളെല്ലാം ഹാജി ഖലീഫ കണ്ടിരിക്കുമെന്ന കാര്യം സ്പഷ്ടം. ഗ്രന്ഥത്തിന്റെ പേര്, തുടക്കം, ഒടുക്കം, രചയിതാവിനെകുറിച്ച സംക്ഷിപ്ത വിവരണം, ഗ്രന്ഥത്തിന്റെ ഉള്ളടക്കം, മുഖ്യ അധ്യായങ്ങളെക്കുറിച്ച പ്രതിപാദനം തുടങ്ങിയവയെല്ലാം രേഖപ്പെടുത്തണമെങ്കില്‍ ഓരോ ഗ്രന്ഥവും കണ്ട്, വായിച്ച് മനസ്സിലാക്കണമെന്നത് വ്യക്തമാണല്ലോ. ഇത്രയും അറിവ് സമാഹരിക്കാന്‍ എത്ര യാത്രകളും പഠനങ്ങളും അദ്ദേഹം നടത്തിയിരിക്കണം! ക്രിസ്ത്വബ്ദം പതിനേഴാം നൂറ്റാണ്ടില്‍, അഥവാ നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഗ്രന്ഥങ്ങളാണ് ഇന്‍ഡക്സിലെ ഇതിവൃത്തം. ഹി. 656-ല്‍ ബഗ്ദാദ് ആക്രമിച്ച താര്‍ത്താരികള്‍ ഗ്രന്ഥശേഖരങ്ങളെല്ലാം ചുട്ടുകരിച്ചു എന്ന് ചില വിവര ദോഷികള്‍ നടത്തുന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നുണ്ട് ഈ മഹായത്നം. പൊട്ടത്തരം പറയുകയാണവര്‍. ഒന്നാമത് അറബിയില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളെല്ലാം ബഗ്ദാദില്‍ ഉണ്ടായിരുന്നില്ല. താര്‍ത്താരികളുടെ താണ്ഡവം നടക്കാത്ത ഈജിപ്ത്, ഇറാന്, മൊറോക്കോ, ബിലാദുശ്ശാം തുടങ്ങിയ രാജ്യങ്ങളില്‍ മില്യന്‍ കണക്കില്‍ ഗ്രന്ഥങ്ങളുടെ ശേഖരം ലബ്ധമായിരുന്നു.''
ലക്സിക്കന്‍ കര്‍ത്താവ് ഹാജി ഖലീഫയുടെ മുഴുവന്‍ പേര്: മുസ്തഫാ ഇബ്നു അബ്ദില്ല. ഹാജ് ഖലീഫ എന്ന പേരിലാണ് വിഖ്യാതനായത്. ജനനം ക്രിസ്ത്വബ്ദം 1608-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍. മരണം 1657-ല്‍.
മുന്‍ഗാമികളുടെ യത്നങ്ങള്‍
ഉസ്മാനിയാ ഭരണകാലഘട്ടത്തില്‍ 'ലക്സിക്കന്‍' രംഗത്ത് നിരവധി യത്നങ്ങള്‍ നടന്നതായി കാണാം. ത്വാശ് കുബ്റാ സാദയുടെ സേവനമാണ് അതില്‍ എടുത്ത് പറയേണ്ടത്. അദ്ദേഹത്തിന്റെ ചുവടു പിടിച്ചാണ് ഹാജി ഖലീഫയുടെ യാത്ര. ത്വാഗ് സാദയുടെ ലക്സിക്കന്‍ 'മിഫ്താഹുസ്സആദഃ വ മിസ്വ്ബാഹുസ്സിയാദഃ ഫീ മൗദൂആത്തില്‍ ഉലൂം' എന്ന പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 49 വര്‍ഷം നീണ്ട ആ ധന്യജീവിതം, കാലത്തിന്റെ നീളത്തില്‍ പിറക്കാനിരിക്കുന്ന നിരവധി തലമുറകളിലെ വിജ്ഞാന ദാഹികള്‍ക്ക് ഉപകാരപ്പെടും വിധമായിരുന്നു. സര്‍വവിജ്ഞാനകോശ രചനയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥരചനയാണ് തന്റെ ജീവിത ദൗത്യം എന്ന് മഹാരഥന് തിരിച്ചറിയുകയായിരുന്നു. ഓര്മ വെച്ച നാള് മുതല്‍ ആ സ്വപ്ന സാക്ഷാല്‍ക്കാരത്തിനാണ് അദ്ദേഹം ജീവിച്ചത്.
അക്ഷരമാലാ ക്രമത്തില്‍ ക്രോഡീകരിച്ച ഇന്‍ഡക്സ് രചയിതാവിന്റെ പേര്. ഗ്രന്ഥവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളില്‍ പുറത്ത് വന്ന അനുബന്ധങ്ങള്‍, പാര്ശ്വവിവരണം, ടിപ്പണികള്‍, ഉള്ളടക്ക സംഗ്രഹം എന്നിവ ഉള്‍ക്കൊള്ളുന്നു. ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ യൂറോപ്യന്‍ പണ്ഡിതന്മാര്, അടുത്ത കാലം വരെയും ശാസ്ത്രത്തിന്റെ അവലംബ ഭാഷയായിരുന്ന ലാറ്റിനിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തി. ജര്‍മന്‍ ഓറിയന്റലിസ്റ്റ് പണ്ഡിതന് ഫ്ളോഗല് ഇവ ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. യൂറോപ്യന്‍ പതിപ്പിനെ ആധാരമാക്കിക്കൊണ്ട് തുര്‍ക്കി പണ്ഡിതന്മാരും പ്രസിദ്ധീകരണങ്ങളുമായി മുന്നോട്ടു വന്നു. ഇവയെല്ലാം സംശോധന നടത്തി, ഫുര്‍ഖാന്‍ ഹെരിറ്റേജ് ഫൗണ്ടേഷന്റെ കീഴിലുള്ള ഇസ് ലാമിക് ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ കുറ്റമറ്റ പതിപ്പ് പ്രസിദ്ധീകരിച്ചതാണ് ലക്സിക്കണുമായി ബന്ധപ്പെട്ട അവസാന ശ്രമം.
ഹാജി ഖലീഫയുടെ മുന്‍ഗാമികളായ പലരും ലക്സിക്കണ്‍ നിര്‍മിതിയില്‍ ചെയ്ത സേവനങ്ങള്‍ ഓര്‍ക്കപ്പെടേണ്ടതാണ്.
1. അഖ്ബാറുല്‍ മുഅല്ലിഫിന വല്‍ മുഅല്ലഫാത്ത്: അഹ്്മദു ബ്നു ത്വയ്ഫൂര്‍ അല്‍ ബഗ്്ദാദി, ഹി: 280
2. ഫിഅറസ്ത്: ഇബ്നുന്നാദിമുല് ബഗ്്ദാദി: ഹി. 438
3. ബത്വാഗ് കുബ്റ സാദ: മുഖ്തസ്വറു മൗദൂആത്തില്‍ ഉലൂം; ഹി. 968
കശ്ഫുള്ളുനൂനിന്റെ അനുബന്ധമായി പുറത്തിറങ്ങിയ കൃതികളില്‍ വിഖ്യാതമാണ് ഇസ്മാഈല്‍ ബാഷ രചിച്ച ഈദാഹുല്‍ മക്നൂനി ഫിദ്ദൈലി അലാ കശ്ഫിള്ളുനൂന്' എന്ന മൂന്ന് വാള്യങ്ങളിലുള്ള ഗ്രന്ഥം.
ബിബ്ളിയോ ഗ്രാഫിക് - ബയോഗ്രാഫിക്- ഹിസ്റ്റോറിക്കല്‍ രചനയായി അനുഭവ സൃഷ്ടിയാണ് ഹാജി ഖലീഫയുടെ 'കശ്ഫുള്ളുനൂന്‍' എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. ഗുസ്താസ് വ്ളോഗല് ലാറ്റിനിഖക്ക് വിവര്‍ത്തനം ചെയ്ത കശ്ഫുള്ളുനൂന്‍. Lexicon- Bialiographicum ET Encyclopedicum എന്ന പേരിലാണ് ഓറിയന്റല്‍ ട്രാന്സ്്സലേഷന് കമ്മിറ്റിയാണ് പ്രസിദ്ധീകരിച്ചത്. 11 വര്‍ഷമെടുത്തു പരിഭാഷ പൂര്‍ത്തിയാക്കാന്‍.
ഓരോ കാലത്തും നിലനിന്ന വിജ്ഞാനത്തിന്റെ വളര്‍ച്ചയും വികാസവും രേഖപ്പെടുത്തുന്ന രചനകള്‍ക്ക് നേരത്തെ തന്നെ ഇസ് ലാമിക ലോകം മുന്നോട്ടുവന്നിരുന്നു. രണ്ട് രീതിയിലായിരുന്നു ഇവ. വിജ്ഞാനീയങ്ങളെ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ ഓരോ വിജ്ഞാന ശാഖയെയും പരിചയപ്പെടുത്തും. അതിന്റെ സ്വഭാവം, ശാഖകള്‍, മേഖലകള്‍ എന്നിവ വിവരിച്ചിരിക്കും. ഈ ഗണത്തില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയത് സുപ്രസിദ്ധ തത്വജ്ഞാനിയായ മുഹമ്മദുബ്നു ത്വര്ഖാനുല് ഫാറാബിയാണ്. 'ഇഹ്സ്വാദല് ഉലൂം' എന്നാണ് അദ്ദേഹം രചിച്ച ഗ്രന്ഥനാമം. അതിനെ തുടര്‍ന്ന് ജമാലുദ്ദീന്‍ അല്‍ ഖസ് വീനി, (മുഫീദുല്‍ ഉലൂം) ബൈദാവി (മൗദൂആത്തുല് ഉലൂം വ തആരിഫുഹാ, ജുര്‍ജാനി (തഖ്സീമുല് ഉലൂം) എന്നീ ഗ്രന്ഥങ്ങളും പ്രകാശിതമായി. രണ്ടാമത്തെ രീതി, വിജ്ഞാന ശാഖകളെ വിശദമായി പ്രതിപാദിക്കുന്നതാണ്.
ഈ വിജ്ഞാനശാഖയില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ കാലഗണനാ ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണ് ഇബ്നുന്നദീമിന്റെ 'ഫിഹറസ്ത്', സാജിഖലി സാദയുടെ 'തര്‍തീബുല്‍ ഉലൂം' എന്നിവ ഈ ഗണത്തിലാണ്. ഉസ്മാനിയാ ഭരണകൂടത്തിലെ ഉദ്യോഗവും സൈനിക വൃത്തിയും പരിത്യജിച്ചാണ് ഹാജി ഖലീഫ ലക്സിക്കണ്‍ നിര്‍മാണ മഹായത്നത്തിലേക്ക് തിരിഞ്ഞത്. l