ഫവാസ്വിലുല്‍ ഖുര്‍ആന്‍, റഹ്‌മത്ത്, ശൂറാ
നൗഷാദ് ചേനപ്പാടി
ഖുര്‍ആനിലെ ആയത്തുകളുടെ അവസാനം വരുന്ന പദമാണ് അതിന്റെ 'ഫാസ്വില:'. ബഹുവചനം ഫവാസ്വില്‍. ഒരായത്തിനുശേഷം തുടര്‍ന്നു വരുന്ന ആയത്തിനെ വേര്‍തിരിക്കുന്നതുകൊണ്ടാണ് അതിന് ഫാസ്വില: എന്ന പേരുവന്നത്. ഖുര്‍ആനിലെ സൂറത്തുകളെയും ആയത്തുകളെയും വിശേഷിച്ച് അതിന്റെ അമാനുഷികതയെയും മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണാക പങ്കാണ് ഫവാസ്വിലുകള്‍ക്കുള്ളത്. ഒരു സൂറത്തിലെ വിഷയവുമായും അതിന്റെ മുഖ്യലക്ഷ്യവുമായും അതിലെ പദഘടനയുമായും അഭേദ്യമായ ബന്ധമാണ് ഫാസ്വിലക്കുള്ളത്. ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ശ്രദ്ധകൊടുത്തു പഠിക്കേണ്ട വിഷയം. ഖുര്‍ആര്‍ വിജ്ഞാന സംബന്ധമായ ഗ്രന്ഥങ്ങളില്‍ ഒരദ്ധ്യായംതന്നെ ഫാസ്വിലയെക്കുറിച്ചാണ്. 'ഫവാസ്വിലുല്‍ ഖുര്‍ആന്‍' എന്ന പേരില്‍ നിരവധി സ്വതന്ത്ര കൃതികളുണ്ട്. ഖുര്‍ആന്‍ ഒരു മുഅ്ജിസത്താണ്. അഥവാ അതുപോലൊന്ന് കൊണ്ടുവരാൻ സൃഷ്ടികള്‍ അശക്തമാവുംവിധം അത് അല്ലാഹുവിന്റെ കലാമാണ് എന്നു സ്ഥാപിക്കുന്നതിലും ഖുര്‍ആന്റെ മനോഹാരിത ആസ്വദിക്കുന്നതിലും മുഖ്യസ്ഥാനമാണ് ഈ ഫവാസ്വിലുകള്‍ക്കുള്ളത്. നല്ലൊരു വിഭാഗത്തിന് അജ്ഞാതമായ ഖുര്‍ആനിക വിജ്ഞാനശാഖ. അറബി പദ്യങ്ങളിലെ 'ഖാഫിയ:' ക്കു സമാനം എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഖാഫിയ: അല്ലതാനും. ആയത്തുകളുടെ പൂര്‍ണ്ണമായ അര്‍ത്ഥവും ആശയവും മനസ്സിലാക്കുന്നതിലും ഈ ഫാസ്വിലകള്‍ക്കു വളരെ പ്രാധാന്യമുണ്ട്. സന്തോഷ വാര്‍ത്ത അറിയിക്കുന്ന ആയത്തുകള്‍ അവസാനിക്കുക അല്ലാഹുവിന്റെ റഹ് മത്തിനെ സൂചിപ്പിക്കുന്ന ഫാസ്വില:കള്‍ കൊണ്ടായിരിക്കും. അതേപോലെ മുന്നറിയിപ്പുകളെ പരാമര്‍ശ്ശിക്കുന്ന ആയത്തുകള്‍ അവസാനിക്കുന്നത് ഭയപ്പെടുത്തലി-തര്‍ഹീബ്- ന്റേയും പ്രതീക്ഷയുടേയും ഫാസ്വിലത്തു കൊണ്ടുമായിരിക്കും.
ഒരിക്കല്‍ ഒരാൾ ഒരു അഅ്റാബിയുടെ മുമ്പില്‍വെച്ച് സൂറ: ബഖറ: 209-ാം സൂക്തം ഇങ്ങനെ ഓതി.
فإن زللتم من بعد ما جاءتكم البيّنات എന്ന് ഓതിയപ്പോള്‍ അവസാനം فاعلموا ان الله غفور رحيم എന്ന് തെറ്റി ഓതി. അപ്പോള്‍ ഖുര്‍ആന്‍ അറിയാത്ത ആ ഗ്രാമീണൻ പറഞ്ഞു: അത് അങ്ങനെയാവാന്‍ വഴിയില്ലല്ലോ? യുക്തിമാനായ അല്ലാഹു തെറ്റിനോടൊപ്പം മഗ്ഫിറത്ത് പറയാന്‍ സാധ്യതയില്ലല്ലോ? അപ്പോള്‍ ഖുർആൻ ഓതിയ ആൾ തിരുത്തി فاعلموا أن الله عزيز حكيم എന്ന് ശരിയായി ഓതി.
മറ്റൊരു സംഭവം അസ്മഈ ഉദ്ധരിക്കുന്നു: അദ്ദേഹം ബനൂതഗ് ലബ് ഗോത്രക്കാരിയായ ഒരു ക്രിസ്ത്യന്‍ യുവതിയുടെ മുന്നിലൂടെ നടന്നുപോകാന്‍ ഇടയായി. ഖുര്‍ആന്‍ ഓതിക്കൊണ്ടാണദ്ദേഹം നടന്നിരുന്നത്.
و السّارق و السّارقة فاقطعوا ايديهما جزاء بما كسبا نكالا من الله والله غفور رحيم എന്ന ആയത്തോതിയപ്പോള്‍ അതിന്റെ അവസാനം മേല്‍ പറഞ്ഞതുപോലെ തെറ്റി ഓതി. അപ്പോള്‍ ആ യുവതി തിരുത്തി: താങ്കള്‍ അതിന്റെ അവസാനം തെറ്റായിട്ടാണ് ഓതിയത്. അപ്പോള്‍ അദ്ദേഹം و الله عزيز حكيم എന്ന് തിരുത്തി ഓതി. എന്നിട്ടവളോട് അദ്ദേഹം ചോദിച്ചു: ഞാന്‍ തെറ്റിയാണ് ഓതിയതെന്ന് നീ എങ്ങനെ അറിഞ്ഞു? നീ ഹാഫിളാണോ? അപ്പോള്‍ അവള്‍ പറഞ്ഞു: അല്ല ഞാന്‍ ക്രിസ്ത്യാനിയാണ്. ശിക്ഷയുടെ കാര്യം പറയുമ്പോള്‍ എങ്ങനെയാണ് അല്ലാഹു അവസാനം കാരുണ്യത്തെപ്പറ്റി പറയുക? കാരുണ്യവുമായല്ല അവന്റെ ഇസ്സത്തുമായിട്ടല്ലേ അതു യോജിക്കുക. എന്നാലല്ലേ കൈ മുറിക്കുന്നതുമായട്ട് അത് പൊരുത്തപ്പെടൂ എന്ന്.
ഇനിയു ചില ആയത്തുകളും അതിന്റെ ഫാസ്വില:കളുമായുള്ള ബന്ധം നോക്കുക.
قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِضِيَاءٍۖ أَفَلَا تَسْمَعُونَ ﴿٧١﴾ قُلْ أَرَأَيْتُمْ إِن جَعَلَ اللَّهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِۖ أَفَلَا تُبْصِرُونَ٧٢: القصص: ٧١،٧٢
പ്രവാചകാ, ഇവരോട് ചോദിക്കുക: 'വല്ലപ്പോഴും ചിന്തിച്ചുനോക്കിയിട്ടുണ്ടോ; അല്ലാഹു പുനരുത്ഥാനനാള്‍വരെ രാവിനെ സ്ഥിരമാക്കി നിര്‍ത്തുകയാണെങ്കില്‍, അല്ലാഹു അല്ലാതെ നിങ്ങള്‍ക്ക് വെളിച്ചം തരാന്‍ വേറെ ഏത് ദൈവമാണുള്ളത്? നിങ്ങള്‍ കേള്‍ക്കുന്നില്ലയോ?' ഇവരോട് ചോദിക്കുക: നിങ്ങള്‍ വല്ലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ടോ, അല്ലാഹു പുനരുദ്ധാനനാള്‍വരെ പകലിനെ സ്ഥിരമാക്കി നിര്‍ത്തുകയാണെങ്കില്‍ അല്ലാഹുവല്ലാതെ നിങ്ങള്‍ക്ക് വിശ്രമത്തിനുവേണ്ടി രാവിനെ തരാന്‍ വേറെ ഏത് ദൈവമാണുള്ളത്? നിങ്ങള്‍ കാണുന്നില്ലയോ? (ഖസ്വസ്വ്്: 71, 72)
ഇതിലെ ആദ്യത്തെ ആയത്തില്‍ രാത്രിയെ സ്ഥിരമായി നിലനിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവന്നുതരാന്‍ വേറെ ഏത് ഇലാഹാണുള്ളത് എന്നു ചോദിച്ചതിനു ശേഷം 'അഫലാ തസ്മഊന്‍' എന്നു ചോദിച്ചിരിക്കുന്നു. നിങ്ങള്‍ കേള്‍ക്കുന്നില്ലേ? എന്ന്. ഇരുട്ടത്ത് കേള്‍ക്കാനല്ലേ കഴിയൂ, കാണാന്‍ കഴിയില്ലല്ലോ? രണ്ടാമത്തെ ആയത്തില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തിയാല്‍ രാത്രിയെ നിങ്ങള്‍ക്ക് ഏത് ഇലാഹ് കൊണ്ടുവന്നുതരും? എന്ന ചോദ്യത്തിനു ശേഷം 'അഫലാ തുബ്‌സിറൂന്‍' എന്നും ചോദിച്ചിരിക്കുന്നു.അഥവാ നിങ്ങള്‍ കാണുന്നില്ലയോ എന്ന്. പകലിലാണല്ലാ കാണാന്‍ കഴിയുക.
ഈ രണ്ടായത്തിന്റേയും അവസാനം സന്ദര്‍ഭത്തിനനുയോജ്യമായ ഫാസില:കളാണ് അല്ലാഹു നല്‍കിയിരിക്കുന്നത്.
ഖുര്‍ആനിലെ പല ആയത്തുകളും അവസാനിക്കുന്നത് അഥവാ അതിന്റെ ഫാസ്വില:കള്‍ അല്ലാഹുവിന്റെ അസ്മാഉല്‍ ഹുസ്‌നാ കൊണ്ടായിരിക്കും. ആ സൂറത്തിന്റേയും അതിലെ ആയത്തുകളുടേയും വിഷയവുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് ആ അസ്മാഉല്‍ ഹുസ്‌നാ വന്നിട്ടുള്ളത്. ഉദാഹരണമായി, സൂറ: അല്‍അന്‍ആമില്‍ മൂന്നുതവണ ആയത്തുകളുടെ ഫാസ്വിലയായി حكيم عليم എന്ന് വന്നിട്ടുണ്ട്. അതും ഹകീം, അലീമിനേക്കാള്‍ മുന്തിച്ചും വന്നിരിക്കുന്നു. സൂറ: യൂസുഫില്‍ മൂന്നു തവണ عليم حكيم എന്ന് ഫാസ്വിലയായി വന്നിരിക്കുന്നു. ഇവിടെ ഹക്കീമിനേക്കാള്‍ അലീമിനെ മുന്തിച്ചിരിക്കുന്നു. ഈ മുന്തിക്കലിനും പിന്തിക്കലിനും എന്താണു കാരണം?
സൂറ: അന്‍ആം ഹിക്മത്തിന്റെ സൂറത്താണ്. അതിനാലവിടെ ഹകീമിനെ അലീമിനേക്കാള്‍ മുന്തിച്ചിരിക്കുന്നു. ഇബ്‌റാഹീം(അ)ന്റെ പ്രബോധനത്തിലെ ഹിക്മത്ത് ശ്രദ്ധിക്കുക. അതേസമയം സൂറ: യൂസുഫ് ഇല്‍മിന്റെ സൂറത്താണ്. ഇല്‍മും അതില്‍ നിന്നു നിഷ്പന്നമായ പദങ്ങളും ഇരുപതില്‍പരം തവണ സൂറ: യൂസുഫില്‍ വന്നിരിക്കുന്നു. അതിനാല്‍ ഈ സൂറ:യില്‍ ഹകീമിനേക്കാള്‍ അലീമിനെ മുന്തിച്ചു പറഞ്ഞിരിക്കുന്നു. ഇതുപോലെ എല്ലാ ആയത്തുകളുടേയും അന്ത്യപദം അഥവാ അതിന്റെ ഫാസ്വില:കള്‍ ശ്രദ്ധയോടെ നിരിക്ഷിക്കുകയും പഠിക്കുകയും ചെയ്യുക. ഖുര്‍ആന്‍ വിജ്ഞാനത്തിന്റെ ഒരു സാഗരം തന്നെ നമ്മുടെ മുമ്പില്‍ തുറന്നു കിട്ടും.
വിശേഷിച്ചും ഖുര്‍ആന്‍ പഠിപ്പിക്കുന്നവര്‍ ഈ വിഷയം ഗൗരവമായി പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുക.
റഹ്‌മത്ത്
رحم എന്ന പദത്തിൽനിന്നാണ് رحمة എന്ന പദത്തിന്റെ നിഷ്പത്തി. നനവോടെയും ആര്‍ദ്രതയോടെയും ഒരു വസ്തുവിനെ ഉള്‍ക്കൊള്ളുന്നിടം വിശാലമാവുക എന്നാണ് അതിന്റെ കേന്ദ്രാശയം. ഗര്‍ഭപാത്രവും അങ്ങനെയാണല്ലോ. ഒരു കുട്ടിക്കു കിടക്കാന്‍മാത്രം വിശാലവും അതോടൊപ്പം നൈര്‍മ്മല്യവും നനവും അതിനുള്ളിലുണ്ട്. رقة القلب അഥവാ 'ഹൃദയ നൈര്‍മ്മല്യം' എന്നാണ് റഹ്്മത്തിന്റെ അര്‍ത്ഥം. അത്യന്തം വിശാലവും അനുകമ്പയും നൈര്‍മ്മല്യവും നിറഞ്ഞുനില്‍ക്കുന്ന ഹൃദയത്തിന്റെ അവസ്ഥയാണ് റഹ് മത്ത് അഥവാ കാരുണ്യം എന്നത്.
റഹ് മത്തും അതില്‍നിന്നു നിഷ്പന്നമായ പ്രയോഗങ്ങളും മുന്നൂറ്റിമുപ്പത്താറു തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. റഹ്്മത്ത് എന്ന പദം മാത്രം നൂറ്റിപ്പതിനൊന്ന് തവണയും. റഹ് മത്തില്‍ നിന്നുള്ള അല്ലാഹുവിന്റെ വിശിഷ്ഠവും അതിമനോഹരവുമായ നാമങ്ങളില്‍നിന്നുള്ള റഹ്്മാന്‍ എന്ന വിശുദ്ധനാമം അമ്പത്തിയേഴു തവണയും- അതില്‍ പതിനാറു തവണയും സൂറ: മര്‍യമിലാണ്- മറ്റൊരു പരിശുദ്ധനാമമായ റഹീം നൂറ്റിപതിനഞ്ചു തവണയും ഖുര്‍ആനില്‍ വന്നിരിക്കുന്നു. - റഹീം എന്ന് തൊണ്ണൂറ്റിഅഞ്ചു തവണയും റഹീമന്‍ എന്ന് ഇരുപത് പ്രാവശ്യവും. ഇതില്‍ റഹീം എന്ന് ഒരു തവണ നബി(സ)യുടെ വിശേഷണമായും വന്നിട്ടുണ്ട്. ഒരുപക്ഷേ തന്നിലേക്ക് ചേര്‍ത്തു പറയുന്ന നാമങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമായത് റഹ്്മത്തില്‍ നിന്നുള്ള നാമമായിരിക്കാം. ബിസ്മില്ലാഹിര്‍റഹ് മാനിര്‍റഹീം എന്നാണല്ലോ. എന്തിന്റേയും തുടക്കം. സൂറ: ഫാത്തിഹയില്‍ അല്ലാഹുവിന്റെ നാല് അതിവിശിഷ്ഠ നാമങ്ങളാണുള്ളത്. അതില്‍ രണ്ടും - റഹ് മാന്‍ റഹീം- അവന്റെ കാരുണ്യത്തില്‍ നിന്നുള്ളതാണ്. ആ സൂറ:യിലെ രണ്ടാമത്തെ ആയത്തും അതാണ്. എവിടെ എപ്പോഴാണത് പറഞ്ഞിട്ടുള്ളതെന്നും ശ്രദ്ധിക്കുക. സര്‍വ്വസ്തുതിയും സകലലോക പരിപാലകനും നാഥനും ഉടമസ്ഥനുമായ അല്ലാഹുവിനാണ് എന്നു പറഞ്ഞതിനു ശേഷം. അതായത് അല്ലാഹു ഈ ലോകത്തെയും മറ്റനേകം ലോകങ്ങളേയും അതിലെ എണ്ണമറ്റ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അവന്റെ അനന്തവും അപാരവുമായ കാരുണ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന്. അല്ലാഹുവിന്റെ അടിമകളെ അവന്‍ വിശേഷിപ്പിക്കുന്നത് എങ്ങനെയാണ്? ഇബാദുര്‍റഹ് മാന്‍ അഥവാ പരമകാരുണികന്റെ അടിമകള്‍ എന്ന്. - സൂറ: അല്‍ഫുര്‍ഖാന്‍: 63.-
സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിന്റെ ഈ കരുണ പ്രാപിക്കലാണ് എന്ന് ഖുര്‍ആന്‍ പറയുന്നു.
إلا من رحم ربّك و لذلك خلقهم
'നിന്റെ നാഥന്‍ കരുണ ചെയ്തവരൊഴികെ. ആ കരുണക്കുവേണ്ടിയാണവരെ സൃഷ്ടിച്ചത്' (ഹൂദ് 119).
ഈ കരുണ ലഭിക്കുവാന്‍വേണ്ടിയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചതെന്ന് ഇബ്‌നു അബ്ബാസി(റ) നെ ഉദ്ധരിച്ചുകൊണ്ട് ഇമാം റാസി തഫ്‌സീറുല്‍ കബീറില്‍ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ സമര്‍ത്ഥിക്കുന്നു. അതിനുള്ള ന്യായങ്ങളും അദ്ദേഹം അവിടെ പറയുന്നുണ്ട്.
كتب على نفسه الرّحمة
അല്ലാഹു കാരുണ്യത്തെ തന്റെ മേല്‍ വിധിയാക്കി നിശ്ചയിച്ചിരിക്കുന്നു. (അന്‍ആം: 12)
كتب ربّكم على نفسه الرّحمة
നിങ്ങളുടെ റബ്ബ് കാരുണ്യത്തെ തന്റെ ബാധ്യതയാക്കി വെച്ചിരിക്കുന്നു. (അന്‍ആം: 54)
قال رسول الله ص : انّ الله تعالى كتب كتابا قبل أن يخلق الخلق انّ رحمتي سبقت غضبي فهو مكتوب عنده فوق العرش. متفق عليه
'അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: തീര്‍ച്ചയായും സൃഷ്ടി പ്രക്രിയ നടക്കുന്നതിനു മുമ്പ് അല്ലാഹു ഒരു നിയമം എഴുതി തന്റെ അടുക്കല്‍ അര്‍ശിനു മുകളിലായി രേഖപ്പെടുത്തിവെച്ചു. അതിങ്ങനെയാണ്: എന്റെ കാരുണ്യം എന്റെ കോപത്തെ മുന്‍കടന്നിരിക്കുന്നു' (ബുഖാരി, മുസ് ലിം).
അപ്പോള്‍ അല്ലാഹു തന്റെമേല്‍ സ്വയം നിയമമാക്കിയ കാരുണ്യത്തിന് പ്രകടനം നല്‍കുന്നതിനുവേണ്ടിയാണ് അവന്‍ മനുഷ്യരെ സൃഷ്ടിച്ചത്. അല്ലാഹുവിന്റെ ഈ കാരുണ്യത്തെ പ്രാപിക്കലാണ് ഇസ്്ലാമിക ജീവിതത്തിന്റേയും നിര്‍ദ്ദേശങ്ങളുടേയും ലക്ഷ്യം.
ഇസ്‌ലാമിക ജീവിതത്തിന്റെ അടിത്തറയാണ് അല്ലാഹുവിനേയും അവന്റെ റസൂലിനേയും അനുസരിക്കല്‍. അതിന്റെ ലക്ഷ്യമോ അല്ലാഹുവിന്റെ കാരുണ്യം നേടലും.
و أطيعوا الله و الرّسول لعلكم ترحمون
'നിങ്ങള്‍ അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കുവിന്‍. നിങ്ങള്‍ക്കവന്റെ കാരുണ്യം ലഭിക്കുവാന്‍വേണ്ടി' (ആലുഇംറാന്‍: 131).
അതേപോലെ ഒരു മുസ്്ലിം അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളില്‍ അതിപ്രധാനവും ദീനിന്റെ തൂണുകളില്‍പ്പെട്ടതുമാണ് നമസ്‌കാരവും സക്കാത്തും. അവ രണ്ടുമില്ലാതെ ഇസ്്ലാമില്ല. നമസ്‌ക്കാരത്തെയും സക്കാത്തിനെയും ഖുര്‍ആനില്‍ ഇരുപത്തെട്ടു സ്ഥലങ്ങളില്‍ അല്ലാഹു ചേര്‍ത്തു പറഞ്ഞിരിക്കുന്നു. വേര്‍പെടുത്താനാവാത്തവിധം അഭേദ്യമാണ് അവ തമ്മിലുള്ള ബന്ധം. അല്ലാഹുവിനുള്ള ഈ ഇബാദത്തുകളെ അവന്‍ നിശ്ചയിച്ചത് മനുഷ്യന്‍ അവന്റെ കരുണ പ്രാപിക്കുന്നതിനുവേണ്ടിയാണെന്ന് ഖുര്‍ആന്‍ പറയുന്നു.
و اُقيموا الصّلواة و آتواالزّكواة و أطيعوا الرّسول لعلّكم ترحمون
നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുകയും സക്കാത്ത് കൊടുത്തുവീട്ടുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവന്റെ കാരുണ്യം ലഭിക്കുവാന്‍വേണ്ടി. (അന്നൂര്‍: 56)
മനുഷ്യന്‍ സദാ പാപം ചെയ്യുന്നവനാണ് അല്ല ചെയ്തുകൂട്ടുന്നവനാണ്. അറിഞ്ഞും അറിയാതേയും നിരവധി പാപങ്ങള്‍. അതിനു പരിഹാരമായി അല്ലാഹു മനുഷ്യന് നിശ്ചയിച്ചിട്ടുള്ളത് ഇസ്തിഗ്ഫാറാണ് അഥവാ പാപമോചന പ്രാര്‍ത്ഥനയാണ്. പാപസുരക്ഷിതത്വമുള്ള അന്ത്യപ്രവാചകന്‍(സ)തന്നെയും ദിനേന നൂറു തവണ അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ ചെയ്തിരുന്നതായി അവിടുന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ തൗബയും അതില്‍നിന്നുളവാകുന്ന ഇസ്തിഗ്ഫാറും ഒരു ഇസ്്ലാമിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുന്നു. അതിന്റെ ലക്ഷ്യമെന്താണെന്നും ഖുര്‍ആന്‍ പറയുന്നു.
لولا تستغفرون الله لعلّكم ترحمون
നിങ്ങളെന്തുകൊണ്ട് അല്ലാഹുവിനോട് പാപമോചനം തേടുന്നില്ല? അതുമുഖേന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം പ്രാപിക്കാനായി. (അന്നംല്: 46)
വിശുദ്ധ ഖുര്‍ആര്‍ അല്ലാഹുവില്‍ നിന്നുള്ള മനുഷ്യന്റെ മാര്‍ഗ്ഗദര്‍ശ്ശന ഗ്രന്ഥമാണ്. അതില്‍ വിശ്വസിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു മുസ്്ലിം അത് ശ്രദ്ധയോടെ കേള്‍ക്കുകയും പഠിക്കുകയും ജീവിതത്തില്‍ ആഗ്രന്ഥത്തെ മാര്‍ഗ്ഗരേഖയാക്കുകയും അതിനെ പിന്തുടരുകയും വേണം. എങ്കില്‍ മാത്രമേ അവന്‍ മുസ്്ലിമും മുഅ്മിനും ആകുന്നുള്ളു. അപ്പോള്‍ ഖുര്‍ആന്‍ കേള്‍ക്കലും പഠിക്കലും അതിനെ പിന്തുടരലും ഒരു മുസ്്ലിമിനു നിർബന്ധമാണ്. അതെന്തിനുവേണ്ടിയെന്നാല്‍ അവന് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനു വേണ്ടി. ഈ ആയത്തുകള്‍ നോക്കുക:
و إذا قرئ القرآن فاستمعوا له و اُنصتوا لعلّكم ترحمون
ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും ഭക്തിയോടേയും അതിനെ സ്വികരിക്കാനുള്ള തയ്യാറോടേയും നിശബ്ദമായിരിക്കുകയും ചെയ്യുവിന്‍. എന്തിനു വേണ്ടിയെന്നാല്‍ അതുമുഖേന നിങ്ങള്‍ കരുണ ചെയ്യപ്പെടുവാന്‍ വേണ്ടി. (അഅ്റാഫ്: 204)
(സമിഅ سمع എന്നാല്‍ കേള്‍ക്കുക എന്നും ഇസ്തമഅ إستمع എന്നാല്‍ ചെവികൊടുത്ത് ശ്രദ്ധയോടെ കേള്‍ക്കുക എന്നും. 'അന്‍സ്വത' أنصت എന്നാല്‍ 'കേവലം നിശബ്ദമാവുക' എന്നല്ല അര്‍ത്ഥം. ഭക്തിയോടെയും കേള്‍ക്കുന്നതിനെ സ്വീകരിക്കാനുള്ള തയാറോടെയും നിശബ്ദമായിരിക്കുക എന്നാണര്‍ത്ഥം. സാധാരണ ഖുര്‍ആന്‍ പരിഭാഷയില്‍ ഈ അര്‍ത്ഥം പ്രകടമാവുന്നുണ്ടോ? )
هذا كتاب أنزلناه مبارك فاتّبعوه واتّقوا لعلّكم ترحمون
ഇതാണ് അനുഗൃഹീതമായ ഗ്രന്ഥം. നാമതിനെ ഇറക്കിത്തന്നിരിക്കുന്നു. എന്തിനെന്നാല്‍ നിങ്ങളതിനെ ജീവിതത്തില്‍ പിന്തുടരുകയും തഖ് വ പുലര്‍ത്തുകയും ചെയ്യണം. അതുമുഖേന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണ ലഭിക്കുവാന്‍വേണ്ടി. (അന്‍ആം: 155)
ഒരു മുസ്്ലിമിന്റെ ഇസ്്ലാമിക ജീവിതത്തിന്റെ അച്ചുതണ്ട് അല്ലാഹുവിനെ അറിഞ്ഞ് അവന്റെ വിധിവിലക്കുകളെ മാനിച്ചും സൂക്ഷിച്ചും ജീവിക്കുക എന്നതാണ്. എല്ലാ താത്പര്യങ്ങളേക്കാളും നേട്ടങ്ങളേക്കാളും അതിനു മുന്‍ഗണന നല്‍കുക എന്നതുമാണ്. അവന്റെ ഏതു വിധിവിലക്കുകളേയും പ്രാവര്‍ത്തികമാക്കുവാന്‍ ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സദാ ജാഗ്രത്തായിരിക്കുന്ന ഈ ബോധത്തിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ തഖ്്വ എന്നു പറയുന്നു. ഖുര്‍ആനില്‍ അല്ലാഹുവിന്റെ വിധിവിലക്കുകളെപ്പറ്റി പറയുമ്പോള്‍ അവിടെയെല്ലാം നിങ്ങള്‍ അവനെ സൂക്ഷിക്കണമെന്ന -തഖ് വയുണ്ടായിരിക്കണമെന്ന്- പരാമർശം കാണാം. എഴുപത്തിഎട്ടു തവണ പുല്ലിംഗ ബഹുവചന കല്‍പനക്രിയയില്‍ 'ഇത്തഖൂ' നിങ്ങള്‍ സൂക്ഷിക്കണം എന്ന് ഖുര്‍ആനില്‍ വന്നിട്ടുണ്ട്. തഖ്്വ എന്ന പദവും അതിന്റെ തത്ഭവങ്ങളും ഇരുന്നൂറ്റിഅമ്പത്തിഒമ്പതു തവണയാണ് ഖുര്‍ആനില്‍ വന്നിരിക്കുന്നത്. ഇതില്‍നിന്നുതന്നെ തഖ് വയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാണല്ലോ. അപ്പോള്‍ മനുഷ്യനെ മനുഷ്യനാക്കുന്നതും മുസ്്ലിമിനെ മുസ്്ലിമും മുഅ്മിനുമാക്കുന്നതും ഈ തഖ് വയാണ്.
എന്തിനുവേണ്ടിയാണ് അവന്‍ തഖ് വ കൈക്കൊള്ളണ്ടത്? അതും അല്ലാഹുവിന്റെ കരുണ മനുഷ്യനു ലഭിക്കേണ്ടതിനാണെന്ന് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പറയുന്നു.
و إذا قيل لهم اتّقوا ما بين أيديكم و ما خلفكم لعلّكم ترحمون
'നിങ്ങള്‍ക്കു അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാനായി നിങ്ങളുടെ മുമ്പിലുള്ളതിനേയും പിമ്പിലുള്ളതിനേയും സൂക്ഷിക്കുവിന്‍ എന്നവരോടു പറയപ്പെട്ടാല്‍.....' (യാസീന്‍: 45).
فأصلحوا بين أخويكم واتّقوا الله لعلّكم ترحمون
'നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ യോജിപ്പുണ്ടാക്കി അവരെ നന്നാക്കുവിന്‍. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. എന്തിനെന്നാല്‍ അതുമുഖേന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണ കിട്ടുവാന്‍വേണ്ടി' (അല്‍ഹുജ്‌റാത്ത്: 10).
അതിനാല്‍ ഒരു മുസ്്ലിമിന്റെ എല്ലാ കർമങ്ങളുടേയും അവന്റെ ജീവിതത്തിന്റെ ലക്ഷ്യംതന്നേയും അല്ലാഹുവിന്റെ അനന്തവും അപാരവുമായ കാരുണ്യം പ്രാപിക്കലാണെന്ന് ഓരോ മുസ്്ലിമും തിരിച്ചറിയണം. അവന്റെ ഈ കാരുണ്യത്തെ തിരിച്ചറിയാതെ പോയതിന്റെ അനന്തരഫലമാണ് മുസ്്ലിം സമൂഹം അല്ലാഹുവിന്റെ സൃഷ്ടികളെ ആശ്രയിക്കുന്നതും അവലംബിക്കുന്നതും. അല്ലാഹുവിന്റെ ഈ കാരുണ്യത്തെ ഹൃദയത്തില്‍ അനുഭവപ്പെടുന്നതിന്റെ മാധുര്യം അറിഞ്ഞും ആസ്വദിച്ചും ജീവിക്കുവാന്‍ ഒരു വിശ്വാസിക്കു സാധിക്കുമ്പോഴാണ് ഈ ദുനിയാവും അതിലെ വിഭവങ്ങളും സുഖങ്ങളും അവന് ഒരീച്ചയുടെ ചിറകിനോളം നിസ്സാരമായി അനുഭവപ്പെടുക.
അല്ലാഹുവിനെ മുസ്്ലിം സമൂഹം പൊതുവെ മനസ്സിലാക്കിയിരിക്കുന്നത് മറ്റു മതക്കാര്‍ക്കുള്ളതുപോലെ ഒരു ദൈവം നമുക്കും എന്ന കാഴ്ചപ്പാടിലാണ്. ആ ദൈവത്തിന് വിഗ്രഹങ്ങളും ചിത്രങ്ങളും ഇല്ല എന്നുമാത്രം. മറ്റു ജനവിഭാഗവും നാം തന്നെയും അവനെ മനസ്സിലാക്കിയതെങ്ങനെയാണ്? മനുഷ്യന് താങ്ങാന്‍ വയ്യാത്ത ഒരുപാട് വിധിവിലക്കുകള്‍ ആ ദൈവം അവനില്‍ അടിച്ചേല്‍പിച്ചിരിക്കുന്നു. അതുകൊണ്ട് അതു തൊടരുത്, ഇത് തൊടരുത്, അങ്ങോട്ടു നോക്കരുത്, ഇങ്ങോട്ടു നോക്കരുത്, അതു ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് കല്‍പിച്ചുകൊണ്ടിരിക്കുന്ന ഒരു മുഠാളനും കഠിനനുമായ ഒരു ദൈവം. ആ വിലക്കുകള്‍ ലംഘിച്ചാലോ മനുഷ്യരെയെല്ലാം പരലോകത്ത് നരകത്തീയിലിട്ടു രസിച്ചുകൊണ്ടിരിക്കുന്ന കരുണാരഹിതനായ എന്തോ ഒരു രാക്ഷസനായ ദൈവം. ഇസ്്ലാമിലെ ദൈവമായ അല്ലാഹുവിനെ മനസ്സിലാക്കേണ്ടതും അറിയേണ്ടതും അവന്റെ അസ്മാഉല്‍ ഹുസ്‌നയില്‍ക്കൂടിയാണ് അഥവാ അവന്റെ അതിമനോഹരമായ നാമങ്ങളില്‍ക്കൂടി. അപ്പോഴേ മനുഷ്യന്‍ അവന്റെ യഥാര്‍ത്ഥ ദൈവത്തെ കണ്ടുമുട്ടുകയുള്ളു. അപ്പോഴേ ദൈവേതരന്മാരെ ഒരര്‍ത്ഥത്തിലും അവനില്‍ പങ്കുചേര്‍ക്കാതിരിക്കുകയുള്ളു. ഈ മനോഹര നാമങ്ങളുടെ പ്രകടന വേദിയായി ഒരു മുസ്്ലിമിന്റെ ജീവിതം മാറുമ്പോഴാണ് ഇസ്്ലാമിന്റെ മഹത്വവും അതിന്റെ നന്മകളും എല്ലാ മനുഷ്യര്‍ക്കും അനുഭവിക്കാന്‍ കഴിയുക. ഇതാണ് ഏറ്റവും വലിയ ശഹാദത്തും തബ് ലീഗും ദഅ്വത്തും. ചില ദൈവസങ്കല്‍പങ്ങള്‍ ദൈവത്തെ ക്രൂരനായി അവതരിപ്പിക്കുന്നു. അതില്‍നിന്നാണ് തലയോട്ടികൊണ്ടു മാലയുണ്ടാക്കി വാളും ശൂലവും കൈകളില്‍ പിടിച്ചു നൃത്തമാടുന്ന ദേവീരൂപങ്ങളുണ്ടായത്. മറ്റു ചില മതങ്ങളില്‍ വായില്‍ കൈ ഇട്ടാല്‍ കടിക്കാത്ത സ്‌നേഹം, സ്‌നേഹം എന്നു പറഞ്ഞു വിശേഷിപ്പിക്കുന്ന പരമസാധുവായ ഒരു ദൈവവും. ഈ രണ്ടു സങ്കല്‍പങ്ങള്‍ക്കും മധ്യേ ഏറ്റവും മനോഹരമായ ഒരു ദൈവ 'സങ്കല്‍പമാണ്' ഖുര്‍ആന്‍ കാഴ്ച വെക്കുന്നത്.
ഖുര്‍ആനില്‍ നബിമാരുടെയും സത്യവിശ്വാസികളുടേതുമായി നിരവധി ദുആകള്‍ കാണാം.അതിലേയും മുഖ്യാംശം അല്ലാഹുവിന്റെ കാരുണ്യമാണെന്നു കാണാം.
ആദം(അ)യുടെ പ്രാര്‍ത്ഥന: നീ പൊറുത്തുതരിക മാത്രമല്ല നീ ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെട്ടുപോകും.
ربّنا ظلمنا أنفسنا وإن لم تغفر لنا وترحمنا لنكوننّ من الخاسرين” سورة الأعراف: آية 23
സത്യവിശ്വാസികളുടെ പ്രാര്‍ത്ഥന: ഇവിടേയും അവസാനം അല്ലാഹുവിന്റെ കാരുണ്യംതന്നെ രക്ഷ.
ربّنا لا تؤاخذنا إن نسينا أو أخطأنا، ربّنا ولا تحمل علينا إصراً كما حملته على الذّين من قبلنا، ربّنا ولا تحمّلنا مالا طاقة لنا به واعف عنّا واغفر لنا وارحمنا أنت مولانا فانصرنا على القوم الكافرين” سورة البقرة: آية 286
أنت وليّنا فاغفر لنا وارحمنا وأنت خير الغافرين” سورة الأعراف: آية 155
ربّ اغفر وارحم وأنت خير الرّاحمين” سورة المؤمنون: آية 118
وَأَدْخِلْنَا فِي رَحْمَتِكَ وَأَنْتَ أَرْحَمُ الرَّاحِمِينَ” سورة الأعراف: آية 151
മാതാപിതാക്കള്‍ക്കുവേണ്ടി മക്കളുടെ ദുആ: ആ ദുആ എഴുതിയാല്‍ എത്ര പേജുവരും. എന്നാലിവിടെ അല്ലാഹു പറയുന്നത് അവര്‍ക്കുവേണ്ടി നിങ്ങള്‍ ഒറ്റക്കാര്യം മാത്രം ചോദിച്ചാല്‍ മതിയെന്നാണ്. അതവന്റെ കാരുണ്യമാണ്. അതന്തൊക്കെയാണെന്ന് അവനുമാത്രമേ അറിയൂ.
رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا” سورة الإسراء: آية 24
ഗുഹാവാസികളുടെ ദുആ.
رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا”
سورة الكهف: آية 10
അപ്പോള്‍ ഏതൊരു ദുആയുടെയും കേന്ദ്രബിന്ദു അല്ലാഹുവിന്റെ കാരുണ്യമാണെന്നറിയുക.
നബി(സ)പോലും പറഞ്ഞത് -സഹാബത്തിന്റെ ചോദ്യത്തിനു മറുപടിയായി- അല്ലാഹുവിന്റെ കാരുണ്യം എന്നെ പൊതിഞ്ഞില്ലെങ്കില്‍ ഞാന്‍ രക്ഷപ്പെടില്ലെന്നാണ്.
'ശൂറാ'
തേനറയില്‍ നിന്ന് തേനെടുക്കുന്നതിനാണ് അടിസ്ഥാനപരമായി ശാറ, ശവറ എന്നു പറയുക.
شرت العسل : إذا استخرجته من الخليّة
ശിര്‍തുല്‍ അസല എന്നാല്‍ തേനറയില്‍നിന്നും ഞാന്‍ തേനെടുത്തു എന്നര്‍ത്ഥം.
شار الرّجل الدّابّة: أجراها عند البيع ليظهر قوّتها
شرت الدّابّة شورا : إذا عرضتها
'ശിര്‍തുദ്ദാബ്ബത്ത ശൂറന്‍' എന്നാല്‍ വില്‍പനക്കുവേണ്ടി ഞാന്‍ മൃഗത്തെ പ്രദർശിപ്പിച്ചു എന്നര്‍ത്ഥം. അതിന്റെ ഭംഗിയും ശക്തിയും അറിയാനായി അതിനെ നടത്തിച്ചു.
ഒരു വസ്തുവിനെ അറിയിക്കുന്നതിനോ നിര്‍ണ്ണയിക്കുന്നതിനൊ ഉള്ള സൂചനയെ إشارة ഇശാറ: എന്നു പറയും. شارة، شورة എന്നാല്‍ ഭംഗി, മനോഹാരിത, ഭംഗിയുള്ള രൂപം എന്നീ അര്‍ത്ഥങ്ങളും. شورى، مشورة എന്നാല്‍ കൂടിയാലോചന എന്നും شورى എന്നാല്‍ കൂടിയാലോചനയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം എന്നും അര്‍ത്ഥം. അപ്പോള്‍ شورى എന്നതില്‍ അടിസ്ഥാനപരമായി പ്രദർശിപ്പിക്കുക അല്ലെങ്കില്‍ പുറത്തെടുക്കുക എന്നും അതിനെ എടുക്കുക, സ്വീകരിക്കുക എന്നുമുള്ള അര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഒരു വസ്തുവിലുള്ള ശുദ്ധമായതും അനുയോജ്യമായതും മറ്റുള്ളവയെ സ്വാധീനിക്കാന്‍ കെല്‍പുറ്റതുമായ ഘടകത്തെ പുറത്തെടുക്കുക എന്നതാണ് ശൂറ എന്ന പദത്തിന്റെ കേന്ദ്രാശയം; തേനറയില്‍നിന്നോ പൊത്തില്‍നിന്നോ തേനെടുക്കുന്നതുപോലെ. അതു ശുദ്ധവും നല്ലതും ഭക്ഷണത്തിനും മരുന്നിനും അനുയോജ്യമായതുമാണ്. അതുപയോഗിക്കുമ്പോള്‍ മനുഷ്യനില്‍ സ്വാധീനം ചെലുത്തി അവന്റെ രോഗം ശിഫയാക്കുന്നു. فيه شفاء للنّاس അതില്‍ ജനങ്ങള്‍ക്ക് ശിഫയുണ്ട് അഥവാ അവരുടെ രോഗങ്ങള്‍ക്ക് ശമനൗഷധമാണ് എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞത്. ജനങ്ങള്‍ക്ക് ശിഫയുണ്ട് എന്ന് ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ ഭൗതികമായ ഒരേഒരു വസ്തു തേനാണ് എന്നും ഓര്‍ക്കുക.
തേന്‍ എങ്ങനെയുണ്ടാകുന്നു എന്നു നോക്കുക. തേനീച്ച എല്ലാ പൂവുകളിലും പാറിനടന്ന് അതിലെ ഏറ്റവും നല്ല സത്ത് ശേഖരിച്ച് കൊണ്ടുവന്ന് തേനറയില്‍ സംഭരിച്ചുവെക്കുന്നതാണല്ലോ തേന്‍. മനുഷ്യന്‍ അതെടുത്ത് അവന്റെ രോഗത്തിന് ശമനൗഷധമായി ഉപയോഗിക്കുമ്പോള്‍ രോഗം സുഖപ്പെടുന്നു. ഇതുപോലെയാണ് ശൂറ അല്ലെങ്കില്‍ മശ്വ്റയില്‍ക്കൂടിയും മനുഷ്യനു സാധ്യമാകുന്നത്. കുടുബത്തിലോ സമൂഹത്തിലോ സംഘടനയിലോ രാഷ്ട്രത്തിലോ ഉമ്മത്തിലോ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിലെ കാര്യമാത്ര പ്രസക്തരായ വ്യക്തികളെ ഒത്തുകൂട്ടി ആ പ്രശ്‌നം അവരുടെയിടയില്‍ ചര്‍ച്ചക്കു വെക്കുന്നു. ഓരോരുത്തരും തങ്ങളുടേതായ യുക്തമായ അഭിപ്രായത്തെ പുറത്തെടുത്ത് എല്ലാവരുടേയും മുമ്പാകെ പ്രദർശിപ്പിക്കുന്നു. ആ അഭിപ്രാങ്ങളെയെല്ലാം സമീകരിച്ച് ഏറ്റവും യുക്തിയുക്തമായതും നല്ലതുമായ ഒരഭിപ്രായത്തില്‍ അവരെത്തിച്ചേരുന്നു. ആ അഭിപ്രായത്തെ അവരഭിമുഖീകരിക്കുന്ന പ്രശ്‌നത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് പരിഹരിക്കപ്പെടുന്നു. തേനിന്റെ അതേ പ്രക്രിയപോലെത്തന്നെ. ശൂറയുടെ തത്ഭവത്തില്‍നിന്നുള്ള മറ്റൊരു പദമാണ് شارة എന്നു പറഞ്ഞുവല്ലോ. ശാറത്ത് എന്നാല്‍ ഭംഗി, മനോഹാരിത, ആകാരസൗഷ്ഠവം എന്നും മറ്റുമാണ് അര്‍ത്ഥം. അതിനാല്‍ ശൂറ അഥവാ കൂടിയാലോചന ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന കുടുംബമോ സമൂഹമോ സംഘടനയോ രാജ്യമോ ഭംഗിയാര്‍ന്നതും മനോഹരവുമായിരിക്കും.
ഖുര്‍ആനില്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്ന പദങ്ങള്‍ എത്രമാത്രം അര്‍ത്ഥപുഷ്ടിയും അനുയോജ്യവും കാലാതിവര്‍ത്തിയുമാണെന്നു നോക്കുക.
നാമിന്നനുഭവിക്കുന്ന ദുരിതം ജനക്ഷേമത്തിനുവേണ്ടി എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചിക്കാതെ ഭരിക്കുന്ന പാര്‍ട്ടി ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍കൊണ്ടാണല്ലോ? മുസ്്ലിം ഉമ്മത്ത് അനുഭവിക്കുന്നതും മോശവും വികൃതവുമായ ഒരു സമൂഹമായി മറ്റുള്ളവര്‍ നമ്മെ കാണുന്നതും ശൂറയുടെ അടിസ്ഥാനത്തിലല്ലാതെ അവര്‍ ജീവിക്കുന്നതുകൊണ്ടുമാണല്ലോ?
ഖുര്‍ആനിലെ നാല്‍പത്തിരണ്ടാമത്തെ സൂറ:യുടെ പേരും 'അശ്ശൂറാ' എന്നാണ്. മുസ്്ലിം സാമൂഹ്യജീവിതത്തില്‍ അത്രമാത്രം പ്രാധാന്യം ശൂറക്കുണ്ടെന്നും അതിനെപ്പറ്റി ചിന്തിക്കണമെന്നുമാണല്ലോ അതിനര്‍ത്ഥം. അതേ സൂറ:യില്‍ ശൂറയെപ്പറ്റി പറഞ്ഞ ഭാഗം നോക്കുക.
وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ ﴿﴾ وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ. الشّورى: ٣٧-٣٨.
ഈ ആയത്തില്‍ 'അംറുഹും ശൂറാ ബൈനഹും' എന്ന് ശൂറയെപ്പറ്റി പറഞ്ഞ സ്ഥാനം നോക്കുക. അവര്‍ നമസ്‌കാരം നിലനിര്‍ത്തന്നവരും എന്നതിന്റേയും നാം നല്‍കിയതില്‍നിന്ന് ചിലവഴിക്കുന്നവരുമാണ് അവര്‍ എന്നതിന്റേയും ഇടയില്‍. നമസ്‌കാരം ഇബാദത്താണ്. അതേപോലെ സക്കാത്തായാലും സ്വദഖയായാലും ഇന്‍ഫാഖും ഇബാദത്തുമാണ്. അപ്പോള്‍ ഖുര്‍ആന്റെ രീതിയനുസരിച്ച് രണ്ടു ഇബാദത്തുകള്‍ക്കിടയില്‍ ഇബാദത്തല്ലാത്ത ഒന്ന് വരാന്‍ പാടില്ല എന്ന് ഖുര്‍ആന്‍ പണ്ഡിതനായ ഡോ. സ്വലാഹ് ഖാലിദി സമര്‍ത്ഥിക്കുന്നു. അപ്പോള്‍ ശൂറാ എന്നത് പ്രഥമമായി ഒരു ഇബാദത്താണ്.
എന്നു മാത്രമല്ല ഈ സൂറത്ത് മക്കീ സൂറത്താണ്. മക്കാ കാലഘട്ടത്തില്‍ നബി(സ)യുടെ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായ ഒരു ഇസ്ലാമിക സമൂഹം അവിടെ രൂപപ്പെട്ടു കഴിഞ്ഞിരുന്നില്ല. ആ അവ്യവസ്ഥാപിതമായ പ്രതിസന്ധി ഘട്ടത്തിലും അവിടെയുണ്ടായിരുന്ന മുസ്്ലിം ന്യൂനപക്ഷത്തിന്റെ കാര്യങ്ങള്‍ ശൂറയുടെ, കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു നടന്നിരുന്നത് എന്നാണ് അല്ലാഹു വ്യക്തമായും ഇവിടെ പറയുന്നത്. എന്നാല്‍ മദീനയിലെത്തിയതിനു ശേഷം അവിടെ റസൂലി(സ)ന്റെ നേതൃത്വത്തില്‍ വളരെ സംഘടിതവും വ്യവസ്ഥാപിതവുമായ ഒരു ഇസ്്ലാമിക സമൂഹം-ഉമ്മത്ത്- രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാല്‍ അവിടെ ഇറങ്ങിയ ആയത്തില്‍ 'വ ശാവിര്‍ഹും ഫില്‍ അംറ്' നീ കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക എന്ന് കല്‍പനക്രിയയിലാണ് വന്നതെന്നു പ്രത്യേകം ശ്രദ്ധിക്കുക. (ആലുഇംറാന്‍: 159)
കുട്ടിയുടെ മുലകുടി നിര്‍ത്തല്‍ എന്ന, നമുക്കു നിസ്സാരമായി തോന്നുന്ന കുടുംബ കാര്യത്തില്‍പോലും ശൂറ ചെയ്യണമെന്നാണ് അല്ലാഹു പറയുന്നത്. അപ്പോള്‍ ഒരു മുസ്്ലിമിന്റെ കുടുംബ, സാമൂഹ്യ, സംഘടനാ, രാഷ്ട്രീയ, ഉമ്മത്തീ ജീവിതത്തില്‍ ശൂറയുടെ പ്രാധാന്യം എത്രയെന്ന് പറയേണ്ടതില്ലല്ലോ. മുസ്്്ലിംകള്‍ ജനങ്ങള്‍ക്കുവേണ്ടി എഴുന്നേല്‍പിക്കപ്പെട്ട ഒരു പ്രബോധക സമൂഹമാണ് അഥവാ ഖൈറു ഉമ്മത്താണ് എന്ന അടിസ്ഥാനപരമായ കാഴ്ചപ്പാട് നഷ്ടപ്പെട്ടുപോയതാണ് ശൂറ സംസ്‌കാരം ഈ ഉമ്മത്തില്‍നിന്ന് വേറിട്ടുപോവാനുള്ള മുഖ്യകാരണം എന്നോര്‍ക്കുക. l