മോക്ഷസങ്കല്‍പം ഇസ്‌ലാമില്‍

ഇല്‍യാസ് മൗലവി‌‌
img

'വിശ്വാസമേതായാലും കര്‍മം നന്നായാല്‍ മതി' എന്നാണല്ലോ സര്‍വമത സത്യവാദത്തിന്റെ കാതല്‍. അങ്ങനെ വിശ്വസിക്കാനും ആശ്വസിക്കാനും ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അങ്ങനെയാണ് ഇസ്‌ലാമിക വിശ്വാസം എന്ന് ചിലര്‍ വാദിക്കുമ്പോള്‍ അത് നാം ഖുര്‍ആനികമായി പരിശോധിക്കേണ്ടതുണ്ട്. സത്യവിശ്വാസവും സല്‍ക്കര്‍മവുമാണ് മോക്ഷത്തിന്റെ ഖുര്‍ആനിക മാനദണ്ഡം.
ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നതനുസരിച്ച് സത്യനിഷേധികളും ബഹുദൈവവിശ്വാസികളും നരകാവകാശികളാണ്. അല്ലാഹുവിലും മുഹമ്മദ് നബിയിലും വിശ്വസിക്കാത്തവര്‍ക്ക് സ്വര്‍ഗപ്രവേശം സാധ്യമല്ല.
إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ
'ആര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നുവോ, അവര്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു' (മാഇദ 72). എന്തിനധികം, മുസ്‌ലിമാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ, ദൈവികപ്രീതി കാംക്ഷിക്കാതെ ലോകമാന്യത്തിനായി സല്‍ക്കര്‍മങ്ങള്‍ ചെയ്താല്‍ അല്ലാഹുവിങ്കല്‍ അത് സ്വീകാര്യമല്ലെന്നു മാത്രമല്ല ശിക്ഷാര്‍ഹമാണെന്നു കൂടി നബി(സ) പഠിപ്പിക്കുന്നു.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: “ إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ، قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ: جَرِيءٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ، وَقَرَأْتُ فِيكَ الْقُرْآنَ، قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ: عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ: هُوَ قَارِئٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ، قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ: هُوَ جَوَادٌ، فَقَدْ قِيلَ، ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ، ثُمَّ أُلْقِيَ فِي النَّارِ”. رواه مسلم 5032
നബി(സ)യില്‍നിന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ) പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടു: ''അന്ത്യദിനത്തില്‍ ആദ്യമായി വിചാരണക്ക് കൊണ്ടുവരുന്നത് ഒരു രക്തസാക്ഷിയെയായിരിക്കും. അയാളുടെ അനുഗ്രഹങ്ങള്‍ അയാള്‍ക്ക് അറിയിച്ചുകൊടുക്കുകയും അയാള്‍ അത് അറിയുകയും ചെയ്യും. എന്നിട്ട് അല്ലാഹു അയാളോട് ചോദിക്കും: നീ അവയിലൂടെ എന്താണ് പ്രവര്‍ത്തിച്ചത്? അയാള്‍: 'ഞാന്‍ രക്തസാക്ഷിയാകുന്നതു വരെ നിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു.' അപ്പോള്‍ അല്ലാഹു പറയും: നീ  പറഞ്ഞത് കളവാണ്. നീ യുദ്ധം ചെയ്തത് നീ ഒരു ധീരനാണ് എന്ന് പറയപ്പെടാന്‍ വേണ്ടിയായിരുന്നു. അത് പറയപ്പെട്ടു കഴിഞ്ഞു.' പിന്നീട് അവനെ മുഖം നിലത്താകുന്നവിധം വലിച്ച് നരകത്തിലിടാന്‍ പറയും.
അനന്തരം, അറിവു പഠിക്കുകയും പഠിപ്പിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്ത ഒരാളെ കൊണ്ടുവരും. അവന്റെ അനുഗ്രഹങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയും അവന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: 'അതിലൂടെ നീ എന്താണ് ചെയ്തത്?' അപ്പോള്‍ അയാള്‍ പറയും: 'ഞാന്‍ അറിവ് അഭ്യസിക്കുകയും അത് പഠിപ്പിക്കുകയും നിന്റെ മാര്‍ഗത്തില്‍ ഖുര്‍ആന്‍ ഓതുകയും ചെയ്തു.' അപ്പോള്‍ അല്ലാഹു പറയും: 'നീ പറഞ്ഞത് കളവാണ്. നീ അറിവ് നേടിയത് നീ ഒരു പണ്ഡിതനാണെന്ന് പറയപ്പെടാന്‍ വേണ്ടിയായിരുന്നു. അത് പറയപ്പെട്ടു കഴിഞ്ഞു.' പിന്നെ, അവനെയും മുഖം നിലത്താകുന്ന വിധം വലിച്ച് നരകത്തിലിടാന്‍ കല്‍പ്പിക്കും.
മറ്റൊരാള്‍ക്ക് അല്ലാഹു സാമ്പത്തിക വിശാലത നല്‍കുകയും എല്ലാതരം സമ്പത്തുക്കളും അയാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അയാളെ കൊണ്ടുവന്ന് അനുഗ്രഹങ്ങള്‍ അറിയിച്ചുകൊടുക്കുകയും അയാള്‍ അത് മനസ്സിലാക്കുകയും ചെയ്യും. അല്ലാഹു അയാളോട് ചോദിക്കും: 'നീ ഇതുകൊണ്ട് എന്താണ് ചെയ്തത്?' അയാള്‍ പറയും: 'നീ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വഴിയും ഞാന്‍ ചെലവഴിക്കാതെ വിട്ടുകളഞ്ഞിട്ടില്ല.' അല്ലാഹു പറയും: പക്ഷേ, നീ അത് ചെയ്തത് നീ ഉദാരമതിയാണെന്ന് ആളുകള്‍ പറയാന്‍ വേണ്ടിയാണ്- അതു പറയപ്പെട്ടുകഴിഞ്ഞിരിക്കുന്നു.' പിന്നെ, അവനെയും മുഖം നിലത്താകുംവിധം വലിച്ച് നരകത്തിലിടാന്‍ കല്‍പിക്കും'' (മുസ്‌ലിം 5032).
എല്ലാം മഹത്തരമായ കാര്യങ്ങള്‍. പറഞ്ഞിട്ടെന്തുകാര്യം? അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാത്തതിനാല്‍ എല്ലാം പാഴായി. കൂടാതെ, ലോകമാന്യത്തിന് ശിക്ഷയും!
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴿٢٣﴾
'അവര്‍ ചെയ്തുവെച്ച കര്‍മങ്ങളെന്താവട്ടെ, അവയെടുത്തു നാം ധൂളികണക്കെ പറത്തിക്കളയുന്നതാണ്' (ഫുര്‍ഖാന്‍ 23).
ഒരാള്‍ നബി(സ)യെ സമീപിച്ച് ചോദിച്ചു: 'അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലവും അതോടൊപ്പം പേരും പ്രശസ്തിയും കൊതിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്ത്?'
لا شيئ له (അയാള്‍ക്ക് ഒന്നും ലഭിക്കുകയില്ല) അയാള്‍ മൂന്നു തവണ ചോദ്യം ആവര്‍ത്തിച്ചു. മൂന്നു തവണയും അവിടുന്ന് ആവര്‍ത്തിച്ചു;
لا شيئ له (അയാള്‍ക്ക് ഒന്നും ലഭിക്കുകയില്ല). ശേഷം അവിടുന്ന് പ്രസ്താവിച്ചു: 
إن الله لا يقبل من العمل إلاّ ماكان خالصا وابتغي به وجهه
'തനിക്കു മാത്രമായുള്ളതും തന്റെ പ്രീതികാംക്ഷിച്ചുകൊണ്ടുള്ളതുമല്ലാത്ത ഒരു കര്‍മവും അല്ലാഹു സ്വീകരിക്കുകയില്ല' (നസാഈ 3153, മേല്‍ നബിവചനം ഹസനും സ്വഹീഹുമാണെന്ന് അല്‍ബാനി രേഖപ്പെടുത്തിയിരിക്കുന്നു).
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَۚ وَذَٰلِكَ دِينُ الْقَيِّمَةِ ﴿٥﴾
'വിധേയത്വം അല്ലാഹുവിനു മാത്രം ആക്കിക്കൊണ്ട് അവന് ഇബാദത്ത് ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍' (ബയ്യിന 5).

ഉപാധികള്‍ വേറെയും
മേല്‍ മാനദണ്ഡങ്ങള്‍ക്കൊപ്പം ഇസ്‌ലാമിക വിശ്വാസപ്രകാരം കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവണമെങ്കില്‍ അഥവാ പാരത്രികമോക്ഷത്തിന് പരിഗണിക്കപ്പെടണമെങ്കില്‍ അനിവാര്യമായും മറ്റു ചില ഉപാധികള്‍ കൂടി പൂര്‍ത്തിയായിരിക്കണം:
وَقَدْ نَصَّ الْعُلَمَاءُ عَلَى أَنَّ المُتَابَعَة لاَ تَتَحَقَّقُ إِلاَّ بِسِتَّةِ أُمُورٍ: الأَوَّلُ: سَبَبُ العِبَادَةِ. هَلْ هُو ابْتِغَاء وَجْه الله أم لا؟ الثّاني: جِنْسُ العِبَادَةِ. هَل هي مشرُوعة أم لا؟ الثَّالِث: قَدْرُ العِبَادَةِ. هل هي مَوافقة على ما قدره الشّارع أم لا؟ الرَّابعُ: صِفَةُ الْعِبَادَة. هَل هي موافقة عَلَى ما علّمنا رسول الله أم لا؟ الخَامس: زَمَانُ العِبَادةِ (فِيمَا حُدّدَ لَهَا زَمَانٌ). هل هي في الزّمان المحدّد لها أم لا؟ السَّادِسُ: مَكَانُ العِبَادةِ (فِيمَا قُيِّدتء بِمَكانٍ مُعَيَّنٍ) هل هي في مكان حدّده الشّرع القيام فيه أم لا؟
1. കാരണം: 
കര്‍മം ചെയ്യാനുള്ള പ്രചോദനം അല്ലാഹുവിന്റെ പ്രീതിയാണോ സ്വാര്‍ഥതാല്‍പര്യമാണോ? അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ചെയ്ത കര്‍മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയും പ്രതിഫലം നല്‍കുകയുമുള്ളൂ. ലോകമാന്യത്തിനോ മറ്റു സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കോ വേണ്ടി ചെയ്യുന്നത് അല്ലാഹു സ്വീകരിക്കുകയില്ലെന്നു മാത്രമല്ല, അവ നരകശിക്ഷക്കു കാരണവുമാകും.
2. കര്‍മങ്ങളുടെ ഇനം: 
അല്ലാഹു അനുവദിച്ചതും നിര്‍ദേശിച്ചതുമാണോ കര്‍മം എന്നതും പ്രധാനമാണ്. അല്ലാഹു വിലക്കിയതോ, വര്‍ജിക്കണമെന്ന് ആവശ്യപ്പെട്ടതോ ആയ കര്‍മങ്ങള്‍ എത്ര ആത്മാര്‍ഥതയോടെ ചെയ്താലും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല.
3. തോത്: 
അല്ലാഹു ആവശ്യപ്പെട്ട അളവിലും തോതിലുമാണോ, അതിരു കവിയുകയോ കുറഞ്ഞുപോവുകയോ ചെയ്യുന്നുണ്ടോ എന്നതും പ്രധാനമാണ്. ചെയ്യേണ്ട അളവില്‍ ചെയ്തില്ലെങ്കിലും പരിധി കൂടുന്നതും കുറയുന്നതും പരിഗണിച്ചില്ലെങ്കിലും അത് കുറ്റകരമാണ്.
4. രൂപം: 
അല്ലാഹു ആവശ്യപ്പെട്ട പ്രകാരവും രൂപത്തിലുമാണോ' അല്ലേ എന്നതും പ്രധാനമാണ്. ഏതൊരു കര്‍മവും നിര്‍വഹിക്കാന്‍ പ്രത്യേക രൂപവും രീതിയും അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അവ്വിധം തന്നെ വേണം അത് നിര്‍വഹിക്കാന്‍.
5 സമയം:
 അല്ലാഹു നിര്‍ദേശിച്ച സമയത്തും കാലത്തുമാണ് കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടത്. അല്ലെങ്കില്‍ അത് വീഴ്ചയാണ്.
6. സ്ഥലം:
ഇതേപോലെ കര്‍മങ്ങള്‍ നടക്കുന്ന സ്ഥലവും പ്രധാനമാണ്. ചില കര്‍മാനുഷ്ഠാനങ്ങള്‍ക്കായി ചില സ്ഥലങ്ങള്‍ പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളില്‍ വെച്ചല്ലാതെ ആ കര്‍മങ്ങള്‍ സ്വീകരിക്കില്ല.
മുകളില്‍ പറഞ്ഞ ആറ് നിബന്ധനകളില്‍ ഏതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ കര്‍മങ്ങള്‍ സ്വീകാര്യമല്ല. ഇതത്രയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളാണ്.

അബൂത്വാലിബ്
നബി(സ)ക്ക് പ്രത്യക്ഷമായും പരോക്ഷമായും നാല്‍പത്തിമൂന്ന് വര്‍ഷത്തോളം പിന്തുണയും സംരക്ഷണവും നല്‍കിയിട്ടുപോലും അബൂത്വാലിബ് നരകത്തിലെത്തിയത് ഏകദൈവവിശ്വാസത്തിന്റെയും അനുബന്ധ ഉപാധികളുടെയും അഭാവത്താലാണ്.
أَهْوَنُ أَهْلِ النَّارِ عَذَابًا أَبُو طَالِبٍ وَهُو مُنْتَعِلٌ بِنَعْلَيْنِ يَغْلِى مِنْهُمَا دِمَاغُهُ   
إِنَّ أَهْوَنَ أَهْلِ النَّارِ عَذَابًا أَبُو طَالِبٍ، وَهُو مُنْتَعِلٌ نَعْلَيْنِ مِنْ نَارٍ، يَغْلِي مِنْهُمَا دِمَاغُهُ
ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'നരകത്തില്‍ ഏറ്റവും ലഘുവായ ശിക്ഷ അബൂത്വാലിബിനായിരിക്കും. തീയാലുള്ള രണ്ടു ചെരിപ്പുകള്‍ അദ്ദേഹം അണിയും. അതിന്റെ ശിക്ഷാ കാഠിന്യത്താല്‍ അദ്ദേഹത്തിന്റെ തലച്ചോറ് വെട്ടിത്തിളക്കും' (അഹ്‌മദ് 2636, മുസ്‌ലിം 537).
അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബ് ഒരിക്കല്‍ നബി(സ)യോട് ചോദിച്ചു: '(പിതൃവ്യനായ) അബൂത്വാലിബിന് താങ്കള്‍ക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ പറ്റിയോ? അദ്ദേഹം താങ്കളെ സംരക്ഷിക്കുകയും താങ്കള്‍ക്ക് വേണ്ടി ശത്രുക്കളോട് കോപിക്കുകയും ചെയ്തിരുന്നുവല്ലോ?' നബി(സ)യുടെ പ്രതികരണം:
 نعم هو فى ضحضاح من نار، لولا أنا لكان في الدّرك الأسفل من النَّار
'അതേ അദ്ദേഹം നരകത്തിലെ ആഴം കുറഞ്ഞ ഭാഗത്തായിരിക്കും. ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം നരകത്തിന്റെ ഏറ്റവും അടിയിലെ തട്ടില്‍ ആകുമായിരുന്നു' (ബുഖാരി 6208, മുസ്‌ലിം 531).
നല്ലതെന്നും സുകൃതമെന്നും ചെയ്യുന്നവരും അതു കാണുന്നവരും വിലയിരുത്തുന്ന പലതും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവാത്തതെന്തുകൊണ്ടാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്:
قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا ﴿١٠٣﴾ الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾ أُولَٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴿١٠٥﴾ ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا ﴿١٠٦﴾
'നബിയേ താങ്കള്‍ അവരോട് പറയുക: സ്വകര്‍മങ്ങള്‍ ഏറ്റവുമധികം നിഷ്പ്രയോജനകരമായിത്തീരുന്ന ജനം ആരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ? ഐഹിക ജീവിതത്തിലെ അധ്വാനപരിശ്രമങ്ങളില്‍(സന്മാര്‍ഗത്തില്‍നിന്ന്) പിഴച്ചവരും അതേസമയം തങ്ങള്‍ ചെയ്യുന്നതൊക്കെയും ശരിയെന്ന് ഭാവിക്കുന്നവരുമത്രെ അവര്‍' (കഹ്ഫ് 103-105).

ഇത്തരക്കാര്‍ ലോകത്ത് എന്തെന്ത് വന്‍കാര്യങ്ങള്‍ ചെയ്തിരുന്നാലും അതെല്ലാം ലോകത്തിന്റെ നാശത്തോടൊപ്പം നശിച്ചുപോകുമെന്നര്‍ഥം. തങ്ങളുടെ കോട്ടയും കൊട്ടാരങ്ങളും യൂനിവേഴ്‌സിറ്റികളും ലൈബ്രറികളും കൃഷിയിടങ്ങളും വ്യവസായശാലകളും റോഡുകളും റെയിലുകളും ഉല്‍പന്നങ്ങളും കണ്ടുപിടിത്തങ്ങളും വിജ്ഞാനശാസ്ത്രങ്ങളും ആര്‍ട്ട് ഗാലറികളും എന്നുവേണ്ട തങ്ങളുടെ അഭിമാനഭാജനങ്ങളായ വസ്തുക്കളില്‍ ഒന്നുപോലും കൈയിലെടുത്തു കൊണ്ടല്ല അവര്‍ ദൈവസന്നിധിയില്‍ ചെല്ലുന്നത്. അതിനാല്‍ ആ വസ്തുക്കളിലൊന്നുപോലും ദൈവത്തിന്റെ ത്രാസ്സില്‍ തൂക്കപ്പെടുകയില്ല. അവിടെ അവശേഷിക്കുന്നത് കര്‍മോദ്ദേശ്യങ്ങളും കര്‍മഫലങ്ങളും മാത്രം. അപ്പോള്‍ ഒരാളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇഹലോകത്തില്‍ പരിമിതമെങ്കില്‍, അവന്‍ ഫലസിദ്ധി കാംക്ഷിക്കുന്നതും ഇഹലോകത്ത് മാത്രമാണെങ്കില്‍, ഫലങ്ങള്‍ ഇഹലോകത്ത് കണ്ടുകഴിഞ്ഞിരിക്കെ, അവന്റെ എല്ലാ കര്‍മങ്ങളും നശ്വരലോകത്തോടൊപ്പം നശിച്ചു കഴിഞ്ഞതുതന്നെ. പരലോകത്ത് വെച്ച് അര്‍ഹമായ വില വാങ്ങണമെങ്കില്‍ ദൈവപ്രീതിക്കു വേണ്ടിയും ദൈവിക നിയമങ്ങള്‍ക്ക് വിധേയമായും പരലോക ഫലം ലക്ഷ്യമാക്കിയും ചെയ്തിട്ടുള്ള കാര്യങ്ങളായിരിക്കണം. അങ്ങനെയൊരു നേട്ടവും തന്റെ റെക്കോഡിലില്ലെന്നിരിക്കെ, തന്റെ ഐഹിക ജീവിത പ്രയത്‌നങ്ങളത്രയും പരലോകത്തെ സംബന്ധിച്ചേടത്തോളം വൃഥാവിലായെന്നു നിശ്ചയം (തഫ്ഹീമുല്‍ ഖുര്‍ആന്‍; അല്‍ കഹ്ഫ് വ്യാഖ്യാനക്കുറിപ്പ്: 77).
فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
'അതിനാല്‍, തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ. ഇബാദത്തില്‍ ആരെയും തന്റെ റബ്ബിന് പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ' (കഹ്ഫ് 110).
അല്ലാഹുവിന്റെ സകല അനുഗ്രഹങ്ങളും ആവോളം ആസ്വദിച്ചുകൊണ്ടുതന്നെ അവനില്‍ വിശ്വസിക്കാതെ ജീവിച്ചവര്‍ക്ക് സ്വര്‍ഗമെന്ന പാരിതോഷികം നല്‍കി ആദരിക്കണമെന്ന് പറയുന്നത് എന്തുമാത്രം അനീതിയാണ്!

മോക്ഷത്തിനാധാരം തൗഹീദ്
മോക്ഷത്തിനാധാരമായി സല്‍ക്കര്‍മങ്ങള്‍ക്കു മുമ്പെ ഇസ്‌ലാം പരിഗണിക്കുന്നത് ഏകനായ അല്ലാഹുവിലുള്ള വിശ്വാസമാണെന്നത് ഖുര്‍ആന്‍ ഒരു തവണയെങ്കിലും വായിക്കുന്നവര്‍ക്ക് നന്നായി ബോധ്യപ്പെടും. ഉദാഹരണമായി കാണുക:
لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍۘ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌۚ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ﴿٧٣﴾
'മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവം തന്നെ എന്ന് വാദിച്ചവര്‍ നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, ഇസ്‌റായേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍ എന്നത്രെ. അല്ലാഹുവിന് പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിരിക്കുന്നു. നരകമാണ് അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് ഒരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ല തന്നെ. ഇത്തരം വാദങ്ങളില്‍നിന്ന് അവര്‍ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും' (മാഇദ 72,73).
അല്ലാഹുവെയും നബിമാരെയും അവിശ്വസിക്കുന്നവരെ മാത്രമല്ല, നബിമാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നവരെയും ശിക്ഷാവിധേയമാക്കുമെന്നാണ് ഖുര്‍ആനിന്റെ മുന്നറിയിപ്പ്:
إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا ﴿١٥٠﴾ أُولَٰئِكَ هُمُ الْكَافِرُونَ حَقًّاۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا ﴿١٥١﴾
''അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പ്പിക്കാനുദ്ദേശിക്കുന്നവരും 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നവരുണ്ടല്ലോ. അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍ - അത്തരം സത്യനിഷേധികള്‍ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്'' (നിസാഅ് 150,151).
ഇസ്‌ലാമേതര ആശയങ്ങള്‍ ഏതു പേരുകളില്‍ അറിയപ്പെട്ടാലും ഒറ്റ മതമായാണ്    (الكفر ملّة واحجة ) പരിഗണിക്കപ്പെടുകയെന്ന് മാഇദ: 120-ാം സൂക്തത്തിന്റെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതായി ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ എനിക്ക് എന്റെ ദീന്‍' എന്ന ഖുര്‍ആനിക പ്രയോഗവും ഇസ്‌ലാമേതര ദീനുകളെ ഒരേ ഗണത്തിലാണല്ലോ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഏത് അനിസ്‌ലാമിക ആശയാദര്‍ശങ്ങളും നിഷ്ഫലമാണെന്നു വ്യക്തം.

സല്‍ക്കര്‍മവും മോക്ഷവും
വിശ്വാസം എന്തായാലും സല്‍ക്കര്‍മങ്ങളാണ് പാരത്രിക മോക്ഷത്തിന് പരിഗണിക്കുക എന്നതാണ് മറ്റൊരു വാദം.
ഇസ്‌ലാമിക ദൃഷ്ട്യാ ഒരു കര്‍മം സല്‍കര്‍മമായി പരിഗണിക്കപ്പെടണമെങ്കില്‍ മുന്‍ചൊന്ന ഉപാധികള്‍ പൂര്‍ത്തിയാവണം.

കര്‍മങ്ങളിലേക്ക് മാത്രം നോക്കി ഒരുകാര്യം സല്‍ക്കര്‍മമാണെന്നു പറയാമെങ്കില്‍, കുട്ടികളെ പഠിപ്പിക്കാന്‍ ശമ്പളം വാങ്ങുന്ന അധ്യാപകന്‍ സ്‌കൂളില്‍ പോകാതെ ജനസേവനത്തിനു പോവുന്നത് സല്‍ക്കര്‍മമാണെന്നു പറയേിവരും. പക്ഷേ, അത് സമൂഹത്തോടു ചെയ്യുന്ന വഞ്ചനയാണെന്നു ആരും പറയും.
ഇമാം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു:
لَوْ نَفَعَ العِلْمُ بِلاَ عَمَلٍ لَمَا ذَمَّ الله سُبْحَانَه أَحْبَارَ أَهْلِ الكِتَابِ، وَلَوْ نَفَعَ العَمَلُ بِلَا إِخْلَاصِ لَمَا ذَمَّ المُنَافِقِينَ
'കര്‍മരഹിതമായ അറിവ് ഉപകാരപ്രദമായിരുന്നുവെങ്കില്‍ വേദക്കാരിലെ പുരോഹിതന്മാരെ അല്ലാഹു ആക്ഷേപിക്കുമായിരുന്നില്ല. അതുപോലെത്തന്നെ, ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയുമില്ലാത്ത കേവല കര്‍മങ്ങള്‍ ഉപകരിക്കുമായിരുന്നെങ്കില്‍ മുനാഫിഖുകളെയും അവന്‍ അധിക്ഷേപിക്കുമായിരുന്നില്ല' (അല്‍ ഫവാഇദ്: 31).

കാഫിറുകളുടെ സല്‍ക്കര്‍മങ്ങള്‍
مَّثَلُ الَّذِينَ كَفَرُوا بِرَبِّهِمْۖ أَعْمَالُهُمْ كَرَمَادٍ اشْتَدَّتْ بِهِ الرِّيحُ فِي يَوْمٍ عَاصِفٍۖ لَّا يَقْدِرُونَ مِمَّا كَسَبُوا عَلَىٰ شَيْءٍۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ ﴿١٨﴾
'തങ്ങളുടെ രക്ഷിതാവിനെ ധിക്കരിച്ചവരുടെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം: ഒരു കൊടുങ്കാറ്റില്‍പെട്ട ചാരം പോലെയാകുന്നു. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. ഇതുതന്നെയാകുന്നു വിദൂരമായ മാര്‍ഗഭ്രംശം' (ഇബ്‌റാഹീം 18).
وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُۗ وَاللَّهُ سَرِيعُ الْحِسَابِ ﴿٣٩﴾ أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَاۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ ﴿٤٠﴾
'നിഷേധിച്ചവരുണ്ടല്ലോ, അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ കാനല്‍പോലെയാകുന്നു. ദാഹാര്‍ത്തന്‍ അതിനെ വെള്ളമെന്നു മോഹിച്ചു. അവിടെച്ചെന്ന് നോക്കിയപ്പോഴോ, ഒന്നും കണ്ടില്ല. പ്രത്യുത, അവന്‍ അവിടെ കണ്ടെത്തിയത് അല്ലാഹുവിനെയാകുന്നു. അല്ലാഹുവോ, അവന്ന് കണക്കു തീര്‍ത്തുകൊടുത്തു. കണക്കു തീര്‍ക്കുന്നതിന് അല്ലാഹുവിന് ഒട്ടും താമസം വേണ്ട. അല്ലെങ്കില്‍പിന്നെ അവന്റെ ഉപമ ഇങ്ങനെയാകുന്നു. ആഴമേറിയ കടലിലെ ഇരുട്ടുകള്‍. അതായത് തിരകള്‍ മേല്‍ക്കുമേല്‍ വന്നുമൂടുന്നു. അതിനുമീതെ മേഘം. ഇരുട്ടിന്മേല്‍ ഇരുട്ട് കുന്നുകൂടിക്കിടക്കുന്നു. ഒരുവന്‍ സ്വന്തം കൈ നീട്ടിയാല്‍ അതുപോലും കാണാനാവില്ല. അല്ലാഹു ആര്‍ക്കു വെളിച്ചം നല്‍കുന്നില്ലയോ, അവനു പിന്നെ ഒരു വെളിച്ചവുമില്ല.'
عَنْ حَكِيمِ بْنِ حِزَامٍ رَضِي الله عَنْهُ قَالَ: قُلْتُ: يَا رَسُولَ اللهِ أَرَأَيْتَ أَشْيَاءَ كُنْتُ أَتَحَنَّثُ بِهَا فِي الْجَاهِلِيَّةِ مِنْ صَدَقَةٍ أَوْ عَتَاقَةٍ وَصِلَةِ رَحِمٍ فَهَلْ فِيهَا مِنْ أَجْرٍ فَقَالَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّم: أَسْلَمْتَ عَلَى مَا سَلَفَ مِنْ خَيْرٍ.
ഹകീമുബ്‌നു ഹിസാമില്‍നിന്ന് നിവേദനം: അദ്ദേഹം നബി(സ)യോട് ചോദിച്ചു: 'തിരുദൂതരേ, ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഞാന്‍ പുണ്യം കാംക്ഷിച്ച് നല്‍കിയ ദാനം, അടിമമോചനം, കുടുംബബന്ധം ചേര്‍ക്കല്‍ ഇതിനൊക്കെയും എനിക്ക് വല്ല പ്രതിഫലവും ലഭിക്കുമോ?' അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'താങ്കള്‍ മുന്‍ ചെയ്ത നന്മകളോട് കൂടിത്തന്നെയാണ് ഇസ്‌ലാം സ്വീകരിച്ചത്' (ബുഖാരി 1436).

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ وَيُطْعِمُ الْمِسْكِينَ فَهَلْ ذَاكَ نَافِعُهُ قَالَ ‏ “‏ لاَ يَنْفَعُهُ إِنَّهُ لَمْ يَقُلْ يَوْمًا رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ ‏”‏ ‏.‏
നബിപത്‌നി ആഇശ(റ)യില്‍നിന്ന് നിവേദനം. ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ഇബ്‌നു ജുദ്ആന്‍ ജാഹിലിയ്യാ കാലത്ത് കുടുംബ ബന്ധം ചേര്‍ത്തിരുന്നു. അഗതിക്ക് ഭക്ഷണം നല്‍കിയിരുന്നു. അദ്ദേഹത്തിന് അത് പ്രയോജനപ്പെടുമോ?' നബി(സ) പറഞ്ഞു: അദ്ദേഹത്തിന് അത് പ്രയോജനപ്പെടുകയില്ല. കാരണം നാഥാ, വിചാരണാ നാളില്‍ എന്റെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ എന്ന് ഒരു ദിവസം പോലും അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ' (മുസ്‌ലിം 540).
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّ أُنَاسًا فِي زَمَنِ النَّبِيِّ صلى الله عليه وسلم قَالُوا يَا رَسُولَ اللَّهِ، هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ نَعَمْ، هَلْ تُضَارُّونَ فِي رُؤْيَةِ الشَّمْسِ بِالظَّهِيرَةِ، ضَوْءٌ لَيْسَ فِيهَا سَحَابٌ ‏”‏‏.‏ قَالُوا لاَ‏.‏ قَالَ “وَهَلْ تُضَارُّونَ فِي رُؤْيَةِ الْقَمَرِ لَيْلَةَ الْبَدْرِ، ضَوْءٌ لَيْسَ فِيهَا سَحَابٌ ‏”‏‏.‏ قَالُوا لاَ‏.‏ قَالَ النَّبِيُّ صلى الله عليه وسلم “مَا تُضَارُّونَ فِي رُؤْيَةِ اللَّهِ عَزَّ وَجَلَّ يَوْمَ الْقِيَامَةِ، إِلاَّ كَمَا تُضَارُّونَ فِي رُؤْيَةِ أَحَدِهِمَا، إِذَا كَانَ يَوْمُ الْقِيَامَةِ أَذَّنَ مُؤَذِّنٌ تَتْبَعُ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ‏.‏ فَلاَ يَبْقَى مَنْ كَانَ يَعْبُدُ غَيْرَ اللَّهِ مِنَ الأَصْنَامِ وَالأَنْصَابِ إِلاَّ يَتَسَاقَطُونَ فِي النَّارِ، حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ، بَرٌّ أَوْ فَاجِرٌ وَغُبَّرَاتُ أَهْلِ الْكِتَابِ، فَيُدْعَى الْيَهُودُ فَيُقَالُ لَهُمْ مَنْ كُنْتُمْ تَعْبُدُونَ قَالُوا كُنَّا نَعْبُدُ عُزَيْرَ ابْنَ اللَّهِ‏.‏ فَيُقَالُ لَهُمْ كَذَبْتُمْ، مَا اتَّخَذَ اللَّهُ مِنْ صَاحِبَةٍ وَلاَ وَلَدٍ، فَمَاذَا تَبْغُونَ فَقَالُوا عَطِشْنَا رَبَّنَا فَاسْقِنَا‏.‏ فَيُشَارُ أَلاَ تَرِدُونَ، فَيُحْشَرُونَ إِلَى النَّارِ كَأَنَّهَا سَرَابٌ، يَحْطِمُ بَعْضُهَا بَعْضًا فَيَتَسَاقَطُونَ فِي النَّارِ، ثُمَّ يُدْعَى النَّصَارَى، فَيُقَالُ لَهُمْ مَنْ كُنْتُمْ تَعْبُدُونَ قَالُوا كُنَّا نَعْبُدُ الْمَسِيحَ ابْنَ اللَّهِ‏.‏ فَيُقَالُ لَهُمْ كَذَبْتُمْ، مَا اتَّخَذَ اللَّهُ مِنْ صَاحِبَةٍ وَلاَ وَلَدٍ‏.‏ فَيُقَالُ لَهُمْ مَاذَا تَبْغُونَ فَكَذَلِكَ مِثْلَ الأَوَّلِ، حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ مِنْ بَرٍّ أَوْ فَاجِرٍ، أَتَاهُمْ رَبُّ الْعَالَمِينَ فِي أَدْنَى صُورَةٍ مِنَ الَّتِي رَأَوْهُ فِيهَا، فَيُقَالُ مَاذَا تَنْتَظِرُونَ تَتْبَعُ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ‏.‏ قَالُوا فَارَقْنَا النَّاسَ فِي الدُّنْيَا عَلَى أَفْقَرِ مَا كُنَّا إِلَيْهِمْ، وَلَمْ نُصَاحِبْهُمْ، وَنَحْنُ نَنْتَظِرُ رَبَّنَا الَّذِي كُنَّا نَعْبُدُ‏.‏ فَيَقُولُ أَنَا رَبُّكُمْ، فَيَقُولُونَ لاَ نُشْرِكُ بِاللَّهِ شَيْئًا‏.‏ مَرَّتَيْنِ أَوْ ثَلاَثًا ‏”‏‏.‏

അബൂസഈദില്‍ ഖുദ്‌രിയ്യില്‍നിന്ന്: നബി(സ)യുടെ കാലത്ത് ഒരു സംഘം ആളുകള്‍ നബിയോട് ചോദിച്ചു: 'ഖിയാമത്ത് നാളില്‍ ഞങ്ങള്‍ അല്ലാഹുവെ കാണുമോ?' നബി (സ) പറഞ്ഞു: 'കാണും, മേഘമില്ലാത്ത നട്ടുച്ചക്ക് സൂര്യദര്‍ശനത്തിന് നിങ്ങള്‍ക്ക് പ്രയാസം അനുഭവപ്പെടാറുണ്ടോ?' അവര്‍ പറഞ്ഞു: 'ഇല്ല.' നബി (സ)  ചോദിച്ചു: 'മേഘമില്ലാത്ത പൗര്‍ണമി നാളില്‍ ചന്ദ്രദര്‍ശനത്തിന് പ്രയാസം അനുഭവപ്പെടാറുണ്ടോ?'
അവര്‍ പറഞ്ഞു: 'ഇല്ല.' നബി (സ) തുടര്‍ന്നു: 'അവയെ ദര്‍ശിക്കാനുള്ളതിനേക്കാള്‍ പ്രയാസം അന്ത്യനാളില്‍ അല്ലാഹുവിനെ ദര്‍ശിക്കാനുണ്ടാവില്ല. ഖിയാമത്ത് നാള്‍ വന്നാല്‍ ഒരറിയിപ്പുകാരന്‍ വിളിച്ചറിയിക്കും; ഓരോ സമുദായവും അവരവരുടെ ആരാധ്യരെ പിന്തുടരുക. അങ്ങനെ അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും ആരാധിച്ചിരുന്ന സകലരും നരകത്തില്‍ പതിക്കും. അങ്ങനെ സല്‍ക്കര്‍മിയും ദുഷ്‌കര്‍മിയും വേദക്കാരില്‍ ശേഷിച്ചവരും ഉള്‍പ്പെടെ അല്ലാഹുവിനെ ആരാധിച്ചിരുന്നവര്‍ മാത്രം അവശേഷിക്കുമ്പോള്‍ യഹൂദികളെ വിളിച്ച് ചോദിക്കും: 'നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്?' അവര്‍ പറയും: 'ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ ഉസൈറിനെയാണ് ആരാധിച്ചിരുന്നത്.' അപ്പോള്‍ അവരോട് പറയപ്പെടും: 'നിങ്ങള്‍ പറഞ്ഞത് കള്ളം. അല്ലാഹു ഇണയെയോ സന്താനങ്ങളെയോ സ്വീകരിച്ചിട്ടില്ല. നിങ്ങള്‍ക്കിനി എന്ത് വേണം?' അവര്‍ പറയും: 'നാഥാ ഞങ്ങള്‍ക്ക് ദാഹിക്കുന്നു. വെള്ളം തന്നാലും.' അപ്പോള്‍ (നരകത്തിലേക്ക്) ചൂണ്ടിക്കാട്ടി അവരോട് ചോദിക്കും: 'നിങ്ങള്‍ അങ്ങോട്ട് ചെല്ലുന്നില്ലേ?' അങ്ങനെ അവരെ നരകത്തിലേക്ക് കൊണ്ടുപോകാനായി ഒരുമിച്ചുകൂട്ടും. നരകം ഒരു മരീചിക പോലെയായിരിക്കും. അതിന്റെ ഒരോ ഭാഗവും മറ്റേ ഭാഗത്തെ തകര്‍ക്കാന്‍ ശ്രമിക്കും. തുടര്‍ന്നെല്ലാവരും നരകത്തില്‍ പതിക്കും. പിന്നെ ക്രിസ്ത്യാനികളെ വിളിച്ച് ചോദിക്കും: 'നിങ്ങളെന്തിനെയാണ് ആരാധിച്ചിരുന്നത്?' അവര്‍ പറയും: 'ദൈവപുത്രന്‍ മസീഹിനെ.' അപ്പോള്‍ അവരോട് പറയും: 'നിങ്ങള്‍ പറഞ്ഞത് കള്ളം. അല്ലാഹു ഇണയെയോ സന്താനങ്ങളെയോ സ്വീകരിച്ചിട്ടില്ല.' തുടര്‍ന്ന് ചോദിക്കും: 'നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?' അങ്ങനെ ആദ്യ വിഭാഗത്തെ പോലത്തന്നെയായിരിക്കും അവരുടെയും ഗതി. സല്‍ക്കര്‍മിയും ദുഷ്‌കര്‍മിയുമടക്കം അല്ലാഹുവിനെ ആരാധിച്ചവര്‍ മാത്രം അവശേഷിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കിയതിനോട് അനുയോജ്യമായ രൂപത്തില്‍ സര്‍വലോക നാഥന്‍ അവരുടെയടുത്ത് വരും. അവരോട് ചോദിക്കും: 'നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? ഓരോ സമുദായവും അവര്‍ ആരാധിച്ചിരുന്നതിനെ പിന്തുടരുകയാണ്.' അവര്‍ പറയും: 'ഭൗതികലോകത്ത് ഞങ്ങള്‍ക്ക് ഏറെ ആവശ്യമുള്ളവരായിരിക്കെ തന്നെ ഞങ്ങള്‍ ജനങ്ങളുമായി വേര്‍പിരിഞ്ഞു. അവരുമായി ഞങ്ങള്‍ സഹവസിക്കുകയുണ്ടായില്ല. ഞങ്ങള്‍ ആരാധിച്ചിരുന്ന ഞങ്ങളുടെ നാഥനെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' അപ്പോള്‍ അല്ലാഹു പറയും: 'ഞാനാണ് നിങ്ങളുടെ റബ്ബ്.' അപ്പോള്‍ രണ്ടോ മൂന്നോ തവണ അവര്‍ പറയും: 'ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.'

സത്യനിഷേധികള്‍ക്ക് പ്രതിഫലം ദുന്‍യാവില്‍തന്നെ
وعن أنس بْن مَالِكٍ أَنَّهُ حَدَّثَ عن رسول الله، صلى الله عليه وسلم، :‏ ‏"إنّ الكافر إذا عمل حسنة، أطعم بها طعمة من الدّنيا، أمّا المؤمن، فإنّ الله تعالى يدّخر له حسناته في الآخرة، ويعقبه رزقاً في الدّنيا على طاعته‏”‏‏.‏

അനസുബ്‌നു മാലികില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'നിശ്ചയം; ഒരു അവിശ്വാസി വല്ല നന്മയും ചെയ്താല്‍ ദുന്‍യാവില്‍ വെച്ച് അവന് (ആ നന്മ കാരണത്താല്‍) ആഹാരം നല്‍കപ്പെടും. എന്നാല്‍ വിശ്വാസിക്ക് അല്ലാഹു അവന്റെ നന്മകള്‍ പരലോകത്തു സംഭരിച്ചുവെക്കുകയും ദുന്‍യാവില്‍ വെച്ച് അവനെ അനുസരിച്ചതിനാല്‍ വിഭവം നല്‍കുകയും ചെയ്യും' (മുസ്‌ലിം 7268).
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ اللَّهَ لاَ يَظْلِمُ مُؤْمِنًا حَسَنَةً يُعْطَى بِهَا فِي الدُّنْيَا وَيُجْزَى بِهَا فِي الآخِرَةِ وَأَمَّا الْكَافِرُ فَيُطْعَمُ بِحَسَنَاتِ مَا عَمِلَ بِهَا لِلَّهِ فِي الدُّنْيَا حَتَّى إِذَا أَفْضَى إِلَى الآخِرَةِ لَمْ تَكُنْ لَهُ حَسَنَةٌ يُجْزَى بِهَا ‏”‏ ‏
അനസുബ്‌നു മാലികില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'നിശ്ചയം, അല്ലാഹു വിശ്വാസിയുടെ നന്മയോട് അനീതി ചെയ്യുകയില്ല. അതുകൊണ്ട് അവന് ദുന്‍യാവില്‍വെച്ച് വിഭവവും പരലോകത്തു വെച്ച് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. എന്നാല്‍ അവിശ്വാസിക്ക് താന്‍ അല്ലാഹുവിനു വേണ്ടി ചെയ്ത നന്മകള്‍ക്ക് ദുന്‍യാവില്‍ വെച്ച് അന്നം നല്‍കപ്പെടും. അങ്ങനെ അവന്‍ പരലോകത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവന് പ്രതിഫലം നല്‍കപ്പെടേണ്ട ഒരു നന്മയും ഉണ്ടാകുകയില്ല' (മുസ്‌ലിം 7267).
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَٰئِكَ عَلَيْهِمْ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ﴿١٦١﴾
'സത്യത്തെ തള്ളിക്കളയുകയും സത്യനിഷേധികളായിത്തന്നെ മരണമടയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ട്' (ബഖറ 161).
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ﴿٩١﴾
'സത്യനിഷേധികളായി ജീവിക്കുകയും സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും അവരില്‍നിന്ന് സ്വീകരിക്കുന്നതല്ല; അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് സഹായിയായി ആരുമുണ്ടാവില്ല' (ആലുഇംറാന്‍ 91).
وَمَن يَكْفُرْ بِالْإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ
'സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന്‍ പാപ്പരായിരിക്കും' (അല്‍മാഇദ 5).
وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ
'അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവരുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു' (അല്‍അന്‍ആം 88).
مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾
'ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവു വരുത്തില്ല. എന്നാല്‍ പരലോകത്ത് നരകത്തീ മാത്രമാണവര്‍ക്കുണ്ടാവുക. അവരിവിടെ ചെയ്തുകൂട്ടിയതൊക്കെയും നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം പാഴ്‌വേലകളായി പരിണമിച്ചിരിക്കുന്നു' (ഹൂദ് 15,16).
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿٦٥﴾
'സംശയമില്ല: നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതാണ്: നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും' (സുമര്‍: 65).
لَّيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِۗ مَن يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِن دُونِ اللَّهِ وَلِيًّا وَلَا نَصِيرًا ﴿١٢٣﴾ وَمَن يَعْمَلْ مِنَ الصَّالِحَاتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ﴿١٢٤﴾
'കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല. ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല' (അന്നിസാഅ് 123-124).

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةًۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾
'പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും' (അന്നഹ്ല്‍ 96).

 വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ചയോ?
വിശ്വാസകാര്യങ്ങള്‍, ആരാധനാനുഷ്ഠാനങ്ങള്‍, മനുഷ്യരോടുള്ള കടമകള്‍ എന്നിവയില്‍ വിശ്വാസകാര്യങ്ങളിലെ വീഴ്ചകള്‍ അല്ലാഹു പൊറുത്തുതരുമെന്ന തെറ്റായ പ്രചാരണവും സര്‍വമതസത്യവാദികള്‍ നടത്തുന്നുണ്ട്. ഇതും ശുദ്ധ അസംബന്ധമാണ്.
നബി(സ) പ്രസ്താവിക്കുന്നത് കാണുക:
الدواوين عند الله ثلاثة: ديوان لا يعبأ الله به شيئا، وديوان لا يترك الله منه شيئا، وديوان لا يغفره الله فاماالدّيوان الذي لا يغفره الله، فالشرك بالله، قال تعالى : إن الله لا يغفر لا أن يشرك به وقال: ءانّه من يشرك بالله فقد حرّم الله عليه الجنّة. وأمّا الدّيوان الذى لا يعبأ الله شيئا فظلم العبد نفسه فيما بينه وبين ربّه من صوم يوم تركه، أو صلاة تركها. فان الله يغفر ذلك ويتجاوز ان شاء. وأما الدّيوان الذى لا يترك الله منه شيئا فظلم العباد بعضهم بعضا، القصاص لا محالة (أحمد)

'അല്ലാഹുവിങ്കല്‍ കര്‍രേഖാസമാഹാരങ്ങള്‍ മൂന്നു തരമാണ്: 1. അല്ലാഹു ഒട്ടും മുഖവിലക്കെടുക്കാത്ത കര്‍മരേഖ. 2. അല്ലാഹു ഒന്നും വിട്ടുകളയാതെ പരിഗണിക്കുന്ന കര്‍മരേഖ. 3. അല്ലാഹു പൊറുക്കാത്ത കര്‍മരേഖ. അല്ലാഹു ഒരിക്കലും പൊറുക്കാത്ത കര്‍മരേഖ അല്ലാഹുവില്‍ പങ്കുചേര്‍ത്തതുമായി ബന്ധപ്പെട്ട രേഖയാണ്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്ക് ചേര്‍ക്കുന്നത് പൊറുക്കുകയില്ല. ആരെങ്കിലും അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കും.'  

അല്ലാഹു ഒട്ടും പരിഗണിക്കാത്ത കര്‍മരേഖ, മനുഷ്യന്‍ തന്റെ നാഥനോട് ചെയ്യുന്ന നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുക പോലുള്ള തെറ്റുകളുടേതാണ്. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അത് പൊറുത്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്‌തേക്കാം. എന്നാല്‍, മനുഷ്യര്‍ തമ്മിലുള്ള അക്രമങ്ങള്‍ അല്ലാഹു വിട്ടുകൊടുക്കില്ല, പ്രതിക്രിയയല്ലാതെ അതിനു പരിഹാരമില്ല' (അഹ്‌മദ്).

മോക്ഷസംബന്ധമായി ഇത്രയും കൃത്യമായും വ്യക്തമായും ലളിതമായും അല്ലാഹു വിശദീകരിച്ചിരിക്കെ, അല്ലാഹുവിനെ അങ്ങോട്ട് പഠിപ്പിക്കുംവിധം ധാര്‍ഷ്ട്യം കാണിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top