ഇല്‍മുല്‍ മുനാസബാത്ത് ഖുര്‍ആനിലെ അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ചേര്‍ച്ചയും പൊരുത്തവും

ഒരു സംഘം ലേഖകര്‍‌‌
img

ഖുര്‍ആനിലെ ഒരധ്യായത്തിന് മുമ്പും ശേഷവുമുള്ള അധ്യായങ്ങളുമായും, ഒരു സൂക്തത്തിന് മുമ്പും ശേഷവുമുള്ള സൂക്തങ്ങളുമായുമുള്ള ബന്ധത്തെക്കുറിച്ച വിജ്ഞാനശാഖ ഇല്‍മുല്‍ മുനാസബാത്ത് (علم المناسبات) എന്നറിയപ്പെടുന്നു. വിശുദ്ധ ഖുര്‍ആന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ജ്ഞാനശാഖയെക്കുറിച്ച് ഗ്രാഹ്യം അത്യാവശ്യമാണ്. ഖുര്‍ആന്റെ ഘടനയും അമാനുഷികതയും അവതരണാന്തരീക്ഷവുമായുള്ള സഹജീവിതവും സാധ്യമാക്കാന്‍ ഇല്‍മുല്‍ മുനാസബ സഹായിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ധൈഷണികമോ ആത്മീയമോ ആയ പ്രഭാപ്രസരണം എന്ന നിലയിലാണ് ഇതേക്കുറിച്ച് പറയാന്‍ കഴിയുന്നത്.
അവതരണ ഘട്ടത്തില്‍ പലതായി കിടന്ന സൂക്തങ്ങള്‍ പിന്നീട് ക്രോഡീകരിക്കുകയാണുണ്ടായത്. അടിത്തറകളിലായി സ്ഥാപിതമായ ഒരു കെട്ടിടം അതേപടി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുമ്പോള്‍ അതിനു മുമ്പായി അതിന്റെ നീളവും വീതിയും നിര്‍ണയിക്കുകയും ഇഷ്ടികക്ക് അടയാളം വെക്കുകയും ചെയ്തശേഷം പുനഃസ്ഥാപിക്കുന്നതുപോലെയാണ് ഖുര്‍ആന്റെ ക്രോഡീകരണം നടന്നത്. പൊളിച്ചു മാറ്റി സ്ഥാപിക്കപ്പെട്ട കെട്ടിടം ആദ്യത്തെ അതേ അവസ്ഥയില്‍ ഭദ്രമായി പുനഃസൃഷ്ടിക്കപ്പെടുന്നു.

ഖുര്‍ആന്‍ സൂക്തങ്ങള്‍ തമ്മിലുള്ള ബന്ധം വിശാലാര്‍ഥവും വ്യവസ്ഥാപിത ഘടനയുമുള്ള ഒറ്റ വാചകമായി പരിഗണിക്കാവുന്ന വിധം മനസ്സിലാക്കാവുന്ന മഹത്തായ വിജ്ഞാനമാണ് ഇതെന്ന് സൂറത്തുല്‍ ബഖറയെ മുന്‍നിര്‍ത്തി ശൈഖ് വലിയ്യുദ്ദീന്‍ അല്‍ മല്ലവി രേഖപ്പെടുത്തുകയുണ്ടായി. ഈ ഖുര്‍ആനിക വിജ്ഞാന ശാഖയുടെ തുടക്കം ഇദ്ദേഹത്തില്‍ നിന്നാണെന്ന് സുയൂത്വിയെ ഉദ്ധരിച്ച് സര്‍കശീ രേഖപ്പെടുത്തുന്നു.4 അതേസമയം അബൂബക് ര്‍ നൈസാബൂരിയാണ് ഈ മേഖലയിലെ പ്രഥമനായി പരിഗണിക്കപ്പെടുന്നത്.
സംഭവങ്ങള്‍ക്കനുസരിച്ച് അവതരണമായാലും സൂക്തങ്ങളുടെ യുക്തിപൂര്‍ണമായ ക്രമവല്‍ക്കരണമായാലും ഖുര്‍ആനിലെ അധ്യായങ്ങളും സൂക്തങ്ങളും ലൗഹുല്‍ മഹ്ഫൂളില്‍നിന്ന് ബൈത്തുല്‍ ഇസ്സയിലേക്ക് ഒന്നിച്ച് അവതീര്‍ണമായതുപോലെ അല്ലാഹുവിന്റെ നിശ്ചയ പ്രകാരം തന്നെയാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്റെ ഘടനയും ശൈലിയും വ്യക്തമായ അമാനുഷികതയാണ്. ഏത് സൂക്തത്തിനും അതിനു മുമ്പുള്ളതുമായി ബന്ധമുണ്ടോ, അതോ അത് സ്വതന്ത്ര സൂക്തമാണോ, സ്വതന്ത്രമാണെങ്കിലും അതിന് മുന്‍ സൂക്തങ്ങളുമായി ബന്ധമുണ്ടോ മുതലായവയെല്ലാം ഈ വിഷയകമായ വിജ്ഞാനത്തോടൊപ്പം കൗതുകവും പകരുന്ന പഠനശാഖയാണ്. അധ്യായങ്ങളുടെ പൂര്‍വാപര ബന്ധത്തെക്കുറിച്ച പഠനവും തഥൈവ.
عن عثمان رضي الله عنه أنّ رسول الله - صلى الله عليه وسلم  كان إذا نزل عليه الشيء يدعو بعض من يكتب عنده يقول : ضعوا هذا في السورة التي يذكر فيها كذا وكذا
ഉസ്മാനി(റ)ല്‍നിന്ന് നിവേദനം: 'നബി(സ)ക്ക് വല്ലതും അവതരിച്ചാല്‍ അദ്ദേഹത്തിന്റെ സവിധത്തില്‍ ഖുര്‍ആന്‍ എഴുതിയിരുന്നവരോട് പറയും: ഈ സൂക്തം ഇന്ന ഇന്ന സൂക്തങ്ങള്‍ പറയുന്ന അധ്യായത്തില്‍ നിങ്ങള്‍ ചേര്‍ക്കുക' (അഹ്്മദ്, മൂന്നു സുനനുകാര്‍)

നിര്‍വചനം
ഖുര്‍ആനിലെ സൂക്തങ്ങള്‍ തമ്മിലും അധ്യായങ്ങള്‍ക്കിടയിലുമുള്ള ആശയപരമായ ബന്ധത്തെക്കുറിച്ച് പഠിച്ച് ഖുര്‍ആനില്‍ സൂക്തങ്ങളും അധ്യായങ്ങളും ക്രമീകരിച്ചതിന്റെ യുക്തി കണ്ടെത്തുന്ന വിജ്ഞാനീയമാണ് ഇല്‍മുല്‍ മുനാസബാത്ത്. ഇതേക്കുറിച്ച് ആദ്യമായി സംസാരിച്ചത് ഇമാം അബൂബക്കര്‍ നൈസാബൂരിയാണ്. ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ മുമ്പാകെ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ ഈ സൂക്തം എന്തിന് ഇവിടെ ചേര്‍ത്തു. ഈ അധ്യായം ഇവിടെ ചേര്‍ത്തത് എന്തിനായിരിക്കണം? എന്നിങ്ങനെ അദ്ദേഹം ചോദിക്കുമായിരുന്നു. ഇമാം ബുര്‍ഹാനുദ്ദീന്‍ ബിഖാഈയുടെ 'നള്മുദ്ദുറര്‍ ഫീതനാസുബില്‍ ആയാത്തി വസ്സുവര്‍' ആണ് ഈ ഇനത്തിലെ പ്രശസ്ത കൃതി.

പ്രാധാന്യം
വ്യാകരണ വിജ്ഞാനീയവും അലങ്കാര ശാസ്ത്രവും തമ്മിലുള്ള ബന്ധമാണ് ഇല്‍മുല്‍ മുനാസബയും ഖുര്‍ആന്‍ വ്യാഖ്യാന വിജ്ഞാനീയവും തമ്മിലുള്ളത്. ഈ ജ്ഞാനശാഖ വാക്യങ്ങളിലെ പദങ്ങള്‍ തമ്മിലുള്ള പാരസ്പര്യവും ആ പാരസ്പര്യം വഴി ലഭിക്കുന്ന ശക്തിയും എങ്ങനെയാണ് പരസ്പരം ബലവത്തും സുഘടിതവുമായ ഒരു കെട്ടിടം എന്ന പോലെ രചനയെ മാറ്റിത്തീര്‍ക്കുന്നതെന്നും കാണിച്ചു തരുന്നു.
ഇല്‍മുല്‍ മുനാസബ ഹൃദയങ്ങളില്‍ സത്യവിശ്വാസത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു, ബുദ്ധിയെ സ്വാധീനിക്കുന്നു. അമാനുഷികതയുടെ രണ്ട് വാതായനങ്ങള്‍ തുറക്കുന്നു. ഒന്ന്: ഓരോ വാചകത്തിന്റെയും തനതു ഘടന. രണ്ട്: ഇതര അധ്യായങ്ങളും സൂക്തങ്ങളുമായുള്ള ക്രമപരമായ ഘടന.

ഖുര്‍ആനിലെ കൗതുകങ്ങളും മനോഹാരിതകളും കൂടുതലായും നമുക്ക് കാണാനാവുക ഈ വിജ്ഞാനശാഖയിലാണ്. മനുഷ്യ ബുദ്ധിയുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുമ്പോള്‍ അവ സ്വീകാര്യമാവുന്നു എന്നത് ഖുര്‍ആന്റെ മൗലികമായ അമാനുഷ ഭാവമാണ് അതെന്നത് കൊണ്ടാണ്.

സൂക്തങ്ങള്‍ തമ്മിലെ ബന്ധവും അവയുടെ ഔചിത്യവും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സൂക്തത്തിന്റെ തന്നെ ആശയം മനസ്സിലാക്കാന്‍ പ്രയാസപ്പെടേണ്ടതായി വരും.

താഴെ കൊടുത്ത 'ആയത്തുല്‍ അഹില്ല' എന്ന സൂക്തം വ്യാഖ്യാനിക്കുന്നതില്‍ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും  സംഭവിച്ചത് അതാണ്. പ്രസ്തുത സൂക്തത്തിന്റെ അവതരണ പശ്ചാത്തലമായി ഇബ്‌നു അബ്ബാസ്(റ) പറയുന്നു:
يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ
'(നബിയേ) നിങ്ങളോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ഥാടനത്തിനും കാലനിര്‍ണയത്തിനുമുള്ള ഉപാധികളാകുന്നു അവ' (ബഖറ 189).

അബുല്‍ ആലിയ പറയുന്നു: സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ സൃഷ്ടിച്ചത് എന്തിനായാണ്? അപ്പോള്‍ അല്ലാഹു 'യസ്അലൂനക അനില്‍ അഹില്ല' എന്നത് അവതരിപ്പിച്ചു.

സൂക്തങ്ങളുടെ ക്രമം
ഖുര്‍ആനില്‍ നാം കാണുന്ന സൂക്തങ്ങളുടെ ക്രമം വഹ് യ് മുഖേന അല്ലാഹുവാല്‍ നിശ്ചയിക്കപ്പെട്ടതാണ്. (തൗഖീഫിയ്യ്) നബി(സ) യുടെ കല്‍പനയും സ്വഹാബികളുടെ സാന്നിധ്യത്തില്‍ തിരുമേനി നടത്തിയ പാരായണവും അത് തൗഖീഫിയ്യ ആണെന്ന് തെളിയിക്കുന്നു. ഇക്കാര്യം പണ്ഡിതന്മാരുടെ ഏകോപിത (ഇജ്മാഅ്) അഭിപ്രായമാണ്. സര്‍കശി അല്‍ ബുര്‍ആനിലും അബൂജഅ്ഫര്‍ ബ്‌നു സ്സുബൈര്‍ തന്റെ മുനാസബാത്തിലും ഇക്കാര്യത്തില്‍ ഇജ്മാഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ബൈഹഖിയും ഹാകിമും സൈദുബ്‌നു സാബിത്തില്‍നിന്ന് ഉദ്ധരിക്കുന്നു:
 كنَّا عند رسول الله صلى الله عليه وسلم نُؤَلِّفُ القرآنَ من الرِّقاع
'ഞങ്ങള്‍ നബി(സ)യുടെ സാന്നിധ്യത്തില്‍ വെച്ച് തുകല്‍ കഷ്ണങ്ങളില്‍നിന്ന് ഖുര്‍ആന്‍ ക്രോഡീകരിച്ചിരുന്നു.' അതായത്, പലതായി കിടന്ന സൂക്തങ്ങളെ നബി(സ)യുടെ നിര്‍ദേശ പ്രകാരം അതാത് അധ്യായങ്ങളിലായി ക്രോഡീകരിച്ചു, ക്രമീകരിച്ചു എന്നര്‍ഥം.11

അധ്യായങ്ങളുടെ ക്രമം
ഖുര്‍ആനിലെ അധ്യായങ്ങളുടെ ക്രമവല്‍ക്കരണ(തര്‍ത്തീബ്) വുമായി ബന്ധപ്പെട്ട് മൂന്ന് അഭിപ്രായങ്ങള്‍ നിലവിലുണ്ട്.

1. നബി(സ)യുടെ നിര്‍ദേശ പ്രകാരം തൗഖീഫിയ്യായാണ് ക്രമവല്‍ക്കരണം നടന്നത്.

2. സ്വഹാബികളുടെ ഇജ്തിഹാദ് പ്രകാരമാണ് നടന്നത്. ദൈര്‍ഘ്യമുള്ളവ (ത്വിവാല്‍) ആദ്യവും നൂറോ അതിലധികമോ സൂക്തങ്ങള്‍ ഉള്ളവ (മിഈന്‍) രണ്ടാമതും, പിന്നീട് മസാനി (നൂറില്‍ കുറഞ്ഞ സൂക്തങ്ങള്‍ ഉള്ളവ) ശേഷം മുഫസ്സ്വല്‍ (ചെറിയ അധ്യായങ്ങള്‍) എന്ന ക്രമത്തില്‍ (മുഫസ്സ്വലില്‍തന്നെ നീണ്ടവയും മധ്യസ്ഥവും ചെറിയവയും ഉണ്ട്) ഖുർആനിൽ കാണുന്ന ഈ ക്രമം സ്വഹാബികളുടെ ഏകകണ്ഠാഭിപ്രായമാണ്.

ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് ഖുര്‍ആന്റെ ക്രോഡീകരണവും ക്രമവല്‍ക്കരണവും നടന്നു എന്നതില്‍നിന്ന് നേരത്തെ സ്വഹാബികളുടെ കൈവശമുണ്ടായിരുന്ന മുസ്വ്്ഹഫുകളില്‍ ക്രമവല്‍ക്കരണം നടന്നിരുന്നില്ല എന്നു മനസ്സിലാക്കാം.
അഹ്്മദ്, തിര്‍മിദി, നസാഈ, ഇബ്‌നു ഹിബ്ബാന്‍ എന്നിവരുടെ റിപ്പോര്‍ട്ട് പ്രകാരം അല്‍അന്‍ഫാല്‍, അത്തൗബ അധ്യായങ്ങള്‍ അടുത്തടുത്തായി ക്രമീകരിച്ചത് ഉസ്മാന്‍(റ) ആണ്. രണ്ട് അധ്യായങ്ങളുടെ പ്രമേയ സാദൃശ്യമാണ് ഇവിടെ പരിഗണിച്ചത്; അന്‍ഫാല്‍ മദീനയിലെ തുടക്ക ഘട്ടത്തിലും അത്തൗബ അവസാന ഘട്ടത്തിലും അവതരിച്ചവയാണെങ്കിലും.

3. ചില സൂറത്തുകള്‍ നബി(സ)യുടെ നിര്‍ദേശ പ്രകാരവും മറ്റു ചിലവ സ്വഹാബികളുടെ ഇജ്തിഹാദ് പ്രകാരവും ക്രമീകരിക്കുകയാണുണ്ടായതെന്നാണ് മൂന്നാമത്തെ വീക്ഷണം. അല്‍ബഖറയും ആലുഇംറാനും നബി(സ) ക്രമീകരിച്ചതായി താഴെ ഹദീസില്‍നിന്ന് ഗ്രഹിക്കാം.
اقْرَؤُوا الزَّهْراوَينِ: البَقَرةَ وآلَ عِمرانَ
'നിങ്ങള്‍ രണ്ടു സഹ്‌റാവുകളെ - അല്‍ബഖറയും ആലുഇംറാനും- പാരായണം ചെയ്യുക (മുസ്്ലിം) (സഹ്‌റാവുകള്‍ എന്നാല്‍ പ്രകാശ പൂര്‍ണമായ വെള്ള മേഘങ്ങള്‍' എന്നര്‍ഥം. അന്ത്യനാളില്‍ വെള്ളമേഘങ്ങള്‍ അഥവാ മേല്‍ രണ്ട് സൂറത്തുകള്‍ ഓതുന്നവര്‍ക്ക് തണലായുണ്ടാവും എന്നു സാരം. സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും മറ്റൊരു ഉദാഹരണം. താഴെ നബിവചനം കാണുക:
أنَّ النَّبيَّ صلَّى اللهُ عليه وسلَّم كان إذا أوى إلى فراشِه كلّ ليلة جمَع كفَّيْهِ ثمَّ نفَث فيهما وقرَأ قُلْ هُوَ اللَّهُ أَحَدٌ و المعوّدتين
'നബി(സ) എല്ലാ രാത്രിയിലും വിരിപ്പില്‍ അഭയം തേടുമ്പോള്‍ (ഉറങ്ങാനായി കിടക്കുമ്പോള്‍) രണ്ട് കൈപ്പത്തികള്‍ ചേർത്തു വെച്ച് ഖുല്‍ഹുവല്ലാഹു അഹദും ഖുല്‍അഊദുബിറബ്ബില്‍ ഫലഖും ഖുല്‍അഊദു ബിറബ്ബിന്നാസും പാരായണം ചെയ്ത് അവയില്‍ ഊതുമായിരുന്നു. ചിലപ്പോള്‍ അത് അങ്ങനെ സംഭവിച്ചതാവാം. സൂറത്തുകളുടെ ക്രമം സൂചിപ്പിക്കുന്നതല്ലാതിരിക്കാം. എങ്കിലും സൂറത്തുകളുടെ ക്രമവല്‍ക്കരണത്തിന്റെ മാതൃകയായി പണ്ഡിതന്മാര്‍ക്കിടയില്‍ അത് പ്രബല വീക്ഷണമായി നിലനില്‍ക്കുന്നു.

ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്ന ഘട്ടങ്ങളില്‍ സൂറത്തുകളും ആയത്തുകളും തല്‍സമയം ക്രമീകരിച്ചിരുന്നില്ല. ഇരുപത്തി മൂന്നു വര്‍ഷക്കാലത്തായി ഘട്ടം ഘട്ടമായാണല്ലോ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്. സന്ദര്‍ഭാനുസൃതം, ആവശ്യാനുസൃതം, വിധികള്‍ വിശദീകരിക്കാന്‍, ചോദ്യത്തിനു മറുപടിയായി, നിലപാടുകള്‍ രൂപവല്‍ക്കരിക്കാന്‍ എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് അവതരണം നടന്നത്.

ചില സൂറത്തുകള്‍ ഒറ്റത്തവണയായി അവതരിച്ചു. ചിലപ്പോള്‍ ഒരു അധ്യാത്തിലെ ചില ആയത്തുകളില്‍ ഒരു പ്രത്യേക വിഷയം ചര്‍ച്ച ചെയ്യാനായി ഇറങ്ങി. അതേ അധ്യായത്തിലെ സൂക്തങ്ങളായി പിന്നീട് മറ്റൊരു വിഷയകമായി വേറെ സൂക്തങ്ങള്‍ അവതരിച്ചു. ചിലപ്പോള്‍ അവ തൊട്ടുമുമ്പ് അതേ സൂറത്തിലോ മറ്റേതെങ്കിലും സൂറത്തിലോ ചേര്‍ത്തു. ഇങ്ങനെയെല്ലാം കാണാം.

ഒരേ പ്രമേയമുള്ള സൂറത്തുകള്‍ 
ഒത്തുവന്നതിന്റെ ഉദാഹരണം

സൂറത്തു ദ്ദുഹായും അതിനു തൊട്ടുതാഴെയുള്ള സൂറത്തുശ്ശര്‍ഹും ഉള്ളടക്കപരമായി സാമ്യതയുള്ള സൂറത്തുകള്‍ക്ക് ഉദാഹരണമാണ്, അല്ലാഹു നബി(സ)ക്ക് നല്‍കിയ ഔദാര്യങ്ങളാണ് രണ്ട് അധ്യായങ്ങളിലെയും പ്രമേയം. ശൈശവഘട്ടത്തില്‍ സംരക്ഷണത്തിന് ഏര്‍പ്പാട് ചെയ്തു. ആദ്യം പിതാമഹനും പിന്നീട് പിതൃവ്യനും സംരക്ഷിച്ചു. ദരിദ്രനായിരുന്ന നബി(സ)യെ ധന്യനാക്കി. ഖദീജ(റ)യുടെ വ്യാപാരത്തില്‍ പങ്കാളിയായതോടെ സാമ്പത്തികാശ്വാസം ലഭ്യമായി. അദ്ദുഹാ അധ്യായത്തിലെ ഇതേ ആശയം തന്നെയാണ് തൊട്ടടുത്ത അശ്ശര്‍ഹ് അധ്യായത്തിലെയും പ്രതിപാദ്യം. അല്ലാഹു നബി(സ)യുടെ ഹൃദയത്തിന് വിശാലത നല്‍കി. അതുവഴി എല്ലാ അവസ്ഥകളിലും അദ്ദേഹത്തിന് മനഃസ്വാസ്ഥ്യം കൈവന്നു. പാപങ്ങള്‍ പൊറുത്തുകൊടുത്തുകൊണ്ട് ആ തരത്തിലും ആശ്വാസമേകി.

അധ്യായത്തിന്റെ തുടക്കം തൊട്ടുമുമ്പുള്ള അധ്യായത്തിന്റെ ഒടുക്കവുമായി ഒത്തുവന്നതിന്റെ ഉദാഹരണം
52-ാമത്തെ അധ്യായമായ അത്ത്വൂറിലെ 49-ാമത്തെയും ഒടുവിലെയും സൂക്തവുമായി ഒത്തുവരുംവിധമാണ് 53-ാമത്തെ അധ്യായമായ 'വന്നജ്മി'യുടെ തുടക്കം.
ومن الّليل فسبّحه وأدبار النّجوم / والنّجم اذا هوى 'രാത്രിയിലും അവന്റെ വിശുദ്ധിയെ വാഴ്ത്തുക. നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നക്ഷത്രം അസ്തമിക്കുമ്പോഴും.
അധ്യായത്തിന്റെ തുടക്കവും ഒടുക്കവും തമ്മിലെ ചേര്‍ച്ച
അന്നഹ്്ല്‍ അധ്യായത്തിലെ ഒന്നാം സൂക്തം ആരംഭിക്കുന്നത്
 أَتَىٰ أَمْرُ اللَّهِ فَلَا تَسْتَعْجِلُوهُۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
'അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇനി അതിന് ധൃതി കാണിക്കേണ്ടതില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനും ഉന്നതനുമാണ് (അന്നഹ്്ല്‍ - 1) ഇതേ അധ്യായത്തിന്റെ ഏറ്റവും ഒടുവിലെ (110-ാം സൂക്തം) ഇങ്ങനെ:
ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا مِن بَعْدِ مَا فُتِنُوا ثُمَّ جَاهَدُوا وَصَبَرُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
'പീഡിതരായ ശേഷം സ്വദേശം വെടിഞ്ഞ് പലായനം നടത്തുകയും പിന്നീട് സമരത്തിലേര്‍പ്പെടുകയും ചെയ്തവരെ സംബന്ധിച്ചേടത്തോളം നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ; തീര്‍ച്ച' (നഹ്്ല്‍ 110)

അധ്യായങ്ങളുടെ തുടക്കത്തിലെ യോജിപ്പ്
ഹാമീം എന്നു തുടങ്ങുന്ന ഗാഫിര്‍(40), ഫുസ്സ്വിലത്ത് (41), അശ്ശൂറാ (42), അസ്സുഖ്‌റുഫ് (43), അദ്ദുഖാന്‍ (44), അല്‍ ജാസിയ (45), അല്‍ അഹ്ഖാഫ് (46) എന്നീ തുടര്‍ അധ്യായങ്ങള്‍ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെയും ഖുര്‍ആനെയും കുറിച്ചാണ് സംസാരിക്കുന്നത്. ഇതെല്ലാം ഖുര്‍ആന്റെ ഘടനാപരമായ അമാനുഷികതയാണ് സ്ഥാപിക്കുന്നത്.


ആയത്തുകള്‍ തമ്മിലെ ചേര്‍ച്ചപ്പൊരുത്തത്തിന് ഉദാഹരണം:
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَاۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
'അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിനെ തടയുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമികാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്ത് കഠിനശിക്ഷയും' (ബഖറ 114)

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ മേല്‍ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ ഖുറൈശികള്‍ നബി(സ)യെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതാണ് വിവക്ഷയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ക്രൈസ്തവരായ റോമക്കാരുടെ കരങ്ങളാല്‍ ബൈത്തുല്‍ മുഖദ്ദസിനുണ്ടായ നാശമാണ് വിവക്ഷ എന്നാണ് മറ്റൊരു പക്ഷം. ഹുദൈബിയ വേളയില്‍ മുസ് ലിംകളെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നത് വിലക്കിയ മുശ് രിക്കുകളെക്കുറിച്ചാണ് മേല്‍ സൂക്തത്തിലെ പരാമര്‍ശം എന്നഭിപ്രായപ്പെടുന്നവരുമുണ്ട്.

മക്കയിലെ മുശ്്രിക്കുകള്‍ മസ്ജിദുല്‍ ഹറാമിനെ ആദരിച്ചിരുന്നതിനാലും അതിനെ നശിപ്പിച്ചിട്ടില്ലാത്തതിനാലും, ബൈത്തുല്‍ മുഖദ്ദസ് നശിപ്പിക്കാന്‍ ശ്രമിച്ച ക്രൈസ്തവരാണ് മേല്‍സൂക്തത്തിലെ വിവക്ഷയെന്ന് ഇമാം ത്വബരി അഭിപ്രായപ്പെടുന്നു. മുശ് രിക്കുകള്‍ നബി(സ) തടയുക മാത്രമെ ചെയ്തുള്ളൂ, പള്ളി നശിപ്പിച്ചിട്ടില്ല.
വേദവിശ്വാസികളായ യഹൂദികളും ക്രൈസ്തവരും ഇസ്്ലാമിനും മുസ് ലിംകള്‍ക്കുമെതിരില്‍ നടത്തിക്കൊണ്ടിരുന്ന കുതന്ത്രങ്ങള്‍ തുറന്നു കാട്ടുന്നതിനിടയിലാണ് ഈ സൂക്തം ഉള്‍പ്പെടുത്തിയിരിക്കുന്നത്. താഴെ സൂക്തങ്ങള്‍ കാണുക:
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّۖ
'നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം നിങ്ങളെ  അവിശ്വാസികളാക്കി മാറ്റിയെടുക്കാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയനിമിത്തമാണ്' (അവരാ നിലപാട് സ്വീകരിക്കുന്നത്).
(ബഖറ 109)
لَن يَدْخُلَ الْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَارَىٰۗ
'യഹൂദനോ ക്രിസത്യാനികളോ അല്ലാത്തവർക്ക് സ്വർഗപ്രവേശം സാധ്യമല്ല. (ബഖറ 111)
ഇതിനു മറുപടിയായി അല്ലാഹു പറയുന്നു:
بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
'എന്നാല്‍ അങ്ങനെയല്ല. ഏതൊരാള്‍ സല്‍ക്കര്‍മിയായിക്കൊണ്ട് അല്ലാഹുവിന് ആത്മ സമര്‍പ്പണം ചെയ്തുവോ, അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ബഖറ 112).

ഏതൊരു കര്‍മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നതിന്റെ മാനദണ്ഡം നിഷ്‌കളങ്കതയാണെന്നര്‍ഥം. ഇതിനുശേഷം യഹൂദരുടെയും ക്രൈസ്തവരുടെയും അവകാശവാദങ്ങള്‍ ഉദ്ധരിക്കുന്നു.
وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَىٰ عَلَىٰ شَيْءٍ وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ 
'യഹൂദന്മാര്‍ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന്. ക്രിസ്ത്യാനികള്‍ പറഞ്ഞു: യഹൂദന്മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന്. (ബഖറ 113)
ആര്‍ എന്തെന്ത് അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അല്ലാഹു അന്ത്യനാളില്‍ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.

ഇബ്‌നു ആശൂറിന്റെ അഭിപ്രായത്തില്‍ 'സൂക്തത്തിന്റെ പശ്ചാത്തലം അറേബ്യന്‍ മുശ്്രിക്കുകളുമായി ബന്ധപ്പെട്ടതാണ്. ഇസ്്ലാമിനും മുസ് ലിംകള്‍ക്കുമെതിരെ വേദവിശ്വാസികള്‍ അകമെ സൂക്ഷിച്ചിരുന്ന വിദ്വേഷം തുറന്നു കാട്ടിയ അല്ലാഹു ഇതേ ദുര്‍ഗുണം മുശ് രിക്കുകള്‍ക്കും ഉണ്ടായിരുന്നതായി ബറഖ 105-ല്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
مَّا يَوَدُّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَلَا الْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍ مِّن رَّبِّكُمْۗ
'നിങ്ങളുടെ രക്ഷിതാവില്‍നിന്നും വല്ല നന്മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല.'
മുഹമ്മദ് നബി(സ)ക്ക് ഖുര്‍ആന്‍ അവതരിച്ചത് ഒട്ടുമെ ഇഷ്ടപ്പെടാതിരുന്ന മുശ്്രിക്കുകളുടെ നിലപാട് മുമ്പ് മറ്റാരും സ്വീകരിച്ചിട്ടില്ല. മുശ്്രിക്കുകള്‍ പള്ളിയില്‍നിന്ന് ആളുകളെ തടഞ്ഞു, സന്മാര്‍ഗ പാതയില്‍ വിലങ്ങുതടി സൃഷ്ടിച്ചു. കഅ്ബ സന്ദര്‍ശനത്തിന് വിലക്കുകളേര്‍പ്പെടുത്തി. യഥാര്‍ഥത്തില്‍ അവരുടെ അഭിമാനത്തിന്റെയും സ്ഥാനമാനങ്ങളുടെയും കേന്ദ്രമായിരുന്നു മസ്ജിദുല്‍ ഹറാം; എന്നിട്ടു പോലും. ഇത് അസൂയാലുക്കളുടെ നിലപാടാണ്, ഉത്തമസ്വഭാവികളുടേതല്ല.'
സയ്യിദ് ഖുത്വ്്ബിന്റെ വീക്ഷണത്തില്‍ ഖിബ്‌ല മാറ്റവുമായാണ് മേല്‍സൂക്തത്തിന്റെ ബന്ധം. വേദവിശ്വാസികള്‍ വിശിഷ്യാ യഹൂദര്‍ കഅ്ബയെ ഖിബ് ലയായി സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. താഴെ സൂക്തങ്ങള്‍ കാണുക:
وَلِلَّهِ الْمَشْرِقُ وَالْمَغْرِبُۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ . وَقَالُوا اتَّخَذَ اللَّهُ وَلَدًاۗ سُبْحَانَهُۖ بَل لَّهُ مَا فِي السَّمَاوَاتِ وَالْأَرْضِۖ كُلٌّ لَّهُ قَانِتُونَ
'കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതു തന്നെയാകുന്നു. നിങ്ങള്‍ എവിടേക്കു തിരിഞ്ഞുനിന്നു പ്രാര്‍ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാകുന്നു. അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധന്‍ അങ്ങനെയല്ല, ആകാശ ഭൂമികളിലുള്ളതെല്ലാം തന്നെ അവന്റേതാകുന്നു. എല്ലാവരും അവന്ന് കീഴ്‌പ്പെട്ടിരിക്കുന്നവരാകുന്നു. (ബഖറ 115,116).

ഈ രണ്ടു സൂക്തങ്ങളും യഹൂദികളുടെ അബദ്ധ വാദങ്ങളെ തുറന്നുകാട്ടുന്നവയാണ്. ബൈത്തുല്‍ മുഖദ്ദിസിലേക്ക് തിരിഞ്ഞു നടത്തിയ നമസ്‌കാരം വൃഥാവിലായി, അതിനു പ്രതിഫലം ലഭിക്കില്ല എന്ന വാദത്തെ ഖണ്ഡിക്കുന്നു. ഏതൊരു വിശ്വാസിയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം നിര്‍ദിഷ്ട ദിശയിലേക്ക് നടത്തുന്ന നമസ്‌കാരം പ്രതിഫലാര്‍ഹമായിരിക്കും. ഖിബ്്ലാ നിര്‍ണയം അല്ലാഹുവാണ് നടത്തുന്നത്. അത് അനുസരിക്കുക മാത്രമാണ് വിശ്വാസിയുടെ ബാധ്യത.
ബഖറ 114-ാം സൂക്തവും അതിനു മുമ്പുള്ള സൂക്തവും തമ്മില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നതായി കാണാം. ക്രൈസ്തവരാണ് ഒരു പ്രതിപാദ്യം.
وَقَالَتِ النَّصَارَىٰ لَيْسَتِ الْيَهُودُ عَلَىٰ شَيْءٍ
യഹൂദർ ഒന്നിലുമല്ല എന്ന് നസ്വാറാക്കൾ പറഞ്ഞു (ബഖറ 113) അതേ സൂക്തത്തിൽ ബഹുദൈവ വിശ്വാസികളെക്കുറിച്ച് പറയുന്നു.
كَذَٰلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْۚ
'അപ്രകാരം, വിവരമില്ലാത്തവരും -മുശ് രിക്കുകള്‍- അവരെ -ക്രൈസ്തവരെ- പോലെത്തന്നെ പറഞ്ഞു (ബഖറ 113) ഇതനുസരിച്ച് മേല്‍സൂക്തം (ബഖറ 114) അല്ലാഹു അനുഗ്രഹിച്ച മസ്ജിദുല്‍ അഖ്‌സ്വാ നശിപ്പിച്ച ക്രൈസ്തവരെക്കുറിച്ചാണെങ്കിലും, മുസ് ലിംകളെ മസ്ജിദുല്‍ ഹറാമില്‍നിന്ന് തടഞ്ഞ മുശ് രിക്കുകളെക്കുറിച്ചാണെങ്കിലും ബഖറ 114-ഉം അതിനു മുമ്പുള്ള സൂക്തവും തമ്മില്‍ വളരെ പ്രകടമായ ബന്ധവുമുണ്ടെന്നത് തീര്‍ച്ച.
أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُۖ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَۗ
'ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീ അറിഞ്ഞില്ലെ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവൻ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു. നീ അതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല' (ബഖറ 258).

ഇബ്‌റാഹീമും നംറൂദ് രാജാവും തമ്മില്‍ അല്ലാഹുവിന്റെ സൃഷ്ടി സംഹാര ശേഷികളെക്കുറിച്ച് നടന്ന സംവാദസന്ദര്‍ഭത്തില്‍ ഉന്നയിക്കുന്ന വാദത്തിന്, പ്രാപഞ്ചിക വ്യവസ്ഥക്ക് വിരുദ്ധമായി, പടിഞ്ഞാറുനിന്ന് സൂര്യനെകൊണ്ടുവരാന്‍ ഇബ്‌റാഹീം നബി നംറൂദിനെ വെല്ലുവിളിക്കുകയുണ്ടായി. നംറൂദിന് ഉത്തരം മുട്ടി. അല്ലാഹുവിനെ വെല്ലുവിളിക്കാന്‍ സൃഷ്ടികള്‍ക്കാവില്ലെന്ന് സംവാദത്തിലൂടെ അദ്ദേഹം സ്ഥാപിച്ചു.
ഇതിനെ ബലപ്പെടുത്തുംവിധമാണ് തൊട്ടടുത്ത സൂക്തവും.
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ
'അല്ലെങ്കില്‍ ഒരു പട്ടണത്തിനടുത്തുകൂടി നടന്നുപോകുന്നവനെ പോലെ' (ബഖറ 259) ജീവിതവും മരണവും അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാണെന്നും മനുഷ്യര്‍ക്ക് അതില്‍ ഒരു രീതിയിലും ഇടപെടാന്‍ കഴിയില്ലെന്നും മുന്‍സൂക്തം എന്ന പോലെ ഇതും സ്ഥാപിക്കുന്നു. രണ്ട് സൂക്തങ്ങളും നബി(സ)ക്കും അദ്ദേഹത്തിന്റെ സമുദായത്തിനും അത്ഭുതകരമായ ദൃഷ്ടാന്തങ്ങളാണ്. ജീവിതവും മരണവും ഒരുപോലെ അല്ലാഹുവിങ്കലാണ്. അവന്‍ ഒഴികെ ആര്‍ക്കും അതില്‍ ഇടപെടാനാവില്ല.

أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ എന്ന വാചകത്തിലേക്ക് ചേർത്തു (അത്വ്്ഫ്) കൊണ്ടാണ് أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ എന്ന വാചകവുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. അതായത്, രണ്ടും സ്വതന്ത്ര വാചകങ്ങളല്ല എന്ന്. ബഖറ 258, 259 സൂക്തങ്ങളുടെ അവസാന ഭാഗവും മേല്‍ ആശയത്തെ ശക്തിയായി പ്രതിഫലിപ്പിക്കുന്നതാണ്. l

റഫറൻസ്:
علم المناسبات
islamweb.net

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top