സ്വൂഫിസം: വ്യതിയാനങ്ങളും വിമര്‍ശനങ്ങളും
റഹ്‌മാന്‍ മുന്നൂര്
തുടക്കം മുതലേ ഒട്ടേറെ വ്യതിയാനങ്ങള്‍ക്ക് തസ്വവ്വുഫ് വിധേയമായിട്ടുണ്ട്. ഗ്രീക്ക്-ബൗദ്ധ-ഹൈന്ദവ-പേര്‍ഷ്യന്‍ തത്ത്വചിന്തകള്‍ക്കും ബൗദ്ധ-ഹൈന്ദവ മതദര്‍ശനങ്ങള്‍ക്കും ഈ വ്യതിയാനങ്ങളില്‍ വലിയ പങ്കുണ്ട്. അവതാരസങ്കല്‍പം, സര്‍വേശ്വരവാദം, അദ്വൈതസിദ്ധാന്തം തുടങ്ങി ഇസ്‌ലാമിന് അന്യമായ പല ആശയങ്ങളും അങ്ങനെ സ്വൂഫി ചിന്തയുടെ ഭാഗമായിത്തീര്‍ന്നു. തരീഖത്തുകളുടെയും ആശ്രമജീവിതത്തിന്റെയും ഒട്ടേറെ നൂതനമായ ആചാരസമ്പ്രദായങ്ങള്‍ കൊണ്ടുവന്നു. തൗഹീദിന് നിരക്കാത്തതും തീര്‍ത്തും അനിസ്‌ലാമികവുമായിരുന്നു അവയില്‍ പലതും. ഇത്തരം വ്യതിയാനങ്ങള്‍ക്കെതിരെ തുടക്കം മുതലേ വിമര്‍ശങ്ങളും എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ
ക്രി. 13-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ നടത്തിയ സ്വൂഫി വിമര്‍ശനം അതിന്റെ സമഗ്രതകൊണ്ടും ശൈലിയുടെ മൂര്‍ച്ചകൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ പ്രാക്തന വിശുദ്ധിക്ക് കളങ്കംചാര്‍ത്തുന്ന എല്ലാവിധ പുതുനിര്‍മിതികള്‍ക്കുമെതിരെ അദ്ദേഹം ശക്തിയുക്തം പോരാടി. തസ്വവ്വുഫ് മാത്രമല്ല, ദൈവശാസ്ത്രവും തത്ത്വചിന്തയും അന്ധവിശ്വാസങ്ങളുമെല്ലാം അദ്ദേഹത്തിന്റെ നിശിത വിമര്‍ശനങ്ങള്‍ക്ക് ശരവ്യമായി. പ്രവാചകന്റെയും ഔലിയാക്കളുടെയും മഖ്ബറഃക്ക് നല്‍കുന്ന അതിരുകടന്ന ബഹുമാനാദരങ്ങളെ അദ്ദേഹം എതിര്‍ത്തു. സ്വൂഫികളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും തത്ത്വശാസ്ത്രങ്ങളിലുമുള്ള അനിസ്‌ലാമികാംശങ്ങളെ തുറന്നുകാട്ടി. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഹുലൂല്‍, ഇത്തിഹാദ്, വഹ്ദതുല്‍ വുജൂദ് തുടങ്ങിയ അനിസ്‌ലാമിക തത്ത്വചിന്തകള്‍ ഒട്ടേറെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും മനോ-മസ്തിഷ്‌കങ്ങളെ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു അക്കാലത്ത്. ഇബ്‌നു അറബി (മ. 638/1240), ഇബ്‌നു സബ്ഈന്‍ (മ. 667/1269), ഇബ്‌നുല്‍ഫാരിദ് (മ. 577/1181), ഹല്ലാജ് (മ. 309/922), തിലിംസാനി തുടങ്ങിയവരുടെ സിദ്ധാന്തങ്ങളെ അദ്ദേഹം പ്രത്യേകം തന്നെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. യുക്തിചിന്തക്കും ആത്മീയതത്ത്വങ്ങള്‍ക്കും നിരക്കാത്തതാണ് അദ്വൈതസിദ്ധാന്തം എന്ന് അദ്ദേഹം സമര്‍ഥിച്ചു.
അതേസമയം പലരും കരുതുന്നതുപോലെ, തസ്വവ്വുഫിനോടുള്ള അദ്ദേഹത്തിന്റെ സമീപനം തീര്‍ത്തും ശത്രുതാപരമായിരുന്നില്ല. ഇസ്‌ലാമിന് പുറത്തുള്ള ഒന്നായി തസ്വവ്വുഫിനെ അദ്ദേഹം കണ്ടതുമില്ല. സ്വൂഫി ചിന്തയോടും മറ്റു ദര്‍ശനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ നിലപാട് ഖുര്‍ആനും സുന്നത്തുമായി യോജിച്ചത് അംഗീകരിക്കുക, അല്ലാത്തത് തള്ളിക്കളയുക എന്നതായിരുന്നു. ഇസ്‌ലാമിനു നിരക്കാത്ത ചിന്തകളും സിദ്ധാന്തങ്ങളും വെച്ചുപുലര്‍ത്തുന്നവരും ശരീഅത്തില്‍ ആക്ഷേപാര്‍ഹമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നവരുമായ സ്വൂഫികളെയാണ് അദ്ദേഹം ആക്ഷേപിച്ചത്. ഹല്ലാജ്, ഇബ്‌നു അറബി, സ്വദ്‌റുദ്ദീന്‍ ഖൂനവി, തിലിംസാനി തുടങ്ങിയവരെ അദ്ദേഹം നിര്‍ദാക്ഷിണ്യം നിരൂപണംചെയ്യുന്നുണ്ട്. അവതാര സിദ്ധാന്തത്തെയും ഏകാസ്തിത്വവാദ(വഹ്ദതുല്‍ വുജൂദ്)ത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ഇബ്‌നു അറബിയെ വിമര്‍ശിക്കുമ്പോള്‍തന്നെ അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം വകവെച്ചുകൊടുക്കാന്‍ ഇബ്‌നു തൈമിയ്യഃ മടിക്കുന്നില്ല. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ പ്രശംസിക്കുകകൂടി ചെയ്യുന്നുണ്ട് അദ്ദേഹം. പുണ്യവാളപൂജ, ഖബ്‌റാരാധന, അന്ധവിശ്വാസങ്ങള്‍, അന്ധമായ അനുകരണങ്ങള്‍ എന്നിവയൊക്കെ അദ്ദേഹം എതിര്‍ക്കുന്നു. ഇബ്‌നു തൈമിയ്യഃയെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യന്‍കൂടിയായ ഇബ്‌നുല്‍ഖയ്യിമില്‍ ജൗസിയും സ്വൂഫിവ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി.
ശൈഖ് അഹ്‌മദ് സര്‍ഹിന്ദി
16-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ് അഹ്‌മദ് സര്‍ഹിന്ദി (971/1564-1033/1624) നടത്തിയ സ്വൂഫി വിമര്‍ശനങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. സ്വൂഫി ചിന്താധാരക്കകത്തുനിന്ന് തസ്വവ്വുഫ് സമഗ്രമായ വിമര്‍ശനത്തിന് വിധേയമാക്കപ്പെട്ട ആദ്യ സംഭവമാണത്. സ്വൂഫി ചരിത്രം മുഴുവന്‍ പരിശോധിച്ച് ശരീഅത്തുമായി പൊരുത്തപ്പെടുന്ന സിദ്ധാന്തങ്ങളും ആചാരങ്ങളും ഏതൊക്കെയെന്നും വ്യതിയാനങ്ങളായി കണക്കാക്കപ്പെടേണ്ടവ ഏതെന്നും അദ്ദേഹം വേര്‍തിരിച്ചുകാണിച്ചു. സ്വൂഫിമാര്‍ഗവും പ്രവാചകമാര്‍ഗവും തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുകയും പ്രവാചക മാര്‍ഗത്തിന്റെ വെളിച്ചത്തില്‍ സ്വൂഫിമാര്‍ഗത്തെ പുനര്‍വായന നടത്തുകയും ചെയ്തു. വഹ്ദതുല്‍ വുജൂദ് സിദ്ധാന്തത്തിനു പകരം വഹ്ദതുശ്ശുഹൂദ് എന്ന ഒരു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ത്വരീഖത്തിനുമേല്‍ ശരീഅത്തിനുള്ള മേധാവിത്വം അദ്ദേഹം പുനഃപ്രതിഷ്ഠിച്ചു. ഖുര്‍ആനും സുന്നതുമാണ് അവലംബനീയം. ഈ മൗലിക സ്രോതസ്സുകളുമായി യോജിക്കുമ്പോള്‍ മാത്രമേ സ്വൂഫികളുടെ വെളിപാടുകള്‍ സ്വീകാര്യമാവുകയുള്ളൂ.
വഹ്ഹാബി പ്രസ്ഥാനം
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃയുടെ സ്വൂഫിവിമര്‍ശനങ്ങളാണ് 18-ാം നൂറ്റാണ്ടില്‍ മുഹമ്മദുബ്‌നു അബ്ദില്‍ വഹാബി(1111/1700-1204/1793)ന്റെ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് പ്രചോദനമായത്. ഇസ്‌ലാമിനെ അതിന്റെ ആദ്യകാല വിശുദ്ധിയിലേക്ക് വീണ്ടെടുക്കാന്‍ പ്രതിജ്ഞാബദ്ധനായ അദ്ദേഹം ഇസ്‌ലാമില്‍ അടിസ്ഥാനമില്ലാത്ത എല്ലാ പുതുനിര്‍മിതികള്‍ക്കുമെതിരെ 'വിശുദ്ധയുദ്ധം'തന്നെ പ്രഖ്യാപിച്ചു. ഇബ്‌നു തൈമിയ്യഃ, ഇബ്‌നുല്‍ഖയ്യിം എന്നിവരില്‍നിന്ന് വ്യത്യസ്തമായി തസ്വവ്വുഫിനെയും സ്വൂഫി ത്വരീഖത്തുകളെയും പാടേ തിരസ്‌കരിക്കുന്ന തീവ്രനിലപാടാണ് ഇബ്‌നു അബ്ദില്‍ വഹാബ് സ്വീകരിച്ചത്. നജ്ദില്‍ അധികാരത്തിലേറിയ മുഹമ്മദുബ്‌നു സുഊദിന്റെ രാഷ്ട്രീയ പിന്തുണയോടുകൂടി, ബഹുജനങ്ങളില്‍ പടര്‍ന്നുപിടിച്ച അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വിജയകരമായ പോരാട്ടങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി. 1805-ല്‍ മക്കഃയും മദീനഃയും വഹാബി ഭരണത്തിനു കീഴിലായി. വഹാബിപ്രസ്ഥാനത്തിന്റെ സ്വാധീനം അറേബ്യയില്‍ പരിമിതമായിരുന്നില്ല. മുസ്‌ലിംലോകത്തുടനീളം അതിന്റെ അലയൊലികളെത്തി. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത പരിഷ്‌കരണ സംരംഭങ്ങളില്‍ വഹാബിപ്രസ്ഥാനത്തിന് പ്രകടമായ സ്വാധീനമുണ്ട്. ഇതേകാലത്ത് സ്വൂഫി ത്വരീഖത്തുകള്‍ക്കകത്ത് പ്രത്യക്ഷപ്പെട്ട പരിഷ്‌കരണ സംരംഭങ്ങളിലും വഹാബിപ്രസ്ഥാനത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. ആദ്യകാല ഇസ്‌ലാമിന്റെ മാതൃകയില്‍ മുസ്‌ലിം സമുദായത്തെ പുനര്‍നിര്‍മിക്കാനുള്ള ത്വര, ശരീഅത്തിനോട് പ്രതിബദ്ധത നിലനിര്‍ത്താനും പുതുനിര്‍മിതികളെ തുടച്ചുനീക്കാനുമുള്ള ആഹ്വാനം, യഥാര്‍ഥ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിര്‍മിതിക്കുവേണ്ടിയുള്ള പരിശ്രമം, മധ്യകാല കര്‍മശാസ്ത്ര പണ്ഡിതന്മാരോടുള്ള അന്ധമായ അനുകരണത്തിനെതിരായ നിലപാട്, ഇജ്തിഹാദിന്റെ കൊട്ടിയടക്കപ്പെട്ട കവാടം തുറക്കാനുള്ള വെമ്പല്‍- ഇത്യാദി കാര്യങ്ങളിലെല്ലാം വഹാബിപ്രസ്ഥാനത്തിനും 18-ാം നൂറ്റാണ്ടിലെ സ്വൂഫി പരിഷ്‌കരണ സംരംഭങ്ങള്‍ക്കുമിടയില്‍ വമ്പിച്ച സമാനതകള്‍ ദൃശ്യമാണ്.
4. 18-ാം നൂറ്റാണ്ടിലെ പരിഷ്‌കരണ സംരംഭങ്ങള്‍
18-ാം നൂറ്റാണ്ടിലെ സ്വൂഫി ചിന്തയെ ശ്രദ്ധേയമാക്കുന്നത് അതിനകത്ത് പ്രത്യക്ഷപ്പെട്ട പരിഷ്‌കരണ സംരംഭങ്ങളാണ്. മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച ആത്മരോദനങ്ങള്‍, സാമ്രാജ്യത്വ ശക്തികളുടെ മുസ്‌ലിം ലോകത്തേക്കുള്ള കടന്നുകയറ്റം, ആധുനികതാ പ്രസ്ഥാനവുമായുള്ള സമ്പര്‍ക്കം സൃഷ്ടിച്ച ആത്മസംഘര്‍ഷങ്ങള്‍, വഹാബി പ്രസ്ഥാനത്തിന്റെ സ്വാധീനം എന്നിവയെല്ലാം സ്വൂഫി ചിന്തക്കകത്ത് ഉടലെടുത്ത ഈ പരിവര്‍ത്തനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ ഘടകങ്ങളാണ്. ഇന്ത്യന്‍ പണ്ഡിതനായ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി, മക്കഃയില്‍ താമസിച്ചിരുന്ന മൊറോക്കോക്കാരനായ ശൈഖ് അഹ്‌മദുബ്‌നു ഇദ്‌രീസ് എന്നിവരാണ് സ്വൂഫിധാരക്കകത്തുനിന്ന് മാറ്റത്തിന്റെ ബാങ്കൊലി മുഴക്കിയത്.
ശൈഖ് അഹ്‌മദുബ്‌നു ഇദ്‌രീസ്
പണ്ഡിതനെന്നോ ചിന്തകനെന്നോ പേരെടുത്ത വ്യക്തിയായിരുന്നില്ല ശൈഖ് അഹ്‌മദുബ്‌നു ഇദ്‌രീസ്. എങ്കിലും 19-ാം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ പിറവിയെടുത്ത സ്വൂഫി പ്രസ്ഥാനങ്ങളെ സ്വാധീനിച്ച പ്രധാന വ്യക്തിപ്രഭാവമായി സ്വൂഫിചരിത്രകാരന്മാര്‍ അദ്ദേഹത്തെ ഗണിക്കുന്നു. പ്രഭാഷണങ്ങളും സംഭാഷണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ആശയവിനിമയോപാധി. അദ്ദേഹത്തിന്റേതായി പ്രചാരത്തിലുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ഖുര്‍ആന്‍ ക്ലാസുകള്‍ക്കുമിടയില്‍ ശിഷ്യന്മാര്‍ എഴുതിയെടുത്ത കുറിപ്പുകളത്രെ. പ്രാര്‍ഥനകളും ദിക്‌റുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു സ്വാധീനശക്തി. മൊറോക്കോയിലെ ഫാസ് നഗരത്തിനടുത്തുള്ള മയ്‌സൂര്‍ ഗ്രാമത്തില്‍ 1750-ലോ 1760-ലോ ആണ് അഹ്‌മദുബ്‌നു ഇദ്‌രീസ് ജനിച്ചത്. 1798-നും 1800-നുമിടക്ക് ഹജ്ജ് കര്‍മത്തിനായി മക്കഃയിലേക്ക് യാത്രതിരിച്ച അദ്ദേഹം മക്കഃയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സ്വൂഫിവിരുദ്ധരായ മക്കഃയിലെ വഹാബി ഭരണാധികാരികളുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നത് കൗതുകകരമാണ്. 1827-ല്‍ മക്കഃയുടെ ഭരണം വഹ്ഹാബികള്‍ക്ക് നഷ്ടപ്പെട്ട ശേഷമാണ് അദ്ദേഹം പുണ്യനഗരത്തോട് വിടപറഞ്ഞ് യമനിലേക്ക് പോയത്. അസീറിലെ സ്വബ്‌യാ ഗ്രാമത്തിലാണ് അദ്ദേഹം താമസമാക്കിയത്. അവിടത്തെ ഭരണാധികാരിയും വഹാബിയായിരുന്നു. അദ്ദേഹം എത്തിയ ഉടനെ വഹാബി പണ്ഡിതന്മാരുമായി ഒരു സംവാദം നടന്നു. ഇബ്‌നു അറബിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ ഖുര്‍ആനും സുന്നത്തുമായി യോജിക്കുന്നവ മാത്രം താന്‍ അംഗീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കരണ സംരംഭങ്ങള്‍ ആത്മാര്‍ഥമാണെന്നും എന്നാല്‍, മറ്റു മുസ്‌ലിംകളോടുള്ള അദ്ദേഹത്തിന്റെ കര്‍ക്കശ സമീപനത്തില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. ഉത്തരാഫ്രിക്കയില്‍ പില്‍ക്കാലത്ത് ശക്തിയും പ്രചാരവും നേടിയ സനൂസി, തീജാനി തുടങ്ങിയ സ്വൂഫി ത്വരീഖത്തുകളിലും ഉസ്മാന്‍ ദാന്‍ഫോദിയോയുടെ ഖാദിരി പരിഷ്‌കരണ സംരംഭത്തിലും അഹ്‌മദുബ്‌നു ഇദ്‌രീസിന്റെ സ്വാധീനം വലുതാണ്.
ദഹ്‌ലവിയുടെ പരിഷ്‌കരണം
ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് നജ്ദില്‍ തന്റെ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് തുടക്കംകുറിച്ച കാലത്ത് ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി ഹിജാസില്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരസ്പരം ബന്ധപ്പെട്ടതിന് തെളിവുകളൊന്നും കാണുന്നില്ല.
1731 മുതല്‍ 1745 വരെയുള്ള 14 വര്‍ഷത്തെ മക്കഃ-മദീനഃ വാസക്കാലമാണ് ദഹ്‌ലവിയുടെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നത്. പുണ്യഭൂമിയിലെ പ്രഗത്ഭരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ് ഗ്രന്ഥങ്ങള്‍ പഠിച്ചതിനുപുറമെ സ്വൂഫി ആചാര്യനായ അബൂത്വാഹിര്‍ മുഹമ്മദില്‍നിന്ന് പ്രമുഖമായ നാല് സ്വൂഫി ത്വരീഖത്തുകളില്‍ പരിശീലനം നേടാനും ഈ കാലയളവ് അദ്ദേഹം പ്രയോജനപ്പെടുത്തി.
സ്വൂഫികറാമത്തു(അത്ഭുതകൃത്യങ്ങള്‍)കളോടുള്ള സാമാന്യജനങ്ങളുടെ അതിരുവിട്ട താല്‍പര്യം, ഖുര്‍ആനും സുന്നത്തും അവഗണിച്ച് സ്വൂഫി കാവ്യങ്ങളോടുള്ള അഭിനിവേശം, ഭൗതികമായ കാര്യലാഭങ്ങളും ആഗ്രഹസഫലീകരണവും മോഹിച്ചുകൊണ്ടുള്ള ഖബ്ര്‍ സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അനാചാരങ്ങളെയെല്ലാം ഷാ വലിയ്യുല്ലാ എതിര്‍ത്തിരുന്നു. ഈ വിഷയങ്ങളിലെല്ലാം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃയുടെ വീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍, ഇബ്‌നു അറബിയുടെ വഹ്ദതുല്‍ വുജൂദിനോടുള്ള സമീപനത്തില്‍ ഇബ്‌നു തൈമിയ്യഃയില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സ്വന്തമായി ചില വ്യാഖ്യാനഭേദങ്ങളോടുകൂടി വഹ്ദതുല്‍ വുജൂദിനെ അദ്ദേഹം അംഗീകരിച്ചു. ഖുര്‍ആന്‍, സുന്നത്ത് എന്നിവക്ക് പ്രാമുഖ്യം നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്ധമായ അനുകരണ(തഖ്‌ലീദ്)ത്തിനുപകരം ഇജ്തിഹാദിനെ പ്രോത്സാഹിപ്പിച്ചു. ഖുര്‍ആനും സുന്നത്തും അറിയാത്ത സ്വൂഫിയും തസ്വവ്വുഫില്‍ താല്‍പര്യമില്ലാത്ത പണ്ഡിതനും ദീനിന്റെ കൊള്ളക്കാരാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
വിവിധ സ്വൂഫിത്വരീഖത്തുകള്‍ക്കിടയിലെ ഭിന്നതകള്‍ ദൂരീകരിച്ച് അവക്കിടയില്‍ സമവായം സൃഷ്ടിക്കാനുള്ള ഷാ വലിയ്യുല്ലാഹിയുടെ പരിശ്രമങ്ങള്‍ ശ്രദ്ധേയമാണ്. വ്യത്യസ്ത കര്‍മശാസ്ത്രസരണികളെ സമന്വയിപ്പിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ക്ക് സമാനമായ പരിശ്രമങ്ങളാണ് ഈ രംഗത്ത് അദ്ദേഹം നിര്‍വഹിച്ചത്. എല്ലാ ത്വരീഖത്തുകളുടെയും നല്ലവശങ്ങളെ സമന്വയിപ്പിക്കുന്ന പുതിയൊരു ത്വരീഖത്ത് അദ്ദേഹം സ്വപ്‌നംകണ്ടു. വ്യത്യസ്ത ത്വരീഖത്തുകള്‍ കാരണമായി സമുദായത്തിനകത്ത് നിലനില്‍ക്കുന്ന കക്ഷിമാത്സര്യങ്ങള്‍ അതുവഴി ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പ്രസ്തുത സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ അത്തരം ചിന്തകള്‍ ത്വരീഖത്തിനകത്ത് പുതിയ പരിഷ്‌കരണ പ്രവണതകള്‍ക്ക് പ്രചോദനമാവുകയുണ്ടായി.
ആചാരങ്ങള്‍, വിശ്വാസങ്ങള്‍
സാധനയും പരിശീലനവും
സ്വൂഫിമാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് മുറബ്ബി(മാര്‍ഗദര്‍ശി)യായ ഒരു ഗുരു(ശൈഖ്)വിനെ കണ്ടെത്തുകയാണ്. കാരണം, ഒരു ശൈഖിന്റെ മാര്‍ഗദര്‍ശനത്തിലൂടെയല്ലാതെ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചാലും ആത്മീയപുരോഗതിയുടെ ഉന്നത പദവിയിലെത്തിച്ചേരുക സാധ്യമല്ലെന്നാണ് സ്വൂഫി കാഴ്ചപ്പാട്. ശിഷ്യന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അവ പരിഹരിച്ച് ആത്മീയ പുരോഗതിയിലേക്ക് നയിക്കുകയാണ് ശൈഖിന്റെ ഉത്തരവാദിത്വം. സമര്‍ഥനായ ഒരു ഭിഷഗ്വരന്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. തസ്വവ്വുഫിന്റെ പാത ദുര്‍ഘടവും അപകടങ്ങള്‍ നിറഞ്ഞതുമാണ്. അതിനാല്‍, ഗുരുവിന്റെ മാര്‍ഗദര്‍ശനമില്ലാതെ ആ പാതയിലൂടെ സഞ്ചരിക്കുക അസാധ്യം. 'ഗുരു ഇല്ലാത്തവന്റെ ഗുരു ഇബ്‌ലീസ് ആണെ'ന്ന വചനം സ്വൂഫികള്‍ സാധാരണ ഉദ്ധരിക്കാറുണ്ട്. മുഹമ്മദ് നബിയുടെ ഗുരു ജിബ്‌രീല്‍ ആയിരുന്നു; സ്വഹാബിമാരുടെ ഗുരു നബിയും. ഇമാം ഗസാലി 'ഹുജ്ജത്തുല്‍ ഇസ്‌ലാം' (ഇസ്‌ലാമിന്റെ പ്രമാണം) എന്നും, ശൈഖ് ഇസ്സുബ്‌നു അബ്ദിസ്സലാം 'സുല്‍ത്വാനുല്‍ ഉലമാഅ്' (പണ്ഡിതരാജന്‍) എന്നും ബഹുമതി നേടിയ ശേഷമാണ് ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്വൂഫി പാതയില്‍ പ്രവേശിച്ചത്. ഇങ്ങനെ ഒരു ശൈഖിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിന് സ്വൂഫി ചിന്താധാരയില്‍ 'ഇറാദത്' എന്ന് പറയുന്നു. ഇറാദത് സ്വീകരിച്ചവനാണ് 'മുരീദ്' (ശിഷ്യന്‍). ശൈഖിനെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് അയാളെക്കുറിച്ച് സൂക്ഷ്മമായ പഠനവും നിരീക്ഷണവും നടത്തേണ്ടതാണ്. തനിക്ക് മാര്‍ഗദര്‍ശനം നല്‍കാനും തന്നെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും യോഗ്യനെന്ന് ബോധ്യപ്പെട്ട ആളെയായിരിക്കും ശൈഖ് ആയി തെരഞ്ഞെടുക്കുക.
അത്തരമൊരാളെ ആദ്യം സ്വന്തം നാട്ടില്‍തന്നെയാണ് അന്വേഷിക്കേണ്ടത്. നാട്ടില്‍ കണ്ടെത്താനായില്ലെങ്കില്‍ മറുനാടുകളില്‍ അന്വേഷിക്കണം. നാലു ഗുണങ്ങളാണ് ശൈഖിന് ഉണ്ടായിരിക്കേണ്ടത്: ഒന്ന്, നിര്‍ബന്ധ ബാധ്യതകളെ(ഫര്‍ദ് ഐന്‍)ക്കുറിച്ച് പരിജ്ഞാനമുള്ളവനായിരിക്കുക. രണ്ട്, അല്ലാഹുവിനെക്കുറിച്ച് ജ്ഞാനമുള്ളവനാകുക. മൂന്ന്, മനസ്സുകളെ സംസ്‌കരിച്ച് സ്ഫുടംചെയ്‌തെടുക്കാനുള്ള മാര്‍ഗങ്ങളും രീതികളും അറിയുന്നവനായിരിക്കുക. നാല്, ഒരു ഗുരുവില്‍നിന്ന് മാര്‍ഗദര്‍ശനത്തിന് അനുമതി (ഇജാസത്) ലഭിച്ചവനാകുക. അതായത്, അയാള്‍ക്ക് ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായിരിക്കുകയും അയാളില്‍നിന്ന് മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ അനുമതി ലഭിക്കുകയും ചെയ്തിരിക്കണം. കൂടാതെ ശൈഖിന്റെ അടുത്തിരിക്കുമ്പോള്‍ ആത്മീയമായ ഒരു നവോന്മേഷം അനുഭവപ്പെടുകയും, അയാളുടെ ശിഷ്യരിലും സ്‌നേഹിതന്മാരിലും ഭക്തിയുടെയും വിനയത്തിന്റെയും അടയാളങ്ങള്‍ ദൃശ്യമാവുകയും ചെയ്യണം. മുരീദുമാരുടെ എണ്ണമല്ല, അവരുടെ ഭക്തിയും ആത്മാര്‍ഥതയുമാണ് ശൈഖിനെ മനസ്സിലാക്കാനുള്ള മാനദണ്ഡം.
ബൈഅത്ത്
യോഗ്യനായ ശൈഖിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അയാള്‍ക്ക് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുകയാണ് അടുത്ത പടി. ഗുരുവിന്റെ മാര്‍ഗദര്‍ശനം അനുസരിച്ച് ജീവിച്ചുകൊള്ളാം എന്ന ഉടമ്പടിയാണ് ബൈഅത്ത്. ഗുരു ഉടമ്പടിവാചകം ചൊല്ലിക്കൊടുക്കുകയും ശിഷ്യന്‍ അത് സമ്മതിച്ചുപറയുകയും ചെയ്യുന്നു. ഇതിന് ഖബ്ദഃ (പിടിക്കല്‍) എന്നാണ് പറയുക. കൈ പിടിച്ചുകൊണ്ട് ഉടമ്പടി ചെയ്യുന്നതുകൊണ്ടാണിത്. സ്വഹാബികള്‍ നബിയുടെ കൈപിടിച്ച് ബൈഅത്ത് ചെയ്തിരുന്നു. സ്വഹാബിമാരുടെ കൈപിടിച്ച് അവരുടെ ശിഷ്യന്മാരും ബൈഅത്ത് ചെയ്തു. ഇപ്രകാരം തലമുറകളിലൂടെ കൈമാറിവന്ന ഒന്നാണത്.
നിലയത്തില്‍നിന്ന് പ്രവഹിക്കുന്ന വൈദ്യുതി ആവാഹിച്ച് കൂടുതല്‍ ശക്തിയില്‍ വിതരണംചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെ സ്ഥാനത്താണ് ഗുരു എന്നാണ് സങ്കല്‍പം.
ബൈഅത്ത് വേണമെന്ന കാര്യത്തില്‍ സ്വൂഫികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, ബൈഅത്തിന്റെ രീതികളില്‍ നേരിയ വ്യത്യാസങ്ങള്‍ കണ്ടേക്കാം. സാധാരണയായി ഒരു ബൈഅത്ത് പൂര്‍ത്തിയാകാന്‍ മൂന്ന് ഉപാധികള്‍ ആവശ്യമാണ്: 1. മുടി മുറിക്കുക. 2. ഗുരു ശിഷ്യനെ അംഗീകരിക്കുക. 3. ഖിര്‍ഖഃ നല്‍കുക. ചില ശൈഖുമാര്‍ മുരീദിന്റെ തലയില്‍നിന്ന് മൂന്ന് മുടി മുറിച്ചുകളയും. വലതുഭാഗത്തുനിന്ന് രണ്ടും ഇടതുഭാഗത്തുനിന്ന് ഒന്നും. ഇരുലോകവുമായുള്ള ബന്ധവിഛേദത്തെയാണ് രണ്ട് മുടി മുറിക്കുന്നതിലൂടെ പ്രതീകവത്കരിക്കുന്നത്. ഒരു മുടി മുറിക്കുന്നത് അസ്തിത്വവുമായുള്ള ബന്ധവിഛേദത്തെയാണ് കുറിക്കുന്നത്. മറ്റുചിലര്‍ നാല് മുടിയിഴകളാണ് മുറിക്കാറുള്ളത്. തലയുടെ ഇരുവശങ്ങളില്‍നിന്ന് ഓരോന്നും നെറ്റിയുടെ ഭാഗത്തുനിന്ന് ഒന്നും പിന്‍ഭാഗത്തുനിന്ന് മറ്റൊന്നും. നാലു മറകളെ നീക്കംചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. സൃഷ്ടികള്‍, ഇഹലോകം, പരലോകം, മനസ്സ് എന്നിവയാണ് നാല് മറകള്‍. ദൈവത്തിനും മനുഷ്യന്നും ഇടയില്‍ മറയായി നില്‍ക്കുന്ന കാര്യങ്ങളാണവ.
മുടി മുറിച്ചശേഷം ശിഷ്യന്‍ സദസ്സിലുള്ളവര്‍ക്ക് ഹസ്തദാനം ചെയ്യുകയും രണ്ടു റക്അത്ത് നന്ദിസൂചകമായി നമസ്‌കരിക്കുകയും തുടര്‍ന്ന് ഗുരുവിന്റെ കൈ ചുംബിക്കുകയും ചെയ്യുന്നു. ശൈഖ് ജുനൈദ് അല്‍ ബഗ്ദാദിയുടെ കാലത്താണ് ബൈഅത്തും മുടിമുറിക്കലും തുടങ്ങിയത്.
ഖിര്‍ഖഃ
ബൈഅത്തിനോടൊപ്പം ഖിര്‍ഖഃ നല്‍കുന്ന ചടങ്ങുണ്ട്. സാധാരണ രണ്ടുതരം ഖിര്‍ഖഃ(സ്ഥാനവസ്ത്രം)കളാണ് നല്‍കാറുള്ളത്. ഖിര്‍ഖഃ ഇറാദതും ഖിര്‍ഖഃ തബര്‍റുകും. എന്നാല്‍, ചിലര്‍ അഞ്ചു തരം ഖിര്‍ഖഃകളെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവ താഴെ:
1. ഖിര്‍ഖഃ ഇറാദത്: ബൈഅത്തിനോടനുബന്ധിച്ച് ഗുരു, ശിഷ്യന് നല്‍കുന്ന സ്ഥാനവസ്ത്രം.
2. ഖിര്‍ഖഃ മഹബ്ബത്: സ്‌നേഹസൂചകമായി ഗുരു ശിഷ്യന് നല്‍കുന്നതോ, നീണ്ട സഹവാസത്തിനുശേഷം പിരിയുമ്പോള്‍ ഒരു സ്വൂഫി തന്റെ സ്‌നേഹിതനായ മറ്റൊരു സ്വൂഫിക്ക് നല്‍കുന്നതോ ആയ വസ്ത്രം.
3. ഖിര്‍ഖഃ തബര്‍റുക്: ഒരു ഗുരു മറ്റൊരു ഗുരുവിനോ ശിഷ്യന്നോ താനുദ്ദേശിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ അനുഗ്രഹാശിസ്സായി നല്‍കുന്നത്.
4. ഖിര്‍ഖഃ സ്വുഹ്ബത്: ഗുരു ശിഷ്യനെ കൂടുതല്‍ പുരോഗതിക്കായി മറ്റൊരു ഗുരുവിന്റെ ശിക്ഷണത്തിന് ഏല്‍പിച്ചുകൊടുക്കുമ്പോള്‍ പ്രസ്തുത ശിഷ്യന് നല്‍കുന്നത്.
5. ഖിര്‍ഖഃ ഹഖീഖി: ഗുരു തന്റെ വിശിഷ്ട ശിഷ്യന് നല്‍കുന്നത്.
ഖിര്‍ഖഃ ധരിക്കുന്നതിനെ ഹരിത മൃത്യു (അല്‍മൗതുല്‍ അഖ്ദര്‍) എന്നു പറയാറുണ്ട്. മുന്തിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് നഗ്നത മറയ്ക്കാനും നമസ്‌കരിക്കാനും അത്യാവശ്യമായ, കണ്ടംവെച്ച വസ്ത്രം മാത്രമാണ് പിന്നീട് സ്വൂഫി ധരിക്കുന്നത്. പഴയ ജീവിതത്തില്‍നിന്ന് 'മരണം വരിച്ച്' പുതിയ ജീവിതം തുടങ്ങുകയാണയാള്‍.
ഖിര്‍ഖഃ സ്വീകരിക്കുമ്പോള്‍ ശിഷ്യന്‍ തന്നെ ഗുരുവിന് സമര്‍പ്പിക്കുകയാണ്. അതിനാല്‍, ഗുരുവിന്റെ ഇംഗിതങ്ങള്‍ക്കു മാത്രമേ അയാളുടെ ജീവിതത്തില്‍ ഇനി സ്ഥാനമുള്ളൂ. ആ നിലക്കും ഇതൊരു മൃത്യുതന്നെ.
ഒരിക്കല്‍ നബി ഒരു ചെറിയ കറുത്ത വസ്ത്രം ഉമ്മു ഖാലിദിനെ അണിയിച്ച സംഭവമാണ് ഖിര്‍ഖഃ അണിയിക്കുന്ന സമ്പ്രദായത്തിന്റെ അടിസ്ഥാനമെന്ന് ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി പറയുന്നു. എന്നാല്‍, ഇന്ന് കാണപ്പെടുന്നവിധം നിശ്ചിത രൂപത്തിലുള്ള ഖിര്‍ഖഃയൊന്നും നബിയുടെ കാലത്ത് ഉണ്ടായിരുന്നില്ലെന്നും, ഇന്നു കാണപ്പെടുന്ന ചടങ്ങുകളെല്ലാം ചില നന്മകള്‍ ഉദ്ദേശിച്ച് ആധ്യാത്മജ്ഞാനികള്‍ നിശ്ചയിച്ചതാണെന്നുംകൂടി അദ്ദേഹം പറയുന്നുണ്ട് (ആരിഫുകളുടെ തത്ത്വശാസ്ത്രം പേ. 126).
വയലറ്റ് നിറമുള്ള ഖിര്‍ഖഃയാണ് സാധാരണ ധരിപ്പിക്കാറുള്ളത്. ആവശ്യമെന്നു തോന്നിയാല്‍ മറ്റു നിറത്തിലും നല്‍കും. അത് തീരുമാനിക്കുന്നത് ശൈഖാണ്. ശൈഖ് നല്‍കുന്ന ഖിര്‍ഖഃ ഏതായാലും അത് തൃപ്തിപ്പെടല്‍ മുരീദിന് നിര്‍ബന്ധമാണ്. തീരേ ഖിര്‍ഖഃ നല്‍കാത്ത ഗുരുക്കന്മാര്‍ ഉള്ളതായും ശൈഖ് സുഹ്‌റവര്‍ദി പറയുന്നുണ്ട്. രണ്ടും സദുദ്ദേശ്യപരവും അനുവദനീയവുമാണെന്നും അദ്ദേഹം പറയുന്നു.
രോമവസ്ത്രധാരണം
രോമവസ്ത്രം ധരിക്കുക സ്വൂഫികളുടെ സമ്പ്രദായമായിരുന്നു. രോമവസ്ത്രധാരണത്തിന്റെ മഹത്വം എടുത്തോതുന്ന അനേകം സ്വൂഫി വചനങ്ങളുണ്ട്. പ്രവാചകന്മാര്‍, സ്വഹാബികള്‍, താബിഉകള്‍, ഔലിയാക്കള്‍ തുടങ്ങിയവരെല്ലാം രോമവസ്ത്രം ധരിച്ചിരുന്നതിനെക്കുറിച്ച് മിക്ക സ്വൂഫി ഗ്രന്ഥകാരന്മാരും പറയുന്നുണ്ട്.
ഭക്തരുടെയും വിരക്തരുടെയും സജ്ജനങ്ങളുടെയും ഇഷ്ടവസ്ത്രമായിരുന്നു അതെന്ന് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി പറയുന്നു. 'നിങ്ങള്‍ രോമവസ്ത്രം ധരിക്കുക. നിങ്ങളുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ മധുരം അനുഭവപ്പെടും' എന്നൊരു നബിവചനം ശൈഖ് ഹുജ്‌വീരി ഉദ്ധരിക്കുന്നുണ്ട് (കശ്ഫുല്‍ മഹ്ജൂബ് പേ. 241). ''നബി രോമവസ്ത്രം ധരിക്കുകയും കഴുതപ്പുറത്ത് സഞ്ചരിക്കുകയും ചെയ്തിരുന്നു'' (കശ്ഫുല്‍ മഹ്ജൂബ് പേ. 241).
ബദ്ര്‍യുദ്ധത്തില്‍ പങ്കെടുത്ത 70 സ്വഹാബികളെ കണ്ടതായും എല്ലാവരും ധരിച്ചിരുന്നത് രോമവസ്ത്രമായിരുന്നുവെന്നും ഹസനുല്‍ ബസദ്‌രി പ്രസ്താവിച്ചിട്ടുണ്ട്. അബൂബക്ര്‍ സ്വിദ്ദീഖ്, ഉമര്‍ തുടങ്ങിയവര്‍ സ്വൂഫ് ധരിച്ചിരുന്നതായും ഹുജ്‌വീരി പ്രസ്താവിക്കുന്നു. ഹസനുല്‍ ബസ്വരി, മാലികുബ്‌നു ദീനാര്‍, സുഫ്്‌യാനുസ്സൗരി തുടങ്ങിയവരും രോമവസ്ത്രം ധരിച്ചിരുന്നതായി ശൈഖ് ഹുജ്‌വീരി പ്രസ്താവിക്കുന്നുണ്ട്. ജുനൈദ് അല്‍ബഗ്ദാദി സ്വൂഫികളുടെ എട്ടു ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞതില്‍ ഒന്ന് രോമവസ്ത്രം ധരിക്കലാണ്. രോമവസ്ത്ര ധാരണം വിരക്തി(സുഹ്ദ്)യുടെ അടയാളമായാണ് കണ്ടിരുന്നത്. അതിനാല്‍, സുഹ്ദിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ രോമവസ്ത്രം ധരിക്കുക പതിവായിരുന്നു. പലപ്പോഴും സര്‍വസംഗപരിത്യാഗം സ്വീകരിക്കുക എന്ന അര്‍ഥത്തില്‍ രോമവസ്ത്രം ധരിക്കുക എന്ന് പറയപ്പെട്ടിരുന്നു.
ആശ്രമജീവിതം
മദീനഃ പള്ളിയുടെ ചരുവില്‍ താമസിച്ചിരുന്ന സ്വുഫ്ഫഃക്കാരുടെ ജീവിതത്തെ അനുകരിച്ചാണ് സ്വൂഫികള്‍ ആശ്രമജീവിതം നയിക്കുന്നത്. സ്വുഫ്ഫഃക്കാര്‍ ഐഹിക ജീവിതത്തോട് വിരക്തി കൈക്കൊണ്ടവരായിരുന്നു. കൃഷിയോ കച്ചവടമോ മറ്റു തൊഴിലുകളോ അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ ഒന്നിച്ചുതാമസിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ഒന്നിച്ച് ആരാധനാകര്‍മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇപ്രകാരം ആശ്രമവാസികളായ സ്വൂഫികളും എല്ലാം ഒരുമിച്ചും കൂട്ടായും ചെയ്യുന്നു. ആശ്രമജീവിതത്തിന്റെ പ്രത്യേകതകള്‍ ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി തന്റെ അവാരിഫുല്‍ മആരിഫില്‍ സവിസ്തരം വിവരിക്കുന്നുണ്ട്. അതിന്റെ സംക്ഷിപ്തം ഇപ്രകാരമാണ്:
''ശുദ്ധിയും ചിട്ടയുമാണ് ആശ്രമവാസികളായ സ്വൂഫികളുടെ മാതൃക. അതവര്‍ മുറുകെപ്പിടിക്കുകയും കൃത്യമായി പാലിക്കുകയും ചെയ്യുന്നു. അവര്‍ക്ക് വീടില്ല. ആശ്രമമാണ് അവരുടെ വീട്. ഓരോരുത്തര്‍ക്കും ഓരോ സജ്ജാദഃ (പ്രാര്‍ഥനാ വിരിപ്പ്) ഉണ്ടായിരിക്കും. യുവാക്കളും വൃദ്ധരും ഖാദിമുകളും, ഖല്‍വതി(ഏകാന്തത)ല്‍ ഇരിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടാവും. അവര്‍ക്ക് ആവശ്യമായ ശിക്ഷണം നല്‍കാനുള്ള ഗുരുക്കളും ഉണ്ടായിരിക്കും. ഉറക്കം, ഉണര്‍വ് തുടങ്ങിയുള്ള അവരുടെ ഓരോ ചലനവും ഗുരുവിന്റെ നിയന്ത്രണത്തിലായിരിക്കും. ആശ്രമജീവിതത്തിലേക്ക് ആദ്യമായി കടന്നുവരുന്ന തുടക്കക്കാരനാണ് ഖാദിം. സ്വൂഫികള്‍ക്ക് ഖിദ്മത് ചെയ്യലാണ് അയാളുടെ ഇബാദത്ത്. ഖിദ്മതില്‍ പ്രവേശിക്കുമ്പോള്‍ അനാവശ്യ സംസാരങ്ങളിലും മറ്റും ഏര്‍പ്പെടരുത്. ഖിദ്മതിനെ മഹത്തായൊരു ഇബാദത്തായാണ് സ്വൂഫികള്‍ കാണുന്നത്. ഉന്നതങ്ങളിലേക്കുള്ള ആദ്യത്തെ പ്രവേശന കവാടമാണത്.
''ആശ്രമവാസിയായ സ്വൂഫി മുഴുസമയവും ഇബാദത്തില്‍ ചെലവഴിക്കണം. വിനോദങ്ങളിലും തമാശകളിലും ഏര്‍പ്പെടാന്‍ പാടില്ല. വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവന്‍ ആശ്രമത്തിലെ ഭക്ഷണം കഴിക്കാന്‍ പാടില്ല. അയാള്‍ ഭക്ഷണത്തിനുവേണ്ടി പുറത്തുപോയി പണിയെടുക്കണം. കാരണം, ആശ്രമസ്വത്ത് വഖ്ഫ് സ്വത്താണ്. അല്ലാഹുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവര്‍ക്കുള്ളതാണത്. ശൈഖുമാര്‍ ആശ്രമത്തിലെ ജോലികളെ സ്വൂഫികള്‍ക്ക് വിഭജിച്ചുനല്‍കാറുണ്ട്. ആരാധനയില്‍ സമ്പൂര്‍ണമായി മുഴുകിയവരെയും ദുര്‍ബലഗാത്രരായ വൃദ്ധരെയും ഇത്തരം ജോലികള്‍ ഏല്‍പിക്കാറില്ല'' (ആരിഫുകളുടെ തത്ത്വശാസ്ത്രം, പേ. 141-146).
ഖല്‍വത്
തസ്വവ്വുഫില്‍ പ്രവേശിക്കുന്നവര്‍ തുടക്കത്തില്‍ 40 ദിവസം ഏകാന്തതയില്‍ ഇരിക്കാറുണ്ട്, ഇതിന് ഖല്‍വത് (ഏകാന്തത) എന്നും അര്‍ബഈനിയ്യഃ (നാല്‍പത്) എന്നും പറയുന്നു. തൗറാത് സ്വീകരിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി മൂസാ നബിയോട് 40 ദിവസം വ്രതമെടുക്കാന്‍ അല്ലാഹു കല്‍പിച്ച സംഭവത്തെയാണ് സ്വൂഫികള്‍ ഇതിന് മാതൃകയാക്കുന്നത്. മനുഷ്യനെ സൃഷ്ടിക്കാന്‍ ഭൂമിയില്‍നിന്ന് മണ്ണെടുത്തശേഷം അതിനെ 40 ദിവസം പതംവരുത്താനായി വെക്കുകയുണ്ടായത്രെ. ഭൂമിയിലെ പരിതഃസ്ഥിതിയുമായി ഇണങ്ങുന്നതിനുവേണ്ടിയാണ് മണ്ണിനെ ഇവ്വിധം പരുവപ്പെടുത്തിയത്. ഇങ്ങനെ 40 ദിവസം വെച്ചതുകൊണ്ട് ദൈവത്തിന്നും മനുഷ്യന്നുമിടയില്‍ 40 മറകളുണ്ടായി. ഈ മറകള്‍ നീക്കുന്നതിനുവേണ്ടിയാണ് സ്വൂഫികള്‍ 40 ദിവസം ധ്യാനമനുഷ്ഠിക്കുന്നത്. ഓരോ ദിവസത്തെ ധ്യാനംകൊണ്ടും ഓരോ മറ നീങ്ങിപ്പോകുമെന്നാണ് സങ്കല്‍പം. അങ്ങനെ 40 മറകളും നീങ്ങുന്നതോടെ ഹൃദയത്തിലെ ജ്ഞാനസ്രോതസ്സ് നാവിലൂടെ പ്രവഹിക്കാന്‍ തുടങ്ങുന്നു. ഇടതടവില്ലാതെ ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും നടത്തിക്കൊണ്ടാണ് ഖല്‍വതില്‍ ഇരിക്കുക. അങ്ങനെ ഹൃദയം തെളിഞ്ഞുകഴിഞ്ഞാല്‍ അതില്‍ ലദുന്നിയായ ഇല്‍മ് (ദൈവദത്തമായ ജ്ഞാനം) നിറയും. സ്വൂഫികള്‍ ദിക്‌റില്‍ ലയിച്ചുചേരുകയും പരമാനന്ദകരമായ ഒരു നിദ്രയെന്നപോലെ നിര്‍വൃതി അനുഭവിക്കുകയും ചെയ്യും. അപ്പോള്‍ അയാള്‍ തന്റെ ഹൃദയത്തിന്റെ കണ്ണുകൊണ്ട് അല്ലാഹുവിനെ കാണും (ആരിഫുകളുടെ തത്ത്വശാസ്ത്രം, പേ. 263).
ശത്വ്ഹാത്
ദൈവത്തില്‍ വിലയംപ്രാപിച്ച് അനുഭൂതിയുടെയും ആനന്ദത്തിന്റെയും ഉന്മാദത്തിന്റെയും പരമമായ അവസ്ഥയില്‍ സ്വൂഫിയുടെ നാവില്‍നിന്ന് പുറപ്പെടുന്ന വാക്കുകളെയാണ് ശത്വ്ഹാത് എന്നു പറയുന്നത്. ഇത്തരം അവസ്ഥയിലെത്തിയ സ്വൂഫി ഒരുതരം ഉന്മാദത്തിലായിരിക്കും. ശരീഅത്തിന്റെ നിയമവിധികള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ അപ്പോള്‍ സ്വൂഫിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ശത്വ്ഹാതുകള്‍ ചിലപ്പോള്‍ ശരീഅത്തിന് നിരക്കാത്ത വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. ഇത്തരമൊരു മാനസികാവസ്ഥയിലാണ് മന്‍സ്വൂറുബ്‌നുല്‍ ഹല്ലാജ് 'ഞാനാണ് സത്യം' (അനല്‍ഹഖ്) എന്ന് വിളിച്ചുപറഞ്ഞത്. ബായസീദ് ബിസ്താമി, ഹുസൈനുബ്‌നു മന്‍സ്വൂര്‍ അല്‍ഹല്ലാജ്, അബൂബക്‌രിബ്‌നു അബ്ദില്ലാ അന്നസ്സാജ് ത്വൂസി, ശൈഖ് അഹ്‌മദ് ഗസാലി (ഇമാം ഗസാലിയുടെ സഹോദരന്‍), സഹ്‌ലുബ്‌നു അബ്ദില്ലാ തുസ്തരി, അബൂബക്ര്‍ വാസിത്വി, അബൂബക്ര്‍ ശിബ്‌ലി, ശൈഖ് അബൂബക്ര്‍ ഖിര്‍ഖാനി തുടങ്ങി അനേകം സ്വൂഫിവര്യന്മാരുടെ ശത്വ്ഹാതുകള്‍ സ്വൂഫികൃതികളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ശൈഖ് ബായസീദ് ബിസ്താമിയുടെ ശത്വ്ഹാതുകള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിരിക്കുന്നു. 'ഞാന്‍ ദൈവത്തെ അന്വേഷിച്ച് കഅ്ബയുടെ നേരെ നടന്നപ്പോള്‍ കഅ്ബ എന്റെനേരെ വരുന്നതാണ് ഞാന്‍ കണ്ടത്. ഞാന്‍ ആദ്യത്തെ തവണ ഹജ്ജ് ചെയ്തപ്പോള്‍ കഅ്ബയെ കണ്ടു. രണ്ടാം തവണ ഹജ്ജ് ചെയ്തപ്പോള്‍ കഅ്ബഃയെയും അതിന്റെ യജമാനനെയും കണ്ടില്ല. മൂസാ നബി ദൈവത്തെ കാണാന്‍ ആഗ്രഹിച്ചു. ഞാന്‍ ദൈവത്തെ കാണാന്‍ ആഗ്രഹിച്ചില്ല. മറിച്ച്, ദൈവം എന്നെ കാണാനാണ് ആഗ്രഹിച്ചത്.' ഇങ്ങനെ ഒട്ടേറെ ഉന്മാദ ജല്‍പനങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'ഞാന്‍ പരിശുദ്ധന്‍, ഞാന്‍ പരിശുദ്ധന്‍, എന്റെ കാര്യം മഹോന്നതം' എന്നത് ബിസ്താമിയുടെ പ്രസിദ്ധമായ ഒരു ജല്‍പനമാണ്. 'ഞാന്‍ അവനാകുന്നു, ഞാന്‍ അവനാകുന്നു, എന്നെ ഒരു തവണ കാണുന്നത് നിന്റെ ദൈവത്തെ ആയിരം തവണ കാണുന്നതിനേക്കാള്‍ നിനക്ക് ഉത്തമമാകുന്നു' തുടങ്ങിയ അതീവ ഗുരുതരമായ മറ്റനേകം ജല്‍പനങ്ങളും അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശത്വ്ഹാതുകള്‍ കാരണം ജീവന്‍തന്നെ നഷ്ടപ്പെട്ട സ്വൂഫിയാണ് മന്‍സ്വൂര്‍ ഹല്ലാജ്. അദ്ദേഹത്തിന്റെ വിചിത്രവും വിസ്മയകരവുമായ ശത്വ്ഹാതുകളുടെ ദീര്‍ഘമായ പട്ടികതന്നെ ചരിത്രകാരന്മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. 'നൂഹ് നബിയെ പ്രളയത്തില്‍ മുക്കിയതും ആദ്, സമൂദ് ഗോത്രക്കാരെ നശിപ്പിച്ചതും ഞാനാകുന്നു' എന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ജല്‍പനമാണ്. മറ്റൊരു ജല്‍പനം ഇങ്ങനെയാണ്: ''അവിശ്വാസത്തിനും വിശ്വാസത്തിനുമിടയില്‍ വ്യത്യാസം കല്‍പിച്ചവന്‍ അവിശ്വാസിയായിരിക്കുന്നു. അവിശ്വാസിക്കും വിശ്വാസിക്കുമിടയില്‍ വ്യത്യാസം കല്‍പിക്കാത്തവനും അവിശ്വാസിയായിരിക്കുന്നു. വിശ്വാസവും അവിശ്വാസവും പേരിലാണ് വ്യത്യസ്തമായിരിക്കുന്നത്. അന്തസ്സത്തയില്‍ അവക്കിടയില്‍ വ്യത്യാസമില്ല''. എന്നാല്‍, ഹല്ലാജിന്റെ ഏറ്റവും കുപ്രസിദ്ധവും അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യത്തിന് ഇടയാക്കിയതുമായ ഉന്മാദ ജല്‍പനം 'അനല്‍ഹഖ്' (ഞാനാണ് സത്യം) എന്നതാകുന്നു.
ശത്വ്ഹാതിനെക്കുറിച്ച് ഇസ്‌ലാമിക ചരിത്രത്തില്‍ വളരെയേറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ചിലരതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞു. തള്ളുകയോ കൊള്ളുകയോ ചെയ്യാതെ മൗനം പാലിച്ചവരാണ് മറ്റൊരു കൂട്ടര്‍. എന്നാല്‍, സ്വൂഫികളില്‍ അധികപേരും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരാണ്. ഉന്മാദാവസ്ഥയില്‍ സ്വൂഫി വിളിച്ചുപറയുന്ന വാക്കുകള്‍ക്ക് അയാള്‍ കുറ്റക്കാരനാവുകയില്ലെന്നാണ് സ്വൂഫികള്‍ പറയുന്നത്.
ശത്വ്ഹാതിനെക്കുറിച്ച് ആദ്യമായി ചര്‍ച്ചനടത്തിയത് അബുന്നസ്വ്ര്‍ സര്‍റാജ് ആണ്. ഉന്മാദം (സക്ര്‍) മൂലം സ്വൂഫി അതിതീവ്രമായ മതിഭ്രമത്തിന് അടിപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം വാക്കുകള്‍ പുറപ്പെടുക എന്നാണ് അദ്ദേഹം പറയുന്നത്. ആ സമയത്ത് സ്വൂഫിക്ക് സ്വന്തം നാവിന്റെയോ മനസ്സിന്റെയോ മേല്‍ നിയന്ത്രണം ഉണ്ടാവുകയില്ല. പൂര്‍ണതയില്‍ എത്തിയ സ്വൂഫിയില്‍നിന്ന് ശത്വ്ഹാത് ഉണ്ടാവുകയില്ലെന്ന് സര്‍റാജ് പറയുന്നു. ശൈഖ് സര്‍ഹിന്ദിയാണ് ശത്വ്ഹാതിനെ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കിയ മറ്റൊരു സ്വൂഫി. ശത്വ്ഹാതിന്റെ വിവിധ ഇനങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്:
''ഞാനാണ് സത്യം', 'ഞാന്‍ പരിശുദ്ധന്‍' തുടങ്ങിയ വചനങ്ങളാണ് ഒരിനം. ധ്യാനമൂര്‍ച്ഛയില്‍, താന്‍ ദൈവവുമായോ അവന്റെ ഏതെങ്കിലും ഗുണവുമായോ താദാത്മ്യപ്പെട്ടതായി സാധകന് തോന്നുമ്പോഴാണ് ഇത്തരം വചനങ്ങള്‍ നാവില്‍നിന്ന് പുറപ്പെടുന്നത്. താന്‍ കാണുന്നതും അനുഭവിക്കുന്നതുമായ ഒരവസ്ഥ വാക്കുകളിലൂടെ പ്രകാശിപ്പിക്കുക മാത്രമാണ് അയാള്‍ ചെയ്യുന്നത്. അതിലൂടെ ഏതെങ്കിലും പരമാര്‍ഥത്തെ സ്ഥിരീകരിക്കാനോ നിരാകരിക്കാനോ അയാള്‍ ഉദ്ദേശിക്കുന്നില്ല. പ്രത്യക്ഷത്തില്‍ തെറ്റായിതോന്നുന്നതും വ്യാഖ്യാനിച്ചാല്‍ ശരിയായി വരുന്നതുമായ വചനങ്ങളാണ് ശത്വ്ഹാതിന്റെ രണ്ടാമത്തെ ഇനം. മൂന്നാമത്തെ ഇനം ഒരു വ്യാഖ്യാനത്തിനും പഴുതില്ലാത്തവിധം തെറ്റായ ജല്‍പനങ്ങളാണ്. ശത്വ്ഹാത് ആയി കരുതപ്പെടുന്നതും വാസ്തവത്തില്‍ ശത്വ്ഹാത് അല്ലാത്തതുമായ ചില വചനങ്ങളുമുണ്ട്. ബോധപൂര്‍വമായ ചിന്തയുടെയും മനനത്തിന്റെയും ഫലമായി പറയുന്ന വചനങ്ങളാണവ. അവ ശക്തിയുക്തം അപലപിക്കപ്പെടേണ്ടവയാണ്'' (സ്വൂഫിസവും ശരീഅത്തും, പേ. 70).
ഹാലുകള്‍, മഖാമുകള്‍
സ്വൂഫികളുടെ ആത്മീയ പരിശീലനങ്ങളെ യാത്രയോടാണ് ഉപമിക്കാറുള്ളത്. ദൈവസാമീപ്യത്തിലേക്ക് അഥവാ, ദൈവസത്തയില്‍ വിലയം പ്രാപിക്കാനുള്ള യാത്രയാണത്. ശരീരത്തിന്റെ ഇഛകളോട് കഠിനമായി പടവെട്ടിക്കൊണ്ടു മാത്രമേ പ്രസ്തുത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകൂ. മുജാഹദഃ എന്ന പേരിലാണ് മനസ്സിനോടുള്ള ഈ പോരാട്ടം അറിയപ്പെടുന്നത്. ഇതിനുവേണ്ടി കഠിനമായ ചില പരിശീലനങ്ങള്‍ സാധകന്‍ അനുഷ്ഠിക്കേണ്ടതുണ്ട്. മനഃസംസ്‌കരണത്തിന്റെ വിവിധ മുറകള്‍ അവര്‍ പരിശീലിക്കണം. അതിന്റെ ഭാഗമായി വിവിധ പദവികളി(മഖാമാത്)ലൂടെയും അവസ്ഥകളി(അഹ്‌വാല്‍)ലൂടെയും കടന്നുപോകേണ്ടതുണ്ട്. തൗബഃ (പശ്ചാത്താപം), തഖ്‌വ (ഭക്തി), വറഅ് (സൂക്ഷ്മത), സുഹ്ദ് (ഭൗതികസുഖത്യാഗം), സ്വുംത് (മൗനം), ഖൗഫ് (ഭയം), റജാഅ് (പ്രതീക്ഷ), ഹുസ്‌ന് (ശോകം), ജൂഅ് (വിശപ്പ്), തര്‍കുശ്ശഹ്‌വഃ (വികാരോച്ചാടനം), ഖനാഅഃ (സംതൃപ്തി), തവക്കുല്‍ (വിശ്വാസസമര്‍പ്പണം), ശുക്ര്‍ (നന്ദി), യഖീന്‍ (ദൃഢബോധ്യം), സ്വബ്ര്‍ (ക്ഷമ), മുറാഖബഃ (ആത്മനിരീക്ഷണം), രിദാ (പ്രീതി), ഉബൂദിയ്യഃ (ദാസ്യം), ഇസ്തിഖാമഃ (സ്ഥൈര്യം), ഇഖ്‌ലാസ്വ് (ആത്മാര്‍ഥത), സ്വിദ്ഖ് (സത്യസന്ധത), ഹുര്‍രിയ്യഃ (സ്വാതന്ത്ര്യം), ഫിറാസഃ (ഉള്‍ക്കാഴ്ച), ദുആ (പ്രാര്‍ഥന), ഫഖ്ര്‍ (ദാരിദ്ര്യം), മഅ്‌രിഫഃ (ജ്ഞാനം), മഹബ്ബഃ (സ്‌നേഹം) എന്നിങ്ങനെ 40-ലധികം കാര്യങ്ങളെപ്പറ്റി ഇമാം ഖുശൈരി വിവരിക്കുന്നുണ്ട്. എന്നാല്‍, ഇവയില്‍ പദവി(മഖാമു)കള്‍ ഏതൊക്കെയെന്നോ അവസ്ഥകള്‍ (അഹ്‌വാല്‍) ഏതൊക്കെയെന്നോ കൃത്യമായി അദ്ദേഹം വിവരിക്കുന്നില്ല. മഖാമുകളൂടെയും ഹാലുകളുടെയും നിര്‍വചനത്തില്‍ സ്വൂഫി ആചാര്യന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഈ സാങ്കേതിക പദങ്ങളെ ആദ്യമായി നിര്‍വചിച്ച ഹാരിസുബ്‌നുല്‍ മുഹാസിബി പറയുന്നത്, സ്വൂഫി സ്വന്തമായ പരിശ്രമത്തിലൂടെ നേടുന്നത് മഖാമും അല്ലാഹുവിന്റെ വരദാനമായി അയാള്‍ക്ക് കിട്ടുന്നത് ഹാലും എന്നാകുന്നു. ഈ നിര്‍വചനം അനുസരിച്ച് മഖാമുകളും ഹാലുകളും വ്യത്യസ്തമായ അവസ്ഥകളാണ്. എന്നാല്‍, ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി പറയുന്നത്, മാറ്റത്തിന് വിധേയമാകുന്ന അവസ്ഥകള്‍ ഹാലും, സ്ഥിരമായി നില്‍ക്കുന്നത് മഖാമും എന്നാണ്. മഖാമില്‍ പ്രയത്‌നം തെളിഞ്ഞുകാണുകയും അല്ലാഹുവിന്റെ ഔദാര്യം ഒളിഞ്ഞിരിക്കുകയും ചെയ്യും. നേരേമറിച്ച്, ഹാലില്‍ ഔദാര്യം തെളിഞ്ഞുനില്‍ക്കുകയും പ്രയത്‌നം മറഞ്ഞിരിക്കുകയും ചെയ്യുന്നു. സുഹ്‌റവര്‍ദിയുടെ നിര്‍വചനപ്രകാരം ഒരവസ്ഥതന്നെ ഒരിക്കല്‍ മഖാമും പിന്നീട് ഹാലും ആയി മാറാവുന്നതാണ്. എന്നാല്‍, ഒട്ടും മാറാത്ത ചില മഖാമുകളും ഉണ്ട്. അതിന് ഉദാഹരണമാണ് ഹഖുല്‍ യഖീന്‍.
ഒന്നാമത്തെ മഖാം തൗബഃ (പശ്ചാത്താപം) ആണെന്ന കാര്യത്തില്‍ സ്വൂഫികള്‍ പൊതുവെ യോജിക്കുന്നു. അപ്രകാരം ഹാലുകളില്‍ ആദ്യത്തേത് ദിവ്യപ്രേമ(ഹുബ്ബുല്‍ ഇലാഹ്)മാകുന്നു. ദിവ്യപ്രേമം മുതല്‍ മേലോട്ടുള്ള ഹാലുകളെ ശൈഖ് സുഹ്‌റവര്‍ദി ശൗഖ് (തീവ്രാഭിലാഷം), ഉന്‍സ് (ഇണക്കം), ഖുര്‍ബ് (അടുപ്പം), ഇത്തിസ്വാല്‍ (സമാഗമം) എന്നിങ്ങനെ ക്രമമായി എണ്ണിയിട്ടുണ്ട്. ഫനാഅ് (നിര്‍വാണം), ബഖാഅ് (സ്ഥിതി) എന്നിവയും ഹാലുകളാണ്.
ഫനാഉം ബഖാഉം
ചില സ്വൂഫികളുടെ വീക്ഷണത്തില്‍ ഫനാഉം ബഖാഉമാണ് സ്വൂഫിസത്തിന്റെ അടിസ്ഥാനം. മരണം, വിസ്മൃതി, നിര്‍വാണം എന്നൊക്കെയാണ് ഫനാഇന്റെ അര്‍ഥം. ബഖാഇന് സ്ഥിതി, നിലനില്‍പ് എന്നൊക്കെ അര്‍ഥം പറയാം. സാധനയുടെ തീവ്രതയില്‍ സ്വൂഫി തന്നെയും തന്റെ ചുറ്റുപാടുകളെയും ലോകത്തെയും വിസ്മരിക്കുകയും ദൈവത്തില്‍ പരിപൂര്‍ണമായി വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഫനാഇലും ബഖാഇലും എത്തിച്ചേരാന്‍ കഠിനമായ ചില സാധനകള്‍ നടത്തേണ്ടതുണ്ട്. ഓരോ ത്വരീഖത്തിലും ഓരോ രീതിയാണ് ഇതിന് സ്വീകരിച്ചിട്ടുള്ളത്. ഖാദിരിയ്യഃ ത്വരീഖത്തിന്റെ സാധനാക്രമമാണ് താഴെ വിവരിക്കുന്നത്. ഛിശ്തിയ്യഃ, നഖ്ശബന്ദിയ്യഃ തുടങ്ങിയ ത്വരീഖത്തുകളിലും ഏതാണ്ട് ഇതേ രീതിയാണ് പിന്തുടര്‍ന്നുവരുന്നത്. വ്യത്യാസങ്ങള്‍ വിശദാംശങ്ങളില്‍ മാത്രമാണ്.
മനസ്സിനെ ഒരുക്കുകയും പാകപ്പെടുത്തുകയുമാണ് അതിന്റെ ഒന്നാമത്തെ ഘട്ടം. വിശ്വാസം ഉറപ്പിക്കുകയും ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുകയും വന്‍പാപങ്ങള്‍ വര്‍ജിക്കുകയും ചെറുപാപങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കുകയും ശരീഅത്ത് നിര്‍ദേശിച്ച ബാധ്യതകള്‍ നിര്‍വഹിക്കുകയും നബിചര്യ പിന്‍പറ്റുകയും ചെയ്തുകൊണ്ടാണത് സാധിക്കേണ്ടത്. രണ്ടാംഘട്ടം ഉച്ചത്തില്‍ ദിക്ര്‍ ചൊല്ലലാണ്. 'അല്ലാഹ്' എന്ന് ഉറക്കെ നീട്ടി ഉച്ചരിക്കണം. പിന്നെ ശ്വാസോഛ്വാസം ചെയ്ത് വീണ്ടും അത് പറയുക. ഇങ്ങനെ കുറച്ചുകാലം തുടരണം. പിന്നെ മറ്റൊരു രീതിയില്‍ അത് തുടരണം. നമസ്‌കാരത്തില്‍ ഇരിക്കുന്നതുപോലെ ഇരുന്ന് 'അല്ലാഹ്' എന്ന് ഉറക്കെ പറഞ്ഞ് ആദ്യം വലത്തെ കാല്‍മുട്ടിലേക്കും വീണ്ടും 'അല്ലാഹ്' എന്നു പറഞ്ഞ് ഹൃദയത്തിന്റെ ഭാഗത്തേക്കും ആംഗ്യം കാട്ടണം. പിന്നെ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ദിക്ര്‍ ചൊല്ലണം. അതിനും പ്രത്യേക ചിട്ടകളുണ്ട്. ഖിബ്‌ലഃക്ക് അഭിമുഖമായി ഇരുന്ന് കണ്ണുകള്‍ അടച്ച് ആദ്യം 'ലാ' എന്നു പറയുക. നാഭിയില്‍നിന്ന് തോളില്‍ എത്തുന്നതുവരെ അത് നീട്ടണം. അനന്തരം 'ഇലാഹ' എന്ന് നെറ്റിയില്‍നിന്നെടുത്ത് ഉച്ചരിക്കണം. മനസ്സിനെ അല്ലാഹുവില്‍ കേന്ദ്രീകരിക്കുകയാണ് ഈ ദിക്ര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിനെ മാത്രം ആഗ്രഹിക്കുന്ന മാനസികാവസ്ഥ കൈവരണം. രാവും പകലുമായി 4000 വട്ടം അവ പറയണം.
പിന്നീട് നിശ്ശബ്ദമായുള്ള ദിക്‌റുകള്‍ (ദിക്ര്‍ ഖഫിയ്യഃ) ആരംഭിക്കുന്നു. കണ്ണുകള്‍ അടച്ച്, വായ പൂട്ടിപ്പിടിച്ച്, ഹൃദയംകൊണ്ട് 'അല്ലാഹു സമീഅ്', 'അല്ലാഹു ബസ്വീര്‍', 'അല്ലാഹു അലീം' എന്നീ ദിക്‌റുകള്‍ ഉരുവിടണം. നാഭിയില്‍നിന്ന് ഹൃദയത്തിലേക്കും ഹൃദയത്തില്‍നിന്ന് മസ്തിഷ്‌കത്തിലേക്കും മസ്തിഷ്‌കത്തില്‍നിന്ന് ദൈവിക സിംഹാസനത്തിലേക്കും കയറിപ്പോകുന്ന മട്ടിലാണ് ഇവ ഉരുവിടേണ്ടത്. ഇതുതന്നെ തിരിച്ച് ഇറങ്ങിവരുന്ന മട്ടിലും പറയണം. ഉല്‍ക്കടമായ ദൈവപ്രേമവികാരം സ്വൂഫികളുടെ മനസ്സില്‍ ഈ ദിക്‌റുകള്‍ ഉദ്ദീപിപ്പിക്കും. ഇനിയാണ് ധ്യാനം (മുറാഖബഃ) ആരംഭിക്കുന്നത്. അല്ലാഹു തന്റെ മുന്നില്‍തന്നെ ഉണ്ടെന്ന വിചാരം മനസ്സില്‍ ശക്തിപ്പെടുത്തണം. മുറാഖബഃ അല്ലാഹുവില്‍ വിലയം പ്രാപിച്ചതായുള്ള അനുഭവം ഉളവാക്കുന്നു. അങ്ങനെ ഒരുതരം ഉന്മാദ(സക്ര്‍)ത്തിന്റെയും തിരോധാന(ഇദ്മിഹ്‌ലാല്‍)ത്തിന്റെയും അവസ്ഥയില്‍ എത്തിച്ചേരുന്നു. മുറാഖബഃ കുറേക്കാലം തുടരുമ്പോള്‍ സമ്പൂര്‍ണ അന്തര്‍ധാന(മഹ്‌വ്)ത്തില്‍ എത്തുന്നു. ഇതാണ് ഫനാഇന്റെ തുടക്കം. ധ്യാനം പുരോഗമിക്കുന്നതിനനുസരിച്ച് ഫനാഅ് (നിര്‍വാണം) കൂടുതല്‍ അഗാധമാവുകയും സമ്പൂര്‍ണമായ വിസ്മൃതിയില്‍ എത്തുകയും ചെയ്യുന്നു.
ഫനാഇന് രണ്ട് വശങ്ങളുണ്ട്. സ്വൂഫി സ്വന്തം സത്തയെയും ഗുണങ്ങളെയും വിസ്മരിക്കുന്നതാണ് ഒന്ന്. ഫനാ (നിര്‍വാണം), മഹ്‌വ് (അന്തര്‍ധാനം), ഇദ്മിഹ്‌ലാല്‍ (തിരോധാനം), ഗൈബത് (അപ്രത്യക്ഷത) തുടങ്ങിയ പേരുകളില്‍ ഇത് വ്യവഹരിക്കപ്പെടുന്നു. ദൈവിക സത്തയുമായുള്ള സംഗമമാണ് രണ്ടാമത്തേത്. വിസ്വാല്‍ (സംഗമം), ജംഅ് (യോഗം), ഇത്തിഹാദ് (ഏകീഭാവം), തൗഹീദ് (ഏകത്വം), ഐനിയ്യത് (അനന്യത) എന്നൊക്കെ പറയുന്നത് ഈ വശത്തെക്കുറിച്ചാണ്.
സംഗമ(ജംഅ്)ത്തിന്റെ തുടക്കത്തില്‍, താനും ദൈവവും ഒന്നായിത്തീര്‍ന്നതായി സ്വൂഫിക്ക് അനുഭവപ്പെടുന്നു. അതോടൊപ്പം താനെന്നും അവനെന്നുമുള്ള ദ്വിത്വബോധവും നിലനില്‍ക്കും. ഈ അവസ്ഥ കൂടുതല്‍ അഗാധമാകുമ്പോള്‍ ദ്വിത്വബോധം തീര്‍ത്തും നഷ്ടപ്പെടുകയും ഏകത്വബോധം മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഇതിന് ജംഉല്‍ ജംഅ് എന്നാണ് പറയുന്നത്. 'ഞാനാണ് സത്യം' (അനല്‍ ഹഖ്), 'ഞാന്‍ പരിശുദ്ധന്‍' (സുബ്ഹാനീ) എന്നൊക്കെ സ്വൂഫികള്‍ വിളിച്ചുപറയുന്നത് ഈ ഘട്ടത്തിലാണ്. സ്വൂഫിക്ക് സ്വത്വബോധം തീരേ നഷ്ടപ്പെടുന്ന ഘട്ടമാണിത്. ഇത്തിഹാദ് എന്നും തൗഹീദ് എന്നും പറയുന്നത് ഈ അവസ്ഥയെയാണ്.
ജംഉല്‍ ജംഉം ഇത്തിഹാദും ആത്മീയ പ്രയാണത്തിന്റെ അവസാനത്തെ പടവാണെന്നാണ് മിക്ക സ്വൂഫികളും ധരിച്ചുവശായിരിക്കുന്നത്. ദൈവത്തിലുള്ള സമ്പൂര്‍ണ വിലയത്തിനുവേണ്ടിയാണ് അവര്‍ സാധനയും ധ്യാനവുമൊക്കെ അനുഷ്ഠിക്കുന്നതുതന്നെ. തങ്ങളുടെ പരമലക്ഷ്യമായി അതിനെ അവര്‍ കാണുന്നു. എന്നാല്‍, ഈ സമ്പൂര്‍ണ ലയനത്തിലും ഐക്യത്തിലും കുറേക്കാലം കഴിഞ്ഞശേഷം പതുക്കെ ദ്വിത്വബോധം തിരിച്ചുവരുന്നു. ഒന്നായിരിക്കുന്ന അനുഭവത്തിന് ഇളക്കം തട്ടുന്നു. ഇതിന് ഫര്‍ഖ് (വിയോഗം) എന്നാണ് പറയുക. ജംഇനെ പരമ ലക്ഷ്യമായി കാണുന്ന സ്വൂഫികള്‍ ഫര്‍ഖിനെ തിരിച്ചുപോക്കായും ഇറക്കമായും വിലയിരുത്തുന്നു. അവര്‍ കഠിന സാധനയിലൂടെ എത്തിച്ചേര്‍ന്ന ഉന്നതിയില്‍നിന്നുള്ള ഇറക്കവും, സുബോധവും ദ്വിത്വബോധവും നിലനിന്നിരുന്ന ആദ്യാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കുമാണല്ലോ അത്. അതിനാല്‍, ഫര്‍ഖ് ഥാനി (രണ്ടാം വിയോഗം) എന്നും അവരതിനെ വിളിക്കുന്നു.
വാസ്തവത്തില്‍ ഇത് വെറുമൊരു തിരിച്ചുപോക്കല്ല. മറിച്ച്, അല്ലാഹുവിനുവേണ്ടിയും അല്ലാഹുവിനോടൊപ്പവുമുള്ള മടക്കമാണത്. ഈ ഘട്ടത്തെ ഫര്‍ഖ് ഥാനി (രണ്ടാം വിയോഗം) എന്നാണ് സ്വൂഫികള്‍ വിളിക്കാറുള്ളത്. ജംഇന്റെ അവസ്ഥയില്‍ എത്തുന്നതിനുമുമ്പുള്ള ഉണര്‍വിന്റെയും ദ്വിത്വബോധത്തിന്റെയും അവസ്ഥയാണ് ആദ്യവിയോഗം (അല്‍ഫര്‍ഖുല്‍ അവ്വല്‍). ഇത് രണ്ടും ഒന്നല്ല. കാരണം, തികച്ചും വ്യത്യസ്തമായ ഒരവസ്ഥയിലേക്കാണ് ജംഇനുശേഷം സ്വൂഫി മടങ്ങിവരുന്നത്. 'ദൈവത്തിനുവേണ്ടി ദൈവത്തോടൊപ്പമുള്ള മടക്കം' എന്നാണ് ഇമാം ഖുശൈരി അതിനെപ്പറ്റി പറയുന്നത്. തന്റെ എല്ലാ കാര്യങ്ങളും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന് സ്വൂഫിക്കു തോന്നും. അബൂയസീദ് ബിസ്താമി, ഇബ്‌നു അറബി, ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി, ശൈഖ് അഹ്‌മദ് സര്‍ഹിന്ദി തുടങ്ങിയ അനേകം സ്വൂഫികള്‍ ഈ അവസ്ഥയെപ്പറ്റി വിവരിച്ചിട്ടുണ്ട്.
ദൈവത്തിലേക്കും അവിടെനിന്ന് തിരിച്ച് ലോകത്തിലേക്കുമുള്ള സ്വൂഫിയുടെ ഈ ആത്മീയപ്രയാണം നാലു ഘട്ടങ്ങളായി വിവരിക്കപ്പെട്ടിട്ടുണ്ട്. 'സൈര്‍ ഇലല്ലാഹി' (ദൈവത്തിലേക്കുള്ള യാത്ര), 'സൈര്‍ ഫില്ലാഹി' (ദൈവത്തിലൂടെയുള്ള യാത്ര), 'സൈര്‍ അനില്ലാഹി ബില്ലാഹി' (ദൈവത്തോടൊപ്പം ദൈവത്തില്‍നിന്നുള്ള യാത്ര), 'സൈര്‍ ഫില്‍ അശ്‌യാഅ്' (വസ്തുക്കളിലൂടെയുള്ള യാത്ര) എന്നിവയാണവ. സൈറും സുലൂകും ജ്ഞാനത്തിലേക്കുള്ള മനസ്സിന്റെ യാത്രകളാണ്. അതില്‍ ഒരാള്‍ താഴ്ന്ന ജ്ഞാനത്തില്‍നിന്ന് ഉയര്‍ന്ന ജ്ഞാനത്തിലേക്ക് സഞ്ചരിക്കുന്നു.
അനിവാര്യസത്തയെക്കുറിച്ചുള്ള ജ്ഞാനത്തില്‍ എത്തുവോളം ഈ പ്രയാണം തുടരുന്നു. ആ പദവിയില്‍ എത്തുമ്പോള്‍ ലോകത്തെ/സൃഷ്ടികളെക്കുറിച്ചുള്ള ജ്ഞാനം കൊഴിഞ്ഞുപോകുന്നു. അതാണ് ഫനാഅ്. പിന്നെ ദൈവത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ദൈവം മാത്രമാണ് ഒരേയൊരസ്തിത്വം. ഈ അവസ്ഥക്കാണ് ബഖാഅ് എന്നുപറയുന്നത്. അവിടെനിന്ന് മുന്നോട്ടുനീങ്ങുന്നതോടെ ലോകത്തെക്കുറിച്ചുള്ള ജ്ഞാനം തിരിച്ചുവരുന്നു. വസ്തുക്കളെക്കുറിച്ചുള്ള പൂര്‍ണബോധത്തിലെത്തുവോളം അത് തുടരുന്നു.
ഏകാസ്തിത്വവാദം
ഫനാഇന്റെ അവസ്ഥയില്‍ ദൈവത്തില്‍ സമ്പൂര്‍ണ വിലയംപ്രാപിക്കുന്ന സ്വൂഫി ദൈവമല്ലാത്ത മറ്റൊരസ്തിത്വവും കാണുന്നില്ല. ഈ അവസ്ഥയെ കുറിക്കാന്‍ തൗഹീദ് ശുഹൂദി എന്ന സംജ്ഞയാണ് സ്വൂഫികള്‍ ഉപയോഗിക്കാറുള്ളത്. ചില സ്വൂഫി ആചാര്യന്മാര്‍ ഈ അനുഭവത്തെ അടിസ്ഥാനമാക്കി ഒരു ആധ്യാത്മിക ദര്‍ശനംതന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. തൗഹീദ് വുജൂദി എന്ന പേരില്‍ അതറിയപ്പെടുന്നു. തൗഹീദ് വുജൂദിയെ ഏറ്റവും തീവ്രമായും ശക്തമായും അവതരിപ്പിച്ച സ്വൂഫി ശൈഖ് മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബിയാണ്. വഹ്ദതുല്‍ വുജൂദ് (ഏകസത്താവാദം) എന്ന പേരിലാണ് അദ്ദേഹത്തിന്റെ ദര്‍ശനം അറിയപ്പെടുന്നത്. ഇബ്‌നു അറബിയുടെ ദര്‍ശനം രണ്ട് സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമാണ്: ഒന്ന്, അസ്തിത്വം ഒന്നേയുള്ളൂ. രണ്ട്, മറ്റു വസ്തുക്കളൊക്കെയും പ്രസ്തുത ഏകാസ്തിത്വത്തിന്റെ പ്രതിബിംബങ്ങള്‍ മാത്രമാകുന്നു. ധ്യാനമൂര്‍ച്ഛയില്‍ സ്വൂഫികള്‍ക്കുണ്ടാകുന്ന ഒരു അനുഭവമോ ദര്‍ശനമോ എന്ന നിലക്കല്ല; മറിച്ച്, പ്രപഞ്ചാസ്തിത്വത്തെ വിശദീകരിക്കുന്ന ഒരു തത്ത്വദര്‍ശനവും സിദ്ധാന്തവുമായാണ് ഇബ്‌നു അറബി തന്റെ സിദ്ധാന്തത്തെ അവതരിപ്പിച്ചത്. പില്‍ക്കാല സ്വൂഫികളില്‍ ആഴത്തില്‍ സ്വാധീനം നേടാന്‍ ഇബ്‌നു അറബിയുടെ ഈ സിദ്ധാന്തത്തിന് സാധിച്ചിട്ടുണ്ട്.
ഇബ്‌നു അറബിയുടെ തത്ത്വചിന്ത അദ്ദേഹത്തിന്റെ ആത്മീയാനുഭവത്തിന്റെ ഉപോല്‍പന്നം മാത്രമാണ്. ദൈവവും പ്രപഞ്ചവും തമ്മിലുള്ള ഏകത്വത്തെ ഒരു അടിസ്ഥാന യാഥാര്‍ഥ്യമായും അവക്കിടയിലെ ദ്വിത്വത്തെ ആപേക്ഷിക സത്യമായും കണ്ട് അതിനെ സിദ്ധാന്തവത്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. നിരവധി സ്വൂഫികള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ കലവറകൂടാതെ അംഗീകരിച്ചപ്പോള്‍ മറ്റുചിലര്‍ അതിനെ വ്യാഖ്യാനിച്ച് സ്വാംശീകരിക്കുകയാണ് ചെയ്തത്. ശരീഅത്തുമായി ഏറ്റുമുട്ടുന്ന അതിന്റെ പല വശങ്ങളെ, വഹ്ദതുല്‍ വുജൂദ് സിദ്ധാന്തത്തിന്റെ അവശ്യഘടകങ്ങളല്ലെന്നു കണ്ട് അവര്‍ അവഗണിക്കുന്നു. വളരെ തുഛം പേര്‍ മാത്രമാണ് വഹ്ദതുല്‍ വുജൂദ് സിദ്ധാന്തത്തെ എല്ലാ വിശദാംശങ്ങളോടുംകൂടി സ്വീകരിച്ചിട്ടുള്ളത്. ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനി, ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി, ഖാജാ ബഹാഉദ്ദീന്‍ നഖ്ശബന്ദി തുടങ്ങിയ മഹാന്മാരായ അനേകം സ്വൂഫി ആചാര്യന്മാര്‍ അതില്‍നിന്ന് അകന്നുനില്‍ക്കുകയാണ് ചെയ്തത്.
ഫനാഅ്, ബഖാഅ്, ജംഅ്, ഇത്തിഹാദ് തുടങ്ങിയ അനുഭവങ്ങളോടും ആ മഹാന്മാര്‍ക്ക് വ്യത്യസ്തമായ സമീപനമാണുള്ളത്. അവയെ ജ്ഞാനമാര്‍ഗങ്ങളായിട്ടല്ല, കര്‍മമാര്‍ഗങ്ങളായാണ് അവര്‍ കണ്ടത്. അഥവാ, പരമസത്യത്തെ കണ്ടെത്താനുള്ള മാര്‍ഗമായിട്ടല്ല, ശരീരത്തിന്റെ ഇഛകളെ നിയന്ത്രിച്ച് ഹൃദയത്തെ സംസ്‌കരിക്കാനും ദൈവസാമീപ്യം നേടാനുമുള്ള മാര്‍ഗമായിട്ടാണ് അവര്‍ അവയെ സ്വീകരിച്ചത്.
ഹി. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ശൈഖ് അഹ്‌മദ് സര്‍ഹിന്ദി ഇബ്‌നു അറബിയുടെ വഹ്ദതുല്‍ വുജൂദിനെതിരെ വഹ്ദതുശ്ശുഹൂദ് എന്ന മറ്റൊരു സിദ്ധാന്തം ആവിഷ്‌കരിക്കുകയുണ്ടായി. ദൈവത്തില്‍ സമ്പൂര്‍ണ വിലയംപ്രാപിച്ച സാധകന്‍ ഒരൊറ്റ അസ്തിത്വത്തെ മാത്രം കാണുന്നതിനെയാണ് വഹ്ദതുശ്ശുഹൂദ് വിവക്ഷിക്കുന്നത്. വഹ്ദതുല്‍ വുജൂദ് ഒരു വിശ്വാസവും സിദ്ധാന്തവുമാണെങ്കില്‍, വഹ്ദതുശ്ശുഹൂദ് ഒരു തോന്നലോ ബോധമോ അനുഭവമോ മാത്രമാണെന്നതാണ് രണ്ടും തമ്മിലുള്ള പ്രധാന അന്തരം.
ഇല്‍മു ലദുന്നി
തങ്ങള്‍ക്ക് ദൈവത്തില്‍നിന്ന് സവിശേഷ ജ്ഞാനം ലഭിക്കുന്നുണ്ടെന്ന് സ്വൂഫികള്‍ വിശ്വസിക്കുന്നു. അതിനെയാണ് ഇല്‍മു ലദുന്നി എന്ന് പറയുന്നത്. അത് പുസ്തകത്തില്‍നിന്നോ ഗുരുവില്‍നിന്നോ ലഭിക്കുന്നതല്ല; മാലാഖമാര്‍ വഴി ലഭിക്കുന്നതുമല്ല. ഒരു മധ്യവര്‍ത്തിയുടെയും സഹായംകൂടാതെ ദൈവത്തില്‍നിന്ന് നേരിട്ട് ലഭിക്കുന്ന ജ്ഞാനമായി അവരതിനെ വിശേഷിപ്പിക്കുന്നു. ലോകവുമായുള്ള സകല ബന്ധങ്ങളും വിഛേദിച്ച് ദൈവത്തില്‍ ധ്യാനലീനരാകുന്ന സ്വൂഫികള്‍ക്കാണ് പ്രസ്തുത ജ്ഞാനം ലഭിക്കുക. അതിഭൗതിക യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണത്. ആലമുല്‍ അര്‍വാഹ്, ആലമുല്‍ മലകൂത് എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍. ഇമാം ഗസാലി പറയുന്നു: ''ഭൗതിക ലോകത്തേക്ക് മനസ്സില്‍നിന്ന് പഞ്ചേന്ദ്രിയങ്ങളുടെ കവാടങ്ങള്‍ ഉള്ളതുപോലെ അര്‍വാഹിന്റെയും മലകൂതിന്റെയും ലോകത്തേക്കും മനസ്സില്‍നിന്ന് ചില കവാടങ്ങളുണ്ട്'' (കീമിയാഉസ്സആദഃ, പേ. 16).
ഇങ്ങനെ ലഭിക്കുന്ന ജ്ഞാനം അബദ്ധമുക്തമായിരിക്കുമെന്ന് സ്വൂഫികള്‍ വിശ്വസിക്കുന്നു; ജ്ഞാനലബ്ധിയുടെ ആ പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നും സ്വൂഫിക്ക് അജ്ഞാതമോ അദൃശ്യമോ ആയിരിക്കുകയില്ലെന്നും. ഇല്‍മ് ലദുന്നിയും ഇല്‍മുശ്ശരീഅ8യും തമ്മിലുള്ള ബന്ധം ഇസ്‌ലാമിക ചരിത്രത്തിലുടനീളം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ശരീഅത്ത് പണ്ഡിതന്മാരെ ബാഹ്യജ്ഞാനികള്‍ എന്നു വിളിച്ച് സ്വൂഫികള്‍ ഇകഴ്ത്താന്‍ ശ്രമിച്ചു. മറുവശത്ത്, ഇല്‍മു ലദുന്നി ഉണ്ടെന്ന് പറയുന്നവരെ ശരീഅത്ത് പണ്ഡിതന്മാരും ആക്ഷേപിച്ചു.
ഈ അന്തര്‍ജ്ഞാനം ലഭിച്ച സ്വഹാബികളില്‍ ഒരാള്‍ അബൂബക്ര്‍ സ്വിദ്ദീഖാണെന്നും അവര്‍ കരുതുന്നു. മുസ്‌ലിം സമുദായത്തില്‍ ആദ്യമായി സ്വൂഫിഭാഷണം നടത്തിയത് അബൂബക്ര്‍ സ്വിദ്ദീഖ് ആണെന്ന് അബൂബക്ര്‍ വാസിത്വി (മ. 308/920) പറഞ്ഞിട്ടുണ്ട്. എന്നാല്‍, നഖ്ശബന്ദിയ്യഃ ഒഴികെയുള്ള സ്വൂഫി പരമ്പരകളില്‍ ഒന്നുംതന്നെ അബൂബക്ര്‍ സ്വിദ്ദീഖുമായി കണ്ണിചേരുന്നില്ലെന്ന വസ്തുത അബൂബക്ര്‍ സ്വിദ്ദീഖിന് ഇല്‍മു ലദുന്നി ഉണ്ടായിരുന്നുവെന്ന സ്വൂഫി അവകാശവാദത്തെ സ്വയം ഖണ്ഡിക്കുന്നുണ്ട്. അബൂബക്ര്‍ സ്വിദ്ദീഖിന്റെ മരണശേഷം അദ്ദേഹത്തിന്റെ പത്‌നി അസ്മാ ബിന്‍ത് ഉമൈസിനെ ഉമറുബ്‌നുല്‍ ഖത്ത്വാബ് വിവാഹം ചെയ്തത് അവരില്‍നിന്ന് അബൂബക്ര്‍ സ്വിദ്ദീഖിന്റെ ഇല്‍മു ലദുന്നി സ്വായത്തമാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, അസ്മാ ബിന്‍ത് ഉമൈസിനെ ഉമര്‍ വിവാഹം ചെയ്തതായുള്ള വര്‍ത്തമാനംതന്നെ അടിസ്ഥാനമില്ലാത്തതാണെന്ന് ഇബ്‌നു തൈമിയ്യഃ വ്യക്തമാക്കുന്നു. അബൂബക്ര്‍ സ്വിദ്ദീഖിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യമാരേക്കാള്‍ അറിയുന്ന ആളായിരുന്നു ഉമര്‍ എന്നുകൂടി ഇബ്‌നു തൈമിയ്യഃ പറയുന്നുണ്ട്. അന്തര്‍ജ്ഞാനം ലഭിച്ചതായി പറയപ്പെടുന്ന മറ്റൊരു സ്വഹാബി ഹുദൈഫതുബ്‌നുല്‍ യമാനാണ്. എന്നാല്‍, സ്വൂഫികള്‍ തങ്ങളുടെ ഒരു പരമ്പരയെയും ഹുദൈഫതുബ്‌നുല്‍ യമാനുമായി കണ്ണിചേര്‍ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന് പ്രവാചകന്‍ ചില സവിശേഷമായ അറിവുകള്‍ നല്‍കിയതായി നിവേദനങ്ങളുണ്ട്. എന്നാലത് കാപട്യത്തെയും കുഴപ്പത്തെയും കുറിച്ചുള്ള രഹസ്യ ജ്ഞാനമായിരുന്നു. ഖലീഫഃ ഉമറുബ്‌നുല്‍ ഖത്ത്വാബ് അടക്കമുള്ള സ്വഹാബികള്‍ പ്രസ്തുത വിവരം അദ്ദേഹത്തില്‍നിന്ന് അറിയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആത്മീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള അന്തര്‍ജ്ഞാനങ്ങള്‍ തേടി സ്വഹാബികളാരും ഹുദൈഫഃയെ സമീപിച്ചതിന് തെളിവില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇല്‍മു ലദുന്നി ലഭിച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നാണ് പണ്ഡിതമതം.
ഇമാം അലിക്ക് സ്വൂഫികള്‍ക്കിടയില്‍ വലിയ സ്ഥാനമാണുള്ളത്. മറ്റു സ്വഹാബികളേക്കാളും അതിലുപരി പ്രവാചകന്മാരേക്കാളും ഉന്നതമായ സ്ഥാനമാണ് ചിലര്‍ അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ആകാശാരോഹണവേളയില്‍ അല്ലാഹു പ്രവാചകന് ഒരു ഖിര്‍ഖഃ നല്‍കിയെന്നും നബി അത് അലിക്ക് കൊടുത്തിരുന്നുവെന്നും ഹ. നിസാമുദ്ദീന്‍ ഔലിയ പറയുന്നു. മിഅ്‌റാജിന്റെ രാത്രിയില്‍ അല്ലാഹു നബിക്ക് 70,000 അറിവുകള്‍ നല്‍കിയതായും അതില്‍നിന്ന് 10,000 അറിവുകള്‍ അദ്ദേഹം അലിക്ക് കൊടുത്തതായും ജലാലുദ്ദീന്‍ റൂമിയും പറയുന്നുണ്ട്. ഇമാം അലി ഇല്‍മു ലദുന്നി ഉണ്ടായിരുന്ന വ്യക്തിയാണെന്നും ഇല്‍മു ലദുന്നിയെന്നാല്‍ ഖദിറിന് പ്രത്യേകമായി നല്‍കപ്പെട്ട വിജ്ഞാനമാണെന്നും ശൈഖ് അബൂനസ്വ്ര്‍ സര്‍റാജ് പറഞ്ഞിട്ടുണ്ട് (അല്ലുമഅ് പേ. 179). ഇമാം അലിക്ക് പരമാര്‍ഥ ജ്ഞാനം ലഭിച്ചിരുന്നുവെന്ന കാര്യത്തില്‍ സ്വൂഫികള്‍ ഏകാഭിപ്രായക്കാരാണ്. അതുകൊണ്ടാണത്രെ എല്ലാ സ്വൂഫി പരമ്പരകളും ഇമാം അലിയില്‍ ചെന്നുചേരുന്നത്. അലിയില്‍നിന്ന് ഹസനുല്‍ ബസ്വ്‌രിക്കാണ് പ്രസ്തുത ജ്ഞാനം കൈമാറപ്പെട്ടതെന്നും സ്വൂഫികള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഹസനുല്‍ ബസദ്‌രി ഇമാം അലിയില്‍നിന്ന് എന്തെങ്കിലും കേട്ടു പഠിച്ചതിന് തെളിവുകളില്ല. സ്വൂഫികള്‍ക്കും ഹദീസ് പണ്ഡിതന്മാര്‍ക്കുമിടയില്‍ ഈ വിഷയത്തില്‍ വീക്ഷണവ്യത്യാസമുണ്ട്.
അദൃശ്യ പുണ്യവാളന്മാര്‍
സ്വൂഫികളുടെ വിശ്വാസപ്രകാരം ദൈവസാമീപ്യം സിദ്ധിച്ച ദാസന്മാരുടെ ഒരു സംഘം എല്ലാകാലത്തും ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. 'രിജാലുല്‍ ഗൈബ്' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അദൃശ്യമായി ജീവിക്കുന്ന ഇവരാണ് പ്രാപഞ്ചിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അവര്‍ കാരണമാണ് ലോകം നിലനില്‍ക്കുന്നത്. ശൈഖ് ഹുജ്‌വീരിയുടെ വിവരണപ്രകാരം 4000 പേരാണവര്‍. ഇവര്‍ പരസ്പരം തിരിച്ചറിയുകയില്ലെന്നു മാത്രമല്ല, സ്വന്തം പദവിയെക്കുറിച്ചുതന്നെ അവര്‍ അറിയുകയില്ല. അബ്ദാല്‍, അബ്‌റാര്‍, ഔതാദ്, നഖീബ്, ഖുത്വ്ബ് തുടങ്ങി വ്യത്യസ്ത പദവികള്‍ അവര്‍ക്കുണ്ട്. എന്നാല്‍, അവരുടെ എണ്ണത്തെക്കുറിച്ച് സ്വൂഫികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. 300 അഖ്‌യാര്‍, 40 അബ്ദാല്‍, ഏഴ് അബ്‌റാര്‍, നാല് ഔതാദ്, മൂന്ന് നഖീബ്, ഒരു ഖുത്വ്ബ് എന്നിങ്ങനെയാണ് ഹുജ്‌വീരി നല്‍കുന്ന കണക്ക്. ഖുത്വ്ബിന് ഗൗസ് എന്നും പറയുന്നു. ഇബ്‌നു അറബിയുടെ വിശദീകരണപ്രകാരം ഓരോ കാലഘട്ടത്തിനും ഒരു ഖുത്വ്ബ് ഉണ്ടായിരിക്കും. അബ്ദുല്ലാ എന്നായിരിക്കും അദ്ദേഹത്തിന്റെ നാമധേയം. അദ്ദേഹത്തിന്റെ കീഴില്‍ ഇമാം എന്നു വിളിക്കപ്പെടുന്ന രണ്ട് മന്ത്രിമാര്‍ ഉണ്ടാവും. ഇതില്‍ ഒരാളുടെ പേര് അബ്ദുല്‍ മലിക് എന്നും രണ്ടാത്തെയാളുടെ പേര് അബ്ദുര്‍റബ്ബ് എന്നുമായിരിക്കും. ഖുത്വ്ബിന്റെ മരണശേഷം ഇവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഉയരുന്നു. ഓറിയന്റലിസ്റ്റ് പണ്ഡിതനായ ഗോള്‍ഡ് സീഹര്‍ അദൃശ്യ പുണ്യവാളന്മാരുടെ എണ്ണം കണക്കാക്കിയത് ഇപ്രകാരമാണ്: ഖുത്വ്ബ്: ഒന്ന്; ഇമാമുകള്‍: രണ്ട്; ഔതാദ്: അഞ്ച്; അഫ്‌റാദ്: ഏഴ്; അബ്ദാല്‍: 40/ഏഴ്/300; നുജബാഅ്: 70; നുഖബാഅ്: 300; അസ്വാഇബ്: 500; ഹുകമാഅ്/മുന്‍ഫരിദൂന്‍: അസംഖ്യം; റജബിയ്യൂന്‍: അജ്ഞാതം.
ജുനൈദുല്‍ ബഗ്ദാദി, അബുല്‍ഹസന്‍ ഖര്‍ഖാനി, അബുല്‍ഖാസിം ജുര്‍ജാനി തുടങ്ങിയ പല സ്വൂഫി ആചാര്യന്മാരും അവരുടെ കാലത്തെ ഖുത്വ്ബ് (ഖുത്വ്ബുസ്സമാന്‍) ആയിരുന്നുവെന്ന് സ്വൂഫി ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്‍ ഖാദിരില്‍ ജീലാനിയെ ഖുത്വ്ബുകളുടെ ഖുത്വ്ബ് അഥവാ ഖുത്വ്ബുല്‍ അഖ്ത്വാബ്, അല്‍ഗൗസുല്‍ അഅ്‌ളം തുടങ്ങിയ പേരുകളിലാണ് ഇന്നും വിശേഷിപ്പിക്കാറുള്ളത്. ശൈഖ് മുഹ്‌യിദ്ദീന്‍ ഇബ്‌നു അറബി, ശൈഖ് ഇംറാനുല്‍ ഫാരിദ്, സയ്യിദ് അഹ്‌മദ് സര്‍ഹിന്ദി, ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയ പല സ്വൂഫി ആചാര്യന്മാരും ഖുത്വ്ബിന്റെ പദവി നേടിയതായി സ്വയം അവകാശപ്പെട്ടിട്ടുണ്ട്.
അദൃശ്യരായ ഈ പുണ്യവാളന്മാരെ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടുമുട്ടുക എന്നത് സ്വൂഫികളുടെ ഉല്‍ക്കടാഭിലാഷമാണ്. അതിനു വേണ്ടി മലകളിലും കാടുകളിലും മരുഭൂമികളിലുമൊക്കെ അലഞ്ഞുനടക്കുക അവരുടെ പതിവാണ്. ഇബ്‌നു അറബി അടക്കം ഒട്ടേറെ സ്വൂഫികള്‍ രിജാലുല്‍ ഗൈബിനെ കണ്ടുമുട്ടിയതായി അവകാശപ്പെട്ടിട്ടുമുണ്ട്.
അദൃശ്യ പുണ്യവാളന്മാരെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ഖുര്‍ആനിലോ ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിലോ ഇല്ല. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ക്ക് വിദൂര വ്യാഖ്യാനം നല്‍കി അവ രിജാലുല്‍ ഗൈബിനെക്കുറിച്ച സൂചനയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
സ്വഹീഹൈനിയല്ലാത്ത ചില ഹദീസ് സമാഹാരങ്ങളില്‍ രിജാലുല്‍ ഗൈബിനെക്കുറിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയത്രയും അടിസ്ഥാനരഹിതങ്ങളാണെന്നാണ് ഹദീസ് പണ്ഡിതന്മാരുടെ പക്ഷം. ഇസ്‌ലാമിന്റെ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷം ശീഈകളിലൂടെയാണ് ഈ വിശ്വാസം സ്വൂഫി ചിന്തയിലേക്ക് കടന്നുവന്നതെന്നാണ് ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്
തസ്വവ്വുഫും രാഷ്ട്രീയവും
തസ്വവ്വുഫിനെ ഇസ്‌ലാമിന്റെ ആന്തരവത്കരണമെന്ന് ന്യൂനീകരിച്ചുകാണുമ്പോള്‍തന്നെ സ്വൂഫികളുടെയും സ്വൂഫിത്വരീഖത്തുകളുടെയും രാഷ്ട്രീയ ഇടപെടലുകള്‍ അനിഷേധ്യമായൊരു വസ്തുതയായി അവശേഷിക്കുന്നു. ഉത്തരാഫ്രിക്കയിലെ സനൂസിയ്യഃ, ഖത്മിയ്യഃ, തീജാനിയ്യഃ ത്വരീഖത്തുകള്‍, നഖ്ശബന്ദിയ്യഃ, ഖാദിരിയ്യഃ, ശാദിലിയ്യഃ ത്വരീഖത്തുകളുടെ വിവിധ ശാഖകള്‍, തുര്‍ക്കിയിലെ ബക്താശിയ്യഃ, നൂര്‍സിയ്യഃ ത്വരീഖത്തുകള്‍ തുടങ്ങിയവ രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെട്ടുകൊണ്ട് തങ്ങളുടെ സാമൂഹികോന്മുഖത്വം തെളിയിച്ചവരാണ്. മുസ്‌ലിംലോകത്തേക്കുള്ള പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികളുടെ അധിനിവേശങ്ങളെ ചെറുക്കുന്നതില്‍ പല രാജ്യങ്ങളിലും സ്വൂഫി ത്വരീഖത്തുകള്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ഭരണകൂടങ്ങളോട് ഇണങ്ങിയും പിണങ്ങിയും ത്വരീഖത്തുകള്‍ അവയുടെ രാഷ്ട്രീയസാന്നിധ്യം പ്രകടമാക്കി. 19-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഇടപെടലുകള്‍ക്കെതിരെ ഈജിപ്തിലെ ഖിദൈവി ഭരണകൂടത്തിന് അവിടത്തെ ബക്‌രിയ്യഃ ത്വരീഖത്ത് (ആറാം നൂറ്റാണ്ടില്‍ സ്ഥാപിതം) ശക്തമായ പിന്തുണയാണ് നല്‍കിയത്. ഇറാഖിലെ നഖ്ശബന്ദിയ്യഃ ത്വരീഖത്തിന്റെ ഗുരു ശൈഖ് മുഹമ്മദ് സഈദ് (മ. ക്രി. 1920) ഹിസ്ബുല്‍ അഹ്ദ് എന്ന പേരില്‍ 1914-ല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് ഇറാഖിലെ ബ്രിട്ടീഷ് സാന്നിധ്യത്തിനെതിരില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. യമനിലെ ഇദ്‌രീസി ത്വരീഖത്ത്, മാര്‍ക്‌സിസ്റ്റ് ദേശീയവാദികളുമായി സഖ്യം ചേര്‍ന്നാണ് ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തത്.
13-ാം നൂറ്റാണ്ടില്‍ ഹാജി ബക്താശ് സ്ഥാപിച്ച തുര്‍ക്കിയിലെ ബക്താശിയ്യഃ ത്വരീഖത്ത് ജാനിസരി സൈന്യവുമായി ചേര്‍ന്ന് ഉസ്മാനികള്‍ക്കെതിരെ നടത്തിയ കലാപങ്ങളും സ്മരണീയമാണ്. 1826-ല്‍ സുല്‍ത്വാന്‍ മഹ്‌മൂദ് രണ്ടാമന്‍ ജാനിസരി സൈന്യത്തെ പിരിച്ചുവിടുകയും ബക്താശി ആശ്രമങ്ങള്‍ വ്യാപകമായി തകര്‍ക്കുകയും ചെയ്തു. എന്നാല്‍, മദനിയ്യഃ ത്വരീഖത്തിന്റെ നേതാവായ മുഹമ്മദ് ളാഫിര്‍ മദനി (മ. 1903) 30 വര്‍ഷം സ്വുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയുണ്ടായി. മുസ്വ്ത്വഫാ അത്താതുര്‍ക് അധികാരത്തില്‍ വന്നശേഷം മതേതരവത്കരണത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്വൂഫി ത്വരീഖത്തുകളെയും നിരോധിക്കുകയും സ്വൂഫി മഠങ്ങള്‍ (തകിയ്യഃ) അടച്ചുപൂട്ടാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മിക്ക ത്വരീഖത്തുകളും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാണാമറയത്തേക്ക് മാറ്റുകയാണുണ്ടായത്. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ 'നൂര്‍ കുലുക്' പ്രസ്ഥാനം പരമ്പരാഗത അര്‍ഥത്തിലുള്ള തരീഖത്ത് അല്ലെങ്കിലും നഖ്ശബന്ദി ത്വരീഖത്തുമായി അതിന് കുടുംബ ചാര്‍ച്ചയുണ്ട്. അത്താതുര്‍കിന്റെ മതേതര പരിഷ്‌കരണങ്ങളെ തുടക്കത്തില്‍ ധീരമായും പരസ്യമായും എതിര്‍ത്ത നൂര്‍സിയും ഒടുവില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്. 1950-കളില്‍ ഭാഗികമായ മതസ്വാതന്ത്ര്യം തിരിച്ചുകിട്ടിയപ്പോള്‍ നൂര്‍സിപ്രസ്ഥാനത്തിന്റെ ഈ രഹസ്യ പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങള്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുകയുണ്ടായി. മുന്‍ ഭരണസാരഥികളായ തുര്‍ഗുത് ഒസാലും നജ്മുദ്ദീന്‍ അര്‍ബകാനും മുതല്‍ ഇപ്പോഴത്തെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വരെ പ്രസ്തുത സ്വാധീനത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്.
മധ്യേഷ്യയില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ ഇമാം ശാമിലിന്റെയും ഗാസി മുഹമ്മദിന്റെയും നേതൃത്വത്തില്‍ ധീരോദാത്തമായ ചെറുത്തുനില്‍പാണ് നടന്നത്. ശീര്‍വാനിലെ നഖ്ശബന്ദിയ്യഃ ശൈഖ് ആയിരുന്ന മുഹമ്മദ് അഫന്ദിയുടെ മുരീദുമാരായിരുന്നു ഇമാം ശാമിലും ഗാസി മുഹമ്മദും. അതിനാല്‍, റഷ്യന്‍ സ്രോതസ്സുകളില്‍ 'മുരീദ് മൂവ്‌മെന്റ്' എന്ന പേരിലാണ് ഇവരുടെ പോരാട്ടങ്ങള്‍ അറിയപ്പെടുന്നത്. തന്റെ അധീനത്തിലുള്ള പ്രദേശങ്ങളില്‍ ഇസ്‌ലാമികഭരണം നടപ്പാക്കിയിരുന്ന ഇമാം ശാമിലിന് 1856-ല്‍ റഷ്യന്‍ സേനക്കു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. 1877-നും 1878-നുമിടയില്‍ ദാഗിസ്താനിലും ചെച്‌നിയയിലും നടന്ന നിരവധി റഷ്യന്‍വിരുദ്ധ പോരാട്ടങ്ങളില്‍ ഖാദിരിയ്യഃ ത്വരീഖത്തും നഖ്ശബന്ദിയ്യഃ ത്വരീഖത്തും കൈകോര്‍ക്കുകയുണ്ടായി. ഗോഡ്‌സോയിലെ ഇമാം നജ്മുദ്ദീന്റെയും ശൈഖ് ഉസ്വൂല്‍ ഹാജിയുടെയും നേതൃത്വത്തില്‍ 1918-'20 കാലയളവില്‍ ചെമ്പടക്കെതിരിലും നഖ്ശബന്ദികള്‍ ധീരമായ പോരാട്ടങ്ങള്‍ നടത്തി. സ്റ്റാലിന്റെ ശുദ്ധീകരണ നടപടികളില്‍ ഒട്ടേറെ സ്വൂഫി നേതാക്കള്‍ കൊല്ലപ്പെട്ടു.
ആദര്‍ബൈജാന്‍, തുര്‍കുമാനിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളിലും നഖ്ശബന്ദിയ്യഃ സ്വൂഫികള്‍ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. 1928-ല്‍ ഫര്‍ഗാനാ താഴ്‌വരയിലെ നഖ്ശബന്ദി ബസ്മാച്ചി പ്രക്ഷോഭത്തെ ചെമ്പട അടിച്ചമര്‍ത്തി. കിര്‍ഗിസ് സോവിയറ്റ് റിപ്പബ്ലിക്കിലും ഉസ്‌ബെക്കിസ്താനിലെ ഓഷ് മേഖലയിലും സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യസവിയ്യഃ ത്വരീഖത്തിലെ 32 അംഗങ്ങള്‍ക്ക് 1936-ല്‍ വധശിക്ഷ നല്‍കപ്പെട്ടു. ചൈനയിലെ ത്വാംഗ് രാജവംശത്തിന്റെ ആധിപത്യത്തിനെതിരെ നഖ്ശബന്ദി ശൈഖ് ജഹാന്‍ഗീര്‍ 1817-ല്‍ ആരംഭിച്ച വിമോചനപ്പോരാട്ടം 1828-ല്‍ ജഹാന്‍ഗീര്‍ തടവുകാരനാക്കപ്പെടുന്നതുവരെ തുടര്‍ന്നു. 1862-ല്‍ വീണ്ടും നഖ്ശബന്ദികള്‍ പ്രക്ഷോഭരംഗത്തിറങ്ങി. 1873-ല്‍ അവരുടെ അവസാനത്തെ താവളവും തകര്‍ക്കപ്പെടുന്നതുവരെ അത് നീണ്ടു. 20-ാം നൂറ്റാണ്ടില്‍ സാംസ്‌കാരിക വിപ്ലവം ചൈനയില്‍ ത്വരീഖത്തുകളുടെ രാഷ്ട്രീയ സ്വാധീനം ക്ഷയിപ്പിച്ചു.
ഇന്ത്യയില്‍ ദല്‍ഹി സുല്‍ത്വാന്മാര്‍ക്കും മുഗള്‍ ഭരണകര്‍ത്താക്കള്‍ക്കുമിടയില്‍ സ്വൂഫികള്‍ വിപുലമായ രാഷ്ട്രീയ സ്വാധീനം നിലനിര്‍ത്തിയിരുന്നു. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് അഹ്‌മദ് സര്‍ഹിന്ദിയുടെ സേവനങ്ങളാണ്. അക്ബര്‍ ചക്രവര്‍ത്തി അടക്കമുള്ള മുഗള്‍ ഭരണാധികാരികളെ ദുഷിപ്പിക്കുന്നതില്‍ അക്കാലത്തെ ചില സ്വൂഫികളും അവരുടെ പിഴച്ച സിദ്ധാന്തങ്ങളും വലിയ പങ്കുവഹിച്ചിരുന്നു.
സര്‍ഹിന്ദിയുടെ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ വലിയൊരു ഭാഗം ഇത്തരം പിഴച്ച സിദ്ധാന്തങ്ങള്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു. ഭരണകര്‍ത്താക്കള്‍ക്ക് നിരന്തരമായി കത്തുകള്‍ എഴുതിയും സൈന്യത്തില്‍ സേവനമനുഷ്ഠിച്ചും ഭരണാധികാരികളുടെയും പട്ടാളത്തിന്റെയും സംസ്‌കരണത്തിനുവേണ്ടി അദ്ദേഹം നിരന്തരം പരിശ്രമങ്ങള്‍ നടത്തി. സര്‍ഹിന്ദി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി(മ. 1763)യാണ് പരിസമാപ്തിയിലെത്തിച്ചത്. ഭരണപരവും സാമ്പത്തികവുമായ പരിഷ്‌കരണങ്ങള്‍ക്ക് ആഹ്വാനംചെയ്ത് ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ധാരാളം കത്തുകള്‍ അദ്ദേഹം എഴുതി. വലിയ്യുല്ലാഹിയുടെ പൗത്രന്‍ ഷാ ഇസ്മാഈല്‍ ശഹീദും സയ്യിദ് അഹ്‌മദ് ശഹീദും നടത്തിയ പോരാട്ടങ്ങളും സ്മരണീയമാണ്.
ഉത്തരാഫ്രിക്കയിലെ സനൂസി പ്രസ്ഥാനം രാഷ്ട്രീയ സ്വൂഫിസത്തിന്റെ സ്പഷ്ടമായ ഉദാഹരണമാണ്. സീദി അഹ്‌മദ് ശരീഫിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് അധിനിവേശ(1902-1912)ത്തിനെതിരിലും ഉമര്‍ മുഖ്താറിന്റെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ അധിനിവേശ(1923-1932)ത്തിനെതിരിലും ഐതിഹാസികമായ പോരാട്ടങ്ങളാണ് ഈ സംഘങ്ങള്‍ നടത്തിയത്. അള്‍ജീരിയയില്‍ അമീര്‍ അബ്ദുല്‍ ഖാദിരില്‍ ജസാഇരി നേതൃത്വംനല്‍കിയ പോരാട്ടങ്ങള്‍ 15 വര്‍ഷക്കാലം ഫ്രഞ്ച് ഭരണകൂടത്തിന് സൈ്വരജീവിതം നഷ്ടപ്പെടുത്തി. നഖ്ശബന്ദിയ്യഃ, ശാദിലിയ്യഃ, തീജാനിയ്യഃ ത്വരീഖത്തുകളില്‍ ബൈഅത്ത് ചെയ്തിരുന്ന അമീര്‍ അബ്ദുല്‍ ഖാദിര്‍, ഖാദിരിയ്യഃ ത്വരീഖത്തിന്റെ ശൈഖും ആയിരുന്നു. 1847 മുതല്‍ 1852 വരെ ഫ്രാന്‍സില്‍ തടവില്‍ പാര്‍പ്പിക്കപ്പെട്ട അദ്ദേഹം പിന്നീട് ദമസ്‌കസിലേക്ക് നാടുകടത്തപ്പെടുകയും അവിടെ വെച്ച് 1883-ല്‍ മരിക്കുകയുമാണുണ്ടായത്.
പശ്ചിമാഫ്രിക്കയില്‍ ഉസ്മാന്‍ ദാന്‍ഫോദിയോ (മ. 1817) നടത്തിയ സമരപോരാട്ടങ്ങളാണ് 1812-ല്‍ ഫൂലാനി ഭരണകൂടത്തിന് അടിത്തറ പാകിയത്. ഖാദിരിയ്യഃ ത്വരീഖത്തില്‍ ബൈഅത്ത് ചെയ്ത സ്വൂഫിയായിരുന്നു ദാന്‍ഫോദിയോ.
സംഭാവനകള്‍
ഇസ്‌ലാമിന്റെ സൗന്ദര്യാത്മക മാനങ്ങള്‍ പ്രകാശിപ്പിക്കുന്നതില്‍ സ്വൂഫിചിന്ത വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിയമങ്ങളുടെയും ആചാരങ്ങളുടെയും ബാഹ്യതലത്തിനപ്പുറം അവയുടെ ആന്തരിക മൂല്യങ്ങളിലാണ് സ്വൂഫികള്‍ ഊന്നിയത്. അക്ഷരങ്ങളുടെ പുറംതോടുകള്‍ പൊളിച്ചുമാറ്റി അവയുടെ അകക്കാമ്പുകള്‍ കണ്ടെത്താന്‍ അര്‍ഥവത്തായ പരിശ്രമങ്ങള്‍ അവര്‍ നടത്തി. കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ശ്രദ്ധയത്രയും നിയമങ്ങളുടെ ബാഹ്യതലങ്ങളില്‍ പരിമിതപ്പെടുകയും ഇസ്‌ലാം ചൈതന്യം ചോര്‍ന്നുപോയ ജഢമായി പരിണമിക്കുകയും ചെയ്ത ഒരു കാലഘട്ടത്തില്‍, ആ അവസ്ഥാന്തരത്തോടുള്ള പ്രതികരണമായിട്ടുകൂടിയാണ് തസ്വവ്വുഫ് ഉടലെടുത്തത്. മനസ്സിന്റെ ശുദ്ധീകരണത്തിലും ആത്മാവിന്റെ ഉല്‍ക്കര്‍ഷയിലും അത് ശ്രദ്ധ കേന്ദ്രീകരിച്ചു. ആത്മസംസ്‌കരണത്തിന്റെ അതുല്യവും ഫലദായകവുമായ ഒരു പരിശീലന പദ്ധതി അതവതരിപ്പിച്ചു.
ആത്മശുദ്ധീകരണത്തിലൂടെ ദൈവസാമീപ്യം നേടുകയാണ് തസ്വവ്വുഫിന്റെ ലക്ഷ്യമെന്ന് എല്ലാവിഭാഗം സ്വൂഫികളും അവകാശപ്പെടുന്നു. ആത്മസംസ്‌കരണം എന്നത് പടിപടിയായുള്ള ഒരു മുന്നേറ്റമാണ്. സ്വൂഫികള്‍ അതിനെ ഒരു യാത്രയോട് ഉപമിക്കുന്നു. യാത്രക്കിടയില്‍ ഒരുപാട് താവളങ്ങള്‍ കടന്നുപോകേണ്ടതുണ്ട്. യാത്രയില്‍ കൊണ്ടുപോകേണ്ട പാഥേയങ്ങള്‍, പിറകില്‍ ഉപേക്ഷിച്ചുപോരേണ്ട കാര്യങ്ങള്‍, യാത്രക്കിടയില്‍ നേടേണ്ട സദ്ഗുണങ്ങള്‍, ഉപേക്ഷിക്കേണ്ട ദുര്‍ഗുണങ്ങള്‍ എന്നിവ വ്യക്തമായും സൂക്ഷ്മമായും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഓരോ താവളത്തിലും എത്തുമ്പോള്‍ മനസ്സ് കൈവരിക്കുന്ന അവസ്ഥാന്തരങ്ങളാണ് മഖാമാത്, അഹ്‌വാല്‍ എന്നൊക്കെ അറിയപ്പെടുന്നത്. ആത്മസംസ്‌കരണത്തിന്റെ ഇത്രയും ഫലോല്‍പാദനക്ഷമമായ ഒരു പദ്ധതി തസ്വവ്വുഫിലല്ലാതെ മറ്റെവിടെയും കാണുകയില്ല.
ഇതിന്റെതന്നെ മറ്റൊരു വശമാണ് ഹൃദയത്തിന്റെ പോഷണങ്ങളെക്കുറിച്ചും അതിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുമുള്ള സ്വൂഫികളുടെ നിരീക്ഷണങ്ങള്‍. ഇമാം ഗസാലിയുടെ ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ ഹൃദയരോഗങ്ങളെക്കുറിച്ചുള്ള ഗഹനമായ വിശകലനം കാണാം. മനസ്സിന്റെ അഗാധതലങ്ങളറിയുന്ന ഒരു മനഃശാസ്ത്രവിദഗ്ധന്റെ മനോവിശ്ലേഷണ വൈദഗ്ധ്യത്തെ അതനുസ്മരിപ്പിക്കുന്നു. അബൂത്വാലിബില്‍ മക്കിയുടെ ഖൂതുല്‍ ഖുലൂബ് ഹൃദയത്തിന് പോഷണമേകുന്ന കാര്യങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. മിക്കവാറും എല്ലാ സ്വൂഫി കൃതികളിലും സമാനമായ വിവരണങ്ങള്‍ കാണാവുന്നതാണ്.
ഇസ്‌ലാമിക വിജ്ഞാനീയത്തിലേക്ക് സാങ്കേതികപദാവലികളുടെ ഒരു ശബ്ദകോശംതന്നെ സ്വൂഫികള്‍ സംഭാവന ചെയ്തിട്ടുണ്ട്. ഫനാഅ്, ബഖാഅ്, ജംഅ്, ഫര്‍ഖ്, സ്വഹ്‌വ്, സുക്ര്‍, ജദ്ബ്, ബസ്ത്വ്, ഖബ്ദ്, ഹഖീഖത്, മഅ്‌രിഫത് എന്നിങ്ങനെ തിരുസുന്നത്തില്‍നിന്ന് അനുയോജ്യമായ സംജ്ഞകള്‍ അവക്ക് കണ്ടെത്താനും സ്വൂഫികള്‍ ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഫനാഅ് എന്ന ആശയം ബുദ്ധമതത്തിന്റെ നിര്‍വാണസങ്കല്‍പത്തില്‍നിന്നാണ് സ്വൂഫിസം സ്വീകരിച്ചത്. എന്നാല്‍, ബുദ്ധമതത്തിലെ നിര്‍വാണമല്ല സ്വൂഫിചിന്തയിലെ ഫനാഅ്. ബുദ്ധമതത്തില്‍ ശരീരത്തിന്റെകൂടി സമാധിയിലൂടെയാണ് നിര്‍വാണം പൂര്‍ത്തിയാകുന്നത്. സ്വൂഫിചിന്തയില്‍ ഫനാഅ് ഒരനുഭൂതി മാത്രമാണ്. സകലതും വിസ്മരിച്ച് ദൈവത്തില്‍ വിലയം പ്രാപിക്കുന്ന ഒരു മാനസികാവസ്ഥ. ആ അവസ്ഥയില്‍നിന്ന് സ്വൂഫി തിരിച്ചുവരേണ്ടതുണ്ട്. ശരീരത്തെ ഉപേക്ഷിക്കുന്നില്ലെന്നു മാത്രമല്ല, മനസ്സിനെക്കൂടി വീണ്ടെടുക്കുന്നതോടുകൂടിയാണ് സ്വൂഫി പരമപദം പുല്‍കുന്നത്. ഫര്‍ഖ് (വിയോഗം) എന്നും, ഫര്‍ഖുന്‍ ബഅ്ദല്‍ ഫര്‍ഖ് (വിയോഗാനന്തര വിയോഗം) എന്നുമാണ് സ്വൂഫി ചിന്തയില്‍ അതിന് പറയുന്നത്. ഇത്തരം ഒരു വാക്യത്തെക്കുറിച്ച് ബുദ്ധമതമോ വേദാന്തമോ വിഭാവനം ചെയ്യുന്നില്ല. ഇപ്രകാരം വഹ്ദതുല്‍ വുജൂദ് എന്ന സങ്കല്‍പവും ഹിന്ദുമതത്തിലെ അദ്വൈത സിദ്ധാന്തത്തില്‍നിന്ന് വ്യത്യസ്തമാണ്. 'നേതി, നേതി' എന്നുപറഞ്ഞുകൊണ്ട് അദ്വൈതി പ്രപഞ്ചാസ്തിത്വത്തെ നിഷേധിക്കുമ്പോള്‍ വഹ്ദതുല്‍ വുജൂദില്‍ പ്രപഞ്ചാസ്തിത്വത്തെ പൂര്‍ണമായും നിഷേധിക്കുന്നില്ല.
ഖുര്‍ആന്‍ വചനങ്ങള്‍ക്ക് സ്വൂഫികള്‍ സവിശേഷമായ വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പാരായണമധ്യേ ദൈവം മനസ്സില്‍ തോന്നിക്കുന്ന ആശയങ്ങളാണ് പ്രസ്തുത വ്യാഖ്യാനങ്ങള്‍ക്ക് ആധാരം. ഖുര്‍ആനിലെ ഓരോ അക്ഷരവും ഓരോ ആശയപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്നതായി സ്വൂഫികള്‍ പറയുന്നു. അത് പൂര്‍ണമായും ഗ്രഹിക്കുക മനുഷ്യസാധ്യമല്ല. ദൈവം അനന്തനായതുപോലെ അവന്റെ വചനങ്ങളുടെ അര്‍ഥവും അനന്തമാണ്. അതില്‍നിന്ന് ദൈവം തന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നതു മാത്രം അവര്‍ അറിയുന്നു. തസ്വവ്വുഫിന്റെ കൃതികളില്‍ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ സ്വൂഫിവ്യാഖ്യാനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ കാണാനാവും. ഇവക്കു പുറമെ സ്വതന്ത്രമായ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളും സ്വൂഫികള്‍ രചിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ശൈഖ് സഹ്‌ലുബ്‌നു അബ്ദില്ലാ തുസ്തരി രചിച്ച തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം അതിലൊന്നാണ്. ഇതൊരു സമ്പൂര്‍ണ ഖുര്‍ആന്‍ വ്യാഖ്യാനമല്ല; തെരഞ്ഞെടുത്ത ഖുര്‍ആന്‍ വചനങ്ങളുടെ വ്യാഖ്യാനമാണ്. ശൈഖ് അബ്ദുര്‍റഹ്‌മാനിസ്സുലമിയുടെ ഹഖാഇഖുത്തഫ്‌സീര്‍ ആണ് മറ്റൊരു കൃതി. ആറാം നൂറ്റാണ്ടില്‍ ശൈഖ് സ്വദ്‌റുദ്ദീന്‍ റൂസ് ബഹാന്‍ അറാഇസുല്‍ ബയാന്‍ ഫീ ഹഖാഇഖില്‍ ഖുര്‍ആന്‍ എന്ന ബൃഹത്തായ ഒരു വ്യാഖ്യാനം രചിക്കുകയുണ്ടായി. ഇബ്‌നു അറബിയുടെ പേരില്‍ അറിയപ്പെടുന്ന തഫ്‌സീറുശ്ശൈഖില്‍ അക്ബര്‍ ആണ് മറ്റൊരു സ്വൂഫി വ്യാഖ്യാനം. ഇത് പക്ഷേ, ഇബ്‌നു അറബിയുടേതല്ലെന്നാണ് പ്രബലാഭിപ്രായം.
സ്വൂഫി വീക്ഷണത്തില്‍ രചിക്കപ്പെട്ട തഫ്‌സീറുകളില്‍ ഏറ്റവും പ്രശസ്തമായിട്ടുള്ളത് അല്ലാമഃ ആലൂസി(1270/1853)യുടെ റൂഹുല്‍ മആനിയാണ്. വിശുദ്ധ വചനങ്ങളുടെ സൂക്ഷ്മസാരങ്ങള്‍ വെളിവാക്കുന്ന ഈ വ്യാഖ്യാനഗ്രന്ഥത്തിന് സ്വൂഫികളല്ലാത്തവര്‍ക്കിടയിലും സ്വീകാര്യതയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇസ്‌ലാമിന്റെ സാര്‍വലൗകിക സാഹോദര്യം സാക്ഷാത്കരിക്കുന്നതില്‍ സ്വൂഫിചിന്താധാര വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജാതി-മത-ദേശ-ഭാഷാ സങ്കുചിതത്വങ്ങള്‍ക്കതീതമായി സകല മനുഷ്യര്‍ക്കും ഇസ്‌ലാമിക സാഹോദര്യത്തിന്റെ വിശാലസങ്കല്‍പത്തില്‍ സ്വൂഫികള്‍ ഇടം നല്‍കി. അവരുടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണലുകളില്‍ മനുഷ്യര്‍ മാത്രമല്ല, ഇതര ജീവജാലങ്ങളും ആശ്വാസം കണ്ടെത്തുകയുണ്ടായി. മനുഷ്യന്‍ പുഴയെപ്പോലെ ഉദാരമതിയും സൂര്യനെപ്പോലെ സ്‌നേഹശീലനും ഭൂമിയെപ്പോലെ വിനയാന്വിതനുമായിരിക്കണമെന്ന് ശൈഖ് മുഈനുദ്ദീന്‍ ഛിശ്തി പറയാറുണ്ടായിരുന്നു. അവിശ്വാസിയായ ഒരാളെ അതിഥിയായി സ്വീകരിക്കാന്‍ വിസമ്മതിച്ച ഇബ്‌റാഹീം നബിയെ ദൈവം ഗുണദോഷിച്ച കഥ കശ്ഫുല്‍ മഹ്ജൂബില്‍ ശൈഖ് ഹുജ്‌വീരി വിവരിക്കുന്നുണ്ട്. ദൈവം ഇബ്‌റാഹീമിനോട് പറഞ്ഞു: ''അവിശ്വാസിയായ ആ മനുഷ്യനെ ഞാന്‍ 70 വര്‍ഷക്കാലം തീറ്റിപ്പോറ്റുകയുണ്ടായി. പക്ഷേ, അയാള്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കാന്‍ നിനക്കായില്ലല്ലോ.'' അതേസമയം, തനിക്കെതിരെ യുദ്ധംചെയ്ത അവിശ്വാസിയായ അദിയ്യുബ്‌നു ഹാത്വിം മുഹമ്മദ് നബിയുടെ അടുത്ത് വന്നപ്പോള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് തിരുമേനി അദ്ദേഹത്തെ സ്വാഗതംചെയ്തത്. അവിടുന്ന് പുതച്ച വസ്ത്രം എടുത്ത് നിലത്തു വിരിച്ച് അദിയ്യിനെ സ്വീകരിച്ചിരുത്തി.
ഗ്രന്ഥസൂചി:
ഡോ. ഗുലാം ഖാദിര്‍ ലോണ്‍-മുത്വാലഅഃ തസ്വവ്വുഫ്: ഖുര്‍ആന്‍ വൊ സുന്നത്ത് കീ രോശ്‌നീ മേം; ഇസ്ഹാദ് അബ്ദുല്‍ ഹാദി ഖിന്‍ദിലി-കശ്ഫുല്‍ മഹ്ജൂബ് ലില്‍ഹുജ്‌വീരി; അബൂത്വാലിബ് മുഹമ്മദുബ്‌നു അലി അല്‍മക്കി -ഖൂതുല്‍ ഖുലൂബ് ഫീ മുആമലതില്‍ മഹ്ബൂബ്; സയ്യിദ് അഹ്‌മദ് ഉറൂജ് ഖാദിരി- തസ്വവ്വുഫ് ഔര്‍ അഹ്‌ലെ തസ്വവ്വുഫ്; ഇബ്‌നുല്‍ജൗസി-തല്‍ബീസു ഇബ്‌ലീസ്; ഡോ. അബ്ദുല്‍ഹഖ് അന്‍സ്വാരി (വിവ. അബ്ദുര്‍റഹ്‌മാന്‍ മുന്നൂര്)- സ്വൂഫിസവും ശരീഅത്തും: സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം; അല്ലാമഃ ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ (വിവ. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി)- തസ്വവ്വുഫ് ഒരു സമഗ്രപഠനം; അശ്ശൈഖ് സുഹ്‌റവര്‍ദി (വിവ. കെ.വി.എം. പന്താവൂര്)- ആരിഫുകളുടെ തത്ത്വശാസ്ത്രം;
M.M. Sharif (Ed.) - A History of Muslim Philosophy ; Al Qushayn (Tr. Br. Von Schlegell)- Principles of Sufism; M.M. Zuhur-ud-din Ahmad- The Mistyc Tendencies in Islam; Prof. A.M.A Shushtery- Early Sufis and their Sufism; Martin Lings- What is Sufism; Iqbal Sha- Islamic Sufism; John L. Esposito (Ed.) -The Oxford Encyclopedia of the Modern Islamic World Vol. 4; Prof. Masudul Hasan- History of Islam Vol. 1&2; Dr. Ismail Raji al Farooqi- The Cultural Atlas of Islam; Dr. Saleh Assalah- Sufism Orgin and development; Sirdar Iqbal Ali Sheh- Islamic Sufism; Dr.M.Y. Tamizi- Sufi Movement in Eastern India.