ഖുര്‍ആന്‍ പരിചിന്തനം എന്ത്? എങ്ങനെ?

ഡോ. റുഖയ്യ ത്വാഹാ ജാബിര്‍ അല്‍വാനി‌‌
img

തദബ്ബുര്‍ എന്നതിന്റെ അര്‍ഥം
د ب ر എന്ന ധാതുവില്‍നിന്നാണ് തദബ്ബുര്‍ എന്ന പദത്തിന്റെ ഉല്‍പത്തി. വസ്തുവിന്റെ അവസാനം, പിന്‍ഭാഗം എന്നാണ് മേല്‍പദത്തിന്റെ മൂലാര്‍ഥം. പ്രമുഖ അറബി നിഘണ്ടു ലിസാനുല്‍ അറബില്‍ ഇങ്ങനെ കാണാം:
دبّر الأمر وتدبّره : نظر في عاقبته وعرف الأمر تدبّرا بآخره
'ദബ്ബറല്‍ അംറ വ തദബ്ബറഹു' എന്നാല്‍ പര്യവസാനത്തെക്കുറിച്ച് ചിന്തിച്ചു. ഒരു വിഷയത്തിന്റെ ഒടുവില്‍ എന്തു സംഭവിക്കുന്നു എന്നറിഞ്ഞു, ഒരു സംസാരത്തെക്കുറിച്ച് പരിചിന്തനം ചെയ്തു. എന്നാല്‍ അതിന്റെ ആദ്യന്തങ്ങളെക്കുറിച്ച് ചിന്തിച്ചു, വീണ്ടും വീണ്ടും പുനര്‍വിചിന്തനം ചെയ്തു എന്നാണ്. കവി ജരീര്‍ പറയുന്നു.
ولا تتقون الشرّ حتى يصيبكم     ولا تعرفون الأمر إلاّ تدبّرًا
 'നിങ്ങള്‍ക്ക് വന്നു ഭവിക്കുന്നതുവരെ നാശത്തിനെതിരെ നിങ്ങള്‍ മുന്‍കരുതലെടുക്കുന്നില്ല. കാര്യം പിന്നീട് മാത്രമേ നിങ്ങള്‍ മനസ്സിലാക്കുന്നുള്ളൂ.'
التّدبّر في الأمر എന്നാല്‍ ഒരു കാര്യത്തെപ്പറ്റി പരിചിന്തനം ചെയ്തു എന്നാണര്‍ഥം.
فلان ما يدري قبال الأمر من دباره  എന്നാല്‍ 'ഒരാള്‍ക്ക് ഒരു കാര്യത്തിന്റെ ആദ്യവും അന്ത്യവും തിരിച്ചറിയാന്‍ കഴിയുന്നില്ല' എന്നാണര്‍ഥം.
فلان لواستقبل من أمره ما استدبره لهدى لوجهة أمره
 എന്നാല്‍ 'ഒരാള്‍ക്ക് പിന്നീട് മനസ്സിലായത് മുമ്പേ മനസ്സിലായിരുന്നുവെങ്കില്‍ വിഷയത്തില്‍ നേര്‍വഴി കണ്ടെത്താന്‍ കഴിയുമായിരുന്നു' എന്നാണ്.
പ്രമുഖ അറബി തത്ത്വജ്ഞാനിയായ അക് സമുബ്‌നു സ്വയ്ഫീ തന്റെ മക്കളെ ഉപദേശിച്ചതായി കാണാം: 

يا بنيّ لا تتدبّروا أعجاز أمر قد ولّت صدورها
'നെഞ്ചുകള്‍ കടന്നുപോയ കാര്യങ്ങളുടെ പൃഷ്ഠങ്ങളെ പറ്റി നിങ്ങള്‍ ചിന്തിക്കരുത്'1 (മുന്നാലോചന വേണം, പിന്നാലോചന ഫലപ്പെടില്ലെന്നു സാരം).
 دبّرت الأمر تدبيراഎന്നാല്‍ ഞാന്‍ ചിന്തിച്ചു പ്രവര്‍ത്തിച്ചു എന്നും تدبّر تدبيرا എന്നാല്‍ ഒരു കാര്യത്തിന്റെ പര്യവസാനത്തെപ്പറ്റി ചിന്തിച്ചു എന്നുമാണ്.2
'തദബ്ബുര്‍' എന്നാല്‍ കാര്യങ്ങളുടെ പര്യവസാനത്തെപ്പറ്റിയുള്ള ചിന്ത. ഈ അര്‍ഥത്തില്‍ 'തദബ്ബുര്‍' എന്നത് 'തഫക്കുര്‍' എന്നതുമായി അടുത്തു നില്‍ക്കുന്നു.  'തഫക്കുര്‍' എന്നതിന്റെ ശരിയായ വിവക്ഷ തെളിവിന്റെ പിന്‍ബലത്തില്‍ ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുക എന്നാണ്. ഇതില്‍നിന്ന് ഭിന്നമായി 'തദബ്ബുര്‍' എന്നതിന്റെ അര്‍ഥം കാര്യങ്ങളുടെ പര്യവസാനത്തെപറ്റി പരിചിന്തനം നടത്തുക എന്നത്രെ.3
ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'തദബ്ബുറുല്‍ കലാം' എന്നാല്‍ ഒരു സംസാരത്തെപ്പറ്റി ആദ്യന്തം പരിചിന്തനം നടത്തുകയും അതേപറ്റി പുനര്‍വിചിന്തനം തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുക എന്നാണ്.

 تَفَعُّلഎന്ന ക്രിയാരൂപമനുസരിച്ചുള്ള 'തജര്‍റുഅ്' (അല്‍പാല്‍പമായി കുടിക്കുക), 'തഫഹ്ഹും' (കുറേശ്ശയായി മനസ്സിലാക്കുക), 'തബയ്യുന്‍' (വ്യക്തമാക്കാന്‍
ആവശ്യപ്പെടുക) എന്നിവ പോലെയാണ് തദബ്ബുറും.4
ചുരുക്കത്തില്‍, അറബി ഭാഷയില്‍ 'തദബ്ബുര്‍' എന്നതിന്റെ വിവക്ഷ കാര്യങ്ങളുടെ പര്യവസാനത്തെപ്പറ്റി ചിന്തിക്കുക എന്നത്രെ. ഏതൊരു വിഷയത്തിന്റെയും അന്തിമമായ താല്‍പര്യം കണ്ടെത്താനായി ബുദ്ധി നടത്തുന്ന ധിഷണാ പ്രവര്‍ത്തനമാണ് 'തദബ്ബുര്‍' എന്ന് സാമാന്യമായി നിര്‍വചിക്കാം.

തദബ്ബുറുല്‍ ഖുര്‍ആന്‍ എന്നതിന്റെ വിവക്ഷ
അധ്വാനപൂര്‍വം മനനം നടത്തി, ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയം ഗ്രഹിക്കാന്‍ ശ്രമിക്കുക എന്നതാണ് 'തദബ്ബുറുല്‍ ഖുര്‍ആനി'ന്റെ വിവക്ഷ.
ആധുനിക പണ്ഡിതന്മാര്‍ അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു:
التفكر: التأمل الواصل إلى أوآخر دلالات الكلم ومراميه البعيدة
'ഖുര്‍ആനിക പദങ്ങളുടെ ഏറ്റവും ഒടുവിലെ ഉദ്ദേശ്യങ്ങളും വിദൂരസ്ഥമായ ആശയങ്ങളും കണ്ടെത്താനുള്ള തുടര്‍ച്ചയായ ചിന്ത.'

ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദമായ ഗ്രഹണം എന്നതിനേക്കാള്‍ സവിശേഷമായ പ്രക്രിയയാണ് 'തദബ്ബുര്‍'. സൂക്തങ്ങളുടെ അന്തിമമായ വിവക്ഷയും താല്‍പര്യവും എന്തെന്ന് കണ്ടെത്തുകയാണ് തദബ്ബുര്‍- അതുവഴി മനുഷ്യന്‍ അതനുസരിച്ച കര്‍മങ്ങള്‍ക്കായി സ്വയം സന്നദ്ധനാവും.  'തദബ്ബുര്‍' എന്ന പദത്തിന്റെ നേരത്തേ നാം ചര്‍ച്ച ചെയ്ത ഭാഷാര്‍ഥവും സാങ്കേതികാര്‍ഥവും ഇവിടെ ഒന്നിക്കുന്നു. ഹൃദയം ഖുര്‍ആനിന്റെ ഉപദേശങ്ങള്‍ക്കു മുമ്പില്‍ ഭയഭക്തിസാന്ദ്രമാവുന്നു. അതിന്റെ ഉപദേശങ്ങള്‍ക്ക് വിധേയമാവുന്നു, അതില്‍നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളുന്നു.5
ഖുര്‍ആനിന് ചില ലക്ഷ്യങ്ങളുണ്ട്. അവ വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തില്‍ സാക്ഷാല്‍കൃതമാവണം. ഇവ പൊതുലക്ഷ്യങ്ങള്‍ എന്നറിയപ്പെടുന്നു. അതോടൊപ്പം ഖുര്‍ആനിലെ ഓരോ അധ്യായത്തിനും സവിശേഷമായ ചില ലക്ഷ്യങ്ങളുണ്ട്. അവയും അതോടൊപ്പം പരിഗണിക്കണം.

മനുഷ്യരോട് വിചിന്തനം ആവശ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നാമരൂപത്തിലല്ല, ക്രിയാരൂപത്തിലാണെന്നു കാണാം. ഇത് വിചിന്തനം എന്നത് ധൈഷണിക പ്രവര്‍ത്തനമാണെന്നതിന്റെയും മനുഷ്യബുദ്ധിയുടെ നിരന്തരവും തുടര്‍ച്ചയുമായ പ്രക്രിയയാണെന്നതിന്റെയും വ്യക്തമായ തെളിവാണ്. ബഹുവിധങ്ങളായ ധൈഷണിക ശേഷികളുമായാണ് മനുഷ്യന്‍ ജനിച്ചുവീഴുന്നത്. പര്യവസാനങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ശേഷി അതിന്റെ ഭാഗമാണ്.

ഖുര്‍ആന്‍ എടുത്തു പറയുന്ന 'തദക്കുര്‍' 'നള്ര്‍' 'ഇബ്‌സ്വാര്‍' 'ഹിക്മത്ത്' 'ഫിഖ്ഹ്' പോലുള്ള ശേഷികളെ പോലെ 'തദബ്ബുറും' ജീവിതാവസാനം വരെ പ്രയോഗിച്ച് വളര്‍ത്തിയെടുക്കേണ്ടതാണ്, ഇല്ലെങ്കില്‍ ക്ഷയിച്ചുപോവും.
കാര്യങ്ങളെയും കാരണങ്ങളെയും മുഖവുരയെയും ഫലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ധൈഷണിക ശേഷിയായാണ് ഖുര്‍ആന്‍ തദബ്ബുറിനെ അവതരിപ്പിക്കുന്നത്.

أَفَلَا يَتَدَبَّرُونَ الْقُرْآنَۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴿٨٢﴾
'അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു' (അന്നിസാഅ് 82).
أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤﴾
'അവര്‍ ഖുര്‍ആനെ പറ്റി ചിന്തിക്കുന്നില്ലേ! അതോ അവരുടെ ഹൃദയങ്ങളുടെ മേല്‍ അവയുടെ താഴുകളുണ്ടോ?' (മുഹമ്മദ് 24)
أَفَلَمْ يَدَّبَّرُوا الْقَوْلَ أَمْ جَاءَهُم مَّا لَمْ يَأْتِ آبَاءَهُمُ الْأَوَّلِينَ ﴿٦٨﴾
'ഈ വാക്കിനെ (ഖുര്‍ആനിനെ)പ്പറ്റി അവര്‍ ആലോചിച്ചുനോക്കിയിട്ടില്ലേ? അതല്ല അവരുടെ പൂര്‍വ പിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്' (മുഅ്മിനൂന്‍ 68)
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾
'ഇത് താങ്കള്‍ക്ക് അവതരിപ്പിച്ചുതന്ന ഗ്രന്ഥമാണ്. അനുഗൃഹീതമാണത്. അവര്‍ അതിലെ സൂക്തങ്ങളെക്കുറിച്ച് പര്യാലോചിക്കാനും ബുദ്ധിശാലികള്‍ ഉല്‍ബുദ്ധരാവാനും' (സ്വാദ് 29)
تأمّل، حكمة، إبصار، شهود، نظر، تذكّر، تفكّر، فقه، تأويل، تعقّل  
എന്നിവ 'തദബ്ബുര്‍' എന്നതിന്റെ സമാന പദങ്ങളാണെങ്കിലും സൂക്ഷ്മതലത്തില്‍ അവയെല്ലാം വ്യത്യസ്ത ആശയങ്ങളാണ് സൂചിപ്പിക്കുന്നത്. ഓരോ പദത്തിനും മറ്റു പദങ്ങളില്‍നിന്ന് വ്യത്യസ്തവും കൃത്യവുമായ ആശയമുണ്ട്. എങ്കിലും അവയെല്ലാം മനുഷ്യധിഷണയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ.

ധൈഷണികമായ സകല ശേഷികളും വിനിയോഗിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഖുര്‍ആന്‍ മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ ഏറ്റവും വലുതും മഹത്തരവുമായ ശേഷിയെ ഉപയോഗപ്പെടുത്താത്തവരെ അത് ഭര്‍ത്സിക്കുന്നു.
أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَاۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ ﴿٤٦﴾
'ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ/ എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്' (ഹജ്ജ് 45).

'തദബ്ബുര്‍' എന്നതിന്റെ പര്യായമായി ചിലര്‍ ധരിച്ചുവശായ 'തഫക്കുര്‍' എന്നതിന്റെ വിവക്ഷ, 'യാഥാര്‍ഥ്യത്തിലെത്താന്‍ ധൈഷണിക ശേഷികളെ ഉപയോഗിക്കുക' എന്നാണ്. അറിവായോ ധാരണയായോ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തിച്ചേരാനായി മനസ്സില്‍ കാര്യങ്ങളെ ക്രമീകരിക്കുന്ന പ്രക്രിയയാണ് 'തഫക്കുര്‍.'6

'തഫക്കുര്‍' എന്ന പദം ഖുര്‍ആനില്‍ പത്തൊമ്പത് തവണ വന്നിട്ടുണ്ട്. അടയാളങ്ങളും സൂചനകളും ദൃഷ്ടാന്തങ്ങളും ബുദ്ധിപരമായി നിരന്തരം ശ്രദ്ധിച്ചും നിരീക്ഷിച്ചും വസ്തുക്കള്‍ക്കിടയിലെയും ആശയങ്ങള്‍ക്കിടയിലെയും സാധ്യതകള്‍ക്കിടയിലുള്ള യോജിപ്പുകളും വിയോജിപ്പുകളും കണ്ടെത്താനുള്ള ശ്രമമാണ് 'തഫക്കുര്‍.'7
അതേസമയം, വിശാല ചക്രവാളങ്ങളിലും അവനവനില്‍തന്നെയും മനുഷ്യന്‍ നടത്തുന്ന നിരീക്ഷണവും ഖുര്‍ആനിക സൂക്തങ്ങളില്‍ നടത്തുന്ന 'തദബ്ബുറും' കേവല ധൈഷണിക പ്രവര്‍ത്തനമല്ല. പ്രത്യുത, ശരിയായ അറിവിന്റെയും ഗ്രാഹ്യത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഒരാള്‍ നടത്തുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ ഘട്ടമാണ്. ഖുര്‍ആന്‍ എന്ന പ്രമാണത്തെ ശരിയായി ഗ്രഹിച്ചതിന്റെ സ്വാഭാവികവും സത്യസന്ധവുമായ പ്രതിഫലനമാവണം അയാളുടെ ജീവിതം.

തദബ്ബുറിന്റെ വിധി
ധിഷണാശാലികളെ ഖുര്‍ആന്‍ മഹത്വവല്‍ക്കരിക്കുന്നു. ധൈഷണികശേഷിയെ പോഷിപ്പിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയാണ്. 'തദബ്ബുര്‍' എന്നതിന്റെ വിവിധ രൂപങ്ങള്‍ നാലു സൂക്തങ്ങളില്‍ വന്നിട്ടുണ്ട്. അവയിലൊന്നാണ് സ്വാദ് 29. ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ മൗലികോദ്ദേശ്യം 'തദബ്ബുറാ'ണെന്നും എത്രതന്നെ പ്രതിഫലമുണ്ടെങ്കിലും കേവല പാരായണം അടിസ്ഥാന ലക്ഷ്യമല്ലെന്നും മേല്‍സൂക്തം വ്യക്തമാക്കുന്നു. 'ലിയദ്ദബ്ബറൂ' എന്നതിലെ 'ലി' എന്നത് ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ കാരണം ഊന്നുന്നുണ്ട്. നിദാനശാസ്ത്രകാരന്മാരുടെ വീക്ഷണത്തില്‍ കാരണം വിശദീകരിച്ചുകഴിഞ്ഞാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഹസന്‍ ബസ്വരിയുടെ പ്രസ്താവന കാണുക:
والله ما تدبّره بحفظ حروفه وإضاعة حدوده حتى إن أحدهم ليقول قرأت كلّه ما يرى له القرآن فى خلق ولا عمل
'ഖുര്‍ആന്‍ തദബ്ബുറോടെ പഠിക്കുക എന്നാല്‍ ഖുര്‍ആനിലെ ഹര്‍ഫുകള്‍ മനഃപാഠമാക്കി അതിലെ വിധിവിലക്കുകള്‍ പാഴാക്കലല്ല. ചിലയാളുകള്‍ ഞാന്‍ ഖുര്‍ആന്‍ മുഴുവന്‍ വായിച്ചു എന്നു പറയും. എന്നാലോ അയാളുടെ സ്വഭാവത്തിലോ കര്‍മത്തിലോ ഖുര്‍ആന്‍ കാണപ്പെടില്ല.'8
ഇബ്‌നു കസീര്‍ എഴുതുന്നു: 'ഖുര്‍ആന്‍ പര്യാലോചിച്ച് പഠിക്കണമെന്ന് അല്ലാഹു കല്‍പിക്കുന്നു. അതില്‍നിന്ന് പിന്തിരിയുന്നതും ആശയങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നതും അല്ലാഹു വിലക്കുന്നു. അല്ലാഹു ഒരു കാര്യം കല്‍പിച്ചാല്‍ അത് കല്‍പന തന്നെയാണ്. ആയതിനാല്‍, പര്യാലോചന നടത്താനുള്ള കല്‍പന നിര്‍ബന്ധപൂര്‍വം നാം നടപ്പിലാക്കേണ്ടതാണ്.'9
الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ أُولَٰئِكَ يُؤْمِنُونَ بِهِۗ وَمَن يَكْفُرْ بِهِ فَأُولَٰئِكَ هُمُ الْخَاسِرُونَ ﴿١٢١﴾
'നാം ഗ്രന്ഥം നല്‍കിയവര്‍ അത് പാരായണം ചെയ്യേണ്ട മുറപ്രകാരം പാരായണം ചെയ്യുന്നു. അവര്‍ അതില്‍ വിശ്വസിക്കുന്നു. ആരെങ്കിലും അതില്‍ അവിശ്വസിച്ചാല്‍ അവരത്രെ നഷ്ടകാരികള്‍' (ബഖറ 121). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഉമര്‍(റ) പറയുന്നു:
يتلونه حق تلاوته: إذا مرّ بذكر الجنّة سأل الله الجنّة وإذا مرّ بذكر النّار تعوّذ بالله من النّار
'പാരായണം ചെയ്യേണ്ട മുറപ്രകാരം അവര്‍ അത് പാരായണം ചെയ്യുന്നു. അഥവാ സ്വര്‍ഗത്തെ പറയുമ്പോള്‍ സ്വര്‍ഗം ലഭിക്കാനായി പ്രാര്‍ഥിക്കും. നരകത്തെപ്പറ്റി പറയുന്ന ഭാഗങ്ങളിലെത്തിയാല്‍ നരകശിക്ഷയില്‍നിന്ന് അഭയം തേടും' നബിശിഷ്യന്‍ ഇബ്‌നു മസ്ഊദ് പറയുന്നു:

والّذي نفسى بيده إن حق تلاوته أن يحلّ حلاله ويحرّم حرامه ويقرأه كما أنزله الله ولا يحرّف الكلم عن مواضعه ولا يتأوّل منه شيئا على غير تأويله.
'ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടവിധം പാരായണം ചെയ്യുക എന്നതിന്റെ വിവക്ഷ അതിലെ ഹലാലുകളെ ഹലാലുകളായും ഹറാമുകളെ ഹറാമുകളായും അംഗീകരിക്കുകയും അല്ലാഹു അവതരിപ്പിച്ചവിധം അത്‌ പാരായണം ചെയ്യുകയും അതിലെ വചനങ്ങളെ തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റാതിരിക്കുകയും അതിനെ അന്യഥാ വ്യാഖ്യാനിക്കാതിരിക്കലുമാണ്'10 ഖുര്‍ആനിനെ പിന്‍പറ്റാന്‍ കഴിയണമെങ്കില്‍ അത് വേണ്ടവിധം മനനം ചെയ്തു മനസ്സിലാക്കണം. ഒരു കാര്യം സാധ്യമാവാന്‍ എന്തു വേണമോ, അതും നിര്‍ബന്ധമായിരിക്കും. അതായത്, മനനം ചെയ്തുപഠിച്ചാലേ പിന്‍പറ്റാന്‍ കഴിയൂ.
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ الْكِتَابَ إِلَّا أَمَانِيَّ وَإِنْ هُمْ إِلَّا يَظُنُّونَ ﴿٧٨﴾
'അക്ഷരജ്ഞാനമില്ലാത്ത ചിലയാളുകളും അവരിലു്. പല വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതല്ലാതെ വേദഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നും അറിയില്ല.'
ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ദൈവിക ഗ്രന്ഥത്തെ മാറ്റിമറിക്കുന്നവരെയും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ മാത്രമറിയുന്നവരെയും അല്ലാഹു കുറ്റപ്പെടുത്തുകയാണിവിടെ.11
ശൗകാനി എഴുതുന്നു: സൂക്തത്തില്‍ വ്യാമോഹങ്ങള്‍ എന്നു പറഞ്ഞത് അര്‍ഥവും ആശയവും ആലോചിക്കാതെയുള്ള കേവല പാരായണത്തെയാണ്.12 പല പണ്ഡിതന്മാരും ഖുര്‍ആന്‍ പരിചിന്തനം ഇല്ലാതെ വായിക്കുന്നത് ഖുര്‍ആനിനെ പരിത്യജിക്കുന്നതിന് തുല്യമാണെന്ന പക്ഷക്കാരാണ്.

ഇബ്‌നു ഖയ്യിം എഴുതുന്നു: 'ഖുര്‍ആനിനെ പരിത്യജിക്കല്‍ നാലു തരമുണ്ട്: (നാല്) അല്ലാഹു എന്താണ് നമ്മോട് പറഞ്ഞതെന്ന് മനസ്സിലാക്കാതിരിക്കലും അത് പരിചിന്തനാപൂര്‍വം പഠിക്കാതിരിക്കലും'13

മനുഷ്യന് ചിന്താശേഷി പ്രദാനം ചെയ്തത് അല്ലാഹുവാണ്. പ്രപഞ്ചം, ഖുര്‍ആന്‍ എന്നിവയിലെ ദൃഷ്ടാന്തങ്ങളെയും സൂക്തങ്ങളെയും കുറിച്ച് ചിന്തിക്കാന്‍ വേണ്ടിയാണ് ഈ കഴിവ് മനുഷ്യന് തന്നത്. അതുപയോഗപ്പെടുത്താത്തവര്‍ ഇതര സൃഷ്ടികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് മാത്രം ലഭിച്ച ശേഷിയെ നിരുപയോഗമാക്കിയവരാണ്.
ഇമാം ഖുര്‍ത്വുബി ഖുര്‍ആനിന്റെ ശ്രേഷ്ഠതകള്‍ സംബന്ധിച്ചെഴുതുന്നു: ''അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ ഖുര്‍ആനിനെ വഹിക്കാന്‍ ആവശ്യമായ ശക്തി പ്രദാനം ചെയ്തിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ അതേക്കുറിച്ച് ഉറ്റാലോചിക്കാനോ, ഗുണപാഠം ഉള്‍ക്കൊള്ളാനോ കഴിയുമായിരുന്നില്ല. മനുഷ്യഹൃദയങ്ങള്‍ ബലം ക്ഷയിച്ച്  തകര്‍ന്നുപോവുമായിരുന്നു.

لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِۚ
'ഈ ഖുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് അല്ലാഹുവോടുള്ള ഭയത്താല്‍ ഭയചകിതമായി പൊട്ടിത്തകരുന്നതായി നീ കാണുമായിരുന്നു' (ഹശ്ര്‍ 21). പര്‍വതങ്ങളുടെ ശക്തിയും ഹൃദയങ്ങളുടെ ശക്തിയും തമ്മില്‍ എന്തുസാമ്യം? പക്ഷേ, അല്ലാഹു ഖുര്‍ആനാകുന്ന ഭാരം താങ്ങാന്‍ ആവശ്യമായ ശക്തി മനുഷ്യര്‍ക്ക് നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. ഖുര്‍ആന്‍ നല്‍കുന്ന സാരോപദേശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അല്ലാഹു പ്രേരിപ്പിക്കുന്നു. ഖുര്‍ആന്‍ ഉറ്റാലോചിച്ച് പഠിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നിവൃത്തിയില്ല. മനുഷ്യര്‍ക്ക് നല്‍കിയ ബുദ്ധി നല്‍കിയ ശേഷം പര്‍വതങ്ങള്‍ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അവ അതിന്റെ ഉപദേശങ്ങള്‍ക്ക് കീഴ്‌പ്പെടുകയും ഭയചകിതമാവുകയും ചെയ്യുമായിരുന്നു.''14
ഖുര്‍ആനിന്റെ നേരെയുള്ള ഈ നിസ്സംഗതാ നയം ഐഹിക ശിക്ഷക്ക് കാരണമാവുമെന്ന് അല്ലാഹു താക്കീത് ചെയ്തിട്ടുണ്ട്.
قَدْ كَانَتْ آيَاتِي تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰ أَعْقَابِكُمْ تَنكِصُونَ ﴿٦٦﴾ مُسْتَكْبِرِينَ بِهِ سَامِرًا تَهْجُرُونَ ﴿٦٧﴾أَفَلَمْ يَدَّبَّرُوا الْقَوْلَ أَمْ جَاءَهُم مَّا لَمْ يَأْتِ آبَاءَهُمُ الْأَوَّلِينَ ﴿٦٨﴾ أَمْ لَمْ يَعْرِفُوا رَسُولَهُمْ فَهُمْ لَهُ مُنكِرُونَ ﴿٦٩﴾
(മുഅ്മിനൂന്‍ 66-69)

ശൈഖ് സഅ്ദി എഴുതുന്നു: 'അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? ആഴത്തില്‍ ഉറ്റാലോചിക്കുന്നില്ലേ? അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അവര്‍ വിശ്വസിക്കേണ്ടി വരുമായിരുന്നു. വിശ്വസിച്ചിരുന്നുവെങ്കില്‍ സത്യനിഷേധത്തില്‍നിന്ന് അത് അവരെ തടയുമായിരുന്നു. അതിനെ അവഗണിച്ചതിനാലാണ് അവര്‍ ആപത്തിലകപ്പെട്ടത്. ഖുര്‍ആന്‍ വിചിന്തനം എല്ലാ നന്മകളിലേക്കും ക്ഷണിക്കുന്നു. എല്ലാ തിന്മകളില്‍നിന്നും തടയുന്നു. ഹൃദയങ്ങള്‍ക്ക് മേലുള്ള താഴുകളാണ് അവരെ വിചിന്തനത്തില്‍നിന്ന് തടഞ്ഞത്.'15

നബി(സ) പ്രസ്താവിക്കുന്നു:
مااجتمع قوم يتلون كتاب الله ويتدارسوله بينهم الاّ نزلت عليهم السكينة وغشيتهم الرّحمة وحفّتهم الملائكة وذكرهم الله فيمن عنده.
'അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യാനും കൂടിയിരുന്ന് പഠിക്കാനുമായി സമ്മേളിക്കുന്ന ജനതയുടെ മേല്‍ അല്ലാഹുവിന്റെ ശാന്തി അവതരിക്കുകയും കാരുണ്യം അവരെ പൊതിയുകയും മലക്കുകള്‍ അവരെ ആവരണം ചെയ്യാതെയും. അല്ലാഹു അവരെപ്പറ്റി തന്റെ അടുത്തുള്ള (മലക്കുകളോട്) പറയാതെയുമിരിക്കില്ല'
(മുസ്‌ലിം 2699, തിര്‍മിദി 2646).

'ഖുര്‍ആന്‍ പരിചിന്തനം ചെയ്യുമ്പോള്‍ അതിന്റെ വിജ്ഞാന രഹസ്യങ്ങള്‍ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടും. ഇത് മനസ്സിലാക്കുന്ന പ്രായപൂര്‍ത്തിയായ എല്ലാവരും ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കാനും അതിലൂടെ സന്മാര്‍ഗം കണ്ടെത്താനും ബാധ്യസ്ഥനാണ്. അത് ഏറ്റവും എളുപ്പത്തിലും സമീപസ്ഥമായും നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കണം. ഇതിന് അല്ലാഹുവിന്റെ ഉതവി ലഭിച്ചവര്‍ക്ക് അതിലെ പദങ്ങളും അര്‍ഥങ്ങളും അതുള്‍ക്കൊള്ളുന്ന ആശയങ്ങളും ഗ്രഹിക്കാന്‍ മുമ്പോട്ടു വരാതിരിക്കാന്‍ കഴിയുകയില്ല. ദാസന്‍ തന്റേതായ ശ്രമം നടത്തുമ്പോള്‍, ദാസനേക്കാള്‍ ഉദാരനായ അല്ലാഹു, മനുഷ്യ കഴിവിന്നതീതമായ രീതിയില്‍ തന്റെ വിജ്ഞാനങ്ങളുടെ കവാടങ്ങള്‍ പഠിതാക്കള്‍ക്കു മുന്നില്‍ തുറന്നിട്ടുകൊടുക്കും.16

ശേഷികള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നതോടെ അവഗാഹവും വര്‍ധിക്കും. പ്രാപഞ്ചികവും ഖുര്‍ആനികവുമായ ദൃഷ്ടാന്തങ്ങള്‍ പഠിക്കാനായി എല്ലാതരം കഴിവുകളും സിദ്ധികളും ഉപയോഗപ്പെടുത്താന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്.
സ്വഹാബികളും താബിഈങ്ങളും ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചവരായിരുന്നു. ഇബ്‌നു മസ്ഊദ്(റ) പറയുന്നു:
كان الرّجل منّا إذا تعلم عشرآيات لم يجاوزهنّ حتى يعرف معانيهنّ والعمل بهنّ
'ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ പത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിച്ചാല്‍ അവയുടെ അര്‍ഥം മനസ്സിലാക്കുകയും അവയനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുവരെ അതിനപ്പുറത്തേക്ക് കടന്നിരുന്നില്ല.'17
മിക്ക മുസ്‌ലിംകളും ഖുര്‍ആന്‍ ദുര്‍ഗ്രഹമാണെന്ന് മനസ്സിലാക്കുന്നവരാണ്. ഇത് പൈശാചിക ദുര്‍മന്ത്രണമാണ്. സന്മാര്‍ഗ-കരുണാ ഗ്രന്ഥമായ ഖുര്‍ആനിന്റെ മൗലിക ലക്ഷ്യത്തില്‍നിന്നും അര്‍ഥം ഗ്രഹിക്കുന്നതില്‍നിന്നും നമ്മെ അകറ്റുകയാണ് അവന്റെ ഗൂഢോദ്ദേശ്യം.

فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ ﴿٥٨﴾
'നാം അതിനെ -ഖുര്‍ആനിനെ- താങ്കളുടെ ഭാഷയില്‍ ലളിതമാക്കിയിരിക്കുന്നു. അവര്‍ ഉദ്ബുദ്ധരായേക്കാം' (ദുഖാന്‍ 58) എന്ന സൂക്തംവിശദീകരിച്ചുകൊണ്ട് ഖുര്‍ത്വുബി എഴുതുന്നു: 'അറബി ഭാഷയില്‍ അല്ലാഹു അതിനെ വിശദീകരിച്ചു. ചിന്തിക്കുന്നവര്‍ക്കും ഉറ്റാലോചിക്കുന്നവര്‍ക്കും അത് സരളവും ലളിതവുമാണ്.'18
ഇബ്‌നുതൈമിയ്യ എഴുതുന്നു:

من المعلوم أن كلّ كلام فالمقصود منه فهم معانيه دون مجرّد ألفاظه فالقرآن أولى بذلك - وأيضا فالعادة تمنع أن يقرأ قوم كتابا في فنّ من العلم كالطبّ والحساب ولايَسْتَشْرِحوه فكيف بكلام الله الذي هو عصمتهم وبه نجاتهم وسعادتهم وقيام دينهم ودنياهم.
'എല്ലാ സംസാരങ്ങളുടെയും ലക്ഷ്യം പദങ്ങള്‍ മാത്രം മനസ്സിലാക്കുകയല്ല. അവയുടെ ആശയം ഗ്രഹിക്കുകയാണ്. ഇത് ഏറ്റവും സാര്‍ഥകമാവേണ്ടത് ഖുര്‍ആനിന്റെ കാര്യത്തിലാണ്. തന്നെയുമല്ല വൈദ്യം, ഗണിതം പോലുള്ള ഏതെങ്കിലും വൈജ്ഞാനിക ശാഖയിലെ ഗ്രന്ഥം വായിക്കുന്നയാള്‍ അതിന്റെ വിശദീകരണം ആവശ്യപ്പെടാതിരിക്കുക എന്നത് സംഭവ്യമല്ല. എന്നിരിക്കെ, തങ്ങളുടെ രക്ഷോപാധിയും വിജയവും സൗഭാഗ്യവും ദീനിന്റെയും ദുന്‍യാവിന്റെയും നിലനില്‍പിന്നാധാരവുമായ അല്ലാഹുവിന്റെ വചനത്തിന്റെ കാര്യം പറയാനുണ്ടോ?'19

ഇബ്‌നുറജബില്‍ ഹമ്പലി ഇബ്‌നു ഹുബൈറയെ ഉദ്ധരിച്ചെഴുതുന്നു:
'ഖുര്‍ആന്‍ പര്യാലോചനാപൂര്‍വം വായിച്ചാല്‍ സന്മാര്‍ഗം പ്രാപ്യമാവുമെന്ന് മനസ്സിലാക്കുന്ന പിശാച് ചിന്താമനനങ്ങളില്‍നിന്ന് അല്ലാഹുവിന്റെ ദാസന്മാരെ തടയുന്നു. ഇത് അപകടമാണെന്ന് അവന്‍ താക്കീത് ചെയ്യുന്നു. അതോടെ, സൂക്ഷ്മതയാല്‍ ഞാന്‍ ഒന്നും ഖുര്‍ആന്‍ വിഷയകമായി പറയുകയില്ലെന്ന് അയാള്‍ തീരുമാനമെടുക്കുന്നു.'20
ശാത്വിബി എഴുതുന്നു: 'ഖുര്‍ആന്‍ അറബി ഭാഷയിലെ അതിപ്രഗത്ഭരായ സാഹിത്യകാരന്മാരെ മുട്ടുകുത്തിച്ചുവെന്നതിനര്‍ഥം അറബികളുടെ പൊതു ഭാഷാശൈലികള്‍ക്കതീതമാണ് ഖുര്‍ആന്‍ എന്നല്ല. അല്ലാഹുവിന്റെ ശാസനാ നിരോധങ്ങള്‍ എത്രയും എളുപ്പത്തിലും ലളിതമായും മനസ്സിലാക്കാന്‍ കഴിയും.'21 ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'ഖുര്‍ആനിന് നമുക്കറിയാത്തതും നാം മനസ്സിലാക്കാത്തതുമായ വ്യാഖ്യാനങ്ങളുണ്ട്. നാം അതിലെ പദങ്ങള്‍ പുണ്യം പ്രതീക്ഷിച്ച് പാരായണം ചെയ്യുന്നു എന്നുമാത്രം എന്നൊരാള്‍ പറഞ്ഞാല്‍ അയാളുടെ ഹൃദയത്തില്‍ മനസ്സിലാക്കാത്ത ഭാഗങ്ങളെക്കുറിച്ച് അസ്വസ്ഥതയുണ്ടെന്നാണ്.'22
സ്വന്‍ആനി എഴുതുന്നു: 'അല്ലാഹു ഖുര്‍ആനിനെയും നബിചര്യയെയും ലോകാവസാനം വരെ സംരക്ഷിച്ചിരിക്കുന്നു. ഖുര്‍ആനിലെയും ഹദീസുകളിലെയും പല വചനങ്ങളും ഗ്രഹിക്കാന്‍ അറബി വ്യാകരണമോ നിദാനശാസ്ത്രങ്ങളോ പഠിക്കേണ്ടതില്ല. ഖുര്‍ആന്‍ വചനങ്ങളുടെ ആശയം ഗ്രഹിക്കാന്‍ ആവശ്യമായ ഗ്രഹണപരവും ധൈഷണികവുമായ ശേഷി മനുഷ്യന് സ്വാഭാവികമായുണ്ട്. ഉദാഹരണമായി,
وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِۗ
  'നിങ്ങള്‍ നിങ്ങള്‍ക്കായി മുന്‍കൂട്ടി ചെയ്യുന്ന ഏതു നന്മയും നിങ്ങള്‍ അല്ലാഹുവിങ്കല്‍ കണ്ടെത്തുന്നതായിരിക്കും' (ബഖറ 110) എന്ന സൂക്തത്തിലെ ما  '' എന്ന അക്ഷരം كلمة شرط (ഉപാധിയെ സൂചിപ്പിക്കുന്ന വാക്ക്)-ഉം  تُقَدِّمُواഎന്നത് جزم ചെയ്യപ്പെട്ടതാണെന്നും വ്യാകരണപരമായി മനസ്സിലാക്കിയില്ലെങ്കിലും സൂക്തത്തിലെ ആശയം മനസ്സിലാക്കാവുന്നതേയുള്ളൂ. സാധാരണക്കാര്‍ ഖുര്‍ആന്‍ കേള്‍ക്കുന്നുണ്ട്, അവര്‍ക്ക് അത് മനസ്സിലാവുന്നുണ്ട്. അതിലെ മുന്നറിയിപ്പുകളും താക്കീതുകളും ഉള്‍ക്കൊണ്ട് അവര്‍ കരയുന്നുണ്ട്. ഖുര്‍ആനിന്റെ വ്യാകരണം ഒന്നുപോലും അവര്‍ക്കറിയില്ല. ഖുര്‍ആനില്‍ ഗവേഷണം നടത്താന്‍ പോന്ന യോഗ്യത തികഞ്ഞവരേക്കാളും ഭക്തരായ സാധാരണക്കാരെ നമുക്ക് കാണാന്‍ കഴിയും...... എന്നിരുന്നാലും ഖുര്‍ആനിലെയും സുന്നത്തിലെയും ആശയങ്ങളും വ്യാകരണ ഘടനയും ഗ്രഹിക്കുന്നതില്‍നിന്നും അതിലെ നിക്ഷേപങ്ങള്‍ പുറത്തെടുക്കുന്നതില്‍നിന്നും നാം എന്തിന് തടയണം? തമ്പുകളില്‍ അടങ്ങിക്കഴിയുന്ന തരുണികളായി നാം അവയെ എന്തിന് വിട്ടേക്കണം? നമുക്ക് ഇതിലെ അക്ഷരങ്ങളും പദങ്ങളും ഉരുവിട്ടാല്‍ മാത്രം മതിയോ?23
ഖുര്‍ആനിന്റെ സിംഹഭാഗവും പണ്ഡിതനും സാധാരണക്കാരനും ഒരുപോലെ മനസ്സിലാകുന്നവയാണ്. അതിലെ അര്‍ഥവും ആശയവും ഗ്രഹിക്കുക എന്നത് അസാധ്യമൊന്നുമല്ല. അതുകൊുതന്നെ ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധവും സമീപനവും പുനര്‍നിര്‍ണയിക്കേതുണ്ട്‌.

 

കുറിപ്പുകള്‍
1. ابن منظور لسان العرب ص: 273
2. أحمد بن محمّد المقري الفيومي، المصباح المنيرص: 1/189
3. محمد عبد الرّؤوف المناوي التوقيف على مهمّات التّعاريف 1/167
4. ابن قيم الجوزيّة ، مفتاح دار السّعادة ومنشور ولاية العلم والإرادة 1/183 الجرجاني، التعريفات 1/76
5. سلمان بن عمر السّنيدي تدبّر القرآن ص: 11
6. المقرّي الفيوميّ: 2/479، الجرجاني: 1/88، ابن منظور 5/65 
مختار الصّحاح : 1/213
7. 'തഫക്കുറി'നെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മാലിക് ബദ്‌രിയുടെ 'അത്തഫക്കുര്‍ മിനല്‍ മുശാഹദ ഇലശ്ശുഹൂദ്' വായിക്കുക.
8. ابن كثير : 4/34
9. ابن كثير 1/530
10. ابن كثير 1/164، الطبري : 1/521
11. ابن القيّم بدائع التفسير: 1/308
12. شوكاني ، فتح القدير : 1/104
13. بدائع التفسير: 2/292
14. قرطبي : 18/44
15. تفسير السّعدي 1/555
16. تفسير السعدي 1/29
17. تفسير الطبري 1/35
18. تفسير الطبري 11/162
19. ابن تيميّة، مجموع الفتاوى 13/329
20. ابن رجب الحنبلي : ذيل طبقات الحنابلة.
21. أبو اسحاق الشاطبي، المواقفات: 3/346
22. ابن قيم الجوزية، التبيان في أقسام القرآن 1/144
23. محمّد بن اسماعيل الصّنعاني إرشاد النقّاد الى تيسير الإجتهاد 1/160

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top