പ്രകൃതിവിരുദ്ധതയുടെ ധാര്‍മിക പ്രത്യാഘാതങ്ങള്‍; പരിസ്ഥിതി ചൂഷണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പഠനം
അസ്‌ലം റാശിദ്
ഭൂമിയില്‍ മനുഷ്യജീവിതം സാധ്യമാകുന്നത് വ്യക്തികളും സമൂഹങ്ങളും അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് ബോധവാന്മാരാകുമ്പോഴാണ്. ഇവ രണ്ടും വസ്ത്രത്തില്‍ ഊടും പാവും എന്ന കണക്കെ സമൂഹതലത്തില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. 'എ'യുടെ അവകാശം 'ബി'യുടെ ബാധ്യതയാണ്. അഥവാ, 'ബി' ബാധ്യത നിര്‍വഹിക്കുമ്പോള്‍ മാത്രമേ, 'എ'ക്ക് തനിക്കര്‍ഹതപ്പെട്ട അവകാശം ലഭിക്കുകയുള്ളൂ.
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِۚ
'ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരോട് കടമയുള്ളതുപോലെ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാരില്‍നിന്ന് ന്യായമായ അവകാശങ്ങള്‍ ലഭിക്കാനുണ്ട്' (അല്‍ബഖറ: 228) 'എന്റെ ഭാര്യ എനിക്കു വേണ്ടി സൗന്ദര്യം ചമയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതുപോലെ, ഞാന്‍ അവള്‍ക്കുവേണ്ടിയും സൗന്ദര്യം ചമയേണ്ടതുണ്ട്'
)إنّنى أحبّ أن أتزين لامرأتي كما أحبّ أن تتزين لي(
എന്ന ഇബ്‌നു അബ്ബാസിന്റെ പ്രസ്താവന ഇതിന്റെ വാചാലമായ വിശദീകരണമാണ്.
أصل الحقّ المطابقة والموافقة كمطابقة رجل الباب فى حقّه لدورانه على استقامة
(മറ്റു ചില അര്‍ഥങ്ങള്‍ക്കൊപ്പം) അവകാശം, കടം എന്നര്‍ഥമുള്ള 'ഹഖ്' എന്ന പദത്തിന്റെ അടിസ്ഥാനാശയം' വാതിലിന്റെ കാല്‍ കൃത്യതയോടെ കറങ്ങാന്‍ കഴിയുമാറ് ചേര്‍ന്നും യോജിച്ചതുമാവുക' എന്നാണ്.1 കുറ്റിയില്‍ നില്‍ക്കുന്നതോടൊപ്പം കൃത്യതയോടെ വശങ്ങളിലേക്ക് അടഞ്ഞും തുറന്നുമാണല്ലോ വാതിലിന്റെ പ്രവര്‍ത്തനം. ഇതുപോലെ അവകാശ ബാധ്യതകളെ സമൂഹത്തിന്റെ സുരക്ഷക്കുള്ള വഴക്കമുള്ള വാതിലുകളായി കാണാം. ജനനത്തിനു മുമ്പ് തുടങ്ങി, ജീവിതത്തിലൂടെ വികസിച്ച് മരണാനന്തരവും തുടരുന്നതാണ് അവകാശങ്ങളും ബാധ്യതകളും. ഭ്രൂണഹത്യാ നിരോധം, കുഞ്ഞുങ്ങളെ മുലയൂട്ടല്‍, മൃതദേഹത്തോടുള്ള ആദരവ് മുതലായവ ഉദാഹരണം. 'നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ വധിക്കരുത്.' 'മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ രണ്ടു വര്‍ഷം മുഴുവനായി മുലയൂട്ടിയിരിക്കണം.' 'മൃതദേഹങ്ങള്‍ മാന്യമായും ആദരവോടെയും സംസ്‌കരിക്കണം' എന്നീ ശരീഅത്ത് നിയമങ്ങള്‍ ഇതുസംബന്ധമായ പല പരിഗണനകളില്‍ ചിലതു മാത്രം.
കടമകള്‍/അവകാശങ്ങള്‍ നാലു വിധം
1. അല്ലാഹുവിന്റെ അവകാശം.
നബി(സ) പറയുന്നു:
فإنّ حقّ الله على العباد أن يعبدو الله ولا يشركوا به شيئا
'അല്ലാഹുവിന് മനുഷ്യരില്‍നിന്ന് ലഭിക്കേണ്ട അവകാശം അവര്‍ അവനു മാത്രം ഇബാദത്ത് ചെയ്യുക എന്നതും അവര്‍ അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക എന്നതുമാണ്' (മുസ്‌ലിം). ഇബാദത്ത് ഒരേസമയം അല്ലാഹുവിന്റെ അവകാശവും മനുഷ്യരുടെ ബാധ്യതയുമാണെന്നര്‍ഥം.
2. മനുഷ്യരുടെ മാത്രം അവകാശം
മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഒരാള്‍ക്ക് മറ്റൊരാളില്‍നിന്ന് വല്ലതും ന്യായമായി ലഭിക്കാനുണ്ടെങ്കില്‍ കൊടുക്കാനുള്ളയാള്‍ അത് കൊടുത്തു വീട്ടിയിരിക്കണം. വീട്ടുന്നതുവരെ അയാളുടെ തൗബ സ്വീകരിക്കപ്പെടില്ല. അഥവാ കിട്ടാനുള്ളയാള്‍ അത് വിട്ടുകൊടുത്തിരിക്കണം.
3. അല്ലാഹുവിന്റെയും മനുഷ്യരുടെയും സംയുക്താവകാശം (കൂടുതല്‍ അവകാശം അല്ലാഹുവിന്)
വ്യഭിചാരാരോപണം ഉദാഹരണം. വ്യഭിചാരാരോപിതന്റെ അഭിമാനം, അല്ലാഹുവിന്റെ അവകാശമാണ്. അന്യായമായി ആരോപിതനാവാതിരിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും മൗലികാവകാശമാണ്. വിവാഹമോചിതയുടെ ഇദ്ദാചരണം മറ്റൊരു ഉദാഹരണം. വംശപരമ്പരയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താതിക്കുക എന്നത് അല്ലാഹുവിന്റെ അവകാശമാണ്. തനിക്ക് ഭാര്യയില്‍ ജനിച്ച മക്കള്‍ ആരെല്ലാമാണെന്ന് തെളിഞ്ഞ രീതിയില്‍ ജനങ്ങള്‍ക്ക് ബോധ്യമാവുക എന്നത് (മരിച്ച) ഭര്‍ത്താവിന്റെ അവകാശമാണ്.
4. അല്ലാഹുവിന്റെയും മനുഷ്യരുടെയും സംയുക്താവകാശം (കൂടുതല്‍ അവകാശം മനുഷ്യന്).
കൊലപാതകത്തിന്റെ പ്രതിക്രിയ ഉദാഹരണം. കൊലപാതകം അല്ലാഹുവിന്റെ അവകാശത്തിന്റെ ധ്വംസനമാണ്. അതോടൊപ്പം വധിക്കപ്പെട്ടയാളെ സംബന്ധിച്ചേടത്തോളം അത് അയാളുടെ വ്യക്തിത്വത്തിന്റെയും അസ്തിത്വത്തിന്റെയും ഹീനമായ നിഷ്‌കാസനവുമാണ്.
ജീവജാലങ്ങളുടെ അവകാശങ്ങള്‍
അല്ലാഹുവിന്റെയും മനുഷ്യരുടെയും അവകാശങ്ങള്‍ക്കു പുറമെ സകല ജീവജാതികളുടെയും അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്. ഭൂമിയും പരിസ്ഥിതിയും എല്ലാ ജീവജാലങ്ങള്‍ക്കുമായാണ് അല്ലാഹു സൃഷ്ടിച്ചു സംവിധാനിച്ചത്.
وَالْأَرْضَ وَضَعَهَا لِلْأَنَامِ
'ഭൂമിയെ അവന്‍ -അല്ലാഹു- ജീവജാലങ്ങള്‍ക്കായി സൃഷ്ടിച്ചു' (അര്‍റഹ്‌മാന്‍: 10) എന്നു പറയുന്ന ഖുര്‍ആന്‍ ഭൂമിയുടെ പരിപാലനച്ചുമതല മനുഷ്യനെ ഏല്‍പ്പിച്ചു.
هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا
'അല്ലാഹുവാണ് നിങ്ങളെ ഭൂമിയില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിങ്ങളെ പരിപാലനച്ചുമതല ഏല്‍പിക്കുകയും ചെയ്തു' (ഹൂദ്: 61) എന്നുകൂടി പറയുന്നുണ്ട്. അതായത്, ഭൂമിയിലെ അവകാശികളായ അവയുടെ ജൈവാവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ നാം ബാധ്യസ്ഥരാണെന്നര്‍ഥം. വായു, വെള്ളം, മണ്ണ്, വെളിച്ചം, സസ്യലതാദികള്‍ തുടങ്ങി ഭൂമിയില്‍ ജൈവസാന്നിധ്യം സാധ്യമാക്കുന്ന എല്ലാ ഘടകങ്ങളെയും ഉള്‍ക്കൊള്ളുന്ന പദമാണ് പരിസ്ഥിതി. ഈ അര്‍ഥത്തില്‍ നമ്മുടെ ബാധ്യതകള്‍ വളരെ കൂടുതലാണ്, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുംവിധം വിശാലവുമാണ്.
ഈ വിഷയകമായ ചില നബിവചനങ്ങള്‍ കാണുക:
من وجد دابّة قد عجز عنها أهلها أن يعلفوها فسيّبوها فأخذها فأحياها فهي له
'തീറ്റ കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഉടമകള്‍ കൈയൊഴിഞ്ഞ മൃഗത്തെ ലഭിക്കുന്നവര്‍ അതിനെ ഏറ്റെടുത്ത് അതിന് ജീവിതം നല്‍കിയാല്‍ അത് അവര്‍ക്ക് അവകാശപ്പെട്ടതായിരിക്കും.'2
من ترك دابّة بمهلك فأحياها رجل فهي لمن أحياها
'ആരെങ്കിലും ഒരു മൃഗത്തെ ജീവന്‍ പോവാറായ അവസ്ഥയില്‍ ഉപേക്ഷിക്കുകയും മറ്റൊരാള്‍ അതിനെ ജീവിപ്പിക്കുകയും ചെയ്താല്‍ അത് ജീവിപ്പിച്ചയാള്‍ക്ക് അവകാശപ്പെട്ടതായിരിക്കും.'3
വളര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉടമക്ക് മൃഗത്തെ കൈയൊഴിയാമെന്ന് സാരം. ഇമാം ശാഫിഈ, ഉടമ മൃഗത്തിന് തീറ്റ നല്‍കുകയോ അതിനെ വില്‍ക്കുകയോ മേയാന്‍ പറ്റിയ സ്ഥലത്ത് ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു. ആവശ്യമെങ്കില്‍ അതിനായി ഉടമയെ നിര്‍ബന്ധിക്കണമെന്നാണ് അബൂ ഹനീഫയുടെ അഭിപ്രായം. ഇബ്‌നു റസ്‌ലാന്റെ വീക്ഷണത്തില്‍ കൈയൊഴിയാതെ, തീറ്റിപ്പോറ്റണം എന്നാണ്.
നബി (സ) പറയുന്നു: ''ഒരാള്‍ ഒരു വഴിക്ക് നടന്നുപോകുന്നതിനിടെ ദാഹിച്ചു വിവശനായി. കിണര്‍ കണ്ട അയാള്‍ അതില്‍ ഇറങ്ങി വെള്ളം കോരിക്കുടിച്ച് ദാഹം തീര്‍ന്ന് പുറത്തേക്കു വന്നു. അപ്പോള്‍, അവിടെ ഒരു നായ ദാഹിച്ച് നാവു പുറത്തേക്കു നീട്ടി നില്‍ക്കുന്നതായി കണ്ടു. അത് ദാഹത്താല്‍ പൊടിമണ്ണ് തിന്നുന്നുണ്ടായിരുന്നു. അയാള്‍ ആത്മഗതം ചെയ്തു: 'എനിക്ക് ദാഹിച്ചതുപോലെ ഇതിനും കടുത്ത ദാഹമുണ്ട്.' അയാള്‍ കിണറ്റില്‍ ഇറങ്ങി തന്റെ ഷൂവില്‍ വെള്ളം നിറച്ച്, വായകൊണ്ട് കടിച്ചുപിടിച്ച് കിണറില്‍നിന്ന് കയറി നായക്ക് കുടിക്കാന്‍ കൊടുത്തു. അല്ലാഹു അയാള്‍ക്ക് നന്ദി ചെയ്തു. അവന്‍ അയാളുടെ പാപം പൊറുത്തുകൊടുത്തു. ''ഇതു കേട്ട സ്വഹാബികള്‍ ചോദിച്ചു: 'മൃഗങ്ങള്‍ക്ക് നന്മ ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ?'
നബി(സ):
في كلّ كبد رطبة أجر
4 'എല്ലാ പച്ചക്കരളിലും പ്രതിഫലമുണ്ട്.'
എല്ലാ ജീവജാലങ്ങള്‍ക്കും അല്ലാഹു അവയുടേതായ തോതും ധര്‍മവും നിശ്ചയിച്ചിട്ടുണ്ട്. ഒന്നും വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല.
وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمۚ
'ഭൂമിയിലുള്ള ഏതൊരു ജീവിയും ഇരു ചിറകുകളില്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലുള്ള സമുദായങ്ങളാകുന്നു' (അര്‍റൂം: 38). അവയെ ഏതെങ്കിലും തരത്തില്‍ നശിപ്പിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഒരു നേതൃത്വത്തിനു കീഴില്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഉമ്മത്ത്. എല്ലാ ജീവജാലങ്ങള്‍ക്കും ലക്ഷ്യവും കൂട്ടായ്മയും നേതൃത്വവും നിര്‍ണിത ദൗത്യവുമു്. ഈ പരിഗണന മനുഷ്യര്‍ അവക്ക് വകവെച്ചുകൊടുക്കണം.
ചില നബിവചനങ്ങള്‍ കാണുക:
أن نملةً قرصت نبيًّا من الأنبياء ، فأمر بقرية النّمل فأحرقتْ ، فأوحى الله إليه : أفي أن قرصتك نملة أهلكت أمّة من الأمم تسبّح
'ഒരു ഉറുമ്പ് നബിയെ കടിച്ചു. ഉറുമ്പുകള്‍ പാര്‍ക്കുന്ന ഇടം കത്തിച്ചുകളയാന്‍ അദ്ദേഹം കല്‍പിച്ചു. അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കി: ഒരു ഉറുമ്പ് കടിച്ചു എന്നതിന്റെ പേരിലാണോ നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ഒരു 'സമുദായ'ത്തെ നശിപ്പിച്ചുകളഞ്ഞത്'5
ഇബ്‌നു അബ്ബാസില്‍നിന്ന്:
نهي عن قتل أربع من الدّوبّ : النّملة ، والنّحلة، والهدهد، والصّرد
'നാലു തരം ജീവികളെ കൊല്ലുന്നത് നബി(സ) നിരോധിച്ചു. ഉറുമ്പ്, തേനീച്ച, മരംകൊത്തി, പുള്ള് (ഒരുതരം ചെറുപക്ഷി).'6
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍നിന്ന്: 'ഞങ്ങള്‍ നബി(സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു. അതിനിടയില്‍ അവിടുന്ന് തന്റെ ഏതോ ആവശ്യത്തിനായി പോയി. അപ്പോള്‍, ഞങ്ങള്‍ തലയില്‍ ചുവപ്പു നിറമുള്ള ഒരു അടക്കാകിളിയെ രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടു. ഞങ്ങള്‍ കുഞ്ഞുങ്ങളെ എടുത്തു. അപ്പോള്‍ തള്ളപ്പക്ഷി ചിറകടിച്ചു പറന്നു. തിരിച്ചെത്തിയ നബി പറഞ്ഞു:
من فجع هذا بولدها؟ ردّوا ولدها إليها
'മക്കളുടെ പേരില്‍ ഈ തള്ളപ്പക്ഷിയെ വേദനിപ്പിച്ചതാരാണ്? അതിന്റെ കുഞ്ഞിനെ മടക്കിക്കൊടുക്കൂ!'
ഞങ്ങള്‍ കത്തിച്ചുകളഞ്ഞ ഉറുമ്പിന്‍ താവളങ്ങള്‍ കണ്ട് നബി പറഞ്ഞു:
إنّه لا ينبغي أن يعذّب بالنار الاّ ربّ النّار
'തീ കൊണ്ട് തീയുടെ നാഥനായ അല്ലാഹു അല്ലാതെ ശിക്ഷിക്കാവതല്ല.'7
من قتل عصفورا فما فوقها بغير حسابها سأل الله عنها يوم القيامة قيل يارسول الله وما حقّها؟ قال: حقّها أن تذبحها فتأكلها ولا تقطع رأسها فيرمى بها
'ആരെങ്കിലും ഒരു പൈങ്കിളിയെയോ അതിനു മുകളിലുള്ളതിനെയോ അന്യായമായി കൊന്നാല്‍ അല്ലാഹു അന്ത്യനാളില്‍ അതിനെ പറ്റി ചോദിക്കും. ആരോ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് അതിന്റെ ന്യായം? നബി: അറുത്തു തിന്നുക. വെറുതെ തലയറുത്ത് കളയാതിരിക്കുക.'8
من قتل عصفورا عبثا عجّ إلى الله يوم القيامة يقول: يا ربّ إن فلانا قتلنيى عبثا ، ولم يقتلنى لمنفعةٍ
'ആരെങ്കിലും ഒരു പൈങ്കിളിയെ അനാവശ്യമായി കൊന്നാല്‍, അത് നാളെ അല്ലാഹുവിനോട് ഇങ്ങനെ പരാതി പറയും: ഇന്നയാള്‍ എന്നെ വെറുതെ കൊന്നുകളഞ്ഞു. ഒരു ഉപകാരത്തിനുമായല്ലാതെയാണയാള്‍ എന്നെ കൊന്നത്.'9
ഒരു ചികിത്സകന്‍ മരുന്ന് തയാറാക്കാനായി തവളയെ കൊല്ലാന്‍ നബിയോട് അനുവാദം ചോദിച്ചു. അവിടുന്ന് അനുവാദം നല്‍കിയില്ല.
عذّبت امرأة فى هرّة سجنتها حتى ماتت فدخلت فيها النار لا هي أطعمتها وسقتها إذ سجنتها ولا هي تركتها تأكل من خشاش الأرض
'തടവിലിട്ടതു കാരണം (ഭക്ഷണം കിട്ടാതെ) ചത്തുപോയ ഒരു പൂച്ചയുടെ കാരണം ഒരു സ്ത്രീ നരകശിക്ഷക്ക് വിധേയമായി. തടവിലിട്ടപ്പോള്‍ അവര്‍ അതിന് ആഹാരമോ വെള്ളമോ നല്‍കുകയോ ഭൂമിയിലെ വല്ല പ്രാണിയെയും തിന്നാന്‍ അനുവദിക്കുകയോ ചെയ്തില്ല.'10 വിശന്നു വയറൊട്ടിയ ഒരൊട്ടകത്തെ കണ്ടപ്പോള്‍ നബി(സ) പറഞ്ഞു:
اتّقوا الله فى هذه البهائم المعجمة فاركبوها صالحة وكلوها صالحة
'മിണ്ടാപ്രാണികളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുക. യോഗ്യമായ അവസ്ഥയില്‍ നിങ്ങള്‍ അവയെ യാത്രക്കുപയോഗിക്കുക, യോഗ്യമായ അവസ്ഥയില്‍ നിങ്ങള്‍ അവയെ ഭക്ഷണമായി ഉപയോഗിക്കുക.'11
إن امرأة بغيًا رأت كلبا فى يوم حارّ يطيف ببئر قد أدلع لسانه من العطش فنزعت له بموقها فغفر لها
'ഒരിക്കല്‍ ഒരു വേശ്യ അത്യുഷ്ണമുള്ള ഒരു ദിവസം ഒരു നായ കിണറിനടുത്ത് ചുറ്റി നടക്കുന്നത് കണ്ടു. ദാഹത്താല്‍ അതിന്റെ നാവ് പുറത്തേക്ക് ചാടിയിരുന്നു. അവര്‍ തന്റെ തോല്‍ചെരിപ്പുകൊണ്ട് അതിന് വെള്ളം കോരിക്കൊടുത്തു. അതു കാരണം അവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടു.'12
إذا سافرتم في الخصب فأعطوا الإبل حظّها من الأرض وإذا سافرتم في السّنة فأسرعوا عليها االسّير
'സുഖക്ഷേമകരമായ സാഹചര്യത്തില്‍ (പച്ചപ്പുള്ളപ്പോള്‍) നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒട്ടകത്തിന് നിങ്ങള്‍ അതിന്റെ ഭൂമിയിലെ വിഹിതം നല്‍കുക (തിന്നാന്‍ അനുവദിക്കുക). വരള്‍ച്ചാ വേളയില്‍ യാത്ര ചെയ്യുമ്പോള്‍, അവയുടെ പുറത്ത് വേഗത്തില്‍ യാത്രചെയ്യുക.'13
ഇണക്കം കുറഞ്ഞ ഒരു ഒട്ടകത്തിന്റെ പുറത്തു കയറിയ നബിപത്‌നി ആഇശ അതിനെ സഞ്ചരിക്കുന്നതിനിടെ പലതവണ പെട്ടെന്ന് നിര്‍ത്തുന്നതു കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: عليك بالرفيق 'ദയയോടെ പെരുമാറണം.'
'മൃഗങ്ങളെ തമ്മില്‍ പോരടിപ്പിക്കുന്നത്' നബി(സ) നിരോധിച്ചു.14
ഏതാനും കുട്ടികള്‍ കോഴിയെ എറിഞ്ഞു രസിക്കുന്നതു കണ്ട ഇബ്‌നു ഉമര്‍ അവരെ ശാസിച്ചുകൊണ്ട് പറഞ്ഞു: 'ജീവികളെ ചിത്രവധം ചെയ്യുന്നവരെ നബി(സ) ശപിച്ചിരിക്കുന്നു.'
من رحم ولو ذبيحة عصفور رحمه الله يوم القيامة
'അറുക്കപ്പെട്ട ഒരു കിളിയോടു പോലും കരുണ ചെയ്യുന്നവരോട് അല്ലാഹു അന്ത്യനാളില്‍ കരുണ കാണിക്കുന്നതായിരിക്കും.'15
إن الله تبارك وتعالى رفيق يحب الرّفق ويرضى به ويعين عليه مالا يعين على العنف فاذاركبتم هذه الدّوابّ العجم فأنزلوها منازلها فان كانت الأرض جدبة فانجو عليها بنقيّها ........ وايّاكم والتعريس على الطريق فانها طرق الدّواب ومأوى الحيّات.
'തീര്‍ച്ചയായും അല്ലാഹു ദയാലുവാണ്, അവന്‍ ദയ ഇഷ്ടപ്പെടുന്നു, അത് അവന്‍ തൃപ്തിപ്പെടുന്നു. ദയാരാഹിത്യത്തിന് സഹായിക്കാത്തത് ദയയുടെ പേരില്‍ അവന്‍ സഹായിക്കുന്നു. മിണ്ടാ ജീവികളായ മൃഗങ്ങളെ നിങ്ങള്‍ യാത്രക്ക് ഉപയോഗിച്ചാല്‍ അവക്ക് തങ്ങാനുള്ള സ്ഥലങ്ങളില്‍ വിശ്രമിക്കാന്‍ നിങ്ങള്‍ അവസരം നല്‍കണം. കടന്നുപോരുന്ന സ്ഥലം ഊഷരമാണെങ്കില്‍ പച്ചപ്പുള്ള സ്ഥലത്തേക്ക് വേഗത്തില്‍ പോവുക. നിങ്ങള്‍ വഴികളില്‍ കിടന്നുറങ്ങരുത്. കാരണം, അവ മൃഗങ്ങളുടെ വഴികളും പാമ്പുകളുടെ സങ്കേതങ്ങളുമാണ്.'16
'മാളങ്ങളില്‍ മൂത്രമൊഴിക്കുന്നത് നബി(സ) നിരോധിച്ചു.'
ജീവികളുടെ ആവാസ ഗേഹങ്ങളില്‍ മനുഷ്യരുടെ ഭാഗത്തുനിന്ന് കൈയേറ്റമുണ്ടാവരുതെന്ന് പാഠം. മൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തില്‍ വഴിയൊരുക്കാത്തതിന്റെ പേരില്‍ അല്ലാഹുവിന്റെ മുമ്പാകെ താന്‍ വിചാരണ ചെയ്യപ്പെടുമെന്ന് ഉമര്‍(റ) ആശങ്കിച്ചിരുന്നു.
لو أن بغلة في العراق تعثرتْ لخشيت أن يسألنيى الله عنها لم لمّ أسوّ لها الطريق
'ഇറാഖില്‍ ഒരു കോവര്‍ കഴുതയെങ്ങാനും കാല്‍വഴുതിയാല്‍ അല്ലാഹു അതേപറ്റി എന്നോട് ഇങ്ങനെ ചോദിക്കും; ഞാന്‍ എന്തുകൊണ്ട് അതിന് വഴി ശരിപ്പെടുത്തി കൊടുത്തില്ല.'
സി.ഇ 641-ല്‍ ഈജിപ്ത് ഇസ്‌ലാമിക നേതൃത്വത്തിനു കീഴില്‍ വന്നശേഷം അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഫുസ്ത്വാത്വ് നഗരം അംറുബ്‌നുല്‍ ആസ്വിന്റെ ജീവകാരുണ്യത്തിന്റെ മഹിത മാതൃകയാണ്. ഈജിപ്ത് കീഴടങ്ങിയ ശേഷം അലക്‌സാണ്ട്രിയയിലേക്ക് പടയോട്ടമുദ്ദേശിച്ച അദ്ദേഹം തമ്പ് (ഫുസ്ത്വാത്വ്) പൊളിക്കാനായി സൈനികരോട് നിര്‍ദേശിച്ചു. അപ്പോള്‍ ഒരു കാട്ടുപ്രാവ് അടയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞശേഷം മാത്രം തമ്പ് പൊളിച്ചു നീക്കിയാല്‍ മതി എന്ന് നിര്‍ദേശിക്കുകയായിരുന്നു. തമ്പ് ഉണ്ടായിരുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ അവിടം 'ഫുസ്ത്വാത്വ്' എന്ന് പ്രസിദ്ധമാവുകയായിരുന്നു.
തന്റെ 'ദമൂന്‍' എന്നു പേരുള്ള ഒട്ടകത്തെ ജോലിയാവശ്യാര്‍ഥം കൊണ്ടുപോകുന്നവരോട്, താങ്ങാന്‍ കഴിയാത്ത ഭാരം ഒട്ടകത്തെ ചുമത്തരുതെന്ന് ഉപദേശിച്ചിരുന്ന നബിയനുചരന്‍ അബുദ്ദര്‍ദാഅ് മരണത്തോടടുത്ത ഘട്ടത്തില്‍ ഒട്ടകത്തെ സമീപിച്ച്, 'ദമൂനേ, നാളെ എന്റെ റബ്ബിന്റെ അടുത്തു വെച്ച് എനിക്കെതിരില്‍ നീ പരാതി പറഞ്ഞേക്കരുത്, നിനക്ക് വഹിക്കാന്‍ കഴിയാത്തതൊ ന്നും ഞാന്‍ നിന്നെ ചുമത്തിയിട്ടില്ല' എന്ന് ബോധിപ്പിക്കുകയുണ്ടായി (അബുല്‍ ഹസന്‍ അഖ്മീമി 1/63).
വൃക്ഷലതാദികള്‍
പ്രകൃതിയിലെ വലിയൊരു ഘടകമായ വൃക്ഷലതാദികള്‍ പരിസ്ഥിതിയുടെ നിലനില്‍പിലെ സുപ്രധാന ഘടകങ്ങളാണ്. ദൈവനിശ്ചിതമായ ധര്‍മം നിര്‍വഹിക്കാന്‍ മനുഷ്യര്‍ അവയെ അനുവദിക്കണം. അതിനു വിരുദ്ധമായ നിലപാടുകള്‍ അവയുടെ അവകാശങ്ങളുടെ ധ്വംസനവും നമ്മുടെ ബാധ്യതയുടെ ലംഘനവുമാണ്.
من قطع سدرةً صوّب الله رأسه في النّار
'ആരെങ്കിലും ഇലന്തമരം (ഒരുതരം തണല്‍/ ഔഷധ വൃക്ഷം) മുറിച്ചുകളഞ്ഞാല്‍ അല്ലാഹു അയാളുടെ തല നരകത്തില്‍ കുത്തി വീഴ്ത്തും.'17
ഇതിന്റെ വിശദീകരണം ആരാഞ്ഞപ്പോള്‍ അബൂദാവൂദ് പറഞ്ഞതിപ്രകാരമാണ്. 'സംക്ഷിപ്ത വചനമാണിത്. വഴിയാത്രക്കാരും മൃഗങ്ങളും തണലിനായി അശ്രയിക്കുന്ന തണല്‍മരം അന്യായമായി മുറിക്കുന്നത് കുറ്റകരവും നരകപ്രവേശത്തിന് കാരണമാകുന്നതുമാണ്.'
ശാമിലേക്ക് സൈന്യങ്ങളെ അയച്ച വേളയില്‍ ഖലീഫ അബൂബക്ര്‍(റ) നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങളില്‍ ഫലം കായ്ക്കുന്ന മരങ്ങള്‍ മുറിക്കരുതെന്നും ഈത്തപ്പനകള്‍ അഗ്നിക്കിരയാക്കരുതെന്നും വെള്ളത്തിലാഴ്ത്തി നശിപ്പിക്കരുതെന്നും ശിഥിലമാക്കരുതെന്നും വിലക്കിയിരുന്നു.
ഉമാറഃ പറയുന്നു: ഭരണകാലത്തെ പര്യടനത്തിനിടെ ഒരിക്കല്‍ ഉമര്‍(റ) എന്റെ വീട്ടിലെത്തി. അവിടെ ഈത്തപ്പനത്തൈകള്‍ കണ്ട അദ്ദേഹം തൈകള്‍ നടാന്‍ പിതാവ് ഖുസൈമബ്‌നു സാബിത്തിനോട് പറഞ്ഞു. അപ്പോള്‍ പിതാവ് പറഞ്ഞു: 'നാളെ മരിക്കാന്‍ പോകുന്ന വൃദ്ധനാണ് ഞാന്‍' ഉമര്‍: 'അവ നടുമെന്ന് നിങ്ങള്‍ തീരുമാനമെടുക്കണം.' ഉമര്‍ എന്റെ പിതാവിന്റെ കൂടെ തന്റെ കൈകൊണ്ട് അവ നട്ടത് ഞാന്‍ കാണുകയുണ്ടായി. ചെടികളും വൃക്ഷങ്ങളും കൃഷി ചെയ്താല്‍ മാത്രം പോരാ, അവയെ പരിപാലിച്ചു ലക്ഷ്യത്തിലെത്തിക്കണം.
من نصب شجرة فصبر على حفظها والقيام عليها حتى تثمر كان له في كلّ شيئ يصاب من ثمرها صدقة عند الله
'ആരെങ്കിലും ഒരു മരം നട്ടു. അത് കായ്ക്കുന്നതുവരെ സംരക്ഷിക്കാനും പരിചരിക്കാനും ആരെങ്കിലും ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അതിലെ ഓരോ ഫലവും അല്ലാഹുവിങ്കല്‍ സ്വദഖയായി രേഖപ്പെടുത്തപ്പെടും.'24 അബ്ദുല്ലാഹിബ്‌നു സുബൈറില്‍നിന്ന് നിവേദനം:
أمر النّبي عمّه العبّاس يأمر بنيه أن يحرثوا القضب فإنه ينفي الفقر
'നബി (സ) പിതൃവ്യന്‍ അബ്ബാസിനോട്, പച്ചക്കറി കൃഷി ചെയ്യാന്‍ മക്കളോട് കല്‍പിക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി.' കൃഷിത്തോട്ടങ്ങള്‍ പകല്‍ ഉടമകളും, കന്നുകാലികള്‍ രാത്രി അവിടെ കടക്കാതിരിക്കാന്‍ അവയുടെ ഉടമകളും ശ്രദ്ധിക്കണമെന്ന് നബി(സ) നിര്‍ദേശിക്കുകയുണ്ടായി.
അതിഥികളെയും അയല്‍ക്കാരെയും മുതിര്‍ന്നവരെയും ഇണകളെയും മറ്റും ആദരിക്കാന്‍ പഠിപ്പിച്ച ഇസ്‌ലാം ജീവജാലങ്ങളുടെ നിലനില്‍പിനാവശ്യമായ പ്രകൃതിഘടകങ്ങളെയും ആദരപൂര്‍വം സമീപിക്കുകയെന്ന സംസ്‌കാരമാണ് നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
انظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِۚ
'മരങ്ങള്‍ കായ്ഫലങ്ങള്‍ നല്‍കുമ്പോഴും അവ മൂപ്പെത്തുമ്പോഴും നിങ്ങള്‍ അവയെ നോക്കുക' (അല്‍അന്‍ആം: 99). മരത്തില്‍ ആദ്യമായി ഫലം കായ്ച്ചു തുടങ്ങിയാല്‍ അത് നബി(സ)യുടെ അടുത്തു കൊണ്ടുവരിക സ്വഹാബികളുടെ രീതിയായിരുന്നു. അവിടുന്ന് അത് രണ്ടു കണ്ണുകള്‍ക്കിടയില്‍ വെച്ച് ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു:
اللهم كما أريتنا أوله أرنا آخره
'അല്ലാഹുവേ, ഈ മരത്തില്‍നിന്ന് ആദ്യഫലം കാണിച്ചുതന്നതുപോലെ അതിലെ അവസാനത്തെ ഫലവും നീ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ!'18
വിത്തു നടുന്നതു മുതല്‍ മരം വളര്‍ന്നു വലുതായി കായ്ഫലം തരുന്നതുവരെയുള്ള പരിചരണം മാത്രമല്ല, കാര്‍ഷിക വിളകളുടെ നൈരന്തര്യവും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ താല്‍പര്യമാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ അഞ്ചു ലക്ഷ്യങ്ങളിലൊന്ന് വംശപരമ്പരയുടെ സംരക്ഷണമാണല്ലോ. മനുഷ്യവംശത്തിന്റെ സംരക്ഷണം എന്ന പോലെ, വിത്തുകളുടെ സംരക്ഷണവും ഈ പരിധിയില്‍വരും. അന്തക വിത്തുകള്‍ രാഷ്ട്രാന്തരീയ തലത്തില്‍ തന്നെ പിടിമുറുക്കുമ്പോള്‍ പ്രാദേശിക വിത്തുകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി പറയേണ്ടതില്ലല്ലോ. ഈ അര്‍ഥത്തില്‍ കൃഷിയുള്‍പ്പെടെയുള്ള പരിസ്ഥിതിയിലെ ഘടകങ്ങളോട് നമുക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.
ആത്മീയ-ഭൗതിക പ്രതികരണങ്ങള്‍
മുകളില്‍ പറഞ്ഞ ഏതു തരം അവകാശം ലംഘിക്കപ്പെടുമ്പോഴും ആത്മീയമായും ഭൗതികമായും രണ്ടു തരം പ്രതികരണങ്ങളുണ്ടാവും.
ഉദാഹരണം:
إذا دعا الرّجل امرأته إلى فراشه فأبت فبات غضبان عليها لعنة الملائكة حتى تصبح
'ഒരാള്‍ തന്റെ ഭാര്യയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ചു. അവള്‍ വിസമ്മതിച്ചു. അതുമൂലം അയാള്‍ അവളോട് കോപിച്ച നിലയില്‍ രാത്രി കഴിച്ചുകൂട്ടിയാല്‍ നേരം പുലരുന്നതുവരെ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും.'19 ഇണകള്‍ തമ്മിലെ മനപ്പൊരുത്തത്തില്‍ ശാരീരിക ബന്ധത്തിന് വലിയ പങ്കുണ്ട്. ഭാര്യ ഭര്‍ത്താവിന്റെ അഥവാ ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക താല്‍പര്യത്തെ പരിഗണിക്കാതിരിക്കുമ്പോള്‍ മലക്കുകളുടെ ആത്മീയ പ്രതികരണത്തോടൊപ്പം തന്നെ ഇണകള്‍ തമ്മിലെ അസ്വാരസ്യം അകല്‍ച്ചക്കും ശണ്ഠകള്‍ക്കും ബന്ധവിഛേദനങ്ങള്‍ക്കും ഇതര ഭൗതിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാവും.
രോഗിസന്ദര്‍ശനം മറ്റൊരു ഉദാഹരണമാണ്. അത് ഒരേസമയം രോഗിയുടെ അവകാശവും മറ്റുള്ളവരുടെ ബാധ്യതയുമാണ്. ഒരാള്‍ ഒരു രോഗിയെ സന്ദര്‍ശിച്ച് തിരിച്ചുവരുന്നതുവരെ മലക്കുകള്‍ അയാളുടെ സഹയാത്രികരായി ഉണ്ടാവുമെന്നും അല്ലാഹു അയാളില്‍ സംപ്രീതനായിരിക്കുമെന്നും നബി(സ) പ്രസ്താവിച്ചിരിക്കുന്നു. ഇത് ആത്മീയഫലം. രോഗിയും സന്ദര്‍ശകനും കുടുംബങ്ങളും തമ്മിലുണ്ടാകുന്ന ഭൗതിക നന്മകള്‍ ഇതിനു പുറമെയാണ്. ഇതേവിധം എല്ലാ സല്‍ക്കര്‍മങ്ങള്‍ക്കും ആത്മീയ ഫലങ്ങളും ഭൗതിക ഫലങ്ങളും ശരീഅത്തില്‍ കാണാവുന്നതാണ്.
അബുദ്ദര്‍ദാഅ്(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
وإن العالم ليستغفرله من في السّموات ومن في الأرض حتى الحيتان في جوف الماء
'പണ്ഡിതനു വേണ്ടി ആകാശഭൂമികളിലുള്ളവര്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കും; വെള്ളത്തിലെ മത്സ്യങ്ങള്‍ വരെ'20 അബൂ ഉമാമ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
إن الله وملائكته وأهل السّموات والأرضين حتى النّملة في جحرها وحتى الحوت فى البحر ليصلّون على معلّم النّاس الخير.
'തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശ-ഭൂവാസികളും മാളത്തിലെ ഉറുമ്പും കടലിലെ മത്സ്യവും വരെ ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതാണ്.'21
ബറാഉബ്‌നു ആസിബില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു:
العلماء ورثه الأنبياء - يحبّهم أهل السّماء وتستغفرلهم الحيتان في البحر إذا ماتوا إلى يوم القيامة
'പണ്ഡിതന്മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്. ആകാശത്തുള്ളവര്‍ അവരെ സ്‌നേഹിക്കുന്നു. അവര്‍ മരിച്ചാല്‍ അന്ത്യനാള്‍ വരെ അവര്‍ക്കു വേണ്ടി സമുദ്രത്തിലെ മത്സ്യങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കും.'22
തന്നെ സമീപിച്ച ഖബീസ്വത്തുബ്‌നുല്‍ മഖാരിഖിനോട് നബി(സ) ചോദിച്ചു: 'നിങ്ങളുടെ ആഗമനോദ്ദേശ്യം?' അദ്ദേഹം പറഞ്ഞു: 'എനിക്ക് പ്രായമായി. എന്റെ എല്ലുകള്‍ക്ക് ബലക്ഷയമായി. അല്ലാഹു എനിക്ക് പ്രതിഫലം തരാവുന്ന വല്ലതും താങ്കള്‍ പഠിപ്പിച്ചുതന്നാലും!' നബി(സ) പ്രതികരിച്ചു:
ياقبيصة ما مررت بحجرولا شجرولا مدر الّااستغفرلك
'ഖബീസ്വ! നിങ്ങള്‍ ഏതൊരു കല്ലിന്റെയും മരത്തിന്റെയും മണ്ണിന്റെയും അടുത്തുകൂടി നടന്നു പോകുമ്പോള്‍ അവ നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാതിരിക്കില്ല'23
നന്മയുടെ വക്താക്കളായ പണ്ഡിതന്മാര്‍ തങ്ങളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിലൂടെയുണ്ടാവുന്ന രചനാത്മകമായ മാറ്റങ്ങളുടെ ഫലമായി മരങ്ങളിലും മത്സ്യങ്ങളിലും മറ്റു ജീവജാലങ്ങളിലുമുണ്ടാവുന്ന പ്രതികരണം ഒരേസമയം ആത്മീയവും ഭൗതികവുമായ മാനങ്ങളുള്ളവയാണ്. ഇതര മനുഷ്യരില്‍നിന്ന് ഭിന്നമായി സത്യവിശ്വാസികള്‍ക്ക് മാത്രം ലഭ്യമാവുന്നതാണ് ദ്വിമുഖ ഭാവങ്ങളോടെയുള്ള ഈ സൗഭാഗ്യം.
ഇത്രയും പറഞ്ഞത് സല്‍ക്കര്‍മങ്ങളുടെ ഫലങ്ങള്‍. ദുഷ്‌കര്‍മങ്ങള്‍ക്കും ഇതേവിധം ഭൗതികവും ആത്മീയവുമായ രണ്ട് ഭാവങ്ങളുണ്ട്. അബുഖതാദല്‍ അന്‍സ്വാരി(റ) പറയുന്നു: നബി(സ)യുടെ അടുത്തുകൂടി ഒരു ജനാസ കടന്നുപോയി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'മരണം രണ്ടു തരമാണ്. ആശ്വാസം തേടി പോകുന്നവനും (مستريح) മറ്റുള്ളവര്‍ ആശ്വാസം കൊള്ളുന്നവനും (مستراح منه).'
العبد المؤمن يستريح من نصب الدّنيا وأذاها الى رحمة الله. والعبد الفاجر يستريح منه العباد والبلاد والشجر والدّوابّ.
'മരിച്ചുപോകുന്ന സത്യവിശ്വാസിയായ ദാസന്‍ ദുന്‍യാവിലെ ബുദ്ധിമുട്ടുകളില്‍നിന്നും ക്ലേശങ്ങളില്‍നിന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് ആശ്വാസം തേടി പോവുന്നു. എന്നാല്‍, അധര്‍മിയായ ദാസന്‍ മരിക്കുമ്പോള്‍, മനുഷ്യരും നാടുകളും മരവും മൃഗങ്ങളും ആശ്വാസം കൊള്ളുന്നു.'24
ഇമാം അഹ്‌മദ് രേഖപ്പെടുത്തുന്നു. സിയാദിന്റെ ഭരണകാലത്ത് ഒരാള്‍ക്ക് വിത്തുകളുള്ള ഒരു കിഴി കിട്ടി. അതിലെ ഒരു വിത്തില്‍, 'നീതി നിഷ്ഠമായ ഒരു കാലത്ത് മുളച്ചുണ്ടായതാണ് ഈ വിത്ത്' എന്ന് രേഖപ്പെടുത്തിയിരുന്നു.
മനുഷ്യകര്‍മങ്ങളും പരിസ്ഥിതിയിലെ ജൈവ-അജൈവ ഘടകങ്ങളും തമ്മില്‍ എത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും എത്രമാത്രം പ്രാര്‍ഥനാപൂര്‍വമാണ് അവ നന്മയുടെ വക്താക്കളെ ആശീര്‍വദിക്കുന്നതെന്നും തിന്മയുടെ വക്താക്കളെ അഭിശംസിക്കുന്നതെന്നും നബി(സ) ഉദാഹരണസഹിതം വിശദീകരിച്ചിരിക്കെ, പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആഘാതപ്രത്യാഘാതങ്ങള്‍ നമ്മുടെ അജണ്ടയില്‍ പ്രാധാന്യപൂര്‍വം ഇടം പിടിക്കേണ്ടതുണ്ട്.
അല്ലാഹുവിന്റെയും ജീവജാലങ്ങളുടെയും അവകാശങ്ങള്‍ തമ്മിലെ വ്യത്യാസം
അല്ലാഹുവില്‍നിന്ന് വിട്ടുവീഴ്ച പ്രതീക്ഷിക്കാവുന്നത്, പ്രതീക്ഷിച്ചുകൂടാത്തത് എന്നിങ്ങനെ അവകാശങ്ങളെ ഇസ്‌ലാമിക ശരീഅത്ത് രണ്ടായി തരംതിരിക്കുന്നുണ്ട്.
حقوق الله مبنيّة على المسامحة، وحقوف العباد مبنيّة على المشاحّة
'അല്ലാഹുവിന്റെ അവകാശങ്ങള്‍ വിട്ടുവീഴ്ചയിലും, സൃഷ്ടികളുടെ അവകാശങ്ങള്‍ കാര്‍ക്കശ്യത്തിലുമാണ് നിലനില്‍ക്കുന്നത്' എന്നത്രെ ഉസ്വൂലുല്‍ ഫിഖ്ഹിന്റെ ഭാഷ്യം. മുഹമ്മദുബ്‌നു ഇബ്‌റാഹീമില്‍ കിന്‍ദി ഉദ്ധരിക്കുന്നു:
ഗ്രാമീണനായ ഒരു അറബി നബി(സ)യെ സമീപിച്ച് ചോദിച്ചു: 'ഞാന്‍ എന്റെ വാളുമായി ആദര്‍ശശത്രുവെ വെട്ടിയാല്‍ എനിക്ക് എന്തായിരിക്കും പ്രതിഫലം?' നബി(സ): 'സ്വര്‍ഗം.' ഇതുകേട്ട് തിരിച്ചുപോയ അയാളെ വിളിച്ച് നബി(സ) ഓര്‍മിപ്പിച്ചു: 'കടമൊഴികെ.' ഇസ്‌ലാമിലെ ഏറ്റവും വലിയ ത്യാഗമായ രക്തസാക്ഷ്യം പോലും മനുഷ്യരുമായി ബന്ധപ്പെട്ട കടബാധ്യതയില്‍ ഇളവു ലഭിക്കാന്‍ സഹായകമല്ലെന്നു സാരം.
സൃഷ്ടികളുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ വകവെച്ചുകൊടുക്കാതെ പാരത്രികമോക്ഷം സാധ്യമല്ലെന്ന് ഇതിനാല്‍ വ്യക്തം. തന്നെയുമല്ല, ദൈവേതര അവകാശങ്ങളുടെ ധ്വംസനത്തെ 'ളുല്‍മ്', 'ഫസാദ്' എന്നെല്ലാമാണ് ഖുര്‍ആന്‍ വ്യവഹരിച്ചിരിക്കുന്നത്.
ളുല്‍മും ഫസാദും
وضع الشيئ في غير موضعه المختصّ به إمابنفصان أو بزيادة وإما بعدول عن وقته ............
'ഒരു വസ്തുവെ അതിന്റെ സവിശേഷ സ്ഥാനത്തുനിന്ന് കുറഞ്ഞോ കൂടിയോ തരത്തിലും സമയം മാറ്റിയും സ്ഥാപിക്കുക' എന്നതിനാണ് 'ളുല്‍മ്' എന്നു പറയുക.
ظلمت السّقاءഎന്നാല്‍ അസമയത്ത് പാല്‍ കുടിക്കുക, ظلم എന്നാല്‍ അസമയത്ത് കുടിച്ച പാല്‍, ظلمت الأرضഎന്നാല്‍ 'അസ്ഥാനത്ത് ഭൂമി കുഴിച്ചു.' مظلومةഎന്നാല്‍ 'ഞാന്‍ അസ്ഥാനത്ത് കുഴിച്ച കുഴിയില്‍നിന്ന് നീക്കം ചെയ്ത മണ്ണ്.'
'ഫസാദ്' എന്നാല്‍
خروح الشيئ عن الإعتدال قليلا أو كثيرا
'ഒരു വസ്തു സന്തുലിതാവസ്ഥയില്‍നിന്ന് കൂടിയോ കുറഞ്ഞോ തെറ്റുക'25
ഇബ്‌നുല്‍ ജൗസി എഴുതുന്നു:
تغيّر عمّاكان عليه من الصّلاح ..... ويقال في الأقوال ءاذا كان غير منتظمة وفي الأفعال ءاذا لم يعتدّبها
'ഒരു വസ്തുവില്‍ ഉണ്ടായിരുന്ന നന്മയും ക്ഷമതയും നഷ്ടപ്പെടുക. അവ്യവസ്ഥാപിതമായ സംസാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫസാദ് എന്നു പറയും.'
الفساد: زوال الصّلاح عن المادّة بعد أن كانت حاصلة
'ഒരു വസ്തുവില്‍ നേരത്തേ ലഭ്യമായിരുന്ന നന്മ ഇല്ലാതാവുക'
പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും അല്ലാഹു അവയുടേതായ ഘടനയും ധര്‍മവും നിര്‍ണയിച്ചിട്ടുണ്ട്. അത് തകിടം മറിയാനിടയാകുന്ന ഏതു ഇടപെടലും പ്രകൃതിവിരുദ്ധവും അതുകൊുതന്നെ ളുല്‍മും ഫസാദുമാണ്. സ്വവര്‍ഗരതിയെക്കുറിച്ച ഖുര്‍ആനിക പ്രസ്താവന ഉദാഹരണം:
أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ ﴿١٦٥﴾ وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُمۚ بَلْ أَنتُمْ قَوْمٌ عَادُونَ ﴿١٦٦﴾
'നിങ്ങള്‍ ലോകരിലെ പുരുഷന്മാരെ സമീപിക്കുകയും നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കായി നിങ്ങളില്‍നിന്ന് സൃഷ്ടിച്ചുതന്ന ഇണകളെ ഉപേക്ഷിക്കുകയും ചെയ്യുകയോ? നിങ്ങള്‍ പരിധി ലംഘിക്കുന്ന ജനത തന്നെ? (അശ്ശുഅറാഅ്: 165,166). ലൂത്വ് നബിയുടെ ജനതയുടെ പ്രകൃതിവിരുദ്ധ ലൈംഗികത അല്ലാഹുവിന്റെ അവകാശങ്ങളുടെ ധ്വംസനം എന്നതിനൊപ്പം സ്ത്രീകളുടെ ലൈംഗികാവകാശങ്ങളുടെയും ലംഘനമായിരുന്നു. ഇതിന്റെ ഭൗതിക പ്രത്യാഘാതമായിരുന്നു ഭൂമി കീഴ്‌മേല്‍ മറിഞ്ഞുള്ള ശിക്ഷ.
സ്വാലിഹ് നബിയുടെ പ്രവാചകത്വത്തിന്റെ അമാനുഷിക അടയാളമായിരുന്നുവല്ലോ അല്ലാഹു അത്ഭുതകരമായ രീതിയില്‍ സൃഷ്ടിച്ചു നല്‍കിയ ഒട്ടകം.
إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ ﴿٢٧﴾ وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْۖ كُلُّ شِرْبٍ مُّحْتَضَرٌ ﴿٢٨﴾ فَنَادَوْا صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ ﴿٢٩﴾
അല്ലാഹു സ്വാലിഹ് നബിയോട് പറഞ്ഞു: 'തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അതുകൊണ്ട് നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക- വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനും) പങ്കുവെക്കപ്പെടാണം എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിനുള്ള ഊഴത്തില്‍ (അതിന്നവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്. അങ്ങനെ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു. അങ്ങനെ അവന്‍ (ആ കൃത്യം) ഏറ്റെടുത്തു. (ആ ഒട്ടകത്തെ) അറുകൊല ചെയ്തു' (അല്‍ഖമര്‍: 27-29).
ഭൂമിയുടെ അടിസ്ഥാന ഭാവം ക്ഷമത (صلاحية)
മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ അധിവാസത്തിന്നായി അല്ലാഹു സംവിധാനിച്ച ഭൂമിയുടെ മൗലികഭാവം ക്ഷമത(സ്വലാഹിയ്യത്ത്)യാണ്. പ്രപഞ്ചവുമായി ബന്ധപ്പെട്ട് അല്ലാഹു നല്‍കിയ ആശയാദര്‍ശം അഥവാ ഇസ്‌ലാം മനുഷ്യരുമായി സര്‍വഥാ യോജിച്ചു പോവുന്നതാണ്.
ومن يتبع غير الإسلام دينا يقبل منه
'ആരെങ്കിലും ഇസ്‌ലാമല്ലാത്ത ദീന്‍ ആഗ്രഹിച്ചാല്‍ അവനില്‍നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല' (ആലുഇംറാന്‍: 857) എന്ന സൂക്തം, അല്ലാഹുവില്‍നിന്ന് ശിക്ഷ ലഭിക്കും, അവന്റെ പൊരുത്തം ലഭിക്കില്ല എന്നുമാത്രമല്ല സൂചിപ്പിക്കുന്നത്. പ്രത്യുത, ഇസ്‌ലാമേതര ആദര്‍ശങ്ങള്‍ മനുഷ്യന്റെ നൈസര്‍ഗികവും സഹജവുമായ ഭാവങ്ങളുമായി ഒട്ടും ഒത്തുപോകില്ല എന്നു കൂടിയാണ്. അങ്ങനെ വന്നാല്‍ ഇസ്‌ലാമേതര വ്യവസ്ഥകള്‍ മനുഷ്യരുമായി സംഘട്ടനത്തിലേര്‍പ്പെടുന്ന അവസ്ഥയാണുണ്ടാവുക.
അല്ലാഹുവിന്റെ ദാസന്‍ മാത്രമായ ഈസാ നബിയെ ദൈവമായി ആരാധിക്കുന്ന ക്രൈസ്തവരെ പറ്റി 'ഫസാദിന്റെ ആളുകള്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്, പ്രപഞ്ചത്തിന്റെ അടിസ്ഥാന ഭാവമായ 'ഏകദൈവം' എന്ന പരമ സത്യത്തെ അവര്‍ നിരാകരിച്ചതിനാലാണ്.
إِنَّ هَٰذَا لَهُوَ الْقَصَصُ الْحَقُّۚ وَمَا مِنْ إِلَٰهٍ إِلَّا اللَّهُۚ وَإِنَّ اللَّهَ لَهُوَ الْعَزِيزُ الْحَكِيمُ ﴿٦٢﴾ فَإِن تَوَلَّوْا فَإِنَّ اللَّهَ عَلِيمٌ بِالْمُفْسِدِينَ ﴿٦٣﴾
'ഇതെല്ലാം തികച്ചും ശരിയായ സംഭവങ്ങളാകുന്നു. അല്ലാഹു അല്ലാതൊരു ദൈവവുമില്ല എന്നതത്രെ സത്യം. ആരുടെ ശക്തി സര്‍വാതിശായിയും ആരുടെ യുക്തി പ്രപഞ്ചഘടനയുടെ നിയാമകവുമാണോ അതേ അല്ലാഹു. ഈ ഉപാധിയനുസരിച്ച് നേരിടാന്‍ അവര്‍ വന്നില്ലെങ്കില്‍, നാശകാരികളുടെ അവസ്ഥയെ അറിയുന്നവന്‍ തന്നെയാകുന്നു അല്ലാഹു' (ആലുഇംറാന്‍: 62-63). ഇവിടെ യേശുവിനെ ആരാധിക്കുന്ന ക്രൈസ്തവരെ മുശ്‌രിക്, ളാലിം, ഫാസിഖ് എന്നു വിളിച്ചാലും മതിയായിരുന്നു. അതിനു പകരം 'മുഫ്‌സിദ്' (നാശകാരി) എന്നു വിളിച്ചത് 'ഏകദൈവം' എന്ന അടിസ്ഥാന തത്ത്വത്തെ അവര്‍ തകിടം മറിച്ചതിനാലും പ്രകൃതിയുമായി ചേരാത്ത ബഹുദൈവത്വം എന്ന സങ്കല്‍പത്തെ ആരോപിച്ചതിനാലുമാണ്.
لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَاۚ
'ആകാശഭൂമികളില്‍ അല്ലാഹു അല്ലാത്ത ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ തീര്‍ച്ചയായും തകര്‍ന്നു നശിക്കുമായിരുന്നു' (അമ്പിയാഅ്: 22) എന്ന സൂക്തവും ഇതേ ആശയമാണ് പ്രകാശിപ്പിക്കുന്നത്.
പ്രകൃതിയിലെ ഏതു മേഖലയിലുമുള്ള ദുഷിപ്പുകളെയും പ്രകൃതിവിരുദ്ധതയെയും സന്ദര്‍ഭോചിതം തിരുത്തിയാലേ മാനവജീവിതം നല്ലനിലയില്‍ മുന്നോട്ടുപോകൂ.
وَيَسْأَلُونَكَ عَنِ الْيَتَامَىٰۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌۖ وَإِن تُخَالِطُوهُمْ فَإِخْوَانُكُمْۚ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِۚ
'അനാഥകളോട് എങ്ങനെ വര്‍ത്തിക്കണമെന്നും താങ്കളോടവര്‍ ചോദിക്കുന്നു: പറയുക, എങ്ങനെ വര്‍ത്തിക്കുന്നതാണോ അവര്‍ക്കു ഗുണകരം, അങ്ങനെ വര്‍ത്തിക്കുന്നതാകുന്നു ഉത്കൃഷ്ടമായിട്ടുള്ളത്... നന്മ ചെയ്യുന്നവരില്‍നിന്ന് തിന്മ ചെയ്യുന്നവരെ അല്ലാഹു വേറിട്ടറിയുന്നുണ്ട്' (അല്‍ബഖറ: 220).
അല്ലാഹു എല്ലാ പ്രവര്‍ത്തനങ്ങളിലും വസ്തുക്കളിലും അതിന്റേതായ ക്ഷമത കാത്തുസൂക്ഷിച്ചുപോരുന്നുണ്ട്. അത് നാമും കാത്തു സൂക്ഷിക്കണം. ഉദാഹരണമായി, അളവുതൂക്കങ്ങള്‍ കണിശമായി സൂക്ഷിച്ചുപോരണം. ശുഐബ് നബി തന്റെ ജനങ്ങളോട് പറയുന്നു:
وَيَا قَوْمِ أَوْفُوا الْمِكْيَالَ وَالْمِيزَانَ بِالْقِسْطِۖ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٨٥﴾
'എന്റെ ജനമേ, നിങ്ങള്‍ നീതിപൂര്‍വം ശരിക്കും തികച്ച് അളക്കുകയും തൂക്കുകയും ചെയ്യുക. ആളുകളെ അവരുടെ സാധനങ്ങളില്‍ പറ്റിക്കാതിരിക്കുവിന്‍. ഭൂമിയില്‍ അധര്‍മം പരത്തി വിഹരിക്കാതിരിക്കുവിന്‍' (ഹൂദ്: 85).
إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُۚ
'ഞാന്‍ -ശുഐബ്, കഴിയുന്നേടത്തോളം നിങ്ങളെ സംസ്‌കരിക്കാനത്രെ ശ്രമിക്കുന്നത്' (ഹൂദ് 88). ചുരുക്കത്തില്‍, സ്വലാഹിയ്യത്തിനു വിരുദ്ധമായതെല്ലാം ഫസാദായിരിക്കും.
ഫസാദ് ഖുര്‍ആനില്‍
സത്യനിഷേധം, ശിര്‍ക്ക്, പാപങ്ങള്‍, ഭരണാധികാരികളുടെ തെറ്റായ നടപടികള്‍, അല്ലാഹുവിനും നബിക്കുമെതിരില്‍ കലാപാഹ്വാനം, കുഴപ്പങ്ങള്‍ കുത്തിപ്പൊക്കല്‍, മാരണം, അനാഥകളുടെ സ്വത്തുക്കള്‍ അന്യായമായി അനുഭവിക്കുക, സദാചാരവിരുദ്ധ പ്രവൃത്തികള്‍, സത്യവിശ്വാസികളുടെ മേല്‍ സത്യനിഷേധികള്‍ നടത്തുന്ന കൈയേറ്റം, മോഷണം, പരിസ്ഥിതിദൂഷണം മുതലായവ 'ഫസാദ്' എന്ന നിലയില്‍ ഖുര്‍ആനില്‍ പ്രത്യേകം ചര്‍ച്ചചെയ്തിരിക്കുന്നു.
പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളും മനുഷ്യര്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണെന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം. മനുഷ്യന് പ്രകൃതിവസ്തുക്കള്‍ക്കുമേല്‍ അനിയന്ത്രിതമായ കൈകാര്യാധികാരമുണ്ടെന്ന തെറ്റായ ഒരു സമീപനത്തിലേക്ക് ആധുനിക മനുഷ്യന്‍ മാറിയിട്ടുണ്ട്. സത്യത്തില്‍, മനുഷ്യവംശം മുച്ചൂടും ഭൂവിതാനത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടാലും ഇതര ജീവജാലങ്ങളുടെ ജീവിതത്തെ അത് ബാധിക്കുകയില്ല. നേരെമറിച്ച് നമുക്ക് ദൃശ്യവും അദൃശ്യവുമായ ജീവികളില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യ ജീവിതം അസാധ്യമാവും. അതുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധ നിലപാടുകളുടെ ദുരന്തം ഊഹിക്കാവുന്നതിനും അപ്പുറമാണ്.
അതിനാല്‍ മനുഷ്യരുടെ നിലനില്‍പിനായാണ് പ്രകൃതിവസ്തുക്കളെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കി നിലപാടെടുക്കാന്‍ നമുക്ക് കഴിയണം.
ജീവജാലങ്ങളുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോവണമെങ്കില്‍ മനുഷ്യരുടെ നിലപാടുകള്‍ ഇഛകള്‍ക്കതീതവും ദൈവേഛക്കനുസൃതവുമാവണം.
وَلَوِ اتَّبَعَ الْحَقُّ أَهْوَاءَهُمْ لَفَسَدَتِ السَّمَاوَاتُ وَالْأَرْضُ وَمَن فِيهِنَّۚ
'പരമസത്യം (ദൈവികസത്യം) അവരുടെ ഇഛകളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളവയും നശിച്ചുപോയേനെ' (മുഅ്മിനൂന്‍ 71).
ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴿٤١﴾
'മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചതു കാരണം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം' (റൂം 41). പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു അത്വിയ്യ എഴുതുന്നു:
'ജലക്ഷാമം, മഴക്കുറവ്, കരയിലെ ദൂഷണം, സസ്യലതാദികളുടെ കമ്മി, ഹിംസ്രജീവികളുടെയും ശല്യകാരികളായ പ്രാണികളുടെയും വര്‍ധന, അഗ്നിബാധ, ബറകത്തുകളുടെ കുറവ്, പലതരം പീഡകളുടെ പെരുപ്പം, കൊടുങ്കാറ്റുകളുടെ വര്‍ധന, സുരക്ഷിതത്വത്തിന്റെ കുറവ്, കടല്‍ജീവികളുടെ ലഭ്യതക്കുറവ് മുതലായവയെല്ലാം മനുഷ്യരുടെ പാപങ്ങളുടെ ഫലമായി കരയിലും കടലിലുമുണ്ടാവുന്ന ഫസാദുകളാണ്.' വ്യവസായ വിപ്ലവത്തിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും ഫലമായി എല്ലാതരം ദൂഷണങ്ങളും ശതഗുണീഭവിച്ചിരിക്കുന്നു.
ഈ ഇനത്തില്‍ ശ്രദ്ധേയമാണ് സ്വാലിഹ് നബിയുടെ സമുദായത്തിന്റെ നാശം. ഖുര്‍ആന്‍ പറയുന്നു:
إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ ﴿٢٧﴾ وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْۖ كُلُّ شِرْبٍ مُّحْتَضَرٌ ﴿٢٨﴾
'പ്രവാചകന്‍ സ്വാലിഹിനോട് നാം പറഞ്ഞു: തീര്‍ച്ചയായും അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അതുകൊണ്ട് നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ആ ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിനുള്ള ഊഴത്തില്‍ (അതിന്നവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ് (ഒട്ടകത്തിന്റെ ജലവിഹിതം തട്ടിയെടുക്കരുതെന്ന് സാരം) (ഖമര്‍: 27,28).
وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًاۖ فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٧٤﴾
'അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ഭൂമിയില്‍ കുഴപ്പക്കാരായി വിഹരിക്കരുത്' (അഅ്‌റാഫ്: 74). വെള്ളം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതിലെ വ്യവസ്ഥാലംനം ഭൂമിയിലെ ഫസാദാണ്.
ഉപഭോഗമേഖലയില്‍ കാത്തുസൂക്ഷിക്കുന്ന മര്യാദ സംബന്ധമായി അല്ലാഹു ഇസ്‌റാഈല്‍ സന്തതികളെ ഉപദേശിക്കുന്നത് കാണുക:
وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِب بِّعَصَاكَ الْحَجَرَۖ فَانفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًاۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْۖ كُلُوا وَاشْرَبُوا مِن رِّزْقِ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٦٠﴾
''മൂസാനബി തന്റെ ജനതക്ക് വേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭം ശ്രദ്ധിക്കുക. അപ്പോള്‍ നാം പറഞ്ഞു: 'നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക.' അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്'' (അല്‍ബഖറ: 60).
ഒട്ടകത്തിന്റെ ജലവിഹിതം അപഹരിച്ച സ്വാലിഹ് നബിയുടെ ജനതയുടെ മറ്റൊരു അധര്‍മം കെട്ടിടനിര്‍മാണ രംഗത്തായിരുന്നു.
وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًاۖ فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٧٤﴾
'ആദ് സമുദായത്തിനുശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോര്‍ത്തുനോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്' (അഅ്‌റാഫ് 74).
وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ ﴿١٤٩﴾ فَاتَّقُوا اللَّهَ وَأَطِيعُونِ ﴿١٥٠﴾ وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ ﴿١٥١﴾ الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ ﴿١٥٢﴾
'നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരായ അതിക്രമകാരികളുടെ കല്‍പനകള്‍ നിങ്ങള്‍ അനുസരിച്ചുപോകരുത്' (ശുഅറാഅ് 149-152).
ആദ്, സമൂദ് ഗോത്രങ്ങളും ഫറോവയും നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവിടങ്ങളില്‍ കുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്തു (ഫജ്ര്‍: 11,12). ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കി വിഹരിക്കുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു (ഇബ്‌നുകസീര്‍). 'അതിക്രമം അക്രമിയായ ഭരണാധികാരിയെ ദുഷിപ്പിക്കും, അയാളുടെ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരെ ദോഷകരമായി ബാധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബന്ധങ്ങള്‍ താറുമാറാക്കും, ജീവിതത്തെ സൃഷ്ടിപരവും വികസനപരവും വൃത്തിയുള്ളതും സുരക്ഷിതവുമായ നേര്‍രേഖയില്‍നിന്ന് ഒരിക്കലും ഭൂമിയിലെ മനുഷ്യന്റെ പ്രാതിനിധ്യത്തിന് ചേരാത്ത വിരുദ്ധമായ മറ്റൊരു രേഖയിലേക്ക് ജീവിതത്തെ കൊണ്ടുപോവും' (ഫീളിലാലില്‍ ഖുര്‍ആന്‍).
ഇസ്വ്‌ലാഹ് എന്നതിന്റെ വിവക്ഷ, ആദര്‍ശാനുഷ്ഠാന മേഖലകളിലെ ദുഷിപ്പുകള്‍ ദൂരീകരിക്കുക എന്നതു മാത്രമാണെന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ മുസ്‌ലിം സമുദായത്തില്‍ കടന്നുകൂടിയിരിക്കുന്നു. ഒരാള്‍ ഖലീഫ അലി(റ)യെ സമീപിച്ച് പറഞ്ഞു: 'ഉടമകള്‍ കൃഷി ചെയ്യാതെ തരിശിട്ട ഏതാനും ഭൂമി ഞാന്‍ ജലേസചന സൗകര്യമൊരുക്കി കൃഷിയോഗ്യമാക്കിയിരിക്കുന്നു. എന്തു പറയുന്നു?' ഖലീഫയുടെ പ്രതികരണം:
كلْ هينئا غير مفسد وأنت مصلح غير مفسد معمّر غير مخرّب
'താങ്കള്‍ സന്തോഷപൂര്‍വം ആഹരിച്ചോളൂ, താങ്കള്‍ ഇസ്വ്‌ലാഹ് (ഭൂസംസ്‌കരണം) നടത്തിയവനാണ്, ഫസാദുാക്കിയവനല്ല. ഭൂമിയെ വേവിധം പരിപാലിച്ചവനാണ്, ഭൂമിയെ നശിപ്പിച്ചവനല്ല.'
മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാനുമായി ബന്ധപ്പെട്ടും ഇത്തരമൊരനുഭവം കാണാം. 'വാര്‍ധക്യത്തിലെത്തിയ താങ്കള്‍ എന്തിനു കൃഷിചെയ്യുന്നു' എന്ന ചോദ്യത്തിന് ഉസ്മാന്റെ മറുപടി ഇങ്ങനെയായിരുന്നു:
لأن توافيني السّاعة وأنا من المصلحين خير من أن توافيني وأنا من المفسدين
'ലോകാവസാനം വന്നെത്തുമ്പോള്‍ ഞാന്‍ നാശകാരികളില്‍ പെടുന്നതിനേക്കാള്‍ നന്മ വരുത്തുന്നവരില്‍ പെടുന്നവനാകുന്നതാണ് ഉത്തമം.'
ഫസാദും ഭൗതികശിക്ഷയും
فَلَوْلَا كَانَ مِنَ الْقُرُونِ مِن قَبْلِكُمْ أُولُو بَقِيَّةٍ يَنْهَوْنَ عَنِ الْفَسَادِ فِي الْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْۗ وَاتَّبَعَ الَّذِينَ ظَلَمُوا مَا أُتْرِفُوا فِيهِ وَكَانُوا مُجْرِمِينَ ﴿١١٦﴾ وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ ﴿١١٧﴾
''ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍നിന്ന് (ജനങ്ങളെ) തടയുന്ന (നന്മയുടെ) പാരമ്പര്യമുള്ള ഒരുവിഭാഗം നിങ്ങള്‍ക്കു മുമ്പുള്ള തലമുറകളില്‍നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല. അവരില്‍നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോവുകയാണു ചെയ്തത്. അവര്‍ കുറ്റവാളികളായിരിക്കുന്നു. നാട്ടുകാര്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കെ നിന്റെ രക്ഷിതാവ് 'ളുല്‍മി'ന്റെ പേരില്‍ രാജ്യങ്ങള്‍ നശിപ്പിക്കുന്നതല്ല'' (ഹൂദ്: 116,117).
സൂക്തത്തിലെ 'ളുല്‍മിന്റെ പേരില്‍' എന്നതിന്റെ വിവക്ഷ ശിര്‍ക്കിന്റെ പേരില്‍ എന്നാണെന്നും നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് മുതലായ നബിമാരുടെ സമുദായങ്ങള്‍ ശിര്‍ക്ക് ചെയ്തിരുന്നുവെങ്കിലും അവര്‍ ദുന്‍യാവില്‍ ശിക്ഷാവിധേയരായത് ശിര്‍ക്കിന്റെ പേരിലായിരുന്നില്ലെന്നും ജനദ്രോഹകരമായ തെറ്റുകളുടെ പേരിലായിരുന്നുവെന്നുമാണ് മേല്‍സൂക്തങ്ങളുടെ പ്രമുഖമായ വ്യാഖ്യാനം. നബി(സ) പറയുന്നു:
إنّ النّاس إذا رأو الظّالم فلم يأخذوا على يديه أوشك أن يعمّهم الله بعقاب من عنده
'ജനങ്ങള്‍ അക്രമിയെ കണ്ടിട്ട് അയാളുടെ കൈക്ക് പിടിച്ചില്ലായെങ്കില്‍ അല്ലാഹു അവങ്കല്‍നിന്നുള്ള ശിക്ഷയാല്‍ അവരെ എല്ലാവരെയും പിടികൂടിയേക്കും' (തിര്‍മിദി)
ഇബ്‌നുതൈമിയ്യ എഴുതുന്നു:
الله ينصر الدّولة العادلة وإن كانت كافرة ولا ينصر الدّولة الظالمة وإن كانت مؤمنة
'അല്ലാഹു നീതിയിലധിഷ്ഠിതമായ രാഷ്ട്രത്തെ സഹായിക്കും, അത് സത്യനിഷേധ രാഷ്ട്രമാണെങ്കിലും. അക്രമിയായ രാഷ്ട്രത്തെ സഹായിക്കുകയില്ല, അത് സത്യവിശ്വാസത്തിലധിഷ്ഠിതമാണെങ്കിലും.'26
മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു:
ولهذا قيل: إنّ الله يقيم الدّولة العادلة وان كانت كافرة ولا يقيم الظّالمة وان كانت مسلمة. ويقال: الدّنيا تدوم مع العدل والكفر ولا تدوم مع الظلم والإسلام
'അല്ലാഹു നീതിനിഷ്ഠമായ രാഷ്ട്രത്തെ നിലനിര്‍ത്തും; അത് സത്യനിഷേധ രാഷ്ട്രമാണെങ്കിലും. അവന്‍ അക്രമിയായ രാഷ്ട്രത്തെ നിലനിര്‍ത്തില്ല; അത് മുസ്‌ലിം രാഷ്ട്രമാണെങ്കിലും. എന്നും, ദുന്‍യാവ് സത്യനിഷേധത്തോടും നീതിയോടുമൊപ്പം നിലനില്‍ക്കും, അക്രമത്തോടും ഇസ്‌ലാമിനോടുമൊപ്പം നിലനില്‍ക്കില്ലെന്ന് മുമ്പെ പറഞ്ഞുപോരുന്നത് ഇതുകൊണ്ടെല്ലാമാണ്.'27 അല്ലാഹു ഒരു നബിക്ക് ദിവ്യബോധനം നല്‍കിയതായി ഫുദൈലുബ്‌നു ഇയാദില്‍നിന്ന് ഇബ്‌നു അബിദ്ദുന്‍യാ ഉദ്ധരിക്കുന്നു:
إذا عصاني من يعرفني سلّطت عليه من لا يعرفني
'എന്നെ അറിയുന്നവര്‍ എന്നെ ധിക്കരിച്ചാല്‍, എന്നെ അറിയാത്തവരെ ഞാന്‍ അയാള്‍ക്കു മേല്‍ അധികാരം ചുമത്തും.'
ഹൂദ്: 61-ന്റെ വ്യാഖ്യാനത്തില്‍ ജാറുല്ലാഹ് സമഖ്ശരി എഴുതുന്നു: ഭൂമിയുടെ പരിപാലനം നിര്‍ബന്ധം, ഐഛികം, അനുവദനീയം, അനഭിലഷണീയം എന്നിങ്ങനെ പലവിധമു്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ ധാരാളം നദികളുാക്കി. മരങ്ങള്‍ നട്ടുവളര്‍ത്തി. പ്രജാവിരുദ്ധമായ പലതും ചെയ്തുവെങ്കിലും ഭരണാധികാരികള്‍ ദീര്‍ഘകാലം ജീവിച്ചു. അക്കാലത്തെ ഒരു നബി അല്ലാഹുവോട് ഇതേപ്പറ്റി ചോദിച്ചു. അതിന് അല്ലാഹുവിന്റെ പ്രതികരണം, 'അവന്‍ എന്റെ നാടുകളെ വേതുപോലെ പരിപാലിച്ചു. അത് എന്റെ ദാസന്മാര്‍ക്ക് പ്രയോജനപ്പെട്ടു' എന്നായിരുന്നു.
വാര്‍ധക്യകാലത്ത് കൃഷിചെയ്ത മുആവിയ(റ)യോട് അതേപ്പറ്റി ചോദിച്ചപ്പോള്‍
ليس الفتى بفتى لا يستضاء به ولا تكون له في الأرض آثار
'മറ്റുള്ളവര്‍ക്ക് വെളിച്ചം സ്വീകരിക്കാനില്ലാത്തവരും ഭൂമിയില്‍ തന്റേതായ അടയാളങ്ങള്‍ വിട്ടേച്ചുപോകാത്തവരും യോഗ്യരല്ല' എന്ന കവിവാക്യമാണ് ഉദ്ധരിച്ചത്.
ചുരുക്കത്തില്‍, പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും ജൈവാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യത്തില്‍ ആത്മീയവും ഭൗതികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പരലോകത്തിന് മുമ്പെ അത് ഭൗതികലോകത്തു വെച്ചുതന്നെയാണ് സംഭവിക്കുക. ആയതിനാല്‍, നാം മേല്‍വിഷയകമായി തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കുറിപ്പുകള്‍
1. റാഗിബുല്‍ അസ്വ്ഫഹാനി, അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍.
2. അബൂദാവൂദ്, ദാറഖുത്വ്‌നി
3. അബൂദാവൂദ്
4. ബുഖാരി, മുസ്‌ലിം
5. ബുഖാരി
6. ഇബ്‌നുമാജ
7. അബൂദാവൂദ്
8. അഹ്‌മദ്, നസാഈ, ദാറമി
9. അഹ്‌മദ്
10. മുസ്‌ലിം
11. അബൂദാവൂദ്
12. മുസ്‌ലിം
13. മുസ്‌ലിം
14. അബൂദാവൂദ്, തിര്‍മിദി
15. ബുഖാരി (അദബുല്‍ മുഫ്‌റദ്)
16. ഇബ്‌നുമാജ
17. അബൂദാവൂദ്
18. മിശ്കാത്ത്
19. ബുഖാരി, മുസ്‌ലിം
20. ഇബ്‌നു ഹിബ്ബാന്‍
21. തിര്‍മിദി
22. അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാന്‍
23. അഹ്‌മദ്
24. ബുഖാരി, മുസ്‌ലിം
25. റാഗിബുല്‍ അസ്വ്ഫഹാനിയുടെ അല്‍മുഫ്‌റദാത്തു ഫീഗരീബില്‍ ഖുര്‍ആന്‍ കാണുക.
26. മജ്മൂഉല്‍ ഫതാവാ 28/63
27. മജ്മൂഉല്‍ ഫതാവാ 28/146