മുഫസ്സിറുകളും ഇല്‍മുല്‍ മുനാസബയും
ഒരു സംഘം ലേഖകര്‍
ഖുര്‍ആനിലെ സൂറത്തുകള്‍ തമ്മിലും സൂക്തങ്ങള്‍ പരസ്പരവുമുള്ള ബന്ധവും പൊരുത്തവും സംബന്ധിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അബൂബക്്ര്‍നൈസാബൂരിയാണ് ഈ മേഖലയിലേക്ക് ആദ്യമായി കടന്നുവന്നത്. ബഗ്ദാദിലെ പണ്ഡിതന്മാര്‍ ഈ വിജ്ഞാനമേഖലയെ അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കിടയില്‍ ആശയപരമായ ഏകതയുണ്ടെന്ന് എടുത്തു പറഞ്ഞ പണ്ഡിതനാണ് അഹ്മദ് ബ്‌നു അമാര്‍ അല്‍ മഹ്ദവി.
ഉദാഹരണമായി, وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا
'അല്ലാഹു ഇബ്‌റാഹീമിനെ ആത്മമിത്രമായി സ്വീകരിച്ചു' (ബഖറ 119) അതിനുശേഷം പറയുന്നു:
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِۚ
'ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അല്ലാഹുവിന്റെതാണ്' (ബഖറ 120) രണ്ടു സൂക്തങ്ങളും തമ്മിലുള്ള ബന്ധവും ചേര്‍ച്ചയും ഇങ്ങനെ: 'ഇബ്‌റാഹീമിനെ തനിക്ക് ആവശ്യമുള്ളതിനാല്‍ അല്ലാഹു ആത്മമിത്രമാക്കുകയായിരുന്നില്ല; അല്ലാഹുവോടുള്ള അദ്ദേഹത്തിന്റെ അനുസരണ ഭാവവും വാഞ്ഛയുമാണ് തങ്ങള്‍ക്കിടയിലെ മൈത്രീ ബന്ധത്തിന് നിദാനം. ആകാശഭൂമികളിലുള്ളതൊക്കെയം തന്റേതായിരിക്കെ അനുസരണ-വിധേയ കാരണത്താലല്ലാതെ ഇതരരെ മാറ്റിനിറുത്തി അല്ലാഹു ഇബ്‌റാഹീമിനെ മാത്രം ആത്മമിത്രമായി സ്വീകരിക്കേണ്ടതായിട്ടില്ല.'
സമഖ്ശരി തന്റെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയായ 'അല്‍ കശ്ശാഫി'ല്‍ ഖുര്‍ആന്‍ സൗന്ദര്യ രഹസ്യങ്ങള്‍ അനാവരണം ചെയ്ത് എഴുതുന്നു:
وهذه الأسرار والنكت، لا يبرزها الّا علم النّظم والّا بقيت محتجبة في أكمامها
'ഖുര്‍ആനിലെ രഹസ്യങ്ങളും കൗതുകങ്ങളും പുറത്തുകൊണ്ടുവരാന്‍ ഖുര്‍ആനിന്റെ ഘടനാശാസ്ത്ര'ത്തിനു മാത്രമെ കഴിയൂ. ഇല്ലെങ്കില്‍ അവ അവയുടെ കൂമ്പോളകളില്‍ മറഞ്ഞു കിടക്കും'
മുന്‍കാല മുഫസ്സിറുകളേക്കാള്‍ മികച്ച രീതിയില്‍ സമഖ്ശരി തന്റെ തഫ്‌സീറില്‍ 'ഇല്‍മുല്‍ മുനാസബ' ചര്‍ച്ച ചെയ്യുന്നത് കാണാം.
ഇബ്‌നു അത്വിയ്യ (മ.ഹി 542) തന്റെ 'അല്‍ മുഹര്‍ററുല്‍ വജീസ് ഫീ തഫ്‌സീരില്‍ കിതാബില്‍ അസീസ്' എന്ന വ്യാഖ്യാന കൃതിയില്‍ ഖുര്‍ആന്‍ സൂക്തങ്ങളിലെ ആശയപരമായ ഏകത ചര്‍ച്ചാ വിധേയമാക്കുന്നുണ്ട്. കൂടുതല്‍ അറബി ഭാഷാ സാഹിത്യ വിദുഷികളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഖുര്‍ആനിലെ അതിശയ പ്രതിഭാസമായാണ് ഈ ഏകതയെയും പൊരുത്തത്തെയും വീക്ഷിക്കുന്നതും വിലയിരുത്തുന്നതും.
ബഖറ 115-ഉം 114-ഉം തമ്മിലുള്ള ഘടനാപരമായ ബന്ധത്തെക്കുറിച്ച് ഇബ്‌നു അത്വിയ്യ എഴുതുന്നു:
وَلِلَّهِ الْمَشْرِقُ وَالْمَغْرِبُۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِۚ
'കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. നിങ്ങൾ ഏവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്' (ബഖറ 115) എന്ന സൂക്തവും അതിനു മുമ്പുള്ള
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَاۚ
'അല്ലാഹുവിന്റെ നാമം അനുസ്മരിക്കുന്നതില്‍നിന്ന് അല്ലാഹുവിന്റെ പള്ളികളെ തടയുകയും അവയുടെ നാശത്തിന്നായി ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ അക്രമി ആരുണ്ട്' (ബഖറ 114) എന്ന സൂക്തവും തമ്മിലുള്ള ആശയപരമായ ഘടനാബന്ധം ഇങ്ങനെയാണ്: 'ഏതെങ്കിലും പള്ളി നശിപ്പിക്കപ്പെട്ടു എന്നതിനാല്‍ ഇബാദത്തുകള്‍ നിര്‍വഹിക്കപ്പെടാതിരുന്നുകൂടാ. നമസ്‌കാരത്തിന്നായി സവിശേഷം നിര്‍മിക്കപ്പെട്ട പള്ളി നശിച്ചുപോയാല്‍ തന്നെയും നിങ്ങള്‍ തിരിഞ്ഞു നില്‍ക്കുന്നേടത്ത് അല്ലാഹുവിന്റെ മുഖമുണ്ടെന്നതിനാല്‍ ഇബാദത്തുകള്‍ മുടക്കമില്ലാതെ നിര്‍വഹിക്കപ്പെടണം'
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ 'ഇല്‍മുല്‍ മുനാസബ' ഏറ്റവും കൂടുതലായി പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്ത ഇമാം ഫഖ്‌റുദ്ദീന്‍ അര്‍റാസി (ഹി. 544-604) യെക്കുറിച്ച് സര്‍കശി എഴുതുന്നു: 'ഖുര്‍ആനിലെ പൂര്‍വാപര ബന്ധത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല. ഇമാം റാസിയാണ് ഈ ശാഖയെ കൂടുതല്‍ സമ്പന്നമാക്കിയിട്ടുള്ളത്. ഖുര്‍ആനിലെ കൗതുകങ്ങളില്‍ കൂടുതലും സൂക്തങ്ങള്‍ തമ്മിലും അധ്യായങ്ങള്‍ പരസ്പരവുമുള്ള ഘടനാപരമായ ബന്ധത്തിലാണെന്ന് ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്' ഇതിനു തെളിവായി അദ്ദേഹം തന്റെ തഫ്‌സീറില്‍ ധാരാളം ഉദാഹരണങ്ങള്‍ നിരത്തിയിട്ടുണ്ട്.
സര്‍കശി തുടരുന്നു: 'പല മുഫസ്സിറുകളും ഖുര്‍ആനിലെ ഈ ഇനം അവഗണിക്കാറാണ് പതിവ്. അതേസമയം ഖുര്‍ആനിലെ പൂര്‍വാപര ബന്ധങ്ങളെ കുറിച്ച പഠനം ഏറെ പ്രയോജനകരമാണ്.
ഖാദീ അബൂബക്്ര്‍ ഇബ്‌നുല്‍ അറബി 'സിറാജുല്‍ മുരീദീനി'ല്‍ എഴുതുന്നു: 'ഖുര്‍ആനിക സൂക്തങ്ങള്‍ തമ്മില്‍ ആശയപരമായി ഏകോപിതവും ഘടനാപരമായി സുഘടിതവുമായ ഒരുവാക്യം എന്ന വണ്ണമുള്ള ബന്ധം പഠനാര്‍ഹവും മഹത്തരവുമായ വിജ്ഞാനീയമാണ്.
മറ്റൊരു പണ്ഡിതനായ ഇബ്‌നു ജസ് യില്‍ കല്‍ബി (ക്രി.വ 1294-1340) തന്റെ 'അത്തസ്ഹീലു ലി ഉലൂമിത്തന്‍സീല്‍' എന്ന കൃതിയില്‍ തന്റെ ഗുരു ഇബ്‌നുസ്സുബൈര്‍ അൽഗര്‍നാത്വിയെ മാതൃകയാക്കി ഈ ശാഖയില്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയത് കാണാം. 'നിര്‍ബന്ധ സ്വദഖകള്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കും..... (തൗബ: 60) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍, മുനാഫിഖുകളെക്കുറിച്ച് നിരവധി തവണ പരാമര്‍ശിക്കുന്നതിനിടയില്‍, സകാത്തിന്റെ അവകാശികള്‍ കടന്നുവന്നതിന്റെ ന്യായം ഇബ്‌നു ജസ്്യ് വിവരിക്കുന്നത് കാണുക: സകാത്തിന്റെ അവകാശികളെ എട്ടു വിഭാഗങ്ങളിലായി പരിമിതപ്പെടുത്തിയത് സകാത്ത് വിഷയകമായ മുനാഫിഖുകളുടെ കൊതിയെ അറുത്തുമുറിച്ചു കളയാനാണ്.
തൗബ: 58-ാം സൂക്തമായ وَمِنْهُم مَّن يَلْمِزُكَ فِي الصَّدَقَاتِ 'സകാത്ത് വിഷയകമായി അവരില്‍ ചിലര്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നവരുണ്ട്' എന്ന സൂക്തവുമായാണ് 60-ാം സൂക്തത്തിന്റെ ബന്ധം.
ഈ മേഖലയിലെ പ്രമുഖനാണ് 'അല്‍ബഹ്‌റുല്‍ മുഹീത്വിന്റെ കര്‍ത്താവ് അബൂഹയ്യാന്‍ അന്‍അന്ദലുസി. ഓരോ അധ്യായത്തിന്റെയും ആദ്യ സൂക്തത്തെ അതിനുമുമ്പുള്ള അധ്യായത്തിലെ ഒടുവിലെ സൂക്തവുമായി ബന്ധപ്പെടുത്തി അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. അല്‍ അമ്പിയാഅ് 1-ാം സൂക്തമായ
اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ
'ജനങ്ങള്‍ക്ക് അവരുടെ വിചാരണ അടുത്തെത്തിയിരിക്കുന്നു. അവരാകട്ടെ, അശ്രദ്ധയോടെ അഗണിച്ചു കളയുന്നവരാകുന്നു' എന്ന സൂക്തം അതിന്റെ തൊട്ടുമുമ്പുള്ള ത്വാഹാ അധ്യായത്തിന്റെ ഒടുവിലെ സൂക്തമായ
قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُواۖ 'നബിയേ, താങ്കള്‍ പറയുക. എല്ലാവരും കാത്തുനില്‍ക്കുന്നവരാണ്. ആയതിനാല്‍ നിങ്ങളും കാത്തുനിന്നുകൊള്ളുക' (ത്വാഹാ 135) യുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പരലോകമുണ്ടെന്നും ഭൗതിക ലോകത്തെ കര്‍മങ്ങള്‍ക്കനുസരിച്ച് രക്ഷാശിക്ഷകള്‍ ലഭിക്കുമെന്നും മുഹമ്മദ് ഭീഷണിപ്പെടുത്തുന്നു എന്നും അങ്ങനെയൊന്ന് സംഭവിക്കുകയില്ലെന്നും മക്കയിലെ മുശ് രിക്കുകള്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് 'ജനങ്ങള്‍ക്ക് അവരുടെ വിചാരണ അടുത്തിരിക്കുന്നു' എന്ന സൂക്തം അവതരിച്ചത്.
'അബസ' അധ്യായത്തിലെ ഒന്നും രണ്ടും സൂക്തങ്ങളായ
عَبَسَ وَتَوَلَّىٰ . أَن جَاءَهُ الْأَعْمَىٰ
'അവന്‍ മുഖം ചുളിക്കുകയും പിന്തിരിയുകയും ചെയ്തു' (അബസ 1,2) എന്ന സൂക്തങ്ങള്‍ക്ക് അബസ അധ്യായത്തിന് തൊട്ടുമുമ്പുള്ള അന്നാസിആത്തിലെ إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا 'നീ അതിനെ-പരലോകത്തെ- ഭയപ്പെടുന്നവക്ക് മുന്നറിയിപ്പു നല്‍കുന്നവന്‍ മാത്രമാകുന്നു (45) എന്ന സൂക്തവുമായി ബന്ധമുണ്ടെന്ന് അബൂഹയ്യാന്‍ നിരീക്ഷിക്കുകയുണ്ടായി. മുന്നറിയിപ്പ് പ്രയോജനപ്പെടുന്നവരെക്കുറിച്ച് പറഞ്ഞ ഖുര്‍ആന്‍, അത് പ്രയോജനപ്പെടാത്ത ഉത്ബത്തുബ്‌നു റബീഅ, അബൂജഹ്്ൽ, ഉമയ്യത്തുബ്‌നു ഖലഫ് മുതലായവരാണ് ഇവിടെ വിവക്ഷ.
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ
'തീര്‍ച്ചയായും അവനവനോട് അക്രമം ചെയ്തുകൊണ്ടിരുന്നവരായ നിലയിലായിരിക്കെ മലക്കുകള്‍ മരിപ്പിച്ചവര്‍' (അന്നിസാഅ് 97) എന്ന സൂക്തം വിവരിക്കവെ, അബൂഹയ്യാന്‍ എഴുതുന്നു:
'ഈ സൂക്തവും മുന്‍സൂക്തവും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്: ജിഹാദിന് മുന്നിട്ടിറങ്ങിയ പ്രതിഫലം എടുത്തുപറഞ്ഞ അല്ലാഹു, ജിഹാദില്‍ പങ്കെടുക്കാതെ, സത്യനിഷേധികളുടെ നാട്ടില്‍ തന്നെ കഴിഞ്ഞ് മരണം വരിക്കുന്നവരെക്കുറിച്ച് പറയുന്നു; തൊട്ടുമുമ്പുള്ള 95,96 സൂക്തങ്ങളിലൂടെ മുജാഹിദുകളുടെ ശ്രേഷ്ഠതകള്‍ വിവരിക്കുന്നു:
وَفَضَّلَ اللَّهُ الْمُجَاهِدِينَ عَلَى الْقَاعِدِينَ أَجْرًا عَظِيمًا . دَرَجَاتٍ مِّنْهُ وَمَغْفِرَةً وَرَحْمَةًۚ
'സമരത്തില്‍ പങ്കെടുക്കാതെ ഇരുന്നവരേക്കാള്‍ സമര സേനാനികള്‍ക്ക് മഹത്തായ പ്രതിഫലത്താല്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അവനില്‍നിന്നുള്ള പദവികള്‍, പാപമോചനം, കാരുണ്യം'
സൂറത്തുന്നിസാഇലെ സൂക്തങ്ങള്‍ തമ്മില്‍ മാത്രമല്ല, അധ്യായത്തിന്റെ തുടക്കവും ഒടുക്കവും എവ്വിധം പൊരുത്തപ്പെട്ടിരിക്കുന്നു എന്നും അബൂഹയ്യാന്‍ വിവരിക്കുന്നുണ്ട്. അനന്തരാവകാശ വിഷയകമായ വിധികള്‍ പരാമര്‍ശിച്ചു തുടങ്ങിയ അന്നിസാഅ് അധ്യായം അതുസംബന്ധമായിത്തന്നെയുള്ള കലാലയുടെ സൂക്തത്തോടെയാണ് സമാപിച്ചിരിക്കുന്നത് എന്നു കാണാം.
അശ്ശിഹാബ് അല്‍ഖഫാജി തഫ്‌സീറുല്‍ ബൈദാവിയുടെ ഹാശിയയിലും അല്‍ ഹസന്‍ ബ്‌നു മുഹമ്മദ് അന്നൈസാബൂരി 'ഗറാഇബുല്‍ ഖുര്‍ആന്‍ വറഗാഇബുല്‍ ഫുര്‍ഖാന്‍', അല്ലാമ അബുസ്സുഊദ് മുഹമ്മദ് ബ്‌നു മുഹമ്മദുല്‍ ഇമാദി 'ഇര്‍ശാദുല്‍ അഖ്‌ലിസ്സലീം ഇലാ മസായല്‍ ഖുര്‍ആനില്‍ കരീം', ശിഹാബുദ്ദീന്‍ മഹ്മൂദുല്‍ ആലൂസി 'റൂഹുല്‍ മആനി'യിലും ഈ ശാഖയിലൂന്നി ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
അധ്യായങ്ങളുടെ കേന്ദ്രാശയം
അധ്യായങ്ങളുടെ ഉള്ളടക്കം സംബന്ധിച്ചും പണ്ഡിതന്മാര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുവഴി ഓരോ അധ്യായത്തിന്റെയും കേന്ദ്രാശയം മനസ്സിലാക്കാന്‍ കഴിയും. ഈ മേഖലയില്‍ ഇബ്‌നു തൈമിയ്യയുടെയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമിന്റെയും സംഭാവനകള്‍ കാണാം. ഫൈറൂസാബാദി, 'ബസ്വാഇറുദവിത്തംയീസ് ഫീ ലത്വാഇഫില്‍ കിതാബിൽ അസീസിലും, റശീദ് രിദാ 'തഫ്‌സീറുല്‍ മനാറി'ലും ഖുര്‍ആനിലെ അധ്യായങ്ങളുടെ ലക്ഷ്യങ്ങളെയും ഉള്ളടക്കങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. അബ്ദുല്ല ശഹാത്തയുടെ 'അഹ്ദാഫു കുല്ലി സൂറത്തിന്‍ വ മഖാസ്വിദുഹാ ഫില്‍ഖുര്‍ആനില്‍ കരീം' ഈ ഇനത്തിലെ മറ്റൊരു കൃതിയാണ്. മുഹമ്മദ് അബ്ദുല്ല ദര്‍റാസ് തന്റെ 'അന്നബഉല്‍ അളീം' ല്‍ എഴുതുന്നു: 'ഒരു അധ്യായത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നില്ല. അത് തഫ്‌സീര്‍ കൃതികളില്‍ നാം പരിശോധിക്കണം. ഇവിടെ നാം, ഒരു അധ്യായം തുടക്കം മുതല്‍ അതിന്റെ ലക്ഷ്യത്തിലേക്ക് എങ്ങനെയാണ് പുരോഗമിക്കുന്നത്, ആശയപരമായ ഘടനയിലെ ഏകത, ശൃംഖലയിലെ ഓരോ കണ്ണിയും അതാതിടങ്ങളില്‍ എങ്ങനെ പ്രധാനമാവുന്നു മുതലായ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അധ്യായത്തിന്റെ ഓരോ ഭാഗവും തമ്മിലുള്ള പരസ്പര ബന്ധം പരിശോധിക്കുന്നതിനു മുമ്പ് അധ്യായത്തിന്റെ നട്ടെല്ല് എന്താണെന്ന് നിര്‍ണയിക്കുകയാണ് പ്രധാനം. ആദ്യം അധ്യായത്തെ മൊത്തത്തിൽ വീക്ഷിച്ച് കേന്ദ്ര ഘടന നിര്‍ണയിച്ചിട്ട് വേണം അവയിലെ ഓരോ ഘടകവും തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടെത്താന്‍. അധ്യായത്തിന്റെ കേന്ദ്രാശയം അവഗണിച്ച് ഒരു അധ്യായത്തിലെ ഒന്നോ രണ്ടോ വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ഫലപ്രദമല്ല. അത് ഖുര്‍ആന്റെ ഘടനാപരമായ സൗന്ദര്യത്തെ കെടുത്തിക്കളയും.
ഉസ്താദ് സയ്യിദ് ഖുത്വുബ് തന്റെ 'ഫീ ളിലാലില്‍ ഖുര്‍ആനില്‍ എല്ലാ അധ്യായങ്ങളുടെയും വിഷയപരമായ ഏകതയും സൂക്തങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസൃതമായ ഖുര്‍ആന്റെ സംഗീതാത്മകതയും സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്.
ശൈഖ് മഹ്്മൂദ് ശല്‍ത്തുത്ത് പത്ത് അധ്യായങ്ങളുടെ ഉള്ളടക്കപരമായ ഏകതയും ലക്ഷ്യവും കൈകാര്യം ചെയ്തിട്ടുണ്ട്. ആലുഇംറാന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം എഴുതുന്നു: ഈ അധ്യായത്തില്‍ അല്ലാഹു ജനസമൂഹങ്ങളുടെ സൗഭാഗ്യത്തിലും ദൗര്‍ഭാഗ്യത്തിലും വലിയ പങ്ക് വഹിക്കുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന്: ദിവ്യത്വം, വേദഗ്രന്ഥങ്ങളുടെ അവതരണം, ദിവ്യസന്ദേശം, പ്രവാചകത്വദൗത്യം മുതലായവ. രണ്ട്: സത്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അത് മുറുകെ പിടിച്ച് ജീവിക്കാനുമുള്ള മനുഷ്യരുടെ വിമുഖത. തുടര്‍ന്ന് അദ്ദേഹം ആ രണ്ടു കാര്യങ്ങള്‍ വിശദീകരിക്കുന്നു.
അബ്ദുല്‍ അസീസ് ജാവീശ് ഓരോ അധ്യായത്തിലെയും വിഷയപരമായ ഏകതയെക്കുറിച്ച് എഴുതുന്നു:
'ഓരോ അധ്യായത്തിലെയും സൂക്തങ്ങള്‍ തമ്മില്‍ ഒറ്റവാര്‍പ്പെന്ന പോലെയുള്ള ചേര്‍ച്ചയും പൊരുത്തവുമുണ്ട്. ചില മുഫസ്സിറുകള്‍ ഇത് മനസ്സിലാക്കാതെ അതിനെ ശ്ലഥ സൂക്തങ്ങളായി കണ്ട്, പൂര്‍വാപരബന്ധമില്ലാതെ വ്യാഖ്യാനിച്ചു കളയും. സൂക്തങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ, അഥവാ അതിനു കഴിഞ്ഞില്ലെങ്കില്‍ അന്യഥാ വ്യാഖ്യാനിച്ചു കളയും. ക്ലിഷ്ടതലങ്ങളിലൂടെ സഞ്ചരിച്ചുകളയും.'
ഫദ്്ല്‍ ഹസന്‍ അബ്ബാസിന്റെ 'അൽഖിസ്വസ്വുല്‍ ഖുര്‍ആനി ഈഹാഉഹുവ നഫ്ഹാത്തുഹു' എന്ന കൃതി ഈ ഇനത്തിലെ മറ്റൊരു ഗ്രന്ഥമാണ്;
അബുല്‍ ഹസന്‍ അല്‍ ഹറാലി അല്‍ മഗ് രിബി (ഹി: 637), അബൂ ജഅ്ഫര്‍ അഹ് മദുബ്‌നു ഇബ്‌റാഹീം അല്‍ ഗര്‍നാത്വി', ഇബ്‌നുന്നഖീബ് അല്‍ ഹനഫി, മുസ്വ്്ത്വഫൽ മറാഗി, ശൈഖ് ത്വാഹിറുല്‍ ജസാഇരി, അല്‍ഫറാഹീ മുതലായവരും ഈ രംഗത്തെ പ്രമുഖരാണ്.
അതേസമയം ഇസ്സുബ്‌നു അബ്ദിസ്സലാം, ഇമാം ശൗകാനി പോലുള്ള പ്രമുഖ പണ്ഡിതന്മാര്‍, ഇരുപത്തി മൂന്നു വര്‍ഷക്കാലത്തിനിടയില്‍ പലപ്പോഴായി അവതരിച്ച ഖുര്‍ആനില്‍ സൂക്തങ്ങള്‍ തമ്മിലും അധ്യായങ്ങള്‍ തമ്മിലും ചേര്‍ച്ചയും പൊരുത്തവും അന്വേഷിക്കുന്നത് എത്രത്തോളം സാധുവാണ് എന്ന് സംശയമുന്നയിക്കുന്നുണ്ട്. എങ്കിലും ഇൽമുൽ മുനാസബ പ്രബലമായ വിജ്ഞാനശാഖയാണെന്നതില്‍ സംശയമില്ല. l
റഫറൻസ്:
httsp://www.islamweb.net علم المناسبات فى القرآن : alukah.net