മുഫ്തിക്ക് വേണ്ട യോഗ്യതകളെന്തെല്ലാം?

ഡോ: യൂസുഫുല്‍ ഖറദാവി‌‌

ഫത്വ

ചോദ്യം: ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരു മുഫ്തിക്ക് വേണ്ട അടിസ്ഥാന യോഗ്യതകളെന്തെല്ലാമാണ്?

മറുപടി: മതവിധികള്‍ നല്‍കുന്ന മുഫ്തിയുടെ സ്ഥാനം വളരെ വലുതാണ്. ഇമാം ശാത്വിബി അഭിപ്രായപ്പെട്ടതുപോലെ, നബി(സ)യുടെ സ്ഥാനത്ത് നില്‍ക്കുന്നയാളാണ് മുഫ്തി. അവിടുത്തെ അനന്തരാവകാശിയും പ്രതിനിധിയുമാണ് മുഫ്തി. العلماء ورثة الأنبياء -പണ്ഡിതന്മാര്‍ നബിമാരുടെ അനന്തരാവകാശികളാണെന്നാണല്ലോ നബിവചനം.1 നബി(സ)യുടെ സ്ഥാനത്ത് നിന്നുകൊണ്ട് വിധികള്‍ നല്‍കേണ്ടവരും നല്‍കുന്നവരും ജനങ്ങളെ പഠിപ്പിക്കേണ്ടവരും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവരുമാണവര്‍. അല്ലാഹുവില്‍നിന്നും നബിയില്‍നിന്നും പ്രമാണങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതോടൊപ്പം അവയുടെ വെളിച്ചത്തില്‍ ഗവേഷണം നടത്തി പുതിയ വിധികള്‍ ആവിഷ്‌കരിക്കുന്നതും മുഫ്തിയായിരിക്കും. ഇതനുസരിച്ച് ശാത്വിബി പറഞ്ഞതുപ്രകാരം, മുഫ്തി നിയമദാതാവ് കൂടിയാണ്. അദ്ദേഹത്തെ പിന്‍പറ്റലും അദ്ദേഹം പറഞ്ഞതുപോലെ പ്രവര്‍ത്തിക്കേണ്ടതും നിര്‍ബന്ധമാണ്. ആധികാരികാര്‍ഥത്തില്‍ ഇതാണ് ഖിലാഫത്ത്.2

താന്‍ ഫത്‌വ നല്‍കുന്ന വിഷയത്തില്‍ മുഫ്തി അല്ലാഹുവിനുവേണ്ടി ഒപ്പ് ചാര്‍ത്തുകയാണ് ചെയ്യുന്നത്. തന്റെ അതിപ്രശസ്തമായ إعلام الموقّعين عن رب العالمين എന്ന കൃതിയുടെ മുഖവുരയില്‍ ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'ചക്രവര്‍ത്തിമാര്‍ക്കു വേണ്ടി ഒപ്പു ചാര്‍ത്തുന്നവരുടെ സ്ഥാനം അനിഷേധ്യമാണല്ലോ. അതിന്റെ മൂല്യം അജ്ഞാതവുമല്ല. അത് ഏറ്റവും സമുന്നതമായ സ്ഥാനങ്ങളിലൊന്നാണ്. അങ്ങനെയെങ്കില്‍, ആകാശഭൂമികളുടെ നാഥനായ അല്ലാഹുവിനുവേണ്ടി ഒപ്പിട്ടു നല്‍കുന്നവരുടെ സ്ഥാനം പറയാനുണ്ടോ?'3

വിവരമില്ലാതെ ഫത്‌വ നല്‍കുന്നവര്‍
അല്ലാഹുവിന്റെ സംരക്ഷിത പ്രദേശത്ത് കടന്നുകയറി അനര്‍ഹമായി ഫത്‌വ നല്‍കുന്നത് വലിയ തെറ്റായും ഇസ്‌ലാമിനേല്‍ക്കുന്ന പ്രഹരവുമായാണ് മുന്‍ഗാമികള്‍ കണ്ടിരുന്നത്.
നബി(സ)യില്‍നിന്ന് അബ്ദുല്ലാഹിബ്‌നു അംറ് ഉദ്ധരിക്കുന്നു: 
إنّ الله يقبض العلم انتزاعا ينتزعه من صدور الرّجال، ولكن يقبض العلم بقبض العلماء فإذالم يبق عالم اتخذ النّاس رؤساء حهّالا، فسئلوا فأفتوا بغير علم فضلّوا وأضلّوا
'തീര്‍ച്ചയായും അല്ലാഹു ആളുകളുടെ ഹൃദയങ്ങളില്‍നിന്ന് വിജ്ഞാനം ഒറ്റയടിക്ക് ഊരിയെടുക്കുകയല്ല ചെയ്യുക. പണ്ഡിതന്മാരെ മരിപ്പിച്ചുകൊണ്ടാണ് വിജ്ഞാനത്തെ ഊരിയെടുക്കുക. അങ്ങനെ ഒരു പണ്ഡിതന്‍ പോലും ബാക്കിയില്ലാതാവുമ്പോള്‍ ജനങ്ങള്‍ അജ്ഞരായ നേതാക്കളെ സ്വീകരിക്കും. അവരോട് വിധികള്‍ ചോദിക്കപ്പെടുമ്പോള്‍ അവര്‍ വിവരമില്ലാതെ ഫത്‌വ നല്‍കും. അതുവഴി അവര്‍ വഴിതെറ്റും, മറ്റുള്ളവരെ വഴിതെറ്റിക്കും.'4

من أفتى بغير علم كان إثم ذلك على الذي أفتاه
'വിവരമില്ലാതെ ആരെങ്കിലും ഫത്‌വ നല്‍കിയാല്‍ അതിന്റെ പാപം ഫത്‌വ നല്‍കിയ ആള്‍ക്കായിരിക്കും.'5 വിജ്ഞാനത്തിന്റെ വ്യാജ വസ്ത്രം ധരിച്ചയാളാല്‍ വഞ്ചിതനായ ആള്‍ക്ക് കുറ്റവിമുക്തനാക്കപ്പെടുന്നതായിരിക്കും.

അതേസമയം, മുഫ്തി വിവരദോഷിയാണെന്നറിഞ്ഞിട്ടും അയാളെ നിലനിര്‍ത്തുന്ന ഉത്തരവാദപ്പെട്ടവര്‍ അയാള്‍ക്കൊപ്പം പാപത്തില്‍ പങ്കാളികളായിരിക്കും. വിശിഷ്യാ 'എന്നെ ചുമന്നാല്‍ നിങ്ങളെ ഞാന്‍ ചുമക്കാം' എന്ന തരത്തില്‍ അവര്‍ക്ക് അയാളുമായും അയാള്‍ക്ക് അവരുമായും അടുപ്പവും ബന്ധവുമുണ്ടെങ്കില്‍.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍, ഭയഭക്തി ഇല്ലാതെ ഫത്‌വ നല്‍കുന്നവര്‍ പാപികളും ദൈവധിക്കാരികളുമാണെന്ന് പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അവര്‍ മാത്രമല്ല, ഇത്തരക്കാരെ സംരക്ഷിക്കുന്ന ഭരണാധികാരികളും ഉത്തരവാദപ്പെട്ടവരും കുറ്റവാളികളാണ്. അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസിയെ ഉദ്ധരിച്ച് ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'ഉമയ്യ വംശം ചെയ്തതുപോലെ ഭരണാധികാരികള്‍ അത്തരം മുഫ്തികളെ നിര്‍ബന്ധമായും തടയണം. വഴിയറിയാത്തയാള്‍ യാത്രാസംഘത്തിന് വഴി കാണിക്കുന്നതിനേക്കാളും ചികിത്സ അറിയാത്തയാള്‍ ചികിത്സിക്കുന്നതിനേക്കാളും അപകടകരമാണ് വിവരദോഷികള്‍ ഫത്‌വ നല്‍കുന്നത്. ഭരണാധികാരികള്‍ക്ക് വ്യാജചികിത്സകരെ തടയാമെങ്കില്‍ ഖുര്‍ആനും സുന്നത്തും അറിയുകയോ പഠിക്കുകയോ ചെയ്യാത്തവരെ ഫത്‌വ നല്‍കുന്നതില്‍നിന്ന് എന്തുകൊണ്ട് തടഞ്ഞുകൂടാ?'
ഇമാം ഇബ്‌നുതൈമിയ്യ അയോഗ്യരായ മുഫ്തിമാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച ചിലര്‍ 'താങ്കള്‍ ഫത്‌വയുടെ കാവല്‍ക്കാരനാണോ' എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'റൊട്ടിയുണ്ടാക്കുന്നവരെയും ഭക്ഷണം പാകം ചെയ്യുന്നവരെയും നിരീക്ഷിക്കാമെങ്കില്‍ മുഫ്തിമാരെയും നിരീക്ഷിക്കേണ്ടതില്ലേ?'6 തന്റേടമില്ലാത്തവരുടെ സാമ്പത്തിക വ്യവഹാരങ്ങള്‍ അവരുടെ മാനുഷിക പവിത്രത പരിഗണിച്ച് വിലക്കരുതെന്ന അഭിപ്രായമുള്ള ഇമാം അബൂഹനീഫപോലും ഇസ്‌ലാമിക വിധികളെ ദുരുപയോഗം ചെയ്യുന്ന മുഫ്തിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പക്ഷക്കാരനാണ്. വ്യക്തിപരമായ സ്വാതന്ത്ര്യം മറയാക്കി അയാള്‍ സമൂഹത്തിന് ദോഷം വരുത്തും എന്നതിനാലാണത്.
ഇമാം മാലികിന്റെ ഗുരുവായ റബീഅത്തുബ്‌നു അബീ അബ്ദിര്‍റഹ്‌മാന്‍ കരയുന്നതു കണ്ട ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങള്‍ എന്തിനാണ് കരയുന്നത്?' റബീഅ: 'വിവരമില്ലാത്തവരോട് മതവിധികള്‍ ചോദിക്കുന്ന പുതിയ പ്രവണത ഉടലെടുത്തിരിക്കുന്നു. ചില മുഫ്തിമാര്‍ കള്ളന്മാരേക്കാള്‍ ജയില്‍ശിക്ഷ അര്‍ഹിക്കുന്നവരാണ്.'7 ചില മുഫ്തിമാര്‍ നല്‍കുന്ന ഫത്‌വകള്‍ ഉമര്‍(റ) കേട്ടിരുന്നുവെങ്കില്‍ അദ്ദേഹം ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികളെ ഉപയോഗിച്ച് അവക്കെതിരെ പോരാടുമായിരുന്നു എന്ന് ചില പൂര്‍വസൂരികള്‍ പറഞ്ഞിട്ടുണ്ട്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളോ ശാഖാ വിജ്ഞാനീയങ്ങളോ ആഴത്തില്‍ പോയിട്ട് സാമാന്യമായി പോലും പഠിക്കാതെ മതവിധികള്‍ നല്‍കുന്ന ഇന്നത്തെ ചില മുഫ്തികളെക്കുറിച്ച് എന്തു പറയാന്‍? വ്യക്തികളെയും സമൂഹങ്ങളെയും ലാഘവബുദ്ധ്യാ കാഫിറുകളാക്കുന്ന അഭിനവ യുവ മുഫ്തിമാരെക്കുറിച്ച് എന്തു പറയാന്‍?
ഇവരിലധികവും ശരീഅത്ത് വിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യമുള്ളവരോ ആരുടെയെങ്കിലും ശിഷ്യത്വം സ്വീകരിച്ച് പഠിച്ചവരോ അല്ല. ചില ആധുനികരുടെ ഗ്രന്ഥങ്ങള്‍ വായിച്ച വിവരമേ അവര്‍ക്കുള്ളൂ. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ മൗലിക സ്രോതസ്സുകളുള്ള ഗ്രന്ഥങ്ങളും അവരും തമ്മില്‍ നൂറുകണക്കിന് മറകളുണ്ട്. ഇനി അവ വായിക്കാനായാല്‍ തന്നെ അവര്‍ക്കൊന്നും മനസ്സിലാവില്ല. കാരണം, അത് ഗ്രഹിക്കാനും ദഹിക്കാനുമാവശ്യമായ താക്കോലുകള്‍ അവരുടെ കൈവശമില്ല. എല്ലാ വിജ്ഞാനങ്ങള്‍ക്കും അവയുടേതായ ഭാഷയും സാങ്കേതിക പദങ്ങളുമുണ്ട്. അവയില്‍ സവിശേഷ ജ്ഞാനമുള്ളവര്‍ക്കേ അവ മനസ്സിലാവുകയുള്ളൂ. എഞ്ചിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഗുരുക്കന്മാരുടെ സഹായത്തോടെയല്ലാതെ നിയമഗ്രന്ഥങ്ങള്‍ വശമാവില്ല. നിയമവിശാരദര്‍ക്ക് സ്വന്തം നിലയില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ കഴിയില്ല. ശരീഅത്ത് വിജ്ഞാനീയങ്ങളുടെ അഭ്യസനവും അങ്ങനെത്തന്നെ.

മുഫ്തിയുടെ സംസ്‌കാരം
നബി(സ)യുടെ സ്ഥാനത്ത് നില്‍ക്കുന്നവരും അല്ലാഹുവിനുവേണ്ടി ഒപ്പ് ചാര്‍ത്തുന്നവരുമാണ് മുഫ്തിമാര്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇസ്‌ലാമിനെ പറ്റി നല്ല വിവരം വേണം. ഇസ്‌ലാമിക വിധികളെപ്പറ്റി സമഗ്രമായ ജ്ഞാനം നേടിയിരിക്കണം. അറബിഭാഷയില്‍ നല്ല വ്യുല്‍പത്തിയും കൂടിയേ കഴിയൂ. അതോടൊപ്പം ജനങ്ങളെയും ജീവിതത്തെയും സംബന്ധിച്ച് നല്ല ഉള്‍ക്കാഴ്ചയും വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാനുള്ള ശേഷിയുമുണ്ടാവണം. ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും അഗാധമായ അറിവില്ലാത്തവര്‍ മതവിധികള്‍ നല്‍കുന്നത് അനുവദനീയമല്ല. ഖുര്‍ആനും ഹദീസും മനസ്സിലാക്കാന്‍ കഴിയത്തക്കവിധം അറബി ഭാഷയില്‍ മുഫ്തിമാര്‍ നൈപുണി നേടിയിരിക്കണം. കര്‍മശാസ്ത്ര മേഖലയിലെ നിയമാവിഷ്‌കാരം, ഇജ്മാഅ്, അഭിപ്രായ വ്യത്യാസങ്ങള്‍ മുതലായവയും കൃത്യമായി പഠിച്ചിരിക്കണം. ഫിഖ്ഹിനൊപ്പം ഉസ്വൂലുല്‍ ഫിഖ്ഹിന്റെ മര്‍മങ്ങള്‍, ഖിയാസ് അനുവദനീയമാവുന്നവയും അനുവദനീയമാവാത്തവയുമായ മേഖലകള്‍ എന്നിവ മുതലായവയും ഗ്രഹിച്ചിരിക്കണം.

ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും വിധികള്‍ ഉരുത്തിരിയുന്ന കാരണങ്ങളെയും സംബന്ധിച്ച അറിവാണ് മറ്റൊന്ന്. പ്രമാണങ്ങളെ അക്ഷരവായന മാത്രം നടത്തി അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഒട്ടുമറിയാതെ ഫത്‌വ നല്‍കുന്നത് ഒട്ടും ഭൂഷണമല്ല. ഇമാം ശാത്വിബി ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച ജ്ഞാനത്തെ ഇജ്തിഹാദിന്റെ ഉപാധിയായല്ല, കാരണമായാണ് പരിഗണിച്ചിരിക്കുന്നത്. വിവിധ കര്‍മശാസ്ത്രകാരന്മാരെ അവരുടെ ഗ്രന്ഥങ്ങളിലൂടെ സഹജീവിച്ച് പരിചയപ്പെടുകയും അവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇഴപിരിച്ച് മനസ്സിലാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മുഫ്തിയാവാന്‍ കഴിയുകയുള്ളൂ. കര്‍മശാസ്ത്രകാരന്മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ അറിയാത്തവര്‍ക്ക് ഫിഖ്ഹിന്റെ ഗന്ധം ആസ്വദിക്കാനാവില്ലെന്ന് പറഞ്ഞുവരുന്നത് അതുകൊണ്ടാണ്. ജനങ്ങളുടെ സ്ഥിതി അവസ്ഥകള്‍ അറിയാത്തവരും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്തവരും ഫത്‌വ നല്‍കാന്‍ യോഗ്യരല്ല.

ഹാഫിള് ഖത്വീബുല്‍ ബഗ്ദാദി ഇമാം ശാഫിഈയെ ഉദ്ധരിച്ച് തന്റെ 'അല്‍ഫഖീഹു വല്‍ മുതഫഖ്ഖിഹു' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തപ്പെട്ടതും ദുര്‍ബലപ്പെടുത്തിയതും ഖണ്ഡിത തത്ത്വങ്ങളും സദൃശവചനങ്ങളും വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ടതും അല്ലാത്തതും മക്കീ-മദനികളും അവതരണ പശ്ചാത്തലങ്ങളും അറബിഭാഷയും വിശിഷ്യാ അറബി കവിതകളും മുഫ്തി പഠിച്ചുമനസ്സിലാക്കിയിരിക്കണം. വിവിധ ചിന്താഗതികളെ പറ്റി അവബോധമുണ്ടായിരിക്കണം. ഇതിനെല്ലാം പുറമെ അയാള്‍ക്ക് പ്രതിഭയുണ്ടായിരിക്കണം. ഇതെല്ലാമായാല്‍ അയാള്‍ക്ക് ഫത്‌വ നല്‍കാം. ഇല്ലെങ്കില്‍ ഫത്‌വ നല്‍കരുത്.'8

ഗ്രന്ഥങ്ങള്‍ മനഃപാഠമുണ്ടെന്നതുകൊണ്ടുമാത്രം ഒരാളെ ഫിഖ്ഹ് പണ്ഡിതനായി പരിഗണിക്കില്ല. സ്വീകാര്യവും അസ്വീകാര്യവും ശരിയും തെറ്റും തിരിച്ചറിയാനും വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാനും പല അഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ ഏതിന് ഏതിനേക്കാള്‍ മുന്‍ഗണന നല്‍കാനും വ്യത്യസ്ത തെളിവുകളെ തമ്മില്‍ യോജിപ്പിക്കാനും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും പ്രമാണങ്ങളെയും സംയോജിപ്പിക്കാനുമെല്ലാം യോഗ്യനായിരിക്കണം മുഫ്തി.

പ്രമാണജ്ഞാനത്തോടൊപ്പം ഉള്‍ക്കാഴ്ചയും മുഫ്തിക്കാവശ്യമാണെന്ന് അബ്ദുല്ലാഹിബ്‌നു മുബാറക് അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രമാണജ്ഞാനത്തോടൊപ്പം ഉള്‍ക്കാഴ്ചയും ഉള്‍ക്കാഴ്ചയോടൊപ്പം പ്രമാണജ്ഞാനവും ആവശ്യമാണ്. ജീവിതവും ലോകവുമായി ബന്ധപ്പെടുത്തുന്ന പൊതുസംസ്‌കാരം മുഫ്തിക്ക് ഉണ്ടായേ പറ്റൂ. ചരിത്രബോധമാണ് മറ്റൊരു പ്രധാന ഘടകം. മാനവസമൂഹത്തില്‍ അല്ലാഹു ഇതഃപര്യന്തം സ്വീകരിച്ചുപോന്ന നടപടിക്രമങ്ങളെക്കുറിച്ച ധാരണയും സുപ്രധാനമാണ്. എങ്കില്‍ മാത്രമേ സമൂഹത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയൂ.
ഖത്വീബുല്‍ ബഗ്ദാദി വീണ്ടും എഴുതുന്നു: 'എല്ലാ വിജ്ഞാനീയങ്ങളും ഫിഖ്ഹിനെ സംബന്ധിച്ചേടത്തോളം ചട്ട്ണിക്കും അച്ചാറിനും സമമാണ്. ഫിഖ്ഹിന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം അയാള്‍ അറിഞ്ഞിരിക്കണം എന്നു സാരം. ദുന്‍യാവും പരലോകവുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാനീയങ്ങളുടെയും അല്‍പമെങ്കിലും അറിഞ്ഞിരിക്കണം.'

ഗൗരവപൂര്‍വം കാണേണ്ടതും തമാശയായി മാത്രം സമീപിക്കേണ്ടതും, വ്യത്യസ്തതയും വൈവിധ്യവും ഉപകാരപ്രദവും ദ്രോഹകരവും ജനങ്ങള്‍ക്കിടയിലെ സാധാരണ കാര്യങ്ങളും സുപരിചിതാചാരങ്ങളും മനസ്സിലാക്കേണ്ടതും വളരെ പ്രധാനമാണ്. ജനങ്ങളുമായി സംവദിച്ചും വ്യത്യസ്ത ആശയധാരകളിലുള്ളവരുമായി ഇടപഴകിയും അവരോട് കൂടുതലായി ചോദിച്ചറിഞ്ഞും ഗ്രന്ഥങ്ങള്‍ സ്ഥിരമായി വായിച്ചു പഠിച്ചും വേണം ഇത് സാധ്യമാവാന്‍. ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളെ പോലെ പുസ്തകങ്ങള്‍ കുന്നുകൂട്ടിയതുകൊണ്ട് കാര്യമായില്ല, അവ വായിച്ച് അവബോധമുണ്ടാക്കണം. ഇതുപോലെത്തന്നെയാണ് പുസ്തകങ്ങള്‍ വായിക്കുമെങ്കിലും യാഥാര്‍ഥ്യലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്നതും.

ഇമാം അഹ്‌മദ് മുഫ്തിക്കുണ്ടാവേണ്ട അഞ്ച് യോഗ്യതകള്‍ വിവരിക്കുന്നത് കാണുക:
1. നല്ല നിയ്യത്തുണ്ടാവണം. നിയ്യത്തില്ലെങ്കില്‍ അയാള്‍ക്ക് പ്രകാശമുണ്ടാവില്ല. അയാളുടെ ഫത്‌വകളിലും പ്രകാശമുണ്ടാവില്ല.
2. വിവേകവും ഗൗരവവും ശാന്തതയുമുണ്ടാവണം.
3. തന്റെ സ്ഥാനത്തിനും അറിവിനും അനുസൃതമായ ശക്തി സംഭരിച്ചിരിക്കണം.
4. ജീവിക്കാനാവശ്യമായ വരുമാനമുണ്ടാവണം.
5. ജനങ്ങളെ അറിയണം.9
(ജനങ്ങളെ അറിയുക എന്നാല്‍ ജീവിതത്തെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും അറിയുക എന്നാണ്)

ഫത്‌വകളെ ജനജീവിതവുമായി ബന്ധപ്പെടുത്താന്‍ മുഫ്തിമാര്‍ ശ്രദ്ധിക്കണം. അവര്‍ സിദ്ധാന്തങ്ങള്‍ എഴുതുകയല്ല, ഏതോ വിടവില്‍ കൊണ്ടുപോയി തങ്ങളുടെ ഫത്‌വകളെ നിക്ഷേപിക്കുകയല്ല, സ്ഥിതി സാഹചര്യങ്ങളെ വിലയിരുത്തുന്ന മുഫ്തി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ, സവിശേഷമായ നിബന്ധനകള്‍ സ്വീകരിച്ചേ പറ്റൂ.
ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു:

'യഥാര്‍ഥത്തില്‍ സംഭവിച്ച നിലവിലെ കാര്യങ്ങളെ മാറ്റിവെച്ച് അനിവാര്യമായും സംഭവിക്കാവുന്ന വിഷയങ്ങളിലാവരുത് കര്‍മശാസ്ത്രകാരന്റെ ശ്രദ്ധ. വര്‍ത്തമാന കാലത്തെപ്പറ്റി അറിയാതെ കഴിഞ്ഞുപോയ ഏതോ കാലത്തില്‍ ജീവിക്കുന്നവനുമാവരുതയാള്‍. ഏതൊരു കാലത്തിനും അതിനനുസൃതമായ ഒരു വിധിയുണ്ടാവും.'

ഇതോടൊപ്പം മുഫ്തിയുടെ ദീനീബോധവും മനസ്സാക്ഷിയും ഭയഭക്തിയും വളരെ പ്രധാനമാണ്. ഫത്‌വകളില്‍ ദേഹേഛക്ക് അടിപ്പെടാതിരിക്കാന്‍ ആവശ്യമായ ഈമാന്‍ അയാള്‍ നേടിയിരിക്കണം. ഭരണാധികാരികളെയും ജനങ്ങളെയും തൃപ്തിപ്പെടുത്തുന്നതിനുപകരം അല്ലാഹുവിന്റെ സംപ്രീതിയാവണം പരമപ്രധാനം. കഴിയുന്നത്ര സത്യവും ന്യായവും മുറുകെ പിടിക്കണം. സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ പണ്ഡിതസുഹൃത്തുക്കളുമായി കൂടിയാലോചിക്കണം. തനിക്ക് കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളവ തന്നേക്കാള്‍ വിവരമുള്ളവര്‍ക്ക് വിട്ടുകൊടുക്കണം.

അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്നു പറയലാണ് വൈജ്ഞാനിക മേഖലയിലെ വിശ്വസ്തതയും ഉത്തരവാദിത്തവും. നാല്‍പതു വിഷയങ്ങളില്‍ ഫത്‌വ ചോദിക്കപ്പെട്ടപ്പോള്‍ മുപ്പത്തിയാറെണ്ണത്തിലും 'തനിക്കറിയില്ല' എന്ന് മറുപടി പറഞ്ഞ ഇമാം മാലികാവണം ഈ വിഷയത്തില്‍ മുഫ്തിമാര്‍ക്ക് മാതൃക.

1. أحمد 21715 (حسن لغيره وهذا إسناد ضعيف)و أبوداود في العلم (3641)، الترمذي فى العلم (2682)، ابن ماجه في المقدّمة (223)، ابن حبّان في صحيحه كتاب العلم (1/289)، البيهقي في الشعب (2/262) 
، وصحّحه الألباني في صحيح الجامع (6297)

2. الموافقات : (4/244، 246)
3. إعلام الموقّعين (1/1)
4. بخاري في العلم (100) مسلم في العلم (2673) أحمد في المسند (6511) ترمذي في العلم (2652) ابن ماجه في المقدّمة (52)
5. مسند أحمد (8266)، أبوداود في العلم (3657)، الدارمي : 1/69، الحاكم في المستذرك كتاب العلم (1/215) وصحّحه ووافقه الذهبي، البخاري فى الأدب المفرد (1/100) البيهقي في الكبري (10/116) الألباني فى صحيح الجامع: (6068)
6. إعلام الموقّعين: 4/317
7. إعلام الموقّعين : 4/27
8. الفقيه والمتفقه : 2/157
9. ابن القيم في الإعلام 4/199

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top