ദേവികയുടെ സ്ത്രീലോകം
വി.എ കബീര്‍
കഴിഞ്ഞ നൂറ്റാണ്ടിലെ എണ്‍പതുകളുടെ തുടക്കത്തിലാണ് സ്ത്രീവാദ ശബ്ദങ്ങള്‍ ഒരു പ്രസ്ഥാനമെന്ന നിലയില്‍ കേരളീയ മണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത്. തൊണ്ണൂറുകളോടെ സാംസ്‌കാരിക രംഗത്ത് ആഴത്തില്‍ അതിന് വേരോട്ടം ലഭിച്ചു. കേരളീയ സ്ത്രീവാദത്തിന്റെ തിളക്കമാര്‍ന്ന മുഖങ്ങളിലൊന്നാണ് ജയകുമാരി എന്ന ഡോ. ജെ. ദേവിക. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളിലും ധീരമായ ഇടപെടലുകളിലൂടെയുള്ള അവരുടെ ശക്തമായ സാന്നിധ്യം പീഡിത വിഭാഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കിയിട്ടുണ്ട്. അവരുടെ ആക്ടിവിസത്തിന്റെ കൂടപ്പിറപ്പാണ് അക്കാദമിക പ്രവര്‍ത്തനങ്ങള്‍. ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ ആര്‍ജവം ഇതര സ്ത്രീവാദികളില്‍നിന്ന് അവരെ വ്യതിരിക്തമാക്കി നിര്‍ത്തുന്നു. ചരിത്രകാരി, സാമൂഹിക വിമര്‍ശക, ചിന്തക, അധ്യാപിക എന്നീ നിലകള്‍ക്കു പുറമെ വിവര്‍ത്തക പ്രതിഭ എന്ന നിലയിലും ശ്രദ്ധേയയാണ് അവര്‍. സി.ഡി.എസില്‍ അധ്യാപികയായ ദേവിക ജെ.എന്‍.യുവില്‍നിന്ന് ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് 'വ്യക്തിവല്‍ക്കരണവും ലിംഗഭേദവും കേരളീയ ആധുനികതയില്‍' എന്ന വിഷയത്തില്‍ അവര്‍ ഡോക്ടറേറ്റ് എടുത്തത്. 'കുലസ്ത്രീയും ചന്തപ്പെണ്ണുമുണ്ടാകുന്നതെങ്ങനെ?' 'പൗരിയുടെ നോട്ടങ്ങള്‍' എന്നിവ അവരുടെ പ്രധാന രചനകളില്‍ ഉള്‍പ്പെടുന്നു. 'പെണ്ണൊരുമ്പെട്ടാല്‍' എന്ന പുതിയ കൃതി അവര്‍ സ്വയം അവകാശപ്പെടുന്നപോലെ രാഷ്ട്രമീമാംസയുടെ ശാഖയായ സാമൂഹികശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യവും രാഷ്ട്രീയവും ലിംഗഭേദവും തമ്മിലുള്ള ബന്ധങ്ങള്‍ അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ വ്യത്യസ്ത സര്‍വകലാശാലകളിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുമായി ഗ്രന്ഥകാരി നടത്തിയ വിപുലമായ സംഭാഷണങ്ങളുടെ ഫലം കൂടിയാണ് ഈ ഗ്രന്ഥം. വിപ്ലവങ്ങളിലും സാമൂഹിക പ്രസ്ഥാനങ്ങളിലുമുള്ള സ്ത്രീസാന്നിധ്യം, രാഷ്ട്രീയ പാര്‍ട്ടികളിലും സര്‍ക്കാര്‍ രൂപീകരണത്തിലുമുള്ള അവളുടെ പങ്കാളിത്തം, പൊതുജീവിതത്തിലെ ലിംഗാധികാരത്തിന്റെ അടയാളങ്ങള്‍ എന്നിവക്കൊപ്പം ഫെമിനിസ്റ്റ് ചിന്തയുടെ രാഷ്ട്രീയ മാനങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ടതും മലയാള ഭാഷയുടെ ഭാഗമായിത്തീര്‍ന്നതുമായ സ്ത്രീ ശാക്തീകരണം, വനിതാ വിമോചനം തുടങ്ങിയ പദാവലികളുടെ സൂക്ഷ്മാര്‍ഥങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ലോകരാഷ്ട്രങ്ങളിലെ സ്ത്രീ മുന്നേറ്റങ്ങളിലേക്കും വിവിധ സാമൂഹിക മേഖലകളിലെ അവളുടെ സംഭാവനകളിലേക്കും വെളിച്ചം വീശുന്ന വിശകലനങ്ങളും ഈ ഗ്രന്ഥത്തില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നു. ഫെമിനിസ്റ്റ് ചിന്താ പദ്ധതിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവര്‍ക്കുള്ള ഒരു പ്രവേശികയായിട്ടാണ് ഇത് രചിച്ചിട്ടുള്ളതെന്നാണ് ഗ്രന്ഥകാരി പറയുന്നത്. ലോകതലത്തില്‍ ഫെമിനിസത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികമായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലേക്ക് ഇത് വെളിച്ചം വീശുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസവും പൊതുകാര്യങ്ങളില്‍ താല്‍പര്യവും പൊതുജീവിതത്തോട് ഇഷ്ടവും കൈമുതലായുള്ള ഒരു വ്യക്തിയെ, പ്രത്യേകിച്ച് സ്ത്രീയെ ആണ് ഈ പുസ്തകത്തിന്റെ ഉത്തമ വായനക്കാരിയായി ഗ്രന്ഥകാരി കാണുന്നത്. ജെന്റര്‍ പഠനങ്ങളില്‍ ഉള്ളടങ്ങിയിട്ടുള്ള രാഷ്ട്രീയ പഠനങ്ങളിലേക്കും സാമൂഹിക ശാസ്ത്രത്തിലേക്കും സാമാന്യ വായനക്കാരുടെയും ഒപ്പം വിദ്യാര്‍ഥി സമൂഹത്തിന്റെയും ശ്രദ്ധ തിരിക്കുകയാണ് ഇതിലൂടെ അവര്‍.
2010-ല്‍ പ്രസിദ്ധീകരിച്ച 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?' എന്ന അവരുടെ ഗ്രന്ഥത്തിന്റെ പശ്ചാത്തലം ചരിത്രപരമാണ്. നിരൂപണവിധേയമായ കൃതിക്ക് ഈ കൃതിയുമായി ബന്ധമുണ്ടെങ്കിലും ആദ്യത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ വിശാലമാണ് ഇതിന്റെ വിഷയമണ്ഡലം. കാരണം ആദ്യത്തേത് കേരളീയ സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. പുതിയ കൃതിയാകട്ടെ സ്ത്രീപരിപ്രേക്ഷ്യത്തിലൂടെ ലോക ചരിത്രം അവലോകനം ചെയ്യാനുള്ള ഒരു ശ്രമമാണ്.
പുസ്തകത്തിന്റെ ആമുഖത്തില്‍ ഫെമിനിസത്തോടുള്ള തന്റെ സവിശേഷ നിലപാട് അവര്‍ വ്യക്തമാക്കുന്നുണ്ട്; എല്ലാ പിതൃമേധാവിത്വങ്ങളെയും എതിര്‍ക്കുന്ന രാഷ്ട്രീയമായ ഫെമിനിസം, കാഡര്‍ പാര്‍ട്ടി സംവിധാനപ്രകാരമല്ല സംവിധാനിക്കപ്പെടുന്നത്. അതുകൊണ്ട്, പരസ്പര സംവാദങ്ങളിലൂടെ, ബന്ധപ്പെട്ടു കിടക്കുന്ന, അതിവിശാലമായ, പലതലങ്ങളുള്ള, ആഗോള വ്യാപ്തിയുള്ള ശൃംഖലയാണ് ഇന്ന് ഫെമിനിസം. ആ ശൃംഖലകളില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക ബിന്ദുവില്‍നിന്നാണ് ഈ പുസ്തകം രചിക്കപ്പെടുന്നത്. ഈ ബിന്ദു എന്റെ തന്നെ ഫെമിനിസമാണ്. ഇത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതും അമേരിക്കന്‍ ഉദാരവാദ ഫെമിനിസ്റ്റുകളെ ചെറുക്കുന്നതും, തദ്ദേശ സാഹചര്യങ്ങളെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഊന്നുന്നതും, ഫെമിനിസത്തിലെ വൈരുധ്യങ്ങളെ ശക്തിയായി കണക്കാക്കുന്നതുമായ ഒരു സവിശേഷ ഫെമിനിസം- എന്റെ ഫെമിനിസം- പല ഫെമിനിസ്റ്റ് നിലപാടുകളില്‍ ഒന്നുമാത്രമാണ്.'
സ്ത്രീജീവിതത്തില്‍ രാഷ്ട്രീയത്തിനുള്ള പ്രാധാന്യത്തെ കേന്ദ്രീകരിക്കുന്നതാണ് പുസ്തകത്തിലെ ആദ്യഭാഗത്തെ മൂന്ന് അധ്യായങ്ങള്‍. സ്ത്രീകളെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയത്തിന്റെ പ്രാധാന്യവും ഭരണസാരഥ്യത്തിന്റെ ഉന്നത പദവികളിലെത്താന്‍ ഭാഗ്യം സിദ്ധിച്ച വനിതകളും ഇവയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. രാഷ്ട്രീയം സ്ത്രീ പ്രകൃതവുമായി പൊരുത്തപ്പെടുന്നതല്ല എന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ പ്രചുരിതമായിരുന്ന ആശയം. വീടുവിട്ടിറങ്ങുകയാണെങ്കില്‍ തന്നെ അവളെ സംബന്ധിച്ചേടത്തോളം ഏറ്റവും സമീചീനമായിട്ടുള്ളത് സര്‍ക്കാര്‍ ലാവണങ്ങളിലെയോ സ്വകാര്യ കമ്പനികളിലെയോ ഉദ്യോഗങ്ങള്‍ മാത്രമാണ്. അതല്ലെങ്കില്‍ സാമൂഹിക സേവനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുക. ഇടതു പക്ഷങ്ങള്‍ക്കിടയില്‍ പോലും രാഷ്ട്രീയമെന്നാല്‍ വര്‍ഗരാഷ്ട്രീയം മാത്രമായിരുന്നു. ഈ സങ്കല്‍പങ്ങളില്‍ ഇപ്പോള്‍ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. വര്‍ഗ സംഘട്ടന രാഷ്ട്രീയവും വിഭവങ്ങള്‍ നേടിയെടുക്കാനുള്ള മത്സരവും അതിന്റെ പരിമിതികള്‍ മറികടന്ന് എല്ലാറ്റിലും അധികാരവുമായി ബന്ധപ്പെട്ട ഘടകം തിരിച്ചറിയേണ്ടതുണ്ടെന്നതിലേക്ക് ചെന്നെത്തിയിട്ടുണ്ട്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും പരിശ്രമഫലമാണിത്. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം അധികാരവുമായി ബന്ധപ്പെട്ടതാണെന്നും നവ സാങ്കേതികവിദ്യകൊണ്ടു മാത്രം അതിന് പരിഹാരം കണ്ടെത്താന്‍ സാധ്യമല്ലെന്നും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കാണിച്ചുതന്നു. രാഷ്ട്രീയമെന്നാല്‍ പൊതുവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന പ്രതിഭാസമല്ലെന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും പഠിപ്പിച്ചു. പുരുഷാധികാര രൂപത്തില്‍ കുടുംബത്തിനകത്തു പോലും ഒളിഞ്ഞു കിടക്കുന്ന പ്രതിഭാസമാണത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉരുവം കൊണ്ട രാഷ്ട്രമീമാംസ സാമൂഹിക ശാസ്ത്രമായി വികസിച്ചത് അമേരിക്കന്‍ സര്‍വകലാശാലകളുടെ തണല്‍ പറ്റിയാണെന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നു. ഭൗതിക ശാസ്ത്രത്തിന് പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്നപോലെ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ച് പ്രവചിക്കാന്‍ സാമൂഹിക ശാസ്ത്രത്തിനും സാധിക്കുമെന്നാണ് വിശ്വാസം. ശാസ്ത്രീയാടിസ്ഥാനത്തില്‍ ലഭ്യമാകുന്ന അറിവുകളുടെ അടിസ്ഥാനത്തില്‍ നാം പ്രകൃതിയില്‍ ഇടപെടുന്നപോലെ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തിലും നമുക്ക് ഇടപെടാന്‍ കഴിയണമെന്നു മാത്രം.
ജനാധിപത്യത്തെയും അതിലെ ബഹുജന പങ്കാളിത്തത്തെയും രാഷ്ട്രീയ വ്യാഖ്യാനങ്ങളെയും സംബന്ധിച്ച പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാഷ്ട്രമീമാംസ. അതിനാല്‍ രാഷ്ട്രീയ തത്ത്വശാസ്ത്രവും നാം പഠിക്കേണ്ടതാണ്. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രചിന്ത പടിഞ്ഞാറിന്റെ സംഭാവനയാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ ഗ്രന്ഥകാരി ശ്രമിക്കുന്നു. ഫാറാബി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ് തുടങ്ങിയ അറബ്-പേര്‍ഷ്യന്‍ മഹാരഥന്മാര്‍ മുതല്‍, ബ്രാഹ്‌മണ ഉപരിവര്‍ഗ തത്ത്വശാസ്ത്രത്തിന്റെ മേല്‍ക്കോയ്മയെ ചെറുത്തുനിന്ന ഇന്ത്യയിലെ ബൗദ്ധ-ജൈന ധാരകള്‍ വരെ ഈ മേഖലയില്‍ നല്‍കിയ സംഭാവനകളിലേക്ക് അവര്‍ സൂചന നല്‍കുന്നു. രാഷ്ട്രീയത്തെ സമീപിക്കേണ്ടത് അതില്‍ മറഞ്ഞുകിടക്കുന്ന പുരുഷ താല്‍പര്യങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കത്തക്കവിധം ഫെമിനിസ്റ്റ് വിമര്‍ശ വീക്ഷണത്തിലൂടെയായിരിക്കണം എന്നാണ് അവരുടെ അഭിപ്രായം. രാഷ്ട്രീയ മണ്ഡലം പ്രവിശാലമാണെങ്കിലും പൂര്‍ണമായും സമാനമല്ല അത്. സ്ത്രീകള്‍ക്കിടയില്‍ പോലും മേല്‍-കീഴ് വിഭജനം അതില്‍ നിലനില്‍ക്കുന്നുണ്ട്. അവയെല്ലാം നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതിനാല്‍ അതില്‍ മേല്‍ക്കോയ്മ വാഴുന്ന ലിംഗാധികാര മുഖം എടുത്തുകാണിക്കുംവിധം രാഷ്ട്രീയ ചിന്ത പുനര്‍നിര്‍മിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു.
തെരഞ്ഞെടുപ്പുകളിലെ സ്ത്രീ സാന്നിധ്യത്തെയും അതില്‍ അവര്‍ നേടിയെടുത്ത സീറ്റുകളെയും സംബന്ധിച്ചേടത്തോളം പ്രസ്തുത മേഖലയിലെ സ്ത്രീ മുന്നേറ്റത്തെ സൂചിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഈ ഭാഗത്ത് അവര്‍ ഉദ്ധരിക്കുന്നുണ്ട്. 2005-ല്‍ കേരളത്തില്‍ നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ത്രീകളുടെ എണ്ണം 6026 ആയിരുന്നു. 2010-ല്‍ ഇത് 12211 ആയി ഉയര്‍ന്നു. 2015-ല്‍ അവരില്‍ ജയിച്ചവരുടെ എണ്ണം പുരുഷ സ്ഥാനാര്‍ഥികളെ കവച്ചുവെച്ച് 38281 ആയിത്തീര്‍ന്നു. 37281 ആയിരുന്നു പുരുഷന്മാരുടെ എണ്ണം. ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ശീര്‍ഷകങ്ങളും വിലപ്പെട്ട വിവരങ്ങളാല്‍ സമ്പന്നമത്രെ. കേരളത്തിലെയും യു.എസിലെയും നിയമനിര്‍മാണ സഭകളിലെ വനിതാ പ്രതിനിധികളുടെ എണ്ണം, ബ്രിട്ടീഷ് ഇന്ത്യയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സ്ത്രീ സംഘടനകളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും ഈ ഭാഗത്ത് നമുക്ക് വായിക്കാന്‍ കഴിയുന്നു. രാഷ്ട്രീയത്തില്‍ സ്ത്രീ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കാള്‍ മാര്‍ക്‌സിനും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിനും മുമ്പേ ചിന്തിച്ച ഹന്നാ ആരന്റെ (1906-1975) യെ പോലുള്ള സ്ത്രീവാദികളെയും അവരുടെ സംഭാവനകളെയും ഗ്രന്ഥകാരി പ്രത്യേകം പരാര്‍ശിക്കുന്നുണ്ട്. സ്ത്രീകള്‍ പൊതുവെ അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെയും പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയം എത്രമാത്രം ആവശ്യമാണെന്നതിന്റെ ന്യായീകരണമാണ് 'സ്ത്രീകള്‍ക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?' എന്ന ലേഖനത്തിന്റെ ഉള്ളടക്കം. ഈ വിഷയകമായി നിയമസഭകള്‍ക്കകത്തും പുറത്തും ലോക തലത്തില്‍ നടന്ന ചൂടുപിടിച്ച സംവാദങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെ അവര്‍ അവതരിപ്പിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ പൊതുവെ സ്ത്രീകളെ സ്വാഗതം ചെയ്യുന്നില്ല എന്നതാണ് തിക്ത സത്യം. സാര്‍വത്രികമായ അവസ്ഥയാണിത്. കൂടാതെ അതിലേക്ക് ചുവടു വെക്കാനാവശ്യമായ ഉപാധികള്‍ കൈവശമില്ലാത്തവരുമാണ് ഭൂരിപക്ഷം സ്ത്രീകളും. അവര്‍ക്കിടയില്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വളരെ വിരളമാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയമേ ആവശ്യമില്ല എന്നല്ല അതിനര്‍ഥം എന്ന് ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നു. മറിച്ച് ഇതു തന്നെയാണ് രാഷ്ട്രീയത്തില്‍ അവരുടെ നേരിട്ടുള്ള പങ്കാളിത്തത്തിന്റെ അനിവാര്യത സ്ഥാപിക്കുന്ന കാരണങ്ങള്‍. എന്തുകൊണ്ടെന്നാല്‍ അവരുടെ ജീവിതത്തെ ബാധിക്കുന്ന മിക്ക തീരുമാനങ്ങളും എടുക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അകത്തളങ്ങളില്‍ വെച്ചാണ്. അതിനാല്‍ ലിംഗജനാധിപത്യം സാക്ഷാല്‍കൃതമാകുന്ന ഒരു കാലത്തല്ലാതെ സ്ത്രീക്ക് അവളുടേതായ സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യമാവുകയില്ല.
ഇസ്രയേലിലെ ഗോള്‍ഡാമീര്‍, ശ്രീലങ്കയിലെ സിരിമാവോ ബന്ധാരനായകെ, ഇന്ത്യയിലെ ഇന്ദിരാഗാന്ധി, ബംഗ്ലാദേശിലെ ഹസീന വാജിദ്, പാകിസ്താനിലെ ബേനസീര്‍ ഭുട്ടോ തുടങ്ങി ലോകത്ത് ഭരണത്തിന്റെ ഉന്നത സോപാനം അലങ്കരിക്കാന്‍ കഴിഞ്ഞ സ്ത്രീകളുടെ അവസ്ഥ എന്താണ്? ഇവരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ സ്ത്രീകളാണെന്നു കാണാം. അമേരിക്കക്കാരികളും യൂറോപ്യകളും അവരില്‍ വളരെ ചുരുക്കമാണ്. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും അവര്‍ക്ക് വിജയിക്കാനായില്ല. 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ ഇതിന്നപവാദമായി പരിഗണിക്കാം. ഭരണസാരഥ്യം കൈയേല്‍ക്കാന്‍ കഴിഞ്ഞ സ്ത്രീകളില്‍ 75 ശതമാനവും യൂറോപ്പിന് പുറത്തുനിന്നാണെന്നാണ് കണക്കുകള്‍ പറയുന്നത്. അവര്‍ തന്നെയും ജനാധിപത്യ രീതിയിലല്ല അധികാരത്തിലെത്തിയത്; പ്രത്യുത താവഴിയിലൂടെയാണ്. റൗനഖ് ജഹാന്റെ പഠനം ഇത് വ്യക്തമാക്കുന്നുണ്ട്. ദേവീ സങ്കല്‍പത്തോട് ഭാരതീയ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ആരാധനാ മനോഭാവമാണ് ഇന്ദിരാഗാന്ധിയുടെ ജനപ്രിയത്തിന് പിന്നിലെ കാരണമായി സാമൂഹിക വിശകലന വിദഗ്ധനായ അശീഷ് നന്ദി കാണുന്നത്. എന്നാല്‍ മുന്‍ചൊന്ന സ്ത്രീകളില്‍ ഭൂരിപക്ഷവും ലിംഗസമത്വം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ്. അക്ഷരാര്‍ഥത്തില്‍ ജനാധിപത്യ തല്‍പരരുമായിരുന്നില്ല അവര്‍; ഇന്ദിരാഗാന്ധിയെപ്പോലെ ഏകാധിപത്യ പ്രവണതയുള്ളവരായിരുന്നു. ഗോള്‍ഡാമീറെയും താച്ചറെയും പോലെ ഇന്ദിരാഗാന്ധിയും സ്ത്രീവാദ വിരുദ്ധയായിരുന്നു എന്നതും ശ്രദ്ധേയമത്രെ. ഇന്ദിരയുടെ എതിര്‍ബിംബമായി അരുന്ധതീ റോയ്, മേധാപട്ക്കര്‍, ടീസ്റ്റ സെത്ല്‍വാദ് തുടങ്ങിയവരെയാണ് ദേവിക പ്രതിഷ്ഠിക്കുന്നത്. രാഷ്ട്രീയമെന്നാല്‍ ഔപചാരികമായ തെരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമല്ലെന്ന് തിരുത്തിക്കുറിച്ച, പ്രാന്തവല്‍കൃതര്‍ക്കു വേണ്ടി പോരാടുന്നവരാണിവര്‍. ആസ്‌ത്രേലിയയില്‍നിന്ന് മറ്റൊരു മാതൃകയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു- പ്രഥമ പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ്. സ്ത്രീവിദ്വേഷം ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ടോണി അബട്ടിനെ കടന്നാക്രമിക്കാന്‍ ധൃഷ്ടയാവുകയുണ്ടായി അവര്‍; നിയതാര്‍ഥത്തില്‍ അവര്‍ ഒരു ഫെമിനിസ്റ്റായിരുന്നില്ലെങ്കിലും.
സുരക്ഷയോ സ്വാതന്ത്ര്യമോ, എന്താണു സ്ത്രീയെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രധാനം? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് മറ്റൊരു അധ്യായത്തില്‍ ദേവിക. സുരക്ഷയുടെ പേരു പറഞ്ഞ് സ്ത്രീയുടെ സ്വാതന്ത്ര്യം കവരുന്നതിനെതിരെ അവര്‍ താക്കീത് ചെയ്യുന്നു. സുരക്ഷയുടെയും വികസനത്തിന്റെയും പേരില്‍ സ്ത്രീ ജീവിതം താറുമാറാക്കിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ അവര്‍ ഇവിടെ എടുത്തു കാട്ടുന്നു. വനസംരക്ഷണത്തിന്റെ പേരില്‍ താന്‍സാനിയയില്‍ നടന്ന കുടിയിറക്കലുകളും, ഗ്രാമീണ സ്ത്രീകളെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ സുരക്ഷാ സേനക്കെതിരെ മണിപ്പൂരി വനിതകള്‍ വസ്ത്രമുരിഞ്ഞു നടത്തിയ പ്രതിഷേധ പ്രകടനങ്ങളും അവര്‍ അനുസ്മരിക്കുന്നു. യുദ്ധങ്ങളില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നവര്‍ സ്ത്രീകളാണ്. പലപ്പോഴും അവര്‍ യുദ്ധവേളയില്‍ പട്ടാളക്കാരുടെ ബലാത്സംഗത്തിനിരയാകുന്നു.
ഹിജാബ് പ്രശ്‌നത്തില്‍ എടുക്കുന്ന നിലപാട് ഇസ്‌ലാം വിരോധം ഉള്‍വഹിക്കുന്ന 'സിക്കുലര്‍' സ്ത്രീ വാദികളില്‍നിന്ന് ദേവികയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട അധ്യായത്തിലെ ആമുഖ വാചകങ്ങളില്‍നിന്ന് അവരുടെ നിലപാട് സുതരാം വ്യക്തമാകും. 'പടിഞ്ഞാറന്‍ നാടുകളിലെ വലിയൊരു പ്രശ്‌നമാണ് മുസ്‌ലിം സ്ത്രീയുടെ ഹിജാബ്. നമ്മുടെ നാട്ടിലും ഹിജാബ് ധാരിണികള്‍ക്കെതിരെ ചിലര്‍ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹിജാബ് ധാരിണികളെ കാണുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത അവരെ പിടികൂടുന്നു. ഇത് പുറത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതല്ലേ? ഭീകരവാദികളോട് സഹകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ ഇത്? ഇതൊക്കെയാണ് ഇവര്‍ തൊടുത്തു വിടുന്ന ചോദ്യങ്ങള്‍. സ്ത്രീകള്‍ മാത്രമല്ല ധാരാളം പുരുഷന്മാരും മതചിഹ്നങ്ങള്‍ ധരിക്കുന്നതായി നാം കാണുന്നില്ലേ? സിഖുകാര്‍ മതചിഹ്നമെന്ന നിലയില്‍ കൃപാണും തലപ്പാവും ധരിക്കുന്നു. എന്തുകൊണ്ടാണ് അവരെ കുറിച്ചു നമുക്ക് ഭയം തോന്നാത്തത്? എന്തുകൊണ്ടാണ് ഹിജാബ് ധരിച്ച സ്ത്രീകളെ കാണുമ്പോള്‍ മാത്രം ഈ ഭയം നമ്മെ പിടികൂടുന്നത്?' ഗ്രന്ഥകാരി ചോദിക്കുന്നു. ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്ക സൃഷ്ടിച്ചെടുത്തതാണ് ഈ ഭയമെന്നാണ് അവരുടെ വീക്ഷണം. ഫലസ്ത്വീനി-അമേരിക്കന്‍ എഴുത്തുകാരി സാറഃ യാസ്മീന്റെ വിശകലനങ്ങളും ഒരു തുണിക്കഷ്ണത്തിനെതിരെയുള്ള സെക്യുലര്‍ വ്യര്‍ഥ വേലയെ പരിഹസിക്കുന്ന മഹ്ജ കഹ്ഫിന്റെ കവിതകളും ഇവിടെ അവര്‍ ഉദ്ധരിക്കുന്നു. സ്ത്രീകളുടെ മേല്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതും ഹിജാബ് ധരിക്കുന്നതില്‍നിന്ന് അവരെ തടയുന്നതും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ആമിന വദൂദ്, അസ്മാ ബര്‍ലാസ്, ലൈലാ അഹ്‌മദ്, ലൈലാ അബൂലഗൂദ്, ഫാത്തിമ മര്‍നീസി തുടങ്ങിയവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക ഫെമിനിസമടക്കം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ വ്യത്യസ്ത ധാരകളെ പരിചയപ്പെടുത്തുകയും വിശകലനം നടത്തുകയും ചെയ്യുന്ന ഒരു സമഗ്ര പഠനമാണ് ദേവികയുടെ ഈ കൃതിയെന്ന് പറയാവുന്നതാണ്. സ്ത്രീവാദ പഠിതാക്കള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത വിലപ്പെട്ട റഫറന്‍സ്.