ലാമുല്‍ ഇഖ്‌ലാസ്വ്, ലാമുത്തബ്‌ലീഗ്‌

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

'അല്ലാഹു' എന്ന ജലാലത്തിന്റെ പദത്തില്‍ വരുന്ന ലാമി(لام)ന് ലാമുല്‍ ഇഖ്‌ലാസ്വ് എന്നു പറയുന്നു. ഉദാ: 
سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِۖ وَهُوَ الْعَزِيزُ الْحَكِيمُ 
'ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്' (ഹദീദ്: 1)

'സബ്ബഹ' (വിശുദ്ധിയെ വാഴ്ത്തി) എന്ന പദം സകര്‍മകക്രിയയാണ്. അത് കര്‍മത്തിന്റെ ഒടുവിലെ അക്ഷരത്തിന് അകാരം നല്‍കും. ചിലപ്പോള്‍ 'സബ്ബഹ' എന്ന ക്രിയ കര്‍മത്തിലേക്ക് സ്വന്തം നിലയില്‍ തന്നെ കടന്നു ചെന്ന് അതിനെ നേരിട്ട് അകാരം ചെയ്യും. ഉദാഹരണം:
إِنَّ الَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ
'നിന്റെ റബ്ബിന്റെ സവിധത്തിലുള്ളവര്‍ അല്ലാഹുവിന് വണങ്ങി ജീവിക്കുന്നതില്‍നിന്ന് അഹങ്കരിക്കുന്നില്ല. അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു, അവന് സാഷ്ടാംഗം ചെയ്യുന്നു' (അഅ്‌റാഫ്: 206).

മേല്‍ സൂക്തത്തിലെ 'യുസബ്ബിഹൂന' എന്ന ക്രിയ അതോടെ ചേര്‍ന്നുവന്ന 'ഹു' എന്ന കര്‍മത്തെ 'നസ്വ്ബ്'  ചെയ്തിരിക്കുന്നു.

ചിലപ്പോള്‍ 'സബ്ബഹ' 'യുസബ്ബിഹു' എന്ന ക്രിയകള്‍ അതോട് ചേര്‍ന്നുവരുന്ന കര്‍മത്തെ നേരിട്ട് നസ്വ്ബ് ചെയ്യില്ല. 'ഇകാര'ത്തിന്റെ അക്ഷരമായ 'ലാമ്' (لام) മാധ്യമമായി വരുന്ന വിധത്തിലായിരിക്കും അപ്പോള്‍ ഉണ്ടാവുക. ഉദാഹരണം 
سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِۖ
 (സബ്ബഹല്ലാഹ എന്നതിനു പകരം സബ്ബഹ ലില്ലാഹി എന്ന്) അഥവാ 'ലില്ലാഹി' എന്ന് ഇകാരത്തോടെ വായിക്കുമെങ്കിലുംمفعول   (കര്‍മം) ആയതിനാല്‍ അത് നസ്വ്ബിന്റെ -അകാരത്തിന്റെ- സ്ഥാനത്താണെന്ന് വ്യാകരണപരമായി പറയും.
'ലില്ലാഹി' എന്ന പദത്തില്‍ 'ഹി' എന്ന് ഇകാരം വരാന്‍ കാരണം 'ഇകാരം ചെയ്യുന്ന ലാം' (الّلام الجارّة) ഉള്ളതിനാലാണ്. ഇതിന് സാഹിത്യപരവും ഈമാനികവുമായ രണ്ടു വിവക്ഷകളുണ്ട്. സാഹിത്യപരമായ വിവക്ഷ ശാക്തീകരണമാണ്. അതിനാല്‍ പ്രസ്തുത 'ലാമി' (لام) ന് لام التقوية (ശക്തി പകരുന്ന ലാം) എന്നു പറയുന്നു. അതായത്, 'സബ്ബഹ' എന്ന ക്രിയയെ 'അല്ലാഹു' എന്ന കര്‍മത്തിലേക്ക് എത്താന്‍ ശക്തിയായി സഹായിക്കുന്നു.

ഈമാനികമായ ആശയം 'ആത്മാര്‍ഥത, നിഷ്‌കളങ്കത' എന്നതാണ്. അതുകൊണ്ട് പ്രസ്തുത 'ലാമി'ന് 'ലാമുല്‍ ഇഖ്‌ലാസ്വ്' എന്നു പറയുന്നു. അതായത്, അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുന്ന മുസ്‌ലിമിന്റെ തസ്ബീഹ് അല്ലാഹുവിന്റെ മാത്രം പ്രീതി കാംക്ഷിച്ചുകൊണ്ടാവണം. അല്ലാഹുവിന്റെ പ്രതിഫലം മാത്രമായിരിക്കണം അയാളുടെ ലക്ഷ്യം. അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുമ്പോള്‍ അല്ലാഹുവിനു മാത്രമായി എന്ന ഹൃദയംഗമമായ ബോധ്യമുണ്ടാവണം. 'സബ്ബഹ ലില്ലാഹ്' لامഎന്നതിലെ  തസ്ബീഹ് അല്ലാഹുവിനു മാത്രം സവിശേഷമായിരിക്കണമെന്ന് സൂചിപ്പിക്കുന്നു.
*    *    *
പറയുന്ന കാര്യം മറ്റൊരാളിലേക്ക് എത്തിക്കാനായി വക്താവ് എന്തെങ്കിലും ഒരു ഉപകരണം അഥവാ ഉപാധി ഉപയോഗിച്ചെന്നിരിക്കും. 'ലാമുത്തബ്‌ലീഗ്' (എത്തിക്കാനായി ഉപയോഗിക്കുന്ന لام  ) ഇതിനായി ഉപയോഗിക്കുന്ന പദമാണിത്.
'ഖൗല്‍' (പറയല്‍) എന്നതിന്റെ 'ഖാല' (പറഞ്ഞു), 'യഖൂലു' (പറയുന്നു, പറയും) പോലുള്ള നിഷ്പന്ന രൂപങ്ങള്‍ക്കു ശേഷമാണ് ഇത് വരിക. ഉദാ: قال لهم النّاس (ജനങ്ങള്‍ അവരോട് പറഞ്ഞു). വാചകത്തില്‍ വക്താവിന് മുമ്പായാണ് 'ലാം' വരിക. ആരോടാണോ പറയുന്നത്, അവരെ അതിനു ശേഷമാണ് പരാമര്‍ശിക്കുക.
ഉദാ:
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
ഉഹുദ് യുദ്ധവേളയില്‍ ശത്രു നേതാവ് അബൂസുഫ്‌യാന്‍, മുസ്‌ലിംകളുടെ മനക്കരുത്ത് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിംകള്‍ക്കെത്തിക്കാനായി കൈമാറിയ സന്ദേശമാണ് മേല്‍സൂക്തത്തിന്റെ പശ്ചാത്തലം. മദീനയിലേക്ക് പോവുന്ന ചില ഗ്രാമീണ അറബികളിലൂടെയാണ് സന്ദേശം കൈമാറിയത്. അവര്‍ മദീനയിലെത്തി മുസ്‌ലിംകളെ കണ്ടപ്പോള്‍ അബൂസുഫ്‌യാന്‍ നിങ്ങളെ നേരിടാനായി ബഹുമുഖമാര്‍ഗേണ യുദ്ധസന്നാഹങ്ങളൊരുക്കുന്നുണ്ടെന്ന സന്ദേശം കൈമാറി. നിങ്ങളെ ഉന്മൂലനം ചെയ്യുകയാണ് അബൂസുഫ്‌യാന്റെ ലക്ഷ്യമെന്നും അവര്‍ അറിയിച്ചു.
സന്ദേശം ലഭിച്ചുവെങ്കിലും മുസ്‌ലിംകള്‍ക്ക് അശേഷം ചാഞ്ചല്യമുണ്ടായില്ല.

'ഹസ്ബുനല്ലാഹ്, വനിഅ്മല്‍ വകീല്‍' (ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പിക്കാന്‍ ഏറ്റവും നല്ലവനാണവന്‍!) എന്നായിരുന്നു അവരുടെ പ്രതികരണം.
قال لهم النّاس എന്നതിലെ هم എന്നതിനോട് ചേര്‍ന്നുവന്ന لام-ന്  لام التبليغഎന്നു പറയുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top