സ്വൂഫിസവും അദ്വൈതവും
ഇ.എന്‍ അബ്ദുല്ല
സൃഷ്ടികളും സ്രഷ്ടാവുമായുള്ള പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നതിന് 'അല്‍ ഇത്തിസ്വാല്‍' എന്നു പറയുന്നു. التّعلّقഎന്നും ഇതിന് പ്രയോഗമുണ്ട്. സൃഷ്ടികളും സ്രഷ്ടാവുമായുള്ള പാരസ്പര്യത്തെക്കുറിക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലുമുണ്ട്; പ്രയോഗം ഭിന്നമാണെങ്കിലും. ഈ ബന്ധം രണ്ടു വിധത്തിലുണ്ട്. ഒന്ന്: മൊത്തം പ്രപഞ്ചം -മനുഷ്യനുള്‍പ്പെടെ -സ്രഷ്ടാവുമായും സ്രഷ്ടാവ് പ്രപഞ്ചവുമായുള്ള ബന്ധം الإتصال الكوني العامഎന്ന് പറയുന്നു.
إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ
'ഒരു കാര്യം ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ ഉണ്ടാവും എന്ന ഉത്തരവ് അവന്‍ നല്‍കുന്നു. അതോടെ അത് നിലവില്‍ വരുന്നു. ഇതത്രെ അല്ലാഹുവിന്റെ അവസ്ഥ' (യാസീന്‍: 82).
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ
''പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു: 'ഉണ്ടായി വരുവിന്‍, വിധേയമായോ, നിര്‍ബന്ധിതമായോ.' അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി നിലവില്‍ വന്നിരിക്കുന്നു'' (ഫുസ്സ്വിലത്ത്: 11).
كُلٌّ لَّهُ قَانِتُونَ
'സൃഷ്ടികളൊക്കെയും അവന് വിധേയമായിരിക്കുന്നു' (അര്‍റും: 26).
രണ്ട്: മനുഷ്യനും അല്ലാഹുവും പരസ്പരമുള്ള പ്രത്യേക ബന്ധം الإتصال الإنسانى الخاص എന്നറിയപ്പെടുന്നു. ഇത്
إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةًۖ
'ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോവുകയാണ്'(അല്‍ബഖറ: 30) എന്നേടത്തുനിന്ന് തുടങ്ങുന്നു.
إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا
'സ്ത്രീ, പുരുഷ രേതസ്സ് കൂടിച്ചേര്‍ന്ന ബീജത്തില്‍നിന്നും നാം മനുഷ്യനെ സൃഷ്ടിച്ചു. അവനെ പരീക്ഷണവിധേയമാക്കാന്‍, കേട്ടനുസരിക്കാനും കണ്ടുപഠിക്കാനും കഴിയുന്നവനാക്കുകയും ചെയ്തു'(ഇന്‍സാന്‍: 2)
وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ
'ആകാശഭൂമിയിലുള്ളതൊക്കെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു.'
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
'മനുഷ്യമക്കളെ നാമാദരിച്ചു. കടലിലും കരയിലും സഞ്ചരിക്കാനാവുന്ന സൗകര്യം നല്‍കി, നല്ല വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ അവര്‍ക്ക് മഹത്വം നല്‍കി'(ഇസ്‌റാഅ്: 70) ഇങ്ങനെ തുടങ്ങി
إيمان، إسلام، هداية، ضلالة، كفر، شرك، رحمة، عذاب، ثواب، حساب، رضوان، غضب، جنّة، جحيم
നരകം, സ്വര്‍ഗം, ദേഷ്യം, അല്ലാഹുവിന്റെ സംതൃപ്തി, വിചാരണ, പ്രതിഫലം, ശിക്ഷ, കാരുണ്യം, ബഹുദൈവത്വം, സത്യനിഷേധം, മാര്‍ഗഭ്രംശം, സന്മാര്‍ഗം, ഇസ്‌ലാം, ഈമാന്‍ മുതലായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള الإتصال الإنسانيّ الخاص പ്രമാണങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും നാം വിശദമായി പഠിച്ച് പകര്‍ത്തുന്നുണ്ടല്ലോ?
ഈ ദ്വിവിധ കാര്യങ്ങളില്‍ സ്വൂഫികളും ഇതര മുസ്‌ലിംകളും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ഈ രണ്ട് ബന്ധങ്ങളും സ്ഥാപിതമാവുന്നതിന്റെ യഥാര്‍ഥ അവസ്ഥ, സ്വഭാവം, ബന്ധസ്ഥാപനത്തിന് സ്വീകരിക്കുന്ന മാര്‍ഗം, രീതി എന്നിത്യാദി കാര്യങ്ങളില്‍ സ്വൂഫികളും ഇതര മുസ്‌ലിംകളും തമ്മില്‍ ഭിന്നതയും വീക്ഷണവ്യത്യാസവും ഉണ്ട്. ചിലത് ലളിതവും ലഘുവുമാണെങ്കില്‍, ചിലത് സങ്കീര്‍ണവും ഗുരുതരവുമാണ്. സ്വൂഫികള്‍, ഭിന്നതകളും വീക്ഷണ വ്യത്യാസങ്ങളും പ്രകടിപ്പിക്കുന്നതില്‍ രണ്ട് നിലപാടുകാരാണ്: 1) വീക്ഷണങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നവര്‍. ഹല്ലാജ്, ഇബ്‌നുല്‍ ഫാരിദ്, ഇബ്‌നു അറബി തുടങ്ങിയവര്‍. 2) തങ്ങളുടെ രഹസ്യം സൂക്ഷിക്കാനും പൊതു സമൂഹത്തിലെത്താതിരിക്കാനും ശ്രദ്ധിക്കുന്നവരുമായ സ്വന്തക്കാരുടെ മുമ്പില്‍ മാത്രം പ്രകടിപ്പിക്കുന്നവര്‍. ഇമാം ഗസ്സാലി, അബൂയസീദില്‍ ബിസ് ത്വാമി തുടങ്ങിയവര്‍. മൂന്നാമതൊരു വിഭാഗത്തെ എണ്ണാമെങ്കിലും കേവലം കഥയറിയാതെ ആട്ടം കാണുന്നവര്‍ എന്നേ അവരെ പറ്റി പറയാനാവൂ.
ഇത്തിസ്വാലിന് സ്വൂഫികള്‍ മൂന്ന് വാക്കുകള്‍ ഉപയോഗിക്കുന്നതായി കാണാം. ആശയത്തില്‍ മൂന്നും ഒന്നാണെന്നേ സൂക്ഷ്മ പഠനത്തില്‍ കണ്ടെത്താനാവൂ. .
1) .إتحاد ഇത് ചിലര്‍ രണ്ട് വസ്തുക്കള്‍ ഒന്നാവുക എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കുന്നത്. അതായത് അല്ലാഹുവും പ്രത്യേക സ്ഥാനമാര്‍ജിച്ച സ്വൂഫികളും ലയിച്ചു ചേരുന്നു എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. 2) സൃഷ്ടിയും സ്രഷ്ടാവും ആശയപരമായും സ്ഥലപരമായും ഒന്നാവുക; സത്തയിലും വിശേഷണങ്ങളിലും പ്രവൃത്തികളിലും രണ്ടായിത്തന്നെ. രണ്ടിനവും സ്വൂഫീ പ്രമുഖരില്‍നിന്ന് പരിചയപ്പെടാം. അബൂയസീദില്‍ ബിസ്ത്വാമി പറയുന്നു:
للخلق أحوال ولاحال للعارف لأنه محيت رسومه وفنيت هويّته بهويّة غيره، وغيّبت آثار بآثارغيره. الرّسالة القشيريّة: 141 أبوالقاسم عبد الكريم بن هوازن القشيري.
സൃഷ്ടികള്‍ക്ക് വിവിധ അവസ്ഥകളുണ്ട്. ആരിഫിന് അവസ്ഥകളില്ല. ആരിഫിന്റെ ചിത്രം-സത്ത- മായ്ക്കപ്പെട്ടിരിക്കുന്നു. ഐഡന്റിറ്റി മറ്റൊരാളുടെ ഐഡന്റിറ്റിയില്‍ ലയിപ്പിക്കപ്പെട്ടിരിക്കുന്നു. അയാളുടെ അവസ്ഥകള്‍ മറ്റൊരാളുടെ അവസ്ഥകളില്‍ അപ്രത്യക്ഷമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ലയിച്ചു ചേരാതെ ഒരിടത്ത്- അല്ലാഹുവിന്റെ സന്നിധിയില്‍ - ഒത്തുചേര്‍ന്നതായും അദ്ദേഹം തന്നെ വിവരിക്കുന്നു. ഇബ്‌നുല്‍ ജൗസി ബിസ്ത്വാമിയിലേക്ക് എത്തുന്ന (سند) പരമ്പരയിലൂടെ തന്റെ 'തല്‍ബീസു ഇബ് ലീസി'ല്‍ ഉദ്ധരിക്കുന്നു.
قَال: رفع بي مرة حتى قمت بين يديه. فقال لى. يا أبا يزيد إنّ خلقي يحبّون أن يروك. فقلت يا عزيزى أناوأحبّ أن يرونى. فقال يا أبايزيد إنّى أريد أن أريكهم. فقلت يا عزيزى إن كانوا يحبّون أن يروني وأنت تريد ذلك وأنا لا أقدر على مخالفتك. قرّبني بوحدانيّتك، وألبسني ربّانيتك، وارفعني إلى أحديتك. حتى إذا رآنى خلقك. قالوا: رأيناك فيكون أنت ذاك ولا أكون هناك. ففعل بي ذلك وأقامني وزيّنني ورفعنى. ثم قال أخرج إلى خلقي. فخطوت من عنده خطوة إلى الخلق خارجا فلما كان من الخطوة الثّانية غشي علىَّ. فناداني ردّوا إليّ حبيبي فإنّه لا يصبر عنّي ساعة. تلبيس إبليس: 345-346. جمال الدّين أبوالفرج عبد الرحمن بن الجوزي
''ഒരിക്കല്‍ അല്ലാഹു എന്നെ ഉയര്‍ത്തി അവന്റെ സന്നിധിയില്‍ നിര്‍ത്തി. അപ്പോള്‍ എന്നോടവന്‍ പറഞ്ഞു; 'അബൂയസീദ്, എന്റെ സൃഷ്ടികള്‍ താങ്കളെ കാണണമെന്നാഗ്രഹിക്കുന്നു.' ഞാന്‍ പറഞ്ഞു; 'പ്രതാപവാനേ, അവര്‍ എന്നെ കാണണമന്ന് ഞാനും ആഗ്രഹിക്കുന്നു.' 'അബൂയസീദ്!' അല്ലാഹു പറഞ്ഞു: 'താങ്കളെ അവര്‍ക്ക് കാണിക്കണമെന്ന് ഞാനുദ്ദേശിക്കുന്നു.' ഞാന്‍ പറഞ്ഞു: 'പ്രതാപവാനേ, അവരെന്നെ കാണണമെന്നാഗ്രഹിക്കുകയും നീയത് ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനോട് വിയോജിക്കാന്‍ എനിക്കാവില്ല. അതിനാല്‍ നിന്റെ ഏകത്വത്തോട് എന്നെ അടുപ്പിക്കുക, നിന്റെ റുബൂബിയ്യത്ത് എന്നെ അണിയിപ്പിക്കുക. നിന്റെ ഏകത്വത്തിലേക്ക് എന്നെ ഉയര്‍ത്തുക, എന്തിനെന്നോ നിന്റെ സൃഷ്ടികള്‍ എന്നെ കണ്ടാല്‍ അവര്‍ പറയും; ഞങ്ങള്‍ നിന്നെ കണ്ടു! അപ്പോള്‍ അത് (അവര്‍ കണ്ടത്) നിന്നെയായിരിക്കും. അവിടെ ഞാനുണ്ടാവുകയില്ല.' ഞാനാവശ്യപ്പെട്ടതൊക്കെ അല്ലാഹു ചെയ്തു. എന്നിട്ട് എന്നെ എഴുന്നേല്‍പിച്ചു, അലങ്കരിച്ചു, ഉയര്‍ത്തി. എന്നിട്ടവന്‍ പറഞ്ഞു: 'എന്റെ സൃഷ്ടികളുടെ അടുത്തേക്ക് പോകൂ.' ഞാന്‍ സൃഷ്ടികളുടെ അടുത്തേക്ക് പുറപ്പെടാനായി ഒരു ചവിട്ടടി മുന്നോട്ടു വെച്ചു. രണ്ടാമത്തെ അടിവെച്ചപ്പോള്‍ എനിക്ക് ബോധക്ഷയമുണ്ടായി. അപ്പോള്‍ അല്ലാഹു എന്നെ വിളിച്ചു. എന്റെ മിത്രത്തെ തിരിച്ചുകൊണ്ടുവരൂ. എന്നെ പിരിഞ്ഞ് നില്‍ക്കാന്‍ അവന്നൊരിക്കലുമാവില്ല!'' എല്ലാ പരിധിയും കടന്ന വിവരണം അദ്ദേഹത്തിന്റേതായി വേറെയും ധാരാളം കാണാം.
'ഇത്തിഹാദി'ന്റെ രണ്ടാമത്തെ ഇനം സത്താപരമായ അവസ്ഥയിലല്ലാതെ ആശയപരമായി രണ്ട് സത്തകള്‍ ഒന്നായിത്തീരുക എന്നത്രെ.
الإتّحاد هو شهود وجود واحد مطلق. من حيث أن جميع الأشياء موجودة بوجود ذلك الواحد. معدومة فى أنفسها. لامن حيث أن لها سوى الله تعالى وجودا خاصّابه يصير متّحدا بالحق. تعالى عن ذلك علوّا كبيرا. عبد المىنعم الحنفي. معجم مصطلحات الصّوفية: 10-9
''പരിമിതിയില്ലാത്ത ഏകാസ്തിത്വത്തിന്റെ സാന്നിധ്യം ദര്‍ശിക്കലാണ് 'ഇത്തിഹാദ്' - യോഗാവസ്ഥയില്‍ സ്വൂഫികള്‍ക്കുണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന ഒരാത്മീയാനുഭവമാണിതെന്ന് പറയാം. توحيد شهودي، وحدة الشهود എന്നൊക്കെ ഇത് പറയപ്പെടാറുണ്ട്. ആ ഏകാസ്തിത്വം മൂലമാണ് സകല വസ്തുക്കളും നിലവില്‍ വന്നിട്ടുള്ളത്. സ്വന്തം നിലയില്‍ അല്ലാഹു അല്ലാത്തവക്ക്- സൃഷ്ടികള്‍ക്ക്-അല്ലാഹുവുമായി ഒന്നായിച്ചേരാന്‍ സാധ്യമാവുന്ന പ്രത്യേക സത്ത ഉണ്ട് എന്ന അവസ്ഥയിലല്ലാതെ- സൃഷ്ടിയും സ്രഷ്ടാവും അസ്തിത്വത്തില്‍ ഒന്നായിച്ചേരുക എന്നതില്‍നിന്ന് അല്ലാഹു സമുന്നതനായിരിക്കുന്നു.'' ഇത്തിഹാദിന് ഇതേ ആശയം വേറെയും സ്വൂഫിപ്രമുഖര്‍ രേഖപ്പെടുത്തിയതായി കാണാം.
ഇത്തിസ്വാലിന്റെ അവസ്ഥയില്‍ സ്വൂഫികള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രയോഗം 'അല്‍ഹുലൂല്‍' -الحلول . ദൈവം അവതരിക്കല്‍ എന്നാണ്. ഇതിന് ഒട്ടനവധി നിര്‍വചനങ്ങള്‍ ഉണ്ട്. ഹുലൂലിലൂടെ وحدة الوجود (അദ്വൈതം) എത്തിയ ആദ്യ സ്വൂഫിയായി അറിയപ്പെടുന്നത് أبو مغيث الحسيني الحلّاج ആണ്. അദ്ദേഹം പറയുന്നു:
من هذّب نفسه بالطّاعات وصبر على الشّهوات ارتقى إلى مقام المقرّبين. ثم لا يزال يصفوويرتقى في درجات الصّفات حتى يصفوعن البشريّة فاءذالم يبق فيه من البشريّة حظّ. حلّ روح الإله الّذي حلّ فى عيسى بن مريم ولم يرد حييئذ شيئا إلاّكان كما أراد. وكان جميع فعله فعل الله. الفرق بين الفرق 263. عبد القاهربن طاهر البغد ادي الإسفرائينى.
'അല്ലാഹുവിനുള്ള വിധേയത്വത്തിലൂടെ ഒരാള്‍ തന്നെ സംസ്‌കരിക്കുകയും ഭൗതികാസക്തിയില്‍നിന്നും ആസ്വാദനങ്ങളില്‍നിന്നും തന്നെ ബോധപൂര്‍വം തടഞ്ഞു നിര്‍ത്തുകയും ചെയ്താല്‍ അയാള്‍ ദൈവികസാമീപ്യം ലഭിച്ചവരുടെ സ്ഥാനത്തേക്കുയരുന്നു.
പിന്നെയും നിഷ്‌കളങ്ക വിശുദ്ധിയിലൂടെ മുന്നേറി പരമവിശുദ്ധരുടെ സ്ഥാനമാര്‍ജിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യാവസ്ഥയുടെ എല്ലാ ചാപല്യങ്ങളില്‍നിന്നും മുക്തി നേടി മനുഷ്യാവസ്ഥയുടെ ഒരംശവും തന്നിലവശേഷിച്ചിട്ടില്ലാത്ത വിധം എത്തിക്കഴിഞ്ഞാല്‍, ഈസബ്‌നു മര്‍യമില്‍ അല്ലാഹുവിന്റെ റൂഹ് അവതരിച്ചപോലെ അയാളിലും അല്ലാഹുവിന്റെ റൂഹ് അവതരിക്കുകയായി. ആ ഘട്ടത്തില്‍ അയാള്‍ അല്ലാഹു ഉദ്ദേശിക്കുന്നതല്ലാത്ത ഒന്നും ഉദ്ദേശിച്ചിട്ടില്ലാത്ത അവസ്ഥയിലും എത്തി. അയാളുടെ മുഴു പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ പ്രവര്‍ത്തനം തന്നെയായി.'
വീണ്ടും ഹല്ലാജ്.
مزجت روحك فى روعي كما تمزج الخمرة فى الماء الزّلال
فإذا مَسَّكَ شيئ مَسَّني فَإذا أنت أنا فى كل حال
أنا من أهوى ومن أهوى أنا نحن روحان حللنا بدنا
فإذا أبصرني أبصرته وإذا أبصرته أبصرتنا
د. عبد القادر محمود. الفلسفة الصّوفية في الإسلام 358-
'നിന്റെ റൂഹ് എന്റെ റൂഹില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു; ശുദ്ധജലത്തില്‍ മദ്യം കൂടിച്ചേരുന്ന പോലെ. വല്ല പ്രശ്‌നവും നിന്നെ ബാധിച്ചാല്‍ അതെന്നെ ബാധിച്ചതായി. അതിനാല്‍ ഏതവസ്ഥയിലും നീ ഞാന്‍ തന്നെയായി. ആരെയാണ് ഞാന്‍ പ്രേമിക്കുന്നത്. ഞാന്‍ തന്നെയാണ് ആ പ്രേമഭാജനം. ഞങ്ങള്‍ രണ്ട് റൂഹുകള്‍ ഒരു ജഡത്തിലവതരിച്ചിരിക്കുന്നു. എന്നെ കണ്ടാല്‍ അവനെ കണ്ടു. അവനെ കണ്ടാല്‍ ഞങ്ങളെ കണ്ടു.'
فريد الدّين عطّارപറയുന്നു:
أقول لك السّرّ، إعلم يا أخي. أن النّقش هو النّاقش. أنا الحقّ أنا الله.
د. عبد القادر محمود. الفلسفة الصّوفية فى الإسلام 398
'താങ്കളോട് ഒരു പരമരഹസ്യം ഞാന്‍ പറയാം. സഹോദരാ, താങ്കള്‍ അറിയുക, ശില്‍പം തന്നെയാണ് ശില്‍പി. ഞാനാണ് പരമസത്യം, ഞാന്‍ അല്ലാഹു തന്നെയാണ്.'
ശാദുലി ത്വരീഖത്ത് എന്ന പേരില്‍ നമ്മുടെ നാട്ടിലും അറിയപ്പെടുന്ന സ്വൂഫി ത്വരീഖത്ത് സ്ഥാപകന്‍
جمال الدّين أبو المواهب الشّاذلىപറയുന്നു.
ظهور تجلىّ الحقيقة الإلهية. إذا تجلى للحقيقة الإنسانية محامنهاثانويّة النّاسوت وأفردفيها فردانيّة اللاّهوت.
جمال الدين محمد أبو المواهب الشّاذلي: قوانين حكم الإشراق.
'ദൈവിക യാഥാര്‍ഥ്യം മാനുഷിക യാഥാര്‍ഥ്യത്തില്‍ പ്രകടമായാല്‍, മാനുഷികതയില്‍നിന്നു മനുഷ്യാവസ്ഥ മാഞ്ഞുപോവുകയും അതില്‍ ദിവ്യത്വത്തിന്റെ ഏകാവസ്ഥ മാത്രമാവുകയും ചെയ്യും.'
هاشم معروف الحسينيപറയുന്നു.
الحلول: يعنى أن الله سبحانه وتعالى يحلّ فى الإنسان وفى غيره من أجزاء هذا الكون، وذلك عند ما يتجرّد الإنسان من كل أثر من آثاره. وصفة من صفاته. فيتلاشى الجسم تقريبا ويذهب ولا يبقى فيه إلاّ الحال. وبذلك يكتسب المخلوق صفة الخالق ويصبح (هوهو): بين التّصوّف والتّشيّع. 83
'ഹുലൂല്‍' എന്നാല്‍
''അല്ലാഹു മനുഷ്യനിലും ഈ പ്രപഞ്ചത്തിന്റെ ഘടകങ്ങളിലും അവതരിക്കും എന്നാണ് 'ഹുലൂല്‍' എന്നതിന്റെ ഉദ്ദേശ്യം. മനുഷ്യനില്‍ അത് സംഭവിക്കുന്നത്, മാനുഷികമായ എല്ലാ അവസ്ഥകളില്‍നിന്നും അവന്‍ മുക്തമാകുന്ന ഘട്ടത്തിലാണ്; അഥവാ അവന്റെ മനുഷ്യ ഗുണങ്ങളില്‍നിന്ന്. അപ്പോള്‍ ഏറക്കുറെ ജഡം അപ്രത്യക്ഷമാവുകയും പദവി മാത്രം അവശേഷിക്കുകയും ചെയ്യും. അതിലൂടെ സൃഷ്ടി സ്രഷ്ടാവിന്റെ അവസ്ഥ നേടിയെടുക്കും'' (സൃഷ്ടി സ്രഷ്ടാവായിത്തീരും എന്നു സാരം).
ഇതേ ആശയം سيع عاطف الزّين -യുടെ الصّوفيّة فى نظر الإسلام എന്ന ഗ്രന്ഥം 119-ാം പേജിലും ഉദ്ധരിച്ചതായി കാണാം.
عبد المنعم الحنفيതന്റെ معجم مصطلحات الصوفيةഎന്ന ഗ്രന്ഥത്തില്‍ 82-ാം പേജിലെഴുതുന്നു:
إن الله تعالى يحلّ في العارفين: وقيل: إنّ الله قلبه وتجرى ينابيع الحكمة من قلبه
'അല്ലാഹു ആരിഫുകളില്‍ അവതരിക്കും. ആരിഫിന്റെ ഹൃത്തടം അല്ലാഹു തന്നെയാണെന്നും, തത്ത്വജ്ഞാനത്തിന്റെ ഉറവകള്‍ അതില്‍നിന്ന് ഒഴുകുമെന്നും പറയപ്പെട്ടിരിക്കുന്നു.'
ഉദ്ധരണികള്‍ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ സ്വൂഫിസം വഹ്ദതുല്‍ വുജൂദുമായി -അദ്വൈതവുമായി- ഇഴുകിച്ചേര്‍ന്നതായി കാണാവുന്നതാണ്.
ഇത്തിസ്വാലിന്റെ മൂന്നാമത്തെ ഇനം وحدة الوجود-അദ്വൈതം എന്നതാണ്. ഈ തത്ത്വശാസ്ത്രം സ്വൂഫികളിലേക്ക് കൊണ്ടുവന്നത് ഹല്ലാജാണെന്നാണ് സ്വൂഫീ പണ്ഡിതമതം. അദ്ദേഹം പക്ഷേ, പൊതു സമൂഹമധ്യേ കൃത്യതയോടെ അവതരിപ്പിച്ചില്ല. ഹല്ലാജിന്റെ 'വഹ്ദതുല്‍ വുജൂദ്' വളരെ സുവ്യക്തമായി പരസ്യപ്പെടുത്തിയത് ഇബ്‌നു അറബിയാണ്.
أبوالوفا التفتازاني-യുടെ مدخل إلى التّصوُف الإسلامي 201 -ാം പേജ് നോക്കുക.
ഇതേ കാര്യം ഇബ്‌നു അറബിയുടെ 'ഫുസ്വൂസ്വുല്‍ ഹികമി'ന് മുഖവുര എഴുതിയ ഡോ. അബു അലാ അഫീ 1/36-ല്‍ എഴുതിയതും കാണാവുന്നതാണ്.
ഇസ്‌ലാമിക പ്രമാണങ്ങളുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചവും അതിലുള്ള എണ്ണമറ്റ, വൈവിധ്യ വൈരുധ്യാവസ്ഥയില്‍ നിലകൊള്ളുന്ന സചേതന, അചേതന വസ്തുക്കളൊക്കെയും ഒരേകാസ്തിത്വത്തിന്റെ- അല്ലാഹുവിന്റെ- തീരുമാനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഫലമായി നിലവില്‍ വന്നതാണ്. അല്ലാഹുവിന്റെ അനിവാര്യാസ്തിത്വമുള്ളവന്‍ എന്ന ഗുണം ( واجب الوجودതന്റെ സൃഷ്ടികളാകുന്ന നിലവില്‍ വരാന്‍ സാധ്യതമാത്രമുള്ളممكن الجود -) ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ടതല്ല. അതുകൊണ്ടുതന്നെ സാധ്യതാസ്തിത്വം മാത്രമായ സകലതില്‍നിന്നും പൂര്‍ണമായും വ്യത്യസ്തനാണവന്‍. സത്തയിലും നാമങ്ങളിലും പ്രവര്‍ത്തനങ്ങളിലും വിശേഷണങ്ങളിലും അവനോട് തുല്യമായി യാതൊന്നുമില്ല. ليس كمثله شيئ -അവന് തുല്യമായി ഒരു വസ്തുവുമില്ല. ولم يكن له كفوا أحد -അവന് സമാനമായി യാതൊന്നുമില്ല
أفمن يخلق كمن لا يخلق أفلا تذكرون
-എന്തൊരു വിഡ്ഢിത്തം! സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാന്‍ കഴിയാത്തവനെപ്പോലെയാണെന്നോ? എന്താ നിങ്ങള്‍ക്ക് ബോധമില്ലെന്നോ?
قل أرأيتم شركائكم الّذين تدعون من دون الله أرونى ماذا خلقوا من الأرض أم لهم شرك فى السّموات أم آتيناهم كتابا فهم على بيّنه منه بل إن يعد الظالمون بعضهم بعضا إلاّ غرورا.
'പ്രവാചകരേ, ഇവരോട് പറയുക. നിങ്ങള്‍ അല്ലാഹുവിനെ വെടിഞ്ഞ്, അവന്റെ പങ്കാളികളാക്കി പ്രാര്‍ഥിക്കുന്ന പങ്കാളികളെ വല്ലപ്പോഴും ഭൂമിയില്‍ അവ എന്തെങ്കിലും സൃഷ്ടിക്കുന്നതായി കണ്ടിട്ടുണ്ടോ? എങ്കില്‍ എനിക്ക് ഒന്ന് കാണിച്ചുതരൂ. അതിന് സാധ്യമല്ലെങ്കില്‍ വാനലോകങ്ങളില്‍ അവര്‍ക്കെന്ത് പങ്കാണുള്ളതെന്ന് കാണിച്ചുതരൂ. (ഇതിനൊന്നും ഉത്തരമില്ലെങ്കില്‍) ചോദിക്കുക. നാമവര്‍ക്ക് വല്ല രേഖയും എഴുതി നല്‍കിയിട്ട്, അതില്‍നിന്നുള്ള വ്യക്തമായ വല്ല പ്രമാണവും അനുസരിച്ചാണോ ഈ ബഹുദൈവത്വം അവരംഗീകരിച്ചിട്ടുള്ളത്? അതല്ല കാര്യം. ഇവര്‍ പരസ്പരം പ്രതീക്ഷ നല്‍കുന്ന (പങ്കാളിത്തം സ്ഥാപിച്ചവര്‍ തങ്ങള്‍ക്ക് എന്തും നേടിത്തരുമെന്ന) തനി വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.' ഉദ്ധരിച്ചതുപോലുള്ള ധാരാളം ഖുര്‍ആന്‍ സൂക്തങ്ങള്‍ വളരെ വ്യക്തമായും തറപ്പിച്ചു പറയുന്നത് സൃഷ്ടി ആ ഉപനിഷത്തുകളും വേദവുമായുള്ള ബന്ധം ഖുര്‍ആനും ഇല്‍മുല്‍ കലാമും തമ്മിലുള്ള ബന്ധം പോലെ ആയതിനാലാവണം നിരൂപണബുദ്ധ്യാ ചിന്തിക്കുന്നവര്‍ക്ക് ധാരാളം വൈരുധ്യങ്ങളും തകരാറുകളും കാണാന്‍ കഴിയുന്നത്.
അദ്വൈതം സ്വൂഫീ ഗ്രന്ഥങ്ങളില്‍
ഇനി വഹ്ദതുല്‍ വുജൂദ് സംബന്ധിച്ച് സ്വൂഫിപ്രമുഖരില്‍ ചിലരുടെ ഗ്രന്ഥങ്ങൡലൂടെ ഒരു മിന്നലോട്ടം നടത്താം. ഫരീദുദ്ദീന്‍ അത്ത്വാര്‍ എഴുതുന്നു:
والعرش مستقرّ على الماء والعالم سابح فى الفضاء، فتجاوز الماء والفضاء فالجميع هو الله، والعرش والعالم لا يزيدان عن مجرد طلسم، والوجود للّه وحده، وليس لهذه الأشياء جميعا إلّاالرسم، ولتمعن النظر فما هذا العالم أوذاك الاالله وحده ولا وجودا إلّاله. وإن هناك موجود، فهو الموجود وحده. فريد الدين العطار. منطق الطير 143
'ലോകം ശൂന്യതയില്‍ നീങ്ങിക്കൊണ്ടിരിക്കെ സിംഹാസനം വെള്ളത്തിന്മേല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അന്തരീക്ഷവും വെള്ളവും അതിരു വിട്ടു. അതിനാല്‍ എല്ലാം അല്ലാഹു ആകുന്നു. സിംഹാസനവും ലോകവുമൊന്നും കേവലം കൂടോത്രത്തേക്കാള്‍ അധികമായൊന്നുമല്ല. അസ്തിത്വം അല്ലാഹുവിന് മാത്രമാകുന്നു. ഈ വസ്തുക്കള്‍ക്കൊന്നും ചിത്രമല്ലാതെയൊന്നുമില്ല. നിരൂപണദൃഷ്ട്യാ നോക്കുക. അപ്പോള്‍ ബോധ്യപ്പെടും, ഈ ലോകം, ആ ലോകം (ഇഹപരം), അല്ലാഹു മാത്രമല്ലാതെ യാതൊന്നുമല്ല. അവനല്ലാത്ത അസ്തിത്വമില്ല. അവിടെ ഒരസ്തിത്വമുണ്ട്. അത് അവനാകുന്ന ഏകാസ്തിത്വം മാത്രമാണ്.' സത്തയെ ഹിന്ദു ദര്‍ശനം മൂന്നായി കാണുമ്പോള്‍ (ജിവല്‍, ബ്രഹ്‌മം, പ്രകൃതി) സ്വൂഫികള്‍ ഒന്ന് മാത്രമായി കാണുന്നു എന്നത് ഓര്‍ത്തിരിക്കണം. അല്ലാഹുവിനു മാത്രമേ അസ്തിത്വമുള്ളൂ. അവനല്ലാത്തതെല്ലാം ഊഹമോ മായയോ ചിത്രമോ കൂടോത്രമോ ഒക്കെയാണെന്ന വിവരണത്തിനു ശേഷം ഈ ലോകത്തിന്റെ യാഥാര്‍ഥ്യവും അതിന് അല്ലാഹുവുമായുള്ള ബന്ധവും വ്യക്തമാക്കി അദ്ദേഹം എഴുതുന്നു:
سأل رجل مجذوب سؤالا: ما حقيقة هذين العالمين مع هذا الخيال. قال: هذان العالمان العلويّ منهما والسفلي: قطرة ماء لاأكثر ولا أقل. فعند ما ظهر في أوّل الأمر كان قطرة ماء، وإن اتخذت صوراعدّة. ثم خرب كلّ نقش على صفحة الماء حتى ولوكان من فولاذ. ولا يوجد أصلب من الفولاذ. لكن انظر إلى كل بناء أقيم على صفحته إنه مجرّد خيال حتى لو كان من فولاذ ولن يرى شخص قطّ الماء مستقرّا، فكيف يقام على الماء أساس مستقرّ. (منطق الطّير 196.)
'മസ്താനായ ഒരാള്‍ ചോദിച്ചു: മായയായിരിക്കുന്ന ഈ രണ്ട് ലോകത്തിന്റെയും യാഥാര്‍ഥ്യം എന്താണ്? അദ്ദേഹം പറഞ്ഞു: സ്വര്‍ഗീയവും താഴ്ന്നതുമായ ഈ രണ്ട് ലോകവും, വെള്ളത്തിന്റെ ഒരു തുള്ളിയാണ്. അതില്‍ കൂടുതലോ കുറഞ്ഞതോ അല്ല. ഈ രണ്ട് ലോകവും ആദ്യമായി പ്രത്യക്ഷമായപ്പോള്‍ ഒരു തുള്ളി വെള്ളമായിരുന്നു. ചിത്രങ്ങള്‍ എത്ര ഉണ്ടായാലും ശരി. പിന്നെ മുഴുവന്‍ ചിത്രവും വെള്ളത്തിന്റെ ഉപരിതലത്തില്‍ ലയിച്ചു. ചിത്രം ഉരുക്കിനാല്‍ ഉള്ളതാണെങ്കിലും. ഉരുക്കിനേക്കാള്‍ ഉറപ്പുള്ളത് കാണപ്പെടുകയില്ല. നീ തല്‍പരനാണെങ്കില്‍ ശ്രദ്ധിക്കുക. വെള്ളത്തിന്റെ ഉപരിഭാഗത്ത് സ്ഥാപിതമായ ഏതു കെട്ടിടവും കേവലം അയഥാര്‍ഥ പ്രതിഭാസമാണെന്ന് ബോധ്യപ്പെടും. കെട്ടിടം ഉരുക്കിനാല്‍ നിര്‍മിതമെങ്കിലും. കാരണം വെള്ളം ഉറച്ചു നില്‍ക്കുന്നതായി ഒരാളും മനസ്സിലാക്കുകയില്ല. പിന്നെ എങ്ങനെയാണ് വെള്ളത്തിന്മേല്‍ ഉറച്ചു നില്‍ക്കുന്ന അടിത്തറ സ്ഥാപിക്കപ്പെടുക!' (വിവരണത്തിലെ തുള്ളി അല്ലാഹുവാകുന്ന സമുദ്രത്തില്‍നിന്നുള്ളതാണ്. വെള്ളത്തുള്ളികള്‍ പുഴ, തോട് തുടങ്ങിയവയില്‍നിന്നും സമുദ്രത്തില്‍ ചെന്ന് പതിക്കുന്നതുപോലെ സൃഷ്ടിപ്രപഞ്ചം അത് സ്വര്‍ഗലോകമാവട്ടെ, മറ്റു ലോകങ്ങളാവട്ടെ എല്ലാം അല്ലാഹു എന്ന സമുദ്രത്തില്‍നിന്നുള്ളതായതുകൊണ്ട് ആ സമുദ്രത്തില്‍തന്നെ ചെന്നു ചേരും). ചുരുക്കത്തില്‍, അല്ലാഹു അല്ലാത്ത ഒന്നിനും അസ്തിത്വം ഇല്ല.
ഇതേ കാര്യം രണ്ട് കഥാപാത്രങ്ങളെ ചിത്രീകരിച്ചും അദ്ദേഹം വ്യക്തമാക്കുന്നത് കാണുക. ഒരു വൃദ്ധയും അബൂ അലി എന്ന ഒരാളുമാണ് കഥാപാത്രങ്ങള്‍!
مضت تلك العجوز إلى أبي علي. كانت تحمل صحيفة من ذهب، فقالت: خذ هذه منّى، فقال الشّيخ: إنّني على عهد، هوألّا اخذ شيئا قط إلاّ من الله لا من أحد، فقالت العجوز فى الحال: يا أبا علي؟ من أين لك فى النّهاية هذا الحول، إنّك لست رجل حلّ وعقد فى هذا الطريق، فكيف ترى الغير إن لم تكن أحول؟ ليس فى عين الإنسان إلا شيئ واحد، حيث لا وجود هنا للكعبة أوالدّير. منطق الطّير: 389
'ആ വൃദ്ധ അബൂ അലിയുടെ അടുത്തേക്ക് ചെന്നു. ഒരു സ്വര്‍ണത്തളിക ആ വൃദ്ധ ചുമന്നുകൊണ്ടുവന്നിരുന്നു. വൃദ്ധ പറഞ്ഞു: എന്നില്‍നിന്നും താങ്കള്‍ ഇത് സ്വീകരിച്ചാലും. അപ്പോള്‍ ശൈഖ് പറഞ്ഞു: ഞാനൊരു പ്രതിജ്ഞയിലാണ്. അല്ലാഹുവല്ലാത്ത ആരില്‍നിന്നും ഒന്നും സ്വീകരിക്കുകയില്ല എന്നതാണാ പ്രതിജ്ഞ. ഉടനെ വൃദ്ധ ചോദിച്ചു: അബൂ അലി! താങ്കള്‍ക്ക് അവസാന ഘട്ടത്തില്‍ ഈ തലതിരിഞ്ഞ മാറ്റമെങ്ങനെയുണ്ടായി! ഈ വഴിയില്‍ കാര്യകര്‍ത്താക്കളില്‍പെട്ട ആളൊന്നുമല്ല. താങ്കള്‍ കോങ്കണ്ണനല്ലെങ്കില്‍ താങ്കള്‍ എങ്ങനെയാണ് മറ്റൊരാളെ (അല്ലാഹുവിനെയല്ലാതെ) കണ്ടത്? മനുഷ്യദൃഷ്ടിയില്‍ ഒരൊറ്റ വസ്തുവല്ലാതെയില്ല. (അല്ലാഹുവല്ലാതെ) ആ കാഴ്ചയുടെ അവസ്ഥയില്‍ കഅ്ബക്കോ സന്യാസിമഠത്തിനോ അസ്തിത്വമില്ല.'
ഇബ്‌നുല്‍ ഫാരിദ്
സ്വൂഫികവികളില്‍ മഹാകവിയായി എണ്ണപ്പെടുന്ന ദേഹമാണ് ഇബ്‌നുല്‍ ഫാരിദ്. കവിതയെ തസ്വവ്വുഫ് ആക്കിയും തസ്വവ്വുഫിനെ കവിതയാക്കിയും കവിതയുടെ സകല നിയമങ്ങളും ഭാവനകളും അത്യാകര്‍ഷക മായി അവതരിപ്പിച്ച വഹ്ദതുല്‍ വുജൂദിന്റെ താത്ത്വിക വശത്തെ പ്രത്യേകിച്ചും കൈകാര്യം ചെയ്ത മറ്റൊരു കവിയെ സ്വൂഫികളില്‍ വേറെ കാണുക പ്രയാസമാണ്. പ്രസിദ്ധമായ തന്റെ التائية الكبرى المسمّاة بنظم السلوك എന്ന സമാഹാരത്തില്‍ وحدة الوجود -നെ സവിസ്തരം വിശദീകരിച്ചതായി കാണാം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമാണ് 'വഹ്ദതുല്‍ വുജൂദ്' അവതരിപ്പിക്കുന്നത്. ചിലപ്പോള്‍ കാരണങ്ങളാകുന്ന മറക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കര്‍ത്താവ് എന്നും ചിലപ്പോള്‍ ധാരാളം പ്രവൃത്തികളും വിശേഷണങ്ങളുമുള്ള ഏകസത്ത എന്ന നിലക്കും. വഹ്ദതുല്‍ വുജൂദിനെ അവതരിപ്പിക്കുമ്പോള്‍ സൃഷ്ടികള്‍ എന്ന പേരില്‍ നാം പറയുന്നവയൊക്കെയും ഒരേക സത്തയില്‍നിന്നുത്ഭവിച്ചതും അതിലേക്ക് മടങ്ങുന്നതുമായി വിവരിക്കുന്നു. എല്ലാറ്റിന്റെയും വെളിപ്പെടല്‍ ഒരേക സത്തയില്‍നിന്ന് നേടിയെടുക്കുന്നു. ജീവികളൊക്കെയും അവയുടെ ജീവന്‍ ഏക ജീവനില്‍നിന്ന് സ്വായത്തമാക്കുന്നു.
സംസാരിക്കുന്ന നാവ്, പിടിക്കുന്ന കൈ, നടക്കുന്ന കാല്‍, കേള്‍ക്കുന്ന ചെവി, പുഷ്പിക്കുന്ന ചെടി, കായ്ക്കുന്ന ഫലവൃക്ഷം, പറക്കുന്ന ചിറക്.... എല്ലാം അവന്‍ തന്നെ. ലോകം, മനുഷ്യന്‍, മൃഗം, ഇഴജീവി, മലക്ക്, ജിന്ന് തുടങ്ങി നാം പറയുന്നതൊക്കെയും അവന്റെ കേവല പ്രത്യക്ഷപ്പെടല്‍, പ്രകടനം മാത്രമാണ്. എല്ലാറ്റിന്റെയും പിന്നില്‍ ആ ഏക മൗലിക സത്ത ഒളിച്ചിരിക്കുന്നു! കവിത ആയതുകൊണ്ടായിരിക്കാം അദ്ദേഹം മൗലിക സത്തയെ സ്ത്രീലിംഗമായാണ് അധികവും പ്രയോഗിക്കുക.
ലോകത്തിന്റെ അടിസ്ഥാന സത്ത ഏകമാണെന്നും രണ്ടല്ലെന്നുമുള്ള വഹ്ദത്തുല്‍ വുജൂദ് തിരിച്ചറിയണമെങ്കില്‍ സത്യസന്ധമായും സൃഷ്ടി എന്ന് നാം പറയുന്ന, അല്ലാഹുവിന്റെ പ്രകടമാവല്‍ എന്ന മറ നീങ്ങിയ യഥാര്‍ഥ ഏക സത്തയെ ദര്‍ശിക്കാവുന്ന അവസ്ഥയില്‍ എത്തണമെന്നത് കട്ടായം. നബിമാര്‍ക്കും ആരിഫുകള്‍ക്കും മാത്രം എത്തിപ്പിടിക്കാനാവുന്ന അവസ്ഥയാണിത്.
ولا تحسبن الأمر عنّي خارجا فما سادإلاّ داخل في عبودتي
ولولا ي لم يوجد ولم يكن شهود ولم تعهد عهود بذمّة
فلا حي إلاّ من حياتي حياته وطوع مرادى كلّ نفس مريدة
ولا قائل إلاّ بلفظي محدّث ولا ناظر إلّا بناظر مقلتي،
ولا ناطق غيرى ولا ناظرولا سميع سوائى من جميع الخليقة
وفي عالم التّركيب فى كلّ صورة ظهرت بمعنى عنه بالحسن زيّنت
ابن فارض : الدّيوان : 106
'കാര്യം (അല്ലാഹുവിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുമായി ബന്ധപ്പെട്ട സകലതുംأسماء الله وأوصافه ) എന്നില്‍നിന്ന് അന്യമാണെന്ന് ധരിക്കരുത്. വിദൂരമായി കണ്ടവയൊക്കെയും (അല്ലാഹുവിന്റെ സത്തയില്‍പെട്ടതല്ലെന്ന നിലയില്‍ കാണുന്ന സൃഷ്ടികളൊക്കെയും) എന്റെ വിധേയത്വത്തില്‍ ഉള്ളവ മാത്രമാണ്. ഞാനില്ലായിരുന്നുവെങ്കില്‍ ഒരു സാന്നിധ്യവും നിലവില്‍ കാണപ്പെടുകയില്ല. ഒരു തെളിവും ലഭിക്കുകയുമില്ല, ഉത്തരവാദിത്തബോധത്തോടെ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു കരാറും നിലവില്‍വരില്ല. എന്റെ ജീവനില്‍നിന്ന് ലഭിച്ചതല്ലാത്ത ഒരു ജീവനുമില്ല. എന്റെ നിനവിന്റെ ഔദാര്യമാണ് ലക്ഷ്യബോധമുള്ള സകല സത്തയും!
എന്റെ അക്ഷരകൂട്ടത്തിലൂടെയല്ലാതെ സംസാരിക്കുന്ന ഒരാളും സംസാരിക്കുന്നില്ല. (അല്ലാഹുവിന്റെ സംസാരമാണ് സൃഷ്ടികളുടേതൊക്കെയും. മനുഷ്യന്‍, മലക്ക്, പിശാച്, ജിന്ന്, ശബ്ദിക്കുന്ന ജീവികള്‍, ഇടിയുടെ ശബ്ദം, കാറ്റിന്റെ മുരള്‍ച്ച തുടങ്ങിയവയൊക്കെയും) എന്റെ കാഴ്ചകൊണ്ടല്ലാതെ യാതൊന്നും കാണുന്നില്ല. ഞാനല്ലാത്ത യാതൊന്നും കേള്‍ക്കുന്നതായുമില്ല. മുഴു സൃഷ്ടി സമൂഹത്തിലും. ചുരുക്കത്തില്‍ ദ്വൈതമെന്ന ഒന്നില്ല, അദ്വൈതമേയുള്ളൂ. സംയോജിപ്പിക്കപ്പെട്ട ലോകത്തില്‍ സകലരൂപങ്ങളിലും മേന്മയോടെ ആ ഏക സത്ത സൗന്ദര്യമണിഞ്ഞ് പ്രത്യക്ഷമായിരിക്കുന്നു.'
ദ്വൈതം, ആധിക്യം എന്നതൊക്കെ നിഷേധിച്ച് അദ്വൈതം കൃത്യമായി വിവരിക്കുകയാണ് ഇബ്‌നുല്‍ ഫാരിദ് ചെയ്തിരിക്കുന്നത്. ഇത്തരം വിവരണത്തിന് ശരീഅത്തില്‍ അവര്‍ തെളിവ് അവതരിപ്പിച്ചിട്ടുമുണ്ട്. 'ഞാന്‍ നിര്‍ബന്ധമാക്കിയ ബാധ്യതാ നിര്‍വഹണത്തിലൂടെ എന്റെ അടിമ എന്നോട് അടുക്കുന്നു. فرض -നു പുറമെ -نفعലൂടെ സാമീപ്യം വര്‍ധിപ്പിക്കുന്നു. അത്തരം സാമീപ്യം നിലനിന്നാല്‍ അവന്റെ കേള്‍വി, കാഴ്ച, കൈകാല്‍ ഒക്കെ ഞാനായിത്തീരും...' എന്ന് തുടങ്ങുന്ന ഹദീസാണ് അവര്‍ക്കവലംബം. സ്വൂഫികള്‍ ഹദീസ് അക്ഷരാര്‍ഥത്തില്‍ എടുക്കുന്നു. അതാണവര്‍ക്ക് പ്രമാണമാക്കാന്‍ നല്ലത്. ശരീഅത്ത് അംഗീകരിച്ച പണ്ഡിതന്മാര്‍ ആലങ്കാരികമായി പരിഗണിക്കുന്നു. അതനുസരിച്ച് ഹദീസിന്റെ താല്‍പര്യം, ഫര്‍ദിലൂടെയും സുന്നത്തിലൂടെയും ദൈവസാമീപ്യം ലക്ഷ്യമാക്കുന്ന അടിമ ദൈവഹിതവും സംതൃപ്തിയും ശ്രദ്ധിച്ചും പരിഗണിച്ചും മാത്രമേ ജീവിക്കൂ എന്നാണ്. വിശദീകരണം ശറഹ് മുസ്‌ലിം പോലുള്ള ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ദൈവത്തിന്റെ യഥാര്‍ഥ സത്ത ദര്‍ശിക്കുന്നതിന് പ്രതിബന്ധമായി നിലകൊള്ളുന്നത് പ്രപഞ്ചമാവുന്ന തിരശ്ശീലയാണ്. അത് നീങ്ങിയാല്‍ ദൈവസത്ത, ഉള്ളതു പോലെ കാണാനാവും. യഥാര്‍ഥ كشف-ലൂടെയാണ് അത് സാധിച്ചെടുക്കുന്നതെന്ന് സ്വൂഫികള്‍ വാദിക്കുന്നു.
فأشكاله كانت مظاهر فعله بسترتلاشت إذتجلّى وولت
وكانت بالفعل نفسي شبيهة وحسّي كالأشكال والّلبس سترتي
فلما رفعت السّترعنيّ كرفعه بحيث بدت لي النّفس من غير حجّة
'പ്രപഞ്ചത്തിന്റെ രൂപങ്ങള്‍ തിരശ്ശീലയോട് കൂടിയുള്ള അവന്റെ പ്രവര്‍ത്തനത്തിന്റെ പ്രകടനങ്ങളായിരുന്നു, അവന്‍ പ്രത്യക്ഷനായപ്പോള്‍ രൂപങ്ങള്‍ അപ്രത്യക്ഷമാവുകയും പിന്മാറുകയും ചെയ്തു. കര്‍മത്തിലൂടെ എന്റെ സ്വത്വം സദൃശ്യമായി. ഇന്ദ്രിയഗോചരമായ എന്റെ അവസ്ഥാ രൂപങ്ങള്‍ പോലെത്തന്നെയാണ്. അവ്യക്തത എന്റെ ആവരണവും. ഉയര്‍ത്തേണ്ടുന്ന വിധം എന്നില്‍നിന്നും ആവരണം ഞാനുയര്‍ത്തിയപ്പോള്‍, മറ്റൊരു തെളിവ് ആവശ്യമില്ലാത്തവിധം ആ അദ്വൈത സത്ത എനിക്ക് പ്രത്യക്ഷമായി.'
പരമ സത്തയുടെ പ്രത്യക്ഷപ്പെടല്‍ -സ്വൂഫികള്‍ക്ക്- ഏതെല്ലാം വിധത്തിലാണെന്ന കാര്യം ഇബ്‌നുല്‍ ഫാരിദിന്റെ കവിതയുടെ വിശദീകരണത്തില്‍ 'ഖാശാനി' (القاشاني) വിവരിച്ചതായി ഡോ. ആത്വിഫ് ജൗദഃ രേഖപ്പെടുത്തിയിട്ടുണ്ട്; ബുദ്ധിപരമായി ഓരോ ഘട്ടവും വേര്‍തിരിച്ച് മനസ്സിലാക്കാവുന്ന ക്രമത്തില്‍. അതിന്റെ ചുരുക്കം ഇങ്ങനെ മനസ്സിലാക്കാം: മൂന്ന് ഘട്ടങ്ങളിലൂടെയാണ് അല്ലാഹു പ്രത്യക്ഷനാവുക എന്ന് സ്വൂഫികള്‍ മനസ്സിലാക്കുന്നു: 1) കര്‍മങ്ങളുടെ രൂപത്തില്‍, സൃഷ്ടിപ്രപഞ്ചം. ഇത് നാമങ്ങളുടെ പ്രകടനമാണ്. റബ്ബ്, ഖാലിഖ്, മുദബ്ബിര്‍, റഹ് മാന്‍, റഹീം..... ഉദാഹരണം (വഹ്ദത്തുല്‍ വുജൂദ് അംഗീകരിക്കുന്ന സ്വൂഫികള്‍ക്ക്, പ്രപഞ്ചം, അതിലെ ചരാചരങ്ങള്‍, ചൂട്, തണുപ്പ്, ആരോഗ്യം, അനാരോഗ്യം, സന്തോഷം, ദുഃഖം, രക്ഷ, ശിക്ഷ തുടങ്ങിയവയൊക്കെയും മായയാണ്. നിഴലാണ്, യാഥാര്‍ഥ്യമല്ല). 2) വിശേഷണങ്ങളുടെ (صفات الله) രൂപത്തില്‍ ഉള്ള പ്രകടനം (സര്‍വജ്ഞനാണ്, ദയാപരനാണ്, സംതൃപ്തനാണ്... തുടങ്ങിയവ). ഇതിലൂടെ മറ്റുള്ളവരെ പോലെ സ്വൂഫികളും ശാന്തത അനുഭവിക്കുന്നു. പരമ സത്തയുടെ തനിമയാര്‍ന്ന പ്രത്യക്ഷപ്പെടല്‍. ഇതിന് പേരിന്റെയോ വിശേഷണത്തിന്റെയോ യാതൊരു അകമ്പടിയും ആവശ്യമില്ല.
عاطف جودة نصر شعر عمربن الفارض دراسة في فنّ الشعر الصّوفي: 246
ഇബ്‌നു അറബി
'വഹ്ദതുല്‍ വുജൂദി'ന്റെ ഒന്നാമത്തെ ആചാര്യനാണ് ഇബ്‌നു അറബി. ഡോ. അബുല്‍ അലാ അഫീഫി, ഫുസ്വൂസ്വുല്‍ ഹികമിന്റെ ആമുഖത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നു. അബുല്‍ വഫത്തഫ്താസാനി. 'മദ്ഖലുന്‍ ഇലത്തസ്വവ്വുഫില്‍ ഇസ്‌ലാമി' 201-ാം പേജിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
സൃഷ്ടികളും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന ഏതു വശവും ഇബ്‌നു അറബിയുടെ ഗ്രന്ഥങ്ങളിലൂടെ വായിക്കുന്ന ആര്‍ക്കും വളരെ വെട്ടിത്തുറന്ന് തന്റെ 'വഹ്ദതുല്‍ വുജൂദ്' വിശ്വാസം സമര്‍ഥിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടും.
لما شاء الحقّ سبحانه من حيث أسمائه الحسنى الّتى لا يبلغها الإ حصاء أن يرى أعيانها وإن شئت قلت أن يرى عينه فى كون جامع يحصر الأمر لكونه متّصفا بالوجود ويظهر به سرّه اليه. فإنّ رؤية نفسه بنفسه ماهي مثل رؤية نفسه فى أمر آخر يكون له كالمرآة. فإنه يظهرله نفسه فى صورة يعطيها المحلّ المنظور فيه ممّالم يكن يظهرله من غير وجود هذا المحلّ ولا تجلّية له.
وقدكان سبحانه أوجد العالم كلّه، وجود شبح مسوّى لاروح فيه، فكان كمرآة غير مجلّوة. ومن شأن الحكم الإلهي أن ماسوّى محلاّ إلاّ ويقبل روحا إلهيا عبّر عنه بالنفخ فيه، وماهو إلّا حصول الإ ستعداد من تلك الصّورة المسوّاة لقبول الفيض التجلّي الدائم الذّي لم يزل ولا يزال ومابقي إلّاقابل والقابل لا يكون إلّا من فيضه الأقدس. فالأمر كله منه. إبتدائه وانتهائه. وإليه يرجع الأمر كلّه. كما ابتدأ منه فاقتضى الأمر جلاء مرآة العالم. فصوص الحكم: 48،49 فصّ حكمة إلهية فى كلمة آدمية.
''താന്‍ പരമ സത്ത ഉള്ളവനാണെന്ന വിശേഷണത്തിനര്‍ഹനായതിനാല്‍, എണ്ണമറ്റ തന്റെ 'അസ്മാഉല്‍ ഹുസ്‌നായുടെ സത്തകള്‍ -തന്റെ സത്ത എന്ന് വേണമെങ്കില്‍ നിനക്ക് പറയാം- കാണണമെന്ന് ഹഖ് സുബ്ഹാനഹു ഉദ്ദേശിച്ചപ്പോള്‍, ഒരു സഖ്യപ്രപഞ്ചത്തിലൂടെ തന്റെ സത്താ രഹസ്യം പ്രകടമാവുമെന്നതിനാല്‍ അവന്‍ പ്രപഞ്ചം പ്രകടമാക്കി സൃഷ്ടിച്ചു. ഒരു വസ്തു തന്നിലൂടെ സ്വന്തത്തെ കാണുകയെന്നത് കണ്ണാടി പോലുള്ള മറ്റൊരു വസ്തുവിലൂടെ കാണുന്ന പോലെയാവില്ല. പൂര്‍ണ വ്യക്തതയും സുതാര്യതയും നല്‍കാത്ത കാഴ്ചയേക്കാള്‍, തന്നെ കൃത്യമായും കാണാനാവുക കണ്ണാടിപോലെയുള്ള തെളിച്ചവും വ്യക്തതയുമുള്ള ഒരിടത്തിലൂടെയുള്ള കാഴ്ചയിലൂടെയാണ്. ഈ കാഴ്ച അപാരമാണ്.
ഹഖ് സുബ്ഹാനഹു ഈ ലക്ഷ്യത്തിനായി മുഴു പ്രപഞ്ചത്തെ നിലവില്‍ കൊണ്ടുവന്നു. വ്യക്തതയും ചൈതന്യവുമില്ലാത്ത അവസ്ഥയിലാണ് അത് നിലവില്‍ വന്നത്; തെളിച്ചമില്ലാത്ത കണ്ണാടിപോലെ. ഈ പ്രശ്‌നപരിഹാരത്തിന് ദൈവിക തീരുമാനത്തിലെ വ്യവസ്ഥയാണ് താന്‍ ചൊവ്വായി സംവിധാനിക്കുന്നവയെല്ലാം തന്റെ ദൈവിക ചൈതന്യത്തെ സ്വീകരിക്കുന്നതാവണമെന്നത്. ഇതിനെ കുറിക്കുന്ന പ്രയോഗമാണ് (النفخ فيه)- ആ വസ്തുവില്‍ ഊതുക എന്നത്. അല്ലാഹു സൃഷ്ടിച്ച് സംവിധാനിച്ചവയൊക്കെയും അവന്റെ ചൈതന്യ പ്രകടനത്തെ സ്വീകരിക്കുന്നവയാണ്. നേരത്തേ തന്നെ അവ അങ്ങനെയായിരുന്നു. എന്നുമെന്നും അങ്ങനെയായിരിക്കുകയും ചെയ്യും! ഈ ചൈതന്യ സ്വീകരണം പരമ പരിശുദ്ധമായ നിറഞ്ഞൊഴുകലില്‍ (പ്രകടമാവല്‍) നിന്ന് മാത്രമാണ്. 'സകല കാര്യവും അവനില്‍നിന്ന് മാത്രം.' തുടക്കവും പര്യവസാനവും. 'കാര്യങ്ങളൊക്കെ അവനിലേക്ക് മടങ്ങും.' അവനില്‍നിന്നു തുടക്കം കുറിച്ചപോലെ കാര്യമൊക്കെ ലോകമെന്ന സുതാര്യ കണ്ണാടിയില്‍ ഒതുങ്ങിയിരിക്കുന്നു.''
മുകളിലുദ്ധരിച്ച പരാമര്‍ശങ്ങൡലൂടെ ഇബ്‌നു അറബി പ്രപഞ്ചമഖിലത്തെയും അദ്വൈതത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. മറ്റു സ്വൂഫികളെപ്പോലെ മനുഷ്യരിലും, ആരിഫുകളിലും അമ്പിയാക്കളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. എന്നാല്‍ മനുഷ്യര്‍ക്ക് അദ്വൈതത്തില്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായ പ്രത്യേക പദവി ഉണ്ടെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു:
“وهو للحقّ بمنزلة إنسان العين من العين الذّى يكون النّظربه، وهو المعبّر عنه بالبصر فلهذاسمّي إنسانا، فإنه به ينظر الحقّ إلى خلقه فَيَرْحمهم، فهوا الإنسان الحادث الأزليّ، والنّشئ الدّائم الأبدي. والكلمة الفاصلة ا لجامعة، قيام العالم بوجوده، فهو من العالم كفصّ الخاتم من الخاتم، وهو محلّ النقش والعلامة التى يختم بها الملك على خزانته، وسمّاه خليفة من أجل هذا، لأنه تعالى الحافظ به خلقه كما يحفظ الختم الخزائن، فمادام ختم الملك عليها لا يجسر أحد على فتحها إلاّ بإذنه، فاستخلفه فى حفظ الملك. فلا يزال العالم محفوظا مادام هذا الإنسان الكامل.”
فصوص الحكم 50 فصّ حكمة إلهية فى كلمة آدمية.
''അവന്‍ (മനുഷ്യന്‍) അല്ലാഹുവിന് കണ്ണിന്റെ കൃഷ്ണമണിയുടെ സ്ഥാനമാണുള്ളത്, അതുകൊണ്ടാണല്ലോ കാഴ്ച ലഭിക്കുന്നത്. കണ്ണ് എന്ന പ്രയോഗത്തിന്റെ അര്‍ഥവശം അതുതന്നെയാണ്. ഇക്കാരണത്താല്‍ തന്നെയാണ് 'ഇന്‍സാന്‍' എന്ന പേര് അവന് ലഭിച്ചതും. മനുഷ്യനിലൂടെയാണ് അല്ലാഹു തന്റെ സൃഷ്ടികളെ വീക്ഷിക്കുന്നതും അനുഗ്രഹിക്കുന്നതും. അനന്തമായി നിലനില്‍ക്കുന്ന തലമുറകളായി വളരുന്ന സനാതനവും നൂതനവുമായ മനുഷ്യനാണത്! സമ്പൂര്‍ണമായ, ആത്യന്തിക വചനവുമാണവന്‍. അവന്റെ സാന്നിധ്യമാണ് ലോകത്തിന്റെ നിലനില്‍പിന്റെ നിമിത്തം. മോതിരത്തിലെ മോതിരക്കല്ലു പോലെയാണ് ലോകത്തവന്‍. രാജാവ് തന്റെ ഖജനാവിന് മുദ്ര പതിക്കുന്ന ചിത്രത്തിന്റെയോ ചിഹ്നത്തിന്റെയോ സ്ഥാനമാണവനുള്ളത്. ഇക്കാരണത്താലാണ് അവന് 'ഖലീഫ:' എന്ന പേര് നല്‍കിയത്. കാരണം മനുഷ്യനിലൂടെയാണ് അല്ലാഹു തന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നത്; രാജമുദ്ര ഖജനാവിനെ സംരക്ഷിക്കുന്ന പോലെ. ഖജനാവിന്മേല്‍ രാജമുദ്ര ഉള്ളിടത്തോളം അവന്റെ സമ്മതമില്ലാതെ അത് തുറക്കാന്‍ ആരും ധൈര്യപ്പെടുകയില്ല. അതിനാല്‍ മനുഷ്യനെ അല്ലാഹുവിന്റെ ആധിപത്യ സംരക്ഷണം നിര്‍വഹിക്കുന്ന പ്രതിനിധിയാക്കി. ഈ പൂര്‍ണ മനുഷ്യനുള്ള കാലത്തോളം ലോകം സുരക്ഷിതമായി നിലനില്‍ക്കുക തന്നെ ചെയ്യും, തീര്‍ച്ച.''
പ്രപഞ്ചത്തിലെ സകല സൃഷ്ടികളിലും അല്ലാഹുവിന് പ്രകടമാവല്‍ എന്ന അവസ്ഥ ഉണ്ടെന്നതിന്റെ താല്‍പര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു:
فإن للحقّ فى كل خلق ظهورا. فهو الظّاهر فى كلّ مفهوم، وهو الباطن عن كلّ فهم، إلّاعن فهم من قال: إنّ العالم صورته وهويّته، وهو الإسم الظّاهر، كما أنه بالمعنى روح ما ظهر. فهو الباطن. فنسبته لماظهر من صور العالم نسبة الرّوح المدبّر للصّورة.”
فصوص الحكم. 68 فصّ حكمة سبوحيه فى كلمة نوحية.
'മുഴു സൃഷ്ടികളിലും പ്രകടമാവുക എന്ന അവസ്ഥ അല്ലാഹുവിനുണ്ട്. അറിയപ്പെടുന്നതിലൊക്കെ പ്രകടമാണവന്‍. സകല ബുദ്ധിക്കും ഗോപ്യനുമാണവന്‍. ലോകം അവന്റെ രൂപവും അഭേദത്വവുമാണെന്ന് പ്രഖ്യാപിച്ച ബുദ്ധിക്ക് ഒഴികെ. (അദ്വൈതം മനസ്സിലാക്കിയ സ്വൂഫികള്‍) ലോകമെന്നത് ബാഹ്യമാണ്. ആശയതലത്തില്‍ പ്രകടമായതിന്റെ ചൈതന്യമാണവനെന്ന പോലെ, അപ്പോള്‍ ചൈതന്യമെന്നത് ഗോപ്യവുമാണ്. ലോകമെന്ന രൂപത്താല്‍ പ്രകടമായതിലേക്ക് അവനെ ചേര്‍ത്തു പറയല്‍ ലോകമാവുന്ന ചിത്രത്തെ നിയന്ത്രിക്കുന്ന ചൈതന്യത്തിലേക്ക് ചേര്‍ത്തു പറയല്‍ തന്നെയാണ്.'
ഇബ്‌നു അറബിയുടെ വഹ്ദതുല്‍ വുജൂദ് വായിക്കുന്നത് രസകരമായ അനുഭവമാണെന്ന പോലെ ശരീഅത്ത് അവലംബികളായ ആളുകള്‍ക്ക് ഭീതിജനകവുമാണ്. ലദുന്നിയായ ഇല്‍മ് ലഭിക്കാത്ത, സ്വൂഫീഭാഷയില്‍ ജീവനില്ലാത്തതില്‍നിന്ന് ഇല്‍മ് നേടുകയും ജീവനുള്ളതില്‍ -അല്ലാഹു- നിന്ന് നേരിട്ട് ഇല്‍മ് നേടാതിരിക്കുകയും ചെയ്യുന്ന നാം മനസ്സിലാക്കി അംഗീകരിച്ച ഈമാനും -അഖീദ- ഇബ്‌നു അറബിയുടെ ഈമാനുമായി ഒരുവിധ പൊരുത്തവും ഇല്ലെന്നതാണ് ഭീതിക്ക് കാരണം.
توحيد، شرك، إيمان،كفر،ظلم،فسق..........
തുടങ്ങിയ സകല കാര്യങ്ങളെയും അദ്ദേഹം ദുര്‍വ്യാഖ്യാനങ്ങളിലൂടെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. ഉദാഹരണത്തിന് തൗഹീദും ശിര്‍ക്കുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം ഉദ്ധരിക്കാം. അദ്ദേഹമെഴുതുന്നു:
ومن جمع بين التّنزيه والتّشبيه بالوصفين على الإجمال. لأنه يستحيل ذلك على التّفصيل لعدم الإحاطة بمافى العالم من الصّور- فقد عرفه مجملا لاعلى التّفصيل كما عرف نفسه مجمّلا لا على التّفصيل. ولذلك ربط النّبي ص معرفة الحق بمعرفة النّفس فقال: من عرف نفسه عرف ربه: وقال تعالى: سنريهم آياتنا فى الآفاق” وهو ماخرج عنك وفى أنفسهم وهو عينك حتّى يتبيّن لهم” أي للنّاظر” أنّه الحق” من حيث إنّك صورته وهو روحك، فأنت له كالصّورة الجسميّة لك، وهو لك كا الرّوح المدبّر لصورة جسدك. والحدّ يشمل الظّاهر والباطن منك، فإن الصّورة الباقية إذا زال عنها الرّوح المدبّر لها لم تبق إنسانا، ولكن يقال لها إنّها صورة الإنسان، فلا فرق بينها وبين صورة من خشب أوحجارة. ولا ينطلق عليها إسم الإنسان إلا بالمجاز لا بالحقيقة، وصور العالم لا يمكن زوال الحق عنها أصلا، فحدّ الألوهية له بالحقيقة لابالمجاز كما هو حدّ الإنسان إذاكان حيّا. وكما أنّ ظاهر صورة الإنسان تثني بلسانها على روحها ونفسها المدبّر لها، كذلك جعل الله صورة العالم من الصّورة فالكلّ ألسنة الحقّ ناطقة بالثّناء على الحقّ. ولذلك قال: الحمد لله ربّ العالمين. أي يرجع إليه عواقب الثّناء، فهو المثنّى والمثنّى عليه فصوص الحكم 69 فصّ حكمة سبوحية فى كلمة نوحيّة.
''അല്ലാഹുവിനെ മനസ്സിലാക്കുന്നതില്‍, മൊത്തത്തില്‍ സങ്കല്‍പത്തിനതീതനാക്കിയും വിധേയനാക്കിയും ആരെങ്കിലും സംയോജിപ്പിച്ചാല്‍ -മൊത്തത്തില്‍ എന്നുപറയാന്‍ കാരണം വിശദമായി അതറിയല്‍ അസംഭവ്യമാണെന്നതാണ്. ലോകത്തിലുള്ള അല്ലാഹുവിന്റെ രൂപങ്ങള്‍ സൂക്ഷ്മമായി അറിയാന്‍ സാധ്യമല്ലെന്നതിനാല്‍- മൊത്തത്തില്‍ അവന്‍ അല്ലാഹുവിനെ അറിഞ്ഞു, വിശദമായല്ല. വിശദാംശമില്ലാതെ സ്വന്തത്തെ മൊത്തത്തിലറിയുന്നതു പോലെയാണത്. അതുകൊണ്ടാണ് നബി(സ) സ്വന്തത്തെ അറിയല്‍ ദൈവത്തെ അറിയലിനോട് ബന്ധപ്പെടുത്തി പറഞ്ഞത്. നബി പറഞ്ഞു: 'ആരു സ്വന്തത്തെ അറിഞ്ഞോ, അവന്‍ തന്റെ റബ്ബിനെ അറിഞ്ഞു' അല്ലാഹു പറഞ്ഞു: 'അവര്‍ക്ക് നാം നമ്മുടെ ചിത്രങ്ങള്‍ ദിഗന്തങ്ങളില്‍ കാണിച്ചു കൊടുക്കും.' ആ ചിത്രങ്ങള്‍ നീ ഒഴികെയുള്ളതാണ്. (ഇബ്‌നു അറബിക്ക് آياتഎന്നാല്‍ അടയാളങ്ങള്‍ എന്നോ وفي أنفسهم 'അവരുടെ സ്വന്തത്തിലും' എന്നോ അല്ല. ഇത് നിന്റെ സത്ത തന്നെയാണ്. حتى يتبين لهم എന്നാല്‍ 'അവര്‍ക്ക് വ്യക്തമാവാന്‍ വേണ്ടി' എന്നല്ല. കാണികള്‍ക്ക് വ്യക്തമാവാന്‍. أنه الحقഎന്നാല്‍ അവന്‍ പരമ യാഥാര്‍ഥ്യമാണെന്ന് എന്നല്ല നീ അവന്റെ ചിത്രമാണ്, അവന്‍ നിന്റെ റൂഹുമാണെന്ന്, അപ്പോള്‍ നീ അവന്ന് നിനക്ക് നിന്റെ ജഡമാകുന്ന ചിത്രം പോലെയാണ്. അവനാകട്ടെ നിന്റെ ജഡിക ചിത്രത്തെ നിയന്ത്രിക്കുന്ന ചൈതന്യം പോലെയും. പരിധി നിശ്ചയിക്കല്‍ നിന്റെ ബാഹ്യവും ആന്തരികവുമായ അവസ്ഥ ഉള്‍ക്കൊള്ളുന്നു. (ജഡികമായി നീ ചിത്രമാണ്, ചൈതന്യപരമായ നീ ഹഖുമാണ്, അല്ലാഹുവാണ്, രണ്ടും നീ എന്ന പരിധിയില്‍ ഒതുങ്ങുന്നു നീയല്ലാത്ത ചിത്രങ്ങള്‍ പുറത്തുണ്ടല്ലോ?) മനുഷ്യനാവുന്ന ചിത്രത്തെ നിയന്ത്രിക്കുന്ന 'റൂഹ്' നീങ്ങിയാല്‍ അത് മനുഷ്യനായി അവശേഷിക്കുകയില്ല. എന്നാലത് മനുഷ്യരൂപം എന്ന് മാത്രം പറയപ്പെടും. ആലങ്കാരികമായല്ലാതെ അതിന് മനുഷ്യന്‍ എന്ന പേര് പ്രയോഗിക്കുകയില്ല. ലോകമാവുന്ന ചിത്രങ്ങളില്‍നിന്ന് അടിസ്ഥാനപരമായി അല്ലാഹു അതില്‍നിന്ന് നീങ്ങിപ്പോവുക സാധ്യമല്ല. ദിവ്യത്വത്തിന് പരിധി നിശ്ചയിക്കുന്നത്- ലോകത്തിലൂടെ- യാഥാര്‍ഥ്യമായാണ്, ആലങ്കാരികമായല്ല. ജീവനുള്ളതാണെങ്കില്‍ മനുഷ്യന്‍ എന്ന പരിധി നിശ്ചയിക്കുന്നതു പോലെയാണത്. പ്രപഞ്ചത്തിലെ ഓരോ കണികയും ദൈവമാണ് എന്ന സിദ്ധാന്തം ഊന്നി സ്ഥാപിക്കുകയാണ് ഇബ്‌നു അറബി ഇതിലൂടെ എന്നത് ഓര്‍ത്തിരിക്കണം. അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തലും. (تشبيه) അതുല്യനാക്കലും (تنزيه) കൂടിച്ചേര്‍ന്നതാണ് തൗഹീദ് എന്ന സമര്‍ഥമാണ് നടത്തുന്നത്. ശില്‍പം തന്നെയാണ് ശില്‍പി എന്നത് പോലുള്ള ധാരാളം പ്രയോഗങ്ങള്‍ വഹ്ദതുല്‍ വുജൂദ് അംഗീകരിക്കുന്ന സ്വൂഫികള്‍ക്കുണ്ടല്ലോ) ഈ പരിധി നിശ്ചയം മനുഷ്യ രൂപത്തിന്റെ പ്രത്യക്ഷ മേഖല അതിന്റെ നാവിലൂടെ ആ ചിത്രത്തെ നിയന്ത്രിക്കുന്ന റൂഹിനെ പ്രശംസിക്കുന്നതു പോലെ തന്നെയാണ്. മനുഷ്യന്‍ തന്നിലുള്ള റൂഹിനെ പ്രശംസിക്കുന്നപോലെ ലോകത്തുള്ള മുഴുചിത്രങ്ങളും സ്തുതി കീര്‍ത്തനത്തിലൂടെ അല്ലാഹുവിന്റെ പരിശുദ്ധി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ലോകമാകുന്ന ദൈവരൂപത്തെ കൃത്യമായറിയാന്‍ നമുക്കാവില്ല എന്നതിനാല്‍ അവയുടെ തസ്ബീഹും നമുക്ക് ഗ്രാഹ്യമല്ലെന്നു മാത്രം. അപ്പോള്‍ ലോകം മുഴുവന്‍ അല്ലാഹുവിന്റെ നാവാണ്. ആ നാവുകളൊക്കെയും ഹഖിനെ പ്രശംസയാല്‍ പൊതിയുന്നു. ഇതാണ് യാഥാര്‍ഥ്യമെന്നതിനാലാണ് അല്ലാഹു പറഞ്ഞത് 'സര്‍വ സ്തുതികീര്‍ത്തനങ്ങളും റബ്ബുല്‍ ആലമീന്നാണ്' എന്ന്. അതായത് പ്രശംസയുടെ അന്ത്യഫലങ്ങള്‍ അവനിലേക്ക് തിരിച്ചെത്തുന്നു. അപ്പോള്‍ പ്രശംസിക്കുന്നവനും പ്രശംസിക്കപ്പെടുന്നവനും അവന്‍ തന്നെയെന്ന് ചുരുക്കം. (ഇത് പ്രശംസയില്‍ പരിമിതമല്ല. ലോകത്ത് ഉണ്ടാവുന്ന സകലവിധ തിന്മകളും അല്ലാഹുവില്‍നിന്ന് ഉണ്ടാവുന്നു. അവനിലേക്ക് മടങ്ങുന്നു. സ്വര്‍ഗം അവനാണ്. അതിലെ സകലതും, അവയുടെ ആസ്വാദനവും അവന്‍ തന്നെ. നരക ശിക്ഷ അവനാണ്. അതനുഭവിക്കുന്നതും അവന്‍ തന്നെ. ............ ഇതൊക്കെയാണ് അദ്വൈതവാദത്തിന്റെ പൊരുള്‍! യഥാര്‍ഥ സന്മാര്‍ഗിയും ത്വരീഖത്തിന്റെ ഇമാമുമാവണമെന്നുണ്ടെങ്കില്‍ ഈ കവിത കൂടി അറിഞ്ഞിരിക്കണം.
فإن قلت بالتّنزيه كنت مقيّدا
وإن قلت بالتّثبيه كنت محدّدا
وإن قلت بالأمرين كنت مسدّدا
وكنت إماما فى المعارف سيّدا
فمن قال بالإشفاع كان مشركا
ومن قال بالإفراد كان موحّدا
فإيّاك والتشبيه إن كنت ثانيا
وإيّاك والتّنزيه إن كنت مفردا
فما أنت هو: بل أنت هو وتراه فى
عين الأمور مسرّحا ومقيّدا
تنزيه-നെയാണ് നീ അംഗീകരിക്കുന്നതെങ്കില്‍ നീ (അല്ലാഹുവിനെ) പരിമിതപ്പെടുത്തിയവനായി. تشبيهഅംഗീകരിക്കുന്നവനാണ് നീയെങ്കില്‍ നീ അല്ലാഹുവിന് അതിര് നിര്‍ണയിക്കുന്നവനായി. രണ്ടും അംഗീകരിക്കുന്നവനാണ് നീയെങ്കില്‍ കുറ്റമറ്റ മാര്‍ഗം പ്രാപിച്ചവനായി. ദൈവജ്ഞാനങ്ങളില്‍ ഇമാമും ദൈവജ്ഞാനികളിലെ യജമാനനുമായി. ദ്വയമാക്കിപ്പറയുന്നവന്‍ മുശ്‌രിക്കായി. അദ്വയമാക്കിപ്പറയുന്നവന്‍ മുവഹ്ഹിദായി. ദ്വൈതവാദിയാണ് നീയെങ്കില്‍ 'തശ്ബീഹിനെ' സൂക്ഷിച്ചിരിക്കണം. അദ്വൈതവാദിയാണ് നീയെങ്കില്‍ 'തന്‍സീഹിനെ' സൂക്ഷിച്ചിരിക്കണം. (രണ്ട് വിഭാഗവും ശരി കണ്ടെത്തണമെങ്കില്‍ മുകളില്‍ പറഞ്ഞ 'തശ്ബീഹും' 'തന്‍സീഹും' അംഗീകരിക്കണമെന്ന്)
നീയല്ല അവന്‍ (നിന്നില്‍നിന്നല്ല അവനുണ്ടായത്) എന്നാല്‍ സംഗതി നീ അവനാണ് (അവനില്‍നിന്നാണ് നീ ഉണ്ടായത്, അല്ലാഹുവിന്റെ ചിത്രത്തിന്റെ സമ്പൂര്‍ണതയാണ് മനുഷ്യന്‍) വസ്തുക്കളുടെ സത്തയില്‍ (ആലങ്കാരികം) പരിമിതമായും പരിമിതിയില്ലാതെയും അവനെ കാണാം. (അല്ലാഹുവിന്റെ രൂപം, നിഴലാകുന്ന പ്രപഞ്ചത്തെ പൂര്‍ണമായി കാണുക മനുഷ്യസാധ്യമല്ല. ഓരോരുത്തരുടെ അവസ്ഥ അനുസരിച്ച് മാത്രമേ പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ പരിമിതമായി കാണുക എന്ന അനുഭവം ഉണ്ടാവും. പ്രപഞ്ചത്തെ പൂര്‍ണമായി കാണുക ആര്‍ക്കും സാധ്യമല്ലാത്തതിന്റെ അര്‍ഥം അതാണ്.