ബഹുസ്വരസമൂഹത്തിലെ ഇസ്‌ലാമിക രാഷ്ട്രീയവും ഹുദൈബിയാ സന്ധിയും

ടി. മുഹമ്മദ് വേളം‌‌
img

ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയില്‍ മുസ്ലിംകളല്ലാത്തവരെ ചേര്‍ക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിന്റെ സ്പഷ്ടതയുള്ള ഉത്തരമാണ് പ്രവാചകന്റെ മദീനാ കരാര്‍. വിശ്വാസികള്‍ ന്യൂനപക്ഷമായിരിക്കെതന്നെ അവര്‍ ഒരു പൊതു രാഷ്ട്രീയ പരിപാടി മുന്നോട്ടുവെക്കുന്നു. അത് അംഗീകരിച്ചവരെ ചേര്‍ത്ത് ഒരു നഗര രാഷ്ട്രഘടനക്ക് നേതൃത്വം നല്‍കുന്നു. ഇസ്ലാമിക രാഷ്ട്രത്തിന്റെ പില്‍ക്കാലങ്ങളില്‍ പല ഘട്ടങ്ങളിലും മുസ്ലിംകളല്ലാത്തവര്‍ രാഷ്ട്രസംവിധാനത്തില്‍ പല രീതിയില്‍ ഭാഗഭാക്കായിട്ടുണ്ട്.
ഒരു ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനം ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനമായിത്തീരുന്നത് അതിന്റെ പേരില്‍ ഇസ്ലാം ഉണ്ടാകുന്നതുകൊണ്ടാണോ? പേരില്‍ ഇസ്ലാം എന്ന് ഉണ്ടാവുക എന്നതോ പങ്കാളികള്‍ മുസ്ലിംകള്‍ മാത്രമായിരിക്കുക എന്നതോ ഒരു രാഷ്ട്രീയം ഇസ്ലാമിക രാഷ്ട്രമായി മാറുന്നതിനുള്ള ഉപാധികളാണോ? ഹുദൈബിയാ സന്ധിയെക്കുറിച്ച് പഠിച്ചാല്‍ ഇതിന് വ്യക്തതയുള്ള ഉത്തരം ലഭിക്കും. ഹുദൈബിയാ സന്ധി ഒരു രാഷ്ട്രീയ കരാറാണ്. മക്കയിലെ ഇസ്ലാമികേതര സമൂഹവും/രാഷ്ട്രവും  മദീനയിലെ ഇസ്ലാമിക രാഷ്ട്രവും തമ്മിലുള്ള കരാര്‍. ഏതു കരാറും അതില്‍ ഭാഗഭാക്കാവുന്ന കക്ഷികള്‍ തമ്മിലുള്ള യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുക. രാഷ്ട്രീയ കരാറുകള്‍ രാഷ്ട്രീയമായ യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുക. 

ഹുദൈബിയാ സന്ധി ഉള്‍പ്പെടെ എല്ലാ കരാറുകളും രാഷ്ട്രീയ കാര്യത്തിലെ കരാറുകളാണ്. വിശ്വാസ-ആചാരക്രമങ്ങളില്‍ വിശ്വാസത്തിനു പുറത്തുള്ളവരുമായി കരാറുകള്‍ സാധ്യമല്ല. നിഷേധികള്‍ എന്നര്‍ഥമുള്ള കാഫിറൂന്‍ എന്ന പേരിലുള്ള ഖുര്‍ആനികാധ്യായത്തിന്റെ അവതരണ പശ്ചാത്തലം വിശ്വാസത്തിന്റെയും ആരാധനയുടെയും കാര്യത്തില്‍ മക്കയിലെ ബഹുദൈവാരാധകര്‍ മുന്നോട്ടുവെച്ച ഇത്തരമൊരു സമവായ നിര്‍ദേശമായിരുന്നു. അബ്ദുബ്‌നു ഹുമൈദും ഇബ്‌നു അബീഹാതിമും വഹ്ബുബ്‌നു മുനബ്ബഹില്‍നിന്ന് ഉദ്ധരിക്കുന്നു. ഖുറൈശികള്‍ റസൂല്‍ (സ) തിരുമേനിയോട് പറഞ്ഞു: 'നിനക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ ഒരു വര്‍ഷം നിന്റെ മതത്തില്‍ ചേരാം. ഒരു വര്‍ഷം നീ ഞങ്ങളുടെ ദീനിലും ചേരണം.' ഈ സമവായ നിര്‍ദേശത്തിന് മറുപടിയായാണ് പ്രസ്തുത അധ്യായം അവതരിച്ചത്: ''നീ പ്രഖ്യാപിക്കുക. അല്ലയോ സത്യനിഷേധികളേ, നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല, ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍, നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍, ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും. ഞാന്‍ ഇബാദത്ത് ചെയ്തുകൊണ്ടിരിക്കുന്നവന് നിങ്ങളും ഇബാദത്ത് ചെയ്യുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍, എനിക്ക് എന്റെ ദീന്‍.'' ഇസ്ലാമിനെ സംബന്ധിച്ച് വിശ്വാസത്തിലും അനുഷ്ഠാനക്രമത്തിലും വിധിവിലക്കുകളിലും വിലപേശലുകളും സമവായങ്ങളും സാധ്യമല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ വിലപേശലുകളും സമവായങ്ങളും സാധ്യമാണ്. ഇത്തരമൊരു വിലപേശലും സമവായവുമാണ് ഹുദൈബിയാ സന്ധിയില്‍ കാണാന്‍ കഴിയുക. കരാറില്‍ ദൈവദൂതനായ മുഹമ്മദ് എന്നെഴുതാന്‍ പാടില്ല എന്ന് മക്കക്കാര്‍ ശഠിച്ചു, അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതണം. രണ്ടാമതായി അവര്‍ നിര്‍ദേശിച്ചു; കാരുണ്യവാനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നെഴുതാന്‍ പാടില്ല, പകരം ദൈവത്തിന്റെ നാമത്തില്‍ എന്നേ എഴുതാവൂ. അതും പ്രവാചകന്‍ അംഗീകരിച്ചു. വിശ്വാസപരമായും ആദര്‍ശപരമായും ഈ രണ്ട് ഭേദഗതികളും വിശ്വാസികളെ സംബന്ധിച്ചേടത്തോളം ശരിയല്ലാത്ത കാര്യങ്ങളായിരുന്നു. സത്യവിശ്വാസികളല്ലാത്ത ഒരു വിഭാഗം കൂടി ഭാഗഭാക്കാവുന്ന ഒരു രാഷ്ട്രീയ സഖ്യം എന്ന അര്‍ഥത്തല്‍ ഇത് ശരിയാണ്. 

രാഷ്ട്രീയം എപ്പോഴും രൂപപ്പെടുത്താന്‍ കഴിയുക അതില്‍ പങ്കുചേരുന്നവരുടെ പൊതു യോജിപ്പിലൂടെയാണ്. മുഹമ്മദ്, നബി ആണെന്നതും അല്ലാഹു റഹ്‌മാനും റഹീമുമാണെന്നതും ഇസ്ലാമിന്റെ അടിത്തറകളാണ്. എന്നാല്‍ രാഷ്ട്രീയ സമവായത്തിനുവേണ്ടി ഒരു കരാറില്‍ /ഒരു സഖ്യത്തില്‍ ഇത് മാറ്റിവെക്കാന്‍ ഇസ്ലാം സന്നദ്ധമാണ്. അതിനര്‍ഥം ആദര്‍ശതലത്തില്‍ ഇസ്ലാം ഇത് ഉപേക്ഷിക്കുന്നു എന്നല്ല. ഹുദൈബിയാ സന്ധി നിലനില്‍ക്കുമ്പോഴും പ്രവാചകന്‍ അല്ലാഹുവിന്റെ കാരുണ്യപ്പേരുള്‍ക്കൊള്ളുന്ന തൗഹീദും തന്റെ പ്രവാചകത്വവും ശക്തമായി പ്രബോധനം ചെയ്തുകൊണ്ടിരുന്നിട്ടുണ്ട്. പ്രബോധന ഉള്ളടക്കത്തില്‍ ഒത്തുതീര്‍പ്പുകളില്ല. രാഷ്ട്രീയ പ്രയോഗത്തില്‍ ഒത്തുതീര്‍പ്പുകളും ഉടമ്പടികളുമുണ്ട്. രാഷ്ട്രീയ ഉടമ്പടിയില്‍ തൗഹീദിന്റെയും രിസാലത്തിന്റെയും തത്ത്വങ്ങള്‍ മാറ്റിവെക്കുമ്പോഴും പകരം സ്വീകരിക്കുന്ന തത്ത്വങ്ങള്‍, വ്യവസ്ഥകള്‍ അനിസ്ലാമിക തത്ത്വങ്ങളല്ല. ഇസ്ലാമിക തത്ത്വങ്ങള്‍ തന്നെയാണ്. മുഹമ്മദ് അബ്ദുല്ലയുടെ മകനാണെന്നതും അല്ലാഹുവിന്റെ നാമത്തില്‍ എന്നതും ഇസ്ലാമിക തത്ത്വങ്ങള്‍ തന്നെയാണ്. ഏത് പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരിലായാലും ഇസ്ലാമികമല്ലാത്ത തത്ത്വത്തെ പ്രവാചകന്‍ അംഗീകരിക്കുകയുമില്ല. അതിനടിയില്‍ ഒപ്പു ചാര്‍ത്തുകയുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നതും മുഹമ്മദ് അബ്ദുല്ലയുടെ മകനാണെന്നതും ഇസ്ലാമാണ്. ഒന്ന് ഇസ്ലാമും മറ്റൊന്ന് അനിസ്ലാമുമല്ല. പക്ഷേ ആദ്യത്തെ ഇസ്ലാം  ഇസ്ലാമിക ആദര്‍ശത്തിനകത്ത് പ്രവേശിച്ച ആള്‍ക്കു മാത്രം അംഗീകരിക്കാന്‍ കഴിയുന്ന ഇസ്ലാമാണ്. രണ്ടാമത്തെ ഇസ്ലാം ഇസ്ലാമിക ആദര്‍ശത്തില്‍ പ്രവേശിക്കാത്ത ഒരാള്‍ക്കും സ്വീകരിക്കാനാവുന്ന ഇസ്ലാമാണ്. റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നതും അല്ലാഹുവിന്റെ നാമത്തില്‍ എന്നതും ഇപ്രകാരം തന്നെയാണ്. ഹുദൈബിയാ സന്ധി അടിസ്ഥാനപരമായി ഒരു രാഷ്ട്രീയക്കരാറാണ്, ഒരു മുന്നണി രൂപീകരണമാണ്. മക്കയിലെ ബഹുദൈവ കക്ഷിയും മദീനയിലെ ഇസ്ലാമിക കക്ഷിയും ചേര്‍ന്ന് ഒരു നിശ്ചിതകാലത്തേക്ക് ഒരു രാഷ്ട്രീയ മുന്നണിയാവുന്നു. മറ്റൊരര്‍ഥത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയായി മാറുന്നു എന്നും മനസ്സിലാക്കാം. കരാര്‍ നിലനില്‍ക്കുന്നിടത്തോളം ഇരു വിഭാഗത്തിന്റെയും രാഷ്ട്രീയ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഈ കരാറിന്റെ അടിത്തറയിലായിരിക്കും.

ഇസ്ലാമിക സമൂഹത്തില്‍ മറ്റു വിശ്വാസവിഭാഗങ്ങളിലെ വ്യക്തികളുമായോ വിഭാഗങ്ങളുമായോ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും രൂപവത്കരിക്കാം. അങ്ങനെ രൂപവത്കരിക്കുന്ന പാര്‍ട്ടിയോ മുന്നണിയോ തൗഹീദും രിസാലത്തും ആഖിറത്തും ഉയര്‍ത്തിപ്പിടിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ ഇസ്ലാമിനെതിരായ കാര്യം ഉയര്‍ത്തിപ്പിടിക്കുകയുമരുത്. സാഹചര്യത്തിന്റെ ആവശ്യമനുസരിച്ച് സമഗ്ര ഇസ്ലാമിനകത്ത് എന്ത് വിട്ടുവീഴ്ചകളും  ചെയ്യാം. ആ വിട്ടുവീഴ്ചകളും ഇസ്ലാമിനകത്തായിരിക്കണമെന്നു മാത്രം. ഇസ്ലാമിന്റെ സവിശേഷത മുസ്ലിംകളല്ലാത്തവര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന നിരവധി തത്ത്വങ്ങളും മൂല്യങ്ങളും അത് ഉള്‍ക്കൊള്ളുന്നു എന്നതാണ്.  തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ ആദര്‍ശങ്ങളില്‍ യോജിക്കാന്‍ കഴിയാത്തവരെയും ഇത്തരം തത്ത്വങ്ങളിലും മൂല്യങ്ങളിലും യോജിപ്പിക്കാന്‍ സാധിക്കും. ഇസ്ലാം ഏകമുഖമായി മാത്രമല്ല മനുഷ്യസമൂഹത്തോട് ഇടപഴകുന്നത്. ഇസ്ലാമിക സമൂഹം മുന്‍കൈയെടുക്കുന്ന, ഭാഗഭാക്കാവുന്ന രാഷ്ട്രീയ കക്ഷിയുടെ പേരില്‍ ഇസ്ലാമിന്റെ പേരോ കുറിയോ വിശ്വാസ തത്ത്വങ്ങളോ ഉണ്ടായേ പറ്റൂ എന്ന് ഇസ്ലാമിന് നിര്‍ബന്ധമില്ല. ഹുദൈബിയാ സന്ധിയുടെ വ്യവസ്ഥകളില്‍നിന്ന് രിസാലത്തിന്റെ അടിത്തറ തന്നെ വെട്ടിമാറ്റിയതിന്റെ അര്‍ഥതലം അതാണ്. ഇസ്ലാമിന്റെ എല്ലാം ഒരു സന്ദര്‍ഭത്തിലെ രാഷ്ട്രീയ പ്രയോഗം ഉള്‍ക്കൊള്ളണമെന്നില്ല; അത് പറയണമെന്നുമില്ല. ഉള്‍ക്കൊള്ളുന്നതും പറയുന്നതും ഇസ്ലാമായിരിക്കണം എന്നുമാത്രം. ഒരു സമവായത്തിന്റെ പേരിലും ഇസ്ലാമികമല്ലാത്ത ഒരു തത്ത്വത്തെ അംഗീകരിക്കാന്‍ മുസ്ലിംകള്‍ക്ക് പാടുള്ളതല്ല എന്നതും ഇതില്‍നിന്നുതന്നെ സിദ്ധിക്കുന്ന കാര്യമാണ്. നിര്‍ബന്ധിതാവസ്ഥയുടെ വിധി മാത്രമാണ് ഇതിന്നപവാദമായിട്ടുള്ളത്. 

ഇസ്ലാമിക ശരീഅത്ത് ബഹുസ്വരമായ നിരവധി പ്രായോഗിക സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ശരീഅത്ത് എന്നത് ഏതു സാമൂഹികക്രമത്തിലും വിശ്വാസിയുടെ പ്രകൃതിപരവും രാഷ്ട്രീയവും കലാപരവും തൊഴില്‍പരവുമായ എല്ലാ ആവിഷ്‌കാരങ്ങളുടെയും രൂപഘടനയാണ്. ഈ ഫ്രെയ്മിനകത്ത് ആവിഷ്‌കരിക്കുമ്പോഴാണ് ഒരു കാര്യം ഇസ്ലാമികമാവുന്നത്. മുസ്ലിംകള്‍ അല്ലാത്തവരുമായി ചേര്‍ന്ന് വിശ്വാസികള്‍ക്ക് രാഷ്ട്രീയം, കച്ചവടം, സാംസ്‌കാരിക പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം തുടങ്ങി ഏതു മേഖലയില്‍ വേണമെങ്കിലും പ്രവര്‍ത്തിക്കാം. അപ്പോഴെല്ലാം ആ സംരംഭത്തിന്റെ പൊതു തത്ത്വങ്ങള്‍ ഇസ്ലാമികമാണെന്ന്, അഥവാ ഇസ്ലാമിനെതിരല്ലാത്തതാണെന്ന് അതില്‍ ഭാഗഭാക്കാവുന്ന വിശ്വാസികള്‍ ഉറപ്പുവരുത്തണം. ഒരു പൊതു സംരംഭത്തില്‍ എല്ലാവരും പാലിക്കേണ്ട, ഉയര്‍ത്തിപ്പിടിക്കേണ്ട ഇസ്ലാമിക മൂല്യങ്ങള്‍ പൊതു ഭാഷയില്‍ ആവിഷ്‌ക്കരിക്കുകയും വിനിമയം നടത്തുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ ഉത്തരവാദിത്തം. 

ഹുദൈബിയാ സന്ധിയില്‍ അത്, ബഹുദൈവാരാധകര്‍ മുന്നോട്ടുവെച്ചത് പ്രവാചകന്‍ അംഗീകരിച്ചു എന്നതായിരുന്നു. നമ്മുടെ സന്ദര്‍ഭത്തില്‍ അത് നാം തന്നെ ഗൃഹപാഠങ്ങള്‍ ചെയ്ത് രൂപപ്പെടുത്തി മറ്റുള്ളവരുടെ മുന്നില്‍വെക്കുകയുമാവാം. സമഗ്ര വിപ്ലവ രാഷ്ട്രീയമൊഴിച്ച് ബാക്കി രാഷ്ട്രീയങ്ങളെല്ലാം രൂപപ്പെടുന്നത് പൊതു മിനിമം പരിപാടിയുടെ (Common Minimum Programme) അടിസ്ഥാനത്തിലാണ്.  നമ്മുടെ രാജ്യത്തിന്റെ പശ്ചാത്തലം മുന്നില്‍ വെച്ചു പറഞ്ഞാല്‍ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന, രാജ്യത്തിന്റെ  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന, അടിച്ചമര്‍ത്തപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാകുന്ന ഒരു രാഷ്ട്രീയ പരിപാടി ഇസ്ലാമിക സമൂഹം മുന്‍കൈയെടുത്ത് രൂപപ്പെടുത്തി അതില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും യോജിപ്പിച്ച് രാഷ്ട്രീയ മുന്നേറ്റം നടത്തുകയാണ് ചെയ്യേണ്ടത്. 

ഇസ്ലാമിക സമൂഹത്തിന്റെ ബഹുസമുദായ സ്വഭാവമുള്ള രാഷ്ട്രീയാവിഷ്‌കാരങ്ങളുടെയും അതിരടയാളം ഇസ്ലാമിക ശരീഅത്താണ്. നബി (സ) മുസ്ലിംകളല്ലാത്ത സമൂഹങ്ങളുമായി നിരവധി കരാറുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അഥവാ മുസ്ലിംകളല്ലാത്ത പല സമൂഹങ്ങളുമായി ചേര്‍ന്ന് പ്രവാചകന്‍ പല രാഷ്ട്രീയ മുന്നണികളും രൂപപ്പെടുത്തിയിട്ടുണ്ട്, അവരുമായി ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. മദീനാ കരാര്‍ മുതലുള്ള ഈ കരാര്‍ വ്യവസ്ഥകള്‍ മുഴുവന്‍ പരിശോധിച്ചാലും  അനിസ്ലാമികമായ ഒരു വ്യവസ്ഥപോലും അതില്‍ കാണാന്‍ കഴിയില്ല. മുസ്ലിംകളല്ലാത്തവര്‍ കൂടി ഭാഗഭാക്കാവുന്നു എന്നതോ അവരെക്കൂടി ഭാഗഭാക്കാക്കുന്നു എന്നതോ അവര്‍ക്കും നമുക്കും അതിനകത്ത് തുല്യ അവകാശങ്ങളാണുള്ളത് എന്നതോ അതിന്റെ പൊതുവ്യവസ്ഥകള്‍ ഇസ്ലാംവിരുദ്ധമാവുന്നതിനുള്ള ന്യായമല്ല. ഇസ്ലാം മുന്നോട്ടുവെക്കുന്ന പൊതു മൂല്യങ്ങള്‍ അംഗീകരിക്കുന്നവരെ സംഘടിപ്പിച്ചാണ് ബഹുസമുദായസ്വഭാവമുള്ള ഇസ്ലാമിക രാഷ്ട്രീയം സംഘടിപ്പിക്കേണ്ടത്. അത്തരമൊരു രാഷ്ട്രീയത്തിന്റെ ആശയാടിത്തറകള്‍ ഇസ്ലാമിന്റെ പരിധിക്കകത്തുള്ളതാണെന്ന് അതിന് മുന്‍കൈ എടുക്കുന്ന ഇസ്ലാമിക സമൂഹം ഉറപ്പുവരുത്തേണ്ടതാണ്. ഇത് രാഷ്ട്രീയത്തിന് മാത്രമല്ല, ബഹുമതസമൂഹത്തിലെ വിശ്വാസിയുടെ എല്ലാ നാഗരിക വ്യവഹാരങ്ങള്‍ക്കും ബാധകമായ കാര്യമാണ്. 

വിശ്വാസികളല്ലാത്തവരുമായി ചേര്‍ന്ന് കച്ചവടസംരംഭങ്ങള്‍ നടത്താം. കച്ചവടത്തിന് മൊത്തം ബാധകമാകുന്ന തത്ത്വങ്ങള്‍ ഇസ്ലാമിനു വിരുദ്ധമാകാതെ രൂപപ്പെടുത്തേണ്ടതാണ്. കച്ചവടത്തിലൂടെ ഉണ്ടാകുന്ന വ്യക്തിതല ബാധ്യതകള്‍ വിശ്വാസിക്ക് മാത്രം ബാധകമാണ്. ഉദാഹരണമായി, മുതലിലെയും ലാഭത്തിലെയും വിശ്വാസിയുടെ പങ്കിന് മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. ഈ പൊതു വ്യവസ്ഥകള്‍ ഇസ്ലാമിക വ്യവസ്ഥകളാണെന്ന് മറുകക്ഷി തിരിച്ചറിഞ്ഞ് അംഗീകരിക്കണമെന്ന് ഇസ്ലാമിന് ഒരു നിര്‍ബന്ധവുമില്ല. ഹുദൈബിയാ സന്ധിയിലെ അല്ലാഹുവിന്റെ നാമത്തില്‍, അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നീ കാര്യങ്ങള്‍ ഖുറൈശികള്‍ മുന്നോട്ടുവെച്ചത് ഇസ്ലാമികമൂല്യം എന്ന നിലക്കല്ല. അറബി പാരമ്പര്യമൂല്യം എന്ന നിലക്കാണ്. റസൂല്‍ (സ) അത് അംഗീകരിച്ചത് കേവല അറബിപാരമ്പര്യ മൂല്യം എന്ന നിലക്കല്ല; ഇസ്ലാമിനെതിരല്ലാത്ത കാര്യം എന്ന നിലക്കാണ്, അഥവാ ഇസ്ലാമിക കാര്യം എന്ന നിലക്കാണ്. 

ഇസ്ലാമികേതരമായ സാമൂഹിക-രാഷ്ട്രീയക്രമത്തിനകത്ത്, അടിത്തറകള്‍ പൂര്‍ണമായും ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമല്ലാത്ത പൊതു സംവിധാനങ്ങളിലും മുസ്ലിംകള്‍ ഭാഗഭാക്കാകേണ്ടിവരും. ഇത്തരം സാധ്യതകള്‍ ഉപേക്ഷിക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഗുണദോഷങ്ങള്‍ കണക്കുകൂട്ടി നടത്തേണ്ട തെരഞ്ഞെടുപ്പുകളാണ്. സാമൂഹിക നിര്‍ബന്ധിതാവസ്ഥ എന്ന നിലക്കാണ് ഇതിനെ മനസ്സിലാക്കേണ്ടത്. അത്തരം സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യക്തികള്‍ എന്ന നിലയില്‍ പരമാവധി ഇസ്ലാമിക മൂല്യങ്ങള്‍ പാലിക്കുകയാണ് ചെയ്യേണ്ടത്. മൂല്യങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോകുമ്പോഴും ആ കാര്യത്തെയും ശരീഅത്തിന്റെ അടിത്തറയില്‍ സമീപിക്കുകയും  കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. ഇസ്ലാമികേതര കര്‍തൃത്വത്തില്‍ മുസ്ലിംകള്‍ ഭാഗഭാക്കാകുന്നതിനേക്കാള്‍ ഇസ്ലാമിക കര്‍തൃത്വത്തില്‍ മുസ്ലിംകളല്ലാത്തവരെയും ഭാഗഭാക്കാക്കുക എന്നതിനാണ് മുസ്ലിം സമൂഹം മുന്‍ഗണന നല്‍കേണ്ടത്. ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും പൊതുസമൂഹത്തിനും കൂടുതല്‍ ഗുണകരമാവുക അതാണ്. 

(ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചനാ സമിതിയംഗവും റിസര്‍ച്ച് സെല്‍ ഡയറക്ടറുമാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top