റുഫൈദ അസ്‌ലമിയ്യ(റ)
അസ്‌ലം റാശിദ്
പ്രബലമായ അഭിപ്രായമനുസരിച്ച്, മദീനയിലെ അസ്‌ലം ഗോത്രത്തില്‍ ജനിച്ച്, നബി(സ)യും മുഹാജിറുകളും മദീനയിലെത്തിയ ഘട്ടത്തില്‍ ഇസ് ലാമാശ്ലേഷിച്ച് നബി(സ)യുമായി അനുസരണ പ്രതിജ്ഞ ചെയ്ത സ്വഹാബി വനിതയാണ് റുഫൈദ അസ് ലമിയ്യ. നബി(സ)യോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. ആദ്യം പങ്കെടുത്തത് ഖന്‍ദഖ് യുദ്ധത്തിലായിരുന്നു. പ്രസ്തുത യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി മസ്ജിദുന്നബവിയില്‍ ഒരു തമ്പ് സ്ഥാപിച്ചു. ചികിത്സയും ശുശ്രൂഷയും നിര്‍വഹിച്ചിരുന്നത് അവരായിരുന്നു. പരിക്കേറ്റ സഅ്ദുബ്‌നു മുആദിനെ റുഫൈദയുടെ തമ്പിലേക്ക് മാറ്റാന്‍ നബി(സ) നിര്‍ദേശിക്കുകയായിരുന്നു. അവിടുന്ന് അവിടെ വരികയും സഅ്ദുള്‍പ്പെടെയുള്ളവരുടെ ആരോഗ്യാവസ്ഥ അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. യുദ്ധങ്ങളില്‍ പരിക്കേറ്റവരെ മാത്രമല്ല, മദീനയിലെ രോഗികളെയും അവര്‍ ചികിത്സിച്ചു വന്നു. ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത അവര്‍ക്ക് നബി(സ) പുരുഷന്മാര്‍ക്ക് തുല്യം വിഹിതം നല്‍കുകയുണ്ടായി.
യുദ്ധ-സമാധാന ഘട്ടങ്ങളിലെല്ലാം ചികിത്സാരംഗത്തുണ്ടായിരുന്ന അവര്‍ വൈദ്യവിദഗ്ധയായും ശുശ്രൂഷകയായും അറിയപ്പെട്ടു. ആഇശ(റ)യുള്‍പ്പെടെയുള്ള വനിതകള്‍ റുഫൈദ(റ)യില്‍നിന്ന് വൈദ്യശുശ്രൂഷ അഭ്യസിച്ചു, പരിശീലിച്ചു. യുദ്ധങ്ങളിലെ പങ്കാളിത്തം, മുറിവേറ്റവരെ ചുമുന്നുകൊണ്ടുപോവുക, മുറിവുകള്‍ കെട്ടുക, സാന്ത്വന പരിചരണം നല്‍കുക, ഉറക്കമൊഴിഞ്ഞും ശുശ്രൂഷിക്കുക തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അവര്‍ സജീവയായി അറിയപ്പെട്ടു. ചികിത്സാ ആവശ്യാര്‍ഥമുള്ള വസ്തുക്കളും ഉപകരണങ്ങളും ഒട്ടകപ്പുറത്തുകയറ്റി അവര്‍ തന്നെ യുദ്ധസ്ഥലങ്ങളിലേക്ക് കൊണ്ടുപോയിരുന്നു.
ചരിത്രത്തിലെ പ്രഥമ വനിതാ ഡോക്ടറും നഴ്‌സും ആരാണ് എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ആധുനിക രോഗ ശുശ്രൂഷാ രംഗത്ത് പ്രശസ്തയായ ഫ്‌ളോറന്‍സ് നൈറ്റിംഗല്‍ ആണ് ഈ രംഗത്ത് പ്രഥമ സ്ഥാനീയ എന്നാണ് പാശ്ചാത്യ സമൂഹങ്ങള്‍ പരിചയപ്പെടുത്തി വരുന്നത്. അതേസമയം, ചരിത്രത്തിലെ ഒന്നാമത്തെ വനിതാ ഡോക്ടറായും നഴ്‌സായും പരിഗണിക്കേണ്ടത് ക്രി.വ. 620-ല്‍ ചികിത്സാ-ശസ്ത്രക്രിയാ രംഗത്തുണ്ടായിരുന്ന റുഫൈദയെയാണെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഫ്‌ളോറന്‍സ് നൈറ്റിംഗലിനും ആയിരത്തി ഇരുന്നൂറ് വര്‍ഷം മുമ്പെ അവര്‍ രംഗത്തുണ്ടായിരുന്നു. ഇസ് ലാമിക ലോകത്ത് നഴ്‌സിംഗ് രംഗത്ത് അടിത്തറയിട്ടത് ഏതായാലും റുഫൈദ തന്നെ. ഇസ് ലാമിക ലോകത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഡുകളും മറ്റും അവരുടെ പേരില്‍ അറിയപ്പെടുന്നുണ്ട്. ജോര്‍ദാനിലെ റസ്വീഫ നഗരത്തിലെ ഒരു കോളേജിന്റെ പേരി 'കുല്ലിയ്യത്തുറുഫൈദ അല്‍ അസ്്ലമിയ്യ ലിത്തംരീദി വല്‍ ഖബാല' എന്നാണ്. അറബ് ലീഗ് റെഡ്ക്രസന്റ്, റെഡ്‌ക്രോസ് എന്നിവക്ക് 'റുഫൈദ അസ് ലമിയ്യ മെഡല്‍' എന്നിവ നല്‍കാറുമുണ്ട്. അയര്‍ലന്റിലെ രാജകീയ സര്‍ജറി കോളേജ് ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് എല്ലാ വര്‍ഷവും ഏറ്റവും മികച്ച 'റുഫൈദ അസ് ലമിയ്യ പാരിതോഷികം' നല്‍കി വരുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരുടെ പേരില്‍ പലതരം അവാര്‍ഡുകളും മെഡലുകളും നിലവിലുണ്ട്.
പേര്, വംശം
റുഫൈദ അല്‍ അന്‍സ്വാരിയ്യ അഥവാ അല്‍ അസ് ലമിയ്യ എന്നാണ് പേര്.1 കുഐബ ബിന്‍ത് സഅ്ദ് അല്‍ അസ് ലമിയ്യ2 എന്നാണ് പേരെന്നും അഭിപ്രായമുണ്ട്. കുഐബ ബിന്‍ത് സഈദ്3 എന്ന പേരും രേഖകളില്‍ കാണാം. റുദൈഫ എന്നതിന്റെ അര്‍ഥം സഹായം, ചെറിയ ദാനം, വിഹിതം എന്നൊക്കെയാണ്. മിക്ക ചരിത്രരേഖകളിലും അവര്‍ അസ് ലം ഗോത്രജയാണെന്നാണുള്ളത്. പ്രാഗ് (ജാഹിലിയ്യ) കാല പിതാമഹനായ അസ് ലമുബ്‌നു അഫ്‌സ്വായാണ് ഗോത്രമൂലം. ഇല്‍യാസുബ്‌നു മുദറിന്റെ വംശമായ അസ് ലമുകാര്‍ പിന്നീട് ഖുസാഅ വംശമായ രൂപാന്തരം പ്രാപിച്ചതാണെന്ന് ഒരഭിപ്രായമുണ്ട്. അതേസമയം അധിക വംശമൂല വിജ്ഞാനീയരും ബനൂ മുസൈഖിയാഇലെ ഖുസാഅയുടെ സഹോദരന്മാരായാണ് അസ് ലം വംശത്തെ എണ്ണിവരുന്നത്. മക്കയിലും മദീനയിലുമായിരുന്നു അവര്‍ അധിവസിച്ചു വന്നിരുന്നത്. കൂടുതല്‍ പേരും വാദീ ഹിജ്‌റിലായിരുന്നു ജീവിച്ചിരുന്നത്.9 റുഫൈദ(റ)യുടെ മറ്റൊരു പേരായ കുഐബ എന്നതിന്റെ അര്‍ഥം പാദത്തിനു പിന്നില്‍ പൊന്തിനില്‍ക്കുന്ന എല്ല് എന്നാണ്. (ഞെരിയാണി എന്ന് അര്‍ഥമുള്ള കഅ്ബിന്റെ അല്‍ പാര്‍ഥ (തസ്വ്്ഗീര്‍) സൂചക പദമാണ് കുഐബ്/ബി.
ഡോ. ശൗക്കത്ത് ശത്ത്വീ, റുഫൈദയും കുഐബയും രണ്ടുപേരാണെന്ന് അഭിപ്രായപ്പെടുന്നു. ശസ്ത്രക്രിയാരംഗത്ത് സവിശേഷ വൈദഗ്ധ്യമുണ്ടായിരുന്ന റുഫൈദയെ നബി(സ) യുദ്ധങ്ങളില്‍ കൂടെകൂട്ടിയെന്നും ചികിത്സകാരിയായിരുന്ന റുഫൈദ നഴ്‌സായി സേവനം ചെയ്ത കുഐബയേക്കാള്‍ മികച്ചു നിന്നുവെന്ന് രണ്ടുപേരും അസ് ലം ഗോത്രജകളായിരുന്നു എന്നും അദ്ദേഹം എഴുതുന്നു.
റുഫൈദ(റ)യുടെ പിതാവിന്റെ പേര് സഅ്ദുല്‍ അസ്്ലമി എന്നാണെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. സ്വഹാബികളുടെ ചരിത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളില്‍ സഅ്ദുല്‍ അസ് ലമി അല്‍ അര്‍ജീ എന്ന, ബല്‍ അര്‍ജ് ബ്‌നുല്‍ ഹാരിസ് ബ്‌നു കഅ്ബ് ബ്‌നു ഹവാസിന്‍ വംശജനെ കാണാം. ഇദ്ദേഹം അസ് ലം വംശജനല്ല, അസ് ലം വംശത്തിന്റെ വിമോചിത അടിമയാണ്. നബി(സ)യുടെ മദീനാ പലായനത്തിനിടെ അല്‍ അര്‍ജ് എന്ന മേഖലയില്‍വെച്ച് അദ്ദേഹം നബി(സ)യുമായി സന്ധിക്കുകയും മുസ് ലിമാവുകയും ചെയ്തു. അല്‍ അര്‍ജ് മുതല്‍ മദീനവരെ നബി(സ)യുടെ വഴികാട്ടിയായി കൂടെ ഉണ്ടായിരുന്നത് അദ്ദേഹമായിരുന്നു. (അദ്ദേഹത്തിന് ഹദീസ് നിവേദകനായ അബ്ദുല്ല എന്ന പേരുള്ള മകനുണ്ട്). പക്ഷെ ഈ സഅ്ദ് തന്നെയാണ് റുഫൈദയുടെ പിതാവ് എന്നു ഉറപ്പിച്ചു പറയാന്‍ തെളിവുകള്‍ പോരാ.
ചില ചരിത്ര രേഖകള്‍ പ്രകാരം റുഫൈദയുടെ പിതാവ് വൈദ്യനായിരുന്നു. അദ്ദേഹത്തില്‍നിന്നാണ് അവര്‍ ചികിത്സ അഭ്യസിച്ചത്. സുഹൈര്‍ ഹംദാന്‍ തന്റെ 'അഅ്‌ലാമുല്‍ ഹദാറത്തില്‍ അറബിയ്യത്തില്‍ ഇസ്്ലാമിയ്യ' എന്ന കൃതിയില്‍ റുഫൈദ(റ) യെ പരിചയപ്പെടുത്തുന്നത് 'അസ് ലം ഗോത്രജനായ ഭിഷഗ്വരന്‍ സഅ്ദിന്റെ പുത്രി' എന്നാണ്.
സ്വലാഹ് അബ്ദുല്‍ ഗനി മുഹമ്മദ് തന്റെ 'അല്‍ ഹുഖൂഖുല്‍ ആമ്മ ലില്‍ മര്‍അ' എന്ന കൃതിയില്‍ അവരുടെ പിതാവായ സഅ്ദുല്‍ അസ് ലമി യസ് രിബിലെ ജ്യോത്സ്യനും വിദഗ്ധനായ ഭിഷഗ്വരനും രോഗശുശ്രൂഷാ രംഗത്ത് പ്രായോഗിക പരിജ്ഞാനമുള്ളയാളുമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അവര്‍ ഇസ് ലാമാശ്ലേഷത്തിനു മുമ്പ് മദീനയില്‍ പിതാവിനെ ചികിത്സാരംഗത്ത് സഹായിച്ചിരുന്നതായി മനസ്സിലാക്കാം.
ഗഫാര്‍ വംശജനായ ഒരാളായിരുന്നു റുഫൈദയുടെ ഭര്‍ത്താവെന്ന് മനസ്സിലാക്കപ്പെടുന്നു. ആഇശ(റ) പറയുന്നു:
أصيب سعد يوم الخندق في الأكحل، فضرب النبي صلى الله عليه وسلم خيمة في المسجد ليعوده من قريب، فلم يرعهم - وفي المسجد خيمة من بني غفار - إلا الدم يسيل إليهم، فقالوا: يا أهل الخيمة، ما هذا الذي يأتينا من قبلكم؟ فإذا سعد يغذو جرحه دما، فمات فيها
'ഖന്‍ദഖ് യുദ്ധവേളയില്‍ സഅ്ദുബ്‌നു മുആദി(റ)ന് ജീവനാഡിയില്‍ പരിക്കുപറ്റി. അദ്ദേഹത്തെ അടുത്തുനിന്നു തന്നെ സന്ദര്‍ശിക്കാനായി പള്ളിയില്‍ തമ്പ് സ്ഥാപിക്കാന്‍ നബി(സ) നിര്‍ദേശിച്ചു- പള്ളിയില്‍ ഗിഫാര്‍ വംശത്തിന്റെ ഒരു തമ്പുണ്ടായിരുന്നു- പള്ളിയിലുള്ളരെ അവരുടെ അടുത്തേക്ക് ഒലിച്ചുവന്ന രക്തമല്ലാതെ മറ്റൊന്നും ഭയപ്പെടുത്തിയിരുന്നില്ല. അവര്‍ പറഞ്ഞു: 'തമ്പുകാരേ! നിങ്ങളുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ അടുത്തേക്ക് ഈ വരുന്നത് എന്താണ്? അപ്പോഴതാ, സഅ്ദിന്റെ മുറിവില്‍നിന്ന് രക്തം ഒലിച്ചു വരുന്നു. അതോടെ അദ്ദേഹം നിര്യാതനായി. ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജര്‍ എഴുതുന്നു: 'പള്ളിയിലെ തമ്പ് ഗിഫാര്‍ വംശത്തിന്റെതായിരുന്നു എന്ന് ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് റുഫൈദ അസ് ലമിയ്യയുടേതായിരുന്നു എന്നും അദ്ദേഹം എഴുതുന്നു. അതനുസരിച്ച് റുഫൈദയുടെ ഭര്‍ത്താവ് ഗിഫാര്‍ വംശജനാവാന്‍ സാധ്യതയുണ്ട്.
ജീവചരിത്രം
റുഫൈദ(റ)യുടെ ജീവിതത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചരിത്രകാരന്മാര്‍ ഉദ്ധരിച്ചിട്ടില്ല.19 പില്‍ക്കാലത്ത് മദീന മുനവ്വറ എന്ന് പ്രഖ്യാതമായ യസ് രിബിലാണ് അവര്‍ ജനിച്ചതെന്നാണ് പ്രബലാഭിപ്രായം. അവിടെയായിരുന്നു അവരുടെ ഗോത്രവും കുടുംബവും താമസിച്ചിരുന്നത്. നബി(സ)യും സ്വഹാബികളും മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ ഘട്ടത്തില്‍ അവര്‍ നബി(സ)യുമായി സന്ധിച്ച് ഇസ് ലാമാശ്ലേഷിക്കുകയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
മദീനയില്‍നിന്ന് ഇസ് ലാമിലേക്ക് കടന്നുവന്നവരില്‍ ഒന്നാം നിരക്കാരിലൊരാളായിരുന്നു അവര്‍. ഇബ്‌നു സഅ്ദ് അല്‍ ബഗ്ദാദി അനുസരണ പ്രതിജ്ഞ ചെയ്ത അറബ് മുസ് ലിം വനിതകളില്‍ അവരുടെ പേര് എണ്ണിയിരിക്കുന്നു. സുഹ്‌റ വംശത്തില്‍നിന്ന് അനുസരണ പ്രതിജ്ഞ ചെയ്തവരിലൊരാളായി വാഖിദിയെ ഉദ്ധരിച്ച് ഇബ്‌നു ഹബീബ് രേഖപ്പെടുത്തിയിട്ടുണ്ട്. മദീനയിലെത്തിയ നബി(സ)യെ സ്വീകരിച്ച സ്ത്രീകളില്‍ അവര്‍ അംഗമായിരുന്നതായി ചില രേഖകളില്‍ കാണാം. അവരുടെ ജീവചരിത്രം എഴുതിയവരെല്ലാം, മുറിവേറ്റവരെ ചികിത്സിക്കാനായി അവര്‍ക്ക് തമ്പുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ട്. റുഫൈദ അസ് ലമിയ്യ പരിക്കേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സുകൃതയായ വനിതയായിരുന്നു എന്നാണ് ഇബ്‌നു ഹസം രേഖപ്പെടുത്തിയിരിക്കുന്നത്.
യുദ്ധങ്ങളിലെ പങ്കാളിത്തം
നബി(സ)യുടെ കാലത്ത് അവര്‍ പങ്കെടുത്ത ഒന്നാമത്തെ യുദ്ധം ഖന്ദഖായിരുന്നു. മസ്ജിദുന്നബവിയില്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ തയാറാക്കിയ ടെന്റില്‍ ബാന്റേജുകള്‍ മരുന്നുകള്‍, പുല്ലുകള്‍, പരുത്തി മുതലായ ചികിത്സാ ശുശ്രൂഷകള്‍ക്കാവശ്യമായ വസ്തുക്കളുണ്ടായിരുന്നു. മുറിവേറ്റവരെ ചികിത്സിച്ച വനിത എന്ന പേരില്‍ പ്രശസ്തയായ അവര്‍ ഖന്ദഖ് യുദ്ധത്തില്‍ പരിക്കേറ്റ മുസ്്ലിംകളിലെ സഅ്ദുബ്‌നു മുആദിനെ റുഫൈദയുടെ തമ്പിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച നബി(സ) സഅ്ദുള്‍പ്പെടെ മുറിവേറ്റവരുടെ സ്ഥിതിഗതികള്‍ ഇടക്കിടെ വന്ന് അന്വേഷിക്കുമായിരുന്നു. മഹ്മൂദുബ്‌നു ലബീദില്‍നിന്ന് ആസ്വിംബ്‌നു ഉമര്‍ ഉദ്ധരിക്കുന്നു:
لماّ أصيب الكحل سعد يوم الخندق فقيل: حوّلوه عند امرآة يقال لها رفيدة وكانت تداوي الجرحى وكان رسول الله صلّى الله عليه وسلّم إذا مرّ به يقول: كيف أمسيت؟ واذا أصبح قال: كيف أصبحت؟
'ഖന്ദഖ് ദിവസം സഅ്ദിന് ജീവനാഢിയില്‍ പരിക്കുപറ്റിയപ്പോള്‍, റുഫൈദ എന്നു വിളിക്കപ്പെടുന്ന വനിതയുടെ അടുത്തേക്ക് അദ്ദേഹത്തെ മാറ്റുക എന്ന് പറയപ്പെട്ടു. അവര്‍ മുറിവേറ്റവരെ ചികിത്സിച്ചിരുന്നു. നബി(സ) അദ്ദേഹത്തെ വൈകുന്നേരം സന്ദര്‍ശിക്കുമ്പോള്‍, വൈകുന്നേരത്തെ അവസ്ഥ എങ്ങനെയുണ്ട്? രാവിലെ സന്ദര്‍ശിക്കാനെത്തുമ്പോള്‍, രാവിലത്തെ അവസ്ഥ എങ്ങനെയുണ്ട് എന്ന് അന്വേഷിക്കുമായിരുന്നു. ഇബ്‌നു ഇസ് ഹാഖ് എഴുതുന്നു. നബി(സ) സഅ്ദുബ്‌നു മുആദിനെ മദീനാ പള്ളിയില്‍ അസ്്ലം ഗോത്രജയായ റുഫൈദ എന്ന ഒരു വനിതയുടെ തമ്പില്‍ താമസിപ്പിച്ചു. ഇതില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത്, മുസ്്ലിംകളിലെ ബന്ധുക്കളുള്ളവര്‍ക്കാണ് പരിക്കുപറ്റിയതെങ്കില്‍ ബന്ധുക്കള്‍ അവരുടെ കാര്യം ശ്രദ്ധിക്കുകയും അവരെ പരിചരിക്കുകയും ചെയ്തു. ബന്ധുക്കളില്ലെങ്കില്‍, മുസ്്‌ലിംകളിലെ സൗകര്യമുള്ളവര്‍ക്ക് വേണ്ടി തയാറാക്കിയ പള്ളിയിലെ തമ്പിലേക്ക് അവരെ കൊണ്ടുവന്നു. ഔസ് ഗോത്രജനായ സഅ്ദുബ്‌നു മുആദിന് സ്വന്തമായ സ്ഥലമുണ്ടായിരുന്നില്ല. മുആദിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠാകുലനായിരുന്ന നബി(സ) ബന്ധുക്കള്‍ ഇല്ലാത്തവരും അതേസമയം സ്വന്തം സ്ഥലമുള്ളവര്‍ക്കുമായി തയാറാക്കിയ തമ്പിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഇത്തരക്കാര്‍ നബി(സ)യുടെ വ്യക്തിപരമായ സവിശേഷ നിരീക്ഷണത്തിലായിരുന്നു.
റുഫൈദ(റ)യുടെ സേവനങ്ങള്‍ യുദ്ധരംഗത്ത് മാത്രം പരിമിതമായിരുന്നില്ല. അവര്‍ മദീനയിലെ രോഗികളെ ചികിത്സിച്ചിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് നബി(സ) ഒരു പുരുഷന്റെ വിഹിതം നല്‍കുകയുണ്ടായെന്ന് വാഖിദിയും ഇബ്‌നു അബ്ദില്‍ ബര്‍റും രേഖപ്പെടുത്തുന്നു.
ചികിത്സാരംഗത്ത്
ചരിത്ര രേഖകളില്‍നിന്ന് മനസ്സിലാകുന്നത് പ്രകാരം, വൈദ്യശുശ്രുഷയുമായി വളരെ ശക്തമായ ബന്ധമുണ്ടായിരുന്ന കുടുംബത്തിലാണ് റുഫൈദ(റ)യുടെ ജനിച്ചു വളര്‍ന്നത്. പിതാവ് സഅ്ദുല്‍ അസ്്ലമിയില്‍നിന്നാണ് അവര്‍ ചികിത്സയില്‍ വൈദഗ്ധ്യം നേടിയത് അവര്‍ തന്റെ ജീവിതം ആതുര ശുശ്രൂഷ രംഗത്ത് ഉഴിഞ്ഞുവെച്ചു. ഈ രംഗത്ത് പുരുഷന്മാര്‍ക്കായിരുന്നു മേല്‍ക്കോയ്മയെങ്കിലും അവര്‍ സ്വന്തമായ സ്ഥാനം നേടിയെടുത്തു. പല യുദ്ധങ്ങളിലും സ്ഥാപിക്കപ്പെട്ട തമ്പുകളില്‍ റുഫൈദക്ക് തന്റെ പ്രാഗത്ഭ്യം പുറത്തെടുക്കാന്‍ കഴിയുകയുണ്ടായി. നബി(സ) തന്നെയും പരിക്കേറ്റവരെ അവരുടെ തമ്പിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത് അതുകൊണ്ടാണല്ലോ. അവരുടെ തമ്പ് ഇസ് ലാമിക ചരിത്രത്തിലെ ആദ്യത്തെ തുറന്ന ആശുപത്രിയായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തിനിടെ പരിക്കേറ്റവരെ സഹായിക്കാനും മരുഭൂമിയിലെ കാറ്റില്‍നിന്നും ചൂടില്‍നിന്നും അവരെ സംരക്ഷിക്കാന്‍ റുഫൈദ അഭയ ഗേഹങ്ങള്‍ ഒരുക്കിയിരുന്നു. യൂസുഫുല്‍ ഹാജ് അഹ് മദ് പറയുന്നത്, പരിക്കേറ്റവരെ ശുശ്രൂഷിക്കാനായി യുദ്ധത്തില്‍ പങ്കെടുത്തിരുന്ന വനിതകള്‍ സ്വന്തം കുടുംബത്തോടൊപ്പമോ നബി(സ)യുടെ കൂടെ ഉണ്ടായിരുന്ന അവിടുത്തെ ഭാര്യമാര്‍ക്കൊപ്പമോ ആയിരുന്നു കഴിഞ്ഞിരുന്നത് എന്നാണ്. യുദ്ധവേളകളില്‍ മാത്രമല്ല, സമാധാന വേളകളിലും അവര്‍ സേവനരംഗത്തുണ്ടായിരുന്നു. ഒറ്റക്കായിരുന്നില്ല, സഹായിക്കാന്‍ ആളുകളുണ്ടായിരുന്നു. സ്വയം രംഗത്തുണ്ടാവുക മാത്രമല്ല, ആഇശ(റ)യെ പോലുള്ളവരെ ആരോഗ്യ പരിരക്ഷാരംഗത്ത് അവര്‍ പരിശീലിപ്പിച്ചെടുക്കുക കൂടി ചെയ്തു. രോഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കുട്ടികളെയും അനാഥകളെയും വികലാംഗരെയും ദരിദ്രരെയും സഹായിക്കാനും അവര്‍ മുമ്പിലുണ്ടായിരുന്നു.
എഴുത്തുകാരന്‍ മുഹമ്മദ് ഹാമിദ് മുഹമ്മദ് എഴുതുന്നതിങ്ങനെ: റുഫൈദ(റ) യുദ്ധ ഭൂമിയിലേക്ക് കടന്നു ചെല്ലുകയും പരിക്കേറ്റവരെ ചുമലിലേറ്റുകയും ശുശ്രൂഷാര്‍ഥം ഉറക്കമിളക്കുകയും ചെയ്തിരുന്നു. ചികിത്സക്കാവശ്യമായ ഉപകരണങ്ങളും മരുന്നുകളും മറ്റും ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുപോയി സൈനികത്താവളത്തില്‍ സ്ഥാപിക്കാറായിരുന്നു. രോഗികളെ പരിചരിക്കാനായി വനിതാ നഴ്‌സുമാരെ അവര്‍ പരിശീലിപ്പിച്ചെടുത്തു.
സമ്പന്നയും ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്ന അവര്‍ ആ മേഖലയില്‍ ധാരാളം പണം ചെലഴവിച്ചു. സഅ്ദുബ്‌നു മുആദിന്റെ ജീവനാഡിയില്‍ തറച്ച അമ്പ് കണ്ട അവര്‍, അമ്പ് എടുത്തു മാറ്റിയാല്‍ രക്തവാര്‍ച്ച കൂടും എന്നു കണ്ട് അത് എടുത്തുമാറ്റാതെ തന്നെ രക്തപ്രവാഹം നിര്‍ത്താന്‍ ശ്രമിക്കുകയാണുണ്ടായത്: 'ചരിത്രത്തിലെ ഒന്നാമത്തെ ചികിത്സാ തമ്പിന്റെ ഉടമ' എന്ന് അവരെ നമുക്ക് വിശേഷിപ്പിക്കാം.
രോഗി പരിചരണം ഇസ് ലാമില്‍
ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ് ലാം വനിതകള്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കിയിരുന്നു. കുടുംബ-സമൂഹ തലങ്ങളില്‍ അവര്‍ക്ക് പലതും നിര്‍വഹിക്കാനുണ്ടെന്ന് ഇസ് ലാം പഠിപ്പിക്കുന്നു. പുരുഷന്മാരെ സഹായിച്ചുകൊണ്ട് ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നതിനൊപ്പം ഇങ്ങനെയൊരു സാമൂഹികമുഖം കൂടി അവര്‍ക്കുണ്ട്.
അറബികളെ സംബന്ധിച്ചേടത്തോളം ചികിത്സയും രോഗിപരിചരണവും പരാമ്പര്യമായി നേടിയും പരിശീലിപ്പിച്ചും വരുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇസ് ലാമിലെ ഏറ്റവും പഴയ തൊഴിലുകളിലൊന്നായാണ് രോഗിപരിചരണം ഗണിക്കപ്പെടുന്നത്. ഇസ് ലാമിക ചരിത്ര ഗവേഷകര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നത്, വനിതകള്‍ക്ക് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സേവന സംരംഭങ്ങളിലും ഏര്‍പ്പെടാന്‍ അനുവാദം ലഭിക്കുകയും അവര്‍ പങ്കെടുത്തുതുടങ്ങുകയും ചെയ്തതു മുതല്‍ക്കാണ് ഇസ് ലാമില്‍ രോഗിപരിചരണം ഒരു സേവനമേഖലയായത്. ആരോഗ്യ പരിരക്ഷ പുരുഷന്മാരുടെ മാത്രം ചുമതലയായിരുന്നില്ല. യുദ്ധ-സമാധാന കാല ഭേദമന്യെ വനിതകള്‍ രോഗികളെ പരിചരിച്ചിരുന്നു. ആഇശ(റ), അസ്മാഅ്ബിന്‍തു ഉമൈസ്(റ), അശ്ശിഫാഉ ബിന്‍തു അബ്ദില്ല(റ), റുഫൈദ അസ് ലമിയ്യ(റ) എന്നിവര്‍ സ്വഹാബി വനിതകളിലെ ഭിഷഗ്വരകളായിരുന്നു നുസൈബ ബിന്‍ത് കഅ്ബ് അല്‍ മാസിനിയ്യ(റ), ഉമൈമ ബിന്‍ത് ഖൈസ് അല്‍ഗഫാരിയ്യ(റ) മുതലായവര്‍ നഴ്‌സുമാരായി പ്രവര്‍ത്തിച്ചവരായിരുന്നു.
ചരിത്രത്തിലെ ഒന്നാമത്തെ വനിതാ ഡോക്ടറും വനിതാ നഴ്‌സും ആരാണെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പാശ്ചാത്യ സമൂഹങ്ങൾ ആധുനിക നഴ്‌സിംഗ് മേഖലയിലെ പ്രഥമ സ്ഥാനീയയായി കാണുന്നത് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെയാണ്. എന്നാല്‍ ധാരാളം ഇതര സ്രോതസ്സുകള്‍ ചരിത്രത്തിലെ ഒന്നാമത്തെ വനിതാ ഡോക്ടറായും നഴ്‌സായും എണ്ണുന്നത് ക്രി. 620-ല്‍ ചികിത്സാ-ശസ്ത്രക്രിയ-രോഗിപരചരണ രംഗത്തുള്ള റുഫൈദ(റ)യെയാണ്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിനും ആയിരത്തി ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പെ രോഗിപരിചരണത്തെ ഇസ് ലാമിക ലോകത്തേക്ക് കൊണ്ടുവന്ന റുഫൈദ(റ)യെ എന്തുകൊണ്ടും ആ രംഗത്തെ പ്രഥമ എന്നു വിശേഷിപ്പിക്കാം. ഇസ്്ലാമിലെ പ്രഥമ വനിതാ ഡോക്ടര്‍ ഇസ്്ലാമിലെ പ്രഥമ ശസ്ത്രക്രിയാ വിദഗ്ധ, ഇസ് ലാമിലെ പ്രഥമ നഴ്‌സ്, ഇസ്്ലാമിക ചരിത്രത്തിലെ പ്രഥമ സൈനിക ശുശ്രൂഷക എന്നീ നിലകളില്‍ അവര്‍ ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെട്ടുകിടക്കുന്നു.
ആശുപത്രികളുടെ ബീജാവാപം
രേഖകള്‍ പ്രകാരം ചരിത്രത്തിലെ ആദ്യ ആശുപത്രിയുടെ സ്ഥാപകന്‍ ഹിപ്പോക്രാറ്റാണ്. അതേസമയം, ഇസ്്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ആശുപത്രി റുഫൈദ(റ)യുടെതാണ് ചരിത്രത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ആശുപത്രിയും അവരുടെതു തന്നെ. ചരിത്രത്തിലെ പ്രഥമ തമ്പാശുപത്രിയും ഇസ്്ലാമില്‍ ആദ്യമായി സ്ഥാപിതമായ തുറന്ന ആശുപത്രിയും അതുതന്നെ. ഇസ്്ലാമിക ചരിത്രത്തിലെ സമ്പൂര്‍ണ ആശുപത്രി സ്ഥാപിച്ചത് ഖലീഫ വലീദുബ്‌നു അബ്ദില്‍ മലികാണ്. അന്ധര്‍ക്കും കുഷ്ഠരോഗബാധിതര്‍ക്കുമായി ക്രി. വ. 706-ല്‍ (ഹി. 88) അദ്ദേഹം സ്ഥാപിച്ച ആശുപത്രിയാണ് ഈ പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്.
പൈതൃകം
ഫലസ്ത്വീനിലെയും ജോര്‍ദാനിലെയും ഈജിപ്തിലെയും കുവൈത്തിലെയും സുഊദിയിലെയും പല വിദ്യാലയങ്ങള്‍ക്കും, ജോര്‍ദാനിലെയും സുഊദിലെയും ചില റോഡുകള്‍ക്കും റുഫൈദ അസ് ലമിയ്യ എന്ന പേരിട്ടിട്ടുണ്ട് ജോര്‍ദാനിലെ സര്‍ഖാഅ് ജില്ലയില റസ്വീഫ നഗരത്തിലെ ഒരു കോളേജിന്റെ പേര് 'കുല്ലിയ്യത്തു റുഫൈദ അല്‍ അസ് ലമിയ്യ ലിത്തംരീദ് വല്‍ ഖിബാല'. (നഴ്‌സിംഗ്, പ്രസവാശുപത്രി) എന്നാണ്. 1991 ഫെബ്രുവരി 7-ന് പല കോളേജുകള്‍ ലയിപ്പിച്ചു ചേര്‍ത്താണ് ഇത് നിലവില്‍ വന്നത്. 2012-ല്‍ അമ്മാന്‍ നഗരത്തിലെ മെഡിക്കല്‍ സ്ഥാപനങ്ങളോടൊപ്പം ലയിപ്പിച്ചു ചേര്‍ത്ത ഇത് 'റുഫൈദ അല്‍ അസ് ലമിയ്യ ലിത്തംരീദി വല്‍ ഖിബാല വല്‍ മിഹനിത്ത്വിബ്ബിയ്യ അല്‍ മുസാനിദ' എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. ജോര്‍ദാനിലെ ആരോഗ്യവകുപ്പിനു കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2013-ല്‍ ഇവിടെ എഴുനൂറ്റി മുപ്പത് വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുണ്ടായിരുന്നു. പാകിസ്താനിലെ ആഗാഖാന്‍ യൂനിവേഴ്‌സിറ്റിയിലെ നഴ്‌സിംഗ് കോളേജും മെറ്റേണിറ്റി ഹോസ്പിറ്റലും റുഫൈദ(റ)യുടെ പേരില്‍ തന്നെ.
അറബ് ലീഗിനു കീഴിലെ ആരോഗ്യമന്ത്രാലയ കൗണ്‍സില്‍ 1978-ല്‍ കുവൈത്തില്‍ സംഘടിപ്പിച്ച സമ്മേളനം അറബ് നാടുകളിലെ നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'റുഫൈദ അസ് ലമിയ്യ മെഡല്‍' നല്‍കാന്‍ തീരുമാനിച്ചു.(1) പക്ഷെ തീരുമാനം നടപ്പിലായില്ല.'
റെഡ് ക്രോസ്, റെഡ് ക്രസന്റ് എന്നിവക്ക് അറബ് ലീഗ് 'റുഫൈദ അസ് ലമിയ്യ മെഡല്‍' നല്‍കുന്നുണ്ട്. 1995-ല്‍ സുഊദിയില്‍ ഇത് ആദ്യമായി നല്‍കപ്പെട്ടു.
മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്ഥാപനങ്ങളുടെ മേധാവി ഡോ. ഹൈസം ബ്‌നു അഹ് മദ് സക്കാഈ, 2011 മെയ് 14-ന്, നഴ്‌സിംഗ് രംഗത്തെ ഏറ്റവും കനപ്പെട്ട വൈജ്ഞാനിക ഗവേഷണ പ്രബന്ധത്തിന് 'റുഫൈദ അസ് ലമിയ്യ അവാര്‍ഡ്' നല്‍കുമെന്ന് പ്രഖ്യാപിച്ചു. അയര്‍ലന്റിലെ രാജകീയ ശസ്ത്രക്രിയാ കോളേജ് ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഓരോ വര്‍ഷവും മികച്ച വിദ്യാര്‍ഥിക്ക് 'റുഫൈദ അസ് ലമിയ്യ അവാര്‍ഡ്' നല്‍കിവരുന്നു. പ്രമുഖ ഡോക്ടര്‍മാരുടെ ഒരു സംഘമാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. 2009 മുതല്‍ ജോര്‍ദാനിലെ നഴ്‌സിംഗ് കൗണ്‍സില്‍ മെറ്റേണിറ്റി നഴ്‌സിംഗ് മേഖലകളില്‍ സവിശേഷ മികവു പുലര്‍ത്തുന്നവര്‍ക്ക് അമീറ മുനാ അല്‍ ഹുസൈന്‍ അവാര്‍ഡ് നല്‍കുന്നു. 'ഖിലാദ ശറഫ്, ഖിലാദ റുഫൈദ അല്‍ അസ് ലമില്ല, ഖിലാദ നുസൈബ അല്‍ മാസിനിയ്യ' എന്നീ മൂന്നു നിലവാരങ്ങളിലാണ് ഈ അവാര്‍ഡുകള്‍ 2015 മുതല്‍ വ്യക്തികള്‍ക്കെന്ന പോലെ സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുകള്‍ കൊടുത്തു തുടങ്ങി.
ഈജിപ്ഷ്യന്‍ കവി അഹ്്മദ് മുഹര്‍റം രചിച്ച മൂവായിരം വരികളുള്ള 'ദിവാനു മജ്ദില്‍ ഇസ് ലാം' എന്ന കവിതാ സമാഹാരത്തില്‍ ഇരുപത്തിനാലു വരികളിലായി റുഫൈദ അസ് ലമിയ്യ(റ)യെ ചിത്രീകരിക്കുകയുണ്ടായി. അതില്‍നിന്ന്(11,53
رفيدة علّمي النّاس الحنانا وزيدي قومك العالين شانا
خذي الجرحى اليك فأكرميهم وطوفي حولهم آنًا فآنا
وألبسها رفيدة معجبات ضوامن أن تجلّ وأن تصانا
رفيدة جاهدي ودعي الهويني فما شرف الحياة لمن توانى
رفيدة ذلك الإسلام حقًّا تبارك من هداك ومن هدانا
2016-ല്‍ രിയാദില്‍ 'വനിതകളുടെ ആരോഗ്യത്തിനായുള്ള റുഫൈദ സൊസൈറ്റി' രൂപവല്‍ക്കരിച്ചു. 'ഇസ് ലാമിക ചരിത്രത്തില്‍ ആദ്യമായി തുറന്ന ആശുപത്രി സ്ഥാപിച്ച റുഫൈദ അസ് ലമിയ്യ യുടെ പേരിലുള്ള ഈ സൊസൈറ്റി ആരോഗ്യ സംബന്ധമായ ഏറ്റവും ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതായിരിക്കും എന്ന് ഔദ്യൗഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ദക്ഷിണ മൊറോക്കോവിലെ ത്വാന്‍ത്വാന്‍ നഗരത്തില്‍ 'ജംഇയ്യത്തു റുഫൈദ ലില്‍മര്‍അത്തിര്‍റാഇദ' എന്ന പേരില്‍ ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
ബ്രിട്ടനിലെ നഴ്‌സിംഗ് രംഗത്തെ ഒരു പ്രമുഖ എഴുതിയ The Student Nurse Hand book എന്ന കൃതിയില്‍ ഇങ്ങനെ കാണാം: 'നഴ്‌സിംഗ് രംഗത്തെ പൂര്‍വകാല പ്രതിഭകളെക്കുറിച്ച് നിങ്ങള്‍ പഠിക്കുമ്പോള്‍ താഴെ പേരുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്‌ളോറന്‍സ് നൈറ്റിംഗല്‍, നാന്‍സിറോബര്‍, മേരി സീ കോള്‍ മുതലായ ലോക പ്രശസ്ത നഴ്‌സുമാരെക്കുറിച്ച് പഠിക്കുമ്പോള്‍ റുഫൈദ അസ് ലമിയ്യയെക്കുറിച്ചും നിങ്ങൾ പഠിച്ചിരിക്കണം.'
റുഫൈദ ഫിഖ്ഹി വിധികളില്‍
പരിക്കേറ്റവരെ ചികിത്സിച്ചും ശുശ്രൂഷിച്ചും റുഫൈദ(റ)യും ഇതര സ്വഹാബി വനിതകളും നടത്തിയിട്ടുള്ള രോഗീപരിചരണത്തെ മുന്‍നിര്‍ത്തി വനിതകള്‍ക്ക് പുരുഷന്മാരെ ചികിത്സിക്കാം എന്ന് മുസ് ലിംകള്‍ മനഃശാസ്ത്രകാരന്മാര്‍ വിധി ആവിഷ്‌കരിക്കുന്നു. ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നു:
فيه جواز معالجة المرأة الأجنبية الرجل الأجنبيّ للضروره
'അനിവാര്യ സാഹചര്യത്തില്‍ അന്യസ്ത്രീക്ക് അന്യപുരുഷനെ ചികിത്സിക്കാന്‍ അനുവമാദമുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അനിവാര്യ സാഹചര്യങ്ങളില്‍ പള്ളികള്‍ ആശുപത്രികളാക്കി മാറ്റാമെന്ന് റുഫൈദ(റ)യുടെ തമ്പ് ഉദാഹരണമാക്കി ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 2020 ഏപ്രിലില്‍ മൊറോക്കോയുടെ പശ്ചാത്തലത്തില്‍ ലോക പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ് യിദ്ദീന്‍ ഖുറദാഗി പള്ളികള്‍ തല്‍ക്കാല ആശുപത്രികളാക്കി മാറ്റാമെന്ന് ഫത് വ നല്‍കുകയുണ്ടായി. പരിക്കേറ്റവരെ ചികിത്സിക്കാനായി നബി(സ)യുടെ അനുവാദത്തോടെ മദീനാ പള്ളിയില്‍ റുഫൈദ(റ) സ്ഥാപിച്ച തമ്പാണ് ഇതിന് മാതൃകയായി അദ്ദേഹം ഉദാഹരിച്ചത്.
റഫറൻസ്
باللغة العربيَّة
العسقلاني، ابن حجر؛ تحقيق: عادل أحمد عبد الموجود، وعلي محمد عوض (2010). الإصابة في تمييز الصحابة. دار الكتب العلمية. ج. الثامن. ص. 135–136. ISBN:9782745135070. مؤرشف من الأصل في 2020-06-27.
البغدادي، محمد بن سعد؛ تحقيق: علي محمد عمر (2001). طبقات الكبرى (ط. الأولى). القاهرة: مكتبة الخانجي. ج. العاشر. ص. 276. ISBN:9775046874. مؤرشف من الأصل في 2020-06-27.
حسن، سيد بن كسروي (2003). جامع تراجم ومسانيد الصحابيات المبايعات. دار الكتب العلمية. ج. الثالث. ص. 216–217. مؤرشف من الأصل في 2020-06-27.
اللبدي، محمد سمير نجيب (1998). معاني الأسماء (ط. الأولى). دار الفلاح. ص. 105. مؤرشف من الأصل في 2020-09-11.