മരണാനന്തര മോക്ഷം ചില വസ്തുതകള്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

മോക്ഷത്തിന് നിദാനമായി ഖുര്‍ആന്‍ പരിഗണിക്കുന്ന വിശ്വാസം ഏതെന്ന് പരിശോധിക്കുന്നു

ലോകജനസംഖ്യയിലെ മഹാഭൂരിപക്ഷവും ദൈവവിശ്വാസികളും മതാചാരികളുമാണ്. വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ബഹുമുഖമാനങ്ങളുള്ളവരാണെങ്കിലും പൊതുധാര്‍മിക മൂല്യങ്ങളില്‍ വിശ്വാസികള്‍ക്കിടയില്‍ ഏറക്കുറെ സമാനതകള്‍ കണ്ടുവരുന്നു. മരണാനന്തരം ഏതെങ്കിലും തരത്തിലുള്ള മോക്ഷം അഥവാ സ്വര്‍ഗപ്രാപ്തിയുണ്ടെന്നാണ് പൊതുമതസങ്കല്‍പം. ഇത് പക്ഷേ, വ്യത്യസ്ത വീക്ഷണങ്ങളിലൂടെയാണ് മതങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

മോക്ഷത്തെ സംബന്ധിച്ച് ഹൈന്ദവ വീക്ഷണം ഇങ്ങനെ വായിക്കാം:
ഹൈന്ദവ ധര്‍മത്തില്‍ ഏകദൈവ, ബഹുദൈവതാ വിശ്വാസം മുതല്‍ നിരീശ്വരവാദം വരെയുള്ള വൈവിധ്യങ്ങള്‍ കാണാം. ഈശ്വരനില്‍ വിശ്വസിച്ചില്ലെങ്കിലും സത്യവും ധര്‍മവും പാലിച്ചു ജീവിക്കുന്ന വ്യക്തികള്‍ക്ക് മോക്ഷപ്രാപ്തിക്ക് അര്‍ഹതയുണ്ടെന്ന് ഭാരതീയര്‍ വിശ്വസിക്കുന്നു. വ്യക്തികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഭഗവാനെ ആരാധിക്കാനും ആരാധിക്കാതിരിക്കാനും ഹിന്ദുധര്‍മം അനുവദിക്കുന്നു. ഏതു രീതിയില്‍ ആരാധിച്ചാലും വിവിധ നദികള്‍ കടലില്‍ ചേരുന്നപോലെ ഒടുവില്‍ ഭഗവാനില്‍ എത്തിച്ചേരും എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു (ml.m.wikipedia.org)

ഇസ്‌ലാമിക വീക്ഷണം
ഇതുസംബന്ധമായ ഇസ്‌ലാമിക വീക്ഷണം ഊന്നുന്ന ചില വശങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ജീവിതത്തെ സംബന്ധിച്ച് പൊതുവെ രണ്ട് വീക്ഷണങ്ങളാണ് നിലവിലുള്ളത്. ഒന്ന്: ഐഹിക ജീവിതം മാത്രമേയുള്ളൂ. പാരത്രിക ജീവിതം മിഥ്യയാണ്. അല്ലാഹുവില്‍ വിശ്വസിച്ചിരുന്നതോടൊപ്പം മറ്റു വ്യാജദൈവങ്ങളിലും വിശ്വസിച്ചിരുന്ന മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പക്ഷേ, പരലോകനിഷേധികളായിരുന്നു.
قَالُوا أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ
'അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി കഴിഞ്ഞാല്‍ ഞങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?' (മുഅ്മിനൂന്‍: 82).
أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ

'നിങ്ങള്‍ മരിച്ച് മണ്ണും എല്ലുകളുമായി കഴിഞ്ഞാല്‍ നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നാണോ അവന്‍ -നബി(സ)- നിങ്ങളെ താക്കീത് നല്‍കുന്നത്' (മുഅ്മിനൂന്‍: 35).
നിഷേധ നിലപാട് സ്വീകരിച്ചതിനാല്‍ നരക ശിക്ഷക്ക് വിധേയമാകുമ്പോള്‍ കുറ്റം ഏറ്റുപറയുന്ന നിഷേധികള്‍ ശിക്ഷയില്‍നിന്ന് രക്ഷനേടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും (ഗാഫിര്‍ : 11).
മരണാനന്തരം മറ്റൊരു ജീവിതമുണ്ടെന്നതാണ് രണ്ടാമത്തെ വീക്ഷണം.
اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْۖ
'അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നെ അവന്‍ നിങ്ങള്‍ക്ക് വിഭവങ്ങള്‍ തന്നു, ശേഷം അവന്‍ നിങ്ങളെ മരിപ്പിക്കുന്നു, പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു' (റൂം: 40). പുനരുത്ഥാനമെന്ന വസ്തുത മനസ്സിലാക്കാന്‍ ഭൗതിക പ്രപഞ്ചത്തിലെ ധാരാളം അനുഭവങ്ങള്‍ ഖുര്‍ആന്‍ എടുത്ത് ഉദാഹരിക്കുന്നു.
പരലോകനിഷേധികളായ ഭൗതികവാദികളെ സംബന്ധിച്ചേടത്തോളം അവരുടെ എല്ലാ കാമനകളുടെയും പാരമ്യം ഈ ലോകത്തിന്റെ പരിമിതികളിലൊതുങ്ങുന്നു. ഇതിനപ്പുറത്തേക്ക് നീളുന്നില്ല. കാരണം അവരെ സംബന്ധിച്ചേടത്തോളം അവരുടെ അറിവിന്റെ പരിധി ഈ ലോകത്തില്‍ മാത്രം പരിമിതപ്പെട്ടു നില്‍ക്കുന്നു. പരലോകനിഷേധികള്‍ക്ക് ഊഹം മാത്രമാണ് പിന്‍ബലമെന്നു പറയുന്ന ഖുര്‍ആന്‍, 'അവരുടെ അറിവിന്റെ പാരമ്യം അത്രയേയുള്ളൂ'
ذَٰلِكَ مَبْلَغُهُم مِّنَ الْعِلْمِۚ
 - (അന്നജ്മ്: 30) എന്ന് അവരെ കൊച്ചാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ 'അല്ലാഹുവിനെ കണ്ടുമുട്ടേണ്ടിവരുമെന്ന് പ്രതീക്ഷിക്കാതെ, ഇഹലോകജീവിതം കൊണ്ട് തൃപ്തിയടയുന്നു, അതില്‍ സമാധാനമടയുന്നു' (യൂനുസ്: 7).
'സുഖാനന്ദ ജീവിതം നയിക്കുന്ന, കന്നുകാലികളെ പോലെ തിന്നുകഴിയുന്നു' (മുഹമ്മദ് 12).

'വിശ്വാസം ഏതായാലും കര്‍മം നന്നായാല്‍ മതി?'
'ഏതു മതത്തില്‍ വിശ്വസിച്ചാലും സല്‍ക്കര്‍മങ്ങള്‍ ചെയ്താല്‍ മതി, സ്വര്‍ഗ സാക്ഷാല്‍ക്കാരം സാധ്യമാണ്' എന്ന് ഒരു വാദം ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഈ വീക്ഷണത്തെ ഇസ്‌ലാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതാണിവിടെ പരിശോധിക്കുന്നത്.

മാനവസമൂഹവും ദൈവിക സന്മാര്‍ഗവും
സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് പുനരധിവസിക്കപ്പെട്ട പ്രഥമ മനുഷ്യനും പ്രവാചകനുമായ ആദമിന് അല്ലാഹു നല്‍കിയ സന്ദേശം തന്റെ സന്മാര്‍ഗം അഥവാ ഇസ്‌ലാം പിന്‍പറ്റിയവര്‍ക്ക് ഐഹികമായും പാരത്രികമായും പേടിക്കുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ലെന്നായിരുന്നു (അല്‍ബഖറ: 38). മാര്‍ഗഭ്രംശവും ദൗര്‍ഭാഗ്യവും വന്നുഭവിക്കില്ലെന്നും ഉണര്‍ത്തി (ത്വാഹാ: 123). ഈ ഹിദായത്ത് ലഭിക്കുക എന്നതാണ് ഏതൊരു മനുഷ്യനെ സംബന്ധിച്ചേടത്തോളവും തന്റെ ബുദ്ധിശാലിത്വത്തിന്റെ മികച്ച ലക്ഷണം. 'വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. അവരത്രെ അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്മാര്‍' (അസ്സുമര്‍: 18). 'സത്യവിശ്വാസികളായ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുക' (അത്ത്വലാഖ്: 10).

സത്യവിശ്വാസവും സത്യാചരണവുമാണ് യഥാര്‍ഥ ബുദ്ധിശാലിത്വമെന്ന് ഖുര്‍ആന്‍ സംശയലേശമന്യേ ബോധ്യപ്പെടുത്തുന്നു. സത്യസന്മാര്‍ഗം സ്വീകരിക്കാത്തവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: 'അല്ലാഹുവിന്റെ സന്മാര്‍ഗത്തിനു പകരം തന്റെ ദേഹേഛയെ പിന്‍പറ്റിയവനേക്കാള്‍ മാര്‍ഗഭ്രഷ്ടന്‍ ആരുണ്ട്?' (അല്‍ഖസ്വസ്വ്: 50).

ആദ്യകാല മാനവസമൂഹം ഈ ഹിദായത്ത് സ്വീകരിച്ച് ഒറ്റസമൂഹമായി ജീവിച്ചു.
إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ
'തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാകുന്നു. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ എനിക്ക് വണങ്ങി വഴങ്ങി ജീവിക്കുക' (അല്‍അമ്പിയാഅ്: 92).
وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُواۚ
'മനുഷ്യര്‍ ഒറ്റ സമുദായം മാത്രമായിരുന്നു. അനന്തരം അവര്‍ ഭിന്നിച്ചു' (യൂനുസ്: 19).
ആദം നബിയുടെ കാലം മുതല്‍ ആയിരം വര്‍ഷം മനുഷ്യസമൂഹം കറകളഞ്ഞ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ബഹുദൈവ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പിന്നീട് മാത്രമുണ്ടായ പുത്തനാചാരങ്ങളാണെന്നും മേല്‍സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യതിചലനത്തോടെ, പ്രവാചകന്മാരുടെ നിയോഗത്തിന് കൂടുതല്‍ മാനങ്ങള്‍ കൈവന്നു.
رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِۚ
'ദൂതന്മാരെ നിയോഗിച്ച ശേഷം അല്ലാഹുവിന്നെതിരില്‍ ജനങ്ങള്‍ക്ക് ന്യായം ഉന്നയിക്കാന്‍ കഴിയാതിരിക്കുമാറ് അല്ലാഹു സുവാര്‍ത്തകരും മുന്നറിയിപ്പുകാരുമായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു' (അന്നിസാഅ്: 165).

പ്രവാചകനിയോഗം തുടര്‍പ്രക്രിയ
നൂഹ്, ഹൂദ് നബിമാരെ നിയോഗിച്ച വിഷയം പറഞ്ഞശേഷം ഖുര്‍ആന്‍ പറയുന്നു:
ثُمَّ أَرْسَلْنَا رُسُلَنَا تَتْرَىٰۖ كُلَّ مَا جَاءَ أُمَّةً رَّسُولُهَا كَذَّبُوهُۚ فَأَتْبَعْنَا بَعْضَهُم بَعْضًا
'പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവരെ  ഒന്നിനു പിറകെ മറ്റൊന്നായി നാം നശിപ്പിച്ചു കളഞ്ഞു....' (അല്‍മുഅ്മിനൂന്‍: 44).
ലോകാവസാനത്തിനു മുമ്പുള്ള ഏറ്റവും ഒടുവിലെ സമുദായമാണ് മുഹമ്മദ് നബിയുടെ പ്രബോധിതരായ ഇപ്പോഴത്തെ മനുഷ്യസമൂഹം;
كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِن قَبْلِهَا أُمَمٌ
'നബിയേ! താങ്കളെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിനു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്' (അര്‍റഅ്ദ്: 30).
എല്ലാ നബിമാരുടെയും ദീന്‍ ഒന്ന്, സത്യവിശ്വാസികളെല്ലാം മുസ്‌ലിംകള്‍ 
അല്ലാഹുവിങ്കല്‍ സ്വീകാര്യമായി എക്കാലത്തും ഒരേ ഒരു ദീന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ഇസ്‌ലാം.
إنّ الدّين عند الله الإسلام
'തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്‌ലാമാകുന്നു.' എല്ലാ നബിമാരും അതത് കാലങ്ങളിലെ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചവരും പ്രയോഗവല്‍ക്കരിച്ചവരുമായിരുന്നു. ശരീഅത്ത് നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മൗലികമായി എല്ലാവരുടെയും ദീന്‍ ഒന്നായിരുന്നു. എല്ലാവരും പ്രവാചകപരമ്പരയിലെ കണ്ണികള്‍.
والأنبياء ءاخوة لعلاّتٍ أمّهَاتُهم شتى وَدِينهم وَاحد
'നബിമാര്‍ വിവിധ മാതാക്കള്‍ക്കായി ജനിച്ച സഹോദരന്മാരാണ്. അവരുടെ എല്ലാവരുടെയും ദീന്‍ ഒന്നാണ്' (ബുഖാരി, മുസ്‌ലിം).
എല്ലാ നബിമാരും അവരില്‍ വിശ്വസിച്ചവരും മുസ്‌ലിംകളായിരുന്നു.
നൂഹ്: 
وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ
'ഞാന്‍ മുസ്‌ലിംകളില്‍ ഉള്‍പ്പെടാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു' (യൂനുസ്: 72).
قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ
ഇബ്‌റാഹീം: 'ഞാന്‍ ലോകരക്ഷിതാവിന് വിധേയനായിരിക്കുന്നു (മുസ്‌ലിമായിരിക്കുന്നു)' (അല്‍ബഖറ: 131).
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ
'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ചെയ്യേണമേ!'
യഅ്ഖൂബ്: 
وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
'ഇബ്‌റാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ (ഇസ്‌ലാമിനെ) വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന് കീഴ്‌പ്പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്' (അല്‍ബഖറ: 132).
യൂസുഫ്: 
تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
'എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സുകൃതവാന്മാരോട് ചേര്‍ക്കുകയും ചെയ്യേണമേ!' (യൂസുഫ്; 101).
മൂസാ: 
يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ
'എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചുവെങ്കില്‍ അവനില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക, നിങ്ങള്‍ മുസ്‌ലിംകളെങ്കില്‍' (യൂനുസ്: 84).
ഈസാ:
''നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ' എന്ന് (ഈസാ നബിയുടെ ഉത്തമശിഷ്യന്മാരായ) ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക' (മാഇദ: 111).
ലൂത്വ്: ലൂത്വ് നബിയുടെ അസാന്മാര്‍ഗികളായ ജനതയെ നശിപ്പിച്ച സംഭവത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു:
 فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ ﴿٣٥﴾ فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ
'അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്തുകൊണ്ടുവന്നു(രക്ഷപ്പെടുത്തി). എന്നാല്‍ മുസ്‌ലിംകളുടേതായ ഒരു വീടല്ലാതെ അവിടെ കണ്ടെത്തിയില്ല' (അദ്ദാരിയാത്ത്: 35,36). മുങ്ങിച്ചാവുമെന്ന ഘട്ടമെത്തിയപ്പോള്‍ ഫറോവ ഏറ്റുപറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു:
آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ 
'ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ, അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്) കീഴ്‌പ്പെട്ടവരുടെ കൂട്ടത്തിലാകുന്നു' (യൂനുസ്: 90).
ഒരു നബിയില്‍ വിശ്വസിച്ചയാള്‍ അടുത്ത നബി വരുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിലും വിശ്വസിക്കണം.
നബി(സ) പ്രസ്താവിച്ചതായി അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുന്നു; 
ثلاثة لهم أجران: .......... رجل من أهل الكتاب آمن بنبيّه وأدرك النّبي فآمن به
മൂന്നു പേര്‍ രണ്ടു പ്രതിഫലങ്ങള്‍ക്ക് അര്‍ഹമായിരിക്കും: ................ വേദാവകാശികളില്‍പെട്ട (ജൂതനോ ക്രൈസ്തവനോ) തങ്ങളുടെ നബിമാരായ മൂസാ, ഈസാ എന്നിവരില്‍ വിശ്വസിച്ച ശേഷം മുഹമ്മദ് നബിയില്‍ വിശ്വസിച്ചാല്‍..... (ബുഖാരി, മുസ്‌ലിം).
من أسلم من أهل الكتابين فله أجره مرّتين وله مالنا وعليه ما علينا ومن أسلم من المشركين فله أجره وله مالنا وعليه ما علينا
'ഇരു വേദാവകാശികളിലെ ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചാല്‍ അയാള്‍ക്ക് രണ്ടു പ്രതിഫലമുണ്ടായിരിക്കും. നമ്മുടെ അവകാശങ്ങളൊക്കെ അയാള്‍ക്കുമുണ്ടാവും. നമ്മുടേതുപോലുള്ള ബാധ്യത അയാള്‍ക്കുമുണ്ടാവും. ബഹുദൈവവിശ്വാസികളിലാരെങ്കിലും ഇസ്‌ലാം സ്വീകരിച്ചാല്‍ അയാള്‍ക്ക് അയാളുടെ പ്രതിഫലമുണ്ടായിരിക്കും. നമുക്ക് അവകാശപ്പെട്ടതൊക്കെ അയാള്‍ക്കും അവകാശമായി ലഭിക്കും. നമ്മുടേതു പോലുള്ള ബാധ്യത അയാള്‍ക്കുമുണ്ടാവും.'
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم 
'ഹേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍' (അന്നിസാഅ്: 47). ഈ സൂക്തം അവതരിച്ച പശ്ചാത്തലത്തിലാണ് പ്രമുഖ യഹൂദ പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നുസലാം ഇസ്‌ലാം സ്വീകരിച്ചതെന്ന് ഇബ്‌നു ജരീര്‍ ഉദ്ധരിക്കുന്നു.
وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِيۖ قَالُوا أَقْرَرْنَاۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ ﴿٨١﴾ فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ ﴿٨٢﴾
'അല്ലാഹു നബിമാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം: ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്തു വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങള്‍ അത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതേ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്. അതിനു ശേഷവും ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍' (ആലുഇംറാന്‍: 81,82).

ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീര്‍ എഴുതുന്നു:
'ആദം മുതല്‍ ഈസാ വരെയുള്ള എല്ലാ നബിമാരില്‍നിന്നും അല്ലാഹു താഴെ പറയുന്ന വിധം കരാര്‍ വാങ്ങിയിരിക്കുന്നു. ഏത് പ്രവാചകനും അല്ലാഹുവിന്റെ ഭാഗത്തു നിന്ന് വേദഗ്രന്ഥവും വേദേതര ജ്ഞാനവും ലഭിച്ചാലും, അദ്ദേഹത്തിനുശേഷം മറ്റൊരു നബി ആഗതനായാല്‍ ആ നബിയില്‍ അദ്ദേഹം വിശ്വസിച്ചിരിക്കേണ്ടത് നിര്‍ബന്ധമാണ്. താന്‍ നബിയാണെന്നതോ, തനിക്ക് വേദഗ്രന്ഥം ലഭിച്ചു എന്നതോ പുതിയ നബിയെ പിന്‍പറ്റുന്നതിന് തടസ്സമാകാവതല്ല.'

ഉമര്‍(റ) നബി(സ)യോടായി പറയുന്നു: 'ഒരിക്കല്‍ ഞാന്‍ ഖുറൈള ഗോത്രത്തിലെ എന്റെ ഒരു സഹോദരന്റെ അടുത്തുകൂടി കടന്നുപോയി. അപ്പോള്‍ അദ്ദേഹം തൗറാത്തിന്റെ സമഗ്രമായ ഒരു കോപ്പി എനിക്ക് തന്നു. ഞാന്‍ അത് താങ്കള്‍ക്ക് കാണിച്ചുതരട്ടയോ?' അപ്പോള്‍ നബി(സ)യുടെ മുഖം വിവര്‍ണമായി. ഇതുകണ്ടപ്പോള്‍ ഉമര്‍ പ്രതികരിച്ചു: 'ഞങ്ങള്‍ അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദിനെ ദൂതനായും തൃപ്തിപ്പെട്ട് അംഗീകരിച്ചിരിക്കുന്നു.' ഇതേക്കുറിച്ച് നബി(സ) പ്രതികരിച്ചു:
والّذي نفسي بيده لو أصبح فيكم موسى ثمّ اتبعتموه وتركتموني لضللتم
'എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ, നിങ്ങള്‍ക്കിടയില്‍ മൂസാ ഉണ്ടാവുകയും നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റി എന്നെ ഉപേക്ഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ വഴിപിഴച്ചതു തന്നെ' (അഹ്‌മദ്).     
മാത്രമോ നബി(സ) പറഞ്ഞു: 
لوكان موسى وعيسى حَيَّيْنِ لما وسعهما إلّا أن يتّبعني
'മൂസായും ഈസായും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് എന്നെ പിന്‍പറ്റാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല' (ഹാഫിള് അബൂബക്ര്‍/ ഇബ്‌നു കസീര്‍).
നബി(സ) മക്കയിലെ ബഹുദൈവ വിശ്വാസികളെ എന്ന പോലെ യഹൂദ-ക്രൈസ്തവ വിഭാഗങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയുണ്ടായി. മുഹമ്മദ് നബിയുടെ ആഗമനത്തിനു ശേഷവും മേല്‍വിഭാഗങ്ങള്‍ തങ്ങളുടെ നബിമാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിച്ചാല്‍ മതിയായിരുന്നുവെങ്കില്‍ അവിടുന്ന് അവരെ ഇസ് ലാമിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല.

നജ്‌റാന്‍ നിവാസികളായ ക്രൈസ്തവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുമേനി എഴുതി:
بسم إله إبراهيم وإسحاق ويعقوب. أمّابعد فإني أدعوكم إلى عبادة الله من عبادة العباد وأدعوكم إلى ولاية الله من ولاية العباد
'ഇബ്‌റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും ദൈവത്തിന്റെ നാമത്തില്‍. എന്തെന്നാല്‍, ഞാന്‍ നിങ്ങളെ മനുഷ്യര്‍ക്കുള്ള ഇബാദത്തില്‍നിന്ന് അല്ലാഹുവിലേക്കുള്ള ഇബാദത്തിലേക്കും മനുഷ്യരുടെ രക്ഷാധികാരത്തില്‍നിന്ന് അല്ലാഹുവിന്റെ രക്ഷാധികാരത്തിലേക്കും നിങ്ങളെ ക്ഷണിക്കുന്നു' (സാദുല്‍ മആദ്).
റോമന്‍ ചക്രവര്‍ത്തി ഹിര്‍ഖലിന് അയച്ച ക്ഷണക്കത്തിലെ വാചകം ഇങ്ങനെ: 
 بسم الله الرحمن الرّحيم من محمّد رسول الله إلى هرقل عظيم الرّوم سلام على من اتبع الهدى أمّا بعد فإنى أدعوك بدعاية الإ سلام أسلم تسلم يؤتك الله أجرك مرّتين فإن تولّيت فإنّ عليك إثم الأريسيّين
'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍നിന്ന് റോമിലെ മുഖ്യനായ ഹിര്‍ഖലിന്, സന്മാര്‍ഗം പിന്‍പറ്റിയവര്‍ക്ക് സമാധാനം. എന്തെന്നാല്‍ ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കണം. എങ്കില്‍ താങ്കള്‍ രക്ഷപ്പെടും. അല്ലാഹു താങ്കള്‍ക്ക് രണ്ടു പ്രതിഫലം നല്‍കുന്നതായിരിക്കും (നബിയില്‍ വിശ്വസിക്കുന്ന യഹൂദ-ക്രൈസ്തവര്‍ക്ക് രണ്ടു പ്രതിഫലമുണ്ടെന്നാണല്ലോ നബിവചനം). സ്വീകരിക്കാതെ പിന്മാറുന്ന പക്ഷം കര്‍ഷകരുടെ (പ്രജകളുടെ) പാപം താങ്കള്‍ ഏല്‍ക്കേണ്ടിവരും' (സാദുല്‍ മആദ്).
എത്യോപ്യന്‍ ചക്രവര്‍ത്തിയും ക്രൈസ്തവ വിശ്വാസിയുമായ നജ്ജാശിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടും ഇതേവിധം കത്തയച്ചു:
بسم الله الرحمن الرحيم من  محمّد رسول الله إلى النّجَاشي ملك الحبشة أسلم أنت
'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയായ നജ്ജാശിക്ക്, താങ്കളെ ഇസ്‌ലാം സ്വീകരിക്കാനായി ഞാന്‍ ക്ഷണിക്കുന്നു' (സാദുല്‍ മആദ്). യഹൂദ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു സലാമും ക്രൈസ്തവനായ അദിയ്യുബ്‌നു ഹാതിമുമെല്ലാം നബിയുടെ ക്ഷണം സ്വീകരിച്ച് മുസ്‌ലിംകളായ  ചിലര്‍ മാത്രമാണ്. അവരൊന്നും തന്നെ മോക്ഷത്തിന് പഴയ മതവിശ്വാസം തന്നെ മതി എന്ന് മനസ്സിലാക്കി അതില്‍ തുടരുകയായിരുന്നില്ല.

ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ
നബിയുടെ കാലത്തും ശേഷവുമുള്ള യഹൂദ-ക്രൈസ്തവ വിഭാഗങ്ങള്‍ എന്തു നിലപാടായിരിക്കണം സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ച് ഖുര്‍ആന്‍ എന്തുപറയുന്നു എന്ന് പരിശോധിച്ചു നോക്കാം:
الَّذِينَ آتَيْنَاهُمُ الْكِتَابَ مِن قَبْلِهِ هُم بِهِ يُؤْمِنُونَ ﴿٥٢﴾ وَإِذَا يُتْلَىٰ عَلَيْهِمْ قَالُوا آمَنَّا بِهِ إِنَّهُ الْحَقُّ مِن رَّبِّنَا إِنَّا كُنَّا مِن قَبْلِهِ مُسْلِمِينَ ﴿٥٣﴾ أُولَٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٥٤﴾
''ഇതിനു -ഖുര്‍ആന്- മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം- തൗറാത്ത്, ഇഞ്ചീല്‍- നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവര്‍ പറയും; 'ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പുതന്നെ തീര്‍ച്ചയായും ഞങ്ങള്‍ മുസ്‌ലിംകളായിരിക്കുന്നു.' അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടു മടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയും ചെയ്യും'' (അല്‍ഖസ്വസ്വ്: 52-54). വേദവിശ്വാസികളായ പണ്ഡിതന്മാരെ പ്രത്യേകം ഉദ്ദേശിച്ചുള്ളതാണ് മേല്‍ പരാമര്‍ശം.

الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ أُولَٰئِكَ يُؤْمِنُونَ بِهِۗ
'നാം വേദഗ്രന്ഥം നല്‍കിയവര്‍ അത് പാരായണം ചെയ്യേണ്ട മുറപ്രകാരം പാരായണം ചെയ്യുന്നു, അവര്‍ അതില്‍ വിശ്വസിക്കുന്നു' (അല്‍ബഖറ: 121).
وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ
'തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്കവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും' (ആലുഇംറാന്‍; 199).
إِنَّ الَّذِينَ أُوتُوا الْعِلْمَ مِن قَبْلِهِ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا ﴿١٠٧﴾ وَيَقُولُونَ سُبْحَانَ رَبِّنَا إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا ﴿١٠٨﴾ وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ﴿١٠٩﴾
'തീര്‍ച്ചയായും ഇതിനുമുമ്പ് ദിവ്യജ്ഞാനം നല്‍കപ്പെട്ടവരാരോ, അവര്‍ക്ക് ഇത് വായിച്ചുകേള്‍പ്പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ചുകൊണ്ട് മുഖംകുത്തി വീഴുന്നതാണ്. അവര്‍ പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്റ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു. അവര്‍ കരഞ്ഞുകൊണ്ട് മുഖംകുത്തി വീഴുകയും, അതവര്‍ക്ക് വിനയം വര്‍ധിപ്പിക്കുകയും ചെയ്യും' (ഇസ്‌റാഅ് 107-109).
وَإِذَا سَمِعُوا مَا أُنزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ ﴿٨٣﴾ وَمَا لَنَا لَا نُؤْمِنُ بِاللَّهِ وَمَا جَاءَنَا مِنَ الْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ الْقَوْمِ الصَّالِحِينَ ﴿٨٤﴾ فَأَثَابَهُمُ اللَّهُ بِمَا قَالُوا جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَاۚ وَذَٰلِكَ جَزَاءُ الْمُحْسِنِينَ ﴿٨٥﴾
''റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍- നബിയുടെ കാലത്തെ ക്രൈസ്തവര്‍- കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീരൊഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ, ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിലുംഞങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന്‍ കഴിയും?' അങ്ങനെ, അവര്‍ ഈ പറഞ്ഞതു നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്'' (അല്‍മാഇദ: 83-85).
നേരത്തേ ക്രിസ്ത്യാനിയായിരുന്ന നജ്ജാശി ചക്രവര്‍ത്തി ഇസ്‌ലാം സ്വീകരിച്ച ശേഷം എഴുപത് പുരോഹിതന്മാരെ നബി(സ)യുടെ അടുത്തേക്കയച്ചു. അവിടുന്ന് അവര്‍ക്ക് യാസീന്‍ ഓതിക്കേള്‍പ്പിച്ചു. അവര്‍ വികാരാധീനരായി കരഞ്ഞു. ഇസ്‌ലാം സ്വീകരിച്ചു. അല്‍ഖസ്വസ്വ്: 52-ഉം 53-ഉം ഈ വിഷയകമായി അവതരിച്ചതാണ്. (ഇബ്‌നുകസീര്‍).
وَمِن قَوْمِ مُوسَىٰ أُمَّةٌ يَهْدُونَ بِالْحَقِّ وَبِهِ يَعْدِلُونَ
'മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനസുരിച്ചു തന്നെ നീതിപാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്' (അല്‍അഅ്‌റാഫ് 159).
لَيْسُوا سَوَاءًۗ مِّنْ أَهْلِ الْكِتَابِ أُمَّةٌ قَائِمَةٌ يَتْلُونَ آيَاتِ اللَّهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ ﴿١١٣﴾ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُسَارِعُونَ فِي الْخَيْرَاتِ وَأُولَٰئِكَ مِنَ الصَّالِحِينَ ﴿١١٤﴾ وَمَا يَفْعَلُوا مِنْ خَيْرٍ فَلَن يُكْفَرُوهُۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ ﴿١١٥﴾
'അവരെല്ലാം ഒരുപോലെയല്ല, നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്. രാത്രിസമയങ്ങളില്‍ സുജൂദില്‍- നമസ്‌കാരത്തില്‍- ഏര്‍പ്പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍പെട്ടവരാകുന്നു' (ആലുഇംറാന്‍; 113-114).

ഈ സൂക്തങ്ങള്‍ ഇസ്‌ലാമാശ്ലേഷിച്ച അബ്ദുല്ലാഹിബ്‌നു സലാം, അസദുബ്‌നു ഉബൈദ്, സഅ്‌ലത്തുബ്‌നു സഅ്‌യ, ഉസൈദുബ്‌നു സഅ്‌യ മുതലായവരെക്കുറിച്ച് അവതരിച്ചതാണെന്ന് ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചിരിക്കുന്നു.
قُلْ آمِنُوا بِهِ أَوْ لَا تُؤْمِنُواۚ إِنَّ الَّذِينَ أُوتُوا الْعِلْمَ مِن قَبْلِهِ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا ﴿١٠٧﴾ وَيَقُولُونَ سُبْحَانَ رَبِّنَا إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا ﴿١٠٨﴾ وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ﴿١٠٩﴾
'നബിയേ താങ്കള്‍ പറയുക! നിങ്ങള്‍ ഇതില്‍- ഖുര്‍ആനില്‍- വിശ്വസിച്ചുകൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിനു മുമ്പ് ദിവ്യജ്ഞാനം നല്‍കപ്പെട്ടവരാരോ, അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ചുകൊണ്ട് മുഖംകുത്തി വീഴുന്നതാകുന്നു. അവര്‍ പറയും:  ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്റെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു- അവര്‍ കരഞ്ഞുകൊണ്ട് മുഖംകുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ധിപ്പിക്കുകയും ചെയ്യും' (അല്‍ഇസ്‌റാഅ് 107-109).
وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌۖ وَكَثِيرٌ مِّنْهُمْ سَاءَ مَا يَعْمَلُونَ ﴿٦٦﴾
'തൗറാത്തും ഇഞ്ചീലും അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്തുനിന്നും കാലുകള്‍ക്ക് ചുവട്ടില്‍നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമു്. എന്നാല്‍ അവരില്‍ അധികപേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്തതന്നെ' (അല്‍ മാഇദ: 66).
قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْكُم مِّن رَّبِّكُمْۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًاۖ فَلَا تَأْسَ عَلَى الْقَوْمِ الْكَافِرِينَ ﴿٦٨﴾
'പറയുക: വേദക്കാരേ, തൗറാത്തും ഇഞ്ചീലും നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതും (ഖുര്‍ആനും) നിങ്ങള്‍ നിലനിര്‍ത്തുന്നതുവരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാല്‍, നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ധിപ്പിക്കുക തന്നെ ചെയ്യും' (അല്‍മാഇദ: 68).
وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَٰكِنَّ كَثِيرًا مِّنْهُمْ فَاسِقُونَ ﴿٨١﴾
'അവര്‍ (യഹൂദരും ക്രൈസ്തവരും) അല്ലാഹുവിലും പ്രവാചകനിലും അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരെ-അവിശ്വാസികളെ- ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷേ, അവരില്‍ അധികപേരും ധിക്കാരികളാകുന്നു' (അല്‍മാഇദ: 81).
وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُواۗ قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًاۖ وَمَا كَانَ مِنَ الْمُشْرِكِينَ ﴿١٣٥﴾ قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ﴿١٣٦﴾فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَواۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍۖ
'നിങ്ങള്‍ -യഹൂദരും ക്രൈസ്തവരും- പറയുക: അല്ലാഹുവിലും അവങ്കല്‍നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചുകൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, എല്ലാ പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്) കീഴ്‌പ്പെട്ടു ജീവിക്കുന്നവരുമാകുന്നു. നിങ്ങള്‍ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞുകളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു....' (അല്‍ബഖറ 137).

മുകളിലെ സൂക്തങ്ങളില്‍നിന്ന് യഹൂദ-ക്രൈസ്തവര്‍ക്ക് അവരുടെ അതേ വിശ്വാസത്തില്‍ നിലകൊണ്ടുതന്നെ സ്വര്‍ഗപ്രവേശനം സാധ്യമല്ലെന്നും മുഹമ്മദ് നബിയില്‍ വിശ്വസിച്ചുകൊണ്ട് വിശ്വാസം പുതുക്കണമെന്നും വ്യക്തമായി.
നബി(സ) പ്രസ്താവിക്കുന്നു:
والّذي نفس محمّد بيده لا يسمع بي أحد من هذه الأمّة يهودي ولا نصرانيّ ثمّ يموت ولم يؤمن بالّذي أرسلت به اِلّا كان من أصحاب النّار
'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ! ഈ സമുദായത്തില്‍- മുഹമ്മദ് നബിയുടെ ആഗമനത്തിനുശേഷം ലോകാവസാനം വരെയുള്ള മനുഷ്യസമൂഹം നബിയുടെ പ്രബോധിത സമുദായമാണ്- പെട്ടവരില്‍ എന്നെക്കുറിച്ച് കേള്‍ക്കുകയും എന്നിട്ട് എന്റെ സന്ദേശത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തുകൊണ്ട് മരിക്കുന്ന ഒരാളും അയാള്‍ ജൂതനാകട്ടെ, ക്രിസ്ത്യാനിയാകട്ടെ നരകാവകാശി ആവാതിരിക്കില്ല' (മുസ്‌ലിം: 403).

ദൈവവിശ്വാസം: ഇസ്‌ലാമിക വിവക്ഷ
ഖുര്‍ആനില്‍ വിശ്വാസത്തെയും കര്‍മത്തെയും എഴുപതില്‍പരം തവണ, ഒന്നിന്റെ അഭാവത്തില്‍ മറ്റേത് പരിഗണനീയമല്ലാത്തവിധം ചേര്‍ത്തുപറഞ്ഞിരിക്കുന്നു.
സത്യവിശ്വാസം, അഥവാ ഈമാന്‍ എന്നതിന്റെ വിവക്ഷ അല്ലാഹു, നബിമാര്‍, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പരലോകം, വിധി മുതലായ അടിസ്ഥാനകാര്യങ്ങള്‍ വിശദാംശങ്ങളോടെ ഖുര്‍ആനും സുന്നത്തും താല്‍പര്യപ്പെടുന്നവിധം വിശ്വസിക്കുക എന്നതാണ്. ഇലാഹ്, അല്ലാഹു എന്നീ പദങ്ങള്‍ തന്നെ ഉദാഹരണം. ഏതു ദൈവത്തെയും സൂചിപ്പിക്കാന്‍ സാമാന്യമായി ഉപയോഗിക്കുന്ന പദമാണ് 'ഇലാഹ്'. ഇലാഹ് എന്ന പദത്തില്‍ അലിഫും ലാമും ചേര്‍ന്ന് വരുമ്പോള്‍ അഥവാ, അല്ലാഹു എന്നാകുമ്പോള്‍ ആരാണോ യഥാര്‍ഥത്തില്‍ ലോകം സൃഷ്ടിച്ച് പരിപാലിക്കുന്നത്, ആരാണോ ഇബാദത്തുകള്‍ക്കര്‍ഹന്‍, ആര്‍ക്കാണോ സമസ്ത ദൈവിക കഴിവുകള്‍ സ്വന്തമായുള്ളത് ആ സാക്ഷാല്‍ ദൈവം എന്നാണര്‍ഥം.
وما من إله الاّ الله -'അല്ലാഹു അല്ലാതെ ദൈവമേ ഇല്ല' (ആലുഇംറാന്‍ 62).
أن القوّة الله جميعا -'തീര്‍ച്ചയായും ശക്തികളൊക്കെയും അല്ലാഹുവിനാകുന്നു' (അല്‍ബഖറ 165).
فانّ العزّة لله جميعا -'പ്രതാപങ്ങളത്രയും അല്ലാഹുവിനാകുന്നു' (ഫാത്വിര്‍ 10).
പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും പലപല ദൈവങ്ങള്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നതാണെന്നാണ് ബഹുദൈവസങ്കല്‍പം. ഇസ്‌ലാമാകട്ടെ, ഈ സങ്കല്‍പത്തെ പൂര്‍ണമായും നിരാകരിക്കുകയും ദൈവികമായ എല്ലാ ഗുണങ്ങളെയും ഏകനായ അല്ലാഹുവില്‍ മാത്രമായി ഏകീകരിക്കുകയുമാണ് ചെയ്യുന്നത്. 

أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًاۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ
 'അവന്‍ -മുഹമ്മദ്- ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് അത്ഭുതം തന്നെ!' (സ്വാദ്: 5) എന്ന് മക്കയിലെ ബഹുദൈവവിശ്വാസികള്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. പല ദൈവങ്ങളിലേക്ക് ചിതറിപ്പോകുന്ന ദിവ്യാംശങ്ങളെ അല്ലാഹുവില്‍മാത്രം കേന്ദ്രീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിനാണ് തൗഹീദ് എന്നു പറയുന്നത്. ഈ അര്‍ഥത്തില്‍ 'അല്ലാഹു' എന്നത് അവനുമാത്രം അവകാശപ്പെട്ട പേരാണ്. തല്‍സ്ഥാനത്ത് ദൈവം എന്ന് പ്രയോഗിക്കുന്നത് സൂക്ഷ്മമല്ല. ദൈവം എന്ന് ഉപയോഗിക്കുമ്പോള്‍ ഏത് ദൈവവുമാകാവുന്നതിനാലും, അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഗുണങ്ങള്‍ മറ്റു ദൈവങ്ങള്‍ക്കില്ലാത്തതിനാലും അല്ലാഹുവെ സൂചിപ്പിക്കാന്‍ അല്ലാഹു എന്നുതന്നെ പ്രയോഗിക്കുകയാണ് വേണ്ടത്.
رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِۚ هَلْ تَعْلَمُ لَهُ سَمِيًّا
'ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍, അവനെ താങ്കള്‍ ഇബാദത്ത് ചെയ്യുകയും അവന്നുള്ള ഇബാദത്തില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?' (മര്‍യം 65).

എല്ലാ മതക്കാരും ദൈവം എന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ടു മാത്രം, അത് അല്ലാഹുവിലുള്ള വിശ്വാസമായി പരിഗണിക്കുകയില്ല. അല്ലാഹുവിലുള്ള വിശ്വാസം എക്കാലവും ബഹുദൈവവിശ്വാസമയമായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ
'ജനങ്ങളില്‍ അധികവും മറ്റു വ്യാജദൈവങ്ങളെ പങ്കുചേര്‍ത്തുകൊണ്ടേ അല്ലാഹുവില്‍ വിശ്വസിക്കുന്നുള്ളൂ' (യൂസുഫ് 106). ഇക്കാലത്തും ഇതു തന്നെയാണ് വസ്തുത എന്നിരിക്കെ, വികലമായ ദൈവവിശ്വാസത്തിന്റെ ബലത്തില്‍ എങ്ങനെയാണ് സ്വര്‍ഗപ്രാപ്തി പ്രതീക്ഷിക്കുക?

മലക്കുകളിലുള്ള വിശ്വാസം
മലക്കുകളിലുള്ള വിശ്വാസം എടുത്താലും ഇതുതന്നെയാണ് അവസ്ഥ. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളും പ്രപഞ്ചത്തിന്റെ നടത്തിപ്പില്‍ സ്വതന്ത്രമായി ഇടപെടാന്‍ ശേഷിയുള്ളവരുമാണെന്നായിരുന്നു നബിയുടെ കാലത്തെ ബഹുദൈവവിശ്വാസികളുടെ നിലപാട്. ഇത് പൂര്‍ണമായും നിരാകരിച്ച ഖുര്‍ആന്‍, മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ധിക്കരിക്കാന്‍ കഴിയാത്ത വിനീതദാസന്മാര്‍ മാത്രമാണെന്ന് സമര്‍ഥിച്ചു.
وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ إِنَاثًاۚ
'പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാരായ മലക്കുകളെ അവര്‍ സ്ത്രീകളാക്കി....' (സുഖ്‌റുഫ് 19). ഇതുതന്നെയാണ് മറ്റു വിശ്വാസ കാര്യങ്ങളുടെയും അവസ്ഥ. ഈ സാഹചര്യത്തില്‍ ഏതിലുള്ള വിശ്വാസത്തെയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്.
പ്രമുഖ കവിയും ക്രൈസ്തവനുമായ ഉമയ്യത്തുബ്‌നു അബിസ്സ്വല്‍ത്തിന്റെ സഹോദരി ഫാരിഅഃ നബിയുടെ അടുത്തു വെച്ച് ഉമയ്യയുടെ കവിത ചൊല്ലി. അപ്പോള്‍ അവിടുത്തെ പ്രതികരണം آمن شعره وكفر قلبه -'അദ്ദേഹത്തിന്റെ കവിത വിശ്വസിച്ചിരിക്കുന്നു, ഹൃദയം നിഷേധിച്ചിരിക്കുന്നു' എന്നായിരുന്നു.

സത്യവിശ്വാസം ഏകാവലംബം
ഏതൊരു കര്‍മവും അല്ലാഹുവിങ്കല്‍ സാധുവും സഫലവുമാകാന്‍ സത്യവിശ്വാസം അസ്തിവാരമായിരിക്കണം. അംറുബ്‌നു ശുഐബ് പിതാവ് വഴി വലിയുപ്പയില്‍നിന്ന് ഉദ്ധരിക്കുന്നു:
إنّ العاص بن وائل نذر فى الجاهلية أن ينحر منه بدنة وأن هشام بن العاص نحر حصّته خمسين بدنة وأن عمر سأل النّبي عن ذلك - فقال: أما أبوك فلو كان أقرّ باالتوحيد فصمت وتصدّقت عنه نفعه ذلك
ആസ്വുബ്‌നു വാഇല്‍ ജാഹിലിയ്യാ കാലത്ത് നൂറും ഹിശാമുബ്‌നുല്‍ ആസ്വ് അമ്പതും ഒട്ടകങ്ങളെ ബലിയറുക്കാന്‍ നേര്‍ച്ച നേര്‍ന്നു. ഉമര്‍(റ) അതേപ്പറ്റി ചോദിച്ചു. മറുപടിയായി നബി(സ) പറഞ്ഞു:
'നിങ്ങളുടെ പിതാവ് തൗഹീദ് അംഗീകരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ നോമ്പനുഷ്ഠിച്ചാലും സ്വദഖ ചെയ്താലും അത് അദ്ദേഹത്തിന് ഉപകരിക്കുമായിരുന്നു'(അഹ്‌മദ് 6704). സത്യവിശ്വാസികളായ സന്താനങ്ങളുടെ സല്‍ക്കര്‍മങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരിക്കണമെന്നു സാരം.

വിശ്വാസം ഏക രക്ഷ
നന്മതിന്മകള്‍ തൂക്കിനോക്കി സ്വര്‍ഗ-നരകങ്ങള്‍ തീരുമാനിക്കുമ്പോള്‍, സല്‍ക്കര്‍മങ്ങള്‍ കുറഞ്ഞുപോയതിന്റെ പേരില്‍ നരകത്തിലാവുന്ന സത്യവിശ്വാസിക്ക് ഒടുവില്‍ രക്ഷയാവുക വിശ്വാസം മാത്രമായിരിക്കും എന്നതും നാം മറന്നുകൂടാത്തതാണ്. നബി(സ) പറയുന്നു:
يعذّب ناس من أهل التوحيد فى النار حتى يكونوا فيها حمما ثم تدركهم الرّحمة فيخرجون ويطرحون على أبواب الجنّة قال: فيرش عليهم أهل الجنة الماء فينبتون كما ينبت الغثاء فى حمال السّيل ثم يدخلون الجنّة
'ഏകദൈവ വിശ്വാസികളില്‍പെട്ട ചിലര്‍ നരകത്തില്‍ ശിക്ഷിക്കപ്പെടും. അങ്ങനെ അവര്‍ നരകത്തില്‍ കരിക്കട്ടപോലെയാവും. ശേഷം അവര്‍ക്ക് കാരുണ്യം ലഭിക്കും. അങ്ങനെ അവര്‍ നരകത്തില്‍നിന്ന് പുറത്തെടുക്കപ്പെട്ട് സ്വര്‍ഗകവാടങ്ങളില്‍ എറിയപ്പെടും. അപ്പോള്‍ സ്വര്‍ഗവാസികള്‍ അവരുടെ മേല്‍ ജലം കുടയും. അതോടെ അവര്‍ മലവെള്ളത്തിലെ ചണ്ടി മുളക്കുന്നതുപോലെ മുളക്കും. അങ്ങനെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും' (അഹ്‌മദ് 3/391, തിര്‍മിദി 2600, അല്‍ബാനി അസ്സില്‍സിലത്തുസ്സ്വഹീഹ 5/580).

സുകൃതങ്ങള്‍ കുറയുമ്പോള്‍ പരലോകത്ത് ഒടുവില്‍ രക്ഷക്കെത്തുക സത്യവിശ്വാസമാണെന്ന് നബി(സ) പറയുമ്പോള്‍, വിശ്വാസമല്ല, സുകൃതമാണ് പ്രധാനമെന്ന് പറയുന്നതിലൂടെ നമ്മുടെ അന്ത്യാശ്രയമാണ് സര്‍വമതസത്യവാദികള്‍ തകര്‍ക്കുന്നത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top