ഖുര്‍ആനിലെ പദകൗതുകങ്ങള്‍ كاد, عسى , نون التوكيد المخفّفة
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
അറബി ഭാഷയില്‍ വര്‍ത്തമാന-ഭാവികാല ക്രിയകളില്‍ കടന്നുവരുന്ന അക്ഷരമാണ് നൂനുത്തൗകീദ്.
ഉദാ: لنصدّقن ولنكوننّ من الصّالحين 'തീര്‍ച്ചയായും ഞങ്ങള്‍ സ്വദഖ ചെയ്യുകയും തീര്‍ച്ചയായും ഞങ്ങള്‍ സുകൃതവാന്മാരില്‍ ഉള്‍പ്പെടുകയും ചെയ്യുമായിരുന്നു (തൗബ 75) ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചും ഊന്നിയും പറയാനാണ് നൂനുത്തൗകീദ് പ്രയോഗിക്കുന്നത്. ഹര്‍ഫുകളിലോ ഭൂതകാലക്രിയകളിലോ നൂനുത്തൗകീദ് വരില്ല.
നൂനുത്തൗകീദ് രണ്ടുതരമുണ്ട്. ഒന്ന്: نون توكيد مشدّدة (ഉറപ്പിച്ചും ഊന്നിയും പറയാന്‍ പ്രയോഗിക്കുന്ന ഭാരിച്ച/ കട്ടിയുള്ള നൂന്‍) മുകളിലെ സൂക്തം ഉദാഹരണം.
രണ്ട്: نون توكيد مخفّفة ساكنة (ലഘുവും സൂകൂന്‍ -നിസ്വര ചിഹ്നം- ഉള്ളതും ഉറപ്പിച്ചും തറപ്പിച്ചും പറയാന്‍ പ്രയോഗിക്കുന്നതുമായ നൂന്‍) ഉദാ:
لاَ تأكلنْ، أنْصُرَنْ
ഭാരിച്ചതും ലഘുവുമായ രണ്ടുതരം നൂനുത്തൗകീദുകളും فعل مضارع ലാണ് കടന്നുവരിക. فعل مضارع മായി ചേര്‍ന്നുവരുമ്പോള്‍ فتح (അകാരത്തി)ല്‍ സ്ഥിരാന്ത്യ(مبنيّ)മായിരിക്കും. ഉദാ: وَلَيَكُونًا ، لَنَصَّدَّقَنَّ
ഭാരിച്ചതും കട്ടിയുള്ളതുമായ നൂനുത്തൗകീദ് ഖുര്‍ആനില്‍ ധാരാളമായി വന്നിട്ടുണ്ട്.
ലഘുവായ നൂനുത്തൗകീദ്
എന്നാല്‍ ലഘുവായ നൂനുത്തൗകീദ് ഖുര്‍ആനില്‍ രണ്ടു തവണ മാത്രമേ വന്നിട്ടുള്ളൂ.
ഒന്ന്: യൂസുഫ് അധ്യായത്തില്‍ ഈജിപ്തിലെ രാജാവിന്റെ പത്‌നി യൂസുഫിനെ ലൈംഗികമായി വശീകരിക്കാന്‍ ശ്രമിക്കുകയും താന്‍ വശഗതയായത് യൂസുഫിന്റെ സൗന്ദര്യത്താലാണെന്ന് ബോധ്യപ്പെടുത്താനായി സ്ത്രീകളെ വിളിച്ചു കൂട്ടുകയും യൂസുഫിനെ ലഘുവായി ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് സൂക്തത്തിലെ വിഷയം. സൂക്തം ഇങ്ങനെ:
قَالَتْ فَذَٰلِكُنَّ الَّذِي لُمْتُنَّنِي فِيهِۖ وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَاسْتَعْصَمَۖ وَلَئِن لَّمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِّنَ الصَّاغِرِينَ
'അവള്‍ (രാജ്ഞി) പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തു സൂക്ഷിക്കുകയാണ് ചെയ്തത്. ഞാന്‍ അവനോട് കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും നിന്ദ്യരുടെ കൂട്ടത്തിലാകുകയും ചെയ്യും.' (യൂസുഫ് 32).
വര്‍ത്തമാന/ഭാവികാല ക്രിയയായ يَكُونُ വില്‍ ലഘുവായ നൂനുത്തൗകീദ് പ്രവേശിച്ചപ്പോള്‍ يَكُونُ എന്നത് يَكُونًا എന്ന് ഫത്ഹിന്മേല്‍ സ്ഥിരാന്ത്യമായി. അതിനുതൊട്ടുമുമ്പായി لَيُسْجَنَنَّ യില്‍ കട്ടിയുള്ള നൂനുത്തൗകീദ് വരികയുണ്ടായി.
രണ്ട്: നബി(സ)യുടെ ശത്രുക്കളെ ഭീഷണിപ്പെടുത്തുന്ന അലഖ് 15-ാം സൂക്തത്തിലാണ് രണ്ടാമതായി ലഘുവായ നൂനുത്തൗകീദ് വന്നത്.
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ
'നിസ്സംശയം; അവന്‍ (ശത്രു) വിരമിച്ചിട്ടില്ലെങ്കില്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും.' (അലഖ് 15). ഇവിടെ نَسْفَعْ (നാം പിടിച്ചു വലിക്കും) എന്ന ഭാവികാല ക്രിയയിലാണ് ലഘുവായ നൂനുത്തൗകീദ് കടന്നുവന്നിരിക്കുന്നത്.
عَسَى എന്ന പ്രയോഗം
عَسَى എന്നത് പ്രതീക്ഷയെ പ്രദാനം ചെയ്യുന്ന നിര്‍ജീവമായ ഭൂതകാലക്രിയയും പ്രതീക്ഷയെ സൂചിപ്പിക്കുന്ന ക്രിയകളിലൊന്നുമാണ്. كان യിലേതെന്ന പോലെ നാമത്തിന് رَفْعْ (ഉകാരാന്ത്യാവസ്ഥയും) ആഖ്യാത (خَبَرْ)ത്തിന് അകാരാന്ത്യാവസ്ഥ (نَصْبْ) യുമായിരിക്കും. ഖുര്‍ആനില്‍ عسى യുടെ ആഖ്യാതമായി വന്നിരിക്കുന്നത് أَنْ ചേര്‍ന്നുവന്ന ക്രിയാവാചകമാണ്. ഉദാ: عسى الله أنْ يَجْعَلَ
عَسَى (ആയേക്കാം) എന്നത് പ്രതീക്ഷയെ സൂചിപ്പിക്കുന്ന പദമാണ്.
ഇമാം റാഗിബുല്‍ ഇസ്വ്്ഫഹാനി അതിന്റെ അര്‍ഥത്തെക്കുറിച്ച് പറയുന്നു: 'عَسَى എന്നത് പ്രതീക്ഷയെയും ആഗ്രഹത്തെയും സൂചിപ്പിക്കുന്ന ക്രിയയാണ്. കൂടുതല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഖുര്‍ആനിലെ عسى ، لعلّ പ്രയോഗങ്ങളെ അകര്‍മക(لازم) ക്രിയകളായാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. കാരണം, അല്ലാഹുവിനെപറ്റി, അവനിലേക്ക് ചേർത്ത് 'അല്ലാഹു ആയേക്കാം' എന്നു പറയുന്നത് ശരിയല്ല. ഈ വാദം ശരിയല്ല എന്നാണ് എന്റെ പക്ഷം. കാരണം, അല്ലാഹുവിലേക്ക് ചേർത്ത് അങ്ങനെ പറഞ്ഞാല്‍, അല്ലാഹു ആഗ്രഹിക്കണം എന്നല്ല, മനുഷ്യന്‍ അല്ലാഹുവെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തണം എന്നാണര്‍ഥം.1
عَسَى എന്ന് തനിച്ച് ഇരുപത്തിയെട്ടു തവണയും تُمْ എന്ന സര്‍വനാമ(ضمير)ത്തിലേക്ക് ചേര്‍ത്ത് عَسَيْتُمْ എന്ന് രണ്ടു തവണയും ഖുര്‍ആനിൽ വന്നിരിക്കുന്നു. സൂക്തത്തില്‍ പങ്കുവെച്ച പ്രതീക്ഷ സാക്ഷാല്‍ക്കരിക്കും വിധമാണാ പ്രയോഗങ്ങള്‍. അവയുടെ പശ്ചാത്തലം പഠിച്ചാല്‍ ഒരിടത്തൊഴിച്ച് അവ സാക്ഷാല്‍കൃതമായതായി മനസ്സിലാക്കാം. ആ ഒരിടത്ത് ഭീഷണിപ്പെടുത്തനായാണ് عَسَى എന്നു പ്രയോഗിച്ചിരിക്കുന്നത്. സൂക്തം ഇങ്ങനെ:
عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ
'(നബി പത്‌നിമാരേ!) നിങ്ങളെ അദ്ദേഹം (നബി(സ) വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം...' (തഹ്‌രീം 5).
നബി(സ)യുടെ ഭാര്യമാര്‍ നബി(സ)യോടൊപ്പം ദാമ്പത്യം തുടരാതിരിക്കുകയും അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം അവരെ വിവാഹമോചനം ചെയ്‌തെന്നുവരാം. അങ്ങനെ സംഭവിച്ചാല്‍ അല്ലാഹു അവര്‍ക്കുപകരം അവരേക്കാള്‍ നല്ല ഭാര്യമാരെ അദ്ദേഹത്തിന് വിവാഹം ചെയ്തു നല്‍കും എന്നു സാരം. പക്ഷെ നബി(സ) അവരിലാരെയും ത്വലാഖ് ചൊല്ലിയോ? ഇല്ല എന്നാണ് ഉത്തരം. അതുകൊണ്ടുതന്നെ عَسَى എന്ന പദം വന്ന മറ്റു സൂക്തങ്ങളില്‍നിന്നു ഭിന്നമായി ഇവിടെ 'ആയേക്കാം' എന്നു പറഞ്ഞ കാര്യം സംഭവിച്ചില്ല.
كَادَ എന്ന പ്രയോഗം
كَاد എന്നാല്‍ ആകാറായി എന്നര്‍ഥം.
كادت الشمس أن تغرب 'സൂര്യന്‍ അസ്തമിക്കാറായി'
كاد يموت من الجوع 'അയാള്‍ വിശന്നു ചാകാറായി.'
كان എന്നതുപോലെ كادയും അപൂര്‍ണക്രിയ (ناقص)യാണ്. അതിന്റെ നാമത്തിന് അകാരാന്ത്യാവസ്ഥ (نصب) യുമായിരിക്കും. ഖുര്‍ആനില്‍ كادയുടെ ആഖ്യാതം എപ്പോഴും ക്രിയാവാചകമാണ്. عسى വരുമ്പോള്‍ كادചേര്‍ന്നുള്ള ക്രിയാവാചകമാണല്ലോ പിന്നീട് വരിക. അതില്‍നിന്നു ഭിന്നമായി كادയുടെ ആഖ്യാനം أنْഇല്ലാത്ത ക്രിയാവാചകമായിരിക്കും.
ഇമാം റാഗിബുല്‍ അസ്വ്്ഫഹാനി كَادَ യുടെ അര്‍ഥവും പ്രയോഗവും സംബന്ധിച്ചെഴുതുന്നു. 'പ്രവൃത്തികള്‍ അടുത്തുതന്നെ സംഭവിക്കും എന്നു സൂചിപ്പിക്കാനാണ് كاد ഉപയോഗിക്കുന്നത്. ഇനിയും ചെയ്തിട്ടില്ലാത്ത പ്രവൃത്തിയെപ്പറ്റി كاد يفعل എന്നു പറഞ്ഞാല്‍ 'അയാള്‍ ചെയ്യുമാറാകും' എന്നാണര്‍ഥം. كاد യുടെ കൂടെ ما ചേര്‍ത്ത് ماكاد എന്നു പറഞ്ഞാല്‍ സംഭവിക്കുകയില്ല, സംഭവിക്കാതിരിക്കാനാണ് സാധ്യത എന്നാണര്‍ഥം.2
كادയും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഖുര്‍ആനില്‍ ഇരുപത്തി നാലു തവണ വന്നിരിക്കുന്നു. അവയില്‍ പതിനെട്ടു തവണ സ്ഥാപിതവും സ്ഥിരീകൃത (مُثْبَتْ) വുമായാണ് പ്രയോഗിച്ചിരിക്കുന്നത്. അവ സ്ഥാപിക്കുന്നതാകട്ടെ, അവിടെ പറയുന്ന കാര്യം നടന്നില്ല, സംഭവിച്ചില്ല എന്നാണ്. ഉദാ:
وَلَوْلَا أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلًا
'നിന്നെ -നബിയെ- നാം -അല്ലാഹു- ഉറപ്പിച്ചു നില്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞു പോയേക്കാമായിരുന്നു. (ഇസ്‌റാഅ് 74)
നബി(സ) ശത്രുക്കള്‍ക്ക് വശംവദനായോ? ഒരിക്കലുമില്ല. അവിടുന്ന് വശംവദനായതെ ഇല്ല.
മറ്റൊരു ഉദാഹരണം:
يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْۖ 'മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു' (ബഖറ 20)
ഖുര്‍ആനില്‍ ആറു തവണ നിഷേധാത്മക രീതിയിലാണ് كاد വന്നിരിക്കുന്നത്. കാര്യം സംഭവിക്കുമെന്ന് അത് സൂചിപ്പിക്കുന്നു. പക്ഷെ, സംഭവിക്കുകയില്ല എന്ന് തോന്നിപ്പിക്കുന്ന പോലെ മുന്നോട്ട് പോയശേഷം സംഭവിക്കുന്നു. ഇസ്‌റായേല്‍ സന്തതികളോട് അല്ലാഹു പശുവിനെ അറുക്കാന്‍ പറഞ്ഞ സംഭവം വിവരിച്ചശേഷം ഖുര്‍ആന്‍ പറയുന്നു:
قَالُوا الْآنَ جِئْتَ بِالْحَقِّۚ فَذَبَحُوهَا وَمَا كَادُوا يَفْعَلُونَ
'അവര്‍ -ഇസ്രായേല്യര്‍- പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ അത് ചെയ്യുമാറാകില്ലായിരുന്നു' (ബഖറ 71)
മറ്റൊരു ഉദാഹരണം:
أَنَا خَيْرٌ مِّنْ هَٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ
'അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു' (സുഖ്‌റുഫ് 52)
യഥാര്‍ഥത്തില്‍ മൂസാനബി വ്യക്തമായി സംസാരിക്കുന്നയാളാണ്.
അതുകൊണ്ടാണ് നാം ഇങ്ങനെ പറയുന്നത്: സ്ഥാപിതവും സ്ഥിരീകൃതവുമായ ഒരു വാക്യത്തില്‍ كاد വന്നാല്‍ അത് സംഭവിച്ചില്ല, സംഭവിക്കില്ല എന്നാണ് സൂചന. നിഷേധവാക്യത്തിലാണ് വരുന്നതെങ്കില്‍ അത് സംഭവിച്ചിരിക്കും എന്നാണ് മനസ്സിലാവുക. അതായത് كاد ഉള്ള വാക്യത്തില്‍ നിഷേധമുണ്ടെങ്കില്‍ അത് സ്ഥിരീകൃതമായും സ്ഥിരീകൃതമായതിനെ നിഷേധമായും മനസ്സിലാക്കണം.