സുദാനിലെ ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങള്‍
എം. അശ്‌റഫ്
ആധുനിക സുദാനിലെ ഇസ്‌ലാമിക രാഷ്ട്രീയം പ്രധാനമായും നാലു പേരുകളിലാണ് കറങ്ങുന്നത്. അക്കൂട്ടത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് വ്യത്യസ്ത ഭരണകൂടങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും വിദേശകാര്യ മന്ത്രി, പാര്‍ലമെന്റ് സ്പീക്കര്‍, അറ്റോര്‍ണി ജനറല്‍ തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങുകയും ചെയ്ത ഡോ. ഹസനുത്തുറാബിയാണ്. 1966 മുതല്‍ 67 വരെയും 1986 മുതല്‍ 89 വരെയും പ്രധാനമന്ത്രിയായിരുന്ന, ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ റോളിലുള്ള സ്വാദിഖുല്‍ മഹ്ദിയാണ് മറ്റൊരു പ്രമുഖന്‍. ഇപ്പോഴത്തെ പ്രസിഡന്റ് ഉമര്‍ ഹസന്‍ ബശീറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയായിരുന്നു മഹ്ദി. ഒരു വര്‍ഷത്തോളം പ്രവാസിയായി കഴിഞ്ഞ അദ്ദേഹം 2018 ഡിസംബറില്‍ തിരിച്ചെത്തുകയും ജനാധിപത്യ ഭരണക്രമത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള സമരങ്ങള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്തിരിക്കുന്നു. 1969-ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറി പതിനാറു വര്‍ഷം ഭരണം കൈയാളിയ ജഅ്ഫര്‍ നുമൈരിയാണ് നാലാമത്തെയാള്‍. ഇവരില്‍ തുറാബിയും നുമൈരിയും ജീവിച്ചിരിപ്പില്ല.
പട്ടാള മേധാവികള്‍ അധികാരം നിലനിര്‍ത്താന്‍ ഇസ്‌ലാമിനെ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. സുദാനും അതില്‍നിന്ന് മുക്തമല്ല. ഇബ്‌റാഹീം അബ്ബൂദും ജഅ്ഫര്‍ നുമൈരിയും ഉമര്‍ ഹസന്‍ അല്‍ ബശീറും ബാരക്കുകളില്‍നിന്ന് ഭരണത്തിലേറുകയും തരാതരം ഇസ്‌ലാമിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. അതില്‍ ഏറ്റവും വിജയിച്ചതും ദീര്‍ഘകാലം അധികാരം കൈയാളിയതും ഉമര്‍ ബശീറാണ്. എന്നാല്‍, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെടുമ്പോള്‍ സമരങ്ങള്‍ നേരിടേണ്ടിവരും. ഉമര്‍ ബശീര്‍ ഭരണകൂടം ശക്തമായ ജനകീയ പ്രക്ഷോഭത്തില്‍പെട്ട് ഉഴലുകയാണ്. 2018 ഡിസംബര്‍ 19-ന് വടക്കു കിഴക്കന്‍ നഗരമായ അത്ബാറയില്‍ പൊട്ടിപ്പുറപ്പെട്ട അപ്പത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇതെഴുതുമ്പോഴും പ്രക്ഷോഭം തുടരുകയാണ്. അടിസ്ഥാന ഭക്ഷ്യവിഭവമായ റൊട്ടിയുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തുടങ്ങിയ സമരം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.
തുറാബിയുടെ സ്വാധീനം
'ഇസ്‌ലാമാണ് സുദാന്റെ ആത്മാവ്. ഇസ്‌ലാമില്ലാതെ ഈ രാജ്യത്തിന് വ്യക്തിത്വമോ ദിശാബോധമോ ഉണ്ടാവുകയില്ല'- ഇസ്‌ലാമിക പ്രസ്ഥാനത്തിനു നേതൃത്വം നല്‍കി താന്‍ സമര്‍പ്പിച്ച മിതവും പക്വവുമായ ഇസ്‌ലാമിക മാതൃക വിജയിക്കുമെന്നും മറ്റു രാജ്യങ്ങള്‍ അത് പിന്തുടരുമെന്നും ഉറച്ചു വിശ്വസിച്ച ഹസനുത്തുറാബിയുടെ വാക്കുകളാണിത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ചിന്തകന്മാരും ഒരു ഭാഗത്ത് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ മറുഭാഗത്ത് സുദാന്‍ പിന്തുടരുന്ന മിതവാദ ഇസ്‌ലാമിനെ പുകഴ്ത്തുന്നതും കാണാം. വലുപ്പത്തില്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ സുദാനില്‍ പകുതിയോളം പേര്‍ മാത്രമേ അറബി സംസാരിക്കുന്നുള്ളൂ. ഇസ്‌ലാമിനു പുറമെ, വേറെയും ധാരാളം മതങ്ങള്‍ സുദാനിലുണ്ട്. എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാമിനകത്ത് വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്കും അതിനുള്ള അവകാശവും സ്വാതന്ത്ര്യവും വകവെച്ചു നല്‍കി. വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുശ്ദിയെ അപലപിക്കേണ്ടതില്ലെന്ന അഭിപ്രായക്കാരനായിരുന്നു ഹസനുത്തുറാബി. ഒരു സുപ്രഭാതത്തില്‍ ഒരാള്‍ താന്‍ ഇനി ഇസ്‌ലാമില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് അയാളുടെ മാത്രം കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇസ്‌ലാമിക ഭരണമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാത്രമല്ല ഇസ്‌ലാമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ജീവിത രീതിയായതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സര്‍ക്കാരിലേക്ക് ചുരുക്കിക്കൊണ്ടുവരാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ഇസ്‌ലാമികവുമല്ല. വ്യക്തികളുടെ ആരാധനാ കാര്യങ്ങളില്‍ സര്‍ക്കാരിനും നിയമത്തിനും ഒന്നും ചെയ്യാനില്ല. വ്രതാനുഷ്ഠാനത്തെ പരസ്യമായി ചോദ്യം ചെയ്യുന്നതുപോലുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ സര്‍ക്കാരും നിയമസംവിധാനവും ഇടപെടേണ്ടതുള്ളൂ. പ്രാര്‍ഥനകള്‍ നിര്‍വഹിക്കാത്തവരെ കടുത്ത ഭാഷയില്‍ പ്രവാചകന്‍ (സ) അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടില്ല- ഹസനുത്തുറാബിയുടെ കാഴ്ചപ്പാട് ഇതായിരുന്നു.
ജനാധിപത്യത്തിലൂടെയും പട്ടാളത്തോടൊപ്പം ചേര്‍ന്നും ഭരണത്തിലേറിയും പ്രതിപക്ഷത്തിരുന്നും ജനകീയ പ്രക്ഷോഭം നയിച്ചുമൊക്കെ സുദാനില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ രാഷ്ട്രീയ ഉള്ളടക്കത്തോടെ വളര്‍ത്തിയെടുത്ത ഹസനുത്തുറാബിയുടെ വാക്കുകളില്‍ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും സവിശേഷതകള്‍ പ്രകടമാണ്. നീണ്ട കാലത്തെ ബോധവല്‍ക്കരണത്തിലൂടെയും പരിവര്‍ത്തനത്തിലൂടെയുമാണ് വ്യക്തമായ ഈ നിലപാട് സുദാനിലെ ഇസ്‌ലാമിക പ്രസ്ഥാനം ആവിഷ്‌കരിച്ചത്.
നയപരിപാടികളും തന്ത്രങ്ങളും മാത്രമല്ല, പേരുകള്‍ പോലും പലതവണ മാറ്റിയാണ് പ്രസ്ഥാനം ഇന്നത്തെ നിലയില്‍ എത്തിയത്. നീണ്ട ചരിത്രത്തില്‍ സുദാന്‍ സാക്ഷ്യം വഹിച്ച മാറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാന സ്രോതസ്സായി ഇസ്‌ലാമിക പ്രസ്ഥാനം നിലകൊണ്ടെങ്കിലും ഇപ്പോള്‍ സുദാനീസ് ഇസ്‌ലാമിക് മൂവ്‌മെന്റ് എന്ന പേരില്‍ അതിന് സംഘടനാ സംവിധാനമുണ്ട്. 2018 നവംബറില്‍ തലസ്ഥാനമായ ഖര്‍ത്തൂമില്‍ ചേര്‍ന്ന ഇസ്‌ലാമിക് മൂവ്‌മെന്റ് കണ്‍വെന്‍ഷന്‍ സുബൈര്‍ അഹ്‌മദ് അല്‍ ഹസനെ വീണ്ടും സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. നാലു വര്‍ഷമാണ് കാലാവധി. ശൂറാ കൗണ്‍സില്‍ അധ്യക്ഷനായി അല്‍ ഫതഹ് ഇസ്സുദ്ദീന്‍ അല്‍ മന്‍സ്വൂറിനെയും ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇബ്‌റാഹീം ഫകി, ഹലീമ ഹസബല്ല എന്നിവരെയും തെരഞ്ഞെടുത്തു. 2012 നവംബര്‍ 19-നാണ് സുബൈര്‍ അല്‍ഹസനെ ആദ്യമായി സുദാനീസ് ഇസ്‌ലാമിക് മൂവ്‌മെന്റ് സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്.
സുദാന്റെ ഇസ്‌ലാമികവല്‍ക്കരണ ചരിത്രത്തില്‍ അനിഷേധ്യ സ്ഥാനമുള്ള, ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന തുറാബിയുമായുള്ള ഭിന്നതകള്‍ക്കു പിന്നാലെ 1999-ലാണ് ഭരണകക്ഷിയായ നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) ഇസ്‌ലാമിക് മൂവ്‌മെന്റിന് രൂപം നല്‍കിയത്. എന്‍.സി.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഇസ്‌ലാമീകരണപ്രക്രിയക്ക് വിശാലമായ രാഷ്ട്രീയ അടിത്തറയുണ്ടാക്കുന്നതിനായിരുന്നു ഇത്. 1989-ലെ അട്ടിമറിയിലൂടെ ഉമര്‍ ഹസന്‍ ബശീര്‍ അധികാരത്തിലേറിയപ്പോള്‍ അതിനു പിന്നില്‍ ആത്മീയ നേതാവായ ഹസനുത്തുറാബിയായിരുന്നു.
ബശീറാണ് ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ പരമോന്നത നേതൃ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. മിതവും പക്വവുമായ ഇസ്‌ലാമിന്റെ മാതൃകയാണ് സുദാന്‍ ലോകത്തിനു സമര്‍പ്പിക്കുന്നതെന്ന് ഉമര്‍ ബശീര്‍ അവകാശപ്പെട്ടിരുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്നും അവരുടെ ആശയങ്ങളെയോ അഭിലാഷങ്ങളെയോ സംഘടനകളെയോ ഇല്ലാതാക്കില്ലെന്നുമാണ് പക്വമായ കാഴ്ചപ്പാടിന് അടിസ്ഥാനമായി അദ്ദേഹം ഊന്നിപ്പറയുന്നത്. മാനവികതക്കു വേണ്ടി എല്ലാ രാജ്യങ്ങളുമായും സന്തുലിത ബന്ധം കാത്തുസൂക്ഷിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. സുദാനീസ് ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ ഒമ്പതാമത് പൊതുസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം അധികാര തര്‍ക്കങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കുമപ്പുറം സുദാനില്‍ ഇസ്‌ലാമിക പ്രസ്ഥാനം തുടക്കം മുതല്‍ സ്വീകരിച്ചുപോന്ന ഉള്‍ക്കൊള്ളലുകളുടെയും വിശാലതയുടെയും ആകത്തുക കൂടിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചിന്തകരും ശാസ്ത്രജ്ഞന്മാരും പങ്കെടുത്ത സമ്മേളനമായിരുന്നു ഇത്. പുറത്തുനിന്നുള്ള ഗൂഢാലോചനക്കാര്‍ ലക്ഷ്യമിടുന്നത് സുദാനെ മൊത്തത്തിലാണെന്നും സുഡാന്‍ ജനതയില്‍ ആരെയും അവര്‍ ഒഴിവാക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് മുസ്‌ലിംകളുടെ ഏകീകരണത്തെ കുറിച്ചും തീരുമാനങ്ങള്‍ സമവായത്തോടെയാകണമെന്നതിനെ കുറിച്ചും ഉമര്‍ ബശീര്‍ ഉണര്‍ത്തിയത്.
ഹസനുത്തുറാബി രചിച്ച 'രാഷ്ട്രീയവും ഭരണവും ഇസ്‌ലാമിക കാഴ്ചപ്പാടില്‍' എന്ന പുസ്തകം രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ പങ്കാളിത്തം സംബന്ധിച്ച യാഥാസ്ഥിതിക ധാരണകളെല്ലാം തിരുത്തുന്നതായിരുന്നു. ഈ ഗ്രന്ഥമുള്‍പ്പെടെ തുറാബിയുടെ പുസ്തകങ്ങളും ചിന്തകളും ചെലുത്തിയ സ്വാധീനവും പ്രതിഫലനവും സുദാനില്‍മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയ ഇതിഹാസമായിരുന്ന തുറാബി സൃഷ്ടിച്ച മാതൃക എക്കാലവും അനുസ്മരിക്കപ്പെടും. സുദാന്‍ രാഷ്ട്രീയത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മറന്നും പൊറുത്തും സമവായത്തിനായുള്ള ആഹ്വാനത്തിന് ചെവികൊടുത്തുമാണ് മാസ്മരിക വ്യക്തിപ്രഭാവത്തിനുടമയായ തുറാബി ഈ ലോകത്തോട് വിടപറഞ്ഞത്. പാരീസിലെ സൊബോണില്‍നിന്ന് നിയമത്തില്‍ പിഎച്ച്.ഡി നേടിയ തുറാബി സുദാനില്‍ 1964-ല്‍ ഇബ്‌റാഹീം അബൗദിന്റെ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. 1932-ല്‍ ജനിച്ച അദ്ദേഹം 2014 മാര്‍ച്ച് അഞ്ചിന് 84-ാമത്തെ വയസ്സിലാണ് നിര്യാതനായത്.
2014-ല്‍ ഒരുമയുടെയും വിട്ടുവീഴ്ചയുടെയും വഴികള്‍ തേടി പ്രസിഡന്റ് ഉമര്‍ ഹസന്‍ ബശീര്‍ പ്രഖ്യാപിച്ച സമഗ്ര ദേശീയ ചര്‍ച്ചയോട് തുറാബിയും അദ്ദേഹത്തിന്റെ കക്ഷിയായ പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും (പി.സി.പി) അനുകൂലമായി പ്രതികരിക്കുകയും ഐക്യപ്രക്രിയയില്‍ അണിചേരുകയും ചെയ്തിരുന്നു. ബശീറിന്റെ നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി (എന്‍.സി.പി) ഉണ്ടായിരുന്ന ദീര്‍ഘകാലത്തെ ശത്രുത വിസ്മരിച്ചായിരുന്നു ഇത്.
ജീവിതകാലം മുഴുവന്‍ വിവാദപുരുഷനായിരുന്ന തുറാബിയെ 1999 മുതല്‍ 2003 വരെ ഉമര്‍ ബശീര്‍ ജയിലിലടച്ച സംഭവം വിസ്മരിക്കാവതല്ല. അഭിപ്രായഭിന്നത രൂക്ഷമാവുകയും അധികാര തര്‍ക്കത്തിലെത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. 2004-ല്‍ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ തുറാബിയുടെ പാര്‍ട്ടിയാണെന്നും ഉമര്‍ ബശീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരോപിച്ചു. നേരത്തേ ജഅ്ഫര്‍ നുമൈരി പ്രസിഡന്റായിരുന്നപ്പോഴും തുറാബിയെ ഒമ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി ജയിലിലടച്ചിരുന്നു. പുറത്തുവന്ന തുറാബിയുടെ ഇസ്‌ലാമിക അജണ്ട സ്വീകരിക്കാനും സര്‍ക്കാരില്‍ തുറാബിയെ തന്നെ നിയോഗിക്കാനും നുമൈരി നിര്‍ബന്ധിതനായി എന്നത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം.
ഇസ്‌ലാമിക പ്രസ്ഥാനം
1950-കളില്‍ സുദാനില്‍ വേരോട്ടം ലഭിച്ചു തുടങ്ങിയ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ പേരുകളിലും നയപരിപാടികളിലും ഒട്ടനവധി പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടിയായുള്ള പരിവര്‍ത്തന പാതയില്‍ കുതിപ്പും കിതപ്പും പ്രകടമായതോടൊപ്പം പരിഷ്‌കാരങ്ങളൊക്കെയും മൗലിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായകമായതായും കാണാം. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയല്ല, സുദാന്റെ തന്നെ ചരിത്ര പശ്ചാത്തലത്തില്‍നിന്നുവേണം ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിച്ച വ്യത്യസ്ത രീതികളെ മനസ്സിലാക്കാനും വിലയിരുത്താനും.
ഇസ്‌ലാമിനെ കേവല മതമെന്നതിലപ്പുറം സാമൂഹിക വ്യവസ്ഥയായും രാഷ്ട്രീയ പ്രസ്ഥാനമായും പരിചയപ്പെടുത്തിയത് ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കിയ സുദാനി വിദ്യാര്‍ഥികളായിരുന്നു. ഈജിപ്തില്‍ ഹസനുല്‍ ബന്നാ സ്ഥാപിച്ച മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തില്‍ ആകൃഷ്ടരായ സുദാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ ആശയങ്ങള്‍ സുദാന്‍ സര്‍വകലാകാശാലകളില്‍ പരിചയപ്പെടുത്തി. സുദാനില്‍ തീര്‍ത്തും അപരിചിതമായിരുന്നില്ല ഈ ആശയങ്ങളെന്നും കാണാം. ഇസ്‌ലാമിക ഭരണത്തിന്റെ പൈതൃകം അവശേഷിച്ച സമൂഹത്തിനു മുന്നിലാണ് പുതിയ വിമോചന പ്രത്യയശാസ്ത്രമായി ബ്രദര്‍ഹുഡ് ഇസ്‌ലാമിനെ അവതരിപ്പിച്ചത്.
ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്ന് 1956-ല്‍ സ്വതന്ത്രമാകുന്നതുവരെ സുദാനില്‍ പൊതുവെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷമാണ് ബ്രദര്‍ഹുഡും മറ്റു പാര്‍ട്ടികളും രാഷ്ട്രീയ രംഗത്ത് സജീവമാവുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തത്.
സാമൂഹികമായും രാഷ്ട്രീയമായും സ്വാധീനം നേടിയെടുക്കുന്നതിനാണ് ഇസ്‌ലാമിക പ്രസ്ഥാനം തുടക്കം മുതലേ ആസൂത്രിതമായി ശ്രമിച്ചത്. ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫ്രണ്ട്, ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട്, നാഷ്‌നല്‍ ഇസ്‌ലാമിക് ഫ്രണ്ട് എന്നീ പേരുകളിലൂടെ സുദാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ നേതൃത്വം നല്‍കുന്ന നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി)യില്‍ എത്തിനില്‍ക്കുന്നു അത്.
1985-ലും 1989-ലും ഇസ്‌ലാമിക പ്രസ്ഥാനം കൈക്കൊണ്ട രണ്ട് തീരുമാനങ്ങള്‍ അതിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളായിരുന്നു. 1985-ല്‍ നാഷ്‌നല്‍ ഇസ്‌ലാമിക് ഫ്രണ്ട് (എന്‍.ഐ.എഫ്) എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. 1989-ല്‍ ജനറല്‍ ഉമര്‍ ബശീര്‍ നടത്തിയ പട്ടാള അട്ടിമറിക്ക് എന്‍.ഐ.എഫ് പിന്തുണ നല്‍കുകയായിരുന്നു. ഇതേ എന്‍.ഐ.എഫ് പിരിച്ചുവിട്ട് 1991-ല്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്കരിക്കുകയും പിന്നീട് അത് പോപ്പുലര്‍ നാഷ്‌നല്‍ കോണ്‍ഗ്രസായി (പി.എന്‍.സി) മാറുകയും ചെയ്തു. സുദാനിലെ മാറുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രസ്ഥാനം പരിഷ്‌കരിക്കപ്പെട്ടതായി കാണാം. ആദര്‍ശപ്രസ്ഥാനത്തില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടിയിലേക്കുള്ള ബ്രദര്‍ഹുഡിന്റെ പരിവര്‍ത്തനം സുദാനിെല രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് പുതിയ രൂപവും ഭാവവും കൈക്കൊള്ളാനും സഹായകമായി.
1940-കളിലാണ് ഈജിപ്തിലെ ബ്രദര്‍ഹുഡിന്റെ ശാഖയെന്നോണം സുദാനില്‍ ഇസ്‌ലാമിക പ്രസ്ഥാനം ആരംഭിച്ചത്. 1954-ല്‍ ചേര്‍ന്ന സ്ഥാപക സമ്മേളനത്തില്‍ യൂനിഫൈഡ് സുദാനീസ് മുസ്‌ലിം ബ്രദര്‍ഹുഡ് ഓര്‍ഗനൈസേഷനു (എം.ബി.ഒ) രൂപം നല്‍കി. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 1964-ല്‍ പ്രസ്ഥാനം ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട് (ഐ.സി.എഫ്) എന്ന പേരില്‍ രാഷ്ട്രീയ സംഘടന സ്ഥാപിച്ചു. എം.ബി.ഒയെ വിഭജിച്ച് നിലവില്‍വന്ന ഐ.സി.എഫ് വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ ശക്തിയായി മാറി. ആദ്യസംഘടനയില്‍നിന്നുള്ള പ്രധാന വ്യത്യാസം മറ്റു രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കുകൂടി വാതില്‍ തുറന്നിട്ടുകൊണ്ടുള്ള പുതിയ ഘടനയായിരുന്നു. അതേസമയം ഇതൊരു ജനകീയ പ്രസ്ഥാനവുമായിരുന്നില്ല. യൂനിവേഴ്‌സിറ്റികളിലും ഹൈസ്‌കൂളുകളിലുമടക്കം ജോലിചെയ്തിരുന്ന മധ്യവര്‍ഗ പ്രഫഷണലുകളുടെ ഒരു സംഘടനയെന്ന് പറയാം. പരമ്പരാഗത സ്വൂഫി സംഘടനകളായിരുന്ന അന്‍സ്വര്‍, ഖത്മിയ്യ, ഉമ്മ പാര്‍ട്ടി എന്നിവയില്‍നിന്ന് വ്യത്യസ്തമായി നഗരങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ആധുനിക പ്രസ്ഥാനമായിരുന്നു ഐ.സി.എഫ്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന എം.ബി.ഒ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. എന്നാല്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാനമായ പൂര്‍ണ തോതിലുള്ള രാഷ്ട്രീയ ശക്തിയായിരുന്നു ഐ.സി.എഫ്.
സുദാന്‍ ഇസ്‌ലാമിക ഭരണഘടനയുണ്ടാക്കുന്നതിനുള്ള സമ്മര്‍ദ ഗ്രൂപ്പായാണ് 1964-നും 69-നുമിടയില്‍ ഐ.സി.എഫ് പ്രവര്‍ത്തിച്ചത്. 1969-ല്‍ തീവ്രത ഒട്ടുമില്ലാത്ത ഇസ്‌ലാമിക ഭരണഘടനയുടെ കരട് ഐ.സി.എഫ് സമര്‍പ്പിച്ചു. അന്‍സാര്‍, ഖത്മിയ്യ വിഭാഗങ്ങള്‍ ഇതിന് പിന്തുണ നല്‍കിയെങ്കിലും 1969-ല്‍ ജഅ്ഫര്‍ നുമൈരി നടത്തിയ സൈനിക അട്ടിമറി കാരണം ഭരണഘടനാ മാറ്റത്തിനുള്ള നീക്കം പരാജയപ്പെട്ടു.
ലക്ഷ്യം സാക്ഷാത്കരിക്കാന്‍ അടവുനയങ്ങള്‍ അനിവാര്യമാണെന്ന പാഠമാണ് ഇത് ഇസ്‌ലാമിക പ്രസ്ഥാനത്തിനു നല്‍കിയത്. സൈനിക ഭരണകൂടത്തെ അംഗീകരിച്ചുകൊണ്ടും വ്യത്യസ്ത മതസംഘടനകളുമായി അവശ്യഘട്ടങ്ങളില്‍ സഖ്യമുണ്ടാക്കിയുമുള്ള നയങ്ങളാണ് തുടര്‍ന്നങ്ങോട്ട് കൈക്കൊണ്ടത്. ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ പല ഘട്ടങ്ങള്‍ താണ്ടിയാല്‍ മാത്രമേ അധികാരത്തിലെത്താനാകൂ എന്നും ബാലറ്റ് ജനാധിപത്യം ഇതിനായി ഉപയോഗപ്പെടത്തണമെന്നുമുള്ള നിലപാടിലാണ് പ്രസ്ഥാനം എത്തിച്ചേര്‍ന്നത്. ഹസനുത്തുറാബിയുടെ നേതൃത്വം ഇതിന് ചിന്താപരമായ പക്വത നല്‍കി.
നുമൈരിയുടെ പട്ടാള ഭരണകൂടവുമായി ഒരു ഇസ്‌ലാമിക പ്രസ്ഥാനം എങ്ങനെ അനുരഞ്ജനമുണ്ടാക്കിയെന്ന ചോദ്യത്തിന് നുമൈരിക്ക് ഞങ്ങളുടെ ശക്തി അറിയാമെന്നായിരുന്നു തുറാബി നല്‍കിയ മറുപടി. ഇസ്‌ലാമിക പ്രസ്ഥാനം നുമൈരിയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹമാണ് അനുരഞ്ജന മാര്‍ഗം തേടിയതെന്നും തുറാബി വിശദീകരിച്ചു. നുമൈരിക്ക് അധികാരം ഇന്നിന്റെ ആവശ്യമാണെങ്കില്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ സുദാന്‍ ജനതയുടെ ഭാവിയാണ് തങ്ങളുടെ ലക്ഷ്യമെന്നും തുറാബി പറഞ്ഞു. ഗ്രാമങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ചുവരികയാണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് സേവന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്നതെന്നുമായിരുന്നു മറ്റൊരു വിശദീകരണം. പണവും ലാഭവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് ഇസ്‌ലാമിലെ സാമ്പത്തിക തത്ത്വങ്ങള്‍ പരിചയപ്പെടുത്തുകയും അതിന് അടിത്തറ പാകുകയുമാണ് സുദാന്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന ബാങ്കുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ ശ്രദ്ധ ചെലുത്താത്ത മേഖലകളിലാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും തുറാബി വിശദീകരിച്ചു.
ഏകാധിപത്യ പട്ടാള സര്‍ക്കാരുമായുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹകരണം വലിയ ചോദ്യചിഹ്നമായിരുന്നില്ല. കാരണം, സുദാന്‍ സമൂഹത്തില്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് കൂടുതല്‍ അടിത്തറ പാകാന്‍ അത് സഹായിച്ചിട്ടുണ്ട്. ഇത് സെക്യുലര്‍, മതവിഭാഗീയ കക്ഷികള്‍ക്ക് കനത്ത വെല്ലുവിളികളാണ് ഉയര്‍ത്തിയത്. ഇസ്‌ലാമിക തത്ത്വങ്ങളോട് മുഖം തിരിച്ചാല്‍ തങ്ങളുടെ ജനപിന്തുണ നഷ്ടപ്പെടുമെന്ന് അവരും ഭയപ്പെട്ടു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വലിയ വഴിത്തിരിവായ വര്‍ഷമായിരുന്നു 1985. അതുവരെ ഉണ്ടായിരുന്ന ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട് (ഐ.സി.എഫ്) അതിന്റെ പേര് നാഷ്‌നല്‍ ഇസ്‌ലാമിക് ഫ്രണ്ട് (എന്‍.ഐ.എഫ്) എന്നാക്കി. 1985 ഏപ്രിലില്‍ നുമൈരി അധികാരമൊഴിഞ്ഞ ശേഷമാണ് തുറാബി ഇസ്‌ലാമിസ്റ്റ് നേതാക്കളോടൊപ്പം എന്‍.ഐ.എഫ് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 1986-ല്‍ ഇത് പാര്‍ലമെന്റില്‍ മൂന്നാമത്തെ വലിയ ശക്തിയായി മാറി.
നുമൈരി ഭരണകൂടത്തിന്റെ ഇസ്‌ലാമിക പാരമ്പര്യം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം തടയാനും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതുവരെ കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും നിരവധി ഗോത്രവര്‍ഗ പ്രമുഖരുമായും നേതാക്കളുമായും ചേര്‍ന്നുള്ള സഖ്യമായിരുന്നു എന്‍.ഐ.എഫ്. ഇസ്‌ലാമിക പ്രസ്ഥാന വികാസത്തിലെ വലിയ മുന്നേറ്റമായാണ് തുറാബി എന്‍.ഐ.എഫിനെ വിശേഷിപ്പിച്ചിരുന്നത്. ഒരു ഗ്രൂപ്പില്‍നിന്ന് സാമൂഹിക പ്രസ്ഥാനമായും ഒരു മതവിഭാഗത്തില്‍നിന്ന് ഒരു രാഷ്ട്ര സ്ഥാപനമായുമുള്ള വളര്‍ച്ച. സുദാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ പുതിയ ഘട്ടത്തിന്റെ തുടക്കമായും എന്‍.ഐ.എഫിനെ അദ്ദേഹം വിശേഷിപ്പിച്ചു. 1964-ല്‍ രൂപീകൃതമായ ഇസ്‌ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തിലെ മറ്റു ഘടകങ്ങള്‍ കൂടി ചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന രാഷ്ട്രീയ ഘടകമായിരുന്നുവെങ്കില്‍ എന്‍.ഐ.എഫ് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത എന്‍.ഐ.എഫ് സാമൂഹിക പരിപാടികള്‍ വിപുലമാക്കി. ഈ പ്രവര്‍ത്തനങ്ങളാണ് എന്‍.ഐ.എഫിന്റെ അടിസ്ഥാനശിലയായി മാറിയത്.
പരമാവധി അംഗങ്ങളെയും അനുഭാവികളെയും ഉണ്ടാക്കുകയെന്ന വിപുലമായ ലക്ഷ്യത്തോടെ പേരില്‍ പോലും മാറ്റം വരുത്തിയെന്നതിനു പുറമെ, അതിന്റെ തന്ത്രങ്ങളും നയപരിപാടികളും പരിഷ്‌കരിച്ചുകൊണ്ടേയിരുന്നു. ഉത്തര, മധ്യ സുദാനില്‍ സ്വൂഫി ഇസ്‌ലാമിനോട് ചേര്‍ന്നുനിന്നിരുന്ന പൊതുജനങ്ങളിലാണ് അത് പ്രതീക്ഷയര്‍പ്പിച്ചത്. വ്യക്തികള്‍ക്കോ സാമൂഹിക സംഘടനകള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ശരീഅത്ത് നിയമങ്ങളെ എതിര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലും മറ്റു ദേശീയ പാര്‍ട്ടികളുമായുള്ള ബന്ധങ്ങളിലും സ്വീകരിച്ച തന്ത്രങ്ങള്‍ ഗൗരവതരമായ ആലോചനകള്‍ക്ക് ശേഷമായിരുന്നു.
സ്വാദിഖുല്‍ മഹ്ദി
അന്‍സാറുകളുടെ ഇമാമെന്ന പദവി ഇപ്പോഴും വഹിക്കുന്ന സ്വാദിഖുല്‍ മഹ്ദി നാഷ്‌നല്‍ ഉമ്മ പാര്‍ട്ടിയുടെ നേതാവ് കൂടിയാണ്. സുദാനിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവെന്നറിയപ്പെടുന്ന മുഹമ്മദ് അല്‍ മഹ്ദിയുടെ പൗത്രനായ സ്വാദിഖുല്‍ മഹ്ദി ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നാണ്. ഓക്സ്ഫോര്‍ഡിലെ പഠനമാണ് ഇസ്ലാമിനെയും ആധുനിക ജനാധിപത്യത്തെയും സമന്വയിപ്പിച്ചുകൊുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സാദ്വിഖിനെ പ്രേരിപ്പിച്ചത്.
1964-ല്‍ സുദാനില്‍ അരങ്ങേറിയ 'ഒക്‌ടോബര്‍ വിപ്ലവ'ത്തില്‍ രക്തസാക്ഷിയായ അഹ്‌മദ് അല്‍ ഖുറൈശിയുടെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് സ്വാദിഖുല്‍ മഹ്ദിയായിരുന്നു. തുടര്‍ന്ന് അദ്ദേഹം നടത്തിയ ആവേശം കൊള്ളിക്കുന്ന പ്രസംഗം സൈനിക ഭരണകൂടത്തിന്റെ പതനത്തിന് ആക്കംകൂട്ടിയ സംഭവങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. തുടര്‍ന്ന് ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് 1966 ജൂലൈയില്‍ സ്വാദിഖുല്‍ മഹ്ദി മുപ്പത്തൊന്നാം വയസ്സില്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ ജഅ്ഫര്‍ നുമൈരിയുടെ സൈനിക അട്ടിമറിയോടെ പുറത്തുപോകേിവന്ന സ്വാദിഖുല്‍ മഹ്ദി, 1985-ല്‍ നാഷ്‌നല്‍ അലയന്‍സുമായി ചേര്‍ന്ന് നുമൈരിയെ താഴെയിറക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. നുമൈരിയുടെ 'ഇസ്ലാമികവല്‍ക്കരണ'ത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയും അദ്ദേഹത്തിന്റെ പുതിയ നിയമങ്ങള്‍ ശരീഅത്തിനും ഇസ്ലാമിനും വിരുദ്ധമാണെന്നും പ്രഖ്യാപിച്ച് രാജ്യത്തുടനീളം പള്ളികളിലും അങ്ങാടികളിലും മഹ്ദി നടത്തിയ പ്രസംഗങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. 1986-ലെ തെരഞ്ഞെടുപ്പില്‍ വീും അധികാരത്തിലെത്താന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. എന്നാല്‍ മഹ്ദിയുടെ രാമൂഴം തികഞ്ഞ പരാജയമായിരുന്നു.
ജഅ്ഫര്‍ നുമൈരി
1969 മെയില്‍ അധികാരമേറ്റപ്പോള്‍ ഇടതു ചായ്‌വോടെ സുദാനെ സെക്യുലര്‍ ദേശീയ നയങ്ങളിലേക്ക് നയിക്കാനുള്ള ശ്രമമാണ് ജഅ്ഫര്‍ നുമൈരി നടത്തിയത്. സമൂഹത്തിലെ വിഭാഗീയതയും ചേരിപ്പോരും ഇല്ലാതാക്കുമെന്നും 1955 മുതല്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ട ദക്ഷിണ സുദാന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നുമായിരുന്നു നുമൈരിയുടെ പ്രഖ്യാപനം.
1970 മാര്‍ച്ച് 27-ന് അന്‍സാറുകളുടെ ശക്തികേന്ദ്രമായ അബാ ദ്വീപില്‍ ബോംബ് വര്‍ഷിച്ചുകൊണ്ടാണ് നുമൈരി ആദ്യ ലക്ഷ്യം നേടിയത്. ആയിരക്കണക്കിന് അന്‍സാറുകള്‍ കൊല്ലപ്പെട്ടതിനു പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ അവരുടെ ആത്മീയ നേതാവെന്ന് അറിയപ്പെട്ട സയ്യിദ് അല്‍ ഹാദി അല്‍ മഹ്ദി കൊല്ലപ്പെട്ടു. അന്‍സാറുകള്‍ക്ക് മേധാവിത്വമുണ്ടായിരുന്ന ഉമ്മ പാര്‍ട്ടി നേതാവ് സ്വാദിഖുല്‍ മഹ്ദി ഈജിപ്തിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ അന്‍സാറുകളെ തകര്‍ക്കാനുള്ള ശ്രമം പൂര്‍ണ വിജയത്തിലെത്തിയില്ലെന്ന് വരുംവര്‍ഷങ്ങള്‍ തെളിയിച്ചു. 1972-നും 1976-നുമിടയില്‍ അവര്‍ രാജ്യത്ത് നിരവധി കലാപങ്ങള്‍ അഴിച്ചുവിട്ടു.
1975 അവസാനം ബ്രിഗേഡിയര്‍ ഹസന്‍ ഹുസൈന്റെ നേതൃത്വത്തില്‍ സായുധ സേനയിലെ കമ്യൂണിസ്റ്റ് അംഗങ്ങള്‍ നുമൈരിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പട്ടാള അട്ടിമറി ശ്രമം നടത്തിയെങ്കിലും പൂര്‍ണ വിജയത്തിലെത്തിയില്ല. ജനറല്‍ എല്‍ബാഗിറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിവിപ്ലവം മണിക്കൂറുകള്‍ക്കകം നുമൈരിയെ വീണ്ടും അധികാരത്തിലെത്തിച്ചു. 1976-ല്‍ സ്വാദിഖുല്‍ മഹ്ദിയുടെ നേതൃത്വത്തില്‍ ലിബിയയില്‍നിന്ന് സായുധ പരിശീലനം നേടിയ ആയിരത്തോളം പേര്‍ എത്തി. ഈ അട്ടിമറി ശ്രമത്തിനുശേഷമാണ് നുമൈരിയുടെ ഭാഗത്ത് മാറ്റങ്ങളുണ്ടായത്.
അതുവരെ ഉണ്ടായിരുന്ന സോവിയറ്റ് സ്വാധീനത്തില്‍നിന്ന് പുറത്തുകടന്ന നുമൈരി അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിച്ചുതുടങ്ങി. 1970 അവസാനത്തോടെ ഇസ്‌ലാമിനും അറബ് ദേശീയതക്കും അനുകൂലമായ നിലപാട് നുമൈരി കൈക്കൊള്ളുന്നതാണ് കണ്ടത്. അധികാരം നഷ്ടപ്പെടാതിരിക്കാനും പിന്തുണ വിപുലപ്പെടുത്താനും പ്രതിഛായ വളര്‍ത്താനും ഇത് അദ്ദേഹത്തിനു സഹായകമായി. 'എന്തുകൊണ്ട് ഇസ്‌ലാമിക മാര്‍ഗം' എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടു. പടിഞ്ഞാറന്‍ മുതലാളിത്തത്തിനും സോവിയറ്റ് മാര്‍ക്‌സിസത്തിനും ബദലായി മൂന്നാം മാര്‍ഗം അവതരിപ്പിക്കുന്നതായിരുന്നു നുമൈരിയുടെ ഗ്രന്ഥം. 1983-ല്‍ ഇസ്‌ലാമിക നിയമങ്ങളും ചട്ടങ്ങളും നികുതികളും ഏര്‍പ്പെടുത്താന്‍ ആരംഭിച്ചു. ഇസ്‌ലാമിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനം ആഭ്യന്തരമായും രാജ്യാന്തരതലത്തിലും വ്യത്യസ്തമായിരുന്നെങ്കിലും സ്വീകാര്യത നേടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അകന്ന ശേഷം സുദാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് ഹസനുത്തുറാബിയുടെ ആശയങ്ങള്‍ തന്റെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയ നുമൈരി കമ്യൂണിസ്റ്റ് വിരുദ്ധനെന്നും പാശ്ചാത്യ അനുകൂലിയെന്നും പേരെടുക്കുകയും ചെയ്തു. പ്രധാന സ്ഥാനങ്ങളില്‍നിന്ന് പുറന്തള്ളപ്പെട്ട കമ്യൂണിസ്റ്റുകാര്‍ 1971-ല്‍ നുമൈരിയെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്നു.
ദക്ഷിണ സുദാനില്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞതാണ് നുമൈരിയുടെ കസേര ഉറപ്പിച്ചത്. ആദിസ് അബാബയില്‍ 1972 ഫെബ്രുവരിയിലാണ് സുപ്രധാന സമാധാന കരാര്‍ ഒപ്പിട്ടത്. നുമൈരിയുടെ ഏറ്റവും പ്രധാന നേട്ടമായി വിശേഷിപ്പിക്കപ്പെട്ട ഈ കരാര്‍പ്രകാരം ദക്ഷിണ സുദാന് സ്വയംഭരണം അനുവദിച്ചു. ദക്ഷിണ ഭാഗത്തുനിന്നുള്ള പിന്തുണ ലഭിച്ചതാണ് 1970 -കളില്‍ മുഴുവന്‍ ഭരണം നിലനിര്‍ത്താന്‍ നുമൈരിയെ സഹായിച്ചതെന്ന നിരീക്ഷണവുമുണ്ട്.
1985 ഏപ്രിലില്‍ ജനകീയ വിപ്ലവത്തില്‍ നുമൈരി സ്ഥാനഭ്രഷ്ടനായപ്പോള്‍ അദ്ദേഹത്തിനു നേരത്തേ പിന്തുണ നല്‍കിയിരുന്ന ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ പോപ്പുലാരിറ്റിക്കും ഇടിവുണ്ടായി. കമ്യൂണിസ്റ്റുകള്‍ക്ക് 1971-നുമുമ്പുള്ള കാലത്തേക്ക് തിരിച്ചുപോകാനുമായില്ല. 1985-ലെ ജനകീയ വിപ്ലവം നയിച്ചത് പ്രഫഷണല്‍സ് ഫ്രണ്ടായിരുന്നു. ഇതിലെ ചില നേതാക്കളുടെ നിലപാടുകള്‍ രണ്ട് ക്യാമ്പുകളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല.
ബശീര്‍ കാലഘട്ടം
നിലവില്‍ സുദാന് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് ഉമര്‍ ബശീറും ജീവിതം മുഴുവന്‍ ഇസ്‌ലാമിനുവേണ്ടി നീക്കിവെച്ച പണ്ഡിതന്‍ ഹസനുത്തുറാബിയും തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധമാണ് തുടക്കത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് തുണയായത്. സുദാന്റെ ചരിത്രത്തില്‍ മാത്രമല്ല, മൊത്തം അറബ്, മുസ്‌ലിം ലോകത്തുതന്നെ സുപ്രധാന ഘട്ടത്തെയാണ് ഉമര്‍ ബശീര്‍ പ്രതിനിധീകരിക്കുന്നതെന്നാണ് 1994-ല്‍ തുറാബി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സുദാന്‍ ജനത ഇസ്‌ലാമിലേക്ക് തിരിച്ചെത്തിയെന്നും ഉമര്‍ ബശീറാണ് ഈ പ്രതിഭാസത്തിന്റെ മികച്ച ഉദാഹരണവും പ്രതീകവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമിടയില്‍ സുദാന്‍ ചരിത്രത്തില്‍ തന്നെ ദൗര്‍ഭാഗ്യകരമായ സംഘര്‍ഷം ഉടലെടുത്തു.
സുദാനില്‍ ദേശീയ അസംബ്ലിയും റവല്യൂഷണറി കമാന്റ് കൗണ്‍സിലും (ആര്‍.എസ്.സി) വേണമെന്ന ആവശ്യത്തെ ചൊല്ലിയായിരുന്നു ഭിന്നതയുടെ തുടക്കം. ജനാധിപത്യ ദേശീയ അസംബ്ലി വേണമെന്ന് ഹസനുത്തുറാബി വാദിച്ചപ്പോള്‍ രാജ്യത്തിനു നേതൃത്വം നല്‍കാന്‍ റവല്യൂഷണറി കമാന്റ് കൗണ്‍സില്‍ നിലനിര്‍ത്തണമെന്നാണ് ബശീര്‍ ആവശ്യപ്പെട്ടത്. വിവിധ സ്ഥാപനങ്ങളില്‍ തുടരുന്ന സമ്മര്‍ദവും സമീപനവും ചൂണ്ടിക്കാട്ടി തുറാബിയുടെ അധികാരം പരിമിതപ്പെടുത്തണമെന്ന് 1989- ല്‍ 10 പ്രധാന നേതാക്കള്‍ ഉമര്‍ ബശീറിന് നിവേദനം നല്‍കിയതോടെയാണ് ഭിന്നത കൂടുതല്‍ പ്രകടമായത്. ഇതേ തുര്‍ന്ന് കൗണ്‍സില്‍ പിരിച്ചുവിട്ട ബശീര്‍ തുറാബിക്ക് പകരം അത്ത്വാഹിറിനെ കൗണ്‍സില്‍ ചെയര്‍മാനാക്കി നിയോഗിച്ചു.
എന്നാല്‍ 1992-ല്‍ ഇടക്കാല ദേശീയ അസംബ്ലി രൂപവത്കരിച്ചപ്പോഴും എട്ടു മാസങ്ങള്‍ക്കുശേഷം ആര്‍.സി.സി പിരിച്ചുവിട്ടപ്പോഴും തുറാബിക്കായിരുന്നു നേട്ടം. സര്‍ക്കാര്‍ പദവികള്‍ ഇല്ലാതിരുന്നിട്ടും ഔദ്യോഗിക അധികാരങ്ങളെല്ലാം ബശീറിന്റെ കൈയിലായിരുന്നിട്ടും തുറാബിയുടെ സ്വീകാര്യതയാണ് വ്യക്തമായത്. സമിതിയിലെ എല്ലാ അംഗങ്ങളെയും ബശീറാണ് നിയോഗിച്ചിരുന്നതെങ്കിലും തുറാബി പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. എന്‍.ഐ.എഫ് അംഗങ്ങളെയും അനുഭാവികളെയുമാണ് സര്‍ക്കാരിലെ സുപ്രധാന പദവികളിലും വിദേശത്ത് പ്രധാന എംബസികളിലും നിയോഗിച്ചിരുന്നുവെന്നത് പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ ബോധ്യമാകും.
1990-കളുടെ ആദ്യത്തില്‍തന്നെ ബശീര്‍ സര്‍ക്കാരിന്റെ നയപരിപാടികള്‍ വ്യക്തമായിരുന്നു. കഴിയുംവേഗം സുദാനെ ഒരു ഇസ്‌ലാമിക് റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിക്കുക, ദക്ഷിണ സുദാനിലെയും ദാര്‍ഫൂറിലെയും ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് പകരം സൈനിക ശക്തി ഉപയോഗിക്കുക തുടങ്ങിയ നിലപാടുകളെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ശത്രുത പരോക്ഷമായി ക്ഷണിച്ചുവരുത്തുന്നതായിരുന്നു ഒന്നാമത്തെ നിലപാട്. 2001 സെപ്റ്റംബര്‍ 21 വരെ നീണ്ട ഉപരോധങ്ങള്‍ക്കും ഇത് കാരണമായി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണം നേരിട്ടു. ഭീകരതയെ പിന്തുണക്കുന്ന ഭരണകുടങ്ങളുടെ പട്ടികയില്‍ 1993-ല്‍ അമേരിക്ക സുദാനെ ഉള്‍പ്പെടുത്തി.
1990-കളിലുണ്ടായ നിര്‍ണായകവും സുപ്രധാനവുമായ നടപടികളിലൊന്ന് 1996 ഏപ്രില്‍ ഒന്നിനു നടന്ന ലെജിസ്ലേറ്റീവ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളായിരുന്നു. 1986-നുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 400 പേര്‍ നാഷ്‌നല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 75.7 ശതമാനം വോട്ടുകളോടെ ബശീര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുറാബി പാര്‍ലമെന്റ് സ്പീക്കറായും അവരോധിതനായി. ഇവിടെ വെച്ചാണ് തുറാബിയും ബശീറും തമ്മിലുള്ള അധികാര പോരാട്ടം ആരംഭിക്കുന്നതെന്നു പറയാം. 1999 ഡിസംബര്‍ 12-ന് അത് പാരമ്യതയിലെത്തി.
1999-ല്‍ ഭരണഘടനയുടെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരടു ബില്‍ തുറാബി അവതരിപ്പിച്ചു. പ്രവിശ്യാ ഗവര്‍ണര്‍മാരെ നിയമിക്കുന്നതിനുള്ള ബശീറിന്റെ അധികാരം എടുത്തുമാറ്റുന്നതും പ്രസിഡന്റ് പദത്തിനു പുറമെ ഉണ്ടായിരുന്ന പ്രധാനമന്ത്രി പദം ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുന്നതും വൈസ് പ്രസിഡന്റിനെ നിയമിക്കാന്‍ ആവശ്യപ്പെടുന്നതുമായിരുന്നു ഈ കരട് ഭേദഗതികള്‍. പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭ്യമാക്കുന്നതിനും പാര്‍ലമെന്റിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ പ്രസിഡന്റിനെ നീക്കാന്‍ അവകാശം നല്‍കുന്നതിനുമുള്ള പുതിയ നിയമനിര്‍മാണത്തിനും തുറാബി ശ്രമിച്ചു. 1999 ഡിസംബര്‍ ആദ്യത്തില്‍ ഭേദഗതിനീക്കം നീട്ടിവെക്കാന്‍ ബശീര്‍ തുറാബിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. തുറാബിക്ക് മേധാവിത്വമുള്ള ഭരണകക്ഷി, ഭേദഗതികള്‍ പാസാക്കി തന്റെ അധികാരം ഗണ്യമായി വെട്ടിച്ചുരുക്കുമെന്ന് മനസ്സിലാക്കിയ ബശീര്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടന സസ്‌പെന്റ് ചെയ്ത അദ്ദേഹം 1999 ഡിസംബര്‍ 12-ന് ദേശീയ അസംബ്ലി കൈയടക്കാന്‍ സൈന്യത്തെ അയച്ചു. വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ സഹായത്തോടെ ഭരണം നിര്‍വഹിക്കുന്ന ഒരു നേതൃത്വം മതിയെന്നും അത് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായിരിക്കണമെന്നുമാണ് തന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ബശീര്‍ പ്രഖ്യാപിച്ചത്.
പാര്‍ലമെന്റ് പിരിച്ചുവിട്ടതിനെ സൈനിക അട്ടിമറിയായി വിശേഷിപ്പിച്ച തുറാബി അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഭരണഘടനയും സ്വാതന്ത്ര്യവും തകര്‍ക്കുകയും രാഷ്ട്രീയ വ്യവസ്ഥയെ വഞ്ചിക്കുകയും ചെയ്തുവെന്ന് തുറാബി ആരോപിച്ചു. അധികാരത്തിലെത്താന്‍ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത ശക്തികളെ ബശീര്‍ വഞ്ചിച്ചുവെന്നും തുറാബി പറഞ്ഞു. 1999-ല്‍ തുറാബി നാഷ്‌നല്‍ ഇസ്‌ലാമിക് ഫ്രണ്ട് (എന്‍.ഐ.എഫ്) പിരിച്ചുവിട്ട് നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) രൂപവത്കരിച്ചു. എന്‍.സി.പിയായിരുന്നു അക്കാലത്ത് ഏക നിയമാനുസൃത പാര്‍ട്ടി. പാര്‍ട്ടി സെക്രട്ടേറിയറ്റ് മെമ്പര്‍മാരില്‍ ആര്‍ക്കും സര്‍ക്കാര്‍ തസ്തിക നല്‍കിയിരുന്നില്ലെങ്കിലും ഭരണത്തില്‍ അനൗദ്യോഗിക സ്വാധീനമുണ്ടായിരുന്നു.
തുടക്കത്തില്‍ തുറാബിയായിരുന്നു അതിന്റെ സെക്രട്ടറി ജനറലും നേതാവുമെങ്കിലും പിന്നീട് ബശീര്‍ പ്രസിഡന്റും രാഷ്ട്രീയ അധ്യക്ഷനുമായി. തുറാബിയും ബശീറും തമ്മിലുണ്ടായിരുന്ന സംഘര്‍ഷം നാഷ്‌നല്‍ കോണ്‍ഗ്രസിലും പ്രതിഫലിച്ചു. എങ്കിലും തുറാബിക്കായിരുന്നു പാര്‍ട്ടിയില്‍ എല്ലായ്‌പ്പോഴും മേല്‍ക്കൈ. 1999 ഒക്‌ടോബറില്‍ 10,000 പ്രതിനിധികള്‍ പങ്കെടുത്ത നാഷ്‌നല്‍ കോണ്‍ഗ്രസ് സമ്മേളനം തുറാബിക്ക് രാഷ്ട്രീയ, ഭരണ അധികാരങ്ങള്‍ നല്‍കുന്ന പ്രമേയം പാസ്സാക്കി. നാഷ്‌നല്‍ കോണ്‍ഗ്രസില്‍ തുറാബിയുടെ സ്ഥാനവും അദ്ദേഹത്തിന്റെ തിരിച്ചുവരവും ബശീറിന് സ്വീകരിക്കുക പ്രയാസമായിരുന്നു. പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ എന്ന പദവിയാണ് ഏറ്റവും വലിയ തടസ്സം. തുറാബിയെ പദവിയില്‍നിന്ന് നീക്കുക മാത്രമായിരുന്നു അധികാരത്തില്‍ തിരിച്ചെത്താന്‍ ബശീറിനു മുന്നിലുള്ള മാര്‍ഗം. 2000 മെയ് ആറിന് തുറാബിയെ പാര്‍ട്ടി സെക്രട്ടറി ജനറല്‍ തസ്തികയില്‍നിന്ന് നീക്കുന്നതടക്കം ഒരുകൂട്ടം തീരുമാനങ്ങള്‍ ബശീര്‍ പ്രഖ്യാപിച്ചു. സ്വാധീനമുള്ള തസ്തികകളില്‍നിന്ന് അദ്ദേഹത്തിന്റെ അനുയായികളെയും നീക്കിയിരുന്നു. ഭരണകക്ഷിയായ നാഷ്‌നല്‍ കോണ്‍ഗ്രസില്‍നിന്ന് സെക്രട്ടറി ജനറല്‍ സ്ഥാനം രാജിവെച്ച തുറാബി 2000 ആഗസ്റ്റില്‍ സ്വന്തം പാര്‍ട്ടിയായി പോപ്പുലര്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് (പി.എന്‍.സി) രൂപവത്കരിച്ചു. ഗൂഢാലോചനക്കുറ്റം ചുമത്തി തുറാബിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു ബശീര്‍. 2003 ഒക്‌ടോബറില്‍ വിട്ടയച്ചെങ്കിലും 2004-ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. അതിനിടെ, പ്രതിപക്ഷമായി പ്രവര്‍ത്തിച്ച തുറാബിയുടെ പുതിയ പാര്‍ട്ടി 2000 ഒക്‌ടോബര്‍ 27-ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ബശീറിനു തന്നെയായിരുന്നു മേധാവിത്വം.
സുദാന്‍ രാഷ്ട്രീയം നിര്‍ണയിക്കപ്പെടുന്നതില്‍ അധികാര പോരാട്ടം എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് തെളിയിക്കുന്നതാണ് മേല്‍ സംഭവങ്ങള്‍. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും തര്‍ക്കത്തിന്റെ ഭാഗമായിരുന്നു. സൗത്ത് സുദാന്റെ വിഭജനത്തോടെ ഭരണകക്ഷിയായ എന്‍.സി.പി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. രാജ്യത്തിന്റെ ദക്ഷിണ, കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളിലുണ്ടായ ഏറ്റുമുട്ടലുകള്‍, അന്താരാഷ്ട്ര ഒറ്റപ്പെടുത്തല്‍, സാമ്പത്തിക പ്രതിസന്ധി, അഴിമതി, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍. ദക്ഷിണ സുദാനില്‍ 22 വര്‍ഷം പിന്നിട്ട യുദ്ധം അവസാനിപ്പിച്ച് 2005-ല്‍ സുദാന്‍ പീപ്പ്ള്‍സ് ലിബറേഷന്‍ മൂവ്‌മെന്റുമായി സമഗ്ര സമാധാന കരാര്‍ ഒപ്പിട്ടതോടെയാണ് എന്‍.സി.പി അന്തരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയെടുത്തത്.
ദക്ഷിണ സുദാന്‍ വേറിട്ടുപോകുന്നത് ഒഴിവാക്കാനായില്ല. ഇന്ധന സബ്‌സിഡി കുറച്ചത് വിലക്കയറ്റത്തിനു കാരണമാവുകയും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും ചെയ്തതോടെ ഫ്രീഡം, പീസ്, ജസ്റ്റിസ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സുദാന്‍ തലസ്ഥാനത്തും മറ്റു പട്ടണങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. 2013 സെപ്റ്റംബറിലെ പ്രക്ഷോഭം ഹ്രസ്വകാല പരിഹാരങ്ങള്‍ മാത്രം പോരെന്ന് എന്‍.സി.പിയെ ബോധ്യപ്പെടുത്തുന്നതായിരുന്നു. 2013 സെപ്റ്റംബര്‍ 28-ന് 31 എന്‍.സി.പി ഭാരവാഹികള്‍ പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നു. പ്രക്ഷോഭകര്‍ക്കുനേരെ ഉരുക്കുമുഷ്ടി പ്രയോഗിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മാറ്റത്തിനുവേണ്ടി എല്ലാ ഭാഗത്തുനിന്നും മുറവിളി ഉയര്‍ന്നു. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ കഴിവ് ചോദ്യം ചെയ്യപ്പെട്ടു. ഇതിനു പുറമെ 2014 ഡിസംബര്‍ 15-ന് സൗത്ത് സുദാനില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഈ സമയത്ത് എസ്.പി.എല്‍.എമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലായിരുന്നു.
സുദാന്റെ ആത്മാവ്
സുദാനില്‍ സെക്യുലര്‍, കമ്യൂണിസ്റ്റ് ശക്തികളുടെ എതിര്‍പ്പുകള്‍ക്കിടയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഇസ്‌ലാമിക രാഷ്ട്രീയത്തിനും ജനകീയ അടിത്തറ പാകുന്നതില്‍ വിജയിക്കാന്‍ കാരണം കാലാകാലങ്ങളില്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വീകരിച്ച നയപരിപാടികളും തന്ത്രങ്ങളുമാണെന്നു കാണാം. അധികാരം ലഭിച്ചപ്പോള്‍ സാക്ഷ്യം വഹിച്ച ദൗര്‍ഭാഗ്യകരമായ തര്‍ക്കങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനും സുദാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു സാധിച്ചു. അറബ് ലോകത്ത് സവിശേഷ സ്ഥാനമാണ് സുദാന്‍ അലങ്കരിക്കുന്നത്. സുദാന്‍ രാഷ്ട്രീയത്തില്‍നിന്ന് ഇസ്‌ലാമിനെ വേര്‍പെടുത്തുക സാധ്യമല്ലെന്നാണ് ഇതഃപര്യന്തമുള്ള അനുഭവം; ഉപജാപങ്ങളിലൂടെയും ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെയും എതിരാളികള്‍ എത്ര ശ്രമിച്ചാലും. ഹസനുത്തുറാബിയുടെ വാക്കുകള്‍ കടമെടുത്താല്‍, ഇസ്‌ലാമാണ് സുദാന്റെ ആത്മാവ്.
സുദാന്‍ സര്‍ക്കാര്‍ സ്ഥാപനമായ 'ദീവാനുസ്സകാത്തി സ്സൂദാനി' പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ആധുനിക യുഗത്തില്‍ സകാത്തിന്റെ വ്യവസ്ഥാപിതമായ ശേഖരണ-വിതരണത്തിന് സംവിധാനമൊരുക്കിയ ഔദ്യോഗിക മാതൃകാ ഏജന്‍സി എന്നതാണ് ഈ സംരംഭത്തിന്റെ പ്രാധാന്യം. ഘട്ടം ഘട്ടമായി സകാത്ത് സമ്പ്രദായം നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, മുസ്‌ലിംകളോട് സ്വമേധയാ സകാത്ത് വിഹിതം നല്‍കാനും സകാത്ത് ഫണ്ട് രൂപവത്കരിക്കാനും അനുശാസിക്കുന്ന നിയമം 1980-ലാണ് സുദാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ആദ്യഘട്ടത്തില്‍ സകാത്തും നികുതിയും ഇടകലര്‍ന്ന രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കിയിരുന്നത്. പിന്നീട്, 1986-ല്‍ സകാത്തിനെ പൂര്‍ണമായും നികുതിയില്‍നിന്ന് വേര്‍തിരിക്കുന്ന നിയമം കൊണ്ടുവരികയും സകാത്ത് ചേമ്പര്‍ സ്ഥാപിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു മദ്ഹബിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം ഉദാരമായ നയം കൈക്കൊണ്ടു. സകാത്തിന്റെ 20 ശതമാനം വിഹിതം ദായകന്റെ അഭീഷ്ടമനുസരിച്ച് വിതരണം ചെയ്യാന്‍ അനുവാദം നല്‍കി. സകാത്ത് കണക്കുകൂട്ടുന്നതിനും അത് സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഏറ്റവും ആധുനികമായ രീതികള്‍ അവലംബിച്ചു. തദാവശ്യാര്‍ഥം വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വ്യാപകമായി പ്രയോജനപ്പെടുത്തി. സകാത്ത് സംബന്ധമായ മതവിധികളുടെയും ആധുനിക പ്രശ്‌നങ്ങളുടെയും പഠനത്തിനും ഗവേഷണത്തിനുമായി ഉന്നത നിലവാരമുള്ള സ്ഥാപനം തുടങ്ങി (അല്‍മഅ്ഹദുല്‍ ആലി ലി ഉലൂമിസ്സകാത്ത്) സകാത്ത് സംബന്ധമായ പഠനങ്ങള്‍ക്ക് വേണ്ടി ആധുനിക കാലത്ത് രൂപവത്കൃതമായ ആദ്യത്തെ അക്കാദമിക വേദിയാണിത്).
(ജിദ്ദയിലെ മലയാളം ന്യൂസ് എഡിറ്ററാണ് ലേഖകന്‍)