മൗലാനാ ആസാദിന്റെ 'സര്‍വമത സത്യവാദം'

ശഹ്‌നാസ് ബീഗം‌‌
img

മൗലാനാ അബ്ദുല്‍കലാം ആസാദ് സര്‍വമത സത്യവാദിയായിരുന്നോ? ദൈവവിശ്വാസമോ പരലോക വിശ്വാസമോ പ്രവാചക വിശ്വാസമോ പുലര്‍ത്തിയില്ലെങ്കിലും ഒരാള്‍ 'തിന്മ'കളൊന്നും ചെയ്യാതെ ജീവിക്കുകയാണെങ്കിലും ദൈവത്തിന്റെ സാഗരസമാനമായ കാരുണ്യത്താല്‍ അയാള്‍ക്ക് സ്വര്‍ഗപ്രാപ്തി കൈവരുമെന്ന് ആസാദ് എഴുതിയിട്ടുണ്ടോ? അങ്ങനെയൊരു വാദം നിലനില്‍ക്കുന്നുണ്ട്. മതത്തിന്റെ ആചാരനിഷ്ഠകളോട് വിപ്രതിപത്തിയുള്ളവരും അത് ഭൂഷണമായി കൊണ്ടാടുക മാത്രമല്ല മതവിശ്വാസം തന്നെ ഇല്ലാത്തവരുമാണ് പലപ്പോഴും ആസാദിന്റെ മേല്‍ തങ്ങളുടെ ഭാരം ചാരിവെക്കാറുള്ളത്. ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രാരംഭാധ്യായമായ അല്‍ഫാതിഹയുടെ ദീര്‍ഘവും പ്രൗഢവുമായ ഖണ്ഡത്തിന് സയ്യിദ് അബ്ദുല്ലത്വീഫ് തയാറാക്കിയ ഇംഗ്ലീഷ് പതിപ്പില്‍നിന്നുള്ള ചില ഭാഗങ്ങളാണ് അവര്‍ക്ക് അതിനുള്ള സാധൂകരണം. അല്‍ഫാതിഹ ഭാഷ്യത്തിന്റെ സൂക്ഷ്മ പാരായണം ഇത്തരമൊരു നിഗമനത്തിന്റെ നിര്‍ധാരണത്തെ സാധ്യമാക്കുന്നില്ലെന്നതാണ് സത്യം. ഇസ്‌ലാം എന്നത് ഒരു പുതിയ മതമല്ലെന്നും ആദിമ മനുഷ്യനായ ആദാം മുതല്‍ സഹസ്രാബ്ദങ്ങളിലൂടെ തുടര്‍ന്നുവരുന്ന പരമ്പരയുടെ കണ്ണിയാണെന്നും അന്നിലക്ക് പ്രവാചകരിലൂടെ ദൈവം പകര്‍ന്നു നല്‍കിയ, മനുഷ്യരാശിയുടെ പൊതു പൈതൃക സ്വത്താണെന്നും അത് ഏതെങ്കിലും വംശത്തിന്റെയോ വിഭാഗങ്ങളുടെയോ കുത്തകയല്ലെന്നും, ജന്മായത്ത ജാതിനാമമല്ല, പ്രത്യുത ആശയാദര്‍ശ സമുച്ചയമാണെന്നും സമര്‍ഥിക്കാനാണ് ആസാദ് ശ്രമിക്കുന്നതെന്ന് തര്‍ജുമാനുല്‍ ഖുര്‍ആന്‍ സൂക്ഷ്മമായി വായിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. മുഹമ്മദ് പുതിയൊരു മതവുമായി ആഗതനായ പ്രവാചകനൊന്നുമല്ല. ആദാം മുതല്‍ അബ്‌റഹാം, മോസസ്, യേശു തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലും ആഗതരായ പ്രവാചകന്മാരുടെ അതേ സന്ദേശം തന്നെയാണ് അദ്ദേഹവും പ്രബോധനം ചെയ്യുന്നത്. അത് നിങ്ങളുടെ തന്നെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ്. അത് സ്വീകരിക്കുക വഴി നിങ്ങളുടെ പാരമ്പര്യത്തെ ഉപേക്ഷിച്ചു പുതുതായൊന്നിലേക്ക് വ്യതിചലിപ്പിക്കുകയല്ല, സ്വന്തം പാരമ്പര്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയോ തിരിച്ചെത്തുകയോ ആണ് ചെയ്യുന്നത്. ഇസ്‌ലാം എന്നാല്‍ സമസ്ത പ്രവാചകന്മാരിലൂടെയും ലഭ്യമായ ഏക മതസാരമാണ്. പൂര്‍വവേദങ്ങളെ നിരാകരിക്കുന്ന വേദമല്ല ഖുര്‍ആന്‍; അവയെ സത്യപ്പെടുത്തുന്ന വേദമാണ്. പൂര്‍വ പ്രവാചകന്മാരെ നിരാകരിക്കുന്ന പ്രവാചകനല്ല മുഹമ്മദ്; പൂര്‍വ പ്രവാചകന്മാരുടെ സഹോദര കണ്ണിയാണ്. പ്രവാചകന്മാരില്‍ ആര്‍ക്കിടയിലും ഭേദം കല്‍പിക്കാവതല്ല എന്നാണ് ഖുര്‍ആന്റെ അധ്യാപനം. ഇതാണ് ആസാദ് ഫാതിഹ ഭാഷ്യത്തില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ജീവിതകാലത്തു തന്നെ മൗലാനാ ആസാദ് അത് ദൂരീകരിച്ചിട്ടുണ്ടെന്നതാണ് സത്യം.
പാരത്രിക രക്ഷക്ക് മുഹമ്മദീയ പ്രവാചകത്വത്തില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലെന്നാണ് മൗലാനാ ആസാദിന്റെ അഭിപ്രായമെന്ന് അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ ചില വിഭാഗങ്ങള്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഈ വിഷയകമായി വിശദീകരണം ആവശ്യപ്പെട്ട് ബിഹാറിലെ ഗയയില്‍നിന്ന് ഒരു മാന്യന്‍ എഴുതിയ കത്തിന് സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം എഴുതിയ മറുപടി ശിഷ്യനും അല്‍ ജംഇയ്യത്തിന്റെ എഡിറ്ററുമായിരുന്ന ഫാറഖലീത്ത് ക്രോഡീകരിച്ച ആസാദിന്റെ ഒരു ലേഖന സമാഹാരത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ആ കത്തിന്റെ വിവര്‍ത്തനമാണ് ചുവടെ:

''മാന്യരേ, അസ്സലാമു അലൈകും,
തര്‍ജുമാനുല്‍ ഖുര്‍ആന്‍ നേരിട്ടു വായിക്കാതെയാണ് താങ്കള്‍ വിശദീകരണമാവശ്യപ്പെട്ടതെങ്കില്‍ താങ്കളെ കുറ്റപ്പെടുത്താന്‍ നിര്‍വാഹമില്ല. തര്‍ജുമാനുല്‍ ഖുര്‍ആന്‍ വരുത്തി വായിച്ചിട്ടും എന്റെ വിശ്വാസത്തില്‍ സംശയഗ്രസ്തനാണെന്നാണ് താങ്കള്‍ എഴുതിയിരിക്കുന്നത്. ഇത്തരമൊരവസ്ഥയില്‍ താങ്കളുടെ നിലപാട് എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്തതാണെന്ന് പറയുമ്പോള്‍ എന്നോടു ക്ഷമിക്കണം. 'തര്‍ജുമാനുല്‍ ഖുര്‍ആനി'ല്‍ ഖുര്‍ആന്റെ വീക്ഷണത്തില്‍ രക്ഷപ്രാപിക്കാന്‍ പ്രവാചകരില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് എവിടെയാണ് ഞാന്‍ എഴുതിയിട്ടുള്ളതെന്ന് എഴുതി അറിയിക്കുമോ? അല്‍ ബഖറ, ആലുഇംറാന്‍, അന്നിസാഅ്, അല്‍മാഇദ, അന്‍ആം എന്നീ അധ്യായങ്ങളില്‍ ചുരുങ്ങിയത് അറുപതോളം ഇടങ്ങളില്‍ പ്രവാചന്മാരില്‍ വിശ്വസിക്കാനുള്ള ശാസന വന്നിട്ടുണ്ട്. ഇവിടങ്ങളില്‍ വല്ലയിടത്തും പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വിശദീകരണം നല്‍കിയതായി താങ്കള്‍ക്ക് എടുത്തു കാണിക്കാന്‍ സാധിക്കുമോ? ഫാതിഹ അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് കൂടി ഖുര്‍ആന്റെ വീക്ഷണത്തില്‍ 'കുഫ്‌റാ'ണെന്ന യാഥാര്‍ഥ്യം സവിശേഷം വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്. അതായത്, പ്രവാചക ശൃംഖലയിലെ ഏതെങ്കിലുമൊരു കണ്ണിയെ നിഷേധിക്കുന്നതു പോലും എല്ലാ പ്രവാചകന്മാരെയും നിഷേധിക്കുന്നതിനും രക്ഷയുടെ കവാടം കൊട്ടിയടക്കുന്നതിനും തുല്യമാണെന്നര്‍ഥം. പ്രവാചകന്മാരില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലെങ്കില്‍പിന്നെ അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് സത്യനിഷേധമായിത്തീരുന്നതെങ്ങനെയാണ്? താങ്കള്‍ യഥാര്‍ഥത്തില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' വായിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്. അഥവാ കേട്ടു കേള്‍വിയെ അടിസ്ഥാനമാക്കിയുള്ള വിവാദമാണോ ഇത്? പ്രവാചകന്മാരില്‍ മാത്രമല്ല, മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പാരത്രിക ജീവിതത്തിലുമെല്ലാം വിശ്വസിക്കേണ്ടതുണ്ട്. ഇതില്‍ വല്ലതും നിഷേധിക്കുന്ന ഒരാള്‍ക്കും പരലോകത്ത് രക്ഷപ്രാപിക്കാന്‍ സാധ്യമല്ല. 'തര്‍ജുമാനുല്‍ ഖുര്‍ആനി'ല്‍ ഈ വസ്തുത വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നിഷ്‌കളങ്കനായൊരാള്‍ക്ക് ഈ ആശയം മാത്രമേ അതില്‍നിന്ന് ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇനി അവശേഷിക്കുന്ന പ്രശ്‌നം അന്ത്യപ്രവാചകത്വമാണ്. അത് വിശദീകരിക്കേണ്ട സ്ഥലം ഫാതിഹ വ്യാഖ്യാനത്തിലല്ല; അല്‍അഹ്‌സാബ് അധ്യായത്തിലാണ്. വിശ്വാസകാര്യങ്ങളും അനുഷ്ഠാന നിയമങ്ങളും സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല 'ഫാത്തിഹ'യുടെ വ്യാഖ്യാനം എഴുതിയിട്ടുള്ളത്. പ്രത്യുത, ഫാതിഹയുടെ വ്യാഖ്യാനം മാത്രം എഴുതണമെന്നേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. 'ഫാതിഹ'യുടെ വ്യാഖ്യാനത്തിലൊരിടത്തും നോമ്പിന്റെ നിര്‍ബന്ധ ശാസന ഊന്നിയിട്ടില്ലാത്തതിനാല്‍ നോമ്പ് എന്റെ വീക്ഷണത്തില്‍ ഒരു നിര്‍ബന്ധ കടമയല്ലെന്ന് നാളെ നിങ്ങള്‍ പറഞ്ഞുകൂടായ്കയില്ല. താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ഇതത്രെ.
ഈമാന്‍ അഥവാ വിശ്വാസമെന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും പരലോകത്തിലും ഖുര്‍ആനിലും ഖുര്‍ആന്റെ വക്താവിലും വിശ്വസിക്കുക എന്നതാണ്. ഖുര്‍ആന്‍ സല്‍ക്കര്‍മമായി സ്ഥിരീകരിച്ചിട്ടുള്ളതാണ് 'അമല്‍' അഥവാ സല്‍ക്കര്‍മം എന്നതിന്റെ വിവക്ഷ. പൂര്‍വ പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ ഇത് തന്നെയായിരുന്നുവെന്നും സത്യമതം ഒന്ന് മാത്രമേ ഉള്ളൂ എന്നുമാണ് ഖുര്‍ആന്റെ വാദം. ഒരു യഹൂദന്‍ മോസസിന്റെ അധ്യാപനങ്ങള്‍ക്കൊത്ത് ജീവിക്കണമെന്നാഗ്രഹിക്കുകയാണെങ്കില്‍, ഒരു ക്രൈസ്തവന്‍ യേശുവിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുകയാണെങ്കില്‍ അവര്‍ക്കെല്ലാം ഖുര്‍ആന്‍ വ്യക്തമാക്കിയ മാര്‍ഗം സ്വീകരിക്കുകയല്ലാതെ നിര്‍വാഹമില്ല. ഇതല്ലാതെ രണ്ടാമതായൊരു മാര്‍ഗമേയില്ല. ഈ യാഥാര്‍ഥ്യം തന്നെയാണ് 'തര്‍ജുമാനുല്‍ ഖുര്‍ആനി'ലെ ചില ഭാഗങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതും.

താങ്കള്‍ ഉദ്ധരിച്ച മൗലവി ഇബ്‌റാഹീം സാഹിബ് സിയാല്‍കോഠിയുടെ കത്തിനെ സംബന്ധിച്ചേടത്തോളം ഒന്നും പറയാനില്ല. എന്റെ വിശ്വാസത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിചാരം ശരിയല്ലെന്നു മാത്രമേ പറയുന്നുള്ളൂ.

മിക്കവാറും കഴിഞ്ഞ ഫെബ്രുവരി അവസാനം 'ഇന്‍ഖിലാബി'ന്റെ പത്രാധിപര്‍ ഇതു സംബന്ധമായി എനിക്കൊരു കത്തെഴുതിയിരുന്നു. ഇതേ മറുപടി തന്നെയാണ് അദ്ദേഹത്തിനും നല്‍കിയിട്ടുള്ളത്. അദ്ദേഹവും ആ മൗലവി സാഹിബിന്റെ ഏതോ പുസ്തകത്തെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. പിന്നീട് എന്റെ കത്ത് പ്രസിദ്ധീകരിച്ച പത്രാധിപര്‍ പ്രസ്തുത മൗലവി സാഹിബ് തെറ്റിദ്ധരിച്ചതാണെന്ന് സമ്മതിച്ചതായി എഴുതിയിരുന്നു. അതിനിടെ മൗലവി സാഹിബ് കല്‍ക്കത്തയില്‍ വന്ന് എന്റെ അടുത്ത് രണ്ടു മണിക്കൂര്‍ ചെലവഴിക്കുകയുണ്ടായെങ്കിലും ഈ വിഷയം പരാമര്‍ശിച്ചതേയില്ല എന്നതാണ് രസാവഹം'' മുഹമ്മദ് ഉസ്മാന്‍ ഫാറഖലീത്ത് സമാഹരിച്ച 'അഫ്കാറെ ആസാദി' (ആസാദിന്റെ ചിന്തകള്‍)ലെ 'ഈമാന്‍ ബിര്‍റുസുല്‍ ഔര്‍ ഫിത്‌നെ മുആനിദീന്‍' എന്ന ലേഖനം. മക്തബ ആസാദ്, മോഹന്‍ലാല്‍ റോഡ്, ലാഹോര്‍, 1945).

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top