ഈജിപ്തിലെ ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങള്‍
പി.കെ നിയാസ്
ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ളവ ജനാധിപത്യാടിസ്ഥാനത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പുകള്‍ നടത്തുകയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്യുമ്പോള്‍ അറബ് രാജ്യങ്ങള്‍ ഈ പ്രക്രിയയോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിനെ വിശകലനം ചെയ്യുന്നതാണ് ഐക്യരാഷ്ട്ര സഭാ വികസന പരിപാടിയുടെ ഭാഗമായി 2002-ല്‍ പുറത്തിറക്കിയ അറബ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട്. അധികാരം ബാലറ്റ് പെട്ടികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് അറബ് ലോകത്ത് അസാധാരണ പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അറബ് ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ വിവിധ പാര്‍ട്ടികള്‍ സജീവമായി രംഗത്തുണ്ടെങ്കിലും അവയില്‍ പലതും രാജഭരണകൂടങ്ങള്‍ക്കും ഏകാധിപത്യ ഭരണക്രമങ്ങള്‍ക്കും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവക്കാകട്ടെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏറെക്കാലമായി അന്യവുമായിരുന്നു. അറബ് വസന്തം സൃഷ്ടിച്ച അനുകൂല സാഹചര്യങ്ങള്‍ സ്ഥിതിയില്‍ മാറ്റം വരുത്തി. ഈജിപ്തും തുനീഷ്യയും മൊറോക്കോയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എണ്‍പതിലേറെ വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാനും ചെറിയ കാലത്തേക്കെങ്കിലും ഭരണത്തിലേറാനും അവസരം ലഭിച്ചു. ഇസ്‌ലാമിക രാഷ്ട്രീയത്തെ മുസ്‌ലിം രാജ്യങ്ങള്‍ തന്നെ അടിച്ചമര്‍ത്തുമ്പോള്‍ ഒഴുക്കിനെതിരെ നീന്തുന്ന ഇഖ്‌വാന്‍ ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, അറബ് ലോകത്ത് തന്നെ വിസ്മയകമാകുന്നത് അതുകൊണ്ടാണ്. ഇഖ്‌വാന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് നടന്ന വിവിധ അറബ് രാജ്യങ്ങളില്‍ മേധാവിത്തം പുലര്‍ത്തുന്നത്.
ഈജിപ്തില്‍ 1952-ല്‍ നടന്ന രാജഭരണ അട്ടിമറിയെ ശക്തമായി അനുകൂലിച്ച പ്രസ്ഥാനമാണ് 1928-ല്‍ ഹസനുല്‍ ബന്നാ രൂപം നല്‍കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. 1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ പരാജയത്തിനു കാരണം ഫാറൂഖ് രാജാവിന്റെ നിലപാടുകളാണെന്ന് സൈനിക നേതൃത്വം വിലയിരുത്തി. അന്ന് സൈന്യത്തില്‍ ലെഫ്റ്റനന്റ് പദവി അലങ്കരിച്ചിരുന്ന കേണല്‍ ജമാല്‍ അബ്ദുന്നാസിര്‍ ഫ്രീ ഓഫീസേഴ്‌സ് എന്ന പേരില്‍ ഒരു രഹസ്യ ഗ്രൂപ്പ് ഉണ്ടാക്കി. അതാണ് 1949-ല്‍ ഫ്രീ ഓഫീസേഴ്‌സ് മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഈജിപ്തിലെയും സുദാനിലെയും മുഹമ്മദ് അലി രാജവംശത്തെ അധികാരത്തില്‍നിന്ന് പുറന്തള്ളുകയായിരുന്നു ഗ്രൂപ്പിന്റെ ലക്ഷ്യം. 1952 ജൂലൈ 23-ന് ജനറല്‍ മുഹമ്മദ് നജീബിന്റെയും ജമാല്‍ അബ്ദുന്നാസിറിന്റെയും നേതൃത്വത്തില്‍ ഫ്രീ ഓഫീസേഴ്‌സ് മൂവ്‌മെന്റ് ഫാറൂഖ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. അട്ടിമറിക്കുശേഷം മുന്‍ പ്രധാനമന്ത്രി അലി മാഹിറിനോട് റെവല്യൂഷനറി കമാന്റ് കൗണ്‍സിലിന്റെ (ആര്‍.സി.സി) നേതൃത്വത്തിലുള്ള സിവിലിയന്‍ സര്‍ക്കാറിനെ നയിക്കാന്‍ സൈനിക ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അഭിപ്രായ ഭിന്നതകള്‍ കാരണം മാസങ്ങള്‍ക്കു ശേഷം അലി മാഹിര്‍ രാജിവെക്കുകയായിരുന്നു. 1953 ജനുവരിയില്‍ ആര്‍.സി.സി പിരിച്ചുവിടുകയും ജൂണ്‍ 18-ന് ഈജിപ്തിനെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ജനറല്‍ മുഹമ്മദ് നജീബ് രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റും കമാന്റര്‍ ഇന്‍ ചീഫുമായി അധികാരമേറ്റു. പാന്‍ അറബിസത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും സ്വാധീനത്തില്‍ ഉരുവമെടുത്ത ദേശീയതയായിരുന്നു വിപ്ലവ ഗവണ്‍മെന്റിന്റെ മുഖമുദ്ര. 1882 മുതല്‍ ഈജിപ്തിനെ കോളനിയാക്കി ഭരിച്ച സാമ്രാജ്യത്വ ശക്തികളായ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കടുത്ത ശത്രുതയും എതിര്‍പ്പുകളും അതിജീവിച്ചാണ് പുതിയ ഗവണ്‍മെന്റ് മുന്നോട്ടു പോയത്.
പില്‍ക്കാലത്ത് അറബ് ലോകത്ത് ശക്തമായ വേരുകളുള്ള ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമായി മാറിയ ഇഖ്‌വാന്‍, സാമ്രാജ്യത്വത്തിന് എതിരെ അതിന്റെ എല്ലാ മെഷിനറികളും ശക്തമായി ഉപയോഗിക്കുകയും അബ്ദുന്നാസിറിന്റെ വിപ്ലവ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. ജമാല്‍ അബ്ദുന്നാസിറിന് ഇഖ്‌വാന്റെ സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. 1948-ലെ യുദ്ധത്തിനുശേഷം ഈജിപ്തിലെ റോയല്‍ മിലിറ്ററി അക്കാദമിയില്‍ ലക്ചററായി പ്രവര്‍ത്തിക്കുമ്പോള്‍ ഇഖ്‌വാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം സംഘടനയുമായി അനൗദ്യോഗികമായി സഖ്യത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അധികാരമേറ്റതോടെ ഇഖ്‌വാനെ അദ്ദേഹം സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. 1954 ജനുവരിയില്‍ ഇഖ്‌വാന്‍ ഉള്‍പ്പെടെ നിരവധി സംഘടനകളുടെ നിരോധനത്തിലാണ് അത് കലാശിച്ചത്. സൈന്യം സിവിലിയന്‍ ഗവണ്‍മെന്റിന് ഭരണം കൈമാറണമെന്ന നജീബിന്റെ നിലപാട് നാസിറിന് സ്വീകാര്യമായിരുന്നില്ല. ഇഖ്‌വാന്‍, ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടിയായ വഫ്ദ് എന്നിവയുമായുള്ള നജീബിന്റെ ബന്ധങ്ങളും സംശയത്തോടെയാണ് നാസിറും അനുകൂലികളും വീക്ഷിച്ചത്. നവംബറില്‍ നജീബിനെ പുറത്താക്കി നാസിര്‍ ആദ്യം പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായി. 1970-ല്‍ മരിക്കുന്നതുവരെ പ്രസിഡന്റായിരുന്നു അദ്ദേഹം.
ഇഖ്‌വാന്‍ മുന്നണിപ്പോരാളി
ഈജിപ്തിലെ ഇസ്മാഈലിയയില്‍ സ്‌കൂള്‍ ആധ്യാപകനായിരുന്ന ഹസനുല്‍ ബന്നാ ഇരുപത്തിരണ്ടാം വയസ്സിലാണ് ഇഖ്‌വാനുല്‍ മുസ്‌ലിമീന് രൂപം നല്‍കുന്നത്. നല്ല ഇസ്‌ലാമിക കാഴ്ചപ്പാടും പ്രഭാഷണ ചാതുരിയുമുണ്ടായിരുന്ന ബന്നാ പള്ളികളിലും കോഫി ഷോപ്പുകളിലും തന്റെ ആശയം പ്രചരിപ്പിച്ചുവന്നു. ഇതു കേട്ടറിഞ്ഞ സൂയസ് കനാല്‍ സോണിലെ ബ്രിട്ടീഷ് സൈനിക ക്യാമ്പിലെ ആറ് ഈജിപ്ഷ്യന്‍ ജോലിക്കാര്‍ ഹസനുല്‍ ബന്നായെ സമീപിച്ച് സ്ഥിരം ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. അതൊരു വലിയ കൂട്ടായ്മയായി മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും അവരുടെ സ്വന്തം മണ്ണില്‍പോലും അഭിമാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇസ്‌ലാമിക വ്യവസ്ഥിതി പുലരുന്ന ഒരു രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിന് യത്‌നിക്കണമെന്നുമുള്ള ബന്നായുടെ ആശയങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴില്‍ അടിമകളായി കഴിയുന്ന ഈജിപ്ഷ്യന്‍ ജനതക്ക് വലിയൊരു വിമോചന സന്ദേശമായിരുന്നു. ഒരു വ്യവസ്ഥാപിത ഇസ്‌ലാമിക സംഘടനയായിരുന്നു ഹസനുല്‍ ബന്നായുടെ മനസ്സില്‍. അതിലെ അംഗങ്ങള്‍ ശിക്ഷണം ലഭിച്ചവരായിരിക്കണമെന്നും അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അത്തരമൊരു വ്യവസ്ഥാപിത സംഘടന കെട്ടിപ്പടുക്കുന്നതില്‍ ബന്നാ വിജയിക്കുകയും ചെയ്തു.1
മുസ്‌ലിം സമൂഹവുമായി ഇടപഴകുന്നതില്‍ അസാമാന്യമായ സഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആശയപരമായി ബന്നായെ എതിര്‍ക്കുന്നവര്‍ പോലും ഈ വിഷയത്തില്‍ അദ്ദേഹത്തെപ്പോലൊരാളെ കാണുക സാധ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹസനുല്‍ ബന്നായുടെ വാക്കുകളും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവുമാണ് സംഘടനയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഇഖ്‌വാന്റെ മൂന്നാമത്തെ മുഖ്യകാര്യദര്‍ശിയായിരുന്ന ഉമര്‍ തിലിംസാനി പറഞ്ഞിട്ടുണ്ട്.
മുന്‍ഗാമികളും പരിഷ്‌കര്‍ത്താക്കളുമായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദാ എന്നിവരുടെ പാത പിന്തുടര്‍ന്നെങ്കിലും ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ പുരോഗതിക്ക്, വിശിഷ്യാ മധ്യവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയാവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ ആശയങ്ങള്‍ രൂപപ്പെടുത്തിയതിലാണ് അദ്ദേഹത്തിന്റെ വിജയം.2
റശീദ് രിദായും അല്‍മനാറും
ഇമാം ഹസനുല്‍ ബന്നായെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു പരിഷ്‌കര്‍ത്താവും ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദ് റശീദ് രിദാ. 1865-ല്‍ ഉസ്മാനിയ ഖിലാഫത്തിനു കീഴിലെ സിറിയന്‍ നഗരമായ അല്‍ ഖലമൂനിലാണ് (ഇന്നത്തെ ലബനാന്‍ നഗരം) രിദാ ജനിച്ചത്. ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പ്രയോഗവല്‍ക്കരിക്കുന്നതില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പടിഞ്ഞാറന്‍ ആശയങ്ങളുടെ കുത്തൊഴുക്കില്‍ മഹത്തായ ഇസ്‌ലാമിക നാഗരികത നാശത്തിലേക്ക് നീങ്ങുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രിദായുടെ ഈ ഉത്കണ്ഠ ശരിയാണെന്നും ഇതിന് ഏക പരിഹാരം കലര്‍പ്പില്ലാത്ത ഇസ്‌ലാമിനെ പ്രയോഗവല്‍ക്കരിക്കലാണെന്നും ബന്നാ ചൂണ്ടിക്കാട്ടി. രിദായെപ്പോലെ, ആധുനിക ലോകത്ത് ഇസ്‌ലാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അല്‍ അസ്ഹറും യാഥാസ്ഥിതിക പണ്ഡിതന്മാരുമല്ല, മറിച്ച് പടിഞ്ഞാറന്‍ സെക്യുലര്‍ ആശയങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.3
മുസ്‌ലിം ഭരണാധികാരികളുടെ അഴിമതിയെയും റശീദ് രിദാ വിമര്‍ശിക്കുകയുണ്ടായി. പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും കാലശേഷം നിലവില്‍ വന്ന ഭരണാധികാരികളില്‍ ചിലര്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍നിന്ന് അകന്ന് ഭരണം നടത്തിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം ഭരണാധികാരികളെ പിന്തുണക്കുന്ന പണ്ഡിതരും റശീദ് രിദായുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. ഇബാദത്തും (ആരാധന) മുആമലാത്തും (സാമൂഹിക ബന്ധങ്ങള്‍) ഉള്‍ച്ചേര്‍ന്നതാണ് ശരീഅത്തെന്നും അതിനെ സമ്പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണെന്നും വിശുദ്ധ ഖുര്‍ആനിലെ 5:44 ഉദ്ധരിച്ച് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുത്വ്ബിന്റെയും മറ്റും ചിന്തകളിലും കാണാം.
ജമാലുദ്ദീന്‍ അഫ്ഗാനിയുടെ മരണശേഷം 1897-ല്‍ കൈറോയിലേക്ക് തന്റെ പ്രവര്‍ത്തനം മാറ്റിയ റശീദ് രിദാ 1935-ല്‍ മരണം വരെ അവിടെത്തന്നെ താമസിച്ചു. അഫ്ഗാനിയുടെ സഹപ്രവര്‍ത്തകനായിരുന്ന മുഹമ്മദ് അബ്ദുവിന്റെ ശിഷ്യത്വം സ്വീകരിച്ച രിദാ അല്‍ മനാര്‍ എന്ന പേരില്‍ ആരംഭിച്ച വാരികയുടെ ആദ്യ ലക്കം 1898-ലാണ് വെളിച്ചം കണ്ടത്. പിന്നീട് മാസികയായി മാറിയ അല്‍ മനാറിന്റെ പ്രസിദ്ധീകരണം 1935-ല്‍ തന്റെ മരണം വരെ അദ്ദേഹം നിലനിര്‍ത്തി. അല്‍മനാറിന്റെ സ്ഥിരം വായനക്കാരനായിരുന്നു ഹസനുല്‍ ബന്നാ. അതിലെ പല ആശയങ്ങളും തന്റെ പ്രവര്‍ത്തനപഥത്തില്‍ അദ്ദേഹം കൊണ്ടുവന്നു. മുസ്‌ലിം സമാജത്തിന്റെ ഐക്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങള്‍ തന്റെ പ്രസിദ്ധീകരണത്തിലൂടെ റശീദ് രിദാ പ്രചരിപ്പിച്ചു. മികച്ച തൂലികാകാരനായിരുന്ന രിദാ ഈ രംഗത്ത് ഗുരുക്കന്മാരെപ്പോലും കടത്തിവെട്ടി. മുഹമ്മദ് അബ്ദുവിനെപ്പോലെ ഇസ്‌ലാമിനെ അതിന്റെ ആദിമവിശുദ്ധി നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനികതയുമായി ബന്ധിപ്പിക്കുകയായിരുന്നു അദ്ദേഹം. ഉസ്മാനിയ ഖിലാഫത്ത് നിഷ്‌ക്രമിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നതിനാലാവണം പരിഷ്‌കരണത്തിന്റെ ഫലപ്രദമായ പ്രയോഗവല്‍ക്കരണത്തിന് നിര്‍ണിതമായ മാനദണ്ഡങ്ങള്‍ ഉണ്ടാകണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
പടിഞ്ഞാറിന്റെ കടന്നുകയറ്റത്തിലെ ഭീഷണിയോടൊപ്പം സയണിസത്തിന്റെ അപകടവും നേരത്തേ മനസ്സിലാക്കിയ പ്രതിഭയായിരുന്നു റശീദ് രിദാ. 1898-ല്‍ അല്‍മനാറിലെഴുതിയ നീണ്ട ലേഖനത്തില്‍ അദ്ദേഹം ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്: 'പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങളേ, നിങ്ങളുടെ ചുറ്റും നടക്കുന്നത് എന്താണെന്ന് തലയുയര്‍ത്തി നോക്കൂ. എന്താണ് രാഷ്ട്രങ്ങളും ജനതയും ചെയ്തുകൊണ്ടിരിക്കുന്നത്. ദുര്‍ബലരെന്ന് ലോകം മുദ്രകുത്തിയതും വിവിധ ഭരണകൂടങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍നിന്ന് പുറന്തള്ളിയതുമായ ഒരു ജനത (ജൂതന്മാര്‍) നിങ്ങളുടെ നാട്ടിലേക്ക് കടന്നുവരാനും ഈ മേഖലയെ കോളനിവല്‍ക്കരിക്കാനും തയാറായിവരുന്നതില്‍ നിങ്ങള്‍ തൃപ്തരാണോ? നിങ്ങളുടെ പിതാക്കളുടെ ഭൂമി സയണിസ്റ്റുകള്‍ തട്ടിയെടുക്കുന്നതില്‍ യാതൊരു പ്രയാസവും നിങ്ങള്‍ക്കില്ലേ?'
ഹസനുല്‍ ബന്നായുടെ വ്യക്തിത്വം
ഇഖ്‌വാന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സംഘടനയാണെന്ന് തെളിയിക്കുന്നതിന് തന്റെ ആശയങ്ങളും അല്‍ അസ്ഹറിന്റെ പാഠങ്ങളും തമ്മില്‍ വൈരുധ്യങ്ങള്‍ വരാതിരിക്കാന്‍ ബന്നാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, ബന്നായെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും അസ്ഹര്‍ ഏറെ ബഹുമാനത്തോടെയാണ് കണ്ടത്. അതിനൊരു കാരണവുമുണ്ടായിരുന്നു. കള്‍ട്ടുകള്‍ ഈജിപ്തിന്റെ മതകീയാടിത്തറയെ കാര്‍ന്നുതിന്നുന്ന കാന്‍സറായി വളരുന്നുണ്ടായിരുന്നു. മന്ത്രവാദവും സറ എന്ന അനിസ്‌ലാമിക ആചാരവും രാജ്യത്തെ മിക്ക ഭവനങ്ങളെയും ബാധിച്ചിരുന്നു. സ്ത്രീകളായിരുന്നു ഈ അന്ധവിശ്വാസങ്ങളുടെ വലിയ ഇര. ബന്നായുടെ അധ്യാപനങ്ങള്‍ കരുത്തുറ്റതും ഇസ്‌ലാമിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പുണ്യാത്മാക്കളെ ആരാധിക്കുന്ന കള്‍ട്ടുകള്‍ക്കെതിരായ സമരകാഹളവുമായിരുന്നു.4
ഹസനുല്‍ ബന്നായുടെ വ്യക്തിത്വത്തെയും വ്യവസ്ഥാപിത സ്വഭാവത്തിലുള്ള അദ്ദേഹത്തിന്റെ ഇസ്‌ലാമിക സംഘടനയെയും ഏറെ മതിപ്പോടെയാണ് പില്‍ക്കാലത്ത് ഈജിപ്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയ അന്‍വര്‍ സാദാത്ത് വീക്ഷിച്ചിരുന്നത്. സാദാത്ത് തന്റെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: 'അദ്ദേഹം (ഹസനുല്‍ ബന്നാ) ഒരു മതനേതാവ് എന്ന നിലയില്‍ എല്ലാ അര്‍ഥത്തിലും യോഗ്യനായ വ്യക്തിത്വമാണ്. അതിനു പുറമെ, അദ്ദേഹം യഥാര്‍ഥ ഈജിപ്ഷ്യനും മാന്യനും സഹിഷ്ണുതയും നര്‍മബോധവും ഉള്ള വ്യക്തി കൂടിയായിരുന്നു. മതപ്രബോധകരില്‍ പലപ്പോഴും കാണാത്ത രീതിയിലാണ് ഭൗതികവും ആത്മീയവുമായ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചിരുന്നത്. അദ്ദേഹത്തെക്കുറിച്ച് എനിക്കുള്ള മതിപ്പ് തുല്യതയില്ലാത്തതാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സംഘടനാ ഭദ്രതയും അതിന്റെ മുഖ്യകാര്യദര്‍ശിക്ക് അണികളില്‍നിന്ന് ലഭിക്കുന്ന അനുസരണവും ബഹുമാനവും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ബ്രദര്‍ഹുഡ് അണികള്‍ ബന്നായെ അങ്ങേയറ്റം ആദരിക്കുന്നു.'5
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അതിന്റെ പത്ത് പ്രവര്‍ത്തന പരിപാടികള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തുകയുണ്ടായി. പ്രാദേശിക, ദേശീയ തലങ്ങള്‍ മാത്രമല്ല, അന്തര്‍ദേശീയ വീക്ഷണവും ഉള്‍ക്കൊള്ളുന്ന അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് സമൂഹത്തിന്റെ പൊതു ക്ഷേമത്തിനും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുക, 2 രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമായ സംഭാവനകള്‍ അര്‍പ്പിക്കുക, 3. ഇസ്‌ലാമിക അധ്യാപനങ്ങളെ അടിസ്ഥാനപ്പെടുത്തി ആഗോള സമാധാനവും മാനുഷിക പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുക, 4. കോളനിവല്‍ക്കരണത്തില്‍നിന്നും മുസ്‌ലിം ലോകത്തെ മോചിപ്പിക്കുക, 5. മുസ്‌ലിം രാജ്യങ്ങളില്‍ ഇസ്‌ലാമിക വ്യവസ്ഥിതി പുനഃസ്ഥാപിക്കുക, 6. ഇസ്‌ലാമിക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഈജിപ്തിനെയും ഇതര മുസ്‌ലിം രാജ്യങ്ങളെയും ഐക്യപ്പെടുത്തുക, 7. ഇസ്‌ലാമിക ധാര്‍മിക, സദാചാര നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ മുസ്‌ലിം രാജ്യങ്ങളെ പ്രാപ്തമാക്കുകയും അതിലൂടെ അവയുടെ നിലനില്‍പ്പ് ശക്തിപ്പെടുത്തുകയും ചെയ്യുക, 8. സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക, 9. എല്ലാ കാലത്തും എല്ലാ സമൂഹങ്ങള്‍ക്കും മാര്‍ഗദര്‍ശിയായ ഗ്രന്ഥമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആന്റെ സംക്ഷിപ്ത വിവരണം ലോകത്തിന് നല്‍കുക, 10. മുസ്‌ലിം ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ അവര്‍ക്കുവേണ്ടി സംഘടനയുണ്ടാക്കുക.6
പൂര്‍ണമായും ദേശീയതയുടെ അടിസ്ഥാനത്തില്‍ ആണെങ്കിലും മുസ്‌ലിം രാജ്യങ്ങള്‍ കൊളോണിയല്‍ ശക്തികളില്‍നിന്ന് സ്വാതന്ത്ര്യം നേടിയതില്‍ ഹസനുല്‍ ബന്നാ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. വിദേശ ആധിപത്യത്തിനെതിരെ മുസ്‌ലിംകള്‍ കൂട്ടായി നടത്തിയ സമരങ്ങള്‍ എന്ന നിലയിലാണ് ദേശീയതയെ അദ്ദേഹം അംഗീകരിച്ചത്. ബ്രദര്‍ഹുഡ് വിപ്ലവത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും നിലവിലുള്ള ഭരണസംവിധാനത്തെ മുച്ചൂടും തകര്‍ത്തെറിയുന്ന റെവല്യൂഷനറി സംവിധാനത്തെ അംഗീകരിച്ചിരുന്നില്ല. നിരന്തരമായ മാറ്റങ്ങളിലൂടെയാണ് ഭരണസംവിധാനം മാറേണ്ടതെന്ന നിലപാടായിരുന്നു സംഘടന സ്വീകരിച്ചുപോന്നത്. എന്നാല്‍, ഇഖ്‌വാന് വിപ്ലവം പോരെന്നു പറഞ്ഞ് സംഘടനയില്‍നിന്ന് വിട്ടുപോയവരും സിറിയയില്‍ ഹാഫിസുല്‍ അസദിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ഹമയില്‍ സായുധ പോരാട്ടത്തിന് അവിടത്തെ ഇഖ്‌വാന്‍ ഘടകം സ്വീകരിച്ച നയനിലപാടുകളും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു. അതിന്റെ ഫലം ദൂരവ്യാപകവും ദുരന്തപൂര്‍ണവുമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിച്ച് ഇഖ്‌വാന്‍ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിനിറങ്ങുകയും അധികാരത്തിലെത്തുകയും ചെയ്ത ഈജിപ്ഷ്യന്‍ സാഹചര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭരണ സിസ്റ്റത്തെ ഘട്ടംഘട്ടമായി മാറ്റുകയെന്ന നയമാണ് ഇവിടെ ഇഖ്‌വാന്‍ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചത്. മുന്‍ ഭരണകൂടത്തിലെ പട്ടാളമേധാവി ഉള്‍പ്പെടെയുള്ളവരെ കുഞ്ചിക സ്ഥാനത്തിരുത്തി ആരംഭിച്ച ഈ നടപടി പക്ഷേ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറിയ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ പടിഞ്ഞാറും മുസ്‌ലിം രാജാക്കന്മാരും പുരോഹിതന്മാരും ചേര്‍ന്ന അവിശുദ്ധ സഖ്യം വലിച്ചു താഴെയിട്ടു. സംഘടന തന്നെ നിരോധിക്കപ്പെടുകയും നേതാക്കള്‍ ഒന്നടങ്കം തടവിലാക്കപ്പെടുകയും ചെയ്തു.
ഈജിപ്തിലെ സാമൂഹിക സാഹചര്യങ്ങള്‍ ഇഖ്‌വാനെപ്പോലെയുള്ള സംഘടനകള്‍ക്ക് ശക്തമായ വേരോട്ടം നടത്താന്‍ പര്യാപ്തമായിരുന്നു. മധ്യ, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും പാവങ്ങള്‍ക്കിടയിലും ഇഖ്‌വാന്റെ സ്വാധീനം അമ്പരപ്പിക്കുന്നതായിരുന്നു. 1952-ലെ വിപ്ലവത്തിനു മുമ്പ് ഉപരിവര്‍ഗവും സാധാരണക്കാരും തമ്മിലുള്ള അന്തരം വലുതായിരുന്നു. സാമ്പത്തികവും ഭരണപരവുമായ മേഖലകളുടെ സമ്പൂര്‍ണ നിയന്ത്രണം ഉപരിവര്‍ഗം കൈയടക്കിവെച്ചു. അതിനാല്‍ മധ്യ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹിക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് ഇഖ്‌വാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉദാഹരണത്തിന് ആശ്വാസ, ക്ഷേമ പദ്ധതികള്‍ക്കായി ഇസ്‌ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായി സകാത്ത്, സദഖകള്‍ അവര്‍ പിരിച്ചെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാഥശാലകളും വൃദ്ധസദനങ്ങളും അംഗവൈകല്യമുള്ളവരുടെ പുനരധിവാസത്തിനുള്ള കേന്ദ്രങ്ങളും ഇതുവഴി സ്ഥാപിച്ചു. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും സ്‌കൂളുകള്‍, പള്ളികള്‍, ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍, ചെറുകിട വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സ്ഥാപനത്തിലെത്തുകയും ചെയ്തു. റമദാനില്‍ പാവപ്പെട്ടവര്‍ക്ക് നോമ്പുതുറക്കുള്ള വിപുലമായ കേന്ദ്രങ്ങള്‍, അച്ചടി പ്രസുകള്‍, നെയ്ത്തു കേന്ദ്രങ്ങള്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഇഖ്‌വാന്‍ ആരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ സ്ഥാപിക്കുന്നതില്‍ വരെയെത്തി. അത്തരത്തിലുള്ള ഒരു കമ്പനിയാണ് അര്‍റയ്യാന്‍. നഴ്‌സറികള്‍, സ്‌കൂളുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, റെസ്റ്റോറന്റുകള്‍, പ്രസിദ്ധീകരണാലയങ്ങള്‍ എന്നിവ റയ്യാനു കീഴിലുള്ള സ്ഥാപനങ്ങളാണ്. എണ്‍പതുകളുടെ മധ്യത്തില്‍ ഇഖ്‌വാനെതിരെ ഭരണകൂടവും മാധ്യമങ്ങളും വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട കൂട്ടത്തില്‍ ഇന്‍വെസ്റ്റ് കമ്പനികളും ലക്ഷ്യമായിരുന്നു. ബ്രദര്‍ഹുഡിന്റെ ഇസ്‌ലാമി ഇന്‍വെസ്റ്റ് കമ്പനികള്‍ക്ക് അഞ്ചു മുതല്‍ 15 വരെ ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തി ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം. മുബാറക് ഗവണ്‍മെന്റും അതിന്റെ പ്രചാരണ വിഭാഗങ്ങളും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും അര്‍റയ്യാന്റെയോ അതിന്റെ അനുബന്ധ കമ്പനികളുടെയോ വളര്‍ച്ചക്കോ സല്‍പേരിനോ കോട്ടം തട്ടിക്കാനായില്ല. മേല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ഗവണ്‍മെന്റ് കമ്പനികളേക്കാള്‍ എത്രയോ മികച്ചതായിരുന്നു.
1936-നു മുമ്പ് ബ്രദര്‍ഹുഡ് അറിയപ്പെട്ടിരുന്നത് സാമൂഹിക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ഇസ്‌ലാമിക സംഘടനയായാണ്. 1938 ആയപ്പോഴേക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രീയ സംഘടനയായി വളര്‍ന്നു. അന്നദീര്‍ എന്ന രാഷ്ട്രീയ വാരികയും പ്രസിദ്ധീകരണം തുടങ്ങി. രാഷ്ട്രീയം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഇസ്‌ലാമില്‍ ഭരണകൂടവും ഉള്‍പ്പെടുന്നുണ്ടെന്നും ഹസനുല്‍ ബന്നാ അണികളെ ഓര്‍മിപ്പിച്ചു. 1930-കള്‍ക്ക് ഒടുവില്‍ തന്നെ ഇഖ്‌വാന്‍ അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമാക്കിയിരുന്നു. അന്ന് ഭരണകക്ഷിയായിരുന്ന വഫ്ദ് പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഇഖ്‌വാന്‍ രണ്ടാം ലോക യുദ്ധകാലത്ത് ഗവണ്‍മെന്റിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയുണ്ടായി. പ്രക്ഷോഭം പലപ്പോഴും കൈവിട്ടുപോവുകയും 1948 ഡിസംബറില്‍ പ്രധാനമന്ത്രി മഹ്‌മൂദ് ഫഹ്‌മി അന്നുഖ്‌റാശിയുടെ വധത്തില്‍ കലാശിക്കുകയും ചെയ്തു. ഹസനുല്‍ ബന്നാക്ക് പോലും നിയന്ത്രിക്കാനാവാത്തവിധം ചില ഗ്രൂപ്പുകള്‍ നടത്തിയ പ്രവര്‍ത്തനമാണിതെന്ന് ബ്രിട്ടാണിക്ക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. വധത്തെ ഹസനുല്‍ ബന്നാ ശക്തിയായി അപലപിച്ചെങ്കിലും ഭരണകൂടം അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നു. ബന്നായുടെ സംഘാടക മികവ് വിളിച്ചോതി ഇഖ്‌വാന്റെ അനുയായിവൃന്ദം 20 ലക്ഷത്തോളമായി ഉയര്‍ന്നതാണ് അവരെ അലോസരപ്പെടുത്തിയത്. അതിനാല്‍ ആ വിപ്ലവകാരിയെ ഇല്ലാതാക്കിയാല്‍ ഇഖ്‌വാന്റെ വളര്‍ച്ച തടയാമെന്ന് അവര്‍ കണക്കുകൂട്ടി. 1949 ഫെബ്രുവരി 12-ന് ഭരണകൂടത്തിന്റെ ഏജന്റുമാര്‍ ഹസനുല്‍ ബന്നായുടെ ജീവന്‍ കവര്‍ന്നു.
ഇഖ്‌വാനെ സംബന്ധിച്ചേടത്തോളം പരീക്ഷണ ഘട്ടത്തിന്റെ ആരംഭമായിരുന്നു അത്. സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഫ്രീ ഓഫീസേഴ്‌സ് സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ജമാല്‍ അബ്ദുന്നാസിറുമായി തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്നു ഇഖ്‌വാന്‍. ഹസനുല്‍ ബന്നാക്കുശേഷം നേതൃത്വം ഏറ്റെടുത്തത് പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ ഹസനുല്‍ ഹുദൈബി ആയിരുന്നെങ്കിലും ബുദ്ധികേന്ദ്രമായി അറിയപ്പെട്ടത് സയ്യിദ് ഖുത്വ്ബായിരുന്നു. ഖുത്വ്ബുമായി നാസിര്‍ അടുത്ത ബന്ധം പുലര്‍ത്തി. വിപ്ലവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലപ്പോഴും ഖുത്വ്ബിന്റെ വീട്ടിലെത്തിയിരുന്ന നാസിര്‍ ചിലപ്പോള്‍ 12 മണിക്കൂര്‍ വരെ അവിടെ ചെലവഴിച്ചിരുന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെ നാസിറിന്റെ ഇഖ്‌വാന്‍ ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. അധികാരത്തിലേറിയാല്‍ നാസിര്‍ ഇസ്‌ലാമിക ഗവണ്‍മെന്റ് രൂപീകരിക്കുമെന്നാണ് ഇഖ്‌വാനികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാസിറിന്റെ ലൈന്‍ മറ്റൊന്നായിരുന്നു. ഇഖ്‌വാന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് സംഘടനക്ക് ശക്തമായ ജനകീയാടിത്തറ നല്‍കുന്നതെന്ന് കണ്ടെത്തിയ ജമാല്‍ അബ്ദുന്നാസിര്‍ ഇഖ്‌വാന് ബദലായി തഹ്‌രീര്‍ (സ്വാതന്ത്ര്യം) എന്ന പേരില്‍ രഹസ്യ സംഘടനക്കും രൂപം നല്‍കി. ഇഖ്‌വാനും ഫ്രീ ഓഫീസേഴ്‌സും തമ്മിലുള്ള ബന്ധം നാസിര്‍ മുതലെടുക്കുന്നുവെന്ന് ബോധ്യപ്പെട്ട ഖുത്വ്ബ് അദ്ദേഹവുമായി അകന്നെങ്കിലും മന്ത്രിപദവി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പദവികള്‍ വാഗ്ദാനം ചെയ്ത് അദ്ദേഹത്തെ പാട്ടിലാക്കാനാണ് നാസിര്‍ ശ്രമിച്ചത്. എന്നാല്‍ ആദര്‍ശധീരനായ സയ്യിദ് ഖുത്വ്ബ് അതില്‍ വീണില്ലെന്നു മാത്രമല്ല, ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളെയും പാശ്ചാത്യ അനുകൂല കാഴ്ചപ്പെടുകളെയും ശക്തിയായി എതിര്‍ക്കുകയാണുായത്. 1954-ല്‍ അബ്ദുന്നാസിറിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സയ്യിദ് ഖുത്വ്ബ് ഉള്‍പ്പെടെ നിരവധി ഇഖ്‌വാന്‍ പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജയിലുകളിലും രഹസ്യകേന്ദ്രങ്ങളിലും പീഡനങ്ങള്‍ക്ക് ഇരയായത്. ആദ്യ മൂന്നു വര്‍ഷം ഖുത്വ്ബും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. നിരോധിത ഇഖ്‌വാന്‍ പക്ഷേ തളര്‍ന്നില്ലെന്നു മാത്രമല്ല, അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി തുടരുകയായിരുന്നു.
ഇറാഖ് പ്രധാനമന്ത്രി അബ്ദുസ്സലാം ആരിഫിന്റെ ഇടപെടലിലൂടെ 1964-ല്‍ ഖുത്വ്ബ് ജയില്‍മോചിതനായെങ്കിലും എട്ടു മാസത്തിനുശേഷം വീണ്ടും ജയിലിലടച്ചു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കുറ്റം. ഖുത്വ്ബിന്റെ മാസ്റ്റര്‍ പീസുകളായ ഫീ ളിലാലില്‍ ഖുര്‍ആന്‍ (ഖുര്‍ആന്റെ തണലില്‍), മആലിം ഫിത്ത്വരീഖ് (വഴിയടയാളങ്ങള്‍) എന്നിവ ആയിരങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഖുത്വ്ബിനെതിരെ ഉന്നയിച്ച തെളിവുകളില്‍ പലതും 'വഴിയടയാളങ്ങള്‍' എന്ന ഗ്രന്ഥത്തിലെ ഉദ്ധരണികളായിരുന്നു. വിചാരണാ പ്രഹസനത്തിനുശേഷം ഖുത്വ്ബിനെയും അബ്ദുല്‍ ഖാദിര്‍ ഔദ ഉള്‍പ്പെടെ ആറു സഹപ്രവര്‍ത്തകരെയും വധശിക്ഷക്കു വിധിച്ചു. മാപ്പപേക്ഷിച്ചാല്‍ വിട്ടയക്കാമെന്ന ഭരണകൂടത്തിന്റെ ഔദാര്യം ആവശ്യമില്ലെന്നു പറഞ്ഞ് ധീര രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു സയ്യിദ് ഖുത്വ്ബ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഇഖ്‌വാന്‍ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് നല്‍കിയ ഊര്‍ജവും ജനപിന്തുണയും വിവരണാതീതമാണ്. 1966 ആഗസ്റ്റ് 29-ന് നാസിറിന്റെ കിങ്കരന്മാര്‍ ഖുത്വ്ബിനെയും കൂട്ടുകാരെയും തൂക്കിലേറ്റി.
രാഷ്ട്രീയ ഇസ്‌ലാമിന്റെ ആചാര്യനെന്ന് അള്‍ട്രാ സെക്യുലറിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന സയ്യിദ് ഖുത്വ്ബ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന് മാത്രമല്ല, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഒന്നടങ്കം ദിശാബോധം നല്‍കിയ ധീരരക്തസാക്ഷിയായി നിലകൊള്ളുമ്പോഴും അദ്ദേഹത്തിന്റെ കര്‍മമണ്ഡലമായിരുന്ന ഈജിപ്തില്‍ പ്രസ്ഥാനം വെല്ലുവിളികള്‍ നേരിടുകയായിരുന്നു. 1956 മുതല്‍ 1970 വരെ മൂന്ന് തവണകളായി പ്രസിഡന്റ് പദവിയിലിരുന്ന ജമാല്‍ അബ്ദുന്നാസിറിന്റെയും എണ്‍പതുകളുടെ തുടക്കം മുതല്‍ 2011 വരെ മൂന്നു പതിറ്റാണ്ട് ഉരുക്കുമുഷ്ടിയോടെ നാടു ഭരിച്ച ഹുസ്‌നി മുബാറക്കിന്റെയും കാലഘട്ടങ്ങളിലാണ് ഇഖ്‌വാന്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയത്. നാസിറിനുശേഷം അധികാരമേറ്റ അന്‍വര്‍ സാദാത്തുമായി തുടക്കത്തില്‍ ഇഖ്‌വാന്‍ നല്ല ബന്ധത്തിലായിരുന്നെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. 1967 മുതല്‍ അടിയന്തരാവസ്ഥ നിലനിന്നിരുന്ന ഈജിപ്തില്‍ ഇഖ്‌വാന് പരസ്യപ്രവര്‍ത്തനം നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ പേരുപറഞ്ഞുള്ള ഏകാധിപത്യ ഭരണത്തിനെതിരെ ജനവികാരം ഉയര്‍ത്താന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അനിവാര്യമാണെന്ന് എണ്‍പതുകളുടെ തുടക്കത്തില്‍ ഇഖ്‌വാന് ബോധ്യപ്പെട്ടു.
ഇറാനില്‍ 1979-ല്‍ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുണ്ടായ വിപ്ലവവും അഫ്ഗാനിസ്താനില്‍ സോവിയറ്റ് സാമ്രാജ്യത്വത്തിനെതിരെ മുജാഹിദുകള്‍ നടത്തിയ മുന്നേറ്റവും വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ സൃഷ്ടിച്ച അനുരണനം ഈജിപ്തിലും പ്രകടമായി. 1982 ഫെബ്രുവരിയില്‍ സിറിയയിലെ ഹമാ നഗരത്തില്‍ ഇഖ്‌വാന്‍ നടത്തിയ പ്രക്ഷോഭം ഹാഫിസുല്‍ അസദ് ഭരണകൂടം അടിച്ചമര്‍ത്തിയെങ്കിലും ഇതേ കാലത്ത് ഈജിപ്തിലും ജോര്‍ദാനിലും ഇഖ്‌വാന്‍ ശക്തി പ്രാപിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാവുകയും ചെയ്തു. നിരോധനവും വിലക്കുകളും അതിജീവിച്ച് ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഇഖ്‌വാന്‍ പ്രാതിനിധ്യം ഉറപ്പിച്ചത് ഇക്കാലത്താണ്. 1984-ല്‍ വഫ്ദ് പാര്‍ട്ടിയുമായും 1987-ല്‍ സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയാണ് ഇഖ്‌വാന്‍ മത്സരിച്ചത്. സംഘടനയുടെ പേരില്‍ മത്സരിക്കാന്‍ അനുവാദമില്ലാതിരുന്നിട്ടും ഹുസ്‌നി മുബാറകിന്റെ ഏകാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്ന് ഇഖ്‌വാന്റെ പ്രകടനം ബോധ്യപ്പെടുത്തി. 2000-ത്തിലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ വിജയിച്ച് ഇഖ്‌വാന്‍ മുഖ്യ പ്രതിപക്ഷമായി. അഞ്ചു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച ഇഖ്‌വാന്‍ സ്ഥാനാര്‍ഥികള്‍ 88 സീറ്റുകള്‍ ജയിച്ചടക്കിയത് അത്യധികം ഉത്കണ്ഠയോടെയാണ് മുബാറക്കും അനുകൂലികളും വീക്ഷിച്ചത്. ഇഖ്‌വാന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗില്‍ പല വിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പാര്‍ട്ടിക്ക് സ്വന്തം പേരില്‍ മത്സരിക്കാനുള്ള അനുവാദം നല്‍കാതിരുന്നിട്ടും പാര്‍ലമെന്റ് സീറ്റുകളില്‍ 20 ശതമാനം ഇഖ്‌വാന്‍ കൈയടക്കിയത് മാറ്റത്തിനുള്ള വലിയ സൂചനകളായിരുന്നു.
അംഗീകൃത പ്രതിപക്ഷ പാര്‍ട്ടികള്‍ കേവലം 14 സീറ്റുകളില്‍ ഒതുങ്ങിയപ്പോഴാണ് ഇഖ്‌വാന്റെ ഉജ്ജ്വല പ്രകടനമെന്നതിനാല്‍ പാര്‍ട്ടിക്കുമേലുള്ള നിരോധനം നീക്കണമെന്ന ചര്‍ച്ചകള്‍ ഈജിപ്ഷ്യന്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ആരംഭിച്ച ഘട്ടത്തിലാണ് അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിച്ചത്. കമ്യൂണിസ്റ്റുകളും ദേശീയവാദികളും കോപ്റ്റിക് ക്രിസ്ത്യാനികളും ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളെ അണിനിരത്തി കിഫായ (മതിയായി) എന്ന ജനകീയ പ്രക്ഷോഭം നയിച്ച ഇഖ്‌വാനെ ഒറ്റപ്പെടുത്തുന്ന വിഷയത്തില്‍ സലഫിസ്റ്റ് എതിരാളികളില്‍ ചിലരെങ്കിലും മുബാറക്കിനോടൊപ്പം ചേരുകയുണ്ടായി. ഇതൊക്കെയാണെങ്കിലും തൊഴിലാളികള്‍ മുതല്‍ പ്രഫഷനലുകള്‍ വരെയുള്ളവര്‍ക്കിടയില്‍ ഒരുപോലെ വേരോട്ടമുള്ള ഇസ്‌ലാമിക പ്രസ്ഥാനം രാജ്യത്തെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുടെ കൂട്ടായ്മകളിലും സിന്റിക്കേറ്റുകളിലും അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നു. സര്‍വകലാശാലകളിലെ വിദ്യാര്‍ഥി കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്റെ മുന്നേറ്റം തടയാന്‍ സൈനികര്‍ പരസ്യമായി ഇടപെടുന്നതില്‍ പ്രതിഷേധിച്ച് കാമ്പസുകളില്‍ സമാന്തര വിദ്യാര്‍ഥി യൂനിയനുകള്‍ ഇഖ്‌വാന്‍ രൂപീകരിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ ചിലയിടങ്ങളില്‍ വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത് സ്ഥിതി രൂക്ഷമാക്കി. ഇതിനെതിരെ ഏറ്റവും വലിയ സര്‍വകലാശാലയായ അല്‍ അസ്ഹറിലെ മേധാവിയുടെ ഓഫീസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സമാന്തര മിലീഷ്യയെ അവരോധിക്കാനുള്ള ഇഖ്‌വാന്റെ ഗൂഢാലോചനയാണെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമാണിതെന്നും ഗവണ്‍മെന്റ് പ്രചരിപ്പിച്ചു. ലബനാനിലേക്ക് ആയിരക്കണക്കിന് പോരാളികളെ അയക്കാന്‍ ഇഖ്‌വാന് കെല്‍പുണ്ടെന്ന് 2006 ആഗസ്റ്റിലെ ഇസ്രയേല്‍ ആക്രമണവേളയില്‍ സംഘടനയുടെ കാര്യദര്‍ശി മുഹമ്മദ് മഹ്ദി ആകിഫ് നടത്തിയ പ്രസ്താവനയെയും ഇതിന് കൂട്ടുപിടിച്ചു.
തലസ്ഥാനമായ കെയ്‌റോയില്‍ 270 ഇഖ്‌വാന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാണ് അസ്ഹറിലെ പ്രതിഷേധത്തോട് ഭരണകൂടം പ്രതികരിച്ചത്. അറസ്റ്റിലായവരില്‍ ഇഖ്‌വാന്റെ പ്രമുഖ സാമ്പത്തിക സ്രോതസ്സായ ഖൈറത് അശ്ശാത്വിര്‍ ഉള്‍പ്പെടെ 28 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ശാത്വിറിനെയും മറ്റു 15 പേരെയും കസ്റ്റഡിയില്‍ വെക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയ കോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. 1981-ല്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ ഭാഗമായി നടപ്പാക്കിയ ഏറ്റവും പിന്തിരിപ്പന്‍ നിയമമാണ് സിവിലിയന്മാരെ സൈനിക കോടതി മുമ്പാകെ വിചാരണ ചെയ്ത് ശിക്ഷിക്കാമെന്നത്. സൈനിക കോടതികളും രഹസ്യപ്പോലീസും (മുഖാബറാത്ത്) അബൂ ഗുറൈബിനെപ്പോലെ കുപ്രസിദ്ധമായ ലിമാന്‍തുറ ജയിലും ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്കെതിരെ മുബാറക് നടത്തിയ ഭീകരവേട്ടയുടെ ചില സാമ്പിളുകള്‍ മാത്രമാണ്.
ഇഖ്‌വാന്റെ ജനപിന്തുണയില്‍ വിറളിപൂണ്ട ഭരണകൂടം അറസ്റ്റുകള്‍ക്കും പീഡനങ്ങള്‍ക്കും പുറമെ, വ്യാപകമായ കുപ്രചാരണങ്ങളും അഴിച്ചുവിട്ടു. ഇഖ്‌വാന്റെ കരങ്ങളില്‍ ഈജിപ്തിനെ ഏല്‍പിച്ചാല്‍ സ്ത്രീകള്‍ മുഴുവന്‍ അബായ (പര്‍ദ) ധരിക്കേണ്ടിവരുമെന്നും ന്യൂനപക്ഷമായ കോപ്റ്റിക്കുകള്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്നും രാജ്യത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുമെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. ആരോപണങ്ങളൊന്നും വിലപ്പോയില്ലെന്നു മാത്രമല്ല, കോപ്റ്റിക്കുകളില്‍ ചിലരെങ്കിലും ഇഖ്‌വാന് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. കോപ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള അമുസ്‌ലിം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡ് പിന്തുണച്ചിരുന്നു. ആദ്യ റൗണ്ടില്‍ മത്സരിച്ച കോപ്റ്റിക് സ്ഥാനാര്‍ഥിയും വനിതയുമായ മോന മക്‌റം ഉബൈദി അവരിലൊരാളാണ്. കോപ്റ്റിക്കുകള്‍ മത്സരിക്കുന്നതിനാല്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ രണ്ട് മണ്ഡലങ്ങളില്‍ ബ്രദര്‍ഹുഡ് അവരെ പിന്തുണച്ചു. ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുകയാണെങ്കില്‍ ജനാധിപത്യം, നിയമവാഴ്ച, ന്യൂനപക്ഷങ്ങളോടുള്ള സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരു വിധ ആശങ്കയും വേണ്ടെന്നും ഇഖ്‌വാന്റെ മുന്നേറ്റത്തില്‍ ബേജാറുള്ള ഭരണകൂടം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും വിശദീകരിച്ച് ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറത്ത് അശ്ശാത്വിര്‍ ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ശ്രദ്ധേയമായ ഒരു ലേഖനവും എഴുതുകയുണ്ടായി. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെക്കുറിച്ച് ഭരണകൂടം പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകളാണെന്നും ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത് ഭയക്കേണ്ടതില്ലെന്നും ഈജ്പ്തിലെ പ്രമുഖ വിശകലന വിദഗ്ധനും ക്രിസ്ത്യാനിയുമായ റഫീഖ് സാമുവേല്‍ ഹബീബിനെപ്പോലുള്ളവര്‍ വ്യക്തമാക്കുകയുണ്ടായി (ഇഖ്‌വാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എഫ്.ജെ.പിയുടെ ഉപാധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത് കോപ്റ്റിക് ക്രിസ്ത്യാനിയായ ഡോ. റഫീഖ് ഹബീബാണ് എന്നതും എടുത്തു പറയേണ്ടതാണ്)
2010-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിഷ്പക്ഷമായാണ് നടക്കുന്നതെങ്കില്‍ ഇഖ്‌വാന്‍ അത്ഭുതം കാട്ടുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവചിച്ചിരുന്നു. മുബാറക്കിന്റെയും പുത്രന്‍ ജമാല്‍ മുബാറക്കിന്റെയും സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള നാഷ്‌നല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി)യുടെ മറവില്‍ ജനാധിപത്യത്തെ പരിഹസിക്കുന്ന ഏര്‍പ്പാടാണ് നിലനിന്നിരുന്നത്. സ്ഥിതി തങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന് ബോധ്യപ്പെട്ട മുബാറക് അടിച്ചമര്‍ത്തല്‍ നടപടികള്‍ രൂക്ഷമാക്കുകയും കൂടുതല്‍ കരിനിയമങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിലുള്ളതോ മതകീയ ചട്ടക്കൂടുകള്‍ ഉള്ളതോ ആയ സംഘടനകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിക്കുകയും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത് തടയുകയും ചെയ്തുള്ള നിയമം കൂട്ടിച്ചേര്‍ത്ത് ഭരണഘടന മാറ്റിയെഴുതിയത് പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ഇഖ്‌വാന്റെ സാന്നിധ്യം തടയുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയായിരുന്നു. സംശയിക്കുന്ന ആരെയും പിടികൂടി തടങ്കലില്‍ വെക്കാനും പൊതുസമ്മേളനങ്ങള്‍ തടയാനും സുരക്ഷാ സൈനികര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭീകരവിരുദ്ധ നിയമവും പാസ്സാക്കി.
ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും നെറികെട്ട തെരഞ്ഞെടുപ്പ് നാടകമാണ് 2010 നവംബറില്‍ അരങ്ങേറിയത്. ഇലക്ഷന്‍ കലക്കാനും ബൂത്തുകള്‍ കൈയേറാനും നേരത്തേ തന്നെ സുരക്ഷാ ഏജന്‍സികള്‍ക്കും എന്‍.ഡി.പി അണികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഒന്നാം റൗണ്ടില്‍ വോട്ടെടുപ്പ് നടന്ന 508-ല്‍ 420 സീറ്റുകളും ജയിച്ചടക്കി മുബാറക്കിന്റെ പാര്‍ട്ടി 'മൃഗീയ ഭൂരിപക്ഷം' നേടിയപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ഇഖ്‌വാന് കിട്ടിയത് പൂജ്യം. 130 സീറ്റുകളിലാണ് സംഘടന മത്സരിച്ചിരുന്നത്. അവരില്‍ 28 പേര്‍ അയോഗ്യരാക്കപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ ഇലക്ഷനില്‍ പങ്കാളിത്തം വഹിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ബോധ്യപ്പെട്ട ഇഖ്‌വാന്‍ രണ്ടാം റൗണ്ട് ബഹിഷ്‌കരിച്ച് മുബാറക്കിനും കൂട്ടര്‍ക്കും 'സമ്പൂര്‍ണ വിജയം' സമ്മാനിച്ചു. എന്നാല്‍ ഇഖ്‌വാന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇലക്ഷന്‍ പ്രഹസനത്തിനെതിരെയും എന്‍.ഡി.പിയുടെ ഏകാധിപത്യ ഭരണത്തിനെതിരയും പ്രക്ഷോഭ സമരങ്ങള്‍ തുടര്‍ന്നു.
2011-ലെ ശക്തമായ ജനകീയ പ്രക്ഷോഭത്തില്‍ മുബാറക്കും അയാളുടെ പാര്‍ട്ടിയും ഒലിച്ചുപോയി. അധികാരത്തിന്റെ തിണ്ണബലത്തിലായിരുന്നു മൂന്നു പതിറ്റാണ്ടിലേറെ കാലം മുബാറക്കും കൂട്ടാളികളും തിമിര്‍ത്താടിയത്. തന്റെ അഞ്ചാമൂഴം അവസാനിക്കുന്നതോടെ മകന്‍ ജമാലിനെ പ്രസിഡന്റ് പദവിയില്‍ വാഴിക്കാന്‍ കാത്തിരുന്ന മുബാറക്കിനെ തേടിയെത്തിയത് കാരാഗൃഹമാണ്. നിരോധം നീങ്ങിയ ഇഖ്‌വാന്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. 498 അംഗപാര്‍ലമെന്റില്‍ 235 സീറ്റുകളുമായി (47.2 ശതമാനം) വന്‍ ഭൂരിപക്ഷം നേടിയ എഫ്.ജെ.പി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രസ്തുത വിജയം ആവര്‍ത്തിച്ചു.
പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അതിന്റെ ചരിത്രപരമായ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് വീണ്ടും ഗൂഢാലോചനകള്‍ രൂപപ്പെടുന്നതും ഈജിപ്ത് വീണ്ടും പട്ടാള ഭരണത്തിലേക്ക് എടുത്തെറിയപ്പെടുന്നതും. നിരോധവും അടിച്ചമര്‍ത്തലും രക്തസാക്ഷിത്വവും അഭിമുഖീകരിച്ച ആദ്യഘട്ടത്തിലെ പരീക്ഷണം തന്നെയാണ് ഇഖ്‌വാന്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അടിച്ചമര്‍ത്തലുകളിലൂടെ ഇല്ലാതാക്കാന്‍ കഴിയാത്തവിധം അടിത്തറയുള്ളതാണ് ഈ പ്രസ്ഥാനമെന്നത് എതിരാളികള്‍ക്കു പോലുമറിയാം.
സലഫിസ്റ്റ് രാഷ്ട്രീയം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സലഫിസം ഈജിപ്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1926-ല്‍ വടക്കന്‍ ഈജിപ്തില്‍ 'അന്‍സ്വാറുസ്സുന്ന അല്‍ മുഹമ്മദിയ്യഃ' എന്ന പേരിലാണ് ഈ വിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്. സുഊദി സലഫികളുമായിട്ടായിരുന്നു അന്‍സ്വാറിന് ആശയപരമായ ബന്ധം. അല്‍ അസ്ഹറുമായി പലപ്പോഴും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു അല്‍ അന്‍സ്വാര്‍. അക്കാലത്ത് സുഊദിയില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ അസ്ഹറില്‍ പഠനം നടത്തിയിരുന്നു. വഹാബി ആശയപ്രചാരണം നടത്തിയെന്നും അല്‍ അസ്ഹര്‍ പണ്ഡിതരെ വിമര്‍ശിച്ചുവെന്നും ആരോപിച്ച് മുപ്പതുകളില്‍ സുഊദി വിദ്യാര്‍ഥിയായിരുന്ന അബ്ദുല്ല അല്‍ ഖുസയ്മിയെ അസ്ഹറില്‍നിന്ന് പുറത്താക്കുകയുണ്ടായി. അറിയപ്പെടുന്ന സലഫി പണ്ഡിതനായിരുന്ന ഖുസയ്മി പില്‍ക്കാലത്ത് സലഫിസത്തില്‍നിന്ന് മാറി നിരീശ്വരവാദത്തിലേക്ക് നീങ്ങുകയും സംഘടിത മതങ്ങളെ നിരാകരിക്കുകയും ചെയ്തു. 1996-ല്‍ കെയ്‌റോയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. 1970-കളുടെ തുടക്കം വരെ ഒരൊറ്റ സലഫി പണ്ഡിതന്‍ മാത്രമാണ് അല്‍ അസ്ഹറിന്റെ തിയോളജി ഫാക്കല്‍റ്റിയില്‍ അധ്യാപകനായി ഉണ്ടായിരുന്നത്. പ്രഫസര്‍ മുഹമ്മദ് ഖലീല്‍ ഹറാസാണ് (മരണം 1975) അല്‍ അസ്ഹറില്‍ പി.എച്ച്.ഡി തീസീസ് സമര്‍പ്പിച്ച ആദ്യ സലഫി. അദ്ദേഹം അന്‍സ്വാറിന്റെ നേതാവായിരുന്നു. അല്‍ ഖാഇദയുടെ രണ്ടാമന്‍ ഡോ. അയ്മന്‍ സവാഹിരിയുടെ ഗുരുനാഥന്‍ കൂടിയായിരുന്നു ഹറാസ്.
1967-ലെ യുദ്ധത്തില്‍ അറബികള്‍ ഇസ്രയേലിനോട് ദയനീയമായി പരാജയപ്പെട്ട സംഭവം സലഫികളിലും ഉണര്‍വുണ്ടാക്കി. എഴുപതുകളില്‍ അലക്‌സാണ്ട്രിയ കേന്ദ്രീകരിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പിന് ഇത് കാരണമായി. ഇസ്‌ലാമിക ബോധമുള്ള യുവാക്കള്‍ സലഫി പാതയില്‍ ആകൃഷ്ടരായി. അല്‍ജമാഅ അദ്ദീനിയ്യയില്‍നിന്ന് വേറിട്ടുപോയ സംഘടനയാണ് ശബാബുല്‍ ഇസ്‌ലാം. 1974-ല്‍ ശബാബ് നേതൃത്വം അനുയായികളെ പുതുതായി രൂപം കൊണ്ട അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യയില്‍ ചേരാന്‍ പ്രേരിപ്പിച്ചു. ശബാബും അല്‍ ജമാഅയും തമ്മിലുള്ള ബാന്ധവം സര്‍വകലാശാലകളിലും മറ്റും ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. എഴുപതുകളുടെ മധ്യത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ അന്‍വര്‍ സാദാത്ത് ഗവണ്‍മെന്റ് അവസരമൊരുക്കുകയുണ്ടായി. ഇതിലൂടെ സലഫിസ്റ്റ് ആശയക്കാരായ യുവാക്കളെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ സ്വാധീനം അധികകാലം നീണ്ടുനിന്നില്ല. ഇസ്രയേലുമായി 1979-ല്‍ ക്യാമ്പ് ഡേവിഡ് കരാറില്‍ ഒപ്പുവെച്ചതോടെ സാദാത്തുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീണു. ഇറാന്‍ വിപ്ലവവും അഫ്ഗാനിസ്താനിലെ ജിഹാദും ഈ വിള്ളല്‍ വലുതാക്കി. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച സാദാത്തിന്റെ നടപടിയെ മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം എതിര്‍ക്കുകയും ശക്തമായ പ്രക്ഷോഭങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതോടെ ഗവണ്‍മെന്റ് മുസ്‌ലിം സംഘടനകള്‍ക്കെതിരെ നീങ്ങി. തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്‌സ് യൂനിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് നിരോധിക്കുകയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു. അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യ നേതാവ് അബ്ദുല്‍ മുന്‍ഈം അബ്ദുല്‍ ഫുതൂഹിനെ പരസ്യമായി സാദാത്ത് തള്ളിപ്പറഞ്ഞതോടെ ഇത് കൂടുതല്‍ പ്രകടമായി. ക്യാമ്പ് ഡേവിഡാണ് സാദാത്തിന്റെ ജീവന്‍ പോലും കവര്‍ന്നെടുത്തത്. സാദാത്തിനെ വധിച്ച സൈന്യത്തില്‍ ഓഫീസറായിരുന്ന ഖാലിദ് ഇസ്‌ലാംബൂലി ഏതെങ്കിലും ഇസ്‌ലാമിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്നില്ല.
ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്തിയെങ്കിലും സാദാത്തിന്റെ പിന്‍ഗാമിയായി വന്ന ഹുസ്‌നി മുബാറക് പക്ഷേ, സലഫികളോട് മൃദുസമീപനമാണ് കൈക്കൊണ്ടത്. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതായിരുന്നു കാരണം. ഈജിപ്ഷ്യന്‍ സലഫികള്‍ പൊതുവെ വലിയ തോതില്‍ സംഘടനാ ചട്ടക്കൂട്ടില്‍ ഒതുങ്ങാത്തവരായിരുന്നു. ഡെല്‍റ്റാ മേഖലയില്‍നിന്നുള്ള പണ്ഡിതരും പ്രബോധകരുമാണ് സലഫി വിഭാഗത്തിന്റെ നേതാക്കള്‍. മുബാറക് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെ തള്ളിപ്പറയുക മാത്രമല്ല, ഭരണാധികാരികള്‍ക്കെതിരെ സമരം നയിക്കുന്നത് ദീനീതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും ശിക്ഷാര്‍ഹമായ കുറ്റവുമായാണ് അവര്‍ വിലയിരുത്തിയത്. നിസ്സഹകരണ പ്രക്ഷോഭങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചതിന് മുന്‍ ആണവോര്‍ജ കമീഷന്‍ തലവനും ഈജിപ്ഷ്യനുമായ മുഹമ്മദ് അല്‍ ബറാദഇയെ വധിക്കാന്‍ വരെ അന്‍സ്വാര്‍ നേതാവ് ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി. വിവാദങ്ങളെ തുടര്‍ന്ന് പ്രസ്തുത ഫത്‌വ പിന്‍വലിച്ചെങ്കിലും വധഭീഷണിയെ തുടര്‍ന്ന് അല്‍ബറാദഇക്ക് പ്രവാസ ജീവിതം നയിക്കേണ്ടി വന്നു.
എണ്‍പതുകളുടെ ആരംഭത്തില്‍ തീവ്രവാദ നിലപാടുകളുമായി രംഗപ്രവേശം ചെയ്ത അല്‍ ജമാഅ അല്‍ ഇസ്‌ലാമിയയും സലഫി ആദര്‍ശം മുറുകെപ്പിടിച്ചവരായിരുന്നു. പിന്നീടവര്‍ തങ്ങളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുകയുണ്ടായി എന്നത് മറ്റൊരു കാര്യം. 1984-ല്‍ രൂപീകരിച്ച അദ്ദഅ്‌വ അസ്സലഫിയ്യയാണ് സലഫി സംഘടനകളില്‍ പ്രമുഖം. അതിന്റെ നേതാവ് യാസര്‍ ഹുസൈന്‍ ബുര്‍ഹാമി സര്‍വകലാശാലാ പഠനകാലത്ത് അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1958-ല്‍ വടക്കന്‍ ഗവര്‍ണറൈറ്റായ ബുഹൈറയിലെ കഫ്ര്‍ അല്‍ ദവാറില്‍ ജനിച്ച യാസര്‍ ഹുസൈന്റെ പിതാവ് ഇഖ്‌വാന്‍ അംഗവും നാസിറിന്റെ കാലത്ത് 1965-ല്‍ ജയില്‍വാസം അനുഷ്ഠിച്ച വ്യക്തിയുമായിരുന്നു. അലക്‌സാണ്ട്രിയ സര്‍വകലാശാലയില്‍നിന്ന് 1982-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ യാസര്‍ ഹുസൈന്‍ ബുര്‍ഹാമി 92-ല്‍ ശിശുരോഗ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് 1996-ല്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ശരീഅയില്‍ ബിരുദം നേടിയ അദ്ദേഹം നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. പഠനകാലത്ത് മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍ പോയ കാലത്ത് പരേതനായ അബ്ദുല്‍ അസീസ് ബിന്‍ ബാസുമായി നടത്തിയ കൂടിക്കാഴ്ചയാണ് പിന്നീട് സലഫിസത്തിലേക്ക് തിരിയാന്‍ ബുര്‍ഹാമിയെ പ്രേരിപ്പിച്ചത്.
1980-കളുടെ തുടക്കത്തില്‍ എതിരാളികള്‍ക്കെതിരെ അന്‍വര്‍ സാദാത്ത് നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി നിരവധി സലഫിസ്റ്റുകള്‍ അറസ്റ്റിലായ കൂട്ടത്തില്‍ ബുര്‍ഹാമി ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, അദ്ദേഹം പൂര്‍ണമായും രംഗത്തുനിന്ന് നിഷ്‌ക്രമിച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ 1987-ല്‍ മുബാറക്കിന്റെ ആഭ്യന്തരമന്ത്രി ഹസന്‍ അബൂ ബാഷക്കെതിരെ നടന്ന വധശ്രമത്തിന്റെ പേരില്‍ ഒരു മാസത്തോളം ബുര്‍ഹാമി ജയിലിലായി. 1994-ല്‍ ബുര്‍ഹാമിയുടെ അദ്ദഅ്‌വ അസ്സലഫിയ്യയെ ഗവണ്‍മെന്റ് പിരിച്ചുവിടുകയും അതിലെ പ്രമുഖ അംഗങ്ങളെ ജയിലില്‍ അടക്കുകയും ചെയ്തു. 2010 ഡിസംബറില്‍ അലക്‌സാണ്ട്രിയയിലെ കോപ്റ്റിക് ചര്‍ച്ച് ബോംബിംഗുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സലഫിസ്റ്റ് ആക്റ്റിവിസ്റ്റ് സയ്യിദ് ബിലാല്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ ബുര്‍ഹാമി നടത്തിയ ശ്രമങ്ങള്‍ സലഫികള്‍ക്കിടയില്‍ തന്നെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയുണ്ടായി. സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസിന്റെ ക്രൂരമായ പീഡനത്തിനിരയായാണ് ബിലാല്‍ കൊല്ലപ്പെട്ടതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്‌ലാമിക ആഭിമുഖ്യമില്ലാത്ത 'ഏപ്രില്‍ 6' പ്രസ്ഥാനം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതിനൊന്നും തയാറാവാതിരുന്നത് ഭരണകൂടത്തോടുള്ള ബുര്‍ഹാമിയുടെ സോഫ്റ്റ് കോര്‍ണര്‍ നിലപാടായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മുബാറക്കിനെതിരെ ജനുവരി 25-ന്റെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത് ഇസ്‌ലാമികമായി തെറ്റാണോ എന്ന ചോദ്യത്തിന് നിഷേധാത്മകമായാണ് ബുര്‍ഹാമി പ്രതികരിച്ചതെങ്കിലും മുസ്‌ലിംകള്‍ അതില്‍ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്.
മുബാറക് ഉള്‍പ്പെടെ അറബ് ലോകത്തെ ഏകാധിപതികളുടെ പതനത്തിന് വഴിവെച്ച അറബ് വസന്തത്തോട് തുടക്കത്തില്‍ പുറംതിരിഞ്ഞുനിന്ന വിഭാഗം കൂടിയായിരുന്നു സലഫികള്‍. ഇസ്‌ലാമിക രാഷ്ട്രീയത്തോടുള്ള അവരുടെ നിലപാടിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ മുന്നേറ്റം അവരെ മാറ്റിച്ചിന്തിപ്പിച്ചു. മുബാറക് ഭരണകൂടത്തിന്റെ പതനത്തിനുശേഷം 2012-ല്‍ നടന്ന പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി സലഫികള്‍ രംഗത്തുവരുന്നതാണ് കണ്ടത്. നൂര്‍ പാര്‍ട്ടിയാണ് അതില്‍ പ്രമുഖം. മുബാറക്കിന്റെ പതനത്തിനു മുമ്പ് ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടിയെന്ന ആശയം പൂര്‍ണാര്‍ഥത്തില്‍ തള്ളിയ ബുര്‍ഹാമി തന്നെയാണ് 2011 മെയില്‍ അലക്‌സാണ്ട്രിയയിലെ സെസനിയ ആസ്ഥാനമായി അന്നൂര്‍ പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരിലൊരാള്‍. 1984-ല്‍ രൂപീകരിച്ച അദ്ദഅ്‌വ അസ്സലഫിയ്യയുടെ രാഷ്ട്രീയ ഘടകമെന്ന നിലയിലാണ് അന്നൂര്‍ പാര്‍ട്ടി നിലവില്‍ വന്നത്. രാഷ്ട്രീയം ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ഇസ്‌ലാമിന്റെ പരിധിയില്‍ ഉള്‍പ്പെടേണ്ടതാണെന്നാണ് തന്റെ നിലപാടു മാറ്റത്തെ ന്യായീകരിച്ചുകൊണ്ട് ബുര്‍ഹാമി പറഞ്ഞത്. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഐക്യത്തോടെ വര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
1979-ലെ ഈജിപ്ത്-ഇസ്രയേല്‍ ക്യാമ്പ് ഡേവിഡ് സമാധാന ഉടമ്പടിയെ അംഗീകരിക്കുന്നതായും ഇസ്രയേലുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും അന്നൂര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുകയുണ്ടായി. ഇത് സലഫികളുടെ മുന്‍ നിലപാടില്‍നിന്നുള്ള വ്യതിയാനമാണ്. ക്യാമ്പ് ഡേവിഡ് കരാറില്‍ ചില ഭേദഗതികള്‍ വേണമെന്നും എന്നാല്‍, ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും ഇലക്ഷന്‍ വേളയില്‍ പാര്‍ട്ടി വ്യക്തമാക്കുകയുണ്ടായി. ഉദാഹരണമായി സീനായ് മേഖലയുടെ മുഴുവന്‍ നിയന്ത്രണവും ഈജിപ്തിനും ഫലസ്ത്വീനിലെയും അധിനിവേശ പ്രദേശങ്ങളിലെയും സഹോദരങ്ങള്‍ക്ക് ലഭിക്കണം. അതുപോലെ അന്താരാഷ്ട്ര നാണയനിധിയില്‍നിന്ന് ഈജിപ്ത് വായ്പ സ്വീകരിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കുകയുണ്ടായി. ഐ.എം.എഫ് ഇടപാട് പലിശയില്‍ അധിഷ്ഠിതമാണങ്കിലും ഈജിപ്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും വിലക്കപ്പെട്ടത് നിര്‍ബന്ധിതാവസ്ഥയില്‍ അനുവദനീയമാകുമെന്ന ഇസ്‌ലാമിക തത്ത്വം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ സാമ്പത്തിക വിഭാഗം തലവന്‍ ത്വാരിഖ് ശഅലാന്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.7
2011-2012-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സലഫിസ്റ്റ് ഗ്രൂപ്പുകളായ അന്നൂറും ഹിസ്ബുല്‍ അസ്വാലയും (ഓതന്റിസിറ്റി പാര്‍ട്ടി) ചേര്‍ന്ന് ഇസ്‌ലാമിക് ബ്ലോക് എന്ന പേരിലാണ് മത്സരിച്ചത്. അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യയുടെ രാഷ്ട്രീയ വിഭാഗമായ ഹിസ്ബുല്‍ ബനാ വത്തന്‍മിയയാണ് (ബില്‍ഡിംഗ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി) മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടി. ത്വാരിഖ് അസ്സുമാറാണ് പാര്‍ട്ടിയുടെ നേതാവ്. നൂര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 2011 നവംബര്‍ മൂന്നിനാണ് സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് ബ്ലോക്കിന് 27.8 ശതമാനം വോട്ടുകള്‍ ലഭിച്ചു. 498 പാര്‍ലമെന്റ് സീറ്റുകളില്‍ 127 എണ്ണത്തില്‍ മുന്നണി വിജയിച്ചപ്പോള്‍ 111-ഉം നൂര്‍ പാര്‍ട്ടിയുടെ സംഭാവനയായിരുന്നു. ഭൂരിപക്ഷം നേടിയ ഇഖ്‌വാന്റെ രാഷ്ട്രീയ വിംഗായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഗവണ്‍മെന്റുമായി തുടക്കത്തില്‍ സഹകരിച്ചിരുന്ന സലഫി നേതൃത്വത്തിലുള്ള മുന്നണി 2013-ന്റെ തുടക്കം മുതല്‍ ചുവടുമാറ്റി. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഇഖ്‌വാന്‍ അനുകൂല സര്‍ക്കാറിനെതിരെ പ്രത്യക്ഷത്തില്‍ തന്നെ രംഗത്തുവന്ന അവര്‍ ജൂലൈയില്‍ സൈന്യം നടത്തിയ അട്ടിമറിയെ പൂര്‍ണാര്‍ഥത്തില്‍ പിന്തുണച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുര്‍സിയെ പിന്തുണച്ച ഇവര്‍, പിന്നീട് മുര്‍സിക്കെതിരായ പ്രക്ഷോഭത്തില്‍ മതേതര ചേരിക്കൊപ്പം നിലകൊണ്ടു.
2012-ലെ പ്രസിഡന്റ് ഇലക്ഷനില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നൂര്‍ പാര്‍ട്ടിയുടെ നീക്കം പരാജയപ്പെട്ടു. പാര്‍ട്ടി മുന്നോട്ടുവെച്ച ഹാസിം സ്വലാഹ് അബൂ ഇസ്മാഈല്‍ അയോഗ്യനാക്കപ്പെട്ടതായിരുന്നു കാരണം. സലഫി സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍, ഇസ്‌ലാമിസ്റ്റ് വേരുകളുള്ള അബ്ദുല്‍ മുന്‍ഇം അബുല്‍ ഫുതൂഹിനെ പിന്തുണക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇഖ്‌വാന്റെ സമുന്നത നേതാക്കളില്‍ ഒരാളായ ഈ ഭിഷഗ്വരന്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2011-ലാണ് സംഘടന വിട്ടത്. എന്നാല്‍ അബുല്‍ ഫുതൂഹിന് രണ്ടാം റൗണ്ടിലെത്താന്‍ കഴിഞ്ഞില്ല. രണ്ടാം റൗണ്ടില്‍ പോരാട്ടം ഇഖ്‌വാന്റെ എഫ്.ജെ.പി സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയും മുബാറക് കാലത്ത് പ്രധാനമന്ത്രിയായിരുന്ന അഹ്‌മദ് ശഫീഖും തമ്മിലായിരുന്നു. അതിനാല്‍ രണ്ടാം ഘട്ടത്തില്‍ മുര്‍സിയെ പിന്തുണക്കാന്‍ നൂര്‍ പാര്‍ട്ടി തീരുമാനിച്ചു. മുര്‍സി വിജയിക്കുകയും ചെയ്തു.
പട്ടാളമേധാവി അബ്ദുല്‍ ഫത്താഹ് അസ്സീസി അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ശേഷം ഇസ്‌ലാമിക സംഘടനകള്‍ക്കെതിരെ നടത്തിയ അടിച്ചമര്‍ത്തല്‍ നടപടിയുടെ ഭാഗമായി 2014 നവംബറില്‍ എഫ്.ജെ.പിയും അന്നൂറും ഉള്‍പ്പെടെ 11 ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഒരു സംഘടന കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളപ്പെട്ടു. റാബിയ അല്‍ അദവിയ കൂട്ടക്കൊല ഉള്‍പ്പെടെ സീസിയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം നടത്തിയ നിഷ്ഠുര നടപടികളെ അപലപിക്കാന്‍ പോലും തയാറാവാത്ത വിധത്തിലേക്ക് സലഫികള്‍ മാറി. ഇഖ്‌വാന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതിനു പിന്നാലെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാനുള്ള നീക്കം സജീവമായതോടെ സീസിയെ പരസ്യമായി പിന്തുണക്കാനും പട്ടാള മേധാവിയെ വാഴ്ത്താനുമുള്ള നീക്കങ്ങളാണ് സലഫികളും അന്നൂറും നടത്തിയത്. രണ്ടാം തവണയും പ്രസിഡന്റായി മത്സരിക്കാനുള്ള പ്രഖ്യാപനം സീസി നടത്തിയപ്പോള്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുകയും സീസിയുടെ പിന്നില്‍ ഈജിപ്ഷ്യന്‍ ജനത അണിനിരക്കണമെന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. 'ഈജിപ്തിന് സ്ഥിരതയും സുരക്ഷിതത്വവും നല്‍കാന്‍ പ്രാപ്തനായ ഒരേയൊരു നേതാവാണ് സീസി'യെന്ന് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ യൂനുസ് മഖിയൂന്‍ പ്രഖ്യാപിച്ചു.8
2018 മാര്‍ച്ച് 26, 28 തീയതികളിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം റൗണ്ട് ആവശ്യമെങ്കില്‍ ഏപ്രില്‍ 24, 26-നും നിശ്ചയിച്ചു. എന്നാല്‍ സീസിക്കെതിരെ പത്രിക നല്‍കിയവരെയൊക്കെ അയോഗ്യരാക്കുകയോ വിവിധ കേസുകള്‍ കെട്ടിച്ചമച്ച് ജയിലില്‍ അടക്കുകയോ ചെയ്തു. ഒടുവില്‍ സീസി അനുകൂലിയായ അല്‍ഗദ് പാര്‍ട്ടി നേതാവ് മൂസ മുസ്ത്വഫ മൂസയെ മത്സര രംഗത്ത് പ്രതിഷ്ഠിക്കുകയും അറബ് ലോകത്തെ ഏകാധിപതികള്‍ 'തെരഞ്ഞെടുപ്പുകളില്‍' സ്ഥിരം ജയിക്കാറുള്ളതു പോലെ 97.08 ശതമാനം വോട്ടുകള്‍ നേടി സീസി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനവുമുണ്ടായി. ഇത്തരം നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു സലഫി പാര്‍ട്ടികള്‍.
അല്‍അസ്ഹര്‍-സലഫി ഏറ്റുമുട്ടല്‍
അറബ് മേഖലയിലെയെന്നല്ല, ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാലകളില്‍ പ്രമുഖമാണ് കെയ്‌റോയിലെ അല്‍ അസ്ഹര്‍. എ.ഡി. 975-ല്‍ സ്ഥാപിതമായ അല്‍ അസ്ഹറിന്റെ പ്രായം ആയിരം വര്‍ഷം പിന്നിട്ടു. സുന്നി ലോകത്തിന്റെ പ്രതിനിധിയായ അല്‍ അസ്ഹര്‍ സ്ഥാപിക്കപ്പെട്ടത് ശീഈ വിഭാഗക്കാരായ ഫാത്വിമികളുടെ കാലത്താണെന്നതാണ് കൗതുകകരം. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും മംലൂക്കുകളുടെയും പില്‍ക്കാലത്ത് ഉസ്മാനിയ ഖിലാഫത്തിന്റെയും ഭരണത്തില്‍ പുഷ്ടിപ്പെട്ട അസ്ഹറിനെ 1961-ല്‍ 103-ാം നമ്പര്‍ നിയമത്തിലൂടെ ജമാല്‍ അബ്ദുന്നാസിറാണ് പൂര്‍ണമായും ഇസ്‌ലാമിക മതകാര്യ വകുപ്പിന്റെ കീഴിലാക്കിയത്. അറബ്, ഇസ്‌ലാമിക വിഷയങ്ങളില്‍ മാത്രമല്ല, ശാസ്ത്ര ഗവേഷണം, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങി മേഖലകളിലും നിരവധി ഫാക്കല്‍റ്റികള്‍ അല്‍ അസ്ഹറില്‍ പ്രവര്‍ത്തിക്കുന്നു. മറ്റു സര്‍വകലാശാലകളില്‍നിന്ന് ഭിന്നമായി ചില പ്രത്യേകതകള്‍ അല്‍ അസ്ഹറിനുണ്ട്. മതവിഷയങ്ങളില്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ നാവായാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരിപൂര്‍ണമായും ഒരു ഗവണ്‍മെന്റ് ഏജന്‍സിയുടെ റോളിലാണ് പ്രവര്‍ത്തനം. അല്‍ അസ്ഹര്‍ പുറപ്പെടുവിക്കുന്ന ഫത്‌വകള്‍ ഇസ്‌ലാമിന്റെ താല്‍പര്യങ്ങളേക്കാള്‍ സര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏര്‍പ്പാടായി മാറാറുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഗവണ്‍മെന്റ് നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടികളെ പരസ്യമായി ന്യായീകരിക്കാനും അസ്ഹര്‍ മേധാവി മടിക്കാറില്ല.
മുബാറക് ഭരണകൂടത്തിന്റെ പതനത്തിനുശേഷം നിലവില്‍വന്ന മുര്‍സി ഗവണ്‍മെന്റ്. 103-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത് അല്‍ അസ്ഹറിന് സ്വയംഭരണാവകാശം നല്‍കുന്ന നിയമം 2012-ല്‍ പാസ്സാക്കി. മുതിര്‍ന്ന പണ്ഡിതന്മാര്‍ ഉള്‍പ്പെടുന്ന ഒരു കൗണ്‍സില്‍ സ്വതന്ത്രമായി അസ്ഹറിനെ നയിക്കുന്ന രീതിയാണ് നടപ്പിലാക്കിയത്. മുഫ്തിയെ നിയമിക്കാനുള്ള അധികാരവും കൗണ്‍സിലിന് നല്‍കി. കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കാനുള്ള ചുമതല മാത്രമാണ് പ്രസിഡന്റിനുണ്ടായിരുന്നത്. ഏതാണ്ട് ഒരു വര്‍ഷക്കാലത്തെ മുര്‍സി ഭരണത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ ഇല്ലാതെ അല്‍ അസ്ഹര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ സീസി നടത്തിയ അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു ശൈഖുല്‍ അസ്ഹര്‍ അത്ത്വയ്യിബ്.
1958 മുതല്‍ 1963 വരെ ശൈഖുല്‍ അസ്ഹര്‍ പദവി അലങ്കരിച്ചിരുന്ന ശൈഖ് മഹ്‌മൂദ് ശല്‍തൂതിന്റെ നിര്‍ദേശപ്രകാരം ന്യൂനപക്ഷമായ ശീഈകളിലെ ജഅ്ഫരി ആശയങ്ങള്‍ നാല് സുന്നി മദ്ഹബുകളോടൊപ്പം അല്‍ അസ്ഹര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെയും ചര്‍ച്ചുകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിന് മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കി അന്തരിച്ച മുന്‍ ശൈഖുല്‍ അസ്ഹര്‍ ശൈഖ് ത്വന്‍ത്വാവി പുറപ്പെടുവിച്ച ഫത്‌വയും സലഫികള്‍ എതിര്‍ക്കുകയുണ്ടായി. ശീഈകളുടെ അശ്അരീ ആശയങ്ങള്‍ സ്വീകരിക്കുകയും സലഫി ആശയങ്ങള്‍ നിരാകരിക്കുകയും ചെയ്യുന്നതിനെയും അവര്‍ ചോദ്യം ചെയ്തു. നിലവിലെ ഗ്രാന്റ് ശൈഖ് അത്ത്വയ്യിബ് ഉള്‍പ്പെടെയുള്ള അസ്ഹറിന്റെ ചില മേധാവികളുടെ സൂഫി നിലപാടുകളും സലഫികള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അല്‍ അസ്ഹറിനെ പരമോന്നത സുന്നി വിദ്യാസ കേന്ദ്രമായി അംഗീകരിക്കാന്‍ സലഫികള്‍ തയാറല്ല. അല്‍ ഹൊയയിനിയെപ്പോലെയുള്ള സലഫി പണ്ഡിതന്മാര്‍ അല്‍ അസ്ഹറിനെ 'ചത്ത സ്ഥാപന'മായാണ് വിശേഷിപ്പിക്കുന്നത്.
ഒരു ഈജിപ്ഷ്യന്‍ ദുരന്തം
തുനീഷ്യയില്‍ തുടക്കമിട്ട അറബ് വസന്തത്തിന്റെ അലയൊലികള്‍ അതിവേഗമാണ് ഈജിപ്തിന്റെ അതിരുകള്‍ ഭേദിച്ചത്. മൂന്നു പതിറ്റാണ്ടോളം ഏകാധിപത്യ ഭരണം നടത്തുകയും താന്‍ വിരമിക്കുന്നതിനു മുമ്പ് മകന്‍ ജമാലിനെ വാഴിക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്ത ഹുസ്‌നി മുബാറക്കിനെ ജനങ്ങള്‍ താഴെയിറക്കിയത് അറബ് ലോകത്ത് മാറ്റത്തിനുള്ള വലിയൊരു മണിമുഴക്കമായിരുന്നു. ഈജിപ്തിന് അന്നുവരെ അന്യമായിരുന്ന ജനാധിപത്യം ഇതാദ്യമായി അവിടെ കടന്നുവന്നു. ജനസംഖ്യാപരമായും സൈനികമായും അറബ് ലോകത്തെ ഏറ്റവും വലിയ രാജ്യമെന്ന ഖ്യാതിയുള്ള ഈജിപ്തില്‍ ജനാധിപത്യം പുലര്‍ന്നാല്‍ അത് മേഖലയില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റം പക്ഷേ, കുടുംബ, രാജാധിപത്യ വാഴ്ചയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ചില രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു. ഇസ്രയേലീ അധിവേശത്തിലുള്ള കൊച്ചു ഫലസ്ത്വീനില്‍ 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ ഹമാസ് നേടിയ വിജയത്തില്‍ അസ്വസ്ഥത പൂണ്ട് ഭരിക്കാന്‍ പോലും അനുവദിക്കാതെ ഫലസ്ത്വീനെ തന്നെ വിഭജിക്കാന്‍ കൂട്ടുനിന്നവര്‍ അതോടെ ഈജിപ്തിലും ഇറങ്ങിക്കളിച്ചു. മുര്‍സി ഭരണത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍ ഈജിപ്തില്‍ എന്താണോ ലക്ഷ്യമിട്ടത് അത് നടപ്പില്‍ വന്നിരിക്കുന്നു. ജനാധിപത്യ ക്രമത്തിലൂടെ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സമീപഭാവിയില്‍ ഒരു തിരിച്ചുവരവിനുള്ള സാഹചര്യം പോലും കൊട്ടിയടച്ചുകൊണ്ട് ഇഖ്‌വാനെയും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയെയും നിരോധിക്കുകയും നേതൃനിരയെ സമ്പൂര്‍ണമായി കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ഇസ്‌ലാമികമായ ഏതു മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പോലീസിനും അനുവാദം നല്‍കിയിരിക്കുകയാണ് സീസി ഭരണകൂടം.
കാലങ്ങളായി ഈജിപ്ഷ്യന്‍ ഭരണകൂടവും അല്‍ അസ്ഹറും ഒരേ തൂവല്‍പക്ഷികളെപ്പോലെയാണ് പ്രവര്‍ത്തിക്കാറുള്ളത്. ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഫത്‌വ പുറപ്പെടുവിക്കുന്ന ഒരു അതോറിറ്റിയായാണ് അല്‍ അസ്ഹര്‍ അറിയപ്പെടുന്നത്. സീസിയുടെ തുടക്കകാലത്തും ഇതില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, ശരീഅത്തിന് പുതിയ വ്യാഖ്യാനം നല്‍കണമെന്ന സീസിയുടെ നിര്‍ദേശം തള്ളിയ ശൈഖുല്‍ അസ്ഹര്‍ അഹ്‌മദ് അത്ത്വയ്യിബിന്റെ നടപടി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം കുറച്ചുകൊണ്ടുവരാനുള്ള സീസി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. സമകാലിക ലോകത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ഇസ്‌ലാമിനെ വ്യാഖ്യാനിക്കണമെന്നായിരുന്നു സീസിയുടെ നിര്‍ദേശം. നിരവധി ഇസ്‌ലാമിക സംഘടനകള്‍ ഇതില്‍ പ്രതിഷേധിക്കുകയും ത്വയ്യിബിന് അനുകൂലമായി രംഗത്തുവരികയും ചെയ്തു. ഇസ്‌ലാമിക് സ്റ്റേറ്റ്, സീനായി ഉപദ്വീപില്‍ വേരുകളുള്ള ഐ.എസുമായി ബന്ധമുള്ള അന്‍സ്വാര്‍ ബൈത്തുല്‍ മഖ്ദിസ്, ഈജിപ്തിലെ ഏറ്റവും ജനപിന്തുണയും വേരുകളുമുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നിവയെ ഒരേ ചരടില്‍ കൂട്ടിക്കെട്ടി മതവിരുദ്ധരായി പ്രഖ്യാപിച്ച് ഫത്‌വ പുറപ്പെടുവിക്കണമെന്നായിരുന്നു സീസിയുടെ ഏറ്റവും ഒടുവിലത്തെ ആവശ്യം. അത്ത്വയ്യിബും അസ്ഹര്‍ നേതൃത്വവും ഈ ആവശ്യം തള്ളി. ശഹാദത്ത് ഉച്ചരിക്കുകയും അല്ലാഹുവിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിംകളാണെന്നും അവരെ മതത്തില്‍നിന്ന് പുറത്തുപോയവരായി പ്രഖ്യാപിക്കാനാവില്ലെന്നുമാണ് ത്വയ്യിബിന്റെ നിലപാട്. മതകാര്യ മന്ത്രാലയം ഇടപെട്ടിട്ടും ത്വയ്യിബ് വഴങ്ങിയില്ല. ഇതോടെ സീസിയും അസ്ഹര്‍ നേതൃത്വവും തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ വിള്ളല്‍ വീണു. വിശുദ്ധ ഖുര്‍ആന്നും പ്രവാചക അധ്യാപനങ്ങള്‍ക്കും വിരുദ്ധമായി സ്വത്തവകാശത്തില്‍ സ്ത്രീക്കും പുരുഷനുമുള്ള ഓഹരി തുല്യമാക്കി ഫത്‌വ പുറപ്പെടുവിക്കണമെന്ന സീസിയുടെ ആവശ്യവും ശൈഖുല്‍ അസ്ഹര്‍ തള്ളി. ത്വയ്യിബിനെ പുറത്താക്കുന്നതിനായി അസ്ഹര്‍ നിയമം ഭേദഗതി ചെയ്യാന്‍ വരെ സീസി ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2012 ജനുവരിയില്‍ പാസ്സാക്കിയ അല്‍ അസ്ഹര്‍ നിയമഭേദഗതി അനുസരിച്ച് ശൈഖുല്‍ അസ്ഹറിന് എണ്‍പതു വയസ്സു വരെ സ്ഥാനത്ത് തുടരാവുന്നതാണ്. മാത്രമല്ല, ഒമ്പതു വര്‍ഷം ഈ പദവിയില്‍ അദ്ദേഹത്തിന് തുടരാവുന്നതുമാണ്. ഇതു രണ്ടും അദ്ദേഹത്തെ പുറത്താക്കുന്നതിന് സീസി ഭരണകൂടത്തിന് തടസ്സമാണ്. സീസി ഭരണത്തില്‍തന്നെയാണ് 2014-ല്‍ ഭരണഘടനയുടെ ഏഴാം ഭേദഗതി അല്‍ അസ്ഹറിന് ഗവണ്‍മെന്റിന്റെ ഇടപെടലില്‍നിന്ന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയത്.
അല്‍ അസ്ഹര്‍ നേതൃത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പൂര്‍ണമായി അവഗണിക്കുകയോ പ്രാധാന്യം കുറച്ചു നല്‍കുകയോ ചെയ്യാന്‍ ഗവണ്‍മെന്റിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിനോട് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി ആവശ്യപ്പെട്ടിരിക്കുകയാണ്. മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഇഖ്‌വാന്‍ അനുകൂല ഗവണ്‍മെന്റിനെ പുറത്താക്കിയ 2013 ജൂലൈ 3-ലെ പട്ടാള അട്ടിമറിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു അത്ത്വയ്യിബ്. എന്നാല്‍ റാബിയ അല്‍ അദവിയയിലും അന്നഹ്ദ ചത്വരത്തിലും പ്രതിഷേധം നയിച്ച മുര്‍സി അനുകൂലികളെ കൂട്ടക്കൊല ചെയ്ത നടപടിയെ അംഗീകരിക്കുന്നില്ലെന്നും അല്‍ അസ്ഹറിന് ഇതില്‍ പങ്കില്ലെന്നും ടെലിവിഷന്‍ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
മൂന്നു പതിറ്റാണ്ട് നീണ്ട ഹുസ്‌നി മുബാറക്കിന്റെ ഇരുണ്ട കാലഘട്ടത്തേക്കാള്‍ ഭീകരമാണ് സീസിയുടെ ഈജിപ്ത്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയൊക്കെ ജയിലിലിടച്ച് പീഡിപ്പിക്കുകയാണ്. ഇസ്‌ലാമിസ്റ്റുകള്‍ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരും ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റത്തെ തകര്‍ക്കാന്‍ സീസിക്കൊപ്പം അണിനിരന്ന ലിബറലുകളും സെക്യുലറിസ്റ്റുകളും അരാജകവാദികളുമൊക്കെ ഈ ഏകാധിപതിയുടെ തനിനിറം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സീസിയുടെ ഭരണത്തെ വിലയിരുത്തുന്ന ഒരു റഫറണ്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതിനാണ് ഹുസ്‌നി മുബാറക്കിന്റെ കാലത്ത് മന്ത്രിയും നിരവധി രാജ്യങ്ങളില്‍ സ്ഥാനപതിയുമായ മഅ്‌സ്വൂം മര്‍സൂഖിനെ ജയിലിലടച്ചത്. ഭീകര സംഘടനയായ ഇഖ്‌വാനുമായി സഹകരിച്ചുവെന്നാണ് മര്‍സൂഖിനും കൂടെ അറസ്റ്റിലായ സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ റായിദ് സലാമ, ജിയോളജി പ്രഫസര്‍ യഹ്‌യ അല്‍ ഖസ്സ്വാസ്വ് എന്നിവര്‍ക്കുമെതിരായ ചാര്‍ജ്. മതസംഘടനകളുടെ പ്രവര്‍ത്തകര്‍ മാത്രമല്ല, അറുപതിനായിരത്തിലേറെ രാഷ്ട്രീയ തടവുകാരും ഈജിപ്ഷ്യന്‍ ജയിലറകളില്‍ ഉണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കോടതികള്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് വധശിക്ഷകളും ജീവപര്യന്തം തടവുകളും വിധിക്കുന്നത്. ഈജിപ്തിന്റെ കടിഞ്ഞാണ്‍ വീണ്ടും ഇസ്‌ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്ന മേഖലയിലെ രാജഭരണകൂടങ്ങളും സാമ്രാജ്യത്വ ശക്തികളുമാണ് ഏകാധിപത്യ ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നത്. മതസംഘടനകളും മതേതരവാദികളുമൊക്കെ ചേര്‍ന്നുള്ള മറ്റൊരു വന്‍ ജനകീയ പ്രക്ഷോഭം മാത്രമേ ഈജിപ്തിനെ ജനാധിപത്യ പാതയിലേക്ക് നയിക്കുകയുള്ളൂ.
(ഖത്തറിലെ 'ദ പെനിന്‍സുല' ന്യൂസ് പേപ്പറിന്റെ സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)
Footnotes:
1. Kenneth Cragg, Counsels in Contemporary Islam p113. Edinburgh Univeristy press, 1965
2. The Concept of Revival and the Study of Islam and Politics p47)
3. www.americanmuslim.org/biography1.html.Op.Cit
4. The Concept of Revival and the Study of Islam and Politics p34-35)
5. In Search of Identity: An Autobiography by Anwar El Sadat p22 (New York: Harper and Row Publishers, 1977)
6. The Political thought of Hasan al-Banna by A.Z al-Abidin p58.
7. The Reuters 2013 Sep 26
8. egypttoday.com 2018 January 28