ശൈഖ് മുഹമ്മദ് മുതവല്ലി ശഅ്‌റാവി : ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ജനകീയ മുഖം

പി.കെ ജമാല്‍‌‌

വ്യക്തിമുദ്ര

ഇരുപതാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഗണത്തില്‍ ബഹുജനങ്ങളോട് ഒട്ടിനില്‍ക്കുകയും വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്ന് ജനകീയ മുഖം നല്‍കുകയും ചെയ്ത പണ്ഡിത പ്രതിഭയാണ് ശൈഖ് മുഹമ്മദ് മുതവല്ലി ശഅ്‌റാവി. വിശുദ്ധ ഖുര്‍ആനിന് സമ്പൂര്‍ണ വാചിക വ്യാഖ്യാനം നല്‍കിയ ഖ്യാതി ശഅ്‌റാവിക്ക് സ്വന്തം. ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാം റാസിയുടെയും ത്വബരിയുടെയും ഖുര്‍ത്വുബിയുടെയും ഇബ്‌നു കസീറിന്റെയും വൈജ്ഞാനിക സംഭാവനകള്‍ ബഹുജനങ്ങള്‍ക്ക് അനയാസേന പ്രാപ്യമാക്കണമെന്നത് ശഅ്‌റാവിയുടെ മുഖ്യചിന്തയായിരുന്നു. ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ശൈലിയും അതിനൊത്ത ശരീരഭാഷയും അകമ്പടി സേവിക്കുന്ന അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്കും ഖുര്‍ആന്‍ പഠന സദസ്സുകള്‍ക്കും ബഹുജനങ്ങളും പണ്ഡിതന്മാരും ഒരുപോലെ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സമയം കണ്ടെത്തി. പള്ളികളിലും റേഡിയോവിലും ടെലിവിഷനിലും ഇടതടവില്ലാതെ പ്രത്യക്ഷപ്പെടുന്ന ശഅ്‌റാവിയുടെ ചിന്തകളോടൊപ്പം നൈലിന്റെ നാടായ ഈജിപ്ത് ചരിച്ചു. ശൈഖ് മുതവല്ലി ശഅ്‌റാവിയുമായി ജനങ്ങളുടെ ആത്മബന്ധം തുടങ്ങുന്നതും ശക്തിപ്പെടുന്നതും 'നൂറുന്‍ അലാനൂര്‍' (വെളിച്ചത്തിന്മേല്‍ വെളിച്ചം) എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ്. എഴുപതുകളില്‍ ഈജിപ്ഷ്യന്‍ ടെലിവിഷനില്‍ തുടങ്ങിയ ഈ ഖുര്‍ആന്‍ വ്യാഖ്യാന പരിപാടി സര്‍വ മുസ്‌ലിം നാടുകളിലും ടി.വി കളിലേക്ക് ഒഴുകി പരക്കാന്‍ കാലമേറെ വേണ്ടിവന്നില്ല. അത്രക്കായിരുന്നു ആ പരിപാടിയുടെ വിജയവും സ്വീകാര്യതയും. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതിഹാസമായിരുന്ന അദ്ദേഹത്തിന്റെ നാവില്‍നിന്ന് വിശുദ്ധ വേദഗ്രന്ഥജ്ഞാനസാഗരത്തിലെ മുത്തുമണികളായിരുന്നു ഓരോ നിമിഷവും ഉതിര്‍ന്നു വീണത്. ഖുര്‍ആനിന്റെ ഓരോ അക്ഷരത്തിലും അര്‍ഥം കണ്ടെത്തുകയും പദവിന്യാസത്തിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുകയും ആശയപ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന 'ശഅ്‌റാവി വ്യാഖ്യാനശൈലി'യുടെ ആരാധകരായിത്തീര്‍ന്നു ജനലക്ഷങ്ങള്‍. ഖുര്‍ആനിന്റെ ആഴങ്ങളില്‍ ഊളിയിട്ടു അറിവിന്റെ മുത്തുകള്‍ വാരിവരുന്ന ശഅ്‌റാവിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ശ്രോതാക്കള്‍ നെഞ്ചിലേറ്റി. അദ്ദേഹത്തിന്റെ ആംഗ്യങ്ങളും സൂചനകളും അംഗവിക്ഷേപങ്ങളും ചായലും ചരിയലും ഭാവപ്രകടനങ്ങളും സ്വരമാറ്റങ്ങളും അവര്‍ക്ക് ഹൃദ്യമായ അനുഭവമായി. ഖുര്‍ആനിക സൗന്ദര്യത്തിന്റെ ഭാവുകത്വവും കാല്‍പനിക ലാവണ്യവും സാധാരണ ജനങ്ങളുടെ മുഖങ്ങളില്‍ മിന്നിമറയുന്ന വിസ്മയ ഭാവങ്ങളില്‍ പ്രതിബിംബിച്ചു. വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആന്തരിക സൗന്ദര്യത്തില്‍ നിറഞ്ഞാടിയ സദസ്സിന്റെ ചിന്തകളും വിചാരങ്ങളും ദൈവിക വചനങ്ങളോടുള്ള തന്മയീഭാവത്തിന്റെ വിളംബരമായിരുന്നു. ഈ വിധം സദസ്സിനെ കൈയിലെടുക്കാനും തന്നോടൊപ്പം നിര്‍ത്താനുമുള്ള അസാധാരണ സിദ്ധിയാണ് ശഅ്‌റാവിയെ ഈജിപ്ഷ്യന്‍ ജനതയുടെയും മുസ്‌ലിം ലോകത്തിന്റെയും ശ്വാസോഛ്വാസത്തിന്റെ ഭാഗമാക്കിയത്. വ്യാഖ്യാനങ്ങളുടെ ശ്രവണമാത്രയില്‍ തരളിതമാകുന്ന ഹൃദയങ്ങളില്‍നിന്നുതിരുന്ന തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകും ചിലപ്പോള്‍ ആ സദസ്സ്. ബുദ്ധിയുടെ വിവിധ വിതാനങ്ങളില്‍ നിലകൊള്ളുന്ന ജനലക്ഷങ്ങളോട് ശഅ്‌റാവി സംവദിച്ചു. ഓരോ വിഭാഗത്തിനുമുണ്ടാവും തങ്ങള്‍ക്കാവശ്യവും അനുയോജ്യവുമായ വിജ്ഞാന വിഭവം. ശഅ്‌റാവിയുടെ തഫ്‌സീറിന് കാതോര്‍ക്കുന്ന ജനതയായി ഈജിപ്തിലെ തെരുവുകളിലെയും വീടകങ്ങളിലെയും പള്ളികളിലെയും പള്ളിക്കൂടങ്ങളിലെയും മനുഷ്യര്‍ മാറിയെന്നതാണ് അത്ഭുതം.

ജീവിതം നന്മകളാല്‍ സമൃദ്ധം
ഖുര്‍ആന്‍ പഠിച്ചും പഠിപ്പിച്ചും ജനങ്ങളോടൊപ്പം കഴിഞ്ഞ ആ മഹാമനീഷി ഖുര്‍ആനിക സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സമൂഹത്തിലെ ഉന്നതസ്ഥാനീയരും ഹൃദയങ്ങളില്‍ താലോലിച്ച ആ പണ്ഡിതവര്യന്‍ എളിമയോടെ, വിനയത്തിന്റെ ആള്‍രൂപമായി വര്‍ത്തിച്ചു. ഈജിപ്ഷ്യന്‍ കൃഷീവലനായ സാധാരണക്കാരന്റെ ജീവിതമാണ് തനിക്ക് പഥ്യമെന്ന് തെളിയിച്ചു. പാണ്ഡിത്യത്തിന്റെ ഗരിമയും അറിവിന്റെ ഗൗരവം സ്ഫുരിക്കുന്ന മുഖഭാവവും സാധാരണ ജനങ്ങളോട് ഇടപഴകുന്നതിന് തടസ്സം നിന്നില്ല. സമ്പന്നനായിരുന്ന ശഅ്‌റാവി ഒരു തവണ പത്ത് ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് വിശ്രുതമായ അസ്ഹര്‍ സ്ഥാപനങ്ങള്‍ക്ക് സംഭാവനയായി നല്‍കി. തന്റെ അറിവില്‍പെട്ട സ്വദേശത്തും വിദേശത്തുമുള്ള നിരവധി പള്ളികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംഭാവന ചെയ്ത അദ്ദേഹം ചിലതെല്ലാം സ്വന്തമായി നിര്‍മിച്ചും നല്‍കി. ജനങ്ങള്‍ 'ഇമാമുദ്ദുആത്ത്' (പ്രബോധകരുടെ നേതാവ്) എന്ന പേരു നല്‍കി ആദരിച്ച ശഅ്‌റാവി ഈജിപ്തിലെ ദഖ്ഹലിയ്യാ ജില്ലയില്‍ ദഖാദൂസ് ഗ്രാമത്തിലാണ് 1911 ഏപ്രിലില്‍ ഭൂജാതനായത്. എണ്‍പത്തേഴാം വയസ്സില്‍ 1998 ജൂണ്‍ പതിനേഴിന് അന്തരിച്ചു.

ഈജിപ്തിലെ ഔഖാഫ്-നീതിന്യായ മന്ത്രിയായും സേവനം അനുഷ്ഠിച്ച ശൈഖ് ശഅ്‌റാവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന തഫ്‌സീറാണ്. പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 1942-ല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് സമ്പാദിച്ച ശഅ്‌റാവി മക്കയിലെ മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ ശരീഅ കോളേജില്‍ പ്രഫസറായി. ഈജിപ്ത്, അള്‍ജീരിയ, സുഊദി അറേബ്യ മുതലായ രാജ്യങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനായും വിദ്യാഭ്യാസ ഉപദേഷ്ടാവായും സേവനം ചെയ്തു. ഈജിപ്തിലെ ശൂറാ കൗണ്‍സില്‍ അംഗമായും ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമി ഡയറക്ടറായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ അറബ് രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ വൈസ് ചാന്‍സലര്‍ പദവിയും അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ റെക്ടര്‍ സ്ഥാനവും നല്‍കാമെന്ന നിര്‍ദേശമുയര്‍ന്നെങ്കിലും ഇസ്‌ലാമിക പ്രബോധന രംഗത്ത് സ്വാതന്ത്ര്യത്തോടെ വിഹരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 1934-ല്‍ രാജഭരണത്തിനെതിരില്‍ പ്രതിഷേധിച്ച ശൈഖ് മറാഗിയെ അസ്ഹര്‍ റെക്ടര്‍ പദവിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ വീണ്ടും അദ്ദേഹത്തെ അസ്ഹറില്‍ അവരോധിക്കാനുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ശൈഖ് ശഅ്‌റാവി മുന്നില്‍ നിലകൊണ്ടു. ഒരു ഘട്ടത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശഅ്‌റാവി സകാസീകിലെ 'റൈറ്റേഴ്‌സ് അക്കാദമി' പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ശഅ്‌റാവിയോടൊപ്പം അക്കാലത്ത് പ്രവര്‍ത്തിച്ച വിശ്രുത വ്യക്തിത്വങ്ങളാണ് അബ്ദുല്‍ മുന്‍ഇം ഖഫാജി, ഖാലിദ് മുഹമ്മദ് ഖാലിദ്, ഡോ. അഹ്‌മദ് ഹയ്കല്‍, ഡോ. ഹസന്‍ ജാദ് തുടങ്ങിയവര്‍.

മണ്ണിനോട് ഒട്ടിനിന്ന മനസ്സ്
ചെറുപ്പന്നേ കൃഷിപ്പണിയില്‍ തല്‍പരനായ ശഅ്‌റാവിക്ക് ഗ്രാമം വിട്ടുപോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. കെയ്‌റോവില്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേരണമെന്ന പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു അദ്ദേഹം. ഉലൂമുല്‍ ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ് ഗ്രന്ഥങ്ങള്‍, ഭാഷാ സാഹിത്യ കൃതികള്‍ എന്നിങ്ങനെ വളരെ വിലപിടിപ്പുള്ള ഗ്രന്ഥങ്ങള്‍ വാങ്ങിത്തന്നാല്‍ മാത്രമേ അസ്ഹറില്‍ ചേരൂ എന്ന് വാശിപിടിച്ച ശഅ്‌റാവിയുടെ ഉള്ളിലിരിപ്പ്, സാമ്പത്തിക ബാധ്യതയോര്‍ത്ത് പിതാവ് അങ്ങനെയെങ്കിലും തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞേക്കുമെന്ന വിചാരമായിരുന്നു. മകന്റെ തന്ത്രം തിരിച്ചറിഞ്ഞ പിതാവ് ആവശ്യപ്പെട്ടതും അതില്‍ കൂടുതലും ഗ്രന്ഥങ്ങള്‍ വില നല്‍കി വാങ്ങി മകനെ തോല്‍പിച്ചു. അസ്ഹറിലെ മികച്ച വിദ്യാഭ്യാസം ശഅ്‌റാവിയെ ഉയര്‍ന്ന ചിന്തകനായും പണ്ഡിതനായും വളര്‍ത്താന്‍ പാകത്തിലായിരുന്നു. 1978-ല്‍ ഔഖാഫ് മന്ത്രിയായ ശഅ്‌റാവിയാണ് ധനമന്ത്രാലയത്തിന്റെ ആശീര്‍വാദത്തോടെ ഈജിപ്തിലെ ആദ്യത്തെ ഇസ്‌ലാമിക സാമ്പത്തിക കാര്യ സ്ഥാപനമായ ഫൈസ്വല്‍ ബാങ്കിന് തുടക്കമിട്ടത്.

നിരവധി രചനകള്‍ ശഅ്‌റാവിയുടേതായുണ്ട്. പലതും അദ്ദേഹത്തിന്റെ ആരാധകര്‍ ക്രോഡീകരിച്ചതും പ്രസിദ്ധീകരിച്ചതുമാണ്. 'തഫ്‌സീറുശ്ശഅറാവി ലില്‍ ഖുര്‍ആനില്‍ കരീം' ആകുന്നു ഇവയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഖുര്‍ആനിലെ തെരഞ്ഞെടുത്ത അധ്യായങ്ങളുടെ വ്യാഖ്യാനമായ അല്‍മുന്‍തഖബ് ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ കരീം, ഖവാത്വിമുശ്ശഅ്‌റാവി, മുഅ്ജിസത്തുല്‍ ഖുര്‍ആന്‍, നള്‌റാത്തുന്‍ ഫില്‍ ഖുര്‍ആന്‍, അല്‍ ഇസ്രാഉ വല്‍ മിഅ്‌റാജ്, അല്‍ ഇസ്‌ലാമു വല്‍ ഫിക്‌റുല്‍ മുആസ്വിര്‍, അല്‍ ഇന്‍സാനുല്‍ കാമില്‍ മുഹമ്മദ് (സ), അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം, അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി അല്‍മുയസ്സര്‍, അല്‍ മര്‍അത്തു ഫില്‍ ഖുര്‍ആനില്‍ കരീം, അഖീദത്തുല്‍ മുസ്‌ലിം, അസ്‌റാറു ബിസ്മില്ലാഹിര്‍റഹ്‌മാനിര്‍റഹീം തുടങ്ങി അറുപതില്‍പരം കൃതികളുടെ കര്‍ത്താവായ ശഅ്‌റാവി ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആക്രമണങ്ങളെ ശക്തമായി ചെറുത്തു. ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന ഓറിയന്റലിസ്റ്റ് ജല്‍പനങ്ങള്‍ക്ക് യുക്തിഭദ്രവും പ്രമാണാധിഷ്ഠിതവുമായ മറുപടി നല്‍കുന്നതില്‍ ശഅ്‌റാവി തന്റെ കഴിവ് തെളിയിച്ചു.
അറബി ഭാഷയും സാഹിത്യവുമാണ് അസ്ഹറില്‍ ശഅ്‌റാവി പഠനത്തിന് തെരഞ്ഞെടുത്തതെങ്കിലും ഭാഷാ നൈപുണിയുടെ പാലത്തിലൂടെ ഖുര്‍ആനികാശയപ്രപഞ്ചത്തിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം. അതില്‍ എതിരില്ലാത്ത വിജയം കൊയ്യുകയും ചെയ്തു. കവിതയെ സ്‌നേഹിച്ച ശഅ്‌റാവിയുടേതായി നിരവധി കവിതകളുമുണ്ട്. കഅ്ബയിലെ മഖാമു ഇബ്‌റാഹീം തല്‍സ്ഥാനത്തുനിന്ന് മാറ്റി പ്രതിഷ്ഠിക്കാന്‍ സുഊദ് രാജാവ് തീരുമാനിച്ചപ്പോള്‍, അതിനെതിരില്‍ ഉറച്ച നിലപാടെടുത്ത ശഅ്‌റാവിയുടെ വാദമുഖങ്ങള്‍ അംഗീകരിച്ച് രാജാവ് തീരുമാനത്തില്‍നിന്ന് പിന്മാറിയത് ചരിത്രം.

ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ശഅ്‌റാവിശൈലി
ടെലിവിഷനില്‍ ഖുര്‍ആന്‍ വ്യാഖ്യാനം ആരംഭിച്ച ശഅ്‌റാവി സൂറത്തുല്‍ ഫാത്തിഹ മുതല്‍ സൂറത്തുല്‍ മുംതഹന വരെ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍ മുഴുവനും പൂര്‍ത്തിയാക്കുന്നതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. ജുസ്അ് അമ്മ അഥവാ മുപ്പതാം ജുസ്ഇന്റെ വാചിക വ്യാഖ്യാനവും ലഭ്യമാണ്. തന്റെ ഖുര്‍ആന്‍ വ്യാഖ്യാന രീതി മുതവല്ലി ശഅ്‌റാവി വിശദീകരിക്കുന്നതിങ്ങനെ: ''ഖുര്‍ആനിനെ കുറിച്ച എന്റെ ചിന്തകള്‍ എന്നാല്‍ ഖുര്‍ആനിന്റെ വ്യാഖ്യാനം അല്ല. ഒരു സൂക്തമോ ചില സൂക്തങ്ങളോ വിശ്വാസിയുടെ ഹൃദയത്തില്‍ ഉളവാക്കുന്ന വിചാരങ്ങളും അനുരണനങ്ങളുമാണവ. അഥവാ ഖുര്‍ആന്‍ കനിഞ്ഞേകുന്ന സ്വഛസ്ഫടികസമാനം തെളിഞ്ഞ ദൈവികദാനങ്ങള്‍. ഖുര്‍ആന്‍, വ്യാഖ്യാനത്തിന് വഴങ്ങുന്ന ഗ്രന്ഥമായിരുന്നെങ്കില്‍ അതിന്റെ ആദ്യ വ്യാഖ്യാതാവ് മുഹമ്മദ് നബി (സ) ആയേനെ. അതിന് ഏറ്റവും അര്‍ഹനും റസൂല്‍ തന്നെ. കാരണം റസൂലിനാണ് അവ അവതരിച്ചത്. ഖുര്‍ആനായിരുന്നു നബി(സ)യുടെ പ്രചോദനം. നബിക്കാണ് അത് കിട്ടിയത്. നബിയുടെ അറിവിന്റെയും കര്‍മത്തിന്റെയും സ്രോതസ്സായിരുന്നു ഖുര്‍ആന്‍. പക്ഷേ, നബി(സ) ജനങ്ങള്‍ക്കാവശ്യമായത് വിവരിച്ചുകൊടുക്കുകയായിരുന്നു. 'ചെയ്യുക, ചെയ്യരുത്' എന്ന നിര്‍ദേശങ്ങളിലൂന്നിയ അനുഷ്ഠാന ക്രമങ്ങള്‍ വിശദീകരിച്ചുകൊടുത്താല്‍ മതിയായിരുന്നു ആ സന്ദര്‍ഭത്തില്‍.''
ശഅ്‌റാവി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് അവലംബിച്ച രീതി ഇങ്ങനെ സംഗ്രഹിക്കാം:

1.ഖുര്‍ആനിന്റെ ആശയപ്രത്യക്ഷങ്ങളെ മനസ്സിലാക്കാന്‍ ഉതകുന്ന ഉപാധിയായി ഭാഷയെ പരിഗണിച്ചു. പദങ്ങളുടെ അര്‍ഥങ്ങളിലൂടെ ആശയങ്ങളുടെ ചുരുളഴിച്ചു.
2.ഖുര്‍ആനിന്റെ സാഹിത്യഭംഗിയും പദവിന്യാസ പൊരുളും അനാവരണം ചെയ്യാനുള്ള ശ്രമം. ഓരോ ദൈവിക വചനത്തിലുമുണ്ട് ഒളിഞ്ഞു കിടക്കുന്ന മഹാരഹസ്യം.
3.സാമൂഹിക പരിഷ്‌കരണം- നവോത്ഥാനത്തിന്റെ ചാലകശക്തിയാണ് ഖുര്‍ആന്‍.
4.ഓറിയന്റലിസ്റ്റ് സംശയങ്ങള്‍ക്കുള്ള മറുപടി.
5.ഈജിപ്ഷ്യന്‍ സംസാരരീതിയെ കൂട്ടുപിടിച്ച് ഖുര്‍ആനികാശയങ്ങളുടെ ആഴവും പരപ്പും കണ്ടെത്താന്‍ ശ്രമം. ആശയങ്ങളുടെ അഗാധതയും വിസ്തൃതിയും ഒപ്പത്തിനൊപ്പം നിരീക്ഷിച്ചറിഞ്ഞു.
6.ജീവിതാനുഭവങ്ങളുടെ കഥനം.
7.ഉദാഹരണങ്ങളുടെ മനോഹരമായ ആവിഷ്‌കാരം.
8.വിഷയാധിഷ്ഠിത പ്രതിപാദനം.
9.പരിവ്രാജക സ്വൂഫിചിന്തകള്‍.
10.യുക്തിഭദ്രമായ സംവാദ ശൈലി.

2003-ല്‍ ശഅ്‌റാവിയുടെ ജീവിതകഥ ഡോക്യുമെന്ററിയായി ഈജിപ്ഷ്യന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നു. ഹസന്‍ യൂസുഫും അഫാഫ് ശുഐബുമാണ് അതില്‍ അഭിനയിച്ചത്.

ഖുര്‍ആനിക സൂക്തങ്ങളെയും ശാസ്ത്ര സത്യങ്ങളെയും കൂട്ടിയിണക്കി ഹൃദയങ്ങളോട് സംവദിക്കുന്ന ശഅ്‌റാവി, ദൈവിക വചനങ്ങളെ കേവല യുക്തിപരതയുടെയും കര്‍മശാസ്ത്രനിയമങ്ങളുടെയും കൂട്ടില്‍ അടച്ചിട്ട് വ്യാഖ്യാനിക്കുന്ന വരണ്ട വ്യാഖ്യാനങ്ങളില്‍നിന്ന് അകലം പാലിച്ചു. മനുഷ്യഹൃദയങ്ങളോട് സംസാരിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളുടെ വൈകാരിക വശങ്ങളോട് നീതി പുലര്‍ത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. നിരവധി മുസ്‌ലിം രാജ്യങ്ങള്‍ ശഅ്‌റാവിക്ക് സദസ്സൊരുക്കി നല്‍കുന്നതില്‍ മത്സരിച്ചതും ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ആ വ്യാഖ്യാനശൈലിയില്‍ കൗതുകം പൂണ്ടാണ്.

ഔദ്യോഗിക ജോലികളില്‍നിന്ന് വിരമിച്ച ശഅ്‌റാവി അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, അറബ് രാഷ്ട്രങ്ങള്‍ എന്നിവ തന്റെ പ്രബോധന മേഖലയാക്കി. യു.എന്‍ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി യു.എന്‍ ആസ്ഥാന മന്ദിരത്തില്‍ നടത്തിയ ഖുര്‍ആന്‍ പ്രഭാഷണത്തില്‍ ആയിരങ്ങള്‍ ശ്രോതാക്കളായി. ഹൃദയങ്ങളിലേക്കാഴ്ന്നിറങ്ങുന്ന 'ഈജിപ്ഷ്യന്‍ ലഹ്ജ'യില്‍ സദസ്സിനോട് ചോദ്യവും ഉത്തരവുമായി പുരോഗമിക്കുന്ന ക്ലാസുകളും പ്രഭാഷണങ്ങളും എത്ര കേട്ടാലും മതിവരാത്തവരാണ് അറബ് സാധാരണക്കാര്‍. പല ഈജിപ്ഷ്യന്‍ നടന്മാരെയും നടികളെയും ഇസ്‌ലാമിക ജീവിതത്തിലേക്കാനയിക്കാന്‍ ശൈഖിന് സാധിച്ചു.

രാഷ്ട്രം നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ശഅ്‌റാവിയെ ആദരിച്ചു. ഈജിപ്ഷ്യന്‍ റിപ്പബ്ലിക് പുരസ്‌കാരം, അസ്ഹര്‍ സഹസ്രാബ്ദ പുരസ്‌കാരം, ശാസ്ത്ര-കലാ പുരസ്‌കാരം തുടങ്ങിയവ അതില്‍ ചിലതു മാത്രം. 'ഖുര്‍ആന്ന് വേണ്ടി ഉഴിഞ്ഞുവെച്ച ആ ജീവിതം മരണവേളയുടെ അന്തിമ നിമിഷത്തിലും പാരായണം ചെയ്തു കേട്ട സൂക്തങ്ങളില്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ ഉത്സുകമായിരുന്നു. ഓരോ നിമിഷവും ഓരോ ശ്വാസത്തിലും ഖുര്‍ആന്ന് വേണ്ടി ഖുര്‍ആനോടൊപ്പം ജീവിച്ച ശഅ്‌റാവി കണ്ണടച്ചത് ഖുര്‍ആന്ന് ചെയ്ത മഹത്തായ സേവനത്തില്‍ നിര്‍വൃതിപ്രദമായ സായൂജ്യം കൊണ്ടാണ്' മരണവേളയില്‍ അടുത്തുണ്ടായിരുന്ന പുത്രന്‍ അബ്ദുര്‍റഹീം ശഅ്‌റാവി ഓര്‍ക്കുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top