ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുനരാവിഷ്‌കാരം 

‌‌

ബോധനം ഈ ലക്കം ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങളെ കേന്ദ്രീകരിച്ച് തയാറാക്കിയിട്ടുള്ളതാണ്. 'രാഷ്ട്രീയ പരീക്ഷണങ്ങള്‍' എന്ന് പറയുന്നത് ബോധപൂര്‍വം തന്നെ. കാരണം അവ ഇസ്‌ലാമിക രാഷ്ട്രീയത്തെ ഈ കാലത്ത് ഭൂമിയില്‍ എങ്ങനെ 'പൊസിഷന്‍' ചെയ്യണം എന്നതിന്റെ അവസാന വാക്കുകളല്ല. എല്ലാവരും ചേര്‍ന്നെടുത്ത ഏകോപിത തീരുമാനങ്ങളുമല്ല. ഒരോ രാജ്യത്തും അതാത് രാജ്യത്തെ ഇസ്‌ലാമിസ്റ്റുകള്‍ തെരഞ്ഞെടുത്ത രീതികള്‍ മാത്രമാണത്.
പത്ത് വര്‍ഷം മുമ്പ് ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച വര്‍ത്തമാനങ്ങള്‍ ഒരളവോളം സൈദ്ധാന്തിക വ്യായാമങ്ങളായിരുന്നു. പ്രമാണബദ്ധമായ വിശകലനങ്ങള്‍. എന്നാല്‍ 2010 ഡിസംബറോടെ ആരംഭിച്ച അറബ് വസന്തം ആ സൈദ്ധാന്തിക വ്യായാമങ്ങളെ ഭൂമിയിലിറക്കാന്‍ നിര്‍ബന്ധിച്ചു. കാരണം അല്‍ ഇസ്‌ലാമു ഹുവല്‍ ഹല്ല് (ഇസ്‌ലാമാണ് പരിഹാരം) എന്ന മുദ്രാവാക്യമുയര്‍ത്തിയ ഇസ്‌ലാമിസ്റ്റുകളെയാണ് വസന്തം നടന്ന തുനീഷ്യയിലും ഈജിപ്തിലും മൊറോക്കോയിലും ജനങ്ങള്‍ സ്വേഛാധിപതികള്‍ക്ക് പകരമായി അധികാരത്തില്‍ പ്രതിഷ്ഠിച്ചത്. ലിബിയയിലും യമനിലുമാകട്ടെ അവര്‍ അധികാര പങ്കാളികളായി. തുര്‍ക്കിയിലും ബംഗ്ലാദേശിലും അതിനുമുമ്പേ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയിട്ടുണ്ടായിരുന്നു. 
അപ്രതീക്ഷിതമായ ഈ അധികാരാരോഹണം ഇസ്‌ലാമിസ്റ്റുകളെ കുറച്ചൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയത്. ഇസ്‌ലാമാണ് പരിഹാരമെന്ന അവരുയര്‍ത്തിയ മുദ്രാവാക്യത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ പരിഹാരങ്ങളായിരുന്നു ജനങ്ങളില്‍ ഏറ്റവും പ്രതീക്ഷയുയര്‍ത്തിയിരുന്നത്, മറ്റു പ്രശ്‌നങ്ങളുടെയൊക്കെ പരിഹാരമതായിരുന്നതുകൊണ്ട്. എന്നാല്‍ പലയിടങ്ങളിലും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കായില്ല.  പുതിയ ലോകത്തെ യാഥാര്‍ഥ്യങ്ങളില്‍ അവര്‍ മൂര്‍ത്തമായ സമീപനങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ലായിരുന്നു എന്നതാണ് കാരണം. ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, ന്യൂനപക്ഷ അവകാശങ്ങള്‍, നിയമത്തിന്റെ ദൈവിക സ്രോതസ്സ്, മതരാഷ്ട്രം തുടങ്ങിയ കുറേ വിഷയങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. തുനീഷ്യയില്‍ ശൈഖ് റാശിദുല്‍ ഗന്നൂശി എന്ന ചിന്തകനുണ്ടായതുകൊണ്ട് അവിടത്തെ ഇസ്‌ലാമിസ്റ്റുകള്‍ ഇത്തരം സമസ്യകളുമായി ഇസ്‌ലാമിക രാഷ്ട്രീയത്തെ നല്ലൊരളവോളം സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. മൊറോക്കോയിലെ ഇസ്‌ലാമിസ്റ്റുകള്‍ രാജാധിപത്യത്തെ ഇസ്‌ലാമിക രാഷ്ട്രീയവുമായി ഇഴചേര്‍ത്ത് നടത്തിയ പരീക്ഷണവും പതറിവീഴാതെ പിടിച്ചുനിന്നു. എന്നാല്‍ ഈജിപ്തില്‍ ഇത്തരം ദാര്‍ശനിക സമസ്യകളെ അഭിസംബോധന ചെയ്യാന്‍ മാത്രം പക്വമായിരുന്നില്ല ഇസ്‌ലാമിക രാഷ്ട്രീയം. വസന്തത്തിന് ആദ്യ തിരിച്ചടിയേറ്റ രാഷ്ട്രം ഈജിപ്തായത് ഇക്കാരണങ്ങള്‍ കൊണ്ട് മാത്രമല്ലെങ്കിലും ഇതും ഒരു കാരണമായി എന്നത് നിഷേധിക്കാനാവില്ല. തുര്‍ക്കിയില്‍ നേരത്തേയുണ്ടായിരുന്ന അവസ്ഥകള്‍ രണ്ടായിരത്തിമൂന്നോടെ ഇസ്‌ലാമിസ്റ്റുകള്‍ മെച്ചപ്പെടുത്തി. ബംഗ്ലാദേശില്‍ കടുത്ത തിരിച്ചടികള്‍ നേരിട്ടു. അഫ്ഗാനിസ്താനിലും പാകിസ്താനിലും അടിപതറി. 
പല കാര്യത്തിലുമെന്നപോലെ രാഷ്ട്രീയത്തിലും അടിസ്ഥാനങ്ങള്‍ മാത്രമാണ് ഖുര്‍ആനും സുന്നത്തും നല്‍കിയിട്ടുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാകുന്ന വിഷയങ്ങളില്‍ അടിസ്ഥാനങ്ങള്‍ മാത്രം നല്‍കി അവസാനിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ രീതി. ഓരോ കാലഘട്ടത്തിലും അവയെ വികസിപ്പിക്കാന്‍ ഉമ്മത്തിന് സാധിക്കുന്ന വിധമാണ് അവയുടെ ഘടന ഇസ്‌ലാമിക ശരീഅത്തിന്റെ ഈ ഇലാസ്തികത അതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നുമാണ്. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങള്‍ ഒന്നായിരിക്കെത്തന്നെ ഖിലാഫത്തുര്‍റാശിദയില്‍ ഓരോ ഖലീഫയും അവ നടപ്പിലാക്കിയപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയെന്ന് കാണാം. ഇന്ന് വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പരീക്ഷണങ്ങള്‍ വ്യത്യസ്തമാവുന്നതും അതുകൊണ്ടുതന്നെയാണ്. പക്ഷേ, ഇന്ന് നടക്കുന്ന പരീക്ഷണങ്ങളൊക്കെയും പക്വമാണെന്നോ അന്തിമരൂപമാണെന്നോ തീര്‍പ്പിലെത്താനായിട്ടില്ല.
21-ാം നൂറ്റാണ്ടിന്റെ ലബോറട്ടറിയില്‍ ആ പരീക്ഷണങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം. അതിലൂടെ വീണ്ടും പുതിയ കണ്ടെത്തലുകളിലേക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എത്തിപ്പെട്ടേക്കാം. 
ഏതായാലും ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഏറ്റവും  ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാലഘട്ടമാണിത്. മറ്റു രാഷ്ട്രീയ ചിന്തകള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മുസ്‌ലിം നാടുകളില്‍ പൗരന്മാര്‍ പരിഹാരം തേടി ഇസ്‌ലാമിക രാഷ്ട്രീയത്തിലെത്തിയിട്ടുള്ളത്. അവരുടെ മുമ്പില്‍ മുന്തിയ പരിഹാരമായി ഇസ്‌ലാമിക രാഷ്ട്രീയത്തെ അവതരിപ്പിക്കേണ്ട ബാധ്യത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്, വിശിഷ്യാ അവയിലെ പണ്ഡിതന്മാര്‍ക്കും ചിന്തകന്മാര്‍ക്കുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് ഇമാം അബുല്‍ അഅ്‌ലാ മൗദൂദിയും ശഹീദ് സയ്യിദ് ഖുത്വ്ബുമായിരുന്നു. എന്നാല്‍ ഇസ്‌ലാമിലെ രാഷ്ട്രീയം തന്നെ നിഷേധിക്കപ്പെട്ട ഒരു കാലത്ത് രൂപപ്പെട്ടുവന്ന ചിന്തകള്‍ താത്ത്വികമായ ഇസ്‌ലാമിക രാഷ്ട്രീയത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രീകൃതമായിരുന്നു. അതില്‍ ഇസ്‌ലാമിസ്റ്റുകള്‍  വമ്പിച്ച വിജയമാണ് കൈവരിച്ചത്. ഇന്നിപ്പോള്‍ ലോകത്ത് താത്ത്വികമായി ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് സമ്മതിക്കാത്തവര്‍, പ്രായോഗികമായി അവരതിനെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ പോലും വിരളമാണ്. പക്ഷേ, മൗദൂദി-ബന്ന രാഷ്ട്രീയ ചിന്തകളെ വികസിപ്പിക്കുന്നതിലും കാലാനുസൃതമായി പുനര്‍വായിക്കുന്നതിലും ഇസ്‌ലാമിസ്റ്റുകള്‍ വിജയിച്ചില്ല എന്നത് സത്യമാണ്. 
ചുരുക്കത്തില്‍, മഖാസ്വിദുശ്ശരീഅഃ (ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍) മുന്നില്‍ വെച്ച് പ്രമാണങ്ങള്‍ക്കകത്തുനിന്നുകൊണ്ട് പുതിയ കാലത്തിനും ലോകത്തിനും മനസ്സിലാവുന്ന ഭാഷയില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ പുനരവതരിപ്പിക്കാന്‍ കഴിയണം. ലോകരാഷ്ട്രീയത്തെ പുനര്‍ നിര്‍മിക്കാന്‍ ഇസ്‌ലാമിന് കെല്‍പുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമാറ് ഭദ്രസുന്ദരമായിരിക്കണം അത്. നിരന്തരമായ പഠന-ഗവേഷണങ്ങളും ഡിബേറ്റും നടത്തി രൂപപ്പെട്ടുവരേണ്ടതാണത്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top