മരീചികക്കു പിറകെ പായുന്നവര്‍
മനുഷ്യര്‍ വിവരേക്കടും വിഡ്ഢിത്തവും പലേപ്പാഴും പറയാറുണ്ട്. പക്ഷേ, സര്‍വമത സത്യവാദിയാകാന്‍ ചിലയാളുകള്‍ക്ക് കഴിയുന്നത് അത്യത്ഭുതകരമാണ്. ഭിന്നവിരുദ്ധങ്ങളായ ആശയാദര്‍ശങ്ങളും കര്‍മാനുഷ്ഠാനങ്ങളുമെല്ലാം ഒരുപോലെ ശരിയും സത്യവുമാണന്ന് അംഗീകരിക്കാന്‍ മനുഷ്യബുദ്ധി െക്കങ്ങെന സാധിക്കും? കഥയില്‍ ചോദ്യമില്ലാത്ത പോലെ വിശ്വാസത്തിലും ചോദ്യമില്ലായിരിക്കും!
കേള്‍ക്കാന്‍ സുഖമുള്ള ഒന്നാണ് സര്‍വമത സത്യവാദം. ആരെയും മുഷിപ്പിക്കാതെ, എല്ലാവരെയും ഒരുപോലെ സുഖിപ്പിക്കാന്‍ അതിന് സാധിക്കും. ആര്‍ക്കും ഒരു മാറ്റവും ആവശ്യമില്ല, പോകുന്നതു പോലെ പോയാല്‍ ലക്ഷ്യത്തിലെത്താം, മോക്ഷം നേടാം. എല്ലാ വഴികളും എത്തിക്കുന്നത് റോമിലേക്കാണല്ലോ.
ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നുകൊണ്ട് സര്‍വമത സത്യവാദത്തിന് തെളിവന്വേഷിക്കുന്നത് മരീചികയുടെ പിന്നാലെയുള്ള നെട്ടോട്ടമാണ്. ഇസ്‌ലാമിക പ്രത്യയശാസ്ത്രം മുച്ചൂടും നിരാകരിക്കുന്ന ഒരാശയമാണ് ഇസ്‌ലാമികേതര വിശ്വാസസംഹിതകളുടെ സാധുത. അത് ഇസ്‌ലാമിന്റെ സങ്കുചിതത്വം കൊണ്ടോ മതാന്ധത കൊണ്ടോ അല്ല. അന്യമതങ്ങളെയും വിശ്വാസദര്‍ശനങ്ങളെയും ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും അവയുമായി സഹവര്‍ത്തിത്വം പുലര്‍ത്തുന്നതിലും ഏറ്റവും മുന്‍പന്തിയിലാണ് ഇസ്‌ലാം. പക്ഷേ, സത്യം ഒന്നേയുള്ളൂവെന്നും അതുമാത്രമാണ് മോക്ഷമാര്‍ഗമെന്നും ഇസ്‌ലാം തീര്‍ത്തു പറയുന്നുണ്ട്. അതുപക്ഷേ, ഓരോരുത്തരും സ്വയം തൃപ്തിപ്പെട്ട് അംഗീകരിക്കേണ്ടതും പ്രയോഗവല്‍ക്കരിക്കേണ്ടതുമാണ്. അക്കാര്യത്തില്‍ അല്‍പംപോലും സമ്മര്‍ദമോ ബലപ്രയോഗമോ പാടില്ല. അത് സ്വീകരിക്കുന്നതിന്റെയും നിരാകരിക്കുന്നതിന്റെയും ഗുണദോഷങ്ങള്‍ ആത്യന്തികമായി അനുഭവിക്കേണ്ടിവരിക മരണാനന്തര ജീവിതത്തിലാണ്.
ഇസ്‌ലാം അവതരിപ്പിക്കുന്ന കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ഒരുതവണ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആര്‍ക്കും അത് അവ്യക്തമാകില്ല. അത് ഇപ്രകാരം സംഗ്രഹിക്കാം: മനുഷ്യാരംഭം മുതല്‍ അല്ലാഹു നല്‍കിയ സന്മാര്‍ഗ ദര്‍ശനം ഇസ്‌ലാമാണ്
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُۗ
'അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്' (ആലുഇംറാന്‍: 19). അതംഗീകരിക്കുന്നവരെയെല്ലാം വിളിക്കുന്ന പേരാണ് മുസ്‌ലികള്‍.
هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا
'അവന്‍ നിങ്ങള്‍ക്ക് ഇതിനു മുമ്പും ഇപ്പോഴും മുസ്‌ലിമുകളെന്ന് നാമകരണം ചെയ്തിരിക്കുന്നു' (അല്‍ഹജ്ജ്: 78). പ്രവാചകന്മാരുടെ പിതാമഹന്‍ ഇബ്‌റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു:
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ
'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നിന്റെ മുസ്‌ലിമുകളാക്കേണമേ! ഞങ്ങളുടെ സന്താനങ്ങളെയും നിന്റെ മുസ്‌ലിം സമുദായമാക്കേണമേ!' (അല്‍ബഖറ: 128). യഅ്ഖൂബിന്റെ സന്തതികള്‍ക്ക് (ഇസ്രാഈല്‍ സമുദായം) അദ്ദേഹം നല്‍കിയ ഉപദേശം ഇതായിരുന്നു:
إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
'അല്ലാഹു ഈ മതം നിങ്ങള്‍ക്ക് തെരഞ്ഞെടുത്തു തന്നിരിക്കുന്നു. നിങ്ങള്‍ മുസ്‌ലിമുകളായല്ലാതെ മരിക്കരുത്' (അല്‍ബഖറ: 132).
وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُۚ قَاتَلَهُمُ اللَّهُۚ
'ജൂതര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്ത്രവര്‍ പറയുന്നു, മസീഹ് ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ വെറും വര്‍ത്തമാനമാണ്. അല്ലാഹു അവരെ ശപിക്കട്ടെ' (അത്തൗബ: 30)
لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْۖ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُۖ
'മര്‍യമിന്റെ മകന്‍ മസീഹ് ദൈവമാണെന്ന് പറഞ്ഞവര്‍ കാഫിറുകളായിരിക്കുന്നു. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം വിലക്കിയിരിക്കുന്നു. അവരുടെ സങ്കേതം നരകമാണ്' (അല്‍ മാഇദ: 72).
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ
'വേദക്കാരും ബഹുദൈവവിശ്വാസികളുമായ കാഫിറുകളെല്ലാം നരകാഗ്നിയിലാണ്' (അല്‍ ബയ്യിന: 6).
ഇതെല്ലാം വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കിയ കാര്യങ്ങളാണ്. ഇസ്‌ലാമേതര വിശ്വാസ സംഹിതകളെ നിരാകരിക്കുന്ന പരശ്ശതം സൂക്തങ്ങള്‍ ഇനിയും കാണാം. വിശ്വാസികളെ 'മുസ്‌ലിംകള്‍' എന്നോ 'മുഅ്മിനുകള്‍' എന്നോ വിളിക്കുമ്പോള്‍ വിശ്വസിക്കാത്തവരെ 'കാഫിറുകള്‍' എന്നോ 'മുശ്‌രിക്കുകള്‍' എന്നോ വിളിക്കുന്നു. ഇതില്‍ വിശ്വാസികള്‍ക്ക് മാത്രമേ അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നുള്ളൂ.
وَعَدَ اللَّهُ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ
'വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും അല്ലാഹു സ്വര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നു' (അത്തൗബ: 72).
إِنَّ الَّذِينَ كَفَرُوا لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًاۖ وَأُولَٰئِكَ هُمْ وَقُودُ النَّارِ
'കാഫിറുകളെ അവരുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷിക്കുകയില്ല. അവര്‍ നരകത്തിന്റെ വിറകു തന്നെയാകും' (ആലുഇംറാന്‍: 10).
وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا
'സത്യനിഷേധികള്‍, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം മരുഭൂമിയിലെ മരീചിക പോലെയാണ്. ദാഹാര്‍ത്തന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. എന്നാല്‍ അവിടെയെത്തുമ്പോള്‍ യാതൊന്നും അവന് കണ്ടെത്താന്‍ സാധിക്കില്ല' (അന്നൂര്‍: 39).
എല്ലാ മത-ചിന്താ പ്രസ്ഥാനങ്ങളും വിശ്വസിക്കുന്നത് തങ്ങളാണ് സന്മാര്‍ഗചാരികള്‍ എന്നാണ്. ജൂതനോ ക്രിസ്ത്യാനിയോ ആകാതെ സ്വര്‍ഗപ്രാപ്തി സാധ്യമല്ല എന്നായിരുന്നുവല്ലോ വേദക്കാരുടെ അവകാശവാദം. എന്നാല്‍ സത്യം ഒന്നേയുള്ളൂവെന്നും അതാണ് ഇസ്‌ലാമെന്നുമാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. ആ സത്യമാര്‍ഗം കണ്ടെത്തി അതനുസരിച്ച് ജീവിക്കുന്നുവോ ഇല്ലയോ എന്ന് പരീക്ഷിക്കുകയാണ് മനുഷ്യസൃഷ്ടിയുടെ ലക്ഷ്യം. ഇത് സങ്കുചിതത്വമോ മതതീവ്രതയോ അല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചിന്താ ധാരകളുടെയും വൈവിധ്യം നമുക്കറിയാം. ഏറ്റവും ഉത്തമം എന്ന് ഓരോരുത്തര്‍ക്കും തോന്നുന്നത് സ്വീകരിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എല്ലാം ശരിയാണെന്ന് ആരും പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അത് സങ്കുചിതത്വമായി കാണുന്നുമില്ല.