ഇമാദുദ്ദീന്‍ വാസിത്വിയുടെ സ്വൂഫീ അനുഭവങ്ങള്‍ - 2

സ്വാലിഹ് പുതുപൊന്നാനി‌‌
img

പിന്നീട് ഞാന്‍ സ്വൂഫീ പര്‍ണശാലയിലെ ഔദ്യോഗിക സ്വൂഫീ സംഘത്തില്‍ എത്തിപ്പെട്ടു. അവര്‍ പ്രത്യക്ഷ ലക്ഷണങ്ങള്‍ ഉള്ളവരായിരുന്നു. ദീര്‍ഘമായി നമസ്‌കരിക്കുന്നവരും വേഷഭൂഷകളില്‍ കൊള്ളാവുന്നവരും ആയിരുന്നു. ഭംഗിയുള്ള നീണ്ട താടിക്കാര്‍, മുഖത്ത് പ്രകാശത്തിളക്കം.

ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ അവരുമായി സഹവസിക്കാന്‍ തുടങ്ങി. അവര്‍ ദൈവസ്മരണയിലേക്കും അന്യസ്മരണകള്‍ ഇല്ലാത്ത ഏകാന്ത മാനസികാവസ്ഥയിലേക്കും വഴികാട്ടി. വേതനം പറ്റുന്നതിനെ കുറിച്ചും ഇബാദത്തില്‍ നിരതനാകുന്നതിനെ പറ്റിയും അവര്‍ സംസാരിച്ചു. പക്ഷേ, സ്വസഹോദരങ്ങളുടെ ചലനങ്ങളെ കുറിച്ചുള്ള വിചാരങ്ങളാണ് അവരുടെ മനം നിറയെ എന്ന് ഞാന്‍ കണ്ടു. നിഷേധഭാവത്തിലോ രഹസ്യം ചുഴിഞ്ഞുനോക്കുക എന്ന നിലക്കോ അസൂയകൊണ്ടോ പരദൂഷണം പറയുന്ന രീതിയിലോ ആയിരുന്നില്ല അവരെക്കുറിച്ച നിരീക്ഷണം. അയാള്‍ അങ്ങോട്ടുപോയി, ഇയാള്‍ അവിടേക്ക് കടന്നു, മറ്റെയാള്‍ അങ്ങാടിയില്‍ ഒരാളുമായി സംസാരിക്കുന്നത് കണ്ടു, അങ്ങോട്ട് നീങ്ങി, ഹോ അവനോ, അവന് ഇത്ര വിവരമേ ഉള്ളൂ... എന്നിത്യാദി വര്‍ത്തമാനങ്ങള്‍ അവരില്‍നിന്നും കേള്‍ക്കുകയുണ്ടായി. അതായത്, ദൈവസ്മരണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവര്‍, കൂട്ടുകാരുടെ ചലനനിശ്ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു മിക്ക സമയത്തും ഇടക്കൊഴികെ.

ഇതോടൊപ്പം അവരുടെ നെഞ്ചകത്തെ 'ഔദ്യോഗിക തമ്പുരാനെ'യാണ് അവര്‍ ഇബാദത്ത് ചെയ്യുന്നതെന്ന് തോന്നാം. യജമാന്മാരായ അവരുടെ ഇബാദത്ത് തൊഴിലാളികളാണോ ഇവരെന്ന മട്ടില്‍! അല്ലാഹുവിനു വേണ്ടി നിഷ്‌കളങ്കമായി യാതൊന്നും അനുഷ്ഠിക്കാന്‍ ഇല്ലാത്ത മട്ടില്‍.

ഉദാഹരണം പറയാം. ഫര്‍ദ് നമസ്‌കാരം ആരംഭിക്കുന്നതുവരെയും ഒരാള്‍ വുദൂ നീട്ടുന്നു. അതോടൊപ്പം തന്നെ സേവകന്മാരിലേക്കാണ് അയാളുടെ ശ്രദ്ധ തിരിയുന്നത്. ഖാന്‍ഗാഹിലെ ജമാഅത്തിനെത്താതെ വൈകുന്നവരെ പിടികൂടി അതേക്കുറിച്ച് സംസാരിക്കുന്നു. അവര്‍ ഒന്നോ രണ്ടോ പ്രാവശ്യം വീണ്ടും വൈകിയെന്നാല്‍ തന്റെ ശമ്പളം നഷ്ടപ്പെടും എന്ന ഭയമാണ് ഇയാള്‍ക്ക്. അസ്വ്ര്‍ സമയത്തെയോ വെള്ളിയാഴ്ചയിലെയോ പതിവ് ജപമന്ത്രങ്ങള്‍ നഷ്ടമാകുന്നതിനെ ഇയാള്‍ ഭയക്കുന്നത്, അത് ആവര്‍ത്തിച്ചാല്‍ തന്റെ ശമ്പളം നിന്നുപോകുമല്ലോ എന്ന നിലക്കാണ്. അല്ലെങ്കില്‍ പുറത്താക്കുമോ എന്ന ഭയത്താല്‍.

അവരുടെ ഇബാദത്ത് നിഷ്‌കളങ്കമായും അല്ലാഹുവിനുവേണ്ടിയുള്ളതല്ല എന്ന് സിദ്ധം. മറ്റൊരാളെ ഭയന്ന് ഇബാദത്ത് ചെയ്യുന്നവന്, അല്ലാഹുവല്ലാത്ത ലക്ഷ്യത്തിനു വേണ്ടി കര്‍മം ചെയ്യുന്നവന് എങ്ങനെ ഇഖ്‌ലാസ്വ് ഉണ്ടാകും?! അല്ലാഹുവിനുള്ളതായിരുന്നെങ്കില്‍ അല്ലാഹുവല്ലാത്തവരിലേക്ക് നോക്കി അത് മലിനമാക്കുമായിരുന്നില്ല.
ആക്ഷേപിക്കപ്പെടുമെന്നോ പുറത്താക്കപ്പെടുമെന്നോ ഭയന്നാണ് അവര്‍ വസ്ത്രത്തിലെ അഴുക്കും അഭംഗിയും ഒഴിവാക്കുന്നത്. അക്കാരണത്താല്‍ ഒരു കളര്‍ ജുബ്ബ (അബായ) അണിയാന്‍ പോലും അവര്‍ക്ക് കഴിയില്ല, വെളുത്തതോ കറുത്തതോ അല്ലാതെ. അവരുടെ യൂനിഫോമില്‍നിന്നും വ്യത്യസ്തമാകുന്നത്, അങ്ങനെ വന്നാല്‍ തന്റെ ശമ്പളം നിലയ്ക്കുന്നത് അവര്‍ ഭയക്കുന്നു.

താര്‍ത്താരി പ്രകൃതം അല്‍പം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഔദ്യോഗിക പദവിയില്‍ ആരു വരുന്നുവോ അയാളെ അവര്‍ സ്വീകരിക്കും, അംഗീകരിക്കും. അത് അദ്വൈതവാദി (ഇത്തിഹാദി)യോ നിര്‍മതവാദി(സിന്‍ദീഖ്)യോ ആയാലും വേണ്ടില്ല. അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യില്ല. അക്കാരണത്താല്‍, അവര്‍ക്കിടയില്‍ എപ്പോഴും 'സ്വദരി'കളും 'അറബി'കളും നിലനിന്നു. (സ്വദ്‌റുദ്ദീന്‍ അല്‍ഖൂനവി -മ. 672- യുടെ അനുയായികളാണ് സ്വദ്‌രികള്‍, ഇബ്‌നു അറബി -മ. 638- യുടെ ആള്‍ക്കാര്‍ അറബികളും). അവരുടെ വഴികേട് ഇവര്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ മിണ്ടില്ല. ദുഷിച്ച പുത്തനാചാരങ്ങള്‍ക്കെതിരെ നിലകൊള്ളുന്നത് പാഴ്‌വൃത്തിയായി അവര്‍ കാണുന്നു. അതൊന്നും സ്വൂഫികളുടെ ജോലി അല്ല. മൗനം ഭജിച്ച്, 'ഔദ്യോഗിക' ബാധ്യതകള്‍ നിര്‍വഹിക്കുക, സമയത്തിന് ശമ്പളം കൈപ്പറ്റുക. അതു ചെയ്താല്‍ ലക്ഷ്യം നേടി!

ആകാര ഭംഗിയുള്ള, വലിയ ഇരട്ടപ്പാളിയുള്ളതും വിശാലമായ കൈവട്ടം ഉള്ളതുമായ ജുബ്ബ അണിഞ്ഞ, നീണ്ട വട്ടത്താടിയുള്ള 'മഹാന്' അവര്‍ക്കിടയില്‍ വലിയ ബഹുമാനമാണ്. വിശേഷിച്ചും താടി വെളുത്തിട്ടുണ്ടെങ്കില്‍. എല്ലാ കണ്ണുകളും പിന്നെ അയാളിലേക്ക് തറക്കും.

ഇബാദത്തിനോട് യാതൊരു അഭിരുചിയും അവരില്‍ ഉണ്ടായിരുന്നില്ല. ഖല്‍ബില്‍ ദിക്‌റിന്റെ തികവും ഇല്ല. അല്ലാഹുവിന്റെ രക്ഷാധികാരം അവരുടെ ഖല്‍ബുകളെ കീഴടക്കിയില്ല. കളങ്കരഹിതമായ ഇബാദത്തുകള്‍ ചെയ്യുന്ന മനഃസ്ഥിതി ഒട്ടുമില്ല. അവര്‍ തികഞ്ഞ അന്ധകാരത്തിലും ആന്ധ്യതയിലും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ലോകരുടെ മുന്നില്‍ നല്ല പത്രാസുള്ള വേഷമായിരുന്നു അവരുടേത്. ഖല്‍ബുകളില്‍ നിറയെ 'ഡ്യൂട്ടി നിര്‍വഹിക്കുക' എന്ന ചിന്ത മാത്രം. ചെറിയ ചെറിയ ഹഖാഇഖുകള്‍ ഇല്ലെന്ന് പറഞ്ഞുകൂടാ. 'സൃഷ്ടികളുടെ രക്ഷാധികാര'ത്തില്‍ ആ ഹഖാഇഖുകള്‍ കലങ്ങി കലുഷിതമായിരുന്നു.

ഒരു നിലക്ക്, ഞാന്‍ അവര്‍ക്കിടയില്‍ നിലകൊള്ളുന്നതില്‍ ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാല്‍, മറ്റൊരു വഴിക്ക് ചിന്തിക്കുമ്പോള്‍ എനിക്ക് ഒട്ടും സമാധാനം ഉണ്ടായില്ല. ആശ്വാസകാരണം ഇതാണ്: ഒരിടത്ത് തമ്പടിച്ച ആ കൂട്ടായ്മ ദൃഷ്ടിയുടെ പരിശുദ്ധിക്ക് കാരണമായിത്തീര്‍ന്നു. നിശ്ചയമായും അതുണ്ടാവുക, നിത്യവൃത്തിക്ക് വേണ്ട മതിയായ അളവ് ലഭിക്കുമ്പോഴും ഒരുപാട് ഏര്‍പ്പാടുകളില്‍ മുഴുകുന്നതില്‍നിന്നും ഒഴിവാകുമ്പോഴുമാണ്. അക്കാര്യം അവര്‍ക്കിടയില്‍ പ്രകടമായി കണ്ടു. എന്നാല്‍, ചിന്തയും മനനവും കൂടി പരിശുദ്ധമായാല്‍, മനുഷ്യന്‍ തന്റെ ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്താല്‍, പൂര്‍ണാര്‍ഥത്തില്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യണമെന്ന് തീരുമാനിച്ചാല്‍, സാമര്‍ഥ്യത്തോടെ മുന്നോട്ടു കുതിക്കാന്‍ കഴിയാത്തവിധം, താന്‍ ഇവര്‍ക്കിടയില്‍ ബന്ധിതനായിരിക്കുകയാണ് എന്ന് മനസ്സിലാകും.

അദ്വൈതവാദികളെ പരിചയപ്പെടുന്നു
ഖാന്‍ഗാഹുകളില്‍ വെച്ച് ദൈവാനുരാഗം, തൗഹീദ് തുടങ്ങിയ സംഗതികളിലേക്ക് വഴികാണിക്കുന്ന ഒരു സംഘം ആളുകള്‍ എന്നെ വിനയാന്വിതരായി സമീപിച്ചു. 'മുവഹ്ഹിദായ ടിയാന്‍', 'തൗഹീദ് അല്‍പം പോലും മനസ്സിലാക്കാത്ത ടിയാന്‍' എന്നിങ്ങനെ അവര്‍ ഇടയ്ക്കിടെ പറയും. അവരുടെ പക്കലുള്ള തൗഹീദിനെ അവര്‍ വല്ലാതെ മഹത്വവല്‍ക്കരിക്കുന്നു. 'ആരാണ് അത് പ്രാപിച്ചത്?!' എന്നെല്ലാം കൗതുകപ്പെടും. ഇബ്‌നു അറബി, സ്വദ്ര്‍ അല്‍ ഖൂനവി തുടങ്ങിയ ശൈഖന്മാരെ അനുസ്മരിക്കും. അവര്‍ പ്രചരിപ്പിക്കുന്ന തൗഹീദ് എന്താണെന്നും എത്രത്തോളം ഉണ്ടെന്നും സസൂക്ഷ്മം പരിശോധിക്കാന്‍ അവരുമായി കുറച്ചുകാലം ഞാന്‍ കഴിഞ്ഞുകൂടി. പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അധിവസിക്കുന്ന നിരുപാധിക അസ്തിത്വമായി അല്ലാഹുവിനെ കണക്കാക്കുകയാണ് അവരുടെ 'മഹത്തായ തൗഹീദ്' എന്നെനിക്ക് പിടികിട്ടി. അവനാണത്രെ ജൈവാജൈവങ്ങളായ സകല വസ്തുക്കളുടെയും അകപ്പൊരുള്‍. ഈ തൗഹീദില്‍ എത്തിയ വ്യക്തിക്ക് സകലതിലും ആ സാകല്യത്തെ കാണാനാവുമെന്ന് അവര്‍ വാദിക്കുന്നു. 'അല്ലാഹ്' എന്ന് നീട്ടിവിളിക്കുന്ന അവരുടെ ഭാവനയില്‍ അല്ലാഹു സര്‍വവ്യാപിയായ അസ്തിത്വമാണ്. ഇല്ലായ്മയുടെ വിപരീത അര്‍ഥത്തിലുള്ളതും സര്‍വ വസ്തുക്കളിലും അധിവസിക്കുന്നതുമായ അസ്തിത്വം.

അവര്‍ പറയുന്ന പ്രകാരം, അവരുടെ ഇലാഹ് പട്ടികളിലും പന്നികൡലും എലികളിലും വണ്ടുകളിലും കുടികൊള്ളുന്ന ഇലാഹാണെന്ന് മനസ്സിലായി. യഥാര്‍ഥത്തില്‍ അല്ലാഹു തന്റെ ദാത്തിലും സ്വിഫാത്തിലും (സത്തയിലും ഗുണവിശേഷങ്ങളിലും) അവരുടെ ജല്‍പനങ്ങളില്‍നിന്നും എത്ര മേലെയാണ്. അവന്‍ യാതൊരു പടപ്പുകളിലും കുടികൊള്ളുന്നവനല്ല. ഖദീമായ (പ്രാചീനം) അസ്തിത്വം, ഹാദിസായ (നവം) അസ്തിത്വം എന്നൊന്നും അവര്‍ പറയില്ല. അവരുടെ വിശ്വാസത്തില്‍ ഒരേയൊരു അസ്തിത്വമേ ഉള്ളൂ. എല്ലാ വസ്തുക്കളിലും കുടികൊള്ളുന്ന അസ്തിത്വം. ദാസന്‍ എന്നൊരു അസ്തിത്വം അവര്‍ക്കിടയിലില്ല. ഒരേയൊരു ഉണ്മ. അതാകുന്നു പരംപൊരുള്‍. (നമ്മുടെ വ്യവഹാരത്തിലെ) 'ദാസന്‍' ഉണ്ടല്ലോ, അയാളില്‍ കുടികൊള്ളുന്നതും പരംപൊരുളാണ്. ദാസന്‍ ദൈവത്തെ വെളിപ്പെടുത്തുന്ന മാധ്യമം മാത്രം. അതായത് അവരൊന്നും ഇല്ലായിരുന്നെങ്കില്‍ ദൈവാസ്തിത്വം ഇല്ല. അസ്തിത്വം ഇല്ലായിരുന്നെങ്കില്‍ അവരെയും കാണില്ല. അവരുടെ വിശ്വാസത്തിന്റെ യാഥാര്‍ഥ്യം: സര്‍വശക്തനായ ദൈവം സൃഷ്ടികളില്‍നിന്നും വേര്‍പ്പെട്ടിട്ടല്ല. ആകാശഭൂമികളില്‍ പ്രകടമായവനാണ് അവന്‍. എല്ലാ വസ്തുക്കളിലും തന്റെ ഉണ്മ(ദാത്ത്)യോടെ അവന്‍ വെളിപ്പെട്ടിരിക്കുന്നു.

നിരുപാധികനും സ്വതന്ത്രനുമാണ് അവനെങ്കിലും ഈ വസ്തുവിലും ആ വസ്തുവിലും അവന്‍ ബന്ധിതനാണ്. എന്നാല്‍ അവന്‍ ഒന്നാണ്. എല്ലാം ചേര്‍ന്ന ഒന്ന്. മനുഷ്യനിലും പട്ടിയിലും നബിയിലും മലക്കിലും രാജാവിലും ഉള്ള ഉണ്മയെല്ലാം ഒന്നുതന്നെ. അതാണുപോല്‍ അത്യുന്നതനായ പരമസത്യം. ഇങ്ങനെയുള്ള അസ്തിത്വത്തിനപ്പുറത്തുള്ള ഒന്നുമല്ല അവരുടെ ഭാഷയില്‍, അല്ലാഹു.

അവന്‍ സത്തയില്‍ സ്വതന്ത്രനും എന്നാല്‍ പ്രകടനത്തില്‍ മനുഷ്യന്‍, മൃഗം, സസ്യം, അജൈവ വസ്തുക്കള്‍, നായ, പന്നി, പശു, ഈച്ച, പാമ്പ്, തേള്‍ തുടങ്ങിയവയാല്‍ ബന്ധിതനുമായ അസ്തിത്വമാണ്. അവരുടെ വിശദീകരണത്തില്‍ അവന്റെ ഉണ്മയുടെ ഉദാഹരണം താപം പോലെയാണ്. രൂപത്തിലും ഗുണത്തിലും വ്യത്യസ്തമായ ചൂടുള്ള എല്ലാ ഓരോ വസ്തുക്കളിലും താപം പരിമിതപ്പെടുന്നപോലെ. ഇതും താപമാണ്. അതും താപമാണ്. ഇവിടെ താപം ഒന്നാണ്. സ്വതന്ത്രമാണ്; എന്നാല്‍ ചൂടുള്ള വിവിധ വസ്തുക്കളില്‍ പരിമിതവുമാണ്. ഇതുപോലെയാണുപോല്‍ അത്യുന്നതനായ പരമസത്യം. സ്വതന്ത്ര ഏകത്വം. ആ ഏകത്വത്തെ ഉന്നതമോ തരംതാഴ്ന്നതോ ആയ വസ്തുബഹുത്വങ്ങള്‍ പരിമിതപ്പെടുത്തുന്നു.

അവരുടെ ആശയതലം ഇതാണെന്ന് കണ്ടതോടെ അവരോട് മനസ്സില്‍ ശക്തമായ നീരസം ഉണ്ടായി. അവരുടെ വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഞാന്‍ കരുതിയിട്ടില്ല. പക്ഷേ, എനിക്ക് വെറുപ്പുണ്ടാക്കുന്ന, എന്റെ പ്രകൃതത്തിന് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ അവരില്‍നിന്നും ഞാന്‍ കേള്‍ക്കുകയുണ്ടായി. അത് സൂചിപ്പിച്ചുവെന്നുമാത്രം. ഹലാല്‍, ഹറാം വിഷയത്തില്‍ കെട്ടഴിഞ്ഞ പോക്കാണ് അവരുടേത് എന്നെനിക്ക് മനസ്സിലായി. ഒരിക്കല്‍ അവരില്‍ ചിലരെ കുറിച്ച് ഇങ്ങനെ കേട്ടു: ''അയാള്‍ ദിവസങ്ങളോളം 'വലിയ അശുദ്ധി'ക്കാരനായിരുന്നു. ആ ദിവസങ്ങളിലെല്ലാം അയാള്‍ നമുക്ക് ഇമാമായി നില്‍ക്കുകയും ചെയ്തു.''

രാജാവിനോടോ അധികാര സ്ഥാനത്തുള്ള ഉദ്യോഗസ്ഥനോടോ സംസാരിക്കുമ്പോള്‍ അല്ലാഹുവിലേക്ക് താഴുന്നപോലെയാണ് അവരുടെ വിനയപ്രകടനം. കാരണം, രാജാവ് അല്ലാഹുവിന്റെ അസ്തിത്വത്തെ പ്രകടിപ്പിക്കുന്ന ഏറ്റവും പ്രമുഖമായ വ്യക്തിയാണ്. അതായത്, അവര്‍ അപ്പോള്‍ രാജാവിനോടല്ല സംസാരിക്കുന്നത്, അയാളില്‍ അധിവസിക്കുന്ന ദൈവത്തോടാണ്. അക്രമിയും പരദ്രോഹിയുമായി അറിയപ്പെട്ട അസിസ്റ്റന്റ് സുല്‍ത്താന്‍ (മംലൂകി അമീര്‍) ശുജാഈയോട്, 'അങ്ങ് അല്ലാഹുവിന്റെ മഹോന്നത നാമമാകുന്നു' എന്ന് ബഹുമാനപൂര്‍വം അഭിനന്ദനം അറിയിച്ച ആളുകള്‍ ഇവരുടെ ശൈഖന്മാര്‍ ആയിരുന്നിട്ടുണ്ട്.

കോമളകുമാരന്മാര്‍ ഇവര്‍ക്കിടയില്‍ ഉന്നത പദവിയിലാണ്. കാരണം, അല്ലാഹുവിന്റെ സൗന്ദര്യം ഇത്രമേല്‍ പ്രകടമാകുന്ന മറ്റൊരു സംവിധാനം പ്രപഞ്ചത്തിലില്ല. സംഗീത സദസ്സ് അവരുടെ ഏറ്റവും ആസ്വാദ്യകരമായ സംഗതി തന്നെ. അവരുടെ ആത്മപ്രചോദനത്തെ ചലനാത്മകമാക്കുന്ന ഊര്‍ജം സംഗീതസദസ്സില്‍നിന്നാണ് ലഭിക്കുക. സ്വതന്ത്ര അസ്തിത്വമായ പരമസത്യത്തിന്റെ കൊടിയടയാളങ്ങള്‍ ആ സദസ്സില്‍ പാറിപ്പറക്കും. അവര്‍ സംസാരിക്കുക പ്രവാചകന്മാരുടെ നിലവാരത്തിനു മുകളില്‍ നിന്നുകൊണ്ടാണ്. ഇവര്‍ അവരേക്കാള്‍ മുകളിലാണെന്ന ഭാവത്തില്‍. ലോക ക്ഷേമത്തിന് വേണ്ടിയുള്ള അച്ചടക്ക വേലിക്കെട്ട് മാത്രമാണ് ഇവര്‍ക്ക് ശരീഅത്ത്. ആരാണ് ആരാധകന്‍? ആരാണ് ആരാധ്യന്‍? (അങ്ങനെ ഒന്നും വേര്‍തിരിയുന്നില്ലല്ലോ ഇവരുടെ തൗഹീദില്‍. സ്രഷ്ടാവും സൃഷ്ടിയും ഒന്നായിത്തീരുന്ന അവസ്ഥയാണ് ഇവര്‍ക്ക് തൗഹീദ്- വിവ.)

ഇതിനു ശേഷം ഞാന്‍ ഇബ്‌നു അറബിയുടെ 'കിതാബുല്‍ ഫുസ്വൂസ്വ്' കാണുകയുണ്ടായി. ഇപ്പറഞ്ഞ വൃത്തികെട്ട ചിന്താരീതിയിലേക്ക് വഴികാട്ടുന്ന ക്ഷുദ്രകൃതി. ഈ വാദത്തെ വിവിധ ശൈലിയിലുള്ള വാചകക്കസര്‍ത്തിലൂടെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുകയാണ്: 'ഇവിടെ അവനല്ലാതെ ഇല്ല.' പിന്നെ പറയുന്നു: 'അവന്‍ (അല്ലാഹു) എന്നെ ഇബാദത്ത് ചെയ്യുന്നു; ഞാന്‍ അവനെയും. അവന്‍ എന്നെ സ്തുതിക്കുന്നു; ഞാന്‍ അവനെയും.' ഇതുപോലെ വേറെയും കാണാം അതില്‍. ആ ഗ്രന്ഥത്തില്‍ അവരുടെ ചിന്താരീതി വിവരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. അതു വായിക്കുക കൂടി ചെയ്തപ്പോള്‍ അവരുടെ ഉദ്ദേശ്യങ്ങളുടെ സത്യാവസ്ഥ എനിക്ക് ശരിക്കും മനസ്സിലായി. അവര്‍ നിമിത്തം ഞാന്‍ കുറേ കാലത്തേക്ക് ചിന്താപരമായി പരിക്ഷീണനായി എന്നു പറയാം.

ഒന്ന് തിരിഞ്ഞുനോക്കാം
എന്റെ അന്വേഷണയാത്ര ഇവിടെ എത്തിനില്‍ക്കെ, ഇതുവരെ വിവിധ സംഘങ്ങളുമായുള്ള ഇടപഴകലില്‍ എനിക്കെന്തെല്ലാം നേട്ടകോട്ടങ്ങളുണ്ടായി എന്നു ഞാന്‍ പരിശോധിച്ചു.

രണ്ടു വിഭാഗത്തില്‍നിന്നല്ലാതെ എനിക്ക് കാര്യമായ ഒരു ഗുണവും ലഭിക്കുകയുണ്ടായിട്ടില്ല. ഹലാലും ഹറാമും പഠിപ്പിച്ച ഫുഖഹാക്കള്‍, ഇസ്‌കന്ദരിയ്യയിലെ സ്വൂഫികള്‍.

അനുസരണയോടെയുള്ള ആരാധനകള്‍ പ്രതിഫലം ലഭ്യമാക്കുമെന്നും പാപങ്ങള്‍ ശിക്ഷ വാങ്ങിത്തരുമെന്നും ഫുഖഹാക്കള്‍ പഠിപ്പിച്ചു. അത് ഞാന്‍ ഉറച്ച വിശ്വാസമായി ഏറ്റെടുത്തു. ആ അറിവ് വലിയ ഗുണം തന്നെ.

ഇസ്‌കന്ദരിയ്യയില്‍ കണ്ട സ്വൂഫികളില്‍നിന്നാണ് ആരെയാണ് അന്വേഷിക്കേണ്ടതെന്ന് തിരിച്ചറിയുന്നത്; സ്വിദ്ദീഖുകളുടെ, ദൈവത്തില്‍ എത്തിച്ചേര്‍ന്നവരുടെ, ദൈവാനുരാഗികളുടെ സ്വഭാവ നിലപാട് ബോധ്യമായത്; ദാസ്യഭാവം പ്രകടിപ്പിക്കാനുള്ള വിധികള്‍ മനസ്സിലാക്കുന്നത്; അവനില്‍ ഭരമേല്‍പിക്കുന്നവരും അവന്റെ ഭരണത്തെ സമ്പൂര്‍ണമായി തൃപ്തിപ്പെടുന്നവരും ഭൗതിക-സുഖ പരിത്യാഗികളും ദൈവചിന്തയില്‍ മുഴുകി ഇല്ലാതായവരുമായ മഹാമനുഷ്യരുടെ വിശേഷണങ്ങള്‍ പഠിക്കുന്നത്. ഇതും വലിയ വലിയ ഗുണം തന്നെ.

ഈ രണ്ട് വിദ്യകള്‍ വഴി ഞാന്‍ ഒന്നാം ക്ലാസും പത്താം ക്ലാസും പാസ്സായി. ഇടയ്ക്കുള്ള പടവുകള്‍; അതായത്, മതത്തിന്റെ അടിസ്ഥാന നിയമങ്ങള്‍, ശരീഅത്തിന്റെ വിശദാംശങ്ങള്‍ വിശുദ്ധ വേദത്തില്‍നിന്നും തിരുചര്യയില്‍നിന്നും മനസ്സിലാക്കുക എന്ന സംഗതി, ദുര്‍ഘടമായി അവശേഷിച്ചു. കാരണം ഞാന്‍ മനസ്സിലാക്കുന്നു, ബാഹ്യനിയമങ്ങളുമായി ബന്ധപ്പെട്ട അറിവുകളും, ഉള്ളിലെ വിചാരവികാരങ്ങള്‍ സംബന്ധമായ അവസ്ഥകളും അല്ലാഹുവില്‍നിന്നും അവന്റെ കിതാബില്‍നിന്നും തിരുദൂതരില്‍നിന്നും നബിചര്യയില്‍നിന്നും അതിന്റെ പച്ചപ്പോടെ, ആര്‍ദ്രതയോടെ അകമറിയണം എന്നായിരുന്നു എനിക്ക്.

ദമസ്‌കസില്‍ ഔലിയാക്കളെ കാണുന്നു
ഈയൊരു മനഃപ്രയാസത്തില്‍ ഞാന്‍ കഴിയവെ, അല്ലാഹു എന്നോട് അലിവ് കാണിച്ചു. ദമസ്‌കസിലെ ഒരു സംഘവുമായി സംഗമിക്കാന്‍ അവസരം ഒരുക്കുക വഴി അല്ലാഹു എനിക്ക് വലിയ ഗുണം ചെയ്യുകയായിരുന്നു.

നുബുവ്വത്തിന്റെ നാളുകളെക്കുറിച്ച്, സ്വഹാബികളുടെ ജീവിതചര്യയെ സംബന്ധിച്ച്, അവതീര്‍ണമായ വിശുദ്ധ വചനങ്ങളുടെ ആശയത്തെപ്പറ്റി, കിതാബില്‍നിന്നും സുന്നത്തില്‍നിന്നും പുറത്തെടുത്തിട്ടുള്ള വിശ്വാസ തത്ത്വങ്ങളെക്കുറിച്ച് തികഞ്ഞ അറിവുള്ളവരായിരുന്നു ഇവര്‍.

ആത്മായനം ചെയ്യുന്നവരുടെ/ഈശ്വരനിലേക്ക് ഇറങ്ങിത്തിരിച്ചവരുടെ രുചിഭേദങ്ങള്‍, അവരുടെ ആരംഭദശകള്‍, അവരുടെ അവസ്ഥാ വിശദാംശങ്ങള്‍ എല്ലാം അവര്‍ക്ക് നന്നായറിയാം. അത്തരം യാത്രയും അതിന്റെ ആദ്യമന്ത്യ അവസ്ഥകളും ദീനിന്റെ പൂര്‍ണതയുടെ ഭാഗമാണെന്ന് അവര്‍ കാണുന്നു. അതൊന്നുമില്ലാതെ ദീന്‍ പൂര്‍ണമാകില്ലെന്ന് അവര്‍ തിരിച്ചറിയുന്നു.

സമകാലികരായ ഫുഖഹാക്കളുമായോ സ്വൂഫികളുമായോ യാതൊരു സാമ്യതയും ഞാന്‍ അവരില്‍ കാണുന്നില്ല. എന്നാല്‍, ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ കടന്നുപോയ മനുഷ്യരോടാണ് ഞാന്‍ അവരെ സാമ്യപ്പെടുത്തുക. അതായത്, സ്വഹാബികളുടെയും അവരെ പിന്തുടര്‍ന്നു ജീവിച്ച താബിഉകളുടെയും അവരെ അനുഗമിച്ച പിന്‍ഗാമികളുടെയും കാലത്ത് ജീവിച്ച മഹാ മനീഷികളോട്.

അവരെ കാണുകയും അടുത്തു പെരുമാറുകയും ചെയ്തപ്പോള്‍, മഹാന്മാരായ അബൂബക്‌റിനെ, ഉമറിനെ, ഉസ്മാനെ, അലിയ്യെ (റളിയല്ലാഹു അന്‍ഹും) കാണുകയാണോ എന്ന് തോന്നിപ്പോയി. സഈദുബ്‌നുല്‍ മുസ്വയ്യബ്, ഹസനുല്‍ ബസ്വരി, റബീഉബ്‌നു ഖുസൈം, സാബിതുല്‍ ബുന്നാനി തുടങ്ങിയ താബിഈ പ്രമുഖരെ നേരില്‍ കണ്ടപോലെ. ഇമാം മാലിക്, ശാഫിഈ, രണ്ട് സുഫ്‌യാന്‍മാര്‍, രണ്ടു ഹമ്മാദുമാര്‍, ഇബ്‌നുല്‍ മുബാറക്, അഹ്‌മദു ബ്‌നു ഹമ്പല്‍ തുടങ്ങിയ പില്‍ക്കാല മാതൃകാവ്യക്തിത്വങ്ങളെ മുഖാമുഖം കാണുന്നപോലെ എനിക്കനുഭവപ്പെട്ടു.

മുഹമ്മദ് നബി(സ)ക്ക് ആകാശത്തുനിന്ന് അവതരിച്ച ജ്ഞാനത്തിന്റെ പൊരുള്‍ അഗാധമായി മനസ്സിലാക്കിയവരായിരുന്നു ഞാന്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്ന സംഘം. അല്ലാഹുവിന്റെ കല്‍പനകള്‍ നടപ്പിലാക്കി നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരാണിവര്‍. അന്ത്യദൂതരുടെ അനുചരന്മാരെപ്പോലെ ദീനിനെ ബഹുമാനിക്കുന്നവര്‍, അത് സ്ഥാപിക്കുകയും ദീനിന്റെ നിയമങ്ങളും ചിഹ്നങ്ങളും വെളിപ്പെടുത്തുകയും ചെയ്യേണ്ട കര്‍ത്തവ്യം സുപ്രധാനമായി എടുത്തവര്‍.

മതത്തിന്റെ പരിധി ലംഘിക്കുന്നവരോട്, വിശ്വാസപരമോ കര്‍മസ്വഭാവമുള്ളതോ ആയ വല്ല നിയമവും വീര്യം കുറച്ചു കാണുന്നവരോട് ഇവര്‍ ധാര്‍മികരോഷം കാണിക്കുന്നു.
നിയമനിര്‍ധാരണ തത്ത്വങ്ങള്‍ മുതകല്ലിമുകളുടേതല്ല ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. വിശുദ്ധ സൂക്തങ്ങളും ആരോഗ്യമുള്ള ഹദീസുകളും അടിസ്ഥാനമാക്കിയുള്ള 'അളവുകോലു'കളത്രെ അവരുടേത്. തഅ്‌വീലോ തഅ്ത്വീലോ തശ്ബീഹോ ഇല്ലാതെ സ്വിഫാത്തുകള്‍ പ്രമാണങ്ങളില്‍ വന്ന പോലെ അവര്‍ ഗണിക്കുന്നു. ഇസ്തിവാ, നുസൂല്‍ പോലെയുള്ള എല്ലാ സ്വിഫാത്തുകളിലും അല്ലാഹുവിനോട് യോജിക്കുന്ന അതിന്റെ യഥാര്‍ഥ ആശയമെന്തോ അപ്രകാരം മാത്രം അതിനെ സ്ഥിരീകരിക്കുന്നു.

അവരില്‍ ശരിയായ മഅ്‌രിഫത്ത് പ്രകടമായി കാണാം. അല്ലാഹുവിനെയും അവന്റെ ദാത്തില്‍ നിലകൊള്ളുന്ന സ്വിഫാത്തുകളെയും കുറിച്ച അഗാധ ജ്ഞാനം അവരുടെ അനുഭൂതിയിലും അവസ്ഥയിലും അറിവായും ദര്‍ശനമായും ഉള്ളതിന്റെ പ്രഭാവലയങ്ങള്‍ അവരില്‍ പ്രത്യക്ഷമായി കാണാം. ഹൃദയത്തിലുള്ള അവയുടെ അടയാളങ്ങള്‍ അവരുടെ നമസ്‌കാരങ്ങളിലും ദിക്‌റുകളിലും അല്ലാഹുവിലേക്കുളള ദഅ്‌വത്തിലും തെളിഞ്ഞുകാണാമായിരുന്നു.

തങ്ങളുടെ നാഥനെ തങ്ങളില്‍ അധിവസിക്കുന്നവനായല്ല അവര്‍ മനസ്സിലാക്കിയത്; 'മുകളില്‍' ഉള്ളവനായിട്ടായിരുന്നു. സത്തയിലും വിശേഷണത്തിലും അവന്‍ 'അര്‍ശിനു മുകളി'ലാണെന്ന് കാണിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെ അവര്‍ ഇബാദത്ത് ചെയ്യുന്നു. അത്യുന്നതനും മഹാനുമായ അവനോട് യോജിക്കുന്ന തരത്തിലുള്ള ഒരര്‍ഥമാണ് ഇവിടെ 'മുകളില്‍' എന്നതുകൊണ്ട് അവര്‍ ഗണിക്കുന്നത്. അല്ലാതെ, ആകാശത്തു മാത്രമായി അവര്‍ അല്ലാഹുവിനെ പരിമിതപ്പെടുത്തുന്നില്ല. എന്നല്ല, വശങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പേ, അര്‍ശും പ്രപഞ്ചവും ഉണ്ടാകുന്നതിനു മുമ്പേ അവന്‍ ഉണ്ടായിരുന്നതായും അവന്റെ കൂടെ ഒന്നും ഇല്ലായിരുന്നുവെന്നും അവര്‍ ഇതോടൊപ്പം മറ്റാരുമില്ലായെന്ന അവന്റെ ഏകത്വം. അതേക്കുറിച്ചാണ് അവന്‍ മുകളിലാണ് എന്ന് പറയുന്നത്. പിന്നീട് പ്രപഞ്ചം ഉണ്ടായതിനു ശേഷമത്രെ അവന്റെ സത്താപരമായ ഔന്നത്യത്തിലേക്ക് ചേര്‍ത്തുകൊണ്ട് താഴെ എന്ന വശം പ്രയോഗത്തില്‍ വരുന്നത്. നിശ്ചയമായും പരിശുദ്ധ സത്ത എല്ലാ വസ്തുക്കളെക്കാളും അത്യുന്നതമാണ്. അവന്‍ പ്രപഞ്ചത്തിന് താഴെയാവുക അനുയോജ്യമല്ല. അവന്‍ പ്രപഞ്ചത്തില്‍ ലയിച്ചിട്ടുമില്ല. അവന്‍ പ്രപഞ്ചത്തില്‍നിന്നും അകന്നാണ്. അതിനു താഴെയുമല്ല. അപ്പോള്‍ അവന്‍ 'മുകളിലാ'ണെന്നു വന്നു.

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍, അവന്റെ ദീന്‍ നിലനിര്‍ത്താന്‍ തങ്ങളുടെ ശരീരവും സമ്പത്തും വിനിയോഗിക്കുന്നു. ദീനിന്റെ മഹത്വം തിരിച്ചറിയുന്നു. അതിന്റെ വക്താക്കളുടെയും വാഹകരുടെയും അത് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവരുടെയും മഹത്വവും അറിയുന്നു. കാരണം, ഇവര്‍ ദീനീ വക്താക്കളും സുന്നത്തിന്റെയും ഹദീസിന്റെയും സന്നദ്ധ സഹായികളുമാണ്. പരിശുദ്ധ ദൂതരുടെയും അവിടുത്തെ ദീനിന്റെയും ശരീഅത്തിന്റെ സ്തംഭങ്ങളുടെയും സഹായികളാണ്. ആദര്‍ശബന്ധുത്വം, വിശ്വാസികളെന്ന നിലക്കുള്ള സ്‌നേഹബന്ധം ഇങ്ങോട്ട് കാണിക്കുന്നവരോടെല്ലാം അവര്‍ അങ്ങോട്ടും ആ ബന്ധം നിലനിര്‍ത്തുന്നു. ശത്രുത കാണിക്കുന്നവരോട് തിരിച്ചും ശത്രുത പ്രകടിപ്പിക്കുന്നു. കാരുണ്യം, വാത്സല്യം, പക്ഷരാഹിത്യം, സത്യസന്ധത, കൈയഴിഞ്ഞ സഹായം, ക്ഷേമസമത്വ വികാരം, സഹനം, ക്ഷമ, കോപനിയന്ത്രണം, പടപ്പുകളോട് കാരുണ്യം, പ്രതിസന്ധി നേരിടുന്നവരെ സഹായിക്കല്‍, നിസ്സഹായരെ സംരക്ഷിക്കല്‍, സ്വേഛാധിപതികളോട് കടുത്ത നിലപാട്, ഫറോവമാരോട് തീവ്രപ്രതികരണം തുടങ്ങിയ ആദരവാര്‍ന്ന സ്വഭാവഗുണങ്ങള്‍ അവര്‍ കാത്തുസൂക്ഷിച്ചു. അല്ലാഹുവിന്റെ ദീന്‍ ഉള്‍ക്കൊള്ളുന്നതില്‍ ഒരാക്ഷേപകന്റെ ആക്ഷേപത്തെയും അവര്‍ ഭയന്നില്ല.

അല്ലാഹുവിനെ മുന്‍നിര്‍ത്തി സ്‌നേഹിക്കുക, അല്ലാഹുവിന്റെ താല്‍പര്യം സംരക്ഷിക്കാനായി കോപിക്കുക- ഇതായിരുന്നു അവരുടെ മികച്ച രീതി. വിധിയില്‍ നീതി കാണിക്കുക, തൂക്കത്തില്‍ പക്ഷം ഒഴിവാക്കുക. തെറ്റായ ഒരു കാര്യം ഒരാളില്‍ ഉണ്ടായെന്നു വെച്ച് അതിനെ ചൊല്ലി അയാളോട് അനീതി കാണിക്കുന്ന രീതി അവരിലില്ല. പകരം, അയാളുടെ നന്മയും തിന്മയും താരതമ്യം ചെയ്ത് അയാളുടെ പദവി വകവെച്ചുകൊടുക്കും.

സത്യവിശ്വാസികളോട് താഴ്മ കാണിക്കുന്നവര്‍, സത്യനിഷേധികളോട് കടുത്ത രോഷമുള്ളവര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍, ഒരാക്ഷേപകനെയും ഭയക്കാത്തവര്‍, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ അപാരമായ ക്ഷമയുള്ളവര്‍, തങ്ങളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച പുലര്‍ത്തുന്നവര്‍, എന്നാല്‍ അല്ലാഹുവിനുള്ള അവകാശത്തില്‍ ഒട്ടും വിട്ടുകൊടുക്കാത്തവര്‍. അവര്‍ പരുക്കന്മാരായിരുന്നില്ല, പെരുമാറ്റത്തില്‍ വെറുപ്പ് സൃഷ്ടിക്കുന്നവരും അല്ലായിരുന്നു. അങ്ങാടികളില്‍ ബഹളം ഉണ്ടാക്കുന്നവരല്ല. മാപ്പു നല്‍കുന്നവര്‍, പ്രയാസങ്ങള്‍ സഹിക്കുന്നവര്‍, തങ്ങളോട് മോശം കാണിച്ചവര്‍ക്ക് നല്ലത് തിരികെ നല്‍കുന്നവര്‍, സുന്നത്തിനെ സ്‌നേഹിക്കുന്നവര്‍, ബിദ്അത്തുകളെ വിപാടനം ചെയ്യുന്നവര്‍.

അല്ലാഹുവിനെ ഭയക്കുന്നതിനാല്‍ നമസ്‌കാരത്തില്‍ മനസ്സാന്നിധ്യം ഉള്ളവര്‍, ആര്‍ക്കാണ് നമസ്‌കരിക്കുന്നതെന്നും ആരെയാണ് ഇബാദത്ത് ചെയ്യുന്നതെന്നും ബോധ്യമുള്ളവര്‍, നമസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു അല്ലാത്തതെല്ലാം അവര്‍ക്ക് ചെറുതായി. അവനല്ലാതെ അവരുടെ മനസ്സില്‍ ഒന്നുമില്ല. ഖുര്‍ആന്‍ വചനങ്ങള്‍ പരിചിന്തനം ചെയ്തു പാരായണം ചെയ്യുന്നവര്‍.

അല്ലാഹുവിന്റെ കല്‍പനകള്‍ക്കു മുന്നില്‍ (ഫനാ) സ്വയം ഇല്ലാതായവര്‍. അല്ലാഹുവിനെ അനുസരിക്കുമ്പോള്‍ അവര്‍ തങ്ങളെത്തന്നെ നിശ്ശേഷം വിസ്മരിക്കുന്നു. അവന്റെ വിധിയും തീരുമാനവും അവര്‍ തൃപ്തിപ്പെടുന്നു.

പുണ്യ റസൂല്‍ (സ) അവരുടെ കണ്ണിലെ കൃഷ്ണമണിയാണ്. പുതിയ പ്രശ്‌നം വല്ലതും ഉയര്‍ന്നുവരുമ്പോള്‍, വല്ല പുത്തന്‍ ആചാരങ്ങളും കാണുമ്പോള്‍ തങ്ങളുടെ അന്തര്‍ദൃഷ്ടികൊണ്ട് അവര്‍ പുണ്യറസൂലിനെ നോക്കുന്നു, നിരീക്ഷിക്കുന്നു. റബ്ബില്‍നിന്നും അവിടുന്ന് ഏറ്റെടുത്തു പഠിപ്പിച്ച തിരുചര്യ എന്താണെന്ന് അവര്‍ കേള്‍ക്കുന്നു. എന്നിട്ട് അപ്രകാരം മാത്രം ചെയ്യുന്നു. അവിടുത്തെ വിധികളും തീരുമാനങ്ങളും നടപ്പിലാക്കുന്നു.

ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും ഉപകാരപ്രദമായ സേവനങ്ങളില്‍ അവര്‍ സ്വയം വിനിയോഗിക്കുന്നു. മുസ്‌ലിംകളുടെ വിശ്വാസങ്ങളിലും കര്‍മങ്ങളിലും മാനസികാവസ്ഥകളിലും സംഭവിച്ച കേടുപാടുകള്‍ പരിഹരിച്ചു പരിഷ്‌കരിക്കുന്ന യജ്ഞത്തില്‍ നിരതരാണവര്‍.

പ്രവാചകന്മാരുടെ ധര്‍മം, ദൗത്യം അനന്തരമായി ഏറ്റെടുത്തവര്‍. ദീനിന്റെ മഹാദീപങ്ങള്‍, കപടന്മാരുടെ അരിശവേദികള്‍, സത്യവിശ്വാസികളുടെ ആനന്ദം, നബിമാരുടെ 'സ്വകാര്യ അഹങ്കാരങ്ങള്‍', സത്യസന്ധരുടെ സൗന്ദര്യത്തിളക്കം, സജ്ജനങ്ങള്‍ക്ക് മാതൃക, അനുകരിക്കുന്നവര്‍ക്ക് നേതാക്കള്‍, ഭൂവാസികളുടെ വിളക്കും വെളിച്ചവും.
അവര്‍ നിമിത്തം ദീനും അതിന്റെ യാഥാര്‍ഥ്യവും തിരിച്ചറിയപ്പെട്ടു. സലഫും അവരുടെ വഴികളും വ്യക്തമായി. സത്യത്തില്‍ ഇവര്‍ സ്വഹാബികളുമായി സഹവസിച്ചവരാണോ എന്ന് തോന്നാം. എന്തൊരു സാദൃശ്യം! അവരുടെ അതേ പ്രകടനം! വിനയം, ഒതുക്കം, അര്‍പ്പണഭാവം...!

ശാദുലിയ്യത്തും തൈമിയ്യത്തും: ഒരു താരതമ്യം
ഞാന്‍ ഇസ്‌കന്ദരിയ്യയില്‍ കണ്ട സ്വൂഫികളുടെ ഉറച്ച ബോധ്യങ്ങളുടെയും സ്തുത്യര്‍ഹമായ അവസ്ഥകളുടെയും നിലവാരത്തില്‍നിന്നും ഇവര്‍ ഒട്ടും പുറകിലായിരുന്നില്ല എന്നാണെന്റെ വിശ്വാസം. എന്നാല്‍, അങ്ങനെ ആധ്യാത്മിക മേഖലയില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ അവര്‍ക്ക് സമയം ഇല്ലാതാക്കിയത് ദീനിന്റെയും മുസ്‌ലിംകളുടെയും ക്ഷേമ പരിഷ്‌കരണം മുഖ്യമായെടുത്ത് പ്രവര്‍ത്തിക്കുക നിമിത്തമാണ്. അവര്‍ എന്റെ ചങ്ങാതിമാര്‍ ആണെങ്കിലും, എന്റെ വീക്ഷണത്തില്‍, ഇവരുടെ ഈ ദൗത്യമാണ് തങ്ങളുടെ നാഥനു വേണ്ടിയുള്ള ഏറ്റവും മഹത്തായ കര്‍മം. ദീനിനോടുള്ള അദമ്യമായ ബഹുമാനവും ആദരവും അതിലെ ആവേശവും അവരുടെ മാനസങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഒരുവേള ദീന്‍ നിലനിര്‍ത്താന്‍, ശരീഅത്ത് നിയമങ്ങളും ദീനീചിഹ്നങ്ങളും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് യോജിച്ചതല്ല, എന്റെ ചങ്ങാതിമാരായ സ്വൂഫികളെപ്പോലെ സ്രഷ്ടാവുമായി മാത്രമുള്ള ഇടപാടുകളില്‍/ധ്യാനങ്ങളില്‍ മുഴുകിയിരിക്കുക എന്നത്. ആ സ്വൂഫികളെപ്പോലെ ഇവരും ഒഴിഞ്ഞിരുന്ന് ഇബാദത്തുകളില്‍ മുഴുകിയിരുന്നെങ്കില്‍ അവരുടെ ആധ്യാത്മിക പദവിയില്‍ എത്താന്‍, ഒട്ടും ചുരുങ്ങാതെ, ഇവര്‍ക്കും സാധിക്കുന്നതാണ്, ഇന്‍ഷാ അല്ലാഹ്.

എന്നാല്‍, ശരീഅത്തിലെ ശാഖാപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്, അത് സ്ഥാപിക്കാന്‍ വേണ്ടി സകല ഊര്‍ജവും തിരിച്ചുവിടുന്നത് സൂക്ഷിക്കേണ്ടതാണ്. അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന, അതൊരു മുഖ്യപ്രശ്‌നമായി കാണുന്ന വ്യക്തിയില്‍, തന്റെ പ്രകൃതത്തില്‍നിന്നും ചിലതെല്ലാം അവശേഷിക്കാന്‍ അത് കാരണമാകും. അതുമായി മനസ്സും ശരീരവും മുഖാമുഖം നില്‍ക്കുന്നതിനാല്‍. ഒരാള്‍ ഒരു വസ്തുവുമായി ആത്മബന്ധം സ്ഥാപിക്കുമ്പോള്‍ അവര്‍ തമ്മില്‍  ഒരു ബന്ധം/പൊരുത്തം സ്വാഭാവികമായും രൂപപ്പെടുന്നു. പ്രവാചകന്മാരും ജ്ഞാനിയും തമ്മില്‍ ഇതുപോലൊരു പൊരുത്തം രൂപപ്പെടുന്നില്ലെങ്കില്‍ ആ ജ്ഞാനിക്ക് പ്രവാചകന്മാരില്‍നിന്നും ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. അല്ലാഹുവുമായുള്ള പ്രവാചകന്മാരുടെ സാമീപ്യത്തെ മാത്രം ജ്ഞാനികള്‍ അഭിമുഖീകരിച്ചിരുന്നുവെങ്കില്‍ അവരില്‍നിന്നും സാധാരണ ജനങ്ങള്‍ക്ക് ഒന്നും ഗ്രഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, അല്ലാഹു അവര്‍ക്കിടയില്‍ പൊതുവായ ഒരു അളവ് നിശ്ചയിച്ചു. പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് ഉപകരിക്കാന്‍ വേണ്ടി.

ഇപ്രകാരം, ദമസ്‌കസിലെ ഈ സംഘം പൂര്‍ണമായി ശരീരത്തെ ദൈവത്തില്‍ ലയിപ്പിക്കുന്നത് അവര്‍ക്ക് നന്നല്ല. കാരണം, സത്യം സ്ഥാപിക്കാനാവശ്യമായ ധര്‍മരോഷ ശക്തിയാണ് അവര്‍ക്കാവശ്യം. അല്ലെങ്കില്‍, ജന്മ പ്രകൃതത്തിന്റെ ആളുകളുമായി ഇടപഴകി അതുവഴി അവരെ ദീനിലേക്കും ദൈവബോധത്തിലേക്കും വഴിനടത്താന്‍ ആവശ്യമായ പ്രകൃതമാണ് പ്രബോധകരായ ഇക്കൂട്ടര്‍ക്ക് യോജിക്കുക.

നമ്മുടെ മശാഇഖന്മാരുടെ ഇഷ്ടക്കാര്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട്: 'താങ്കള്‍ നമ്മുടെ ഗുരുക്കന്മാര്‍ ആരിഫീങ്ങള്‍ ആണെന്ന്. അതുപോലെ, ശാദുലി സ്വൂഫികളും ആരിഫീങ്ങള്‍ ആണെന്ന് താങ്കള്‍ പറയുന്നു. ഇരുകൂട്ടരും ദൈവജ്ഞാനം നേടിയവര്‍. എന്നാല്‍ നമ്മുടെ മശാഇഖന്മാര്‍ക്കില്ലാത്ത എന്ത് സവിശേഷതയാണ് അവര്‍ക്കുള്ളത്?' ഞാന്‍ അവരോട് പറയുന്നു: 'അവരുടെ സവിശേഷത എന്തെന്നാല്‍, തീവ്രമായ ചില സാധനാ രീതികളുണ്ട് അവര്‍ക്ക്. കേവലം അവരെ കാണുന്നതുകൊണ്ടും അവരുടെ സംസാരം കേള്‍ക്കുക വഴിയും ദൈവാന്വേഷിയില്‍ അല്ലാഹുവിനോടുള്ള മഹബ്ബത്ത്, അവനിലേക്കുള്ള ആകര്‍ഷണം, അവനുവേണ്ടി ആഗ്രഹിക്കല്‍, അവനല്ലാത്തതെല്ലാം വിസ്മരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. മറ്റാരിലും കാണാത്ത അവരുടെ സ്വന്തം സവിശേഷതയാണത്.'

മറ്റൊരു ന്യായം പറയാം.
അവരെ കാണുന്ന മാത്രയില്‍ അല്ലാഹു അനുസ്മരിക്കപ്പെടുന്നു. കാണുന്നവരുടെ ഹൃദയത്തിലേക്ക് ശക്തമായും തീവ്രമായും അവന്റെ വെളിച്ചം കടക്കുന്നു. എന്നാല്‍, നമ്മുടെ മശാഇഖന്മാരെ കാണുമ്പോള്‍ അവിടെ ദീനും സുന്നത്തും ശരീഅത്തും അനുസ്മരിക്കപ്പെടുന്നു. ദൈവജ്ഞാനത്തിന്റെ പ്രയോഗ രീതി പ്രകടിപ്പിക്കുക വഴി ശാദുലികളുടെ അവസ്ഥയില്‍ ശരീഅത്ത് ലയിച്ചിരിക്കുന്നുവെങ്കില്‍, ശരീഅത്തിന്റെ പ്രയോഗ രീതി പ്രകടമാക്കുക വഴി ഇവരുടെ ഹാലുകൡ മഅ്‌രിഫത്ത് ലയിച്ചു ചേര്‍ന്നിരിക്കുകയാണ്.

എന്നാല്‍, നമ്മുടെ മശാഇഖന്മാരാകുന്ന ഈ പണ്ഡിത സമൂഹമാണ് അവരുടെ നടേ പറഞ്ഞ സവിശേഷത കാരണം ശാദുലികളേക്കാള്‍ ഉത്തമര്‍. ശരിയായ ഉസ്വൂലുകളും ഫുറൂഉകളും ഇവര്‍ ഉള്‍ക്കൊള്ളുന്നുവെന്ന കാരണത്താല്‍. അതേ, ഈ സവിശേഷതയാണ് കൂടുതല്‍ ബലമുള്ളതും സ്ഥിരീകൃതമായതും. ഉസ്വൂലിലും ഫുറൂഇലും ഏറെ നിലയുറപ്പുള്ളതും. ഇവരുടെ ഹൃദയങ്ങള്‍ അവരേക്കാള്‍ പ്രകാശം നിറഞ്ഞതാണ്. കാരണം, കിതാബുകൊണ്ടും സുന്നത്തുകൊണ്ടും അവയില്‍നിന്നുള്ള ബോധ്യങ്ങള്‍ കൊണ്ടുമാണ് ഇവരുടെ ഹൃദയങ്ങള്‍ വെളിച്ചം തൂകുന്നത്. ഇതേ സ്രോതസ്സില്‍നിന്നാണ് അവ വിശ്വാസകാര്യങ്ങളും സാക്ഷ്യങ്ങളും അറിവുകളും അവസ്ഥകളും കൊളുത്തിയെടുത്തിരിക്കുന്നത്. എന്റെ ഇക്കാലത്ത്, ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ കണ്ട ആരേക്കാളും ഋജുവായ ദീന്‍ ഇവരുടെ അടുക്കലാണ്. പരിശുദ്ധ റസൂലിന്റെ തിരുചര്യ നന്നായി അനുഗമിക്കുന്നതും അവര്‍ തന്നെ. തിരുദൂതരെ നേരില്‍ കാണുകയും അവിടുത്തെ ഓരോ ദിനത്തിനും സംഭവങ്ങള്‍ക്കും യുദ്ധമുന്നേറ്റങ്ങള്‍ക്കും സാക്ഷിയാവുകയും ചെയ്ത സ്വഹാബികളെപോലെ, തിരുദൂതരുടെ ചവിട്ടടികളില്‍, വഴിത്താരകളില്‍ അവരെപ്പോലെ സഞ്ചരിക്കുന്ന ആരെയും ഇക്കാലത്ത് ഞാന്‍ കാണുന്നില്ല.

അവര്‍ അത്രക്കും തിരുചര്യയോട് ആര്‍ത്തിയുള്ളവരാണ്. അബൂബക്‌റിനോടും ഉമറിനോടും ഏറ്റവും സദൃശരായ ജനവിഭാഗം, അവരുടെ ചര്യ പിന്തുടരുന്നതില്‍ മറ്റുള്ളവരേക്കാള്‍ മുന്നില്‍.

അവരാണ് സ്വൂഫികള്‍. നല്ല മിനുസമുള്ള ഹൃദയത്തിനുടമകള്‍. സമ്പൂര്‍ണ സമര്‍പ്പിതര്‍. ശക്തമായ ദിവ്യ/ദീനീ പ്രേമികള്‍. അല്ലാഹുവിനെ വല്ലാതെ ബഹുമാനിക്കുന്നവര്‍. തികഞ്ഞ പരിത്യാഗികള്‍. ദൈവത്തില്‍നിന്നും ശ്രദ്ധ തിരിക്കുന്ന സംഗതികളില്‍നിന്നെല്ലാം അകന്നുകഴിയുന്നവര്‍. അവര്‍ ദൈവാന്വേഷണ പാതയില്‍ സ്വയം മറന്നവരത്രെ. അക്കാരണത്താല്‍ അവര്‍ തേടുന്ന കാര്യം പരിപൂര്‍ണമായും അവര്‍ക്ക് പകരമായി ലഭിച്ചു. അതെന്താണ്?

അതൊരു ഹാലാണ്. അതിന് അതിന്റേതായ ചൂടും ചാട്ടവും ഉണ്ട്. അത് മറ്റുള്ളവരുടെ ഹാല്‍ പോലെയല്ല. അല്ലാഹുവിനെയും അവന്റെ ദീനിനെയും മുറുകെ പിടിച്ചുള്ള വിശാല ഹൃദയത്വമാണ്; പ്രകാശ പ്രവാഹമാണ്. അവരുടെ ഈ അവസ്ഥകള്‍ക്ക് തീവ്രമായ ചില വെളിപാട് വേദികളുണ്ട്. ദൈവസാമീപ്യത്തിലേക്ക് ആത്മാക്കള്‍ക്ക് ആകര്‍ഷണം ഉറപ്പുവരുത്തുന്ന ചില കാഴ്ചപ്പാടുകള്‍. അത് അവര്‍ക്കു മാത്രം അവകാശപ്പെട്ട സാമീപ്യമായിരിക്കും. അറിവിലും അമലിലും അല്ലാഹുവിന്റെ ഏറ്റവും മഹത്തായ സംഗതിയും ഇതാണ്. മാത്രമല്ല, ഈ നിലപാട് അല്ലാഹുവിനെ ബഹുമാനിക്കുന്നതിന്റെയും സ്‌നേഹിക്കുന്നതിന്റെയും ഭാഗമാണ്.

എല്ലാ സംഘത്തിനുമുണ്ട് അജ്ഞാതമല്ലാത്ത ചില സവിശേഷതകള്‍. മറ്റുള്ളവരുടെ മികവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണെന്നു വെച്ച് അവര്‍ അനീതി ചെയ്യപ്പെടാവതല്ല. അതുകൊണ്ടു പറയട്ടെ, ഞാന്‍ ഇഷ്ടപ്പെട്ട ആ സ്വൂഫികള്‍, ഞാന്‍ നേരില്‍ കണ്ടതനുസരിച്ച്, സ്വന്തം ഇഛകളെ ഭരിക്കുന്നതിലും അവയെ ദുഷിച്ച സ്വഭാവങ്ങളില്‍നിന്നും സ്ഫുടം ചെയ്യുന്നതിലും നന്നായി ഏര്‍പ്പെടുന്നവരാണ്. മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന വിചാരങ്ങളെ അടച്ചുപൂട്ടുന്നതിലും അവര്‍ വിദഗ്ധരാണ്. യാഥാര്‍ഥ്യം അല്ലാഹു അറിയുന്നു.

അവരെ ഞാന്‍ ദൈവസന്നിധാനത്തിലെ മലക്കുകളോട് ഉപമിക്കുന്നു; അവന്റെ അര്‍ശിനെ വലയം ചെയ്യുന്ന മലക്കുകളോട്. എല്ലാ അര്‍ഥത്തിലുമുള്ള സാദൃശ്യമായി മനസ്സിലാക്കരുത്. അവരുടെ ഹൃദയങ്ങള്‍ ഔലിയാക്കളുടെ സൈന്യത്തോടൊപ്പം അര്‍ശിനു ചുറ്റുമാണ്. അതിനാല്‍, അവരുടെ മനുഷ്യപ്രകൃതം മിക്ക സമയങ്ങളിലും മനുഷ്യരുടേതില്‍നിന്നും മലക്കുകളുടേതായി മാറുന്നു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇതാണ് അവരുടെ അനിഷേധ്യമായ സവിശേഷത. അത് പ്രാപിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കില്ല. കാരണം, അവരുടെ ആത്മാവുകള്‍ അല്ലാഹുവില്‍ ബന്ധിതമായ പറവകളാണ്; ശരീരങ്ങള്‍ മെലിഞ്ഞുണങ്ങി ദുര്‍ബലമായതും. അവരുടെ കരളുകള്‍ ദിവ്യപ്രേമത്താല്‍ എരിയുന്ന കനലുകളത്രെ. അല്ലാഹുവിലുള്ള അനുരാഗം അവരെ ഭരിക്കുകയാണ്. അവരുടെ അവയവങ്ങളെയും ശരീരസന്ധികളെയും അത് കീഴടക്കിയിരിക്കുന്നു. ആ അവയവങ്ങളില്‍ നിറയെ ദൈവപ്രേമമാണ്. അവനുമായുള്ള സാമീപ്യത്തിന്റെ പ്രകാശത്താല്‍ നിര്‍ഭരമാണ്. സ്‌നേഹത്തിന്റെ സുന്ദരപ്രഭാവം, അഗാധമായ ദിവ്യജ്ഞാനത്തിന്റെയും ദിവ്യാനുഭൂതിയുടെയും അടയാളങ്ങള്‍ അവരുടെ മേല്‍ ഒളിമിന്നുന്നു.

'നിന്നില്‍നിന്നും എനിക്ക് പരിചിതമല്ലാത്ത കുളിര്‍ക്കാറ്റ് മണക്കുന്നു; ശവമാണെന്നാ കരുതിയത്; പക്ഷേ, നിന്നില്‍ ഒഴുകുന്നത് പരിമളപ്പുഴയോ?!'

നമ്മുടെ ഗുരുക്കന്മാരുടെ സ്ഥിതിയോ? ഞാന്‍ അവരെ ദൈവദൂതന്മാരുടെ പ്രതിനിധികളോട് സാദൃശ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ മലക്കുകള്‍ ആണെങ്കില്‍ ഇവര്‍ പ്രവാചകശിഷ്യന്മാര്‍. ഇവര്‍ക്ക് നബിമാരുമായി നല്ല പൊരുത്തം കാണാം. അല്ലാഹുവിന്റെ ദീന്‍ നിലനിര്‍ത്താനും അതിനെ സഹായിക്കാനും, അതിനെതിരെ വരുന്ന ആക്രമണങ്ങള്‍ നാക്കും തൂലികയും തടിയും ഉപയോഗിച്ച് തടുക്കാനും അവര്‍ പരിശ്രമിക്കുന്നു; അല്ലാഹു ഇഷ്ടപ്പെടുന്ന വിധം ദീന്‍ നിലനിര്‍ത്താനുള്ള അവരുടെ ആര്‍ത്തിയും ആവേശവും അവര്‍ കാണിക്കുന്നു. അതാണ് ഇവരെ ഇങ്ങനെ സദൃശപ്പെടുത്താന്‍ നിദാനം. ഇതത്രെ ഇവരുടെ അനിഷേധ്യമായ സവിശേഷത. മുകളില്‍ പരാമര്‍ശിച്ച സ്വൂഫികള്‍ക്ക് ഇപ്പണി വഴങ്ങില്ല.

സ്വൂഫികള്‍ക്ക് മാത്രമുള്ള, മറ്റാരിലും ഇല്ലാത്ത സവിശേഷതയുടെ ഉദാഹരണം ഇങ്ങനെയാണ്: ഒരാള്‍ മാലികീ മദ്ഹബ് വിശദമായി അറിയാന്‍ ആഗ്രഹിച്ചുവെന്ന് കരുതുക. തീര്‍ച്ചയായും, അത് മാലികീ മദ്ഹബ് വക്താക്കളുടെ അടുക്കല്‍ മാത്രമേ കാണൂ. ആ വിദ്യാര്‍ഥി നമ്മുടെ ശൈഖന്മാരുടെ അടുക്കല്‍ വന്നുവെന്നിരിക്കട്ടെ, മാലികീ മദ്ഹബ് സാമാന്യമായി പരിചയപ്പെടാം എന്നല്ലാതെ കൃത്യമായ അതിന്റെ രൂപഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല. കാരണം, അത് അനുഗമിക്കുന്ന ആളുകള്‍ക്കേ കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയൂ. വിദ്യാര്‍ഥിക്ക് അതിന്റെ ശരിയായ ശൈലി മനസ്സിലായാല്‍ മാത്രമേ മതിയാകൂ. അതുപോലെയാണ്, ദീനിന്റെ/വിശ്വാസ കര്‍മങ്ങളുടെ പൊരുളുകള്‍ അന്വേഷിക്കുന്ന വ്യക്തിയുടെ സ്ഥിതിയും. അത് ലഭിക്കാന്‍ അതിന്റെ ആളുകളുടെ അടുക്കല്‍ പോകണം. എന്നാല്‍, നമ്മുടെ ഫുഖഹാക്കളാകുന്ന ശൈഖന്മാരുടെ അരികില്‍ വന്നാല്‍, അവരുടെ അറിവ് അനുസരിച്ചും അനുഷ്ഠിക്കുന്ന അളവിലും ലഭിച്ചേക്കും, അത്രമാത്രം.

എന്നാല്‍, സ്വൂഫികളുടെ രീതിശാസ്ത്രം, നമ്മുടെ ശൈഖുമാര്‍ അനുഗമിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ ഇല്ലാതെ സ്വയംപര്യാപ്തത കൈവരിക്കില്ല. കാരണം, അവ സംരക്ഷിക്കാനുള്ള അടിക്കല്ലുകള്‍ അവയാണ്. അല്ലാത്തപക്ഷം, ആ സ്വൂഫിരീതിയെല്ലാം നിഷ്പ്രഭമായിത്തീരും. അതിന് ഒരു അടിത്തറയും ഉണ്ടാകില്ല.

എനിക്കെന്റെ ദീന്‍ പൂര്‍ത്തിയാക്കാനും എന്റെ വഴിയും സ്ഥിതിയും മനസ്സിലാക്കാനും സഹായകമായ ശൈഖിനെ കാണാന്‍ സാധിപ്പിച്ചുകൊണ്ട് എന്റെ അന്വേഷണ യാത്ര പൂര്‍ത്തിയാക്കിയ, എന്റെ തേട്ടങ്ങള്‍ സമാഹരിച്ചുതന്ന അല്ലാഹുവിന് സ്തുതി.

ഹലാലും ഹറാമും വിവരിച്ചുതന്ന ഗുരുവര്യരെ ഞാന്‍ ആദ്യം കണ്ടു. പിന്നെ, ആരാധ്യന്റെ യാഥാര്‍ഥ്യങ്ങളും അവനിലേക്ക് ചേരാനുള്ള രൂപങ്ങളും വിവരിച്ചുതന്ന ശൈഖന്മാരുമായി കണ്ടുമുട്ടി. തുടര്‍ന്ന്, വിശ്വാസകാര്യങ്ങളുടെയും കര്‍മങ്ങളുടെയും ദര്‍ശനങ്ങളുടെയും അവസ്ഥകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഖുര്‍ആനും സുന്നത്തും വിവരിച്ചുതന്ന മഹാ മനീഷികളുമായി ഞാന്‍ സന്ധിച്ചു.

ഞാന്‍ ആഗ്രഹിക്കുന്നു, അല്ലാഹുവിന്റെ ഔദാര്യത്താല്‍, ആ മഹാഗുരുക്കളുടെ ത്വരീഖത്ത് രീതി അവലംബിച്ച് ആത്മീയജീവിതം നയിക്കാന്‍, എന്റെ ദീനിന്റെ പ്രമാണങ്ങള്‍ സമീപിക്കുന്നതിലും വിശ്വാസ-കര്‍മ-അവസ്ഥകളില്‍ അത് പിന്തുടരുന്നതിലും ഇവരുടെ മാര്‍ഗം പിന്തുടരാന്‍ അല്ലാഹു ഉതവി നല്‍കുമെന്ന്. എന്റെ സ്വൂഫി സുഹൃത്തുക്കളായ സഹോദരങ്ങളുടെ ഹഖാഇഖിന്റെ അവസ്ഥകള്‍ നല്‍കി അല്ലാഹു എന്നെ അനുഗ്രഹിക്കട്ടെ. ദൈവസാമീപ്യം സംബന്ധമായ പൊരുളുകള്‍, അവനില്‍ ചെന്നെത്തുന്ന പദവികളുടെയും അവന്റെ ഇഷ്ടനാകാന്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളുടെയും യഥാര്‍ഥ അവസ്ഥകള്‍, അവന്റെ പ്രത്യേകക്കാരില്‍ പെടുന്ന വഴികള്‍, ഉടമയെ അടിമയും ദാസനെ ആരാധ്യനും ഏറ്റെടുക്കുന്ന വിലായത്തിന്റെ സംഗതികള്‍ അവന്‍ കനിഞ്ഞരുളട്ടെ.

ഞാന്‍ അല്ലാഹുവിങ്കല്‍നിന്നും വിനീതമായി ആഗ്രഹിക്കുന്നു: ഈ അറിവിലും വിശ്വാസത്തിലും കര്‍മത്തിലും മരണപ്പെട്ട് അതേ നിലയില്‍ അവന്‍ എന്നെ മഹ്ശറില്‍ ഒരുമിച്ചുകൂട്ടണമെന്ന്. പൂര്‍ണതയില്‍ എത്തിക്കുന്ന ഇതേ സ്വൂഫി അവസ്ഥയില്‍നിന്നും പിടിവിടാതെ. ഞാനാദ്യം പരാമര്‍ശിച്ച ആ കൂട്ടരുടെ സഹവാസത്തില്‍നിന്നും എന്നെ ഇഹലോകത്തും പരലോകത്തും നീ കാക്കണേ. അവരെ നേര്‍വഴിയിലാക്കാന്‍, അന്ധരുടെ വഴിയില്‍നിന്നും പുറത്തുകൊണ്ടുവന്ന് അവന്‍ അനുഗ്രഹിച്ചവരുടെ-കോപത്തിന് പാത്രമായവരുടെയും പിഴച്ചു സഞ്ചരിക്കുന്നവരുടെയും വഴിയല്ല- വഴിയിലേക്ക് അവരെ പ്രവേശിപ്പിക്കാന്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കുന്നു.
അവന്‍ നമുക്കേവര്‍ക്കും മാപ്പ് നല്‍കട്ടെ.

അല്ലാഹുവിന് സ്തുതി. അവന്‍ ഏകന്‍. നമ്മുടെ നേതാവ് മുഹമ്മദ് നബിക്കും അവിടുത്തെ ബന്ധുമിത്രങ്ങള്‍ക്കും അനുചരന്മാര്‍ക്കും അവന്റെ സ്വലാത്തും സലാമും ആശീര്‍വദിക്കുന്നു, അന്ത്യനാള്‍ വരേക്കും. 
(അവസാനിച്ചു)
 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top