'മാനവിക ലിബറല്‍ മതം' ഒരു പോസ്റ്റ് മോഡേണ്‍ പൈശാചിക തന്ത്രം

ഖാലിദ് മൂസാ നദ്‌വി‌‌
img

'ഏകദൈവവിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്, സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും അവന്‍ ഏത് ജാതിയില്‍, ഏത് മതത്തില്‍പെട്ടവനായാലും സ്വര്‍ഗപ്രവേശനം സാധ്യമാകുന്നുവെന്നു തന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.'
ഖുര്‍ആനിക മാനവികവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ വാദിക്കുന്നതിന്റെ ചുരുക്കമിതാണ്. ഖുര്‍ആനിക സൂക്തങ്ങള്‍ മുന്‍നിര്‍ത്തി സര്‍വമതസത്യവാദം ഉദ്‌ഘോഷിക്കുന്നവരും പറയുന്നതിന്റെ മര്‍മം മേല്‍പറഞ്ഞതു തന്നെ.

'ഏകദൈവത്തെ മനസ്സാ അംഗീകരിച്ചാല്‍ മതി, മതമേതായാലും പ്രശ്‌നമല്ല' എന്ന പ്രസ്താവന ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ തള്ളപ്പെടുന്നതാണ്.
'ഏകദൈവം' എന്ന കാഴ്ചപ്പാട് ഖുര്‍ആനില്‍ വളരെ വ്യക്തതയുള്ളതും തനിമയോടെ വേറിട്ടുനില്‍ക്കുന്നതുമായ ഒരു കാഴ്ചപ്പാടാണ്. 'മനസ്സാ' അംഗീകരിക്കുകയെന്ന ഒരു നിഗൂഢ സങ്കല്‍പമല്ലത്. മനസ്സിലും വാക്കിലും പ്രവൃത്തിയിലും 'ഏകദൈവത്വം' നിലീനമായിരിക്കുന്നു എന്നതാണ് ഇസ്‌ലാം ദീനിന്റെ അന്യാദൃശമായ വ്യതിരിക്തതയും വ്യക്തിത്വവും.

'ഏകദൈവം' എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞാല്‍ ഇസ്‌ലാം ആവുകയില്ല. 'അല്ലാഹു മാത്രമാണ് ഏകനായ ദൈവം' എന്നംഗീകരിക്കലാണ് ഇസ്‌ലാം.
ഖുര്‍ആനിലെ 59-ാം അധ്യായമായ അല്‍ഹശ്‌റിലെ 22 മുതല്‍ 24 വരെ സൂക്തങ്ങള്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നുണ്ട്:
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَۖ عَالِمُ الْغَيْبِ وَالشَّهَادَةِۖ هُوَ الرَّحْمَٰنُ الرَّحِيمُ ﴿٢٢﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُۖ لَهُ الْأَسْمَاءُ الْحُسْنَىٰۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِۖ وَهُوَ الْعَزِيزُ الْحَكِيمُ ﴿٢٤﴾

'അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. അഗോചരവും ഗോചരവുമായ സകലകാര്യങ്ങളും അറിയുന്നവന്‍. ദയാപരനും കരുണാവാരിധിയുമാണവന്‍. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. അവന്‍ രാജാവാകുന്നു. അതീവ പരിശുദ്ധന്‍, പരമരക്ഷ, അഭയദായകന്‍, സര്‍വരക്ഷകന്‍, സര്‍വാതിജയന്‍, സകലതും അടക്കി ഭരിക്കുന്നവന്‍, മഹോന്നതനായി വാഴുന്നവന്‍. ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങളില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണവന്‍. അവനാണ് അല്ലാഹു. സൃഷ്ടിപദ്ധതി ആവിഷ്‌കരിച്ചവന്‍. അത് നടപ്പിലാക്കിയവന്‍. അതനുസരിച്ച് അനുയോജ്യമായ ആകാരമേകുന്നവന്‍. വിശിഷ്ടമായ നാമങ്ങള്‍ അവനുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല വസ്തുക്കളും അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.'

അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍(الأسماءُ الحُسْنى) വ്യക്തമാക്കുന്ന സൂക്തങ്ങളാണത്. കേവലവും അമൂര്‍ത്തവുമായ ഏകദൈവ ബോധത്തെയല്ല പ്രസ്തുത സൂക്തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. മറിച്ച് വ്യക്തതയുള്ള ഗുണനാമങ്ങളോടുകൂടി അല്ലാഹു എന്ന സാക്ഷാല്‍ ഏകദൈവത്തെയാണ്. ദൃശ്യജ്ഞാനം, അദൃശ്യജ്ഞാനം, കാരുണ്യം, അധികാരം, പരിശുദ്ധി, സമാധാനം, നിര്‍ഭയത്വം, അധീശത്വം, മേല്‍ക്കോയ്മ, സൃഷ്ടികര്‍മം തുടങ്ങിയ ഗുണനാമങ്ങള്‍ അംഗീകരിച്ചുകൊണ്ട് അല്ലാഹു എന്ന അടിസ്ഥാന നാമധേയത്തില്‍ ഏകദൈവദര്‍ശനത്തെ അറിഞ്ഞംഗീകരിക്കുന്നതിന്റെ പേരാണ് ഇസ്‌ലാം. ആ ഇസ്‌ലാമിനെയാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്.

فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ
 -'ലാഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യത്തെ അറിഞ്ഞംഗീകരിക്കുകയെന്നതാണ് ഇസ്‌ലാമിന്റെ ഏകദൈവ ദര്‍ശനം (മുഹമ്മദ് 19).
'ഏകദൈവ'ത്തെ അംഗീകരിക്കുകയെന്നതിന്റെ അനിവാര്യമായ മറുവശമാണ് 'ബഹുദൈവത്വം' (ശിര്‍ക്ക്) തള്ളിക്കളയല്‍. ശിര്‍ക്കിന്റെ നിരാകരണം    തൗഹീദ്‌പോലെത്തന്നെ ഖുര്‍ആനില്‍ വ്യക്തതയുള്ള ആശയമാണ്.

മതങ്ങള്‍: ഖുര്‍ആനിക വിലയിരുത്തല്‍
ഖുര്‍ആന്‍ വിമര്‍ശനവിധേയമാക്കുന്ന ചില മതങ്ങളുണ്ട്. അതിലൊന്ന് യഹൂദ മതമാണ്. യഹൂദികളെ വിലയിരുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
وَإِذَا قِيلَ لَهُمْ آمِنُوا بِمَا أَنزَلَ اللَّهُ قَالُوا نُؤْمِنُ بِمَا أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَاءَهُ وَهُوَ الْحَقُّ مُصَدِّقًا لِّمَا مَعَهُمْۗ
''അവരോട് അല്ലാഹു അവതരിപ്പിച്ചതില്‍ വിശ്വസിക്കുവിന്‍' എന്നു പറഞ്ഞാല്‍ അവര്‍ പറയുന്നു: 'ഞങ്ങള്‍ക്ക്(ഇസ്രാഈല്യര്‍ക്ക്) അവതീര്‍ണമായതില്‍ മാത്രമേ ഞങ്ങള്‍ വിശ്വസിക്കൂ.' അതിനപ്പുറമുള്ളതിനെ അവര്‍ നിഷേധിക്കുന്നു. അത് നേരത്തേ അവരുടെ അടുത്തുള്ള പാഠങ്ങളെ ശരിവെക്കുന്നതും ദൃഢീകരിക്കുന്നതുമായ സത്യമായിട്ടും'' (അല്‍ബഖറ: 91).

മൂസാനബിയുടെ കാലത്തു തന്നെ പശുക്കുട്ടിയെ ആരാധിക്കുക വഴി അവരില്‍ ഒരുവിഭാഗം അക്രമികളായി പോയിട്ടുണ്ടെന്നും (ബഖറ 92) ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ കേവലം ഏകദൈവവിശ്വാസമല്ല, മറിച്ച് ദൈവിക ഗ്രന്ഥങ്ങളിലുള്ള വിശ്വാസവും ആരാധനാ രീതികളിലെ വ്യത്യസ്തതയുമാണ് ഒരാളെ മുസ്‌ലിമും സ്വര്‍ഗത്തിന്റെ അവകാശിയുമാക്കി മാറ്റുന്നതെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. 'ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഏത് മതക്കാരനും' സ്വര്‍ഗം പ്രാപ്യമാണെന്നത് ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും പേരിലുള്ള വ്യാജ ആരോപണമാണ്. യഹൂദ മതക്കാര്‍ കൃത്യമായ ഏകദൈവവിശ്വാസികളല്ലെന്നും അവര്‍ ഉസൈറിനെ ദൈവവുമായി സ്വീകരിക്കുക വഴി (തൗബ; 30) തൗഹീദില്‍നിന്ന് വ്യതിചലിച്ചുപോയെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. അപ്പോള്‍ 'ഏകദൈവ വിശ്വാസിയായ യഹൂദി' എന്ന പരികല്‍പന തന്നെ തെറ്റാണ്. ഉസൈര്‍ ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നവനാണ് ഖുര്‍ആനിലെ യഹൂദി. അതിനുപുറമെ ഖുര്‍ആന്‍നിഷേധവും പശു ആരാധനയും യഹൂദിയെ മോക്ഷത്തിന്, സ്വര്‍ഗത്തിന് അനര്‍ഹനാക്കുന്നുവെന്നാണ് ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവന.

'ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഏത് മതക്കാരനും' എന്നത് ഇസ്‌ലാമില്‍ ചിലത് വിശ്വസിക്കലും വേറെ ചിലത് തള്ളിക്കളയലുമാണ്. ഇസ്‌ലാമിലെ ചിലത് മാത്രം വിശ്വസിച്ചാല്‍ പരലോകത്ത് കഠിനമായ ശിക്ഷയാണെന്ന' (അല്‍ബഖറ 85) ഖുര്‍ആനിക പ്രസ്താവനയുടെ നഗ്നമായ നിഷേധമാണ് പ്രസ്തുത വാദം. ഖുര്‍ആനില്‍ ചിലത് വിശ്വസിച്ചാല്‍ പോരാ, മുഴുവന്‍ അംഗീകരിച്ചാലേ മോക്ഷം പ്രാപിക്കുകയുള്ളൂ എന്ന് പറയുന്നതിനു മുമ്പ്, ഇസ്‌ലാം അംഗീകരിക്കുക വഴി ബാധകമാകുന്ന കുറേ കാര്യങ്ങള്‍ ബനൂ ഇസ്രാഈല്‍ ജനതയുമായുള്ള കരാര്‍ എന്ന നിലയില്‍ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട് (അല്‍ബഖറ 83).
1. അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യല്‍
2. മാതാപിതാക്കള്‍ക്ക് നന്മചെയ്യല്‍
3. ബന്ധുജനങ്ങള്‍ക്ക് നന്മചെയ്യല്‍
4. അനാഥര്‍ക്ക് നന്മചെയ്യല്‍
5. ദരിദ്രര്‍ക്ക് നന്മചെയ്യല്‍
6. ജനങ്ങളോട് നല്ലതു പറയല്‍
7. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കല്‍
8. സകാത്ത് നല്‍കല്‍

ഈ എട്ടു കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ഒരു ബനൂഇസ്രാഈലുകാരന്‍ ശിക്ഷയില്‍നിന്ന് മുക്തനാവുന്നതെന്ന്, സ്വര്‍ഗാവകാശിയായി മാറുന്നതെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ 'മനസ്സാ ഏകദൈവവിശ്വാസിയായ ഏതു മതക്കാരനും' സ്വര്‍ഗം പ്രാപിക്കും എന്നത് ഖുര്‍ആനിക ദര്‍ശനമാവുകയില്ല; മറ്റൊരു ജാഹിലിയ്യാ ദര്‍ശനമായിട്ടു മാത്രമേ പരിഗണിക്കാന്‍ പറ്റുകയുള്ളൂ. നമസ്‌കാരം, സകാത്ത് തുടങ്ങിയ കൃത്യമായ ആരാധനാ-അനുഷ്ഠാന രീതികള്‍ ഏതു മതത്തിനും അവകാശപ്പെട്ടതല്ല; ഇസ്‌ലാമിനു മാത്രം അവകാശപ്പെട്ടതാണ്.
ഇസ്‌ലാമില്‍ ഏകദൈവ ദര്‍ശനമെന്നത് കേവലമായൊരു മാനസിക നിലപാടിന്റെ പേരല്ല. ഏകദൈവ ദര്‍ശനമായി അംഗീകരിക്കുന്ന ക്രിസ്ത്യാനി, ഹിന്ദു, മാര്‍ക്‌സിസ്റ്റ്, യഹൂദി തുടങ്ങിയ പ്രയോഗങ്ങള്‍തന്നെ തെറ്റാണ്. 'ത്രിത്വം' അംഗീകരിക്കുമ്പോഴാണ് ഒരാള്‍ ക്രിസ്ത്യാനി ആകുന്നതു തന്നെ.

വിശുദ്ധ ഖുര്‍ആന്‍ അല്‍മാഇദ അധ്യായത്തില്‍ 72 മുതല്‍ 76 വരെ സൂക്തങ്ങളിലായി ക്രിസ്ത്യാനി എപ്പോഴാണ് മോക്ഷം പ്രാപിക്കുകയെന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം:

1. മര്‍യമിന്റെ പുത്രന്‍ മസീഹ് തന്നെയാണ് 'അല്ലാഹു' എന്ന് പറയുന്ന ക്രിസ്ത്യാനികള്‍ കാഫിറുകളാണ്.
2. മസീഹ് അല്ലാഹുവിനു മാത്രം  ഇബാദത്ത് ചെയ്യാന്‍ പ്രബോധനം ചെയ്തു. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് (മുശ്‌രിക്കുകള്‍ക്ക്) സ്വര്‍ഗം ഹറാമാണെന്ന് പ്രഖ്യാപിച്ചു. അവരുടെ സങ്കേതം നരകമാണെന്ന് താക്കീത് ചെയ്തു.
3. അല്ലാഹു മൂന്നില്‍ ഒന്നാണെന്ന് പ്രഖ്യാപിക്കുന്നവന്‍ കാഫിറാണ്. ഇലാഹ് ഏകന്‍ മാത്രം. ബഹുദൈവവാദം ഉപേക്ഷിക്കാത്തവന് നരകശിക്ഷ ഉറപ്പാണ്.
4. ഈസാ മസീഹ് റസൂല്‍ മാത്രമാണ്.
5. ദീനില്‍ അതിരുകവിയുന്നവരും തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവരും വഴിപിഴച്ചവരാകുന്നു.
6. ധിക്കാരവും മാര്‍ഗഭ്രംശവും കാരണം ഇസ്‌റാഈല്‍ ജനവിഭാഗത്തെ ദാവൂദ് നബി(അ)യും ഈസാ(അ)യും ശപിച്ചിരിക്കുന്നു.
7. അവര്‍ തിന്മകള്‍ പരസ്പരം വിലക്കുന്നവര്‍ ആയിരുന്നില്ല.
8. അവര്‍ മുഹമ്മദ് നബി(സ)യിലും മുഹമ്മദ് നബിക്ക് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നില്ല. അവരില്‍ അധികപേരും അധര്‍മികളാണ്.
9. യഹൂദികളും മുശ്‌രിക്കുകളും വിശ്വാസിസമൂഹത്തോട് കടുത്ത ശത്രുത ഉള്ളവരാണ്.
10. എന്നാല്‍ 'ഞങ്ങള്‍ നസാറാക്കള്‍' ആണെന്ന് പറയുന്നവര്‍ വിശ്വാസിസമൂഹത്തോട് സ്‌നേഹമുള്ളവരാണ്. അവര്‍ മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായതില്‍ വിശ്വസിച്ച് സത്യം ഗ്രഹിച്ചവരാകുന്നു. വിശ്വാസികള്‍ എന്ന് സ്വയം പ്രഖ്യാപിച്ചവര്‍ ആകുന്നു. അവര്‍ക്ക് അല്ലാഹു സ്വര്‍ഗം നല്‍കുന്നതാകുന്നു.11. കാഫിറുകള്‍ക്കും കളവാക്കുന്നവര്‍ക്കും അല്ലാഹു നരകം നല്‍കുന്നതുമാകുന്നു.
മേല്‍പറഞ്ഞ 11 നമ്പറുകളില്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍നിന്ന് കൃത്യമായി ഗ്രഹിക്കാവുന്നതാണ് ഖുര്‍ആനിന്റെ മോക്ഷസങ്കല്‍പം. അത് ഏതു മതക്കാര്‍ക്കും അവകാശപ്പെട്ട മോക്ഷമല്ല, കേവലം ഏകദൈവം എന്ന മാനസിക നിലപാടിനുള്ള സ്വര്‍ഗവും അല്ല.

യഹൂദിയോ നസ്‌റാനിയോ മുശ്‌രിക്കോ സ്വര്‍ഗം നേടണമെങ്കില്‍ ഒന്നാമതായി അവരുടെ നിലവിലെ അടിസ്ഥാനവിശ്വാസം ഒഴിവാക്കണം. അഥവാ അവര്‍ മൗലികസ്വഭാവത്തില്‍ ഇസ്‌ലാമില്‍ പ്രവേശിക്കണം. മുഹമ്മദ് നബി(സ)യെയും മുഹമ്മദ് നബിക്ക് അവതരിച്ചുകിട്ടിയ ഖുര്‍ആനിനെയും അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനും സന്നദ്ധമാവണം. വാക്കിലും പ്രവൃത്തിയിലും അനുഷ്ഠാനങ്ങളിലും മുസ്‌ലിം ആവാന്‍ സന്നദ്ധമാവണം. അതോടെ ഏതു മതക്കാരനും എന്ന പ്രസ്താവന തന്നെ അപ്രസക്തമായി. യഹൂദി ഇസ്‌ലാം സ്വീകരിക്കണം. ക്രിസ്ത്യാനിയും ഇസ്‌ലാം സ്വീകരിക്കണം. യഥാര്‍ഥ മുസ്‌ലിമും മുവഹിദുമായവനു മാത്രം അവകാശപ്പെട്ടതാണ് ഖുര്‍ആനിക വെളിച്ചത്തില്‍ സ്വര്‍ഗം.

ഓരോ മതത്തിനും ചില അടിത്തറകളുണ്ട്. ആ അടിത്തറ ഉപേക്ഷിച്ചാല്‍പിന്നെ അവന്‍ ആ മതത്തില്‍ തന്നെയെന്ന് പറയുന്നത് വങ്കത്തമാണ്. 'ത്രിത്വം' നിഷേധിച്ചാല്‍ പിന്നെ ക്രിസ്ത്യാനിയല്ല. ത്രിമൂര്‍ത്തി സങ്കല്‍പം നിഷേധിച്ചാല്‍ പിന്നെ യഥാര്‍ഥ ഹിന്ദുവല്ല. ഉസൈര്‍ ദൈവപുത്രനാണെന്നവാദം നിരാകരിച്ചാല്‍ പിന്നെ സാക്ഷാല്‍ യഹൂദിയല്ല. പ്രസ്തുത അടിസ്ഥാനങ്ങള്‍ ഉപേക്ഷിക്കുമ്പോഴാണ് ഒരാള്‍ മുസ്‌ലിം ആവുന്നത്. മറ്റു മതങ്ങളുടെ അടിസ്ഥാനങ്ങള്‍ ഉപേക്ഷിച്ച്, മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വം അംഗീകരിച്ച്, ഖുര്‍ആനിനെ ഒടുവിലത്തെ വേദമായി അംഗീകരിച്ച്, ഖുര്‍ആന്‍ അനുസരിച്ച് കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോഴാണ് ഒരാള്‍ മുസ്‌ലിം ആയിത്തീരുന്നത്, സ്വര്‍ഗാവകാശിയാകുന്നത്.

വിശുദ്ധ ഖുര്‍ആനിലെ മര്‍യം അധ്യായത്തില്‍ അല്ലാഹു സ്വര്‍ഗാവകാശികളെപറ്റി പറഞ്ഞത് സുവ്യക്തമാണ്. സൂറ മര്‍യം ഒന്ന് മുതല്‍ 60 വരെ സൂക്തങ്ങളിലൂടെയാണ് അല്ലാഹു അക്കാര്യം വ്യക്തമാക്കിയത്. സകരിയ്യ, യഹ് യാ, മര്‍യം, ഈസാ, ഇബ്‌റാഹീം, മൂസാ, ഇസ്മാഈല്‍, ഇദ്‌രീസ്, ആദം, നൂഹ്, യഅ്ഖൂബ് എന്നീ നബിമാരുടെ പ്രബോധനപ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച ശേഷം 59-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: 'അവര്‍ക്കു ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്‌കാരം പാഴാക്കി. തന്നിഷ്ടങ്ങളില്‍ രമിച്ചു. ദുര്‍മാര്‍ഗത്തിന്റെ പരിണതി അവര്‍ പ്രാപിക്കുക തന്നെ ചെയ്യും.' തുടര്‍ന്ന് 60-ാം സൂക്തത്തില്‍ ഇങ്ങനെ വ്യക്തമാകുന്നു: 
 إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا ﴿٦٠﴾
'തൗബ ചെയ്യുകയും ഈമാന്‍ കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നവര്‍ ഇതില്‍നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് അനീതിയില്ല' (മര്‍യം 59,60).

സ്വര്‍ഗം നീതിയുടെ താല്‍പര്യമാണ്. സ്വര്‍ഗദാനത്തില്‍ നീതി നടപ്പാക്കല്‍ അല്ലാഹുവിന്റെ തീരുമാനമാണ്. ഈമാനും ഈമാന്‍ താല്‍പര്യപ്പെടുന്ന കര്‍മവും ഉണ്ടെങ്കിലേ സ്വര്‍ഗമുള്ളൂ. കര്‍മത്തില്‍ പ്രധാനമാണ് നമസ്‌കാരം. മനസ്സില്‍ ഈമാനും ഏകദൈവവും ഉണ്ടായാല്‍ പോരാ, കര്‍മങ്ങളില്‍ ശരിയായ അനുഷ്ഠാനം വേണം. തന്നിഷ്ടമതം ഒഴിവാക്കി അല്ലാഹു നിശ്ചയിച്ചുതന്ന മതം തന്നെ സ്വീകരിക്കണം.
ഏകദൈവ വിശ്വാസവും പൊതുനന്മയും അംഗീകരിച്ചാല്‍തന്നെ സ്വര്‍ഗം ലഭിക്കും, മോക്ഷം പ്രാപിക്കും എന്ന നിലപാടാണ് ഖുര്‍ആനിന്റേത് എന്ന  പ്രചാരണം ഖുര്‍ആനിനെതിരെയുള്ള വ്യാജ പ്രചാരണമാണ്. ഇസ്‌ലാം പ്രക്ഷേപണം ചെയ്യുന്നത് കേവല നന്മയല്ല; മറിച്ച് ഖുര്‍ആനും മുഹമ്മദ് നബി(സ)യും വിശദീകരിക്കുന്ന നന്മകളെയാണ്. അല്ലാഹുവിനെയും മുഹമ്മദ് നബി(സ)യെയും അനുസരിച്ച് ഒരു കാര്യം ചെയ്യുമ്പോഴാണ് ഇസ്‌ലാമില്‍ അത് നന്മയായി പരിഗണിക്കപ്പെടുന്നത്.

കൃത്യമായി ശരീഅത്ത് ഉണ്ട് എന്നുള്ളതാണ് ദീനുല്‍ ഇസ്‌ലാമിന്റെ വ്യതിരിക്തത. ഓരോരുത്തരും അവരവര്‍ക്ക് ഹിതകരമായ, നന്മയെന്ന് സ്വയം തോന്നുന്ന, സമൂഹത്തിന് പൊതുവായി തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനല്ല ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. മുഹമ്മദ് നബി(സ)യുടെ 23 വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ മനുഷ്യസമൂഹത്തിന് കൈമാറിയ ചര്യകളാണ് വ്യക്തതയും കൃത്യതയുമുള്ള സല്‍ക്കര്‍മങ്ങള്‍. നന്മകള്‍ ദൈവിക നിയമസംഹിതയില്‍ അധിഷ്ഠിതമാണെന്ന ഇസ്‌ലാമിന്റെ നിലപാട് മനുഷ്യസമൂഹത്തിന്റെ തുടക്കം മുതലേ ഉള്ളതാണ്. ഇപ്പോഴും തുടരുന്നതുമാണ്.

'മഅ്‌റൂഫ്', 'മുന്‍കര്‍' എന്നീ പദങ്ങളില്‍ ഈ ആശയം അടങ്ങിയിരിപ്പുണ്ട്.
ശഹാദത്ത് കലിമ ഉച്ചരിച്ച്, പരസ്യമായി പ്രഖ്യാപിച്ച് ഇസ്‌ലാമാശ്ലേഷം, നമസ്‌കാരം, സകാത്ത്, ഹജ്ജ്, നോമ്പ്, ദിക്‌റുകള്‍, പ്രാര്‍ഥന, തഹജ്ജുദ് നമസ്‌കാരം മുതലായ വ്യക്തതയുള്ള ആത്മീയാനുഷ്ഠാന കര്‍മങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാം. 'മാനസികമായ ഏകദൈവവിശ്വാസവും പൊതുനന്മയുമാണ് മോക്ഷത്തിന്റെ മാര്‍ഗം' എന്ന് പറയണമെങ്കില്‍ അത് ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും മേല്‍വിലാസത്തില്‍ പറയുക സാധ്യമേയല്ല. ഖുര്‍ആനും നബിചര്യയും നിശ്ചയിച്ചുതന്ന കര്‍മങ്ങളില്‍നിന്ന് അകന്നു കഴിയുന്ന ഒരു 'ലിബറല്‍ മതം' പുതുതായി വേണമെങ്കില്‍ അവര്‍ക്ക് ആവിഷ്‌കരിക്കാം. അക്ബര്‍ ചക്രവര്‍ത്തി നിര്‍മിച്ച 'ദീനെ ഇലാഹി' യാണ് അതിന്റെ മാതൃക, അല്ലാഹു പഠിപ്പിച്ച ദീനുല്‍ ഇസ്‌ലാം അല്ല.

'മാനസികമായ ഏകദൈവവിശ്വാസവും പൊതുനന്മയും' എന്ന ലിബറല്‍ മതത്തിന്റെ ലക്ഷ്യമെന്താണ്? ദീനിന്റെ ആത്മീയ ചട്ടക്കൂട് തകര്‍ത്തെറിഞ്ഞ് ഭൗതികതയില്‍ അര്‍മാദിക്കുന്ന ഒരു തലമുറയെ മുസ്‌ലിംകളില്‍ ശക്തിപ്പെടുത്തുകയെന്ന 'യുക്തിവാദി' പദ്ധതിയാണത്. അല്ലാഹുവുമായുള്ള നിരന്തര ബന്ധത്തിലൂടെ സംസ്‌കരിക്കപ്പെടുന്ന യുവതയാണ് ഇസ്‌ലാമിന്റെ ശക്തി എന്ന തിരിച്ചറിവില്‍നിന്നാണ് ഈ ഗൂഢപദ്ധതി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.

ആത്മീയമായ ചട്ടക്കൂട് തകര്‍ത്തുകഴിഞ്ഞാല്‍ 'ധാര്‍മിക-സദാചാര' ചട്ടക്കൂട് തകര്‍ക്കുക പിന്നെ ഏറെ എളുപ്പമാണ്. കേവല നന്മയിലും പൊതു നന്മയിലും വിവാഹത്തിനും ഉഭയസമ്മതപ്രകാരമുള്ള വ്യഭിചാരത്തിനും തുല്യപദവിയായിരിക്കും. ഭിന്നവര്‍ഗ ലൈംഗികതയുടെയും സ്വവര്‍ഗ ലൈംഗികതയുടെയും രാഷ്ട്രീയവും ലക്ഷ്യവും ഒന്നുതന്നെയായിരിക്കും. കച്ചവടവും പലിശയും അടിസ്ഥാനപരമായി ഒന്നുതന്നെയായിരിക്കും. ധാര്‍മിക-സദാചാര ചട്ടക്കൂട് ലംഘിച്ചുകൊണ്ടുതന്നെ സ്വര്‍ഗം സ്വന്തമാക്കാം എന്ന മതവ്യാഖ്യാനം പുതിയ തലമുറയെ ആകര്‍ഷിക്കുമെന്നും അതുവഴി ധാര്‍മിക-സദാചാരഭദ്രതയുള്ള ഇസ്‌ലാമിക സമൂഹത്തെ അട്ടിമറിക്കാമെന്നുമുള്ള ശത്രുവിന്റെ മോഹമാണ് പുതിയ 'മാനവിക മത' നിര്‍മിതിക്കു പിന്നിലുള്ളത്. അതായത് ഒരു പോസ്റ്റ് മോഡേണ്‍ ഇബ് ലീസാണ് ഈ 'മാനവിക ലിബറല്‍ മതം.'
'മാനവിക ലിബറല്‍' മതത്തില്‍ 'ദൈവവിശ്വാസം' ഒരു അതീന്ദ്രിയസത്യമായി ജീവിതവുമായി യാതൊരു ബന്ധവുമില്ലാതെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, 'മാനവിക ലിബറല്‍ മത'ത്തിന്റെ ശരീഅത്ത് 'അവനവനിസം' ആയിരിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല. ഏകദൈവദര്‍ശനത്തിന്റെ മുഖ്യശത്രുവായ 'അവനവനിസ'ത്തെ പറ്റി ഖുര്‍ആന്‍ നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെ വായിക്കാം:
أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴿٤٣﴾
'തന്നിഷ്ടത്തെ ദൈവമാക്കി (ഇലാഹ്) മാറ്റിയവനെ പറ്റി നീ എന്തു കരുതുന്നു? നീ അവന്റെ വക്കാലത്ത് ഏറ്റെടുക്കുമോ?'' (ഫുര്‍ഖാന്‍: 43).

'തന്നിഷ്ടത്തെ ദൈവ(ഇലാഹ്)മാക്കിയവനെപ്പറ്റി നിനക്കെന്ത് പറയാനുണ്ട്? അല്ലാഹു അവനെ വഴികേടില്‍ പെടുത്തിയിരിക്കുന്നു, അവന്റെ കാതിലും ഹൃദയത്തിലും മുദ്രവെച്ചിരിക്കുന്നു. അവന്റെ കണ്ണ് അടഞ്ഞുപോയിരിക്കുന്നു, ഇനി ആരുണ്ടവന് നേര്‍മാര്‍ഗം കാണിക്കാന്‍. നിങ്ങള്‍ ആലോചിച്ച് കാര്യം ഗ്രഹിക്കുന്നില്ലേ?' (അല്‍ ജാസിയ 23).

ഈ തന്നിഷ്ട ദീനിന്റെ കേളികൊട്ടാണ് മാനവിക മതവും സര്‍വമത സത്യവാദവും. 'മതമേതായാലും ഏകദൈവവിശ്വാസി ആയാല്‍മതി' എന്ന 'കലിമ' ഇസ്‌ലാമിനു ചേരില്ല, 'തന്നിഷ്ടമത'ത്തിന് ചേരും.

ദീനും ശരീഅത്തും കൃത്യമായി പ്രബോധനം ചെയ്ത്, ദീനിന്റെ ആത്മീയ ചട്ടക്കൂടിനെ വിട്ടുവീഴ്ച ഇല്ലാതെ ഉയര്‍ത്തിപ്പിടിച്ച്, ദീനിന്റെ സദാചാര-ധാര്‍മിക ചട്ടക്കൂടിനെ ജാഗ്രതയോടെ പരിപാലിച്ചുകൊണ്ട് ഈ വെല്ലുവിളിയെ മറികടക്കല്‍ കാലം തേടുന്ന പ്രബോധനദൗത്യമാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top