ഖുര്‍ആനില്‍ സര്‍വമത സത്യവാദമോ?
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി
സര്‍വമത സത്യവാദികള്‍ ദുര്‍വ്യാഖ്യാനിക്കുന്ന ഒറു ഖുര്‍ആന്‍ സൂക്തം പരിശോധിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം.
അല്ലാഹു പറയുന്നു:
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَىٰ وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
'(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ ജൂതരായവരോ നസ്രാണികളോ സ്വാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാകുന്നതല്ല' (അല്‍ബഖറ: 62).
വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളെ അവ പ്രതിനിധീകരിക്കുന്ന ആശയങ്ങളില്‍നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. വ്യക്തവും ഖണ്ഡിതവുമായ വിധികളെ അവയുടെ യഥാര്‍ഥ ആശയത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് സ്വേഛകള്‍ക്കനുസരിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും ദുര്‍വ്യാഖ്യാനിക്കുകയാണ് ഇതിനായി സ്വീകരിച്ചുപോന്ന രീതി. എന്നാല്‍ മേല്‍സൂക്തത്തിന് ആധുനികകാലത്ത് നാം കാണുന്നതുപോലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ മുമ്പുണ്ടായിട്ടില്ല. ഒരേ വിഷയം കൈകാര്യം ചെയ്യുന്ന വ്യത്യസ്ത സൂക്തങ്ങളെ സംയോജിതമായി പരിഗണിക്കാതെ അവയിലെ ചിലതു മാത്രമെടുത്ത് മറ്റു ചിലത് തള്ളിക്കളയുന്ന രീതിയാണ് മുമ്പൊക്കെ ചിലര്‍ സ്വീകരിച്ചിരുന്നത്. ചില ഇസ്‌ലാമികാധ്യാപനങ്ങളെ തള്ളിക്കളയുകയായിരുന്നു അതിന്റെ ലക്ഷ്യം.
എന്നാല്‍ മേല്‍സൂക്തത്തെ ദുര്‍വ്യാഖ്യാനിക്കുന്നതിലൂടെ ആധുനിക ദുര്‍വ്യാഖ്യാതാക്കള്‍ ലക്ഷ്യമിടുന്നത്, തന്റെ നേരായ പാതയിലേക്ക് അല്ലാഹു ഭൂവാസികളെ മുഴുവന്‍ ക്ഷണിക്കുന്നതിന്റെ അടിസ്ഥാനത്തെ തന്നെ തകര്‍ക്കുകയാണ്. തന്നെയുമല്ല, മാനവസമൂഹത്തിന്റെ സന്മാര്‍ഗത്തിനായി അല്ലാഹു സംവിധാനിച്ച അടിത്തറയെത്തന്നെ ഇളക്കി വീഴ്ത്താനാണ് അവരുടെ ശ്രമം. ഭൂമിയില്‍ മാനവവംശത്തിന്റെ ആവിര്‍ഭാവത്തിനുശേഷം അല്ലാഹു നബിമാരെ നിയോഗിച്ചതും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും ആ അടിത്തറയുടെ ബലത്തിലായിരുന്നല്ലോ.
ചരിത്രത്തില്‍ കഴിഞ്ഞുപോയ സത്യനിഷേധത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും നേതാക്കള്‍ക്ക് കഴിയാത്തതാണ് മേല്‍സൂക്തത്തിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെ തല്‍കര്‍ത്താക്കള്‍ക്ക് സാധിച്ചത്. ഒന്നാമതായി ഇസ്‌ലാമാകുന്ന സത്യമതം സ്വീകരിക്കേണ്ടതില്ലെന്ന് അത് അമുസ്‌ലിംകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നു. രണ്ടാമതായി, ഇസ്‌ലാമിന്റെ നിയന്ത്രണങ്ങളില്‍നിന്നും നിയമപരിധികളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ തക്കം പാര്‍ത്തിരിക്കുന്ന കപടവിശ്വാസികള്‍ക്ക് തെറ്റായ വ്യാഖ്യാനത്തിലൂടെ ഖുര്‍ആനിന്റെ തന്നെ ഭാഷ എന്ന വ്യാജേന ഒഴിഞ്ഞുമാറാന്‍ അവസരമൊരുക്കുന്നു. മൂന്നാമതായി, ഇസ്‌ലാമിക വൃത്തത്തിനകത്തെ ഖുര്‍ആനിന്റെ സാക്ഷാല്‍ അനുയായികള്‍ക്കിടയില്‍, ഖുര്‍ആനും സുന്നത്തും നിഷേധിച്ചാലും പാരത്രികമോക്ഷം സാധ്യമാണ്, പ്രവാചകദൗത്യത്തിലോ വേദഗ്രന്ഥങ്ങളിലോ വിശ്വസിക്കേണ്ടതില്ല എന്ന തെറ്റായ സന്ദേശം നല്‍കുന്നു. മുസ്‌ലിം, യഹൂദി, ക്രിസ്ത്യാനി, സ്വാബി, ഹിന്ദു എന്നിവ തമ്മില്‍ പരിഗണനീയമായ ഭേദമില്ല എന്നുവരുന്നു.
ചുരുക്കത്തില്‍, ബഖറ 62-ാം സൂക്തത്തിന്റെ തെറ്റായ വ്യാഖ്യാനം ഇസ്‌ലാമിനെ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കുന്ന മാരക പ്രഹര(Master Stroke)മാണ്. മാനവതയുടെ സന്മാര്‍ഗത്തിനായി അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനില്‍നിന്നുതന്നെ ദുര്‍മാര്‍ഗത്തിന് സഹായകമായ ശക്തമായ ആയുധം, ആശയം വികസിപ്പിച്ചെടുത്ത ബുദ്ധി അപാരം തന്നെ! ഇത്രയും കാലത്തിനിടയില്‍ ഇതിനേക്കാള്‍ ഹീനമായ ദുര്‍വ്യാഖ്യാനം ലോകം കണ്ടിട്ടില്ല.
ഈ ദുര്‍വ്യാഖ്യാനത്തിന്റെ വിവിധ ഭാവങ്ങള്‍ ഞാന്‍ കാണാനിടയായിട്ടുണ്ട്. 'തര്‍ജുമാനുല്‍ ഖുര്‍ആനി'ന്റെ വായനക്കാരില്‍ പലരും, ഈ ദുര്‍വ്യാഖ്യാനത്തിന്റെ ഫലമായി മുസ്‌ലിം സാധാരണക്കാര്‍ക്കിടയില്‍ വമ്പിച്ച അങ്കലാപ്പുകളുള്ളതായി പങ്കുവെക്കുകയുണ്ടായി. പ്രഗത്ഭരായ പല അമുസ്‌ലിംകളും തങ്ങളുടെ ഗ്രന്ഥങ്ങളിലും പ്രസംഗങ്ങളിലും തങ്ങളുടേതായ താല്‍പര്യങ്ങള്‍ക്കായി ഈ ദുര്‍വ്യാഖ്യാനത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആയതിനാല്‍, മേല്‍സൂക്തത്തിന്റെ ശരിയായ വിവക്ഷ എന്തെന്ന് മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം. ഒരു വക്താവ് താന്‍ പറഞ്ഞ കാര്യം, താന്‍ തന്നെയായി വിശദീകരിച്ചു പറയുമ്പോള്‍, അതിനെ അയാള്‍ ഉദ്ദേശിക്കാത്ത മറ്റു വഴിക്ക് തിരിച്ചുവിടുന്നത് ഒട്ടും ശരിയല്ല.
ആയതിനാല്‍ സൂക്തത്തിന്റെ യഥാര്‍ഥ വിവക്ഷ മനസ്സിലാക്കുന്നതിന് നാം ആദ്യമായി സൂക്തത്തിലെ ഓരോ പദവും പ്രത്യേകം പ്രത്യേകം പഠിക്കണം. ശേഷം, ഇതിലെ പ്രതിപാദ്യത്തിന്റെ വിശദാംശങ്ങള്‍ മറ്റു സൂക്തങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് കണ്ടെത്തണം.
1. ആദ്യമായി إنّ الذين آمنوا 'തീര്‍ച്ചയായും വിശ്വസിച്ചവര്‍....' (ഈമാന്‍ മാത്രമുള്ളവര്‍) എന്നുപയോഗിച്ചു. ശേഷം ഈ മുബ്തദഇന്റെ(ആഖ്യയുടെ) ഖബറായി(ആഖ്യാതം) 'മന്‍ ആമന ബില്ലാഹി വല്‍യൗമില്‍ ആഖിര്‍' (അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചവര്‍, അഥവാ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍) എന്നു പറഞ്ഞിരിക്കുന്നു.
ഇവിടെ ഒരു ചോദ്യമുയരുന്നു; 'ആമനൂ' എന്നതിലെ 'ഈമാന്‍' എന്നതിന്റെ വിവക്ഷ എന്ത്? 'അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചവര്‍' എന്നാണെങ്കില്‍, വിശ്വസിച്ചവര്‍ എന്നതിന്റെ വിവക്ഷ മുസ്‌ലിംകള്‍ എന്നുതന്നെ. 'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍' എന്നതിന്റെ വിവക്ഷ സമ്പൂര്‍ണവും സാധുവുമായ വിശ്വാസം എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹരായവര്‍ എന്നും.
ഖുര്‍ആന്‍ അവതരിപ്പിക്കുന്ന കാലത്ത് വ്യാപകമായിരുന്ന വിഭാഗീയ വീക്ഷണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, വിശ്വാസിവിഭാഗത്തിലേക്ക് ചേരുന്നതിനാല്‍ മാത്രം വിശ്വാസികളായി അറിയപ്പെടുന്നവരെയും, യഥാര്‍ഥ ജീവിതത്തില്‍ സത്യസന്ധമായ നിലയില്‍ സത്യവിശ്വാസത്തിന്റെ സവിശേഷതകള്‍ കാത്തുസൂക്ഷിക്കുന്നവരെയും മേല്‍സൂക്തത്തില്‍ വേര്‍തിരിച്ചു പറയുന്നു. വ്യക്തികളെ നാം വിഭാഗീയമായി വീക്ഷിക്കുമ്പോള്‍, മുസ്‌ലിംകളില്‍ പെട്ടയാളെ മുഅ്മിന്‍ അഥവാ മുസ്‌ലിം എന്നു വിളിക്കുന്നു. അങ്ങനെ പറയുമ്പോള്‍, അയാള്‍ സത്യസന്ധമായ ഇസ്‌ലാമിക ജീവിതം നയിക്കുന്ന മുസ്‌ലിമാണെന്ന് അയാളെ പറ്റി നാം വിവക്ഷിക്കുന്നില്ല. ഇതുപോലെ യഹൂദ, ക്രൈസ്തവ, ബുദ്ധ മതവിഭാഗങ്ങളിലെ ആളുകളെ നാം അതത് വിഭാഗങ്ങളിലേക്ക് ചേര്‍ത്ത് യഹൂദന്‍, ക്രൈസ്തവന്‍, ബൗദ്ധന്‍ എന്നെല്ലാം വിളിക്കുന്നു. തങ്ങളുടെ മതങ്ങളില്‍ ധര്‍മനിഷ്ഠരായി ജീവിക്കുന്നവര്‍ എന്ന അര്‍ഥത്തിലല്ല അങ്ങനെ പ്രയോഗിക്കുന്നത്. ഇതുതന്നെയായിരുന്നു നബിയുടെ കാലത്തെയും സ്ഥിതി. ഇന്നയാള്‍ മുഹമ്മദിന്റെ സംഘത്തിലെ ആളാണ്, ഇന്നയാള്‍ ജൂതവിഭാഗത്തില്‍ പെട്ടയാളാണ്, ഇന്നയാള്‍ ക്രൈസ്തവവിഭാഗത്തില്‍ പെട്ടയാളാണ് എന്നൊക്കെയായിരുന്നു അന്ന് പ്രയോഗിച്ചിരുന്നത്. സത്യത്തില്‍ മുസ്‌ലിംകളല്ലാത്ത മുനാഫിഖുകളെയും മുസ്‌ലിം ഗണത്തിലായിരുന്നു പരിഗണിച്ചിരുന്നത്. അതുകൊണ്ട്, മേല്‍സൂക്തത്തിലെ 'ഇന്നല്ലദീന ആമനൂ' എന്നതിന്റെ വിവക്ഷ, മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ എന്നാണ്, അല്ലാതെ യഥാര്‍ഥ സത്യവിശ്വാസികള്‍ എന്നല്ല.
കേവല സാമുദായികമായ ഈ അവസ്ഥയെ തള്ളിപ്പറയുകയാണിവിടെ ഖുര്‍ആന്‍. യഥാര്‍ഥത്തില്‍ താന്‍ പരിഗണനീയമായി കാണുന്നതെന്ത് എന്നു പറയുന്നതിനു മുമ്പായി വ്യത്യസ്ത വിഭാഗങ്ങളെ അല്ലാഹു പരാമര്‍ശിക്കുന്നു, ആദ്യമായി മുസ്‌ലിംകളെ പറ്റിപറഞ്ഞു. തുടര്‍ന്ന് മറ്റുള്ളവരെയും.
2. والذين هادوا- 'യഹൂദികളായവര്‍' എന്നാണ് പദപ്രയോഗം. നേരത്തേ മുസ്‌ലിംകളെക്കുറിച്ച് പറഞ്ഞതുപോലെതന്നെ, യഹൂദവിശ്വാസസംഹിത ആദര്‍ശമായി അംഗീകരിച്ച് നല്ലനിലയില്‍ മുന്നോട്ടു പോകുന്നവരല്ല ഇവിടെ വിവക്ഷ. (ഇവരെക്കുറിച്ച് വഴിയെ വരും). യഹൂദവിഭാഗത്തില്‍ പെടുന്നവരെന്ന് പൊതുവെ പരിഗണിക്കപ്പെടുന്ന എല്ലാവരെയും സാമാന്യമായി 'യഹൂദികളായവര്‍' എന്ന പ്രയോഗം ഉള്‍ക്കൊള്ളുന്നു.
3. والنّصارى -'നസ്വാറാക്കള്‍' ക്രൈസ്തവധര്‍മം ആദര്‍ശമായി സ്വീകരിച്ച് ജീവിക്കുന്ന ക്രൈസ്തവരെ ഉദ്ദേശിച്ചല്ല ഈ പദപ്രയോഗവും. മൊത്തം ക്രൈസ്തവരാണ് ഇതിന്റെ വിവക്ഷ.
4. والصابئين - എന്നതിന്റെ ഉദ്ദേശ്യം ഇറാഖിലും പരിസര പ്രദേശങ്ങളിലും ജീവിച്ചിരുന്ന, നബിമാരുടെ അധ്യാപനങ്ങള്‍ സ്വീകരിച്ചതോടൊപ്പം മലക്കുകളെയും ഗ്രഹങ്ങളെയും ആരാധിച്ചിരുന്ന വിഭാഗമാണ്. ഇതും ഒരാദര്‍ശമെന്ന നിലയില്‍ സ്വാബിഈ മതം സ്വീകരിച്ച് ജീവിക്കുന്നവരെക്കുറിച്ചല്ല.
5. مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല' എന്ന സൂക്തഭാഗം ദുന്‍യാവിലെ പേരും തറവാടുമനുസരിച്ച് ജനങ്ങള്‍ വര്‍ഗീയമോ സാമുദായികമോ ആയ അടിസ്ഥാനത്തിലാണ് പരലോകത്ത് സമ്മേളിക്കപ്പെടുക എന്ന ധാരണയെ തിരുത്തുകയാണ് ചെയ്യുന്നത്. യഹൂദികളുടെ ധാരണ പാരത്രികമോക്ഷം തങ്ങളുടെ മാത്രം കുത്തകയാണ്. മറ്റാര്‍ക്കും ലഭ്യമല്ല എന്നാണ്. ക്രൈസ്തവരും തങ്ങള്‍ മാത്രമാണ് സ്വര്‍ഗാവകാശികളെന്ന് വിശ്വസിക്കുന്നു. ഇതുപോലെ ചില മുസ്‌ലിംകളും ധരിച്ചുവശായി. തങ്ങളുടെ പേരുകളും കുടുംബങ്ങളും ജനനവുമെല്ലാം ഇസ്‌ലാമും മുസ്‌ലിമുമായി ബന്ധപ്പെട്ടതായതുകൊണ്ട് പ്രത്യേക പരിഗണന ലഭിക്കുമെന്ന് തോന്നിത്തുടങ്ങി. മുകളിലെ എല്ലാ വിഭാഗങ്ങളുടെയും അബദ്ധ ചിന്തകളെ തകര്‍ക്കുന്നതാണ് ഈ സൂക്തം എന്നതാണ് യഥാര്‍ഥ വസ്തുത. കേലവ ബാഹ്യമായ സാമുദായികവും വിഭാഗീയവുമായ പരിഗണനകളുടെ അടിസ്ഥാനത്തിലല്ല മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ഥ വ്യത്യാസം പരിഗണിക്കപ്പെടുക. സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മത്തിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തുക. സത്യവിശ്വാസവും സല്‍ക്കര്‍മവും ഇല്ലാത്ത മുസ്‌ലിംകളെ വിശ്വാസിയായി ഖുര്‍ആന്‍ പരഗിണിക്കുന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുടെ പാരത്രിക മോക്ഷം സത്യവിശ്വാസികളുടേതാകില്ല. ഇതുപോലെ, യഹൂദ-നസ്രാണി-സ്വാബിഈ വിഭാഗങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നവര്‍ യഥാര്‍ഥ സത്യവിശ്വാസവും സല്‍ക്കര്‍മവും ആചരിച്ചു തുടങ്ങിയാല്‍ പിന്നീടവരെ യഹൂദി-നസ്രാണി-സ്വാബിഈകളായല്ല പരിഗണിക്കുക, മുസ്‌ലിംകളായാണ്. യഥാര്‍ഥ സത്യവിശ്വാസികളുടെയും സുകൃതവാന്മാരുടെയും കൂടെ പരലോകത്ത് അവര്‍ സമ്മേളിക്കുന്നതായിരിക്കും. സത്യവിശ്വാസം, സല്‍ക്കര്‍മങ്ങള്‍ എന്നീ ശ്രേഷ്ഠഗുണങ്ങള്‍ ഇല്ലെങ്കില്‍ മുസ്‌ലിം സമൂഹത്തിലെ അംഗം എന്ന പരിഗണനയാല്‍ മാത്രം അയാള്‍ക്ക് പരലോകത്ത് യാതൊരു നേട്ടവുമുണ്ടാവില്ല.
ജൂതന്മാരുടെയും ക്രൈസ്തവരുടെയും സാമുദായികവാദങ്ങള്‍
ജൂതന്മാരും ക്രൈസ്തവരും തികഞ്ഞ സാമുദായികതാവാദം ഉന്നയിച്ചിരുന്നതായി ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണമായി,
وَقَالُوا لَن يَدْخُلَ الْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَارَىٰۗ تِلْكَ أَمَانِيُّهُمْۗ قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ ﴿١١١﴾ بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١١٢﴾
'അവര്‍ പറയുന്നു. ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. (ക്രിസ്ത്യാനികളുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും. ഇതവരുടെ വ്യാമോഹങ്ങളാകുന്നു. അവരോട് പറയുക: ഈ വാദത്തില്‍ നിങ്ങള്‍ സത്യസനന്ധരാണെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക. സത്യം ഇതാകുന്നു: ഏതൊരുവന്‍ അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും പ്രയോഗത്തില്‍ സല്‍വഴിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുവോ, അവന് അവന്റെ റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല' (അല്‍ബഖറ: 111-112).
وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُمۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَۚ
'യഹൂദരും നസ്രായരും പറയുന്നു: ഞങ്ങള്‍ ദൈവത്തിന്റെ പുത്രന്മാരും അവനു പ്രിയപ്പെട്ടവരുമാണ്. അവരോട് ചോദിക്കുക: എങ്കില്‍പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്ത്? യഥാര്‍ഥത്തില്‍, നിങ്ങളും, ദൈവം സൃഷ്ടിച്ച മനുഷ്യരെപ്പോലുള്ള മനുഷ്യര്‍ തന്നെയാകുന്നു' (മാഇദ: 18).
ذَٰلِكَ بِأَنَّهُمْ قَالُوا لَن تَمَسَّنَا النَّارُ إِلَّا أَيَّامًا مَّعْدُودَاتٍۖ وَغَرَّهُمْ فِي دِينِهِم مَّا كَانُوا يَفْتَرُونَ ﴿٢٤﴾ فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿٢٥﴾
'അവര്‍ പറയുന്നു: നരകത്തീ ഞങ്ങളെ സ്പര്‍ശിക്കുകയില്ല. അഥവാ സ്പര്‍ശിച്ചാല്‍ തന്നെ ഏതാനും നാളത്തേക്കു മാത്രം. അവരുടെ സ്വയംകൃത വിശ്വാസപ്രമാണങ്ങള്‍ ദീന്‍ കാര്യത്തില്‍ വമ്പിച്ച വ്യാമോഹങ്ങളിലല്ലോ അവരെ അകപ്പെടുത്തിയിട്ടുള്ളത്. നിസ്സംശയം, വരാനിരിക്കുന്ന ഈ ഭയങ്കരനാളില്‍ നാം അവരെ ഒരുമിച്ചുകൂട്ടുമ്പോള്‍ എന്താണ് സംഭവിക്കുക! അന്നാളില്‍ ഓരോ മനുഷ്യന്നും അവന്റെ കര്‍മഫലം പൂര്‍ണരൂപത്തില്‍ നല്‍കപ്പെടുന്നതാകുന്നു. ആരുടെ നേരെയും അനീതി ഉണ്ടായിരിക്കുന്നതല്ല' (ആലുഇംറാന്‍: 24,25).
قُلْ إِن كَانَتْ لَكُمُ الدَّارُ الْآخِرَةُ عِندَ اللَّهِ خَالِصَةً مِّن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ ﴿٩٤﴾
'അവരോട് പറയുക: സത്യത്തില്‍ അല്ലാഹുവിങ്കലുള്ള പാരത്രികഗേഹം മറ്റു ജനങ്ങള്‍ക്കൊന്നുമില്ലാതെ നിങ്ങള്‍ക്കു മാത്രമുള്ളതാണെങ്കില്‍ നിങ്ങള്‍ മരിക്കാന്‍ കൊതിക്കുക, ആ വിചാരത്തില്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍' (അല്‍ബഖറ: 94).
മേല്‍സൂക്തങ്ങളെല്ലാം ഇരു വിഭാഗങ്ങളുടെയും സാമുദായികതാവിശുദ്ധിവാദത്തെ ഭര്‍ത്സിക്കുന്നവയാണ്. അല്ലാഹുവിന് ഏതെങ്കിലും സമുദായപക്ഷത്തോട് സവിശേഷമായ താല്‍പര്യമില്ല. ഏതെങ്കിലും ഒരുപക്ഷത്തിന് മാത്രമായി മോചനം തീറെഴുതി നല്‍കിയിട്ടുമില്ല. പ്രത്യേക സമുദായത്തിലെ അംഗം എന്ന നിലയില്‍, ഒരു സംഘത്തിന്റെ ഭാഗം എന്ന പരിഗണനയില്‍ അല്ലാഹു ആരോടും പ്രത്യേക അനുഭാവം പുലര്‍ത്തില്ല. മാനവസമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ അവര്‍ക്കിടയില്‍ ഒട്ടും വിവേചനമുണ്ടാവില്ല. അല്ലാഹുവിങ്കല്‍ സാമുദായികതകള്‍ക്കോ പക്ഷങ്ങള്‍ക്കോ അല്ല പരിഗണന, മൂല്യങ്ങള്‍ക്കും യാഥാര്‍ഥ്യനിഷ്ഠമായ നിലപാടുകള്‍ക്കുമാണ്. ഹൃദയവിശുദ്ധിയോടെ സത്യവിശ്വാസം സ്വീകരിക്കുകയും തദടിസ്ഥാനത്തില്‍ സുകൃതങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നല്ല പ്രതിഫലം ലഭിക്കുന്നതായിരിക്കും. ഇതില്ലെങ്കില്‍ വേദനാജനകമായ ശിക്ഷയില്‍നിന്ന് മോചനമേകുന്ന മറ്റുപാധികളൊന്നുമേ ഇല്ല.
ഇക്കാര്യം സംശയത്തിന് പഴുതില്ലാത്തവിധം വളരെ വ്യക്തമായി അല്ലാഹു പറയുന്നത് കാണുക:
لَّيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِۗ مَن يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِن دُونِ اللَّهِ وَلِيًّا وَلَا نَصِيرًا ﴿١٢٣﴾ وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ﴿١٢٤﴾
'കാര്യം നിങ്ങളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചല്ല, വേദവിശ്വാസികളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുമല്ല. തിന്മ ചെയ്യുന്നവനാരോ, അവന് അതിന്റെ പ്രതിഫലം ലഭിക്കും. അവന് അല്ലാഹുവിനെതിരില്‍ ഒരു രക്ഷകനെയോ തുണയെയോ കണ്ടെത്താനാവുന്നതല്ല. സല്‍ക്കര്‍മമനുഷ്ഠിക്കുന്നതാരോ, പുരുഷനാവട്ടെ, സ്ത്രീയാവട്ടെ, അവന്‍ സത്യവിശ്വാസിയാണെങ്കില്‍, അങ്ങനെയുള്ളവരാകുന്നു സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍. അവര്‍ അണുഅളവ് പോലും അനീതി ചെയ്യപ്പെടുകയുമില്ല' (അന്നിസാഅ് 123-124).
(മുസ്‌ലിംകളും യഹൂദരും ക്രൈസ്തവരും തമ്മില്‍ ഒരിക്കല്‍ സംവാദമുണ്ടായി. യഹൂദരും ക്രൈസ്തവരും ഞങ്ങളുടെ നബിമാര്‍ നിങ്ങളുടെ നബിയുടെ മുമ്പാണെന്നും ഞങ്ങളുടെ ഗ്രന്ഥം നിങ്ങളുടേതിനു മുമ്പാണെന്നും അതിനാല്‍ അല്ലാഹുവുമായി ഞങ്ങള്‍ക്കാണ് അടുപ്പമെന്നും വാദിച്ചു. അതിനു പ്രതികരണമായി മുസ്‌ലിംകള്‍, നിങ്ങളേക്കാള്‍ അല്ലാഹുവുമായി ഞങ്ങള്‍ക്കാണടുപ്പമെന്നും ഞങ്ങളുടെ നബി അന്ത്യപ്രവാചകനാണെന്നും ഞങ്ങളുടെ ഗ്രന്ഥം മുന്‍ഗ്രന്ഥങ്ങളെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നുവെന്നും വാദിച്ചു. ഈ പശ്ചാത്തലത്തിലാണ് മേല്‍സൂക്തം അവതരിച്ചത് - ഇബ്‌നുകസീര്‍- വിവ:).
ഒരാളെ സത്യവിശ്വാസിയായും സല്‍ക്കര്‍മിയായും പരിഗണിക്കാന്‍ എന്തെല്ലാം മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാവണം എന്നതല്ല മേല്‍സൂക്തത്തിലെ കേന്ദ്രാശയം. അക്കാര്യം മറ്റു ധാരാളം സൂക്തങ്ങളില്‍ വിസ്തരിച്ച് ഖുര്‍ആന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇവിടെ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് ദുന്‍യാവിലെ ബാഹ്യമായ പരിഗണനകളോ പ്രകടനങ്ങളോ അല്ല, ഓരോ വ്യക്തിയും സ്വന്തം നിലയില്‍ തന്റെ ആദര്‍ശ വിഷയകമായി സ്വീകരിക്കുന്ന നിലപാടുകളും തദടിസ്ഥാനത്തില്‍ കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് അല്ലാഹുവിങ്കല്‍ പരിഗണനീയം എന്ന അടിസ്ഥാന തത്ത്വമാണ്. ഈ സൂക്തവും വേണമെങ്കില്‍ ദുഷ്ടബുദ്ധികള്‍ക്ക് തെറ്റായി വ്യാഖ്യാനിക്കാം. അതായത്, മേല്‍സൂക്തത്തില്‍ അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തെക്കുറിച്ചേ പറഞ്ഞിട്ടുള്ളൂ, രക്ഷപ്പെടാന്‍ അത് മതി, ദൂതന്മാരിലോ വേദഗ്രന്ഥങ്ങളിലോ, ശരീഅത്ത് പിന്‍പറ്റേണ്ടതിലോ വിശ്വസിക്കേണ്ടതില്ല എന്ന് വാദിക്കാം. അതുപോലെ, ക്രിസ്ത്യാനി ക്രിസ്ത്യാനിസത്തിലും ജൂതന്‍ ജൂതായിസത്തിലും ഹൈന്ദവന്‍ ഹിന്ദുയിസത്തിലും മറ്റു മതക്കാര്‍ അതത് മതങ്ങളിലും ദൃഢമായി നിലകൊള്ളാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതെന്നും ഒരാള്‍ക്ക് വാദിക്കാം. ഖുര്‍ആനിലോ മുഹമ്മദീയ പ്രവാചകത്വത്തിലോ ഉള്ള വിശ്വാസം മോക്ഷോപാധിയല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാം. പക്ഷേ, യഥാര്‍ഥത്തില്‍ അത് ഖുര്‍ആനിനെ വ്യാഖ്യാനിക്കുകയല്ല, പരിഹസിക്കുകയാണ്. ഖുര്‍ആന്‍ മൊത്തം നിഷേധിക്കുന്നവര്‍ക്കേ അതംഗീകരിക്കാന്‍ കഴിയൂ.
അല്ലാഹുവിലുള്ള വിശ്വാസം
ഇസ്‌ലാമിന്റെ അടിസ്ഥാനം
അല്ലാഹുവിലുള്ള വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിത്തറ. അതുകൊണ്ടുതന്നെ സൂക്തത്തില്‍ എല്ലാറ്റിനും മുമ്പ് അത് പരാമര്‍ശിച്ചിരിക്കുന്നു. അല്ലാഹു ഉണ്ടെന്നും അവന്‍ ഏകനാണെന്നും സമ്മതിക്കുക മാത്രമല്ല അല്ലാഹുവിലുള്ള വിശ്വാസം എന്നതിന്റെ വിവക്ഷ. താഴെ സൂക്തം അത് വ്യക്തമാക്കുന്നുണ്ട്:
بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١١٢﴾
'ആര്‍ തന്റെ മുഖത്തെ ഇഹ്‌സാനോടെ (അല്ലാഹുവിന്) സമര്‍പ്പിച്ചുവോ അവന് തന്റെ നാഥങ്കല്‍ അവന്റെ പ്രതിഫലമുണ്ട്. അവര്‍ ഭയക്കേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടതുമില്ല' (അല്‍ബഖറ 112).
ഇവിടെ 'ഈമാന്‍' എന്നതിനെ, അല്ലാഹുവിന്റെ തൃപ്തിക്കനുസൃതമായി മനുഷ്യന്‍ തന്റെ മനസ്സിനെ വഴക്കിയെടുക്കുക -ഇസ്‌ലാം- എന്ന് വിശദീകരിച്ചിരിക്കുന്നു. ഈ വഴക്കത്തിന്റെയും വിധേയത്വത്തിന്റെയും പ്രതിഫലമായി പറഞ്ഞിരിക്കുന്നത് നാം ലേഖനത്തിന്റെ തുടക്കത്തില്‍ ചര്‍ച്ചക്കെടുത്ത ബഖറ 62-ല്‍ പറഞ്ഞിരിക്കുന്ന അതേ പ്രതിഫലം തന്നെയാണ്. ദുഃഖമില്ല, ഭയമില്ല.
ഈ സത്യവിശ്വാസത്തെ ഖുര്‍ആന്‍ മറ്റു സ്ഥലങ്ങളില്‍ വിശദമായിത്തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: അല്ലാഹുവിന്റെ നബിമാരും ഗ്രന്ഥങ്ങളും വഴി മാത്രമേ ഈ സത്യവിശ്വാസം സ്വായത്തമാക്കാന്‍ കഴിയുകയുള്ളൂ. അതിന് മറ്റു വഴികളില്ല. അല്ലാഹുവെയോ പരലോകത്തെയോ പറ്റി സ്വന്തം നിലയില്‍ വിശ്വാസം രൂപവല്‍ക്കരിക്കാനോ മൂല്യങ്ങള്‍ ആവിഷ്‌കരിക്കാനോ പല മതങ്ങളില്‍നിന്ന് പല ആശയങ്ങള്‍ തെരഞ്ഞെടുക്കാനോ ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ താന്‍ ഖുര്‍ആന്‍ വിവക്ഷിക്കുന്ന സത്യവിശ്വാസിയാണെന്ന് വാദിക്കാനോ കഴിയില്ല.
قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ﴿١٣٦﴾ فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَواۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍۖ
'നിങ്ങള്‍ പറയുക, അല്ലാഹുവിലും അവങ്കല്‍നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചുകിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചുകൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന് (അല്ലാഹുവിന്) കീഴ്‌പ്പെട്ടു ജീവിക്കുന്നവരുമാണ്' (ബഖറ: 136-137).
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
'ഇസ്‌ലാം' അല്ലാത്തതിനെ ആരെങ്കിലും ദീനായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും' (ആലുഇംറാന്‍ 85).
فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِۗ وَقُل لِّلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْۚ فَإِنْ أَسْلَمُوا فَقَدِ اهْتَدَواۖ وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُۗ
'ഇനി അവന്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണമായി അല്ലാഹുവിന് കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍പറ്റിയവരും (അങ്ങനെത്തന്നെ). വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്‌പ്പെട്ടുകഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞുകളഞ്ഞാലോ അവര്‍ക്ക് (ദിവ്യസന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ' (ആലുഇംറാന്‍ 20).
അല്ലാഹുവില്‍ വിശ്വസിക്കുക എന്നാല്‍, നബിമാരുടെയും വേദഗ്രന്ഥങ്ങളുടെയും അധ്യാപനങ്ങള്‍ക്കനുസൃതമായി ആ വിശ്വാസത്തെ ആധികാരികമാക്കുക എന്നത്രെ. അതാണ് ഇസ്‌ലാം. ഈ മാനദണ്ഡം എപ്പോള്‍ ഇല്ലാതാകുന്നുവോ, അതോടെ വിശ്വാസം അല്ലാഹുവിങ്കല്‍ സാധുവല്ലാതാകും.
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ
- 'അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു യഥാര്‍ഥ വിശ്വാസികള്‍' (അന്നൂര്‍ 62).
وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا
'ആര്‍ അല്ലാഹുവിനെയും അവന്റെ മലക്കുകളെയും അവന്റെ ഗ്രന്ഥങ്ങളെയും ദൂതന്മാരെയും അന്ത്യനാളിനെയും നിഷേധിക്കുന്നുവോ അവന്‍ വളരെ വിദൂരമായി വഴിപിഴച്ചിരിക്കുന്നു' (അന്നിസാഅ്: 136).
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا ﴿٨﴾ فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا ﴿٩﴾
'എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്റെയും അവന്റെ ദൂതന്മാരുടെയും കല്‍പനവിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു. അങ്ങനെ അവര്‍ അവരുടെ പര്യവസാനം ആസ്വദിച്ചു. അവരുടെ നിലപാടിന്റെ പര്യവസാനം നഷ്ടം തന്നെയാകുന്നു' (അത്ത്വലാഖ്: 8,9).
അല്ലാഹുവിലും അവന്റെ ദൂതന്മാരിലുമുള്ള വിശ്വാസത്തെ വേര്‍തിരിച്ചുകാണാന്‍ കഴിയില്ലെന്ന് ചുരുക്കം. തന്നെയുമല്ല, നബിമാരുടെയും വേദഗ്രന്ഥങ്ങളുടെയും മഹത്വം അംഗീകരിക്കുകയല്ല അവയിലുള്ള വിശ്വാസത്തിന്റെ വിവക്ഷ. മഹാത്മാ ഗാന്ധിയെ പോലുള്ളവര്‍ ദൈവത്തെ അംഗീകരിച്ചതുപോലെ വിശ്വസിച്ചാല്‍ പോരാ. വിശ്വാസത്തോടൊപ്പം കര്‍മപരമായ അനുധാവനം കൂടി വേണം.
മുകളിലെ സൂക്തങ്ങളെല്ലാം അല്ലാഹുവിലും അവന്റെ ദൂതന്മാരിലും ദൈവികഗ്രന്ഥങ്ങളിലുമെല്ലാമുള്ള വിശ്വാസം ഒരിക്കലും അറുത്തുമാറ്റാന്‍ കഴിയാത്തവയാണെന്ന് വ്യക്തമാക്കുന്നു. പ്രവാചകത്വത്തെ നിരാകരിക്കുന്നവന് വിശ്വാസിയാവുക സാധ്യമല്ല. ദൂതന്മാരിലും ദൈവികഗ്രന്ഥങ്ങളിലും വിശ്വസിക്കുകയെന്നാല്‍ ദൂതന്മാരുടെ മഹത്വവും സ്ഥാനവും താന്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നു പ്രഖ്യാപിക്കുകയുമല്ല. മഹാത്മാ ഗാന്ധിയുടേതുപോലുള്ള ദൈവവിശ്വാസം അല്ലാഹുവിലുള്ള വിശ്വാസമായി പരിഗണിക്കുകയില്ല. പ്രായോഗികതലത്തില്‍ പ്രവര്‍ത്തനമായി യാഥാര്‍ഥ്യമാകുമ്പോള്‍ മാത്രമേ വിശ്വാസം പരിഗണിക്കപ്പെടുകയുള്ളൂ. നബിയുടെ വാക്കുകളായിരിക്കണം അയാളുടെ തെളിവ്. നബിയുടെ അഭിപ്രായത്തിനു വിരുദ്ധമായി സ്വാഭിപ്രായമനുസരിച്ച് അയാള്‍ പ്രവര്‍ത്തിക്കാവതല്ല.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِۚ
'അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനായല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (അന്നിസാഅ്; 64)
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَۖ
'ദൂതനെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചു' (അന്നിസാഅ് 80).
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَۖ وَسَاءَتْ مَصِيرًا ﴿١١٥﴾
'സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞശേഷം ആരെങ്കിലും ദൂതനോട് എതിര്‍ത്തുനില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുകയുമാണെങ്കില്‍ അവന്‍ തിരിഞ്ഞ വഴിക്കു തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ ശിക്ഷിക്കുന്നതുമാണ്. നാമവനെ കരിക്കുന്നതുമാണ്. അതത്രെ മോശമായ പര്യവസാനം' (അന്നിസാഅ് 115).
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿٣٦﴾
'അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ ഒരു സത്യവിശ്വാസിക്കോ സത്യവിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തില്‍ സ്വന്തമായ അഭിപ്രായമുണ്ടാകാവതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചാല്‍ അവന്‍ വളരെ വിദൂരമായ വഴികേടിലായി' (അഹ്‌സാബ് 36).
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ﴿٦٥﴾
'നിന്റെ നാഥനാണ! അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അവര്‍ താങ്കളെ വിധികര്‍ത്താവാക്കുകയും നിങ്ങളുടെ തീരുമാനത്തെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ അവര്‍ക്ക് പ്രയാസം ഉണ്ടാകാതിരിക്കുകയും അവര്‍ സര്‍വാത്മനാ വിധേയരാവുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല' (അന്നിസാഅ് 65).
നബിമാരിലുള്ള വിശ്വാസത്തിന്റെ താല്‍പര്യം
ഒരു നബിയിലോ ഒരു സംഘം നബിമാരിലോ ഒരു ഗ്രന്ഥത്തിലോ അനേകം ഗ്രന്ഥങ്ങളിലോ വിശ്വസിച്ചതുകൊണ്ടുമാത്രം മനുഷ്യന് പ്രത്യേകിച്ച് പ്രയോജനമില്ല. എല്ലാ നബിമാരും എല്ലാ ഗ്രന്ഥങ്ങളിലും വിവേചനമന്യേ വിശ്വസിക്കണം. ഒരു നബിയെ അവിശ്വസിച്ചാല്‍ എല്ലാ നബിമാരെയും അവിശ്വസിച്ചതിനു തുല്യമാണ്.
إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا ﴿١٥٠﴾ أُولَٰئِكَ هُمُ الْكَافِرُونَ حَقًّاۚ
'അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവിന്റെയും അവന്റെ ദൂതന്മാരുടെയും ഇടയില്‍ വിവേചനം കല്‍പിക്കുകയും ഞങ്ങള്‍ ചിലതില്‍ വിശ്വസിക്കുകയും ചിലത് അവിശ്വസിക്കുകയും ചെയ്തു എന്നു പറയുകയും അതിനിടയില്‍ മറ്റൊരു വഴി തേടുകയും ചെയ്യുന്നവര്‍ അവരത്രെ യഥാര്‍ഥ സത്യനിഷേധികള്‍' (അന്നിസാഅ് 150,151). എല്ലാ നബിമാരെയും വേര്‍തിരിവില്ലാതെ വിശ്വസിക്കണം. അവര്‍ ഒരേയൊരു സന്ദേശത്തിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ഒരാളെ അവിശ്വസിക്കുക എന്നാല്‍ എല്ലാവരെയും അവിശ്വസിക്കുക എന്നാണര്‍ഥം. എന്നല്ല ഇസ്‌ലാമിനെത്തന്നെ തള്ളിപ്പറയുക എന്നാണ്. പത്താളുകള്‍ ഒരേ കാര്യം ആവര്‍ത്തിച്ചു പറഞ്ഞാല്‍ എല്ലാവരെയും നാം അംഗീകരിക്കേണ്ടിവരും. അല്ലെങ്കില്‍ എല്ലാവരെയും നിരാകരിക്കേണ്ടിവരും. ഒരാളെ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ നിവൃത്തിയില്ല.
ഒമ്പതു പേര്‍ പറഞ്ഞത് ശരിയാണ്, ഒരാള്‍ പറഞ്ഞത് മാത്രം കളവാണ് എന്നു പറയാന്‍ കഴിയില്ല. ഇതേപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക:
وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ ﴿٥٢﴾
'ഇത് നിങ്ങളുടെ ഏകസമുദായമാണ്. ഞാനാണ് നിങ്ങളുടെ റബ്ബ്. നിങ്ങള്‍ എന്നെ ഭയപ്പെടുക' (അല്‍മുഅ്മിനൂന്‍ 52).
شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِۚ
'നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം.....' (അശ്ശൂറാ 13).
ഈ പൊതു തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബിയിലും ഖുര്‍ആനിലും വിശ്വസിക്കണം. മുഹമ്മദ് നബി ഒഴികെയുള്ള നബിമാരില്‍ വിശ്വസിച്ചാല്‍, ഖുര്‍ആനൊഴികെയുള്ള ഗ്രന്ഥങ്ങളില്‍ വിശ്വസിച്ചാല്‍, എല്ലാ നബിമാരെയും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരോട് മുഹമ്മദ് നബിയിലും ഖുര്‍ആനിലും വിശ്വസിക്കാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. വിശ്വസിച്ചില്ലെങ്കില്‍ അവര്‍ നിഷേധികളായിരിക്കും.
وَلَمَّا جَاءَهُمْ كِتَابٌ مِّنْ عِندِ اللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا فَلَمَّا جَاءَهُم مَّا عَرَفُوا كَفَرُوا بِهِۚ فَلَعْنَةُ اللَّهِ عَلَى الْكَافِرِينَ ﴿٨٩﴾
'അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്) അവരാകട്ടെ, (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടിക്കൊടുക്കാന്‍ വേണ്ടി മുമ്പ് (അല്ലാഹുവോട്) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം' (അല്‍ബഖറ: 89).
نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ ﴿٣﴾ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌۗ
'അവര്‍ -അല്ലാഹു- ഈ വേദഗ്രന്ഥത്തെ -ഖുര്‍ആനിനെ- മുന്‍വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിനുമുമ്പ് തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്' (ആലുഇംറാന്‍ 3,4).
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰ أَدْبَارِهَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِۚ
'വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട് അവയെ പിന്‍വശങ്ങളിലേക്ക് മാറ്റുന്നതിനു മുമ്പായി അല്ലെങ്കില്‍ ശബ്ബത്തിന്റെ ആള്‍ക്കാരെ നാം ശപിച്ചതുപോലെ നിങ്ങളെയും ശപിക്കുന്നതിനു മുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍' (അന്നിസാഅ് 47).
ഈ വിഷയത്തില്‍ ഏറ്റവും വ്യക്തമായ സൂക്തമാണ് താഴെ:
وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللَّهِ وَمَا أُنزِلَ إِلَيْكُمْ وَمَا أُنزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ لَا يَشْتَرُونَ بِآيَاتِ اللَّهِ ثَمَنًا قَلِيلًاۗ أُولَٰئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْۗ إِنَّ اللَّهَ سَرِيعُ الْحِسَابِ ﴿١٩٩﴾
'തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. അവര്‍ അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്റെ വചനങ്ങള്‍ വിറ്റ് അവര്‍ തുഛമായ വിലവാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു' (ആലുഇംറാന്‍; 199).
നാം ചര്‍ച്ച ചെയ്യുന്ന വിഷയം ഏറ്റവും നന്നായി പ്രതിപാദിക്കുന്നതാണ് മേല്‍സൂക്തം. മുഹമ്മദ് നബി വന്ന ശേഷം അദ്ദേഹത്തിലും ഖുര്‍ആനിലും വേദവിശ്വാസികള്‍ നിര്‍ബന്ധമായും വിശ്വസിച്ചിരിക്കണമെന്ന് സൂക്തം പഠിപ്പിക്കുന്നു.
യഹൂദി യഹൂദിയായും ക്രൈസ്തവന്‍ ക്രൈസ്തവനായും ഹിന്ദു ഹിന്ദുവായും ജീവിച്ചാല്‍ പാരത്രികമോക്ഷം ലഭിക്കുമെന്ന് ബഖറ 62-ാം സൂക്തം വ്യാഖ്യാനിക്കുന്നത് പരമാബദ്ധമാണ്. തൗറാത്തും ഇഞ്ചീലും പിന്‍പറ്റാന്‍ ഖുര്‍ആനില്‍ യഹൂദ-ക്രൈസ്തവരോട് ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യമുണ്ടാവാം. മുഹമ്മദ് നബിയെയും ഖുര്‍ആനെയും അവഗണിച്ചു കൊണ്ട് തൗറാത്തും ഇഞ്ചീലും പിന്‍പറ്റുക എന്നല്ല അതിന്റെ അര്‍ഥം. പ്രത്യുത, മുഹമ്മദ് നബിയെ വിശ്വസിക്കാനും സത്യപ്പെടുത്താനും അദ്ദേഹത്തിന്റെ ദൗത്യം പിന്‍പറ്റാനുമായി തൗറാത്തും ഇഞ്ചീലും ആവര്‍ത്തിച്ചു നടത്തുന്ന ഉദ്‌ബോധനം ചെവിക്കൊള്ളണമെന്നാണ് അതിന്റെ അര്‍ഥം.
മറ്റൊരുവിധം പറഞ്ഞാല്‍, തൗറാത്തും ഇഞ്ചീലും പിന്‍പറ്റുക എന്നാല്‍ മുഹമ്മദ് നബിയെയും ഖുര്‍ആനെയും പിന്‍പറ്റുക എന്നു സാരം.
قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْكُم مِّن رَّبِّكُمْۗ
'നബിയേ! താങ്കള്‍ പറയുക: നിങ്ങള്‍ തൗറാത്തും ഇഞ്ചീലും നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്ന് അവതരിപ്പിച്ചുകിട്ടിയതും -ഖുര്‍ആനും നിലനിര്‍ത്തുന്നതുവരെ നിങ്ങള്‍ ഒന്നിലുമല്ല' (മാഇദ: 68).
الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُۙ أُولَٰئِكَ هُمُ الْمُفْلِحُونَ ﴿١٥٧﴾
ഖുര്‍ആന്‍ മാനവസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുന്നത് തൗറാത്തും ഇഞ്ചീലും സമര്‍പ്പിച്ച ആശയങ്ങള്‍ തന്നെയാണെന്നതുമാത്രമല്ല കാരണം. പ്രത്യുത, ഖുര്‍ആന്‍ മൊത്തം ദൈവിക സന്ദേശങ്ങളുടെ ഏറ്റവും ഒടുവിലെ (Latest-Last Edition) പതിപ്പാണ്. മുന്‍ സന്ദേശങ്ങളിലില്ലാത്ത ചിലവ അതിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, ഇപ്പോള്‍ ആവശ്യമില്ലാത്ത ചിലത് ഒഴിവാക്കിയിട്ടുണ്ട്. അത്രമാത്രം.
ഒടുവിലെ ദൈവിക സന്ദേശമായ ഖുര്‍ആനില്‍നിന്ന് പിന്തിരിയുന്നവര്‍ അല്ലാഹുവിനോട് തെറ്റുചെയ്യുക മാത്രമല്ല, അതിലെ ഐഹിക-പാരത്രിക നന്മകളെ തനിക്ക് നിഷേധിക്കുക കൂടിയാണ്.
يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَن كَثِيرٍۚ
'വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചുകൊിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊ് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു' (മാഇദ 15).
وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْۚ
'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ -മുഹമ്മദ് നബിയെ- പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തപ്പെടുന്നതാണ്). അദ്ദേഹം അവരോട് സദാചാരം കല്‍പിക്കുന്നു, നിഷിദ്ധത്തില്‍നിന്ന് അവരെ വിലക്കുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുന്നു. ചീത്ത വസ്തുക്കള്‍ അവര്‍ക്ക് നിഷിദ്ധമാക്കുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു' (അഅ്‌റാഫ്: 157).
സര്‍വോപരി, യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മുഹമ്മദ് നബിയിലും ഖുര്‍ആനിലും വിശ്വസിക്കാതെ നിവൃത്തിയില്ല. കാരണം, തൗറാത്തും ഇഞ്ചീലും മനുഷ്യരുടെ ഇടപെടലുകള്‍ക്ക് വിധേയമായിരിക്കുന്നു. അവയുടെ മൂലം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, മുഹമ്മദ് നബിയെ പിന്‍പറ്റാതെ മൂസാ-ഈസാ നബിമാരെ പിന്‍പറ്റാന്‍ കഴിയില്ല.
يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِۙ وَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِۚ
'വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍നിന്ന് അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക് ഉദ്‌ബോധനം നല്‍കപ്പെട്ടതില്‍ ഒരുഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു' (മാഇദ 13).
وَمِنَ الَّذِينَ قَالُوا إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِ
'ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍നിന്നും നാം കരാറ് വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉദ്‌ബോധനം നല്‍കപ്പെട്ടതില്‍നിന്ന് ഒരുഭാഗം അവര്‍ മറന്നുകളഞ്ഞു' (മാഇദ 14).
വേദക്കാരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച യഹൂദ-ക്രൈസ്തവ വിഭാഗങ്ങള്‍ക്കു തന്നെയും സന്മാര്‍ഗം പ്രാപിക്കാന്‍ മുഹമ്മദ് നബിയെ പിന്‍പറ്റണമെങ്കില്‍, -എല്ലാ സമുദായത്തിനും മാര്‍ഗദര്‍ശകന്‍ (لكل قوم هاد) ഉണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞ സ്ഥിതിക്ക് വേദാവകാശികളായി സങ്കല്‍പിക്കാവുന്ന ഇതര ജനവിഭാഗങ്ങള്‍ക്കും മുഹമ്മദ് നബിയെയും ഖുര്‍ആനെയും പിന്‍പറ്റാതെ എങ്ങനെയാണ് മോക്ഷം ലഭിക്കുക?
ഇസ്‌ലാം മാത്രമോ മോക്ഷമാര്‍ഗം?
'ഇസ്‌ലാം മാത്രമാണ് സത്യമെന്ന് ഇസ്‌ലാമിന് വാദമില്ല. മതവിശ്വാസികള്‍ തങ്ങളുടെ മതങ്ങളുപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കണമെന്ന് അതിന് നിര്‍ബന്ധമില്ല.' സര്‍വമത സത്യവാദികള്‍ ഉന്നയിക്കുന്നതാണിത്. തീര്‍ത്തും അപഹാസ്യമാണീ വാദം. രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരു നേര്‍രേഖ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുപോലെ അല്ലാഹു, മനുഷ്യന്‍ എന്നീ രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരു നേര്‍രേഖ മാത്രമേയുള്ളൂ. അല്ലാഹുവിനും മനുഷ്യര്‍ക്കുമിടയിലെ നേര്‍രേഖയാണ് ഇസ്‌ലാം - അഥവാ, ഇതര ജീവിത ദര്‍ശനങ്ങളെല്ലാം വക്രമാണെന്ന്. ഇസ്‌ലാം നേര്‍മാര്‍ഗമാണെന്ന് പറയുന്ന ഒരാള്‍ക്ക് മറ്റുള്ളവയും നേര്‍മാര്‍ഗമാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? എല്ലാ ദര്‍ശനങ്ങളും ഒരേപോലെ സത്യവും സ്വീകാര്യവുമാണെന്ന വാദം വ്യാജമായ സഹിഷ്ണുതാവാദമാണ്. ഖുര്‍ആന്‍ സകലശക്തിയുമുപയോഗിച്ച് അതിനെ ഖണ്ഡിക്കുന്നു. മുഹമ്മദ് നബിയോട് പരസ്യമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഖുര്‍ആന്‍ പറയുന്നു:
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾
'ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്' (അല്‍അന്‍ആം 153).
എല്ലാ മനുഷ്യരെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായാണ് നബി(സ) നിയോഗിതനായത്. താന്‍ പരമമായ സത്യത്തിലേക്കാണ് ക്ഷണിക്കുന്നതെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന് ഒട്ടും ചാഞ്ചല്യമുണ്ടായിരുന്നില്ല. വ്യത്യസ്ത വഴികള്‍ തേടുന്നവരുമായി പ്രീണനനയം സ്വീകരിച്ചില്ല. സഹിഷ്ണുത നല്ലതുതന്നെ. പക്ഷേ, ഖുര്‍ആനിനെക്കൊണ്ട് അത് പറയാത്തത് പറയിച്ച് സഹിഷ്ണുത സ്ഥാപിക്കേണ്ടതില്ല. മാനവസമൂഹത്തിന് ഇരുജീവിതങ്ങളിലും സൗഭാഗ്യം വേണമെങ്കില്‍ മുഹമ്മദ് നബിയെയും ഖുര്‍ആനിനെയും പിന്‍പറ്റണമെന്നു വളരെ വ്യക്തമായിത്തന്നെ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا
'(നബിയേ!) താങ്കള്‍ പറയുക! മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു' (അഅ്‌റാഫ്; 158).
وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَۚ
'ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അതു മുഖേന നിങ്ങള്‍ക്കും അത്(അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നതിനു വേണ്ടിയാകുന്നു' (അല്‍അന്‍ആം 19).
يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِۚ
'സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ -ഇസ്‌ലാമില്‍- പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക' (അല്‍ബഖറ: 208).
يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِن رَّبِّكُمْ فَآمِنُوا خَيْرًا لَّكُمْۚ وَإِن تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِۚ
'ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്മക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാണ്' (അന്നിസാഅ്: 170).
وَكَذَٰلِكَ أَنزَلْنَا إِلَيْكَ الْكِتَابَۚ فَالَّذِينَ آتَيْنَاهُمُ الْكِتَابَ يُؤْمِنُونَ بِهِۖ وَمِنْ هَٰؤُلَاءِ مَن يُؤْمِنُ بِهِۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُونَ ﴿٤٧﴾
'അതുപോലെ (തൗറാത്തും ഇഞ്ചീലും പോലെ) നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും -മക്കയിലെ ബഹുദൈവവിശ്വാസികളിലും- അതില്‍ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല' (അല്‍അന്‍കബൂത്ത് 47).
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِن رَّبِّهِمْۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ ﴿٢﴾ ذَٰلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِن رَّبِّهِمْۚ
'വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യം- വിശ്വസിക്കുകയും ചെയ്തവരാരോ, അവരില്‍നിന്ന് അവരുടെ തിന്മകള്‍ അവന്‍ -അല്ലാഹു- മായ്ച്ചു കളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടരുന്നത്. സത്യവിശ്വാസികളാവട്ടെ, തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്' (മുഹമ്മദ് 2,3).
قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا ﴿١٠﴾ رَّسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِّيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِۚ
'തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉദ്‌ബോധകനെ, അഥവാ, അല്ലാഹുവിന്റെ വ്യക്തമായ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് ആനയിക്കാന്‍ വേണ്ടി' (ത്വലാഖ് 10,11).
മുകളില്‍ കൊടുത്ത സൂക്തങ്ങളത്രയും, പറയുന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ആത്മവിശ്വാസവും പരമസത്യത്തിലാണെന്ന കണിശമായ ബോധ്യവുമുള്ള മുഹമ്മദ് നബിയുടെ പ്രഖ്യാപനങ്ങളാണ്. ദുര്‍ബലചിത്തരുടെയും രോഗഗ്രസ്തമായ ആത്മാവുമുള്ളവരുടെയും വിതണ്ഡാശയങ്ങള്‍ക്ക് മുമ്പില്‍ ആ പ്രഖ്യാപനങ്ങള്‍ ക്ഷയിക്കില്ല. എല്ലാവരുടെയും തൃപ്തി നേടാന്‍ ശ്രമിക്കുന്നത് പാഴ്‌വേല മാത്രമാണെന്നേ പറയാനുള്ളൂ.
(ഖലീല്‍ അഹ്‌മദ് ഹാമിദി സമാഹരിച്ച 'അല്‍ ഇസ്‌ലാം ഫീ മുവാജഹത്തിത്തഹദ്ദിയാത്തില്‍ മുആസ്വിറ' എന്ന കൃതിയില്‍നിന്ന്. പ്രസാധനം ദാറുല്‍ ഖലം, കുവൈത്ത്)
വിവ: കെ.എ.എല്‍