മലേഷ്യന്‍ രാഷ്ട്രീയം: ഇസ്‌ലാം പ്രതിനിധാനവും പാസിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളും

മുനീര്‍ മുഹമ്മദ് റഫീഖ്‌‌

അറുപതു ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന മലേഷ്യയില്‍ ഇസ്‌ലാമിന് ഒരു മതമെന്ന നിലയിലും ഒരു രാഷ്ട്രീയ വ്യവസ്ഥിതി എന്ന നിലയിലും വലിയ സ്വാധീനമുണ്ട്. മലേഷ്യക്കാരുടെ വ്യക്തിജീവിതത്തില്‍ മാത്രമല്ല, പൊതുയിടങ്ങളിലും ഇസ്‌ലാമിക മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും സ്വാധീനം നിഴലിച്ചു കാണാം. 1957-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ മലേഷ്യ, ഔദ്യോഗികമായി ജനാധിപത്യ സെക്യുലര്‍ രാഷ്ട്രമാണെങ്കിലും, ഭരണഘടന വിഭാവന ചെയ്യുന്നതുപ്രകാരം, ഇസ്‌ലാമാണ് രാജ്യത്തിന്റെ ഔദ്യോഗിക മതം. താരതമ്യേന നല്ല രീതിയില്‍ ജനാധിപത്യം പുലരുന്ന ഒരു മുസ്‌ലിം രാജ്യം എന്ന നിലയില്‍ മലേഷ്യക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്ഥാനമുണ്ട്. ഇസ്‌ലാമിന്റെ മിതവും മധ്യമവുമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാജ്യം എന്ന നിലയിലും, മറ്റു മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി മലേഷ്യ പലപ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെടാറുണ്ട്. ബ്രിട്ടീഷ് വെസ്റ്റ് മിനിസ്റ്റര്‍ ഭരണരീതി പിന്തുടരുന്ന മലേഷ്യയില്‍, മുസ്‌ലിം വ്യക്തി-കുടുംബരംഗങ്ങളില്‍ ശരീഅത്ത് നിയമങ്ങളാണ് പിന്തുടരുന്നത്. ഇസ്‌ലാമിനൊപ്പം ജനാധിപത്യത്തിന് വാഴാനാകില്ലെന്ന പൊതുധാരണക്ക് അപവാദമാണ് മലേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍.  

പതിമൂന്നാം നൂറ്റാണ്ടില്‍ മലേഷ്യയില്‍ ഇസ്‌ലാമെത്തിയ കാലം മുതല്‍, യൂറോപ്യന്‍ ആധിപത്യത്തിനുകീഴില്‍ വരുന്നതുവരെ സുല്‍ത്താന്മാരുടെ ഭരണത്തില്‍ വലിയൊരളവോളം ശരീഅത്തിലധിഷ്ഠിതമായ ഭരണക്രമമാണ് ഇവിടെ നിലനിന്നിരുന്നത്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ പൊതുവായ സംസ്‌കാരവും തനിമയും കാത്തുസൂക്ഷിക്കുന്നതാണ് സ്വാതന്ത്ര്യത്തിനുശേഷവും ഇവിടത്തെ ഭരണവ്യവസ്ഥ. ആധുനികകാലത്തെ, വിശിഷ്യാ സ്വാതന്ത്ര്യത്തിനു ശേഷമുള്ള മലേഷ്യയുടെ രാഷ്ട്രീയ ചരിത്രവും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വര്‍ത്തമാനവുമാണ് ഇവിടെ പ്രധാനമായും പരിശോധിക്കുന്നത്. 

സ്വാതന്ത്ര്യാനന്തര കാലംമുതല്‍ക്കേ, മലേഷ്യന്‍ രാഷ്ട്രീയ-ഭരണനിര്‍വഹണ രംഗങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങളും ചിഹ്നങ്ങളും പ്രകടമായി പ്രതിഫലിച്ചുകാണാം. മലേഷ്യയുടെ സവിശേഷമായ രാഷ്ട്രീയഭൂമികയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സംഘടനയിലോ മാത്രം ഇസ്‌ലാമിനെ അന്വേഷിക്കുന്നത് നീതിപൂര്‍വകമായിരിക്കില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യസ്തങ്ങളായ പ്രതിനിധാനങ്ങള്‍ ഇസ്‌ലാമിക പാര്‍ട്ടികളില്‍ മാത്രമല്ല, ഭരണകൂടത്തിലും രാഷ്ട്രീയ കക്ഷികളിലും ഇതര പ്രസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും പ്രതിഫലിച്ചുകാണാം. സ്വാതന്ത്ര്യാനന്തരം, ഒരു ജനാധിപത്യ സെക്യുലരിസ്റ്റ് രാജ്യമായി മാറിയെങ്കിലും, നീതിന്യായവ്യവസ്ഥയില്‍ ശരീഅത്തിലധിഷ്ഠിതമായ പരിഷ്‌കരണങ്ങള്‍ ഭരണകക്ഷികള്‍ തന്നെ മുന്‍കൈയെടുത്ത് നടപ്പിലാക്കിപ്പോന്നിട്ടുണ്ട്. ആധുനിക ജനാധിപത്യ മതേതര മൂല്യങ്ങളോടൊപ്പം, ഇസ്‌ലാമിക മൂല്യങ്ങളും രാഷ്ട്രീയ-ഭരണനിര്‍വഹണ രംഗങ്ങളില്‍ സര്‍ക്കാറുകള്‍ പ്രയോഗവല്‍ക്കരിച്ചിട്ടുണ്ട്. 1957-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം, 2018 വരെയും 61 വര്‍ഷം രാജ്യം ഭരിച്ചത്, അംനോ (UMNO, United Malay National Organization) യാണ്. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിക സ്റ്റേറ്റിനു വേണ്ടി വാദിക്കുന്നില്ലെങ്കിലും, അംനോയുടെ രാഷ്ട്രീയ നയങ്ങളിലും വികസന പദ്ധതികളിലും ഇസ്‌ലാമിന്റെ രാഷ്ട്രീയമൂല്യങ്ങളും അധ്യാപനങ്ങളും അന്തര്‍ഭവിച്ചിട്ടുണ്ട്.

ആദ്യ പ്രധാനമന്ത്രിയായിരുന്ന തുങ്കു അബ്ദുര്‍റഹ്‌മാന്‍ പുത്ര* (1957-1970) മുതലിങ്ങോട്ട് മാറിമാറിവന്ന എല്ലാ ഭരണാധികാരികളും മലേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയാധ്യാപനങ്ങള്‍ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തുങ്കു അബ്ദുര്‍റഹ്‌മാന്റെ കാലത്താണ് രാജ്യത്ത് ഏറ്റവും വലിയ ഖുര്‍ആന്‍ കോണ്‍ഫറന്‍സ് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നത്. ദീര്‍ഘകാലം മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദിന്റെ കാലത്താണ് രാജ്യത്ത് ഇസ്‌ലാമിക് ബാങ്കുകളും ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളും സ്ഥാപിക്കപ്പെടുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മലേഷ്യയില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ പാര്‍ട്ടി പാസാണ്.   

പാസ് (പാര്‍ട്ടി ഇസ്‌ലാം സേ മലേഷ്യ, പാന്‍ മലേഷ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടി): അല്‍പം ചരിത്രം

മലേഷ്യയില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന പാര്‍ട്ടിയാണ് പാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടി ഇസ്‌ലാം സേ മലേഷ്യ. സ്വാതന്ത്രത്തിന് പത്തു വര്‍ഷം മുമ്പ് രൂപംകൊണ്ട ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമായ ഹിസ്ബുല്‍ മുസ്‌ലിമീനിലേക്കാണ് പാസിന്റെ വേരുകള്‍ ചെന്നെത്തുന്നത്. 1951 നവംബറില്‍ പെനാംഗ് സ്റ്റേറ്റില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ച പാസ്, ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച്, രാജ്യത്തെ ഇസ്‌ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചതാണ്. ഖുര്‍ആനും സുന്നത്തും ദാര്‍ശനികാടിത്തറയായി സ്വീകരിച്ച പാസിന്റെ പ്രചോദനവും മാര്‍ഗരേഖയും, ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് ഇസ്‌ലാമിക നവജാഗരണത്തിന് വിത്തു പാകിയ ഈജിപ്തിലെയും ഇന്ത്യയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്. കൊളോണിയല്‍ വിരുദ്ധതയിലും ബ്രിട്ടനുമായുള്ള സ്വാതന്ത്ര്യസമരപോരാട്ടത്തിലും ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനോട് സാമ്യതയുണ്ടെങ്കിലും മലേഷ്യന്‍ പരിതഃസ്ഥിതിയില്‍ പാസിന്റെ പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണ്. മത-ആത്മീയ മേഖലകളില്‍ മലായ് മുസ്‌ലിം സമൂഹത്തിലുള്ള പാസിന്റെ സ്വാധീനം വളരെ വലുതാണ്.  ഇസ്‌ലാമിക തത്ത്വങ്ങള്‍ മുറുകെപിടിക്കുന്ന പാസിന്റെ ഭരണഘടന വിഭാവന ചെയ്യുന്നത് തഖ്‌വ(ദൈവഭയ)യില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതാണ്. നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്ന ഖുര്‍ആനിക കല്‍പനയുടെ അടിത്തറയില്‍ മനുഷ്യരാശിക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമെന്നാണ് പാസ് സ്വയം പരിചയപ്പെടുത്തുന്നത്. പാസിന്റെ അടിസ്ഥാനം ഇസ്‌ലാമാണെന്നും പാര്‍ട്ടിയുടെ മുദ്രാവാക്യം അല്ലാഹു അക്ബര്‍ ആണെന്നും ഭരണഘടനയില്‍ വായിക്കാം. ഖുര്‍ആനും സുന്നത്തുമനുസരിച്ച് ഭരണനിര്‍വഹണം നടത്തലും രാജ്യത്തിന്റ ഭരണകാര്യങ്ങളിലെ ശൂറാ (കൂടിയാലോചനാ) സംവിധാനവും ഇതര മത വിഭാഗങ്ങളോടുള്ള സഹവര്‍ത്തിത്വവും അവര്‍ക്കു അനുവദിച്ചുനല്‍കുന്ന മതസ്വാതന്ത്ര്യവും നിയമനിര്‍മാണസഭയില്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ജനസംഖ്യാനുപാതിക പ്രാതിനിധ്യവുമെല്ലാം മറ്റു പാര്‍ട്ടികളില്‍നിന്ന് പാസിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളാണ്. ഇപ്പോള്‍ ബാരിസാണ്‍ നാഷ്‌നല്‍ പാര്‍ട്ടിയിലെ മുഖ്യ കക്ഷിയായ അംനോയോടൊപ്പമായിരുന്നു പാസ് ആദ്യകാലങ്ങളില്‍ (1974-1978) തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നത്. എന്നാല്‍, അന്‍വര്‍ ഇബ്‌റാഹീം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ സന്ദര്‍ഭത്തില്‍ പാസും അംനോയുമായുള്ള ബന്ധമുപേക്ഷിച്ച് പാസ് രാജ്യത്തിന്റെ മുഖ്യപ്രതിപക്ഷസ്ഥാനത്ത് അവരോധിക്കപ്പെടുകയായിരുന്നു.  

പാസിന്റെ ഭരണനേട്ടങ്ങള്‍

222 അംഗ മലേഷ്യന്‍ പാര്‍ലമെന്റില്‍ 18 അംഗങ്ങളേ പാസിനുള്ളൂ. മലേഷ്യയിലെ പതിനാല് സംസ്ഥാനങ്ങളില്‍ കെലന്താന്‍, കെദാ സംസ്ഥാനങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെയും തെരിങ്കാനു സ്റ്റേറ്റില്‍ സഖ്യ കക്ഷികളോടൊപ്പവും പാസ് ഭരണം നടത്തിവരുന്നു. പാസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെ എടുത്തുപറയേണ്ട സവിശേഷത, അവയുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ പലിശമുക്തമാണെന്നതാണ്. ഈ ഉദ്ദേശ്യാര്‍ഥം സര്‍ക്കാറിന്റെ മുഴുവന്‍ ഫിക്‌സ്ഡ് ബാങ്ക് ഡെപ്പോസിറ്റുകളും കണ്‍വെന്‍ഷനല്‍ ബാങ്കുകളില്‍നിന്ന് ബാങ്ക് മുആമലാത്, ബാങ്ക് ഇസ്‌ലാം പോലുള്ള ഇസ്‌ലാമിക് ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളെയും പലിശമുക്ത സാമ്പത്തിക സംവിധാനങ്ങളുടെ ഗുണഭോക്താക്കളാക്കുക എന്ന ഉദ്ദ്യേശ്യത്തോടെ വീട്, വാഹനം, കമ്പ്യൂട്ടര്‍ എന്നിവക്കെല്ലാം പലിശരഹിത ലോണുകള്‍ നല്‍കുന്ന സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക വ്യവഹാരങ്ങള്‍ വളരെ സുതാര്യവും കൃത്യമായ ഓഡിറ്റിംഗിന് വിധേയവുമാണ്. ആധുനിക ജനാധിപത്യ മതേതര രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന അഴിമതി, സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം എന്നിവയില്‍നിന്നും  ഒട്ടൊക്കെ മുക്തമാണ് പാസ് അധീന സംസ്ഥാനങ്ങള്‍. സ്വതന്ത്ര മലേഷ്യയുടെ ചരിത്രത്തില്‍ തട്ടിപ്പും വെട്ടിപ്പുമില്ലാതെ സാമ്പത്തിക വ്യവഹാരം നടത്തിയ ഏക സംസ്ഥാനമായി 2004-ല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമായിരുന്നു പാസ് ഭരിച്ചിരുന്ന തെരിങ്കാനു സ്റ്റേറ്റ്. സംസ്ഥാനത്തു നിന്ന് അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ പാസ് സര്‍ക്കാറുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. അഴിമതി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ തന്നെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും ആന്റ്ി കറപ്ഷന്‍ സെല്ലിന് അധികാരമുണ്ട്. പാസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയാണിത്.
 
സമ്പന്നരായ ന്യൂനപക്ഷത്തിനു വേണ്ടിയുള്ള മെഗാ വികസന പ്രോജക്ടുകള്‍ക്കു പകരം സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന വികസന രീതികളാണ് പാസിന്റേത്. അതുകൊണ്ടുതന്നെ 'ദരിദ്ര സര്‍ക്കാരും സമ്പന്ന ജനത'യുമെന്നാണ് പാസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ പൊതുവെ മാധ്യമങ്ങള്‍ പരിചയപ്പെടുത്താറ്. സംസ്ഥാനത്തെ സിവില്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു വേണ്ടി പ്രവൃത്തിദിനങ്ങള്‍ ആറില്‍നിന്ന് അഞ്ചാക്കി ചുരുക്കി, വെള്ളിയാഴ്ച ദിവസം 'വിജ്ഞാനദിന'മായും ശനിയാഴ്ച 'കുടുംബദിന'മായും അവധി നല്‍കിയിരിക്കുകയാണ് പാസ് സംസ്ഥാന സര്‍ക്കാറുകള്‍. റമദാനില്‍ സംസ്ഥാനത്തെ ഓഫീസ് സമയം ഒന്‍പത് മുതല്‍ 3.30 വരെ നിജപ്പെടുത്തിയിരിക്കുന്നു. 1999 മുതല്‍ 2004 വരെയുള്ള ഭരണ കാലയളവില്‍ പാസ് ഭരിച്ചിരുന്ന തെരിങ്കാനു സ്റ്റേറ്റിലെ പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കാര്യക്ഷമതക്കും ഉദ്യോഗസ്ഥരുടെ ക്രിയാശേഷിക്കും ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ രംഗത്തെ പാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ അംഗീകാരമായാണിത് മനസ്സിലാക്കപ്പെടുന്നത്. 

2008-ലെ പൊതു തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ 2013, 2018 പൊതു തെരഞ്ഞെടുപ്പുകളില്‍ പാസിനായില്ല. 2018-ലെ തെരഞ്ഞെടുപ്പില്‍ മഹാതീര്‍ നയിക്കുന്ന പ്രതിപക്ഷകൂട്ടായ്മയില്‍ ചേരാതെ പാസ് സ്വതന്ത്രമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ പ്രതിഷേധിച്ച് പാസിലെ ഒരു വിഭാഗം 'അമാന' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി, മഹാതീര്‍-അന്‍വര്‍ ഇബ്‌റാഹീം സഖ്യമായ 'ബര്‍സാതു' വിനൊപ്പമാണ് അണിനിരന്നത്. ഭരണകൂടവിരുദ്ധവികാരം എന്ന അനുകൂല സാഹചര്യം ഉണ്ടായിരുന്നിട്ടുകൂടി, പാസിലെ ഈ ആഭ്യന്തര ശൈഥില്യം പാര്‍ലമെന്റില്‍ അതിന്റെ സീറ്റുകള്‍ 21-ല്‍ നിന്ന് 18 ലേക്ക് കുറക്കാനേ സഹായിച്ചുള്ളൂ. മുമ്പ് അധികാരത്തിലിരിക്കെ, മഹാതീറിന്റെ ശാത്രവത്തിന് ഏറ്റവും കൂടുതല്‍ ഇരയായ, സാക്ഷാല്‍ അന്‍വര്‍ ഇബ്‌റാഹീം തന്നെയും മഹാതീറുമായി ചേര്‍ന്ന് ഭരണസഖ്യമായ ബാരിസാന്‍ നാഷ്‌നലിനെതിരെ രംഗത്തുവരാന്‍ മടികാണിച്ചില്ലെന്നിരിക്കെ, പാസ് ബര്‍സാതു സഖ്യത്തില്‍ അംഗമാകാതെ ഒറ്റക്കു മത്സരിക്കുകയായിരുന്നു. 2013 തെരഞ്ഞെടുപ്പില്‍ ബാരിസാന്‍ നാഷ്‌നല്‍ നേടിയെടുത്ത തെരിങ്കാനു സ്റ്റേറ്റ്, 31-ല്‍ 22 സീറ്റും നേടി തിരിച്ചുപിടിക്കാനായതും കെലന്താന്‍ സ്റ്റേറ്റില്‍ 45 സീറ്റുകളില്‍ 37-ഉം നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിക്കാനായതുമാണ് 2018 തെരഞ്ഞെടുപ്പിലെ പാസിന്റെ നേട്ടങ്ങള്‍. 
  
പാസ്: നയനിലപാടുകളും വിവാദങ്ങളും ഒരവലോകനം 

മലേഷ്യയിലെ ഏറ്റവും ജനസ്വാധീനമുള്ള മതപ്രസ്ഥാനം, സുസമ്മതനായ ആത്മീയ നേതൃത്വം എന്നീ നിലകളില്‍ പാസും പാസിന്റെ നേതൃത്വവും ഏറെ മുന്നിലാണെങ്കിലും ഭരണ നിര്‍വഹണരംഗങ്ങളില്‍ പാസ് പ്രതീക്ഷക്കൊത്തുയരുന്നുവെന്ന് പറയാനാകില്ല. സെക്യുലരിസത്തിന് സ്വാധീനമുള്ള മലേഷ്യയില്‍ പാസിന്റെ പല നയതീരുമാനങ്ങളും ഭരണപരിഷ്‌കാരങ്ങളും തീവ്ര സെക്യുലരിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനത്തിനിടയാക്കുന്നു. രാജ്യത്ത് 'ഹുദൂദ്' (ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍) നടപ്പാക്കണമെന്ന പാസിന്റെ അഭിപ്രായപ്രകടനം വലിയ വിവാദമാവുകയുണ്ടായി. മാധ്യമങ്ങളും പാസിന്റെ ഘടക കക്ഷികളിലൊന്നായ ഡി.എ.പിയുമടക്കം കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പുകളില്‍ പാസ് അനായാസം ജയിച്ചുപോരുന്ന കെലന്താന്‍ സ്റ്റേറ്റ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇസ്‌ലാമിക ചായ്‌വുള്ള പാസിന്റെ പരിഷ്‌കരണങ്ങള്‍ കൊണ്ടാണ്. മാര്‍ക്കറ്റുകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്യൂ, സംഗീതവും സിനിമയും പോലുള്ള വിനോദോപാധികള്‍ക്ക് നിയന്ത്രണം ഇങ്ങനെ പോകുന്നു പാസിന്റെ പരിഷ്‌കരണങ്ങള്‍. ഇസ്‌ലാംവിരുദ്ധ മീഡിയയും തീവ്ര സെക്യുലരിസ്റ്റുകളും സ്ഥാനത്തും അസ്ഥാനത്തും ഇത്തരം വിവാദങ്ങള്‍ ആഘോഷിക്കുകയും അതുവഴി പാസിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങളോ, മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി യോജിച്ച നയനിലപാടുകളോ രൂപീകരിക്കുന്നതില്‍ പാസ് വേണ്ടത്ര വിജയിച്ചുവെന്ന് പറയാനാകില്ല. 

അറബ് വസന്തം ഭരണമാറ്റം കൊണ്ടുവന്ന തുനീഷ്യ പോലുള്ള രാജ്യങ്ങളിലെ ഇസ്‌ലാമിസ്റ്റുകള്‍ പോലും ഹുദൂദ് പോലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയോ സ്ത്രീകളെ ഹിജാബണിയിക്കാന്‍ മെനക്കെടുകയോ ചെയ്യാതെ പട്ടിണി, തൊഴിലില്ലായ്മ പോലുള്ള ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മുന്‍ഗണന നല്‍കി, വിവാദങ്ങളില്‍നിന്ന് പരമാവധി അകലം പാലിക്കുമ്പോള്‍, പാസ് പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടുന്നത്, ഹുദൂദ് പോലുള്ള വിവാദ വിഷയങ്ങളിലൂടെയാണ്. മലേഷ്യന്‍ ജനസംഖ്യയുടെ ഇരുപത് ശതമാനത്തിലധികം വരുന്ന ചൈനീസ് വംശജരെയും എട്ടു ശതമാനത്തോളം വരുന്ന ഹിന്ദു തമിഴ് ജനതയെയും 'ഹുദൂദ്' ഭീതിപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളു. കാരണം, അവരെ സംബന്ധിച്ചേടത്തോളം കൈവെട്ടലും ചാട്ടവാറടിയും എറിഞ്ഞുകൊല്ലലും പോലുള്ള കിരാത ശിക്ഷാ നടപടികളാണ് ഹുദൂദ്. മുസ്‌ലിംകളടക്കമുള്ള ജനസാമാന്യത്തിന്റെ ശരീഅത്തിനെകുറിച്ച അജ്ഞതയും അബദ്ധധാരണകളും ഭയവും നീക്കി, ശരീഅത്തിനെ ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പാസ് വിജയിച്ചുവെന്നു തോന്നുന്നില്ല. 

മലേഷ്യയിലെ ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം പാസില്‍ മാത്രം പരിമിതമല്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും സന്നദ്ധ സംഘടനകളുമൊക്കെ ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ അധ്യാപനങ്ങളെ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പ്രതിനിധീകരിക്കുന്നു. 2018 വരെ ഭരണം നിര്‍വഹിച്ച രാജ്യത്തെ ഏറ്റവും പ്രമുഖ കക്ഷി അംനോയും, മറ്റുപല പോരായ്മകള്‍ ഉണ്ടെങ്കിലും ഇസ്‌ലാമിക മൂല്യങ്ങള്‍ ഭരണനിര്‍വഹണരംഗത്ത് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അംനോ മലേഷ്യന്‍ രാഷ്ട്രീയഭൂമികയില്‍ നടത്തിയ ചില ഇസ്‌ലാമിക ചുവടുകളാണ് ചുവടെ. 

ഇസ്‌ലാം ഹദാരി-നാഗരിക ഇസ്‌ലാം 

മഹാതീര്‍ മുഹമ്മദിന്റെ രണ്ടു പതിറ്റാണ്ടു നീണ്ട ഭരണത്തിനു ശേഷം, അദ്ദേഹത്തിന്റെ തന്നെ പിന്‍ഗാമിയായി 2004-ല്‍ അധികാരത്തിലെത്തിയ അബ്ദുല്ലാ അഹ്‌മദ് ബദവി നടപ്പിലാക്കിയ ഒരു രാഷ്ട്രീയ നയമാണ് ഇസ്‌ലാം ഹദാരി, അഥവാ Civilizational Islam. അബ്ദുല്ലാ ബദവി തന്റെ മന്ത്രിസഭയുടെ ഭരണവാഗ്ദാനമായി ഒറ്റവാക്കില്‍ ഉയര്‍ത്തിക്കാട്ടിയ മുദ്രാവാക്യമായിരുന്നു ഇസ്‌ലാം ഹദാരി. പത്ത് തത്ത്വങ്ങളില്‍ ഊന്നിയുള്ള ഭരണവികസന നയമായിരുന്നു ഇത്. അല്ലാഹുവിലുള്ള വിശ്വാസവും ഭക്തിയും, നീതിപൂര്‍വകവും വിശ്വസനീയവുമായ ഗവണ്‍മെന്റ്, ജനങ്ങളുടെ സ്വാതന്ത്ര്യം, സന്തുലിതവും സമഗ്രവുമായ സാമ്പത്തിക പുരോഗതി, പൗരന്മാര്‍ക്ക് ഉയര്‍ന്ന ജീവിതനിലവാരം, ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണം. സാംസ്‌കാരികവും ധാര്‍മികവുമായ ഉദ്ഗ്രഥനം, പരിസ്ഥിതിസംരക്ഷണം, ശക്തമായ പ്രതിരോധനയം എന്നീ പത്തിന പരിപാടികളുമായി മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു അബ്ദുല്ല ബദവി നടത്തിയത്. 

അബ്ദുല്ലാ ബദവിക്കു മുമ്പ് മലേഷ്യ ഭരിച്ചിരുന്ന മഹാതീര്‍, രാഷ്ട്രീയ മേഖലയില്‍ ഇസ്‌ലാമികവല്‍ക്കരണത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും, ഊന്നല്‍ രാജ്യത്തിന്റെ ഭൗതിക പുരോഗതിയിലായിരുന്നു. എന്നാല്‍ ബദവി മന്ത്രിസഭ കൂടുതല്‍ ഇസ്‌ലാമിക മൂല്യങ്ങള്‍, പ്രകടമായിത്തന്നെ തന്റെ രാഷ്ട്രീയ-ഭരണനിര്‍വഹണരംഗങ്ങളിലൂടെ നടപ്പിലാക്കുകയായിരുന്നു. ഇസ്‌ലാം ഹദാരിയുടെ ആത്മാവ് ബദവി മന്ത്രിസഭ മാത്രമല്ല, രാജ്യത്തെ പല സംഘടനകളും ഏറ്റെടുക്കുകയും ആ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ബദവിക്കു ശേഷം വന്ന നജീബ് റസാഖ് മന്ത്രിസഭ 'സാതൂ മലേഷ്യ, ഒറ്റ മലേഷ്യ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് ഭരണം നടത്തിയത്.   

മുജ്തമഉല്‍ മദനിയും  അന്‍വര്‍ ഇബ്‌റാഹീമും 

മലേഷ്യന്‍ രാഷ്ട്രീയത്തില്‍ മഹാതീര്‍ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയ നേതാവാണ് ദീര്‍ഘകാലം പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന അന്‍വര്‍ ഇബ്‌റാഹീം. മഹാതീറിന്റെ ഭരണകാലത്ത് ഡെപ്യൂട്ടി പ്രധാനമന്തിയായും ധനമന്ത്രിയായും ശോഭിച്ച അന്‍വര്‍ ഇബ്‌റാഹീമിന് ആധുനിക മലേഷ്യയുടെ നിര്‍മിതിയില്‍ മഹാതീറിനോളം തന്നെ സ്ഥാനമുണ്ട്. രാഷ്ട്രീയപ്രതിയോഗികള്‍ അദ്ദേഹത്തിനെതിരില്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളെതുടര്‍ന്ന് ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കേണ്ടിവന്നെങ്കിലും, രാജകീയ മാപ്പില്‍ ജയില്‍മോചിതനായി ഇറങ്ങിയ അദ്ദേഹം ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. മുമ്പ് മഹാതീറുമായുള്ള ഏറ്റുമുട്ടലാണ് അന്‍വറിനെ തടവിലാക്കിയതെങ്കിലും, ഇപ്പോള്‍ അദ്ദേഹത്തിന്റെ ജയില്‍മോചനത്തിന് ചുക്കാന്‍ പിടിച്ചതും മഹാതീര്‍ തന്നെ. ഇസ്‌ലാമിന്റെ ലോകവീക്ഷണത്തില്‍ നിന്നുകൊണ്ട് രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയെന്നത്, മറ്റു പല മുസ്‌ലിം രാഷ്ട്രനേതാക്കന്മാരില്‍നിന്നും അന്‍വറിനെ വേറിട്ടുനിര്‍ത്തുന്നു. ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ മൂല്യങ്ങളെ ആധുനിക കാലഘട്ടത്തിലെ പ്രശ്‌നങ്ങളുമായി ചേര്‍ത്തുവെച്ച് ഇസ്‌ലാമിന്റെ കാലികമുഖം പ്രകടിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ അര്‍ഥത്തില്‍ മലേഷ്യയുടെ ചരിത്രപരമായ മത-വര്‍ഗ ബഹുത്വവും ബഹുസ്വരതയും ഉള്‍ക്കൊള്ളിച്ച്, തൊണ്ണൂറുകളില്‍ അന്‍വര്‍ രൂപം നല്‍കിയ പാര്‍ട്ടിയാണ്, പാര്‍ട്ടി കാആദിലാന്‍ റക്‌യാത് (ജലീുഹല ഖൗേെശരല ജമൃ്യേ). മുസ്‌ലിം എന്ന സാമുദായികതയില്‍നിന്ന് എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലതയിലേക്കുള്ള ഒരു ചുവടുമാറ്റമായിരുന്നു ഈ പാര്‍ട്ടിരൂപവത്കരണവും അതിനെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനവും. 

ജസ്റ്റിസ് പാര്‍ട്ടിയുടെ ബാനറില്‍ മലേഷ്യന്‍ ഭൂമികയില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാന്‍ അന്‍വര്‍ ഇബ്‌റാഹീം ആവിഷ്‌കരിച്ച ആശയമായിരുന്നു മുജ്തമഉല്‍ മദനി-സിവില്‍ സിറ്റി സ്റ്റേറ്റ്. മഹാതീര്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരിക്കെയാണ് 'ഏഷ്യന്‍ റിനൈസന്‍സ്' എന്ന കൃതിയിലൂടെ, അന്‍വര്‍ ഇബ്‌റാഹീം ഈ ആശയം മുന്നോട്ടുവെക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും മധ്യേ സന്തുലിതത്വം ഉറപ്പുനല്‍കുന്ന, ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയാണ് ഇതു കൊണ്ട് അദ്ദേഹം അര്‍ഥമാക്കിയത്. അന്‍വറിന്റെ വീക്ഷണത്തില്‍, രാഷ്ട്രീയസിദ്ധാന്തത്തിന്റെ അടിസ്ഥാന ശിലകള്‍ നീതി(അദ്‌ല്)യും സഹിഷ്ണുത(തസാമുഹ്)യും അനുകമ്പ(റഹ്‌മ)യുമാണ്. 

അന്‍വറിന്റെ 'മുജ്തമഉല്‍ മദനി' എന്ന ആശയത്തിന്റെ പിന്‍ബലത്തില്‍ മലേഷ്യയിലെ നിരവധി ഇസ്‌ലാമിക സിവില്‍ സംഘങ്ങള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം ഹദാരി, മുജ്തമഉല്‍ മദനി തുടങ്ങിയ ആശയങ്ങളുടെ വെളിച്ചത്തില്‍ നയപരിപാടികള്‍ രൂപവത്കരിക്കാനും ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മലേഷ്യയിലെ നിരവധി മത-സാമൂഹിക-സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്. ഇസ്‌ലാമിക സംഘടനകള്‍, വനിതാ (ഇസ്‌ലാമിക) സംഘങ്ങള്‍, ഇസ്‌ലാമേതര സംഘടനകള്‍ തുടങ്ങിയ സിവില്‍ സൊസൈറ്റി ഓര്‍ഗനേസഷനുകളിലൂടെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ ആവിഷ്‌കാരങ്ങള്‍ മലേഷ്യന്‍ സമൂഹത്തില്‍ പ്രതിഫലിക്കുന്നതില്‍, ഗവണ്‍മെന്റിന്റെ ഇത്തരം മുദ്രാവാക്യങ്ങളും നയപരിപാടികളും ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. 

അബിം (ഇസ്‌ലാമിക് യൂത്ത് മൂവ്‌മെന്റ്)

രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാതെ, എന്നാല്‍ ശക്തമായ രാഷ്ട്രീയാടിത്തറയുള്ള സിവില്‍ ഓര്‍ഗനേസേഷനുകളില്‍ ഏറ്റവും പ്രധാനമാണ് അബിം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന (അങ്കതന്‍ ബെലിയ ഇസ്‌ലാം മലേഷ്യ)- Malaysian Islamic Youth Movement.  എഴുപതുകളില്‍ ആഗോള മുസ്‌ലിം സമൂഹത്തില്‍ ശക്തിപ്പെട്ട ഇസ്‌ലാമിക നവജാഗരണത്തിന്റെ ചുവടുപിടിച്ചാണ്, 1971-ല്‍ അബിം രൂപീകരിക്കപ്പെടുന്നത്. മലേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയധികം ഇന്‍വോള്‍വ്ഡായ മറ്റൊരു യുവജനസംഘടന ഇല്ലെന്നു പറയാം. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂന്നി ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായ ഒരു സിവില്‍ സൊസൈറ്റിയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. പാസ് എന്ന ഇസ്‌ലാമിക രാഷ്ട്രീയകക്ഷിയോടൊപ്പം ഭരണകക്ഷിയായ അംനോയുടെ അനിസ്‌ലാമികവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് സംഘടനയുടെ പ്രധാന രാഷ്ട്രീയപരിപാടി. പാസുമായുള്ള സഹകരണത്തിലെ പ്രധാന ലക്ഷ്യംതന്നെ ഇസ്‌ലാമിക സ്റ്റേറ്റ് സ്ഥാപിക്കുക എന്നതാണ്. മലേഷ്യയെ ഒരു യഥാര്‍ഥ ഇസ്‌ലാമിക രാജ്യമായി മാറ്റുകയും ശരീഅ നിയമങ്ങള്‍ നടപ്പാക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പലിശമുക്തമാക്കുകയും നികുതി സംവിധാനത്തെ സകാത്ത് വ്യവസ്ഥയില്‍ ഉടച്ചുവാര്‍ക്കുകയും ചെയ്യുക എന്നതാണ് അതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മലേഷ്യയില്‍ ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ മൂല്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് പാസിനു പുറമെ മറ്റു പല സംഘടനകളുമായും അബിം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അബിമിന്റെ സംഘടനാ സംവിധാനത്തിലൂടെ വളര്‍ന്നുവന്ന മലേഷ്യന്‍ നേതാവാണ് അന്‍വര്‍ ഇബ്‌റാഹീം. 

മലേഷ്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ-സാമൂഹിക മൂല്യങ്ങളുടെ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വേറെയും സംഘടനകളുണ്ട്. അവയില്‍ ഒന്നാണ് 1968-ല്‍ രൂപീകൃതമായ ദാറുല്‍ അര്‍ഖം. കക്ഷി രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും നേരിട്ട് ഇടപെടുന്നില്ലെങ്കിലും, മലായ് മുസ്‌ലിംകളുടെ രാഷ്ട്രീയസമീപനങ്ങളില്‍ വലിയ സ്വാധീനം ചെലുത്താനുള്ള ശേഷിയുണ്ട് ഈ സംഘത്തിന്. പ്രവര്‍ത്തന ശൈലിയിലും നിലപാടുകളിലും കുറച്ചുകൂടി തീവ്രതയുള്ള ഇക്കൂട്ടര്‍, അബിമിനെയും പാസിനെയും മിതവാദികളെന്ന കാരണത്താല്‍ വിമര്‍ശിക്കുന്നു. 1994-ല്‍ ഈ പ്രസ്ഥാനം നിരോധിക്കപ്പെട്ടെങ്കിലും റുഫാക്ക കോര്‍പറേഷനു കീഴില്‍ ഇപ്പോഴും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയാധ്യാപനങ്ങള്‍ക്കു പുറമെ, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലാണ് ഈ സംഘടന ഇപ്പോള്‍  കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുരുക്കത്തില്‍, ഒന്നിലേറെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വ്യത്യസ്ത ബാനറുകളില്‍ വ്യത്യസ്ത നയസമീപനങ്ങളിലൂടെ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നതാണ് മലേഷ്യയില്‍ ദീര്‍ഘകാലമായിട്ടുള്ള രീതി. നയനിലപാടുകളുടെ പേരില്‍ ഏതെങ്കിലും ഒന്നിനെ പൂര്‍ണമായി കൊള്ളാനോ മറ്റുള്ളവയെ തള്ളാനോ സാധ്യമല്ലാത്തവിധം ഇസ്‌ലാമിന്റെ രാഷ്ട്രീയമൂല്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനരീതി. 

(മലേഷ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയും ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്ററുമാണ് ലേഖകന്‍)

References
1.    റാഹ ഹനാന്‍, മലേഷ്യന്‍ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ചുവട് പിഴച്ചതെങ്ങനെ?
    റാഹ ഹനാന്‍/അവലോകനം
    http://www.prabodhanam.net/oldissues/detail.php?cid=2194&tp=1
2.    ആര്‍. യൂസുഫ്, മലേഷ്യ: മഹാതീര്‍ ചരിത്രം തിരുത്തുമോ?
    Read more at: https://www.madhyamam.com/opinion/articles/malaysia-elections-mahathir-mohamad-articles/481643
    https://www.madhyamam.com/opinion/articles/malaysia-elections-mahathir-mohamad-articles/2018/may/08/481643. 
3.    Joseph Liow, Deconstructing Political Islam In Malaysia:  UMNO'S Response To PAS'  Religio-Political Dialectic
4.    Lukman Thaib, Muslim Politics in Malaysia and the Democratization Process
5.    Thikuna Canna Binti Mohd Suffian, Political Islam in Malaysia: An Analysis of the Relationship between Islamisation and Democratisation, Bachelor of International Studies Leiden University.
6.    Maszlee Malik & Syaza Farhana Mohamad Shukri‑, From Political Islam to Democrat Muslim: A Comparison between Rashid Ghannouchi and Anwar Ibrahim‑, Intellectual Discourse, 26:1 (2018) 161–188.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top