ഇസ്‌ലാമിക രാഷ്ട്രീയം പാകിസ്താനില്‍

ഒ. അബ്ദുര്‍റഹ്‌മാന്‍‌‌
img

ലോകരാജ്യങ്ങളുടെ ചരിത്രത്തില്‍, ഇസ്‌ലാമിന്റെ പേരില്‍ മാത്രമായി സ്ഥാപിതമായ ഒരേയൊരു രാഷ്ട്രം ഒരുവേള പാകിസ്താനായിരിക്കും. പ്രവാചകന്‍ മുഹമ്മദ് (സ) സ്ഥാപിച്ച ഇസ്‌ലാമിക സ്റ്റേറ്റ് പോലും മദീന എന്ന ഭൂപ്രദേശത്തിന്റെ വ്യവസ്ഥാപിത ഭരണം ഇസ്‌ലാമിക തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്തതിന്റെ സ്വാഭാവിക ഫലമായിരുന്നു. തിരുമേനിയുടെ ശിഷ്യന്മാര്‍ അനന്തരഗാമികളായി ഭരണമേറ്റെടുത്തപ്പോള്‍ ജയിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ ഇസ്‌ലാമിന്റെ അധീശത്വം അംഗീകരിച്ചുകൊണ്ട് തദ്ദേശവാസികളെ തങ്ങളുടെ സാമ്പ്രദായിക ജീവിതരീതി തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. അവര്‍ പിന്നീട് ഇസ്‌ലാമിനെ പഠിക്കുകയും അത് ജീവിതരീതിയായി സ്വമേധയാ സ്വീകരിക്കുകയും ചെയ്തപ്പോള്‍ ആ പ്രദേശങ്ങള്‍ ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഭാഗമായി. ഏഴ് നൂറ്റാണ്ടിലധികം മുസ്‌ലിം ഭരണത്തില്‍ കഴിഞ്ഞിട്ടും ക്രൈസ്തവഭൂരിപക്ഷം പരമ്പരാഗത ജീവിതരീതി കൈയൊഴിയാതിരുന്നതിന്റെ ഉദാഹരണമായിരുന്നു യൂറോപ്പിലെ സ്‌പെയിന്‍.

ഇതിനെല്ലാം അപവാദമായിരുന്നു പാകിസ്താന്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കള്‍ക്കും രണ്ടാമത്തെ വലിയ സമുദായമായ മുസ്‌ലിംകള്‍ക്കും ഭിന്ന സംസ്‌കാരവും പൈതൃകവും ജീവിതരീതിയുമാണുള്ളത് എന്നതിനാല്‍ ഒരേ രാഷ്ട്രത്തിലെ തുല്യപൗരന്മാരായി കഴിയാന്‍ സാധ്യമല്ലെന്നതുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ ചേര്‍ത്ത് ഒരു മുസ്‌ലിം രാഷ്ട്രമുണ്ടാക്കണമെന്ന് സര്‍വേന്ത്യാ മുസ്‌ലിം ലീഗും അതിന്റെ സുപ്രീമോ മുഹമ്മദലി ജിന്നയും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് പാകിസ്താന്‍. അതീവ സങ്കീര്‍ണമായ ഈ രാഷ്ട്ര നിര്‍മിതിക്ക് മുസ്‌ലിം ലീഗ് മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യത്വവും ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസും ഹിന്ദുരാഷ്ട്ര വാദികളും ഉത്തരവാദികളാണെങ്കിലും ദ്വിരാഷ്ട്ര വാദത്തിന്റെ ശക്തരായ വക്താക്കള്‍ ഖാഇദെ അഅ്‌സമിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് തന്നെയായിരുന്നു എന്നത് തെളിയിക്കപ്പെട്ട സത്യമാണ്. കേവലം ഒരു മതേതര സാമുദായിക രാഷ്ട്രത്തിനു വേണ്ടിയായിരുന്നില്ല അവര്‍ വാദിച്ചിരുന്നതെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1940 മാര്‍ച്ച് 22-ന് ലാഹോറില്‍ നടന്ന സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ദേശീയ സമ്മേളനത്തില്‍ മുഹമ്മദലി ജിന്ന ചെയ്ത പ്രസംഗത്തില്‍നിന്ന്:

''ഹിന്ദുക്കളും മുസ്‌ലിംകളും വ്യത്യസ്ത ദര്‍ശനങ്ങളും സാമൂഹികാചാരങ്ങളും സാഹിത്യവുമുള്ളവരാണ്. അവര്‍ പരസ്പരം വിവാഹം ചെയ്യുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. പരസ്പരം ഏറ്റുമുട്ടുന്ന ആശയങ്ങളുടെയും സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഭിന്ന സംസ്‌കാരങ്ങളാണവരുടേത്. അവരുടെ ജീവിത സങ്കല്‍പം വ്യത്യസ്തമാണ്. വിഭിന്നങ്ങളായ ഇതിഹാസങ്ങളും വീരപുരുഷന്മാരും കഥകളുമാണവരുടേത്. മിക്കപ്പോഴും ഒരു കൂട്ടരുടെ വീരപുരുഷന്‍ മറ്റവരുടെ ശത്രുവായിരിക്കും; നേരെ തിരിച്ചും. അവരുടെ വിജയ പരാജയങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്. ഒരേ സ്റ്റേറ്റില്‍ ഇവ്വിധമുള്ള രണ്ട് ജനതകളെയും കോര്‍ത്തിണക്കുന്നത്, ഒന്ന് ന്യൂനപക്ഷവും മറ്റേത് ഭൂരിപക്ഷവുമായിരിക്കെ, അസംതൃപ്തി വളര്‍ത്തുന്നതിലേക്കാണ് നയിക്കുക. ..നാഷന്‍ എന്ന വാക്കിന്റെ ഏത് നിര്‍വചനപ്രകാരവും മുസല്‍മാന്മാര്‍ ഒരു നാഷനാണ്. അവര്‍ക്ക് അവരുടേതായ ഹോം ലാന്റും ഭൂപ്രദേശവും സ്റ്റേറ്റും ഉണ്ടായേ തീരൂ.

(Speeches and Writings of Mr. Jinnah vol. 1 PP 160-62 quoted by Safdar Mahmood in Pakistan: Political Roots and Development 1947-1999 oxford 2000).

മുസ്‌ലിംകള്‍ വ്യത്യസ്തമായ സംസ്‌കാരവും നാഗരികതയും തദ്വാരാ ദേശീയതയുമുള്ളവരാണെന്ന് ജിന്നാ സാഹിബ് വാദിച്ചപ്പോള്‍ എന്താണദ്ദേഹം ഉദ്ദേശിച്ചിരിക്കുക? അദ്ദേഹം തന്നെ പറയെട്ട:
''സര്‍വ മുസ്‌ലിംകളെയും ഒരേ ശരീരം പോലെയായി വിഭാവനം ചെയ്യുന്ന ബന്ധമെന്താണ്? മുസ്‌ലിം സമുദായത്തിന്റെ അസ്തിവാരം ഏത് ശിലയുടെ പുറത്താണ് പണിതുയര്‍ത്തിയിരിക്കുന്നത്? ഈ സമുദായമാകുന്ന നൗകയെ സുരക്ഷിതമാക്കി നിര്‍ത്തുന്ന പാശമേതാണ്? ആ ബന്ധം, ആ ശില, ആ പാശം ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ ആകുന്നു. നാം മുന്നോട്ടു പോവുംതോറും നമ്മില്‍ കൂടുതല്‍ കൂടുതല്‍ ഐക്യം ഉണ്ടായിത്തീരുമെന്ന് എനിക്ക് ദൃഢവിശ്വാസമുണ്ട്. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു ഗ്രന്ഥം, ഒരു സമുദായം'' (1944-ലെ പ്രസംഗം Quoted in Takbeer-Karachi dt. 17 Sept. 1987).

''ഇന്ത്യയില്‍ ആദ്യത്തെ അമുസ്‌ലിം മുസ്‌ലിമായ അതേ ദിവസം തന്നെ പാകിസ്താന്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. ഇവിടെ മുസ്‌ലിം ഭരണകൂടം നിലവില്‍ വന്ന കാലത്തെ വസ്തുതയാണിത്. ഇന്ത്യ വിഭജിക്കേണ്ടത് എന്തുകൊണ്ട്? ഹിന്ദുക്കളുടെ സങ്കുചിതത്വമോ ബ്രിട്ടീഷുകാരുടെ കുതന്ത്രമോ ഒന്നുമല്ല ഇസ്‌ലാമിന്റെ ആവശ്യമാണത് എന്നതുകൊണ്ടാണത്'' (1944 മാര്‍ച്ച് 8 Ibid).

അപ്പോള്‍ കാര്യം വ്യക്തമാണ്. ഇന്ത്യയുടെ വിഭജനത്തിലേക്കും പാകിസ്താന്‍ രൂപവത്കരണത്തിലേക്കും നയിച്ച കാരണങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച വിശകലനങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളുമെന്തായാലും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും പാകിസ്താന്‍ വാദത്തെയും മുസ്‌ലിം സമൂഹത്തിന്റെ മുമ്പാകെ പാകിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന അവതരിപ്പിച്ചത് അത് ഇസ്‌ലാമിന്റെ ആവശ്യവും ഇസ്‌ലാമിക രാഷ്ട്ര നിര്‍മിതിയുടെ അനുപേക്ഷ്യതയും ശക്തമായി ഊന്നിക്കൊണ്ടുതന്നെയാണ്. എന്നാല്‍, ഭാവി രാഷ്ട്രത്തിന്റെ ഭരണഘടനാ തത്ത്വങ്ങളെ കുറിച്ചോ അത് യാഥാര്‍ഥ്യമായാല്‍ ഏത് ദിശയില്‍, എങ്ങനെ മുന്നോട്ടു പോവും എന്നതിനെ കുറിച്ചോ വിശദാംശങ്ങളിരിക്കട്ടെ, സൂചനകള്‍ പോലും ജിന്നയോ മുസ്‌ലിം ലീഗ് നേതാക്കളോ നല്‍കിയിരുന്നില്ല. മുസ്‌ലിം ജനസാമാന്യത്തിന്റെ ഇസ്‌ലാമുമായുള്ള വൈകാരിക ബന്ധവും ഖിലാഫത്ത് തകര്‍ത്തതില്‍ പങ്കുവഹിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളോടുള്ള അമര്‍ഷവും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് കഷ്ണങ്ങളിലെങ്കിലും ഖിലാഫത്ത് പുനഃസ്ഥാപിക്കാമെന്ന മോഹവും പരമാവധി ജ്വലിപ്പിച്ച് പാകിസ്താന്‍ നേടാമെന്നാണ് അതിന്റെ പ്രണേതാക്കള്‍ കരുതിയതെന്ന് വിശ്വസിക്കാന്‍ ന്യായമുണ്ട്. എന്നാല്‍ ഖിലാഫത്ത് ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തിന്റെ ആണിക്കല്ലായിരിക്കെ അതേപ്പറ്റി തീര്‍ത്തും അജ്ഞരായ നേതാക്കളും മുസ്‌ലിം ബഹുജനവും എവ്വിധമാണ് ഇസ്‌ലാമിക ഭരണക്രമം സ്ഥാപിക്കുകയോ അത് നടപ്പാക്കുകയോ ചെയ്യുക എന്ന ചോദ്യം മര്‍മപ്രധാനമായിരുന്നു. 1920-കളിലെ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ 'അല്‍ജംഇയ്യത്ത്' പത്രാധിപരായിരിക്കെ സജീവപങ്കാളിത്തം വഹിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വൈകാെത അതില്‍നിന്ന് പിന്മാറിയതിന്റെ കാരണം പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. ഏതൊരു രാജ്യത്തെ ഖിലാഫത്ത് തകര്‍ന്നതിന്റെ പേരില്‍ നാം പ്രക്ഷോഭ രംഗത്തിറങ്ങിയോ ആ രാജ്യത്തെ ജനത തന്നെയാണ് അതിന്റെ അന്ത്യം കുറിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം ഇസ്‌ലാമിന്റെ രാഷ്ട്രീയവും അതിന്റെ ഭാഗമായ ഖിലാഫത്തും എന്താണ്, എന്തിനാണ് എന്ന് സമുദായത്തെ ബോധ്യപ്പെടുത്തിയിട്ടു മതി ഇമ്മാതിരി കാര്യങ്ങളില്‍ ഇടപെടാന്‍ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് മൗദൂദി പറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ അദ്ദേഹം പാകിസ്താന്‍ രൂപവത്കരണത്തോട് വിയോജിച്ചതും. ഒരിസ്‌ലാമിക സ്റ്റേറ്റ് എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാത്തവര്‍ ഇസ്‌ലാമിന്റെ പേരില്‍ രാഷ്ട്രനിര്‍മിതിക്ക് തുനിഞ്ഞാല്‍ അത് ഇസ്‌ലാമിനുതന്നെ അപകീര്‍ത്തികരമാവും എന്ന ഉറച്ച ബോധ്യമായിരുന്നു മൗദൂദിക്ക്. രണ്ടാമതായി, ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവിയെക്കുറിച്ചും മൗലാനാ അബുല്‍ കലാം ആസാദിനെ പോലെ തന്നെ അദ്ദേഹം തീര്‍ത്തും ആശങ്കാകുലനായിരുന്നു.

പക്ഷേ, ആരെന്തു വിചാരിച്ചാലും അനേകായിരം ഹിന്ദു-മുസ്‌ലിം സ്ത്രീപുരുഷന്മാരുടെ കശാപ്പിലും രക്തരൂഷിത കലാപത്തിലും കലാശിച്ച രാജ്യവിഭജനം യാഥാര്‍ഥ്യമായി, 1947 ആഗസ്റ്റ് 14-ന് പാകിസ്താന്‍ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രം ഭൂലോക ഭൂപടത്തില്‍ അടയാളപ്പെടുകയും ചെയ്തു. അതിനിടയിലും തുടര്‍ന്നും നടന്ന വേദനാജനകമായ സംഭവങ്ങള്‍ അഭയാര്‍ഥികളിലൊരാളായി ലാഹോറിലെത്തിയ മൗദൂദിയുടെ ഓര്‍മക്കുറിപ്പുകളിലുണ്ട്. ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ സര്‍വസ്വം നഷ്ടപ്പെട്ട് ജീവന്‍ പണയപ്പെടുത്തി പശ്ചിമ പാകിസ്താനിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നപ്പോള്‍ അവരെ ആശ്വസിപ്പിക്കാനും അവര്‍ക്കഭയം നല്‍കാനും പുനരധിവസിപ്പിക്കാനുമായിരുന്നു മൗദൂദിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുവന്‍ ശ്രദ്ധയും. അതേയവസരത്തില്‍ പുതിയ രാഷ്ട്രത്തിന്റെ സ്രഷ്ടാക്കളോ? അഭയം തേടിയെത്തിയവരെ കൊള്ളയടിക്കാനും സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്താനുമാണ് അവര്‍ അവസരമുപയോഗിച്ചത്. മൗദൂദിയുടെ പുത്രി ഹുമൈറാ മൗദൂദിയുടെ വാക്കുകളില്‍:

''മൃതശരീരങ്ങള്‍ മറവു ചെയ്തതില്‍ പിന്നെ ജമാഅത്ത് പ്രവര്‍ത്തകര്‍ അഭയാര്‍ഥി ക്യാമ്പുകളുടെ ചുമതലയേറ്റു. പക്ഷേ, അതിനിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില പാകിസ്താന്‍ ദേശീയവാദികളും കൊള്ളയടി ആരംഭിച്ചുകഴിഞ്ഞിരുന്നു. അഭയാര്‍ഥികള്‍ക്ക് സംഭാവനയായി ലഭിച്ച ടെന്റുകളും കമ്പിളികളും ഭക്ഷ്യവസ്തുക്കളും അവര്‍ അടിച്ചുമാറ്റി. അന്യരുടെ കൈയേറ്റത്തില്‍നിന്ന് എങ്ങനെയോ രക്ഷപ്പെട്ട്, തങ്ങളുടെ മാതാപിതാക്കളുടെ രക്തസാക്ഷിത്വം കണ്‍മുന്നില്‍ കണ്ടോ അവരില്‍നിന്ന് പറിച്ചെറിയപ്പെട്ടോ നിരാശ്രയരായി എവ്വിധമോ പാകിസ്താനിലെത്തിപ്പെട്ട പെണ്‍കുട്ടികളുടെ ശരീരങ്ങളില്‍ പോലും പാകിസ്താന്‍ ദേശീയവാദികള്‍ കൈവെക്കാന്‍ തുടങ്ങി എന്നു കേട്ടപ്പോള്‍ വല്ലാത്ത ദുഃഖം തോന്നി. പത്രങ്ങളില്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പുറമെ പീഡിതരായ പെണ്‍കുട്ടികള്‍ പിതാവിന്റെ (മൗദൂദിയുടെ) അടുക്കല്‍ വന്ന് കരഞ്ഞുപറഞ്ഞു പാക്കിസ്താനില്‍ എത്തിയിട്ടും ഞങ്ങളുടെ മാനം സൂക്ഷിക്കാനായില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എങ്ങോട്ട് പോവണം?'' (ശജര്‍ ഹായെ സിയെദാര്‍ യ്യ ഹുമൈറാ മൗദൂദി, മര്‍കസി മക്തബ ഇസ്‌ലാമി പബ്ലിഷേഴ്‌സ്, ന്യൂദല്‍ഹി 25).
ഇത്രയും ധാര്‍മികമായി അധഃപതിച്ച ഒരു പ്രസ്ഥാനത്തിന് ഒരിസ്‌ലാമിക രാഷ്ട്രത്തിന്റെ സ്രഷ്ടാക്കളോ വക്താക്കളോ നടത്തിപ്പുകാരോ ആവാന്‍ കഴിയുന്നതെങ്ങനെ എന്നാരും അമ്പരന്നുപോവും. എന്നിരുന്നാലും പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയോ മറ്റ് മത-പണ്ഡിത സംഘടനകളോ വെറുതെയിരുന്നില്ല. പാകിസ്താന് ഒരു ഇസ്‌ലാമിക ജനാധിപത്യ ഭരണഘടന നിര്‍മിക്കാന്‍ വേണ്ടി അവര്‍ നവരാഷ്ട്ര നിര്‍മാതാക്കളില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി. തദ്ഫലമായി 1949 മാര്‍ച്ച് ഏഴിന് നാഷ്‌നല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ലക്ഷ്യപ്രഖ്യാപന പ്രമേയം (ഠവല ഛയഷലരശേ്‌ല െഞലീഹൌശേീി) അംഗീകരിച്ചു. അതിലെ പ്രധാന പോയന്റുകള്‍:
1. അഖില പ്രപഞ്ചത്തിന്റെയും പരമാധികാരം സര്‍വശക്തനായ ദൈവത്തിന് മാത്രമാകയാല്‍ സ്വന്തം ജനത മുഖാന്തരം പാകിസ്താന് അവന്‍ നല്‍കിയ അധികാരം പ്രയോഗിക്കുന്നത് അവന്‍ നിശ്ചയിച്ച പരിധികള്‍ക്ക് വിധേയമായിരിക്കും, വിശുദ്ധമായ ഒരു അമാനത്ത് എന്ന നിലയില്‍.
2. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി അതില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പ്രയോഗിക്കുന്നത് പൂര്‍ണമായും ഇസ്‌ലാം അനുശാസിക്കുന്ന ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സഹിഷ്ണുതയുടെയും സാമുദായിക നീതിയുടെയും തത്ത്വങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും.
3. ഖുര്‍ആനിലും സുന്നത്തിലും രേഖപ്പെട്ട ഇസ്‌ലാമിക അധ്യാപനങ്ങളും ആവശ്യങ്ങളും അനുസരിച്ച് വ്യക്തിപരവും സാമൂഹികവുമായ ജീവിതം ക്രമപ്പെടുത്താന്‍ മുസ്‌ലിംകളെ പ്രാപ്തരാക്കും.
4. ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ മതം പ്രചരിപ്പിക്കാനും പ്രയോഗവത്കരിക്കാനും സംസ്‌കാരങ്ങളെ വികസിപ്പിക്കാനും ഉറപ്പുനല്‍കുന്ന ഖണ്ഡിക ഭരണഘടനയിലുണ്ടാവും
(ണവീ ശ െങമൗറീീറശ, യ്യ ങമൃ്യമാ ഖമാലലഹമ).
എന്നാല്‍ ലക്ഷ്യപ്രഖ്യാപന പ്രമേയം അംഗീകരിക്കപ്പെട്ട ശേഷം തദടിസ്ഥാനത്തിലുള്ള ഭരണഘടനാ നിര്‍മാണം അനിശ്ചിതമായി നീണ്ടു. ഗൗരവതരമായ നടപടികള്‍ ആ ദിശയില്‍ നടന്നില്ല. പകരം ഒരു ഇസ്‌ലാമിക ഭരണഘടനയുടെ നിര്‍മാണം അസാധ്യവും അപ്രായോഗികവുമാണെന്ന് വരുത്താനുള്ള പ്രചാരണങ്ങള്‍ ബോധപൂര്‍വം നടത്തപ്പെട്ടു. മുസ്‌ലിം ലീഗ് നേതാക്കളും സെക്യുലര്‍ ബുദ്ധിജീവികളും അഹ്‌മദികളുമായിരുന്നു പ്രചാരണങ്ങളുടെ സൂത്രധാരന്മാര്‍. 'പാകിസ്താനില്‍ ശരീഅത്ത് നടപ്പാക്കിയാല്‍ 90 ശതമാനം പൗരന്മാരുടെയും കൈ മുറിക്കേണ്ടി വരും' എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയും പ്രമുഖ ലീഗ് നേതാവുമായ മിയാന്‍ മുംതാസ് ദൗലത്താനയുടെ മുന്നറിയിപ്പ്. സുന്നി-ശീഈ വിഭാഗങ്ങളുടെയും വിവിധ സുന്നി മദ്ഹബുകളുടെയും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെ എങ്ങനെയാണ് ഏകീകൃത സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ക്രോഡീകരിക്കുക എന്ന് മതേതര ബുദ്ധിജീവികള്‍ ചോദിക്കാന്‍ തുടങ്ങി. ഇസ്‌ലാമിക സ്റ്റേറ്റില്‍ അമുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം എത്രത്തോളമെന്നതായിരുന്നു മറ്റൊരു വിവാദ വിഷയം. ഖാഇെദ അഅ്‌സമിന്റെ വാഗ്ദാനങ്ങളും വിഭജനത്തിനാധാരമായ ഇസ്‌ലാമിക സ്റ്റേറ്റ് രൂപവത്കരണം എന്ന ലക്ഷ്യവുമൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് പാശ്ചാത്യ മാതൃകയിലുള്ള ഒരു സമ്പൂര്‍ണ സെക്യുലര്‍ രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് ബോധ്യപ്പെട്ട സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുന്‍കൈയെടുത്ത് മുഴുവന്‍ മുസ്‌ലിം സംഘടനകളെയും പ്രതിധീകരിക്കുന്ന പണ്ഡിതന്മാരുടെ ഒരു സമ്മേളനം 1951 ജനുവരി 21-24 തീയതികളില്‍ കറാച്ചിയില്‍ വിളിച്ചു ചേര്‍ക്കപ്പെട്ടു. പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ദയൂബന്തി, ബറേല്‍വി, അഹ്‌ലെ ഹദീസ്, ശീഈ വിഭാഗങ്ങളില്‍ നിന്നായി 31 പ്രമുഖ പണ്ഡിതന്മാര്‍ പെങ്കടുത്തിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഭാവി ഭരണഘടനക്ക് അടിസ്ഥാനമാവേണ്ട 22 ഇന പരിപാടി ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. പ്രധാന പോയന്റുകള്‍:
1. അന്തിമമായ അധീശാധികാരവും നിയമനിര്‍മാണാധികാരവും സര്‍വശക്തനായ അല്ലാഹുവിനായിരിക്കും.
2. രാജ്യത്തിന്റെ നിയമം ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ഖുര്‍ആനും സുന്നത്തിനും വിരുദ്ധമായ ഒരു നിയമമോ ചട്ടമോ നിര്‍മിക്കാന്‍ പാടില്ല.
3. ഭൂമിശാസ്ത്രപരമോ ഭാഷാപരമോ മറ്റേതെങ്കിലും ഭൗതികവാദപരമോ ആയ സങ്കല്‍പങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കരുത് സ്റ്റേറ്റ്; ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ തത്ത്വങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനപ്പെടുത്തി ആയിരിക്കണം.
6. മത വംശീയ ഭേദം കൂടാതെ, തൊഴിലില്ലായ്മയോ രോഗമോ മറ്റ് കാരണങ്ങളാേലാ ഉപജീവനമാര്‍ഗമില്ലാത്ത എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന മാനുഷികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്താന്‍ ഭരണകൂടം ബാധ്യസ്ഥമായിരിക്കും.
7. മുഴുവന്‍ പൗരന്മാര്‍ക്കും നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് ജീവ, ധന, മാനാദികള്‍ക്ക് സംരക്ഷണവും മത, വിശ്വാസ, ആരാധനാ സ്വാതന്ത്ര്യങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കൈവശാവകാശ സ്വാതന്ത്ര്യവും അവസര സമത്വവും ഉറപ്പുവരുത്തണം.
9. നിയമ പരിധികള്‍ക്ക് വിധേയമായി എല്ലാ അംഗീകൃത മദ്ഹബുകള്‍ക്കും പൂര്‍ണ മതസ്വാതന്ത്ര്യവും അനുയായികള്‍ക്ക് മതപരമായ നിര്‍ദേശം നല്‍കാനുള്ള അവകാശവും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വന്തം കര്‍മശാസ്ത്ര വീക്ഷണപ്രകാരമായിരിക്കും കൈകാര്യം ചെയ്യപ്പെടുക.
10. അമുസ്‌ലിം പൗരന്മാര്‍ക്ക് നിയമവിധേയമായി മതവും ആരാധനകളും ജീവിതരീതിയും സംസ്‌കാരവും മതവിദ്യാഭ്യാസവും പരിരക്ഷിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. വ്യക്തിനിയമങ്ങള്‍ അവരുടെ മതങ്ങള്‍ക്കനുസൃതമായി കൊണ്ടുനടത്താനും അവര്‍ക്ക് അനുവാദമുണ്ടായിരിക്കും.
19. ജുഡീഷ്യറി സ്വതന്ത്രമായിരിക്കും.
20. ഇസ്‌ലാമിക സ്റ്റേറ്റിന്റെ മൗലിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ വീക്ഷണങ്ങളുടെയും ആദര്‍ശങ്ങളുടെയും പ്രചാരണം വിലക്കപ്പെടുന്നതാണ്.
22. ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ ഭരണഘടനാ വ്യാഖ്യാനങ്ങള്‍ സാധുവായിരിക്കുന്നതല്ല.

സത്യത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെയും ഭരണഘടനയുടെയും മൗലിക തത്ത്വങ്ങള്‍ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഈ പ്രഖ്യാപനം അപ്രായോഗികതയെക്കുറിച്ച എല്ലാ പ്രചാരണങ്ങളെയും അപ്രസക്തമാക്കാന്‍ പര്യാപ്തമായിരുന്നു. ഈ സുചിന്തിത മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ കുറ്റമറ്റ ഒരു ഇസ്‌ലാമിക ജനാധിപത്യ ഭരണഘടനക്ക് രൂപംനല്‍കാന്‍ പാകിസ്താന്റെ ശില്‍പികള്‍ക്കും നേതാക്കള്‍ക്കും സാധിക്കേണ്ടതുമായിരുന്നു. പക്ഷേ, ബ്രിട്ടീഷ് വിദ്യാഭ്യാസവും പരിശീലനവും നേടിയ, ശീമത്തലയന്മാരുടെ ബ്യൂറോക്രസിക്കോ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുപരി മറ്റൊരു അജണ്ടയുമില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിനോ അതില്‍ താല്‍പര്യമില്ലായിരുന്നു എന്നു മാത്രമല്ല ശരീഅത്ത് ഒരു കാരണവശാലും രാജ്യത്ത് നടപ്പാക്കരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഒരു മതേതര രാഷ്ട്ര നിര്‍മിതിയാണ് ലക്ഷ്യമിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഒരു ഇസ്‌ലാമിക ഭരണഘടനക്കുവേണ്ടി അദ്ദേഹം മത പണ്ഡിതന്മാരോട് ആവശ്യപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും 1948 സെപ്റ്റംബര്‍ 11-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതിനാല്‍ പിന്‍ഗാമിയായ ലിയാഖത്ത് അലി ഖാനിലാണ് ഭരണഘടനക്കു വേണ്ടിയുള്ള പ്രതീക്ഷകള്‍ അര്‍പ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിനുശേഷം, ലക്ഷ്യപ്രഖ്യാപന പ്രമേയം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗീകരിച്ചതാണ് ഏറ്റവും സുപ്രധാന സംഭവം എന്നദ്ദേഹം പറഞ്ഞിരുന്നതുമാണ്. പക്ഷേ, 1951 ഒക്‌ടോബര്‍ 16-ന് അദ്ദേഹം വധിക്കപ്പെടുന്നതുവരെ ഭരണഘടനാ നിര്‍മാണത്തിലേക്ക് ക്രിയാത്മക കാല്‍വെപ്പുകളൊന്നും നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമി ഖാജാ നാസിമുദ്ദീന്‍, അടിസ്ഥാന തത്ത്വങ്ങള്‍ തയാറാക്കാന്‍ നിയുക്തമായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 1952 ഡിസംബര്‍ 22-ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഭരണഘടനാ ചട്ടക്കൂടായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. രാഷ്ട്രത്തലവനും പ്രവിശ്യാ ഗവര്‍ണര്‍മാരും ഇസ്‌ലാമിക നിയമവിദഗ്ധരുടെ ഒരു ബോര്‍ഡ് രൂപവത്കരിക്കണമെന്നും നിയമനിര്‍മാണ സഭകള്‍ പാസാക്കുന്ന ഒരു നിയമവും ഖുര്‍ആനിനോ സുന്നത്തിനോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കുകയാണ് ഉലമാ ബോര്‍ഡിന്റെ ചുമതലയെന്നുമുള്ള ശിപാര്‍ശയായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടിലെ സുപ്രധാന ഖണ്ഡിക. പക്ഷേ, ബേസിക് പ്രിന്‍സിപ്പ്ള്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ പല കോണുകളില്‍നിന്നും എതിര്‍പ്പുകള്‍ വന്നു. അതിനിടെയാണ് 1952-53 കാലത്ത് പഞ്ചാബില്‍ ഖാദിയാനിവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭരണയന്ത്രത്തില്‍ ഖാദിയാനികള്‍ ചെലുത്തിക്കൊണ്ടിരുന്ന അസാമാന്യമായ സ്വാധീനവും ഖാദിയാനി നേതാവായ സര്‍ സഫറുല്ലാ ഖാന് നല്‍കപ്പെട്ട അമിതമായ പരിഗണനയുമാണ് അഹ്‌റാറികള്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭത്തെ ക്ഷണിച്ചുവരുത്തിയതെങ്കിലും അക്രമാസക്തമായപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ഗുലാം മുഹമ്മദ് പഞ്ചാബില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. മൗലാനാ മൗദൂദിയടക്കമുള്ള മതപണ്ഡിതന്മാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. തുടര്‍ന്ന് പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് മുനീര്‍, എം.ആര്‍. കയാനി എന്നിവരടങ്ങിയ കമീഷനെ നിയോഗിക്കുകയും ചെയ്തു. കമീഷന്‍ പുറത്തിറക്കിയ ചോദ്യാവലി തന്നെ യഥാര്‍ഥ ഉദ്ദേശ്യം അനാവരണം ചെയ്യുന്നതായിരുന്നു. ഖാദിയാനിവിരുദ്ധ പ്രക്ഷോഭത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും എന്തെന്നും അതില്‍ പങ്കുഹിച്ച വ്യക്തികളും ശക്തികളും ആരെന്നും കണ്ടെത്തുന്നതിലേറെ താല്‍പര്യം പാകിസ്താനില്‍ ഒരു ഇസ്‌ലാമിക ഭരണഘടന എന്തുകൊണ്ട് അപ്രായോഗികമാണ് എന്ന് തെളിയിക്കാനാണ് മുനീര്‍ കമീഷന്‍ സജീവ താല്‍പര്യമെടുത്തത്. അപ്രകാരം തയാറാക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ആരാണ് മുസ്‌ലിം എന്ന കാര്യത്തില്‍ പോലും മതപണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ലെന്നും വിവിധ മദ്ഹബുകളും വിഭാഗങ്ങളും നിലനില്‍ക്കെ ഒരു ഇസ്‌ലാമിക ഭരണഘടനക്ക് രൂപംനല്‍കുക അസാധ്യമാണെന്നും ചൂണ്ടിക്കാട്ടിയ മുനീര്‍ കമീഷന്‍ അത് തെളിയിക്കാന്‍ പാകത്തില്‍ പണ്ഡിതന്മാരുടെ മൊഴികള്‍ വളച്ചൊടിച്ച് അവതരിപ്പിക്കുകയും ചെയ്തു. ഖാദിയാനി പ്രശ്‌നത്തിന്റെ പരിഹാരം ഖാദിയാനികളെ ഭരണഘടനാപരമായ അവകാശങ്ങളോടു കൂടിയ ഒരമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന 'ദ ഖാദിയാനി പ്രോബ്ലം' എന്ന ലഘുകൃതി മൗദൂദി എഴുതിയതാണ് അദ്ദേഹത്തിന് വധശിക്ഷ വിധിക്കാന്‍ പട്ടാള കോടതി കണ്ടെത്തിയ കാരണം. എന്നാല്‍, അപ്പോഴോ പിന്നീടോ ഒരിക്കലെങ്കിലും ആ കൃതി നിരോധിക്കപ്പെടുകയുണ്ടായില്ല എന്നതാണ് വിചിത്രമായ കാര്യം. ഇന്നും ഉര്‍ദു, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ലഭ്യമാണ് പ്രസ്തുത ലഘുപുസ്തകം. മൗദൂദിയുടെ വധശിക്ഷക്കെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമുയര്‍ന്നതിനാല്‍ 1955 മേയ് 25-ന് പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് മൗദൂദി നിരുപാധികം മോചിതനായി.

തുടര്‍ന്നും ഇസ്‌ലാമിക ജനാധിപത്യ ഭരണഘടനക്കു വേണ്ടിയുള്ള കാമ്പയിന്‍ പാക് ജമാഅത്തെ ഇസ്‌ലാമി ശക്തമായി തുടര്‍ന്നു. സ്വതന്ത്ര ഇന്ത്യ അപ്പോഴേക്ക് ജനാധിപത്യ ഭരണഘടന നിര്‍മിച്ച് പാസാക്കി തദടിസ്ഥാനത്തില്‍ പൊതു തെരഞ്ഞെുപ്പും നടത്തിക്കഴിഞ്ഞിരുന്നു. ഒടുവില്‍ 1956-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ചൗധരി മുഹമ്മദലിയാണ് രാപ്പകല്‍ കുത്തിയിരുന്ന് നയപ്രഖ്യാപനരേഖയുടെയും ബേസിക് പ്രിന്‍സിപ്പ്ള്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെയും വെളിച്ചത്തില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താനായി രാജ്യത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ കരട് രൂപം തയാറാക്കിയത്. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അത് പാസാക്കിയതിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ ജനറല്‍ അംഗീകാരം നല്‍കിയതോടെ ആദ്യമായി പാകിസ്താന് ഒരു ഭരണഘടനയുണ്ടായി. പക്ഷേ, അത് യഥാവിധി നടപ്പില്‍ വരുന്നതിനുമുമ്പേ 1958-ല്‍ പട്ടാള മേധാവി ജനറല്‍ മുഹമ്മദ് അയ്യൂബ് ഖാന്‍ ഭരണം പിടിച്ചെടുത്തു, ഭരണഘടന റദ്ദാക്കി. ബേസിക് ഡെമോക്രസി എന്ന് പേരിട്ട ഒരു നിയന്ത്രിത ജനാധിപത്യ ഭരണഘടനയുണ്ടാക്കിയ അയ്യൂബ് ഖാന്‍ ഫലത്തില്‍ ഏകാധിപതിയായി 10 വര്‍ഷം തുടര്‍ന്നു. ഒടുവില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ സംയുക്തമായി നടത്തിയ ജനാധിപത്യ പുനഃസ്ഥാപന പ്രക്ഷോഭത്തിന്റെ ഫലമായി അയ്യൂബ് ഖാന്‍ സ്ഥാനം വിട്ടൊഴിഞ്ഞു, പകരം പട്ടാള മേധാവി ജനറല്‍ യഹ്‌യാ ഖാന്‍ അധികാരമേറ്റു. അദ്ദേഹമാണ് പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്ററി ജനാധിപത്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1970 ഒക്‌ടോബറിലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ മൂന്ന് ഗ്രൂപ്പുകള്‍, ജമാഅത്തെ ഇസ്‌ലാമി, സുല്‍ഫിക്കര്‍ അലി ഭുേട്ടായുടെ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി, ശൈഖ് മുജീബുര്‍റഹ്‌മാന്റെ അവാമി ലീഗ് (കിഴക്കന്‍ പാകിസ്താന്‍), ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെ നാഷനല്‍ അവാമി പാര്‍ട്ടി എന്നിവയായിരുന്നു പെങ്കടുത്ത പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.

ജമാഅത്തെ ഇസ്‌ലാമിയുടെ മാനിഫെസ്റ്റോ

ഭരണഘടനയുടെയും ഇസ്‌ലാമിക ക്ഷേമരാഷ്ട്രത്തിന്റെയും രൂപരേഖ സമഗ്രമായി പ്രതിഫലിക്കുന്ന ഒരു തെരെഞ്ഞടുപ്പ് വിജ്ഞാപനം പാക് ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കി. അതില്‍നിന്ന് പ്രസക്ത ഭാഗങ്ങള്‍:
ഖുര്‍ആനും സുന്നത്തും അനുധാവനം ചെയ്യുന്നതും ഖിലാഫത്തുര്‍റാശിദയുടെ മാതൃകയിലുള്ളതുമായിരിക്കണം ഈ രാഷ്ട്രം. ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങളും നിയമങ്ങളും പൂര്‍ണമായും അവിടെ നടപ്പില്‍ വരേണ്ടതാണ്.
തിന്മയെ നശിപ്പിക്കുന്നതും നന്മയെ വളര്‍ത്തുന്നതും ലോകത്ത് ദൈവത്തിന്റെ മാര്‍ഗത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരിക്കണം.
അക്രമം, ചൂഷണം, ധര്‍മച്യുതി മുതലായ എല്ലാറ്റിനെയും തുടച്ചുനീക്കുന്നതും ഇസ്‌ലാമിക മൂല്യങ്ങളില്‍ സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നീതി സ്ഥാപിക്കുന്നതുമായിരിക്കണം.
ഓരോ പൗരനും അയാളുടെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ എന്നിവക്ക് ഉത്തരവാദപ്പെട്ടതും നിയമാനുസൃതമായ ഉപജീവനമാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുന്നതും നിഷിദ്ധ ധനസമ്പാദന മാര്‍ഗങ്ങള്‍ അടച്ചുകളയുന്നതും അനുവദനീയമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തിലെ സമ്പത്ത് വര്‍ധിപ്പിക്കുന്നതും സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തിന് വ്യവസ്ഥ ചെയ്യുന്നതുമായ ഒരു ക്ഷേമരാഷ്ട്രമായിരിക്കണം.

രാജ്യത്ത് നിലവിലുള്ള നിയമങ്ങളില്‍ താഴെപറയുന്ന പരിഷ്‌കരണങ്ങള്‍ വരുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഉദ്ദേശിക്കുന്നു:

1. നിയമരൂപത്തില്‍ രാജ്യത്ത് നടപ്പാവേണ്ട ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കുവേണ്ടി നിയമനിര്‍മാണം നടത്തും.
2. കേസെടുക്കാതെ പൗര സ്വാതന്ത്ര്യം അപഹരിക്കുന്നതോ മൗലികാവകാശങ്ങള്‍ക്ക് ആഘാതമേല്‍പിക്കുന്നതോ ആയ അനീതിപരമായ എല്ലാ നിയമങ്ങളും റദ്ദാക്കും.
3. പത്ര സ്വാതന്ത്ര്യത്തിനും പൊതുജനാഭിപ്രായ സ്വാതന്ത്ര്യത്തിനും ഭംഗം വരുത്തുന്ന അനാശാസ്യമായ നിയമങ്ങളും നിയന്ത്രണങ്ങളും എടുത്തുകളയും.
4. ജനങ്ങള്‍ പ്രതിഫലം നല്‍കാതെ നീതി നേടാന്‍ കഴിയത്തക്കവിധം കോര്‍ട്ട് ഫീസ് ക്രമേണ എടുത്തുകളയും.
5. കോടതികളില്‍നിന്ന് എളുപ്പത്തില്‍ നീതി ലഭിക്കാന്‍ സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യും.
6. വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, നഗ്നസഞ്ചാരം, അധാര്‍മികമായ സിനിമ, അശ്ലീല സാഹിത്യം എന്നിവ നിരോധിക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കും.
7. സ്ത്രീകള്‍ക്ക് ശരീഅത്ത് അനുവദിച്ച അവകാശങ്ങള്‍ കിട്ടുമാറാക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കുകയും നിലവിലുള്ള കുടുംബ നിയമങ്ങള്‍ ശരീഅത്ത് പ്രകാരം പരിഷ്‌കരിക്കുകയും ചെയ്യും.

മുസ്‌ലിംകളുടെ മതപരവും ധാര്‍മികവുമായ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് താഴെ പറയുന്ന പരിപാടികള്‍ നടപ്പിലാക്കുന്നതാണ്: 

1. നമസ്‌കാരാനുഷ്ഠാനം സാര്‍വത്രികമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും നമസ്‌കാരത്തിന് സുഗമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
2. റമദാനിനോടുള്ള ആദരവ് സര്‍വശക്തിയുമുപയോഗിച്ച് നിലനിര്‍ത്തുന്നതാണ്.
3. നമസ്‌കാര സമയങ്ങള്‍ ശരീഅത്ത് വിധിപ്രകാരം പുനര്‍നിര്‍ണയിക്കുന്നതാണ്. വഖ്ഫ് കാര്യാലയം പള്ളികളെ അധികാരത്തിന്റെ ആരാധനാലയങ്ങളാക്കി മാറ്റാതിരിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നതാണ്.
4. മുസ്‌ലിം സമൂഹത്തില്‍ പള്ളികള്‍ക്കുള്ള യഥാര്‍ഥ സ്ഥാനം പുനഃസ്ഥാപിക്കും.
5. ഹജ്ജിന് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതും ഇതുസംബന്ധമായി നിലവിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതുമാണ്.
6. ഓരോ മുസ്‌ലിമും മതത്തിന്റെ അനുപേക്ഷ്യ നിയമങ്ങളെങ്കിലും അറിയത്തക്കവിധം ഇസ്‌ലാമികാദര്‍ശങ്ങളും നിയമങ്ങളും പൊതുജനങ്ങളെ പഠിപ്പിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണ്.
രാജ്യത്തിന്റെ ധാര്‍മിക പുനരുദ്ധാരണത്തിന് ജമാഅത്ത് ഉദ്ദേശിക്കുന്ന പരിപാടികള്‍ താഴെ പറയുന്നവയാണ്:
1. ഗവണ്‍മെന്റിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും നിയമവുമുപയോഗിച്ച് സമൂഹത്തെ അസാന്മാര്‍ഗികതകളില്‍നിന്നും ധാര്‍മിക ദൂഷ്യങ്ങളില്‍നിന്നും ശുദ്ധമാക്കും. കുറ്റങ്ങള്‍ക്കും ധര്‍മച്യുതിക്കും കാരണമാക്കുന്ന ചെയ്തികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കും.
2. ജനങ്ങളില്‍ ദൈവവിശ്വാസമുണ്ടാവുകയും നിയമത്തോടുള്ള ആദരവ് വളരുകയും പൊതുതാല്‍പര്യത്തെക്കുറിച്ച ബോധം ഉത്ഭൂതമാവുകയും ഉത്തരവാദിത്തബോധം ഉണ്ടാവുകയും ചെയ്യാന്‍ അവരുടെ ധാര്‍മിക ശിക്ഷണത്തിന് വിപുലമായ നടപടികള്‍ സ്വീകരിക്കും.

വിദ്യാഭ്യസ പരിഷ്‌കരണങ്ങള്‍ 

സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാനപരമായ പ്രാധാന്യമാണ് ജമാഅത്ത് കല്‍പിക്കുന്നത്. ഇവ്വിഷയകമായ പരിപാടി ചുവടെ ചേര്‍ക്കുന്നു:
1. പ്രാഥമിക ഘട്ടം മുതല്‍ ബിരുദാനന്തര ഘട്ടം വരെയും വിദ്യാഭ്യാസത്തിന്റെ ഏത് ശാഖയിലും ദൈവിക ജീവിത വീക്ഷണം പ്രതിഫലിക്കത്തക്കവിധം വിദ്യാഭ്യാസ വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്നതാണ്.
2. വിദ്യാഭ്യാസം കേവലം കുറേ വിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ പരിമിതപ്പെടുത്തുകയില്ല. ധാര്‍മിക ശിക്ഷണം കൂടി അതില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തും. സ്റ്റേറ്റിനും സമൂഹത്തിനും ദൈവഭക്തരായ പ്രവര്‍ത്തകരെ ലഭിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
3. സെക്കന്ററി ഘട്ടംവരെ മുസ്‌ലിം കുട്ടികള്‍ക്ക് നിര്‍ബന്ധപൂര്‍വം ഇസ്‌ലാമികാദര്‍ശങ്ങളില്‍നിന്നും നിയമങ്ങളില്‍നിന്നും അത്യന്താപേക്ഷിതമായ ഭാഗങ്ങള്‍ അധ്യയനം നല്‍കുന്നതാണ്. അവരെ ഖുര്‍ആന്‍ വായിക്കാനും ഒരു പരിധിയോളം അത് ഗ്രഹിക്കാനും പഠിപ്പിക്കും. മുസ്‌ലിംകളിലെ ഭൂരിപക്ഷ വിഭാഗവുമായി യോജിക്കാന്‍ കഴിയാത്തവരുടെ കുട്ടികള്‍ക്ക് കഴിവതും അവരുടേതായ വിശ്വാസസംഹിത പഠിപ്പിക്കാന്‍ പ്രത്യേകമായ ഏര്‍പ്പാടുകള്‍ ചെയ്യും. അമുസ്‌ലിം കുട്ടികള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസത്തിനു പകരം ധാര്‍മിക ശിക്ഷണമായിരിക്കും നല്‍കുക.
4. വൈജ്ഞാനിക-സാങ്കേതിക ഗവേഷണത്തിന് ഉന്നത സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഇസ്‌ലാമിക വൈജ്ഞാനിക ഗവേഷണത്തിന് പ്രത്യേക പ്രാധാന്യം കല്‍പിക്കുകയും ചെയ്യും.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍

പഴയ ഫ്യൂഡലിസവും പുതിയ മുതലാളിത്തവും ഇഴുകിച്ചേര്‍ന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. അതുകൊണ്ട് മുച്ചൂടും അക്രമപരമായ വ്യവസ്ഥയായി പരിണമിച്ചിരിക്കുന്നു അത്. ഗവണ്‍മെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും കടിഞ്ഞാണില്ലാത്ത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളും കാരണമായി അത് കുറേകൂടി വഷളായിത്തീര്‍ന്നിരിക്കുകയാണ്. ഈ വ്യവസ്ഥ മൗലികമായിത്തന്നെ മാറ്റപ്പെടുന്നതുവരെ ഇവിടെ നീതി സ്ഥാപിതമാവുകയില്ല. പക്ഷേ, ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസൃതവും വ്യക്തികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതും പൗര സ്വാതന്ത്ര്യങ്ങളവശേഷിപ്പിക്കുന്നതുമായിരിക്കണം ആ പരിവര്‍ത്തനം.
ജമാഅത്തെ ഇസ്‌ലാമിയുടെ സാമ്പത്തിക നയത്തിന്റെ മൗലിക ലക്ഷ്യങ്ങള്‍ ഇവയാണ്:

* സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം.
* സാമ്പത്തിക രംഗത്തെ കുത്തകകളുടെ നിര്‍മാര്‍ജനം.
* അക്രമവും അന്യായവുമായ ചൂഷണവും അവസാനിപ്പിക്കല്‍.
* എല്ലാവര്‍ക്കും അവസര സമത്വം കൈവരുത്തല്‍.
* സാമ്പത്തിക നേട്ടങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്തല്‍.
* ദാരിദ്ര്യ നിര്‍മാര്‍ജനം; ജീവിതത്തിന്റെ മൗലികാവശ്യങ്ങള്‍ ഒരു പൗരനും തടയപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കല്‍.

കാര്‍ഷിക പരിഷ്‌കരണങ്ങള്‍

കൃഷിഭൂമിയുടെ കാര്യത്തില്‍ ഒരു നീണ്ട കാലത്തോളം തികച്ചും അബദ്ധമായ വ്യവസ്ഥ നിലവിലിരുന്നത് കാരണം ഉണ്ടായിത്തീര്‍ന്ന അപാകതകള്‍ പരിഹരിക്കുന്നതിന് 'അസാധാരണ പരിതഃസ്ഥിതികളില്‍ ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്കെതിരല്ലാത്ത അസാധാരണ മാര്‍ഗങ്ങള്‍ അവലംബിക്കാം' എന്ന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന പരിഷ്‌കരണങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി ഉദ്ദേശിക്കുന്നു: 

1. ഏതെങ്കിലും ഭരണകാലത്ത് അധികാര ദുര്‍വിനിയോഗം മൂലം ഉണ്ടായിത്തീര്‍ന്ന പഴയതും പുതിയതുമായ എല്ലാവിധ ജാഗീര്‍ദാരികളും പൂര്‍ണമായി അവസാനിപ്പിക്കുന്നതാണ്. കാരണം, അവയുടെ ഉടമാവകാശം ഇസ്‌ലാമികമല്ല.
2. പഴയ സ്വത്തുക്കളുടെ കാര്യത്തില്‍ ഭൂവുടമാവകാശത്തിന് ഒരു പ്രത്യേക പരിധി നിര്‍ണയിക്കും. പശ്ചിമ പാകിസ്താനിലെ ഫലപുഷ്ടമായ മേഖലകളില്‍ ഈ പരിധി നിര്‍ണയം ഭൂമിയുടെ ഉല്‍പാദന ശേഷിയനുസരിച്ച് 100 മുതല്‍ 200 വരെ ഏക്കറായിരിക്കുന്നതാണ്. ഭൂമിയുടെ ഉല്‍പാദന ശേഷി വളരെ മോശമായ മേഖലകളില്‍ അക്കാര്യം പരിഗണിച്ചായിരിക്കും പരിധി നിര്‍ണയിക്കുന്നത്. കിഴക്കന്‍ പാകിസ്താനില്‍ 100 ബീഘയായിരിക്കും പരിധി. മിച്ചഭൂമി ന്യായമായ വില നിശ്ചയിച്ചു വാങ്ങുന്നതാണ്. കഴിഞ്ഞകാലത്തെ അപാകതകള്‍ പരിഹരിക്കുന്നതിന് താല്‍ക്കാലികമായിട്ടായിരിക്കും ഈ പരിധി നിര്‍ണയം. സ്ഥിരമായ പരിധി നിര്‍ണയം അനന്തരാവകാശ നിയമമുള്‍പ്പെടെ പല ഇസ്‌ലാമിക നിയമങ്ങള്‍ക്കും പ്രതികൂലമായതിനാല്‍ പരിധി നിര്‍ണയം ശാശ്വതമാക്കുകയില്ല.
3. മേല്‍പറഞ്ഞ വിധത്തില്‍ ലഭിച്ച മിച്ചഭൂമികളാകെട്ട, സര്‍ക്കാര്‍ ഭൂമികളാകട്ടെ, പുതിയ ജലസേചന പദ്ധതികള്‍ മുഖേന കൃഷിയോഗ്യമാക്കിയ നിലങ്ങളാകെട്ട എല്ലാം തന്നെ ഭൂരഹിതരായ കര്‍ഷകര്‍ക്കും പരിധിയില്‍ കുറഞ്ഞ ഭൂമി മാത്രമുള്ളവര്‍ക്കും സുഗമമായി അടച്ചുതീര്‍ക്കാവുന്ന വില ഗഡുക്കളായി നിശ്ചയിച്ച് വിതരണം നടത്തുന്നതാണ്. ഇക്കാര്യത്തില്‍ സമീപവാസികള്‍ക്ക് മുന്‍ഗണന നല്‍കും. ഗവണ്‍മെന്റിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്കോ ഉദ്യോഗസ്ഥന്മാര്‍ക്കോ തുഛവിലയ്ക്കും ദാനമായും ഭൂമി വിതരണം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കും. ഇവ്വിധത്തില്‍ ഭൂമി നല്‍കപ്പെട്ടവരില്‍നിന്ന് അത് പിടിച്ചെടുക്കുകയും ചെയ്യും. ലേലത്തിലൂടെ ഭൂ വിതരണം നടത്തുന്ന സമ്പ്രദായവും നിര്‍ത്തലാക്കുന്നതാണ്.
4. കൂടുതല്‍ വരുമാനക്കാര്‍ക്ക് കൂടുതല്‍ ഭൂനികുതി; കുറഞ്ഞ വരുമാനക്കാര്‍ക്ക് കുറഞ്ഞ നികുതി എന്ന തത്ത്വപ്രകാരമായിരിക്കും ഭൂനികുതി ഏര്‍പ്പെടുത്തുന്നത്.
5. ഗ്രാമങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ യാതൊരുവിധ തൊഴില്‍ നികുതിയും ചുമത്തുന്നതല്ല.

വ്യവസായം, വ്യാപാരം

1. തെറ്റായ നിയമങ്ങളും ഭരണ നയങ്ങളും കാരണമായി സാമ്പത്തിക രംഗത്ത് ഉണ്ടായിക്കഴിഞ്ഞതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അനിയന്ത്രിത കേന്ദ്രീകരണം തടയാനും കേന്ദ്രീകൃത സമ്പത്തിനെ വികേന്ദ്രവത്കരിക്കാനും വേണ്ടി താഴെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുക:
എ. ശരീഅത്ത് നിരോധിച്ച പലിശ, സാട്ട (ഊഹക്കച്ചവടം), തെറ്റായ വ്യാപാരങ്ങള്‍, പൂഴ്ത്തിവെപ്പ് തുടങ്ങിയവയെല്ലാം നിയമം മൂലം തടയുന്നതും ധനസമ്പാദനത്തിന്റെ വിഹിതമാര്‍ഗങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്നതുമാണ്.

ബി. ഇതേവരെ നടപ്പിലിരുന്ന അന്യായവും കുറ്റകരവുമായ ധനസമ്പാദന മാര്‍ഗങ്ങളും ദുഷിച്ച ഭരണവ്യവസ്ഥയുടെ തെറ്റായ നടപടികളും കാരണമായി ഉണ്ടായിരിക്കുന്ന അക്രമപരമായ ധനകേന്ദ്രീകരണം നിര്‍മാര്‍ജനം ചെയ്യാന്‍, അസാമാന്യമായി സമ്പത്ത് കുന്നുകൂട്ടിയിരിക്കുന്ന എല്ലാ വ്യക്തികളെയും ഇസ്‌ലാമിക തത്ത്വങ്ങളുടെ വെളിച്ചത്തില്‍ കര്‍ശനമായി വിചാരണ ചെയ്യുന്നതും അന്യായമായ സമ്പാദ്യം പിടിച്ചെടുക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

സി. വന്‍കിട വ്യവസായങ്ങളുടെയും വാണിജ്യങ്ങളുടെയും ഉടമാവകാശം പൊതുജനങ്ങളില്‍ വ്യാപകമാക്കും. കമ്പനികളുടെ ഉടമാവകാശത്തിന് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി എത്ര ഷെയറുകള്‍ ആവാമെന്ന് നിയമംമൂലം നിജപ്പെടുത്തും. അതില്‍ കൂടുതലുള്ള ഷെയറുകള്‍ പൊതുവില്‍പനക്ക് തുറന്നിടും.
ഡി. നിലവിലുള്ള മാനേജിംഗ് ഏജന്‍സി വ്യവസ്ഥ അവസാനിപ്പിക്കുന്നതും കമ്പനികളുടെ ഭരണം, പൊതു ഷെയറുടമകളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡിന് വിധേയമായി ശമ്പളം പറ്റുന്ന മാനേജര്‍മാരെ ഏല്‍പിക്കുന്നതുമാണ്. 

ഇ. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ഗവണ്‍മെന്റിന്റെ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ധനികന്മാര്‍ക്കുള്ള മേധാവിത്തം അവസാനിപ്പിക്കുന്നതാണ്.
2. സ്റ്റേറ്റുടമാവകാശം ഒരു മൗലിക സിദ്ധാന്തമായി അംഗീകരിക്കുന്നതിനോട് ജമാഅത്തെ ഇസ്‌ലാമി യോജിക്കുന്നില്ല. പക്ഷേ, മര്‍മപ്രധാനമായ വ്യവസായങ്ങള്‍ സ്വകാര്യ മേഖലയില്‍ നടക്കുന്നത് സാമൂഹിക താല്‍പര്യത്തിന് ഹാനികരമാണെന്ന് കാണുമ്പോള്‍ അവ പ്രതിഫലം നല്‍കി സ്റ്റേറ്റുടമയില്‍ കൊണ്ടുവരുന്നതോ ഗവണ്‍മെന്റ് നേരിട്ട് നടത്തുന്നതോ തെറ്റല്ല. ഏതെല്ലാം വ്യവസായങ്ങളാണ് പൊതുമേഖലക്ക് വിട്ടുകൊടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജനകീയ അസംബ്ലിയായിരിക്കണം. ഇങ്ങനെ തീരുമാനിക്കുമ്പോള്‍ പ്രസ്തുത വ്യവസായങ്ങളുടെ നടത്തിപ്പ് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് ഇരയാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

3. ബാങ്കിംഗ്-ഇന്‍ഷുറന്‍സ് വ്യവസ്ഥ പൂര്‍ണമായും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് വിധേയമായും പരസ്പര സഹകരണാടിസ്ഥാനത്തിലും പുനര്‍നിര്‍മിക്കേണ്ടതാണ്. മൗലികമായ ഈ സംസ്‌കരണത്തിന്റെ അഭാവത്തില്‍ സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും അതിന്റെ യഥാര്‍ഥ ദൂഷ്യങ്ങള്‍ ഇല്ലാതാവുകയില്ല.

തൊഴിലാളികളും താഴ്ന്ന ശമ്പളക്കാരും

1. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ മാറ്റി തല്‍സ്ഥാനത്ത് തൊഴിലാളി-മുതലാളി സമരം ഒഴിവാക്കി യഥാര്‍ഥ സഹകരണം വളര്‍ത്തുന്നതും തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതും തര്‍ക്കങ്ങള്‍ നീതിപൂര്‍വമായി പരിഹരിക്കാനുതകുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കുന്നതാണ്.
2. ഒരാഴ്ചയിലെ തൊഴില്‍ സമയം പരമാവധി 42 മണിക്കൂറായി നിജപ്പെടുത്തും.
3. ആഴ്ചയില്‍ ഒന്നര ദിവസം ഒഴിവനുവദിക്കും.
4. 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജോലിക്കുപയോഗിക്കുന്നത് തടയുന്നതാണ്.
5. തൊഴിലാളികള്‍ക്ക് രോഗമോ അപകടമോ നേരിട്ടാല്‍ ചികിത്സ നല്‍കാനും ജോലിക്ക് ശേഷിയില്ലാതെ വന്നാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാനും റിട്ടയര്‍ ചെയ്താല്‍ പെന്‍ഷനോ പ്രോവിഡന്റ് ഫണ്ടോ ഏര്‍പ്പെടുത്താനും കമ്പനികളെ നിര്‍ബന്ധിക്കും.
6. തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പണിമുടക്കാനുള്ള സ്വാതന്ത്ര്യം നല്‍കും.
7. ആേരാഗ്യകരമായ തൊഴില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ (ഠൃമറല ൗിശീിശാെ) പ്രോത്സാഹിപ്പിക്കും. നിയമപ്രകാരം ട്രേഡ് യൂനിയനുകള്‍ സ്ഥാപിക്കാന്‍ എല്ലാ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവകാശമുണ്ടായിരിക്കും. പക്ഷേ, ഒരു ഫാക്ടറിയിലെ തൊഴിലാളികള്‍ മുഴുവന്‍ ഏക തൊഴിലാളി സംഘടനയില്‍ അംഗങ്ങളായിരിക്കാന്‍ നിര്‍ബന്ധിക്കുകയില്ല.
8. അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് ആരോഗ്യകരമായ സാഹചര്യം നിര്‍ബന്ധപൂര്‍വം ഏര്‍പ്പെടുത്തുന്നതാണ്.

മുസ്‌ലിം വിഭാഗങ്ങളുടെ അവകാശങ്ങള്‍

മുസ്‌ലിംകളിലെ എല്ലാ അംഗീകൃത വിഭാഗങ്ങള്‍ക്കും നിയമപരിധികള്‍ക്ക് വിധേയമായി എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരിക്കും. അവര്‍ക്ക് തങ്ങളുടെ അനുയായികളെ സ്വന്തം ആദര്‍ശം പഠിപ്പിക്കാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്. അവരുടെ ആദര്‍ശങ്ങള്‍ തികച്ചും സ്വതന്ത്രമായി പ്രചരിപ്പിക്കാവുന്നതാണ്. അവരുടെ കര്‍മശാസ്ത്ര മദ്ഹബുകള്‍ പ്രകാരമായിരിക്കും അവരുടെ വ്യക്തിനിയമങ്ങള്‍. അവരില്‍നിന്നു തന്നെയുള്ള ന്യായാധിപന്മാരെ ഇത്തരം പ്രശ്‌നങ്ങള്‍ക്കായി നിയമിക്കാനും പരമാവധി ശ്രമിക്കുന്നതാണ്.

അമുസ്‌ലിം ന്യൂനപക്ഷങ്ങള്‍

അമുസ്‌ലിം ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം ജമാഅത്തിന്റെ നയം ഇനി പറയും പ്രകാരമായിരിക്കും:
1. അവരുടെ പൗരാവകാശങ്ങളും നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും. അവരുടെ ജീവ-ധന-മാനാദികള്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമായിരിക്കും.
2. സ്വന്തം സമൂഹത്തെ സംസ്‌കരിക്കാന്‍ അവരുദ്ദേശിക്കുന്ന നിയമ നിര്‍മാണങ്ങളെ, അവ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്തേടത്തോളം സഹായിക്കുന്നതാണ്.
3. അവരുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ വിഭവങ്ങള്‍ ന്യായമായ തോതില്‍ അനുവദിക്കുന്നതാണ്.
4. അവരുടെ മതപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഇടപെടല്‍ അനുവദിക്കപ്പെടുന്നതല്ല.
5. ഭൂരിപക്ഷ സമുദായത്തിന്റെയോ ഗവണ്‍മെന്റിന്റെയോ നയങ്ങളില്‍ അവര്‍ക്കുണ്ടാവുന്ന ന്യായമായ പരാതികള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്.
6. നിയമങ്ങള്‍ക്ക് വിധേയമായി അവര്‍ക്ക് പൂര്‍ണമായ വിദ്യാഭ്യാസ-സാംസ്‌കാരിക-ആരാധന-മത സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെടുന്നതാണ്. വ്യക്തി നിയമങ്ങള്‍ സ്വന്തം മതത്തിനും കീഴ്‌വഴക്കങ്ങള്‍ക്കുമനുസരിച്ച് കൊണ്ടു നടത്താന്‍ അവര്‍ക്കവകാശമുണ്ടായിരിക്കും.
7. പട്ടികജാതിക്കാരുടെ ക്ഷേമത്തിന് പ്രത്യേക പ്രാധാന്യം കല്‍പിക്കും.
(പ്രബോധനം വാരിക 1970 ഫെബ്രുവരി 28)

ബംഗ്ലാദേശ് രൂപവത്കരണം

തെരഞ്ഞെടുപ്പ് സമീപിക്കുംതോറും കിഴക്കന്‍ പാകിസ്താനില്‍ അവാമി ലീഗ് നേതാവ് ശൈഖ് മുജീബുര്‍റഹ്‌മാന്റെ സ്വതന്ത്ര ബംഗ്ലാ വാദവും അതിന്റെ പ്രതികരണമായി പശ്ചിമ പാകിസ്താനില്‍ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി സുപ്രീമോ സുല്‍ഫിക്കര്‍ അലി ഭുേട്ടായുടെ പാകിസ്താന്‍ ദേശീയ വാദവും കരുത്താര്‍ജിച്ചുവന്നു. ഒടുവില്‍ പോളിംഗ് കഴിഞ്ഞ് ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കിഴക്കന്‍ പാകിസ്താനിലെ 167 നാഷ്‌നല്‍ അസംബ്ലി സീറ്റുകളില്‍ ഒന്നൊഴികെ 166 സീറ്റുകളും അവാമി ലീഗ് തൂത്തുവാരി. ധാക്കയില്‍ ഇലക്ഷന്‍ പ്രചാരണത്തിന് പോയ മൗദൂദിയെ പല്‍ടന്‍ മൈതാനിയിലെ റാലിയെ അഭിമുഖീകരിക്കാന്‍ പോലും അവാമി ലീഗ് അനുവദിച്ചിരുന്നില്ല. പശ്ചിമ പാകിസ്താനില്‍ ഭുേട്ടായുടെ പി.പി.പിയാണ് ഭൂരിപക്ഷം നേടിയത്. മൊത്തം ഭൂരിപക്ഷം നേടിയത് മുജീബ് ആയിരുന്നെങ്കിലും അദ്ദേഹത്തെ അധികാരമേല്‍ക്കാന്‍ ഭുേട്ടാ അനുവദിച്ചില്ല. മുജീബ് കാത്തിരുന്നതും അതാണ്. അദ്ദേഹം ബംഗ്ലാേദശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. വിഘടനവാദം അടിച്ചമര്‍ത്താന്‍ പട്ടാള ഭരണത്തലവന്‍ യഹ്‌യാ ഖാന്‍ ലക്ഷത്തോളം സൈനികരെ കിഴക്കന്‍ പാകിസ്താനിലേക്കയച്ചു. സൈന്യം നടപടി തുടങ്ങിയപ്പോള്‍ ലക്ഷക്കണക്കില്‍ ബംഗാളികള്‍ ഇന്ത്യയില്‍ അഭയാര്‍ഥികളായി വന്നു. അവസരമുപയോഗിച്ച് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബംഗ്ലാദേശിന് സൈനിക പിന്തുണ നല്‍കി. പിടിച്ചുനില്‍ക്കാനാവാതെ പാക് പട്ടാളം 1971 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പട്ടാളത്തിന് കീഴടങ്ങി. ബംഗ്ലാദേശ് സ്വതന്ത്ര മതേതര റിപ്പബ്ലിക്കുമായി.

അവശേഷിച്ച പാകിസ്താനില്‍ ഭുേട്ടാ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1973-ല്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്റെ പേരില്‍ രംഗത്തുള്ള ഒരൊറ്റ പാര്‍ട്ടിക്കും പാര്‍ട്ടികളുടെ കൂട്ടായ്മക്കും ഭരണത്തിലേറാന്‍ കഴിഞ്ഞില്ല. 1977-ല്‍ ജനകീയ പ്രക്ഷോഭത്തില്‍ ഭുേട്ടാ ആടിയുലഞ്ഞപ്പോള്‍ സൈനിക അട്ടിമറിയിലൂടെ അധികാരമേറ്റ ജനറല്‍ സിയാഉല്‍ ഹഖ് ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തി. രാജ്യത്തെ ഇസ്‌ലാമികവത്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും പത്തു കൊല്ലം അധികാരത്തിലിരുന്നിട്ടും പട്ടാളത്തിന്റെ പിന്തുണയുണ്ടായിട്ടും ഇസ്‌ലാമിക സ്റ്റേറ്റ് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല.

ഇസ്‌ലാമിക ജനാധിപത്യ വ്യവസ്ഥ എന്തുകൊണ്ട് സ്ഥാപിതമായില്ല?

ഇസ്‌ലാമിന്റെ പേരില്‍ സ്ഥാപിതമായ പാകിസ്താനില്‍ ഏഴ് പതിറ്റാണ്ടുകള്‍ക്കു ശേഷവും യഥാര്‍ഥ ജനാധിപത്യ ഭരണക്രമമോ ഇസ്‌ലാമിക ക്ഷേമരാഷ്ട്രമോ എന്തുകൊണ്ട് നിലവില്‍ വന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ചുരുങ്ങിയ പക്ഷം ആ ദിശയിലാണ് രാജ്യം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് അകത്തും പുറത്തുമുള്ള ഗുണകാംക്ഷികള്‍ക്ക് ആശ്വസിക്കാന്‍ സാധ്യമല്ലാതെ വന്നതിന്റെ കാരണങ്ങളെന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് ചുവടെ:

ഒന്ന്, ഇസ്‌ലാമിന്റെ സമഗ്രമായ സങ്കല്‍പമോ ഇസ്‌ലാമിക രാഷ്ട്രീയത്തെയും ഖിലാഫത്തിനെയും കുറിച്ച സാമാന്യ ധാരണ പോലുമോ ഇല്ലാതിരുന്ന ഒരു ജനതയെ കേവലം സാമുദായികതയുടെ അടിസ്ഥാനത്തില്‍ വൈകാരികമായി ഏകീകരിച്ചതിന്റെ പുറത്ത് സ്ഥാപിതമായതാണ് പാകിസ്താന്‍. സ്ഥാപിതമായതിനു ശേഷം പോലും അവരില്‍ അത്തരമൊരു ബോധം സൃഷ്ടിക്കാനോ തദടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം തലമുറകള്‍ക്ക് നല്‍കാനോ സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടായില്ല.

രണ്ട്, രാഷ്ട്ര നിര്‍മിതിക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിക്കോ അതിന്റെ നേതാക്കള്‍ക്കോ ദിശാബോധമില്ലാതെ പോയി. പകരം വ്യക്തിപരവും താല്‍ക്കാലികവുമായ നേട്ടങ്ങളും താല്‍പര്യങ്ങളുമാണ് അവരെ നയിച്ചത്. ഭിന്ന ഭാഷകളും സംസ്‌കാരങ്ങളും വെച്ചുപുലര്‍ത്തുന്ന ഒരു ജനതയെ കേവലം സാമ്പ്രദായിക മതത്തിന്റെ പേരില്‍ ഏകീകരിക്കാന്‍ കഴിയുമായിരുന്നില്ല. പശ്ചിമ പാകിസ്താന്റെ പൊതുഭാഷയായി ഉര്‍ദുവിനെ അംഗീകരിച്ചപ്പോള്‍ കിഴക്കന്‍ പാകിസ്താന്റെ ഭാഷയായ ബംഗാളിക്ക് തുല്യ പരിഗണന ലഭിച്ചില്ല. ഇത് ബംഗ്ലാ ദേശീയതയുടെ വിത്തുപാകുകയും രക്തരൂഷിത സംഘട്ടനങ്ങള്‍ക്കൊടുവില്‍ കിഴക്കന്‍ പാകിസ്താന്‍ വേറിട്ടു പോയി സ്വതന്ത്ര ബംഗ്ലാദേശായി മാറുകയും ചെയ്തു. പശ്ചിമ പാകിസ്താനില്‍ തന്നെ പഞ്ചാബികളും സിന്ധികളും പഠാന്‍കാരും ബലൂചികളും മുഹാജിറുകളുമായി പിരിഞ്ഞ് പരസ്പര കലഹം മൂര്‍ഛിച്ചു. അതിപ്പോഴും തുടരുന്നു.

മൂന്ന്, ഫ്യൂഡലിസവും ജന്മിത്വവും ട്രൈബലിസവും സമ്പത്തിന്റെ കേന്ദ്രീകരണവും അപ്രതിരോധ്യമായി തുടരുന്ന പാകിസ്താനില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തേണ്ട മധ്യവര്‍ഗം (ങശററഹല ഇഹമ)ൈ ബലഹീനമായി. പി.പി.പി നേതാക്കളില്‍ കരുത്തനായ മഖ്ദും അമീന്‍ ഫഹീം എന്ന സിന്ധിലെ ഭൂവുടമക്കെതിരെ മത്സരിക്കാന്‍ ഒരാളും തയാറാവാതിരുന്നത് ഉദാഹരണം. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചവരൊക്കെ യഥാസമയം പിന്മാറുകയോ അവരെ തട്ടിക്കൊണ്ടുപോവുകയോ ചെയ്തതാണ് അനുഭവം. ഭുട്ടോ കുടുംബവും നവാസ് ശരീഫ് കുടുംബവുമൊക്കെ വിശാലമായ സാമ്പത്തിക സാമ്രാജ്യത്തിന്റെ ഉടമകളാണെന്ന് ഓര്‍ക്കുക.

നാല്, മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടുവെച്ച നിസാമെ മുസ്തഫ (പ്രവാചകന്റെ ഭരണവ്യവസ്ഥ) എന്ന മുദ്രാവാക്യം അതിന്റെ വിവക്ഷയോ വ്യാപ്തിയോ സ്വഭാവമോ മനസ്സിലാക്കാതെ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്തിപ്പിടിച്ച ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമായേ ഇസ്‌ലാം, ജംഇയ്യത്തു അഹ്‌ലെ ഹദീസ് തുടങ്ങിയ പണ്ഡിത സംഘടനകള്‍ സൃഷ്ടിച്ച ആശയക്കുഴപ്പവും ശൈഥില്യവും. 1970-ലെ തെരഞ്ഞെടുപ്പില്‍ 'ഏക് മൗദൂദി സൗ യഹൂദി' എന്നതായിരുന്നു ഗുലാം ഗൗസ് ഹസാരവി നേതൃത്വം നല്‍കിയ ജംഇയ്യത്തുല്‍ ഉലമായുടെ മുദ്രാവാക്യം. മറ്റാര് ജയിച്ചാലും ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സ്ഥാനാര്‍ഥിയെപ്പോലും അസംബ്ലിയിലെത്തിക്കരുത് എന്നതായിരുന്നു പൗരോഹിത്യ ശാഠ്യം.
അഞ്ച്, ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനും അഴിമതിമുക്തിക്കും സാമ്പത്തിക-സാമൂഹിക നീതിക്കും പ്രഥമ പരിഗണന നല്‍കാതെ കശ്മീര്‍ പ്രശ്‌നം പോലുള്ള വൈകാരിക അജണ്ടക്ക് മുന്തിയ പരിഗണന നല്‍കിയതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പാളിച്ച.

ആറ്, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും നീതിയുടെയും ദര്‍ശനമായ ഇസ്‌ലാമിനെ തീവ്രതയുടെയും ഭീകരതയുടെയും ഹിംസയുടെയും പ്രഭവകേന്ദ്രമായി ചിത്രീകരിക്കാന്‍ ശത്രുക്കള്‍ക്കവസരം സൃഷ്ടിച്ച ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, സിപാഹെ സഹാബ, താലിബാന്‍ തുടങ്ങിയ സായുധ സംഘങ്ങളുടെ ശക്തമായ സാന്നിധ്യം.

ഏറ്റവുമൊടുവില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മതരാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ സംയുക്ത കര്‍മ സമിതി (മുത്തഹിദ മജ്‌ലിസെ അമല്‍)യുടെ പ്രദര്‍ശനം ദയനീയമായിരുന്നുവെങ്കിലും ഇസ്‌ലാമിനോട് ആഭിമുഖ്യം പ്രത്യക്ഷത്തില്‍ പുലര്‍ത്തുന്ന ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് അധികാരം നേടിയെടുത്തത്, പാകിസ്താനില്‍ ഇപ്പോഴും ഇസ്‌ലാമിനോടുള്ള വൈകാരിക ബന്ധം നിലനിര്‍ത്തുന്നവര്‍ക്കാണ് മേല്‍ക്കൈ എന്ന് വ്യക്തമാവുന്നു. പി.പി.പി, എം.ക്യൂ.എം അടക്കമുള്ള മതേതര പാര്‍ട്ടികളുടെ വോട്ടും സീറ്റും കുറയുകയാണ് ചെയ്തിരിക്കുന്നത്. 

(മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്ററാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top