തുര്‍ക്കി വര്‍ത്തമാന രാഷ്ട്രീയ ഭൂമിക

സൈഫുദ്ദീന്‍ കുഞ്ഞ്‌‌
img

സമകാലിക തുര്‍ക്കിയുടെ ജനാധിപത്യവല്‍ക്കരണത്തിലും സാമൂഹിക-രാഷ്ട്രീയ വികാസത്തിലും എ.കെ പാര്‍ട്ടിക്ക് അനിഷേധ്യമായ പങ്കാണുള്ളത്. രണ്ടായിരത്തില്‍, പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ രൂപവല്‍കൃതമായ എ.കെ പാര്‍ട്ടി പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷവും സ്ഥിരതയാര്‍ന്ന രാഷ്ട്രീയ ബോധം പ്രകടിപ്പിക്കുന്നുണ്ട്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ എ.കെ പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തെയും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ ധാരാളം ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ശക്തമായ ജനകീയാടിത്തറയിലൂടെ ഈ പാര്‍ട്ടി ആ ശ്രമങ്ങളെയെല്ലാം അതിജീവിക്കുകയാണുണ്ടായത്. വ്യതിരിക്തമായ ആഭ്യന്തര- വൈദേശിക പദ്ധതികളിലൂടെയും നയതന്ത്രങ്ങളിലൂടെയും ലോകശ്രദ്ധയാര്‍ജിച്ച എ.കെ പാര്‍ട്ടിക്ക് മുന്‍കാല ഭരണകൂടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദമായ സാമൂഹിക-രാഷ്ട്രീയ പരിഷ്‌കരണങ്ങളും വികസനങ്ങളും നടത്താന്‍ സാധിച്ചു. അറബ്‌വസന്താനന്തരം ആ നാടുകളില്‍ ഒരു റോക് സ്റ്റാറിനെപ്പോലെ ഉര്‍ദുഗാന് സ്വീകരണം ലഭിച്ചതും അറബ് തെരുവുകളില്‍ തുര്‍ക്കി പതാകയും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഉയര്‍ത്തപ്പെട്ടതും തുര്‍ക്കിയുടെ സ്വീകാര്യത തെളിയിക്കുന്ന സംഭവങ്ങളാണ്.

അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കന്‍ നയങ്ങളോട് ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ആക്രമണത്തിന് താവളം ഒരുക്കിക്കൊടുക്കുന്നതിന് വിസമ്മതിക്കുകയും ചെയ്ത തുര്‍ക്കിയുടെ നിലപാട് ഇസ്‌ലാമിക ലോകത്ത് തുര്‍ക്കിയെ ഏറെ സ്വീകാര്യമാക്കുന്നതിന് കാരണമായി. അറബ്-മുസ്‌ലിം ലോകത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇടപെടലിനെതിരെ ധീരമായ നയം സ്വീകരിക്കാനും എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിന് സാധിച്ചു. 2010-ലെ ഫ്രീഡം ഫ്‌ളോട്ടില സംഭവത്തോടെ ഇസ്രയേലിനെതിരെ ശക്തമായ തീരുമാനമെടുക്കാനും ഫലസ്ത്വീന്‍ ജനതക്കനുകൂലമായി ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കാനും തുര്‍ക്കിക്ക് സാധിച്ചു. നിലവില്‍ അറബ് വസന്തം നടന്ന നാടുകളോടുള്ള അനുഭാവവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സിറിയന്‍ ഭരണകൂടവുമായുള്ള ഊഷ്മള ബന്ധംപോലും തുര്‍ക്കി ഉപേക്ഷിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ഇതുവരെയും പ്രാദേശികമായ ഒരു പരിഹാരം കണ്ടെത്താനായില്ല എന്നത് നിരാശാജനകമാണ്.

എ.കെ പാര്‍ട്ടിയും ഇസ്‌ലാമിക ഘടനയും

എ.കെ പാര്‍ട്ടിയെ ജമാഅത്തെ ഇസ്‌ലാമി, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നിങ്ങനെയുള്ള സുഭദ്രവും സുശക്തവുമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കുകയില്ല. ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മാണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനകളുടെ ഘടനയോ പ്രവര്‍ത്തന രീതിയോ അല്ല എ.കെ പാര്‍ട്ടിക്കുള്ളത്. ഡെമോക്രസി എന്ന പ്രത്യയശാസ്ത്രം സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന എ.കെ പാര്‍ട്ടി യൂറോപ്പിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളോടാണ് സ്വയം താരതമ്യം ചെയ്യാറുള്ളത്. തുര്‍ക്കി സമൂഹത്തിന്റെ പൈതൃകം, സംസ്‌കാരം, പാരമ്പര്യം എന്നിവയെ ഉള്‍ക്കൊള്ളുകയും മുസ്‌ലിം ഐഡന്റിറ്റിയെ അഭിമാനപൂര്‍വം ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യ രീതിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുക എന്നതാണ് എ.കെ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട്. മതവിശ്വാസികളും മതരഹിതരും നീതി, വികസനം എന്നീ ആശയങ്ങളില്‍ ആകൃഷ്ടരായവരും എല്ലാം അടങ്ങുന്ന വിവിധതരം ജനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ഘടനയാണ് എ.കെ പാര്‍ട്ടിയുടേത്. മുസ്‌ലിം ഐഡന്റിറ്റി കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട, മതവിഷയങ്ങളില്‍ കൂടുതല്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന വിശ്വാസിസമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമാണ് എ.കെ പാര്‍ട്ടി പ്രാമുഖ്യം നല്‍കിയത്. 80 വര്‍ഷങ്ങളോളം തുര്‍ക്കിയുടെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ആധിപത്യം പുലര്‍ത്തിയ കമാലിസ്റ്റ് സെക്യുലറിസ്റ്റ് രാഷ്ട്രീയ ഘടനയോട് പോരാടിയത് ഈ അവകാശങ്ങളുടെ സംസ്ഥാപനത്തിനു കൂടിയായിരുന്നു. ഇക്കാരണത്താല്‍ എ.കെ പാര്‍ട്ടിയെ ഒരു സാമ്പ്രദായിക ഇസ്‌ലാമിക പ്രസ്ഥാനമായി കണക്കു കൂട്ടുന്നതിനപ്പുറം തുര്‍ക്കി ജനതയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി വിലയിരുത്തുന്നതാണ് ഉചിതം.

എ.കെ പാര്‍ട്ടിയുടെ പരിഷ്‌കരണങ്ങള്‍

മുന്‍കാല ഭരണങ്ങള്‍ക്ക് തുര്‍ക്കി സമൂഹത്തില്‍ നടപ്പില്‍വരുത്താന്‍ കഴിയാതിരുന്ന പരിഷ്‌കരണങ്ങളും വികസനങ്ങളുമാണ് എ.കെ പാര്‍ട്ടി തുര്‍ക്കിയില്‍ ചെയ്തത്. ആധുനിക റിപ്പബ്ലിക്കിന്റെ രൂപവല്‍ക്കരണം മുതല്‍ 2000 വരെ ഭരണം കൈയാളിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തുര്‍ക്കിയില്‍ ആഴത്തില്‍ ഗ്രസിച്ചിരുന്ന രാഷ്ട്രീയാരക്ഷിതാവസ്ഥയും ആഭ്യന്തര പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവിശ്വാസികള്‍, കുര്‍ദ് വംശജരടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ശക്തമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടിരുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്നു. നീതി, വികസനം എന്നിവ അര്‍ഹിക്കുന്ന തരത്തില്‍ തുര്‍ക്കി സമൂഹത്തിന് പ്രദാനം ചെയ്യുന്നതില്‍ സെക്യുലറിസ്റ്റ്, കമാലിസ്റ്റ് രാഷ്ട്രീയ ഘടന ധാരാളം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് എ.കെ പാര്‍ട്ടി പിറന്നുവീണത്. അതുകൊണ്ടുതന്നെ നീതി, വികസനം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുക എന്ന ആശയത്തില്‍ തങ്ങളുടെ പാര്‍ട്ടിക്ക് (അദാലത്ത് വെ കാല്‍കിന്‍മ പാര്‍ട്ടിസി അറമഹല േ്‌ല ഗമഹസശിാമ ജമൃശേശെ) ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി എന്ന് നാമകരണം ചെയ്തു. ഭൂരിപക്ഷ വോട്ടോടെ അധികാരത്തിലേറിയ പാര്‍ട്ടി തങ്ങളുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. മുസ്‌ലിം വിദ്യാര്‍ഥിനികളുടെ മേല്‍ പൊതു ഇടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഹിജാബ് നിരോധം പടിപടിയായി നീക്കം ചെയ്യുന്നതില്‍ എ.കെ പാര്‍ട്ടി വിജയം കണ്ടു. തുര്‍ക്കിയുടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ ആശയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് എ.കെ പാര്‍ട്ടി ലക്ഷ്യം കണ്ടത്. തുര്‍ക്കിയിലെ ന്യൂനപക്ഷമായ ശീഈ ഗ്രൂപ്പായ അലവികളോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുകയും ഭരണഘടനാപരമായി അവര്‍ക്ക് ലഭിക്കാനുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ഭൂരിപക്ഷവും സുന്നി വിശ്വാസികള്‍ അണിനിരന്ന എ.കെ പാര്‍ട്ടിക്ക് അലവികള്‍ എന്ന ശീഈ വിഭാഗത്തിന്റെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ ഒരു തടസ്സമായി വന്നില്ല. സ്വാതന്ത്ര്യവും നീതിയും അനുപൂരകങ്ങളാണെന്നും ഇവ രണ്ടിന്റെയും സാന്നിധ്യത്തിലൂടെ മാത്രമേ ഒരു സമൂഹത്തിന്റെ സുഭദ്രമായ വളര്‍ച്ച സാധ്യമാവുകയുള്ളൂവെന്നും എ.കെ പാര്‍ട്ടി വിശ്വസിക്കുന്നു. ഈ ആശയാടിത്തറയില്‍ തന്നെയാണ് ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപനം മുതല്‍ക്കെ പീഡനപര്‍വം പേറുന്ന കുര്‍ദിഷ് വംശജരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി എ.കെ പാര്‍ട്ടി നല്ലൊരു ശതമാനം രാഷ്ട്രീയ കര്‍മപരിപാടികള്‍ രൂപവല്‍ക്കരിച്ചത്. അവരുടെ ഭാഷയെയും സംസ്‌കാരത്തെയും ആദരിക്കാനും ടര്‍ക്കിഷ് ഭാഷയെപോലെ തന്നെ കുര്‍ദ് ഭാഷക്ക് സ്ഥാനം നല്‍കാന്‍ ഭരണതലത്തില്‍തന്നെ നയം പ്രഖ്യാപിക്കാനും എ.കെ പാര്‍ട്ടിക്ക് സാധിച്ചു. ഒരു നൂറ്റാണ്ട് കാലമായി തുര്‍ക്കി അധികാരികളുടെ സംശയദൃഷ്ടിക്ക് പാത്രമായ കുര്‍ദിഷ് വംശജരില്‍ രാഷ്ട്രീയോദ്ഗ്രഥനം തടഞ്ഞു നിര്‍ത്താനും സമകാലീന രാഷ്ട്രീയത്തില്‍ സാമൂഹിക ശക്തിയായി ഉയര്‍ന്നുവരാന്‍ അവരെ പ്രാപ്തമാക്കാനും എ.കെ പാര്‍ട്ടിയുടെ ഭരണ പരിഷ്‌കാരം കാരണമാണെന്നു തന്നെ പറയേണ്ടതുണ്ട്. ഒരു പീഡിത വര്‍ഗത്തിന് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്നതാണ് എ.കെ പാര്‍ട്ടിയുടെ ഈ പ്രവര്‍ത്തന രീതികളില്‍ ലോകം കണ്ടത്. ദേശീയ നയങ്ങള്‍ക്കൊപ്പം തന്നെ ആഭ്യന്തരതലത്തില്‍ ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കും എ.കെ പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്നു.

ഉര്‍ദുഗാന്റെ വ്യക്തിപ്രഭാവം

തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ വ്യക്തിപ്രഭാവത്തിന് സവിശേഷമായ പങ്കാണുള്ളത്. സല്‍ജൂക്ക് രാജവംശം, ഉസ്മാനിയ ഖിലാഫത്ത്, സജ്ജൂദ് സഈദ് തുര്‍ക്കി, മുസ്തഫ കമാല്‍ പാഷ, അദ്‌നാന്‍ മെന്ദരസ്, ശൈഖ് സാഹിദ് കോത്കു, തുര്‍ഗുദ് ഒസാല്‍, നജ്മുദ്ദീന്‍ അര്‍ബകാന്‍ എന്നിങ്ങനെ തുര്‍ക്കിയുടെ സാമൂഹിക- രാഷ്ട്രീയ ഘടനയില്‍ സുപ്രധാനമായി സ്വാധീനം ചെലുത്തിയ വ്യക്തികളുടെ രാഷ്ട്രീയമാണ് തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രം. അതുകൊണ്ടുതന്നെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വ്യക്തിപ്രഭാവവും ഈ വിഷയത്തില്‍ ശ്രദ്ധേയ സ്ഥാനം വഹിക്കുന്നുണ്ട്. എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പുതന്നെ ഇസ്തംബൂള്‍ മേയര്‍ എന്ന നിലയില്‍ പ്രസിദ്ധനായ ഉര്‍ദുഗാന് തന്റെ വ്യക്തിപ്രഭാവം കൊണ്ട് തുര്‍ക്കി സമൂഹത്തെ കൈയിലെടുക്കാന്‍ സാധിച്ചിരുന്നു. തുര്‍ക്കി ദേശീയവാദി നാമിക് കമാലിന്റെ കവിത ചൊല്ലിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഉര്‍ദുഗാന്റെ പൊതു സ്വീകാര്യത അഭൂതപൂര്‍വമാംവിധം വര്‍ധിക്കുകയാണുണ്ടായത്. കോടതിയില്‍ പോലും ഇസ്‌ലാമിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഉര്‍ദുഗാന്റെ വ്യക്തിപ്രഭാവം തുര്‍ക്കിസമൂഹത്തെ കൂടുതല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളോടടുപ്പിച്ചു. ആഭ്യന്തരവിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുകയും അന്തര്‍ദേശീയ വിഷയങ്ങളില്‍ കൂടുതല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഉര്‍ദുഗാന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി തുര്‍ക്കിയിലെന്നപോലെ അന്തര്‍ദേശീയ തലങ്ങളിലും അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കി. ഈയിടെ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടിക്ക് വോട്ട് ശതമാനം കുറഞ്ഞെങ്കില്‍ തന്നെയും ഉര്‍ദുഗാന്റെ രാഷ്ട്രീയ സ്വീകാര്യത വര്‍ധിക്കുകയാണുണ്ടായത്. സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ വ്യക്തിപ്രഭാവത്തിനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് എ.കെ പാര്‍ട്ടിയുടെയും ഉര്‍ദുഗാന്റെയും വിജയങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്.

എ.കെ പാര്‍ട്ടിയും ഇസ്‌ലാമിക പ്രതിനിധാനവും

മില്ലി ഗോരുഷ് (National Outlook Movement)  എന്ന അര്‍ബകാന്റെ ഇസ്‌ലാമിക രാഷ്ട്രീയധാരയില്‍നിന്ന് അഭിപ്രായ വ്യത്യാസം മൂലം വിഘടിച്ചുണ്ടായ എ.കെ പാര്‍ട്ടിക്ക് നല്ലൊരളവോളം തന്നെ മില്ലി ഗോരുഷിന്റെ ആശയങ്ങളെ അനുധാവനം ചെയ്യുന്ന യുവാക്കളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനോടും, തുര്‍ക്കിയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയിലെ പ്രതിലോമ ശക്തികളോടും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന അര്‍ബകാന്റെ പ്രവര്‍ത്തനരീതിയില്‍ തീവ്രത ഉണ്ടെന്ന് വാദിച്ചുകൊണ്ടാണ് ഉര്‍ദുഗാന്‍ എ.കെ പാര്‍ട്ടി രൂപവത്കരിക്കുന്നത്. രാഷ്ട്രീയമായി നയരൂപീകരണങ്ങളിലും പ്രവൃത്തികളിലും മിതത്വവും പക്വതയും അടിസ്ഥാനമായി വര്‍ത്തിക്കേണ്ടതാണെന്നാണ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെടുന്നത്. തുര്‍ക്കിയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പ്രധാന വ്യക്തികളില്‍ ഒരാളാണ് ശൈഖ് സാഹിദ് കോത്കു. നഖ്ശബന്ദി ത്വരീഖത്തിന്റെ ബ്രാഞ്ചായ ശൈഖ് ഖാലിദ് ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഖാലിദിയ്യയുടെ പ്രധാന പണ്ഡിതരില്‍ ഒരാളാണ് ശൈഖ് കോത്കു. 1960-കളില്‍ ശൈഖ് സാഹിദ് കൊത്കുവിന്റെ നിര്‍ദേശപ്രകാരം നജ്മുദ്ദീന്‍ അര്‍ബകാന്‍ രൂപവല്‍ക്കരിച്ച മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനമാണ് മില്ലീ ഗോരുഷ്. കെമാലിസ്റ്റ് സെക്യുലര്‍ സാമൂഹിക-രാഷ്ട്രീയ ഘടനയെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപവല്‍കൃതമായ മില്ലി ഗോരുഷില്‍നിന്ന് വിവിധ ഘട്ടങ്ങളില്‍ നാല് രാഷ്ട്രീയ പാര്‍ട്ടികള്‍ (National Order Party, National Salvation party, Welfare party, Virtue party) രൂപം കൊണ്ടു. 2000-ല്‍ Virtue party  പിളര്‍ന്ന്  AK Party-യും Sa'adet Party-യും ഉണ്ടായി.

ഉസ്മാനിയാ ഖിലാഫത്തില്‍ തന്നെ ശക്തമായ സ്വാധീനമുണ്ടായിരുന്ന സ്വൂഫീ ധാരയാണ് നഖ്ശബന്ദിയ്യ. 1800-കളിലാണ് ഈ ത്വരീഖത്ത് ഖിലാഫത്തിന്റെ അധികാര കേന്ദ്രങ്ങളിലും സ്ഥാനമുറപ്പിച്ചത്. ആധുനിക തുര്‍ക്കിയില്‍ ജനസ്വാധീനമുള്ള നഖ്ശബന്ദി ഓര്‍ഡറിന്റെ നിരവധി ഉപവിഭാഗങ്ങളുണ്ട്. ഖാലിദി ഓര്‍ഡര്‍, നൂര്‍സീ വിഭാഗം, ഗുലെന്‍ മൂവ്‌മെന്റ്, ഇഷ്ഖനൂര്‍ പാഷ ഓര്‍ഡര്‍ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

ശൈഖ് കൊത്കുവിന്റെ രാഷ്ട്രീയ ചിന്തകള്‍ തുര്‍ക്കിയിലെ നല്ലൊരു ശതമാനം മുസ്‌ലിം- രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ആത്മീയ ഗുരു എന്ന നിലയില്‍ ഉര്‍ദുഗാന്റെ ചിന്തകളിലും ശൈഖ് കോത്കുവിന്റെ സ്വാധീനം പ്രകടമാണ്. ഈ സ്വൂഫിവര്യന്റെ ചിന്തകളില്‍ പ്രധാനമായ സാമൂഹിക സേവനം, സാഹോദര്യം, സംഘടനാ ഭദ്രതയും കെട്ടുറപ്പും, സംഘടന വിശാലമാക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ എ.കെ പാര്‍ട്ടിയുടെ രാഷ്ട്രീയ ശൈലികളില്‍ പ്രകടമാണ്. സ്വൂഫിധാരകള്‍ക്ക് ശക്തമായ അടിത്തറയുള്ള തുര്‍ക്കിയില്‍, കമാലിസ്റ്റ് സെക്യുലറിസ്റ്റ് സാമൂഹിക - രാഷ്ട്രീയ ഘടനക്ക് ബദലാകാന്‍ ഈ ആത്മീയ സരണികള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍തന്നെ എ.കെ പാര്‍ട്ടിയുടെ ആശയങ്ങളിലും നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതികളിലും ഇവയുടെ സ്വാധീനം ശ്രദ്ധേയമാണ്. സഈദ് നൂര്‍സിയുടെ ചിന്തകള്‍, ശൈഖ് സുലൈമാന്‍ തുനഹാനിന്റെ നേതൃത്വത്തിലുള്ള സുലൈമാനി ഓര്‍ഡര്‍, ഇശ്ഖന്തര്‍ പാഷ ഓര്‍ഡര്‍, ശൈഖ് മുഹമ്മദ് റാശിദ് എറോളിന്റെ നേതൃത്വത്തിലുള്ള മെന്‍സില്‍ ഓര്‍ഡര്‍ എന്നിവയെല്ലാം രാഷ്ട്രീയ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. സുലൈമാനി ഓര്‍ഡറിന്റെ തലവനായ മെഹ്‌മത്ത് ബായസീദ് ദിന്‍സോഗുലു എ.കെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. സാമൂഹിക സേവനം, ക്ഷേമ രാഷ്ട്രം, മൂല്യങ്ങളോടുള്ള പ്രതിബദ്ധത, അതിനു വേണ്ടിയുള്ള പോരാട്ടം എന്നിങ്ങനെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക എന്ന നഖ്ശബന്ദി ത്വരീഖത്തിന്റെ തത്ത്വചിന്ത എ.കെ പാര്‍ട്ടിയുടെ നേതാക്കളില്‍ പ്രകടമാണ്. മതവിശ്വാസികളും, മതേതരരും ഒരുപോലെ പ്രവര്‍ത്തിക്കുന്ന എ.കെ പാര്‍ട്ടിയില്‍ ഇസ്‌ലാമിക പശ്ചാത്തലത്തിലുള്ള വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ സ്വാധീനം. തൊണ്ണൂറ് ശതമാനത്തിലധികം മുസ്‌ലിംകളുള്ള തുര്‍ക്കിയിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ സംബന്ധിച്ചേടത്തോളം എ.കെ പാര്‍ട്ടിയുടെ ഇസ്‌ലാമിക പശ്ചാത്തലവും രാഷ്ട്രീയ ഘടനയിലെ സ്വൂഫി ഓര്‍ഡറുകളുടെ സ്വാധീനവും ആശ്ചര്യകരമല്ല. ഈ വിവിധ സ്വൂഫി ഗ്രൂപ്പുകളുടെയെല്ലാം സാമൂഹിക ക്ഷേമം, നീതി, വികസനം എന്നീ ആശയങ്ങളുടെ പ്രയോഗവത്കരണത്തിനായി ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് എ.കെ പാര്‍ട്ടിയുടെ വിജയം. ഇവ്വിധത്തിലുള്ള ഇസ്‌ലാമിക പ്രതിനിധാനങ്ങളില്‍നിന്നാണ് ബഹുസ്വരമായ രാഷ്ട്രീയ ഘടനയുള്ള എ.കെ പാര്‍ട്ടി തങ്ങളുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും പ്രചോദനം കണ്ടെത്തുന്നത്.

ഒരു ദേശത്തെ മുസ്‌ലിം സമൂഹത്തിന്റെ പരിപൂര്‍ണമായ പരിവര്‍ത്തനം ഇസ്‌ലാമിക രാഷ്ട്രീയപ്രക്രിയയെ ത്വരിതപ്പെടുത്തുമെന്ന് ശൈഖ് കോത്കു നിരീക്ഷിച്ചു. സാമൂഹിക പരിവര്‍ത്തനത്തിനും പരിഷ്‌കരണത്തിനും വിപ്ലവം (Revolution) എന്നതിലുപരി സൂക്ഷ്മതയോടുകൂടിയുള്ള ക്രമപ്രവൃദ്ധമായ വളര്‍ച്ച (Evolution)) എന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്. തുര്‍ക്കി സമൂഹത്തില്‍ ശക്തവും സുഭദ്രവുമായ ഇസ്‌ലാമിന്റെ സാന്നിധ്യം കൊണ്ടു മാത്രമേ സമാധാനപൂര്‍ണമായ സാമൂഹിക ഘടന രൂപപ്പെടുകയുള്ളൂ എന്നദ്ദേഹം വീക്ഷിച്ചു. ഈ ഇസ്‌ലാമിക മൂല്യങ്ങളുടെ സ്ഥാപനത്തിന് ആത്മീയ ചൈതന്യം എന്ന നിലയില്‍ സ്വൂഫി സരണി ഏറെ സഹായിക്കുമെന്നും അദ്ദേഹം വീക്ഷിച്ചു. സമത്വം, സാമൂഹിക നീതി, സുസംഘടിതമായ സമൂഹം, ശക്തിഭദ്രമായ ഭരണകൂടം എന്നിവയെല്ലാം ഇസ്‌ലാമിക ആശയങ്ങളുടെ അടിത്തറയില്‍ രൂപപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസവും അതിലൂടെ സാധ്യമാവുന്ന മാനുഷിക വികസനവും സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ ചാലകശക്തികളാണ്. ശൈഖ് സാഹിദ് കോത്കു അദ്ദേഹത്തിന്റെ എല്ലാ സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളെയും നഖ്ശബന്ദി ത്വരീഖത്തുമായി ബന്ധിപ്പിക്കുന്നു; സ്വൂഫിധാരയിലെ സുഹ്ബത് എന്ന സംഘടനാ ഘടനയിലൂടെ.

 
(ആസ്സാം ഗുവാഹത്തി യൂനിവേഴ്‌സിറ്റിയിലെ പേര്‍ഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍)

Reference:
1.    ശരീഫ് മര്‍ദിന്‍, Religion and Social change in Modern Turkey.
2.    ഷുക്‌റന്‍ വാഹിദെ, Islam in Modern Turkey
3.    ഹകന്‍ യാവൂസ്, Islamic Political Identity in Turkey
4.    ഉമിത് സിസ്‌റേ, Secular and Islamic politics in Turkey. The ..... of the Justice and Development Party.
5.    കില്‍ദിസ് അതാസോയ്, Turkey, Islamists and Democracy: Transition of Globalization in a Muslim State.
6.    ഇത്‌സാക് വെയ്‌സ്മാന്‍, The Naqshabandiyya: Orthadoxy and Activi.... in a World wide Sufi Traditon.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top